2011, മാർച്ച് 31, വ്യാഴാഴ്‌ച

ഒരു അന്ധവിശ്വാസിയുടെ ജനനം

ഇന്നലെ വേള്‍ഡ് കപ്പ് ക്രിക്കെറ്റ് രണ്ടാം സെമിഫൈനല്‍ ആയിരുന്നെന്നും ഇന്‍ഡ്യ പാകിസ്ഥാനെ തോല്‍പ്പിച്ചു എന്നും എല്ലാവരും അറിഞ്ഞു കാണുമല്ലോ?ഇന്‍ഡ്യന്‍ ടീമിന് എന്‍റെ അഭിനന്ദനങ്ങള്‍.

ഇന്ത്യയിലെ ഒരുമാതിരി എല്ലാ സ്ഥാപനങ്ങളും അതിലെ ജോലിക്കാര്‍ക്ക് കളി കാണുന്നതിനുവേണ്ടിയുള്ള സൌകര്യം ഒരുക്കിയിരുന്നു.ചിലത് അവധി പ്രഖ്യാപിച്ചു.ചിലയിടങ്ങളില്‍ എല്ലാവര്‍ക്കും ഒരുമിച്ച് കാണുന്നതിന് വേണ്ടിയുള്ള സൌകര്യങ്ങള്‍ ചെയ്തു.ഞങ്ങളുടെ കമ്പനിയിലും ഉണ്ടായിരുന്നു. ചില മാറ്റങ്ങള്‍.വര്‍ക്ക് ടൈം 8am-2pm ആക്കി.2 മണിക്കുശേഷം എല്ലാവര്‍ക്കും കാണുന്നതിന് വേണ്ടി ലൈവ് സ്ട്രീമിങ് ഉള്ള ഒരു സൈറ്റ് എടുത്തു പ്രൊജെക്ടറില്‍ കാണിച്ചു.പക്ഷേ ഞങ്ങളുടെ കമ്പനി ഇന്‍ഫോപാര്‍ക്കിലുള്ള L&T നടത്തുന്ന തേജോമയ എന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ ആയതുകൊണ്ടും,അതേ കെട്ടിടത്തില്‍ തന്നെ TCS ഉള്ളതുകൊണ്ടും,TCSസില്‍ കാണാന്‍ കൊള്ളാവുന്ന തരുണീമണികള്‍ ധാരാളം ഉള്ളതുകൊണ്ടും,അവിടെ ലൈവ് പ്രൊജെക്റ്റര്‍ വച്ച് കളി കാണിക്കാതിരുന്നതുകൊണ്ടും, L&T മറ്റൊരു ഹാളില്‍ ഒരു പ്രൊജെക്റ്റര്‍ വച്ച് കളികാണിച്ചതുകൊണ്ടും ഞങ്ങളൊന്നും 2 മണിക്ക്ശേഷം ഞങ്ങളുടെ കമ്പനിയുടെ നാലയലത്ത് പോയില്ല. 

L&T  ഒരുക്കിയ സെറ്റപ്പ് ഭയങ്കരമായിരുന്നു...പത്തുനൂറ്റമ്പതു പേര്‍ക്കിരിക്കാവുന്ന ഹാ.ള്‍ഒരു HD പ്രൊജെക്റ്റര്‍ വിത്ത് 5.1 സ്പീകര്‍ സെറ്റ്.ഒരു രണ്ടുരണ്ടേകാലോടുകൂടി ചെന്നപ്പോഴുണ്ട് L&T യുടെ ഹാള്‍ ഹൌസ്ഫുള്‍ .ഇരിക്കാന്‍ പോയിട്ട് നില്‍ക്കാന്‍ സ്ഥലമില്ല.എന്നാലും സാരമില്ല.അവിടെയിവിടെയായി കുറച്ചു കിളികള്‍ നില്‍ക്കുന്നുണ്ട്.
പീപ്പീ പീപ്പീ...പീപ്പീ പീപ്പീ.....പീപ്പീ പീപ്പീ...മൊബൈല്‍ റിങ്ങ് ചെയ്തതാ.എയര്‍ഹോണ്‍ എന്ന ഒരു റിംഗ്ടോണ്‍ ഇട്ടിട്ടു വളരെ കുറച്ചു നാളെആയുള്ളൂ.അതുകൊണ്ടു എടുക്കാന്‍ ഇത്തിരി വൈകി.എടാ നീയെവിടെയാ? "നമ്മുടെ കമ്പനിയില്‍ സ്ട്രീമിങ് സ്റ്റാര്‍ട്ട് ചെയ്തു.ഹാളില്‍ കസേരയെല്ലാംഒരുക്കിയിട്ടുണ്ട്.""ഒന്നു പോടെ..നിന്‍റെ ഒരു സ്ട്രീമിങ്.എടാ അത് രണ്ടു ബോള്‍ പുറകിലാ..."എന്തു? രണ്ടു ബോള്‍ പുറകിലോ?."അതേടാ ശരിക്കുള്ള കളി 30ഓ 60ഓ സെക്കന്‍ഡ് കഴിഞ്ഞാടെ സൈറ്റില്‍ കാണിക്കുന്നത്.ദേ നമ്മുടെ പെടപ്പ് ** തിരിഞ്ഞുനോക്കുന്നു.അല്ല സേവാഗ് 4 അടിച്ചു.ഒന്നു വച്ചിട്ടു പോടെ.

ഇനി ഞാനും ക്രിക്കെറ്റും തമ്മിലുള്ള ബന്ധം.ഓര്‍മവച്ചപ്പോള്‍ മുതല്‍ കളിക്കുന്ന കളി.ആദ്യം തെങ്ങിന്‍റെ മടല്‍* കൊണ്ടുള്ള ബാറ്റും സ്റ്റാംപ്സും.രണ്ടില്‍ പഠിക്കുമ്പോള്‍ ഒരു ചെറിയ ബാറ്റ്.പിന്നെ നാലാം ക്ലാസില്‍ ആദ്യകുര്‍ബാനസ്വീകരണം നടന്നപ്പോള്‍ സമ്മാനമായി ഒരു ശരിക്കുള്ള ബാറ്റ് കിട്ടി.പക്ഷേ അതിന്‍റെ കനം കാരണം അതുകൊണ്ടു കളിക്കാന്‍ പിന്നേയും മൂന്ന്‍നാലു കൊല്ലങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.പിന്നെയേപ്പോഴോ കളി കുറഞ്ഞതുകൊണ്ടോ,പഠിപ്പ് കൂടിയതുകൊണ്ടോ ക്രിക്കെറ്റില്‍ ഉള്ള ഇന്‍ററസ്റ്റ് കുറഞ്ഞു.അതിനുശേഷം ഇന്‍ററസ്റ്റ് വന്നത് 1999 വേള്‍ഡ്കപ്പ് നടന്ന സമയത്തായിരുന്നു.പണ്ടേ വേള്‍ഡ് കപ്പ് നടക്കുന്നതു 10ആം ക്ലാസ് പരീക്ഷയുടെ കൂടെയാണല്ലോ.അങ്ങനെ അതൊരു തീരുമാനമായി.കോഴവിവാദം വന്നത് അതിനുശേഷമായിരുന്നു.മനസില്‍ ഉണ്ടായിരുന്ന പല വിഗ്രഹങ്ങളും ഉടഞ്ഞപ്പോള്‍ ഒരു ഫുള്ള്സ്റ്റോപ്പിട്ടു.

ഇന്‍ററസ്റ്റ് പോകാനുണ്ടായ മറ്റൊരു കാരണം. ക്രിക്കെറ്റില്‍ ഉണ്ടായിരുന്ന അന്ധവിശ്വാസങ്ങള്‍ കൂടിയായിരുന്നു.കളിക്കുന്നവര്‍ ചുമ്മാ ഒരു ചരട് കെട്ടുക,തുണി തലയില്‍ കെട്ടുക തുടങ്ങി കേട്ടാല്‍ ചിരിക്കുന്ന മറ്റ് പലതും.അതുപോലെ കുറെ ഫ്രെന്‍ഡ്സ് ഉണ്ടായിരുന്നു.കളികാണുമ്പോള്‍ പ്രത്യേകരീതിയില്‍ ഇരിക്കുക.ഇന്‍ഡ്യയുടെ കളിയുള്ള ദിവസം ചൂടുവെള്ളത്തില്‍ കുളിക്കാതിരിക്കുക.ഇങ്ങനെയൊക്കെ ചെയ്താല്‍ ഇന്‍ഡ്യ ജയിക്കുംപോലും.
ഹും..ഫ്ലാഷ്ബാക്ക്കഴിഞ്ഞു.എന്തായാലും കമ്പനി 2മണിക്ക്ശേഷം ലീവ് തന്നതല്ലേ?ഇരിക്കാന്‍ സ്ഥലമില്ലെങ്കിലും വായില്‍നോക്കാന്‍ കിട്ടിയ ഒരു സുവര്‍ണ അവസരവും പാഴാക്കാന്‍ താല്‍പര്യം ഇല്ലാത്തതുകൊണ്ടു നിന്നുകൊണ്ടു തന്നെ കളി കണ്ടുതുടങ്ങി.സെവാഗ് അടിച്ചുതകര്‍ക്കുന്നു.പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ വലിയ കാര്യമൊന്നുമില്ലാതെ പുള്ളി ഔട്ട് ആയി.ഒരു എല്‍‌എല്‍‌ബി ഛേ തെറ്റി LBW.എന്തായിരുന്നു ഔട്ടാകാനുള്ള ഒരു കാരണം.
പ്രത്യേകിച്ചു ഒരുകാരണവും ഇല്ല.എന്‍റെ കൈ ഇത്രയും നേരം പോക്കറ്റില്‍ ആയിരുന്നു.പോക്കറ്റില്‍ നിന്നും കൈ എടുത്തപ്പോഴാണ് സെവാഗ് ഔട്ട് ആയത്.അയ്യേ എന്‍റെ കൈക്കും അങ്ങ് മൊഹാലിയില്‍ ബാറ്റ് ചെയ്യുന്ന സേവാഗിനും തമ്മില്‍ എന്തു ബന്ധം?എന്തായാലും കൈ പോക്കറ്റില്‍ തന്നെ ഇട്ടേക്കാം.നല്ല തിരക്കാണല്ലോ?പോക്കറ്റടിച്ചുപോണ്ട.ദാണ്ടെ സച്ചിന്‍ അടിച്ചു തകര്‍ക്കുന്നു.കൊള്ളാം നല്ല കളി.ഒരു 300 കടക്കുമെന്ന് പ്രതീക്ഷിക്കാം.

ഹൌസ്ദാറ്റ്...ദൈവമേ സച്ചിനെതിരെ ഒരു LBW അപ്പീല്‍.റിവ്യു കാണിച്ചു തുടങ്ങി.എന്‍റെ കൈയ്യെവിടെ? അയ്യോ അപ്പുറത്തുനില്‍ക്കുന്നവന്‍റെ തോളില്‍.ഇതെപ്പോള്‍ സംഭവിച്ചു?പെട്ടെന്നു തന്നെ പോക്കറ്റില്‍ ഇട്ടേക്കാം.ഇനിയിപ്പോള്‍ അതിന്‍റെ ഒരു കുറവുവേണ്ട.വണ്ടര്‍ഫുള്‍ സച്ചിന്‍ ഔട്ട് അല്ല...ഞാന്‍ കൈ പോക്കറ്റില്‍ ഇട്ടതുകൊണ്ടാണോ?ഏയ്..അങ്ങനെയൊന്നുമല്ല..
ദേ വീണ്ടും...സച്ചിന്‍ അടിച്ച ഒരു ഷോട്ട് ഒരുത്തന്‍റെ കൈയ്യിലേക്ക് പോകുന്നു.അയ്യോ എന്‍റെ കൈ എവിടെ?മുഖം തുടക്കാന്‍ പോയെക്കുവായിരുന്നോ?ഇങ്ങോട്ട് വാടാ പോക്കറ്റിലേക്ക്..തന്നെ ആ ക്യാച്ച് അവന്‍ തട്ടി തട്ടി നിലത്തിട്ടു.കൊള്ളാം ഈ കൈ എഫെക്ട്  സച്ചിന് മാത്രമാണോ?അതോ എല്ലാവര്‍ക്കും ബാധകമാണോ?ഗൌതം ഗംഭീര്‍ ബാറ്റ് ചെയ്യുമ്പോള്‍ കൈ ഒന്നു ഫ്രീയാക്കിയേക്കാം.പണി പാളി.ഇതുകൊണ്ടാവില്ലാ.അവന്‍ വെറുതെ കയറിവന്നു അടിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു.അത്രതന്നെ.അറിയാവുന്ന പണിക്കുപോയാല്‍ പോരേ?

ഡേ ഒരു ചായ കുടിച്ചിട്ടുവരാടേ.അപ്പോഴേക്കും യുവരാജ്ഒന്നു സ്റ്റാന്‍ഡിങ് ആകട്ടെ.ചായകുടിക്കാന്‍ കുറച്ചു ദൂരം പോകണം.കൈ പോക്കറ്റില്‍ ഇടാന്‍ പറ്റി എന്നു വരില്ലകൈയ്യുടെ കാര്യം ഇവന്മാരോടു പറയണോ.വേണ്ട സ്വന്തം കുഴി ഞാന്‍ തന്നെ തോണ്ടാണോ?എന്നാല്‍ ശരിയെടെ പോയേക്കാം.ഹാളില്‍ നിന്നിറങ്ങിയപ്പോഴേ അവിടെ നിന്നും ഒരു അയ്യോ എന്നുതോന്നിപ്പിക്കുന്ന ശബ്ദം കേട്ടു.യുവരാജ് അടിച്ച 4 ആരെങ്കിലും തടഞ്ഞിട്ടുകാണും.അല്ലാതെന്താ.പക്ഷേ തിരിച്ചുവന്ന ഞാന്‍ ഞെട്ടി.യുവി ഡക്ക്.ധോനി നിന്നു തുഴയുന്നു.ഓഹോ അത്രക്കായോ ശരിയാക്കിയേക്കാം.ഇനി കൈ പോക്കറ്റില്‍ നിന്നും എടുക്കുന്ന പ്രശനമില്ല.കൊള്ളാം .പിന്നേയും പിന്നേയും ലൈഫ് കിട്ടികൊണ്ടിരിക്കുന്നു..മിക്കവരും ഒരു കളിയില്‍ കൂടുതല്‍ ലൈഫ് കിട്ടിയ റെകോര്‍ഡും സച്ചിന് കിട്ടും.ഇന്ന് സച്ചിന്‍ സെഞ്ചുറി അടിച്ചത് തന്നെ.അഫ്രീദിയും അവന്‍റെ ഒരു വെല്ലുവിളിയും.

"ഇത് കണ്ടിട്ടു പഴയകളികള്‍ പോലെയാകും എന്നാ തോന്നുന്നേ?സച്ചിന്‍ കളിക്കും സെഞ്ചുറി നേടും.പക്ഷേ മറ്റവന്‍മാര്‍ കളിക്കില്ല.ഇന്‍ഡ്യ തോല്ക്കും.ആ മനുഷ്യന്‍റെ ഒരു വിധി.നന്നായി കളിച്ചിട്ടും ഇന്ത്യയെ ജയിപ്പിക്കാന്‍ പറ്റുന്നില്ല".തൊട്ടപ്പുറത്തുനിന്നും ഒരുത്തന്‍ പറഞ്ഞ കമന്‍റ് പാറപോലെ ഉറച്ച എന്‍റെ മനസിനെ ആടിയുലച്ചു.ആകെ കണ്‍ഫ്യൂഷന്‍.ഇവന്‍ പറഞ്ഞപോലെ ഇന്‍ഡ്യ തോല്‍ക്കുമോ?അങ്ങനെയാണല്ലോ ചരിത്രം.ഇന്‍ഡ്യയേയും സച്ചിനെയും തൂക്കി നോക്കിയപ്പോള്‍ എപ്പോഴത്തെയും പോലെ ഇന്‍ഡ്യ തന്നെ മുന്നില്‍.ശരി കൈ എടുത്തേക്കാം.
ഞാന്‍ ഒരു അന്ധവിശ്വാസിയായി മാറുകയാണോ?അതേ സച്ചിന്‍ ഔട്ട്...ഇനി രക്ഷയില്ല മോനേ കൈയ്യേ? പോക്കറ്റില്‍ കയറിക്കോ?പിന്നെ കൈ എടുത്തത് ഒരുത്തന്‍ ഹായെന്ന് പറഞ്ഞപ്പോള്‍.അപ്പോള്‍ ഒരു വിക്കറ്റ്.അത് കഴിഞ്ഞു മുഖം ഒന്നു തുടച്ചു.

പക്ഷേ പണി പാളിയത്ത്, ആളുകള്‍ കുറേശ്ശെയായി ഹാളില്‍ നിന്നും ഇറങ്ങിയപ്പോഴായിരുന്നു.കുറച്ചു കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നു.ആരൊക്കെയോ അങ്ങോട്ട് വരാന്‍ വിളിക്കുന്നുണ്ട്.പക്ഷേ കണ്ടില്ല എന്നു നടിച്ചു.പക്ഷേ ദാണ്ടെ നമ്മുടെ പെടപ്പിന്റെ അടുത്ത് ഒരു കസേര.ഓഹോ ഒന്നു മുട്ടാന്‍ പറ്റിയ സമയം.പക്ഷേ കൈ.വീണ്ടും ധര്‍മ സങ്കടം.കളി പിന്നേയുംകാണാം.പക്ഷേ ഇതുപോലൊരു അവസരം ഇനി കിട്ടില്ലാ.യെസ് അറ്റാക്ക്.പക്ഷേ ചെന്നു നോക്കിയപ്പോള്‍ ആ കസേരയില്‍ ഒരു ചെറിയ ബാഗ്.ഏച്ചുസ് മീ..ഇവിടെ ആളുണ്ടോ? "അയ്യോ ഉണ്ടല്ലോ?ഇപ്പോള്‍ വരുമല്ലോ?"ബ്ലഡിഫൂള്‍ അപ്പുറത്തിരിക്കുന്ന ഒരു അമ്മച്ചി ആര്‍ക്കോവേണ്ടി പിടിച്ചിട്ടിരിക്കുവാ.വല്ല നാമം ജപിച്ചിരിക്കേണ്ടതിന് പകരം കളി കാണാന്‍ വന്നിരിക്കുന്നു.എന്തായാലും പോകാനുള്ള വിക്കറ്റ് പോയി.ഞാന്‍ നിന്നിരുന്നതുകൊണ്ടു ആ ഔട്ട് കാണാന്‍ പറ്റാത്തതുകൊണ്ടോ എന്തോ പെടപ്പ് ഒന്നു പുഞ്ചിരിതൂകി.

അങ്ങനെ ഇന്‍ഡ്യ 260 റണ്‍സ് എടുത്തു.ഇപ്പോള്‍ അതൊന്നും ഒരു സ്കോര്‍ അല്ലല്ലോ?എന്നാലും പ്രതീക്ഷിക്കാം.ഇനിയിപ്പോള്‍ പാക് ബാറ്റിംഗ് തുടങ്ങുന്നതിന് മുന്പ് എന്തൊക്കെ പണികളാ.ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്പ്ഡേറ്റ് ചെയ്യണം.പണ്ട് ഇട്ട ചൂണ്ടകള്‍ (കൊടുത്ത റിക്ക്വേസ്റ്റുകള്‍) എന്തായി എന്നു നോക്കണം.ബസ്സില്‍ റിപ്ലൈ ചെയ്യണം.റെയല്ലി ബിസി...

ഇതെല്ലാം കഴിഞ്ഞപ്പോള്‍ പാകിസ്ഥാന്‍ ബാറ്റിങ് തുടങ്ങി ഒരു വഴിക്കാക്കിയിരുന്നു.ഹാളില്‍ ചെന്നപ്പോള്‍ ഒരു മനുഷ്യക്കുഞ്ഞുങ്ങളുംഇല്ല അവിടെയും ഇവിടെയും കുറച്ചുപേര്‍ ഇരിക്കുന്നു.എന്തായാലും ഇരിക്കേണ്ടി വരും .പോക്കറ്റ് വിദ്യ നടപ്പില്ല.വേറെ എന്തെങ്കിലും കാണുമായിരിക്കും.അങ്ങനെ മടിയില്‍ ബാഗും വച്ച് അതിനു മുകളില്‍ കയ്യും വച്ച് ഇരുന്നു.വിക്കറ്റ് പോകുന്നില്ല.

ദാണ്ടെ ഒന്നു പോയി.വൈ? എന്‍റെ കൈ ബാഗിന്‍റെ രണ്ടു അറ്റങ്ങളിലുമായി ഇരിക്കുന്നു.യുറേക്കാ...ഇനി അവന്‍മാര്‍വെള്ളംകുടിച്ചത് തന്നെ.എന്നൊടാ കളി.ഞാന്‍ കൈ അനക്കിയില്ല.അതുപോലെതന്നെ നാലെണ്ണം വീണും.പക്ഷേ വളരെപെട്ടന്ന് എന്നിലെ യുക്തിവാദി തല പൊക്കി.തല പൊക്കാന്‍ മെയിന്‍ കാരണം ഇനിയിപ്പോള്‍ ഈസിയായി ജയിക്കും എന്നുള്ള വിശ്വാസമായിരുന്നു.അതിനു വളംവക്കാന്‍ അപ്പുറത്തിരുന്ന ഒരുത്തന്റെ കമന്‍റും."എടെ അവന്മാരും കുറച്ചു റണ്‍സ് എടുക്കട്ടെടെ.എല്ലെങ്കില്‍ അവന്മാരെ ചിലപ്പോള്‍ തിരിച്ചുചെല്ലുമ്പോള്‍ കത്തിച്ച്കളയും."

അക്മല്‍ കത്തിക്കയറുന്നു.രണ്ടു സിക്സ് യുവരാജിനെ.ഏയ് കുഴപ്പമില്ല.യുവരാജിനെക്കൊണ്ടു എറിയിക്കാതിരുന്നാല്‍ പോരേ?സമയം കഴിയുംതോറും റിക്വയേഡ് റണ്‍റേറ്റ് കുറഞ്ഞുവരുന്നു.പണി പാളുമൊ?ഛേ..ഇത് ജയിക്കും."എടാ ഇനി അഫ്രീദി വരാനുണ്ട്.അവനെങ്ങാനും ഫോമില്‍ ആകുമോ?ഇപ്പൊഴും ഏറ്റവും വേഗം കൂടിയ സെഞ്ചുറി പുള്ളിയുടെ പേരില്‍ തന്നെയാ.ഓര്‍മയുണ്ടോ ആകളി?" ഓഹോ അത്രക്കായോ? ഇവനെ അങ്ങ് ഔട്ട് ആക്കിയേക്കാം.എവിടെ കൈ? ഗോ റ്റു ദി എന്‍ഡ്സ് ഓഫ് ദി ബാഗ്.അത്രതന്നെ ഹര്‍ഭജന്‍റെ ഒരു തകര്‍പ്പന്‍ പന്ത് ദാണ്ടെ കുറ്റിയും തട്ടിയിട്ടു പോകുന്നു.അക്മലിന് വിശ്വസിക്കാന്‍ പ്രയാസം.

പക്ഷേ അഫ്രീദി കളി മാറ്റി.ആഫീദീ ഇറങ്ങാതെ റസ്സാക്കിനെ ഇറക്കി.ഓഹോ വാശിപ്പുറത്താണല്ലെ ?കൈ മാറ്റുന്ന പ്രശ്നമില്ല.അങ്ങനെ അഫ്രീദിക്കു ഇറങ്ങേണ്ടി വന്നു.
പുള്ളി ഫോമിലല്ല.ഇന്ത്യക്കാര്‍ കളിച്ചു പുറത്താക്കട്ടെ.ഒരു 4,പിന്നേയും 4 അടിക്കുമോ?റിസ്ക് എടുക്കേണ്ട.ഹാന്‍ഡ്സ്, ഗോറ്റു യുവര്‍ പ്ലേസ്.ഓകെ എല്ലാം ശുഭം.ഇനിയുള്ളത്ഒരു മിസ്ബയും കുറച്ചു ബൌളെഴ്സും.എറിഞ്ഞിടാം അല്ലേ?സഹീര്‍ ഖാന് ഇനി 3 ഓവറുകള്‍ ഉണ്ട്.ആരാണ് ഈ മിസ്ബ? പണ്ട് 20-20 വേള്‍ഡ് കപ്പില്‍ ഇന്‍ഡ്യക്കിട്ട് പണിതന്ന ആളാ.ഓ അന്ന് ഗോപുമോന്‍ ഇല്ലായിരുന്നെങ്കില്‍..പക്ഷേ ഇന്ന് ഇന്ത്യയെ രക്ഷിക്കാന്‍ പുള്ളിയില്ല.പണികിട്ടോ?ഏയ് മിസ്ബ ഫോമിലൊന്നും അല്ല.

പക്ഷേ അവസാന ഓവറുകളിലെ പുള്ളിയുടെ ചില തീരുമാനങ്ങള്‍ അതായത് ഓടിയുള്ള റണ്‍സ് വേണ്ട എന്നുള്ള തീരുമാനം.തനിക്ക് ഇനിയും  ടീമിനെ ജയിപ്പിക്കാം പറ്റും അതും ബൌണ്ടറി കടത്തി.അത് ശരിവക്കും വിധം ഒരു വൈഡ് ബോള്‍ 4 ആകുന്നു.എന്നെ അത് വീണ്ടു ഒരു അന്ധവിശ്വാസിയാക്കി.കൈകള്‍ വീണ്ടും ബാഗിന്‍റെ രണ്ടു ഭാഗത്തേക്കും.അങ്ങനെ ഇന്‍ഡ്യ ജയിച്ചു.
പക്ഷേ ഇപ്പൊഴും എനിക്കു തോന്നുന്നത് എല്ലാം അവിചാരിത സംഭവങ്ങള്‍.ഞാന്‍ എങ്ങിനെ ഇരുന്നാലും ഇന്‍ഡ്യ ജയിക്കാനുള്ളത് ഇന്‍ഡ്യ ജയിക്കും.പിന്നെ സാഹചര്യങ്ങളാണല്ലോ ഒരുത്തനെ അന്ധവിശ്വാസിയാക്കുന്നത്.ഫൈനല്‍ വരെ എങ്കിലും ഈ വിശ്വസം നല്ലതാണ് അല്ലേ?
വീണ്ടും ഒരു 1983യുടെ ആവര്‍ത്തനം ഇന്‍ഡ്യന്‍ ടീമിന് ആശംസിച്ചുകൊണ്ട്...

*തെങ്ങിന്റെ പട്ടയുടെ തണ്ട്
**പേര് അറിയാത്തതുകൊണ്ട് TCS ഇലെ ഒരു കിളിക്കിട്ടിരിക്കുന്ന കോഡ് നെയിം.വിന്‍ഡോസ്‌ Longhorn എന്ന് വിന്‍ഡോസ്‌ വിസ്തക്ക് ഇട്ടിരുന്നപോലെ 

2011, മാർച്ച് 5, ശനിയാഴ്‌ച

നന്ദി... നന്ദി നന്ദി ...

ചുമ്മാ നന്ദി പറഞ്ഞതല്ല.ഗൂഗിള്‍ ആഡ്സെന്‍സില്‍ നിന്നുള്ള ആദ്യത്തെ ചെക്ക് വന്നു.വന്നതിനു കാരണം ഞാനെഴുതിയത് വായിക്കുന്നവരാണ്.ആരും വായിച്ചില്ലെങ്കില്‍ ഹിറ്റ് കൂടില്ല,ക്ലിക്കും വരില്ല.ഇത് രണ്ടും ഇല്ലെങ്കില്‍ ആഡ്സെന്‍സില്‍ നിന്നും മണിയും വരില്ല.അതുകൊണ്ടു അതുകൊണ്ട് എന്‍റെ ബ്ലോഗ്ഗുകള്‍ വായിക്കുന്ന എല്ലാവര്‍ക്കും നന്ദി.

പറഞ്ഞു വരുമ്പോള്‍ ബ്ലോഗിങ് തുടങ്ങിയിട്ട് വര്‍ഷം 4 ആയി.തുടക്കം ഈ മലയാളം ബ്ലോഗ് തന്നെ.2007 ജനുവരി 16നു ആദ്യ പോസ്റ്റ് ഇട്ടു.ആദ്യ പോസ്റ്റ് വായിച്ചാല്‍ തന്നെ അറിയാം മറ്റെല്ലാ ഐ ടി ക്കാരെയും പോലെ പണിയൊന്നും ഓഫീസില്‍ ഇല്ലാത്തപ്പോഴാണ് ബ്ലോഗിങ് തുടങ്ങുന്നത്.സ്വന്തമായി ഞാന്‍ എന്തെങ്കിലും എഴുതും എന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല.അവിടെ നിന്നും ഇവിടെ നിന്നും കിട്ടുന്ന ലിങ്കുകള്‍ എനിക്കെന്ന് പറയാവുന്ന ഒരു സ്ഥലത്തു ചേര്‍ത്ത് വയ്ക്കുക.പിന്നെ എപ്പോഴെങ്കിലും ഉപകാരപ്പെടുമല്ലോ.അതായിരുന്നു ഉദേശ്യം.

പിന്നെയാണ് മറ്റൊരു വെളിപ്പാടുണ്ടായത്.നമുക്കറിയാവുന്ന ടെക്നോളജി ഒന്നു കുറിച്ചു വച്ചുകൂടെ?ഭാവിയില്‍ മറ്റാര്‍ക്കെങ്കിലും ഉപകാരപ്പെട്ടാലോ?മുന്‍പുണ്ടായിരുന്നവര്‍ അവര്‍ക്കറിയാവുന്നത് മറ്റാരോടും പറയാതിരുന്നെങ്കിലോ,പ്രസിദ്ധീകരിക്കാതെയിരുന്നെങ്കിലോ നമുക്ക് അവരുടെ അറിവ് കിട്ടുമായിരുന്നോ?അങ്ങനെ 22ജനുവരി 2007നു തുടങ്ങിയതാണ് Joymons tech blog.

മനസില്‍ എപ്പോഴോ ആരോടൊ പ്രണയം പൊട്ടിവിടര്‍ന്നപ്പോഴാണ് കുളിക്കുമ്പോള്‍ പോലും ഒരു മൂളിപ്പാട്ട് പാടാത്ത ഞാന്‍ മലയാള സിനിമയിലെ പ്രണയഗാനങ്ങളുടെ വരികളെ സ്നേഹിച്ചു തുടങ്ങിയത്.മലയാളികള്‍ ഉണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം ചെന്നെയില്‍ വെള്ളം കിട്ടുന്നതിലും ബുദ്ധിമുട്ടാണ് മലയാള പാട്ട് പുസ്തകങ്ങള്‍ കിട്ടാന്‍.ഇന്‍റര്‍നെറ്റില്‍ തപ്പിയപ്പോള്‍ അവിടെയും സ്വാഹ.കിരണ്‍സിന്‍റെ http://www.malayalamsongslyrics.com/ ഇല്‍ അന്നുള്ളത് മഗ്ലീഷില്‍ ഉള്ള വരികള്‍ ആണ്.അത് അത്രക്ക് അങ്ങ് ഗുമ്മ് പോരാ.യൂണികോഡ് അതില്‍ വരുന്നതേയുള്ളൂ.അങ്ങനെയാണ് സിനിമാപ്പാട്ടുകളുടെ വരിദാരിദ്രം അനുഭവിക്കുന്ന പുതുപ്രണയിതാക്കള്‍ക്ക് വേണ്ടി, മലയാള ചലച്ചിത്ര ഗാനങ്ങളുടെ വരികള്‍എന്ന ബ്ലോഗിലേക്ക് ഞാന്‍ ചേരുന്നത്.ഇത് എന്‍റെയല്ല.ഫെബി ജോര്‍ജ് എന്നൊരു കക്ഷി തുടങ്ങിയതാണ്.   ആദ്യ പോസ്റ്റ് പ്രണയവര്‍ണ്ണങ്ങളിലെ വരമഞ്ഞളാടിയ എന്നു തുടങ്ങുന്ന  ഗാനം.

മൈക്രോസാഫ്ട് പുറത്തിറക്കിയ WPF എന്ന ഡെസ്ക്ടോപ് പ്രോഗ്രാമ്മിങ് ടെക്നോളജി പഠിക്കാന്‍ പറ്റിയതാണ് എന്‍റെ അടുത്ത ബ്ലോഗ്ഗിന്‍റെ പ്രചോദനം.അന്ന്‍ ഈ ടെക്നോളജി അറിയാവുന്നവര്‍ വളരെ കുറവായിരുന്നു.ബ്ലോഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ വമ്പന്‍ ഹിറ്റ്.ഇന്നും Joymons world of WPF എന്ന ആ ബ്ലോഗ് തന്നെയാണ് ഹിറ്റുകളുടെ കാര്യത്തില്‍ ഒന്നാമന്‍.

സ്കൂളില്‍ പഠിക്കുമ്പോള്‍ ചോദിക്കുന്ന ഒരു കുസൃതി ചോദ്യമുണ്ട്.ഒരു കിളി പറന്നുകൊണ്ടു പോകുമ്പോള്‍ മുട്ടയിട്ടു. പക്ഷേ പൊട്ടിയില്ല.എന്തുകൊണ്ട്?ഉത്തരം അതിന്‍റെ ഭാഗ്യം കൊണ്ട്.വീണ്ടും മുട്ടയിട്ടു പൊട്ടിയില്ല. എന്തുകൊണ്ട്?കിളിക്ക് എക്സ്പീരിയന്‍സ് ആയതുകൊണ്ട്.പിന്നേയും പറന്നുകൊണ്ട് മുട്ടയിട്ടു.ഇത്തവണ പൊട്ടി.എന്തുകൊണ്ട്? ഓവര്‍ കോണ്‍ഫിഡന്‍സ്!!!രണ്ടു മൂന്നു ബ്ലോഗ്ഗുകള്‍ കുഴപ്പമില്ലാതെ പോകുന്ന കണ്ടപ്പോള്‍ തോന്നി ഒന്നുകൂടെ ആയേക്കാം.ഒന്നല്ല രണ്ടെണ്ണം തുടങ്ങി.വിനോദോപാദികളായ സിനിമ,റേഡിയോ,മൊബൈല്‍ തുടങ്ങിയവയെപ്പറ്റിയുള്ള അല്‍ക്കുല്‍ത്ത് സംഭവങ്ങള്‍ എഴുതാന്‍ Enjoyment Zone എന്ന ഒരു ബ്ലോഗ്,അതുപോലെ മൊബൈലില്‍ വരുന്ന തമാശകള്‍ ചേര്‍ത്തുവക്കാന്‍ ഒരു ബ്ലോഗ്.ഇതിന് പിന്നില്‍ മറ്റൊരു ഉദേശ്യം കൂടിയുണ്ടായിരുന്നു.ഞങ്ങളെല്ലാം സ്കൂളിലും ,കോളേജിലും പറഞ്ഞ തമാശകള്‍ ചേര്‍ത്ത് വയ്ക്കുക.വാമൊഴിയായി എത്രകാലം അവക്ക് നിലനില്‍ക്കാനാകും?.പക്ഷേ ഇപ്പോള്‍ രണ്ടും ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി.

പിന്നത്തെ രണ്ടു അഭ്യാസങ്ങളായിരുന്നു.നളപാചകവും,ഫോട്ടോസ് അപ്ലോഡ് ചെയ്യാനുള്ള ചിത്രലോകം ബ്ലോഗും.രണ്ടും ഇപ്പോള്‍ പെട്ടിയില്‍ ഇരിക്കുന്നു.

അടുത്ത് പഠിച്ച പുതിയ മൈക്രോസാഫ്ട് ടെക്നോളജിയായിരുന്നു സില്‍വര്‍ലൈറ്റ്.പഴയ അനുഭവംവച്ച് അതിനും തുടങ്ങി ഒരു ബ്ലോഗ് My Silverlight experiences.ഓഫീസില്‍ പലരും ഗൂഗിള്‍ ചെയ്ത് ഈ സൈറ്റില്‍ എത്താറുണ്ട്.അത് അവര്‍ പറയുമ്പോള്‍ ഉണ്ടാകുന്ന  ഒരു ഒരു ഇതുണ്ടല്ലോ.പറഞ്ഞറിയിക്കാന്‍ പറ്റില്ല...

മൈക്രോസാഫ്ട് പിന്നേയും ഒന്നു വീതം മൂന്നു നേരം എന്നു ഡോക്ടര്‍ കുറിക്കുന്നതുപോലെ പുതിയ ടെക്നോളജികള്‍ ഇറക്കി.ഒന്നു ചായകുടിക്കാന്‍ പോയി വരുമ്പോഴേക്കും കംപ്ലീറ്റ് മാറിയിട്ടുണ്ടാകും.ഒരു ബ്ലോഗ് =ടെക്നോളജി എന്നത് അപ്രായോഗികമായി വന്നു.അങ്ങനെ പ്രോഗ്രാമ്മിങ് ബന്ധമുള്ളതെല്ലാം എഴുതാന്‍ ഒരു പുതിയ ബ്ലോഗ് തുടങ്ങി.Joymon v/s Code

നളപാചകവും,മലയാള ചലചിത്ര ഗാനങ്ങളുടെ വരികള്‍ എന്ന ബ്ലോഗും ഒന്നില്‍ കൂടുതല്‍ എഴുത്തുകാരുള്ള ബ്ലോഗ്ഗുകള്‍ ആണ്.ഞാന്‍ അവരില്‍ ഒരാള്‍ മാത്രം.പക്ഷേ കൂട്ടായുള്ള ബ്ലോഗിന്‍റെ അനന്തസാധ്യതകള്‍ എനിക്കു മനസിലായത് ഫ്രെന്‍ഡ്സ് ബൈറ്റ്സ് എന്ന ബ്ലോഗിലൂടെയാണ്. ഓഫീസിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ ഉണ്ടാകുന്ന തമാശകള്‍ എഴുതാന്‍ പ്രവീണ്‍ തുടങ്ങിയ ബ്ലോഗ്.വളരെ പെട്ടെന്ന് പോപ്പുലര്‍ ആയി.ഒരു മൂലക്ക് ചടഞ്ഞു കൂടി ,എന്നെക്കൊണ്ടൊന്നും എഴുതാന്‍ പറ്റില്ല എനിക്കങ്ങിനെയുള്ള കഴിവില്ല എന്നു കരുതിഇരുന്ന വളരെയധികം പേരെ ആ ബ്ലോഗ് എഴുത്തുകാരാക്കി.എന്‍റെ ഒരു അനുമാനം വച്ച് കമ്പനിയില്‍ഉള്ള നാലഞ്ചു പേരെങ്കിലും നല്ല എഴുത്തുകാരായി മാറുമായിരുന്നു.മലയാളത്തില്‍ അല്ലെങ്കില്‍ ഇംഗ്ലിഷ്  ടെക്നോളജി ബ്ലോഗുകളില്‍.പക്ഷേ വിധി മറ്റൊന്നായിരുന്നു.കമ്പനിക്കകത്ത് നടക്കുന്ന തമാശകള്‍ ആയതിനാല്‍ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അത് നിറുത്തേണ്ടി വന്നു.

ഇതിപ്പോള്‍ അതിരപ്പിള്ളിയും കഴിഞ്ഞു മലക്കപ്പാറ എത്തി എന്നു തോന്നുന്നു.അതായത് കാടുകയറി.അപ്പോള്‍ പറഞ്ഞു വന്നത്. ആഡ്സെന്‍സിന്‍റെ കാര്യം.ആരോ എപ്പോഴോ പറഞ്ഞപോലെ പണിയെടുത്താല്‍ അതിനു പ്രതിഫലം ലഭിക്കും.ചിലനേരം പ്രതിഫലം ലഭിക്കുന്നത് നമ്മള്‍ ഉദേശിക്കുന്ന രീതിയില്‍ ആയിരിക്കില്ല എന്നു മാത്രം.നേരംപോക്കിന് തുടങ്ങിയ ബ്ലോഗ് പോലും പ്രതിഫലം തരുന്നു അതും വായിക്കുന്നവന്‍റെ കയ്യില്‍ നിന്നല്ലാതെ..എല്ലാവരിലും എഴുതാനുള്ള ഒരു വാസന ഉറങ്ങി കിടപ്പുണ്ട്..പണ്ടാണെങ്കില്‍ അത് ഉണര്‍ന്നിട്ടും കാര്യമില്ല.'മ' പ്രസിദ്ധീകരണങ്ങള്‍ കനിയണം.പക്ഷേ ഇപ്പോള്‍ ഒരു ഇമെയില്‍ ഐ ഡി മതി. നമ്മുടെ ചിന്തകള്‍ ലോകമറിയാന്‍.

അപ്പോ ഗഡ്യേ,ഒരു ബ്ലോഗങ്ങടു തൊടങ്ങല്ലേ?

ഇനിയും ഒരായിരം അല്ലേ വേണ്ട ഒരു ഒരുകോടി ബ്ലോഗ് പോസ്റ്റുകള്‍ ഇടാന്‍ സര്‍വേശ്വരന്‍ എന്നെ അനുഗ്രഹിക്കട്ടെ. എന്നു ഞാന്‍ തന്നെ പ്രാര്‍ത്ഥിച്ചുകൊണ്ടു...