2014, നവംബർ 1, ശനിയാഴ്‌ച

പ്രണയത്തിന്റെ ചുംബനം


അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ബിയര്‍മൌണ്ടന്‍ എന്ന സ്ഥലത്തു ഒക്ടോബര്‍ ഫെസ്റ്റ് എന്ന പരിപാടി നടക്കുന്നുണ്ട്. അവിടെ പോയപ്പോള്‍ എടുത്ത ഒരു ഫോട്ടോയാ. വളരെ കഷ്ടപ്പെട്ട് പബ്ലിക് ആയി കിസ്സ് ഓഫ് ലവ് എന്നൊക്കെ പറഞ്ഞു ഒരു പരിപാടി നടത്തുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു. ഇവിടെ പ്രായവ്യത്യാസമില്ലാതെ  എല്ലാവരും വെള്ളമടിച്ചും, പാട്ടുപാടിയും, ഡാന്‍സ് കളിച്ചും ആഘോഷിക്കുന്നു. പിന്നെ നമ്മള്‍ ഷേക്ഹാന്‍ഡ് കൊടുക്കുന്നതുപോലെ അവര്‍  പബ്ലിക് ആയി കിസ്സ് അടിക്കുന്നു. അത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. 2 ഫാമിലികള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ എല്ലാവരും തമ്മില്‍ തമ്മില്‍ ചെയ്യുന്നു. അല്ലാതെ ഇവിടെ കിസ്സും മറ്റേ പരിപാടിയും തമ്മില്‍ ഒരു ബന്ധം വരുന്നേയില്ല.

സംഗതി ഓരോരുത്തരുടെയും ഇഷ്ടമാണ് പരസ്യമായി ചുംബിക്കണോ വേണ്ടയോ എന്നത്. അത് പക്ഷേ അതാത് നാട്ടിലെ രീതി പോലെ ചെയ്യുന്നതല്ലേ നല്ലത്? അതുപോലെ നമ്മള്‍ ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് അസൌകര്യം ആണെങ്കില്‍ അത് അവരുടെ മുന്‍പില്‍ വച്ച് ചെയ്യാതിരിക്കലല്ലേ ശരി? 

പഠിക്കുന്നസമയത്തും അതുപോലെ ലൈന്‍ ഒന്നും കിട്ടാതെ നടന്ന ശേഷിക്കുന്ന ബാച്ചിലര്‍ ലൈഫിലും ഞാന്‍ ഒരു സദാചാരവാദിയായിരുന്നോ എന്നെനിക്കോരു സംശയം ഉണ്ട്. കുറെപേരെ കളിയാക്കിയും ,വെറുപ്പിച്ചും  (ദേഹോപദ്രവം ചെയ്തിട്ടില്ല) പരസ്പരം സംസാരിക്കുന്നത് നിറുത്തിച്ചിട്ടുണ്ട്. സത്യമായും ഡീസന്‍റ് ആയി ഇടപെട്ടിരുന്ന ഒരാളെയും കളിയാക്കിയിട്ടില്ല. ചില അവന്മാരുടെയും അവളുമാരുടെയും വിക്രിയകള്‍ അതിരുവിടുമ്പോള്‍ മാത്രം. പ്രത്യേകിച്ചു കൊഞ്ചിക്കുഴയലിന്‍റെ ഇടയില്‍ നമ്മളെ നോക്കി "കൊതിച്ചോടാ" എന്നു പറയുന്നമാതിരിയുള്ള നോട്ടം ഉണ്ടാകുമ്പോള്‍ മാത്രം ഇടപെടാറുണ്ട്. ആദ്യം ."മോനേ നീ നിന്‍റെ കാര്യം നോക്ക് ഇങ്ങോട്ട് വേണ്ടാ "എന്ന രീതിയില്‍ അങ്ങോട്ട് നോക്കും. എന്നിട്ടും നമുക്കിട്ട് വീണ്ടും കൊതിപ്പിച്ചാല്‍ മാത്രം. വെറും അസൂയ.എനിക്കോ കിട്ടുന്നില്ല. കിട്ടുന്ന നിനക്കു നിന്‍റെ കാര്യം മാത്രം നോക്കിയാല്‍ പോരേ എന്നെ കൊതിപ്പിക്കേണ്ട കാര്യമുണ്ടോ എന്നുള്ള ഒരു പ്രത്യേകതരം അവസ്ഥ.

ഒരു ഉദാഹരണം എടുത്താല്‍ ഒരുത്തന്‍ പരീക്ഷക്ക് കോപ്പിയടിച്ച് ധാരാളം മാര്‍ക്ക് വാങ്ങിക്കുന്നു എന്നു വിചാരിക്കുക. അവന്‍ അത് രഹസ്യമായിട്ട് ചെയ്താല്‍ നമുക്ക് എന്ത് ? നമ്മളും ഒത്താല്‍ കോപ്പിയടിക്കും. മൊത്തത്തില്‍ മനുഷ്യന്‍മാര്‍ക്കുള്ള ഒരു വാസനയാണല്ലോ വളഞ്ഞ വഴിയില്‍ കാര്യം നടത്തുക എന്നത്. പക്ഷേ അവന്‍ നിനക്കൊന്നും കോപ്പിയടിക്കാനുള്ള കഴിവില്ലെടാ എന്നുള്ളരീതിയില്‍ പെരുമാറിയാലോ? ഒന്നു രണ്ട് വട്ടം ക്ഷമിക്കും പിന്നെ പണികൊടുക്കും. ഏകദേശം സമാനമനസ്ഥിതിയാണ് മേല്‍പ്പറഞ്ഞ കാര്യത്തിലും. കാരണം നമ്മള്‍ വളര്‍ന്ന സാഹചര്യത്തില്‍ ഒരാണും പെണ്ണും തമ്മില്‍ പൊതുസ്ഥലത്ത് വച്ച് ഒരു ലിമിറ്റില്‍ കൂടുത്തല്‍ ഇടപെടുന്നത് അത്ര ശരിയായ സംഗതിയല്ല. നമ്മുടെ മനസില്‍ അത് ഒരു തെറ്റാണു.

അതുകൊണ്ട് തന്നെ കല്യാണത്തിന് ശേഷവും ഇന്ത്യയില്‍ പബ്ലിക് സ്ഥലങ്ങളില്‍ പോകുമ്പോള്‍ ഒരു പരിധിയിലേ നില്‍ക്കാറുള്ളൂ. അമേരിക്കയില്‍ പക്ഷേ മാറുമായിരിക്കാം.

അമേരിക്കയില്‍ ഇഷ്ടം പോലെ പബ്ലിക് ആയി മൂത്രം ഒഴിക്കാന്‍ സ്ഥലമുണ്ടായിട്ടും ആരും അത് ചെയ്യുന്നില്ല. ഇനിയിപ്പോള്‍ അത് ആരെങ്കിലും പരസ്യമായിട്ട് ചെയ്താല്‍ വേറെ ആരെങ്കിലും വന്ന്‍ അങ്ങനെ ചെയ്യരുതെന്ന് പറയും. തല്ലുകയൊന്നും ചെയ്തില്ലെങ്കിലും പോലീസ് എപ്പോ പൊക്കി എന്നു ചോദിച്ചാല്‍ മതി. അതും പറഞ്ഞു എല്ലാവരും കൂടി ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ പോയി മൂത്രം ഒഴിക്കല്‍ എന്‍റെ ഇഷ്ടമാണ് എന്നു പ്രഖ്യാപിച്ച് വട്ടത്തില്‍ നിന്നു  മൂത്രം ഒഴിക്കുന്നത് ശരിയായ രീതിയാണു എന്ന് എനിക്കു തോന്നുന്നില്ല.

ഒരു മാതിരി ഇംഗ്ലിഷ് സിനിമയിലെല്ലാം കാണാം സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ കുട്ടികള്‍ ബോയ്ഫ്രെന്‍ഡ് ഗേള്‍ഫ്രെന്‍ഡ് എന്നും പറഞ്ഞു കറങ്ങി നടക്കുന്നത്. സംഗതി സത്യവുമാണ്. അടീപിടിച്ചാല്‍ അബോര്‍ഷന്‍ ചെയ്തുകളയും അല്ലെങ്കില്‍ ഒരു അച്ഛനില്ലാ കുട്ടികൂടെ ജനിക്കും. അമേരിക്കയില്‍ അച്ഛന്‍റെ പേര്‍ വേണമെങ്കില്‍ "ഡോണ്ട് നോ" എന്നു  പൂരിപ്പിക്കാം. പക്ഷേ .ഈ പറയുന്ന പിള്ളേരുടെ അപ്പനോടും അമ്മയോടും അതേപ്പറ്റി സംസാരിച്ചാല്‍ അറിയാം അവരുടെ ഉള്ളിന്‍റെ ഉള്ളില്‍ അവര്‍ക്ക് അത് വലിയ താല്‍പര്യമില്ല. പക്ഷേ അവരും വളര്‍ന്നത് അങ്ങനെയായതുകൊണ്ട് അവര്‍ക്ക് അവരുടെ കുട്ടികളോട് വേണ്ട എന്നു പറയാന്‍ പറ്റുന്നില്ല.

ഒരു പുള്ളി അങ്ങേരുടെ മകന്‍ ആദ്യമായി താടി വടിച്ച കാര്യം പറഞ്ഞപ്പോള്‍  മുഖത്ത് വളരെ വിഷമമായിരുന്നു. "അവന്‍ വളരുകയാണ്. ഇനിയിപ്പോള്‍  അവന്ഗേള്‍ ഫ്രെന്‍ഡ് ഉണ്ടാകും. പിന്നെ അവന്‍ ഞങ്ങളെ വിട്ടുപോകും. ഇന്‍ഡ്യയില്‍ ആണെങ്കില്‍ അങ്ങനെയൊന്നും അല്ലല്ലോ അല്ലേ..". ആദ്യമായി  ഒരു സായിപ്പിന് മുന്‍പില്‍ ഇന്‍ഡ്യക്കാരന്‍ എന്ന നിലയില്‍ അഭിമാനം തോന്നിയത് ആപ്പോഴായിരുന്നു. ചിലപ്പോള്‍ ഞാന്‍ പരിചയപ്പെട്ട വളരെക്കുറച്ച് അമേരിക്കക്കാരുടെ മാത്രം അഭിപ്രായമായിരിക്കാം.

ഇനിയിപ്പോള്‍ പാശ്ചാത്യനാടുകളെ അനുകരിക്കണമെങ്കില്‍ കിസ്സടിച്ചു തന്നെ വേണമെന്നില്ലല്ലോ. താഴെപറയുന്ന കാര്യങ്ങളും ചെയ്യാം.
  • സായിപ്പ് തന്‍റെ വീടിന്‍റെ മുന്‍പില്‍ ഉള്ള മഞ്ഞു മാറ്റി റോഡ് വൃത്തിയാക്കുമ്പോള്‍, നമ്മുടെ നാട്ടില്‍ മഞ്ഞില്ലാത്തതുകൊണ്ട് നമ്മുടെ വീടിന് മുന്നിലുള്ള റോഡ് അടിച്ചുവാരി വൃത്തിയാക്കാം.
  • പോലീസിനുവേണ്ടിയല്ലാതെ ട്രാഫിക് നിയമങ്ങള്‍ പാലിക്കാം. ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് വയ്ക്കുക, കാര്‍ സീറ്റ് ബെല്‍റ്റ് ഇടുക തുടങ്ങിയ പരിപാടികള്‍
  • വണ്ടി ഓടിക്കുമ്പോള്‍ റോഡ് മറ്റുള്ളവര്‍ക്കും അവകാശപ്പെട്ടതാണ് എന്നു കരുതി വണ്ടിയോടിക്കുക. ഹോണ്‍ പരമാവധി കുറയ്ക്കാം. 
  • ആരെങ്കിലും റോഡ് ക്രോസ്സ് ചെയ്യാന്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അവരെ ക്രോസ്സ് ചെയ്യാന്‍ അനുവദിക്കുക. ഹോണ്‍ അടിച്ചു അവരെ പേടിപ്പിച്ച് പോകരുതു.
  • കുട്ടികളെ കൊണ്ടുപോകുമ്പോള്‍ അവരെ ബേബീസീറ്റില്‍ ഇരുത്തി ബെല്‍റ്റ് ഇട്ടു കൊണ്ടുപോകുക.
  • എവിടെയെങ്കിലും ക്യൂ നില്‍ക്കുമ്പോള്‍ ആവശ്യമില്ലാത്ത വെപ്രാളം  കാട്ടി ഇടയില്‍ കയറാതെ ശകലം ഡീസന്‍റ് ആയി നില്‍ക്കുക.
  • KSRTC ബസില്‍ കയറി ടികെറ്റും ചില്ലറയും തന്നില്ലെങ്കിലും ഇറങ്ങുമ്പോള്‍ കണ്ടക്ടര്‍ ,പറ്റിയാല്‍ ഡ്രൈവര്‍ മുതലായവരോട് ഒരു താങ്ക്സ് പറയുക.
  • ഇനി ഒന്നും പറ്റിയില്ലെങ്കില്‍ റോഡിലൂടെ ഒരു പട്ടിയെ കൊണ്ടുപോയി അതിന്‍റെ കാഷ്ടം ഒരു സഞ്ചിയില്‍ വരിയെടുക്കുക. അപ്പോള്‍ നിങ്ങളെ എല്ലാവരും ഒരു സായിപ്പ് ആയി കാണും.
അപ്പോള്‍ പറഞ്ഞു വന്നത് ഇന്ത്യന്‍ സംസ്ക്കാരം ആണെങ്കിലും പാശ്ചാത്യസംസ്കാരം ആണെങ്കിലും അതില്‍ നല്ലതും ചീത്തയും ഉണ്ട്. അന്ധമായി സായിപ്പിനെ അനുകരിക്കാതെ ഒന്നു ചിന്തിച്ചതിനുശേഷം നല്ലത് എന്താണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവോ അത് പ്രവര്‍ത്തിക്കുക. .നിങ്ങള്‍ക്ക് സ്വന്തമായി ചിന്താശേഷി ഇല്ല എന്നു നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ നിങ്ങളെ ജനിപ്പിച്ച അച്ഛനമ്മമാരോട് ചോദിക്കുക. അതല്ല നിങ്ങള്‍ ഒരു ദിവസം വേറെ ആരോടും അധികം അഭിപ്രായം ചോദിക്കാതെ സ്വന്തമായി ചിന്തിച്ചിട്ടും പബ്ലിക് ആയി കിസ്സ് അടിക്കാന്‍ തന്നെയാണ് തോന്നുന്നതെങ്കില്‍ പിന്നെ വേറൊന്നും നോക്കരുത്. വരുന്നത് വരുന്നിടത്ത് വച്ച് കാണാം എന്നുള്ള ലൈനില്‍ മറൈന്‍ ഡ്രൈവില്‍ ചെന്നു ആര്‍മാദിക്കുക.

പിന്നെ കല്യാണം കഴിയാത്ത പെങ്കുട്ടികളോട് ഒരു കാര്യം. സ്വാതന്ത്രം,  ന്യൂജനറേഷന്‍ എന്നൊക്കെപറഞ്ഞു ഇപ്പോള്‍ കൊറേ പേരൊക്കെ ധൈര്യം തരാന്‍ ഉണ്ടാകും. ഇക്കൂട്ടത്തില്‍പെട്ട ഒരുത്തന്‍ പോലും നിങ്ങളെ കെട്ടാന്‍ ഉണ്ടാകില്ല. കാരണം ഇവന്മാരൊക്കെ ജനിച്ചതും വളര്‍ന്നതും .ഇന്‍ഡ്യയില്‍ ആണ്, ഇവന്മാരുടെയൊക്കെ ഉള്ളിന്‍റെ ഉള്ളില്‍ പഴയ സദാചാരവാദി കാണും. അടുത്ത തലമുറയില്‍ അത് മാറുമായിരിക്കും.

എനിക്കു നേരിട്ടറിയാവുന്ന കേസുകളൊക്കെ ഇങ്ങനെയാണ്. ന്യൂജനറേഷന്‍ എന്ന ജാടക്ക് ഒരു കുറവും വരാതിരിക്കാന്‍ രാത്രി 10മണിക്ക് ഫ്രെന്‍ഡ്സ് എന്നും പറഞ്ഞു ഓരോരുത്തന്‍മാരുടെയൊക്കെ കൂടെ ഓരോ റെസ്റ്റോറന്‍റില്‍  പോകും. ന്യൂഇയറിന് ഇവന്‍മാരുടെയൊക്കെ കൂടെയിരുന്ന് വെള്ളമടിക്കും. പിന്നെ അവന്മാര്‍ തന്നെ അത് നാട്ടില്‍ പാട്ടാക്കും. അതില്‍ നിന്നും ഏതെങ്കിലും ഒരുത്തനെ വളച്ചെടുത്തില്ലെങ്കില്‍ പിന്നെ ഈ ജന്മത്ത് നേരെചൊവ്വേ വേറെ കല്യാണം ഒത്തുവരില്ല.

എന്നാലും 2012 സെപ്റ്റംബര്‍ 16 മുന്‍പ് ആരും ഇങ്ങനെ ഒരു പരിപാടി  കൊച്ചിയില്‍ സംഘടിപ്പിച്ചില്ലല്ലോ എന്ന വേദനയോടെ...

ദയവുചെയ്തു ഈ പോസ്റ്റിന്‍റെ പേരില്‍ മെക്കിട്ട് കയറാന്‍ വരരുത്. സദാചാരവാദികളെ നിങ്ങള്‍ കണ്ടല്ലോ ഞാന്‍ നിങ്ങളുടെ കൂടെയാണ്. പുരോഗമനവാദികളെ, നിങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം കൊടുക്കുന്നവരല്ലേ.എനിക്കു എന്‍റെ വ്യക്തിപരമായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ലേ?