2020, സെപ്റ്റംബർ 16, ബുധനാഴ്‌ച

എട്ടാം വിവാഹവാർഷികം

വീണ്ടും ഒരു വിവാഹവാർഷികം. ഇത്തവണ എട്ടാമത്തേത്. കോവിഡിനിടയിൽ സമ്പൽസമൃദ്ധമായ ഒരു കൊല്ലം കടന്നു പോയി എന്ന് പറയുന്നതിൽ അർത്ഥമില്ലല്ല. ജോലിപോകാത്തതിന് വേണേൽ സമ്പൽ എന്നു പറയയാം. പക്ഷെ സമൃദ്ധി എന്ന് ഉപയോഗിക്കാൻ പറ്റില്ല.ഏറെക്കുറെ റേഷൻ പോലെയാണ് സാധനങ്ങൾ ഉപയോഗിച്ചത്. 2019 അവസാനം തുടങ്ങിയ ഈ പകർച്ചവ്യാധിക്ക് കൊറോണ, nCov2019, കോവിഡ്-19 എന്നൊക്കെ പേരുകൾ ഉണ്ട്. ഇൻറർനെറ്റിൽ ഹാഷ്ടാഗ് കൂടുമ്പോൾ പേര് മാറ്റുന്നതാണ് എന്നാണ് എനിക്ക് തോന്നിയത്. ഈ പോസ്റ്റിൽ കൂടുതലും കോവിഡ് എന്നാണ് ഉപയോഗിക്കുന്നത്. എന്തായാലും ഞങ്ങൾ അസുഖം വന്നു ബുദ്ധിമുട്ടിയിട്ടില്ല എങ്കിലും അസൗകര്യങ്ങൾ എല്ലാവരെയും പോലെ ഞങ്ങൾക്കും ഉണ്ടായി. ഇതുവരെ വന്നിട്ടിട്ടില്ല, ഇനി വന്നുകൂടായ്കയില്ല, ഞങ്ങളെ മാത്രം ബാധിക്കാതിരിക്കാൻ വൈറസ് അമ്മായിയുടെ മോനൊന്നും അല്ലല്ലോ.

ധന്യയുടെ ചില മാരകതീരുമാനങ്ങൾ ആണോ ഞങ്ങളെ കോവിഡിൽ നിന്നും രക്ഷിച്ചത് എന്ന് ചിലപ്പോൾ തോന്നും ഉദാഹരണമായി വീട്ടിൽ തന്നെയുള്ള പരമ്പരാഗത രീതിയിലുള്ള തുണിയലക്കൽ, മോഡേൺ ആയിട്ടുള്ള ഓൺലൈൻ ഓർഡർ ചെയ്തു പലചരക്ക് സാധനങ്ങൾ വാങ്ങൽ, ബർത്ത് ഡേയ്ക്ക് സ്വന്തമായി കേക്ക് ഉണ്ടാക്കൽ അങ്ങനെ പലതും. ഇവിടെ ഞങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റുകളിൽ വാഷിംഗ് മെഷിങ് ഇല്ല. പൊതുവായി ഒരു സ്ഥലത്തു വച്ചിരിക്കുന്ന, ആർക്ക് വേണമെങ്കിലും പൈസ കൊടുത്തു ഉപയോഗിക്കാവുന്ന മെഷിനുകൾ ആണ് ഉള്ളത്. ഈ രണ്ടു കാര്യങ്ങളിലും എനിക്ക് എതിരഭിപ്രായം ഉണ്ടായിരുന്നു എങ്കിലും സംവാദങ്ങളിലൂടെ പരിഹരിക്കാൻ സാധിച്ചു എന്നതാണ് കാര്യം. ഈ 'സംവാദം' എന്നത് ഒരു ഗുമ്മിനു പറഞ്ഞതാണ്, സംഗതി ഏറെക്കുറെ നാടൻ രീതിയിൽ തന്നെയായിരുന്നു. കേൾക്കുമ്പോൾ തോന്നും ഇങ്ങനെയൊക്കെ മുൻകരുതൽ എടുത്ത ഞങ്ങൾക്ക് മാത്രം വന്നില്ല, ബാക്കി എല്ലാവർക്കും വന്നെന്ന്. അങ്ങനെയൊന്നും ഇല്ല. ഈ കാലമത്രയും കറങ്ങി നടന്നു, ഇതുവരെ  രോഗം  വരാത്തവരും ഉണ്ട്.

ഇക്കൊല്ലം നാട്ടിലേക്ക് പോകണം എന്ന് വിചാരിച്ചതാണ്, പക്ഷെ കോവിഡ് എല്ലാം മാറ്റി മറിച്ചു. ഇനി അടുത്ത കൊല്ലം സ്കൂൾ വെക്കേഷന് നോക്കണം. ചില സിനിമകളിൽ കാണുന്നപോലെ നല്ലകാലത്തു നമുക്ക് നമ്മുടെ സുഹൃത്തുക്കളെ മനസിലാക്കാൻ പറ്റില്ല. അതിനൊരു കഷ്ടകാലം വരണം. അതുപോലെ തന്നെയാണ് പങ്കാളിയും. അങ്ങനെ നോക്കുമ്പോൾ കോവിഡ് നല്ലതിന് ആയിരുന്നു.

ഈ പങ്കാളി എന്ന് പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർമ്മ വന്നത്. ശരിക്കും ഈ ഭാര്യ എന്ന വാക്കിനേക്കാളും നല്ലത് ലൈഫ് പാർട്ണർ അഥവാ ജീവിതപങ്കാളി എന്ന പദമാണ് എന്ന് തോന്നുന്നു. ഉദാഹരണമായി കാലത്തു പത്തു മണിയായിട്ടും എഴുന്നേറ്റിട്ടില്ല എങ്കിൽ ഭാര്യയാണ് ഈ കിടക്കുന്നത്  എന്നു വിചാരിച്ചാൽ ഒരു ചവിട്ട് വെച്ച് കൊടുക്കാൻ തോന്നും. പക്ഷെ പങ്കാളി എന്ന് വിചാരിച്ചാൽ, ഓ പോട്ടെ പാവം ക്ഷീണിച്ചു കിടക്കുകയാണ് എന്നേ വിചാരിക്കൂ. അതുപോലെ തന്നെ സമയത്തു ഭക്ഷണം ആയിട്ടില്ല എങ്കിലും ചായ കിട്ടുന്നില്ല എങ്കിലും, വീട് അടിച്ചു വരാതെ കിടക്കുകയാണെങ്കിലും ഭാര്യ എന്ന് വിചാരിക്കുന്നതിലും നല്ലത് പങ്കാളി എന്ന് വിചാരിക്കുന്നതാണ്. പങ്കാളി എന്ന് പറയുമ്പോൾ അവർക്ക് ഒരു വ്യക്തിത്വം ഉണ്ട് എന്ന് നമുക്ക് തോന്നും. പക്ഷെ ഭാര്യ എന്ന് പറയുമ്പോൾ, നമ്മുടെയും മക്കളുടെയും കാര്യങ്ങൾ നോക്കാനുള്ള ഒരടിമ എന്നാണ് തോന്നുക. ഇതത്ര എളുപ്പമുള്ള കാര്യമല്ല. ഈ ഭാര്യയെ ജീവിത പങ്കാളിയായി കാണുക എന്ന് പറയുന്നത് മൊത്തത്തിലുള്ള സാമൂഹ്യസാഹചര്യത്തിൽ ഇല്ലാത്തതായതുകൊണ്ടും, ചെറുപ്പം മുതലേ കണ്ടു വരാത്തതുകൊണ്ടും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 

ജോഹനും ജെറിനും മിടുക്കരായി പോകുന്നു. കോവിഡ് ആയതുകൊണ്ട് വീട്ടിലിരുന്നുള്ള പഠിപ്പ് ധന്യക്ക് നല്ല പണിയാണ്. കണ്ണടച്ച് തുറക്കുന്നത് പോലെയാണ് ഈ പിള്ളേരുടെ കാര്യം. അപ്പൻ എന്നോട് പറഞ്ഞത് ഓർമയുണ്ട്. പുള്ളിക്ക് എന്നെ സ്കൂളിൽ ചേർത്തതും, കോളേജിൽ ചേർത്തതും, ജോലി അന്വേഷിക്കാൻ ചെന്നെയിൽ കൊണ്ടാക്കിയതും മാത്രമേ ഓർമ്മയൊള്ളോ. കാലം എങ്ങിനെ പോകുന്നു എന്ന് ഒരു പിടിയും കിട്ടുന്നില്ല. ജോഹാനെ ആദ്യം പ്രീ സ്കൂളിൽ വിട്ടത് ഓർമ്മയുണ്ട്. ഇപ്പൊ ഡേ ഒന്നാം ക്ലാസിലായി. ഇനി കോളേജിൽ ചേർക്കുന്നത് ആയിരിക്കും അടുത്ത സ്റ്റോപ്പ്. പിന്നെ പിന്നെ എന്ന് വച്ചിരിക്കുന്ന കാര്യങ്ങൾ ഓരോന്നായി ചെയ്തു തുടങ്ങണം. അല്ലെങ്കിൽ പിന്നെ എപ്പോൾ ചെയ്യാനാണ്? കാര്യങ്ങൾ എന്നത്, കുറെ യാത്രകൾ, ബുക്കുകൾ, കമ്പ്യൂട്ടർ പ്രോഗ്രാമുകൾ അങ്ങനെ പലതും.

ഇപ്പോൾ കോവിഡ് ഏറെക്കുറെ കഴിഞ്ഞത് കൊണ്ട്, ഇത്തവണ കേക്ക് കടയിൽ നിന്നും വാങ്ങിക്കാൻ ആണ് തീരുമാനം. ആഘോഷങ്ങൾ വളരെ സിമ്പിൾ, കേക്ക് മുറിക്കുന്നു, കടയിൽ നിന്നും വാങ്ങിയ ഫുഡ് കഴിക്കുന്നു.

അങ്ങനെ വലിയ തട്ടുകേടില്ലാതെ ഒരുകൊല്ലം കടന്നു പോകാൻ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടും, വീണ്ടും സഹകരണം അഭ്യർത്ഥിച്ചുകൊണ്ടും നിറുത്തുന്നു.

2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

അദ്ധ്യാപകന്‍ v/s അധ്യാപകൻ

കാണുമ്പൊൾ സംഗതി പറയുന്നപോലെ എഴുതുന്ന ഭാഷയാണ് മലയാളം. പക്ഷെ മലയാളത്തിലെ ചില വാക്കുകളുടെ  സ്പെല്ലിങ് എന്നും ഒരു കീറാമുട്ടിയാണ്. ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ ആക്കുകയാണെങ്കിൽ പറയുകയും വേണ്ട. Sachin Tendulkar മാതൃഭൂമിയും മനോരമയും തന്നെ വേറെ വേറെ രീതികളിൽ ആണ് എഴുതുക.

വിക്കിപീഡിയ - സച്ചിൻ തെൻഡുൽക്കർ
ഏഷ്യാനെറ്റ് - സച്ചിൻ ടെണ്ടുൽക്കർ 

അങ്ങനെ ഇരിക്കുമ്പോൾ ആണ് അത്ര വലിയ ബുദ്ധിമുട്ടില്ല എന്ന് കരുതിയ ഒരു വാക്ക് കേറി വന്നത്.Teacher എന്ന ഇംഗ്ലീഷ് വാക്ക് ഗുരു എന്ന് സിമ്പിൾ ആയി മൊഴിമാറ്റം നടത്തം എങ്കിലും നമ്മൾ സാധാരണ ഉപയോഗിക്കുന്നത് അദ്ധ്യാപകൻ എന്നാണ്. അദ്ധ്യായങ്ങൾ അദ്ധ്യയനം നടത്തുന്ന ആൾ അദ്ധ്യാപകൻ. എന്നാൽ ചിലർക്ക് അധ്യായങ്ങൾ അധ്യയനം നടത്തുന്ന ആൾ ആണ് അധ്യാപകൻ. ഇടയ്ക്ക് മലയാളം തലക്ക് പിടിക്കുമ്പോൾ ഇങ്ങനെ ഒന്നിന് പുറകെ പോകുന്ന സ്വഭാവമുണ്ട്. ഇപ്പൊ ശരിയാക്കിക്കൊടുക്കാം എന്ന് വിചാരിക്കും. പക്ഷെ എട്ടിന്റെ പണികിട്ടും. അങ്ങനത്തെ ഒരു വാക്കാണ്. ഇങ്ങനെ സംശയങ്ങൾ വരുമ്പോൾ പെട്ടെന്ന് എടുത്തു നോക്കുന്ന ഒന്നാണ് വിക്കിപീഡിയ. പക്ഷെ