2021, ഓഗസ്റ്റ് 29, ഞായറാഴ്‌ച

സ്വതന്ത്രചിന്തകനുമായി ഒരു സെൽഫി ഇന്റർവ്യൂ - പ്രഖ്യാപനം

ഈ സ്വയം ഇന്റർവ്യൂ ചെയ്യുന്നത് ഒരു മാതിരി ജാഡ പരിപാടി അല്ലെ?

ഈ സെൽഫി സെൽഫി എന്ന് കേട്ടിട്ടുണ്ടോ? അത് ഏറെക്കുറെ 2014 ഇൽ മോഡി അല്ലെ ഫേമസ് ആക്കിയത്? അതിനു മുൻപേ ഞാൻ സെൽഫി എടുത്തിട്ടുണ്ട്. ഒരിക്കൽ ബിസിനസ് വിസയിൽ അമേരിക്കയിൽ വന്നപ്പോൾ. അന്ന് വേറെ ആൾ എൻ്റെ ഫോട്ടോ എടുക്കാൻ അടുത്തൊന്നും ഇല്ലാത്തതുകൊണ്ട് ഞാൻ തന്നെ എടുത്തു. അതുപോലെ ഇപ്പോൾ വേറെ ആരും ഇല്ലാത്തതുകൊണ്ടും ഞാൻ അത്രക്ക് ഫേമസ് ആയ വ്യക്തി അല്ലാത്തതുകൊണ്ടും, ഞാൻ തന്നെ എൻ്റെ ഇന്റർവ്യൂ എടുക്കുന്നു. ജാഡയെന്നോ, അല്പത്തരം എന്നോ ആളുകൾക്ക് പറയാം. അവര് പറയട്ടെ. പിന്നെ ലോകത്തു ആദ്യമായി ഞാൻ അല്ല ഇത് ചെയ്യുന്നത്. ചുമ്മാ ഗൂഗിൾ ചെയ്ത നോക്കിയാൽ മതി.

അതുപോലെ ഭാവിയിൽ മക്കൾ ഇത് വായിക്കുമ്പോൾ അവർക്ക് ഒരു രസമായിരിക്കാം. മലയാളത്തിൽ ആണെങ്കിലും അവർ വായിച്ചു എടുത്തോളും. 

ഇപ്പോൾ ആയി എന്ന് പറയുന്ന  സ്വതന്ത്രചിന്തകൻ/ ഫ്രീതിങ്കേർ എന്ന് വെച്ചാൽ എന്താണ് എന്ന് ഒന്ന് വ്യക്തമാക്കാമോ?

ഒരു പുസ്തകം അടിസ്ഥാനപ്പെടുത്തി ഉള്ള ആശയം അല്ലാത്തത് കൊണ്ട് ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടുകൾ കാണും.  പിന്നെ നമ്മുടെ കാഴ്ചപ്പാടുകൾ കാലങ്ങൾക്ക് ദേശങ്ങൾക്ക് അനുസരിച്ചു തിരുത്തപ്പെടേണ്ട ഒന്നാണല്ലോ. എൻ്റെ അഭിപ്രായത്തിൽ സ്വതന്ത്രചിന്ത എന്ന് പറയുന്നത് ഓരോ വ്യക്തിയും സ്വതന്ത്രമായി അനവവന് ലഭ്യമാകുന്ന വിഭവങ്ങൾ ഉപയോഗിച്ച് ബാഹ്യ ശക്തികളുടെസ്വാധീനം ഇല്ലാതെ ചിന്തിക്കുന്ന അതിനു അനുസരിച്ചു അവരുടെ കാഴ്ചപ്പാടുകൾ രൂപീകരിച്ചു ജീവിക്കുന്ന ഒരു അവസ്ഥയാണ്. അതിൽ ഇനി പറയുന്ന വഴിയിൽ വന്ന അറിവുകൾ തെളിവ് ഇല്ലെങ്കിൽ എടുക്കില്ല.

  • Authority അല്ലെങ്കിൽ അധികാരത്തിൽ ഇരിക്കുന്ന ആൾ പറയുന്നു എന്ന് പറഞ്ഞു വരുന്ന അറിവുകൾ.
  • Tradition അല്ലെങ്കിൽ പാരമ്പര്യം എന്ന് മാത്രം പറഞ്ഞു വരുന്നത് 
  • Revelation അല്ലെങ്കിൽ വെളിപാട് എന്നും പറഞ്ഞു വരുന്നത്.
  • Dogma അല്ലെങ്കിൽ സിദ്ധാന്തം എന്ന് പറഞ്ഞു വരുന്നതുമായ അറിവുകൾ.

ഈ വഴികളിലൂടെ വന്നു എന്നത് പ്രശ്നം അല്ല, തെളിവുകൾ ആണ് പ്രധാനം. അപ്പോൾ ചോദിക്കും എങ്ങിനെ തെളിയിക്കും? എന്താണ് മാർഗം? എൻ്റെ ഇന്നത്തെ അറിവിൽ, വസ്തുതകൾ തെളിയിക്കാൻ ഇന്ന് നിലവിലുള്ള ഏറ്റവും നല്ല മാർഗം സയൻസ് ആണ്. സയൻസ് എന്ന് ഉദ്ദേശിക്കുന്നത് മലയാളത്തിലെ ആചാര്യന്മാർ ശാസിക്കപ്പെട്ടത് എന്ന അർത്ഥം വരുന്ന ശാസ്ത്രം അല്ല. അവിടെ ഗൗളിശാസ്ത്രവും, വാസ്തുവും, ജോൽസ്യവും, പക്ഷിശാസ്ത്രവും  ഒക്കെ ഉണ്ട്. Observation, Hypothesis, Testing ഒക്കെ ഉൾപ്പെടുന്ന Scientific method ഉപയോഗിച്ച്  വസ്തുതകൾ തെളിയിക്കുന്ന/കണ്ടെത്തുന്ന ഒരു രീതി ആണ് ഞാൻ സയൻസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനു മലയാളത്തിൽ ചേരുന്ന പദം ഇല്ലാത്തതുകൊണ്ട് സയൻസ് എന്ന് തന്നെ ഉപയോഗിക്കാം. മേശ എന്നൊക്കെ ഉള്ള വാക്കുകൾ വേറെ ഭാഷകളിൽ നിന്നും വന്നപോലെ സയൻസ് എന്ന വാക്ക് ഞാൻ മലയാളത്തിൽ ഉപയോഗിക്കുന്നു.  നാളെ ഇപ്പറഞ്ഞ Scientific method എന്ന രീതിയെക്കാൾ നല്ല രീതി വസ്തുതകൾ തെളിയിക്കാൻ വന്നാൽ അത് എടുക്കും.

ഇങ്ങനെയുള്ള ഒരു സയൻസ് ഫിൽറ്റർ വെച്ച് കാര്യങ്ങൾ നോക്കുമ്പോൾ കുറെഎണ്ണം നമുക്ക് തള്ളേണ്ടി വരുന്നു. അതിൽ മുകളിൽ പറഞ്ഞ നാലു വഴികളിൽ വന്ന ഭൂരിഭാഗം അറിവുകളും, മുൻപേ പറഞ്ഞ ശാസ്ത്രങ്ങളും കൂടെ ദൈവങ്ങളും,  മതങ്ങളും തള്ളി പോകുന്നു.

അപ്പോൾ ഒരാൾ സ്വതന്ത്ര ചിന്തകൻ എന്നും പറഞ്ഞു  സ്വയം ചിന്തിച്ചു എന്തും ചെയ്യാം എന്നാണോ?

ഒരിക്കലും അല്ല. ആ വ്യക്തി ഒരു സമൂഹത്തിൽ ആണ് ജീവിക്കുന്നത് അവിടത്തെ നിയമങ്ങൾ അനുസരിക്കുക. ഇപ്പോൾ നമ്മുടെ സമൂഹം എന്നത് പഴയപോലെ ചെറിയ ഗോത്രം അല്ല. പഞ്ചായത്ത്, സംസ്ഥാനം, രാജ്യം അങ്ങനെ ഓരോ യൂണിറ്റും ഉണ്ടാക്കി വച്ചിരിക്കുന്ന നിയമങ്ങൾ അനുസരിക്കുക. നമ്മുടെ സ്വതന്ത്ര ചിന്തയിൽ ഇപ്പോഴത്തെ നിയമങ്ങൾ ശരിയല്ല എന്ന് തോന്നിയാൽ ആ നിയമങ്ങൾ മാറ്റാൻ ഉള്ള പ്രവർത്തനങ്ങൾ നടത്തുക. ഹിംസാപരമായ വിപ്ലവം നടത്തി നേരം ഇരുട്ടി വെളുക്കുമ്പോൾ നിയമം മാറ്റണം എന്നല്ല. നിയമം മാറ്റാൻ എന്താണോ വഴി ആ വഴിയിൽ പോകുക. ഇന്ത്യയിൽ ആണെങ്കിൽ കോടതി, നിയമനിർമാണ സഭകൾ ഒക്കെ ഉണ്ടല്ലോ, അത് വഴി മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുക. 

ഇനി ദൈവം ,വിശ്വാസം എന്നിവയിലേക്ക് വരാം. ഒരു വിശ്വാസവും ഇല്ലേ?

ഒന്നിലും വിശ്വസിക്കാതെ മനുഷ്യൻ ആയി സമൂഹത്തിൽ ജീവിക്കാൻ പറ്റില്ല. കറൻസിക്ക് വിലയുണ്ട് എന്ന് സമൂഹവും കൂടെ നമ്മളും വിശ്വസിക്കുന്നു. നമ്മൾ തിരിഞ്ഞെടുത്തവർ ഉണ്ടാക്കിയ നിയമം എല്ലാവരും അംഗീകരിക്കുന്നു എന്നും, അത് ആരെങ്കിലും തെറ്റിച്ചാൽ കോടതിയിൽ പോയാൽ കോടതി നീതി നടത്തി തരും എന്നും നമ്മൾ വിശ്വസിക്കുന്നു. ഒരു ഡോക്ടർ നമ്മളെ ചികില്സിക്കുമ്പോൾ, സയൻസ് നമുക്ക് തന്ന ഏറ്റവും പുതിയ അറിവ് ഉപയോഗിക്കുമെന്നും, മയക്കി കിടത്തി ഓപ്പറേഷൻ ചെയ്യുമ്പോൾ നമ്മുടെ കിഡ്‌നി അടിച്ചു മാറ്റില്ല എന്നും വിശ്വസിക്കുന്നു. ഇനി എങ്ങാനും കിഡ്‌നി അടിച്ചു മാറ്റിയിട്ടുണ്ട് എന്ന് സംശയം തോന്നിയാൽ അത് സയൻസ് ഉപയോഗിച്ച് തന്നെ തെളിയിച്ചു കോടതിയിൽ നിന്നും നമുക്ക് നീതി കിട്ടുമെന്നും വിശ്വസിക്കുന്നു. അതുപോലെ സർക്കാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത ഒരു കമ്പനി ഉണ്ടെന്നും അതിനു വേണ്ടി പ്രയത്നിച്ചാൽ മാസം അവസാനിക്കുമ്പോൾ നമുക്ക് ജീവിക്കാൻ വേണ്ട സാലറി കിട്ടുമെന്നും വിശ്വസിക്കുന്നു. ഈ വക വിശ്വാസങ്ങൾ കൊണ്ട് നടക്കുന്നത് കൊണ്ട് നമുക്ക് ഒരു കുഴപ്പവും വരാനില്ല. ചിലപ്പോൾ നോട്ടു നിരോധിച്ചേക്കും, പക്ഷെ ആ മൂല്യം അവിടെ ഉണ്ട്.

സ്വതന്ത്രചിന്തകൻ എന്ന നിലയിൽ ഞാൻ തള്ളിക്കളയുന്നത് ഒരു ലോജിക്കും ഇല്ലാതെ നമ്മൾ മനുഷ്യരെ പുറകോട്ടു പിടിച്ചു വലിക്കുന്ന, നമുക്ക് ഹാനികരം ആകുന്ന വിശ്വാസങ്ങളെ ആണ്. അതിൽ ഈ ജ്യോത്സ്യം, വാസ്തു, ആയുർവ്വേദം, ഹോമിയോ, ദൈവം, മതം ഒക്കെ ഉൾപ്പെടുന്നു. 

ഇനി ഒരു കാലത്തു  താങ്കൾ  ഈ പറയുന്ന സയൻസ് വച്ചു ദൈവം ഉണ്ടെന്നു തെളിയിച്ചാൽ എന്ത് പറയും?

ഇവിടെ ആണ് ഈ scientific method ഒന്നും കൂടെ പറയേണ്ടി വരുന്നത്. ഇത് പ്രകാരം ഒരു കാര്യം ഹൈപോതെസിസ് /  പരികല്പന ആയി എടുക്കണം എങ്കിൽ അത് falsifiable ആയിരിക്കണം. അതായത് ഒരാൾ ഒരു കാര്യം ഉന്നയിക്കുമ്പോൾ, ആ കാര്യം തെറ്റാണ് എന്ന് തെളിയിക്കാൻ ഉള്ള വകുപ്പ് ഉണ്ടായിരിക്കണം. ഉദാഹരണമായി ഒരാൾ പറയുന്നു മനുഷ്യർ ഉണ്ടായിട്ട് 6000 കൊല്ലങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അത് തെറ്റാണെന്നു തെളിയിക്കാൻ എളുപ്പം പറ്റുന്ന കാര്യം ആണ്. അതിലും പഴക്കം ഉള്ള ഒരു മനുഷ്യന്റെ ഏതെങ്കിലും ഭാഗം കണ്ടെത്തിയാൽ മതി. അതിനു മുൻപ് മനുഷ്യൻ എന്താണ് എന്ന് നിർവചിച്ചിരിക്കണം, അതുപോലെ ഈ കാലഗണനക്ക് രണ്ടു കൂട്ടരും സമ്മതിക്കുന്ന ഒരു രീതിയും വേണം. 

സയൻസ് രീതിയുടെ അടുത്ത ഒരു ഗുണം ആണ് repeatability അഥവാ ആവർത്തന ക്ഷമത. ഒരു experiment ഡിസൈൻ ചെയ്തു വീണ്ടും ആവർത്തിച്ചാൽ മുൻപ് കിട്ടിയ അതെ ഉത്തരം കിട്ടണം. അല്ലെങ്കിൽ അതിൻ്റെ ഒരു +/- ലെവലിൽ നിൽക്കണം. അല്ലാതെ 2000 വർഷങ്ങൾക്ക് മുൻപ് നടന്നു ഇനി നടക്കില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല.

അതുപോലെ അടുത്ത ഗുണം ആണ് ഈ രീതി ആർക്കും പരീക്ഷിച്ചു നോക്കാം എന്നത്. അതിൽ വിശ്വസിക്കേണ്ട കാര്യമില്ല. നന്നായി എഴുതി വെച്ചിരിക്കുന്ന ഒരു പരീക്ഷണം അത് ചെയ്യേണ്ട പോലെ ആര് ചെയ്താലും മുൻപ് ചെയ്ത ഉത്തരം കിട്ടും. ചിലപ്പോൾ ആദ്യം പരീക്ഷണം നടത്തിയ ആൾ നന്നായി കാര്യങ്ങൾ എഴുതി വെച്ചില്ല എങ്കിൽ അടുത്ത ആൾക്ക് കിട്ടില്ല. അത് സയൻസ് രീതിയുടെ പ്രശ്നം അല്ല. ആദ്യത്തെ ആൾ ശരിക്കും എഴുതി വെക്കാത്ത പ്രശ്നം ആണ്.

ഇനി ദൈവത്തിലേക്ക് വന്നാൽ, ദൈവം എന്നത് ആകെ കൺഫ്യൂഷൻ ആണ്. നിർവചിക്കാൻ ബുദ്ധിമുട്ട് ആണ്. ചിലർ പറയുന്നു ഈ പ്രപഞ്ചം ഉണ്ടാക്കിയത്, ഭൂമി ഉണ്ടാക്കിയത് നമ്മൾ ബുദ്ധിയുള്ള മനുഷ്യരെ ഉണ്ടാക്കിയത് ആയ ഒരു വ്യക്തിത്വം ഉള്ള, നമ്മുടെ ആരാധന പ്രതീക്ഷിക്കുന്ന ഒരു സംഭവം ആണ് എന്ന്. ചിലർ പറയുന്നു അത് ഒരു ശക്തിയാണ്. ചിലർ പറയുന്നു അത് നീ തന്നെയാണ്. പണ്ട് ചിലർ പറഞ്ഞിരുന്നത്, പ്രത്യേകിച്ച് മനുഷ്യർ ബഹിരാകാശത്തു പോകുന്നതിനു മുൻപ് ആകാശത്തിൽ ഇരിക്കുന്ന നമുക്ക് വേണ്ടി സ്വർഗ്ഗവും, നരകവും ഒരുക്കി വെച്ച ഒരു സംഗതിയാണ് ദൈവം.

ഇതിലും പ്രശ്നം ആണ് falsifiability. ദൈവത്തെ ഞാനേ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ എന്നാണ് എല്ലാവരും പറയുന്നത്. നിനക്ക് കാണണം എങ്കിൽ ദൈവം വിചാരിക്കണം. നിനക്ക് സംശയം ആണ്, നീ വിശ്വസിക്കണം. അത് അളക്കാൻ പരീക്ഷിക്കാൻ ഒന്നും കഴിയില്ല. തെറ്റ് ആണെന് തെളിയിക്കാൻ ഒരു വഴിയും ഇല്ല. 

ഇനിയുള്ള പ്രശ്നം ആണ് ആവർത്തനക്ഷമത. പണ്ട് ഒരാൾക്ക് ദൈവം പ്രത്യക്ഷപ്പെട്ട്, അല്ലെങ്കിൽ പുസ്തകം കൊടുത്തു ദൈവത്തിന്റെ അസ്ഥിത്വം തെളിയിച്ചു ഇനി അത് പറ്റില്ല. നമ്മൾക്ക് വേണം എന്ന് വിചാരിക്കുമ്പോൾ വരുന്ന ഒരു ആളല്ല ദൈവം. പെൻഷൻ വാങ്ങുന്ന ആളുകൾ സർക്കാരിനെ നിശ്ചിത കാലാവധിയിൽ വന്നു ഞാൻ മരിച്ചിട്ടില്ല എന്ന് പറയുന്നപോലെയാണോ ദൈവം?

ചിലർ ഒരു പടി കൂടി കടന്നു പച്ചക്ക് പറയുന്നു, സയൻസ് മുന്നോട്ടു വെക്കുന്ന രീതി വച്ച് ഒരിക്കലും കണ്ടു പിടിക്കാൻ കഴിയില്ല എന്ന്. അത് വിശ്വാസം മാത്രമാണ്. ഇത് പ്രധാനമായും ക്ലബ് ഹൌസ് എന്ന പുതിയ സോഷ്യൽ മീഡിയയിൽ ആണ് കണ്ടത്. കാരണം അവിടെ സയൻസ് വെച്ച് ദൈവം ഉണ്ട് എന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ തേച്ചു ഭിത്തിയിൽ ഒട്ടിക്കും. 

എല്ലാം പോട്ടെ. ഇനി ആരെങ്കിലും ദൈവം എന്നത് ശരിയായി നിർവചിച്ചു scientific രീതി വെച്ച് തെളിയിച്ചാൽ ഞാൻ ദൈവം ഉണ്ടെന്നു സമ്മതിക്കും. അത് ഒരിക്കലും വിശ്വാസം അല്ല. അത് ഒരു അറിവ് ആണ്. സൂര്യൻ ഉണ്ട്, വെള്ളം ഉണ്ട് എന്നൊക്കെ പറയുന്ന മാതിരി ഉള്ള ആവർത്തന ക്ഷമത ഉള്ള അറിവ്. 

ഇങ്ങനെ മതം ഇല്ല എന്നൊക്കെ പറയുമ്പോൾ കുട്ടികളുടെ കാര്യം എങ്ങിനെ ആണ്? മതമില്ലാത്തവരാക്കി ആണോ വളർത്താൻ ഉദ്ദേശിക്കുന്നത് ?അവരെ വേദോപദേശത്തിനു വിടില്ലേ? ഇന്നലെ അല്ലെ രണ്ടാമത്തെ മോൻ ജെറിന് മാമ്മോദീസ കൊടുത്തത്?

വലിയ ചോദ്യമാണ്. ഓരോന്നായി പറയാം. ആദ്യമേപറയട്ടെ എൻ്റെ രണ്ടു കുട്ടികളെയും എന്നെ ക്ലോൺ ചെയ്തു ഉണ്ടാക്കിയവരല്ല. ഞാനും പങ്കാളിയും കൂടി ആണ് ഉണ്ടാക്കിയത്. അങ്ങനെ വരുമ്പോൾ എൻ്റെ ആശയങ്ങൾ അവരിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ഈ കാര്യത്തിൽ ആദ്യത്തെ സംസാരം വന്നത് ജെറിന് മാമ്മോദീസ കൊടുക്കുന്നതും ആയി ബന്ധപ്പെട്ടാണ്. മൂത്തവൻ ജോഹന് മാമ്മോദീസ കൊടുക്കുന്ന സമയത് 2015 ഇൽ ഞാൻ പള്ളിയിൽ പോയിരുന്ന ഒരു മുക്കാൽ വിശ്വാസി ആയിരുന്നു. അതുകൊണ്ട് ഇങ്ങനെ ഒരു സംസാരം ഉണ്ടായില്ല. എൻ്റെ ഇപ്പോഴത്തെ അഭിപ്രായത്തിൽ ജെറിന്  കൊടുക്കേണ്ട കാര്യം ഇല്ല. അവനു പ്രായപൂർത്തി ആകുമ്പോൾ അവൻ തിരഞ്ഞെടുക്കട്ടെ എന്നായിരുന്നു. പക്ഷെ പുള്ളിക്കാരിക്ക് കൊടുക്കണം എന്ന് ആണ് അഭിപ്രായം അതിനു ഞാൻ സമ്മതിച്ചു. വിശദമായി എൻ്റെ നിലപാടുകൾ "മാമ്മോദീസ - ഇടയിലെ ലേഖനം" എന്ന പോസ്റ്റിൽ ഉണ്ട്. എനിക്കും മാമ്മോദീസയിൽ പങ്കെടുക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷെ വിസ, ജോലി പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് പോകാൻ പറ്റിയില്ല. ജെറിൻ വലുതാകുമ്പോൾ അതുപോലെ ജോഹനും തീരുമാനിക്കട്ടെ അവർക്ക് ഈ ക്രിസ്ത്യൻ - റോമൻ കത്തോലിക്ക - സിറോ മലബാർ സഭയിൽ നിൽക്കണോ വേണ്ടയോ എന്ന്.  

അടുത്ത ചോദ്യം അവരെ വളർത്തൽ ആണ്. പ്രത്യേകിച്ച് വേദോപദേശം. അതിന് എൻ്റെ അഭിപ്രായം ഒന്ന് മാത്രമായി വേണ്ട എന്നും പുള്ളിക്കാരിക്ക് ക്രിസ്ത്യൻ വേദോപദേശം കൊടുക്കണം എന്നും ആണ്. മാമ്മോദീസയുടെ കാര്യം പോലെ തന്നെ ഞാൻ സമ്മതിച്ചു. കോവിഡ് ആയിരുന്നതുകൊണ്ട് ആയിരിക്കാം ഇവിടെ അമേരിക്കയിൽ പുള്ളിക്കാരി വേദോപദേശത്തിനു കൊണ്ട് പോകുന്നത് കണ്ടിട്ടില്ല.  നാട്ടിൽ ജോഹനു ഓൺലൈൻ വേദോപദേശം ഉണ്ട്. രണ്ടു മൂന്ന് ദിവസങ്ങൾ മുൻപ് കേട്ടത്, ദൈവം ആണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് ജോഹനോട് വേദോപദേശം പഠിച്ചപ്പോൾ അവൻ തിരിച്ചു ബിഗ് ബാങ് അല്ലേ എന്ന് ചോദിച്ചു എന്നാണ്. ഞാൻ 12 ക്ലാസ് വരെ വേദോപദേശം പഠിച്ച ആളാണ്. എന്നിട്ട് ഇങ്ങനെ ആയി. അവരുടെ തലയിൽ ചെറുപ്പത്തിലേ മതം കയറ്റി വിട്ടാൽ, പുറത്തു ഇറങ്ങാൻ ചിലപ്പോൾ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരിക്കും. എന്തായാലും അത് അവരുടെ തീരുമാനം.

എൻ്റെ ഭാഗത്തു നിന്ന് ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് വളരെ സിമ്പിൾ ആണ്.  രണ്ടു പേർക്കും സൂപ്പർ ഹീറോ പുസ്തകങ്ങൾ കൊടുക്കുന്നതിനോട്  കൂടി ബൈബിൾ, ഗീത, രാമായണം, മഹാഭാരതം, ഖുറാൻ, തോറ ഒക്കെ വായിക്കാൻ കൊടുക്കും. അവർ അമേരിക്കയിൽ ആണ് പഠിക്കുന്നത് എങ്കിൽ ഒരു പുസ്തകം എങ്ങിനെ വിമർശനാത്മകമായി വായിക്കണം (critical reading) എന്ന് അവർ പഠിച്ചിരിക്കും. അത് വെച്ച് ഈ പറഞ്ഞ പുസ്തകങ്ങൾ വായിച്ചു അവർക്ക് കാര്യം മനസിലായില്ല എങ്കിൽ അത് അവരുടെ വിധി.

അപ്പോൾ ഭാര്യക്ക് പള്ളിയിൽ പോകാം, പ്രാർത്ഥിക്കാം അല്ലെ.അതിനു വിരോധം ഒന്നും ഇല്ല?

യാതൊരു വിരോധവും ഇല്ല. വീക്കെൻഡിൽ വീട്ടിലെ പണികൾ എല്ലാം കഴിഞ്ഞു ആണ് പള്ളിയിൽ പോകുന്നത് എങ്കിൽ വേണേൽ ഞാൻ കൂടെ വരം എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ ഒമ്പത് ഒമ്പതരക്ക് വീട്ടിലെ പണികൾ, പിള്ളേരുടെ പഠിത്തം ഒക്കെ കഴിഞ്ഞു ഇരിക്കുക ആണേൽ വീട്ടിലെ കുടുംബപ്രാർഥനക്കും ഞാൻ കൂടും. അവർക്ക് അത് ഒരു പാരമ്പര്യം(tradition) ആയി ചെയ്യണം എന്ന് തോന്നുന്നതിൽ, അതിൽ ഞാൻ കൂടുന്നതിൽ തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഓണം പോലെ, സാന്താക്ലോസ് പോലെ പണ്ട് നമ്മുടെ പൂർവികർ ചെയ്ത ആർക്കും വലിയ ചേതം ഇല്ലാത്ത ഒരു ആചാരം, ഒരു രസം. പിള്ളേരോടും ഇങ്ങനെ തന്നെ പറയും അല്ലാതെ ആകാശമാമൻ ഉണ്ട്, പ്രാർത്ഥിച്ചാൽ നിങ്ങളുടെ രോഗം മാറും എന്ന് പറഞ്ഞു കൊണ്ട് ഒരിക്കലും ചെയ്യില്ല. 

അതുപോലെ  മതത്തിനും ദൈവത്തിനും എതിരല്ല അല്ലെ?

ദൈവം പിശാചിനെ എതിർ സ്ഥാനത്തു നിറുത്തി, ശത്രു ആയി കാണുന്നത് പോലെ ഈ ദൈവത്തേയും, മതങ്ങളും അതിൽ വിശ്വസിക്കുന്നവരെയും, അവരെ വെച്ച് ജീവിക്കുന്ന  പുരോഹിതരെയും  ഒരിക്കലും ശത്രുക്കൾ ആയി കാണേണ്ട കാര്യം ഇല്ല. ഒരു ദിവസം വെളുക്കുമ്പോൾ എല്ലാം മാറും എന്നും തോന്നുന്നില്ല. അതുപോലെ ഒരിക്കൽ ഈ വിശ്വാസങ്ങൾ മൊത്തമായി ഇല്ലാതാകുമെന്നും. ദൈവം അല്ലെങ്കിൽ മതത്തിന്റെ കാര്യം എടുത്താൽ ചെറുപ്പത്തിൽ പഠിച്ചത് വിശ്വാസികൾക്ക്  മാറ്റി പറയാൻ പറ്റുന്നില്ല എന്നെ ഉള്ളൂ. എനിക്കും അത് ഉണ്ടായിരുന്നു. എങ്ങിനെ എങ്കിലും ഞാൻ ചെറുപ്പം മുതൽ വിശ്വസിച്ചത് ശരിയാകണേ എന്നാണ് നമ്മുടെ ആഗ്രഹം. 

വിശ്വാസികൾ വെള്ളം ചേർക്കുന്നുണ്ട്. ഉദാഹരണമായി പണ്ട് ഫോട്ടോ എടുക്കാത്തവർ ഇന്ന് ഫോട്ടോ എടുത്തു പാസ്പോര്ട് എടുത്തു വേറെ രാജ്യങ്ങളിലേക്ക് പോകുന്നു. കടൽ കടക്കാത്തവർ കടൽ കടക്കുന്നു. അങ്ങനെ എന്തൊക്കെ വെള്ളം ചേർക്കലുകൾ. ഹോമിയോയിലെ മരുന്നിൽ പറയുന്നപോലെ ഒരു 6C അല്ലെങ്കിൽ 12C പൊട്ടൻസിയിൽ എത്തിയാൽ മതി. യാതൊരു പ്രശ്നവും ഉണ്ടാവില്ല. തലമുറകൾ കഴിയും തോറും ഇത് നടക്കുന്നുണ്ട്. ഭാവിയിൽ നമ്മൾ ഇപ്പോൾ നമ്മൾ അടിമത്വത്തെ, സതിയെ, കത്തോലിക്ക സഭ നടത്തിയ ഇൻക്വിസിഷൻ കാണുന്നപോലെ ആകും ഇതും കാണുക. ഇപ്പോൾ തന്നെ കടുത്ത വിശ്വാസി പോലും ഒരിക്കൽ മതങ്ങളിലെ ഒഴിച്ച് കൂടാൻ പറ്റാതിരുന്ന  സംഭവങ്ങളായ സതി, ഇൻക്വിസിഷൻ ഒന്നും തിരിച്ചു കൊണ്ടുവരാൻ  പറയുന്നില്ല. ഇപ്പോൾ അഫ്ഗാനിസ്ഥാൻ എടുത്താൽ ഒരു അപവാദം ആണെന് പറയാം എങ്കിലും മൊത്തത്തിൽ വലിയ രീതിയിൽ ഒരു തിരിച്ചു പോക്ക് ഉണ്ടാകാൻ സാധ്യത വളരെ കുറവാണു. 

എൻ്റെ ഒരു കാഴ്ചപ്പാട് മതം, ദൈവം ഒക്കെ വ്യക്തിപരമായി ഒതുങ്ങണം എന്നതാണ്. പൊതു ജീവിതത്തിൽ ഇത് കേറി വരരുത്.  സർക്കാർ പോളിസികളിലും, സയൻസ് മുന്നേറുമ്പോഴും അതിൽ വന്നു ഇടങ്കോലിടരുത്. വ്യക്തി സ്വാതന്ത്രം വേണം. ഒരുത്തനു ഇത് വിട്ടു പോകണം എന്ന് വിചാരിച്ചാൽ പോകാൻ പറ്റണം. അതും പറഞ്ഞു ആരും കുതിര കേറാൻ വരരുത്.

അപ്പോൾ ഈ ആഘോഷങ്ങളോ? ഓണം, ക്രിസ്മസ് ഒക്കെ? അതൊക്കെ ഓരോ അന്ധവിശ്വാസം മൂലം ഉണ്ടായതല്ലേ ?

ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഒരു cultural christian ആകാൻ ആണ് താല്പര്യം. ഈ പറഞ്ഞ വാക്കിന്റെ മലയാളം വേണേൽ സാംസ്കാരിക ക്രിസ്ത്യാനി എന്ന് പറയാം. അതുപോലെ സാംസ്കാരിക മലയാളി അല്ലെങ്കിൽ ഇന്ത്യൻ ഒക്കെ ആണ്. നമ്മൾ ചെറുപ്പം മുതൽ ശീലിച്ച  ആഘോഷങ്ങളിൽ സയൻസ് ഇല്ല എന്ന് കരുതി മാറി നിൽക്കേണ്ട കാര്യമില്ല. സാന്താക്ലോസ് വരുന്നു എന്ന് പറഞ്ഞു ഒരു രസം, അത്ര തന്നെ. നമ്മൾ അത് സത്യം ആണെന്ന് പറയുന്നില്ല. പിള്ളേരോടും അങ്ങനെ തന്നെ. ഇത്തവണ ഒരു ഓണ പരിപാടിഉണ്ടായിരുന്നു. ഇനി ക്രിസ്മസ് വരും. അങ്ങനെ പറ്റാവുന്നത് ആഘോഷിക്കും. 

എന്താണ് ഇത് ഇപ്പോൾ പബ്ലിക് ആയി പറയാൻ കാരണം?

ഈ അന്യൻ - അംബി കളി മടുത്തു എന്നതാണ് ചുരുക്കത്തിൽ ഉത്തരം. ഈ മതം കൂടെ കൂട്ടികൊണ്ട് സയൻസ് വെച്ച് നമ്മൾ ജീവിത സൗകര്യങ്ങൾ ആസ്വദിക്കുകയും നമ്മളുടെ ജീവിതം തന്നെ നീട്ടിക്കൊണ്ട് പോകുകയും അതുപോലെ ജീവിക്കാൻ ഉള്ള വക തേടുകയും ചെയ്യുമ്പോൾ നമുക്ക് ഉണ്ടാവുന്നത് രണ്ടു വ്യക്തിത്വങ്ങൾ ആണ്. ഓഫീസിൽ ഞങ്ങൾ സയൻസ് രീതി ഉപയോഗിച്ച് സോഫ്റ്റ്‌വെയർ ഉണ്ടാക്കി റിലീസ് ചെയ്യുമ്പോൾ ഒരു ദൈവത്തെയും വിളിക്കാറില്ല. തേങ്ങ ഉടക്കാറില്ല. അത് നമ്മൾ നന്നായി ഉണ്ടാക്കി ടെസ്റ്റ് ചെയ്തിട്ടുണ്ട് എങ്കിൽ ഓടും. ഇല്ലെങ്കിൽ പൊട്ടും. പൊട്ടിയാൽ നമ്മൾ എന്തുകൊണ്ട് പൊട്ടി എന്ന്അന്വേഷിക്കുന്നത് (സോഫ്റ്റ്‌വെയർ ഡീബഗ്ഗിങ്) ഒരു ദൈവത്തെയും വിളിച്ചിട്ടു അല്ല. നമ്മൾ സയന്റിഫിക് രീതി ആണ് ഉപയോഗിക്കുന്നത്. 

എന്നാൽ നമ്മൾ ഒരു വീട് വെക്കുമ്പോൾ ശിവൻ എന്ന ദൈവത്തിന്റെ വിയർപ്പിൽ നിന്നും ഉണ്ടായ വാസ്തു പുരുഷൻ ഓരോ വീട് വെക്കുന്ന പ്ലോട്ടിലും കിടക്കുന്നുണ്ട് എന്ന വിശ്വാസം അടിസ്ഥാനമാക്കിയ വാസ്തു ശാസ്ത്രപ്രകാരം പ്ലാൻ ഉണ്ടാക്കണമത്രേ. അല്ലെങ്കിൽ പുള്ളിക്ക് ഇഷ്ടമാവില്ല. ഇഷ്ടമായില്ല എങ്കിൽ നമുക്ക് രോഗം വരും. നമ്മൾ മരിക്കും അങ്ങനെ കുറെ പേടിപ്പിക്കലുകൾ. അന്നേരം നമ്മൾ നമ്മുടെ അംബി എന്ന  വ്യക്തിത്വം മാറ്റി സ്വപ്ന ലോകത്തു ജീവിക്കുന്ന അന്യൻ ആകണം. അതുപോലെ സയൻസ് വെച്ച് ഡോക്ടർ ഒരു രോഗിയെ ചികില്സിക്കുന്നു. അതിൽ രോഗത്തിന് അനുസരിച്ചു, രോഗാവസ്ഥ, ഇപ്പോഴത്തെ മെഡിക്കൽ സയൻസിന്റെ വളർച്ച, അത് വാങ്ങാൻ ഉള്ള രോഗിയുടെ  സാമ്പത്തിക സ്ഥിതി ഒക്കെ അനുസരിച്ചു രോഗിയുടെ രോഗം മാറാനും അല്ലാതെ അത് മൂർച്ഛിക്കാനും ഉള്ള സാധ്യത ഉണ്ട്. ചിലപ്പോൾ മരിക്കാം. കണക്കിൽ അത് probability /  സംഭാവ്യത എന്ന് പറയും. ഇത് മാറ്റാൻ പ്രാർത്ഥിക്കണമത്രേ. ഇത്രക്ക് പ്രാർത്ഥിച്ചാൽ സംഭാവ്യത ഇത്രക്ക് കൂടും എന്നൊന്നും ഇല്ല. വെറുതെ പ്രാർത്ഥിക്ക. ഇനി ഫലിച്ചില്ല അഥവാ രോഗി മരിച്ചാൽ പറയും നീ ശരിക്ക് പ്രാർത്ഥിക്കാത്തത് കൊണ്ടാണ്. അല്ലെങ്കിൽ പറയും, ദൈവത്തിന്റെ ഹിതമാണ്, അല്ലെങ്കിൽ ഇഷ്ടപ്പെട്ടവരെ നേരത്തെ വിളിച്ചു, അതും അല്ലെങ്കിൽ പറയും ഇതിലും വലുതിൽ നിന്നും ദൈവം ഇത്രക്ക് ചെറുതാക്കി ഒതുക്കി. അല്ലെങ്കിൽ രോഗി പണ്ട് ചെയ്ത പാപം. ഈ ജന്മത്തിൽ അല്ലെങ്കിൽ കഴിഞ്ഞ ജന്മത്തിൽ. എങ്ങനെ പോയാലും നാലു കാലിൽ നിൽക്കും 

എന്തൂട്ട് കോപ്പാണ് ഇത്? കുറച്ചു ചിന്തിക്കുന്ന ആളാണെങ്കിൽ തലയിൽ കിടന്നു ഇങ്ങനെ പെരുക്കും. അല്ലാത്തവർക്ക് വലിയ കുഴപ്പമില്ല. സിമ്പിൾ ആയി ഈ രണ്ടു വ്യക്തിത്വങ്ങൾ അപ്പപ്പോൾ എടുത്തു പെരുമാറാം. 

നിക്ക് നിക്ക്. ഒരു പ്രശ്നമുണ്ടല്ലോ.  ഈ ദൈവവും മതവും വ്യക്തിപരം ആയി വെക്കണം സമൂഹത്തിൽ ഇറക്കേണ്ട എന്ന് അല്ലെ കുറച്ചു മുൻപേ പറഞ്ഞത്. അപ്പോൾ ഈ നിരാസവും വ്യക്തിപരമായി ഒതുക്കി വെച്ചാൽ പോരായിരുന്നോ?

ശരിയാണ്അതിനു ഒരു കാരണം ഉണ്ട്. ഞാൻ ഏറെക്കുറെ 2016 മാർച്ച് കൂടി  ഏറെക്കുറെ മാറിയത് ആണ്. അന്നേരം ഞാൻ വിചാരിച്ചു എന്തിനാണ് ഇങ്ങനെ പുറത്തു പറഞ്ഞു നടക്കുന്നത്? അപ്പൻ ഇങ്ങനെ ദൈവം ഇല്ല എന്ന് പറഞ്ഞു നടന്നിട്ട് എന്തെങ്കിലും നടന്നോ? ഒരാൾ പോലും പുള്ളിയുടെ പറച്ചിൽ കേട്ടിട്ട് വിശ്വാസം ഉപേക്ഷിച്ചിട്ടില്ല.പകരം വെറുപ്പ് കിട്ടുകയും ചെയ്യും.

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഈ വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയിൽ വരുന്ന കേശവമാമ പ്രബന്ധങ്ങൾ, അതുപോലെ തെളിയിക്കപ്പെടാത്ത പാരമ്പര്യ അറിവുകൾ നമ്മുടെ ജീവിതത്തിലേക്ക് വരുന്നുണ്ട് എന്ന് മനസിലാക്കുന്നത്. ചിലപ്പോൾ അത് ഗുണമില്ലെങ്കിലും നന്നായി ദോഷം ഉണ്ടാക്കുന്നുണ്ട് എന്നും മനസിലായി. ഒരു ഉദാഹരണം പ്രസവരക്ഷ ആണ്. പണ്ട് കാലത്തു അപ്പന് മീനിന്റെ നടുക്കഷണവും, ആണ്മക്കൾക്ക് തലയും വാലും , പെണ്മക്കൾക്കു ചാറും, അമ്മക്ക് കഞ്ഞി വെള്ളവും കിട്ടിയിരുന്ന സമയത്തു പ്രസവം കഴിയുമ്പോൾ കൊഴുപ്പും ഒക്കെ കൂടിയ ഭക്ഷണം കൊടുത്തത് പോട്ടെ എന്ന് വെക്കാം. ഇന്ന് കാലം മാറിയപ്പോൾ പിന്നെയും അത് തന്നെ തുടരുമ്പോൾ അത് ദോഷം ആണ് ഉണ്ടാക്കുന്നത്. അത് പറഞ്ഞു മനസിലാക്കണം എങ്കിൽ ചുരുങ്ങിയത് എൻ്റെ വീട്ടുകാരെ തന്നെ എങ്കിലും ചിന്തിപ്പിക്കേണ്ടത് ആവശ്യമായി തോന്നി. പ്രസവരക്ഷ പോട്ടെ എന്ന് വെക്കാം. കാൻസർ ബാധിച്ചിട്ട് ഹോമിയോ ചെയ്യുന്ന ആളുകളെ കൂടി കണ്ടപ്പോൾ അത് കൂടുതൽ പ്രശ്നത്തിലേക്ക് ആണ് പോക്ക്, നമ്മുടെ ജീവനെ ബാധിക്കാം എന്ന് കൂടി മനസിലായി. അപ്പോഴും ഞാൻ അധികം പരസ്യമായി പറയൽ ഉണ്ടായിരുന്നില്ല. വീട്ടിൽ പറയലും അതുപോലെ ഫാമിലി വാട്ട്സാപ്പ് ഗ്രൂപ്പിലെ കേശവമാമ പോസ്റ്റുകൾക്ക് മറുപടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു പേർക്ക് എങ്കിലും എൻ്റെ ഈ നിലപാട് മാറ്റം മനസിലായിട്ടുണ്ട്. അവരും അരി ഭക്ഷണം തന്നെ ആണല്ലോ കഴിക്കുന്നത്.  

പരസ്യമായി പറയണം എന്ന് തോന്നിയത് അപ്പൻ കോവിഡ് പിടിച്ചു അത്യാസന്നനായി വീട്ടിൽ കിടക്കുമ്പോൾ നടത്തിയ പുകക്കൽ കണ്ടപ്പോൾ ആണ്. വിശദമായി ക്ലബ് ഹൌസിലെ ദൈവ സങ്കല്പം എന്ന പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. നാളെ ഞാൻ ഇതുപോലെ കിടന്നാൽ എനിക്കും, ഇനി ഞാൻ ഇല്ല എങ്കിൽ  എൻ്റെ വീട്ടിലെ ആർക്കും ഇതുപോലെ ഒരു അവസ്ഥ വരാം. ഈ ഒരു തിരിച്ചറിവിൽ നിന്നാണ് നമ്മൾ നമ്മുടെ കാര്യം പറയണം എന്ന് തോന്നിയത്. 

അപ്പന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ചോദിക്കാൻ വന്നത്. അപ്പൻ നാട്ടിൽ നല്ല രീതിയിൽ അറിയപ്പെടുന്ന ഒരു യുക്തിവാദി ആണല്ലോ. പുള്ളിയുടെ പാത പിന്തുടർന്ന് ആണോ ഇതിലേക്ക് എത്തിയത്? അല്ലെങ്കിൽ പുള്ളിയുടെ സ്വാധീനം ഉണ്ടോ?

അപ്പന്റെ കാര്യം പറയാൻ ആണെങ്കിൽ അതിനു തന്നെ ഒരു പോസ്റ്റ് വേണ്ടി വരും. പുള്ളിയുടെ പാത പിന്തുടർന്ന് ആണെങ്കിൽ വളരെ പണ്ടേ ഞാൻ എത്തിയേനെ. എൻ്റെ വീക്ഷണത്തിൽ 2014 ഇൽ അമേരിക്കയിൽ വെച്ച് എൻ്റെ ഉള്ളിൽ വീണ സ്പാർക്കും, എൻ്റെ ചിന്തകളും, വായനയും, കണ്ട  യൂട്യൂബ് വീഡിയോകളും, സോഷ്യൽ മീഡിയയിൽ നടത്തിയ ചർച്ചകളും ഒക്കെ ആണ് എന്നെ മാറ്റിയത്.

പിന്നെ അപ്പന്റെ കാര്യം പറഞ്ഞാൽ പുള്ളിയെ ഒരു യുക്തിവാദി എന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല. നിരീശ്വരവാദി എന്നത് ആണ് കൂടുതൽ  ചേരുന്നത്. പുള്ളിക്ക് ദൈവം, സാത്താൻ, സ്വർഗം, നരകം, ആത്മാവ്, പ്രാർത്ഥന  എന്നിങ്ങനെ ഒന്നും ഇല്ല. ചുരുക്കി പറഞ്ഞാൽ ഈശ്വരൻ ഇല്ല. 

പക്ഷെ പുള്ളി ജ്യോത്സ്യം, വാസ്തു, ജനനനേരം അടയാളപ്പെടുത്തുന്ന ഗ്രഹനില തുടർന്നുള്ള ജാതകം, ശകുനം, കർമസിദ്ധാന്തം ഒക്കെ എടുക്കും. അതിൻ്റെ ഒരു പ്രചാരകൻ + സാക്ഷ്യം പറച്ചിലുകാരൻ കൂടിയാണ് പുള്ളി. ഈയിടെ ആയി ഹോമിയോ, ആയുർവ്വേദം ഒക്കെ ചെറുതായി വിശ്വാസക്കുറവ് വന്നിട്ടുണ്ട് എന്ന് തോന്നുന്നു. ഈ വക കാര്യങ്ങളിൽ യാതൊരു യുക്തിയും പുള്ളി നോക്കുന്നില്ല. വാസ്തു പുരുഷന്റെ കാര്യം ഞാൻ കുറെ വട്ടം പറഞ്ഞിട്ടും, വീട്ടിൽ വാസ്തു സംബന്ധമായ പുസ്തകം ഉണ്ട് അത് വായിക്കാൻ പറഞ്ഞിട്ടും, യുക്തിവാദി സംഘങ്ങൾ വാസ്തുവിനു എതിരെ നടത്തിയ വീഡിയോ പ്രസംഗങ്ങൾ കേൾക്കാൻ കൊടുത്തിട്ടും പുള്ളി കേട്ടിട്ടില്ല. ഞങ്ങൾ കൂടുതൽ തർക്കിച്ച ഗ്രഹനിലയിലും ജാതകത്തിലും ഞാൻ യുറാനസ്, നെപ്ട്യൂൺ തുടങ്ങിയ ഗ്രഹങ്ങളുടെ കാര്യം പറഞ്ഞപ്പോൾ പുള്ളിയുടെ ഭാവങ്ങളിൽ നിന്നും എനിക്ക് മനസിലായത് പുള്ളിക്ക് അതിനെ കുറിച്ച് വലിയ അറിവ് ഇല്ലെന്ന് ആണ്. 1950 കളിൽ പുള്ളി സ്കൂളിൽ പത്തു വരെ  പഠിച്ചപ്പോൾ,  ഇതൊക്കെ സിലബസിൽ ഉണ്ടായിരുന്നോ എന്ന് അറിയില്ല. പിന്നെ പട്ടിണി മാറ്റാൻ പെടാപ്പാട് പെടുമ്പോൾ, അതുകഴിഞ്ഞു ജോലി കിട്ടി വെള്ളമടിയിൽ PhD എടുത്തപ്പോൾ, പിന്നെ കല്യാണം, ഞങ്ങൾ പിള്ളേരും ഒക്കെ ആയപ്പോൾ  പുള്ളിക്ക് ഇതൊന്നും പഠിക്കാനും സമയം കിട്ടിക്കാണില്ല. അതുപോലെ ജനിച്ച സമയം വെച്ച് ഭാവി പ്രവചിക്കുമ്പോൾ കൃത്യത എന്ത് മാത്രം വേണം? സെക്കന്റ്, മില്ലി സെക്കന്റ്,  മൈക്രോ സെക്കന്റ് ആണോ എന്നൊന്നും പുള്ളി ചിന്തിച്ചിട്ടില്ല. അമേരിക്കയിൽ ജനിച്ച ജെറിന് എങ്ങിനെ ജാതകം എഴുതും? ജെറിൻ ജനിക്കുമ്പോൾ അമേരിക്കയിൽ നിന്നും നോക്കുമ്പോൾ ഉള്ള ഗ്രഹനില അല്ലല്ലോ ഇന്ത്യയിൽ  നിന്നും നോക്കുമ്പോൾ? ഗ്രഹങ്ങളുടെ സ്ഥാനം വെച്ച് ഭാവി പറയുന്ന പുസ്തകം ഇന്ത്യയിൽ വെച്ച് എഴുതിയത് അല്ലെ? അന്ന് അമേരിക്ക എന്നൊരു സ്ഥലം ഉണ്ടെന്നു കൂടി ഇന്ത്യക്കാർക്ക് അറിയില്ല. ഭാവിയിൽ ഒരു സ്പേസ് സ്റ്റേഷനിൽ വെച്ചോ അല്ലെങ്കിൽ ചൊവ്വയിൽ വെച്ചോ ഒരു കുട്ടി ജനിച്ചാൽ ചൊവ്വയിൽ നിന്നും ഭൂമിയെ നോക്കി ഭൂമി നിൽക്കുന്ന സ്ഥലം വെച്ച് ജാതകം എഴുതുമോ എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷെ ചോദിച്ചില്ല. പുള്ളിക്ക് ജാതകത്തിൽ കള്ളി കള്ളിയായി വരക്കുന്ന ഭാവചക്രം എന്താണെന്നു പിടി കിട്ടിയിട്ടുണ്ടോ എന്നറിയില്ല. സാധാരണ ദൈവ വിശ്വാസികൾ ചെയ്യുന്നപോലെ ശരിയായ കുറച്ചു പ്രവചനഅനുഭവങ്ങൾ മാത്രം എടുത്തു അതിൽ വിശ്വസിക്കുന്നു. ഇനി എങ്ങാനും ശരി ആയില്ല എങ്കിൽ വേറെ ആളെ വിളിച്ചു നോക്കും. അത് എന്തോ കണക്ക്  എന്നാണ് പറയുന്നത്. ഈ പറയുന്ന ശാസിക്കപ്പെട്ട ശാസ്ത്രങ്ങളുടെ ലോജിക് അത് എങ്ങിനെ പ്രവർത്തിക്കുന്നു എന്നൊന്നും പുള്ളി ചിന്തിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്.

അവസാനം എന്നോട് പറഞ്ഞത് അത് എൻ്റെ വിശ്വാസം ആണ് ഈ വയസു കാലത്തു അത് എങ്ങിനെ മാറ്റാൻ ആണ് എന്നാണ്. ഇതും വെച്ച് ഞാനെന്ന ഫയൽവാൻ ജയിച്ചു എന്നല്ല. അപ്പനും ഞാനും വളർന്ന കാലഘട്ടങ്ങൾ വേറെ ആയതുകൊണ്ട് എനിക്ക് കിട്ടിയ ഒരു മുൻ‌തൂക്കം ആയിരിക്കാം. ഞാൻ ഇപ്പോൾ അപ്പനെ കാണുന്നത് പോലെ ആകും ജോഹനും, ജെറിനും എന്നെ കുറച്ചു കഴിയുമ്പോൾ കാണുന്നത്. അവർക്ക് അവരുടെ കാലഘട്ടത്തിന്റെ മുൻ‌തൂക്കം ലഭിക്കും. ഞാൻ ഉദ്ദേശിക്കുന്നത് കാലം കൂടും തോറും സയൻസിന്റെ വളർച്ച കൊണ്ട് പുതു തലമുറക്ക് കൂടുതൽ അറിവ് ഉണ്ടായിരിക്കും എന്നാണ്. ഉദാഹരണമായി ഈ ക്വാണ്ടാം (Quantum) ഫിസിക്സ് ഞാൻ എത്ര ശ്രമിച്ചിട്ടും  എനിക്ക് മനസിലാകുന്നില്ല. അവർക്ക് അത് എളുപ്പം മനസിലാകുമായിരിക്കും.

അപ്പൻ ഇത്രയും കാലം നടത്തിയ നിരീശ്വര വാദം പ്രചരിപ്പിക്കുന്ന സംഭാഷണങ്ങളിൽ നിന്ന് അതുപോലെ അപ്പനെ തിരിച്ചു വിശ്വാസിയാക്കാൻ മറ്റുള്ളവർ നടത്തിയ പ്രചാരണങ്ങളിൽ നിന്നും എനിക്ക് മനസിലായത് വളരെ സിമ്പിൾ ആണ്.

ഒരു വിശ്വാസിയെ അവിശ്വാസി ആക്കാനോ, തിരിച്ചുമോ പ്രചാരണപരിപാടികൾ കൊണ്ട് സാധിക്കില്ല. വേണേൽ ഒരു വിശ്വാസിയെ ഒരു വിശ്വാസത്തിൽ നിന്നും വേറെ ഒന്നിലേക്ക്ചാടിക്കാം.

ഒരാൾ വിശ്വാസം ഉപേക്ഷിക്കണം എങ്കിലോ എടുക്കണം എങ്കിലോ അയാളുടെ ഉള്ളിൽ നിന്നും ഒരു തീപ്പൊരി ഉണ്ടാകണം. അത് ചിലപ്പോൾ പുറത്തു നിന്നും ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഉണ്ടാകാം. അല്ലെങ്കിൽ ചില അനുഭവങ്ങൾ. പിന്നെ അത് ആളി കത്തിക്കാൻ പ്രചാരണ പരിപാടികൾക്ക് പറ്റുമായിരിക്കും.

അപ്പൻ 30 വയസു വരെ എന്നാണ് എൻ്റെ അറിവ്, എന്നെക്കാളും വലിയ വിശ്വാസി ആയിരുന്നു. പുള്ളി ചെറുപ്പത്തിൽ അൾത്താര ബാലൻ ആയിരുന്നു. അത് കഴിഞ്ഞു പള്ളിയിലെ വേദോപദേശം അധ്യാപകൻ, മൂന്ന് നാല് മണിക്കൂറുകൾ മുട്ടിന്മേൽ നിന്നുള്ള പ്രാർത്ഥന, നിന്ന നിൽപ്പിൽ ഒരേ പള്ളിയിൽ മൂന്നു കുർബാന, പെസഹാ വ്യാഴം സൈക്കിൾ എടുത്തു പത്തോ പതിനൊന്നോ പള്ളി സന്ദർശനം. അന്ന് ഇന്നത്തെ പോലെ തൊട്ട് അടുത്തല്ല പള്ളികൾ എന്നും കൂടെ ഓർക്കണം. ഇത് ഞാൻ മറ്റുള്ളവരിൽ നിന്നും കേട്ട് അറിഞ്ഞതാണ്, അപ്പനുമായി നേരിട്ട് ഒരു സംഭാഷണത്തിൽ പറഞ്ഞതല്ല. അതുകൊണ്ട് ഇത്രക്ക് തള്ള് വേണോ എന്നറിയില്ല. അപ്പനും ആയി ഇനി നേരിട്ട് ഇതൊക്കെ ചോദിക്കാൻ പറ്റിയാൽ തിരുത്തുന്നത് ആയിരിക്കും. 

ഇങ്ങനെ ഒക്കെ ആയിരുന്ന ആൾ മാറിയപ്പോൾ എല്ലാവരും എന്നോട് പറഞ്ഞത് മോനെ നീ ഇത്രക്ക് വലിയ വിശ്വാസി ആകരുത് എന്നാണ്. സാധാരണ പോലെ പള്ളിയിൽ ഒക്കെ പോയാൽ മതി.

അപ്പനും മറ്റുള്ളവരും പറഞ്ഞുകേട്ടത് വെച്ച് അപ്പൻ ദൈവവിശ്വാസം ഉപേക്ഷിക്കാൻ കാരണം കുടുംബത്തിൽ ഉണ്ടായ മരണങ്ങൾ, അത് കഴിഞ്ഞു ആ കുടുംബങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ ഉണ്ടായ ദുരിതങ്ങൾ . പ്രധാനമായി പട്ടിണി, രോഗങ്ങൾ. അപ്പൻ അവരെ അപ്പനെക്കൊണ്ട് ആയ പോലെ സഹായിക്കാൻ നോക്കുന്നു. എന്നിട്ടും ദുരിതങ്ങൾ മാറുന്നില്ല. മരിച്ചവരും, അവരുടെ വീട്ടുകാരും അപ്പനും ഞങ്ങളുടെ വീട്ടുകാരും ഒക്കെ ഭയങ്കര വിശ്വാസികൾ ആയിരുന്നു. എല്ലാവരും കട്ടക്ക് പ്രാർത്ഥിച്ചിട്ടും ദുരിതങ്ങൾ മാറാതെ ആയപ്പോൾ അപ്പന് തോന്നി ഈ പ്രാർത്ഥന കേട്ട് നമ്മുടെ കാര്യങ്ങൾ സാധിച്ചു തരുന്ന ദൈവം എന്നൊരു സാധനം ഇല്ല. വെറുതെ ഇനി പ്രാർത്ഥന കൊണ്ട് കാര്യമില്ല. മനുഷ്യന്റെ കാര്യം മനുഷ്യൻ നോക്കണം. അതിനു പ്രധാനമായി വേണ്ടത് പണം ആണ്. പിന്നെ ആ സമയത് പുള്ളി ജോലി ചെയ്തിരുന്ന കമ്പനിയിൽ ഒരു പ്രശ്നം വരുന്നു. അത് കമ്മ്യൂണിസ്റ്റ് പാർട്ടി ഇടപെട്ട് തീർക്കുന്നു. അങ്ങനെ പുള്ളി കമ്മ്യൂണിസ്റ്റ് ആകുന്നു. 70s കാലത്തു ഉള്ള  അവരുടെ പഠനക്ലാസുകളിൽ ചെന്നാൽ പിന്നെ അവിടെ ദൈവം ഇല്ലല്ലോ, പക്ഷെ പാർട്ടി പറയുന്നത് ആണല്ലോ വേദവാക്യം, അവർ പറയുന്നത് ആണ് സത്യം എന്ന നിലക്ക് ആണല്ലോ കാര്യങ്ങൾ. ഇപ്പോൾ നമ്മൾ നാലാം മതം എന്നൊക്കെ പരസ്യമായി പറയും എങ്കിലും അന്ന് അങ്ങനെ അല്ലായിരുന്നു. പുള്ളി ഇടയ്ക്കിടെ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതെ ഞങ്ങളുടെ സംഘടനാ അത് പൊളിച്ചടുക്കി, ഇത് വിശ്വാസം മാത്രമാണ് എന്ന് തെളിയിച്ചു എന്നൊക്കെ പറഞ്ഞിട്ടുണ്ട് എങ്കിലും പുള്ളിക്ക് അങ്ങനെ ഏതെങ്കിലും യുക്തിവാദി സംഘത്തിൽ മെമ്പർഷിപ്പ് ഇല്ലെന്ന് ആണ് തോന്നുന്നത്. മൊത്തത്തിൽ പുള്ളി ക്രിസ്തു മതം മാറി കമ്മ്യൂണിസ്റ്റ് എന്ന മതം സ്വീകരിച്ചു എന്നാണ് എനിക്ക് തോന്നിയത്.

ഒരിക്കൽ കൂടി പറയട്ടെ. അപ്പനെ പറ്റി പറഞ്ഞ കാര്യങ്ങൾ എൻ്റെ അനുമാനങ്ങളിൽ നിന്നും എഴുതിയത് ആണ്. പുള്ളിയും ആയി ഞാൻ ഏറെക്കുറെ എല്ലാ കാര്യവും ചർച്ച ചെയ്യും എങ്കിലും, പുള്ളി എന്നോട് നിരീശ്വരവാദം പറയും എങ്കിലും ഞാൻ മൂളി കേൾക്കുക മാത്രം ആണ് ഇതുവരെ ചെയ്തിട്ടുള്ളത്. പുള്ളി മാത്രം ആണ് എൻ്റെ ഈ മാറ്റം അറിയാത്ത കുടുംബത്തിലെ ആൾ എന്നാണ് എനിക്ക് തോന്നുന്നത്. കാരണം പുള്ളി നവ മാദ്ധ്യമങ്ങൾ ഒന്നും ഉപയോഗിക്കാൻ താല്പര്യം ഉള്ള ആളല്ല. ഫോൺ തന്നെ വളരെ ബുദ്ധിമുട്ടി ആണ് കൊണ്ട് നടക്കുന്നത്. അതുകൊണ്ട് അപ്പനും ആയി തുറന്നു ഒരു സംസാരം നടക്കുക ആണെങ്കിൽ ഇതിൽ പറഞ്ഞത് എനിക്ക് തിരുത്തേണ്ടി വരും.

അപ്പൻ വലിയ വിശ്വാസി ഞാൻ ചെറിയ വിശ്വാസി അത് കൊള്ളാമല്ലോ? ഈ വിശ്വാസം അളക്കുന്നത് സയന്റിഫിക് രീതി വെച്ചിട്ട് ആണോ?

അല്ല. വിശ്വാസം അളക്കാൻ സയൻസ് ഒരു അളവുകോൽ ഉണ്ടാക്കും എന്ന് തോന്നുന്നില്ല. ചിലപ്പോൾ ഭാവിയിൽ നമ്മൾ പ്രാർത്ഥിക്കുമ്പോൾ തലയുടെ സ്കാൻ എടുത്തു ഓരോ ഭാഗങ്ങളും എന്തോരം പ്രവർത്തനനിരതമാവുന്നു എന്ന് നോക്കി ഒരു അളവ് കോൽ വരുമായിരിക്കും. ഞാൻ ഉദേശിച്ചത് വിശ്വാസം ഒരിക്കലും ഒരു ഉണ്ട് / ഇല്ല എന്ന മാതിരി ഉള്ള ഒരു കാര്യമല്ല. അത് ഒരു spectrum/ സ്പെക്ട്രം(മലയാളത്തിൽ പ്രകാശത്തിന്റെ കാര്യത്തിൽ പറയുന്ന വർണരാജി പോലെ) ആണ്. 0 - 10 എന്ന ഒരു അളവുകോൽ എടുത്താൽ (അതായത് 0 എന്നത് ഒട്ടും വിശ്വാസം ഇല്ലാത്ത ആൾ, 10 എന്നാൽ ദൈവം ഉണ്ടെന്ന് അറിയുന്ന അതായത് വിശ്വാസം കടന്ന് അത് അറിവ് ആകുന്ന അവസ്ഥ) നമ്മൾ എല്ലാവരും ഇതിനു ഇടയിൽ എവിടെ എങ്കിലും ആയിരിക്കും. ഒരിക്കലും 0 അല്ലെങ്കിൽ 10 ഇൽ ആരും ഉണ്ടാവില്ല. അപ്പൻ പുള്ളിയുടെ വിശ്വാസകാലത്തു 7 ഇൽ ആയിരുന്നിരിക്കാം. ഞാൻ 5.5.

കുറച്ചുകൂടി നാലുപേര് അറിയുന്ന അളവുകോൽ ഡോക്കിങ്സ് സ്കെയിൽ ആണ്.

നമ്മൾ പറഞ്ഞു വന്നത് ഇപ്പോൾ ഇത് പബ്ലിക് ആയി പറയാൻ ഉണ്ടായ കാരണം ആയിരുന്നു. അന്യൻ-അംബി അതുപോലെ അപ്പൻ കോവിഡ് പിടിച്ചു കിടന്നപ്പോൾ നടത്തിയ പുകക്കൽ അതൊക്കെ ആണ് പറഞ്ഞത്. വേറെ കാരണങ്ങൾ ഉണ്ടോ?

അങ്ങനെ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ഒന്ന് ജെറിന്റെ മാമ്മോദീസ. അതിനു മുൻപ് ഞാൻ ഒരു വിശ്വാസി അല്ല എന്ന് പറഞ്ഞാൽ മാമ്മോദീസക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന ഭയം. ഞങ്ങളുടെ പള്ളിക്കാർ അങ്ങനെ ചെയ്യാൻ സാധ്യത ഇല്ല. കാരണം അപ്പൻ ഒരു നിരീശ്വരവാദി ആയിരിക്കെ ആണ് ഞങ്ങളുടെ ആദ്യ കുർബാനസ്വീകരണവും, ഞങ്ങളുടെ കല്യാണവും ഒക്കെ പള്ളിയിൽ വെച്ച് നടന്നത്. എന്നാലും വെറുതെ ഒരു ഭയം. 

പിന്നെ ഇതൊക്കെ എഴുതാൻ സമയം വേണ്ടേ. ഇപ്പോൾ ഫാമിലി നാട്ടിൽ ആയതുകൊണ്ട് സമയം ഉണ്ട്. അതുകൊണ്ട് എഴുതുന്നു. 

പിന്നെ വേറെ ഒരു ഭയം ഉണ്ടായിരുന്നത് ഏതാണെന്നു വെച്ചാൽ ഇങ്ങനെ പറയുമ്പോൾ ഭാവി എന്താകും എന്നായിരുന്നു. അപ്പനു നെഞ്ചും വിരിച്ചു നടക്കാം, കാരണം ജോലി കിട്ടുന്നതിന് മുൻപ് നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ ആയിരുന്നു, കിട്ടിയ ജോലി കാക്കിയിട്ട എക്സൈസ് ഓഫീസർ. പിന്നെ പുള്ളിക്ക് ആണെങ്കിൽ വർത്താനം പറഞ്ഞു ആൾക്കാരെ കൈയിൽ എടുക്കാൻ ഉള്ള അപാര കഴിവും. പുള്ളിയും ആയി ആരെങ്കിലും 10-15 മിനിറ്റ് സംസാരിച്ചാൽ പിന്നെ അപ്പനെ ആ ആൾ മറക്കില്ല. അപ്പൻ കുറച്ചു കഴിയുമ്പോൾ മറന്നാലും. ഇരിഞ്ഞാലക്കുട, ചാലക്കുടി ടൗണിൽ അപ്പന്റെ കൂടെ പോയാൽ മണിക്കൂറിനു അഞ്ചാറ് ആളുകൾ വെച്ച് ഇങ്ങോട്ടു വന്നു സംസാരിക്കും. പുള്ളി പണ്ട് ചെയ്തു കൊടുത്ത എന്തെങ്കിലും ഉപകാരം ആയിരിക്കും. അല്ലെങ്കിൽ ഏതെങ്കിലും ചായക്കടയിൽ കണ്ട പരിചയം ആയിരിക്കും. അപ്പോൾ അപ്പൻ സംസാരിക്കുന്നത് കേട്ടാൽ തോന്നും അപ്പന് ആളെ മനസിലായി എന്ന്. അത് കഴിഞ്ഞു ചോദിച്ചാൽ അപ്പന് ആളെ ചിലപ്പോൾ മനസിലായിട്ടുണ്ടാവില്ല. പക്ഷെ ഇത്തവണയും ഒരു പത്തു പതിനഞ്ച് മിനിറ്റു സംസാരിച്ചിട്ട് ഉണ്ടാകും. അതെല്ലാം പോട്ടെ. ഞാൻ പഠിച്ച സ്കൂളിൽ ജോയ് ജോർജ് ആരാണ് എന്ന് ആർക്കും വലിയ പിടിയില്ല. പക്ഷെ ജോയ് ജോർജിന്റെ അപ്പനാണ് എന്ന് പറഞ്ഞാൽ അവിടത്തെ പ്യുൺ മുതൽ ഹെഡ് മാഷ് വരെ അറിയും. എനിക്ക് ജോലി കിട്ടി ഏറെക്കുറെ 10 വർഷങ്ങൾക്ക് ശേഷം ആരുടെയോ എന്തോ കല്യാണ ആലോചനയോ സ്ഥല കച്ചവടമോ  മറ്റോ  അന്വേഷിക്കാൻ അപ്പൻ ഫോണിൽ ഹെഡ് മാഷെ വിളിച്ചു ജോയ് ജോർജിന്റെ അപ്പനാണ് എന്ന് പറഞ്ഞപ്പപ്പോൾ ഞൊടിയിടയിൽ ആണ് പുള്ളിക്ക് മനസിലായത്. അങ്ങനെ ഒരു കഴിവും ഇല്ലാത്തതുകൊണ്ട് ഞാൻ ഈ മതം വിട്ടു എന്ന് പറഞ്ഞാൽ ഭാവി എങ്ങിനെ ആകും എന്ന് എനിക്ക് അറിയിലായിരുന്നു. കേരളത്തിൽ പോകേണ്ടി വന്നലത്തെ കാര്യം ആണ്. അമേരിക്കയിൽ യാതൊരു പ്രശ്നവും ഇല്ല. ചുരുങ്ങിയ പക്ഷം ഇപ്പോൾ താമസിക്കുന്ന ന്യൂ ജേഴ്സിയിൽ. 

കഴിഞ്ഞ മെയ് മാസം മുതൽ ഞാൻ ഉപയോഗിച്ച് തുടങ്ങിയ ക്ലബ് ഹൌസ് എന്ന ഓഡിയോ സോഷ്യൽ മീഡിയ പ്ലാറ്റുഫോം ആണ് കുറച്ചു ധൈര്യം തന്നത്. അതിലെ ചർച്ചകൾ വെച്ച് നോക്കുമ്പോൾ നമ്മുടെ ആളുകൾ വളരെ അധികം മാറിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. തുറന്നു പറയാൻ ഉള്ള മറ്റൊരു കാരണം. 

പിന്നെ ഈ അടുത്ത കാലത്തു ഉദയം ചെയ്ത ക്രിസംഘി മനോഭാവം. ഒരു ചെകിടത്തു അടിച്ചാൽ മറ്റേ ചെകിട് കാണിച്ചു കൊടുക്കാൻ പറഞ്ഞ കർത്താവിന്റെ അനുയായികൾ ഒരു സിനിമയുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന വെല്ലുവിളികൾ, ഭീഷണികൾ. അതുപോലെ ലൗ ജിഹാദ് സംബന്ധമായ മെസ്സേജുകൾ ഞാൻ ഉൾപ്പെടുന്ന പല ഫാമിലി വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ കണ്ടത്. അതിനു എതിരെ ഞാൻ പറഞ്ഞപ്പോൾ എനിക്ക് കിട്ടിയ മറുപടികൾ, ഒക്കെ കണ്ടപ്പോൾ അടുത്തു തന്നെ ചിലപ്പോൾ നമ്മുടെ കുടുംബത്തിൽ നിന്നും പോലും ആളുകൾ കൊല്ലാൻ ഇറങ്ങിക്കളയുമോ എന്നുള്ള ഭയം എന്നെ എൻ്റെ നിലപാട് അറിയിക്കണമെന്നും ഈ വക കാര്യങ്ങൾക്ക് എതിരെ പറയണം എന്നും തോന്നിപ്പിച്ചത്.

ആദ്യമായി ഈ നിലപാട് മാറ്റം പറഞ്ഞത് ആരോടാണ്? അപ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായോ?

ആദ്യം അറിഞ്ഞത് എന്നോ പറഞ്ഞത് എന്നോ ഓർമ്മയില്ല. ആദ്യം മനസിലാക്കിയത് അമേരിക്കയിൽ H1B വിസയിൽ 2014 ഇൽ ആദ്യം വന്നപ്പോൾ കൂടെ താമസിച്ചിരുന്ന റൂം മേറ്റ് ആയിരിക്കണം. ആദ്യം ഞാൻ ഒന്നൊന്നര മൈൽ അകലെ ഉള്ള പള്ളിയിലേക്ക് നടന്നു പോകുന്ന ഭക്തൻ ആയിരുന്നു. പിന്നെ ഞാൻ യൂട്യൂബിൽ യുക്തിചിന്ത ചായ്‌വ് ഉള്ള വീഡിയോസ് കാണുന്നു. പക്ഷെ അപ്പോഴും പള്ളിയിൽ പോകുന്നുണ്ട്. 

ശരിക്കും ഞാൻ മൊത്തമായി മാറിയ കാര്യം പറഞ്ഞതും, അറിഞ്ഞതും മ്മ്‌ടെ പങ്കാളി തന്നേയ്. ഒരു ദിവസം കാലത്തു എഴുന്നേറ്റ് വന്നപ്പോൾ പറഞ്ഞതല്ല. അത് ഒരു കുറച്ചു കാലം എടുത്ത പ്രക്രിയ ആയിരുന്നു. എനിക്ക് ഇങ്ങനെ ഒരു മാറ്റം വരുന്നുണ്ട് നന്നായി പ്രാർത്ഥിച്ചോളൂ എന്ന് ഞാൻ പറഞ്ഞിരുന്നു. എൻ്റെ വീട്ടിൽ അപ്പൻ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്ന അമ്മയെയും അമ്മായിയേയും കണ്ടിട്ടുണ്ട്. പക്ഷെ ഇവിടെ എൻ്റെ കാര്യത്തിൽ അങ്ങനെ ഉണ്ടായില്ല. ചിലപ്പോൾ ഷോ കാണിച്ചു പ്രാർത്ഥിക്കുന്ന ശീലം ഇല്ലായിരിക്കാം. പുള്ളിക്കാരിക്ക്. പിന്നെ ഞാൻ 2018 ഡിസംബർ മാസത്തിൽ ഈ യുക്തി ചായ്‌വ് ഉള്ള യൂട്യൂബ് വീഡിയോസ് കാണൽ നിറുത്തി ഓൺലൈൻ ധ്യാനം കൂടുന്ന കാര്യം പറഞ്ഞിരുന്നു. അത് എന്നെ തന്നെ ബോധ്യപ്പെടുത്താൻ വേണ്ടിയും കൂടി ആയിരുന്നു. ഞാൻ യൂട്യൂബിൽ കേൾക്കുന്ന വീഡിയോസ് ആണോ എന്നെ മാറ്റുന്നത് എന്ന് എനിക്ക് തന്നെ ഉറപ്പില്ലാത്ത സമയം. പക്ഷെ 2018 ഡിസംബർ മാസം ഈ ധ്യാനം കൂടി കഴിഞ്ഞും എനിക്ക് വിശ്വാസി ആകാൻ പറ്റുന്നില്ല എന്ന് മനസിലായപ്പോൾ ഞാൻ ഒരു ദിവസം തുറന്നു പറഞ്ഞു. ഞാൻ ഉദേശിച്ചത് ഭയങ്കര ഒരു പൊട്ടിത്തെറി ആയിരുന്നു. തനിക്ക് എന്നെ പള്ളിയിൽ വെച്ച് കെട്ടുമ്പോൾ പറയാമായിരുന്നല്ലോടാ? താൻ തൻ്റെ അപ്പന്റെ പോലെ തന്നെ ആയി എൻ്റെ ജീവിതം കലക്കിയില്ലെടോ? ഞാൻ ഇനി എൻ്റെ വീട്ടുകാരുടെയും, നാട്ടുകാരുടെയും മുഖത്തു എങ്ങിനെ നോക്കും? ഈ ചതി എന്നോട് വേണ്ടായിരുന്നു. രണ്ടു പിള്ളേരെ ഉണ്ടാക്കുന്നതിനു മുൻപ് പറഞ്ഞു തൊലച്ചൂടാരുന്നോ? അത് കഴിഞ്ഞു വീട്ടുകാരെ വിളിച്ചു പറഞ്ഞു  അവരുടെ വക ഷോ.  

പക്ഷെ അങ്ങനെയൊക്കെ പ്രതീക്ഷിച്ച എനിക്ക് ഒന്നും നേരിടേണ്ടി വന്നില്ല. അത് ഒരാളുടെ തീരുമാനം അല്ലെ, വേണ്ടെങ്കിൽ വേണ്ട എന്ന ഒരു നിലപാട് ആണ് പുള്ളിക്കാരി എടുത്തത്. അതിനു എങ്ങിനെ ധന്യയോട് നന്ദി പറയണം എന്ന് എനിക്ക് അറിയില്ല. അതുപോലെ സോറി ധന്യ. ധന്യയുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ ഞാൻ ചെയ്തത് ഒരിക്കലും ശരിയായി എന്ന് എനിക്ക് തന്നെ തോന്നുന്നില്ല. പക്ഷ എൻ്റെ അവസ്ഥ ഞാൻ പറഞ്ഞല്ലോ എനിക്ക് ഇപ്പോൾ ഇതാണ് ശരി എന്ന് തോന്നുന്നത്. ഈ അന്യൻ - അംബി കളി എനിക്ക് പറ്റുന്നില്ല.

പുള്ളിക്കാരിക്ക് ഇങ്ങനെ പറയാൻ പറ്റിയത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് ചിന്തിച്ചിട്ട് ഇതുവരെ മനസിലായിട്ടില്ല. ചിലപ്പോൾ പുള്ളിക്കാരി വളർന്നു വന്ന സാഹചര്യം അല്ലെങ്കിൽ പുള്ളിക്കാരിയുടെ ദൈവ സങ്കൽപം, മതം വിടുന്നവരെ വെറുക്കാൻ പഠിപ്പിക്കാത്ത ഒന്നായിരിക്കും. ചിലപ്പോൾ എൻ്റെ അപ്പനെ കണ്ടപ്പോൾ പുള്ളിക്കാരിക്ക് തോന്നിക്കാണും ഞാനും ഒരുനാൾ അങ്ങനെ മാറും എന്ന്. അതുകൊണ്ട് പുള്ളികാരിക്ക് ഷോക്ക് ആയില്ല. എന്തായാലും എൻ്റെ നല്ല പെരുമാറ്റം, സ്വഭാവം കൊണ്ട് ആകാൻ ഒരു സാധ്യതയും കാണുന്നില്ല. കാരണം എനിക്ക് പറ്റാത്ത കാര്യങ്ങൾ ഏറെക്കുറെ ഞാൻ പെട്ടെന്ന് തന്നെ തുറന്നു പറയുന്ന സ്വഭാവക്കാരൻ ആണ്. വെട്ടി മുറിച്ചാണ് പറയലും അത് ഓഫീസിൽ ആയാലും വീട്ടിൽ ആയാലും, പഞ്ചാര ചാലിച്ചു പറയാൻ വലിയ പിടിപാടില്ല.

അതുപോലെ ഓരോരോ വഴിക്ക് ആളുകൾ അറിഞ്ഞു. പ്രധാനമായും ആത്മീയം എന്ന ടാഗിൽ ഞാൻ എഴുതിയ പോസ്റ്റുകൾ, പിന്നെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലെ ഫേസ് ബുക്കിലെ എൻ്റെ മറുപടികൾ. 

വെടി പൊട്ടിച്ച നിലക്ക്  ആദ്യഭാഗമായ  ഈ പോസ്റ്റ്ഇവിടെ വെച്ച് നിറുത്താം. രണ്ടാം ഭാഗത്തു എങ്ങനെ ഈ മാറ്റം ഉണ്ടായി എന്ന കാരണം.