2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

വിസ്തയും ഡി.വി.ഡി ഡ്രൈവും


ചില മുജ്ജന്‍മപാപങ്ങള്‍ നിമിത്തം ഇപ്പൊഴും മൈക്രോസാഫ്ട് വിന്‍ഡോസ് വിസ്ത (Microsoft Windows Vista)എന്ന ഓപ്പറേറ്റിങ് സിസ്റ്റെം ഉപയോഗിക്കേണ്ടി വരുന്ന ഹതഭാഗ്യര്‍ക്കുള്ളതാണ് ഈ പോസ്റ്റ്.ഇപ്പോള്‍ ഡിവിഡി ,സിഡി -കോംപാക്റ്റ് ഡിസ്ക് (CD - Compact Disk)എന്ന വട്ടത്തിലുള്ള സാധനം അധികം ആരും ഉപയോഗിക്കുന്നില്ലെങ്കിലും, പഴയ കാര്യങ്ങള്‍ എല്ലാം അതിലാണല്ലോ സ്റ്റോര്‍ ചെയ്തിരിക്കുന്നത്.പണ്ട് ഒരു കുഴപ്പവുമില്ലാതെ ഓടിക്കൊണ്ടിരുന്ന അതായത് വിന്‍ഡോസ് എക്സ്പി (Windows XP),ലിനക്സ് (Linux) എന്നിവയില്‍ മര്യാദക്ക് റീഡ് ആയിക്കൊണ്ടിരുന്ന,അല്ലെങ്കില്‍ റീഡ് ആകുന്ന ഡി.വി.ഡി യോ,സി.ഡിയോ വിസ്റ്റയില്‍ ഇട്ടാല്‍ ചിലപ്പോള്‍ വിസ്ത അത് ഫോര്‍മാറ്റ് ചെയ്യാന്‍ പറയും.ഒരു പുതിയ സിഡി ഇടുമ്പോ പറയുന്ന അതേ ഡയലോഗ്.താഴെ കൊടുത്ത പടത്തില്‍ കാണുന്നപോലെ.

പണി പാളി അല്ലേ.ഇത് വിസ്റ്റയുടെ ചെറിയ തമാശകളില്‍ ഒന്നാണ്.ചെറിയ ഒരടി കൊടുത്താല്‍ ശരിയാകും.നേരെ ഡിവൈസ് മാനേജറില്‍ (Device Manager)പോയി സിഡി ഡ്രൈവ് അങ്ങേടുത്തുകളയുക(Uninstall).അപ്പോള്‍ വിസ്ത തന്നത്താന്‍ വീണ്ടും സിഡി ഡ്രൈവ് ഇന്‍സ്റ്റാള്‍ ചെയ്യും.പിന്നെ പഴയ സിഡി ഇട്ടാല്‍ ഒരു പ്രശ്നവും ഉണ്ടാകില്ല.പുട്ട് പോലെ റീഡ് ചെയ്യും.


ഡിവൈസ് മാനേജര്‍ എടുക്കാന്‍ അറിയില്ലെങ്കില്‍ നേരെ സ്റ്റാര്‍ട്ട് മെനു ഞെക്കി കണ്‍ട്രോള്‍ പാനലില്‍ (Control Panel)പോകുക.അവിടെ നിന്നു അഡ്മിനിസ്ട്രേടിവ് ടൂള്‍സ് Administrative tools)->കമ്പ്യൂട്ടര്‍ മാനേജ്മെന്‍റ് (Computer മാനേജ്മെന്‍റ്).
ഇനി തന്നത്താന്‍ വിസ്ത സിഡി ഡ്രൈവ് ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ലെങ്കില്‍ കണ്‍ട്രോള്‍ പാനലില്‍ പോയി ആഡ് ഹാര്‍ഡ്വെയര്‍ (Add Hardware)എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.നിങ്ങള്‍ ഒരു ചെറിയ പുലിയാണെങ്കില്‍ തോന്നും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഡ്രൈവര്‍ സിഡി വേണമല്ലോ എന്നു.പക്ഷേ ഇവിടെ സിഡി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വിന്‍ഡോസ് വിസ്റ്റയുടെ സിഡി വേണമെന്നില്ല.

അപ്പോള്‍ എല്ലാം പറഞ്ഞപോലെ പറ്റുമെങ്കില്‍ വിസ്ത കളഞ്ഞു പെട്ടെന്നു തന്നെ വിന്‍ഡോസ് 7 ആക്കുക അല്ലെങ്കില്‍ കുറച്ചു കൂടി വെയിറ്റ് ചെയ്തു വിന്‍ഡോസ് 8 ആക്കുക.

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

ഒരു ഫേസ് ബുക്ക്‌ റിക്വസ്റ്റ് - ഭാഗം 2



പക്ഷേ ഒന്നും ഉണ്ടായില്ല.അവള്‍ വീണ്ടും അവനേകണ്ടപ്പോള്‍ ലജ്ജാവതിയായി മുഖം താഴ്ത്തി.പിറ്റേദിവസം അവനെ അത്ഭുതപരതന്ത്രനാക്കിക്കൊണ്ട് അവള്‍ ഒരു ബ്ലാക് ആന്ഡ് വൈറ്റ് ഫോട്ടോ പ്രൊഫൈലില്‍ ഇട്ടിരിക്കുന്നു.ടെലിഷോപ്പിങ് പരസ്യത്തില്‍ പറയുന്നപോലെ "വാവ് ജെന്നി വാവ്" എന്നു പറയാന്‍ തോന്നിപ്പിക്കുന്ന ഒരു കിടിലന്‍ ഫോട്ടോ.അപ്പോള്‍ തന്നെ അവള്‍ ശ്രദ്ധിച്ച്തുടങ്ങിയിരിക്കുന്നു.മാസാവസാനം ആയതുകൊണ്ട് മാത്രം അവന്‍ ആര്‍ക്കും ചിലവ് ചെയ്തില്ല.അല്ലെങ്കിലുണ്ടല്ലോ...

അങ്ങനെ മൈക്രോ സെക്കന്‍റുകള്‍,മില്ലി സെക്കന്‍റുകളായി,പിന്നെ വെറും സെക്കന്‍റുകളായി.പിന്നെ മിനിട്ടും മണിക്കൂറും, ദിവസവും,ആഴ്ചയും,മാസങ്ങളും ഒക്കെ ആയി.അതുപോലെ അവളുടെ പ്രൊഫൈലില്‍ ഫ്രെന്‍ഡ്സ് കൂടി വന്നു..കൂടുതല്‍ ഫോട്ടോസ് വന്നു.ഫേസ്ബുക്കിന് ഒരു ആക്ടിവ് യൂസറെ കൂടി കിട്ടി.പക്ഷേ ആ റിക്വെസ്റ്റ് റിക്വെസ്റ്റ് ആയിതന്നെ അവശേഷിച്ചു.അവള്‍ അപ്ലോഡ് ചെയ്ത ഫോട്ടോസിന് അവന്‍ ഇട്ട കമന്റുകള്‍ ഒന്നുംതന്നെ വെളിച്ചം കണ്ടില്ല.വീണ്ടും വീണ്ടും കമന്റുകള്‍ വന്നു തുടങ്ങിയപ്പോള്‍ ഒരു ദിവസം അവളുടെ പ്രൊഫൈല്‍ ഫോട്ടോ അപ്രത്യക്ഷമായി.അതിനും അവന്‍ ഒരു മെസ്സേജ് അയച്ചു "നല്ല ഫോട്ടോ ആയിരുന്നു.മാറ്റേണ്ടിയിരുന്നില്ല."

പിന്നെ അവളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയും അവന് കാണാന്‍ കഴിഞ്ഞില്ല.ഫേസ്ബുക്കില്‍ സെക്യൂരിറ്റി കോഡ് എഴുതിയവനെ പ്രാകിക്കൊണ്ട് അവന്‍ അവളുടെ ഫ്രെന്‍ഡ്സ് ലിസ്റ്റ് തിരഞ്ഞു തുടങ്ങി.അവര്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോസില്‍ അവളുണ്ടാകാതിരിക്കില്ല.ഫേസ് ഡിറ്റേക്ട് ചെയ്തു ഫോട്ടോ ഹൈഡ് ചെയ്യാനുള്ള സെറ്റപ്പ് ഒന്നും ഫേസ് ബുക്കിലെ ഒരുത്തനും ഇല്ല.
അവന് നിരാശനാകേണ്ടി വന്നില്ല.പിന്നെ കുറെക്കാലം ചെറിയ പിണക്കമായിരുന്നു.അവളു വേണേല്‍ അപ്രൂവ് ചെയ്യട്ടെ.പക്ഷേ എത്രനാള്‍ അങ്ങനെ അവന് പിടിച്ചുനില്‍ക്കാന്‍ പറ്റും,അവസാനം അവന്‍ ഒരു മെസ്സേജ് അയച്ചു ഒന്നുകൂടി ഓര്‍മിപ്പിച്ചു."കുറെ നാളായല്ലോ സര്‍ക്കാര്‍ ഓഫീസിലെ ഫയല്‍ പോലെ റിക്വെസ്റ്റ് കെട്ടിക്കിടക്കുന്നു.ഒരു തീര്‍പ്പുണ്ടാകുമോ?"

വീണ്ടും തഥൈവ.ഇനി കാത്തിരുന്നിട്ട് കാര്യമില്ല.കാര്യം പറയുക തന്നെ.നേരിട്ടു പറഞ്ഞാല്‍ ഒരു പക്ഷേ വിയര്‍പ്പിന്‍റെ അസുഖം ഉണ്ടാകാന്‍ സാധ്യതയുണ്ട്.അതുകൊണ്ടു എഴുത്ത് വഴിയാക്കാം.കടലാസ് എന്തായാലും പറ്റില്ല.അതൊരിക്കല്‍ പൊളിഞ്ഞതാണ്.എന്തായാലും ഫേസ്ബുക്കില്‍ നനഞ്ഞു.ഇനി അതില്‍ തന്നെ കുളിച്ചു കയറാം.അങ്ങനെ മഴയുള്ള ഒരു രാത്രിയില്‍ മഴയെ സാക്ഷി നിറുത്തി അവന്‍ എഴുതിത്തുടങ്ങി.

"ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നും പറയാന്‍ പറ്റില്ല.അതുപോലെ താന്‍ ഇവിടത്തെ നമ്പര്‍ വണ്‍ സുന്ദരിയാണെന്നും എനിക്കഭിപ്രായമില്ല.പക്ഷേ എന്തുകൊണ്ടോ താന്‍ എനിക്കു പറ്റിയതാണെന്ന് എന്‍റെ മനസ്സ് പറയുന്നു.തന്നെ പറ്റി എനിക്കറിയാവുന്നത് തനിക്ക് ഇവിടെ കൊള്ളാവുന്ന ഒരു ജോലിയുണ്ടെന്നും പെരുമാറ്റം കൊണ്ട് ആള് ഡീസന്‍റ് ആണെന്നുമാണ്.എന്നെപ്പറ്റി പറയുകയാണെങ്കില്‍ ഇടത്തരം കുടുംബം.വീട്ടില്‍ രണ്ടു മക്കള്‍.ബി ടെക് കഴിഞ്ഞു ഐ ടി മേഖലയില്‍ പ്രോഗ്രാമ്മര്‍ എന്ന നിലയില്‍ ആറ് വര്‍ഷമായി ജോലി ചെയ്യുന്നു.സാമ്പാദ്യം എന്നുപറഞ്ഞാല്‍ ഒരു കാറും,ബൈക്കും പിന്നെ ടാക്സ് വെട്ടിക്കാന്‍ എടുത്ത കുറച്ചു പോളിസികളും.പിന്നെ ഇടക്കിടെ ബ്ലോഗില്‍ എഴുത്തുന്ന ചെറിയ ഒരസുഖം ഉണ്ട്.

അമേരിക്കയിലോ,ആസ്ത്രേലിയയിലോ ഒന്നും പോയി സെറ്റില്‍ ആകാനൊന്നും ഇപ്പോള്‍ എനിക്കു താല്പര്യമില്ല.അത് വച്ച് ഇനി ഉണ്ടായിക്കൂടെന്നില്ല.പക്ഷേ ഒരു കാര്യം പറയാം നമ്മള്‍ എന്തായാലും കുറച്ചുകൊല്ലം മറ്റ് ഏതെങ്കിലും രാജ്യത്തു താമസിക്കും.ഈ ഐ ടി എന്നുപറഞ്ഞാല്‍ സര്‍ക്കാര്‍ ജോലിപോലെയൊന്നും അല്ലെന്നറിയാവല്ലോ.പോകുന്നിടത്തോളം പോകും.അത്രതന്നെ.പിന്നെ വീട്ടില്‍ കപ്പ നടാന്‍ അത്യാവശ്യം സ്ഥലം ഉള്ളതുകൊണ്ടു, എന്‍റെ കൈക്ക് ആരോഗ്യം ഉള്ളതുവരെ ഭക്ഷണത്തിന് മുട്ടുണ്ടാകില്ല.

ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനമാണ്.ഒരു മറുപടി പെട്ടെന്നു പറയണം എന്നില്ല.നല്ലവണ്ണം ആലോചിച്ചിട്ടു പറഞ്ഞാല്‍ മതി."

പിന്നെ അവന് തോന്നി.ഞാന്‍ എന്താണ് ഇങ്ങനെ പൈങ്കിളി ആയിപ്പോയത്.ലൈന്‍ അടിക്കാന്‍ ഒന്നും അല്ലല്ലോ കെട്ടി കൂടെപൊറുപ്പിക്കാനല്ലേ കാര്യം നേരെ ചൊവ്വെ പറഞ്ഞാല്‍ മതി.ദാണ്ടെ കിടക്കുന്നു ഒരു കണ്‍ട്രോള്‍+aയും ഡെലിട്ടും.

"എടീ എന്നെക്കൊണ്ടു ഇത്രയൊക്കെയേ പറ്റൂ.അല്ലാതെ നിന്‍റെ പുറകെ നടന്ന്‍     മരം ചുറ്റിക്കളിക്കാനും, ലവ് യൂ എന്നൊന്നും പറയാനും എന്നെക്കൊണ്ടു പറ്റില്ല..അതിനുള്ള പ്രായവും കഴിഞ്ഞു.നിനക്കു പറ്റുമെങ്കില്‍ ഫേസ് ബുക്ക് റിക്വെസ്റ്റ് ഒന്ന്‍ അപ്രൂവ് ചെയ്യ്.എന്നിട്ട് നാട്ടുനടപ്പനുസരിച്ച് ഞാന്‍ എന്‍റെ വീട്ടുകാരെ വിടാം.അല്ലപിന്നെ..."

അവന്‍റെ മനസില്‍ അപ്പോള്‍ ഒരു മഴപെയ്തു തോര്‍ന്നതുപോലെയായിരുന്നു.
പക്ഷേ സെന്‍ഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ബ്രോഡ് ബാന്‍ഡ് കട്ട് ആയി.മഴ പെയ്താല്‍ അല്ലെങ്കിലും BSNL ബ്രോഡ് ബാന്‍ഡ് ഇങ്ങനാ...

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഓമാനത്തിങ്കള്‍ക്കിടാവോ...നല്ലാ…

സ്ഥലം - കൊച്ചി ഇന്‍ഫോപാര്‍ക്കിനു നേരെ മുന്നിലുള്ള പെട്ടിക്കട.മുന്നില്‍തന്നെ തട്ടുകളിലായി പലതരം പലഹാരങ്ങള്‍ വച്ചിട്ടുള്ളതുകൊണ്ടു വേണമെങ്കില്‍ തട്ടുകട എന്നും വിളിക്കാം.


സമയം - ഉച്ചേമുക്കാല്‍ അതായത് നാലിനും അഞ്ചിനും ഇടയില്‍.ഈ സമയത്താണു 12 മണിക്കൂര്‍ ജോലിയെടുക്കുന്ന സോഫ്റ്റ് വയറന്‍മ്മാര്‍ വയറ്റിലേക്ക് "വിത്ത് ചായ" എന്തെങ്കിലും കയറ്റുന്നത്.അതുപോലെ പത്രം വായിക്കാന്‍ പോലും സമയമില്ലാത്തവര്‍ അണ്ണാ ഹസാരെ ആരാണെന്നും പുള്ളി എന്തിനാണു പട്ടിണികിടക്കുന്നതെന്നും അറിയുന്നത്.ചുരുക്കിപറഞ്ഞാല്‍ ഒരു നാടന്‍ ചായക്കട സെറ്റപ്പ്.പരദൂഷണവും,പൊങ്ങച്ചവും മുതല്‍ ലിബിയയിലെ ആഭ്യന്തരപ്രശ്നവും ഇന്‍റര്‍വ്യൂക്ക് പോയപ്പോള്‍ പറ്റിയ അമളികളും വരെ.

കേരളത്തിലെ എല്ലാജില്ലകളേയും പ്രതിനിധീകരിച്ച് ഒരു ആളെങ്കിലും മിനിമം ഉണ്ടാകും.അപ്പോള്‍ പിന്നെ ഭാഷാപ്രയോഗത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ കളിയാക്കാല്‍ ആയി മാറും എന്നു പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.സാധാരണയായി കൂടുതല്‍ ആളുകള്‍ ഉള്ള ജില്ലക്കാര്‍ ജയിക്കും.

കഴിഞ്ഞയാഴ്ചയും പതിവ് തെറ്റിച്ചില്ല.കറെക്റ്റ് 4മണിക്ക് തന്നെ എല്ലാവരും എത്തി.എത്തിയപാടെ വിളിച്ച് പറയല്‍ തുടങ്ങി.ചേട്ടാ മൂന് ചായ.ഒന്ന്‍ സ്ട്രോങ്,ഒന്നു മധുരം കൂട്ടി."അപ്പോള്‍ മറ്റേതോ?"ചോദ്യം ചായ അടിക്കുന്ന ചേട്ടന്‍റെയാണ്.ആ ചേട്ടാ മറ്റേത് ചായ തന്നെ.അങ്ങനെയിരിക്കുമ്പോള്‍ ഒരു തൃശ്ശൂരുകാരനു "എന്‍റെ ക്ടാവിനു സുഖണ്ടായില്ലടാ"എന്നു പറയേണ്ടി വന്നു.പനിയായിരുന്നോ എന്നൊക്കെ കേട്ടു നിന്നവര്‍  ആദ്യം ചോദിച്ചെങ്കിലും ,കുറച്ചു കഴിഞ്ഞപ്പോള്‍ സംഭവിക്കേണ്ടത് സംഭവിച്ചു.അല്ലെങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.വണ്ടി വിളിച്ചു വരൂലോ..

കിടാവിനെയും കൊണ്ട് ഏത് മൃഗാശുപത്രിയിലാ പോയേ? എത്ര പ്രായാമായതാ?
മൂക്കുകയറൊക്കെ ഇട്ടതാണോ? ചോദിക്കുന്നവര്‍ക്കെല്ലാം അറിയാം ,പുള്ളിയുടെ മോള്‍ക്കാണു അസുഖം.പിന്നെ കിട്ടുന്ന ഒരു ചാന്സു കളയേണ്ടല്ലോ. കിടാവിനു പശുക്കുട്ടി എന്നും അര്‍ഥമുണ്ടത്രെ.ഫാര്യയും ഫര്‍ത്താവും കളിക്കുന്നവനും,ജ്ജ് മധു പകരൂ എന്നു പാടിയവനും,അപ്പി എന്ന വാക്കിനു മറ്റൊരു അര്‍ഥം ഉണ്ടാക്കിയവനും എന്നു വേണ്ടാ നുമ്മ അങ്ങാട് പൊയപ്പോ ഇങ്ങാട് വന്നവനും വരെ അവനവന്‍റെ മലയാളമാണു ഒറിജിനല്‍ മലയാളം എന്നു പറഞ്ഞു തുടങ്ങി.

"ഓമനതിങ്കള്‍ക്കിടാവോ നല്ല കോമള...."
തര്‍ക്കം മുറുകിക്കഴിഞ്ഞപ്പോള്‍ തൃശ്ശൂരുകാരന്‍ ഒരു പാട്ടു പാടിത്തുടങ്ങിയതാ.ഒരു താരാട്ട് പാട്ട്.പക്ഷെ ബാക്കിയെല്ലാവരുടേയും മൂഡ് തര്‍ക്കം ആയിരുന്നതിനാല്‍ പാടി മുഴുവിക്കാന്‍ അനുവദിച്ചില്ല.അഭിപ്രായങ്ങള്‍ ചറപറ വന്നു തുടങ്ങി.ഈ പദ്യം ഏതോ ക്ലാസ്സില്‍ പഠിച്ചിട്ടുണ്ടെന്നു ഒരുത്തന്‍.ഇത് ഇരയിമ്മന്‍ തമ്പി എന്നൊരാള്‍ എഴുതിയതാണെന്നു വേറെ ഒരുത്തന്‍.ഏതോ രാജകൊട്ടാരത്തില്‍ കുഞ്ഞു പിറന്നപ്പോള്‍ ആ കൊച്ചിനെ പാടിയുറക്കാന്‍ വേണ്ടിയാണ്‍ ഇത് എഴുതിയതെന്ന് വേറെ ഒരു ബുജി.തിരുവിതാംകൂറില്‍ ആണെന്നും അല്ല കൊച്ചി രാജകൊട്ടാരത്തില്‍ ആയിരുന്നു എന്നും രണ്ടു പക്ഷം.ഇത്രയുമായപ്പോള്‍ തൃശ്ശൂര്‍ക്കാരന്‍ എഴുന്നേറ്റു നിന്നു പറഞ്ഞു.

നിങ്ങള്‍ മുമ്പ് പറഞ്ഞതു വച്ചു നോക്കുമ്പോള്‍ ചിലപ്പോള്‍ കൊട്ടാരത്തിലെ പശു പെറ്റപ്പോളായിരിക്കാം ഇത് എഴുതിയത്.രാജ്ഞി തൊട്ടിലില്‍ പശുക്കിടാവിനെ കിടത്തി ഈ താരാട്ട് പാട്ട് പാടിയിരിക്കാം.ഗഡീടെ ഒരു ടൈം...

അങ്ങനെ അന്നത്തെ ചായചര്‍ച്ച അവിടെ അവസാനിച്ചു


ഞാന്‍ ഇരിങ്ങാലക്കുടക്കാരനാണ്.തൃശ്ശൂര്‍ ഭാഷയാണു ശരിക്കുമുള്ള മലയാള ഭാഷ എന്നൊന്നും സ്ഥാപിക്കാനുള്ള ഒരു പോസ്റ്റല്ല ഇത്.ഒരു നല്ല തമാശ കേട്ടപ്പോള്‍ എഴുതണം എന്നു തോന്നി.ബ്ലോഗ് ഉണ്ടാകുന്നതിനു മുമ്പ് കുറെ ഇതുപോലുള്ള നല്ലത് കേട്ടിട്ടുണ്ട്.പക്ഷെ എവിടെയും രേഖപ്പെടുത്താത്തതുകൊണ്ട് അതൊന്നും ഇപ്പൊള്‍ ഓര്‍മ്മയില്ല.ഇനി വരുന്ന തലമുറയില്‍ ഇതുപോലെയുള്ള സംഭാഷണങ്ങള്‍ ഉണ്ടാകും എന്നും തോന്നുന്നില്ല.അങ്ങനെയുള്ള കാലത്ത് അവന്‍മ്മാര്‍ ചുമ്മാവായിച്ചു രസിക്കട്ടെ...

ഇംഗ്ലീഷിന്‍റെ കാര്യവും ഇതുപോലെയാണു.അമേരിക്കക്കാര്‍ പറയും അവരുടെയാണു ശരിക്കും ഉള്ള ഇംഗ്ലീഷ് എന്നു.ഇംഗ്ലണ്ട് പറയും അവരുടെയാണു ക്യൂന്‍സ് ഇംഗ്ലീഷ് എന്നു.ഇവിടത്തെ നാടന്‍ സായിപ്പന്‍മ്മാര്‍ മാത്രം പറയും "ഴ" ഇല്ലാത്ത നമ്മുടെ ഇംഗ്ലീഷ് ഇംഗ്ലീഷേ അല്ലെന്ന്.രണ്ട് പ്രാവശ്യം അമേരിക്കയില്‍ പോയപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി.തട്ടും മുട്ടും ഇല്ലാതെ വ്യക്തമായി പറഞ്ഞാല്‍ ഇംഗ്ലീഷ് എല്ലാവര്‍ക്കും മനസ്സിലാകും.അല്ലെങ്കില്‍ പിന്നെ എങ്ങിനെയാണു 'ബ' പറയാനറിയാത്ത മെക്സിക്കനും,'റ'യുടെ അതിപ്രസരമുള്ള കിഴക്കന്‍ യൂറോപ്യന്‍മ്മാരും ലോകത്ത് ഇംഗ്ലീഷ് വിറ്റ് കാശാക്കുന്നത്?അല്ലെങ്കിലും വില്‍ക്കുന്നവന്‍ വാങ്ങുന്നവന്‍റെ ഭാഷ പറയണം എന്നേയുള്ളൂ.അത് വാങ്ങുന്നവന്‍ പറയുന്ന അതേപോലെതന്നെയാകണം എന്നില്ല.അതൊക്കെ പിന്നെ കൂടുതല്‍ ഇടപെടലുകളിലൂടെ താനെ ശരിയാകും.

നമ്മള്‍ ജനിച്ച് വളര്‍ന്നസ്ഥലത്ത് ഉപയോഗിക്കുന്ന നമുക്ക് നന്നായി പറയാനറിയാവുന്ന ഒരു ഭാഷയും അതിന്‍റെ ഒരു പ്രയോഗവുമുണ്ട്.അത് നമ്മളെക്കൊണ്ട് മാത്രം പറ്റുന്നഒന്നാണു.അഥവാ നമ്മളതില്‍ പുലിയാണ്.അതങ്ങട് എടുത്ത് പൂശാ...അല്ലാതെ മസ്സിലു പിടിച്ച് അച്ചടിഭാഷ പറയേണ്ട യാതൊരു കാര്യവും ഇല്ല.

2011, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

ഒരു ഫേസ് ബുക്ക്‌ റിക്വസ്റ്റ് - ഭാഗം 1


അവന്‍ അവളെ ആദ്യം കാണുമ്പോള്‍ അവള്‍ ഷാളില്ലാത്ത ഒരു മെറൂണ്‍ നിറത്തിലുള്ള ചുരിദാര്‍ ആണ് ധരിച്ചിരുന്നത്.ഓഫീസില്‍ നിന്നും ഇറങ്ങുംപോഴേക്കും കരുവാളിച്ച മുഖമാകുന്ന അവളെ
മറ്റെല്ലാവരേയും പോലെ ഒരുത്തി എന്നുമാത്രമാണ് അവന്‍ കരുതിയിരുന്നത്.
കാന്‍റീനില്‍ ഇരുന്ന്‍ വെട്ടിവിഴുങ്ങുന്നത് കണ്ടപ്പോള്‍ അവന്‍ മനസില്‍ പറഞ്ഞു.ചുമ്മാതല്ല ഇത്ര തടി .തിന്നുണ്ടാക്കിയതാ.കെട്ടുന്നവന്‍റെ കഷ്ടകാലം.

പക്ഷേ പിന്നെ എപ്പോഴാണ് അവള്‍ അവന് പ്രിയപ്പെട്ടതായത്.
കാലം...അതേ നീണ്ട ഒന്നര വര്‍ഷം.ഇടതടവില്ലാത്ത ഒന്നര വര്‍ഷത്തെ നിരീക്ഷണം.അവളുടെ ഡീസന്‍റ് ആയ ഡ്രെസ്സിംഗ്,നടത്തത്തിലെ കുലീനത,തറവാട്ടില്‍ പിറന്ന പെരുമാറ്റം, നോക്കുമ്പോള്‍ നാണത്താല്‍ കുനിയുന്ന അവളുടെ മുഖം,പാതി വിടരുന്ന ഉണ്ടക്കണ്ണുകള്‍,ക്ലോക്കിലെ പെന്‍ഡുലം പോലെ ആടുന്ന മുന്‍പിലെ മുടി ഇവയില്‍ ഏതാണ് അവന്‍റെ ഹൃദയം കവര്‍ന്നത്.അത് ഇന്നും അവന്‍റെ മുന്പില്‍ ഒരു പ്രഹേളികയായി തുടരുന്നു.പക്ഷേ അവന് ഒന്നറിയാം. കുട്ടി തനിക്കു ചേരും.

അങ്ങനെ അവന്‍ അന്വേഷണം ആരംഭിച്ചു.കുട്ടി മദ്ധ്യകേരളത്തിലെ ഒരു നസ്രാണി കുടുംബത്തില്‍ നിന്നാണ്.കേരളത്തില്‍ ബിടെക് പഠിച്ചതാണ്.തിരുവനന്തപുരത്ത് ട്രെയിനിങ് കഴിഞ്ഞു അറിയപ്പെടുന്ന ഒരു ഐടി കമ്പനിയില്‍ ടെസ്റ്റിങ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലിയുണ്ട്.
തന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്ന പലരും അവള്‍ പഠിച്ച അതേ കോളേജിലാണ് പഠിച്ചത്..എല്ലാവര്‍ക്കും അവളെ കുറിച്ച് നല്ല അഭിപ്രായം.ഇടക്കിടെ അവള്‍ വരുന്നത് കാറോടിച്ചാണോ എന്നൊരു സംശയം ഇല്ലാതില്ല.അങ്ങനെയാണെങ്കില്‍ തന്‍റെ റേഞ്ചില്‍ ഉള്ളതല്ലേ എന്നൊരു സംശയവും.

പക്ഷേ അങ്ങനെയൊക്കെയാണെങ്കിലും അവള്‍ അവന്‍റെ മനം കവര്‍ന്നു.അവന്‍ അത് അടുത്ത സ്റ്റേജിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു.അവിടെ എല്ലാ മലയാളികള്‍ക്കും ഉണ്ടാകുന്ന പൊതുപ്രശ്നം അവനും ഉണ്ടായി.മറ്റുള്ളവരുടെ കാര്യത്തില്‍ ചാടിക്കേറി എന്തും ചെയ്യുമെങ്കിലും അവനവന്റെ കാര്യം വരുമ്പോള്‍ ഒരു പെങ്കുട്ടിയോട് സംസാരിക്കാന്‍ ഒരു സങ്കോചം.മലയാള നിഘണ്ടുവില്‍ ഇതിന് പേടി എന്നും പറയുമത്രേ.ഓരോരോ പ്രശ്നങ്ങള്‍..

അങ്ങനെ അവന്‍ ലാലേട്ടനും മറ്റും സിനിമയില്‍ കാണിച്ചവഴികള്‍ത്തന്നെ പിന്തുടരാന്‍ തീരുമാനിച്ചു.ഒരു A4 പേപ്പറില്‍ അവന്‍ എഴുതിത്തുടങ്ങി."എന്‍റെ കരളിന്‍റെ കറളായ" പക്ഷേ കരള്‍ ആണോ കറള്‍ ആണോ കറെക്റ്റ് സ്പെല്ലിങ്ങ് എന്നൊരു സംശയം.ഇശ്ശി നാളായല്ലോ മലയാളം കൈകൊണ്ട് എഴുതിയിട്ട്.ഇപ്പോള്‍ എല്ലാം കമ്പ്യൂട്ടര്‍ അല്ലേ.പിന്നെ കൈയ്യക്ഷരം ആണെങ്കില്‍ അവന്‍ എഴുതിയത് അവന് തന്നെ കുറച്ചു കഴിയുമ്പോള്‍വായിക്കാന്‍ പറ്റുന്നില്ല.

അങ്ങനെ പ്ലാന്‍ A പൊളിഞ്ഞപ്പോള്‍ അവന്‍ പ്ലാന്‍ B പ്രയോഗിക്കാന്‍ തീരുമാനിച്ചു.പ്ലാന്‍ B സിംമ്പിള്‍ ആയിരുന്നു.അവന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്ന ,അവളുടെ കൂടെ പഠിച്ചവരെകൊണ്ടു അവനെ അവള്‍ക്ക് ഒന്നു പരിചയപ്പെടുത്തുക.പിന്നെ കഴിവുപോലെ.പക്ഷേ അതും അതിദാരുണമായി പരാജയപ്പെട്ടു.അവന്‍റെ കൂടെ സംസാരിക്കുന്നതു കണ്ടാല്‍ അതുപിന്നെ ആരായിരുന്നാലും നാലു കൊല്ലം കൂടെ പഠിച്ചവന്‍ ആയാലും പിന്നെ അവള്‍ കണ്ടാല്‍ മിണ്ടില്ല എന്നിട്ടുവേണ്ടെ ഒന്നു ചിരിക്കാനും പരിചയപ്പെടുത്താനും.

പ്ലാന്‍ B പൊളിഞ്ഞതോടുകൂടി അവന്‍ ഒരു കടുത്ത തീരുമാനമെടുത്തു.പ്ലാന്‍ C എന്തായാലും ഇല്ല.ഇനി പതിനെട്ടമത്തെ അടവ് മാത്രം.ഇരുപത്തൊന്നാം നൂറ്റണ്ടില്ലേ ഇന്‍റര്‍നെറ്റ് ലോകത്തെ പതിനെട്ടമത്തെ അടവ്.അതേ നമ്മുടെ എല്ലാവരുടെയും മുഖപുസ്തകം .ഇക്കാലത്ത് ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാത്തവര്‍ ആരുംതന്നെ കാണില്ല.ബി ടെക് പഠിച്ചു ഐടി മേഖലയില്‍ വര്‍ക്ക് ചെയ്യുന്നവള്‍ ആണെങ്കില്‍ എന്തായാലും കാണും.ഒരു റിക്വെസ്റ്റ് കൊടുത്താല്‍ കുറഞ്ഞപക്ഷം ഇങ്ങനെ ഒരുത്തന്‍ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നവള്‍ക്ക് മനസിലാകും.അങ്ങനെ സക്കര്‍ബര്‍ഗ് പുണ്യാളനെ മനസില്‍ ധ്യാനിച്ചു അവളുടെ പേരോന്നു സെര്‍ച്ചി.ദാണ്ടെ കിടക്കുന്നു ആദ്യം തന്നെ.മ്യൂചുവല്‍ ഫ്രെന്‍ഡ്സ് എന്ന ഒരു പരിപാടിയുടെ ഗുണമേ..സമ്മതിക്കണം.പ്രൊഫൈല്‍ കണ്ടിട്ട് ഒരു പ്രേതഭവനം പോലെ.ആള്‍ അടുത്തൊന്നും ഫേസ്ബുക്കില്‍ കയറിയിട്ടില്ലഎന്നു തോന്നുന്നു.ദൈവമേ ഇക്കാലത്ത് ഇങ്ങനെയും പെമ്പിളേരോ,അത് അവന്‍റെ ആരാധന വര്‍ദ്ധിപ്പിച്ചു.ഫോട്ടോ ഇട്ടിട്ടില്ല.അതുകൊണ്ടു ഇതുതന്നെ പ്രൊഫൈല്‍ എന്നുപറയാനോക്കുകേല. ഇന്യെന്ത് ചെയ്യും.അങ്ങനെ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവന്‍ ഫേസ് ബുക്കില്‍ ഒരു ഫോട്ടോ കണ്ടു പിടിച്ചു.അവളുടെ കോളേജിലെ ഗ്രൂപ്പ് ഫോട്ടോ.അതില്‍ നല്ല വൃത്തിയായി അവളുടെ ഫോട്ടോ അവളുടെ പ്രൊഫൈലുമായി ടാഗ് ചെയ്തിരിക്കുന്നു.പിന്നെ ഒന്നും നോക്കിയില്ല..പടച്ചോനേ കാത്തോളീ എന്നു പറഞ്ഞു കണ്ണടച്ചുകൊണ്ടു ഒരു റിക്വെസ്റ്റ് അങ്ങ് വിട്ടു.

ഉദ്യോഗജനകമായ ദിവസങ്ങള്‍.എന്തും സംഭവിക്കാം.ഇഞ്ചോടിഞ്ച് പോരാട്ടം.അവളുടെ വക ചെരിപ്പൂരി അടി,അവളുടെ തടിവച്ചു നോക്കുകയാണെങ്കില്‍ അവള്‍ക്ക് അതേ തടിയുള്ള ആങ്ങളമാര്‍ ഉണ്ടെങ്കില്‍
അവരുടെ കൈയ്യില്‍ നിന്നും ഫ്രീ ആയി ആശുപത്രിവാസം,പിന്നെ പത്രക്കാര്‍ അറിഞ്ഞാല്‍ "ഫേസ് ബുക്കിലെ പൂവാലമാഫിയ" എന്ന ലേബലില്‍ പത്രത്തില്‍ ഒരു ഫുള്‍ സൈസ് പടം അങ്ങനെ ക്രിയേറ്റീവ് ആയിട്ടുള്ള പലതിനും സ്കോപ് ഉണ്ട്.

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഇരിഞ്ഞാലകുടയിലെ പ്രതിമ

ഇത്തവണ ഓണത്തിന് മദ്യത്തിന്‍റെ കാര്യത്തില്‍ ചാലക്കുടിക്ക് റിക്കോര്‍ഡ് തിരുത്തിയെഴുതാന്‍ പറ്റുമെന്ന് തോന്നുന്നില്ല.കാരണം കമ്പനികള്‍ ഒന്നും ബീവറേജസ് കോര്‍പ്പറേഷന് മദ്യം കൊടുക്കില്ലത്രേ.ഇതിനെപ്പറ്റി പറഞ്ഞപ്പോഴാണ് ഒരു സുഹൃത്ത് ഇരിഞ്ഞാലകുട ,ചാലക്കുടി ഭാഗങ്ങളിലെ മദ്യത്തിന്‍റെ ഉപയോഗത്തെ പറ്റി പറഞ്ഞ കഥ ഓര്മ വന്നത്.കഥ ഇങ്ങനെയാണ്.

പണ്ട് പണ്ടു... വടക്കാഞ്ചേരി,ഒറ്റപ്പാലം,ഷൊര്‍ണൂര്‍ മേഖലയില്‍ നിന്നുള്ള "കുട്ടീ ,ഒന്നിങ്ങട്ട് വര്വാ എന്ന" മട്ടിലുള്ള ഒരുത്തന്‍ തന്‍റെ നാട്ടില്‍ ഉള്ള ഒരു പെങ്കുട്ടിക്ക് വേണ്ടി  കല്യാണം അന്വേഷിക്കാക്കാനായി ചെറുക്കന്‍റെ നാടായ ഇരിഞ്ഞാലകുടയില്‍ എത്തി.ഠാണാവില്‍ വന്ന്‍ ഒരു കടയില്‍ കയറി പുള്ളി അന്വേഷിച്ചു.കടക്കാരന്‍ ചെറുക്കനെ അറിയും.ഇത് നമ്മടെ ജോറേട്ടന്‍റെ മോനല്ലേ‍.ഭയങ്കര ചെത്ത് സ്റ്റ്യൈലാട്ടാ..കൊച്ചിയില്‍ ആണ് ജോലി..ഇടക്കിടെ അമേരിക്കേലൊക്കെ പോണുണ്ടേ.പിന്നെ ചെക്കന് യാതൊരു ദുശ്ശീലോല്യാ.നിങ്ങള്‍ ധൈര്യാട്ടു പെങ്കുട്ടീനെ കൊടുത്തോ..
അല്ല ചെറുക്കനു കുടിയോ വലിയോ അങ്ങനെ വല്ലതും?? ഇത് കേട്ടതും കടക്കാരന്‍റെ മുഖം മാറി.
"അങ്ങട് പുറത്തേക്ക് ഇറങ്ങിയെ."
അല്ല നമ്മള്‍ കല്യാണം ആലോചിക്കുമ്പോള്‍ എല്ലാം അറിയണമല്ലോ.അതുകൊണ്ടു ചോദിച്ചതാ.
അതെന്യാ ഇറങ്ങാന്‍ പറഞ്ഞേ..നീ ദാ അപ്പറത്തെ കടെടെ മോളില്‍ കുതിരപ്പുരത്തിരുന്ന് പാമ്പിനെ കുന്തം കൊണ്ട് കുത്തുന്ന ആളെ കണ്ടാ?
ആ കണ്ടു.അത് ഒരു നിങ്ങടെ ഒരു പുണ്യാളനല്ലേ?
"അതേടാ പുണ്യാളനാ.ഇവിടെ ആ പ്രതിമ ഒഴിച്ച് ബാക്കി എല്ലാവരും കുടിക്കും."

കുറച്ചു നാള്‍ മുന്പ് ഒരു ഫങ്ഷന് പോയപ്പോള്‍ ഒരു കാര്യം കൂടി മനസിലായി.അടുത്ത തലമുറയും ചാലക്കുടിയുടെ റിക്കോര്‍ഡ് വിട്ടുകൊടുക്കില്ല.അമ്മയുടെ അടുത്ത് ചിണുങ്ങിക്കൊണ്ടിരുന്ന ഒരു അഞ്ചു വയസ്സുകാരന്‍ കുപ്പി വാങ്ങിക്കൊണ്ട് വന്നത്തോട് കൂടി അത് വച്ചിരിക്കുന്ന കാറിന്‍റെ അടുത്തായി നില്‍പ്പ്.മുതിര്‍ന്നവര്‍ കാറിനകത്തോട്ട് കയറുന്നു.അതുപോലെ സംതൃപ്തരായി ഇറങ്ങുന്നു.അവനെ ആരും വിളിച്ചില്ല.പക്ഷേ അവന്‍റെ അപ്പാപ്പന്‍ കാറില്‍ കയറിയപ്പോള്‍ അവനെയും വിളിച്ചു.ഒരു തുള്ളി ബിയര്‍ നാവില്‍ വച്ച് ഹരിശ്രീ തൊട്ടപ്പോള്‍ അവന്‍ പറഞ്ഞു.അപ്പാപ്പാ ഇതിന് നല്ല ടേസ്റ്റ്.ഇനി മറ്റേ കുപ്പിയില്‍ നിന്നു കുറച്ചു ഒഴിക്ക് എന്നാലേ ശരിക്കും ടേസ്റ്റ് വരൊളോ.