2010, നവംബർ 30, ചൊവ്വാഴ്ച

ഈശോ മറിയോ യൌസേപ്പെ?

ഇത്തവണയും പതിവ് തെറ്റിയില്ല.അച്ചായന്‍ അമേരിക്കയില്‍ നിന്നും വന്നതുമുതല്‍ കൂട്ടുകാര്‍ ഒഴുകികൊണ്ടിരുന്നു.തലക്കു പിടിച്ചപ്പോഴാണ് അമ്മച്ചി ചൊല്ലുന്ന പ്രാര്‍ത്ഥന അച്ചായന്‍ ശ്രദ്ധിച്ചത്.ചൊല്ലുന്ന പ്രാര്‍ത്തനയില്‍ എന്തോ ഒരു വശപ്പിശകില്ലെ?കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അച്ചായന് കാര്യം പിടികിട്ടി.അപ്പഴേ അമ്മച്ചിയെ വിളിച്ചു ഉപദേശിച്ചു.

അമ്മച്ചിയെ ഈശോ മറിയം യൌസേപ്പെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ എന്നല്ല. ചോല്ലേണ്ടത്.അതില്‍ തെറ്റ് ഉണ്ട്.ദൈവമേ പണി പാളിയോ?മോനാണെങ്കില്‍ 2മാസം മുന്‍പാന് വിശുദ്ധസ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച് വന്നത്.ഇനി മാറ്റിക്കാണുമോ? കുറച്ചു കാലം മുന്‍പാണ് പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍ എന്നുപറഞ്ഞു പുതിയത് കൊന്തയില്‍ ചേര്‍ത്തത്.അതോകൊണ്ട് പ്രാര്‍ത്ഥനകളൊന്നും മാറില്ല എന്നുപറയാന്‍ പറ്റില്ല."കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്‍റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...".അമ്മച്ചി മനസില്‍ പാടിത്തുടങ്ങി.

അതായത് അമ്മച്ചി,ഞാന്‍ അങ്ങ് പോയപ്പോള്‍ കേട്ടതല്ലേ.യേശുവിനെ കുരിശില്‍ തറച്ചതിനുശേഷം ഭയങ്ങര കാറ്റും ,ഭൂമികുലുക്കവും എല്ലാം വന്നല്ലോ.ദേവാലയത്തിന്റെ തിരശീല നെടുകെ കീറിപ്പോയി എന്നെല്ലാം അമ്മച്ചി ബൈബിളില്‍ വായിച്ചിട്ടില്ലെ?അതേഡാ അതേ.നീ കാര്യം പറ.

അന്നേരം അവിടെ നിന്ന ഒരു പടയാളി അരിമത്തിയാക്കാരന്‍ യൌസേപ്പിനോട് ചോദിച്ചതാണമ്മച്ചി "യേശു മറിഞ്ഞു വീഴുമോ യൌസേപ്പെ" എന്ന്.

ഈ തമാശ ഉണ്ടാക്കിയത് ഞാനല്ല.കടല്‍ കടന്ന് വന്നതാണിത്.കുഴപ്പമില്ല എന്ന് കണ്ടപ്പോള്‍ എടുത്തു പൊട്ടിച്ചതാ.നാളെമുതല്‍ ക്രിസ്തുമസ് നോമ്പ് തുടങ്ങുന്നു.ഇനി ഇറച്ചിയും,മീനും,മുട്ടയും ഇല്ലാത്ത എനിക്ക് എന്നെതന്നെ കണ്‍ട്രോള്‍ ചെയ്യാം എന്ന്‍ എനിക്ക് ആത്മവിശ്വാസം തരുന്ന 25 ദിനങ്ങള്‍.

2010, നവംബർ 22, തിങ്കളാഴ്‌ച

പെരുന്നാളിന്‍റന്ന് മഴ - ചില ചിന്തകള്‍

അങ്ങനെ ഇന്നലെ നടന്ന വല്ലക്കുന്ന് പെരുന്നാളില്‍ കട്ടപ്പുക.കട്ടപ്പുക എന്ന് പറയുന്നത് ചുമ്മാതല്ല,മഴയത്തു പടക്കം പൊട്ടിച്ചാല്‍ പുക മുകളിലോട്ട് പോകില്ല പകരം താഴെ തന്നെ നില്‍ക്കും.ആ വഴിക്കൊരു കട്ടപ്പുക.തെറ്റിദ്ധരിക്കരുത്.ചുരുക്കി പറഞ്ഞാല്‍ വെടിക്കെട്ടില്ലാതെ പെരുന്നാള്‍ ഇല്ല എന്ന് വിചാരിക്കുന്നവര്‍ക്ക് എനിക്കടക്കം പെരുന്നാള്‍ കുളമായി.എന്തായിരിക്കാം കാരണം?

അല്‍പം ചരിത്രം

പണ്ട് തൊട്ടേ തൃശ്ശൂര്‍ ആഘോഷങ്ങളുടെ നാടാണ്.തൃശ്ശൂര്‍ പൂരം,കൊടുങ്ങലൂര്‍ ഭരണി,ഗുരുവായൂര്‍ ഏകാദശി,കൊടകര ഷഷ്ടി അങ്ങനെ നീളുന്നു ആഘോഷങ്ങള്‍.പൂരം,ഭരണി,ഏകാദശി,ഷഷ്ടി എന്നിവ തമ്മിലുള്ള വ്യത്യാസം ആരും എന്നോടു ചോദിക്കരുത്.കാരണം ഇതിനൊക്കെ പോവുക എന്നല്ലാതെ കുഴി നമ്മള്‍ എണ്ണാറില്ല.പക്ഷേ പള്ളികളുടെ കാര്യം എടുക്കുകയാണെങ്കില്‍ പേരില്‍ ഒരു കണ്‍ഫ്യൂഷ്യനും ഉണ്ടാകില്ല.എല്ലാ പള്ളികളിലും പെരുന്നാളുണ്ട്.പണ്ട് റോമന്‍ പടയാളി ആയിരുന്ന വിശുദ്ധ സെബസ്ത്യാനോസ് ആണ് ഈ പെരുന്നാളുകളുടെ എല്ലാം രക്ഷാധികാരി..അതുകൊണ്ട് പെരുന്നാള്‍ അറിയപ്പെടുന്നത് വിശുദ്ധ സെബസ്ത്യാനോസിന്‍റെ പെരുന്നാള്‍ എന്നാണ്.രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന പെരുന്നാള്‍ എന്നുപറഞ്ഞാല്‍ മെയിന്‍ കലാപരിപാടികള്‍ താഴെ പറയുന്നവയാണ്.

  1. ബീവറേജസിനു മുന്‍പില്‍ ക്യൂ നില്‍ക്കല്‍ + വാളുവെക്കല്‍
  2. പറക്കുന്നത്,നീന്തുന്നത്,ഓടുന്നത്,ചാടുന്നത് എന്നുവേണ്ട കിട്ടാവുന്ന എന്തിനേയും കറിവച്ചു കഴിക്കല്‍.
  3. കുലയുള്ളതോ അല്ലാത്തതോ ആയ ഒരു വാഴ വെട്ടിയെടുത്ത് വീടിന്‍റെ മുന്‍പില്‍ കുഴിച്ചിട്ട് അതില്‍ കൊടികുത്തല്‍.
  4. പറ്റാവുന്നിടതൊക്കെ തോരണങ്ങള്‍/അരങ്ങ് കെട്ടല്‍.ഇപ്പോള്‍ ട്രെന്‍ഡ് ലേസര്‍ ബല്‍ബിനാണ്.
  5. അമ്പ് പ്രദക്ഷണം പോകുമ്പോള്‍ ബാന്‍ഡ് താളത്തിനൊത്ത് തുള്ളല്‍ + അടിയുണ്ടാക്കല്‍.
  6. രണ്ടാമത്തെ ദിവസമുള്ള പെരുന്നാള്‍ പ്രദക്ഷണത്തില്‍ വരിവരിയായി പോകുന്ന തരുണീമണികളെ ഒന്നുപോലും മിസ്സ് ആകാതെ വായില്‍ നോക്കല്‍.
  7. ലേഡീസ് ആണെങ്കില്‍ വള,മാല തുടങ്ങിയവ പള്ളിപ്പറമ്പില്‍ നിന്നും വാങ്ങിക്കല്‍.
  8. അബദ്ധവശാലോ,നടന്ന്‍ നടന്ന്‍ കാല് കഴക്കുമ്പോഴോ പള്ളിയില്‍ കയറല്‍.

പാവറട്ടി ഔസേപ്പിതാവിന്‍റെ പെരുന്നാള്‍,ഒല്ലൂര്‍ മാലാഖയുടെ പെരുന്നാള്‍,കൊരട്ടിമുത്തിയുടെ പെരുന്നാള്‍,താഴേക്കാട് മുത്തപ്പന്‍റെ പെരുന്നാള്‍,ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാല്‍,കല്ലേറ്റുംകര പെരുന്നാള്‍ തുടങ്ങിയവയാണ് ഞങ്ങളുടെ നാട്ടിലുള്ള പ്രമുഖ പെരുന്നാളുകള്‍. കല്ലേറ്റുംകര പെരുന്നാള്‍ അത്ര വലിയ പെരുന്നാളൊന്നുമല്ല,പിന്നെ ഞങ്ങളുടെ പഴയ ഇടവക ആയതുകൊണ്ട് ചേര്‍ത്തതാണ്.കല്ലേറ്റുംകര പള്ളി മൂന്നോ ,നാലോ കോടി രൂപ മുടക്കി പുതുക്കിപ്പണിയുന്നു എന്ന് കേട്ടപ്പോഴാണ് വെറുതെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള പള്ളി പണിയാന്‍ നമ്മള്‍ എന്തിന് പൈസ ഇറക്കണം, വല്ലക്കുന്നില്‍ ഒരു പള്ളി പണിതാല്‍  പോരെ? എന്ന ആശയം ഉണ്ടായി വന്നതും തല്‍ഫലമായി വല്ലക്കുന്നില്‍ 76 ദിവസം കൊണ്ട് പള്ളി പണിതു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ അല്‍ഫോന്‍സമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച അന്ന് തന്നെ കൂദാശ ചെയ്തതും(12OCT2008).ഞാനൊക്കെ കാശു മാത്രം കൊടുത്ത കൂട്ടത്തില്‍പ്പെട്ടതായിരുന്നു.കുറച്ചുപേര്‍ സ്ഥലം നല്‍കി.കുറെയാളുകള്‍ വളരെയധികം അധ്വാനിച്ചിട്ടുണ്ട് ശരിക്കും നന്ദിയര്‍ഹിക്കുന്നവര്‍...

അതിനുശേഷം 2008 നവംബര്‍ 17ആം തിയ്യതി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് ഇവിടെ പ്രതിഷ്ഠിച്ചു.അവിടന്നങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.ധാരാളം അത്ഭുതങ്ങള്‍ സംഭവിക്കുന്നു.എനിക്കും ഉണ്ടായി ഒരനുഭവം.എന്താണെന്ന് ആരും ചോദിക്കരുത്. അത്ഭുതം സംഭവിച്ചാല്‍ പിന്നെ അവിടെ എങ്ങനെയായിരിക്കും എന്ന് പറയേണ്ട കാര്യമില്ലല്ലോ?വല്ലക്കുന്ന് ഒരു കൊച്ചു തീര്‍ത്ഥാടകകേന്ദ്രമായി മാറാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

ആലായാല്‍ തറവേണം അടുത്തോരമ്പലം വേണം എന്നാണല്ലോ.പള്ളിയായാല്‍ അച്ചനില്ലെങ്കിലും ഒരു പെരുന്നാള്‍ വേണം.അങ്ങനെയാണ് തിരുശേഷിപ്പ് കൊണ്ട് വന്ന നവംബര്‍ 17നു ശേഷം വരുന്ന ശനിയും ഞായരും വല്ലക്കുന്ന് പെരുന്നാള്‍ തീരുമാനിക്കപ്പെട്ടത്.ആദ്യ പെരുന്നാള്‍ കഴിഞ്ഞകൊല്ലമായിരുന്നു..അലങ്കാരങ്ങളും ആര്‍ഭാടങ്ങളും ഒന്നും മോശമല്ലായിരുന്നു.അതുപോലെതന്നെ മോശമല്ലാത്ത മഴയുമുണ്ടായിരുന്നു.പക്ഷേ വെടിക്കെട്ടിന് കുറച്ചു മുമ്പ് മഴ തീര്‍ന്നു.വെടിക്കെട്ട് പൊട്ടിച്ചു.പിള്ളേരെ വിറ്റും പെരുന്നാള്‍ ഘോഷിക്കണം എന്നുള്ളവരായതുകൊണ്ട് എല്ലാവരും ഹാപ്പി.പക്ഷേ ഇക്കൊല്ലം മഴ ജയിച്ചു.അതായത് വികാരിയച്ചന്‍ ഔദ്യോഗികമായി പെരുന്നാള്‍ ദിവസമായ ഇന്നലെ വെടിക്കെട്ട് ഇല്ല എന്നറിയിച്ചു.

എന്തുകൊണ്ട് മഴ

എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? 30 ഇഡ്ഡലി കഴിച്ചാല്‍ പിന്നെ 10മിനിറ്റ് നേരം വിശക്കാത്തത് എന്തുകൊണ്ട്? എന്നൊക്കെ ഇരിങ്ങാലക്കുട ബസ് സ്റ്റാഡില്‍ 10 രൂപയുടെ ബുക്ക് വില്‍ക്കുന്നവന് ചോദിക്കാം.പക്ഷേ വല്ലക്കുന്ന്  പെരുന്നാളിന് എന്തുകൊണ്ട് മഴ പെയ്തു എന്ന് ചോദിച്ചാല്‍ ബുദ്ധിമുട്ടാകും.കഴിഞ്ഞ കൊല്ലം ഇരിങ്ങാലക്കുട പെരുന്നാളിനും മഴ പെയ്തിരുന്നു.പക്ഷേ ഓരോരുത്തര്‍ പറയുന്ന കാരണങ്ങള്‍ കേട്ടാല്‍ രസകരമാണ്.

പണ്ട് ശിലോഹ ഗോപുരം ഇടിഞ്ഞു വീണപ്പോള്‍ കര്‍ത്താവ് പറഞ്ഞത് അത് അവരുടെ കുറ്റം കൊണ്ടല്ല, ദൈവത്തിന്‍റെ ഹിതമാണ് എന്നാണ്.അതുകൊണ്ട് കാരണം തേടേണ്ട കാര്യമില്ല.എന്നാലും ചുമ്മാ ഒരു രസം.അതുകൊണ്ട് ഇത് ആരും സീരിയസ് ആക്കി എടുത്ത് തല്ലാനും കൊല്ലനും ഒന്നും വന്നേക്കരുത്.അതുപോലെ ജനല്‍ചില്ലിനോക്കേ ഇപ്പോള്‍ നല്ല വിലയാണ്.അപ്പോള്‍ തുടങ്ങുകയാണ്.

  1. വിശുദ്ധ അല്‍ഫോന്‍സമ്മ ലളിതമായ ജീവിതം നയിച്ചിരുന്ന ഒരു ആളാണ്.പുള്ളിക്കാരിക്ക് ഇത്ര ആര്‍ഭാടം വേണ്ട എന്ന് തോന്നിക്കാണും.
  2. പെരുന്നാളിന്‍റെ ഡേറ്റ് ഇഷ്ടപ്പെട്ടുകാണില്ല.കഴിഞ്ഞ തവണ ഒരു ചെറിയ മഴ കാണിച്ച് നോക്കി.പക്ഷേ ആളുകള്‍ക്ക് മനസിലായില്ല.അതുകൊണ്ട് ഇത്തവണ നല്ല മഴ പെയ്യിച്ചു.
  3. 25 വെള്ളി/പൊന്‍ കുരിശുകളും ,150 മുത്തുക്കുടകളും ഒരു പെരുന്നാള്‍ പ്രദക്ഷിണത്തിന്!!!അഹങ്കാരമല്ലേ?അതിന് തന്ന ശിക്ഷയാണോ?
  4. 3 ലക്ഷത്തിന് ആകാശത്തു വര്‍ണക്കാഴ്ച ഉണ്ടാക്കേണ്ട കാര്യമുണ്ടോ?അഫോന്‍സാമ്മയ്ക്ക് അതിഷ്ടപ്പെട്ട് കാണില്ലേ?
  5. പെരുന്നാള്‍ പ്രമാണിച്ച് അന്നദാനമോ,അതോപോലെ ഏതെങ്കിലും വിധത്തില്‍ പാവങ്ങളെ സഹായിക്കുന്ന പരിപാടിയോ എന്‍റെ അറിവിലില്ല.ഇനി അതോകൊണ്ടാണോ?
  6. കത്തോലിക്കാ സഭയില്‍ മരിച്ചവരുടെ മാസമായ നവംബറില്‍ മരിച്ചവരെ ഓര്‍ത്ത് വിലപിക്കുന്നതിന് പകരം പെരുന്നാള്‍ ഘോഷിക്കുന്നത് ആത്മാക്കള്‍ക്ക് ഇഷ്ടമായില്ലേ?
  7. കാരണം എന്തുതന്നെ ആയാലും കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു.ഇനി കാലാവസ്ഥയാണോ വില്ലന്‍? അതോ കാലാവസ്ഥ മാറ്റിക്കൊണ്ടിരിക്കുന്ന നമ്മളോ?
  8. പെരുന്നാള്‍ പ്രദക്ഷണത്തിന് കുട പിടിക്കാന്‍ എന്‍റെ പേരും ഉണ്ടായിരുന്നു.പക്ഷേ ഞാന്‍ അതിവിദഗ്ദമായി മുങ്ങി.ഇനി അതുകൊണ്ടായിരിക്കുമോ?

പ്രതിവിധികള്‍

ഒരുകൊല്ലം മഴപെയ്തു എന്ന് വിചാരിച്ചു പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യേണ്ട കാര്യമുണ്ട് എന്ന്‍ തോന്നുന്നില്ല.എന്നാലും ചിലത്.പെരുന്നാള്‍ വേണമെങ്കില്‍ നല്ല ചൂടുള്ള ഏപ്രില്‍,മേയ് മാസങ്ങളിലേക്ക് മാറ്റാം.പക്ഷേ ഉറപ്പില്ല.ഒരിക്കല്‍ മേയ് 2,3 തിയ്യതികളിലുള്ള താഴേക്കാട് പെരുന്നാളിന് മഴ പെയ്തിരുന്നു.പിന്നെയുള്ളത് ഭൂരിഭാഗം പള്ളികളിലും ഉള്ളതുപോലെ ജനുവരിയില്‍.എന്നാലും റിസ്ക് ആണ്.അല്ലെങ്കില്‍ ലളിതമായി പെരുന്നാള്‍ ആഘോഷിക്കാം.അല്‍ഫോന്‍സമ്മ മഴയില്ലാതിരിക്കാന്‍ സഹായിക്കും.അതുപോലെ നമ്മള്‍ പെരുന്നാളിന് ചിലവാക്കുന്ന പൈസയില്‍ നിന്നും കുറച്ചു മാറ്റി വച്ച് അന്നദാനമോ മറ്റൊ നടത്താം.

ഇനിയുള്ളത് കട്ടക്ക് കട്ട നില്‍ക്കുന്ന ഐഡിയകള്‍ ആണ്.വലിയ PVC പൈപ്പിന്‍റെ കവര്‍ എടുത്ത് അതിനുള്ളില്‍ പടക്കത്തിന്‍റെ മാല വച്ച് പൊട്ടിക്കുക.പൊട്ടിതുടങ്ങിയാല്‍ പിന്നെ ചാറ്റല്‍ മഴയൊന്നും ഒരു പ്രശ്നമാവില്ല.ഇനി വലിയ മഴയാണെങ്കില്‍ വല്ലക്കുന്ന് മൊത്തം അങ്ങ് പന്തല്‍ ഇടുക. അതിനടിയില്‍ പൊട്ടിക്കുക ഡിങ്കി ഡിങ്കാ...അടുത്ത ഐഡിയ വെള്ളത്തിനടിയില്‍ വെല്‍ഡിങ് ചെയ്യുന്നപോലെ വെള്ളത്തിലും പൊട്ടുന്ന പടക്കങ്ങള്‍ ഉണ്ടാക്കി വാങ്ങിക്കുക.ഇതും പറ്റിയില്ലെങ്കില്‍ 18ആമത്തെ അടവ് .ചൈനക്കാര്‍ ഏഷ്യന്‍ ഗെയിംസിന് ചെയ്തതുപോലെ സയന്‍റിഫിക്കായി മഴയെ ചെറുക്കുക.18 അടവുകളും കഴിഞ്ഞ സ്ഥിതിക്ക് ഒരു 19ആം അടവ്.ആവശ്യം ഉണ്ടെങ്കില്‍ മാത്രം പ്രയോഗിക്കുക.പെരുന്നാള്‍ പ്രദക്ഷണത്തിന് എന്നെക്കൊണ്ട് ഒരു മുത്തുകുടക്ക് പകരം കര്‍ത്താവ് ചുമന്നതുപോലെ ഒരു വലിയ കുരിശ് ചുമപ്പിക്കുക.പറയാന്‍ പറ്റില്ല എങ്ങാനും മഴ നിന്നാലോ?

ഈ എഴുതിയത് എഴുതിയ സെന്‍സില്‍ തന്നെ എടുക്കും എന്ന വിശ്വാസത്തോടെ...

2010, നവംബർ 10, ബുധനാഴ്‌ച

ജനറേഷന്‍ ഗ്യാപ്പ്

പുതിയ വല്ലക്കുന്ന് പള്ളി പണിതിട്ട് ഏകദേശം രണ്ട് കൊല്ലം ആയിരിക്കുന്നു.കഴിഞ്ഞ കൊല്ലമായിരുന്നു ആദ്യത്തെ പെരുന്നാള്‍.ആ പള്ളിപ്പെരുന്നാളിന്‍റെ അമ്പുപ്രദക്ഷണത്തിനിടയില്‍‍ 6ആം ക്ലാസില്‍ പഠിക്കുന്ന കസിന്‍റെ മോന്‍റെ വക ഒരു ചോദ്യം.

എന്തോരം വഴിയാ ഈ രൂപക്കൂടും പിടിച്ചു നടക്കണ്ടേ?നമ്മളും കൂടെ നടക്കണം.

ആകെ അര കിലോമീറ്റര്‍ പോലും ഇല്ല...എന്നാലും അവന്നൊന്നും വയ്യ.അവനെ ഒന്ന് ഉപദേശിച്ചേക്കാം എന്ന് കരുതി ഞാന്‍ പറഞ്ഞു.

എടാ എന്‍റെ ഒക്കെ ചെറുപ്പകാലത്ത് കല്ലേറ്റുംകര പള്ളി ആയിരുന്നു ഇടവക.അങ്ങോട്ട് ഞാനൊക്കെ രണ്ടര കിലോമീറ്റര്‍ ആണ് അമ്പ്പ്രദക്ഷിണത്തിന്‍റെ കൂടെ നടന്നിട്ടുള്ളത്.അതുപോലെ വേദോപദേശം പഠിക്കാന്‍ എല്ലാ ഞായറാഴ്ചയും.

ഇതുകേട്ട് അപ്പന്‍ അടുത്ത് നിന്നത് ഞാന്‍ കണ്ടില്ല.അങ്ങേര് തുടങ്ങി.എന്‍റെ ചെറുപ്പകാലത്ത് മുരിയാട് നിന്നുപോലും അമ്പ് പ്രദക്ഷിണങ്ങള്‍ കല്ലേറ്റുംകരയിലേക്ക് വന്നിരുന്നു,ആറെഴു കിലോമീറ്ററുകള്‍ നടന്ന്‍.

ഓഹോ...അപ്പോള്‍ രണ്ട് കിലോമീറ്റര്‍ നടന്ന ഞാനാരായി?അപ്പാപ്പന്‍ ഇല്ലാതെ പോയത് അപ്പന്‍റെ ഭാഗ്യം. അല്ലെങ്കില്‍ ഒരു 10-15 കിലോമീറ്റര്‍ പറഞ്ഞേനെ.മിക്കവാറും അടുത്ത തലമുറക്ക് ലിഫ്റ്റ് വേണ്ടി വരും പള്ളിയില്‍ പോകാന്‍.30-40 നിലകളുള്ള ഫ്ലാറ്റില്‍ ,ഒരു നിലയില്‍ പള്ളി.അല്ലേ?

അപ്പോള്‍ പറഞ്ഞു വന്നത്...അടുത്ത പെരുന്നാള്‍ ഇനി വരുന്ന 20-21 തിയ്യതികളില്‍ ആഘോഷിക്കുന്നു.എല്ലാവര്‍ക്കും സ്വാഗതം...