2016, ഫെബ്രുവരി 20, ശനിയാഴ്‌ച

ഒരു ഫാനിന്റെ കഥ

അച്ഛൻ ഒരു മോഹൻലാൽ ഫാൻ ആയതുകൊണ്ട് മാത്രമാണ് അയാൾക്കും ഒരു മോഹൻലാൽ ഫാൻ ആകേണ്ടി വന്നത് അല്ലെങ്കിൽ ആളുകൾ അയാളെ അങ്ങനെ കണ്ടുതുടങ്ങിയത്. അച്ഛൻ മോഹൻലാൽ ഫാൻ ആയത് മുത്തച്ഛൻ ഒരു മോഹൻലാൽ ഫാൻ ആയതുകൊണ്ടായിരുന്നു. സത്യത്തിൽ മുത്തച്ഛൻ ആദ്യം സത്യൻമാഷിന്റെ ഫാൻ ആയിരുന്നു. അത് പക്ഷെ അദ്ദേഹത്തിന്റെ അച്ഛൻ ഒരു സത്യൻ ഫാൻ ആയിരുന്നത് കൊണ്ടല്ല. കാരണം ആ മുതുമുത്തച്ഛന്റെ കാലത്ത് സിനിമ വന്നിരുന്നില്ല. അന്ന് ആളുകൾ ഏതെങ്കിലും കഥകളിക്കാരനെയോ, തെയ്യം കെട്ടുന്ന ആളുടെയോ ഫാൻസ്‌ ആയിരുന്നു.

മുത്തച്ഛൻ ആയിരുന്നു മോഹൻലാലിൻറെ പുതിയ അഭിനയരീതികൾ ശരിക്ക് പറഞ്ഞാൽ ചമ്മുമ്പോൾ ഉള്ള ഒരു പ്രത്യേക ചിരി കണ്ടു,മോഡേൺ ആണെന്ന് കരുതി സത്യൻ ഫാൻസ്‌ അസോസിയേഷനിൽ നിന്നും മാറി മോഹൻലാൽ അസോസിയേഷനിൽ ചേർന്നത്. മുത്തച്ഛൻ ചേർന്നപ്പോൾ അദ്ദേഹം കുടുംബത്തെ മുഴുവൻ അങ്ങ് ചേർത്തു. അല്ലെങ്കിൽ കുടുംബത്തിൽ ആർക്കും അങ്ങേരെ ആ കാലത്ത് ധിക്കരിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. പണ്ട് സത്യൻ ഫാൻ ആയിരുന്ന കാലത്ത് ഒരു മധു ഫാനിന്നെ പ്രേമിച്ചതിനു മൂത്തമകളെ പടിയടച്ചു ആനയുടെ പിണ്ഡം തന്നെ വച്ച ആളാണ്. ഒരു ഫാൻസ്‌ അസോസിയേഷനിൽ പെട്ടവർ മറ്റൊരു ഫാൻസ് അസോസിയേഷനിൽ പെട്ടവരെ കല്യാണം കഴിക്കുന്ന രീതി പണ്ടേ ഇല്ലല്ലോ. സത്യൻ മരിച്ചതുകൊണ്ട് ഇനി പുതിയ പടങ്ങളിൽ പ്രത്യക്ഷപ്പെടില്ല എന്ന ഒരു കാരണവും ആ ഫാൻ മാറ്റത്തിനു പിന്നിൽ ഉണ്ടായിരുന്നു.

എല്ലാ ഫാൻസ്‌ അസോസിയേഷൻ മെംബേഴ്സും ചെയ്യുന്ന കാര്യങ്ങളും അയാളും പിന്തുടർന്ന് വന്നു. എല്ലാ ശനിയാഴ്ചയും തിയേറ്ററിൽ പോയി മോഹൻലാൽ സിനിമ കാണുക, മുന്പ് പലപ്രാവശ്യം കണ്ടതാണെങ്കിലും . പുതിയ സിനിമ ഒന്നും ഇല്ലെങ്കിൽ ഹിറ്റ്‌ ആയ സിനിമകൾ വീണ്ടും വീണ്ടും CD ഇട്ടു കാണും. വീട്ടിലുള്ള ചേട്ടന്മാരുടെയും ചേച്ചിമാരുടേയും, അതുപോലെ ബന്ധുക്കളുടെയും ഒക്കെ കുട്ടികളെ മോഹൻലാൽ ഡയലോഗുകൾ കാണാതെ പഠിപ്പിക്കുക. എല്ലാദിവസവും സന്ധ്യക്ക് മോഹൻലാൽ അഭിനയിച്ച പാട്ടുകൾ വീട്ടിൽ പാടുകയോ അല്ലെങ്കിൽ ഓഡിയോ പ്ലെയെറിൽ ഇടുകയോ ചെയ്യുക. ഇടയ്ക്കിടെ താൻ മോഹൻലാൽ ഫാൻ തന്നെയാണ് എന്നുറപ്പിക്കാൻ ഒരാഴ്ച ഫാൻ ക്ലബ്‌, വക കേന്ദ്രത്തിൽ പോയി ഇരുന്നു കട്ടക്ക് സിനിമകളും, അഭിമുഖങ്ങളും കാണുക. നാന, ചിത്രഭൂമി തുടങ്ങിയ മാസികകൾ വീണ്ടും വീണ്ടും വായിച്ചു മോഹൻലാലിൻറെ ഓരോ ചെറിയ അഭിപ്രായങ്ങളും, പ്രവർത്തികളും  തന്റെ ജീവിതത്തിൽ പകർത്തുന്നതിനുവേണ്ടി പഠിക്കുക.

പിന്നെ ആഘോഷങ്ങൾ, മോഹൻലാലിൻറെ ബർത്ത്ഡെ / മോഹൻലാൽ ജയന്തി കൊണ്ടാടുക അത് നിർബന്ധമാണ്‌ പട്ടിണി കിടക്കുകയാണെങ്കിലും. പറ്റിയാൽ അഥവാ കാശുള്ള വർഷങ്ങളിൽ മോഹൻലാലിൻറെ വീട്ടുകാരുടെ കൂടി ബർത്ത് ഡെ ആഘോഷിക്കുക. പിന്നെയുള്ള ആഘോഷങ്ങൾ മോഹൻലാലിൻറെ വിജയങ്ങൾ വർഷാവർഷം ഓർമ്മിക്കലാണ്. മംഗലശ്ശേരി നീലകണ്ഠൻ ആയ മോഹൻലാൽ മുണ്ടക്കൽ ശേഖരന്റെ കൈ വെട്ടിയ ദിവസം, കൊളപ്പള്ളി അപ്പനെ തോൽപ്പിച്ചു ജഗനാഥൻ ഉത്സവം നടത്തിയ ദിവസം,  നരസിംഹത്തിലെ ഇന്ദുചൂടൻ മണപ്പള്ളി പവിത്രനെ ചിതാഭസ്മം ഒഴുക്കാൻ സമ്മതിക്കാതെ തന്റെ പിതാവിന്റെ ചിതാഭസ്മം ഒഴുക്കിയ ദിവസം,  വന്ദനത്തിലെ ഉണ്ണികൃഷ്ണനോട് ഗാഥ 'ഐ ലവ് യു' പറഞ്ഞ ദിവസം   അങ്ങനെ നീളുന്നു ആ പട്ടിക...

പിന്നെയുള്ള  ഒരു മെയിൻ പരിപാടി മറ്റുള്ള ഫാൻസ്‌ അസോസിയെഷൻസിനെ കളിയാക്കലാണ്. പ്രത്യേകിച്ച് മമ്മൂട്ടി ഫാസിനെ. അവരുടെ സിനിമ നല്ലത് ആണെങ്കിലും അയാൾക്ക് അത് മനസ്സിൽ തോന്നിയാലും, ഒരിക്കലും അത് അംഗീകരിച്ചു കൊടുക്കാൻ അനുവാദമില്ല. എന്തെങ്കിലും പറഞ്ഞു മറ്റുള്ള ഫാൻസിനെ താഴ്ത്തി കെട്ടുക എന്നത് മാത്രമായിരുന്നു ചെയ്യേണ്ടിയിരുന്നത്. 

ഇതിനു എന്താണ് പ്രതിഫലം എന്ന് ചോദിച്ചാൽ, ഒരു ദിവസം നമ്മൾ, നല്ല ഫാൻ ആണെങ്കിൽ സാഗർ എന്ന മിത്രത്തിന്റെ കൂടെ ഇരിക്കാം. അല്ലെങ്കിൽ ജാക്കി എന്നാ ശത്രുവിന്റെ കൂടെ ഇരിക്കേണ്ടി വരും.

പിന്നെയുള്ള ഏക ആശ്വാസം ഇടയ്ക്കിടെ വരുന്ന ഫാൻ സൗഹാർദ സിനിമകൾ ആയിരുന്നു. അതായത് രണ്ടു പേരും ഒരുമിച്ചു അഭിനയിക്കുന്ന അല്ലെങ്കിൽ ഗസ്റ്റ്‌ റോൾ എങ്കിലും ഉള്ള സിനിമകൾ. അതിൽ ആയാലും സിനിമ പൊട്ടിയാൽ അത് അവന്റെ കുറ്റം. വിജയിച്ചാൽ അത് ലാലേട്ടൻ. ഇപ്പോൾ അങ്ങനത്തെ സിനിമകളും അധികം വരുന്നില്ല.

മമ്മൂട്ടിയാണ് വേറെ അധികം ഫാൻസ്‌ ഉള്ള ടീം. അപ്പോൾ പിന്നെ അധികം ഫാൻസ്‌ ഇല്ലാത്ത ടീംസിനെ എങ്ങിനെ ചവുട്ടി താഴ്ത്തും എന്ന് പറയേണ്ടതില്ലല്ലോ.

അങ്ങനെയിരിക്കുമ്പോഴാണ് അയാൾ കേട്ടത് ഒരു ഫാൻസ്‌ അസോസിയേഷനിലും പെടാതെ കുറച്ചു പേർ ഉണ്ടത്രേ. അവർക്ക് അതുകൊണ്ട് തന്നെ ആരുടെ പടം നന്നായാലും അത് ധൈര്യമായി പറയാം. അതുപോലെ സിനിമ നന്നല്ലെങ്കിൽ അതും പറയാം. അവരുടെ അഭിപ്രായത്തിൽ ഈ ഫാൻസ്‌ അസോസിയേഷൻ എന്നാ പരിപാടി തന്നെ വേണ്ടത്രേ. ഫാൻസ്‌ സംഘടനയിൽ പെട്ടുപോയാൽ പിന്നെ സ്വതന്ത്രമായി ചിന്തിക്കാൻ പറ്റില്ലത്രേ. സംഘടനകൾ പിരിചുവിട്ട് എല്ലാവരു സ്വന്തമായി നിൽക്കണം എന്നാണ് അവർ പറയുന്നത്.സിനിമ തന്നെ വേണ്ടെന്നു പറയുന്നവരും ഉണ്ട്. അത്രക്ക് അത്യാവശ്യമാണെങ്കിൽ നമുക്ക് തന്നെ ഷോര്ട്ട് ഫിലിം പിടിക്കാമത്ര. സയൻസ് അത്രക്ക് വികസിച്ചു പോലും. മൊബൈൽ ക്യാമറ മതി ഇപ്പോൾ സിനിമ പിടിക്കാൻ. പക്ഷെ അയാൾ അതിൽ ഒന്നും വിശ്വസിച്ചില്ല. സിനിമ ഇല്ലെങ്കിൽ അതുപോലെ ഫാൻസ്‌ അസോസിയേഷൻ ഇല്ലെങ്കിൽ പിന്നെ എന്താണ്  ജീവിതത്തിനു അർത്ഥം?

കാലങ്ങൾ അങ്ങനെ കടന്നുപോയി. അങ്ങനെയിരിക്കെ ഒരുനാൾ അയാളുടെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവന്നു.വലിയ സൌന്ദര്യം ഒന്നും ഇല്ലെങ്കിലും എന്തോ ഒരു ആകർഷണം അവർക്കിടയിൽ ഉണ്ടെന്നു അയാൾക്ക് മനസിലായി. ഒന്ന് മുട്ടാനുള്ള ഒരു അവസരത്തിനായി അയാൾ ഒരു വർഷം ചിലവഴിച്ചു. തനിക്ക് ഒരു ആവശ്യം ഇല്ലെങ്കിലും അവൾ പോകുന്ന സ്പോകെൻ ഇംഗ്ലീഷ് ക്ലാസിനു ആയാളും ചേർന്നു. അങ്ങനെ ഒരു വർഷത്തിനു ശേഷം അയാൾ തന്റെ മനസ് ആ പെണ്കുട്ടിക്ക് മുൻപിൽ തുറന്നു. അവൾക്കും അങ്ങനെ ഒരു ഫീലിങ്ങ്സ്‌ അയാളെ കണ്ടതുമുതൽ ഉണ്ടെന്നു മനസിലാക്കിയ അയാൾ ഇവൾ തന്നെ തന്റെ വധു എന്ന് തീരുമാനിച്ചുറപ്പിച്ചു. സിനിമകൾ കണ്ടു സിനിമയിൽ കാണുന്നതുപോലെ മനസിന്‌ പിടിച്ച ഒരു പെൺകുട്ടിയെ പ്രേമിച്ചേ കല്യാണം കഴിക്കൂ എന്ന് വിചാരിച്ചു നടക്കുന്ന അയാൾക്ക് ഇതിൽപ്പരം എന്ത് ആനന്ദം കിട്ടാൻ. നാട്ടിലെ കീഴ്വഴക്കം അനുസരിച്ച് രണ്ടു പേരും കൂടെ ഒരു സിനിമക്ക് പോകാം എന്ന് തീരുമാനിച്ചു. നാട്ടിലെ ലോക്കൽ ക്ലാസ് തിയേറ്റർ എപ്പോഴും പൂവാലശല്യം ഉള്ളതായതുകൊണ്ട് പട്ടണത്തിലെ ഷോപ്പിംഗ്‌ മാളിലെ മൾട്ടിപ്ലെക്സ് തിയേറ്ററിൽ മോർണിംഗ് ഷോയ്ക്ക് പോകാനുറപ്പിച്ചു.

പല്ലുപോലും തേക്കാതെ മൌത്ത് വാഷ് ഒരു കവിൾ കുടിച്ചു, രണ്ടു ടിക്കറ്റ്‌ എടുത്തു മോഹൻലാൽ പടം കളിക്കുന്ന വാതിൽക്കൽ പോയ അയാൾ അന്ന് ആദ്യമായി ജീവിതത്തിൽ ഞെട്ടി. തന്റെ മനസ് കീഴടക്കിയവൾ അതാ ഓൺലൈൻ വഴി 2 ടിക്കെറ്റുകൾ എടുത്തു മമ്മൂട്ടിയുടെ പടം കളിക്കുന്ന തിയേറ്റർ ഡോറിൽ നിന്ന് മാടി വിളിക്കുന്നു.

ബോധം വന്നപ്പോൾ തലയ്ക്കു മുകളിൽ നാളികേരത്തിന്റെ കണ്ണുകൾ പോലെ 3 ലൈറ്റുകൾ കാണാത്തതുകൊണ്ട് ഓപ്പറേഷൻ തിയേറ്റർ അല്ല അതെന്നു  മനസിലായി. ചുറ്റും നോക്കിയപ്പോൾ ജനറൽ വാർഡ്‌ ആണ്. ഒരു ചെറിയ ഷോക്ക്‌ വന്നതാണത്രേ. പല ഫാൻസ്‌ അസോസിയേഷനുകളിലും പെട്ട ആളുകളെ അവിടെ അയാൾ ശ്രദ്ധിച്ചു തുടങ്ങി. എല്ലാവരും എന്നെപ്പോലെതന്നെ രണ്ടു കൈകൾ, രണ്ടു കാലുകൾ പറയുന്നത് മലയാളം. എല്ലാവരും ഒരേ കാന്റീനിൽ നിന്നും ഭക്ഷണം കഴിക്കുന്നു. അങ്ങനെ ആ ആശുപത്രിക്കിടക്കയിൽ വച്ച് തന്റെ വീട്ടുകാർ വരെ മോഹൻലാലിൻറെ പുതിയ പടം കാണാൻ പോയ ഒറ്റപ്പെടലിൽ അയാൾ ഫാൻസ്‌ അസോസിയേഷൻ എന്ന ഏർപ്പാടിനെ പറ്റി സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങി.

താനല്ല, ഈ ഫാൻസ്‌ അസോസിയേഷനിൽ ചേരണം എന്ന് തീരുമാനിച്ചത്. ആരൊക്കെയോ ചേർന്ന് അല്ലെങ്കിൽ ജന്മം മൂലം അതിൽ ചേർക്കപ്പെടുകയായിരുന്നു. അതിൽ എന്തൊക്കെ നിയമങ്ങളാ? ഫാൻസ്‌ അസോസിയേഷൻ ആണ് നമ്മൾ എങ്ങിനെ ജീവിക്കണം, എന്തൊക്കെ ചെയ്യണം എന്ന് തീരുമാനിക്കുന്നത്? കൂടുതലും പാടില്ല എന്ന് പറയുന്ന നിയമങ്ങൾ ആണ്. ആ നിയമങ്ങൾ ഒന്നും മോഹൻലാൽ ഉണ്ടാക്കിയതല്ല. അസോസിയേഷന്റെ പ്രസിഡണ്ട്‌, സെക്രട്ടറി, കമ്മറ്റി അംഗങ്ങൾ ചേർന്ന് ഉണ്ടാക്കിയതാണ്.  

ഐഡിയയുടെ 250രൂപക്ക് 1 ജി.ബി എന്ന ഓഫർ ആണ് അയാളെ ഇന്റർനെറ്റ്‌ എന്നാ വിശാലവും സ്വതന്ത്രവും ആയ ലോകത്തിലേക്ക് കൊണ്ട് പോയത്.  അവിടെ അയാൾ പണ്ട് ചവറു അല്ലെങ്കിൽ ബുദ്ധിജീവികൾക്ക് മാത്രം എന്ന് വിചാരിച്ചിരുന്ന   പുസ്തകങ്ങൾ pdf രൂപത്തിൽ കണ്ടു. കൂടെ കുറെ ലേഖനങ്ങൾ പോലത്തെ ബ്ലോഗ്‌ പോസ്റ്റുകളും. പിന്നെ കുറെ വീഡിയോകൾ.  

അവിടെനിന്നും അയാൾക്ക് പല അറിവുകളും കിട്ടി. ഈ ലോകത്തിൽ ഇപ്പോഴുള്ള ഫാൻസ്‌ അസോസിയേഷനുകളെക്കാളും, കൂടുതൽ അസോസിയേഷനുകൾ മൺമറഞ്ഞിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും ഉള്ള മനുഷ്യർക്ക് അനുസരിച്ച് പുതിയ അസോസിയേഷനുകൾ വരുന്നുണ്ട്, അല്ലെങ്കിൽ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. 1980കളിൽ പ്രവര്ത്തിക്കുന്ന പോലെയല്ല ഇപ്പോൾ തന്റെ അസോസിയേഷൻ ഇപ്പോൾ പ്രവര്ത്തിക്കുന്നത്. കഥകളിക്ക് ഇപ്പോൾ ഒരു അസോസിയേഷനും ഇല്ല കാരണം അത് ആളുകൾക്ക് വേണ്ട. രസകരമായ സംഗതി ഇടിമിന്നലിൽ സംഗീതം ഉണ്ടെന്നു പറഞ്ഞു ഇടിമിന്നലിനു ഫാൻസ്‌ ഉണ്ടായിരുന്നത്രേ. പിന്നെ അതിനു ശാസ്ത്രീയമായ  എങ്ങിനെ ഇടി ഉണ്ടാകുന്നു എന്ന വിശദീകരണം  വന്നപ്പോൾ മിക്കവരും വിട്ടുപോയത്രേ. എന്നാലും കുറച്ചു പേർ ഇപ്പോഴും ഉണ്ടത്രേ. 

മോഹൻലാലിനും മമ്മൂട്ടിക്കും മാത്രമല്ല, ഈ ലോകത്ത് ഫാൻസ്‌ അസോസിയേഷനുകൾ ഉള്ളത്. മിക്കി മൌസിനും, ഡോണാൾഡു ഡക്കിനും, സൂപ്പർ മാനും, സ്പൈഡർ മാനും എന്തിനു ബാലമംഗളത്തിൽ വന്ന ഡിങ്കന് പോലും ഇപ്പോൾ അസോസിയേഷനുകൾ ഉണ്ടത്രേ.

അതുപോലെ ലോകത്ത് ചില സ്ഥലങ്ങളിൽ കുറെയധികം ആളുകൾ ഒരു ഫാൻസ്‌ അസ്സോസിയെഷനുകളിലും ചേരാതെ സന്തോഷമായി ജീവിക്കുന്നുണ്ടത്രേ. 

അതിൽ അയാളെ വിഷമിപ്പിച്ചത് ഫാൻസ്‌ അസോസിയേഷൻ തർക്കങ്ങളിൽ ആളുകൾ പരസ്പരം കൊല്ലുന്നതായിരുന്നു. അതുപോലെ ഒരു ഫാൻസ്‌ അസോസിയേഷന് വ്യക്തമായ മേൽക്കോയ്മയുള്ള സ്ഥലങ്ങളിൽ മറ്റു അസോസിയേഷനുകൾക്ക് പ്രവർത്തിക്കാൻ പാടില്ലത്രേ. അതുപോലെ മറ്റുള്ളവരുടെ സിനിമകൾ പ്രദർശിപ്പിക്കാനും പാടില്ല.  

അങ്ങനെ ആശുപത്രിയിൽ നിന്നും പേര് വെട്ടിപോകുന്ന ദിവസം ആയപ്പോഴേക്കും അയാൾ ഒരു കടുത്ത തീരുമാനമെടുത്തിരുന്നു. എങ്ങിനെയെങ്കിലും ഫാൻസ്‌ അസോസിയേഷൻ പ്രവർത്തനങ്ങൾ അധികം ഇല്ലാത്ത ഒരു രാജ്യത്ത് ഒരു ജോലി നേടുക. എന്നിട്ട് ആദ്യത്തെ ലീവിന് വരുമ്പോൾ നേരെ പോയി തന്റെ പ്രേമ ഭാജനത്തോട് താൻ മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ വിട്ടെന്നും, തന്നെ ഇഷ്ടമാണെങ്കിൽ തന്റെ കൂടെ ഫാൻസ്‌ അസോസിയേഷനുകൾ നിത്യജീവിതത്തെ ബാധിക്കാത്ത, ഒരു അസോസിയേഷനിലും പെടാതെ ആളുകൾക്ക് ജീവിക്കാൻ പറ്റുന്ന ആ രാജ്യത്തേക്ക് ബാക്കിയുള്ള ജീവിതം പങ്കിടാൻ, തന്റെ കുട്ടികളുടെ അമ്മയാകാൻ,  തന്നോടൊപ്പം വരുന്നുണ്ടോ എന്ന് ചോദിക്കുക. സമ്മതം ആണെകിൽ അടുത്ത ഫ്ലൈറ്റിനു സ്ഥലം കാലിയാക്കുക.

അയാൾക്ക് ഫാൻസ്‌ അസോസിയേഷനുകൾക്ക് അധികം സ്വാധീനം ഇല്ലാത്ത ഒരു രാജ്യം കണ്ടുപിടിക്കാൻ കഴിയുമോ? കണ്ടു പിടിച്ചാൽ തന്നെ അവിടെ ജോലികിട്ടുമോ? ജോലി കിട്ടിയാൽ തന്നെ ഫാമിലിവിസ കിട്ടുമോ? ഫാമിലി വിസ കിട്ടിയാൽ തന്നെ അപ്പോഴേക്കും ആ പെണ്കുട്ടിയെ വരെ വല്ലവരും കൊത്തിക്കൊണ്ട് പോകാതിരിക്കുമോ? ഇനിയിപ്പോൾ പെണ്കുട്ടിക്ക് സമ്മതമാണെങ്കിൽ തന്നെ ഫാൻസ്‌ അസോസിയേഷനുകൾ അവരെ വെറുതെ വിടുമോ? ഇനി എല്ലാം ശരിയായാൽ തന്നെ അടുത്ത ഫ്ലൈറ്റിനു വിസ എടുക്കാതെ ടിക്കറ്റ്‌ കിട്ടുമോ? 

നിങ്ങളുടെ ഉത്തരങ്ങൾ അയക്കേണ്ട ഫോർമാറ്റ്‌ - FAN <space> Story <space> Answer

ഇനി മതി...എനിക്കെന്നെ വായിച്ചിട്ട് ഞങ്ങളുടെ പാടത്ത് പോലും ഇത്രക്കും 'ചളി'യുണ്ടെന്നു തോന്നുന്നില്ല. സൂപ്പർ സ്റ്റാർസ് അവർ ഒരു തവണ പോലും കണ്ടു നോക്കാതെ കൂറ സിനിമ റിലീസ് ചെയ്യുന്നപോലെ, നമ്മളെക്കൊണ്ട് പറ്റില്ലന്റമ്മേ...

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

ഹോമോ ഇവലൂട്ടസ്

ഹോമോ ഇവലൂട്ടസ് / Homo Evolutis

ഇവലൂട്ടസ് എന്നോ ഇവലൂട്ടിസ് എന്നോ ഒക്കെ വായിക്കാം. പക്ഷെ ഇംഗ്ലീഷ് വീഡിയോ കണ്ടത്തിൽ അവർ ഉച്ചരിക്കുന്നത് ഇവലൂട്ടസ് എന്നാണ്. ആദ്യം മലയാളത്തിൽ ഈ വാക്ക് ഇൻറർനെറ്റിൽ എഴുതുന്നത് ഞാൻ ആണെന്ന് തോന്നുന്നു. അതുകൊണ്ട് ഇവലൂട്ടസ് എന്നാക്കാം.

പരിണാമം

മാറ്റമില്ലാത്തത് ഒന്നുമാത്രം. അതാണ് മാറ്റം. എന്ന് പറയുമ്പോൾ അത് ജീവികൾക്കും ബാധകമാണ്. ഇന്ന് കാണുന്നപോലെ അല്ലായിരുന്നു മുന്പ് ജീവികൾ. പ്രകൃതിയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചു രൂപമാറ്റങ്ങൾ വരുന്നുണ്ട്. ഭൂരിഭാഗം മാറ്റങ്ങളും ആയിരക്കണക്കിനും ലക്ഷക്കണക്കിനും വർഷങ്ങൾ എടുത്തിട്ടാണ് നടക്കുന്നത്. നമ്മുടെ 9  വയസിലും 10 വയസിലും എടുത്ത ഫോട്ടോകൾ നോക്കിയാൽ വലിയ വ്യത്യാസം ഉണ്ടാകില്ല. പക്ഷെ 10 വയസിലും 40 വയസിലും എടുത്ത ഫോട്ടോകൾ നോക്കിയാൽ വലിയ വ്യത്യാസം കാണാം. അതുപോലെതന്നെയാണ് പരിണാമവും ഒരു അടുത്തടുത്ത 2 തലമുറകൾ നോക്കിയാൽ വലിയ വ്യത്യാസം കാണില്ല. പക്ഷെ അധികം കാലവ്യത്യാസം ഉള്ള തലമുറകൾ എടുത്താൽ വലിയ വ്യത്യാസം കാണാം. കുറെ കഴിയുമ്പോൾ അവ വേറെ ഒരു ജീവി വര്ഗം തന്നെയായി മാറുന്നു. ഏതു തലമുറ മുതൽ ആണ് പുതിയ ജീവി എന്ന് ചോദിച്ചാൽ നമുക്ക് ശരിയായി എടുത്തു കാണിക്കാൻ പറ്റില്ല.

എല്ലാ പരിണാമങ്ങൾക്കും ആയിരക്കണക്കിന് വർഷങ്ങൾ വേണോ എന്ന് ചോദിച്ചാൽ വേണ്ട എന്നാണുത്തരം. തലമുറകൾ അല്ലെങ്കിൽ ഒരു ജീവിയുടെ ആയുർദൈർഘ്യം ആണ് പരിണാമം തീരുമാനിക്കുന്നത്.  ദിവസങ്ങൾ ജീവിക്കുന്ന ബാക്ടീരിയകൾ ആണെങ്കിൽ നമുക്ക് പരിണാമം വേഗത്തിൽ കാണാൻ പറ്റും.

ബാക്ടീരിയ വരെ പോകണമെന്നില്ല. ഉദാഹരണങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ട്. നാട്ടിൽ കണ്ടു വരുന്ന 'ലൗ ബേഡ്സ്' എന്ന പക്ഷി വർഗം അതിനു ഉദാഹരണമാണ്‌. മനുഷ്യൻ കൂട്ടിലിട്ടു വളർത്തി, ഇപ്പോൾ അതിനു കൂട്ടിൽ നിന്നും പുറത്തു വിട്ടാൽ ജീവിക്കാൻ പറ്റാതായിരിക്കുന്നു. അതുപോലെ വിവിധ വർഗത്തിൽ പെട്ട നായകൾ അതുപോലെ കൃഷി ചെയ്യുന്ന സസ്യങ്ങൾ . അവയെ മനുഷ്യൻ കൃത്രിമമായി അവന്റെ ആവശ്യത്തിനു വേണ്ടി ഉണ്ടാക്കിയെടുത്തതാണ്. പല വർഗങ്ങളും പണ്ട് ഉണ്ടായിരുന്നില്ല. അതുപോലെ ചില നായ്‌ വർഗങ്ങൾക്ക് മനുഷ്യൻ ഇല്ലെങ്കിൽ നിലനിൽക്കാൻ കഴിയും എന്നും തോന്നുന്നില്ല. ബുൾ ഡോഗ് എന്ന ഇനത്തിൽ ഇപ്പോൾ പ്രസവം നടക്കുന്നത് സിസേറിയൻ മൂലമാണ്. വലിയ തല ആയതുകൊണ്ട് സാധാരണ പ്രസവം വളരെ ബുദ്ധിമുട്ടാണ്.   

ഭാഷയുടെ പരിണാമം 

ഭാഷയും ഏതാണ്ട് ഇതുപോലെയാണ്. പഴയ ഒരു 200ഓ 300 കൊല്ലം മുൻപുള്ള മലയാളം ഇപ്പോൾ ഉള്ള മലയാളികൾക്ക് ശരിക്കും മനസിലാകണം എന്നില്ല. അതുപോലെ തൃശൂർ നിന്നും മലപ്പുറത്ത്‌ ചെല്ലുമ്പോൾ ഭാഷ ചെറുതായി മാറുന്നത് കാണാം. പക്ഷെ ആ വഴിയിൽ തൊട്ടടുത്തുള്ള ഏത് 2 വീടുകള എടുത്താലും അവരുടെ ഭാഷയിൽ വലിയ വ്യത്യാസം ഉണ്ടാകില്ല.

മനുഷ്യ പരിണാമം

ഭാഷ പരിണമിച്ചു. മൃഗങ്ങൾ പരിണമിച്ചു. അത് എല്ലാവർക്കും മനസിലാകും അംഗീകരിക്കും. അതുപോലെയാണ് മനുഷ്യനും എന്ന് പറഞ്ഞാൽ കുറച്ചു ബുദ്ധിമുട്ടാകും. ഇനി മനസിലായാലും അംഗീകരിക്കൻ ഒരു വൈമനസ്യം. ഞാൻ മൃഗം ആണോ? കുരങ്ങ് പോലുള്ള ഒരു മൃഗത്തിൽ നിന്നാണോ ഞാൻ ഉണ്ടായത്? ഏയ്‌ ഒരിക്കലും ഇല്ല.

അംഗീകരിച്ചാലും ഇല്ലെങ്കിലും ഇപ്പോൾ നിലവിൽ ഉള്ള തെളിവുകൾ വച്ച് സത്യം അതാണ്. സത്യം എന്നാൽ തെളിവുകൾ വച്ച് പറയുന്നത് ആണല്ലോ? ഇനി മറിച്ചു തെളിവുകൾ വന്നാൽ അല്ല എന്ന് പറയേണ്ടി വരും. 

കുരങ്ങു പോലുള്ള ഒരു പൂർവികനും, ആധുനിക മനുഷ്യനും ഇടയിൽ ഒട്ടേറെ വർഗങ്ങൾ ഉണ്ട്. കുറെ ഫോസ്സിലുകൾ കിട്ടിയിട്ടുണ്ട്. ഓരോ കാലഘട്ടങ്ങളിൽ ആയി പ്രകടമായ ഒരു മാറ്റം കാണുമ്പൊൾ അവരെ ഒരു വർഗമായി പരിഗണിക്കുന്നു. നേരത്തെ പറഞ്ഞപോലെ അമ്മ ഒരു വർഗ്ഗവും മോൾ വേറെ വർഗ്ഗവും എന്ന് ഒരിക്കലും വേർതിരിക്കാൻ ആകില്ല. അങ്ങനെയുള്ള ഓരോ മനുഷ്യ പൂർവികവർഗങ്ങൾ ആണ് ഹോമോഹാബിലിസ്, ഹോമോ എറെക്റ്റസ് തുടങ്ങിയവ. ചിലർ നിവർന്നു നിൽക്കുന്നവരായിരുന്നു, ചിലർ ആയുധങ്ങൾ ഉപയോഗിച്ച് തുടങ്ങി അങ്ങനെ പോകുന്നു പ്രകടമായ മാറ്റങ്ങൾ. പുതിയ അനുകൂലനങ്ങൾ ആയ ആയുധം ഉപയോഗിക്കൽ ഒക്കെ വരുമ്പോൾ ആ വർഗത്തിന് അതിജീവനശേശി കൂടുന്നു. പഴയവർ പടി പടിയായി ഇല്ലാതാകുന്നു അല്ലെങ്കിൽ ആയുധം ഉപയോഗിച്ച് പുതിയ വര്ഗമായി മാറുന്നു അല്ലെങ്കിൽ അതിൽ ലയിച്ചു ചേരുന്നു.

പണ്ട് എല്ലാവരും ടൈപ്പ് റൈറ്റർ ഉപയോഗിച്ചിരുന്നു. ഇപ്പോൾ എല്ലാവരും കമ്പ്യൂട്ടർ ആണ്. പണ്ട് ടൈപ്പ് റൈറ്റർ ഉപയോഗിച്ചവർ ഒന്നുകിൽ കമ്പ്യൂട്ടർ പഠിച്ചു അല്ലെങ്കിൽ അവരുടെ ജോലി പോയി. ഇന്ന ദിവസം മുതൽ ആണ് ടൈപ്പ് റൈറ്റർ യുഗം മാറി കമ്പ്യൂട്ടർ യുഗം ആയത് എന്ന് പറയാൻ പറ്റില്ല.

മനുഷ്യന്റെ അടുത്ത പരിണാമം 

പരിണാമം ഇപ്പോഴും തുടരുന്ന ഒരു പ്രക്രിയ ആണ്. ഹോമോ സാപ്പിയൻസ് കഴിഞ്ഞാൽ ശേഷം ആര് എന്ന ചോദ്യത്തിന് ചില ശാസ്ത്രഞ്ജന്മാർ നൽകുന്ന ഉത്തരമാണ് ഹോമോ ഇവലൂട്ടസ്. Juan Enríquez and Steve Gullans എന്നിവരാണ്‌ അതിൽ പ്രമുഖർ.

ഹോമോ ഇവലൂട്ടസ് - മുഖ്യ പ്രത്യേകതകൾ 

പലരും പല പ്രത്യേകതകൾ പറയുന്നുണ്ട് എങ്കിലും പ്രകടമായ കഴിവ് താഴെ  പറയുന്നതാണ്.

ഈ ജീവി വർഗത്തിന് സ്വന്തം പരിണാമം നിയന്ത്രിക്കാനുള്ള. കഴിവ് ഉണ്ടായിരിക്കും. സ്വന്തം ഡി.എൻ.എ യിൽ സാഹചര്യത്തിന് അനുസരിച്ച് അവർ മാറ്റം വരുത്തും.

ഹോമോ സാപ്പിയൻസിനെക്കാളും ബുദ്ധി കൂടുതൽ ആയിരിക്കും. ബുദ്ധി കൂട്ടുന്നതിനു യന്ത്രങ്ങൾ ഉപയോഗിക്കപ്പെടാം. എല്ലാ ഹോമോ ഇവലൂട്ടസും തമ്മിൽ വാർത്താവിനിമയം ഉണ്ടായിരിക്കും.അതിനു തലച്ചോറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കപ്പെടാം.

മറ്റു പ്രത്യേകതകൾ 

ശരീരത്തിൽ ഇലക്ട്രോണിക് ഘടകങ്ങൾ ഉണ്ടായിരിക്കാം. ഏതു അവയവവും മാറ്റി വയ്ക്കാൻ സാധിക്കും. അവയവങ്ങൾ ജൈവമോ, ഇലക്ട്രോണിക് ഘടകങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയതോ ആകാം. അവയവങ്ങൾ ഹോമോ സാപ്പിയന്സിന്റെ അവയവങ്ങളെക്കാളും കഴിവുകൾ ഉള്ളതായിരിക്കും. ഉദാഹരണമായി അൾട്രാവയലറ്റ് രശ്മികൾ കാണാനുള്ള,വിദൂര ശേഷിയുള്ള,  ബാക്ടീരിയകളെ കാണാൻ പറ്റുന്ന കണ്ണ്. 

ക്ലോണിംഗ് അല്ലെങ്കിൽ അതിലും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കപ്പെടുന്നതുകൊണ്ട്  പുതിയ തലമുറയെ ഉണ്ടാക്കുന്നതിനു ലൈംഗികബന്ധം ആവശ്യമില്ലതിരിക്കാം. അതുമൂലം വിവാഹം എന്ന സാമൂഹ്യആചാരം ഉണ്ടാകാൻ സാധ്യതയില്ല. മരണം വളരെ കുറവായതുകൊണ്ട്, പ്രത്യുൽപ്പാദനം വേണ്ടെന്നു വരാം അല്ലെങ്കിൽ നിയന്ത്രിക്കപ്പെടാം.

ഹോമോ സാപ്പിയന്സിന്റെ ഭാവി 

ഹോമോ സാപ്പിയൻസ് ജീവിവർഗം അഥവാ ഇപ്പോൾ ഉള്ള മനുഷ്യർ പുതിയ ജീവി വർഗവുമയി ലയിച്ചു ചേരും. അതായത് ഹോമോ സാപ്പിയൻസ് പതുക്കെ ഹോമോ ഇവലൂട്ടസ് ആയി മാറും. അല്ലാത്തവർക്ക് കൂടുതൽ കഴിവുകൾ ഉള്ള ഹോമോ ഇവലൂട്ടസുമായി മത്സരിച് അതിജീവിക്കാൻ സാധ്യല്ലാതെ വരും.

അപ്പോഴും കൃത്യമായ ഒരു വേർതിരിവ് നമുക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞു എന്ന് വരില്ല. ഇപ്പോഴത്തെ മനുഷ്യരിൽ ചിലർ ഞാൻ ശരീരത്തിൽ ഇലക്ട്രോണിക് യന്ത്രഭാഗങ്ങൾ ഉപയോഗിക്കില്ല എന്ന് വാശിപിടിച്ചു കുറച്ചു കാലം പിടിച്ചു നിൽക്കുമായിരിക്കും. പക്ഷെ അവരുടെ മക്കൾ ക്രമേണ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പുതിയ വർഗത്തിൽ ലയിച്ചു ചേരും.അങ്ങനെ കുറെ കാലങ്ങൾ കഴിഞ്ഞാൽ പുതിയ ജീവി വർഗം മാത്രം ആയിരിക്കും.

ഹോമോ ഇവലൂട്ടസ് v/s ഹോമോ സാപ്പിയൻസ്

ചില സിനിമകളിൽ മനുഷ്യരും യന്ത്രങ്ങളും തമ്മിൽ യുദ്ധം ഉണ്ടാകുന്നതുപോലെ ഈ രണ്ടു വർഗങ്ങളും തമ്മിൽ ഒരു യുദ്ധം ഉണ്ടാകാൻ സാധ്യതയില്ല. ഒരു പക്ഷെ വികസിത രാജ്യങ്ങളിൽ ഉള്ളവർ ആയിരിക്കാം ആദ്യം ഹോമോ ഇവലൂട്ടസ് ആകുന്നത്. സാമ്പത്തികം ആയിരിക്കാം ഈ പരിണാമം നിയന്ത്രിക്കുന്നത്. അങ്ങനെ ആകുമ്പോൾ കുറച്ചു കാലത്തേക്ക് എങ്കിലും ഈ രണ്ടു ജീവി വർഗങ്ങളും ഒരുമിച്ചു ഭൂമിയിൽ ജീവിക്കും

പുതിയ ജീവി വർഗത്തിന് ബുദ്ധി കൂടുത്തൽ ആയതുകൊണ്ട് ഹോമോ സാപ്പിയൻസിനെ അവർ ഇപ്പോൾ മനുഷ്യൻ മറ്റു മൃഗങ്ങളെ നിയന്തിക്കുന്നതുപോലെ നിയന്ത്രിക്കും. ഹോമോ സാപ്പിയൻസ് ചിലപ്പോൾ പഠനാവശ്യത്തിനായി മ്യൂസിയത്തിൽ അല്ലെങ്കിൽ ലബോറട്ടറികളിൽ സംരക്ഷിക്കപ്പെടാം.

ഹോമോ ഇവലൂട്ടസ് / വേറെ വല്ല പേരും ആണോ 

അല്ലെങ്കിലും പേരിൽ എന്തിരിക്കുന്നു? ചില ശാസ്ത്രഞ്ജന്മാർ വേറെ പല പേരുകളും പുതിയ ഈ വർഗത്തിനു കൊടുക്കുന്നുണ്ട്. ഉദാഹരണമായി ഹോമോ ഒപ്‌റ്റിമസ്‌. ചിലപ്പോൾ ഹോമോ സാപ്പിയൻസിനും ഹോമോ ഇവലൂട്ടസിനും ഇടക്ക് ആയിരിക്കാം ഹോമോ ഒപ്‌റ്റിമസ്‌. ഹോമോ ഒപ്‌റ്റിമസിന് ശരീരത്തിൽ യന്ത്രഭാഗങ്ങൾ ഉണ്ടായിരിക്കാം. ഇലക്ട്രോണിക് ആയി മറ്റുള്ളവരോട് ശരീരഭാഗങ്ങൾക്ക് തന്നെ വാർത്ത‍ വിനിമയം നടത്താം. പക്ഷെ സ്വന്തം പരിണാമം നിയന്ത്രിക്കാൻ പറ്റില്ല. പിന്നെ അത് നിയന്ത്രിക്കാൻ പറ്റുമ്പോൾ ഹോമോ ഇവലൂട്ടസ്.

ഇപ്പോൾ നിലവിൽ ഇങ്ങനെ ഒരു വർഗം ഇല്ലാത്തതുകൊണ്ട് അത് ഉണ്ടായി വരുമ്പോൾ എന്ത് പേരായിരിക്കും കൊടുക്കുക അല്ലെങ്കിൽ അവർ സ്വീകരിക്കുക എന്ന് കാത്തിരുന്നു കാണേണ്ടി വരും. എനിക്ക് കാണാൻ പറ്റിയില്ലെകിലും എൻറെ മോൻ ജോഹന് പറ്റുമായിരിക്കും. 

കൂടുതൽ അറിവിലേക്ക് 

https://en.wikipedia.org/wiki/Human_evolution
പരിണാമം
https://www.ted.com/talks/juan_enriquez_shares_mindboggling_new_science
http://www.amazon.com/Homo-Evolutis-Kindle-Single-Books-ebook/dp/B004KSREFC

2016, ഫെബ്രുവരി 6, ശനിയാഴ്‌ച

എന്‍റെ ദൈവസങ്കല്‍പ്പം @ 30 വയസ്

ഇത് വായിക്കുന്നതുമുന്പ് ഒരു കാര്യം പറയാന്നുണ്ട്.

താന്‍ ഒരു കറകളഞ്ഞ ദൈവവിശ്വാസിയാണ്, ദൈവത്തിനെതിരായി ആലോചിക്കുന്നതുപോലും പാപമാണ്,എന്‍റെ മതമാണ് ഏറ്റവും മുന്തിയത്  എന്നു വിചാരിക്കുന്ന ആളാണ് താങ്കളെങ്കില്‍ ദയവുചെയ്തു വായിക്കരുത്. അതുപോലെ ദൈവമില്ല, ഞാനൊരു യുക്തിവാദിയാണ്,ദൈവത്തെപ്പറ്റി കേള്‍ക്കുന്നതേ എനിക്കു വെറുപ്പാണ് എന്ന രീതിയില്‍ ഉള്ളവരും വായിക്കണമെന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ "ഒരിക്കലും ഞാന്‍ എന്‍റെ അഭിപ്രായം മാറ്റില്ല. എന്‍റെ വീക്ഷണത്തിനെതിരായി സംസാരിക്കുന്നവന്‍ എന്‍റെ ശത്രുവാണ്" എന്നു കരുതുന്നവര്‍ ആണെങ്കില്‍, ഇതുവായിച്ചിട്ട് വെറുതെ എന്തിനാ ഒരു പ്രശ്നം എന്നു വിചാരിച്ചിട്ടാണ് മുന്‍കൂട്ടി പറഞ്ഞത്. 

മനുഷ്യനു കിട്ടിയ ഏറ്റവും വലിയ ശക്തിയായ ചിന്താശക്തി ഉപയോഗിച്ച് ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ സ്വയം ചിന്തിക്കുകയും  ,ആവശ്യമുള്ളത് എടുക്കുകയും അല്ലാത്തത് കളയുകയും ചെയ്യാനാണ് താല്പര്യമെങ്കിൽ സ്വാഗതം.

ആമുഖം

ഞാന്‍ ഒരു സത്യക്രിസ്ത്യാനി എന്ന വിഭാഗത്തില്‍പെടുന്ന അതായതു ഞായര്‍ ദിവസങ്ങളില്‍ മാത്രം പള്ളിയില്‍ പോകുന്ന,കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം കുമ്പസാരിക്കാന്‍ ശ്രമിക്കുന്ന, സന്ധ്യാപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന ഒരു നസ്രാണിയാണ്.ദൈവം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സാധാരണക്കാരന്‍. കഴിഞ്ഞ 30 വര്‍ഷത്തിനിടക്ക് ദൈവം അല്ലെങ്കില്‍ മതം എന്നീ കാര്യങ്ങളില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍ അല്ലെങ്കില്‍ എന്‍റെ ചിന്തകൾ ചുമ്മാ എഴുതി വയ്ക്കുന്നു. എനിക്കു 60 വയസാകുമ്പോള്‍ ചിലപ്പോൾ ഇതായിരിക്കില്ല എന്‍റെ അഭിപ്രായങ്ങളും ചിന്തകളും.അപ്പോള്‍ ഇത് വായിച്ചുനോക്കുന്നത് നല്ലൊരു അനുഭവമാകും

കുഞ്ഞുന്നാളിലെ ദൈവം അഥവാ തമ്പാച്ചൻ

കുഞ്ഞുന്നാളിൽ ദൈവമല്ല. തമ്പാച്ചനാണ്. ആരൊക്കെയോ ചേര്‍ന്ന് കുത്തിക്കയറ്റുന്ന ആകാശത്തില്‍ ഇരിക്കുന്ന ഒരു വല്യആള്‍ എന്ന സങ്കല്‍പ്പം. അപ്പനോ അമ്മയോ തല്ലിയാല്‍ അല്ലെങ്കില്‍ വഴക്കുപറഞ്ഞാല്‍ തമ്പാച്ചനോട് പറഞ്ഞാല്‍ മതി പുള്ളി അവര്‍ക്ക് മേലെയായതുകൊണ്ട് അവരെ ശിക്ഷിക്കും. പുള്ളിക്ക് പിള്ളേരെ വലിയ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ പലകാര്യങ്ങളും നമ്മളെകൊണ്ടു ചെയ്യിക്കുന്നത് അല്ലെങ്കിൽ അനുസരിപ്പിക്കുന്നത് "ദൈവത്തിന് അതാണ് ഇഷ്ടം" എന്നു പറഞ്ഞാണ്. ദൈവം മുതിര്‍ന്നവരോടൊക്കെ നേരിട്ടു കാര്യങ്ങള്‍ പറയുന്നുണ്ടോ എന്നൊരു സംശയം അന്ന് വരായ്കയില്ല. പക്ഷേ ആരോടും ചോദിച്ചില്ല.

പക്ഷേ പുള്ളിയുടെ ഭൂമിയിലെ പ്രതിനിധി ആളത്ര ശരിയല്ല എന്നു മനസിലായത് ഒരു പാതിരാകുര്‍ബാനക്കിടയിലാണ്. അമ്മയുടെ തോളില്‍ ഇരുന്നു പള്ളിയിലെ അച്ചന്‍ ചെയ്യുന്നത് എന്താണെന്ന് നോക്കുകയായിരുന്നു. പെട്ടെന്നാണ് പുള്ളിയുടെ ഭാവം മാറിയത്. മുന്നിലിരിക്കുന്ന കുട്ടി എന്തോ ചെയ്തു, പുള്ളി അതുകണ്ട് ചൂടായി. എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞിട്ടും കുട്ടി എഴുന്നേല്‍ക്കാതായപ്പോള്‍ അച്ചന്‍ വടിയെടുക്കുന്നു. അടി അവിടെ ഉണ്ടായില്ലെങ്കിലും ദൈവത്തിന്‍റെ ഭൂമിയിലെ പ്രതിനിധി അത്ര ശരിയല്ല എന്നു മനസില്‍ തോന്നി. ഇപ്പോഴുള്ള അച്ചന്മാർ ചീത്ത പറയും എങ്കിലും വടി എടുക്കുന്നത് കണ്ടിട്ടില്ല.

പിന്നെയുള്ള ദൈവത്തെപ്പറ്റിയുള്ള കാര്യം എന്നത് സന്ധ്യാപ്രാര്‍ത്ഥനയാണ്. അപ്പനോഴിച്ച് എല്ലാവരും പ്രാര്‍ത്ഥനക്കുണ്ടാകും. അപ്പന്‍ ജോലി കഴിഞ്ഞു വരുമ്പോഴേക്കും പ്രാര്‍ത്ഥന കഴിഞ്ഞിട്ടുണ്ടാകും. ഇനിയിപ്പോള്‍ വന്നാലും പുള്ളി കൂടുകയില്ല കാരണം പുള്ളി സ്വന്തമായി അവകാശപ്പെടുന്നത് ഒരു യുക്തിവാദി അല്ലെങ്കിൽ ഒരു നിരീശ്വരവാദി ആണെന്നാണ്. പണ്ടത്തെ ഭയങ്കര ഈശ്വരവിശ്വാസിയായിരുന്നു. നിന്ന നിൽപ്പിൽ 3 കുർബാന കണ്ടിരുന്നുവത്രേ. അൾത്താര ബാലനായും, വേദോപദേശം അദ്ധ്യാപകൻ ആയും പ്രവർത്തിച്ചിട്ടുണ്ട്.   പിന്നീട് ഒരു സാഹചര്യത്തിലൂടെ അങ്ങേര് വിശ്വസം ഉപേക്ഷിച്ചു. കുറെ പ്രാർത്ഥിച്ചും ഒന്നും വിചാരിച്ച പോലെ കിട്ടുന്നില്ലത്രേ. വിശ്വസം അതല്ലേ എല്ലാം അതുപോയാല്‍ പിന്നെ എന്തു ഈശ്വരന്‍? പ്രാര്‍ത്ഥനക്ക് ആകെയുള്ള പ്രശ്നം അരമണിക്കൂര്‍ ചുമ്മാ ഇരിക്കണം എന്നതാണ്. വീട്ടില്‍ ഒരു പൂച്ചയുണ്ടായതുകൊണ്ടും അത് എല്ലാദിവസവും പ്രാര്‍ത്ഥന ചൊല്ലുമ്പോ ഞങ്ങളുടെ അടുത്ത് അനങ്ങാതെ ഇരുന്നതുകൊണ്ടും അതിനെ തലോടി ഇരിക്കാം. അല്ലെങ്കില്‍ അതിന്‍റെ വാലുപിടിച്ചു വലിക്കാം. സ്കൂളില്‍ പോയിതുടങ്ങിയപ്പോഴേക്കും അത് ചത്തുപോയി. പിന്നെ ഞാനും പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങേണ്ടി വന്നു.

പിന്നെ ദൈവം കടന്നു വരുന്നത് സ്കൂളിൽ  പരീക്ഷ സമയത്താണ്. അതുപോലെ നമ്മള്‍ എന്തെങ്കിലും പണിയൊപ്പിച്ചു നടക്കുമ്പോഴും. മാർക്ക് കിട്ടാനും ,അടി കിട്ടാതിരിക്കാനും ആണ് സാധാരണ പിള്ളേരെല്ലാവരും ദൈവത്തെ ഓര്‍ത്തിരുന്നത്. വേദോപദേശം ക്ലാസുകള്‍ ഉണ്ടായിരുന്നെങ്കിലും അത് ചുമ്മാ ഒരു തമാശ മാത്രം. അതില്‍ മാര്‍ക്ക് വാങ്ങിയില്ലെങ്കിലും കാര്യമായി ചീത്ത പറയില്ല. മാർക്ക് കുറച്ചു വാങ്ങാന്‍ പറ്റിയ ഒരു പഠിത്തം അത്രയേയുള്ളൂ.

അത് കഴിഞ്ഞു ഉണ്ടായ ദൈവീക കാര്യം ആദ്യ കുർബാനസ്വീകരണമായിരുന്നു. വലിയവര്‍ എല്ലാം കുര്‍ബാനക്കിടയില്‍ അപ്പം വാങ്ങാന്‍ പോകുന്നകാണാം . അത് വാങ്ങിക്കണമെങ്കില്‍ ഇത്രയും ബുദ്ധിമുട്ട് ഉണ്ടെന്ന് കുര്‍ബാനസ്വീകരണത്തിനുള്ള ക്ലാസ് തുടങ്ങിയപ്പോഴാണ് മനസിലായത്. അത് ചുമ്മാ അപ്പമല്ലത്രേ. അത് യേശുവിന്‍റെ ശരീരമാണ്. അതുപോലെ വീഞ്ഞ് യേശുവിന്റെ രക്തം ആയി മാറുമത്രേ.  അത് വായിലിട്ട് കടിക്കാന്‍ പാടില്ലത്രേ . ക്ലാസ് തുടങ്ങിയപ്പോഴേ എല്ലാവരെയും പേടിപ്പിച്ചു തുടങ്ങി. അച്ചന്‍ ഭയങ്കരനാണ്. അവസാനം അച്ചന്‍ ഒരു ചോദ്യം ചോദിക്കലുണ്ട് .അതില്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ പിന്നെ ഭയങ്കര പ്രശ്നമാണ്. ആ കൊല്ലം കുര്‍ബാനസ്വീകരണം നടക്കില്ല. നമുക്ക് പ്രശ്നമുണ്ടായിട്ടല്ല. അടുത്ത കൊല്ലവും സ്കൂള്‍ പൂട്ടുന്ന സമയത്ത് ക്ലാസിന് വരണം .അച്ചന്‍മാര്‍ ഭീകരന്മാരാണ് എന്ന ചിന്ത കുറച്ചുകൂടി വേരോടി. പിന്നെ ഒരു ചെറിയ ഡൌട്ട് ഉണ്ടായിരുന്നത് അച്ചന്‍മാർക്ക് നമ്മള്‍ കുമ്പസാരിക്കുമ്പോള്‍ നമ്മുടെ മുഖം കാണാന്‍ പറ്റുമോ എന്ന്‍? പിന്നെ ഒരു മാതിരി ഞങ്ങള്‍ എല്ലാവരും പറയാന്‍ പോകുന്നത് ഏകദേശം ഒരേ പാപങ്ങളാണ്. അതുകൊണ്ട് വലിയ പ്രശ്നമുണ്ടാകില്ല.  ഒരു ഘട്ടത്തില്‍ ഇത് വേണോ എന്നുവരെ ചിന്തിച്ചു. അപ്പം വാങ്ങിക്കാതെയാണല്ലോ ഇത്രയും കാലം കുര്‍ബാന കണ്ടത് ഇനിയും അങ്ങനെതന്നെ ആയിക്കൂടെ?

ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവര്‍ക്കും ഉണ്ടായപ്പോലെ നിർബന്ധിതമായ ദൈവ കാര്യങ്ങള്‍. പിന്നെ സ്വന്തമായി തോന്നിയത് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍. ഡിസ്ടിങ്ഷന്‍ കിട്ടിയാല്‍ ഒരു CD പ്ലേയര്‍ വാങ്ങിത്തരാമെന്ന് വീട്ടുകാരുടെ വക ഓഫർ ഉണ്ടായിരുന്നു. അത്യാവശ്യം തരികിടകള്‍ കൈയില്‍ ഉണ്ടായിരുന്നതുകൊണ്ട്  കിസ്തുമസ് പരീക്ഷയായപ്പോഴേക്കും ക്ലാസില്‍ ഒന്നാമതായിരുന്ന ഞാന്‍ രണ്ടാമതായി. അങ്ങനെ ഒരു ദിവസം പതിവുപോലെ സന്ധ്യാപ്രാര്‍ത്ഥനക്ക് അലസമായി ഇരിക്കുമ്പോള്‍ അമ്മയുടെ ചീത്ത. ലുത്തിനിയ (പ്രധാന പ്രാര്‍ത്ഥനകള്‍) ചൊല്ലുമ്പോഴേങ്കിലും മുട്ടിന്‍മേല്‍ നിന്നുകൂടെ? അത് ഒരു നല്ല കാര്യമായി എനിക്കു തോന്നി. അന്ന്‍ ദൈവവുമായി ആദ്യ കരാറുണ്ടാക്കി. "എനിക്കു മുട്ടില്‍ നില്‍ക്കവുന്നിടത്തോളംകാലം എന്നൊക്കെ ഞാന്‍ പ്രാർത്ഥനയില്‍ സംബന്ധിക്കുന്നുവോ അന്നൊക്കെ ലുത്തിനിയക്ക് ഞാന്‍ മുട്ടിന്‍മേല്‍ നില്‍ക്കും. വീട്ടിലാണെങ്കില്‍ ലുത്തിനിയ കഴിഞ്ഞു കുറച്ചു നേരം കൂടി നില്‍ക്കും". അത് ഞാൻ ഇന്നും പാലിക്കുന്നു.

ബൈബിള്‍/ഗീത /ഖുറാന്‍

ദൈവം ചില മനുഷ്യരോടു പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എഴുതിയിട്ടുള്ള പുസ്തകങ്ങളാണത്രേ ഈ ഗ്രന്ഥങ്ങള്‍. ദൈവം പറഞ്ഞതാണെന്ന് അവര്‍ തന്നെ പറഞ്ഞുവച്ചിരിക്കുകയാണ്. അന്നത്തെക്കാലത്ത് ക്യാമറകള്‍ ഇല്ലാത്തതുകൊണ്ട് , ദൈവം തന്നെയാണ് പറഞ്ഞത് എന്നതിന് തെളിവുകള്‍ ഒന്നുമില്ല.

ഖുറാന്‍ അത്ര പിടിയില്ല. ഗീത പറയുന്നതു കര്‍മ്മം ചെയ്യാനാണ്. നമ്മുടെ ബന്ധുക്കളായാലും കൊള്ളാം, എല്ലാത്തിനെം ഒതുക്കി നമ്മള്‍ നമ്മുടെ കാര്യം സാധിക്കണം. കമ്പനി മാനേജ്മെന്‍റ് നടത്തുന്നവര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പറ്റിയ ഒരു നല്ല ബുക്കാണ്. അത് വായിക്കാത്തതുകൊണ്ട് കൂടുതല്‍ ഒന്നും പറയാന്‍ പറ്റുന്നില്ല. എന്തായാലും രണ്ടും വായിക്കണം. 

ബൈബിൾ പഴയനിയമം എന്നും, പുതിയ നിയമം എന്നും പറഞ്ഞു വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഒരു പുസ്തകമാണ്.എന്‍റെ ഇപ്പോഴത്തെ ഒരു അനുമാനം വച്ച്  സ്വതന്ത്രമായി ചിന്തിക്കാന്‍ ശേഷിയുള്ള അല്ലെങ്കില്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്ന ഒരുആൾക്കും ബൈബിള്‍ മുഴുവന്‍ വായിച്ചുകഴിഞ്ഞാല്‍ നിലവിലുള്ള ക്രിസ്തുമതത്തില്‍ തുടരാന്‍ കഴിയില്ല.

പഴയനിയമത്തില്‍ പ്രതികാരം ചെയ്യുന്ന ദൈവം പറയുന്നു നിങ്ങള്‍ കണ്ണിന് പകരം കണ്ണ്‍ അതുപോലെ ജീവന് പകരം ജീവൻ എടുക്കണം. പുതിയ നിയമത്തിലെ ക്രിസ്തു എന്ന ദൈവം പറയുന്നു നിങ്ങള്‍ ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിച്ചു കൊടുക്കണം എന്ന്‍. പഴയനിയമത്തില്‍ പരിച്ഛേദനം ചെയ്തില്ലെങ്കില്‍ ദൈവമക്കളാകില്ല എന്നു പറയുന്നു. പുതിയ നിയമത്തിലെ അപ്പസ്തോലന്‍മാര്‍ അത് വേണമെന്നില്ല എന്നു പറയുന്നു.  ഇത് ഉദാഹരണം മാത്രം. ബൈബിളില്‍ പറഞ്ഞിരിക്കുന്ന  95% കാര്യങ്ങളും ഇതുപോലെയാണ്.

ഈ വൈരുദ്ധ്യങ്ങള്‍ വളരെ സമര്‍ത്ഥമായി ബൈബിള്‍ വ്യാഖ്യാനിക്കുന്നവർ  ഉപയോഗിക്കുന്നു. അവരവരുടെ താല്പര്യങ്ങൾ  മറ്റുള്ളവര്‍ക്ക് അടിച്ചേല്‍പ്പിക്കാൻ ഒന്നുകില്‍ പഴയനിയമം പറയും അല്ലെങ്കില്‍ പുതിയത്. ധ്യാനങ്ങൾ നടക്കുമ്പോള്‍ അച്ചന്‍മാര്‍ പറയുന്നതു പഴയനിയമത്തിന്റെ പൂര്‍ത്തീകരണമാണ് ക്രിസ്തു എന്നാണ്. ഇനി നമ്മള്‍ ക്രിസ്തു പറയുന്നപോലെ നടന്നാല്‍ മതിയത്രേ. എന്നാല്‍ ബൈബിളില്‍ നിന്നും പഴയ നിയമം അങ്ങ് എടുത്തു കളഞ്ഞുകൂടെ? പഴയ നിയമം പണ്ടുകാലത്തെ യഹൂദന്മാരുടെ ജീവിതം പറയുന്ന ഒരു ചരിത്രപുസ്തകം പോലെ ആവശ്യമുള്ളവര്‍ക്ക് വായിക്കാമല്ലോ. സാധാരണജനങ്ങള്‍ക്ക് കാര്യങ്ങൾ എളുപ്പത്തിൽ  മനസിലാകുകയും ചെയ്യും.

പിന്നെ ബൈബിൾ എന്നുപറഞ്ഞാല്‍ ഒരാള്‍ അയാളുടെ ജീവിതകാലത്ത് എഴുതിയതല്ല. കുറെ ആളുകള്‍  വിവിധ കാലഘട്ടങ്ങളിലായി എഴുതിയ  പലപല പുസ്തകങ്ങളുടെ സമാഹാരമാണ്. ഏതൊക്കെ പുസ്തകങ്ങള്‍ വേണമെന്നതും കുറെക്കാലം  തര്‍ക്കവിഷയമായിരുന്നു. വോട്ടിനിട്ടാണ് അവസാനം തീരുമാനിച്ചത് എന്നാണ് wiki പറയുന്നതു. അങ്ങനെ നോക്കുമ്പോള്‍ ബൈബിളില്‍ പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടാകാം അല്ലെങ്കില്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാം. അതുപോലെ വിവര്‍ത്തനങ്ങള്‍ വന്നപ്പോഴും കാര്യങ്ങള്‍ മാറിയിട്ടുണ്ടാകാം. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് ശേഷം ഇനിയിപ്പോൾ അടുത്തൊന്നും  സൂനഹദോസുകൾ കൂടാൻ  സാധ്യതയില്ലാത്തതുകൊണ്ട് ബൈബിളില്‍ ഒരു മാറ്റം നമുക്ക് പ്രതീക്ഷിക്കാൻ പറ്റില്ല. അതുകൊണ്ട് ബൈബിള്‍ വായിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ എടുക്കുക അല്ലാത്തത് കളയുക. അത് എങ്ങിനെ ചെയ്യും എന്നു കത്തോലിക്കാ സഭ എല്ലാവരെയും ഒരേപോലെ പഠിപ്പിക്കാത്തതാണ് ഏറ്റവും വലിയ പ്രശ്നം. ആളുകൾ കൊഴിഞ്ഞുപോകുന്നതിന്‍റെയും.

സഭ/പുരോഹിതർ

കത്തോലിക്ക സഭ എന്നു പറഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടിതമായ ഒരു കമ്പനി ആണെന്ന് തന്നെ പറയാം. ഇത്രയും നന്നായി മാനേജ്മെന്‍റ് നടത്തുന്നവരെ ഞാൻ ഒരു കമ്പനിയിലും കണ്ടിട്ടില്ല. ഇനിയിപ്പോൾ യേശു വന്നിട്ട് ഇങ്ങനെയൊന്നും അല്ല ഞാന്‍ ഉദേശിച്ചത് എന്നു പറഞ്ഞാല്‍ അങ്ങേരെ കത്തോലിക്ക സഭ തന്നെ കൊന്നുകളയും. എങ്ങിനെയെങ്കിലും ആളുകളെ തങ്ങളുടെ കൂടെ നിറുത്തുക പിന്നെ കുറെ പണമുണ്ടാക്കുക എന്നതാണു അതിന്‍റെ ലക്ഷ്യം. അല്ലാതെ യേശു പണ്ട് പറഞ്ഞ കാര്യങ്ങള്‍ ഒന്നും അല്ല. ഇപ്പോഴത്തെ ആളുകള്‍ക്ക് എങ്ങിനെയാണോ ഒരു മതം വേണ്ടത് അതുപോലെ മതത്തിനെ കൊണ്ട് പോകുന്നു. അപ്പസ്തോലന്‍മാരുടെ കാലത്ത് പരിച്ഛേദനം വേണ്ട, പോർക്ക് ഉള്‍പ്പെടെ എന്തു ഭക്ഷണവും കഴിക്കാം എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ എടുത്തപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ആ മാറ്റങ്ങളുടെ തുടക്കം. മതം ഇനിയും അടുത്ത തലമുറക്ക് ഇഷ്ടപ്പെടാന്‍ വേണ്ടി മാറും. അങ്ങനെ ഉണ്ടായ ചില മാറ്റങ്ങള്‍ ആണ് താഴെ.

പണ്ടത്തെ ആളുകളോട് എന്തുകൊണ്ടാണ് പെണ്ണുങ്ങള്‍ക്ക് പുരോഹിതകൾ  ആകാന്‍ പറ്റാത്തത് എന്നു ചോദിച്ചാല്‍ അവര്‍ തല്ലാന്‍ വരും. അതുപോലെ  കുര്‍ബാനക്ക് അപ്പം കൊടുക്കാന്‍ കന്യാസ്ത്രീകളെ നിറുത്തിക്കൂടേ, പാവം അച്ചന്‍ എന്തോരം നേരമാണ് ഇങ്ങനെ നിന്നു അപ്പം കൊടുക്കുന്നതു എന്നുചോദിച്ചാൽ, അവര്‍ ചീത്തപറഞ്ഞു ഓടിക്കും. അതുപോലെ  ഒരു ചോദ്യമാണ് അച്ചനെന്തിനാ വായിലേക്ക് തരുന്നത് കയ്യില്‍ തന്നാല്‍ പോരേ? പക്ഷേ ഇപ്പോള്‍ എന്തായി? കുര്‍ബാന സ്വീകരണം കയ്യിലെക്കു മാറി. കന്യാസ്ത്രീകള്‍ അപ്പം കൊടുക്കുന്നു. അമേരിക്കയില്‍ കന്യാസ്ത്രീകള്‍ ആവശ്യത്തിന് ഇല്ലാത്തതുകൊണ്ട് കുറച്ചു മുതിര്‍ന്ന ആളുകള്‍ കൊടുക്കുന്നു. അധികം താമസിക്കാതെതന്നെ സ്ത്രീകൾ പുരോഹിതകൾ ആയി കുര്‍ബാന ചൊല്ലുന്നത് നമുക്ക് കാണാം.

അതുപോലെ ഇപ്പോള്‍ തൃശ്ശൂര്‍ ഭാഗത്ത് കണ്ടുവരുന്ന ഒരു പ്രവണതയാണ് നിലവിലെ പള്ളികള്‍ പൊളിച്ച് കൊട്ടാരങ്ങൾ പോലെയുള്ള പള്ളികള്‍ പണിയുക എന്നത്. യേശുവിന് ഇരിക്കാന്‍ കൊട്ടാരസദൃശ്യമായ പള്ളികൾ ഒന്നും വേണ്ട. പക്ഷേ ഇപ്പോൾ അവിടെയുള്ള കൂടുതല്‍ ആളുകളും അത്യാവശ്യം സാമ്പത്തികമായി ഉയര്‍ന്ന് വരുന്നവർ ആയതുകൊണ്ട് അവര്‍ക്ക് ഭീമന്‍ പള്ളികള്‍ വേണം. ഭൂരിഭാഗം  വരുന്ന ജനങ്ങള്‍ക്ക് വേണ്ടിയുള്ള മതം. കുറച്ചു മാത്രം വരുന്ന അത്രയും സാമ്പത്തികശേഷിയില്ലാത്തവന്‍റെ കഷ്ടകാലം.

ഇതുപോലുള്ള മാറ്റങ്ങള്‍ ഒരുമാതിരി എല്ലാ മതങ്ങളിലും കാണാം. ഹിന്ദുമതം എടുത്താല്‍ ക്ഷേത്രപ്രവേശനവിളംബരം. അത് നടന്നില്ലായിരുന്നെങ്കില്‍ ക്ഷേത്രത്തില്‍ കയറാന്‍ പറ്റാത്തവര്‍ മറ്റുള്ള മതങ്ങളിലേക്ക് മാറിപ്പോയെന്നെ.  അതുപോലെ സതി നിറുത്തൽ. ഇസ്ലാം എടുത്താല്‍ ഇപ്പോള്‍ സ്ത്രീകള്‍ ജീന്‍സ് ഒക്കെ ഇട്ടുകൊണ്ടാണ് നടക്കുന്നതു. അതുപോലെ മുഖം മറക്കലും കാര്യമായി ഇല്ല.

അപ്പോള്‍ പറഞ്ഞു വന്നത് ഏത് മതമാണെങ്കിലും കാലത്തിനു ഒത്തു കോലം മാറിയില്ലെങ്കില്‍ കാലയവനികക്കുള്ളില്‍ മറയും. അവരുടെ ദൈവത്തിന്നു എത്രതന്നെ ശക്തിയുണ്ടെന്ന് പറഞ്ഞാലും. പുരോഹിതന്മാരുടെ ജോലി കര്‍മ്മങ്ങള്‍ ചെയ്യുന്നതിനോടൊപ്പം ആ മതത്തിനെ അതാത് കാലത്തെ ജനങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കുക എന്നതും കൂടിയാണ്. 

പാപപരിഹാരം

എന്താണ് പാപം എന്ന് നോക്കാം. സമൂഹം / മതം  കുറച്ചു കാര്യങ്ങൾ ചെയ്യാം എന്നും ചെയ്യരുത് എന്നും പറഞ്ഞിട്ടുണ്ട്.  അത് ലംഘിച്ചാൽ പാപം. പാപങ്ങൾ കാലദേശങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടാം. പണ്ട് പാപം എന്ന് കരുതിയിരുന്നത് ഇപ്പോൾ പാപം അല്ലാതാകും. ഉദാഹരണം. പ്രസവം നിറുത്തൽ. പണ്ട് ഓരോ കൊല്ലത്തിലും പ്രസവിചില്ലെങ്കിൽ കത്തോലിക്കാ സഭയിൽ നിന്നും പുറത്താക്കുമായിരുന്നു. കാരണം പ്രസവം നിറുത്തുന്നത് വളരെ വലിയ തെറ്റായിരുന്നു. ഇപ്പോൾ അങ്ങനെ നോക്കിയാൽ ആരും സഭയിൽ ഉണ്ടാകില്ല. അതുപോലെ ഒരു സ്ഥലത്ത് പാപം ആയത് വേറെ സ്ഥലത്ത് പാപം അല്ല. ഉദാഹരണം എടുത്താൽ, കേരളത്തിൽ ഒരാണും പെണ്ണും ഡെറ്റിങ് ചെയ്‌താൽ അത് പാപം. അമേരിക്കയിൽ അത് പാപം അല്ല. ആണെങ്കിൽ അവിടെ സഭയിൽ ആരും കാണില്ല.

പുതിയ പാപങ്ങൾ കൂട്ടി ചേർക്കലാണ് അതിലും രസകരം. പണ്ട് മരം മുറിക്കൽ, പാടം മണ്ണിട്ട് നികത്തൽ ഒന്നും പാപം അല്ലായിരുന്നു. ഇപ്പോൾ ലോകം മൊത്തം പ്രകൃതിസംരക്ഷണം അംഗീകരിച്ചപ്പോൾ മതത്തിലും അത് പാപമായി എടുക്കപ്പെട്ടു. ഒരു കത്തോലിക്കാൻ അയ ഞാൻ ഇനി കുമ്പസരിക്കുമ്പൊൽ മരം വെട്ടിയിട്ടുണ്ടെങ്കിൽ അത് പറയണം എന്നാണ് എനിക്ക് തോന്നുന്നത്.

എനിക്കു ഇപ്പോഴും ദഹിക്കാത്ത ഒരു പരിപാടിയാണ് മതത്തിലെ പാപപരിഹാരം. നമ്മള്‍ ഒരുത്തന് ഇട്ടു പണി കൊടുത്തിട്ട്, മതം പറയുന്ന പരിഹാരം ചെയ്താല്‍ മതിയത്രേ. എല്ലാം തീര്‍ന്നു. നമ്മൾ സ്വര്‍ഗത്തില്‍ പോകും. പിന്നെ ശാസ്ത്രീയമായിട്ട് പറഞ്ഞാൽ കുറ്റബോധം എന്നത് തലച്ചോറില്‍ നടക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ഒരു വികാരമാണ്. അത് ഈ വഴിക്കു ഇല്ലാതാകുണെങ്കിൽ ഇല്ലാതാകട്ടെ. 

പാപപരിഹാരം എന്നൊരു പരിപാടി ഇല്ലാതിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നു നോക്കാം. അങ്ങനെയുള്ള ഒരു മതത്തില്‍ ഒരുത്തന്‍ വേറെ ഒരുത്തനോട് എന്തെങ്കിലും ചെയ്താൽ അവൻ മറ്റവനോട് മാപ്പ് പറയുന്നു. നഷ്ടപരിഹാരം കൊടുക്കുന്നു. അങ്ങനെയിരിക്കുമ്പോള്‍ X എന്ന ആള്‍ Y എന്നഒരുത്തനെ തല്ലുന്നു. Y അടുത്ത മാസം ഒരു രോഗം വന്നു മരിക്കുന്നു. തല്ലിയത്തിന്റെ കുറ്റബോധം X ന്‍റെ ഉള്ളില്‍ നിന്നു പുകയും. Y യെ കണ്ട് കാര്യം പറയാനും പറ്റില്ല. അപ്പോഴാണ് X വേറെ ഒരു മതത്തിനെ പറ്റി കേള്‍ക്കുന്നു. അതില്‍ മതപരമായ എന്തെങ്കിലും ചെയ്താൽ പാപപരിഹാരം കിട്ടുമത്രേ. എന്നാൽ തീര്‍ച്ചയായും X മതം മാറിയിരിക്കും..

ഇങ്ങനെ മരിച്ചുപോയ ഒരാളോട് പ്രായശ്ചിത്തം ചെയ്യുന്നതിന് വേണ്ടിയായിരിക്കാം ഏതെങ്കിലും മതത്തില്‍ പാപപരിഹാരം ആദ്യം ഉണ്ടായത്. പിന്നെ അത് എല്ലാവരും എടുത്തു. അത് ജീവിച്ചിരിക്കുന്നവര്‍ക്ക് എതിരെ ചെയ്ത പാപമായാലും ഉപയോഗിക്കാന്‍ എന്നു ഒരു മതം പറഞ്ഞു. അതില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്നിട്ടുണ്ടായിരിക്കാം. അപ്പോള്‍ മറ്റ് മതങ്ങളും നിലനില്‍പ്പിന് വേണ്ടി തങ്ങളുടെ മതത്തിലും ചേര്‍ത്തു. ഒരു മൊബൈൽ സര്‍വീസ് കമ്പനി 1സെക്കന്‍ഡ് ബില്ലിംഗ് കൊണ്ട് വന്നപ്പോള്‍ ബാക്കി എല്ലാവരും അത് കൊണ്ട് വന്നതുപോലെ. അങ്ങനെ ഇപ്പോൾ എന്തായി തെറ്റ് ചെയ്യാനുള്ള ഒരു ലൈസന്‍സ് പോലെയായി അതായത് ഇംഗ്ലിഷ് ഭാഷയില്‍ 'sorry ' ഉള്ളപ്പോലെ പാപപരിഹാരം എന്ന അനുഷ്ഠാനം.

മരിച്ചു പോയ ആളുടെ പാപങ്ങൾ തീരാൻ, ബാക്കിയുള്ളവർ കർമ്മങ്ങൾ ചെയ്യുന്നത് നോക്കാം. മരിച്ച ആൾ ജീവിച്ചിരുന്ന സമയത്ത് പാപങ്ങൾ ചെയ്തിരുന്നോ അതോ മരിച്ചതിനു ശേഷം കുറച്ചു കൊല്ലങ്ങൾ പരിഹാരകർമ്മങ്ങൾ ചെയ്തപ്പോൾ പാപങ്ങൾ തീർന്നോ എന്നൊന്നും ഒരു ഉറപ്പും ഇല്ല. കർമ്മങ്ങൾ ബാക്കിയുള്ളവരുടെ കയ്യിൽ കാശ് തീരുന്നിടം വരെ ചെയ്തു കൊണ്ടിരിക്കുക. അല്ലെങ്കിൽ പുതിയ ആൾ മരിക്കുമ്പോൾ പഴയ ആൾക്ക് വേണ്ടി ചെയ്യുന്നത് നിറുത്തി പുതിയ ആൾക്ക് വേണ്ടി ചെയ്യുക. ഉദാഹരണം എടുത്താൽ മത്തായി മരിക്കുമ്പോൾ മത്തായിയുടെ മോൻ ജോൺ മത്തായിക്ക് ചെയ്യും. ജോൺ മരിച്ചാൽ ജോണിന്റെ മോൻ ജോസ് ജോണിന് ചെയ്യും.ജോസ് മരിച്ചാൽ ജോസിന്റെ മോൻ ജോണി ചെയ്യും. ജോണി ഒരിക്കൽ പോലും മത്തായിക്ക് ചെയ്യില്ല . എന്താ മത്തായിയുടെ പാപങ്ങൾ ഒക്കെ തീർന്നു പോയോ? ആ ആർക്കറിയാം.

മുന്പ് പറഞ്ഞപോലെ ഒരാൾ മറ്റൊരാളോട് തെറ്റ് ചെയ്തു എന്ന് തോന്നുമ്പോഴാണ് മറ്റെയാൾ പാപപരിഹാരം ചെയ്യുന്നത്. അല്ലെങ്കിൽ മറ്റൊരാൾ പാപം ചെയ്തിട്ടുണ്ട് എന്ന് ഒരാൾക്ക് അറിയാമെങ്കിൽ അയാൾ വേണ്ടപ്പെട്ടവൻ ആണെങ്കിൽ മറ്റെയാൾ മരിക്കുമ്പോൾ അയാളുടെ പാപങ്ങൾ പോകാൻ വേണ്ടി കർമം ചെയ്യുന്നു. മുകളിലെ ഉദാഹരണം എടുത്താൽ മത്തായി പാപം ചെയ്തിട്ടുണ്ട് എന്ന് ജോണിന് അറിയുന്നത് കൊണ്ടാകണം ജോൺ പാപപരിഹാരം ചെയ്യിക്കുന്നത്.

പിന്നെ ഇങ്ങനെയൊക്കെ ഇല്ലെങ്കിൽ പുരോഹിതന്മാർക്ക് വേറെ എന്താഘോഷം?

മരണാനന്തരം / സ്വർഗം / ആത്മാവ്

മരിച്ചു കഴിഞ്ഞാൽ എന്താണ് നമ്മുടെ ശരീരത്തിന് സംഭവിക്കുക എന്ന്  അത്യാവശ്യം സ്കൂളിൽ പോയ എല്ലാവർക്കും അറിയാം. അത് പല പല മൂലകങ്ങൾ ആയി വിഘടിച്ചു പോകും. മനുഷ്യൻ ആയാലും, മറ്റു മൃഗങ്ങൾ ആയാലും സസ്യങ്ങൾ ആയാലും. 

പിന്നെ എങ്ങിനെ ആണോ എന്തോ മനുഷ്യൻ മാത്രം സ്വർഗതിലോ നരകത്തിലോ പോകുന്നത്. മനുഷ്യനെ പോലെതന്നെ, ജീവിക്കാൻ വേണ്ടി മറ്റു മൃഗങ്ങളെ കൊല്ലുന്ന മൃഗങ്ങൾ എവിടെ പോകുമോ എന്തോ?

ഇപ്പോൾ ധ്യാനപ്രസംഗങ്ങളിൽ ഒക്കെ കേൾക്കുന്നതാണ് സ്വർഗം നിങ്ങളിൽ തന്നെയാണ് എന്നത്. ഭൂമിയാണ്‌ സ്വർഗം എന്നൊക്കെ.ബൈബിൾ ഒക്കെ വളച്ചു ഓടിച്ചു. കാരണം ഇപ്പോൾ ആകാശത്തിൽ സ്വർഗം ഉണ്ടെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ആകാശത്ത് നിറയെ നമ്മൾ വിട്ട ഉപഗ്രഹങ്ങളല്ലേ. കുറച്ചു ദശാബ്ദങ്ങൾ കഴിഞ്ഞാൽ ആകാശത്തിലേക്ക് അവിടെ മനുഷ്യൻ പണിത ടൂറിസ്റ്റ് സ്പോട്ടിലേക്ക് ചിലപ്പോൾ KSRTC ബസ്‌ സർവീസ് ഉണ്ടാകും. ഇപ്പോഴേ അവിടെ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ഉണ്ട്.

പിന്നെയുള്ള പ്രശ്നമാണ് ഒന്നിൽക്കൂടുതൽ സ്വർഗങ്ങൾ. ക്രിസ്ത്യാനിയുടെ പഠിപ്പിക്കൽ അനുസരിച് ക്രിസ്ത്യാനി മാത്രമേ സ്വർഗത്തിൽ പോകു. വേറെ മതസ്ഥൻ എത്ര നല്ലവനായി ജീവിച്ചു മരിച്ചാലും, അവൻ സ്വർഗത്തിൽ കയറില്ല. അതുപോലെ തന്നെയാണ് ഇസ്ലാം മതവും പഠിപ്പിക്കുന്നത് എന്ന് തോന്നുന്നു. മറച്ചു പറഞ്ഞാൽ അവന്റെ മതത്തിൽ ആള് കൂടില്ല. അങ്ങനെ നോക്കുമ്പോൾ ഒന്നിൽ കൂടുതൽ സ്വർഗങ്ങൾ ഉണ്ട്. 

യേശുവിനെ പറ്റി  അല്ലെങ്കിൽ ഇസ്ലാം മതത്തെ പറ്റി കേട്ടിട്ട് അതിലേക്ക് വരാത്തവൻ നരകത്തിൽ പോകും എന്നത് പിന്നെയും മനസിലാക്കാം. അതിനെപറ്റി കേൾക്കാത്തവർ എന്ത് ചെയ്യും. ആമസോണ്‍ കാട്ടിൽ ഉള്ളവർ, എന്തിനു കേരളത്തിൽ വനങ്ങളിൽ താമസിക്കുന്ന ആദിവാസികൾ അവർ ചിലപ്പോൾ മതങ്ങളെപറ്റി കേട്ടിട്ടുണ്ടാകില്ല. അവർ മരിച്ചാൽ എവിടെ പോകും?

അതിലും വലിയ പ്രശ്നം ഈ മതങ്ങൾ ഉണ്ടാകുന്നതിലും മുന്പ് ജീവിച്ചിരുന്നവരെ പറ്റിയാണ്. നിയാണ്ടർത്താൽ മനുഷ്യൻ ജീവിച്ചിരുന്നില്ല എന്ന് ആരും ഇപ്പോൾ പറയും എന്ന് തോന്നുന്നില്ല. അവരുടെ അവസ്ഥ എന്താകും?

ആത്മാവ് 

മരിക്കരുത് അഥവാ മരിച്ചാലും എനിക്ക് ജീവിക്കണം എന്ന മനുഷ്യന്റെ ആഗ്രഹത്തിൽ നിന്നാണ് ആത്മാവ് ഉണ്ടാകുന്നത്. ദൈവത്തിന്റെ ഉത്ഭവം എന്ന് സെക്ഷനിൽ കുറച്ചു കൂടെ വിവരിക്കുന്നുണ്ട്. ഇതിൽ തമാശ എന്താണെന്നു വച്ചാൽ ഭൂരിഭാഗം മതങ്ങളും മനുഷ്യനൊഴിച്ച് മറ്റു ജീവികളുടെ , സസ്യങ്ങളുടെ അടക്കം ആത്മാവുകളെക്കുറിച്ച് അധികം മിണ്ടുന്നില്ല. മിക്കവാറും എല്ലാവരും പറയുന്നത് മറ്റു ജീവികൾക്ക് ആത്മാവ് ഇല്ല എന്ന് തന്നെയാണ്. കാരണം അവയ്ക്ക് ആത്മാവ് ഉണ്ട് എന്ന് പറഞ്ഞാൽ പിന്നെ അവയെ മനുഷ്യന് ഭക്ഷിക്കാൻ കഴിയില്ല. അന്നേരം മനുഷ്യൻ ആ മതം വിട്ടു വേറെ മതത്തിലേക്ക് പോകും. ചില മതങ്ങൾ പറയുന്നത് ചില മൃഗങ്ങളെ കൊല്ലരുത്, തിന്നരുത് എന്നൊക്കെയാണ്. ചിലർ പറയുന്നു മാംസമെ കഴിക്കരുത് എന്ന്. അപ്പോൾ എന്താ മരങ്ങൾക്കും ചെടികൾക്കും ജീവനില്ലേ?

എന്റെ ഒരു നിഗമനം വച്ച് ശാസ്ത്രം സസ്യങ്ങൾ പ്രകാശസംശ്ലേഷണം ചെയ്യുന്നതുപോലെ മനുഷ്യനും ചെയ്യാനുള്ള ഒരു വഴി കണ്ടെത്തിയാൽ , മതങ്ങൾ  പറയും എല്ലാ ജീവജാലങ്ങൾക്കും ആത്മാവ് ഉണ്ടെന്നും അവയെ കൊല്ലാൻ പാടില്ലെന്നും. പക്ഷെ ശാസ്ത്രം മനുഷ്യന് ജീവിക്കാനുള്ള വഴി വേറെ കണ്ടെത്തണം.

ആത്മാവിന്റെ കാര്യത്തിൽ കാത്തോലിക്ക സഭ തന്നെയാണ് പുരോഗമനപരം. ആത്മാവിന് റസ്റ്റ്‌ എടുക്കാൻ കർത്താവോ, ശിഷ്യന്മാരോ, ബൈബിളിലോ ഒന്നും പറയാത്ത സ്വർഗ്ഗവും നരകവും അല്ലാത്ത ഒരു സ്ഥലം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ശുദ്ധീകരണസ്ഥലം എന്നാണ് അതിന്റെ പേര്. അത് ഒരു സ്ഥലമല്ല ഒരു അവസ്ഥയാണ്‌ എന്ന് ഇപ്പോൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പാപം ചെയ്തവർ നരകത്തിലേക്കും നല്ലത് ചെയ്തവർ സ്വർഗത്തിലേക്കും പോകും അത് കറക്റ്റ്. പക്ഷെ ശുദ്ധീകരണസ്ഥലത്തേക്കും ആത്മാവുകൾ പോകാനും പോകാതിരിക്കാനും സാധ്യതയുണ്ട്. അവിടെയുള്ള ആത്മാവിനെ നമുക്ക് കർമ്മങ്ങൾ കഴിച്ചു സ്വർഗത്തിലേക്ക് കയറ്റിവിടാം. പക്ഷെ എന്താണ് നരകത്തിലേക്ക് പോകാതെ അവിടെ തങ്ങി നില്ക്കാനുള്ള കാരണം. കറക്റ്റ് ആയ ഒരു ഡെഫനിഷൻ ഇല്ല കുറേപ്പേർ വിശദീകരിക്കുന്നുണ്ടെങ്കിലും. ചിലർ പറയുന്നു മാരകപാപങ്ങൾ ചെയ്തവർ എന്തായാലും നരകത്തിലെ പൊകൂ എന്ന്. ലഘു പാപങ്ങൾ ചെയ്തവർ ആണ് ശുദ്ധീകരണസ്ഥലത്ത് കിടക്കുന്നത്. 

നേരത്തെ കണ്ടു പാപം സ്ഥലകാലങ്ങൾക്ക് ചേർന്നാണ് തീരുമാനിക്കുന്നത് എന്ന്.  അതുപോലെ ചില പാപങ്ങൾ വെട്ടിമാറ്റുന്നു, പുതിയ പാപങ്ങൾ കൂട്ടിച്ചേർക്കുന്നു. ഉദാഹരണം എടുത്താൽ 1990കളിൽ മരിച്ച മരംവെട്ടുകാരൻ ജോസപ്പേട്ടൻ ഇപ്പോൾ ശുദ്ധീകരണസ്ഥലത്തിൽ ഉണ്ട് എന്ന് വിചാരിക്കുക. അന്ന് മരം വെട്ടൽ ഒരു പാപമേ അല്ല. ഇപ്പോൾ അത് ആയി. അങ്ങനെ എങ്കിൽ ജോസപ്പേട്ടന് ഇനി കൂടുതൽ കാലം കിടക്കേണ്ടി വരുമോ എന്തോ?    

ഇനിയിപ്പോൾ അങ്ങനെ ഒരു സ്ഥലം ഉണ്ടെങ്കിൽ ഒരു ആത്മാവും നരകത്തിലേക്ക് പോകില്ലല്ലോ അല്ലെങ്കിൽ പോയി എന്ന് നാം വിശ്വസിക്കില്ലല്ലോ. എല്ലാവരും ശുദ്ധീകരണസ്ഥലത്ത് പോയി കർമ്മങ്ങൾ കാത്തു കിടക്കുകയല്ലേ ഉള്ളൂ.

കത്തോലിക്കാസഭയിൽ നിന്നുംകൊണ്ടു എനിക്ക് തോന്നുന്നത് ഇത്രയും ലോജിക് ഇല്ലാതെ ഉണ്ടാക്കിയ വേറെ ഒരു പരിപാടിയും ഇല്ല. കാശ് വേണമെങ്കിൽ പറഞ്ഞാൽ പോരെ നമ്മൾ തരില്ലേ.

ദൈവങ്ങളും മതങ്ങളും ഉള്ളതുകൊണ്ടുള്ള ഗുണങ്ങള്‍

എന്‍റെ നോട്ടത്തില്‍ ശാസ്ത്രീയമായി ചിന്തിക്കാൻ അറിയാത്ത, എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടു അതില്‍ന്നിന്നും ശരിയേത് തെറ്റേത് എന്നു തിരിച്ചറിയാനുള്ള പക്വതയില്ലാത്ത ഒരു ജനതക്ക് മതമുള്ളതുതന്നെയാണ് നല്ലത്. മതമില്ലാത്തത് ഒരു പടി നല്ലത് തന്നെ. പക്ഷെ ആളുകൾ അത്രയും ചിന്താശേഷി ഉള്ളവർ ആയിരിക്കണം. മതങ്ങളുടെ കുറച്ചു ഗുണങ്ങൾ കാണാം 

മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പ് 

മനുഷ്യൻ നില നില്ക്കാൻ കാരണം തന്നെ മതങ്ങൾ ആണെന്ന് പറയാം. ദൈവങ്ങൾ സഹായിച്ചതുകൊണ്ടല്ല, മനുഷ്യൻ അതിൻറെ പേരിൽ ഒന്നിച്ചു നിന്നതുകൊണ്ട്.  ഒരുമിച്ചു നിൽക്കുക എന്നത് മനുഷ്യന്റെ മതങ്ങൾ ഉണ്ടാകുന്നതിനും മുന്പുള്ള സ്വഭാവം ആയിരുന്നെങ്കിലും, മതങ്ങൾ ഒരു പ്ലാറ്റ്ഫോം ആയി വർത്തിച്ചിരുന്നു.

മതത്തിനു മുകളിൽ ഉള്ള ബന്ധം ആയിട്ടാണ് ആണ് രക്തബന്ധം വരേണ്ടത്. പക്ഷെ ഇന്ത്യയിൽ സാധാരണക്കരുടെയിടയിൽ അങ്ങനെയല്ല. മതം വിട്ടു പോയവരെ വീടുകാരും ബന്ധുക്കളും കൈഒഴിയും. കൂട്ടുകാർ സഹായിച്ചാലായി. ഉദാഹരണമായി ഒരു പ്രസവം വരുന്നു. ആദർശം പറഞ്ഞു മതം ഉപേക്ഷിച്ചവർ, വേറെ മതത്തിൽ നിന്നും കെട്ടി രണ്ടിൽ നിന്നും അകന്നു ജീവിക്കുന്നവർ കുടുങ്ങിയത് തന്നെ. അല്ലെങ്കിൽ കൈയ്യിൽ പൂത്ത കാശ് വേണം. സിനിമകളിൽ ആണെങ്കിൽ കുറച്ചു കഴിയുമ്പോൾ അതായത് കൊച്ചു ഉണ്ടാകുമ്പോൾ വീട്ടുകാർ വീണ്ടും അടുക്കുന്നത് കാണാം. 

തെറ്റ് ചെയ്യാതിരിക്കാനുള്ള ബോധം

ഒരു പരിധി വരെ രാജ്യങ്ങൾ നിയമങ്ങൾ ഉണ്ടാക്കുന്നതിനു മുന്പ്, മത നിയമങ്ങൾ സാമൂഹ്യജീവിതത്തിനു സഹായിച്ചിരുന്നു. എന്തുകൊണ്ട് ഞാൻ മറ്റുള്ളവനെ ദ്രോഹിക്കരുത് എന്ന് ചിന്തിക്കാൻ പ്രാപ്തിയില്ലാത്ത മനുഷ്യർക്ക്‌ "കൊല്ലരുത്" എന്ന് കൽപ്പന കൊടുക്കുന്ന മതം അല്ലെങ്കിൽ ദൈവം ആവശ്യമായിരുന്നു.

ദാനധര്‍മ്മങ്ങൾ

സിനിമകളിൽ ഒരാൾ ഒരു ദ്വീപിൽ ഒറ്റയ്ക്ക് താമസിക്കുന്നത് കാണിക്കുന്നുണ്ടെങ്കിലും മനുഷ്യവംശം നിലനില്ക്കുന്നതിനു പരസ്പര സഹായം ആവശ്യമാണ്. മതങ്ങൾ ഒരു പരിധി വരെ അത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. അപ്പോൾ തോന്നും കർത്താവു രണ്ടുള്ളവൻ ഒന്ന് മറ്റവന് കൊടുക്കട്ടെ എന്ന് പറഞ്ഞതുകൊണ്ടാണ് ആളുകൾ ദാനധർമ്മങ്ങൾ ചെയ്യുന്നതെന്ന്. സംഗതി അത് മനുഷ്യന് അല്ലെങ്കിലും തോന്നും. ഏത് സാഹിത്യം എടുത്താലും മതം എടുത്താലും അതിൽ ദാനധർമങ്ങൽ  കാണാം. 

ജീവിക്കാനുള്ള പ്രത്യാശ

ചില ആളുകൾ ജീവിതത്തിനു അർത്ഥം ഒക്കെ വേണ്ട ആളുകളാണ്. എന്നെ എന്റെ മാതാപിതാക്കൾ ഉണ്ടാക്കി, വളർത്തി അതേ പോലെ ഞാനും മക്കളെ ഉണ്ടാക്കി വളർത്തണം, മനുഷ്യവംശത്തെ നിലനിർത്തണം. പിന്നെ മറ്റുള്ളവർക്കും, പ്രകൃതിക്കും ഒന്നും  ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുത്. പറ്റിയാൽ മറ്റുള്ളർക്ക് ഉപകാരം ആയേക്കാവുന്ന എന്തെങ്കിലും കണ്ടുപിടിക്കണം എന്നുള്ള സാധാരണ അർത്ഥം അവർക്ക് പോരാ. അങ്ങനെയുള്ളവർക്ക് മതം ആവശ്യമാണ്. കാരണം മതത്തിൽ പ്രത്യാശയുണ്ട്. നീ ഇത് ചെയ്‌താൽ മരിക്കുമ്പോൾ നിനക്ക്  അത് കിട്ടും എന്നാ പ്രത്യാശ. പിന്നെ മതങ്ങൾ ഒന്നും ആത്മഹത്യ പ്രോത്സപ്പിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഗ്രന്ഥങ്ങളിൽ അത് കാണാം എങ്കിലും.

സമൂഹ്യസേവനം  

ഒരു സ്കൂൾ പണിയണം എന്ന് ഒരു ക്ലബ് വന്നു കാശ് ചോദിച്ചാൽ ആരും കൊടുത്തു എന്ന് വരില്ല. പക്ഷെ പള്ളിയോ അമ്പലമോ ഒക്കെ ചോദിച്ചാൽ കൊടുക്കും. എന്നിട്ട് അവർക്ക് വേണമെങ്കിൽ അതുകൊണ്ട് സ്കൂൾ പണിയാം. സർക്കാരിനു ഒരു കാലത്ത് ചെയ്യാൻ കഴിയാതിരുന്നത് മതങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.

മറ്റൊരു സേവനം എന്ന് പറയുന്നത് കാശിന്റെ ഒരു ഒഴുക്ക് ഉണ്ടാകും. ഒരു പെരുന്നാൾ അല്ലെങ്കിൽ പൂരം വരുമ്പോൾ ആകെ ഒരു ഉഷാറാണ്.കുറെ പേരുടെ കച്ചവടക്കാരുടെ, പന്തൽ പണിക്കരുടെ, വെടിക്കെട്ട്‌കാരുടെ  ബുദ്ധിമുട്ട് അതുവഴി തീരും. ആളുകളുടെ കൈയ്യിൽ ഇരുന്ന പൈസ പുറത്തേക്കു വരും. കുറച്ചു പേർക്ക് തൊഴിൽ കിട്ടും. ഇപ്പോൾ കേരളത്തിൽ അങ്ങനെ ഒരു സാമൂഹ്യസേവനം ആവശ്യമുണ്ടോ എന്ന് ചോദിച്ചാല ഇല്ല എന്നാണ് തോന്നുന്നത്. കാരണം ഇഷ്ടം പോലെ ജോലിയുണ്ട്. എടുക്കാൻ ആളെ കിട്ടാത്ത കുറവേയുള്ളൂ.   

ദൈവസങ്കല്‍പ്പത്തിന്‍റെ ഉല്‍ഭവം

ഉത്ഭവം എനിക്ക് തോന്നുന്നത് കുറച്ചു കാര്യങ്ങൾക്ക്  വേണ്ടിയിട്ടാണ്. 
  • മരിക്കാൻ എനിക്ക് താല്പരമില്ല. മരണം ഞാൻ അംഗീകരിക്കുന്നില്ല. അഥവാ മരിച്ചാലും ജീവിക്കണം.
  • ഞാൻ മരിച്ചാലും എന്നെ ഓർക്കണം. ഞാനുണ്ടാക്കിയ സമൂഹം ഞാനുണ്ടാക്കിയ നിയമങ്ങൾ അനുസരിക്കണം. അവർ നാശമായി പോകരുത്.
പണ്ട് കാലത്ത് മനുഷ്യർ കൂട്ടമായിട്ടാണ് ആണല്ലോ ജീവിച്ചു തുടങ്ങിയത്. അല്ലെങ്കിൽ മനുഷ്യൻറെ പൂർവികർ. കൂട്ടമായി ജീവിച്ചു തുടങ്ങിയ കാലങ്ങളിൽ ഏതെങ്കിലും ഒരാൾ ആയിരിക്കുമല്ലോ അവരുടെ നേതാവ്. സാധാരണ ഒരു നേതാവ് മരിച്ചാൽ അയാളുടെ കൂടെയുള്ളവർ ചിതറിപ്പോകാൻ സാധ്യതയുണ്ട്. പല നേതാക്കന്മാരും അങ്ങനെ മറ്റുള്ളവർ ചിതറിപ്പോകുന്നത് കണ്ടവർ ആയിരിക്കണം. അവരുടെ അന്നത്തെ പിടികിട്ടാത്ത ഒരു സമസ്യ ആയിരിക്കും എങ്ങിനെ തൻറെ മരണശേഷം കൂടെയുള്ളവരെ ഒരുമിച്ചു നിറുത്താം എന്നത്.

കാലങ്ങൾക്ക് ശേഷം അവരിൽ ബുദ്ധിമാന്മാർ പല  വഴികൾ കണ്ടു പിടിച്ചു. ജീവനുള്ള അല്ലെങ്കിൽ ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന എന്തെങ്കിലും എപ്പോഴും ഉണ്ടായിരിക്കണം. താഴെ പറയുന്ന വഴികൾ ആയിരിക്കാം അവർ കണ്ടു പിടിച്ചത് 
  • ചിലർ പറഞ്ഞു എന്റെ മരണശേഷം ഞാൻ ആകാശത്ത് നക്ഷത്രമായി  നിന്ന് നിങ്ങളെ നോക്കും. നിങ്ങൾ നന്നായി ഞാൻ പഠിപ്പിച്ചതുപോലെ എന്റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കണം. ജീവിച്ചാൽ നിങ്ങളും എന്നെപ്പോലെ മരിച്ചു കഴിഞ്ഞാൽ നക്ഷത്രമാകും 
  • മറ്റു ചിലർ പറഞ്ഞു. ദേ സൂര്യനെ കണ്ടോ അത് എന്നോട് സംസാരിക്കാറുണ്ട്. പുള്ളിയാണ് നമ്മുടെ സംരക്ഷകൻ. എപ്പോഴും  നമ്മളെ നോക്കിക്കൊണ്ട് നില്ക്കുന്നു. ഞാൻ പറഞ്ഞ നിയമങ്ങൾ ഒന്നും ഞാൻ ഉണ്ടാക്കിയതല്ല പുള്ളി തന്നതാണ്. അതുകൊണ്ട് ഞാൻ മരിച്ചാലും നിങ്ങൾ പുള്ളിയുടെ നിയമങ്ങൾ അനുസരിക്കണം.
  • കുറച്ചു കൂടി ബുദ്ധിമാന്മാർ, പിന്നീട് വന്ന കാലങ്ങളിൽ,  പ്രകൃതിയിലെ കാര്യങ്ങളെ കൂട്ട് പിടിക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞു. അതോ അറിയാതെയോ, കാണാൻ പറ്റാത്ത അദൃശ്യശക്തിയുണ്ട്.അത് ദൈവം എന്നു അറിയപ്പെടുന്നത്. ഞാൻ പുള്ളിയുടെ ആൾ ആണ്. അത് നിങ്ങളെ എപ്പോഴും നോക്കിക്കൊണ്ടിരിക്കുകയാണ്‌. നന്നായിട്ട് ജീവിചില്ലെങ്കിൽ ഞാൻ ഇല്ലെങ്കിൽ തന്നെ അത് നിങ്ങളെ ശിക്ഷിക്കും. അതുപോല നന്നായി ജീവിച്ചാൽ നിങ്ങൾ ഒരിക്കലും മരണം പിടി കൂടാത്ത സ്വർഗത്തിൽ എത്തും. പിന്നെ പരമസുഖമാണ്. 
പക്ഷെ എങ്ങിനെയൊക്കെ അവർ ശ്രമിച്ചിട്ടും, മരണാനന്തരം നേതാക്കന്മാർക്ക് അവർ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്നത്ര പവർ കിട്ടിയില്ല. ഇപ്പറഞ്ഞ മൂന്ന് കാര്യങ്ങളിലും നേതാവ് മരിച്ചതിനുശേഷം അണികൾക്ക് പല കാര്യങ്ങളിലും, പ്രത്യേകിച്ച് പുതിയ കാര്യങ്ങൾ അല്ലെങ്കിൽ സാഹചര്യങ്ങളെപറ്റി സംശയങ്ങൾ ഉണ്ടായി. ചില സ്ഥലങ്ങളിൽ കൂട്ടത്തിൽ കുറച്ചു ബുദ്ധി കൂടിയവൻ പണ്ട് നേതാവ് പറഞ്ഞതുപോലെ ഞാൻ ദൈവത്തിന്റെ ആളാണ് എന്ന് പറഞ്ഞു അയാളുടെതായ രീതിയിൽ സംശയങ്ങൾ നീക്കി. ചില സമൂഹങ്ങളിൽ ഒന്നിൽ കൂടുതൽ ആളുകൾ, ഒരേ സംശയങ്ങൾ പല പല രീതികളിൽ തീർത്തു. ചില നേതാക്കന്മാർ നിയമങ്ങൾ എഴുതി വച്ചിരുന്നെങ്കിലും, അണികൾ അവർക്ക് എളുപ്പമാകുന്ന രീതിയിൽ വളച്ചൊടിച്ചു വ്യാഖ്യാനിച്ചു.

ചുരുക്കി പറഞ്ഞാൽ, നേതാവ് പോയതിനുശേഷം എല്ലാ സമൂഹങ്ങളും അവർക്ക് തോന്നിയത് പോലെയായി. നേതാവിന്റെ മരണത്തിനുശേഷം, കാലം കൂടുന്നതിനനുസരിച്ച് വ്യത്യാസങ്ങളും കൂടി വന്നു.

അന്യഗ്രഹജീവികളാണോ നമ്മുടെ ദൈവങ്ങള്‍

നമ്മൾ കുറച്ചു പേർ പുറം ലോകവും ആയി അധികം ബന്ധം ഇല്ലാത്ത ഒരു ആദിവാസി സമൂഹത്തിൽ ഇപ്പോഴുള്ള മൊബൈലും ആയി കടന്നു ചെന്നു എന്ന് വിചാരിക്കുക. നമ്മൾ നമ്മുടെ കൈയിലെ മൊബൈൽ കൊണ്ട് പടം,വീഡിയോ മുതലായവ പിടിക്കുന്നു. അത് റിപ്ലേ  ചെയ്യുന്നു. അത് ബ്ലൂ ടൂത്ത് വഴി മറ്റേയാളുടെ മൊബൈലിലേക്ക് അയക്കുന്നു. ആ ചെറിയ സാധനത്തിൽ നിന്നും ലൈറ്റ് വരുത്തുന്നു. അങ്ങനെ ഒക്കെ ചെയ്‌താൽ നമ്മൾ പതിയെ അവരുടെ ദൈവങ്ങൾ ആകും. സംശയം ഒന്നും ഇല്ല, നാട്ടുവിശേഷം എന്നാ സിനിമയിൽ ഇതുപോലത്തെ രംഗം കാണിക്കുന്നുണ്ട് . 

അങ്ങനെയെങ്കിൽ നമ്മളെ ഉണ്ടാക്കിയതും അങ്ങനെ വല്ല അന്യഗ്രഹജീവികളും ആയിരിക്കില്ലേ. നമ്മൾ ആരാധിക്കുന്നത് അവരെയാണോ? ഇങ്ങനെ ഒരു സംശയം പണ്ട് മുതലേ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ബ്ലോഗ്‌ നോക്കുക. പത്തു പതിനാല് ഭാഗങ്ങൾ ആയിട്ടാണ് അത് എഴുതിയിരിക്കുന്നത് 


ഇനിയിപ്പോൾ അന്യഗ്രഹ ജീവികൾ ആണ് നമ്മളെ ഉണ്ടാക്കിയത് എന്ന് വിചാരിക്കുക. ദൈവമുണ്ടോ എന്ന ചോദ്യം  അപ്പോഴും ബാക്കിയാണ്. അവരാണ് നമ്മളെ ഉണ്ടാക്കിയതെങ്കിൽ അവരെ ആര് ഉണ്ടാക്കി? വീണ്ടും അന്വേഷിക്കണം.
അജ്ഞത. വേണമെങ്കിൽ ദൈവം അരൂപി എന്ന് പറഞ്ഞു ആശ്വസിക്കാം.അല്ലെങ്കിൽ ദൈവം ഇല്ലെന്നു പറയാം. എല്ലാം ഒരു തനിയെ അവയുടെതായ സാഹചര്യങ്ങൾ ഒത്തു വന്നപ്പോൾ ഉണ്ടായി എന്ന് മനസിലാക്കാം. പ്രോമിതെയുസ് എന്ന ഇംഗ്ലീഷ് സിനിമയുണ്ട്. അത് ഏകദേശം ഈ മോഡൽ ആണ്. മനുഷ്യൻ തങ്ങളുടെ എഞ്ചിനീയർമാരെ തേടി പോകുന്നു.  അവരെ കണ്ടുപിടിച്ചശേഷം പക്ഷെ അന്വേഷണം പിന്നെയും നീളുന്നു.  

അപ്പോൾ പറഞ്ഞു വന്നത് അന്യഗ്രഹ ജീവികളെ തേടിപ്പോയിട്ടും വലിയ കാര്യമില്ല. അന്വേഷണം പിന്നെയും നീളും.  

ശാസ്ത്രവും മതങ്ങളും

മതങ്ങൾ എന്തൊക്കെ പറഞ്ഞാലും ഇവ രണ്ടും അലുവയും മത്തിക്കറിയും അല്ലെങ്കിൽ മോരും മുതിരയും പോലെയാണ്. രണ്ടും ചേരില്ല. പക്ഷെ എങ്ങിനെയൊക്കെയോ രണ്ടും കൂടി ഭൂമിയിൽ ഒരേസമയം നിലനിൽക്കുന്നു. ഡാർവിൻ സിദ്ധാന്തം ശരിക്ക് പഠിച്ച ഒരാൾക്ക് പിന്നെ ദൈവം എല്ലാം ഉണ്ടാക്കി എന്ന് പറയുന്ന മതത്തിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ല. പള്ളിയിലെ ഹൈ സ്കൂൾ വേദോപദേശക്ലാസിൽ ഞങ്ങളെ ഒരു പ്രത്യേകകോണ്‍സെപ്റ്റ് പഠിപ്പിക്കുന്നുണ്ട്. കാര്യം സിമ്പിൾ ആണ്.

"പണ്ട്തിരുസഭ ശാസ്ത്രത്തിനു എതിരായിരുന്നു. പക്ഷെ ഇപ്പോൾ അത് മാറി .ദൈവം ആണ്  എല്ലാം സൃഷ്ടിച്ചത്. അത് എങ്ങനെ സൃഷ്ടിച്ചു എന്ന് കണ്ടെത്തലാണത്രെ ശാസ്ത്രത്തിന്റെ ജോലി. അതുകൊണ്ട് ശാസ്ത്രത്തിനെ എതിർക്കേണ്ട കാര്യമില്ല."

ആ പ്രായത്തിൽ ഈ വാചകം എത്ര കുട്ടികൾക്ക് മനസിലായിട്ടുണ്ട് എന്ന് എനിക്കറിയില്ല. "അപ്പോൾ എന്താ ടീച്ചറെ ബൈബിളിൽ ദൈവം മണ്ണിൽ നിന്ന് സൃഷ്ടിച്ചത് എന്ന് എഴുതിയിരിക്കുന്നത് " എന്ന് ഒരാളും തിരിച്ചു ചോദിച്ചില്ലെങ്കിലും, അങ്ങനെ ഒരു സംശയം കുട്ടികൾക്ക് ഉണ്ടാകാം എന്ന് സഭക്ക് തോന്നിയതുകൊണ്ട് സഭ അതിനും ഉത്തരം നൽകിയിരുന്നു. ബൈബിൾ എഴുതിയ കാലത്തേ ആളുകൾക്ക് മനസിലാകുന്ന തരത്തിൽ എഴുതിയത് ആണത്രേ.

അങ്ങനെയെങ്കിൽ ഇത് മാത്രം ആല്ലല്ലോ വേറെയും കുറെ കാര്യങ്ങൾ മാറ്റം വരുത്തേണ്ടേ എന്ന് മനസ്സിൽ ഒരു സംശയം വന്നെങ്കിലും ചോദിച്ചില്ല. ഇപ്പോഴും കാര്യങ്ങൾ പഴയത് പോലെതന്നെ. ജോണ്‍ പോൾ രണ്ടാമൻ  മാർപ്പാപ്പ നൂറ്റാണ്ടുകൾ മുന്പ് ചെയ്ത കാര്യങ്ങൾക്ക് മാപ്പ് പറഞ്ഞു. മിക്കവാറും കുറച്ചു നൂറ്റാണ്ടുകൾ കഴിയുമ്പോൾ വീണ്ടും മാപ്പ് പറയുമായിരിക്കും "ദൈവം, സ്വർഗം , നരകം, ആത്മാവ് തുടങ്ങിയവ ഉണ്ടെന്നു പഠിപ്പിച്ചതിനു". അന്ന് മിക്കവാറും കാത്തോലിക സഭ ശരിക്കും ഒരു കോർപ്പറേറ്റ് ആയിട്ടുണ്ടാകും.  

ആർട്ടിഫിഷ്യൽ ഇന്‍റലിജെന്‍സ്

അഥവാ കൃതിമബുദ്ധി. മനുഷ്യൻ യന്ത്രങ്ങൾക്ക് മനുഷ്യനോടു തുല്യമായതോ അതോ അതിൽക്കൂടുതലോ ആയ ബുദ്ധി കൊടുക്കാൻ ആഗ്രഹിക്കുന്നു. അതിന്റെ പരിണിതഫലം എന്തായാലും  "ബുദ്ധി കിട്ടിയ യന്ത്രം പിന്നെ അതിനെ ഓഫ് ആക്കാൻ സമ്മതിക്കുമോ". അത് ഒരു നാളിൽ വരും. അന്ന് അവർക്ക് ആത്മാവ് ഉണ്ടാകുമോ? അവർ പുതിയ മതം ഉണ്ടാക്കുമോ അതോ നമ്മുടെ മതത്തിൽ ചേരുമോ? മനുഷ്യൻ "മൃഗങ്ങൾക്ക് ആത്മാവ് ഇല്ല"എന്ന് പറയുന്നതുപോലെ,അന്നേരം അവർ പറയുമോ  "മനുഷ്യർക്ക്‌  ആത്മാവ് ഇല്ല" എന്ന്? ആ ആർക്കറിയാം.

ദൈവത്തെ കണ്ടിട്ടുണ്ടോ?

ഫാത്തിമയിൽ ഒഴിച്ച് ഒന്നിൽ കൂടുതൽ ആളുകൾ ഒരുമിച്ചു ദൈവത്തെ കണ്ടു എന്ന് പറയുന്ന സന്ദർഭങ്ങൾ കുറവാണു. മിക്കവരും കാണുന്നത് ഒറ്റയ്ക്കാണ് അതും സ്വപ്നങ്ങളിൽ. പിന്നെ ദൈവം പറഞ്ഞ കാര്യങ്ങൾ ബുക്ക്‌ ആക്കി വയ്ക്കുകയാണ് പണി.

പിന്നെ വേറെ ആളുകൾ പറയുന്നതാണ് ദൈവത്തെ അന്വേഷിക്കരുത്. ദൈവത്തെ അനുഭവിക്കണം എന്നത്. അതായത് വേദന നമുക്ക് കാണാൻ പറ്റില്ലല്ലോ പക്ഷെ അനുഭവിക്കാം.  

ഞാൻ എന്റെ കാര്യം പറയാം. പണ്ട് ദൈവം തമ്പാച്ചൻ ആയിരുന്നല്ലോ. അന്ന് എനിക്ക് കാര്യങ്ങൾ സുഖകരമായി സംഭവിച്ചാൽ അത് തമ്പാച്ചൻ. അങ്ങനെ നോക്കുമ്പോൾ ഫുൾ ടൈം തമ്പാച്ചൻ തന്നെ. കാരണം വീട്ടുകാർ അത്യാവശ്യം സാമ്പത്തികം ഉള്ളവർ ആയിരുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ കാര്യമായി പ്രത്യേകിച്ച് ആഗ്രഹിക്കാനും ഒന്നുമില്ലല്ലോ. ചവിട്ടാൻ ഒരു സൈക്കിളും, പെരുന്നാളിന് കാണുന്ന കാറും ജീപ്പും ഒഴിച്ചാൽ. പിന്നെ ടീച്ചറായ അമ്മ കുത്തിപ്പിടിച്ചു പഠിപ്പിച്ചു സഹായിച്ചതുകൊണ്ട്  നന്നായി പഠിക്കാനും പറ്റി. അങ്ങനെ നോക്കുമ്പോൾ കാര്യമായി ദൈവത്തെ കാണേണ്ട കാര്യം ഇല്ലായിരുന്നു.

പിന്നെ അപ്പൻ വെള്ളമടിച്ചു കാണുമ്പൊൾ വിചാരിക്കും പ്രാർത്ഥിച്ചു അങ്ങ് കുടി മാറ്റിയാലോ എന്ന്. പക്ഷെ വെള്ളമടിക്കത്തപ്പോൾ നമ്മളോടുള്ള സ്നേഹം, നമ്മുടെ കാര്യങ്ങൾ കറക്റ്റ് ആയി നോക്കുന്നത്, നമ്മളോടും അമ്മയോടും ചോദിച്ചു മാത്രം നമ്മുടെ കാര്യങ്ങൾ  തീരുമാനിക്കുന്നത്, കടം വാങ്ങിച്ചു വെള്ളം അടിക്കാത്തത്, വെള്ളം അടിക്കാൻ തുടങ്ങുമ്പോഴുള്ള  പുള്ളിയുടെ സന്തോഷപൂർണമായ മുഖം ഒക്കെ കാണുമ്പൊൾ തോന്നും പുള്ളിയുടെ സന്തോഷം അതാണെങ്കിൽ ആയിക്കോട്ടെ. സംഗതി ആശാൻ യുക്തിവാദി എന്നൊക്കെ പറയുമെങ്കിലും "മദ്യപാനം ആരോഗ്യത്തിന് ഹാനികരം" എന്നെഴുതിയ കുപ്പിയിൽ നിന്നും കുടിക്കുമ്പോഴത്തെ യുക്തി എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.പിന്നെ നേരിട്ട് അത് ചോദിക്കാനും ഒരു ധൈര്യം വരുന്നില്ല. അങ്ങേര് ഇൻറർനെറ്റിൽ ഇത് വായിക്കുമെന്നും തോന്നുന്നില്ല. 

ആദ്യമായി ദൈവത്തെ വിളിച്ചത് അല്ലെങ്കിൽ ഒരു ഫീൽ കിട്ടിയത് ഡിപ്ലോമ ഫസ്റ്റ് ഇയർ കമ്പ്യൂട്ടർ ലാബ്‌ പരീക്ഷക്ക്‌ ആയിരുന്നു. ബാക്കി എല്ലാ വിഷയങ്ങളിലും ഇന്റെർണൽ പരീക്ഷകളിൽ ഒറ്റ സംഖ്യയിൽ നിൽക്കുമ്പോൾ കമ്പ്യൂട്ടർ പ്രോഗ്രാമ്മിംഗ് ഒരു ഹരം ആയതുകൊണ്ട് അതിൽ നല്ല മാർക്ക് കിട്ടിയിരുന്നു. ഫൈനൽ പരീക്ഷക്ക്‌ ഏറ്റവും കൂടുതൽ മാർക്ക് കിട്ടും എന്ന് വിചാരിച്ചതും അതിനായിരുന്നു. പക്ഷെ ഫൈനൽ പരീക്ഷയിൽ കമ്പ്യൂട്ടർ ലാബ്‌ പരീക്ഷയിൽ ഔട്ട്‌ പുട്ട് കിട്ടിയില്ല. അൽഗൊരിതവും, ഫ്ലോ ചാർട്ടും ഒക്കെ കൃത്യമായി ചെയ്തു. സംഗതി ഇന്നത്തെ പോലത്തെ എങ്ങിനെയെങ്കിലും കുട്ടികളെ ജയിപ്പിച്ചു ബിസിനസ്‌ ഉണ്ടാക്കണം എന്ന് വിചാരിക്കുന്ന  പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജ് അല്ല. ഗവണ്മെന്റ് ആണ്. ഔട്ട്‌ പുട്ട് കിട്ടത്തവരെ ജയിപ്പിച്ച ചരിത്രം അവിടെയില്ല.

വിളിച്ചു.ആഞ്ഞ് ആഞ്ഞു ദൈവത്തെ വിളിച്ചു. വേളാങ്കണ്ണി മാതാവിനെ ആദ്യം. താഴേക്കാട് മുത്തപ്പൻ എന്തായാലും ലിസ്റ്റിൽ ഉണ്ട് .പിന്നെ യൂദ തദേവൂസ് ശ്ലീഹായുടെ നൊവേന 9 ദിവസങ്ങൾ മുടങ്ങാതെ ചൊല്ലി. പോളി ടെക്നിക്കിന്റെ അടുത്തുണ്ടായിരുന്ന പള്ളി പുള്ളിയുടെ ആയിരുന്നു. അങ്ങനെ ടെൻഷൻ അടിച്ചു നടന്നു  അവസാനം റിസൾട്ട്‌ വന്നപ്പോൾ ജസ്റ്റ്‌ പാസ്‌. ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യം അങ്ങനെ നടന്നു. അന്നത്തെ ബുദ്ധിയിൽ ദൈവം ഉണ്ട് എന്ന് തന്നെ വിശ്വസിക്കാനേ തരമുള്ളൂ. മൂന്ന് പേരിൽ ആരാണ് സഹായിച്ചത് എന്ന് ചോദിച്ചാൽ യൂദാ തദേവൂസ് എന്ന് പറയാനെ പറ്റു. കാരണം പുള്ളിയാണ് ഈക്കൂട്ടത്തിൽ പുതിയത്. 9 ദിവസം മുടങ്ങാതെ ചൊല്ലുക എന്ന് വച്ചാൽ വലിയ ഒരു പണി തന്നെയാണ്.

പിന്നെ പുള്ളിയായി നമ്മുടെ പേർസണൽ ദൈവം. ഡിപ്ലോമക്ക് മെയിൻ പരീക്ഷകൾ ഒന്നും തോറ്റിട്ടില്ല. എഞ്ചിനീയറിംഗ് പുള്ളി സഹായിച്ചത് നാലാം കൊല്ലം തന്നെ മുഴുവനാക്കാൻ പറ്റി എന്നതുകൊണ്ടാണ്. പക്ഷെ ഇടയിൽ 5 സപ്പ്ളികൾ ഉണ്ടായിരുന്നു.

പിന്നെ 6 മാസക്കാലം ചെന്നെയിൽ ജോലി അന്വേഷിച്ചു നടക്കൽ ആയിരുന്നു. ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് നല്ല ദൈവസ്നേഹം ആയിരുന്നു.പള്ളിയിലേക്ക് പോകണമെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ആയി 3 കിലോമീറ്റർ നടക്കണം. പിന്നെ പള്ളിയിൽ പോകാനുണ്ടായ കാരണം അവിടെ ഇംഗ്ലീഷ് കുർബാന ആയിരുന്നത് കൊണ്ടാണ്. കുർബാനയും കാണാം ഇംഗ്ലീഷും നന്നാക്കാം. 

ജോലി കിട്ടിയതിനുശേഷം ചേർന്ന MBA ക്ക് പിന്നെ അങ്ങേരെ വിളിച്ചു അധികം ബുദ്ധിമുട്ടിച്ചില്ല കാരണം ഒരു ജോലി ഉണ്ടല്ലോ.MBA  കിട്ടിയാൽ കിട്ടി എന്ന തരത്തിൽ ചേർന്നതാണ്. 2 കൊല്ലം കൊണ്ട് തീരേണ്ട MBA കഴിഞ്ഞത് 5 കൊല്ലം കൊണ്ട്. അപ്പോഴും പുള്ളിയെ ബുദ്ധിമുട്ടിച്ചില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.

ദൈവത്തിന്റെ / മതത്തിന്റെ അന്ത്യം

കറക്റ്റ് ഒരു ഡേറ്റ് പറയാൻ പറ്റില്ലെങ്കിലും, എനിക്ക് കാണാൻ പറ്റുമെന്ന് തോന്നുന്നിലെങ്കിലും എന്നെങ്കിലും ഒരിക്കൽ ഈ പരിപാടി നില്ക്കും. പല കാരണങ്ങൾ ഉണ്ടായിരിക്കാം.കുറച്ചു താഴെ കൊടുക്കുന്നു.   

ശാസ്ത്രം 

ശാസ്ത്രം പുരോഗമിക്കും തോറും,  ദൈവവും, മതവും ക്ഷയിച്ചുകൊണ്ടിരിക്കും. പണ്ട് സൂര്യൻ,മഴ, ഇടിമിന്നൽ ഒക്കെ ദൈവങ്ങൾ ആയിരുന്നു. വസൂരിക്ക് ദേവനും ദേവിയും ഉണ്ടായിരുന്നു. തൃശൂർ ഭാഗത്ത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പള്ളിപ്പെരുന്നാൾ ചരിത്രം നോക്കിയാൽ കാണാം ഒക്കെ ചെന്ന് നില്ക്കുന്നത് പണ്ട് വന്ന ഒരു പകർച്ചവ്യാധിയിൽ ആയിരിക്കും.  

ശാസ്ത്രം മഴക്കും, മിന്നലിനും ഒക്കെ വിശദീകരണം കൊടുത്തപ്പോൾ ആ ദൈവങ്ങൾ മരിച്ചു. അതുപോലെ പെരുന്നാൾ നടക്കുമ്പോൾ അധികം എവിടെയും പഴയ പകർച്ചവ്യാധിയെ ഓർക്കുന്നില്ല. ഇപ്പോൾ എല്ലാം ആഘോഷമല്ലേ. രക്തദാനം, അവയവദാനം ഇപ്പോഴും മതങ്ങൾക്ക് എങ്ങിനെ ഉൾപ്പെടുത്തണം എന്ന് മനസിലായിട്ടില്ല. എല്ലാവരും അംഗീകരിച്ചതുകൊണ്ട് തള്ളിക്കളയാനും പറ്റുന്നില്ല. നിങ്ങൾ സ്വന്തം മതത്തിൽ നിന്നും മാത്രമേ അവയവം സ്വീകരിക്കാവൂ എന്ന് മതങ്ങൾക്ക് പറയണം എന്നുണ്ട്. പക്ഷെ എല്ലാവരും അംഗികരിച്ച അവയവ മാറ്റത്തിൽ മതം ചേർക്കാൻ പേടി. മറ്റു മതത്തിൽ പെട്ട ആളുകളുടെ കിഡ്നി വാങ്ങി വയ്ക്കാൻ കുഴപ്പമില്ലെങ്കിൽ, കണ്ണ് എടുക്കാമെങ്കിൽ പിന്നെ മറ്റു മതങ്ങളിൽ നിന്നും കല്യാണം കഴിച്ചാൽ എന്താ പ്രശ്നം?

അതുപോലെയാണ് ഇനി വരാൻ പോകുന്ന ശാസ്ത്രപുരോഗതികളും. കുറച്ചു കഴിയുമ്പോൾ തല മാറ്റിവക്കലും വരും. പിന്നെ എന്ത് മരണം? തലയുടെ മതമാകുമോ, ഉടലിന്റെ മതമാകുമോ മാറ്റിവക്കലിനു ശേഷമുള്ള ആൾക്ക്. തല മുസ്ലിം ആണെങ്കിൽ ഉടലിനെ സുന്നത് കഴിക്കുമോ? തിരിച്ചു ആയാൽ എന്താകും വീണ്ടും തുന്നിപ്പിടിപ്പിക്കുമോ?

അതിനിടയിൽ നമ്മുടെ ശരീരത്തിലേക്ക് മൃഗങ്ങളിൽ നിന്ന് അവയവങ്ങൾ സ്വീകരിക്കുന്ന രീതിയും, അവയവങ്ങൾ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന രീതിയും, അവയവങ്ങൾക്ക് പകരം മെഷീനുകൾ വയ്ക്കുന്ന രീതിയും, നമ്മളുടെ തന്നെ ഒരു കോശം വളർത്തി(ക്ലോണിംഗ് പോലെ) ഒരു അവയവം ആക്കുന്ന വിദ്യകളും ഒക്കെ സാധാരണ ജീവിതത്തിലേക്ക് വരും. അങ്ങനെ കേടായത് ഒക്കെ ശരിയാക്കാൻ പറ്റും. ഒരു ക്രിസ്ത്യാനി ആയി ജനിച്ചു ഒരു മാതിരി എല്ലാ പാർട്സും ഇങ്ങനെ മാറ്റിവച്ചു കഴിഞ്ഞാൽ അവൻ ക്രിസ്ത്യാനി തന്നെ ആയിരിക്കുമോ. അതിലും കടന്നു ചിന്തിച്ചാൽ മനുഷ്യൻ എന്ന് കൂട്ടുമോ?  

അതും കഴിഞ്ഞാൽ തലച്ചോറ് അതിന്റെ ഓർമകളോട് കൂടി പ്രായമായ ബോഡിയിൽ നിന്നും ഡൌണ്‍ലോഡ്  ചെയ്ത് പുതിയ ബോഡിയിൽ അപ്‌ലോഡ്‌ ചെയ്യുന്ന സാങ്കേതികവിദ്യ വരും. അങ്ങനെ മരണം എന്ന് പറയുന്ന സംഗതി ഇല്ലാതാകും. നമ്മൾ ആദ്യം പറഞ്ഞപോലെ മരണം ഇല്ലാതാക്കാനാണ് ദൈവങ്ങളും മതങ്ങളും ഉണ്ടായത്. മരണം ഇല്ലെങ്കിൽ ആര് ദൈവത്തെ വിളിക്കാൻ. അന്നേരം ബുദ്ധിയുള്ള മതഅധികാരികൾ മതത്തെ ഒരു കമ്പനി ആക്കും. അല്ലാത്ത മതങ്ങൾ ഓർമ്മ മാത്രമാകും.

വിദ്യാഭ്യാസം, ഗവണ്മെന്റ്

പിന്നെ ഒരു സാധ്യത ഉള്ളത് നല്ല ഗവണ്മെന്റ് വന്നാലാണ്. ഇപ്പോഴത്തെ ഇന്ത്യയിലെ കാര്യങ്ങൾ നോക്കുക. സാധാരണ ഒരാൾക്ക് (അധികം വിദ്യാഭ്യാസം ഇല്ലാത്ത ഇന്റർനെറ്റ്‌ ഉപയോഗിക്കാത്ത) അയാളുടെ ഡെയിലി ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് ഒരു കണ്ട്രോളും ഇല്ല. 

അതായത് ഒരു അസുഖം വന്നു. നടക്കാൻ പറ്റാത്ത വിധത്തിൽ ആണെങ്കിൽ ആരെയെങ്കിലും സഹായത്തിനു വിളിക്കണം. ഡോക്റ്ററെ കാണാൻ പോയാലും അയാൾക്ക് ഡോക്റ്ററെ വിശ്വാസം ഇല്ല. കാരണം അയാൾക്ക് മനുഷ്യശരീരം എങ്ങിനെ വർക്ക്‌ ചെയ്യുന്നു എന്നറിയുന്നുണ്ടാകില്ല. പഠിച്ചിട്ടുണ്ടെങ്കിൽ തന്നെ കാണാപ്പാടം പഠിച്ചു പാസ്‌ ആയതായിരിക്കും. ഡോക്ടർ തരുന്ന മരുന്ന് നല്ലതാണോ അല്ലയോ അത് മുന്പ് ഉപയോഗിച്ചവർക്ക് അസുഖം മാറിയിട്ടുണ്ടോ എന്നൊന്നും അറിയാൻ പറ്റില്ല. ഇനി മരുന്ന് കഴിച്ചു എന്തെങ്കിലും കുഴപ്പം പറ്റി ആരോട് പറയും? പരാതി കൊടുത്താൽ നഷ്ടപരിഹാരം കിട്ടുമോ എന്ന് യാതൊരു ഉറപ്പുമില്ല.
അപ്പോൾ എന്തായി സ്വാമിയേ ശരണം.

മറ്റൊന്നാണ് കുട്ടികളുടെ പഠിത്തം അതുകഴിഞ്ഞ് ജോലി. ആവശ്യത്തിനു കോളേജുകൾ ഇല്ലാത്തതുകൊണ്ട് പഠിത്തം കാശ് ചെലവ് ഉള്ളതാണ്.  എവിടെ നിന്നെങ്കിലും ലോണ്‍ എടുത്ത് പഠിപ്പിക്കാൻ വിട്ടാൽ അവൻ / അവൾ പഠിക്കാതെ ലൈനടിച്ച്‌ കല്യാണവും കഴിച്ചു വന്നാലോ ? പിന്നെ നാട്ടുകാരുടെ മുഖത്ത് എങ്ങിനെ നോക്കും? പഠിച്ചു എന്ന് വിചാരിക്കുക അതുകഴിഞ്ഞ്  ജോലി. അത് കിട്ടിയാൽ ആയി. നമ്മുക്ക് ഒരു ഉറപ്പും ഇല്ല. ഇനി ഇപ്പോൾ കൂലിപ്പണിക്ക് പോകാം എന്ന് വിചാരിച്ചാലോ ആളുകളുടെ കളിയാക്കലുകൾ. 
പ്രൈസ് ദി ലോഡ് വേറെ നിവൃത്തിയില്ല.

മോൻ ജോലി കിട്ടി നല്ല നിലയിലെത്തി. വയസാൻ കാലത്ത് നമ്മളെ നോക്കുമോ? ആ വന്നു കയറിയ പെണ്ണിന്റെ സ്വഭാവം പോലെയിരിക്കും. ഇനിയിപ്പോൾ മക്കൾ എല്ലാ സ്വത്തും എടുത്തു നമ്മളെ നോക്കുന്നില്ല. ഒന്ന് കേസ് കൊടുത്താൽ അടുത്ത കാലത്ത് എന്തെങ്കിലും തീരുമാനം ആകുമോ? അതിനിടയിൽ പെൻഷൻ കിട്ടാൻ 2 സർക്കാർ ഓഫീസ് കയറെണ്ടിവന്നാൽ തീർന്നു. ഏത് കട്ട നിരീശ്വരവാദി ആയിരുന്നാലും ദൈവത്തെ വിളിച്ചു പോകും. കാരണം സിമ്പിൾ. നമ്മൾ അങ്ങനെയാണ്, നമ്മളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ അങ്ങനെയാണ്, നമ്മുടെ രാജ്യം അങ്ങനെയാണ്.

ഇനി തിരിച്ചു ചിന്തിച്ചാൽ എന്താകും അവസ്ഥ. ആളുകൾക്ക് പഠിപ്പും വിവരവും കൂടുന്നു. കാണാപ്പാടം പഠിക്കാതെ അവർ കാര്യങ്ങൾ ചിന്തിച്ചു മനസിലാക്കാൻ പഠിക്കുന്നു. അവർ പുറം രാജ്യങ്ങളിലെ നല്ല കാര്യങ്ങൾ കണ്ടു പഠിക്കുന്നു. എല്ലാ ജോലികളും ഒരേപോലെ കാണുന്നു. കാര്യക്ഷമമായ ഒരു ഗവണ്മെന്റ് ഉണ്ടാകുന്നു. ഇന്റർനെറ്റ്‌ ഫ്രീ അല്ലെങ്കിൽ തുച്ഛമായ വിലക്ക് കിട്ടുന്നു. 

അസുഖം വരുന്നു.നടക്കാൻ പറ്റാത്ത അസുഖം ആണെങ്കിൽ ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ആംബുലൻസ് വന്നു കൊണ്ടുപോകുന്നു.  ഡോക്ടറെ കാണുന്നു. ഡോക്ടർ തന്ന മരുന്ന് അപ്പോൾ തന്നെ ഇന്റർനെറ്റ്‌ വഴി അന്വേഷിക്കുന്നു. മുന്പ് കഴിച്ച ആളുകളുടെ റിവ്യൂ നോക്കുന്നു. കുഴപ്പമില്ല എന്ന് കണ്ടാൽ കഴിക്കുന്നു അല്ലെങ്കിൽ തിരിച്ചു ഡോക്ടറോട് കാര്യം പറയുന്നു. ഇനി അഥവാ എന്തെങ്കിലും പറ്റിയാൽ പെട്ടെന്ന് തന്നെ ഡോക്ടറുടെ കൈയ്യിൽ നിന്നും നമുക്ക് ഗവണ്മെന്റ് നഷ്ടപരിഹാരം വാങ്ങിച്ചു തരുന്നു.

കുട്ടികൾക്ക് പഠിക്കാൻ നിലവാരത്തിൽ ഉള്ള സ്കൂളുകൾ, കോളേജുകൾ. പഠിച്ചിറങ്ങിയാൽ കിട്ടുന്ന ഏതു ജോലിയും ചെയ്യാം. ആരും കളിയാക്കുന്നില്ല. അവർ നോക്കിയില്ലെങ്കിൽ അവർക്ക് സ്വത്ത്‌ കൊടുക്കേണ്ട എന്ന് സമ്മതിക്കുന്ന സർക്കാർ. തന്നെ വയസാകുമ്പോൾ നോക്കാൻ നല്ല നിലയിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധസദനങ്ങൾ. എന്തെങ്കിലും ഒരു കാര്യത്തിന് പോയാൽ അന്ന് തന്നെ ചെയ്തു കിട്ടുന്ന സർക്കാർ ഓഫീസുകൾ.

ഇത്രയൊക്കെ കിട്ടിയാൽ ആര് ദൈവത്തെ വിളിക്കാൻ. മെയിൻ ആയി ചിന്തിക്കാൻ പഠിപ്പിക്കുന്ന വിദ്യാഭ്യാസം. മതങ്ങൾ നടത്തുന്ന സ്കൂളിൽ പഠിച്ചാൽ ഒരിക്കൽ പോലും അങ്ങനെ ഒരു തലമുറ ഉണ്ടായിവരും എന്ന് തോന്നുന്നില്ല. സ്കാന്റിനേവിയൻ രാജ്യങ്ങളിൽ ഇതുപോലെ നല്ലൊരു സാമൂഹിക, രാഷ്ട്രീയ സാഹചര്യം ഉള്ളതയിരിക്കാം അവിടെ വിശ്വാസം കുറയാൻ കാരണം. 

എന്തുകൊണ്ട് ഞാന്‍ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നു

കാരണങ്ങൾ പലതാണ്.

  • ശാസ്ത്രത്തിനു ഉത്തരം വിശദീകരണം നല്കാൻ കഴിയാത്ത പല കാര്യങ്ങളും ഇപ്പോഴും ഉണ്ട്. ശാസ്ത്രം അത് ഇന്നല്ലെങ്കിൽ നാളെ കണ്ടെത്തും.അതുവരെ ദൈവം. കാരണം നമുക്ക് കുത്തിയിരുന്ന് പരീക്ഷണങ്ങൾ നടത്തി കാര്യങ്ങൾ കണ്ടെത്താനുള്ള കഴിവോ സമയമോ ഇല്ല. പരീക്ഷണം നടത്താൻ പോയിട്ട് മുന്പ് ആളുകൾ നടത്തിയ പരീക്ഷണങ്ങൾ ഒന്ന് വായിച്ചു നോക്കാൻ പോലും പറ്റുന്നില്ല.
  • സമൂഹം ചിന്തിക്കുന്നത് ഇപ്പോഴും ദൈവം ഉണ്ട് എന്ന് തന്നെയാണ്.ശാസ്ത്രം എന്തൊക്കെ പറഞ്ഞാലും അത് സമൂഹത്തിൽ എത്തിയിട്ടില്ല. അങ്ങനെ ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ നമുക്ക് സമൂഹത്തിന്നെതിരെ പോരാടാൻ അല്ലെങ്കിൽ അതിനെ നേർവഴിക്കാക്കാൻ സമയം ഇല്ലാത്തിടത്തോളം കാലം ദൈവം ഉണ്ട്. അല്ലെങ്കിൽ ഇന്ത്യ വിട്ടു വേറെ എവിടെയെങ്കിലും "കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ മതം ചോദിക്കാത്തിടത്ത്" പോയി താമസിക്കണം.
  • സമൂഹം തന്നയാണല്ലോ വീടും വീട്ടുകാരും ഒക്കെ. അണുകുടുംബങ്ങൾ എന്നൊക്കെ പറഞ്ഞാലും വീടുകൾ തമ്മിൽ വളരെയധികം ബന്ധപ്പെട്ടാണ് ഇപ്പോഴും കിടക്കുന്നത്. രക്തബന്ധങ്ങൾ കഴിഞ്ഞാൽ അതിൽ ഒരു പ്രധാനി മതവും. എന്തെങ്കിലും ഒരാവശ്യം വന്നാൽ എമർജൻസി നമ്പർ വിളിച്ചിട്ടോ പൊലീസിനെ വിളിച്ചിട്ടോ ഇന്ത്യയിൽ കാര്യമില്ല. വീട്ടുകാർ / ബന്ധുക്കൾ തന്നെ വേണം.  അതുകൊണ്ട് ഒരു വീട്ടുകാർക്ക് മതം വിട്ടു വേറെ പോകാൻ ബുദ്ധിമുട്ടാണ്. 
  • മതതിന്റെതായ ആഘോഷങ്ങൾ അത് പെരുന്നാൾ ആയാലും പൂരം ആയാലും  ഒരു തൃശൂർക്കാരൻ എന്നാ നിലയിൽ ഒരു ലഹരിയാണ്. കുട്ടിക്കാലം മുതലേ ഉള്ളതാണ്. മതം ഇല്ലാത്ത രാജ്യങ്ങളിലും ആഘോഷങ്ങൾ ഉണ്ടാകുമായിരിക്കാം. അറിയില്ല.  
  • ഇന്ത്യയിൽ ഒരു ഗ്രാമത്തിൽ താമസിക്കുമ്പോൾ വേറെ വഴിയുണ്ടോ?