2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

അച്ചുവേട്ടന്‍ ആന്‍ഡ്‌ ദി മലയാളം ഡേ

കീലേലി അച്ചു!!!!!!!!!!!!!!ആ പേര് കേട്ടാല്‍ തന്നെ ഞങ്ങളുടെ സോഫ്റ്റ്‌വെയറില്‍ ഉള്ള ബഗ്ഗുകളെല്ലാം കിടുകിട വിറക്കും. കാരണമെന്താ ആരെഴുതിയ കോഡ് ആണെങ്കിലും അച്ചു അത് നിഷ്പ്രയാസം ഉഴുതു മറിച്ചു ഫിക്സ് ചെയ്യും.പത്തു ബഗ്ഗുകളെ ഒറ്റ ദിവസം കൊണ്ട് ഫിക്സ് ചെയ്ത് വീട്ടില്‍ പോയവനാ കീലേലി അച്ചു.അതുകൊണ്ട് അച്ചുവിനോട് കളിക്കാന്‍ബഗ്ഗുകള്‍ ആരും നില്‍ക്കാറില്ല.ഇനിയിപ്പോള്‍ ഒറ്റയ്ക്ക് പറ്റിയില്ലെങ്കില്‍ അപ്പുറത്തിരിക്കുന്ന പിള്ളേച്ചനെയും കൂട്ടി അച്ചു ചോദിക്കും .ഞങ്ങള്‍ രണ്ടു പേരോട് കളിക്കാന്‍ ആരുണ്ടെടാ എന്ന്.

അങ്ങനെയിരിക്കുമ്പോള്‍ ഒരു എച് .ആര്‍ മീറ്റിംഗ് .ധാരാളം ബഗ്ഗുകള്‍ സ്വന്തം പേരില്‍ ഉണ്ടായിട്ടും അച്ചു അതില്‍ പങ്കെടുത്തു.നമ്മുടെ കമ്പനി പോളിസികള്‍ എല്ലാം ഒന്ന് ഉറപ്പു വരുത്തണം പോലും.ആദ്യത്തെ പോളിസി ഡ്രസ്സ്‌ കോഡ്.നിലവിലുള്ള പോളിസി തന്നെ .പക്ഷെ എല്ലാവരും അത് പാലിക്കുന്നുണ്ടോ എന്ന് ഒരു വര്‍ണ്യത്തിലാശങ്ക .പോളിസി ഒന്ന് കൂടി വിശദികരിച്ചു.ഫോര്‍മല്‍ ഡ്രസ്സ്‌ മാതമേ ധരിക്കാവു.ഷൂ വേണം.അങ്ങനെ പലതും...പിന്നെ വെള്ളിയാഴ്ച നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഇടാം.പക്ഷെ കറുത്ത ജീന്‍സ് പാടില്ല.കോളര്‍ ഇല്ലാത്ത ടി ഷര്‍ട്ട്‌ പാടില്ല...ചുരുക്കി പറഞ്ഞാല്‍ കറുത്ത ജീന്‍സ് ,കോളര്‍ ഇല്ലാത്ത ടി ഷര്‍ട്ട്‌ തുടങ്ങിയവയെ നിങ്ങള്‍ ഇഷ്ടപ്പെടാന്‍ പാടില്ല...

നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടോ? കാര്യങ്ങള്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞിട്ട് ചോദിക്കുന്ന സ്ഥിരം ചോദ്യം...ചൂട് വെള്ളത്തില്‍ കുളിക്കാന്‍ പ്രശ്നം ഇല്ലാത്തതുകൊണ്ട് കീലേലി അച്ചു ഒരക്ഷരം പോലും മിണ്ടിയില്ല.ഓക്കേ ഇനി അടുത്തത്.ഓഫീസിനകത്ത് ഇംഗ്ലീഷ് മാത്രം...അന്യ സംസ്ഥാനത്ത് നിന്ന് ഉള്ളവര്‍ക്കും ,വിസിറ്റ് ചെയ്യുന്ന ക്ലയന്റ്സിനും മലയാളം ഒരു ബുദ്ധിമുട്ടാണ്.ആര്‍ക്കെങ്കിലും എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടോ? വീണ്ടും അതെ ചോദ്യം.
 വളരെ നല്ലൊരു കാര്യം.എല്ലാവരും അത് അംഗീകരിച്ചു. പക്ഷെ കീലേലി അച്ചുവിന്റെ മനസ്സില്‍ അത് ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തി.ആരും ഒന്നും പറയാതായപ്പോള്‍ അച്ചു തന്നെ ആ ചോദ്യം അങ്ങ് ചോദിച്ചു.

വെള്ളിയാഴ്ച ഡ്രസ്സ്‌ കോഡ് ഇല്ലാത്തതുപോലെ എന്നാണ് മലയാളം പറയാന്‍ പറ്റുന്ന ദിവസം????? ഒരു ദിവസം തരോ മലയാളം പറയാന്‍?
===================
മേല്‍പ്പറഞ്ഞ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരുന്നവരുമായോ മരിച്ചവരുമായോ യാതൊരു അവിഹിത ബന്ധവുമില്ല.അങ്ങനെ വായിക്കുന്നവര്‍ക്ക് തോന്നിയാല്‍ എനിക്കൊന്നു ചെയ്യാന്‍ പറ്റില്ല. ഐ അം വെരി സോറി.