2018, ജനുവരി 27, ശനിയാഴ്‌ച

ബൈബിളിലെ സ്ത്രീവിരുദ്ധത

തലക്കെട്ട് കണ്ടാല്‍ വിചാരിക്കും ഞാന്‍ ഏതോ ഭയങ്കര യുക്തിവാദിയാണ്, വിശ്വാസികളുടെ വികാരം വ്രണപ്പെടാന്‍ അല്ലെങ്കില്‍ വിശ്വാസങ്ങളെ കരിവാരിത്തേക്കാന്‍ വേണ്ടി എഴുതുന്നതാണെന്ന്. ശിവ ശിവ... ഇനിയൊരു മാമ്മോദീസ കൂടി ഉണ്ടാകാനുള്ള സാധ്യതയുള്ളതുകൊണ്ടും, ഞങ്ങളുടെ പള്ളിയില്‍ തെമ്മാടികുഴി ഇല്ലാത്തതുകൊണ്ടും അങ്ങനെയൊന്നും വിചാരിക്കരുത് പ്രചരിപ്പിക്കരുത്.

ഇനിയിപ്പോള്‍ ചില അവന്മാര്‍ പറയുമായിരിക്കും ഇതെന്തോ സര്‍ക്കസോ സര്‍കാസമോ ആണെന്ന്. അവരോടൊന്നും ഒന്നും എനിക്ക് പറയാനില്ല.

ബൈബിളില്‍ നിന്നും വിട്ടുമാറി, ഈ ലോകത്തിന്‍റെ സാംസ്‌കാരികമുന്നേറ്റത്തില്‍ പെട്ട് ജീവിക്കുന്ന സ്ത്രീജനങ്ങളെ സഹസ്രാബ്ദങ്ങൾ  പഴക്കമുള്ള ബൈബിളിന്‍റെ വഴി കാണിച്ചു കൊടുക്കുക മാത്രമാണ് എന്‍റെ ഉദ്ദേശം. പ്രത്യേകിച്ച് പുരോഗമനപരമായ നിയമങ്ങള്‍ കണ്ട് തങ്ങളും പുരുഷന്മാരും തുല്യരാണ് എന്ന് വിചാരിച്ചു പുരുഷന്മാരുടെ അടിമകള്‍ അല്ലാതെ വിശ്വാസികളായി ജീവിക്കുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇനിയും അവരുടെ കണ്ണ് തുറപ്പിചില്ലെങ്കില്‍ പാവങ്ങള്‍ വിചാരിക്കും, തങ്ങള്‍ പള്ളിയില്‍ പോകുന്നതുകൊണ്ടും, കുടുമ്പപ്രാര്‍ത്ഥന ചൊല്ലുന്നതുകൊണ്ടും ഇടയ്ക്കിടെ പോട്ടയിലും അതുപോലെ യുട്യുബിലും ധ്യാനം കൂടുന്നതുകൊണ്ടും ചുമ്മാ അങ്ങ് സ്വര്‍ഗത്തില്‍ കയറുമെന്ന്. അവരങ്ങയെയൊന്നും കയറില്ല എന്ന് അവരെ മനസിലാക്കിയില്ലെങ്കിൽ പാവങ്ങൾ പറ്റിക്കപ്പെട്ടു പോകില്ലേ?

ഇനിയിപ്പോള്‍ ചിലര്‍ പറയുമായിരിക്കും ബൈബിള്‍ ദൈവം തന്നതാണ് എന്നതിന് എന്താണ് തെളിവ്? എവിടെനിന്നോ കിട്ടിയ പാപ്പിറസ് ചുരുളുകള്‍ എടുത്തു കുറച്ചു പേര് ഒരു സൂനഹദോസ് കൂടി അല്ലേ ഏതൊക്കെ പുസ്തകങ്ങള്‍ ബൈബിളില്‍ ചേര്‍ക്കണം എന്ന് തീരുമാനിച്ചത്? ചുരുളുകള്‍ ദ്രവിച്ചു പോയിട്ടുണ്ടയിരുന്നോ? പല പുസ്തകങ്ങളും വെട്ടിതിരുതിയിട്ടില്ലേ? അതുപോലെ ഓരോ സഭകളും വേറെ വേറെ ബൈബിള്‍ അല്ലേ ഇപ്പോഴും ഉപയോഗിക്കുന്നത്? വിവര്‍ത്തനം ചെയ്തപ്പോള്‍ കുറെ തെറ്റുകള്‍ വന്നിട്ടില്ലേ? മാര്‍പ്പാപ്പ തന്നെ പറഞ്ഞു ഉല്പത്തി ഒരു ഐതിഹ്യം മാത്രം ആണെന്ന്. പരിണാമവും ബിഗ്‌ ബാങ്ങും തള്ളാന്‍ പറ്റില്ലെന്നും പറഞ്ഞു. ദാണ്ടേ രണ്ടു ലിങ്ക്. "പാരമ്പര്യം" അനുസരിച്ച് പുണ്യപുരാതനപരിശുദ്ധപരിപാവനമായ ബൈബിളിനെപറ്റി ഇങ്ങനെ ബുദ്ധിഉപയോഗിച്ച് ചിന്തിക്കുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല എന്ന് മാത്രം പറഞ്ഞുകൊണ്ട് നമുക്ക് കാര്യത്തിലേക്ക് കടക്കാം.

അതിനു മുന്‍പ്ഇനി ഞാൻ ചുമ്മാ പറയുകയാണ് എന്ന് പറയുന്നവർക്ക് ബൈബിള്‍ വായിച്ചു നോക്കാം. ഇന്റര്‍നെറ്റും മൊബൈലും ഒന്നും ബൈബിളില്‍ പറയാത്തതുകൊണ്ട് പുസ്തകം ആണ് നല്ലത്. ഇനി ലിങ്ക് വേണം എന്നുള്ളവര്‍ക്ക് മലയാളം POC ബൈബിൾ ലിങ്ക് കൊടുത്തിട്ടുണ്ട്. POC ബൈബിള്‍ തന്നെ കൊടുത്തത് നോം വരിക്കാശ്ശേരി മനയിൽ  ക്ഷമിക്കണം RC SC ആയതുകൊണ്ടാണ്. RC SC എന്ന് കാണുമ്പൊൾ ജാതി ആണെന്ന് തെറ്റി ധരിക്കും. പക്ഷെ ക്രിസ്ത്യാനികളിൽ ജാതിയില്ല എന്നാണ് ഓർത്തഡോക്സ്‌ കാർക്ക് ഞങ്ങൾ കല്യാണം കഴിച്ചു കൊടുക്കില്ലെങ്കിലും പറയാറ്. പിന്നെ നേരെ പോയി വായിച്ചു നോക്കരൂത്. ലാപ്ടോപ് ആണെങ്കില്‍ അതിനു രണ്ടു വശത്തും മെഴുകുതിരി കത്തിച്ചു വെക്കണം. പൈസ ലാഭം പിടിച്ചു ബൈബിളില്‍ എങ്ങും പറയാത്ത LED ബള്‍ബുകള്‍ കത്തിച്ചാല്‍ ഉള്ള ഫലം ഞാന്‍ എടുത്തു പറയേണ്ടതില്ലല്ലോ.

അപ്പൊ തുടങ്ങാലേ.

പഴയ നിയമം

ഉല്പത്തി 3:16

"അവിടുന്നു സ്‌ത്രീയോടു പറഞ്ഞു: നിന്‍െറ ഗര്‍ഭാരിഷ്‌ടതകള്‍ ഞാന്‍ വര്‍ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും. എങ്കിലും, നിനക്കു ഭര്‍ത്താവില്‍ അഭിലാഷമുണ്ടായിരിക്കും. അവന്‍ നിന്നെ ഭരിക്കുകയും ചെയ്യും."
http://www.pocbible.com/adyayam.asp?val=3&book=D%C2]%AFn

ഇവിടെ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്ന് പ്രസവം. വേദനിച്ചു ആണ് സ്ത്രീ പ്രസവിക്കുക എന്നാണ് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ പല വിശ്വാസിനികളും വേദനയില്ലാത്ത പ്രസവം സ്വീകരിക്കുന്നുണ്ടെങ്കില്‍ ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണ്. ദൈവം വേദനിക്കും എന്ന് പറഞ്ഞിട്ട് നിങ്ങള്‍ വേദനിക്കാതെ പ്രസവിച്ചാല്‍ പിന്നെ ദൈവം ആരായി ? പിന്നെ സിസേറിയന്‍. ഇപ്പോഴും അങ്ങ് ദഹിക്കാത്ത പരിപാടിയാണ്. എന്നാലും പ്രസവം കഴിഞ്ഞു അത്യാവശം നല്ല വേദനഉണ്ടാവുന്നതുകൊണ്ട് കുഴപ്പം ഉണ്ടാകുമായിരിക്കില്ല. ഇത് ഞാന്‍ മാത്രം പറയുന്നതല്ല. ഒരു ലിങ്ക് താഴെ.
https://sundayshalom.com/വേദനയോടെ-കുഞ്ഞുങ്ങളെ-പ്ര/

ഇനി പച്ചക്ക് അങ്ങ് കാര്യം പറയാം. ഭര്‍ത്താവു നിന്നെ അങ്ങ് ഭരിക്കും. അമ്മായിഅമ്മക്ക്  എന്താണെങ്കിലും പറ്റുമോ എന്നറിയില്ല. അപ്പോള്‍ ഭര്‍ത്താവു പീഡിപ്പിക്കുന്നു എന്ന് പറഞ്ഞു കേസ് കൊടുത്താല്‍ ദൈവത്തിനു എതിരായി. ഇനി എത്രത്തോളം ഭരിക്കാം ഭരണം എപ്പോഴാണ് പീഡനം ആകുന്നത് എന്നൊക്കെ ചോദിച്ചാല്‍ കുഴങ്ങും. സംഗതി പുള്ളി ദൈവം ആണെങ്കിലും അത് വിട്ടുപോയി അല്ലെങ്കില്‍ എഴുതിയെടുത്തവന്‍ അത് വിട്ടുകളഞ്ഞു. നല്ല കിടിലന്‍ ലൂപ്പ് ഹോള്‍ ആയതുകൊണ്ട് വേണമെങ്കില്‍ ഭരണത്തില്‍ സ്ത്രീവിരുദ്ധത ഇല്ലെന്നു വാദിക്കാം. എന്നാലും ഭര്‍ത്താവു ഭരിക്കും എന്ന് പറയുമ്പോള്‍ ഒരു വിരുദ്ധത ഇല്ലാതില്ല.

വിശ്വാസിയായ ഒരു സ്ത്രീയെ സംബന്ധിച്ച് വേദനയോടെ പ്രസവിക്കണം ഭര്‍ത്താവിനാല്‍ ഭരിക്കപ്പെടുകയും വേണം. അല്ലെങ്കില്‍ സ്വര്‍ഗം കിട്ടൂല...

പുറപ്പാട് 21:7

ഒരുവന്‍ തന്‍െറ പുത്രിയെ അടിമയായി വിറ്റാല്‍ പുരുഷന്‍മാരായ അടിമകള്‍ സ്വതന്ത്രരായി പോകുന്നതുപോലെ അവള്‍ പോകാന്‍ പാടില്ല.

അടിമകളെപറ്റി പറഞ്ഞിടത്ത് ഉള്ളതാണ്. പുത്രനെ പോലെയല്ല പുത്രിയെപറ്റിയുള്ള നിയമം. പുത്രന് എന്താ കൊമ്പുണ്ടോ? ഇത് കട്ട സ്ത്രീവിരുദ്ധത തന്നെ. ഈ വാചകം കാണുമ്പൊള്‍ ഉള്ള ഒരു വിഷമം കാലാതീതനായ ദൈവം എന്തുകൊണ്ട് അടിമത്തം അങ്ങ് നിറുത്താന്‍ പറഞ്ഞില്ല എന്നാണ്.
ഇപ്പം അടിമത്തം ഇല്ലാത്തതുകൊണ്ട് (പണിയെടുത്തു സഭക്ക് മുതൽ ഉണ്ടാക്കികൊടുക്കുന്ന  കന്യാസ്ത്രീകളെ തൽക്കാലം വിട്ടേക്കാം) ഇത് പോട്ടെന്നു വെക്കാം.

പുറപ്പാട് 23:17

"പുരുഷന്‍മാരെല്ലാവരും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം ദൈവമായ കര്‍ത്താവിന്‍െറ സന്നിധിയില്‍ ഹാജരാവണം".
പുരുഷു വരണം എന്നാണ് പറയുന്നത്. എല്ലാ ദിവസവും പള്ളിക്ക് പോകുന്ന അമ്മച്ചിമാരും, കന്യാസ്ത്രീകളും ഒന്നു ഓര്‍ക്കുക വിളിക്കാത്ത സദ്യക്കക്ക് പോകണോ വേണ്ടയോ. നിങ്ങളുടെ നല്ലതിന് വേണ്ടിയാണു ഇത് പറയുന്നത് എന്ന് മനസിലാക്കുക.

ലേവ്യ 12:2-5

"ഇസ്രായേല്‍ജനത്തോടു പറയുക, ഗര്‍ഭംധരിച്ച്‌ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്‌ത്രീ ഋതുകാലത്തെന്നപോലെ ഏഴു ദിവസത്തേക്ക്‌ അശുദ്‌ധയായിരിക്കും. എട്ടാംദിവസം കുട്ടിയെ പരിച്‌ഛേദനം ചെയ്യണം.പിന്നെ, രക്‌തത്തില്‍നിന്നുള്ള ശുദ്‌ധീകരണത്തിനായി അവള്‍ മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം. ശുദ്‌ധീകരണദിവസങ്ങള്‍ കഴിയുന്നതുവരെ വിശുദ്‌ധവസ്‌തുക്കള്‍ സ്‌പര്‍ശിക്കുകയോ വിശുദ്‌ധസ്‌ഥലത്തു പ്രവേശിക്കുകയോ അരുത്‌.
എന്നാല്‍, പെണ്‍കുഞ്ഞിനെയാണു പ്രസവിക്കുന്നതെങ്കില്‍ ഋതുകാലത്തെന്നപോലെ രണ്ടാഴ്‌ചത്തേക്ക്‌ അവള്‍ അശുദ്‌ധയായിരിക്കും; രക്‌തത്തില്‍ നിന്നുള്ള ശുദ്‌ധീകരണത്തിനായി അറുപത്തിയാറു ദിവസം കാത്തിരിക്കണം."

http://www.pocbible.com/adyayam.asp?val=12&book=tehy%C0
ഇവിടെ രണ്ടുമൂന്ന് കാര്യങ്ങള്‍. ഒന്ന് ഋതുകാലത്തെന്നപോലെ 7 ദിവസത്തേക്ക്അശുദ്ധ. ശുദ്ധീകരണദിവസങ്ങള്‍ കഴിയുന്നതുവരെ വിശുദ്ധസ്ഥലത്ത് പ്രവേശിക്കരുത്. വിശുദ്ധ സ്ഥലം പള്ളിയായിട്ടു എടുത്താല്‍, മനസിലായോ? മാസത്തില്‍ 7 ദിവസങ്ങള്‍ പള്ളിയില്‍ പോകരുത്. കടം ഉള്ള ദിവസം ആയാലും. വിശ്വാസികള്‍ ആയ സ്ത്രീജനങ്ങള്‍, അതുപോലെ കന്യാസ്ത്രീകള്‍ സയന്‍സിന്റെ സഹായത്തോടുകൂടി പള്ളിയില്‍ പോകുന്നുണ്ടെങ്കില്‍ പോകരുത് എന്നാണ് പറയുന്നത്. ഈ ടിവി യാണ് പരസ്യങ്ങള്‍ കാട്ടി ഓരോന്ന് വാങ്ങിപ്പിച്ചു ഇവരെ എല്ലാവരെയും വഴി തെറ്റിക്കുന്നത്.

അടുത്തത്  പ്രസവശേഷമുള്ള അശുദ്ധി. സ്ത്രീകള്‍ പറഞ്ഞിട്ടാണോ പ്രസവം അശുദ്ധം ആകുന്ന പണിയായി സൃഷ്ടിച്ചത്? പുള്ളി മര്യാദക്ക് അശുദ്ധി ഇല്ലാതെ മണ്ണില്‍ നിന്നും വാരിയെല്ലില്‍ നിന്നും സൃഷ്ടി നടത്തി. രക്തം ആണല്ലോ ഇവിടെ അശുദ്ധി ഉണ്ടാക്കുന്നത്. അപ്പോള്‍ ബാക്കിയുള്ളവര്‍ക്കും അതുപോലെ സൃഷ്ടി നടത്താനുള്ള സൃഷ്ടി നടത്താതെ സ്ത്രീകളെ ഒരു മാതിരി രണ്ടാം കുടിയാക്കുക. സ്ത്രീ ഒറ്റയ്ക്ക് ആണ് വയറ്റില്‍ ഉണ്ടാക്കിയതെങ്കില്‍ പോട്ടെ എന്ന് വെക്കാം? പുരുഷന് അശുദ്ധി ഇല്ലേ? ഇതൊരുമാതിരി മറ്റേടത്തെ പണിയായി പിള്ളേച്ചാ. പക്ഷെ സംഗതി എന്തൊക്കെയാണെങ്കിലും വിശ്വാസിനികള്‍ ഇങ്ങനെ ഒരു ചിന്ത പോലും വരത്താതെ നോക്കണം.

ഇനിയാണ് കട്ട സ്ത്രീവിരുദ്ധത. അശുദ്ധിയോ പോട്ടെ. കുട്ടി പെണ്ണാണെങ്കില്‍ ഡബിള്‍ അശുദ്ധി? ഒരു വാദത്തിനു വേണമെങ്കില്‍ പ്രസവത്തില്‍ രക്തം ഉള്ളതുകൊണ്ട്അശുദ്ധി എന്ന് സ്ഥാപിച്ചാല്‍ തന്നെ പെണ്‍കുട്ടി ആകുമ്പോള്‍ എങ്ങിനെ ഡബിള്‍ ആകും? എന്നെക്കൊണ്ട് വയ്യ. ഞാന്‍ വിട്ടു.

സംഗതി എന്തായാലും വിശാസികള്‍ ആയ സ്ത്രീകള്‍ പ്രസവം കഴിഞ്ഞാല്‍ ഈ പറയുന്ന ദിവസങ്ങള്‍ പള്ളിയിലേക്ക് പോകരുത്. നിങ്ങള്‍ പ്രസവിച്ചു കിടക്കുന്ന ദൈവത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ (ദൈവം അറിഞ്ഞുകൊണ്ട് വരുത്തുന്ന ആസുഖങ്ങള്‍ നിസാരനായ മനുഷ്യന്‍റെ ബുദ്ധി ഉപയോഗിച്ച് മാറ്റുന്ന ആശുപതികളെ പിന്നെ എന്ത് വിളിക്കണം)പള്ളി കാണുമായിരിക്കും. പോകരുത്. 

കുടുംബപ്രാർത്ഥന ചൊല്ലുന്ന നിങ്ങളുടെ വീട്ടിലെ സ്ഥലം വിശുദ്ധം ആണെന്ന് നിങ്ങൾ കരുതുകയാണെങ്കിൽ അവിടെയും പോകരുത്.

ലേവ്യ 27:3-7 സ്ത്രീയുടെ വില

"ഇസ്രായേല്‍ജനത്തോടു പറയുക, വ്യക്‌തികളെ കര്‍ത്താവിനു നേരുകയാണെങ്കില്‍, അവരുടെ വില നിശ്‌ചയിക്കേണ്ടത്‌ ഇപ്രകാരമാണ്‌:
ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള പുരുഷനാണെങ്കില്‍ അവന്‍െറ മൂല്യം വിശുദ്‌ധമന്‌ദിരത്തിലെ നിരക്കനുസരിച്ച്‌ അന്‍പതു ഷെക്കല്‍ വെള്ളിയായിരിക്കണം; സ്‌ത്രീയാണെങ്കില്‍ മുപ്പതുഷെക്കലും.
അഞ്ചു വയസ്‌സിനും ഇരുപതു വയസ്‌സിനും മധ്യേയാണെങ്കില്‍ പുരുഷന്‌ ഇരുപതു ഷെക്കലും സ്‌ത്രീക്ക്‌ പത്തുഷെക്കലുമായിരിക്കണം മൂല്യം.
ഒരുമാസം മുതല്‍ അഞ്ചു വര്‍ഷംവരെയാണ്‌ പ്രായമെങ്കില്‍ ആണ്‍കുട്ടിക്ക്‌ അഞ്ചു ഷെക്കല്‍ വെള്ളിയും പെണ്‍കുട്ടിക്ക്‌ മൂന്നു ഷെക്കല്‍ വെള്ളിയുമായിരിക്കണം.
അറുപതോ അതില്‍ കൂടുതലോ ആണ്‌ പ്രായമെങ്കില്‍ പുരുഷനു പതിനഞ്ചു ഷെക്കലും സ്‌ത്രീക്കു പത്തുഷെക്കലുമായിരിക്കണം."

സ്ത്രീക്ക് വിലകുറവായിട്ടാണ് ദൈവം കാണുന്നത് എന്ന് മനസിലായല്ലോ? വിരുദ്ധത വ്യക്തമാണ്‌.

കൂലിപ്പണിക്ക് പോകുമ്പോള്‍ സ്ത്രീക്കും പുരുഷനും ഒരേ വേതനം അല്ലല്ലോ. പുരുഷന് കൂടുതലല്ലേ. പക്ഷെ മറ്റു പല ജോലികള്‍ക്കും ഒരേ വേതനം ആണ്. അതായത് സര്‍ക്കാര്‍ ജോലികള്‍, അദ്ധ്യാപനം, ബാങ്ക് ജോലി, സോഫ്റ്റ്‌വെയര്‍. 

വിശ്വാസികള്‍ ആയ സ്ത്രീകള്‍, പുരുഷനു കൊടുക്കുന്ന അതേ സാലറി വാങ്ങിയാല്‍ എന്താകും? ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം.

സംഖ്യാ 5:11-29 - പാതിവ്രത്യ ടെസ്റ്റ്‌

കുറച്ചധികം ഉള്ളതുകൊണ്ട് ബൈബിള്‍ വാചകങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്തിട്ടില്ല. ലിങ്ക് താഴെ
http://www.pocbible.com/adyayam.asp?val=5&book=kwJy

സംഗതി എന്താണെന്നു വച്ചാല്‍ ഭര്‍ത്താവിനു ഭാര്യയെ സംശയം തോന്നിയാല്‍ എങ്ങിനെ ടെസ്റ്റ്‌ ചെയ്യാം എന്നാണ് പറഞ്ഞു വെക്കുന്നത്. തീയില്‍ നടക്കുന്നത്ര ഭീകരം അല്ലെങ്കിലും ടെസ്റ്റ്‌ ഉണ്ട്.

ഭാര്യക്ക് സംശയം തോന്നിയാല്‍ എന്ത് ചെയ്യണം അല്ല ഇനി തോന്നാന്‍ പാടുണ്ടോ? അതൊന്നും കാണുന്നില്ല. അതായത് രണ്ടു കൂട്ടര്‍ക്ക് രണ്ട് നീതി.

മുന്‍പേ പറഞ്ഞപോലെ നിങ്ങളുടെ ഭര്‍ത്താവിനു സംശയം ഉണ്ടായാല്‍, വിശ്വസിനികളെ നിങ്ങള്‍ ഇതുപോലുള്ള ടെസ്റ്റിനു വിധേയരാകണം.

സംഖ്യ (30:1-14) - സ്ത്രീനേര്‍ച്ചയുടെയും ശപഥത്തിന്‍റെയും സാധുത

ഇതും അധികം ബൈബിള്‍ വചനങ്ങള്‍ ഉള്ളതുകൊണ്ട് കോപ്പി പേസ്റ്റ് ചെയുന്നില്ല. ലിങ്ക് താഴെ

കാര്യം എന്താണെന്നു വച്ചാല്‍, സ്ത്രീ നേരുന്ന അതൊരു നേര്‍ച്ചയും അതുപോലെ ശപഥവും പിതാവിനോ, ഭര്‍ത്താവിനോ സിമ്പിള്‍ ആയി അസാധുആക്കാം. അമ്മയുടെ പല നേര്‍ച്ചകളും അപ്പന് ഇതുപോലെ അസാധു ആക്കാമായിരുന്നു. പാവം അപ്പൻ ബൈബിള്‍ പണ്ട് കുറെ വായിച്ചിട്ടുണ്ടെങ്കിലും, കുർബാനക്ക് അൾത്താര ബാലനായി നിന്നിട്ടുണ്ടെങ്കിലും, വേദോപദേശം പഠിപ്പിച്ചിട്ടുണ്ടെങ്കിലും  അര്‍ഥം മനസിലാക്കാന്‍ മറന്നു പോയി. അതുകാരണം കാശും പോയി.

സ്വര്‍ഗം പ്രതീക്ഷിച്ചു എല്ലാം വിശ്വസിക്കുന്ന സ്ത്രീകള്‍ എന്താണ് ഇക്കാര്യത്തില്‍ ചെയ്യേണ്ടത് എന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ. 

നിയമാവര്‍ത്തനം 22:5 - ഡ്രസ്സ്‌

"സ്‌ത്രീ പുരുഷന്‍െറയോ പുരുഷന്‍ സ്‌ത്രീയുടെയോ വേഷം അണിയരുത്‌. അപ്രകാരം ചെയ്യുന്നവര്‍ നിന്‍െറ ദൈവമായ കര്‍ത്താവിനു നിന്‌ദ്യരാണ്‌."

ഇവിടെ കാര്യങ്ങള്‍ അത്രക്ക് ക്ലിയര്‍ അല്ല. അതായത് എന്താണ് പുരുഷന്‍റെ വസ്ത്രം, എന്താണ് സ്ത്രീയുടെ എന്ന് പറയാത്തതുകൊണ്ട് വേണമെങ്കില്‍ എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. അതായത് ജീന്‍സ് ആദ്യം ഉപയോഗിച്ചത് പെണ്ണുങ്ങള്‍ ആണ്. ആണുങ്ങള്‍ അത് അടിച്ചു മാറ്റുകയായിരുന്നു. എന്ന് പറഞ്ഞാല്‍ പെണ്ണുങ്ങള്‍ രക്ഷപ്പെട്ടു. 

പക്ഷെ ഒരു കാര്യം തെളിവായി പറഞ്ഞാല്‍ രണ്ടു പേരുടെയും വസ്ത്രം വച്ച് അവരെ തിരിച്ചറിയാന്‍ പറ്റണം. പുരുഷന്‍ സാരി ധരിക്കുകയും സ്ത്രീ ജീന്‍സ് ധരിക്കുകയും ചെയ്താല്‍ നോ പ്രോബ്ലം. പക്ഷെ രണ്ടു പേരും ഒരേ പോലെ സാരി? നോ നോ...

സ്ത്രീ ഉന്നമനം എന്നൊക്കെ പറഞ്ഞു സ്ത്രീകള്‍ പുരുഷനോട് തുല്യര്‍ ആകാന്‍ വസ്ത്രം വഴി ശ്രമിക്കരുത് എന്നൊരു ധ്വനി ഇവിടെ വേണമെങ്കില്‍ കാണാം. പക്ഷെ പ്രകടമായി സ്ത്രീ വിരുദ്ധത ഇവിടെ ഉണ്ട് എന്ന് പറയാന്‍ പറ്റില്ല കാരണം നിയമം രണ്ടു പേര്‍ക്കും ഒരുപോലെ ബാധകം ആണ്.

നിയമാവര്‍ത്തനം 24:1-4 - രണ്ടാം വിവാഹം

"ഒരുവന്‍ വിവാഹിതനായതിനുശേഷം ഭാര്യയില്‍ എന്തെങ്കിലും തെറ്റുകണ്ട്‌ അവന്‌ അവളോട്‌ ഇഷ്‌ടമില്ലാതായാല്‍, ഉപേക്‌ഷാപത്രം കൊടുത്ത്‌ അവളെ വീട്ടില്‍ നിന്നു പറഞ്ഞയയ്‌ക്കട്ടെ. അവന്‍െറ വീട്ടില്‍നിന്ന്‌ പോയതിനുശേഷം അവള്‍ വീണ്ടും വിവാഹിതയാകുന്നെന്നിരിക്കട്ടെ.
രണ്ടാമത്തെ ഭര്‍ത്താവ്‌ അവളെ വെറുത്ത്‌ ഉപേക്‌ഷാപത്രം കൊടുത്ത്‌ വീട്ടില്‍നിന്നു പറഞ്ഞയയ്‌ക്കുകയോ അവന്‍ മരിച്ചുപോവുകയോ ചെയ്‌താല്‍, അവളെ - ആദ്യം ഉപേക്‌ഷി  ച്ചഭര്‍ത്താവിന്‌ അശുദ്‌ധയായിത്തീര്‍ന്ന അവളെ - വീണ്ടും പരിഗ്രഹിച്ചുകൂടാ; അതു കര്‍ത്താവിനു നിന്‌ദ്യമാണ്‌. നിന്‍െറ ദൈവമായ കര്‍ത്താവു നിനക്ക്‌ അവകാശമായിത്തരുന്നദേശം നീ മലിനമാക്കരുത്‌."
http://www.pocbible.com/adyayam.asp?val=24&book=\nbamh%C0%AF\w

ഒന്ന്, വിവാഹമോചനം പുരുഷന് ചെയ്യാം. ഉപേക്ഷപത്രം കൊടുത്താല്‍ മതി. രണ്ടു മൂന്ന് പിള്ളേരുണ്ടെങ്കില്‍ വേറെ വിവാഹം ആയില്ലെങ്കില്‍ അല്ലെങ്കില്‍ ആകുന്നവരെ ചിലവിനു കൊടുക്കണോ എന്ന് ഇവിടെ പറഞ്ഞിട്ടില്ല. അത് പോട്ടെ. ഇനി രണ്ടാമത്തെ ഭര്‍ത്താവും മുത്തലാക്ക് ചൊല്ലിയാല്‍ അല്ല ഉപേക്ഷപത്രം കൊടുത്താലും ആദ്യത്തെ ഭര്‍ത്താവിനു വീണ്ടും കെട്ടാന്‍ പറ്റില്ല. കാരണം അവള്‍ അശുദ്ധയാണ്. അതെന്തു അശുദ്ധി ആണെന്ന് മനസിലാകുന്നില്ല. പിന്നെ ലാസ്റ്റ് പറയുന്നത് "അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന സൈനികര്‍" അല്ല കര്‍ത്താവു തന്ന ദേശം മലിനമാക്കരുത്. ഒരു ബന്ധവും കാണാനില്ല.

ആര്‍ക്കെങ്കിലും പെട്ടെന്ന് ദേഷ്യം വന്നു വേര്‍പ്പെടുത്തിയാല്‍ പെട്ടെന്ന് തന്നെ പഴയ കാമുകൾ കെട്ടിയാൽ പിന്നീടു ആദ്യത്തെ ഭർത്താവിന് വിഷമം ഉണ്ടായി തിരിച്ചെടുക്കാന്‍ ഒരു വഴിയും കാണുന്നില്ല. കാമുകൻ ഇനി തട്ടിപ്പോയാലും അല്ലെങ്കിൽ ഉപേക്ഷിച്ചാലും.

എന്‍റെ വിശ്വാസികളായ അമ്മ പെങ്ങന്മാരെ, നിങ്ങളോട് ഒന്നേ പറയാനുള്ളൂ, ഭര്‍ത്താവിനു ഇഷ്ടമില്ലാതായി ഉപേക്ഷാപത്രം തരാന്‍ മാത്രമുള്ള തെറ്റുകള്‍ ഒന്നും ചെയ്യരുത്. അപ്പോള്‍ ചോദിക്കും അങ്ങനത്തെ തെറ്റുകള്‍ എന്താണെന്നു? ആര് അത് ഉപേക്ഷാപത്രം തരാനുള്ള തെറ്റാണെന്ന് തീരുമാനിക്കും എന്ന്? ആ..ദൈവത്തിനറിയാം.

നിയമാവര്‍ത്തനം 25:11 - കൈവെട്ട്

"പുരുഷന്‍മാര്‍ തമ്മില്‍ ശണ്‌ഠകൂടുമ്പോള്‍ ഒരുവന്‍െറ ഭാര്യ തന്‍െറ ഭര്‍ത്താവിനെ വിടുവിക്കുന്നതിന്‌ എതിരാളിയുടെ അടുത്തുചെന്ന്‌ അവന്‍െറ ഗുഹ്യാവയവത്തില്‍ പിടിച്ചാല്‍,
അവളുടെ കൈ വെട്ടിക്കളയണം; കാരുണ്യം കാണിക്കരുത്‌."
ഇത് വായിക്കുമ്പോള്‍ നല്ല തമാശയാണ് എന്ന് തോന്നും. പക്ഷെ ചിരിക്കരുത്. ദൈവ വചനം നോക്കി ചിരിക്കാന്‍ ഇതെന്താ ബോബനും മോളിയും ആണോ? പ്രൈസ് ദി ലോര്‍ഡ്‌.

ദൈവത്തില്‍ അനുഗ്രഹീത സഹോദരിമാരെ, നിങ്ങളുടെ വീട്ടിലേക്ക് ഒരു കള്ളന്‍ കയറി എന്നിരിക്കട്ടെ, അല്ലെങ്കില്‍ ആരെങ്കിലും നിങ്ങളുടെ കുളിസീന്‍ പിടിക്കാന്‍ വന്നു  നിങ്ങളുടെ ഭര്‍ത്താവു അവനെ കണ്ടുപിടിച്ചു അവനുമായി മല്‍പ്പിടുത്തം നടത്തുകയാണ് എന്ന് വെക്കുക. നിങ്ങള്‍ അടുത്തുണ്ട്. വന്നവന്‍ ഒരു ജിമ്മനാണ്, ഭര്‍ത്താവിനു കൂട്ടിട്ടു അങ്ങ് കൂടുന്നില്ല. ഒരു തൊഴി അവന്‍റെ സ്ഥാനത്ത് കൊടുക്കാന്‍ പറ്റിയ അവസരം നിങ്ങള്‍ക്ക് കിട്ടി എന്നിരിക്കട്ടെ. വേറെ വടിയും ഒന്നും എടുക്കാനുള്ള സമയമില്ല. നിങ്ങള്‍ കൊടുക്കുമോ?

കൊടുക്കരുത്. കിട്ടുന്ന സമയം കൊണ്ട് നല്ല വെള്ളസാരി എവിടെയാണ് കിട്ടുന്നത് എന്ന് കണ്ടു പിടിക്കണം. അല്ലെങ്കില്‍ കൈയില്ലാതെ ഭര്‍ത്താവിന്‍റെ ഒപ്പം താമസിക്കണോ, വെള്ളസാരിയുടുത് ഒറ്റയ്ക്ക് താമസിക്കണോ എന്ന് നിങ്ങള്‍ തീരുമാനിക്കുക. പിന്നെ ബൈബിൾ പ്രകാരം ഈ വെള്ളസാരി സ്ത്രീകൾക്ക്  മാത്രമായി  വേണമോ വേണ്ടയോ എന്ന്? അത് ഇനി പിന്നെ എഴുതാം. 

സുഭാഷിതങ്ങള്‍ 31:10-30 ഉത്തമയായ ഭാര്യ

വീണ്ടും കുറച്ചു അധികം ഉള്ള വചനങ്ങള്‍ ആയതുകൊണ്ട് ലിങ്ക് കൊടുത്തിരിക്കുന്നു
http://www.pocbible.com/adyayam.asp?val=31&book=kp`mjnX%A7%C4

ഉത്തമയായഭാര്യയെ പറ്റിയാണ് പറഞ്ഞിരിക്കുന്നത്. ശരിക്ക് വായിച്ചു നോക്കിയാല്‍ കാണാം നല്ല ഒരു പണിക്കാരി ആയിരിക്കണം. പണിക്കാരി  എന്നതിന് ശരിക്കുമുള്ള കഴുതയെപോലെ എല്ലു മുറിയെ  പണിയെടുക്കുന്നവർ  എന്നർത്ഥം. അതുപോലെ നല്ല മാനേജര്‍ കൂടിയായിരിക്കണം. അവസാനം പ്രശംസിക്കാനും പറഞ്ഞിട്ടുണ്ട്. കല്യാണം കഴിച്ചു ചുമ്മാ വീട്ടിലിരിക്കുന്ന സ്ത്രീരത്നങ്ങള്‍ക്ക് ഇതൊന്നു ശ്രദ്ധിക്കാം. ഭര്‍ത്താവിനു വേണ്ടി പണിയെടുത്തില്ലെങ്കില്‍ ഇനി എങ്ങാനും സ്വര്‍ഗത്തില്‍ കയട്ടിയില്ലെങ്കിലോ? ഇനി എങ്ങാനും ബിരിയാണി  കൊടുക്കുന്നുണ്ടെങ്കിലോ?

പ്രഭാഷകന്‍ 25:13-26

കുറച്ചധികം ഉണ്ട് വായിക്കാന്‍. ലിങ്കിൽ പോയി വായിക്കുക. ദുഷ്ടസ്ത്രീകളെ പറ്റിയാണ് പറഞ്ഞിരിക്കുന്നത്. എങ്ങിനെയാണ് ഒരുവൾ ദുഷ്ട ആകുന്നത് എന്നു  പറഞ്ഞിട്ടില്ല. അവസാനം പറഞ്ഞ വാചകമാണ് താരാം

"അവള്‍ നിന്‍റെ വരുതിയില്‍ നില്‍ക്കുന്നില്ലെങ്കില്‍ ബന്ധം വിടര്‍ത്തുക"
http://www.pocbible.com/adyayam.asp?val=25&book={]`mjI%B3

പച്ചക്ക് പറഞ്ഞാല്‍ വിവാഹമോചനം. വെറുതെ അല്ല കത്തോലിക്കാസഭ വിവാഹമോചനകോടതികള്‍ ഒക്കെ തുടങ്ങിയത്. ആരെങ്കിലും ശരിയായി ബൈബിള്‍ അനുസരിച്ച് ജീവിച്ചാല്‍ വിവാഹ മോചനങ്ങള്‍ ഉണ്ടാകാം.

പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണം ആണ് ക്രിസ്തു

ഇതു കാണുമ്പോള്‍ സാധാരണ പറയുന്ന കാര്യമുണ്ട്. പഴയ നിയമത്തിന്‍റെ പൂര്‍ത്തീകരണമാണ് ക്രിസ്തു. പഴയതില്‍ കൈക്ക് കൈ കണ്ണിനു കണ്ണ് എന്നൊക്കെ പറയുന്നുണ്ട്. അതുകൊണ്ട് പഴയ നിയമം അത്രക്ക് അങ്ങോട്ട്‌ മുഖവിലക്ക് എടുക്കേണ്ടതില്ല. ഒരു ചരിത്രം ആയിട്ട് കണ്ടാല്‍ മതി. എന്നൊക്കെ.

പക്ഷെ പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്ന ആദിപാപം ഉള്ളതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ മാമ്മോദീസ മുങ്ങി ക്രിസ്ത്യാനി തന്നെയാകുന്നത്. ശരിക്കും അങ്ങ് വേണ്ടെങ്കില്‍ അതു എടുത്തു കളഞ്ഞുകൂടെ? എന്നിട്ട് ഒരു ചരിത്രപുസ്തകംആക്കി വയ്ക്കുക. അടിസ്ഥാനം അങ്ങ് ഇളകും. പിന്നെ കാതോലിക്ക സഭ വേണമെങ്കില്‍ ഒരു ചാരിറ്റി സ്ഥാപനമായി നിലനില്‍ക്കേണ്ടി വരും. അതുകൊണ്ട് പഴയനിയമം തൊട്ടു കളിക്കാൻ പറ്റില്ല.

പഴയനിയമത്തെ തള്ളുന്നവര്‍ തള്ളുന്നത് സ്ഥലകാലങ്ങള്‍ക്ക് അതീതനായ  ത്രികാല ജ്ഞാനിയായ ശക്തനായ ദൈവത്തെയാണ്. പഴയനിയമത്തില്‍ ഒരു നിയമം കൊടുത്തിട്ട് പിന്നെ അത് മാറ്റേണ്ടി വരുന്നത് ദൈവത്തിനു ചേരുന്നതല്ല. കാരണം ഭാവികാണുന്ന ദൈവത്തിനു ഭാവിയിലേക്ക് അല്ലെങ്കില്‍ എല്ലാക്കാലത്തേക്കും പറ്റുന്ന നല്ല നിയമം മുന്‍പേ കൊടുക്കാന്‍ പറ്റുന്നില്ല. പിന്നെ മനുഷ്യര്‍ ചെയ്യുന്ന പോലെ ചെയ്താല്‍ പിന്നെ എന്ത് ദൈവം? മനുഷ്യന്‍ സാധാരണ പടിപടിയായിട്ടണല്ലോ ഒരു കാര്യം നന്നാക്കിയെടുക്കുന്നത്. അതുപോലെയാണോ ദൈവം ചെയ്യേണ്ടത്?

പിന്നെ ഒരു വാദം അന്നാന്നത്തെ ജനങ്ങളുടെ സാംസ്‌കാരിക നിലവാരത്തിന് അനുസരിച്ചാണ് ദൈവം നിയമം നല്‍കുന്നത് എന്നാണ്. ഒരു കട്ടന്യൂജെന്‍ നിയമം നല്‍കിയാല്‍ ജനങ്ങള്‍ അനുസരിചില്ലെങ്കിലോ? അങ്ങനെ  നോക്കിയാല്‍ ദൈവത്തിന്റെ ശക്തിയെ അവഗണിക്കല്‍ അല്ലെങ്കില്‍ പുള്ളിക്ക് ആളുകളെക്കൊണ്ട് അനുസരിപ്പിക്കാനുള്ള ശക്തി ഇല്ല എന്ന് പറയല്‍ ആയി.

ഇങ്ങനെ വാദിക്കുന്നവരുടെ സ്ഥാനം ഇതിന്‍റെ തുടക്കത്തില്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് വീണ്ടും പറയുന്നില്ല. എന്തായാലും പുതിയതിന്റെ കുറവ് വേണ്ട. പുതിയത് എടുക്കാം.

പുതിയ നിയമം

പറയുമ്പോ എല്ലാം പറയണമല്ലോ. കര്‍ത്താവു ആളൊരു ന്യൂജെന്‍ ബ്രോ ആയിരുന്നു. അന്നത്തെ കാലത്തേ അങ്ങേരുടെ നാട്ടിലെ ആളുകള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത അത്രക്ക് ന്യൂ ജെന്‍. ശത്രുവിനെ സ്നേഹിക്കാന്‍ പറയുന്നു. ഒരു കാരണതടിച്ചാല്‍ മറ്റേതു കാണിക്കാന്‍ പറയുന്നു. ചുങ്കക്കാരുടെയും പാപിനികളുടെയും കൂടെ കറങ്ങുന്നു. അങ്ങനെ പലതും. ഔദ്യോഗികമായി സ്ത്രീശിഷ്യകള്‍ ഉണ്ടായിരുന്നില്ലെങ്കിലും പുള്ളിയുടെ കൂടെ നടന്നിരുന്ന ജനാവലിയില്‍ കുറെ സ്ത്രീകള്‍ ഉണ്ടായിരുന്നു. അടിമകളെ പറ്റി പുള്ളി പറഞ്ഞിട്ടുണ്ടെങ്കിലും പക്ഷെ എന്തുകൊണ്ടോ അടിമത്തം നിറുത്താന്‍ പറഞ്ഞില്ല എന്ന് തോന്നുന്നു. എത്രക്ക് ന്യൂജെന്‍ എന്ന് പറഞ്ഞാലും കാലഘട്ടത്തിന്‍റെ ഒരു പരിധി ഉണ്ടല്ലോ.

1 കൊരിന്ത്യര്‍ 7:38-40

"തന്‍െറ കന്യകയെ വിവാഹം ചെയ്യുന്നവന്‍ ഉചിതമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, വിവാഹംചെയ്യാതിരിക്കുന്നവന്‍ കൂടുതല്‍ ശ്‌ളാഘനീയനാണ്‌.
ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം ഭാര്യയുടെ വിവാഹബന്‌ധം നിലനില്‍ക്കുന്നു. ഭര്‍ത്താവു മരിച്ചുപോയാല്‍, ഭാര്യയ്‌ക്ക്‌ ഇഷ്‌ടമുള്ളവനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ സ്വാതന്ത്യ്രമുണ്ട്‌. അതു കര്‍ത്താവിനു യോജിച്ചവിധത്തിലായിരിക്കണമെന്നുമാത്രം.
എന്‍െറ അഭിപ്രായത്തില്‍ വിധവയായിത്തന്നെ കഴിയുന്നതാണ്‌ അവള്‍ക്കു കൂടുതല്‍ സൗഭാഗ്യകരം. ദൈവാത്‌മാവ്‌ എനിക്കുമുണ്ടെന്ന്‌ ഞാന്‍ കരുതുന്നു".


കന്യകയെതന്നെ വിവാഹം കഴിക്കണം. ആണോ അല്ലയോ എന്ന് സംശയം വന്നാല്‍ ഇങ്ങനെ ടെസ്റ്റ്‌ ചെയ്യണം എന്ന് സംഖ്യ പുസ്തകത്തില്‍ കണ്ടതാണല്ലോ. ശെടാ പഴയത് വിട്ടിട്ടാണല്ലോ ഇങ്ങോട്ട് വന്നതല്ലേ. 

പിന്നെ ഭര്‍ത്താവു മരിച്ചാല്‍ വേറെ കല്യാണം ഒക്കെ കഴിക്കാം. എന്നാലും എനിക്ക് ദൈവാത്മാവ് ഉള്ളതുകൊണ്ട് ആണല്ലോ എന്‍റെ അഭിപ്രായത്തില്‍ വിധവയയിതന്നെ കഴിയുന്നതാണല്ലോ നല്ലതാണല്ലോ അല്ലല്ലോ എന്നൊരു സംശയം ബാക്കി കിടക്കുന്നുണ്ട്.

1 കോറിന്തോസ്‌ 11 : 4-6 

"ശിര സ്‌സു മൂടിക്കൊണ്ട്‌ പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷ നും തന്‍െറ ശിരസ്‌സിനെ അവമാനിക്കുന്നു. ശിരസ്‌സു മൂടാതെ പ്രാര്‍ഥിക്കുകയോ പ്രവ ചിക്കുകയോ ചെയ്യുന്ന ഏതൊരു സ്‌ത്രീയും തന്‍െറ ശിരസ്‌സിനെ അവമാനിക്കുന്നു. അവളുടെ തല മുണ്‍ഡനം ചെയ്യുന്നതിനു തുല്യമാണത്‌.
സ്‌ത്രീ ശിരോവസ്‌ത്രം ഉപയോഗിക്കുന്നില്ലെങ്കില്‍ മുടി മുറിച്ചുകളയട്ടെ. മുടി മുറിക്കുന്നതും തല ക്‌ഷൗരം ചെയ്യുന്നതും അവള്‍ക്കു ലജ്‌ജാകരമെങ്കില്‍ ശിരോവസ്‌ത്രം ധരിക്കട്ടെ."

ഒരുമാതിരി വിവരം ഉള്ളവർ ഈ പറഞ്ഞത് സമ്മതിക്കില്ല  എന്ന് എഴുതിയ ആൾക്ക് തന്നെ ബോധ്യം ഉള്ളതുകൊണ്ടാണ് കുറച്ചു കഴിഞ്ഞു ഇതും കൂടെ എഴുതിയത് .

"സ്‌ത്രീ തല മറയ്‌ക്കാതെ ദൈവത്തോടു പ്രാര്‍ഥിക്കുന്നത്‌ ഉചിതമാണോ എന്ന്‌ നിങ്ങള്‍ തന്നെതീരുമാനിക്കുവിന്‍.
നീണ്ട മുടി പുരുഷന്‌ അവമാനമാണെന്നും സ്‌ത്രീക്ക്‌ അതു ഭൂഷണമാണെന്നും പ്രകൃതിതന്നെ പഠിപ്പിക്കുന്നില്ലേ? തലമുടി സ്‌ത്രീക്ക്‌ ഒരു ആവരണമായി നല്‍കപ്പെട്ടിരിക്കുന്നു. അഭിപ്രായവ്യത്യാസമുള്ളവരോട്‌ എനിക്കു പറയാനുള്ളത്‌, ഞങ്ങള്‍ക്കോ ദൈവത്തിന്‍െറ സഭകള്‍ക്കോ മേല്‍പറഞ്ഞതൊഴികെ മറ്റൊരു സമ്പ്രദായവുമില്ല എന്നാണ്‌."
1 കോറിന്തോസ്‌ 11 : 13-16

നിങ്ങൾ വേണമെങ്കിൽ സ്വന്തമായി തീരുമാനിച്ചോ. പക്ഷെ ഓർഗാനിക് ആയി നോക്കുമ്പോൾ അങ്ങനെയല്ല . അതുപോലെ ദൈവവും ഞങ്ങളും പിന്നെ ഏട്ടനും ഓപ്പളും അങ്ങനെയല്ല വിചാരിക്കുന്നത്. ഡി കെടക്കാണ് സവളവട.

ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നും പള്ളിയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രമാണ് തല മറക്കേണ്ടത്‌ എന്ന്. അതൊരു തോന്നല്‍ മാത്രമാണ്. ഒന്നുകൂടെ വായിച്ചാല്‍ അത് മാറിക്കിട്ടും. വീട്ടില്‍  സീരിയല്‍ കഴിഞ്ഞു അല്ലെങ്കില്‍ ഇഷ്ടമില്ലാത്ത സീരിയല്‍ ഉള്ള സമയത്ത് കുടുംബപ്രാര്‍ത്ഥനയുടെ സമയത്തും തല മറക്കണം. മലയാളി മങ്കമാർ 'oh my god' എന്ന് ഒച്ചയെടുക്കാത്തതുകൊണ്ട്‌ രക്ഷപ്പെട്ടു. മദാമ്മമാർ ശരിക്കും പെടും.

1 കോറിന്തോസ്‌ 11 : 8 

"പുരുഷന്‍ സ്‌ത്രീയില്‍ നിന്നല്ല, സ്‌ത്രീ പുരുഷനില്‍ നിന്നാണ്‌ ഉണ്ടായത്‌.
പുരുഷന്‍ സൃഷ്‌ടിക്കപ്പെട്ടത്‌ സ്‌ത്രീക്കുവേണ്ടിയല്ല; സ്‌ത്രീ സൃഷ്‌ടിക്കപ്പെട്ടത്‌ പുരുഷനുവേണ്ടിയാണ്‌."
http://www.pocbible.com/adyayam.asp?val=11&book=1%20tImdnt%B4mkv

ഒന്നും വിശദീകരിച്ചു പറയേണ്ട കാര്യമില്ല. വേണമെങ്കില്‍ കിട്ടുന്നത് കുടിച്ചു ഉള്ള പണിയെല്ലാം എടുത്തു എവിടെയെങ്കിലും ചുരുണ്ടുകൂടിയേക്കുക. മറുത്തു ഒന്നും പറയാതെ പുരുഷന്‍ എന്തെങ്കിലും തന്നാല്‍ വാങ്ങിക്കുക. 

1 തിമോത്തി 2 : 9

"അതുപോലെതന്നെ, സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്‌ തങ്ങളെത്തന്നെ അലങ്കരിക്കരുത്‌. ദൈവഭയമുള്ള സ്‌ത്രീകള്‍ക്കു യോജിച്ചവിധം സത്‌പ്രവൃത്തികള്‍കൊണ്ട്‌ അവര്‍ സമലംകൃതരായിരിക്കട്ടെ!സ്‌ത്രീ നിശബ്‌ദമായും വിധേയത്വത്തോടുകൂടെയും പഠിക്കട്ടെ.പഠിപ്പിക്കാനോ പുരുഷന്മാരുടെമേല്‍ അധികാരം നടത്താനോ സ്‌ത്രീയെ ഞാന്‍ അനുവദിക്കുന്നില്ല.അവള്‍ മൗനം പാലിക്കേണ്ടതാണ്‌. എന്തെന്നാല്‍, ആദ്യം സൃഷ്ടിക്കപ്പെട്ടത്‌ ആദമാണ്‌;"
http://www.pocbible.com/adyayam.asp?val=2&book=1%20Xntamt%AFtbmkv
ആദ്യം ഉചിതമായത് എന്ന് പറയുന്നുണ്ടെങ്കിലും അതുകഴിഞ്ഞ് കാര്യങ്ങള്‍ വെടിപ്പായി പറയുന്നുണ്ട്. സ്വര്‍ണം, രത്നം ക്ലിയര്‍ ആയിട്ട് ഉപയോഗിക്കരുത്. പിന്നെ വിലയേറിയ ഉടയാട, വില ശരിക്ക് പറയാത്തതുകൊണ്ട് വേണമെങ്കില്‍ വ്യാഖ്യാനിച്ചു 1 ലക്ഷത്തിന്‍റെ സാരി വിലയേറിയത് അല്ല എന്ന് സ്ഥാപിക്കാം. അപ്പോൾ ചോദിക്കും വേളാങ്കണ്ണി മാതാവിന് വിലകൂടിയ സാരി ഉടുക്കാവോ എന്ന്? പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്.

അടുത്തതും സംഗതി ക്ലിയര്‍ ആണ്. ടീച്ചര്‍ ആകേണ്ട എന്ന് വ്യക്തവും ശക്തവും ആയി പറഞ്ഞിട്ടുണ്ട്. പാവം അമ്മ. മിക്സഡ്  സ്കൂളില്‍ പഠിപ്പിച്ചു ഉണ്ടാക്കിയ പൈസകൊണ്ട് ആണ് ഞാനും വളര്‍ന്നത്. ആ പൈസ ഉപയോഗിക്കാന്‍ കുഴപ്പം ഇല്ലാത്തതുകൊണ്ട് ഞാന്‍ രക്ഷപ്പെടുമായിരിക്കും.

പഠിപ്പിക്കാന്‍ മാത്രമല്ല പുരുഷന്മാരുടെ മേല്‍ അധികാരം നടത്താനോ അനുവദിക്കുന്നില്ല. ഇത് കുറച്ചുകൂടി വിശദമായ കാര്യം ആണ്. പുരുഷന്‍ എന്ന് പറയുമ്പോള്‍ വയസ് പറയാത്തതുകൊണ്ട് 2 വയസായ മോന്‍ കുറുമ്പ് കാട്ടുമ്പോള്‍ വഴക്ക് പറഞ്ഞ ഇനി അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞ അമ്മ എവിടെ എത്തുമോ എന്തോ? അതുപോലെ ഏതെങ്കിലും അധികാര സ്ഥാനത്തിരുന്നു ഭരിക്കുന്ന സ്ത്രീ. ഇന്ത്യന്‍ പ്രസിഡന്റ്‌ അല്ലെങ്കില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആകണം എന്നില്ല, പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടന അല്ലെങ്കില്‍ കുടുംബസമ്മേളന പ്രസിഡന്റ്‌, സെക്രട്ടറി എല്ലാവരും തൈയ്പ്പിച്ചു വെക്കേണ്ടി വരും നരകത്തിലേക്ക് ഒരു ഉടുപ്പ്.

1 പത്രോസ് 3 : 1-7

"ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല, പെരുമാറ്റംകൊണ്ടു വിശ്വാസത്തിലേക്ക്‌ ആനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും.
അവര്‍ നിങ്ങളുടെ ആദരപൂര്‍വകവും നിഷ്‌കളങ്കവുമായ പെരുമാറ്റം കാണുന്നതുമൂലമാണ്‌ ഇതു സാധ്യമാവുക.
ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;
പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്‌ടമായ, സൗമ്യവും ശാന്തവുമായ ആത്‌മാവാകുന്ന അനശ്വരരത്‌നം അണിഞ്ഞആന്തരിക വ്യക്‌തിത്വമാണ്‌.
ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്‌ധ സ്‌ത്രീകള്‍ മുമ്പ്‌ ഇപ്രകാരം തങ്ങളെത്തന്നെ അലങ്കരിക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുകയും ചെയ്‌തിട്ടുണ്ട്‌.
സാറാ അബ്രാഹത്തെനാഥാ എന്നു വിളിച്ചുകൊണ്ട്‌ അനുസരിച്ചിരുന്നല്ലോ. നന്‍മചെയ്യുകയും ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്‌താല്‍ നിങ്ങള്‍ അവളുടെ മക്കളാകും."

ഇങ്ങനെതന്നെ ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ വിവേകത്തോടെ നിങ്ങളുടെ ഭാര്യമാരോടൊത്തു ജീവിക്കുവിന്‍. സ്‌ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്‌ക്കു തുല്യ അവകാശിനിയെന്നനിലയില്‍ അവളോടു ബഹുമാനം കാണിക്കുവിന്‍. ഇ തു നിങ്ങളുടെ പ്രാര്‍ഥനയ്‌ക്കു തടസമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്‌."
http://www.pocbible.com/adyayam.asp?val=3&book=1%20]t{Xmkv

മംഗലശ്ശേരി നീലകണ്ഠന്‍റെ കൂടെ വാര്യര്‍ നടന്നപോലെ കര്‍ത്താവിന്‍റെ കൂടെ നടന്ന പത്രോസും, പഴയ കടാപ്പുറത്ത് മീന്‍ പിടിച്ചു നടന്ന വെറും പത്രോസല്ല  അല്‍ പത്രോസ് അഥവാ ആദ്യത്തെ മാര്‍പ്പാപ്പയും പറയുന്നത് ഭാര്യമാരെ നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്ക് വിധേയര്‍ ആയിരിക്കുവിന്‍ എന്നാണ്. ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം?

പുള്ളി പക്ഷെ ആള് ഭയങ്കര പണ്ഡിതന്‍ ആയിരുന്നു എന്ന് വേണം കരുതാന്‍. രണ്ടാമത്തെ വാചകം ഒന്ന് ആഞ്ഞു വ്യാഖ്യാനിച്ചാല്‍ നമുക്ക് വേണമെങ്കില്‍ ഭര്‍ത്താക്കന്മാര്‍ യുക്തിവാദികള്‍ ആകാനുള്ള ചാന്‍സ് കൂടുതല്‍ ഉണ്ടെന്നു പുള്ളി ദിവ്യദൃഷ്ടിയില്‍ കണ്ടെന്നും പറയാം. അതുകൊണ്ട് ആണ്ഭാര്യമാരോട് പെരുമാറ്റം കൊണ്ടാണ് അവരെ തിരിച്ചു വിശ്വാസത്തിലേക്ക് കൊണ്ട് വരേണ്ടത് എന്ന് ഉപദേശിച്ചത്. ബട്ട്‌ നോട്ട് ദ പോയിന്റ്‌ ഭാര്യമാരുടെ സ്ഥിരം ആയുധം ആയ വാക്കുകൊണ്ടല്ല പെരുമാറ്റംകൊണ്ട്.

പിന്നെ സ്വര്‍ണവും വിശേഷ വസ്ത്രവും ധരിക്കുന്ന കാര്യം. അത് വേണ്ട. പിന്നെ അലങ്കാരം വേണമെങ്കില്‍ ഒരു പ്രത്യേകരീതിയില്‍ ഉണ്ടാക്കിയെടുക്കുന്ന രത്നം അണിഞ്ഞ ആന്തരികവ്യക്തിത്വം ഉപയോഗിക്കാം. സന്ദേശത്തില്‍ ശങ്കരാടി എന്തുകൊണ്ട് നമ്മള്‍ തോറ്റ് എന്ന് ഇതിലും വ്യക്തമായി പറയുന്നുണ്ട്. പിന്നെ വേലക്കാരിയെ ഭര്‍ത്താവിനു ഒരു പ്രത്യേക സാഹചര്യത്തിൽ കൊടുത്ത ഒരാളുടെ ഉദ്ദാഹരണവും കൊടുത്തിട്ടുണ്ട്. വിശ്വാസിനികളെ, കാര്യം ഇവിടെ പകല്‍ പോലെ വ്യക്തം ആണ്. ബൈബിള്‍ അനുസരിച്ച് നിങ്ങള്‍ പുരുഷന്മാരാല്‍ ഭരിക്കപ്പെടെണ്ടവര്‍ ആണ്.

അവസാനം പ്രാര്‍ത്ഥനക്ക് തടസമുണ്ടാകാതിരിക്കാന്‍ സ്ത്രീകളെ പുരുഷന്മാരോട് അവരെ ബഹുമാനിക്കാനും പുള്ളി പറഞ്ഞിട്ടുണ്ട്. ബഹുമാനിചില്ലെങ്കില്‍ ചിലപ്പോള്‍ സ്വര്യം തരില്ല എന്ന് പുള്ളിക്ക് തോന്നിക്കാണും. ഇതാണ് ഞാന്‍ ആദ്യം പറഞ്ഞത് ആളൊരു ഭയങ്കര ദിവ്യജ്ഞാനിയാണ്‌ എന്ന്.

നിരൂപണങ്ങള്‍

ഇത് വായിച്ചിട്ട് പലര്‍ക്കും തോന്നാം പശുവിനു കൊടുക്കാന്‍ വയ്ക്കോല്‍തുറുവില്‍ നിന്നും അവിടെ നിന്നും ഇവിടെനിന്നും ഓരോ പിടി വലിചൂരുന്നപോലെ വാചകങ്ങള്‍ എടുത്തു കാര്യങ്ങള്‍ തീരുമാനിക്കാന്‍ പറ്റില്ല. അവരോടു ഒന്നേ പറയാനുള്ളൂ ഇതെന്നെയാണ് പള്ളിയില്‍ പ്രസംഗം നടക്കുമ്പോള്‍ വികാരിമാരും, ധ്യാനിപ്പിക്കുന്നവരും ചെയ്യുന്നത്. അവര്‍ അവര്‍ക്ക് വേണ്ടത് വലിച്ചൂരുന്നു ഇടക്കിടെ പ്രൈസ് ദ ലോര്‍ഡ്‌ പറയുന്നു.

ഇനി ചിലര്‍ക്ക് തോന്നാം ബൈബിളില്‍ വേറെ സ്ഥലങ്ങളില്‍ എല്ലാവരെയും തുല്യരായി പരിഗണിക്കുന്നുണ്ടല്ലോ എന്ന്? അങ്ങനെ പറഞ്ഞാല്‍ പണിപാളി. ഒരേ കാര്യത്തെക്കുറിച്ച് രണ്ടു വിരുദ്ധ അഭിപ്രായങ്ങള്‍ പറയുന്ന ഒരു പുസ്തകമായി ബൈബിള്‍ മാറും. പിന്നെ അതിനെ ഒരു ദൈവീക പുസ്തകം എന്ന് പറയാന്‍ പറ്റില്ല. ഒരു കാര്യത്തെക്കുറിച്ചു തെക്കോട്ടും കുറച്ചു കഴിയുമ്പോൾ വടക്കോട്ടും പറയുന്ന ഉദ്ദാഹരങ്ങൾ വേറെ ഒരു പോസ്റ്റ് ആയിട്ട് എഴുതേണ്ടി വരും.

ഇതൊക്കെ മാറാന്‍ ഒരു നല്ല മരുന്നുണ്ട്. സാധാരണ ഒരു പുസ്തകം വയിക്കുന്നപോലെ ബൈബിള്‍ ഒന്ന് വായിക്കുക. വല്യ പുണ്യപുരാതനപൂജനീയ പുസ്തകം ആയിട്ടല്ല. സാധാരണ ബാലരമയും, പൂമ്പാറ്റയും വായിക്കുന്നപോലെ. എല്ലാം ശരിയാകും. മാടമ്പള്ളിയിലെ ഗംഗക്ക് നാഗവല്ലിയിൽ നിന്നും പുറത്തുവരാൻ പറ്റുമെങ്കിൽ ആർക്കും പറ്റും. 

വീണ്ടും വിശ്വാസിനികളോട് ഒരു വാക്ക്. ഇത് നിങ്ങളെ ചിന്തിപ്പിക്കാൻ എഴുതുന്ന പോസ്റ്റ് ആണെങ്കിലും പശു, കെട്ടിയിട്ട കയറിൽ കിടന്നു കറങ്ങുന്ന പോലെ അല്ലെങ്കിൽ പൊട്ടകുളത്തിലെ തവളയെപ്പോലെ ബൈബിളിൽ തന്നെ വട്ടം കറങ്ങികൊണ്ട് വേണം ചിന്തിക്കാൻ. മറുത്തൊരു ചിന്തയരുത്. എല്ലാം കാണുന്നവനു നിങ്ങളുടെ ചിന്തകൾ അറിയാൻ ആണോ പാട്. അല്ല ഇനി പുള്ളി നിങ്ങളുടെ  വിശ്വാസ ജീവിതത്തിനു അവസാനം ഈ പോസ്റ്റ് മൂലം ആണെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഞാൻ വേറൊന്നും പറയുന്നില്ല. ദൈവത്തിന്റെ ഇഷ്ടം പോലെ നടക്കട്ടെ.

ജയ് ജിഞ്ചോ..സോറി പ്രൈസ് ദ ലോര്‍ഡ്‌...

2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

അഞ്ചാം വിവാഹവാർഷികം

കഴിഞ്ഞ തവണ പകച്ചു പോയവര്‍, പക്ഷെ ആ ഒഴിഞ്ഞ കസേരയില്‍ ഇരിക്കാനുള്ള ആളെ തീരുമാനിച്ചു. എല്ലാം ശരിയായി നടന്നാല്‍ പുതിയ  ആള്‍ ജനുവരി 25നു പുറത്തുവരും. ഇത് കഴിഞ്ഞ തവണ നിറുത്തിയ സ്ഥലത്ത് നിന്ന് ഒരു ഇപ്പോള്‍ ഒരു തുടര്‍ച്ച ആയില്ലേ. പണ്ട് മനോരമയില്‍ നോവല്‍ വായിക്കുന്നതുപോലെയാണല്ലോ മുന്‍പ് നിറുത്തിയത്.

ബാക്കി എഴുതുന്നതിനു മുന്‍പ് സന്തോഷകരമായ ഒരു കൊല്ലം തന്നതിനു നന്ദി നന്ദി നന്ദി. ധന്യയോടും ബാക്കി എല്ലാവരോടും. ജോഹനും ഇരിക്കട്ടെ. അവന്‍ വലുതായി വരുമ്പോള്‍ അവന്‍ എത്ര ഡീസന്റ് ആയിരുന്നു എന്ന് അവന്‍ അറിയേണ്ടേ. കാരണം നമ്മള്‍ സാധാരണ പ്രതീക്ഷിക്കുന്ന കുറുമ്പുകള്‍ ഒന്നും ആശാന്‍ കാട്ടാറില്ല. എവിടെയെങ്കിലും ശ്രദ്ധയില്ലാതെ വലിഞ്ഞു കയറി വീഴുകയോ അതുപോലെ എന്തെങ്കിലും നശിപ്പിക്കുകയോ ചെയ്യാറില്ല. അതുപോലെ അത് വേണം ഇത് വേണം എന്ന് പറഞ്ഞു വാശി പിടിക്കാറും ഇല്ല. കടയില്‍ കൊണ്ടുപോയാല്‍ കളിപ്പാട്ടങ്ങള്‍ ഒക്കെ എടുത്തു നോക്കി അവിടെ തന്നെ വെക്കുന്നത് കാണുമ്പൊള്‍ കണ്ണ് നിറഞ്ഞു പോകും. ജോഹന്‍ ആണ് അങ്ങ് വലുതായി. പ്രീസ്കൂളില്‍ പോയി തുടങ്ങി. എന്നെ ആദ്യം സ്കൂളില്‍ വിട്ടതും കരഞ്ഞതും ഇന്നലെ കഴിഞ്ഞതുപോലെ. ജോഹന്‍ എന്തായാലും കരഞ്ഞു ബഹളം വച്ചില്ല. സ്കൂളില്‍ പോകാന്‍ ആശാന് ഭയങ്കര ഇഷ്ടമാണ്. അതുകാരണം ധന്യ കാര്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ പുതിയ സ്ഥലങ്ങള്‍ കണ്ടു പിടിച്ചു അവിടേക്ക് കാറില്‍ മാപ്പ് നോക്കി ഒറ്റയ്ക്ക് പോകാന്‍ തുടങ്ങി.

കഴിഞ്ഞ കൊല്ലം രണ്ടാളും അല്ല ജോഹനും ചേര്‍ത്ത് മൂന്നാളും ഒരു കരയില്‍ ആയിരുന്നു. തണുപ്പിലും ചൂടിലും ഒരുമിച്ചു തന്നെ. പിന്നെ മേയ് മാസത്തില്‍ അമ്മ വന്നപ്പോള്‍ അമ്മയും. അപ്പനും അമ്മയും ഒരുമിച്ചു വരാന്‍ പറ്റിയിരുന്നെങ്കില്‍ കുറച്ചു കൂടെ നന്നായേനെ. ഇനിയിപ്പോള്‍ ധന്യയുടെ മമ്മിയെ കൊണ്ട് വരണം. പുതിയ ആള്‍ വരുന്നതുകൊണ്ട് ഇവിടെ സ്ഥലങ്ങള്‍ കാണിക്കാന്‍ കൊണ്ട് പോകാന്‍ പറ്റുമോ എന്നറിയില്ല. പക്ഷെ ന്യൂ യോര്‍ക്ക് കാണിക്കാതെ വിടാന്‍ പറ്റില്ല. ഇവിടെ അമേരിക്കയിലുള്ള ആളുകള്‍ പ്രസവിച്ചു ചോരയുണങ്ങാത്ത കുട്ടികളെ കൊണ്ട് കടയിലേക്കും, വിനോദസഞ്ചാരത്തിനും പോകുന്നത് കാണാം. അതുപോലെ പ്രസവരക്ഷ എന്ന് പറഞ്ഞു കട്ടക്ക് നെയ്‌ അടങ്ങിയത് ഒന്നും കഴിക്കുന്നതും കാണാനില്ല.. പക്ഷെ ഇന്ത്യക്കാര്‍ക്ക് അത് അങ്ങ് ദഹിക്കില്ല. കൊച്ചിന് കണ്ണ് തട്ടല്‍ അത് ഇല്ലാതിരിക്കാന്‍ മുഖത്ത് കരി വാരിതേച്ചു കൊമാളിയാക്കല്‍, 24 കെട്ടല്‍, പ്രസവിച്ച ആളെ രക്ഷിച്ചെടുത്ത്‌ തടിച്ചു കൊഴുപ്പിക്കള്‍ ഒക്കെ വേണം.

പുതിയ ആളുടെ പേര് തീരുമാനിച്ചിട്ടില്ല. അമേരിക്കയില്‍ കൊച്ച് ആണാണോ പെണ്ണാണോ എന്ന് പ്രസവത്തിനു മുന്‍പ് അറിയാന്‍ പറ്റും എന്നറിയുന്നത് കൊണ്ടോ എന്തോ ഇത്തവണ അധികം പ്രവചനങ്ങള്‍ ഇല്ല. അതോ ഇനി ധന്യയെ കാണാത്തത് കൊണ്ടാണോ ആവോ. ജോഹനെ പ്രസവിച്ചപ്പോള്‍ എന്താണ് നടന്നത് എന്ന് സിനിമയില്‍ കാണുന്ന പോലെയേ എനിക്ക് തോന്നിയുള്ളൂ. ധന്യയുടെ അനിയന്‍ ജോഫി കൊച്ചു ആണാണ് എന്ന് അറിയിച്ചു. പക്ഷെ ഇത്തവണ ഞാന്‍ ഇവിടെ അമേരിക്കയില്‍ ചിലതൊക്കെ അറിയും. ലേബര്‍ റൂമില്‍ കയറണം എന്നൊക്കെയുണ്ട്.