2012, നവംബർ 30, വെള്ളിയാഴ്‌ച

കമ്പ്യൂട്ടര്‍ ലാബിലെ വൈറസ്

സ്വാശ്രയ കോളേജ് മോഡലില്‍ PhD എടുത്തു ജോയിന്‍ ചെയ്ത കമ്പ്യൂട്ടര്‍ സയന്‍സ് HODയോട് ലാബ് അറ്റെണ്ടര്‍ : സാറേ ഇവിടെ കമ്പ്യൂട്ടറുകളില്‍ ഒക്കെ നിറച്ചും വൈറസാണ്.ഈ പിള്ളേര്‍ ഓരോന്നൊക്കെ കൊണ്ടുവന്നിങ്ങിടും .ചില സാറന്മാരും മോശമില്ല.

HOD: ഞാനും ശ്രദ്ധിക്കാറുണ്ട് .ഒറ്റ ഒരുത്തനും ഷൂസ് പുറത്തുവയ്ക്കുന്നില്ല. ലാബിലോക്കെ ഈ വെള്ളം കാണാത്ത സോക്ക്സും , വാങ്ങിയതില്‍പ്പിന്നെ അലക്കിയിട്ടില്ലാത്ത കോട്ടും ഇട്ടുവന്നാല്‍ വൈറസ് മാത്രമല്ല ബാക്ടീരിയയും, പുഴുവും, പാമ്പും വരെ കയറും.

കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ഷട്ട്ഡൌണ്‍ ചെയ്യാന്‍ പോലുമറിയാത്തവന്‍മാര്‍ക്കൊക്കെ B.E തമിഴ്നാട്ടില്‍ കാശിന് കൊടുക്കുന്നതു കണ്ടപ്പോള്‍ വിചാരിച്ചു ഇത് BE അല്ലെങ്കില്‍ ഡിഗ്രി കോഴ്സുകള്‍ക്ക് മാത്രമേ ഉണ്ടാകൂ എന്നു.പിന്നെ മനസിലായി പോസ്റ്റ് ഗ്രാജുവഷനും ഇതുപോലെ കിട്ടുമെന്ന്. ദാണ്ടെ ഇപ്പോള്‍ PhD യും ഇങ്ങനെ കിട്ടുമത്രേ. ഇങ്ങനെയുള്ള ഉഡായിപ്പുകള്‍ സായിപ്പന്‍മാര്‍ അറിഞ്ഞാല്‍ മിക്കവാറും അവര്‍ ഇന്‍ഡ്യയില്‍ നിന്നുള്ള എന്‍ജിനിയര്‍ ഇറക്കുമതി നിറുത്തും. അങ്ങനെയെങ്കില്‍ അങ്ങനെ ഇന്‍ഡ്യയില്‍ നിന്നും പഠിച്ചിറങ്ങുന്ന എന്നെപ്പോലെയുള്ളവര്‍ സ്വന്തമായി എന്തെങ്കിലും തുടങ്ങിയാല്‍ മതിയായിരുന്നു.

2012, നവംബർ 23, വെള്ളിയാഴ്‌ച

സേവ് എനര്‍ജി

"എന്നാലും ഏത് കാലമാടനാ ഈ കൊലച്ചതി ചെയ്തത്? ഈ മിണ്ടാപ്രാണികളൊക്കെ അവനോടു എന്തു തെറ്റാ ചെയ്തത്? അവന് എങ്ങിനെ മനസ് വന്നു ഈ കടുംകൈ ചെയ്യാന്‍. ? ഇന്നലെക്കൂടി ഓടിക്കളിച്ചുകൊണ്ടിരുന്നതാ ഇന്ന് കിടക്കണ കിടപ്പ് കണ്ടാ...ഇത് ചെയ്തവന്‍റെ തലയില്‍ ഇടിത്തീ വീഴും..."

സ്ഥലം :
മദ്ധ്യകേരളത്തിലെ കൂണ്‍ പോലെ പൊട്ടിമുളച്ച എഞ്ചിനീയറിങ് കോളേജുകളില്‍ അത്ര പ്രശസ്തമൊന്നുമല്ലാത്ത ഒരു കോളേജിലെ ബയോ-ടെക്നോളജി ലാബ്. ഛേ..അത്ര പ്രശസ്തമല്ല എന്നു പറയാന്‍ പറ്റില്ല.കാരണം Bio Technology യില്‍ യൂണിവേഴ്സിറ്റി റാങ്കുകള്‍ കിട്ടുന്ന കോളേജാണ്.

സന്ദര്‍ഭം:
ബയോടെക്നോളജി ലാബിലെ ബാക്റ്റീരിയകള്‍ ഒക്കെ ചെത്ത് കിടക്കുന്നു.കാരണം മറ്റൊന്നുമല്ല ആവശ്യമായ ലൈറ്റുകളും അതുപോലെയുള്ള ഉപകരണങ്ങളും തലേ ദിവസം ആരോ ഓഫ് ചെയ്തു വച്ചിരിക്കുന്നു.

ഇംഗ്ലിഷ് പറയുകയും,എഴുത്തുകയും മാത്രമല്ല ,ഇംഗ്ലിഷില്‍ മാത്രം പല്ലുത്തേക്കുകയും,കുളിക്കുകയും ,ഭക്ഷണം കഴിക്കുകയും ചെയ്തുകൊണ്ടിരുന്ന BioTechnology HOD അങ്ങനെ ആദ്യമായി ഗ്രീന്‍ മലയാളത്തില്‍ മൊഴിഞ്ഞ സന്ദര്‍ഭം കൂടിയാണിത്.

"ഇലക്ട്രിസിറ്റി എന്നതിന്‍റെ പ്രധാന്യം അറിയാതെ നമ്മള്‍ ആരും മൂന്നു ഇ യുള്ള ഈ EEE എന്ന ഡിപാര്‍ട്ട്മെന്‍റില്‍ പഠിച്ചിട്ടു ഒരു കാര്യവുമില്ല. കറന്‍റ് ആണ് ബാക്കി എല്ലാ കാര്യങ്ങളും ചെയ്യാന്‍ വേണ്ട ആവശ്യ വസ്തു. കറന്‍റ് ഇല്ലാതെ ഒരു മാതിരിപ്പെട്ട മെക്കാനിക്കല്‍ മെഷീനുകള്‍ ഒന്നും ഓടുകയില്ല.എലെക്ട്രോണിക്സുകാര്‍ക്ക് ഗെയ്റ്റ് ഇട്ടു തുറക്കുകയും അടക്കുകയും ചെയ്യണമെങ്കില്‍ കറന്‍റ് കൂടിയേ തീരൂ. ഗെയ്റ്റും,ട്രാന്‍സിസ്റ്ററും  ഇല്ലാതെ പിന്നെ എന്തു കമ്പ്യൂട്ടര്‍ സയന്‍സ്?

കറന്‍റ് കണ്ടുപിടിച്ചപ്പോള്‍ തന്നെ ഉണ്ടായ പ്രശ്നമാണ് അത് എങ്ങിനെ സ്റ്റോര്‍ ചെയ്യാം എന്നത്? സ്റ്റോര്‍ ചെയ്യാന്‍ പറ്റുകയാണെങ്കില്‍ മഴക്കാലത്ത് നമുക്ക് കുറെ ഉണ്ടാക്കി വേനല്‍ക്കാലത്ത് ഉപയോഗിക്കാം.വേനല്‍ക്കാലത്ത് കപ്പ പുഴുങ്ങി മഴക്കാലത്ത് തിന്നുന്നത്പോലെ .പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ  ഇതുവരെ അതിനൊരു പരിഹാരവും ഉണ്ടായിട്ടില്ല.അതുകൊണ്ട് നമ്മള്‍ കറന്‍റ് സൂക്ഷിച്ചേ ചിലവാക്കാന്‍ പാടുള്ളൂ. കാഷ് ഉണ്ടെന്ന് വച്ച് അങ്ങോട്ട് ചിലവക്കരുത്.പറയാന്‍ ആര്‍ക്കും എളുപ്പമാണ് .പക്ഷേ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്.EEE സ്റ്റുഡന്‍റ്സ് ആയ നിങ്ങള്‍ അങ്ങനെയാകരുത്. എവിടെയെങ്കിലും കറന്‍റ് പാഴാകുന്നത് കണ്ടാല്‍ നിങ്ങള്‍ അത് തടയണം. അതുപോലെ അവരെ ബോധവല്‍ക്കരിക്കണം.

ഇന്നലെതന്നെ,കോളേജ് കഴിഞ്ഞു  ഞാന്‍ ആ ബയോടെക്നോളജി ലാബിന്‍റെ അടുത്തുകൂടെ പോകുമ്പോള്‍ അതിനകത്ത് ആരോ ലൈറ്റ് ഓഫ് ചെയ്യാതെ പോയിരിക്കുന്നു.അക്വേറിയം ടാങ്ക് പോലത്തെ ടാങ്കുകളുടെ മുകളില്‍ ചുമ്മാ കുറെ ലൈറ്റുകള്‍ തെളിഞ്ഞു കിടക്കുന്നു. ഞാന്‍ അത് അപ്പോഴേ ഓഫ് ചെയ്തു. അതോടുകൂടി നമ്മുടെ കര്‍ത്തവ്യം കഴിഞ്ഞു എന്നു കരുതരുത്.ഇന്ന് ഞാന്‍ അവിടെ പോയി അവരെ ഒന്നു ബോധവല്‍ക്കരിക്കുന്നുണ്ട്."

സ്ഥലം : അതേ കോളേജിലെ EEE ഡിപാര്‍ട്ട്മെന്‍റ്
സന്ദര്‍ഭം: ഗ്രീന്‍ എനര്‍ജി ക്ലബ് ഉത്ഘാടനം.EEE HOD യുടെ അദ്ധ്യക്ഷപ്രസംഗം.

കടപ്പാട് : സ്വന്തം ഭാര്യയോട്.അവള്‍ക്ക് സ്വന്തമായി ബ്ലോഗില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു.ഇത് കണ്ടിട്ടു എങ്ങാനും തുടങ്ങോ എന്തോ? കഥാതന്തു മാത്രമേ അവളുടേതുള്ളൂ ..ബാക്കി മസാലയെല്ലാം എന്റെ വകതന്നെ.