2011, ഡിസംബർ 9, വെള്ളിയാഴ്‌ച

മുല്ലപ്പെരിയാര്‍ ഒരു (ദു)സ്വപ്നം

ടിക്ക് ട്ടിക്ക് ടിക്ക്...

ഏതവനാട പാതിരാത്രിക്ക് കതകില്‍ മുട്ടുന്നത്?ഇവനൊന്നും വേറെ ഒരു പണിയും ഇല്ലേ? നൈറ്റ് ഷിഫ്റ്റിന് വല്ലതും പോകുകയാണെങ്കില്‍ ഒച്ചയുണ്ടാക്കാതെ പൊക്കൂടേ?

ഇനി ഇപ്പോള്‍ ഒന്നു മൂത്രം ഒഴിച്ച് കിടന്നേക്കാം...അല്ലാതെ ഉറക്കം വരില്ല.

മണി 3 ..ആകെ ഒച്ചപ്പാടും ബഹളവും ആണല്ലോ.ഇതെന്താ എല്ലാവര്‍ക്കും നൈറ്റ് ഷിഫ്ട് ആണോ ?എല്ലാവരും പുറത്തോട്ട് പോകുന്നു. അല്ല ഏതോ ഒരുത്തന്‍ ഈ ലോഡ്ജില്‍ നിന്നും മാറിപ്പോവുകാണെന്ന് തോന്നുന്നു.അവന്‍റെ പെട്ടിയുരുട്ടുന്ന ശബ്ദം... കാലന്‍.. യൂണിയന്‍കാരെ പേടിച്ച് നോക്കൂ കൂലി കൊടുക്കാതിരിക്കാന്‍ രാത്രിയില്‍ ഷിഫ്ട് ചെയ്യുന്നതാകും. ഇവനെയൊക്കെയുണ്ടല്ലോ...

"എടാ ആലുവ ഭാഗത്തേക്ക് പോകാം..കാറില്‍ പോകേണ്ട." ഒരുത്തന്റെ കമെന്‍റ് .എന്താ ആലുവയ്ക്ക് കാറ് പോകില്ലേ? അപ്പോഴേക്കും ദാണ്ടെ അടുത്ത പെട്ടിയുരുളുന്ന ശബ്ദം.എന്തായാലും തുറന്നു നോക്കിയേക്കാം..അല്ല എന്താ എല്ലാവരും ഓടി പോണേ? മുല്ലപ്പെരിയാര്‍ എങ്ങാനും പൊട്ടിയോ? ഏയ്..ഇതെന്താ ഡാം99 സിനിമ വല്ലതുമാണോ ഡാം പൊട്ടാന്‍?

"എനിക്കു മെസ്സേജ് വന്നല്ലോ".."എനിക്കു മെസ്സേജ് വന്നല്ലോ".. ഓ കോപ്പിലെ ഐഡിയക്കാര്‍ ഇവന്‍മാര്‍ക്ക് രാത്രിയിലും ആഡ് അയക്കലാണോ പണി?ദേ ഒരുത്തന്‍ വരുന്നുണ്ട്? ഇവന്‍ CTSഇല്‍ ആണല്ലോ അവിടെ നൈറ്റ് ഷിഫ്ട് ഇല്ലല്ലോ..

"എന്താണ് ചേട്ടാ എല്ലാവരും ഓടുന്നെ? മുല്ലപ്പെരിയാര്‍ പൊട്ടിയാ?"

"എടോ അപ്പോള്‍ താനൊന്നും അറിഞ്ഞില്ലേ? രണ്ടേകാലോട് കൂടി അത് പൊട്ടി.അവിടെ എന്തോ ഭൂകമ്പം ഉണ്ടായെന്നോ ആരോ അത് തോട്ട വെച്ചു പൊട്ടിച്ചു എന്നോ ഒക്കെയാണ് കേള്‍ക്കുന്നത്...അവിടെ ഭയങ്കര പ്രശ്നമായത്രേ..എടുക്കാനുണ്ടെങ്കില്‍ എടുത്തിട്ട് വേഗം ആലുവ ഭാഗത്തേക്ക് വിട്ടോ.ഇപ്പോള്‍ പറയുന്നതു വെള്ളം കോട്ടയം ആലപ്പുഴ ഭാഗത്തേക്ക് ഒഴുകും എന്നാണ്."

ദൈവമേ പണിപ്പാളി...മഴ മാറി ഇപ്പോള്‍ ബൈക്കില്‍ ഓഫീസില്‍ പോകുന്നതുകൊണ്ട് ,കാര്‍ കഴിഞ്ഞആഴ്ച വീട്ടില്‍ കൊണ്ടുചെന്നിടണം എന്നു വിചാരിച്ചതാ.പണ്ടാറടങ്ങീട്ട് തിങ്കളാഴ്ച ലേറ്റ് ആയതുകൊണ്ട് കാറില്‍ തന്നെ ഓഫീസിലേക്ക് പോന്നു.ചേട്ടാ നിങ്ങള്‍ എങ്ങിനാ പോകുന്നേ? കാറിലാണോ? അറിയില്ല ആരുടെയെങ്കിലും ബൈക്ക് കിട്ടുമായിരിക്കും.

അതും പറഞ്ഞു പുള്ളിയങ് ഇറങ്ങി.കോപ്പ് ...എന്തായാലും പഴയതുപോലെ വലിച്ചുവാരി ഇടാതെ എല്ലാം പാക്ക് ചെയ്തു വച്ചതുകൊണ്ടു നന്നായി .ദേ വീണ്ടും എസ്‌എം‌എസ്.തുറന്നപ്പോള്‍ ഇതും കൂടെ ചേര്‍ത്ത് 10 അണ്‍റീഡ് sms.2:40 മുതല്‍ smsകള്‍ വന്നു തുടങ്ങിയിട്ടുണ്ടായിരുന്നു.3 എസ്‌എം‌എസില്‍ പറഞ്ഞിരിക്കുന്നത് ആലപ്പുഴ ഭാഗത്തേക്ക് പോകാന്‍..പക്ഷേ ഞാനെന്തായാലും അങ്ങോട്ട് ഇല്ല.വീട്ടിലേക്ക് തന്നെ പോയേക്കാം..ആലുവാ പാലം കഴിഞ്ഞാല്‍ രക്ഷപ്പെട്ടു.

ഒരു ലാപ്ടോപ്പ് ബാഗ്,ഡ്രസ് വച്ച വലിയ പെട്ടി.മുഷിഞ്ഞ ഡ്രസ്സ് വക്കാന്‍ വേറെ ബാഗ്..ഓ കറെക്റ്റ്....മതി പോയേക്കാം ..ഛേ...ഈ ബുക്കുകള്‍...
വായിച്ചുതീര്‍ന്നത് വേണ്ട..അല്ലാത്തത് എടുത്തേക്കാം..വലിയ പെട്ടിയില്‍ ബുക്കുകള്‍ വയ്ക്കാനുള്ള സ്ഥലം കഷ്ടിച്ച് ഉണ്ടാക്കി..പെട്ടെന്നു തന്നെ ബാഗുകളും പെട്ടിയുമെടുത്ത് പുറത്തിറങ്ങി മുറി പൂട്ടി.ഈ കോപ്പിന്‍റെ ചക്രങ്ങള്‍ കറങ്ങുന്നുമില്ലല്ലോ..പെട്ടിയാണത്രേ പെട്ടി..ചക്രങ്ങളുള്ള പെട്ടി.

"ചേട്ടാ ബൈക്കുണ്ടോ ചേട്ടാ...രണ്ടു ദിവസം കഴിഞ്ഞിട്ട് കൊണ്ട് വന്നു തരാം..സ്ഥലം പറഞ്ഞാല്‍ മതി.ഞങ്ങള്‍ ഇവിടെ സതര്‍ലാന്‍ഡില്‍ വര്‍ക്ക് ചെയ്യുന്നവരാ..."

"ഏയ് ബൈക്കൊന്നുമില്ല...വെള്ളം എവിടെ വരെ എത്തി എന്നറിയാമോ?"

"ഇല്ല ചേട്ടാ...ഇടുക്കി പൊട്ടിയിട്ടില്ല എന്നാ കേട്ടത്...ചേട്ടാ ദേ മുണ്ടഴിഞ്ഞു പോകുന്നു..ബാഗ് ഞാന്‍ പിടിക്കണോ?"

കോപ്പിലെ പരിപാടിയായിപ്പോയി.കൈലി മാറിയില്ലേ? ഓ ഷൂസും എടുത്തില്ല...പെട്ടിയും കൊണ്ട് തിരിച്ചു പോയേക്കാം.ഇവന്മാര്‍ എങ്ങിനെയുള്ളവരാണ് എന്നറിയില്ലല്ലോ...അങ്ങനെ പെട്ടിയും കൊണ്ട് വീണ്ടും കോണി കയറി.റൂമില്‍ ചെന്നു പാന്‍റ്സ് ഇട്ടു.ഷൂ ഇടാന്‍ സോക്സ് നോക്കിയപ്പോള്‍ ദേ ഒരാളിരുന്നു ചിരിക്കുന്നു. അഞ്ചു തിരുമുറിവുകളുമായി ചുമരിലിരിക്കുന്ന ഇങ്ങേരെ ഞാന്‍ എടുത്തില്ലല്ലേ.. വേണ്ടായിരുന്നു.. ബൈക്കിന്‍റെ ചാവി അവന്‍മാര്‍ക്ക് കൊടുക്കാമായിരുന്നു.രണ്ടു പേരുടെ ജീവന്‍ രക്ഷപ്പെടണമെങ്കില്‍ എന്‍റെ ബൈക്ക് കൊണ്ട് രക്ഷപ്പെടട്ടെ. ബൈക്ക് ഇനി അവന്മാര്‍ തന്നില്ലെങ്കിലും വേറെ ഒന്നു വാങ്ങിക്കാം.പക്ഷേ അവര്‍ രണ്ടു പേരുടെ ജീവന്‍ അതെനിക്ക് വീണ്ടും ഉണ്ടാക്കാന്‍ പറ്റില്ല.

"ചേട്ടാ...ഒരു ബൈക്കുണ്ട്...ദേ ചാവി..."

കാര്‍ പാര്‍ക്കിങ് വരെ ഓടിയിറങ്ങിയെങ്കിലും അവിടെയെങ്ങും ആരുമില്ല..അവന്മാര്‍ ഇറങ്ങി ഓടിക്കാണും.അല്ലെങ്കില്‍ വേറെ ആരെങ്കിലും ലിഫ്റ്റ് കൊടുത്തു കാണും.എന്തായാലും ചാവി പോക്കറ്റില്‍ കിടക്കട്ടെ.ആര്‍ക്കെങ്കിലും കൊടുക്കാം..ഇനി എന്തായാലും ബാഗേടുത്ത് ഇറങ്ങാം.ആരെങ്കിലും ലോഡ്ജില്‍ ബാക്കിയുണ്ടാകുമോ? എന്തായാലും എല്ലാ മുറികളിലും തട്ടിയിട്ട് ഇറങ്ങിയാല്‍ മതി.

വീട്ടിലേക്ക് വിളിക്കണോ?വേണ്ട ആലുവാ കടന്നിട്ട് വിളിച്ചാല്‍ മതി.വെറുതെ അവരെ പേടിപ്പിക്കണത് എന്തിനാ...അപ്പന്‍ ഇത് കേട്ടാല്‍ അപ്പോള്‍ തന്നെ ഇങ്ങ് പോരും..വേണ്ടാ...

ലോഡ്ജിലെങ്ങും ആരുമില്ല.മുറികള്‍ എല്ലാം  ഒന്നുകില്‍ പുറത്തുനിന്നും പൂട്ടിയിരിക്കുന്നു അല്ലെങ്കില്‍ തുറന്നിട്ടിരിക്കുന്നു..എന്തായാലും ഇനി ഇവിടെ നില്‍ക്കേണ്ട...അങ്ങനെ വീണ്ടും മുറി പൂട്ടി ഇറങ്ങി.താഴെ എത്തിയപ്പോള്‍ രണ്ടുപേര്‍ കയറിവരുന്നു..

"ചേട്ടാ ഇനി ഇവിടെ ആരെങ്കിലും ഉണ്ടോ? ഞങ്ങളുടെ റൂം മേറ്റ് പോയോ എന്നറിയാന്നാ..

"ഇല്ലെടെ ആരുമില്ല ഞാന്‍ എല്ലാ റൂമിലും നോക്കിയിട്ടാ വരുന്നത്."

"അല്ല നിങ്ങള്‍ എങ്ങിനാ വന്നത്? ബൈക്ക് ഉണ്ടോ?"

" ഇല്ല ഞങ്ങള്‍ക്കു രാത്രി കുറച്ചധികം പണിയുണ്ടായിരുന്നു.ആപ്ലികേഷന്‍ പ്രൊഡക്ഷന്‍ ചെന്നപ്പോ പൊട്ടി.അതിന്‍റെ തെറിവിളി കേള്‍ക്കുവായിരുന്നു..അങ്ങനെ മീറ്റിങ് കഴിഞ്ഞപ്പോഴാ വിവരമറിയുന്നത്.ഞങ്ങള്‍ ഭാരത്മാത കോളേജ് വരെ ഒരു ലോറിയില്‍ എത്തിയതാ.പിന്നെയാ അവന്‍റെ കാര്യമോര്‍ത്തത്.. വിളിച്ചിട്ടാണെങ്കില്‍ എടുക്കുന്നുമില്ല. അവന്‍ ഭയങ്കര ഉറക്കമാണെ..കോളേജില്‍ പഠിക്കുമ്പോഴേ അങ്ങനാ.."

"കാറൊക്കെ സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡില്‍ ഓടുന്നുണ്ടോ? എന്ന നമുക്ക് എന്‍റെ കാറില്‍ പോകാം..ആലുവക്കാ ഞാന്‍.."

"വണ്ടിയൊക്കെ പോകുന്നുണ്ട്."

"എന്നാല്‍ വാ.."

"ചേ ഈ കോപ്പിലെ i10 ആരാ ഇവിടെ കൊണ്ടിട്ടത്..എന്‍റെ കാര്‍ ഇറക്കാന്‍ പറ്റില്ലല്ലോ...എടെ ഒന്നു തള്ളി നോക്കിക്കേ..ഞാനും കൂടെ പിടിക്കാം.."

ക്‍ലും..ക്‍ലും...ഒരുത്തന്‍ കാറിന്റെ ചില്ല് പൊട്ടിച്ചു.

"വേറെ പണിയൊന്നും ഇല്ലേ...ഇത് ഗിയറില്‍ ആയിരിക്കും.അല്ലെങ്കില്‍ ഹാന്‍ഡ് ബ്രേക് ഉണ്ടാകും.അത് ആദ്യം മാറ്റ്.എന്നിട്ട് നോക്കാം ."

ആകെ കാറിന്റെ അലാരം അടിക്കുന്ന ശബ്ദം.ഈ കാലന്‍ ചില്ല് പൊട്ടിക്കാന്‍ കണ്ട സമയം..ഏതായലും ഹാന്‍ഡ് ബ്രേക്ക് മാറ്റാന്‍ പറ്റി.

"എടാ നീ കയറിയിരിക്ക് എന്നിട്ട് ഞങ്ങള്‍ തള്ളാം.. തള്ളി പുറത്തോട്ടു ചേര്‍ത്തിടാം."

"നിങ്ങള്‍ക്ക് വേറെ പണിയൊന്നും ഇല്ലേ? അങ്ങ് ചുമ്മാ തള്ളിയാല്‍ മതി .അത് എവിടെയെങ്കിലും പോയി കിടക്കട്ടെ. നമുക്ക് പോകാം."

ദൈവമേ ഇവന്‍ പണിയാകും എന്നു തോന്നുന്നു.

"എന്നാ എന്തെങ്കിലും കാണിക്ക്.ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യട്ടെ..."

അങ്ങനെ അവന്‍മാര്‍ അത് തള്ളി ലോഡ്ജില്‍ നിന്നും വെളിയിലേക്ക് ഇട്ടു.ആള്‍ട്ടോക്കു പോകാനുള്ള സ്ഥലം ഉണ്ട്..പെട്ടികള്‍ എല്ലാം ഡിക്കിയില്‍ തള്ളിക്കയറ്റി. ബൈക്ക് എന്തായാലും ഇവിടെ ഇരിക്കട്ടെ.ഇവന്മാരെ എങ്കില്‍ ഇവന്മാരെ കൊണ്ട് പോകാം.

"ചേട്ടാ ഇതൊന്നു തുറന്നെ.. "

ഓ ഈ ഡോറിന്‍റെ ഒരു കാര്യം..കുറ്റി ഒടിഞ്ഞതുകൊണ്ടു കോപ്പ് ഇനി ഓഫ് ചെയ്യണം.എന്നാലേ തുറക്കാന്‍ പറ്റൂ..

"അതേയ് ഒരു മിനിറ്റ്.ഒരു സാധനം കൂടി എടുക്കാന്‍ ഉണ്ട്..."

ഞാന്‍ ഒരുവിധം പറഞ്ഞോപ്പിച്ചു..കാലന്‍മാര്‍ പണിതരുമോ? എന്ന പെട്ടെന്നു എടുക്ക്..ഇനി എന്തായാലും അതും കൂടി എടുത്തേക്കാം.വേറെ ഒന്നുമല്ല റൂമില്‍ ഇരിക്കുന്ന വളരെയധികം കഥകള്‍ പറയാനുള്ള 5.1 സ്പീകര്‍ സിസ്റ്റം.കോപ്പിനാണെങ്കില്‍ മുടിഞ്ഞ കനം.എന്തായാലും എടുത്തിട്ടു വരുമ്പോഴും അവന്മാര്‍ കാറില്‍ത്തന്നെ ഇരിപ്പുണ്ട്.

അങ്ങനെ ഇറങ്ങി.വാച്ചില്‍ നോക്കിയപ്പോള്‍ മണി 3:20 AM .പത്രത്തില്‍ വായിച്ചത് വച്ചാണെങ്കില്‍ 4 മണിക്കൂറെടുക്കും എറണാകുളത്ത് വെള്ളമെത്താന്‍..എന്തായാലും വരുന്നിടത്ത് വച്ച് കാണാം.

കാക്കനാട് കളക്ട്റേറ്റിന് പിന്നിലുള്ള സിഗ്നലിന്റെ അടുത്തുള്ള മോര്‍ സൂപ്പര്‍ മാര്‍ക്കറ്റിനടുത്തുക്കൂടെയുള്ള വഴിയില്‍ നിന്നും ആള്‍ട്ടോ കയറി വന്നപ്പോള്‍ കളമശ്ശേരി സൈഡിലേക്ക് പോകുന്ന വഴി നിറച്ചും വണ്ടികള്‍. എന്താണെന്നറിയില്ല എല്ലാം ഇടത്തു വശം ചേര്‍ന്ന് തന്നെയാണ് പോകുന്നത് എന്തുപറ്റിയോ എന്തോ?അവിടെ സൈഡില്‍ പോലീസുകാരുടെ ഒരു ഹൈവേ പട്രോള്‍ വണ്ടിയുള്ളതുകൊണ്ടാണെന്നൂ തോന്നുന്നു.

"ചേട്ടാ റൈറ്റ് ചേര്‍ത്ത് വിട്.അതില്‍ പൊലീസുകാരോന്നുമില്ല.അവന്മാര്‍ വണ്ടിയിട്ട് ഓടിപ്പോയി."

"എടാ എല്ലാവരും മനുഷ്യരല്ലേ? അപ്പോള്‍ നമ്മള്‍ മാത്രം പോണോ"...

"എന്‍റെ ചേട്ടാ ഇത് വരുത്തി വച്ചവരും മനുഷ്യരല്ലേ? അവന്‍മാര്‍ക്ക് വെള്ളം എന്നു പറഞ്ഞട്ടല്ലേ എല്ലാം ഉണ്ടാക്കിയത്"...

അവന്‍ നിന്നു വിറച്ച് തുടങ്ങി.എന്തായാലും റൈറ്റ് എങ്കില്‍ റൈറ്റ് പോയേക്കാം.

"ദേ പിന്നില്‍ നോക്കിക്കേ ഓരോരുത്തന്‍മാര്‍ റൈറ്റ് എടുത്തു തുടങ്ങി.ഇല്ല കുഴപ്പമില്ല.കത്തിച്ച് വിട്ടോ.."

"ദേ നോക്കിക്കേ ഇതാ പ്രശ്നം.ഇരുമ്പനം റിഫൈനറിയില്‍ നിന്നും വന്ന ഒരു ടാങ്കര്‍ കിടക്കുന്നു".

അതും മുടിഞ്ഞ നീളം ഉള്ളത്. പഴുതാരയുടെ തല പോലെ ടാങ്ക് ഒരു വശത്തേക്കും ഡ്രൈവര്‍ കാബിന്‍ വേറെ വശത്തേക്കും.

"ഒരു കാര്യം ചെയ്യാം ഇതങ്ങു ഇടത്തോട്ടു മറിച്ചിടാം".

"നീ എന്താടാ പറയുന്നെ.നമ്മള്‍ മൂന്നു പേര് നോക്കിയാല്‍ ഇതെങ്ങിനെ മറിച്ചിടാനാ.. "

"എന്‍റെ ചേട്ടാ ഈ വണ്ടികളില്‍ ഇരിക്കുന്ന കാലന്മാരെ തെറിവിളിച്ചു പുറത്തിറക്കാം. വാടാ മനോജെ.."

ഓഹോ മനോജ് എന്നാണല്ലേ ഒരുത്തന്റെ പേര്.എന്നാ വാ ഇറങ്ങ് മനോജെ..

ഞങ്ങള്‍ കാറില്‍ നിന്നും ഇറങ്ങിയതും അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ ആളുകള്‍ ഇറങ്ങിത്തുടങ്ങി.ചേട്ടാ ഇതങ്ങു ഈ സൈഡില്‍ നിന്നും തള്ള് .ഞാന്‍ പറഞ്ഞതേ ആളുകള്‍ കൈവച്ച് തുടങ്ങി.പക്ഷേ എത്ര നോക്കിയിട്ടും കോപ്പ് പൊന്തുന്നതല്ലാതെ മറിയുന്നില്ല. ക്ഷോഭിക്കുന്ന യുവത്വം വീണ്ടും തെറി വിളി തുടങ്ങി.

"ഇപ്പറെ മരമുണ്ട് അതുകൊണ്ടാ."

ഓ എന്നാല്‍ കുറച്ചു മുന്നോട്ട് തള്ളിയിട്ട് മറിച്ചിടാം.

"ഏയ് അതൊന്നും വേണ്ടെടാ മറിച്ചിട്ടാല്‍ വല്ല പെട്രോളോ ഡീസലോ തീ പിടിച്ചാലോ.നീ അങ്ങ് കയറിയിരുന്നേ എന്നിട്ട് ആ സൈഡ് റോഡിലേക്ക് വളയ്ക്ക്".

ഒരു അപ്പാപ്പന്‍ പറഞ്ഞത് എല്ലാവര്‍ക്കും പിടിച്ചു.

അങ്ങനെ ആദ്യമായി ഒരു ഹെവി വണ്ടി ഞാന്‍ ഓടിച്ചു എഞ്ചിന്‍ ഓഫ് ആയിരുന്നെങ്കിലും.ഇനി ഇപ്പോള്‍ പോകാം..കുഴപ്പമില്ല എന്നു തോന്നുന്നു..ആളുകള്‍ എന്തൊക്കെയാണ് പറഞ്ഞിരുന്നെ ,മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ അപ്പോഴേ റോഡുകള്‍ എല്ലാം ബ്ളോക്ക് ആകും.കോപ്പാകും..ഈ പണ്ടാരടങ്ങിയ ലോറി ഇല്ലായിരുന്നെങ്കില്‍ ഒരു ബ്ലോക്കും ഉണ്ടാകില്ലായിരുന്നു. അങ്ങനെ വീണ്ടും ആള്‍ട്ടോ പാഞ്ഞു.

പക്ഷേ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് എച്ച്‌എം‌ടി റോഡില്‍ മുട്ടുന്ന സിഗ്നല്‍ എത്താറായപ്പോള്‍ മനസിലായി ബ്ലോക്കുണ്ട്..നല്ല കട്ടക്ക് ബ്ലോക്കുണ്ട്.ഒരു ബൈക്കുകാരന്‍ ദേ തിരിച്ചു വരുന്നു..

"ചേട്ടാ ഇങ്ങോട് തിരിച്ചു വരുന്നതെന്തിനാ ? "

"അവിടെ ഭയങ്കര ബ്ലോക്കാ  ഇവിടം മുതല്‍ എന്‍‌എച്ച് വരെ അനങ്ങുന്നില്ല.ഒരു ഷോര്‍ട്ട് കട്ട് ഉണ്ട് ഒരിക്കല്‍ പോയിട്ടുണ്ട്.അത് വഴി പോകാനാ".

"കാര്‍ പോകുമോ ?"

"ഏയ് ചാന്‍സില്ല.ഒന്നാമത്തെ ചെറിയ വഴി.പിന്നെ ഏതെങ്കിലും ഒരുത്തന്‍ അവിടെ കാര്‍ കയറ്റി അടച്ചു കാണും."

"നമുക്ക് തിരിച്ചുപോയി ബൈക്ക് എടുത്തു വന്നാലോ.ഇത് ശരിയാകും എന്നു തോന്നുന്നില്ല.."

"ഞാന്‍ പോയി നോക്കട്ടെ..."
യുവത്വം വീണ്ടും ക്ഷോഭിച്ചു.

"എടെ നീ നിക്കേടെ ...നമുക്ക് കുറച്ചു നേരം കൂടി നോക്കാം ഇല്ലെങ്കില്‍ ഷോര്‍ട്ട് കട്ട് വഴി പിടിക്കാം..നീ എങ്ങോട്ടാ പോകുന്നേ?"

" വേണ്ട ചേട്ടാ..നിങ്ങള്‍ പൊയ്ക്കൊ ഞാനീ ബ്ലോക്കൊന്നു ശരിയാക്കട്ടെ.."

"എടാ മനോജെ നീയെങ്കിലും ഒന്നു പറ..."

"അവനോടു പറഞ്ഞിട്ടു കാര്യമില്ല ചേട്ടാ..."

"ഓ എന്നാല്‍ നീ പോ..."

"നിങ്ങള് തിരിച്ചു പോയി ബൈക്ക് എടുത്ത് പൊയ്ക്കൊ"...

"ഓഹോ അപ്പോള്‍ നീ രക്ഷപ്പെടുന്നില്ലേ? എങ്കില്‍ ശരി നമുക്ക് പിരിയാം. ഗുഡ് ബൈ മോനേ."

"അല്ല പേര് പറഞ്ഞില്ല." ഞാന്‍ ചോദിച്ചു.

 "പേരിലെന്തിരിക്കുന്നു ചേട്ടാ? ഇനി ജീവിച്ചാലും നമ്മള്‍ തമ്മില്‍ നേരില്‍ കാണാന്‍ പോകുന്നില്ല.ഇനി എന്നെ കണ്ടാല്‍ തന്നെ ഏതെങ്കിലും തമിഴ് ചാനലില്‍ ആയിരിക്കും.കയ്യില്‍ വിലങ്ങും വച്ച്."

അതും പറഞ്ഞു കാലന്‍ ഓടിക്കളഞ്ഞു.

"മനോജെ നിങ്ങളും എങ്ങിനാ പോവുകാണോ?"

"ചേട്ടാ അവന്‍റെ വീട് വണ്ടിപ്പെരിയാറിനടുത്ത് ചിന്നാര്‍ എന്ന സ്ഥലത്താ..ഡാം പൊട്ടിയയുടനെ അവന്‍റെ വീട്ടില്‍ നിന്നും വിളിച്ചിരുന്നു.അവന്‍ പറഞ്ഞിട്ടും അവരൊന്നും എങ്ങോട്ടും പോയില്ല. വിധി എന്നൊക്കെ പറഞ്ഞു ഫോണിലൂടെ കരഞ്ഞത്രേ.അവനാ ലോറിയില്‍ നിന്നും ആദ്യം ചാടിയിറങ്ങിയത് ലോഡ്ജില്‍ ആരെങ്കിലും ഉണ്ടോ എന്നറിയാന്‍."

ഇനി എന്തായാലും മുന്നോട്ട് തന്നെ.പക്ഷേ ബൈക്ക് വേണം.കാര്‍ യൂ റ്റേണ്‍ എടുത്തു .ലോഡ്ജിലേക്ക്.തിരിച്ച് എന്തായാലും തിരക്കില്ല.എല്ലാ കാറുകളും നിരന്നു കിടക്കുന്നു.ലോഡ്ജില്‍ ചെന്നു ബൈക്ക് എടുത്തു കൂടെ ഇത്തവണ ലാപ്ടോപ്പ് ബാഗ് മാത്രം..കാര്‍ ലോക്ക് പോലും ചെയ്യാതെ അവിടെ ഇട്ടു.

വീണ്ടും അതേ വഴി. പക്ഷേ ഇത്തവണ ഭാരത്മാത കോളേജ് വരെയേ പോകാന്‍ പറ്റിയുള്ളൂ.അവിടം വരെ ബ്ളോക്ക് ആയി.

"ചേട്ടാ ലെഫ്റ്റ് ഓടിക്ക് ഇതിലൂടെ കുസാറ്റ് പോകാം പിന്നെ അവിടെ നിന്നും ഹൈ വെയില്‍ കയറാം."

"ആ ശരിയാ. ഞാനിതിലെ പണ്ട് ബസില്‍ പോയിട്ടുണ്ട്."

അങ്ങനെ കുസാറ്റ് വഴി ഹൈവെയില്‍ എത്താറായപ്പോഴേക്കും കരച്ചിലുകള്‍ കേട്ടു തുടങ്ങി.ഒരു കാറു പോലും അനങ്ങുന്നില്ല.നട്ടപ്പറ ബ്ളോക്ക്. സ്ത്രീകളും കുട്ടികളും ഓടുന്നു.ഇടയിലൂടെ ബൈക്കുകള്‍ പോകുന്നുണ്ട്.ഞങ്ങളും ബൈക്കുകളുടെ പിന്നാലേ പോയി. എങ്ങിനെയോ ആലുവ പാലം വരെയെത്തി.അവിടെയാണെങ്കില്‍ പാലത്തില്‍ മുഴുവന്‍ കാറുകള്‍.ബൈക്കുകാര്‍ എല്ലാവരും ബൈക്ക് അവിടെയിട്ട് ഓടുന്നു.

"എടാ ഇനി എന്തു ചെയ്യും വണ്ടികള്‍ ഒന്നും പോകുന്നില്ല. "

"എന്തു ചെയ്യാനാ ചേട്ടാ ആലപ്പുഴ വഴിക്കു വിട്ടാല്‍ മതിയായിരുന്നു. രക്ഷപ്പെട്ടാല്‍ വീട്ടില്‍ എത്താമായിരുന്നു.ചേച്ചി അങ്ങോട്ടാ പോയത്."

അയ്യോ എന്‍റെ അനിയത്തിയും കൊച്ചിയില്‍ അല്ലേ താമസിക്കുന്നത്? അവളോ? ദൈവമേ ഇനി അപ്പന്‍റെ മുഖത്ത് എങ്ങിനെ നോക്കും ? വിളിച്ചു..അങ്ങേ തലക്കല്‍ റിങ്ങ് ചെയ്യുന്നുണ്ട്.ആദ്യത്തെ തവണ എടുത്തില്ല.വീണ്ടും കുറെ അടിച്ചപ്പോള്‍ എടുത്തു .എന്താ ? ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ പോലെ?

"നീ പോയില്ലേ? എവിഡ്യ?"

" ചേട്ടനെന്താ രാത്രിയില്? ഞാന്‍ രണ്ടു ഡ്യൂട്ടി ഒരുമിച്ച് എടുത്ത് വീട്ടീ വന്നതാ...ഇനി നാളെ നൈറ്റ് ഷിഫ്റ്റിന് കേറിയാ മതി"

"ഓകെ എന്നാ ശരി."

"അല്ലാ എന്താ രാത്രിയില് വിളിച്ച് എവിടെയാണ് ചോദിച്ചേ? മുല്ലപ്പെരിയാര്‍ പൊട്ടിയാ?"

" ഉം...ഞാന്‍ ഇപ്പോള്‍ ആലുവയിലാ ...വന്നോണ്ടിരിക്കാ..നീ അപ്പനോടൊന്നും പറയേണ്ടാ..."

"അയ്യോ ...എങ്ങിനാ വരുന്നേ...അതുപറഞ്ഞാ പറ്റില്ല ഞാന്‍ അപ്പനോടു പറയാന്‍ പുവ്വാ...അപ്പാ..."

"എടി വേണ്ടാഞാന്‍ വന്നോളാം...ഇപ്പോ പറയേണ്ടാ.."

കഴിഞ്ഞു ചാര്‍ജ്...ഇനി ഇതും കല്ലും സമം.പട്ടീനെ എറിയാം.

"ടാ നീ ആ വാതില് കണ്ടോ ...ദേ ആ മാരുതിയുടെ പുറകിലെ ചില്ലും പൊട്ടികിടക്കുന്നു..മതി...നീ ആ വാതില് പിടിച്ചേ...ഒരു വഴിയുണ്ട്..."

"എന്തു വഴി ?"

"ചരിച്ചു വച്ച് അതിലൂടെ ഓടിച്ചു കയറ്റാം.അപ്പുറത്ത് കിടക്കുന്ന കാറുകള്‍ക്കിടയില്‍ ഒരു ബൈക്കിനു പോകാനുള്ള സ്ഥലമുണ്ട്.നീ വന്നേ..."

ആരൊക്കെയോ പോയപ്പോലെ ഞങ്ങളും കാറിന് മുകളിലൂടെ ബൈക്ക് കടത്തി.

"എടെ ഇനിയും ഒരു പാലം കൂടിയുണ്ട്.അത് കടക്കാന്‍ പറ്റോ?"

" എന്‍റെ ചേട്ടാ നമ്മള്‍ ഇവിടം വരെ എത്തിയില്ലെ.ചേട്ടന്‍ എന്തായാലും വീട്ടില്‍ എത്തും."

"എടാ എനിക്കു വീട്ടില്‍ എത്തിയില്ലെങ്കിലും ചാലക്കുടിപ്പുഴ ഒന്നു കടന്നു കിട്ടിയാല്‍ മതിയായിരുന്നു.അത് കടന്നു ഒരു വെള്ളവും വരത്തില്ല.അങ്ങനെ വല്ല വെള്ളവും വന്നാല്‍ ഞങ്ങള്‍ കുടിച്ചു തീര്‍ക്കും."

 മനോജ് ചിരിച്ചോ എന്നൊരു സംശയം...എന്തായാലും അടുത്ത പാലം കുഴപ്പമില്ലാതെ കടന്നു .എന്നുവച്ചാല്‍ ആരൊക്കെയോ പാലത്തില്‍ കടക്കുന്ന ഭാഗത്തുള്ള കാറുകള്‍ക്ക് മുകളില്‍ വാതിലുകളും പലകകഷണങ്ങളും ഇട്ടിരിക്കുന്നു.അതിനുശേഷം കുറച്ചു ഗ്യാപ്പ് ഉള്ളതുകൊണ്ടു കഷ്ടിച്ച് ബൈക്കിനു പോകാം.ഇനി കുറച്ചു അധികം വീതിയുള്ള റോഡാണ്.വണ്ടികള്‍ റോഡില്‍ കിടക്കുന്നുണ്ടെങ്കിലും അത്യാവശ്യം ആളുകളെ തട്ടാതെ പോകാം.

അങ്ങനെ ഏകദേശം എയര്‍പോര്‍ട്ട് റോഡ് എത്താറായപ്പോള്‍ ബ്ളോക്ക് കൂടി കാറുകളുടെ ഇടയില്‍ എല്ലാം ബൈക്കുകള്‍ തിരുകി വച്ചപ്പോലെ. ബ്ളോക്ക് .മിക്കവാറും ബൈക്കുകളില്‍ ആളുകള്‍ ഇല്ല.അവിടെ ഇറങ്ങി.ഒരു രക്ഷയും ഇല്ല.ചേട്ടാ എന്തെങ്കിലും വിവരമുണ്ടോ അടുത്ത് ഇരിക്കുന്ന ഒരു ബൈക്കുകാരനോട് ചോദിച്ചു. അയാളുടെ മറുപടി കേട്ടതോടുകൂടി ഒരു തീരുമാനത്തിലെത്തി.ഇടുക്കിയും പൊട്ടിയത്രേ.പുഴക്ക് മുകളില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ വെള്ളത്തിന്‍റെ ഒഴുക്കും മാറിയത്രേ.അത് ഒരു മണിക്കൂര്‍ മുന്‍പത്രെ വര്‍ത്തയാണ്. വെള്ളം പോകുന്നത് ആലപ്പുഴ ഭാഗത്തേക്ക് ആണത്രെ.

"എടാ ഞാന്‍ പോവുകാ ... ചേച്ചി വീട്ടിലോട്ട് ആലപ്പുഴക്കാ പോയത്.ഞാനും അങ്ങോട് തന്നെ പോവുകാ".

"എടാ മനോജെ നീ മണ്ടത്തരം പറയാതെ...അങ്ങോട്ട് ഇനി എങ്ങിനെ പോകാനാ..'

"അതൊന്നും എനിക്കറിയില്ല .ഞാന്‍ പോകുവാ.."

പിന്നെ ഒരു മറുപടിക്ക് അവന്‍ കാത്തു നിന്നില്ല.

"ചേട്ടാ മൊബൈല്‍ ഉണ്ടോ? എന്‍റെ ചാര്‍ജ് തീര്‍ന്ന് പോയി.ദേനാ വിളിച്ചു നോക്കൂ.കിട്ടിയാല്‍ കിട്ടി"

.ശരി.അപ്പന്‍റെ മൊബൈല്‍ നംബര്‍ വീട്ടിലെ ലാന്‍ഡ് ഫോണ്‍ വഴി കിട്ടിയതു ആയതുകൊണ്ട് നമ്പര്‍ഓര്‍മകിട്ടി. ഇല്ല കോള്‍ പോകുന്നില്ല.ലാന്‍ഡ് ഫോണിലേക്ക് വിളിക്കാം. അത് റിങ്ങ് ചെയ്യുന്നുണ്ട്.എടുത്തത് പെങ്ങളാണ്

"ചേട്ടാ എവിടെയെത്തി?"

"എടി നെടുമ്പാശ്ശേരി..ബ്ളോക്കാ ഇവിടെ ബൈക്ക് പോലും കടക്കുന്നില്ല.."

"ബൈക്ക് വിടുന്നില്ലേ ?അപ്പോ ചേട്ടന്‍ കാറിലല്ലേ വരുന്നത്?"

"എടാ നീ അവിടെനിന്നു ഓട്...ബൈക്ക് പോണെങ്കില്‍ പോട്ടെ."

അമ്മയാണ്...വീണ്ടും ഫോണ്‍ കട്ട്.

ഈ വെള്ളം ഒന്നു കണ്ടിട്ടു ഓടിയാല്‍ മതിയോ? അമ്മ അങ്ങിനെ പലതും പറയും...

"ചേട്ടാ ഇതെങ്ങിനാ നെടുമ്പാശ്ശേരിക്കു പോകുന്നഡയറക്ഷനില്‍ വണ്ടികള്‍ കിടക്കുന്നുണ്ടല്ലോ.പ്ലെയിനില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചതാണോ? "

"അതെയെന്ന് തോന്നുന്നു.പക്ഷേ പ്ലെയിനുകള്‍ ഓടിക്കാന്‍ അവിടെ ആരും ഇല്ല.എല്ലാവരും ഓടി.അങ്ങിന്യ ഇവിടെ ഇത്ര ബ്ളോക്ക് ആയത്."

അയ്യോ എന്തോ മൈക്ക് വച്ച് വിളിച്ചു പറയുന്നുണ്ടല്ലോ ദേ ആളുകള്‍ കാറുകളില്‍ നിന്നും ഇറങ്ങി ഓടിക്കൊണ്ട് വരുന്നു.എന്തോ പെട്ടെന്നു പറ്റിയല്ലോ...

"എന്താ ചേട്ടാ വിളിച്ചു പറയുന്നെ?"

 ഭൂതത്താന്‍ കെട്ടും പൊട്ടിയത്രേ പെട്ടെന്നു തന്നെ വെള്ളം ഇങ്ങ് എത്തും .എയര്‍പോര്‍ട്ടിന്‍റെ അടുത്തുകൂടെയാ പുഴ ഒഴുകുന്നത്.അതുകൊണ്ടു എത്രയും പെട്ടെന്നു അങ്കമാലി ടൌണിലെങ്കിലും എത്തണന്നാ പറേന്നെ..

"അയ്യോ ചേട്ടാ എന്നെ മറച്ചിടല്ലേ? പണ്ടാറകാലന്‍.."

 ഞാന്‍ വീണപ്പോഴേ ചവുട്ടിക്കയറി.ഓഹോ ഇനി നോക്കിയിട്ട് രക്ഷയില്ല.ഓടിയേക്കാം...ഈ ലാപ്ടോപ്പ് ബാഗ് ...ഇനി എന്തിനാ ലാപ്ടോപ്പ് ഇതും കളഞ്ഞേക്കാം...ഇനി ജീവന്‍ മാത്രം മതി.

ടിക്ക് ട്ടിക്ക് ടിക്ക്...

ചേട്ടാ ആ ആള്‍ട്ടോ കാറൊന്ന് മാറ്റിയിട്ടേ...ഓഫീസില്‍ പോകാറായി.

ഓഹോ സ്വപ്നമായിരുന്നോ...മൊബൈലില്‍ നോക്കി. ഇല്ല മൊബൈലില്‍ എസ്‌എം‌എസ് ഒന്നും വന്നിട്ടില്ല.

ഇന്ന് 2011 നവംബര്‍ 26. ഇത് പബ്ലിഷ് ആകുമ്പോഴേക്കും ഒന്നുകില്‍ ഇതില്‍ പറഞ്ഞപോലെ സംഭവിക്കാം അല്ലെങ്കില്‍ ഇതിലും ഭീകരമായ എന്തെങ്കിലും.എന്തായാലും അടുത്ത ആഴ്ചകളില്‍ പ്രതിഷേധം ഫേസ്ബുക്കില്‍ നിന്നും തെരുവുകളിലേക്ക് ഇറങ്ങും എന്നു വിചാരിക്കാം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഒരുനാള്‍ ഡാം പൊട്ടും അതില്‍ എല്ലാത്തിനും ചാകാം. സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കാനറിയാത്ത ഒരു ജനതയായി...

2011, നവംബർ 26, ശനിയാഴ്‌ച

മുല്ലപ്പെരിയാര്‍ - പരിഹാരങ്ങളും, ഉത്തരമില്ലാത്ത ചോദ്യങ്ങളും

മുല്ലപ്പെരിയാര്‍ മലയാളികള്‍ക്ക് കുറഞ്ഞപക്ഷം മദ്ധ്യകേരളത്തിലെ ആളുകള്‍ക്ക് ഒരു ഭീഷണി തന്നെയാണ്.പഴക്കം ചെന്ന ഡാം,ഇടക്കിടെ ഉണ്ടാകുന്ന ഭൂമികുലുക്കങ്ങള്‍, ഡാമിലെ വിള്ളലുകള്‍ എന്നിവ കാണുമ്പോള്‍ ഏതൊരുത്താനും ഫേസ്ബുക്കില്‍ എഴുതിപ്പോകും 'സേവ് മുല്ലപ്പെരിയാര്‍'.അല്ലെങ്കില്‍ 'ഡാം പുതുക്കിപ്പണിയുക' എന്നു.അതൊന്നും പോരാഞ്ഞു ഒരു 3D സിനിമയും വന്നിരിക്കുന്നു ഡാം പൊട്ടുന്നതിന്‍റെ ദൃശ്യങ്ങളുമായി.പോരേ പൂരം.

രണ്ടു ആഴ്ച ഫേസ്ബുക്കിലും മറ്റും നിരങ്ങിയപ്പോള്‍ ഒരു കാര്യം മനസിലായി. എന്താണ് ചെയ്യേണ്ടത് എന്ന്‍ ആര്‍ക്കും വലിയ നിശ്ചയമില്ല.കുറെ പേര്‍ പറയുന്നു. ഗവണ്‍മെന്‍റ് ആണ് എല്ലാം ചെയ്യേണ്ടത് എന്നു, ചിലര്‍ പറയുന്നു സിനിമാക്കാര്‍ ഇറങ്ങാത്തതുകൊണ്ടാണ് ഒന്നു നടക്കാത്തതത്രേ, വേറെ ചിലര്‍ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരെ കുറ്റം പറയുന്നു.

എല്ലാം പോട്ടെ...ഇപ്പോള്‍ ഏകദേശം എല്ലാ ഓണ്‍ലൈന്‍ കൂട്ടായ്മകളും തെരുവില്‍ ഇറങ്ങാന്‍ തീരുമാനിച്ച സ്ഥിതിക്ക് അതുപോലെ ഒരു പ്രതിഷേധപരിപാടി മറൈന്‍ ഡ്രൈവില്‍ നടന്ന സ്ഥിതിക്ക് എങ്ങിനെ ഈ പ്രശ്നത്തില്‍ നിന്നും കരകയറാം എന്നു കൂടെ ചിന്തിക്കണം എന്നു എനിക്കു തോന്നുന്നു.വെറുതെ കിടന്നു സേവ് മുല്ലപ്പെരിയാര്‍ എന്നു പറഞ്ഞതുകൊണ്ടോ,ശാശ്വതമായ പരിഹാരം ഉണ്ടാക്കണം എന്നു പറഞ്ഞത് കൊണ്ടോ മനുഷ്യചങ്ങല തീര്‍ത്തതുകൊണ്ടോ ആയില്ല.നമ്മളെക്കൊണ്ടു ആയ ഒരു പരിഹാരമാര്‍ഗം  നമുക്കും പറയാന്‍ പറ്റണം. ചിലപ്പോള്‍ അധികാരികളും ഇത് എങ്ങിനെ സോള്‍വ് ചെയ്യാം എന്നറിയാതെ ഇരിക്കുകയായിരിക്കും.അവരും മനുഷ്യരല്ലേ?

സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് ഏകദേശം ഇതുപോലെതന്നെയാണ്. പെട്ടെന്നു ചെയ്തു തട്ടിക്കൂട്ടി വിടുന്ന സോഫ്റ്റ്വെയറുകള്‍ പ്രൊഡക്ഷന്‍ എന്ന സ്റ്റേജില്‍ ചെല്ലുമ്പോള്‍ പൊട്ടും.അപ്പോള്‍ പിന്നെ മെയിലുകളുടെയും മീറ്റിങ്ങുകളുടെയും ഒരു ബഹളമാണ് . അങ്ങോട്ടും ഇങ്ങോട്ടും പഴിചാരലുകളായിരിക്കും ആദ്യം നടക്കുക. പക്ഷേ  എല്ലാവര്‍ക്കും കാര്യങ്ങള്‍ ശരിയാകണം എന്നുമുണ്ട്.അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരിയാക്കാനുള്ള വഴിയും അറിയാം.പക്ഷേ ആരും ഇപ്പോള്‍ എങ്ങിനെ ചെയ്യാം എന്നു പറയില്ല.ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ step by step ആയിട്ടുള്ള സൊല്യൂഷന്‍ ആണ് വേണ്ടത്.ആദ്യം ഇപ്പോഴുള്ള ഗുരുതരാവസ്ഥ പരിഹരിക്കുക.പിന്നെ അതിന്‍റെ ശരിയായ പരിഹാരം ഉണ്ടാക്കുക. 'Put the hack first then fix the root cause' .

സാധാരണ നമ്മളെപ്പോലെയുള്ള ടെക്നികല്‍ ആളുകള്‍ ഇങ്ങനത്തെ സന്ദര്‍ഭങ്ങളില്‍ ചെയ്യുന്ന പരിപാടിയാണ് കുറച്ചധികം പോംവഴികള്‍ കണ്ടുപിടിക്കുക.കൂടെ  അതെങ്ങിനെ ചെയ്യാമെന്നും ,അതിന്‍റെ ഏകദേശം എസ്റ്റിമേറ്റും പിന്നെ അതിന്‍റെ നല്ലതും ചീത്തയും ആയ വശങ്ങളും പറഞ്ഞു കൊടുക്കുക.അതിനുശേഷം ബാക്കിയുള്ളവര്‍ക്ക് അതില്‍നിന്നും ഒന്നു തെരെഞ്ഞെടുക്കാന്‍ വലിയ പ്രയാസമുണ്ടാകില്ല.അങ്ങനെ എന്‍റെ ചിന്തയില്‍ വന്ന കുറച്ചു പോം വഴികളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
 1. മുല്ലപ്പെരിയാര്‍ കഴിഞ്ഞു കേരളത്തില്‍ കടന്നു പുതിയ ഒരു ഡാം പണിയുക.
  • മുല്ലപ്പെരിയാറിനും,ഇടുക്കിക്കും ഇടയില്‍ കേരളത്തില്‍ ഡാം പണിയാന്‍ പാകത്തിലുള്ള സ്ഥലം ഉണ്ടോ എന്നെനിക്കറിയില്ല. അങ്ങനെ ഒരു സ്ഥലമുണ്ടെങ്കില്‍ പിന്നെ ഡാം പണിയാനുള്ള കാശിന്‍റെ കാര്യം? ഷെയര്‍ ഇട്ടു ഒരു വിമാനത്താവളം ഉണ്ടാക്കിയ നമുക്ക് ഒരു ഡാം പണിയാന്‍ ആവശ്യമായ പണം ഉണ്ടാക്കാനാണോ പ്രയാസം? എങ്ങാനും മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ പിന്നെ ഈ പുതിയ ഡാമില്‍ നിന്നല്ലേ വെള്ളം കൊടുക്കുന്നതു .അപ്പോ പിന്നേ ഇറക്കിയ കാശും അതിന്‍റെ കൂട്ട് പലിശയും നമുക്ക് വസൂലാക്കിക്കൂടേ? കേരളത്തിന്‍റെ സ്ഥലത്തു ഒരു ഡാം പണിയാന്‍ തമിഴ് നാടിന്റെ അനുമതി ആവശ്യമാണോ എന്നറിയില്ല. അറിയാവുന്ന ആരെങ്കിലും ഇത് വായിച്ചാല്‍ ഇതിന്‍റെ നിയമവശങ്ങള്‍ കമന്‍റുക.
  • മുല്ലപ്പെരിയാറിനും ,ഇടുക്കിക്കും ഇടയിലുള്ള ആള്‍ക്കാര്‍ക്ക് യാതൊരു കുഴപ്പവും സംഭവിക്കില്ല. കാര്യങ്ങള്‍ രണ്ടു കൂട്ടര്‍ക്കും കുഴപ്പമില്ലാതെ പരിഹരിക്കാം.ഡാം കെട്ടുന്ന കോണ്ട്രാക്ടര്‍മാര്‍ക്ക് മിനിമം   മുല്ലപ്പെരിയാറിന്റെ തീരത്ത് ഒരു വീടുണ്ടായിരിക്കണം.
  • ഒരു ദോഷ വശം എന്നു പറഞ്ഞാല്‍,ഡാം കെട്ടുന്നതിന് വരുന്ന കാലതാമസം ,അഴിമതി .അതൊന്നും  ഭൂകമ്പത്തിനു വിഷയമല്ല.അതുപോലെ പുതിയ ഡാമില്‍ നിന്നും വെള്ളം കൊടുക്കുമ്പോള്‍ ഉണ്ടാക്കുന്ന കരാര്‍ എന്തായാലും തമിഴ് നാട്ടുകാര്‍ക്ക് പിടിക്കില്ല.
 2. ഡാം എന്നും ഒരു തലവേദനയാണ്. ഭൂകമ്പം ഇടക്കിടെ ഉണ്ടാകുന്ന സ്ഥലത്തു വീണ്ടും ഒന്നുകൂടെ പണിതാല്‍ അത് നമ്മുടെ അടുത്ത തലമുറകള്‍ക്ക് നാം കൊടുക്കുന്ന ഒരു പണിയായിരിക്കും.ഡാം പണിയുന്നതിന് പകരം വെള്ളം കിട്ടാന്‍ മറ്റെന്തെങ്കിലും സംവിധാനം.
  • കുഴല്‍കിണര്‍ കുത്താനുള്ള സബ്സിഡി കൊടുക്കട്ടെ.അല്ലെങ്കില്‍ വലിയ ഡാമിന് പകരം ചെറിയ തടയിണകള്‍ നിര്‍മ്മിക്കാം. അല്ലെങ്കില്‍ ബണ്ട്.എന്നിട്ട് ഇപ്പോള്‍ വെള്ളം ലഭിക്കുന്നതുപോലെ വെള്ളം പുതിയ സങ്കേതമനുസരിച്ച് ലഭിച്ചുതുടങ്ങിയാല്‍ ഇപ്പോഴുള്ള ഡാം പൊളിച്ച് കളയാം.അതുപോലെ ഡാമിലെ വെള്ളത്തിന്‍റെ നിരപ്പ് ക്രമമായി താഴ്ത്തുകയും ചെയ്യാം.
  • ഇതാണ് ശരിയായ പ്രശ്ന പരിഹാരം.പക്ഷേ ഇപ്പോഴത്തെ അവസ്ഥ വച്ച് ഇത് എപ്പോള്‍ പ്രവര്‍ത്തികമാക്കാം എന്നു പറയാന്‍ പറ്റില്ല.ഡാം പണിയുന്ന പൈസ വച്ച് എന്തായാലും നമുക്ക് തടയിണകള്‍ നിര്‍മിക്കാം.
  • എത്ര നാള്‍ സബ്സിഡി കൊടുക്കേണ്ടി വരും.അല്ലെങ്കില്‍ ആരൊക്കെയാണ് ഇതിന് അര്‍ഹര്‍ എന്നൊക്കെ നോക്കിയാല്‍ കാര്യങ്ങള്‍ കോംപ്ലിക്കേറ്റഡ് ആകും.അതുപോലെ തടയിണകള്‍ എവിടെ കെട്ടും എന്നതും ഒരു പ്രശ്നമാണ്.
 3. മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളത്തിന്‍റെ നിരപ്പ് കുറക്കുക.
  • അപ്പോള്‍ പൊട്ടിയാലും വരുന്ന വെള്ളത്തിന്‍റെ അളവ് കുറയും. എന്നിട്ട് സാവധാനം ചര്‍ച്ചകള്‍ നടത്തുകയോ എന്തോ എന്നു വച്ചാല്‍ രാഷ്ട്രീയക്കാര്‍ ആയിക്കോട്ടെ.
  • ചിലപ്പോള്‍ കുറച്ചു കാലത്തേക്ക് കൂടിഡാം പൊട്ടതിരിക്കാന്‍ കൂടി സാധ്യതയുണ്ട്.അങ്ങനെ വന്നാല്‍ മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിലുള്ളവര്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ല.
  • ഒന്നു ഇന്‍സ്പെക്ഷന്‍ നടത്താന്‍ പോലും തമിഴ് നാടിന്റെ അനുമതി വേണമെന്നിരിക്കെ, അവിടെ പോയി വെള്ളത്തിന്‍റെ അളവ് കുറക്കുക എന്നു പറയുന്നതു പോലും ചിന്തിക്കാന്‍ പറ്റില്ല.അതുപോലെ മുല്ലപ്പെരിയാറിനും ,ഇടുക്കിക്കും ഇടയിലുള്ള ജനങ്ങള്‍ ,അവരെ എന്തു ചെയ്യും എന്നു ഒരു പിടിയും കിട്ടുന്നില്ല.അതുപോലെ എത്ര നാള്‍ വെള്ളം കുറച്ചു നിറുത്തും.അവിടെ കൃഷിയില്ലെങ്കില്‍ ഇവിടെ എങ്ങിനെ ഫുഡടിക്കും?
 4. ഇടുക്കി ഡാമിലെ വെള്ളത്തിന്‍റെ അളവ് നന്നായി കുറക്കുക.
  • മുല്ലപ്പെരിയാര്‍ പൊട്ടി വെള്ളം വന്നാലും ഉള്‍ക്കൊള്ളാന്‍ പാകത്തിന്,എന്തായാലും മുല്ലപ്പെരിയാറിനെക്കാള്‍ വലുതാണല്ലോ ഇടുക്കി.അപ്പോള്‍ പിന്നെ ഒരു കോമണ്‍സെന്‍സ് വച്ച് നോക്കിയാല്‍ അത് താങ്ങണം. 
  • ഇവിടെയും അതായത് ഇടുക്കി ഡാമിലെ വെള്ളത്തിന്‍റെ അളവ് കുറക്കാന്‍ തമിഴ്നാടിന്‍റെ അനുമതി ആവശ്യമില്ല എന്നു തോന്നുന്നു.വെറുതെ ചര്‍ച്ചകള്‍ നടത്തി സമയം കളയാതെ കേരളത്തിന് പെട്ടെന്നു ചെയ്യാവുന്ന ഒരേ ഒരു കാര്യം.
  • വെള്ളം മാത്രം വന്നാല്‍ ഇടുക്കി താങ്ങുമായിരിക്കും .പക്ഷേ .ഇവിടെ വെള്ളം മാത്രമാവില്ല വരുന്നത് .മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിലുള്ള സകലമാന കെട്ടിടങ്ങളുടെയും ,വാഹനങ്ങളുടെയും,പാറകളുടെയും ഭാഗങ്ങള്‍ ആ വെള്ളത്തില്‍ ഉണ്ടായിരിക്കും.അതുവന്നിടിച്ചു ഇടുക്കി തകര്‍ന്നാല്‍ പിന്നെ നോക്കാനില്ല.  പിന്നെ ഇടുക്കിയില്‍ വെള്ളമില്ലെങ്കില്‍ കേരളത്തിലെ കറണ്ട്? പവര്‍കട്ട് നമ്മള്‍ക്ക് പുത്തിരിയൊന്നുമല്ലല്ലോ.കൂടി വന്നാല്‍ പവര്‍കട്ട് കൊണ്ട് കേരളത്തിലെ ജനസംഖ്യ ഒരു കോടി കൂടിയെന്നിരിക്കും അല്ലപിന്നെ.ഈ കാര്യത്തിലും മുല്ലപ്പെരിയാറിനും ,ഇടുക്കിക്കും ഇടയിലുള്ളവരുടെ കാര്യം എനിക്കൊന്നും പറയാനില്ല.
ഇപ്പോള്‍ നടക്കാവുന്ന കാര്യം എന്നുപറഞ്ഞാല്‍ ഓപ്ഷന്‍ നംബര്‍ 4 ആണ്.പുതിയ ഡാം പണിയാന്‍ നമുക്ക് പെട്ടെന്നു പറ്റില്ല.ഇപ്പോള്‍ പ്രധാനം നമ്മുടെ ജീവനാണ്.കുറഞ്ഞ പക്ഷം ഇടുക്കിക്ക് താഴെയുള്ളവരുടെയെങ്കിലും. ഞാന്‍ താമസിക്കുന്നത് എറണാകുളത്ത് ആയതുകൊണ്ടോ അല്ലെങ്കില്‍ എന്‍റെ ബന്ധുക്കള്‍ ആരും മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയില്‍ ഇല്ലാത്തതുകൊണ്ടോ അല്ല ഞാനിതു പറയുന്നതു.ഒരു കാര്യവും നേരെ ചൊവ്വെ ചെയ്യാത്തവരാണ് നമ്മുടെ ജനപ്രതിനിധികള്‍ എന്നതുകൊണ്ട് വേറെ ഒരു വഴിയും കാണാത്തതുകൊണ്ടാ...

ഇംഗ്ലിഷില്‍ എഴുതി തമിഴ് ഫ്രെന്‍ഡ്സ് അത് കാണണം എന്നുണ്ട്.പക്ഷേ ഇപ്പോള്‍ സമയമില്ല.

ഞാന്‍ ഒരു സിവില്‍ എന്‍ജിനിയര്‍ അല്ല.അധികം ആരും വേറെ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാത്തതു കണ്ടപ്പോള്‍ എനിക്കു തോന്നിയത് എഴുതിയതാണ്. നിങ്ങള്‍ക്ക് ഈ ഐഡിയകള്‍ അതേപടി എടുത്തു പ്രസിദ്ധീകരിക്കുകയോ ,അല്ലെങ്കില്‍ നിങ്ങളുടേതായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയോ ആകാം.എനിക്കെന്തായാലും ഒരു പരിഹാരം ഉണ്ടായികണ്ടാല്‍ മതി.ഓരോ SMS വരുമ്പോഴും ഡാം പൊട്ടിയതിന്‍റെ ആണോ എന്നു പേടിച്ച് കഴിയാന്‍ ഇനി വയ്യ...

2011, നവംബർ 19, ശനിയാഴ്‌ച

6 മാസങ്ങളില്‍ നിന്നും 6 വര്‍ഷങ്ങളിലേക്ക്

കോളേജില്‍ നിന്നും ഇറങ്ങി 6 മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഒരു കല്യാണത്തിന് ഒത്തു കൂടിയപ്പോള്‍ സംസാരങ്ങള്‍ ഇങ്ങനെയായിരുന്നു.

-എത്രയുണ്ടെടെ സാലറി? കമ്പനി ചാടാറായില്ലെ? എന്നെ ഒന്നു റെഫര്‍ ചെയ്യാവോ?

-പണിയൊന്നും ആയില്ലേടെ? നീ ഇപ്പൊഴും ഓരോ കോഴ്സുകളും ചെയ്തോണ്ട് നടക്കുവാണോ? പെട്ടെന്നു ജോലി കിട്ടാന്‍ ചാന്‍സ് ഉള്ള കോഴ്സ് വല്ലതും ഉണ്ടോഡേ? എനിക്കൊന്നു ചേരാനാ..

-എന്‍റെ ഒരു മാനേജര്‍ ഉണ്ടെടെ..ഒരു പണിയും ചെയ്യത്തില്ല..ചുമ്മാ എക്സെല്‍ തുറന്നിരിക്കുന്ന കാണാം.

- ഇപ്പ്രാവശ്യം നീ മാത്സ് പാസാകുമോ? ഞാന്‍ എന്തായാലും ഇത്തവണ എല്ലാ സപ്പ്ളി പേപ്പറും എഴുതുന്നില്ല.

-എടാ നിന്‍റെ ക്ലാസിലെ ലൈന്‍ പൊട്ടിയെന്നു കേട്ടല്ലോ.അവള് അവളുടെ ഓഫീസിലെ ഒരുത്തനെ കെട്ടിയല്ലേ..അളിയാ പോട്ടെടാ...വിഷമം തീര്‍ക്കാന്‍ ഒരു പെഗ്ഗ് കൂടിയാകാം.

-എടാ നിന്‍റെ ഓഫീസില്‍ കൊള്ളാവുന്ന പിള്ളേരു വല്ലവരും ഉണ്ടോടെ?

- നിന്‍റെ ടീമിലെ ആ പെണ്ണിന് നീ അപ്പ്ളി വെച്ചോ? - നമ്മുടെ ബാച്ചിലെ പെണ്‍പിള്ളേരൊക്കെ കെട്ടിത്തീര്‍നോ അതോ വല്ലതും ബാക്കിയുണ്ടോ?

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു കല്യാണത്തിന് ഒത്തുകൂടിയപ്പോള്‍

- എടെ ഇപ്പോള്‍ ഡോക്ടര്‍മാര്‍ എല്ലാവരും സിസേറിയനാ ചെയ്യുന്നെ.നോര്‍മല്‍ കേള്‍ക്കാനെയില്ല.നിന്‍റെ വൈഫിന്‍റെ എങ്ങിനെയായിരുന്നു.

- കൊച്ചിന്‍റെ നേഴ്സറി അഡ്മിഷന്‍ ഇപ്പോഴേ ബുക്ക് ചെയ്യണം.ഡൊനേഷന്‍ ഇപ്പോഴേ കൊടുത്തിടുവാ നല്ലത്. വെറുതെ എന്തിനാ അവരുടെ ഭാവി നശിപ്പിക്കുന്നെ?

- രണ്ടാമത്തെ കൊച്ച് ആയല്ലേ. കലക്കിയെടാ...

-കല്യാണം കഴിച്ചാല്‍ വലിയ ടെന്‍ഷന്‍ ആടെ.കംപ്ലീറ്റ് അഡ്ജസ്റ്റ്മെന്‍റ് ആണ്.നൂറു പേരെ സമാധാനം ബോധിപ്പിക്കണം.നീ ഒരു പെഗ്ഗിങ്ങോട്ട് ഒഴിച്ചേ..

- നീ 6 കൊല്ലമായി ഇപ്പൊഴും അതേ കമ്പനി തന്നെയാണോ? ഞാനിത് ഏഴോ എട്ടോ ആയി

- മാന്ദ്യം വരുന്നുണ്ടെന്ന് കേട്ടല്ലോ.ശരിയാണോ?

- കുറെ ഫ്രെഷെര്‍സ് ഇറങ്ങിയിട്ടുണ്ട് അളിയാ.ഒന്നും പണിയെടുക്കുകേലാ..കാശു മാത്രം മതി.

- നമുക്ക് 30 ആകാറായി.കെട്ടാനുള്ള പ്ലാന്‍ ഒന്നുമില്ലെടെ? അല്ല എന്താ നിന്‍റെ ആക്ചുവല്‍ പ്രോബ്ലം?

- വീട്ടുകാര്‍ നോക്കുന്നുണ്ട്.ഒരു ആറേഴു മാസത്തിനുള്ളില്‍ ഉണ്ടാകും.

- രണ്ടു കൊല്ലമായേടെ പെണ്ണുകണ്ട് നടക്കുന്നു.ഒന്നും അങ്ങട് ശരിയാകുന്നില്ല.ചായകുടിച്ച് മടുത്തു.അടുത്ത റൌണ്ട് ഒഴിച്ചേ..

- നീ ആ പഴയ കാറു മാറ്റിയില്ലേ. എന്‍റെ പോലെ നല്ല പവര്‍ ഉള്ള ഒരെണ്ണം വാങ്ങായിരുന്നില്ലേ?

- കേരളം ശരിയാവില്ല അളിയാ. അതിനൊക്കെ യുഎസ്സും ,യുകെയും ഞാന്‍ അവിടെങ്ങാനും പോയി സെറ്റില്‍ ആകാന്‍ പോകുവാ...

2011, നവംബർ 11, വെള്ളിയാഴ്‌ച

എം‌ബി‌എ - സ്റ്റാറ്റിസ്റ്റിക്സ് അഥവാ സ്ഥിതിവിവരക്കണക്കുകള്‍

അങ്ങനെ വീണ്ടും എംബിഎ പരീക്ഷക്ക് പഠിച്ചുതുടങ്ങി.ഇത്തവണയെങ്കിലും എന്‍റെ കര്‍ത്താവേ, ഒന്നു കടത്തി വിടണേ? അധികം ആഗ്രഹങ്ങള്‍ ഒന്നും ഇല്ലല്ലോ പാസ്സ് മാര്‍ക്ക് മാത്രം...2008 മുതല്‍ എഴുതാന്‍ തുടങ്ങിയതാണ് ചേട്ടന്‍ അല്ലേ? എന്നു ചോദിക്കുമ്പോള്‍  ബാക്കിയുള്ളവരുടെ മനസിലുള്ള ബഹുമാനം ഇനിയെനിക്ക് വേണ്ട.അത് പിന്നേയും സഹിക്കാം.എത്ര പ്രാവശ്യം ഇങ്ങനെ എക്സാം എഴുതാന്‍ പറ്റും? ഇതിന് ലിമിറ്റ് ഒന്നുമില്ലെ?സിലബസ് മാറിയാലും ഇങ്ങനെ എഴുതാന്‍ പറ്റുമോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കേട്ടാല്‍ തോന്നും ഞാനേതോ യൂണിവേഴ്സിറ്റി പ്രൊഫെസര്‍ ആണെന്ന്‍.പിന്നേ,ഞാനാണല്ലോ ഇതൊക്കെ തീരുമാനിക്കുന്നത്.ഞാന്‍ എന്തൊക്കെയായാലും ക്വാന്‍ടിറ്റേറ്റീവ് ടെക്നിക്സ്(Quantitative Techniques for Management ie QT) എന്ന പേപ്പര്‍ ശരിക്കും പഠിച്ചിട്ടെ പാസ്സാകുന്നുള്ളൂ... നിങ്ങളെപ്പോലെ സ്ത്രീധനം കൂടുതല്‍ കിട്ടാനൊന്നുമല്ലട ഞാന്‍ എം‌ബി‌എ പഠിക്കുന്നത്.

അപ്പോള്‍ പറഞ്ഞുവന്നത് ക്യു.ടി എന്ന പേപ്പറിലെ സ്റ്റാറ്റിസ്റ്റിക്സ് എന്ന ആദ്യപാടം.പണ്ടേ എനിക്കു ഒരു പ്രശ്നമുണ്ട് .കാണാപ്പാടം പഠിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.പക്ഷേ മനസിലായാല്‍ അതിങ്ങനെ ലാപ്ടോപ്പ് സ്ക്രീനിലെ സ്ക്രാച്ച് പോലെ കിടന്നോളും.സ്കൂളില്‍ പഠിക്കുമ്പോള്‍ പദ്യത്തിന്‍റെ അര്‍ത്ഥം മനസിലാക്കി പരീക്ഷക്കത് തൃശ്ശൂര്‍ ഭാഷയിലെഴുതി കുറെ സമ്മാനങ്ങള്‍ വാങ്ങിച്ചിട്ടുള്ളതാണെ...അതുപോലെ വളരെ കുറച്ചു നേരം മാത്രമേ ഏകാഗ്രമായി പഠിക്കാന്‍ പറ്റൂ.

കുറച്ചു വായിച്ചുകഴിഞ്ഞപ്പോള്‍ മനസിലായി ക്യു.ടി യിലുള്ള സ്റ്റാറ്റിസ്റ്റിക്സ് തന്നെയാണ് പുറത്തുള്ള സ്റ്റാറ്റിസ്റ്റിക്സ്.അതായത് സെന്‍സസ് എടുക്കുമ്പോള്‍ ഉള്ള സ്റ്റാറ്റിസ്റ്റിക്സ് തന്നെ.സ്വതന്ത്രമായി നില്‍ക്കുന്ന വിവരങ്ങള്‍ ഇതിന്‍റെ പരിധിയില്‍ വരുന്നില്ല.എന്‍റെ ഇപ്പോഴത്തെ ഒരു മാസത്തെ ചിലവ് 12000 എന്നത് മാത്രമായി ഇതില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല.നാലുകൊല്ലം മുമ്പത്തെ ചിലവിന്‍റെ കാര്യങ്ങള്‍ കൂടിയുണ്ടെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിഭാഗതില്‍ പ്പെടുത്താം.ഒരു താരതമ്യം എപ്പോഴും വേണം.അതുപോലെ വിവരങ്ങള്‍ക്ക് പരസ്പര ബന്ധവും വേണം.

ഇത്രയൊക്കെയായപ്പോള്‍ ചുമ്മാ ഒരു മോഹം.എന്‍റെ പഴയ കാലത്തെ  ചിലവുകളും ഇപ്പോഴത്തെ ചിലവുകളും ഒന്നു സ്റ്റാറ്റിയാലോ എന്നു.പ്രത്യേകിച്ചു ചിലവില്ലാത്ത കാര്യമായതുകൊണ്ട് അപ്പോഴേ സ്റ്റാറ്റി.

2011


ഒറ്റക്ക് താമസിക്കുന്നതുകൊണ്ട് വാടക 3500.പിന്നേ ഒരു മെച്ചം ഇതില്‍ തന്നെ കറന്‍റ് ബില്ല്,വെള്ളം,ക്ലീനിങ്,കാര്‍ പാര്‍ക്കിങ് ചാര്‍ജ് ,പത്രം ഒക്കെ പെടും.മാസത്തില്‍ നാലുതവണ കാറില്‍ നാട്ടില്‍ പോക്ക്, പിന്നേ നാട്ടില്‍ കാറിലുള്ള കറക്കം ,മഴയുള്ളപ്പോള്‍ കാറില്‍ ഓഫീസിലേക്കുള്ള യാത്ര എല്ലാം കൂടി പെട്രോള്‍ 2000.ഓള്‍ട്ടോ ആയതുകൊണ്ടും,നല്ലവണ്ണം ഓടിക്കുന്നതുകൊണ്ട് 18-19 Km/L മൈലേജ് ഉള്ളതുകൊണ്ടും  കിലോമീറ്ററിന്  3.5 വരുന്നുള്ളൂ. സാധാരണ ഓഫീസില്‍ പോകാന്‍ ബൈക്കിനു പെട്രോള്‍ 400.

പ്രാഥമികആവശ്യങ്ങളുടെ പട്ടികയിലേക്ക് അടുത്തെടെ കയറിയ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വകയില്‍ രൂപ 900.വയര്‍ലെസ്സ് ആയതുകൊണ്ടാണ് ഇത്രക്ക് വന്നത്.അല്ലെങ്കില്‍ ശകലം കുറഞ്ഞേനെ.മൊബൈല്‍ പിന്നേ 300 ഇല്‍ നില്ക്കും

ഭക്ഷണം കാലത്ത് അധികം വേണ്ട,ഉച്ചക്കും ,രാത്രിയിലും വിഭവസമൃദ്ധമായ ഭക്ഷണം തട്ടുകടയില്‍ നിന്നും,പിന്നേ ഉച്ചെമുക്കാലിനുള്ള ചായകുടി.ദിവസം 150.പിന്നേ കുടിവെള്ളം വാങ്ങിക്കണം മാസം 100.22 ദിവസം വച്ച് കൂട്ടിയാല്‍ 3400 ആ വഴിക്കു .ഒരു മാസം ഒരു സിനിമയെങ്കിലും കണ്ടില്ലെങ്കില്‍ ബാച്ചിലര്‍ എന്നു പറഞ്ഞിട്ടെന്ത് കാര്യം എന്നതുകൊണ്ടു മാത്രം മാസം മിനിമം രണ്ട് സിനിമകള്‍ ഇടപ്പള്ളി ഓബേറോണിലോ മറ്റോ.സിനിമ മാത്രമല്ലല്ലോ കുറച്ചു ഹൈ-ടെക് ഫുഡും ചെര്‍ത്ത് അങ്ങനെ എന്‍റര്‍ടെയ്ന്‍മെന്‍റ് വഴിയില്‍ 500.


ഇനി അല്ലറ ചില്ലറ ഐറ്റംസുകള്‍ ആയ സോപ്പ് ,ചീപ്പ്,കണ്ണാടി ഷോപ്പിങ് വഴിയില്‍ മാസം ശരാശരി 200. സീസറിനുള്ളത് സീസറിനും ,ദൈവത്തിനുള്ളത് ദൈവത്തിനും എന്നാണല്ലോ.നാലു ഞായറാഴ്ച പള്ളിയില്‍ പോകുമ്പോള്‍ 400.വെള്ളം,സിഗരറ്റ് ,പാന്‍ തുടങ്ങിയ കലാപരിപാടികള്‍ ഇല്ലാത്തതുകൊണ്ടു ആ വഴിക്കു ഒരു എന്‍ട്രി ഇല്ല.പിന്നേയുള്ള പരിപാടികള്‍ ബുക്കുകള്‍ വാങ്ങുക,ട്രിപ്പ് പോകുക.ശരാശരി മാസം 400 ആ വഴിയില്‍ പൊട്ടും.ഷര്‍ട്ട് വാങ്ങലും മറ്റും ഇതിന്‍റെ കൂടെ കൂട്ടുന്നില്ല..


വാടക-3500
കാര്‍ /നാട്ടില്‍ പോക്ക്-2000
ബൈക്ക്-400
ഇന്‍റര്‍നെറ്റ്-900
മൊബൈല്‍ - 300
ഭക്ഷണം-3400
എന്‍റര്‍ടെയ്ന്‍മെന്‍റ് -500
ഷോപ്പിങ്- 200
ചര്‍ച്ച്-400
ബുക്സ്/ട്രിപ്പ് -400

2011ഇല്‍ മാസം ആകെ -12000

2007

2007ഇല്‍ ആണ് കൊച്ചിയില്‍ കാല്കുത്തുന്നത്. വന്നപ്പാടെ ഒരു ഫ്ലാറ്റില്‍ കയറി.കൂടെ വേറെ 10 പേരും.സ്വന്തമായി കുക്കിങ്, കാലത്തേക്കും രാത്രിയിലേക്കും ..സോപ്പ് ,ചീപ്പ്,കണ്ണാടി തുടങ്ങിയവയും കോമണ്‍ അക്കൌണ്ട്.അന്ന് അവിടെ ആകെ ചിലവ് 1000.

നാട്ടില്‍ പോകാന്‍ കാറില്ലാതിരുന്നതുകൊണ്ടും,പെട്രോളിന് വിലകുറവായതുകൊണ്ടും ബൈക്കിനു പെട്രോള്‍ ചിലവ്200 .നാട്ടില്‍ പോകാന്‍ നമ്മുടെ സ്വന്തം പാസ്സഞ്ചര്‍ ട്രയിന്‍.10 രൂപക്ക് എറണാകുളം -  ഇരിഞ്ഞാലകുട പോകാം.പിന്നേ കുറച്ചു ബസില്‍ പോയാലും ആകെ 100ഇല്‍ കൂടില്ല.

ചില എസ്‌ടി‌ഡി പഞ്ചാരയടികള്‍ ഉണ്ടായിരുന്നെങ്കിലും മൊബൈല്‍ ബില്ല് 200 തന്നെ.ഓഫീസില്‍ വച്ചുള്ള ഇന്‍റര്‍നെറ്റ് മാത്രം.ഉച്ചഭക്ഷണം എന്ന വകുപ്പില്‍ 550.10 പേരുള്ളതുകൊണ്ടു എന്‍റര്‍ടെയ്ന്‍മെന്‍റ് ഇത്തിരി കൂടുതലായിരുന്നു. അതുകൊണ്ടു തന്നെ  500. എല്ലാവരും ഒരുമിക്കാന്‍ സാധ്യത കുറവായിരുന്നതുകൊണ്ടു ട്രിപ്പുകള്‍ വളരെ കുറവു.200 മതിയായിരുന്നു.10 പേരുള്ളതുകൊണ്ടു ബുക്ക് വാങ്ങി റൂമില്‍ വച്ച് വായിക്കുക എന്നു പറഞ്ഞാല്‍ നടക്കാത്ത ഒരു കാര്യമായിരുന്നു. സാലറി കുറവുള്ളതുകൊണ്ടു ദൈവത്തിന്നു കുറവായിരുന്നു. 300.

വാടക -1000
നാട്ടില്‍ പോക്ക്- 100
ബൈക്ക്-200
മൊബൈല്‍ - 200
ഭക്ഷണം - 550
എന്‍റര്‍ടെയ്ന്‍മെന്‍റ്-500
ചര്‍ച്ച്-300
ട്രിപ്പ്-200

2007ഇല്‍ മാസം ആകെ-3050

Statistical analysis/ സ്ഥിതിവിവരകണക്കുകളുടെ വിശകലനം

ചുമ്മാ കുറെ സംഖ്യകള്‍ എഴുതി അതും നോക്കിയിരുന്നിട്ട് കാര്യമില്ല.അതിനെ വിശകലനം ചെയ്താല്‍ മാത്രമേ വല്ല കാര്യവും കിട്ടൂ.എന്നിട്ട് അതില്‍ നിന്നും തീരുമാനങ്ങള്‍ എടുക്കണം അല്ലെങ്കില്‍ ഇപ്പോഴത്തെ തീരുമാനങ്ങള്‍ മാറ്റണം. എന്നാലേ വല്ല ഗുണവും ഉണ്ടാകൂ.പൈസയെ ഏത്?

എം‌ബി‌എ(MBA) എന്നു പറഞ്ഞാലെ 'മുണ്ടുമുറുക്കിയുടുത്ത് ബിസിനസുചെയ്യുന്ന ള്‍' അഥവാ പിശുക്കന്‍ എന്നാണല്ലോ അര്‍ത്ഥം. അതായത് ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ ഒരു കമ്പനി എങ്ങിനെ നടത്തികൊണ്ട് പോകാം.ലാഭമൊട്ടും കുറയാതെ.എന്നൊലോട്ട് ആരും റിസൈന്‍ ചെയ്യാനും പാടില്ല.റിസൈന്‍ ചെയ്താല്‍ പിന്നെ ട്രെയിനിങ് കോസ്റ്റ് വരും.ട്രെയിനികള്‍ക്ക് ശംബളം കുറവല്ലേ എന്നു വാദിക്കുന്നത് മണ്ടത്തരമാണ്.കാരണം നിങ്ങളുടെ കമ്പനി വളരുകയാണ്.അതുകൊണ്ടു ജോലിക്കാരും വളരണം.100 പേരെ വച്ച് നടത്തുന്ന അല്ലെങ്കില്‍ എനിക്കു ഇതില്‍  കൂടുതല്‍ വളരേണ്ട എന്നു വിചാരിക്കുന്ന കമ്പനി ആണെങ്കില്‍ ഓകെ.കുഴലിലൂടെ വെള്ളം പോകുന്നതുപോലെ ആവാം.അല്ലെങ്കില്‍ കടലാകാന്‍ കൊതിക്കുന്ന തടാകത്തെപ്പോലെയായിരിക്കണം.വരുന്ന ഓരോ തുള്ളി വെള്ളവും വിലപ്പെട്ടതാണ്.

ഇതേ കാര്യം ഏതെങ്കിലും ഇംഗ്ലീഷില്‍ പല്ലുത്തേക്കുകയും,കുളിക്കുകയും ചെയ്യുന്ന എം‌ബി‌എ  ക്കാരനോടു ചോദിച്ചു നോക്കൂ.അവന്‍ രണ്ടു മൂന്നു കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ പറയും .അതായത് എക്കണോമി, അകൌണ്ടെന്‍സി, ഗ്ലോബല്‍ മാര്‍ക്കറ്റ് ,ഡിങ്കോള്‍ഫിക്കാ സുഡാള്‍ഫി, എന്നിങ്ങനെ .ഒരിക്കലും പിശുക്ക് എന്ന വാക്ക് അവന്‍ പറയില്ല.അപ്പോള്‍ പറഞ്ഞു വന്നത് മുകളിലെ വിവരങ്ങള്‍ എങ്ങിനെ വിശകലനം ചെയ്യാം എന്നതാണു?

1)വാടക കൂടിയിട്ടുണ്ടെങ്കിലും,ഭക്ഷണ സാധനങ്ങളുടെ വില കൂടിയിട്ടുണ്ടെങ്കിലും കുറച്ചു അധികം പേര്‍ ചേര്‍ന്ന് താമസിക്കുകയാണെങ്കില്‍ വാടക,ഫുഡ് ഇനത്തില്‍ ചിലവ് ചുരുക്കാം.ബാച്ചിലേഴ്സിന് മാത്രം.അല്ലെങ്കില്‍ അച്ഛനെയും അമ്മയെയും കൂടെ കൊണ്ട് വന്നു താമസിപ്പിക്കുക.രണ്ടു വീട്ടിലെ ചിലവ് നോക്കേണ്ട.
2)പെട്രോളിന് വിലകൂടി എന്നത് ഒരു സത്യമാണ്.പക്ഷേ ട്രെയിന്‍ വിട്ടു കാറിലുള്ള യാത്ര അല്‍പം കടന്ന കൈയ്യാണ്.
3) ഇന്‍റര്‍നെറ്റ് ഒന്നും ചെയ്യാന്‍ പറ്റില്ല.ആവശ്യവസ്തുവായി മാറികൊണ്ടിരിക്കുന്നു.
4) വളരെ ക്രിറ്റിക്കല്‍ ആയിട്ടുള്ള വസ്തുത,2007ലെചിലവ് സാലറിയുടെ പത്തിലൊന്ന് ആയിരുന്നെങ്കില്‍, 2011ലെ ചിലവ് ആറിലൊന്നാണ്.

ഓ ആലോചിക്കുമ്പോള്‍തന്നെ ടെന്‍ഷന്‍ ആകുന്നു.ഇന്നിനി എന്തായാലും പഠിക്കുന്നില്ല.പണ്ടത്തെ ലൈനുകളെ ഏതിനെയെങ്കിലും കെട്ടിയിരുന്നെങ്കിലോ, അല്ലെങ്കില്‍ ഇപ്പോള്‍ ഒരു ലൈനുണ്ടായിരുന്നെങ്കിലോ ഇതെവിടെചെന്നു നിന്നെന്നേ???

2011, നവംബർ 4, വെള്ളിയാഴ്‌ച

പെണ്ണുചോദ്യം

കടയാടി ബേബി എന്ന വട്ടപേര് പുള്ളിക്കാരന് എങ്ങിനെ കിട്ടി എന്നെനിക്കറിയില്ല. ഞാന്‍ ആ പേര് ആദ്യം കേള്‍ക്കുന്നത് "നിരണം കവികളില്‍ ഒരാളായ കടയാടി ബേബി" ദേ ഇവനാണ് എന്നു ഒരുത്തന്‍ പരിചയപ്പെടുത്തിയപ്പോഴാണ്.ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണെങ്കില്‍  സുന്ദരന്‍ ,സുമുഖന്‍,സര്‍വോപരി സല്‍ഗുണസമ്പന്നന്‍ .ദിനചര്യ ഇങ്ങനെയാണ് കാലത്തുതന്നെ എഴുന്നേറ്റയുടനെ ഓഫീസില്‍ വരും. പ്രകൃതിയിലെ ജീവികളോട് ഭയങ്കര സ്നേഹമാണ്.ഉച്ചക്ക് ശരീരത്തിന്‍റെ ദാഹമകറ്റാന്‍ ഒരുചായയും ആത്മാവിന്‍റെ  ദാഹമകറ്റാന്‍ ഒരു പുകയും.അതുപോലെ എല്ലാ ദിവസവും ഇന്‍ഫോപാര്‍ക്കിലെ തേജോമയയില്‍ ഭക്ഷണശേഷം ഞങ്ങളുടെയോപ്പം ജഡ്ജസ് ആയി വന്നിരിക്കും...മാര്‍ക്ക് കറെക്റ്റ് ആയി ഇടുമെങ്കിലും പെണ്ണുങ്ങളോട് കമ എന്നൊരക്ഷരം മിണ്ടില്ല...പിന്നെയുള്ള ഏക വീക് പോയിന്‍റ് സാമൂഹ്യസേവനമാണ്...

കാലത്ത് എഴുന്നേറ്റയുടനെ ഓഫീസില്‍ വരും എന്നുവച്ചാല്‍ വെളുപ്പിനെ ആറുമണിക്ക് വരും എന്നൊന്നും വിചാരിക്കരുത്.ഒരു പത്തു പത്തരക്ക് എഴുന്നേറ്റ് പത്തേമുക്കാലിന് വരും. പത്തരക്ക് എഴുന്നേറ്റിട്ട് എങ്ങിനെ പത്തേമുക്കാലിന് വരും അറ്റ്ലീസ്റ്റ് കുളിക്കുകയെങ്കിലും ചെയ്യേണ്ടെ എന്നാലോചിച്ച് കണ്‍ഫ്യൂഷന്‍ ആകേണ്ട കാര്യമൊന്നുമില്ല..പുള്ളി കുളിച്ചാല്‍ പുള്ളിക്ക്, പുള്ളിയുടെ തലയില്‍ വളര്‍ത്തുന്ന ഓമനജീവികളായ പാമ്പ്,പഴുതാര, അട്ട തുടങ്ങിയവയെ സംരക്ഷിക്കാനാവില്ല.സായിബാബ കടയാടിയെ കണ്ടാണ് ഹെയര്‍ സ്റ്റൈല്‍ തീരുമാനിച്ചതെന്നാണ് കടയാടിയുടെ ഫാന്‍സ് പറയുന്നതു. .ഫാന്‍സ് എന്നുപറഞ്ഞാല്‍ ഓഫീസില്‍ എല്ലാവരും നിശബ്ദമായിരിക്കുമ്പോള്‍ ഓഫീസിന്‍റെ അങ്ങേ അറ്റത്തുപോയി "കടൂ..."  എന്നുനീട്ടി വിളിക്കുന്ന കടയടിയുടെ നാട്ടുകാരനായ മറ്റൊരു ചങ്ങനാശേരിക്കാരന്‍.അതൊരു സിഗ്നല്‍ ആണ് ..അപ്പോഴേ കുടുംബത്തില്‍ പിറന്ന പെണ്‍പിള്ളാരെല്ലാം ചെവിപൊത്തും...പിന്നെ 10 മിനിറ്റ് കഴിഞ്ഞേ ചെവിതുറക്കൂ.പക്ഷെ ഇത്രയൊക്കെയാണെങ്കിലും പുള്ളി പെണ്‍പിള്ളാരുടെ അപ്പന്‍മാര്‍ക്ക് വളരെ വേണ്ടപ്പെട്ടവനാണ്.ഒന്നു നോക്കിയാല്‍ മതി, നോക്കുന്ന പെങ്കുട്ടിയുടെ കല്യാണം പെട്ടെന്നു തന്നെ ഉറക്കും...സ്ത്രീധനം കൊടുക്കാന്‍ കഴിവില്ലാത്ത, ജാതകദോഷം, ചൊവ്വാ, ബുധന്‍, ശനി ദോഷങ്ങള്‍ മൂലം കല്യാണം ഉറയ്ക്കാത്ത പെങ്കുട്ടികളുടെ കല്യാണം ഉറപ്പിച്ച് കൊടുക്കുക ഇതിലും വലിയ സാമൂഹ്യസേവനം വേറെ എന്തുണ്ട് ഈ നാട്ടില്‍?

അങ്ങനെയിരിക്കുമ്പോള്‍ തേജോമയയിലെ ഒരുച്ചനേരം..

കടയാടി:"ദാണ്ടെ പോകുന്നു എന്‍റെ ഹൃദയം മോഷ്ടിച്ച സുന്ദരി. ഇനി എന്നും അവള്‍ക്കാന് കൂടുതല്‍ മാര്‍ക്ക്".
നിനക്കു ഹൃദയമോ ,ഒന്നുപോടെ തമാശ പറയാതെ.ഇനിയിപ്പോ ഉണ്ടെങ്കില്‍ തന്നെ ടി.ജി രവിയുടെയല്ലേ ,അതവള് എടുത്തിട്ട് എന്നാ ചെയ്യാനാ...

കടയാടി:എടോ ഞാന്‍ സീരിയസ് ആയിട്ടാഡോ...
അപ്പോള്‍ കഴിഞ്ഞമാസം പറഞ്ഞ ആ അഹങ്കാരിയുടെ കൂട്ടുകാരിയോ...അവളും എന്തോ ഹൃദയമോ,കിഡ്നിയോ കൊണ്ടുപോയല്ലോ...

കടയാടി: ഓ അവള് ആ അഹങ്കാരിയേക്കാള്‍ വലിയ അഹങ്കാരിയാ... അവളെയിപ്പോള്‍ കാണുന്നില്ലല്ലോ..കല്യാണം കഴിഞ്ഞുകാണും...പക്ഷെ ഇത് ഞാന്‍ സീരിയസാണെടോ..
ഓഹോ അങ്ങനെയാണോ ,ആ വരുന്നതില്‍ ഏതാണ് ആ കള്ളി?

കടയാടി:എടോ ദേ നേരെ വരുന്നതാ..കമ്പനിയുടെ ഐഡി കാര്ഡ് ഉള്ള ടാഗ് കയ്യിലെടുത്തു കറക്കികൊണ്ടു വരുന്നത്..ദേ അവള് അവളുടെ ഫ്രണ്ടിനെ അടിക്കുന്നു...അല്ല പിച്ചുന്നു.
ഓഹോ ഇപ്പോള്‍ മനസിലായി .പ്രിയാമണിയുടെ ഫേസ്കട്ട് ഉള്ള അത്യാവശ്യം ഉയരമുള്ള കൊച്ച്.ഇതൊരുമാതിരി കൊച്ചുകുട്ടികളെപോലെയുണ്ടല്ലോ.. പക്വത എന്ന സാധനം തൊട്ടുതീണ്ടിയിട്ടില്ല എന്നു തോന്നുന്നു.അതോ ലാളിച്ചു വഷളാക്കിയെക്കുവാനോ.

കടയാടി: ഓ അതൊന്നും കുഴപ്പമില്ലെഡോ..ഞാനങ്ങു സഹിച്ചു.
കണ്ടിട്ടു തന്‍റേടക്കാരിയാണെന്ന് തോന്നുന്നു. റയിഞ്ച് വേറെയാ..വരച്ച വരയില്‍ നിറുത്തണമെങ്കില്‍ നീ ഒരു 10 മാര്‍ക്കര്‍ വാങ്ങി വീടുമൊത്തം വരക്കേണ്ടിവരും..അതുപോലെ നിനക്കു മലയാളം അക്ഷരങ്ങളായ ക്ഷ,ണ്ണ,ജ്ഞ ച്ഛ ഒക്കെ വരക്കാനറിയാവോ.. മൂക്കുകൊണ്ട്...

കടയാടി:അവളെ കെട്ടുവാണെല്‍ അവളെന്തു പറഞ്ഞാലും ഞാനനുസരിക്കും..ഞാനൊരു അടിമയായി മാറുമെടോ...അടിമ..
എന്നാല്‍ ശരി അവളുടെ പേരെന്നാ...

കടയാടി:ഒരു പേരിലെന്തിരിക്കുന്നു..താന്‍ കേട്ടിട്ടില്ലേ..പ്രേമത്തിന് കണ്ണില്ല,കാലില്ല പേരില്ല എന്നൊക്കെ...
അപ്പോള്‍ പേരറിയില്ല. തല്‍ക്കാലം പ്രിയാമണി എന്നു തന്നെ വിളിക്കാം.നാട്,വീട് പോട്ടെ..അവള് ഓള്‍റെഡി കെട്ടിയതാണോ എന്നെങ്കിലും അറിയാമോ?

കടയാടി:ആ കുട്ടിത്തം കണ്ടാല്‍ അറിയില്ലേ...കെട്ടിയിട്ടില്ല...ഇനിയിപ്പോള്‍ ഒന്നു കെട്ടിയാലും ഞാനങ്ങു സഹിച്ചു...
എന്തായാലും നിനക്കു പറ്റിയത് തന്നെ..എപ്പോള്‍ നോക്കിയാലും ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വന്നപോലെയാണ് പ്രിയാമണിയുടെ മുഖം.വര്‍ക്ക് ചെയ്യുന്ന കമ്പനി കുഴപ്പമില്ല,ടാഗിന്‍റെ കളര്‍ വച്ച് കണ്ടു പിടിക്കാം..ബാക്കി ഡീറ്റൈല്‍സ് ..യെസ് യുറേക്കാ..

കടയാടി:എന്തു യുറേക്കാ...
ഓകെ അപ്പോള്‍ ശരി ഇന്നുമുതല്‍ കടയാടിക്കുവേണ്ടി ഓര്‍കൂട്ടും, ഫേസ്ബുക്കും അരിച്ച് പെറുക്കുന്നു. മീറ്റിങ് ഡിസ്പെര്‍സെഡ് .ഗോറ്റു യുവര്‍ ക്ലാസ്സെസ്,അല്ല ക്യുബിക്കിള്‍സ്...

ഒരു വീകെന്‍ഡ് സര്‍ച്ച് കൊണ്ട് തന്നെ ആളെ പൊക്കി.മ്യൂചുവല്‍  ഫ്രെന്‍ഡ്സ് അല്ലാതെന്താ...പൊന്‍കുന്നം - കാഞ്ഞിരപ്പിള്ളി ഭാഗത്ത് നിന്നുള്ള ഒന്നാന്തരം അച്ചായത്തി. പഠിച്ചത് ഇന്‍ഫോപാര്‍ക്കിനടുത്തുള്ള പ്രശസ്തമായ എഞ്ചിനീയറിങ് കോളേജില്‍.താമസം കാക്കനാടിനടുത്തുതന്നെ ..പക്ഷെ ഹോസ്റ്റലില്‍ അല്ല.

കടയാടി ഒന്നൂടെ ആലോചിച്ചിട്ടു പോരേ..അവള്‍ക്ക് വല്ല ആങ്ങളമാരുമുണ്ടോ എന്നെങ്കിലും കണ്‍ഫേം ആക്കിയിട്ടു പോരേ ഈ ചോദിക്കാന്‍ പോക്ക്..

കാഞ്ഞിരപ്പള്ളി എന്‍റെ നാടാഡോ.ഇപ്പോള്‍ ചങ്ങനാശ്ശേരിയില്‍ താമസിക്കുന്നുവെന്നേയുള്ളൂ.. കാഞ്ഞിരപ്പള്ളിയില്‍ എന്‍റെ അപ്പാപ്പനു രണ്ടു മലയുണ്ട് അറിയാവോ?വേണ്ടിവന്നാല്‍ മലകളുടെ ഇടയിലൂടെ ഒഴുകുന്ന പുഴ ഞങ്ങള്‍ ഇടുക്കി ഡാം പോലെ പണിതു വെള്ളം മുട്ടിച്ചു കളയും.. അവിടെ വച്ച് എന്നെ ആരെങ്കിലും തൊട്ടാലുണ്ടല്ലോ.. എന്നോടാ കളി..

അല്ലെങ്കില്‍ നീ അറ്റ്ലീസ്റ്റ് അവളോടു ഒന്നു ചോദിച്ചിട്ടു പോടാ...അല്ലെങ്കില്‍ ഹായി എന്നൊന്ന് പറയ്..

ഞാന്‍ തറവട്ടില്‍ പിറന്നവനാ..ഞങ്ങള്‍ ആണുങ്ങള്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചോളാം..കേട്ടോഡോ...വേണേല്‍ ഇത് കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കഥ പറഞ്ഞു തരാം..താന്‍ വേണേല്‍ തന്‍റെ ആ ഒണക്ക ബ്ലോഗിലിട്ടോ...

അങ്ങനെ കടയാടി പ്രിയാമണിയുടെ വീട്ടിലെത്തി. ഒരു മിനി കൊട്ടാരം പോലെയിരിക്കുന്നു. അംഗരക്ഷകര്‍ വേറെ...പുറത്തു പിച്ചക്കാരനെപോലെയൊത്തനെ കണ്ടതും ഒരു ഒറ്റ രൂപ കോയിന്‍ വീടിനകത്തുനിന്നും നീട്ടി. വിത്ത് ഒരിടങ്ങഴി അരി..

അയ്യോ ഞാന്‍ പിച്ചക്കാരനല്ല. പ്രിയാമണിക്ക് അല്ല ജബ അത് ഇവിടത്തെ മോള്‍ക്കു കല്യാണലോചനയായിട്ട് വന്നതാ.
കയറിയിരിക്കൂ...അതും പറഞ്ഞ് വന്ന സ്ത്രീ അകത്തേക്ക് പോയി
കടയാടി ചുമ്മാ പുറത്തേക്ക് നോക്കി.അന്യായ സെറ്റപ്.കൊച്ചു ഗള്ളീ ,ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യേണ്ട കാര്യമൊന്നുമില്ലല്ലേ..പിന്നെ ടൈംപാസിനായിരിക്കും അല്ലേല്‍ പക്വത വരാന്‍വേണ്ടിയായിരിക്കും..എന്തായാലും കോളടിച്ചൂ..

മുമ്പ് അകത്തേക്ക് പോയസ്ത്രീ കുടിക്കാനുള്ളത് കൊണ്ടുവന്നു.

അല്ല...  ഡാഡ് ഇല്ലേ മമ്മീ..

എന്‍റെ ഡാഡ് ഇവിടെ ഉണ്ടാകേണ്ടകാര്യമില്ല..സാറിപ്പോള്‍ വരും...വിളിച്ച് പറഞ്ഞിട്ടുണ്ട്.

ഓഹോ അപ്പോള്‍ വേലക്കാരിയാണല്ലേ...കൊള്ളാം..

പുറത്തു ഒരു ജീപ്പ് വന്നു നില്‍ക്കുന്ന ശബ്ദം.എന്താണെന്നറിയില്ല പുറത്തോട്ടു നോക്കിയപ്പോള്‍ മുതല്‍ കടയടിക്കൊരു ഒരു മൂത്രശങ്ക.പുറത്തെന്താണെന്ന് വച്ചാല്‍..

ഒരു സെവന്‍റീസ് മോഡല്‍ ഓപ്പണ്‍ ടൈപ്പ് വില്ലീസ് ജീപ്പ്.അതില്‍നിന്നും ആറടിക്കു മേല്‍ പൊക്കമുള്ള ഒരു കൊമ്പന്‍മീശക്കാരന്‍ ഇറങ്ങുന്നു..വേഷം ഒരു ബനിയനും നിക്കറും,തോളില്‍ ഒരു ഇരട്ടക്കുഴല്‍ തോക്ക്, ചുണ്ടില്‍ ഒരു പൈപ്പ്, കൂടെ ഒരു പെട്ടി,നാല് പട്ടി.ഒരു പട്ടി എന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര പട്ടി വരും.വേട്ടനായ് എന്നു മലയാളത്തില്‍ പറയുമത്രേ.

വന്നപ്പാടെ കടയാടിയെ അടിമുടി നോക്കി. പുള്ളി ഇരുന്നതിന്‍റെ ഇരുവശങ്ങളിലുമായി ജോസ് പ്രകാശിന്‍റെ അടുത്ത് ഗുണ്ടകള്‍ നില്‍ക്കുന്നതുപോലെ പട്ടികളും.അപ്പോഴാണ് ഈ പാമ്പേഴ്സും, സ്നഗ്ഗീസുമെല്ലാം കുട്ടികള്‍ക്ക് മാത്രം ഉള്ളതല്ല എന്നു കടയടിക്ക് തോന്നിയത്. ഇനിയിപ്പോള്‍ പറഞ്ഞിട്ടു കാര്യമില്ലല്ലോ വാവിട്ട വാക്കും ,കൈവിട്ട ആയുധവും ഇതും ഒക്കെ ഒരുപോലെയാണ് തിരിച്ചെടുക്കാന്‍ പറ്റില്ല..

ഇത്രക്ക് ബഹുമാനം വേണ്ട ഇരിക്കൂ.ഞാന്നാന് നിങ്ങള്‍ പറഞ്ഞ പ്രിയാമണിയുടെ ഡാഡ്. ഞാനങ് പട്ടാളത്തിലായിരുന്നു. ഇപ്പോള്‍ പെന്‍ഷന്‍ ആയി കുറച്ചു എസ്റ്റേറ്റുകളും, അബ്ക്കാരി ബിസിനസുമായി അങ്ങ് പോകുന്നു. ഇപ്പോള്‍ ഞാന്‍ ഒരു പ്രശ്നം തീര്‍ത്തിട്ടു വരുന്ന വഴിയാ..എന്താ വന്ന കാര്യം?

ഞാന്‍ അല്ല അതുപിന്നെ പ്രിയാമണിയെ അല്ല ഓ..എങ്ങിനാ അത്..അതേയ് നിങ്ങടെ ..അല്ലേല്‍ അങ്ങിനെ വേണ്ട...

നിങ്ങടെ മോളെ പെണ്ണുചോദിക്കാന്‍ വന്നതാ...

ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു.

ഗ്വാ.ഹ..ഹഖ്ഹ്വ.ഗ്വാ.ഹ..ഹഖ്ഹ്വ.ഹഹഹ.ഹ..

ഉറപ്പുള്ളവീടായതുകൊണ്ടു നന്നായി .അല്ലെങ്കില്‍ ഈ ചിരിയില്‍ ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നെ...

അല്ല,ഞാനവിടെതന്നെയാ വര്‍ക്ക് ചെയ്യുന്നെ.അവിടെ വച്ച് കണ്ടിട്ടുണ്ട്...കടയാടിക്കു കുറച്ചു ബലം എവിടെനിന്നോ കിട്ടി..

ആട്ടെ അവള്‍ക്ക് നിന്നെ അറിയാവോ,അവളോടു നീ മിണ്ടിയിട്ടുണ്ടോ? കേട്ടോടാ മക്കളെ..റോണി,റൂബി,റോമി നിങ്ങടെ പെങ്ങളെ പെണ്ണ് ചോദിചോണ്ട് ഒരുത്തന്‍ വന്നിരിക്കുന്നു.അളിയനെ നിങ്ങളൊന്നു നന്നായി സല്‍ക്കരിച്ചേര്...

സല്‍ക്കാരം കഴിഞ്ഞ കടയാടി പിന്നെ കേരള പഞ്ചായത്തില്‍ കാലുകുത്തിയിട്ടില്ല. അതുപോലെ ഇന്‍ഫോ പാര്‍ക്കിലെ തേജോമയയിലെ ബെഞ്ചിലും. പെണ്ണ് കാണലിനെ കുറിച്ച് ചോദിച്ചാല്‍ പറയും. ചുമരുണ്ടായാലല്ലേ അവിടെ ചിത്രം വരക്കാനുള്ള പെയിന്‍റ് വാങ്ങേണ്ടകാര്യമുള്ളൂ..

കടൂ,ഞാനെവിടെയാ താമസിക്കുന്നതെന്നറിയമെങ്കിലും,കടുംകൈ ഒന്നും ചെയ്തെക്കരുത്. സാങ്കല്‍പ്പികം എന്ന ലേബല്‍ ഞാന്‍ കൊടുത്തിട്ടുണ്ടെടാ.. നോക്കേടാ..

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഞാനും കണ്ടു "കൃഷ്ണനും രാധയും"

ഇതൊരു മണിരത്നം സിനിമയല്ല...അല്ലാ...
ഇതിന്‍റെ പ്രൊഡക്ഷന്‍ അമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സല്ല...അല്ലാ...
ഇതില്‍ പാട്ടെഴുതിയിരിക്കുന്നത് ഒ.എന്‍.വി കുറുപ്പല്ല...അല്ലാ...
ഇതിന്‍റെ സംഗീതസംവിധാനം എ ആര്‍ റഹ്മാനുമല്ല...അല്ലാ...
ഇതിലഭിനയിച്ചിരിക്കുന്നത് കമല്‍ ഹാസനും,ഐശ്വര്യാറായിയുമല്ല...അല്ലാ...

അപ്പോള്‍പ്പിന്നെ അധികം പ്രതീക്ഷിച്ചിട്ടു തിയേറ്ററില്‍ പോയി തെറിപറഞ്ഞിട്ടു ഒരു കാര്യവുമില്ല....ഇല്ലാ...

നമുക്കെല്ലാം ഒരു പ്രശ്നമുണ്ട്.മറ്റുള്ളവരില്‍ നിന്നും നമ്മള്‍ അവര്‍ക്ക് തരാവുന്നതിനെക്കാള്‍ വളരെ കൂടുതല്‍ ആഗ്രഹിക്കും.എന്നിട്ട് അത്രക്കും കിട്ടാത്തകുമ്പോള്‍ വിഷമമാകും.അതുപോലെ ഒട്ടും കിട്ടില്ല എന്നുവിചരിച്ചിരിക്കുന്നവന്റെയടുത്ത് നിന്നും എന്തെങ്കിലും കിട്ടിയാല്‍ ഭയങ്കര സന്തോഷവുമാകും.അവിടെനിന്നും ഇവിടെനിന്നും എല്ലാം ക്യാമറയിലേക്ക് നോക്കാതെ തട്ടിമുട്ടി അഭിനയിക്കാനറിയാവുന്നവരെ വച്ച് കല്യാണത്തിന് ഉപയോഗിക്കുന്നതിനെക്കാള്‍ മോശമായ ക്യാമറ ഉപയോഗിച്ച്, ആ ക്യാമറ ശരിക്ക് ഫോക്കസ്സ് പോലും ചെയ്യാന്‍ അറിയാത്തവനെ വച്ച് ഒരു പടം എടുക്കുമ്പോള്‍ ഇത്രയൊക്കെയേ കാണൂ.50 രൂപ മുടക്കി ഈ പടം കണ്ടാല്‍ 30രൂപക്കു മുതലായി എന്നു ഞാന്‍ പറയും.ക്യാമറ മര്യാദക്ക് ഫോക്കസ് ചെയ്യാത്തതുകൊണ്ടു 10 രൂപയും,വായില്‍ നോക്കാന്‍ പാകത്തിലുള്ള പെണ്ണുങ്ങള്‍ തിയേറ്ററില്‍ കയറാത്തതുകൊണ്ടു ആ വഴിക്കു  10 രൂപയും നഷ്ടം.തുടങ്ങിയപ്പോള്‍ ഒരു കപ്പിള്‍സുണ്ടായിരുന്നു തെറിവിളി കൂടിയതുകൊണ്ടോ എന്തോ ഇന്റെര്‍വെല്‍ സമയത്ത് ഇറങ്ങിപ്പോയി.

അങ്ങനെ ഞാന്‍ ബുധനാഴ്ച Krishnanum Radhayum /കൃഷ്ണനും രാധയുംഎന്ന സിനിമ തിയേറ്ററില്‍ പോയികണ്ടു.കൂടെ എന്‍റെ കൂടെ ഓഫീസില്‍ ജോലിചെയ്യുന്ന വേറെ ഒരുത്തനും ഉണ്ടായിരുന്നു.അവന്‍ പ്രത്യേകിച്ചു പറഞ്ഞിട്ടുണ്ട് പേര് വയ്ക്കരുതെന്ന്.പക്ഷേ ഓഫീസില്‍ ഉള്ളവര്‍ക്ക് അവനെ പെട്ടെന്നു മനസിലാകും.കാരണം അവന്‍ ഫേസ്ബുക്കില്‍, സന്തോഷ് പണ്ഡിറ്റ് ഞങ്ങളുടെ കമ്പനി ലോഗോയുള്ള ബാഗിന്‍റെ അരികത്ത് ഇരിക്കുന്ന ഫോട്ടോ ഇട്ടിരുന്നു.താഴെ കൊടുത്തത് മുഴുവന്‍ ആ സിനിമയെക്കുറിച്ചുള്ള സിനിമ കണ്ടതിനുശേഷമുള്ളഎന്‍റെ അഭിപ്രായങ്ങളാണ്.താല്പര്യമില്ലാത്തവര്‍ ഇവിടെ വച്ച് വായന നിറുത്തുക.തെറി പറയാന്‍ വേണ്ടി ആരും താഴോട്ട് വായിക്കരുത്.പ്ലീസ്...

കഥ / സംഭാഷണം


നമുക്കോ ,നമ്മുടെ ചുറ്റുപാടിലോ ഉള്ളവര്‍ക്ക് സംഭവിക്കാവുന്ന ഒരു അനുഭവം..മനുഷ്യന്‍റെ ബുദ്ധിക്ക് നിരക്കാത്തതായി അമാനുഷികമായി യാതൊന്നും കണ്ടില്ല.കഥയെവിടെയും മുറിഞ്ഞു പോകുന്നില്ല അതുകൊണ്ടു തന്നെ കാര്യം മനസിലാകും.കഥാസന്ദര്‍ഭമല്ലാത്ത രംഗങ്ങള്‍ വളരെ കുറവ്.

ക്രിസ്ത്യാനിയായ ജോണും ,ഹിന്ദുവായ രാധയും പ്രേമിച്ചു വിവാഹം കഴിക്കുന്നു.എന്നിട്ട് ജോണ്‍ ഹിന്ദുമതത്തിലേക്കൊ ,രാധ ക്രിസ്തു മതത്തിലെക്കൊ മാറാതെ മതമില്ലാതെ ജീവിക്കുന്നു.അപ്പോള്‍ പിന്നെ എന്തു സംഭവിക്കും എന്നു പറയാതെ തന്നെ ഊഹിക്കാം.ഭാര്യ മരിക്കുമ്പോള്‍ സെമിത്തേരിയില്‍ അടക്കാനോ,ദഹിപ്പിക്കാനോ പറ്റാതെ ഒരു രാത്രി ശവംവച്ചോണ്ടിരിക്കുന്ന അവസ്ഥ മതം മാറാതെ ഇന്റെര്‍കാസ്റ്റ് കല്യാണം കഴിക്കുന്ന സാധാരണക്കാരനായ ആര്‍ക്കും ഉണ്ടാകാം.

അതുപോലെ പടം ഇറങ്ങുന്നതിന് മുന്പെ കുറെ ഡയലോഗുകള്‍ കേട്ടിരുന്നു.അതൊക്കെ എങ്ങിനെ സിനിമയില്‍ പറയുന്നു എന്നൊരു സംശയം ഉണ്ടായിരുന്നെങ്കിലും കണ്ടപ്പോള്‍ അതൊക്കെ മാറി.കഥാസന്ദര്‍ഭത്തിനനുസരിച്ചല്ലാതെ ഒരു ഡയലോഗുകളും ഇല്ല. ഉദാഹരണമായി
"സൂര്യനുണ്ടോ എന്നറിയാണ്‍ ആകാശത്തേക്ക് ടോര്‍ച്ചടിച്ചു നോക്കേണ്ട കാര്യമില്ല" എന്ന ഡയലോഗ് പറയുന്നതു, അമ്മയെപ്പോലെ നായകന്‍ കാണുന്ന വാടകവീടിന്റെ ഉടമസ്ഥ "നിനക്കെന്നോട് സ്നേഹമില്ലാത്തതുകൊണ്ടല്ലേ നീ വീടൊഴിയുന്നത്" എന്നു ചോദിക്കുമ്പോഴാണു.

പതിനാല് കൊല്ലം പുറകിലോട്ട് പോകുന്ന ഫ്ലാഷ് ബാക്കില്‍ എല്ലാവരുടെയും അടുത്ത് മൊബൈല്‍ ഫോണ്‍ ,പുത്തന്‍ കാറുകള്‍,പുത്തന്‍ ഫാഷന്‍ വസ്ത്രങ്ങള്‍.അപ്പോള്‍ നമ്മള്‍ മനസിലാക്കേണ്ടത് സിനിമ തുടങ്ങുന്നത് 2025ഇല്‍ ആണ്.പാവം...പുള്ളി ബാലചന്ദ്രമേനോനെ കടത്തി വെട്ടാനുള്ള തിരക്കിനിടയില്‍ അതുപറയാന്‍ വിട്ടുപോയി.ക്ഷമിച്ചേക്കാം.

കാസ്റ്റിങ്/കഥാപാത്രങ്ങള്‍

സന്തോഷ് പണ്ഡിറ്റ് എന്ന അഭിനേതാവിനെ പറ്റി ഞാനൊന്നും പറയുന്നില്ല.ഇന്‍ഹരിഹര്‍നഗറിലെ ജഗദീഷിനോ, മാമൂക്കോയക്കോ പാരയെക്കാവുന്ന ഒരു വളിച്ച ചിരി എപ്പോഴും കാണാം.ഭാര്യ മരിച്ചു കിടക്കുമ്പോഴും ,കാമുകിയുമൊത്ത് പാട്ടുപാടുമ്പോഴും ,ഇടി കൂടുന്ന രംഗങ്ങളിലും എപ്പോഴും ഒരേ ഭാവം.പച്ചാളം ഭാസിക്കുപോലും ഒന്നും പഠിപ്പിക്കാന്‍ പറ്റൂല.സിനിമയില്‍ മൊത്തം ഡബ്ബിംഗ് മോശം എന്നുതന്നെ പറയേണ്ടി വരും.ശബ്ദവും വായയൂം രണ്ടും രണ്ടു വഴിക്കാണ്.

ബാക്കിയുള്ളവരെ എവിടെനിന്നൊക്കെയോ തപ്പിയെടുത്തതാണെന്ന് തോന്നുന്നു.കടം വാങ്ങിയവരാണോ,അതോ ഓടിച്ചിട്ടു പിടിച്ചതാണോ എന്നും സംശയമുണ്ട്.ഒരേ നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ എന്നു തോന്നുന്നു. ആണുങ്ങള്‍ക്കെല്ലാം ഒരു ഗുണ്ടാ ലുക്ക്.പെണ്ണുങ്ങള്‍ക്കെല്ലാം ഒരു ബസ് സ്റ്റാന്‍റ് ലുക്ക്.

പിന്നെ അവന്‍റെ ഭാര്യയായി അഭിനയിച്ച പെണ്ണ് വേണമെങ്കില്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ രക്ഷപ്പെടും.അത് മാത്രമാണ് മര്യാദക്ക് ഒന്നഭിനയിച്ചു കണ്ടത്.


വസ്ത്രാലങ്കാരം

പടത്തിനുവേണ്ടി പ്രൊഡ്യൂസര്‍ എന്തെങ്കിലും തുണി വാങ്ങിയിട്ടുണ്ടെന്ന് തോന്നുന്നില്ല.എല്ലാവരും അവരവരുടെ തുണി.അല്ലെങ്കില്‍ കടം വാങ്ങിയ കോട്ട്.അടുത്തു പ്രദേശത്ത് നടന്ന കല്യാണ വീടുകളില്‍ പോയി അവരുടെ ഡ്രസ് ഒക്കെ കടംവാങ്ങിയിട്ടുണ്ട്.പല കഥാപാത്രങ്ങള്‍ക്കും വ്യതസ്ഥ കാലത്ത് നടക്കുന്ന പല  സീനുകളിലും ഒരേ ഡ്രസ് തന്നെ.റിയല്‍ ലൈഫ് എന്നു വേണമെങ്കില്‍ പറയാം .കാരണം ഒരിക്കല്‍ ഇട്ട ഡ്രസ് പിന്നീട് നമ്മള്‍ ഇടില്ല എന്നൊന്നുമില്ലല്ലോ. പിന്നെ പെണ്ണുങ്ങള്‍ എല്ലാവരും തന്നെ ടൈറ്റ് ആയ ഡ്രസ് ഇടണം എന്നതും ഈ സിനിമയിലെ നിയമമായി തോന്നി.

മോഹന്‍ലാല്‍ മരുഭൂമിയില്‍ റെയിന്‍ കോട്ടിട്ടു നിന്നപ്പോള്‍ അത് സ്റ്റൈല്‍. പക്ഷേ ഇങ്ങേര് വീട്ടില്‍ കോട്ടിട്ടു നിന്നപ്പോള്‍ അത് ഷൂട്ടിങ്ങ് നടത്തിയ വീടിന് ചോര്‍ച്ചയുള്ളതുകൊണ്ടാണത്രേ.

പാട്ടുകള്‍ ,സംഗീതം


ഈ മേഖലയില്‍ പുള്ളിക്ക് ശരിക്കും കഴിവുണ്ട്.സിനിമയില്‍ ഉള്ള ഒരു കൃഷ്ണഭക്തിഗാനം ഏത് ക്ഷേത്രത്തിലും പാടാവുന്ന പാട്ടാണ്.ഈ പടത്തിനെപ്പറ്റി അറിയാത്ത ഒരു അമ്മൂമ്മക്ക് കേള്‍പ്പിച്ചു കൊടുത്താല്‍ 'എന്‍റെ കൃഷ്ണാ' എന്നു അവരറിയാതെ വിളിച്ചുപോകും.


പാടിയത് നന്നായിരിക്കുന്നു.ജാസി ഗിഫ്റ്റിന്‍റെ സ്വരം കൊള്ളാമെങ്കില്‍ സന്തോഷ് പണ്ഡിറ്റിന്റെ സ്വരവും കൊള്ളാം.കുറച്ചു പാട്ടുകള്‍ പാടിയത് പിന്നെ വലിയ ടീമുകള്‍ ആണല്ലോ.അവിടെ നമ്മള്‍ പ്രത്യേകിച്ചു അഭിപ്രായം പറയേണ്ട കാര്യമില്ല.


ആദ്യം ഗാനങ്ങള്‍ ചിത്രീകരിച്ചു അതിനനുസരിച്ച് സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിയതുപോലെയാണ് "അംഗനവാടിയിലെ ടീച്ചറേ.." എന്ന ഗാനം.പക്ഷേ എനിക്കേറ്റവും ഇഷ്ടപ്പെട്ടതു ഈ ഗാനമാണ്.ഇതില്‍ പിള്ളേര് "ABCD...Z" ചൊല്ലുന്നത് കേട്ടാല്‍ ഏതൊരാളും ചിരിച്ചുപോകും.


സംഗീതരംഗങ്ങള്‍ എന്നുപറഞ്ഞാല്‍ ലോ ക്ലാസ് അല്‍ബം മോഡല്‍. മെയിനായി  ഒരാണും ,പെണ്ണും .പിന്നെ കുറച്ചു കുട്ടികളോ അല്ലെങ്കില്‍ പെണ്ണുങ്ങളോ സൈഡില്‍ ഡാന്‍സ് ചെയ്യാന്‍ അത്രയേയുള്ളൂ.സ്റ്റെപ്പുകള്‍, എന്നുവച്ചാല്‍ മറ്റു സിനിമകളില്‍ നിന്നും അടിച്ചു മാറ്റിയതോ,അല്ലെങ്കില്‍ നാട്ടിന്‍പുറത്ത് വെള്ളമടിച്ചു ഗാനമേളക്ക് കളിക്കുന്ന സ്റ്റെപ്പുകളോ. ഉള്ളതുപറയാലോ, മലയാളത്തിലെ മെഗാസ്റ്റാര്‍ കളിക്കുന്നതിലും നന്നായിട്ടുണ്ടു. പിന്നെയുള്ളത് പണ്ട് ബെര്‍ലിച്ചായന്‍റെ പോസ്റ്റുകളില്‍ പൂട്ടിന് പീരപ്പോലെ  ഉണ്ടായിരുന്ന ,കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഞെരമ്പുരോഗികളെ  ലക്ഷ്യം വച്ചുകൊണ്ടുള്ള ഞെരമ്പത്തം. ഞെരമ്പത്തം കൂടുമ്പോ ഞെരമ്പന്‍മാര്‍ വിളിച്ച് പറയും ,മതിയെടാ  കൈയ്യെടുക്കേടാ എന്നു.


സംഘട്ടനം


പറന്നടി,അടിച്ചുപറത്തുക ,വെടികൊണ്ടു അരിപ്പപോലെയായിട്ടും തിരിച്ചു വന്നിടിക്കുക തുടങ്ങിയ അഭ്യാസങ്ങളൊന്നുമില്ല.അവനെക്കൊണ്ടു പറ്റിയത് അവന്‍ ചെയ്തു.ഒരു ഭാഗത്ത് ഭാര്യയോട് അപമര്യാദയായി പെരുമാറിയവനെ പുള്ളി ഒളിച്ചിരുന്നു വടികൊണ്ട് അടിക്കുന്നുപോലുമുണ്ട്. സാധാരണക്കാരനെക്കൊണ്ടു പറ്റുന്ന ഫൈറ്റ്..

അവസാനത്തെ വെടിവെപ്പ് ,അതിത്തിരി കടന്ന കൈയ്യായിപ്പോയി..നമ്മള്‍ നാടകം കളിക്കുമ്പോള്‍ പോലും ചോരയെന്ന് തോന്നിപ്പിക്കുന്ന ചുവന്ന ദ്രാവകം ഉണ്ടാക്കാറുണ്ട്.പിന്നെ സ്റ്റന്‍ഡ് സംവിധാനം മാഫിയശശിയോന്നും അല്ലല്ലോ.അപ്പോള്‍ അതിന്റെതായ കുറവുകള്‍ ഉണ്ട്.

ക്യാമറ


കല്യാണത്തിന്നുപോലും ഉപയോഗിക്കുന്നത് ഇതിലും നല്ല ക്യാമറയാണ്. ഹോളിവുഡില്‍ ഉപയോഗിക്കുന്ന ക്യാമറയൊന്നും  നമുക്ക് പറ്റില്ലെങ്കിലും ലൈറ്റിങ്ങും ,റിഫ്ലെക്ഷനും ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. അറ്റ്ലീസ്റ്റ് ലോക്കല്‍ ലൈറ്റ് അടിക്കുമ്പോള്‍ ഉണ്ടാകുന്ന വിയര്‍പ്പെങ്കിലും തുടച്ചുകളയാമായിരുന്നു.

ക്യാമറക്കു ഫോക്കസ് എന്നൊരു സാധനമുണ്ട് എന്നറിയാത്തവനാണ് ക്യാമറ പിടിച്ചിരുന്നത്.ക്യാമറ എന്തുതന്നെ മോശമായലും അവന്‍ ഒന്നു മര്യാദക്ക് ഫോകസ് ചെയ്തിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേന്നെ.പിന്നെ അവന്‍റെ ഒരുമാതിരി മുകളില്‍ നിന്നുള്ള ഞെരമ്പ് അങ്കിളുകളും.

ക്ലൈമാക്സ്


സാധാരണ സിനിമയിലെ നായകന്‍ ചെയ്യുന്നതുപോലെ വില്ലന്‍ ചെയ്തതെല്ലാം എണ്ണിയെണിപ്പറഞ്ഞുള്ള കുറ്റപത്രം വായിച്ചുകേള്‍പ്പിക്കലൊന്നുമില്ല .കാരണം ഈ കണ്ടു കൊണ്ടിരിക്കുന്നവര്‍ അത്രക്ക് പൊട്ടന്‍മാരോന്നുമല്ലല്ലോ.. നേരെയങ്ങു ഇടി പിന്നെ വെടി. അത്രക്കെയുള്ളൂ..സാധാരണ എല്ലാം കഴിയുമ്പോള്‍ വരുന്ന പോലീസുകാരും ഉണ്ടായില്ല. ക്ലൈമാക്സ് അങ്ങനെ വലിയ കുഴപ്പമില്ലാതെ മൊത്തത്തില്‍ കൊള്ളാം.

ചുരുക്കിപ്പറഞ്ഞാല്‍
 • മലയാളത്തില്‍ ഇതിലും മോശപ്പെട്ട സിനിമകള്‍ ഉണ്ടായിട്ടുണ്ട്
 • സന്തോഷ് പണ്ഡിറ്റ് എന്തൊക്കെയോ കഴിവുകള്‍ ഉള്ള വ്യക്തിയാണ്.എനിക്കു തോന്നിയത് കഥ,ഗാനരചന,സംഗീതം എന്നീ മേഖലകളിലാണ്.അഭിനയിക്കാനാണെങ്കില്‍ ഹാസ്യനടന്‍.
 • മുന്‍വിധികള്‍ വച്ച് ഇത് കാണാതെയിരിക്കരുത്, അല്ലെങ്കില്‍ കാണാന്‍ പോകരുതു.ഒരു പ്രാവശ്യം കാണാന്‍ പറ്റിയ സിനിമയാണ്.
 • വേറെവല്ല താരങ്ങളെയും വച്ച് ഈ കഥ നന്നായി എടുത്തിരുന്നെങ്കില്‍ എല്ലാവരും കാണാന്‍ പോയെന്നെ.അതുപോലെ മറ്റ് ഭാഷകളിലേക്ക് ഈ കഥ മര്യാദക്ക് റീമേക്ക് ചെയ്താല്‍ ഒരു അമ്പതു ദിവസമെങ്കിലും മിനിമം ഓടും.
 • എന്തെങ്കിലും വികാരങ്ങള്‍ നിങ്ങളുടെ മുഖത്ത് വരാതെ ഈ സിനിമ കണ്ടുകൊണ്ടിരിക്കാന്‍ പറ്റില്ല.മിക്കപ്പോഴും ചിരി,അല്ലെങ്കില്‍ ഇവനെ കയ്യില്‍ കിട്ടിയാല്‍ കൊല്ലാനുള്ള ദേഷ്യം,അതുമല്ലെങ്കില്‍ ഇവനാള് കൊള്ളാമല്ലോ, ഇവനെക്കൊണ്ടു ഇതെങ്ങിനെ സാധിക്കുന്നു എന്ന അത്ഭുതം അല്ലെങ്കില്‍ ആശ്ചര്യം.(വെറുതെ മസിലുപിടിച്ച് ഇരിക്കാനാണെങ്കില്‍ വീട്ടിലിരുന്നാല്‍ പോരേ.വെറുതെ എന്തിനാ കാശു കൊടുത്ത് തീയേറ്ററില്‍ ഇരിക്കുന്നെ?)
 • ഇന്‍റര്‍നെറ്റ് എന്ന മാധ്യമത്തിന് കേരളത്തില്‍ വിചാരിക്കുന്നതില്‍ കൂടുതല്‍ പ്രചാരമുണ്ട്.അല്ലെങ്കില്‍ ഒരാഴ്ചയായിട്ടും ഇത്രക്ക് തിരക്ക് കാണില്ല.
 • ഇത് ഡൌണ്‍ലോഡ് ചെയ്തു വീട്ടിലിരുന്ന് കാണുകയാണെങ്കില്‍ കുറച്ചു അയല്‍വാസികളെ കൂടി വിളിക്കുക.അല്ലെങ്കില്‍ ഒരു ഇത് കാണാന്‍ ഒരു ഓളവും ഉണ്ടാകില്ല.അല്ലേല്‍ ഡീസന്‍റ് ആയി തിയേറ്ററില്‍ പോകുക.
 • നിങ്ങള്‍ക്കു സിനിമയെടുക്കാന്‍ കഴിവുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുകയും, ഇതൊക്കെ വലിയ പാടാണ് ,'അമ്മ' സമ്മതിക്കുമോ, റിലീസ് ചെയ്യാന്‍ പറ്റുമോ,അഭിനയിക്കാന്‍ ആളെ കിട്ടുമോ, കുറെ പണം വേണമല്ലോ  എന്നൊക്കെ വിചാരിച്ചു നിങ്ങളുടെ കഴിവുകള്‍ തടവറയില്‍ അടച്ചിരിക്കുകയും ചെയ്തിരിക്കുകയാണെങ്കില്‍ ഈ സിനിമ കാണല്‍ നിങ്ങള്‍ക്ക് ഒരു പ്രത്യേക ധൈര്യം തരും.
ഇതെന്തെങ്കിലും ആകട്ടെ.പക്ഷേ ഇനിയും നല്ല സിനിമയെടുക്കാന്‍ കഴിവുള്ളവര്‍ പേടിച്ചുമാളത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെങ്കില്‍ അവരെല്ലാം പുറത്തുവരട്ടെ എന്നാശംസിച്ചുകൊണ്ടു പടം കണ്ടു എന്ന തെളിവിനായി ക്യൂവില്‍ നില്‍ക്കുന്ന ഒരു പടം.വളരെ ബുദ്ധിമുട്ടി എടുത്തതാ...

വിശദവിവരങ്ങള്‍ക്കു http://en.wikipedia.org/wiki/Krishnanum_Radhayum

അങ്ങനെ സിനിമ റിവ്യു ഒരെണ്ണം എഴുതി.എനിക്കീ റിവ്യു എഴുതിയതുകൊണ്ടു ഗൂഗിള്‍ ആഡ്സെന്‍സ് വഴിമാത്രമേ വരുമാനമുള്ളൂ എന്ന കാര്യം പ്രത്യേകിച്ചു പറയേണ്ടല്ലോ.

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

ഒരു പൊറോട്ടയുണ്ടാക്കിയ യാത്ര

കൊക്കരക്കൊ... കോ...ഏതോ സോഫ്റ്റ് വയറന്‍റെ വണ്ടിയുടെ ഹെഡ് ലൈറ്റ് കണ്ടിട്ടു പൂവന്‍ തെറ്റിദ്ധരിച്ചതാണ്.ഞെട്ടിയുണര്‍ന്ന റോഷ് സമയം നോക്കി.രണ്ടു മണി.നട്ടപ്പാതിര.അതും വെള്ളിയാഴ്ചയായി .വല്ല യക്ഷിയേയും,പ്രേതത്തിനെയും കാണാന്‍ പറ്റുമോ എന്തോ?End of Day Today ചെയ്തു തീര്‍ക്കേണ്ട വര്‍ക്ക് അതുപോലെ ഇരിക്കുന്നു.ഇനി എന്തെങ്കിലും എവിടെയെങ്കിലും കഴിക്കാന്‍ കിട്ടുമോ? ആ ആര്‍ക്കറിയാം..

"എടാ സെബിനെ നല്ല പൊറോട്ട എവിടെ കിട്ടുമെടാ?"

റോഷ് വര്‍ക്ക് ചെയ്തു തീര്‍ത്തിട്ട് അത് ടെസ്റ്റ് ചെയ്യാനിരിക്കുന്നവനാണ് സെബിന്‍.

"നമ്മുടെ അവിടെ ഒരു തട്ടുകടയുണ്ട് ചേട്ടാ.പൊറോട്ട നല്ല സ്മൂത്ത് ആയിട്ടിരിക്കും.പഞ്ഞി പോലത്തെ പൊറോട്ട."

സീന്‍ 2:


ഇന്‍ഫോപാര്‍ക്കിന് പുറത്തുള്ള തട്ടുകട.ഉച്ച സമയം.


ജോയ്:എടാ റോഷേ ,നാളെ എന്താടാ പരിപാടി?
റോഷ്:ഓ പ്രത്യേകിച്ചു ഒന്നുമില്ലെടെ.പുറത്തു പോയി ഒന്നു കറങ്ങണം പിന്നെ പൊറോട്ട കഴിക്കണം.


ജോയ്:എനിക്കു ഈ ആഴ്ച നാട്ടില്‍ പോകണം.അടുത്തയാഴ്ചയായിരുന്നെങ്കില്‍ ഞാനും കൂടി വന്നേനെ.
റോഷ്:എന്നാല്‍ അടുത്തയാഴ്ച പോകാം പൊറോട്ട കഴിക്കാന്‍.


ജോയ്:ഓകെ ഡാ...അടുത്തആഴ്ച.പൊറോട്ട വേണേല്‍ നീ നാളെ തന്നെ കഴിച്ചോ അതിനെന്തിനാ അടുത്ത ആഴ്ച വരെ കാത്ത് നില്‍ക്കുന്നത്?
റോഷ്:ഒരു ഹോട്ടലുണ്ടെടാ..അവിടെ പഞ്ഞി പോലത്തെ പൊറോട്ടയാണെന്നാ കേട്ടെ?പൊറോട്ട കഴിക്കുവാണെ അവിടെന്ന് കഴിക്കണം.


ജോയ്:ഓഹോ അങ്ങനെയാണോ ?എന്നാല്‍ ഡബിള്‍ ഓക്കെ..കാക്കനാട് ഏതാടെ പുതിയ ഹോട്ടല്‍?
റോഷ്:കുട്ടിക്കാനത്താ..കാക്കനാടല്ല...സെബിന്‍ പറഞ്ഞു അവന്‍റെ അവിടെ നല്ല പൊറോട്ട കിട്ടുമെന്ന്. അവന്‍ മുണ്ടക്കയമല്ലേ.
ജോയ്:കുട്ടിക്കാനത്താ!!!!!!!!!!!


പ്രഭാഷ്:എന്തൂട്ടാണ്ടാ പൊറോട്ട കഴിക്കാനാണോ രണ്ടും കൂടെ കുട്ടിക്കാനത്ത് പോകുന്നത്?ഇവിടെയൊന്നും കടയില്ലാണ്ടാണോ കുട്ടിക്കാനത്ത് പോകുന്നത്?
ജോയ്:അതെന്താ കുട്ടിക്കാനത്ത് പോയാല്? പൊറോട്ട കിട്ടൂലെ? നീ വിടമാട്ടെ? റോഷേ,ബൈക്കില്‍ പോകാടാ.


റോഷ്:ബൈക്ക് വേണോ? മഴയൊക്കെയല്ലേ? പിന്നെ അവിടെ നല്ല കോടയുണ്ടെന്നാ കേട്ടത്?
ബൈക്കില്‍ പോയാല്‍ മുന്നിലിരിക്കുന്നവനെ കാണാന്‍പോലും പറ്റുകേല...
ജോയ്:എന്നാല്‍ കാറ് തന്നെ.


റോഷ്: കാറില്‍ നാലു സീറ്റുണ്ട്..പ്രഭാഷെ?
പ്രഭാഷ്:എന്നാ പോയേക്കാം.അടുത്ത ആഴ്ച.ഭാര്യയോട് ഒന്നു ചോദിക്കട്ടെ?


ജോയ്:എടെ പുള്ളിക്കാരിയെയും,രണ്ട് പിള്ളേരെയും കൂടി എടുത്തോ. പുറകിലെ സീറ്റ് നിങ്ങള്‍ക്ക് പതിച്ചു തരാം
പ്രഭാഷ്:അത് കൊള്ളാം.ഞാന്‍ അടുത്ത ആഴ്ച കണ്‍ഫേം ചെയ്യാം.
ജോയ്:എല്ലാം പറഞ്ഞ പോലെ 24sep2011 നമ്മള്‍ കുട്ടിക്കാനം (Kuttikkanam) പോകുന്നു.

പക്ഷേ പ്രഭാഷിന് പിള്ളേരുടെ അസുഖം കാരണം ഫാമിലിയെ കൂടെ കൊണ്ട് വരാന്‍ പറ്റിയില്ല.അങ്ങനെ വേറെ ആളെ തപ്പി.അമീന്‍പക്ഷേ അവന് അവസാന നിമിഷം വരാന്‍ പറ്റിയില്ല.പിന്നെയുള്ളത് എല്‍ദോ. അവനാണെങ്കില്‍ ജീവിതം കെട്ടിപ്പിടിപ്പിക്കാനായുള്ള പ്രശ്നങ്ങള്‍.അല്ലെങ്കില്‍ വെര്‍ണ ഫ്ലൂയിടിക്ക് എന്ന പുതിയ മോഡല്‍ കാറില്‍ പോകമായിരുന്നു. അങ്ങനെ ഞങ്ങള്‍ മൂന്നുപേര്‍ തനിച്ചായി.മൂന്നു ഒറ്റയാന്‍മാര്‍ ഒരുമിച്ച് വന്നപ്പോലെ..

പ്ലാനിംഗ്


എപ്പോള്‍ പോകണം? എപ്പോള്‍ വരണം? ആദ്യത്തെ കാര്യം അതാണ്.എന്നിട്ട് വേണം ഏതൊക്കെ സ്ഥലങ്ങള്‍ കാണണം എന്നു തീരുമാനിക്കാന്‍.ആറ് മണിക്ക് പോകുന്നു.രാത്രി പത്തു മണിയോടുകൂടി തിരിച്ചു വരുന്നു.

ഓകെ ഇനി അവിടത്തെ സ്ഥലങ്ങള്‍ ഏതൊക്കെ എന്നു നോക്കണം?ഗൂഗിള്‍ തന്നെ ശരണം.അങ്ങനെ പിന്നത്തെ ആഴ്ച എന്‍റെ ഡെസ്കില്‍ ഇരുന്നു ഗൂഗ്ലിങ് തുടങ്ങി.ഓരോരോ സ്ഥലങ്ങളുടെ പേരുകള്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ ദാണ്ടെ ഒരു തല അപ്പുറത്തുനിന്നും പൊങ്ങി വരുന്നു.

ജോയ്:ആ എന്തൊക്കെയുണ്ട് ലോയല്‍ വിശേഷങ്ങള്‍? ഈ ആഴ്ച നാട്ടില്‍ പോകുന്നില്ലേ?
ലോയല്‍:എയ് ഇല്ല.നിങ്ങള്‍ കുട്ടിക്കാനം പോകുവാണോ?
റോഷ്:അതേ ,അവിടെ ഒരു ഹോട്ടല്‍ ഉണ്ടെടാ ,പഞ്ഞി പോലത്തെ പൊറോട്ടയാണെന്നാ കേട്ടെ?അത് കഴിച്ചിട്ടെ ഇനി ബാക്കി കാര്യമുള്ളൂ.


ലോയല്‍: ദേവാസ് ഹോട്ടലല്ലേ.ഞാന്‍ അവിടെ പഠിക്കുമ്പോള്‍ ആ ഹോട്ടലില്‍ നിന്നും കഴിക്കാറുണ്ട്.
ജോയ്: നീ അവിടെയാണോ പഠിച്ചത്? കുട്ടിക്കാനത്ത്?
ലോയല്‍: പിന്നെ അല്ലാതെ .മൂന് കൊല്ലം മരിയന്‍ കോളേജില്‍.


ജോയ്:അവിടത്തെ സ്ഥലങ്ങള്‍ എല്ലാം അറിയാലോ അല്ലേ?
ലോയല്‍:അവിടെ നിങ്ങള്‍ ഉദേശിക്കുന്നത് പോലെ വലിയതൊന്നും ഉണ്ടാകില്ല.ഒക്കെ മൊട്ടക്കുന്നുകള്‍ പോലെയിരിക്കും.


ജോയ്:അവിടെ വെള്ളത്തിന്‍റെ പരിപാടി എങ്ങിനാ? കിട്ടോ?
ലോയല്‍: പിന്നെ പോകുന്ന വഴിക്കു ഒരു വെള്ളച്ചാട്ടമുണ്ട്.


ജോയ്: ഓഹോ അങ്ങിനെയാണോ .റോഷേ...ഉം...
റോഷ്:ലോയല്‍ ,അപ്പോള്‍ ഞങ്ങള്‍ ആറുമണിക്ക് കാക്കനാട് നിന്നും തിരിക്കുന്നു. നീ തൃപ്പൂണിത്തുറ നിന്നും ആറെകാലിന് കയറുന്നു.


ലോയല്‍:എന്തു...എനിക്കു അടുത്തേന്‍റെ അടുത്ത ആഴ്ച കോളേജില്‍ ഒരു get tegether ഉള്ളതാ.പിന്നെ ഇപ്പോള്‍ പോകാണോ എയ് ഇല്ലെടെ
ജോയ് : റോഷേ അവന്‍റെ തല ഒന്നു നന്നായി കഴുകിയേക്ക്..

മെയിന്‍ ആയി ബാച്ചിലേഴ്സ് ട്രിപ്പില്‍ പ്ലാനിംഗ് എന്നു പറഞ്ഞാല്‍ മദ്യം എന്ന വെള്ളമാണ്.പക്ഷേ വെള്ളമടിക്കാത്ത പ്രഭാഷും,പൊറോട്ട കഴിക്കാന്‍ വേണ്ടി മാത്രം വരുന്ന റോഷും,വെള്ളം എന്നു പറഞ്ഞാല്‍ വെള്ളച്ചാട്ടം എന്നു കേള്‍ക്കുന്ന ലോയലും പിന്നെ വെള്ളം കൈ കൊണ്ട് തൊടാത്ത ഞാനും ആകുമ്പോള്‍ അങ്ങനെ ഒരു പ്ലാനിങ്ങിന്‍റെ ആവശ്യമേ ഉണ്ടായില്ല.

പിന്നെയുള്ളത് ക്യാമറ.എല്ലാവരുടെയും കൈയ്യില്‍ മൊബൈല്‍ ഉള്ളതുകൊണ്ടു ഫോട്ടോക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല.എന്നാലും ഒരു വീഡിയോ ക്യാമറയും ,ഒരു സ്റ്റില്ലും തീരുമാനിച്ചു.ഭക്ഷണം പിന്നെ ഹോട്ടേലില്‍ നിന്നും.ഇനിയുള്ളത് ഏതൊക്കെ സ്ഥലങ്ങള്‍?

സ്ഥലങ്ങള്‍ അധികം ഇല്ലാത്തതുകൊണ്ടു പെട്ടെന്നു തന്നെ തീരുമാനമായി. പാഞ്ചാലിമേട്,പിന്നെ ഒരു വെള്ളച്ചാട്ടം, അമ്മച്ചിക്കൊട്ടാരം, പരുന്തുംപാറ, പൈന്‍ഫോറെസ്റ്റ്

റൂട്ട്


ഗൂഗിള്‍ മാപ്പുള്ളപ്പോള്‍ വേറെ എന്തു മാപ്പ്.പിന്നെ നമ്മുടെ നാട്ടിലെ റോഡുകള്‍ തോടാറുമാസം,റോഡാറുമാസം എന്ന അവസ്ഥയിലാണല്ലോ അതുകൊണ്ടു മാപ്പില്‍ വഴി കണ്ടെങ്കിലും അതിലൂടെ പോകാന്‍ പറ്റുമോ എന്നറിയാന്‍ അറിയാവുന്ന എല്ലാവരോടും ചോദിച്ചു.അങ്ങനെ അവസാനം

തൃപ്പൂണിത്തുറ->തലയോലപ്പറമ്പ്->പാലാ->ഈരാറ്റുപേട്ട->കാഞ്ഞിരപ്പള്ളി->മുണ്ടക്കയം->കുട്ടിക്കാനം

എന്ന റൂട്ടിലെത്തി.ആകെ ഉണ്ടായിരുന്ന ഒരേഒരു നിര്‍ബന്ധം പാലാ വഴിയായിരിക്കണം റൂട്ട് എന്നതാണു.തൃശ്ശൂര്‍ കഴിഞ്ഞാല്‍ കത്തോലിക് ആയ അച്ചായത്തിമാരെ കാണാന്‍ കിട്ടുന്ന ഒരേ ഒരു സ്ഥലമല്ലേ മിസ്സ് ആക്കാന്‍ പറ്റുമോ?

അങ്ങനെ പൊറോട്ട കഴിക്കാന്‍ വേണ്ടി ഒരു കുട്ടിക്കാനം യാത്ര തുടങ്ങി.ദാണ്ടെ താഴെക്കാണുന്നവരാണ് യാത്രികര്‍.പിന്നെ ഒരുത്തിയും കൂടിയുണ്ട്.അവളാണ് ഫോട്ടോ എടുത്തത്.ഓമനപേരോന്നുമില്ല.പള്ളിയിലെ അച്ഛന്‍ മാമ്മോദീസ മുക്കിയപ്പോള്‍ വിളിച്ച പേരുതന്നെയാണ് ഇപ്പൊഴും വിളിക്കുന്നത്.മാരുതി ആള്‍ട്ടോ Lxi

പാലായില്‍ പഴയപ്പോലെ ഒന്നിനേയും കാണാനില്ല.ഒക്കെ വല്ല നേഴ്സിങ് അല്ലെങ്കില്‍ എന്‍ജിനിയറിങ് പഠിക്കാന്‍ ബാംഗ്ലൂര്‍,അല്ലെങ്കില്‍ ചെന്നൈ പോയിരിക്കും.അല്ലെങ്കില്‍ അവിടെയൊക്കെത്തന്നെ ജോലികിട്ടിക്കാണും.രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാലാ അല്ല പാല് എന്നപോലെ ദാണ്ടെ വരുന്നു സെബിന്‍റെ ഫോണ്‍.അവന്‍ ബൈക്കില്‍ മുണ്ടക്കയത്തിന് വരുന്നുണ്ടത്രേ. ഓഹോ ശരിയെടാ.ഞങ്ങള്‍ ദേ പാലാ ബിഷപ്പ് ഹൌസിന് മുന്‍പില്‍ വെയിറ്റ് ചെയ്യാം. അങ്ങനെ പാലായില്‍ വണ്ടി നിറുത്തി.

"എടാ അപ്പോള്‍ അവന്‍ ബൈക്ക് ഇവിടെ വച്ച് നമ്മുടെ കൂടെ കൂടുമോ?"


റോഷിന്‍റെ ബുദ്ധിപരമായ ഒരു ഡൌട്ട്.ഇവന്‍ മിക്കവാറും കട്ടുറുമ്പാകും


"എന്നാ നീ ഒന്നു വിളിക്കെടാ"


അങ്ങനെ റോഷ് വിളിച്ചു.


"കുഴപ്പമില്ലെടാ ,സെബിന്‍റെ കൂടെ അവന്‍റെ ഒരു ഫ്രെന്‍ഡ് ഉണ്ട്.അവന്‍ വണ്ടി കൊണ്ടുപോയ്ക്കൊളുമായിരിക്കും.ഇപ്പോള്‍ മനസിലായില്ലേ"


അങ്ങനെ സെബിന്‍ വന്നു.കൂടെ ഒരു ഫ്രെന്‍ഡ് ഉണ്ട്.അഞ്ചു മിനിറ്റ് വര്‍ത്താനം പറഞ്ഞിട്ടും സെബിന്‍ വണ്ടിയില്‍ നിന്നും ഇറങ്ങുന്നില്ല.എന്തേ ഇറങ്ങാതെ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു.


"ചേട്ടാ അപ്പോള്‍ വണ്ടി എങ്ങിനെ കൊണ്ട് പോകും.ഇവന് വണ്ടി ഓടിക്കാന്‍ അറിയില്ല"

പിന്നെ ചോദ്യം റോഷിനോടയിരുന്നു


"ഡാ റോഷെ?"
"കുഴപ്പമില്ലെടെ സെബിന്‍ വണ്ടി മുണ്ടക്കയത് വച്ചിട്ട് കാറില്‍ കയറും.സെബിന് വഴിയറിയാവുന്നതല്ലേ നീ മുമ്പില്‍ വിട്ടോ" 


റോഷ് ഒരു സമാധാനം ഉണ്ടാക്കാന്‍ നോക്കിയെങ്കിലും സെബിന്‍ അപ്പോള്‍ തന്നെ അത് തകര്‍ത്തുകളഞ്ഞു.


"ചേട്ടാ എന്നാല്‍ ഞാന്‍ ബൈക്ക് മുണ്ടക്കയത്ത് സര്‍വ്വീസിന് കൊടുത്തിട്ടു അത് വാങ്ങിയിട്ടു വരാം.ബൈക്ക് സര്‍വീസ് ചെയ്യാറായി"

"അപ്പോള്‍ സെബിനെ എല്ലാം പറഞ്ഞ പോലെ.ഏത് വഴിയാടാ മുണ്ടക്കയത്തിന് പോകാന്‍ നല്ലത്."


"പൊന്‍കുന്നം വഴി.അല്ലെങ്കില്‍ പിന്നെ ഈരാറ്റുപേട്ട.ഞാന്‍ ഈരാറ്റുപേട്ട വഴിയാ പോകുന്നേ"
ഓഹോ പൊന്‍കുന്നം,തേജോമയയിലെ നമ്മുടെ പ്രിയാമണിയുടെ നാട്.


"അപ്പോള്‍ ശരിയെടെ നീ വിട്ടോ.ഞങ്ങള്‍ പൊന്‍കുന്നം വഴി വന്നോളാം."

പക്ഷേ പൊന്‍കുന്നം കഴിയാറായിട്ടും പ്രിയാമണി പോയിട്ടു ഒരു സാധാമണിയെപ്പോലും കണ്ടില്ല.അപ്പോള്‍ പിന്നെ ടാര്‍ഗെറ്റ് കാഞ്ഞിരപ്പള്ളിയാക്കി .തേജോമയയിലെ വനിതാപോലീസും,വാണിയുമൊക്കെ നാലു കൊല്ലം മേഞ്ഞുനടന്ന സ്ഥലങ്ങള്‍ കണ്ടപ്പോള്‍ ആര്‍ക്കൊക്കെയോ ചില നെടുവീര്‍പ്പുകള്‍.അങ്ങനെ പത്തുമണിയോടുകൂടി ഞങ്ങള്‍ മുണ്ടക്കയത്തെത്തി.

പാഞ്ചാലിമേട് (Panchalimedu)

മുണ്ടക്കയം കഴിഞ്ഞു പിന്നേയും കിഴക്കോട്ട് പോകുമ്പോള്‍ മല തുടങ്ങുകയായി.ആദ്യം വരുന്ന സ്ഥലമാണ് പാഞ്ചാലിമേട്.മെയിന്‍ വഴിയില്‍ നിന്നും വലത്തോട്ട് തിരിഞു ഒരു നാലഞ്ചു കിലോമീറ്റര്‍ പോകണംചെന്നിറങ്ങുമ്പോ തന്നെ ചെറിയ ഒരു മതസൌഹാര്‍ദ അന്തരീക്ഷം കാണാംഒരു കുരിശും,ഒരു ചെറിയ ശ്രീകൃഷ്ണപ്രതിഷ്ഠയും അടുത്തടുത്ത് ഇങ്ങനെ ഇരിക്കുന്നു.പക്ഷേ സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും ഇത് രണ്ടും വ്യത്യസ്ഥ മലകളില്‍ ഉള്ള ഒരു കുരിശുപള്ളിയിലേക്കുംഅമ്പലത്തിലേക്കുമുള്ള ചൂണ്ടുപലകകളാണെന്ന്.
പാഞ്ചാലിമേട് ബസ്സ്റ്റോപ്


രണ്ടു വഴികള്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്

മുകളിലെ കുരിശിന്‍റെ അടുത്തേക്ക് പോകുന്ന വഴി

മുകളിലെ ക്ഷേത്രത്തിലേക്ക് പോകുന്ന വഴി

മലമുകളിലെ ക്ഷേത്രം

മലമുകളിലെ മറ്റൊരു പ്രതിഷ്ഠ

അതെന്തെങ്കിലും ആകട്ടെ.ഇറങ്ങിയപ്പോള്‍ തന്നെ ചെറുതായി തണുപ്പ് തോന്നിയിട്ടുണ്ടാകും.ഈ ചെറു തണുപ്പത്ത് ഇനി മലകയറിതുടങ്ങുകപ്രകൃതിഭംഗിയെപ്പറ്റി വര്‍ണിക്കാന്‍ എനിക്കു അത്രക്ക് ഭവനയില്ലഅനുഭവിച്ച്തന്നെ അറിയണംപുല്‍മേടുംതണുപ്പുംമുകളില്‍ നിന്നും നോക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പേടിയും,താഴെ കാണുന്ന വഴികളും എല്ലാം വലിയ ശല്യപ്പെടുത്തലുകള്‍ ഒന്നും ഇല്ലാതെ തന്നെ ആസ്വദിക്കാം.ആളുകള്‍ അറിഞ്ഞുവരുന്നതേയുള്ളൂ എന്നുതോന്നുന്നുഞങ്ങള്‍ ചെന്നപ്പോള്‍ അവിടെ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.


മലമുകളിലെ ഒരു പാറ.താഴേക്കു നോക്കിയാല്‍ നല്ല ഭീകരതയുണ്ട്.

അവിടെ കണ്ട ഒരു തരം പൂവ്

ഒരുവഴിക്ക് പോവുകല്ലേ.ചുമ്മാ കിടന്നും ഇരുന്നും ഒക്കെ എടുത്തു.

പാമ്പാണെന്ന് തെറ്റിദ്ധരിക്കരുത്.വലുതാക്കിയാല്‍ വഴിപോലെകാണാം

എങ്ങാനും കാലുതെറ്റിയാല്‍ കഴിഞ്ഞു

ഇവിടെ വച്ചാണ് മഹത്തായ ആ കണ്ടുപിടുത്തം ഉണ്ടായത്.കുറെ ഫോട്ടോസ് എടുത്തുകഴിഞ്ഞപ്പോള്‍ ഒരു തോന്നല്‍ നോര്‍മല്‍ ഫോട്ടോയില്‍ പ്രകൃതി ഭംഗി ശരിക്കും പതിയുന്നുണ്ടോ എന്നു.SLR അല്ലാത്തതുകൊണ്ട് ഫോട്ടോസിന്‍റെ വീതി വളരെ കുറവാണ്.ആറായിരം രൂപക്ക് വാങ്ങിയ canon A1100IS എന്ന ക്യാമറയില്‍ അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ടും കാര്യമില്ല.വീഡിയോ എടുത്തു നോക്കി.അങ്ങട്ട് പോരാ.അങ്ങനെയാണ് പനോരമ എന്ന പരിപാടിയെപ്പറ്റി ഓര്‍മ വന്നത്.Canon A1100IS അപ്പോഴേ സുല്ല് പറഞ്ഞു.അതില്‍ അങ്ങനെയൊരു ഫീച്ചര്‍ ഇല്ല.

"എടാ റോഷെ ,നിന്‍റെ ക്യാമറയില്‍ പനോരമ ഉണ്ടോടാ?"
"എവിടെ അവള്‍?ഒറ്റയ്ക്കാണോ വന്നേക്കണത്?"


ചോദിച്ചതു അവന്‍ ശരിക്കും കേട്ടില്ലെന്ന് തോന്നുന്നു. 


"എടാ നിന്‍റെ ക്യാമറയില്‍ പനോരമ എന്ന മെനു ഉണ്ടോടാ? വീതിയില്‍ ഫോട്ടോ എടുക്കാനാ?"
"..അങ്ങനെയെങാണ്ട് ഒരെണ്ണം ഉണ്ടെന്നാ തോന്നുന്നേ..കടക്കാരന്‍ പറഞ്ഞിരുന്നു.ഭയങ്കര ബുദ്ധിമുട്ടാട അങ്ങനെ എടുക്കാന്‍"


"നീയാ ക്യാമറയൊന്നു തന്നെ നോക്കട്ടെ?"

അങ്ങനെ ആദ്യത്തെ പനോരമ എടുത്തു.സ്വീപ്പ് പനോരമ എന്ന ഫീച്ചര്‍ ഉള്ള അതില്‍ പനോരമ ഫോട്ടോസ് എടുക്കാന്‍ വളരെ എളുപ്പം.പിന്നെ അങ്ങോട്ട് പനോരമയുടെ കളിയായിരുന്നു.

ക്ലിക്കി വലുതാക്കിയാല്‍ ഒരു എഫെക്ട് ഒക്കെ തോന്നും.

വീണ്ടും ഒരു പനോരമ കൂടി


വെള്ളച്ചാട്ടം (Valanjanganam Waterfalls)

അതിരപ്പള്ളി (Athirappilly) വെള്ളച്ചാട്ടം കണ്ടിട്ടുള്ളവര്‍ക്ക് ഇത് ഒരുമാതിരി 10 പേര്‍ ചേര്‍ന്ന് നിന്ന്‍ മൂത്രം ഒഴിക്കുന്നതുപോലെയേ തോന്നൂ.അതിരപ്പള്ളിക്ക് പോകുമ്പോള്‍ കാണുന്ന ചാര്‍പ്പ വെള്ളച്ചാട്ടത്തിലും ചെറുതാണ് ഈ വെള്ളച്ചാട്ടം.പാഞ്ചാലിമേട്ടില്‍ നിന്നും കുട്ടിക്കാനത്തേക്ക് പോകുന്ന വഴിയരികില്‍ തന്നെയാണ് ഇത്.ചുമ്മാ അവിടെ ഇറങ്ങി അടുത്തു കണ്ട കടയില്‍ നിന്നും പപ്പടവട വാങ്ങിക്കഴിച്ചു അത്രതന്നെ.ശബരിമല സീസണില്‍ അയ്യപ്പന്‍മാര്‍ കുളിക്കുന്ന സ്ഥലമാണ് ഇത്.


അമ്മച്ചിക്കൊട്ടാരം

വെള്ളച്ചാട്ടം കഴിഞ്ഞു കുട്ടിക്കാനം ടൌണ്‍ എത്തുന്നതിന് കുറച്ചു മുന്പ് ഇടത്തോട്ട് തിരിഞ്ഞു ഏകദേശം രണ്ടു കിലോമീറ്റര്‍ പോയാല്‍ ഇവിടെയെത്താം.കൊട്ടാരം എന്നൊക്കെയാണ് പേരെങ്കിലും ഒരു വലിയ മനയുടെ വലിപ്പമേയുള്ളൂ.ഗെയ്റ്റ് പൂട്ടിക്കിടക്കുന്നു.ഗേറ്റിന് സൈഡില്‍കൂടി അകത്തുകടക്കാം.അതുകൊണ്ടു തന്നെ ടികെറ്റ് വേണ്ട.ഞങ്ങള്‍ ചെല്ലുമ്പോ അവിടെ വേറെ ഒരു മനുഷ്യക്കുഞ്ഞില്ല.ആകെ ഒരു പ്രേതാന്തരീക്ഷം .മരങ്ങളുടെ ഇടയില്‍ കൂടി കാണാവുന്ന ഒരു കൊട്ടാരം.സിനിമയില്‍ ഒക്കെ കാണുന്നപോലെ.


പൂട്ടിയാലും സൈഡിലൂടെ അകത്തുകടക്കാം.


ഈഫോറെസ്റ്റ് നിറച്ചും കാടാണല്ലോ...


പടികളുടെ ഫോട്ടോ എടുക്കുമ്പോള്‍ വാച്ചര്‍ എന്നു തോന്നിപ്പിക്കുന്ന ഒരു വല്യപ്പന്‍ വന്നു നോക്കിയിട്ട് പോയി.പക്ഷേ പിന്നെ അയാളെ മഷിയിട്ടു നോക്കിയിട്ടും കിട്ടിയില്ല.ഭീകരത തളം കെട്ടിനില്‍ക്കുന്ന അവിടെ ഞങ്ങള്‍ കുറച്ചുകൂടി ഫോട്ടോസ് എടുത്തു.
വാച്ചറാണോ അതോ വല്ല യക്ഷനോ.പിന്നെ അയാളെ ആ ഭാഗത്ത് കണ്ടിട്ടില്ല.

ഇതാണ് കൊട്ടാരത്തിന്‍റെ മുന്‍ഭാഗം

രാജാവു ഭയങ്കര കോഴിയായിരുന്നു അല്ല കോഴിപ്രിയനായിരുന്നു എന്നു തോന്നുന്നു..നാടന്‍ കോഴികളെ വളര്‍ത്താന്‍ കൂട് ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്.പള്ളിയലക്ക് കഴിഞ്ഞു തുണിയെല്ലാം വിരിച്ചിട്ടിട്ടുണ്ട്.ഒരു ചുവന്ന തുണിയുള്ളതുകൊണ്ടു യക്ഷികളുടേതല്ല.


ആ തുണിയിട്ടിരിക്കുന്നതിന്റെ അടുത്തായിട്ടുവരും കോഴിക്കൂട്

അകത്തു നൂണ്ട് കടക്കാന്‍ അറിയാഞ്ഞിട്ടല്ല.പിന്നെ വെറുതെ അവിടത്തെ യക്ഷികള്‍ക്ക് എന്തിനാ B+ve ചോര കൊടുക്കുന്നതു?അതെങ്ങാനും അവരുടെ ഗ്രൂപ്പുമായിട്ട് മാച്ചായില്ലെങ്കിലോ?അല്ലെങ്കില്‍ തന്നെ യക്ഷികള്‍ എന്ന ജീവിവര്‍ഗം തന്നെ റെഡ് കാറ്റഗറിയിലാണ്.ഒന്നിനെയും ഇപ്പോള്‍ കേള്‍ക്കാനും കാണാനും ഇല്ല.
ചുമ്മാ ഉള്‍വശത്തിന്‍റെ കുറച്ചു ഫോട്ടോസ് എടുക്കാന്‍

ടികെറ്റ് ഇല്ലാത്തതുകൊണ്ടുതന്നെ മെയ്ന്‍റനന്‍സ് നഹി..

ഇടക്കിടെ ഹൌസ്ദാറ്റ്? എന്നു കേള്‍ക്കുന്നുണ്ട്.ഗന്ധര്‍വ്വന്‍മാരും 20-ട്വെന്‍റി കണ്ടു ക്രിക്കെറ്റ് കളി തുടങ്ങിയോ എന്തോ വിത്ത് യക്ഷീസ് as ചിയര്‍ ഗേള്‍സ്?അവിടെ കണ്ട ഒറ്റയടിപ്പാതയിലൂടെ ഒറ്റയടിവച്ച് പോയപ്പോള്‍ മനസിലായി.ഗന്ധര്‍വന്‍മാര്‍ അല്ല അപ്പുറത്തെ കോളേജുകുമാരന്‍മാര്‍ ആണ്.ഇവനൊക്കെ ക്രിക്കറ്റ് കളിക്കാനാണോ ക്ലാസ് കട്ട് ചെയ്തത്നമ്മുടെയൊക്കെ ലെവലില്‍ യെവനൊക്കെ ഇനി എന്നെത്തുമോ എന്തോ?
കളിക്കുന്നവന്‍മാരുടെ ഫോട്ടോ എടുത്തില്ല.വെറുതെ എന്തിനാ??

പരുന്തുംപാറ (Parunthumpara)


അമ്മച്ചിക്കോട്ടാരത്തില്‍ നിന്നും കുട്ടിക്കാനം ടൌണില്‍ വന്നു വലത്തോട്ട് തിരിഞ്ഞു കുമിളി വഴിക്കു കുറച്ചു പോയി പിന്നെ ചോദിച്ചു ചോദിച്ചു പോയാല്‍ പരുന്തുംപാറ എന്ന സ്ഥലത്തു ചെല്ലാം.കുട്ടിക്കാനത്തെ ടൂറിസ്റ്റ് സ്ഥലങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ഞങ്ങള്‍ കണ്ടത് ഇവിടെയാണ്. മുഴുവന്‍ ചെങ്കുത്തായ മലകളാണ് ഇവിടെ.അധികം അറിയപ്പെടാത്ത സ്ഥലമായതുകൊണ്ടു തന്നെ സെക്യൂരിറ്റി അല്ലെങ്കില്‍ ഗാര്‍ഡുമാര്‍ ഒന്നും ഇവിടെയില്ല.ആകെ ചെയ്തിരിക്കുന്ന ഒരു വേലിയാണ്. പാറയിലേക്ക് പോകുമ്പോള്‍ കാല്‍ വഴുതി വീണാല്‍ വീണത് തന്നെ.


ചൈനയിലെ വന്മതില്‍ പോലെയൊക്കെ ഉണ്ടാക്കാന്‍ നോക്കിയെങ്കിലും ഇന്ത്യയിലെ ചെറുമതിലായിപ്പോയി.


മുകളില്‍ നിന്നും താഴോട്ട് ഇഴുകാന്‍ നല്ല രസമായിരിക്കും.


ഇവിടത്തെ പ്രധാനആകര്‍ഷണം പരുന്ത് പറക്കാന്‍ നില്‍ക്കുന്നതുപോലെയുള്ള ഒരു പാറയാണ്.പാറയുടെ അറ്റത്തിരുന്നു താഴോട്ട് നോക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു ഫീലിങ് ഒന്നു വേറെത്തന്നെയാണ്.പിന്നെ ഇവിടെ ചെറിയ ഒരു തടാകം ഉണ്ട്.ശരിക്ക് പറഞ്ഞാല്‍ തടാകം ഞങ്ങള്ക്ക് മിസ്സ് ആയി.ചുമ്മാ കണ്ടെയുള്ളൂ.ആര്‍മ്മാദിക്കാന്‍ പറ്റിയില്ല.ഇവിടെയും കുറച്ചു പനോരമക്ക് ക്യാമറ വീശി.
സ്വന്തം റിസ്കില്‍ മാത്രം പോകുക.


പാറയുടെ അറ്റം.ഇനി ഇവിടുന്നങ്ങോട് ചൊവ്വാഗ്രഹമാണ്.

പാറയുടെ അറ്റത്തുനിന്നും ജീവന്‍ പണയപ്പെടുത്തിയെടുത്ത.. ആ.. പനോരമ..താഴെ ഇടത്തു ഭാഗത്ത് കാണുന്നതാണ് ചിന്ന തടാകം.


ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ എന്തോ ഒന്നിന്‍റെ ഷൂട്ടിംഗ് നടക്കുന്നു.ആല്‍ബം ആണെന്ന് തോന്നുന്നു.കാരണം കംപ്ലീറ്റ് ജീന്‍സ് ഇട്ട ക്ലീന്‍ ഷേവ് ചെയ്ത പയ്യന്‍സാണ്..പിന്നെ ചുക്കേതാ ,ചുണ്ണാമ്പേതാ എന്നറിയാത്ത രണ്ടുമൂന് കിളികളും.സിനിമ ആയിരുന്നെങ്കില്‍ താടി വച്ച രണ്ടു ബുദ്ധിജീവികളെ കണ്ടേന്നെ.പിന്നെ ഞങ്ങളെ കണ്ടതെ അവര് ഷൂട്ടിംഗ് നിറുത്തി പാക്ക്അപ്പ് ചെയ്തു.ഞങ്ങളെ തേജോമയയില്‍വച്ച് കണ്ടിട്ടുള്ള ആരെങ്കിലും ഈക്കൂട്ടത്തില്‍ കാണുമായിരിക്കും.
പാക്കപ് പതുക്കെ മതി ചേട്ടാ വെറുതെ അതിന്‍റെ മുകളീന്ന് വീഴേണ്ടാ.


കുട്ടിക്കാനം വരെ പോകാന്‍ പെട്രോള്‍ കത്തിച്ചത് മുതലാകണമെങ്കില്‍ ഇവിടെ വരണം.കംപ്ലീറ്റ് ഭീകരത.നമ്മള്‍ ഒരു വലിയ ചെങ്കുത്തായ മലയുടെ മുകളില്‍ നില്‍ക്കുന്നു.താഴേക്കു നോക്കിയാല്‍ ചെറുതായി തല കറങ്ങും.ഇഞ്ചോടിഞ്ച് പോരാട്ടം.ഇതും പറഞ്ഞറിയിക്കാന്‍ വളരെ പ്രയാസം.കണ്ടു തന്നെ മനസിലാക്കണം.കാര്‍ നിറുതിയിടത്തുനിന്നു കുറച്ചു താഴയാണ് പരുന്തുംപാറ. തിരിച്ചു കയറല്‍ ഇത്തിരി പാടാണ്.പിന്നെ ഒരു ആശ്വാസം മുകളില്‍ ഐസ് ക്രീം വില്‍ക്കുന്ന ഓട്ടോറിക്ഷകള്‍ ഉണ്ട്.
ഞാന്‍ തന്നെ കയറണമല്ലോ എന്‍റെ ഈശ്വരാ...

ക്ഷീണം മാറ്റാന്‍.. ദാസാ,രണ്ടു ലാസാ...

പൈന്‍ ഫോറെസ്റ്റ്

പൈന്‍ മരങ്ങള്‍ ഇതുവരെ നേരിട്ടു കണ്ടിട്ടില്ലാത്തവര്‍ക്ക് ഇത് കിടിലനാണ്ഏക്കര്‍ കണക്കിനു പൈന്‍മരങ്ങള്‍ തിങ്ങി വളരുന്നു.പക്ഷേ കണ്ടിട്ടു തോന്നുന്നത് ആരോ നട്ട് പിടിപ്പിച്ചപ്പോലെയാണ്. കാരണം എല്ലാം വരിയും നിരയുമായിട്ടാണ് നില്‍ക്കുന്നത്.സാമൂഹ്യവിരുദ്ധന്മാരുടെയും ,അവിഹിത കമിതാക്കളുടെയും ഏരിയ ആണത്രെ.ഒന്നൊന്നര മണിക്കൂര്‍ നിന്നിട്ടും മരുന്നിന് പോലും ആരെയും കാണാം കഴിഞ്ഞില്ല.
ഒന്ന്‍,രണ്ട്,മൂന്ന്‍,നാല്..ഇല്ല എണ്ണാന്‍ പറ്റില്ല

പൈന്‍ മരത്തിന്‍റെ കായ


പൈന്‍ മരത്തിന്‍റെ ഒരു പ്രത്യേക ആങ്കിളില്‍ നിന്നുള്ള ഫോട്ടോ

പനോരമയില്ലാത്ത ടൂര്‍ ഫോട്ടോസ് കുന്ദംകുളമില്ലാത്ത മാപ്പുപോലെയാകുന്നു

താഴെ മനുഷ്യനു എത്താവുന്നിടത്ത് ഒരു കൊമ്പുപോലുമില്ലമലയാളികളല്ലെ, എപ്പോള്‍ ഒടിച്ചെടുത്തു എന്നു ചോദിച്ചാല്‍ പോരേ.ഞങ്ങളും മലയാളികള്‍ ആയതുകൊണ്ട് പതിവ് തെറ്റിച്ചില്ല.കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒപ്പിച്ചു.
നമ്മളൊടാ അവന്‍റെ കളി

ഇത്രയേയൊള്ളോ കാര്യം


പിന്നെ മെയിന്‍ ഒരു കാര്യം ഇത് ഒരു മലയുടെ ചെരിവ് ആയതുകൊണ്ടുംതാഴെ നിറയെ പൈന്‍ മരത്തിന്‍റെ ഇലകള്‍ വീണു കിടക്കുന്നതുകൊണ്ടും സ്ലിപ്പ് ആകാന്‍ സാധ്യതയുണ്ട്.അതുകൊണ്ടു ക്യാമറകള്‍ എല്ലാം വീഡിയോ മോഡില്‍ വെക്കുക.എപ്പോഴാ നല്ല ഒരു വീഡിയോ കിട്ടുന്നത് എന്നറിയില്ലല്ലോ.എല്ലാ കാലത്തും youtube ഇല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്താല്‍ മാത്രം പോരല്ലോ വല്ലപ്പോഴും "Man slipping through woods" എന്നപേരില്‍ നമുക്കും ഒരു വീഡിയോ അപ്ലോഡ് ചെയ്യേണ്ടെ?

ദേവാസ് ഹോട്ടല്‍ (Devas ഹോട്ടല്‍)

പൈന്‍ഫോറസ്റ്റിനടിയില്‍ ഉള്ള ചായക്കടയില്‍ കയറിയതോടുകൂടി എല്ലാവര്‍ക്കും ഏകദേശം പോകാമെന്നായി.ഒന്നാമത് ഈ കോട കോട എന്നുപറയുന്ന സാധനമെങ്ങാനും വന്നാല്‍ വണ്ടിക്ക് ഫോഗ് ലാംബ് ഇല്ലപിന്നെ ഓള്‍ട്ടോ മഞ്ഞത്ത് എങ്ങിനെ പ്രതികരിക്കും എന്നും പറയാന്‍ പറ്റില്ല.പക്ഷേ ഒരാള്‍ മാത്രം വിഷണനായിരുന്നു.വേറെയാരുമല്ല റോഷ്. പൊറോട്ട തിന്നാന്‍വേണ്ടി മാത്രം കുട്ടിക്കാനത്തേക്കുള്ള യാത്ര പ്ലാന്‍ ചെയ്ത നമ്മുടെ സ്വന്തം റോഷ്.

"റോഷെ എന്താടാ നിന്‍റെ മുഖം ഇങ്ങനെയിരിക്കുന്നത്? ദേവാസില്‍ പോകാത്തതുകൊണ്ടാണോ"
"എയ് അതൊന്നുമല്ല.എല്ലാവര്‍ക്കും തിരിച്ചു പോകാനാണെങ്കില്‍ നമുക്ക് പോകാം"


"എടാ പ്രഭാഷെ എനിക്കു വിശക്കുന്നു"
ഞാന്‍ പറഞ്ഞു.
"എടെ ലോയലെ എനിക്കും വിശക്കുന്നു.ജോയേ നമുക്ക് പോയി പൊറോട്ട കഴിച്ചാലോ"


പ്രഭാഷിനും വിശപ്പാണത്രെ


"റോഷെ നിനക്കു വിരോധമൊന്നും ഇല്ലല്ലോ.ദേവാസില്‍ പോയി കഴിച്ചാലോ" 
ലോയലിന്റെ നിഷ്കളങ്കമായ ചോദ്യം.


അപ്പോള്‍ റോഷാരായി?

അങ്ങനെ അഞ്ചരയോടുകൂടി ഞങ്ങള്‍ കുട്ടിക്കാനം ദേവാസില്‍ എത്തിചെന്നപ്പോഴുണ്ട് അവിടത്തെ ചേട്ടന് ലോയലിനെ ഭയങ്കര പരിചയംപറഞ്ഞപോലെ തന്നെ കിടിലന്‍ പൊറോട്ടപഞ്ഞിപോലെയിരിക്കുന്നുമൂന്നുനാലെണ്ണം ചുമ്മായങ് കയറിപ്പോയി.വിലവിവര പട്ടിക നോക്കുമ്പോള്‍ ഡീസന്‍റ് ആണ്. അവിടെ തന്നെ കുട്ടിക്കാനത്ത് നിന്നും വിവിധസ്ഥലങ്ങളിലേക്കുള്ള ദൂരവും എഴുതിവച്ചിട്ടുണ്ട്.

എടാ റോഷെ നീ ഫോട്ടോ എടുതോണ്ട് നില്‍ക്കാണോ,വരുന്നില്ലേ?

ചേട്ടാ ഒരു രണ്ട് പൊറോട്ടയും അതിനോത്ത കറിയും

വിലയോ തുച്ഛം,ഗുണമോ മെച്ചം

അറിവുകള്‍

അഞ്ചു മിനിറ്റ് ഏത് മണ്ടനോടു സംസാരിച്ചാലും എന്തെങ്കിലും ഒരു പുതിയ അറിവ് കിട്ടുമെന്നാണല്ലോ മഹാനായ ആരോ പണ്ട് പറഞ്ഞിട്ടുള്ളത്.അപ്പോള്‍ പിന്നെ ഞങ്ങളുടെ കമ്പനിയിലെ ബുദ്ധികേന്ദ്രങ്ങളായ ഞങ്ങള്‍ നാല് പേര്‍ സംസാരിക്കുമ്പോള്‍ കംപ്ലീറ്റ് ബുദ്ധിപരമായ കാര്യങ്ങളായിരിക്കും എന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ

ആട്ട,മൈദ എന്നിവതമ്മിലുള്ള വ്യത്യാസം എനിക്കു മനസിലായത് ഈ യാത്രയിലാണ്.അതുപോലെ പനോരമ മോഡില്‍ ഫോട്ടോ എടുക്കുമ്പോള്‍ അതിന്‍റെ കാര്യങ്ങള്‍/details ഉള്‍ക്കൊള്ളിക്കാനുള്ള കഴിവ്.ലോയലിന്റെ വക കൊക്കോ എങ്ങിനെ പ്രോസസ്സ് ചെയ്യുന്നു എന്ന കാര്യം.റോഷിന്‍റെ കയ്യില്‍ നിന്നും ആംസ്റ്റര്‍ഡാമിലെ വിശേഷങ്ങളും രണ്ടാം ലോകമഹായുദ്ധത്തിന്റെ കാര്യങ്ങളും.ഹുമിടിറ്റിയും എ‌സി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രഭാഷിന്‍റെ കൈയ്യില്‍ നിന്നും.

അവരും എന്‍റെ കയ്യില്‍ നിന്നും എന്തെങ്കിലും പഠിച്ചിട്ടുണ്ടാകും എന്നു വിചാരിക്കുന്നു. മൂന്നുമാസത്തിലൊരിക്കെലെങ്കിലും ഒരു യാത്ര.അത് നമ്മുടെ മനസിന് വളരെ നല്ലതാണ്.അതുപോലെ അറിവിനും.പുതിയ ആളുകള്‍, പുതിയ കാലാവസ്ഥ,പുതിയ തരം ഭക്ഷണങ്ങള്‍,പുതിയ ടെക്നിക്കുകള്‍

പിന്നെ തിരിച്ചു വരുമ്പോള്‍ മനസിലായ ഒരു വലിയ കാര്യം ഞങ്ങള്‍ കുട്ടിക്കാനത്ത് ഒരു ലേക് മിസ്സ് ആക്കി.അല്ലെങ്കിലും ഒന്നും അതിന്‍റെ പൂര്‍ണതയില്‍ ചെയ്യരുത് എന്നാണല്ലോ.അത് പിന്നെ ഒരിക്കല്‍ വാഗമണ്‍ കാണാന്‍ പോകുമ്പോള്‍.അങ്ങനെ തൃപ്പൂണിത്തുറ എത്താറായപ്പോള്‍ റോഷ് എല്ലാവരോടുമായി ചോദിച്ചു.

റോഷ്:നല്ല പൊറോട്ടയായിരുന്നല്ലേ.ഇതുപോലത്തെ പൊറോട്ട വേറെയെവിടെ കിട്ടുമെടെ?
പ്രഭാഷ്:എടാ അങ്ങനെ പറയരുത്.ഞാന്‍ പണ്ട് എലക്ഷന്‍ കമ്മീഷനില്‍ വര്‍ക്ക് ചെയ്തിരുന്നപ്പോള്‍ വോട്ടെര്‍ ഐഡി കാര്ഡ് കൊടുക്കാന്‍ കാസര്‍കോട് പോയപ്പോള്‍ അവിടെനിന്നും കഴിച്ചിട്ടുണ്ട്.ഇതുപോലത്തെ തന്നെ.

ജോയ്:വെള്ളിയാഴ്ച രാത്രി ഓഫീസ് കഴിഞ്ഞ് അങ്ങ് വിട്ടാല്‍ പുലര്‍ച്ചയ്ക്ക് കാസര്‍കോഡ് എത്തുമല്ലേ?
റോഷ്:എത്ര കിലോമീറ്റര്‍ കാണും ഇവിടെനിന്നു?


ലോയല്‍:അയ്യോ....ഞാനിറങ്ങുവാ...

---
ശരിക്കുള്ളതില്‍ നിന്നും,ചിലത് വിട്ടുപോയിട്ടുണ്ട്.അതുപോലെ ഒരു ഓളം കിട്ടുന്നതിനുവേണ്ടി ചിലത് കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്.നല്ലവരായ എന്‍റെ സുഹൃത്തുക്കള്‍ ക്ഷമിക്കുമെന്ന് വിചാരിക്കുന്നു.ആരെങ്കിലും ഇത് വായിച്ചിട്ട് കുട്ടിക്കാനത്തേക്ക് ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ഒന്നറിയിക്കണേ...ചുമ്മാ... 


ആര്‍ക്കെങ്കിലും മുഴുവന്‍ ഫോട്ടോസും കാണണമെങ്കില്‍ താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍ ചുമ്മാ ക്ലിക്കുക.
https://picasaweb.google.com/118323257832874630811/Kuttikkanam_24Sep2011