2010, മാർച്ച് 31, ബുധനാഴ്‌ച

എന്‍റെ വനവത്കരണ പരീക്ഷണങ്ങള്‍

വനവത്കരണം എന്ന തലക്കെട്ട്‌ ശരിയായ വാക്ക് അറിയാത്തതുകൊണ്ട് കൊടുത്തതാണ്.ആരും തെറ്റി ധരിക്കരുത്.ആക്ച്വലി എന്താണ് കാര്യം എന്നു ചോദിച്ചാല്‍ ഞാന്‍ കഴിഞ്ഞ ഒരു പോസ്റ്റില്‍ കൂടിവരുന്ന ചൂടിനെപറ്റിയും,മരങ്ങള്‍ വച്ചു പിടിപ്പിച്ചാല്‍ ചൂട് കുറയുമെന്നും എഴുതിയിരുന്നു.

ചുമ്മാ വളവളാന്ന് ആര്‍ക്കു വേണമെങ്കിലും ആഗോളതാപനത്തെപറ്റിയും ,വനവത്കരണം എന്നതിന്റെ ആവശ്യകതയെ പറ്റിയും എഴുതാം.സ്വന്തം ജീവിതത്തില്‍ ഇതൊന്നും നടപ്പില്‍ വരുത്തണം എന്നില്ല.ഞാനെന്തായാലും ഒന്ന് നടപ്പില്‍ വരുത്തി.ഫോട്ടോസ് താഴെ.
രണ്ടു ജാതിക്കതൈകള്‍.

വേറെ മൂനെണ്ണം ഉണ്ടായിരുന്നു.പക്ഷെ ഉണങ്ങിപ്പോയി.ചുമ്മാ ഉണ്ടായിവന്നതാണെന്ന് വിചാരിക്കരുത്.രാത്രി 2 മണിവരെയും പുലര്‍ച്ച വരെയും ഒക്കെ ഐ ടി കമ്പനിയില്‍ പണിയെടുതുണ്ടാക്കിയ പൈസയില്‍ നിന്നും ഒരു തൈക്ക് 250 രൂ. കൊടുത്തു വാങ്ങിയതാ.തണലും കിട്ടും.പറഞ്ഞപോലെ കായ ഉണ്ടായാല്‍ മുതല്‍ മുടക്കും.

നില്‍ക്കണനില്‍പ്പ് കണ്ടാല്‍ പറയുമോ ഭാവിയിലെ രണ്ടു എ.സികളെ കുറക്കാന്‍ പോന്നവരാണ് ഇവരെന്ന്.ആരോ പറയുന്ന കേട്ടായിരുന്നു,ഒരു മരം ഒരു എ.സിക്ക് തുല്യമാണെന്ന്.

2010, മാർച്ച് 27, ശനിയാഴ്‌ച

അമേരിക്കന്‍ വിസാപരീക്ഷണം 1

"എല്ലാവരും പാസ്പോര്‍ട്ട് പെട്ടെന്നുതന്നെ എടുത്തു എച്.ആറിനെ ഏല്‍പിക്കണം.എപ്പോഴാ ഓണ്‍സൈറ്റ് പോകേണ്ടി വരിക എന്നറിയില്ല.അന്നേരം പറ്റില്ല എന്നൊന്നും പറഞ്ഞേക്കരുത്."*
ഒരുത്തന്‍ റിസൈന്‍ ചെയ്തു പോയപ്പോള്‍ വല്യമാനേജര്‍ പറഞ്ഞ ഈ വാക്കുകള്‍ ചുമ്മാ ഒരു തമാശയായേ ഞങ്ങള്‍ എടുത്തുള്ളൂ.ഇതൊക്കെ ഞാന്‍ കുറെ കണ്ടിട്ടുള്ളതാ.ഒരു സോഫ്റ്റ്‌ വയറന്‍ അദേഹത്തിന്റെ കമന്റ് പാസാക്കി.എന്നോട് പഴയ കമ്പനിക്കാര്‍ കാല് പിടിച്ചു പറഞ്ഞതാ.ഞാന്‍ പോയില്ല.ഇത്തവണ കമന്റ് പാസാക്കിയത് ഒരു ഹാര്‍ഡ് വയറന്‍.

പക്ഷെ പുള്ളി പറഞ്ഞത് കാര്യമാണെന്ന് മനസിലാക്കാന്‍ ഒരു നാലു മാസമെടുത്തു.ജനുവരിയില്‍ ദാണ്ടേ വരുന്നു അഡ്മിന്‍, വിസക്കുള്ള എച് .ഡി.എഫ്.സി റെസീപ്റ്റ് എടുക്കാന്‍ പറഞ്ഞുകൊണ്ട്.ഞാനുള്‍പ്പെടെ നാലു പേര്‍.ഇതെങ്ങിനെ എടുക്കും എന്നറിയാതെ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ഇതൊക്കെ ഒരു ചീള് കേസെന്ന മട്ടില്‍ പറഞ്ഞു 'ആ തിരക്കൊക്കെ കഴിഞ്ഞിട്ട് പോയേക്കാം'.

പിന്നെ ഇന്‍റര്‍നെറ്റില്‍ ഒരു ഒന്നൊന്നര സെര്‍ച്ച്‌ ആയിരുന്നു.ഇതിന്റെ നടപടി ക്രമങ്ങള്‍ മാത്രം.എന്‍റെ അറിവില്‍ ബിസിനസ്‌ വിസയില്‍ പോയവരോടൊക്കെ ചോദിച്ചു.ഇതെന്നെടെ പരിപാടി?

ആദ്യം എച്.ഡി. എഫ്.സി ബാങ്കില്‍ പാസ്പോര്‍ട്ട് കൊണ്ടുപോയി പൈസ അടച്ചു റെസീപ്റ്റ് വാങ്ങണം.അത് രണ്ടു കോപ്പി ഉണ്ടാകും.ഒന്ന് നമുക്കും, മറ്റേതു ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലെറ്റില്‍ കൊടുക്കാനും.അത് കഴിഞ്ഞു ഒരു സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യണം.അതില്‍ DS156 എന്നും DS157 എന്നും പറഞ്ഞു രണ്ടു പേജുകളിലായി നമ്മുടെ നമുക്കറിയാത്ത വിവരങ്ങള്‍ വരെ കൊടുക്കേണ്ടി വരും.പിന്നെ അതില്‍ നിന്നും കിട്ടുന്ന ഒരു പ്രിന്റ്‌ ഔട്ട്‌ എടുത്തുകൊണ്ടു ചെന്നൈയില്‍ പോകണം.നമ്മുടെ കയ്യിലുള്ള നമ്മുടെതായ കിട്ടാവുന്നിടത്തോളം രേഖകള്‍ വിത്ത്‌ കമ്പനി രേഖകള്‍ കൊണ്ടുപോണം.അവിടെ വച്ചു ഒരു സായ്പ്പ് അല്ലെങ്കില്‍ ഒരു മദ്ദാമ്മ നമ്മളെ ഇന്റര്‍വ്യൂ ചെയ്യും.നമ്മുടെ തലവര,സായ്പ്പിന്റെ മൂഡ്‌,നമ്മുടെ രേഖകള്‍ തുടങ്ങിയവയ്ക്ക് ശനിയുടെ അപഹാരമില്ലെങ്കില്‍ നമ്മുക്ക് വിസ കിട്ടും.

ചീള് കേസ്.ബാങ്കിലേക്ക് ഒരുച്ചക്കൊരു യാത്ര.വട്ടം കൂടിയിരുന്നുള്ള രജിസ്റ്റര്‍ ചെയ്യുന്ന പരിപാടി വിത്ത്‌ ആ സൈറ്റിലെ ബഗ് കണ്ടുപിടിക്കല്‍.കിട്ടി ഡേറ്റ് കിട്ടി!!!!19 ജനുവരി.അങ്ങനെ ഞങ്ങള്‍ രണ്ടു പേര്‍ ചേര്‍ന്നുപോകാനുള്ള തീരുമാനമായി.മറ്റു രണ്ടു പേര്‍ക്ക് ഇതിലും മുന്‍പാണ്‌ ഡേറ്റ് കിട്ടിയത്.ത്രില്ലും ടെന്‍ഷനും അരുമിച്ചടിച്ച ഒരു ആഴ്ച.ഹോട്ടല്‍ ബുക്കിംഗ് കഴിഞ്ഞു.ഒരു കിടിലന്‍ എ സി ഹോട്ടല്‍ അതും കോണ്‍സുലെറ്റിന്റെ തൊട്ടടുത്ത്‌.അങ്ങനെ പോകാനിരുന്ന ഞായറാഴ്ച്ചയുടെ തലേ ദിവസം.അതായതു ശനിയാഴ്ച രാവിലെ.

മൊബൈലില്‍ ഒരു അമേരിക്കന്‍ കാള്‍.സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസിലായി നമ്മുടെ സ്വന്തം ഓണ്‍സൈറ്റ് ലീഡ്.എന്നെ ഒന്ന് കണ്‍ഗ്രാട്ട്സ് ചെയ്യാനും വിസ ഇന്റര്‍വ്യൂ അടവുകള്‍ പറഞ്ഞു തരാനും വിളിക്കുന്നതാകും.എന്താ ചെയ്ക പുള്ളിയുടെ ഒരു സ്നേഹമേ .

പക്ഷെ ഫോണെടുത്തപ്പോള്‍ മനസിലായി ഓണ്‍ സൈറ്റ് മാനേജര്‍ കൂടി ആ കാളിലുണ്ട്.പണി പാളാന്‍ ചാന്‍സുണ്ട്.ഏയ്‌ ഹോട്ടല്‍ ഒക്കെ ബുക്ക്‌ ചെയ്തതല്ലേ.സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യലും കഴിഞ്ഞു.പണി പിന്നെ പിള്ളാരു നോക്കിക്കോളും.
ആദ്യത്തെ സോപ്പിക്കലിനുശേഷം പുള്ളി കാര്യം അവതരിപ്പിച്ചു.

As the project is in critical stage, we need you to be in the office for the next week.

ചുരുക്കി പറഞ്ഞാല്‍ എന്‍റെ വിസ ഇന്റര്‍വ്യൂ ഇപ്പോള്‍ നടക്കില്ല......ഠിം!!!!

* ഈ ഡയലോഗ് ഇംഗ്ലീഷില്‍ നിന്നും തര്‍ജിമ ചെയ്തപ്പോള്‍ ഒന്ന് മിനുക്കിയിട്ടുണ്ട്.

2010, മാർച്ച് 15, തിങ്കളാഴ്‌ച

കേരളത്തിന്‍റെ പൊതുകടം തീര്‍ക്കാന്‍ 3 വഴികള്‍

കേരളത്തിന്‍റെ ബജറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ നമുക്ക് ഒരുവിധം ഭേദപ്പെട്ട പൊതുകടം കാണാം. comp-off കിട്ടി ചുമ്മാ വീട്ടില് ഇരിക്കുമ്പോഴാണ് അതിഭയങ്കരമായ ഈ കടം തീര്‍ക്കാനുള്ള ഇടിവെട്ട് പരിപാടികള്‍ മനസ്സില്‍ വരുന്നത്.ചില വഴികള്‍ നിങ്ങള്‍ തന്നെ മുന്‍പേ ആലോചിച്ചതായിരിക്കും.ഒരുപക്ഷെ പുറത്തു പറഞ്ഞു കാണില്ല.ഇവിടെ എന്തായാലും അതെല്ലാം പറയുവാന്‍ പോവുകയാണ്.

ചാരായം
അതെ നമ്മുടെ അന്തോണി സര്‍ നിറുത്തിയ കുടിയന്മാര്‍ക്കെല്ലാം ഗതകാലസ്മരണകള്‍  ഉണ്ടാക്കുന്ന അതെ സാധനം.മര്യാദക്കുണ്ടാക്കി ഒരു ബ്രാന്‍ഡ്‌ ചെയ്തു നമുക്കെന്തുകൊണ്ടത് എക്സ്പോര്‍ട്ട്‌ ചെയ്തുകൂടാ?.നമുക്കെന്താ അതുണ്ടാക്കാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടാണോ?സര്‍ക്കാര്‍ നേരിട്ടുണ്ടാക്കുകയോ ,ലൈസെന്‍സ് കൊടുക്കുകയോ ചെയ്യട്ടെ.ഇനിയിപ്പോള്‍ സര്‍ക്കാരിന്‍റെ കൈയ്യില്‍ പൈസയില്ലെങ്കില്‍ ഒരു പൊതുമേഘല കമ്പനിയുണ്ടാക്കി ഷെയര്‍ ഇറക്കട്ടെ.ഞാന്‍ എന്തായാലും അതിന്റ ഷെയര്‍ വാങ്ങിക്കും.

ഗോവക്കാര്‍ ഫെനിയുണ്ടാക്കി അവരുടേതായ ലേബലില്‍ വില്‍ക്കുന്നു.കണ്ട അണ്ടനും അടകോടനും, സായിപ്പും അത് വാങ്ങി അടിക്കുന്നു.ഗോവ ഇന്ത്യയിലാണ്.അതുകൊണ്ട് പോട്ടെ .നാഴിക്ക് നാല്‍പ്പതു വട്ടം ഓരോ വികസനം എന്നു പറഞ്ഞു വിദേശരാജ്യങ്ങളില്‍ കറങ്ങുന്ന, അവിടത്തെ വികസനമാണ് വികസനം എന്നു പറയുന്ന മന്ത്രിമാര്‍ക്ക് ഒന്ന് സ്കോട്ട്ലണ്ട് വഴി പോയി ജോണി വാക്കര്‍ എന്ന ലേബലിനെ പറ്റി പഠിച്ചുകൂടെ? എന്തുമാത്രം പൈസയാ അവന്മാനുണ്ടാക്കുന്നത്.

ചിലവന്മാരുണ്ട്.മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ് എന്നു പറഞ്ഞു അതുണ്ടാക്കരുത് എന്നു പറയുന്നവര്‍.അവന്മാരോട് ഞാനും യോജിക്കുന്നു.പക്ഷെ അപ്പോള്‍ സമ്പൂര്‍ണ മദ്യനിരോധനം വരണം.ഒരുത്തനും ഉണ്ടാക്കേണ്ട ,കുടിക്കേണ്ട.ഇത് ഒരുമാതിരി ചാരായം മാത്രം നിറുത്തിയിരിക്കുന്നു.ബാക്കിയെല്ലാം ഇഷ്ടം പോലെ കിട്ടാനുമുണ്ട്.

അടുത്ത തലമുറയായാല്‍ ചിലപ്പോള്‍ ചാരായം വാറ്റുന്ന കല തന്നെ മറ്റു അനുഷ്ടാനകലകള്‍ പോലെ ആളുകള്‍ മറന്നു പോകും.അതുകൊണ്ട് എത്രയും പെട്ടെന്നായാല്‍ അത്രയും നല്ലത്. ശുഭസ്യ ശീഘ്രെ എന്നങ്ങാണ്ടല്ലേ.

ചന്ദനം
ചന്ദനമരങ്ങള്‍ മാത്രമല്ല.മറ്റു പല മരങ്ങളും പൊതുജനങ്ങള്‍ക്കു വളര്‍ത്താന്‍ പാടില്ല.എന്തുകൊണ്ടാണ് അതെന്നു എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.വിലകൂടിയ മരങ്ങളല്ലേ.ഒരു ക്രമസമാധാനപ്രശ്നം ഉണ്ടാകേണ്ട എന്നു വിചാരിച്ചായിരിക്കും.എല്ലാവരുടെയും പറമ്പില്‍ ഈ വക മരങ്ങള്‍ ഉണ്ടെങ്കില്‍ എന്ത് പ്രശ്നം വരാനാ അല്ലേ.പറമ്പില്‍ കുറച്ചു തേക്ക് നില്‍പ്പുണ്ട്.കാലമാകുമ്പോള്‍ വില്‍ക്കാന്‍ പറ്റുമോ എന്തോ?
പറഞ്ഞു വന്നത് എന്താണെന്നു വച്ചാല്‍ ഈ വക മരങ്ങള്‍ വളര്‍ത്തി വനവത്കരണം നടത്തിക്കൂടെ?ആഗോള താപനം കുറയുകയും ചെയ്യും.പോക്കറ്റില്‍ പൈസ വരികയും ചെയ്യും.
ചന്ദനം ആണെങ്കില്‍ അതില്‍ നിന്നും ചന്ദന തൈലം ഉണ്ടാക്കാന്‍ ഫാക്ടറികള്‍ വേണം.കുറച്ചു പേര്‍ക്കെങ്കിലും ജോലി കിട്ടും.മറ്റു മരങ്ങള്‍ ഉണ്ടാക്കിയാലും  എക്സ്പോര്‍ട്ട്‌ ചെയ്യാം എന്നു തന്നെയനെനിക്ക്തോന്നുന്നത്.

സ്വാശ്രയ കോളേജുകള്‍
ഇത് പിന്നെ നടപ്പില്‍ വന്ന ഒരു കാര്യമാണ്.കുറെക്കാലം തമിഴനും,കന്നടക്കാരനും,ആന്ത്രക്കാരനും നമ്മുടെ പൈസ കൊണ്ടുപോയി.പക്ഷെ ഇപ്പോഴും കോളേജുകള്‍ അങ്ങോട്ട്‌ പോര എന്നു തന്നെയാണ് എന്‍റെ അഭിപ്രായം.സര്‍ക്കാര്‍ കോളേജിലും ഇരിക്കട്ടെ കുറച്ചു പൈസ കൊടുത്തു വാങ്ങാവുന്ന സീറ്റുകള്‍.സ്വാശ്രയ കോളേജുകള്‍ നിയമിക്കുന്ന അധ്യാപകര്‍ ഭൂരിഭാഗവും അതിനു തൊട്ടു മുന്‍പിലെ വര്‍ഷം അതേ കോളേജില്‍ നിന്നും തന്നെ ഇറങ്ങിയവരായിരിക്കും.പഠിപ്പിക്കുന്നതെല്ലാം കണക്കാ..അപ്പോള്‍ സര്‍ക്കാര്‍ കോളേജുകളില്‍ സീറ്റുകള്‍ വന്നാല്‍ കാശു മുടക്കുന്നവന് മുതലാകും.അതായതു ഡിഗ്രി കഴിയുമ്പോള്‍ അതിനൊപ്പം അല്‍പ്പം വിവരം കൂടി ഉണ്ടാകും.

ഇനിയിപ്പോള്‍ സര്‍ക്കാരിനു കാശ് മേടിക്കാന്‍ ഒരു വിഷമം ഉണ്ടെങ്കില്‍ കുറച്ചുംകൂടി കോളേജുകള്‍ അനുവദിക്കട്ടെ.എന്തായാലും പഠിക്കാന്‍ വിചാരിച്ചാല്‍ പഠിക്കും.അതിനു എന്ട്രന്‍സ് മാര്‍ക്ക്‌ ഒരു പ്രശ്നമല്ല.ലോണ്‍ തരുന്ന ബാങ്കുകളും ,പോക്കറ്റില്‍ പൈസയുള്ള അച്ഛനമ്മമാരും ഉണ്ടെങ്കില്‍.പിന്നെ വെറുതെ എന്തിനു നമ്മുടെ പൈസ അന്യ സംസ്ഥാനത്തേക്ക്  ഒഴുക്കണം.

2010, മാർച്ച് 13, ശനിയാഴ്‌ച

ചൂട് കൂടുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

ഇപ്പോള്‍ എവിടെനോക്കിയാലും ചൂടിനെപറ്റിയുള്ള സംസാരമേയുള്ളൂ.അവിടെ പശു ചത്തു.ഇവിടെ പൊള്ളല്‍ ഏറ്റു അപകടാവസ്ഥയിലായി.പാലക്കാട് 42 ഡിഗ്രി ചൂട്.ഒരു രക്ഷയുമില്ല.പക്ഷെ ഇന്ന് ഞാനൊരു നല്ല വശം കണ്ടു ഈ ചൂടിന്‍റെ.


പതിവുപോലെ ഈ ആഴ്ചയും വീട്ടിലെത്തിയപാടെ അമ്മ ട്രിപ്പ്‌ പ്ലാന്‍ പറഞ്ഞു.തൃശൂര്‍ അശ്വിനി ഹോസ്പിറ്റലില്‍ കിടക്കുന്ന അമ്മയുടെ ആങ്ങളയെ കാണാന്‍ പോണം.വെറുതെ അലമ്പുണ്ടാക്കി തടി ചീത്തയാക്കേണ്ട എന്ന് കരുതി പെട്ടെന്ന് തന്നെ കാറില്‍ പോകാമെന്ന് ഞാന്‍ സമ്മതിച്ചു. മാരുതി ആള്‍ട്ടോ .ഒരു കിലോമീറ്റര്‍ ഓടാന്‍ 3 രൂപ.3 പേരുണ്ട്.കുഴപ്പമില്ല.

അടുത്തത് വഴിയെ പറ്റിയുള്ള തീരുമാനമാണ്.എന്ന് തൃശ്ശൂര് പോകാന്‍ വിചാരിച്ചാലും ഞാന്‍ ഇരിങ്ങാലക്കുട വഴിയും അപ്പന്‍ നെല്ലായി വഴിയും പറയും.എന്തായാലും ഇരിങ്ങാലക്കുട എസ്.ബി.ഐ. ബാങ്കില്‍ കയറണം എന്നു പറഞ്ഞു ഞാന്‍ വഴി തീരുമാനമാക്കി.എസ്.ബി.ഐ. ബാങ്കില്‍ കയറിയത് ഒരു വന്‍ കഥയാണ്.അത് പോട്ടെ.

അങ്ങനെ നട്ടുച്ചനേരത്ത് ആദ്യമായി എ.സി ഫുള്ളിലിട്ടു യാത്ര തുടങ്ങി.കാര്യമായി  എ.സിയുടെ എഫെക്റ്റ് എന്ന തണുപ്പ് ഒട്ടും തന്നെയില്ല.പിന്നെ ചൂട് ഇല്ല എന്നു മാത്രം.അങ്ങനെ നമ്മുടെ കരുവന്നൂര്‍ പാലം എത്തിയപ്പോഴാണ് ആ കാഴ്ച ഞാന്‍ കണ്ടത്.നമ്മുടെ ടോള്‍ ചേട്ടന്മാര്‍ ആരുമില്ല.സാധാരണയായി അവരുടെ നില്‍പ്പും ഭാവവും കണ്ടാല്‍ തോന്നും നമ്മളെല്ലാവരും അവരെ പറ്റിച്ചു കടക്കാന്‍ നോക്കുകയാണ്.ഇപ്പൊ പിടിച്ചില്ലേല്‍ ആരും ടോള്‍ തരത്തില്ലയെന്നു.അങ്ങനെയുള്ള ടോളിലാണ് ആരുമില്ലാത്തത്.ആദ്യം വിചാരിച്ചു ഇവന്മാര്‍ക്ക് പാലം പണിത പൈസ കിട്ടിക്കാണുമോ?അതുകൊണ്ടായിരിക്കുമോ ടോള്‍ നിറുത്തിയത്? ച്ചെ..അതായിരിക്കില്ല.കോട്ടപ്പുറം പാലത്തിന്റെ ചരിത്രം വച്ചു നോക്കിയാല്‍,ഒരു അഞ്ചാറ് തലമുറവരെയെങ്കിലും ഇവരും പിരിക്കും.അകത്ത് ആളുണ്ട്.പത്രം വായിച്ചിട്ട് കുറച്ചായെങ്കിലും അടുത്ത കാലത്തൊന്നും ടോള്‍ നിറുത്തിയതായി ഒരു വാര്‍ത്തയും വന്നിട്ടില്ല. അപ്പോള്‍ പിന്നെ ആകെയുള്ള ഒരു കാരണം ചൂട് തന്നെ.എന്തായാലും കൊള്ളാം.മുന്‍പില്‍ പോയ എസ്റ്റീം പോയ പോലെ ഞാനും ടോള്‍ കൊടുക്കാതെ കരുവന്നൂര്‍ പാലത്തിലേക്ക്.

ഒന്ന് ഇറങ്ങി ചോദിക്കാന്‍ തോന്നിയതാ "എന്താ ചേട്ടാ പാലം പണിത പൈസ കിട്ടിയോ എന്ന്?" പിന്നെ വെറുതെ ശരീരം കേടാക്കണ്ട എന്ന് കരുതി അതായതു ചൂടുകൊണ്ട് പോള്ളണ്ട എന്ന് കരുതി ചോദിച്ചില്ല.

 ഇതുകൊണ്ട് ലാഭം പൊതുജനത്തിനാണ്.ചൂട് കൊണ്ട് ലാഭം ഉണ്ടാക്കാന്‍ പോകുന്ന അടുത്ത കൂട്ടരാണ് ഇന്‍ഫോ പാര്‍ക്കിലെ കാന്‍റീന്‍.ഇന്പുട്ടിനെക്കാള്‍ ഔട്പുട്ട് തരുന്ന ഫുഡ്‌ മടുത്ത് പുറത്തെ ഹോട്ടലില്‍ പോയികൊണ്ടിരിക്കുന്നവരൊക്കെ അത് നിറുത്തും.നല്ല ചൂടല്ലേ ചുറ്റും കെട്ടിടങ്ങള്‍ ആയതുകൊണ്ട്.


അങ്ങനെ റിയല്‍ എസ്റ്റേറ്റ്‌ എന്നും വികസനം എന്നും പറഞ്ഞു മരങ്ങള്‍ മുറിച്ചു  കെട്ടിടങ്ങള്‍ പണിതു ചൂടുകൂട്ടിയപ്പോള്‍ മലയാളികള്‍ക്കൊരു സമാധാനമായി.ഇനിയെങ്കിലും പത്തു മരങ്ങള്‍ വച്ചുപിടിപ്പിച്ചാല്‍ മതിയായിരുന്നു.സമയം അതിക്രമിച്ചിട്ടില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.

2010, മാർച്ച് 4, വ്യാഴാഴ്‌ച

ഒരു നാട്ടറിവ് : വായ്‌ പുണ്ണ് വരാതിരിക്കാന്‍

വായ്‌ പുണ്ണ് വരാത്തവരായി ആരും തന്നെ കാണില്ല.ഭക്ഷണക്രമം മാറുമ്പോഴും വയറ്റില്‍ നിന്നും ശരിക്ക് പോയില്ലെങ്കിലും ഇത് വരാം.സാധാരണയായി എല്ലാവരും കഴിക്കുന്നത്‌ വിറ്റാമിന്‍ ഗുളികകളാണ്.പക്ഷെ അതിന്‍റെയൊന്നും ഒരു ആവശ്യവുമില്ല നമ്മുടെ തുളസിയുണ്ടെങ്കില്‍.അങ്ങേവീട്ടിലെയൊ  ,കോളെജിലെയോ തുളസിയല്ല .തുളസിച്ചെടി.

തുളസിചെടിയുടെ ഇല ചുമ്മാ ഇടയ്ക്കു ചവച്ചു തിന്നാല്‍ വായ്‌ പുണ്ണ് വരികയേയില്ല...

പിന്നെ ഒരു കാര്യം.എനിക്ക് ഇത് ഫലിക്കുന്നുണ്ട്.ആര്‍ക്കെങ്കിലും ഇത് ഫലിച്ചില്ലെങ്കില്‍ എന്‍റെ മേക്കിട്ടു കയറാന്‍ വരരുത്