2012, ജൂൺ 16, ശനിയാഴ്‌ച

കാര്‍ മൊബൈല്‍ ഹോള്‍ഡര്‍

എളുപ്പത്തില്‍ സ്മാര്‍ട്ട് ആകാനായി സാംസങ് ഗ്യാലക്സി വൈ എന്ന മൊബൈല്‍ വാങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് കാറില്‍ ഇതെവിടെ വെക്കും എന്നുള്ള പ്രശ്നം.ഒരിക്കല്‍ തോപ്രാംകുടി വരെ പോകേണ്ടി വന്നപ്പോള്‍  ഇടത്തു കൈയ്യില്‍ പിടിച്ചാണ് അവിടെ വരെ ഓടിച്ചത്. പാട്ട് കേള്‍ക്കല്‍ മാത്രമാണെങ്കില്‍ എവിടെയെങ്കിലും വെക്കാം എന്നു വിചാരിക്കാം. ഇത് പക്ഷേ അങ്ങിനെയാണോ? ജി‌പി‌എസ് വഴിയല്ലേ റൂട്ട് കണ്ടുപിടിക്കുന്നത്. അപ്പോള്‍ അതേ എവിടെയെങ്കിലും കാണാവുന്ന സ്ഥലത്തു വെക്കണം.

Mobile car holder വാങ്ങണമെന്ന ആഗ്രഹവുമായി ചെന്നു പെട്ടത് eBay യുടെ മുന്പില്‍  .ആഗ്രഹമറിയിച്ചപ്പോള്‍ ക്രെഡിറ്റ് കാര്ഡ് വെക്കാന്‍ പറഞ്ഞു. ഈ മാരുതി ആള്‍ട്ടോക്കാരന്‍റെ ഓട്ടക്കീശയില്‍ എന്തു കാര്‍ഡ്? അങ്ങനെയാണെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ചിക്കോളാനായി eBay. അങ്ങനെ സെര്‍ച്ചിന്‍റെ ആദ്യ പാഠങ്ങള്‍ പറഞ്ഞുതന്ന ഗൂഗിളിനെ മനസില്‍ ധ്യാനിച്ചു  യൂട്യൂബില്‍ അങ്ങ് സെര്‍ച്ചി. ദാണ്ടെ കിടക്കുന്നു പണ്ട് നമ്മളൊക്കെ റേഡിയോ അഴിച്ചുപണിതു തിരിച്ചു ഫിറ്റ് ചെയ്യുമ്പോള്‍ അഞ്ചാറ് ഭാഗങ്ങള്‍ ബാക്കി വരുന്നത് വിശദമായി പഠിപ്പിക്കുന്ന  DIY അഥവാ Do It Yourself വീഡിയോസ്.

പക്ഷേ എല്ലാം ഒരു ഇംഗ്ലിഷ് ടച്ച് ഉള്ള വീഡിയോസ് .അതുപോലെ തന്നെ അവന്‍മാര്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ കിട്ടണമെങ്കില്‍ അമേരിക്കയില്‍ പോകണം. അതിലും ഭേദം eBayയില്‍ നിന്നും വാങ്ങാം.  അങ്ങനെ എന്നിലെ നാടന്‍ ശാസ്ത്രകാരന്‍ ഉണര്‍ന്നപ്പോള്‍ ഉണ്ടായ മൊബൈല്‍ കാര്‍ ഹോള്‍ഡര്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.

സംഗതി സിംമ്പിള്‍ ആണ്.ഹൂക് & ലൂപ്പ് (Hook & Loop) എന്നു പറയുന്ന ഒരു പരിപാടി ഉണ്ട്. നമ്മളൊക്കെ പണ്ട് ഷൂസ് ഒക്കെ ലോക്ക് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന "ക്ര്‍റ" എന്ന സൌണ്ട്  ഉണ്ടാക്കി അഴിച്ചിരുന്ന ഒരു ഒട്ടിപ്പോ പരിപാടി. അതിന്‍റെ ഒരു ചെറിയ നാട കാറില്‍ ഒട്ടിക്കുക മറ്റെ ഭാഗം മൊബൈലില്‍ ഒട്ടിക്കുക. ഇനിയിപ്പോള്‍ മൊബൈലില്‍ ഒട്ടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ മൊബൈല്‍ ഇടാന്‍ പറ്റിയ ഒരു കവര്‍ കണ്ടുപിടിച്ച് അതില്‍ ഒട്ടിക്കുക. എന്നിട്ട് മൊബൈല്‍ കവറില്‍ ഇട്ടു കവര്‍ കാറില്‍ ഒട്ടിക്കുക.

ആകെക്കൂടെ കണ്‍ഫ്യൂഷന്‍ ആയെങ്കില്‍ ക്ഷമിക്കണം. ദേ താഴത്തെ പടങ്ങള്‍ കണ്ടാല്‍ എല്ലാം മനസിലാകും.
കാറില്‍ ഒട്ടിക്കുന്ന ഭാഗം.

എതിര്‍ ഭാഗം മൊബൈല്‍ കവറില്‍ ഒട്ടിച്ചിരിക്കുന്നു.


ആകെ മൊത്തം ഇങ്ങനെ ഇരിക്കും.

ഇത് നിലത്തു വീഴില്ലേ? എന്നൊന്നും വിചാരിക്കേണ്ട. അത്യാവശ്യം വെയ്റ്റ് ഈ ഹൂക് & ലൂപ്പ് താങ്ങും. ഞാനിപ്പോള്‍ ഏകദേശം 100KM ഇങ്ങനെ ഓടിച്ചിട്ടുണ്ട്. ഒന്നും പറ്റിയിട്ടില്ല.അതുകൊണ്ടാണ് എഴുതാമെന്നു വച്ചത്.

എന്‍റെ മൊബൈല്‍ 30,000രൂപ കൊടുത്തു വാങ്ങിയതാണ് അതെങ്ങിനെ ഇങ്ങനെ വയ്ക്കും ,ഇന്ത്യയിലെ റോഡുകള്‍ ഒക്കെ കുണ്ടും കുഴിയും നിറഞ്ഞതാണ് എന്നൊക്കെ പറയാന്‍ തോന്നുന്നുണ്ടെങ്കില്‍ വെറുതെ കമെന്‍റ് ഇടുന്നതിലും നല്ലത് 200-250 രൂപ കൊടുത്തു കാറിന്‍റെ മുന്‍വശത്തെ ചില്ലില്‍ പിടിപ്പിക്കാവുന്ന ഹോള്‍ഡര്‍ വാങ്ങുകയാണ്. ചില്ലില്‍ പിടിപ്പിക്കുന്ന ഹോള്‍ഡര്‍ ആണെങ്കില്‍ ആകെ ഒരു പ്രശ്നം കേട്ടത് അത് കുറച്ചു കഴിയുമ്പോള്‍  എയര്‍ compression ശരിക്കും നടക്കാതെ ചില്ലില്‍ പിടിക്കാതെയാകും എന്നതാണു.

2012, ജൂൺ 8, വെള്ളിയാഴ്‌ച

പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്

"പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിക്ക്  അധികാരമുണ്ടായിരിക്കും". ഇത് നമ്മള്‍ നാട്ടിന്‍പുറത്ത് ക്ലബ് നടത്തുന്ന എല്ലാ പരിപാടികളിലും കേട്ടിട്ടുള്ളതാണ്. ചുമ്മാ ഒരു മുന്‍കൂര്‍ ജാമ്യം എടുക്കാനാണ് ഇത് പറയുന്നതു. ഈ ബ്ലോഗിലെ കമ്മിറ്റി ഞാനും പിന്നെ ഞാനും ആയതുകൊണ്ട് പരിപാടികളില്‍ ചില മാറ്റം വരുത്തുന്നു.എന്താണെന്ന് വച്ചാല്‍??

ഏകദേശം ഒരു കൊല്ലം മുന്പ് വളരെ കൊട്ടിഘോഷിച്ചു ഞാന്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഞാന്‍ ഡയറി എഴുത്തുമെന്നും എന്‍റെ ഡയറി ഒരു കൊല്ലത്തിന് ശേഷം ബ്ലോഗില്‍ പബ്ലിഷ് ആകുമെന്നും. തെളിവ് വേണേല്‍ ലിങ്കില്‍ ക്ലിക്കിയാല്‍ മതി.ഡയറി എഴുത്ത് മുറക്ക് നടക്കുന്നുണ്ടു.പക്ഷേ ഇപ്പോള്‍ പറയാന്‍ പറ്റാത്ത  ചില സാങ്കേതികകാരണങ്ങളാല്‍ ആ ഒരു കൊല്ലം എന്നുളളത് 2 കൊല്ലം എന്നാക്കേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു.അതായത് 2012 ജൂണ്‍ 11നു പബ്ലിഷ് ആകേണ്ട പോസ്റ്റ് 2013 ജൂണ്‍ 11ലേക്ക് മാറ്റി.

പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യാന്‍ പറ്റാത്ത !@$#%$%^$മോനേ, നീയൊക്കെ എന്തിനാടാ ഒരു ബ്ലോഗും കൊണ്ട് നടക്കുന്നതു എന്നൊന്നും ചോദിക്കരുത് പ്ലീസ്സ്.അതുപോലെ നട്ടെല്ലിന് വളവുണ്ടോ എന്നു പരിശോടിക്കാനും ആരും വരരുതു. വളരെ ആലോചിച്ചെടുത്ത ഒരു തീരുമാനമാണ്.

ഒരു കാര്യം കൂടി ഓര്‍ക്കുക രണ്ടു കൊല്ലം കഴിഞ്ഞാലും "പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിക്ക്  അധികാരമുണ്ടായിരിക്കുന്നതാണ്". :-)


2012, ജൂൺ 2, ശനിയാഴ്‌ച

MBA ഒരു വഴിക്കായി.ഇനിയെന്ത്?

ആദ്യം ഇതൊരു തമാശയായിരുന്നു. കോളേജില്‍ ചെയ്യാന്‍ പറ്റാത്തതെല്ലാം ചെയ്യാന്‍ ഒരു സ്ഥലം. ചുമ്മാ വായില്‍ നോക്കാന്‍ തന്നെ...പിന്നെ എപ്പോഴോ അതൊരു സ്വപ്നമായി മാറി.. യൂണിവേര്‍സിറ്റിക്കു ഒരു ശല്യമായപ്പോള്‍ അവന്മാര്‍ ജയിപ്പിച്ചു ഒഴിവാക്കി. പണ്ടൊക്കെ അമ്മ വീട്ടിലിരുന്നിട്ട് പിള്ളേരുടെ പേപ്പര്‍ നോക്കിയിട്ട് പറയുന്ന കേള്‍ക്കാം."ഒരു വസ്തുവും അറിയില്ല. പക്ഷേ 3 കൊല്ലമായില്ലെ മൂന്നാം ക്ലാസില്‍ കിടക്കുന്നു ഇത്തവണ വേറെ പിള്ളാരെ തോല്‍പ്പിച്ചിട്ടു ഇവനെ കയറ്റി വിടാം. അടുത്ത കൊല്ലം മുതല്‍ നാലാം ക്ലാസിലെ ടീച്ചര്‍ അനുഭവിക്കട്ടെ...". ഇത്ര കുട്ടികളെയെ തോല്‍പ്പിക്കാന്‍ പാടുള്ളൂ എന്നു നിയമമുണ്ടായിരുന്ന കാലത്താണിത്.

അങ്ങനെ ഞാനും ഒരു സ്ഥലത്തു പ്രശ്നമുണ്ടാക്കിയിട്ടു അടുത്ത സ്ഥലത്തേക്ക് പോകാനുള്ള ആലോചനയിലാണ്.ഏതെങ്കിലും ഒരുത്തന്‍ വല്ല MTech ക്കോ PhD യോ ഡിസ്റ്റന്‍സ് ആയി ഫ്രീ കൊടുക്കുണ്ടോ എന്നു നോക്കട്ടെ..പറയാന്‍ പറ്റില്ല ഇനി ബിരിയാണി കിട്ടിയാലോ?


ഇത് ചുമ്മാ ഒരു ജാടക്ക് ഇട്ടതാ...കുറെ റൂം മെറ്റ്സ് ഉണ്ടായിരുന്നു. അവന്മാര്‍ക്കെല്ലാം നല്ല സംശയവും ഉണ്ടായിരുന്നു ഇവന്‍റെ റേഞ്ച് വച്ച് ഇവന്നിതു കിട്ടുമോ എന്നു...