2019, ജനുവരി 19, ശനിയാഴ്‌ച

മാമ്മോദീസ - ഇടയിലെ ലേഖനം

ആട്ടിടയന്മാർ മാമോദീസയെക്കുറിച്ചു ഇറക്കുന്ന ഇടയലേഖനം അല്ല ഇത്. രണ്ടാമത്തെ സന്താനത്തിന്റെ ജനനത്തിനും ആശാനെ മാമ്മോദീസ മുക്കുന്നതിനും ഇടയിൽ ഞാൻ എഴുതുന്ന ഒരു ലേഖനം ആണ് ഈ ഇടയിലെ ലേഖനം.

ഇടയൻ എന്നത് യേശു അറിഞ്ഞു ഉപയോഗിച്ച വാക്കാണ് എന്നാണ് തോന്നുന്നത്. കാരണം ഇടയൻ എന്തൊക്കെ നല്ല ആൾ ആണെങ്കിലും അയാളുടെ ലക്ഷ്യം ആടുകളുടെ ക്ഷേമം അല്ല, സ്വന്തം ക്ഷേമം ആണ്. അയാൾക്ക് ആടുകളുടെ പാൽ വേണം, ചെമ്മരിയാട് ആണെങ്കിൽ രോമം എടുത്തു വസ്‌ത്രം ഉണ്ടാക്കണം, ഭക്ഷണം വേണം. അല്ലാതെ ആടുകളെ അനാഥശാലയിലെയോ, വൃദ്ധസദനത്തിലെപോലെയോ ചുമ്മാ അങ്ങ് സംരക്ഷിക്കുകയല്ല. 'കാണാതെയാകുന്ന ആടിനെ ചെന്നായയിൽ നിന്ന് രക്ഷിച്ചു കൊണ്ട് വരുന്നത് എന്തിനാണ്' എന്നാണ് അരിഭക്ഷണം കഴിക്കുന്ന എല്ലാവര്ക്കും അറിയാലോ.

മാമ്മോദീസയിലേക്ക് തിരിച്ചു വരാം. ഒരുപക്ഷെ കുറച്ചുകൂടി കൊല്ലങ്ങൾ മുൻപോ, കഴിഞ്ഞോ ആയിരുന്നു ജനനം എങ്കിൽ ഇങ്ങനെ ഒരു ലേഖനം ഉണ്ടാകുമായിരുന്നില്ല എന്ന് തോന്നുന്നു.കാരണം  മുൻപ് ആയിരുന്നു എങ്കിൽ മാമ്മോദീസ വേണം  എന്നും, കഴിഞ്ഞു ആണെങ്കിൽ മാമ്മോദീസ വേണ്ട എന്ന ഒരു അഭിപ്രായത്തിൽ എത്തിയേനെ. ആദ്യത്തെ സന്താനത്തെ മെത്രാനെകൊണ്ട്  അല്ലെങ്കിലും പള്ളിയിൽ വച്ച് മുക്കിയിട്ടുണ്ട്.

പക്ഷേ ഇപ്പോൾ ഒരു മാറ്റത്തിനു ഇടയിൽ ആയതുകൊണ്ട് ഉള്ളിൽ ഒരു വടം വലി നടക്കുന്നു. നടക്കുന്ന വടം വലിയിലെ രണ്ടു ഭാഗങ്ങൾ ആണ് കൊടുത്തിരിക്കുന്നത്.

മാമ്മോദീസ മുക്കണം


മാമ്മോദീസ എന്താണ്. അത് വേണം എന്ന് പറയുന്ന വാദങ്ങൾ ഒക്കെയാണ് ഈ ഭാഗത്തിൽ

എന്താണ് മാമ്മോദീസ?


കത്തോലിക്കാ സഭ എന്ന് പറയുന്ന കോർപ്പറേറ്റ് പല സമയത്തു വ്യത്യാസപ്പെടുത്തിയിട്ടുണ്ടെങ്കിലും മാമ്മോദീസായെപ്പറ്റി  പഠിപ്പിക്കുന്നതിന്റെ സാരാംശം ഏറെക്കുറെ ആദിപാപം മാറ്റാനാണ് മാമ്മോദീസ എന്നതാണ്.രണ്ടാമത് വരുന്നത് ആണ് സഭയിലേക്ക്  ഔദ്യോഗികമായി ആളെ ചേർക്കുന്ന പരിപാടി എന്ന മാമ്മോദീസ ചടങ്ങ്.

കൂദാശ എന്നൊക്കെ പറയും എങ്കിലും സംഗതി പ്രാർത്ഥനയും, പാട്ടും, വിരുന്നു സൽക്കാരവും ഒക്കെയുള്ള ഒരു മത ചടങ്ങാണ്.  കൈയ്യിൽ പൈസ ഇല്ലാത്തവൻ  ആണെങ്കിൽ അവനു അടിസ്ഥാനപരമായ ഒരു ചടങ്ങ് ആയി മാമ്മോദീസ നടത്തിക്കിട്ടും. വിവാഹം ആണെങ്കിൽ മുൻപ് പള്ളിയിലേക്ക് കൊടുക്കാൻ എന്തെങ്കിലും പൈസ ബാക്കി ഉണ്ടെങ്കിൽ അതൊക്കെ കൊടുക്കേണ്ടി വരും. കോളേജിൽ പഠിക്കുമ്പോൾ ഹാൾ ടിക്കറ്റ് കിട്ടാൻ നമ്മൾ ലാബിലും, സമരം ചെയ്തപ്പോഴും ഒക്കെ ഉണ്ടാക്കിയ നഷ്ടവും, അതുപോലെ കൊടുക്കാനുള്ള ഫീസും ബാക്കി കുടിശ്ശികകളും കൊടുക്കണം എന്ന് പറയുന്നപോലെ. എൻ്റെ കല്യാണത്തിന്  ഞാൻ അച്ചനോട് എറണാകുളത്തു കമ്പ്യൂട്ടറിന്റെ പരിപാടി ആണെന്ന് പറഞ്ഞതുകൊണ്ട് വലിയ തട്ടുകേടില്ലാതെ ചെറിയ ഒരു സംഭാവന കൊടുത്തു രക്ഷപ്പെട്ട്. അച്ചൻ വിചാരിച്ചു എന്തോ കമ്പ്യൂട്ടർ ബ്രൗസിംഗ് സെന്റർ പോലെത്ത വലിയ പൈസ തടയാത്ത പരിപാടി ആണെന്ന്. സോഫ്റ്റ്‌വെയർ എന്നങ്ങാനും പറഞ്ഞിരുന്നെങ്കിൽ ആലോചിക്കാനേ വയ്യ. മാമ്മോദീസക്ക് പക്ഷെ അങ്ങനെ ഇല്ല എന്ന് തോന്നുന്നു.

ചടങ്ങ് സിമ്പിൾ ആണ്. വരുന്നവർ എല്ലാവരും പള്ളിക്ക് പുറത്തു നിൽക്കുന്നു വിത്ത് തലതൊട്ടപ്പൻ ആൻഡ് തലതൊട്ടമ്മ. ബിയോളോജിക്കൽ മാതാപിതാക്കന്മാരോടൊപ്പം ഒരു ജോഡിയെക്കൂടി കൊച്ചിന് നൽകുന്ന പരിപാടിയാണ് ഇത്. കൊച്ചു വലുതാകുമ്പോൾ സ്വന്തമായി ചിന്തിക്കാൻ തുടങ്ങി അപ്പനും അമ്മയ്ക്കും രക്ഷയില്ലാതെ വരുമ്പോൾ ഈ തലതൊട്ട ജോഡിക്കും കൊച്ചിനെ വിശ്വാസത്തിൽ ഉറപ്പിക്കാൻ ബാധ്യതയുണ്ട്. അതുപോലെ എട്ടും പൊട്ടും തിരിയാത്ത ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ കൊച്ചിന് വേണ്ടി സഭ പറയുന്ന Terms & Conditions സമ്മതിക്കുന്നത് ഈ എക്സ്ട്രാ ജോഡികൾ ആണ്.

ഈ പുറത്തു നിൽക്കുന്നവരെ അച്ചൻ വാതിലിനു അടുത്തേക്ക് വന്നു കുറച്ചു പ്രാർത്ഥനകൾക്ക് ശേഷം അകത്തു പ്രവേശിപ്പിക്കുന്നു. പിന്നെ വീണ്ടും കുറച്ചു പ്രാർത്ഥനകൾ അതിനു ശേഷം കൊച്ചിന്റെ തലയിൽ കൂടി വെള്ളം ഒഴിക്കുന്നു.

പണ്ട് വെള്ളം ഒഴിക്കൽ അല്ലായിരുന്നു. വെള്ളത്തിൽ മുക്കൽ തന്നെയായിരുന്നു. കാരണം ബൈബിളും നോക്കിയാൽ കർത്താവും ഒക്കെ മുങ്ങുകയായിരുന്നു. ചുമ്മാ കുറച്ചു വെള്ളം ഒഴിക്കുകയായിരുന്നില്ല. ഇപ്പോഴും ചില സഭകൾ അങ്ങനെ പിന്തുടരുന്നുണ്ട്.

ഇനി കൈയ്യിൽ അധികം പൈസ നീക്കിയിരിപ്പുണ്ടെങ്കിൽ മെത്രാനെ വിളിക്കാം. എൻ്റെ കല്യാണ സമയത്തു എൻ്റെ മാസശമ്പളത്തിന്റെ അഞ്ചിലൊന്ന് ഉണ്ടായിരുന്നെങ്കിൽ ഒരാളെ കിട്ടിയേനെ. ഇനി പറഞ്ഞിട്ട് കാര്യമില്ല. അതുപോലെ മാമ്മോദീസക്ക് കുർബാന ചൊല്ലാം. അടിസ്ഥാനപരമായ മാമ്മോദീസക്ക് കുർബാന വേണ്ട. പക്ഷെ പൈസ ഉണ്ടെങ്കിൽ ഒരെണ്ണം വെക്കാം. കുറച്ചു കൂടി പൈസ മുടക്കിയാൽ അത്  പാട്ട് കുർബാനയാക്കാം. പിന്നെയും വേണമെങ്കിൽ അത് ആഘോഷപരമായ പാട്ടുകുർബാനയാക്കാം. ഫുൾ ലൈറ്റ് ഇടണമെങ്കിൽ കുറച്ചുകൂടി ചിലവ് കൂടും .

പള്ളിയിലെ പരിപാടികൾക്ക് ശേഷം വീട്ടിൽ വന്നോ അല്ലെങ്കിൽ ഒരു ഹാൾ വാടകക്ക് എടുത്തോ ആർമാദിക്കാം. ഫുഡ്, അതിനൊത്തു വെള്ളം കളി, പിന്നെ ഗാനമേള, വേണമെങ്കിൽ കാബറെ അങ്ങനെ എന്ത് വേണമെങ്കിലും ആകാം. പള്ളിയിലെ പരിപാടി കഴിഞ്ഞാൽ പിന്നെ എന്തൊക്കെ ചെയ്യണം അല്ലെങ്കിൽ ചെയ്യണ്ട എന്ന് സഭക്ക് വലിയ പിടിവാശി ഒന്നുമില്ല. അതൊക്കെ ഓരോ നാട്ടിലെ ചടങ്ങുകൾ ആണ്.

ഇനി മാമ്മോദീസ നടത്തണം എന്ന് വാദിക്കാനുള്ള കാരണങ്ങൾ നോക്കാം.

ആദിപാപം മാറ്റാൻ മാമ്മോദീസ


എന്താണ് ആദിപാപം? സംഗതി സിംപിളും പവർഫുള്ളും ആണ്. ബൈബിൾ അനുസരിച്ചു ദൈവം നേരിട്ട് ആദ്യമായി പൂഴിയിൽ നിന്നും ഉണ്ടാക്കിയ ആദവും ഹവ്വയും ദൈവം തിന്നരുത് എന്ന് പറഞ്ഞിരുന്ന ഒരു പഴം സർപ്പത്തിന്റെ പ്രേരണയാൽ ഭക്ഷിച്ചു. അതുകൊണ്ട് കോപാക്രാന്തനായ ദൈവം അവരെ മാത്രമല്ല അവർക്ക് ഇനി ഉണ്ടാകാൻ പോകുന്ന എല്ലാ കുട്ടികളെയും ശിക്ഷിച്ചു. ജനിക്കുന്ന കുട്ടികൾ പോലും ഈ പഴം തിന്ന പാപം ഉള്ളവരാണ് എന്നും അത് മാറാൻ മാമ്മോദീസ മുക്കണം എന്നുമാണ് സഭയുടെ പഠിപ്പിക്കൽ. 

പറയുമ്പോൾ സിമ്പിൾ ആണെങ്കിലും ഓരോന്നും ചിന്തിക്കാൻ തുടങ്ങിയാൽ കുറച്ചധികം ഉണ്ട്.


ബൈബിൾ


ബൈബിൾ പലതുണ്ട്. ദൈവം നേരിട്ട് പാപ്പിറസ് ഇലയിൽ പ്രിന്റ് ചെയ്തു ഇറക്കിയ ഒരു പുസ്തകം അല്ല ബൈബിൾ. കുറച്ചു ആളുകൾ വട്ടം കൂടിയിരുന്നു അന്ന് കാലത്തു ലഭ്യം ആയിരുന്ന കുറച്ചു പുസ്തകങ്ങൾ ചേർത്ത് ഒരു വലിയ പുസ്തകം ഉണ്ടാക്കി അതിനെ ബൈബിൾ എന്ന് വിളിക്കുന്നു അത്ര മാത്രം. ബൈബിളിൽ ഉള്ള ഓരോ പുസ്തകങ്ങളും വേറെ വേറെ ആളുകൾ എഴുതിയതാണ്. ചില ലേഖനങ്ങൾ വേണമെങ്കിൽ നേരിട്ട് എഴുതിയിട്ടുണ്ടാകാം. പുസ്തകങ്ങൾ തിരഞ്ഞെടുത്തവർ അവരുടെ ആശയങ്ങൾക്ക് ചേരുന്ന പുസ്തകങ്ങൾ മാത്രം എടുത്തു അല്ലാത്തത് കളഞ്ഞു അതുപോലെ ചിലത് നശിപ്പിച്ചിട്ടുണ്ടാകും.

പണ്ട് കാലത്ത് എഴുത്തും വായനയും എല്ലാവർക്കും അറിയാൻ സാധ്യതയില്ല. വാമൊഴി ആയിട്ടായിരുന്നു കുറെ കാര്യങ്ങൾ പ്രചരിച്ചിരുന്നത്. എഴുതുന്നവർ ഏതൊക്കെയോ കാലത്തു കേട്ടറിവുകൾ വച്ച് എഴുതിയത് ആയിരിക്കാം ഈ തിരെഞ്ഞെടുത്ത പുസ്തകങ്ങൾ. ഇങ്ങനെ വേറെ വേറെ ആളുകൾ എഴുതിയത് കൊണ്ട് ആയിരിക്കാം ബൈബിളിൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞിരിക്കുന്നത്. ചുമ്മാ ഗൂഗിൾ ചെയ്താൽ ലിസ്റ്റ് തന്നെ കിട്ടും.

പിന്നെ വന്നുകൂടാൻ സാധ്യതയുള്ള തെറ്റുകൾ പ്രശ്‍നങ്ങൾ ആണ് വിവർത്തനത്തിന്റെ ശുദ്ധത. പല വാക്കുകളും വിവർത്തനം ചെയ്യുമ്പോൾ അർത്ഥം മാറിപ്പോകാം. ഒരു ഭാഷയിൽ നിന്നും വിവർത്തനം ചെയ്തു വേറെ ഭാഷയിൽ എത്തി അവിടെ നിന്ന് വീണ്ടും വിവർത്തനം ചെയ്യുമ്പോൾ പിന്നെയുപ്രശ്നങ്ങൾ ഉണ്ടാകാം. അതുപോലെ ഒരു കാലഘട്ടത്തിൽ ഒരു വാക്കിന് ഉണ്ടായിരുന്ന അർഥം ആയിരിക്കില്ല വേറെ കാലത്തിൽ. 

ഓരോ സഭകളും അവരുടേതായ ബൈബിൾ ആണ് പിന്തുടരുന്നത്. ഇവിടെ ഞാൻ കത്തോലിക്കാ സഭ , കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാൽ റോമൻ കത്തോലിക്ക സീറോ മലബാർ വിഭാഗത്തിൽ പെടുന്നതുകൊണ്ട് POC ബൈബിൾ ആണ് പിന്തുടരുന്നത്. അതിന്റെ മലയാളത്തിൽ ഉള്ള  ഓൺലൈൻ എഡിഷൻ ലിങ്ക് ആണ് താഴെ കൊടുത്തിരിക്കുന്നത്.


പ്രത്യേകിച്ച് വലിയ കെട്ടുറപ്പില്ലാത്ത ഒരു ബൈബിൾ എന്ന പുസ്തകത്തിനെ വച്ചാണ് ഇനി പറയുന്ന കാര്യങ്ങൾ. അതുകൊണ്ട് ബൈബിൾ എന്താണെന്ന് പറഞ്ഞെന്നു മാത്രം.

ഏദൻതോട്ടത്തിലെ പഴം


മുകൾ പറഞ്ഞ ബൈബിൾ അനുസരിച്ചു ദൈവം ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവൻ്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തിട്ടാണ് ജീവനുള്ള മനുഷ്യനെ ഉണ്ടാക്കിയത്. പൂഴി എന്ന് നമ്മൾ ഇപ്പോൾ മനസിലാക്കുന്നത് വെള്ളത്തിന്റെഅ അംശം ഇല്ലാത്ത തരിയായിട്ടുള്ള മണൽ ആണ്. എങ്ങനെ തരി മണൽ ഉപയോഗിച്ച് ഒരു രൂപം ഉണ്ടാക്കും എന്നൊന്നും ചോദ്യം ഇല്ല. മറ്റു ചില പുസ്തകങ്ങളിൽ കളിമണ്ണ് കൊണ്ട് ഉണ്ടാക്കി എന്ന് പറയുന്നു. അത് എഴുതിയത് ബൈബിൾ എഴുതിക്കഴിഞ്ഞു കുറച്ചുകൂടി മനുഷ്യന് ചിന്താശേഷി വന്നതിനു ശേഷം ആയിരിക്കാം. അല്ലെങ്കിൽ വിവർത്തനം ചെയ്തപ്പോൾ കളിമണ്ണ് പൂഴി ആയതു ആയിരിക്കാം. എന്തായാലും മനുഷ്യനെ ഉണ്ടാക്കി ഏദന്തോട്ടത്തിൽ മേയാൻ വിട്ടു. ഏദൻ തോട്ടം എന്ന് പറയുന്നത് ദൈവം പ്രത്യേകം ആയിട്ട് മനുഷ്യന് വേണ്ടി ഉണ്ടാക്കിയ ഒരു കിടിലൻ സെറ്റപ്പ് ആണ്. തോട്ടം നനക്കാൻ ഒരു ഓട്ടോമാറ്റിക് സംവിധാനം വരെ ഉണ്ടാക്കി 4 കൈ വഴികൾ ആയി പിരിയുന്ന ഒരു നദി. നമ്മൾ കാഴ്ച ബംഗ്ലാവ് ഉണ്ടാക്കി മൃഗങ്ങളെ ഇടുന്നതു പോലെ ഒരു സെറ്റപ്പ്.

ഉണ്ടാക്കിയ കൂട്ടത്തിൽ തോട്ടത്തിനു നടുവിൽ രണ്ടു പ്രത്യേക മരങ്ങളും കൂടി അങ്ങേരു പിടിപ്പിച്ചു. ജീവന്റെ വൃക്ഷവും, നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷവും. അതിൻ്റെ ശാസ്ത്രീയ നാമം ഒന്നും ചോദിക്കരുത്. അതുപോലെ അത് എന്താണെന്നും. ചുരുക്കി പറഞ്ഞാൽ അധികം ചിന്തിക്കണ്ട. മനുഷ്യനെ തോട്ടത്തിൽ മേയാൻ വിട്ടപ്പോൾ ഒരു കല്പന കൊടുത്തു. ഈ രണ്ടു മരങ്ങളിൽ നന്മ തിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തിലെ പഴം ഭക്ഷിക്കരുത്. തിന്നുന്ന ദിവസം നീ മരിക്കും. നമ്മൾ കൊച്ചുങ്ങളോട് പഞ്ചസാര തിന്നാൽ വയറ്റിൽ പുഴു വന്നു നീ മരിക്കും എന്ന് പറയുന്നപോലെ ഒരു കല്പന.

ഈ പറഞ്ഞത് ഒക്കെ താഴെ കൊടുത്തിരിക്കുന്ന ബൈബിൾ ലിങ്കിൽ പോയാൽ കാണാം.

ഇപ്പോൾ ചെറിയ സംശയങ്ങൾ തോന്നാം. ബൈബിൾ നൽകിയ മരത്തിന്റെ  പേര് ആയ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷം എന്ന് വച്ച് നോക്കിയാൽ അതിൻ്റെ ഒരു പഴം തിന്നുന്നത് നല്ലതല്ലേ എന്ന് തോന്നാം? മനുഷ്യൻമാർക്ക് സംഗതി തിരിച്ചറിയാൻ പറ്റേണ്ട? പിന്നെ പുള്ളി എന്തിനാണ് അത് തിന്നരുത്‌ എന്ന് പറഞ്ഞത്?

 ഈ ജീവന്റെ വൃക്ഷത്തിൽ നിന്നും പഴം തിന്നാൽ കുഴപ്പമില്ലേ? അതിനെപ്പറ്റി പുള്ളി ഒന്നും പറഞ്ഞില്ലല്ലോ? അത് വഴിയേ കാണാം.


സർപ്പം / സാത്താൻ


ഈ സാത്താൻ ആരാണെന്നു പ്രത്യേകിച്ച് ഇൻട്രോ ഒന്നും ബൈബിൾ കൊടുക്കുന്നില്ല. സർപ്പം എന്ന് ആണ് ബൈബിൾ ഉപയോഗിച്ചിരിക്കുന്നത്. പുള്ളിയുടെ ഇൻട്രോ ആണ് "ദൈവമായ കർത്താവു സൃഷ്ടിച്ച എല്ലാ വന്യജീവികളും വച്ച് കൗശലമേറിയതായിരുന്നു സർപ്പം" എന്നത് . കൗശലം എന്ന് വച്ചാൽ ചിന്ത. ചിന്തിക്കാതെ എന്ത് കൗശലം. ഇനിയിപ്പോൾ വിവർത്തനത്തിൽ മാറിപ്പോയതാണോ എന്തോ?അന്ന് പ്രേരണകുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആളാണ് സർപ്പം. മണ്ണിൽ ഇഴയുമെന്നും, പൊടി തിന്നുമെന്നും, സ്ത്രീയുടെ സന്തതി തല തകർക്കുമെന്നും ദൈവം ശിക്ഷ കൊടുക്കുന്നു.

ബൈബിളിനു സർപ്പം എന്ന് വ്യക്തമായ തെളിവ് നല്കാൻ സാധിച്ചിട്ടും, ബൈബിൾ അവതരിപ്പിക്കുന്ന ദൈവം വ്യക്തമായി സർപ്പത്തിന് ശിക്ഷ കൊടുത്തിട്ടും, പക്ഷെ ഇപ്പോൾ സർപ്പം സാത്താൻ ആണെന്നും അല്ല സാത്താൻ സർപ്പത്തിന്റെ രൂപത്തിൽ വന്നെന്നും കഥകൾ ഉണ്ട്. ദൈവത്തിനു സർപ്പം സാത്താൻ ആണെന്നു അറിയാമേങ്കിൽ സാത്താനല്ലേ ശിക്ഷ കൊടുക്കേണ്ടത്? ഈ പാവം പാമ്പ് എന്ത് പിഴച്ചു? ബൈബിൾ സാത്താനെപ്പറ്റി വേറെ സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്. സാത്താൻ അവിടെയൊക്കെ അടിച്ചു പൊളിച്ചു നടക്കുകയാണ്. ശിക്ഷ കിട്ടിയതിന്റെ പൊടിപോലും ഇല്ല. 


കുറ്റം


സർപ്പം സ്ത്രീയോട് പറയുന്നു പഴം ഭക്ഷിച്ചാൽ നിങ്ങൾ മരിക്കുകയില്ല അത് തിന്നുന്ന ദിവസം നിങ്ങൾ ദൈവത്തെപോലെയാകും എന്ന് ദൈവത്തിനു അറിയാം. ചുരുക്കി പറഞ്ഞാൽ ദൈവം ഒരു കാട്ടിൽ ഒരു സിംഹം മതി എന്ന കാടൻ ടെക്‌നിക് ആണ് പ്രയോഗിക്കാൻ നോക്കിയത്. ഹവ്വ അത് പോളിച്ചു കൈയിൽ കൊടുത്തു. രണ്ടാളും തിന്നു.

ശരിക്കും ദൈവം പറഞ്ഞപോലെ ആയിരുന്നെകിൽ മനുഷ്യൻ അപ്പോൾ തന്നെ പടം ആയേനെ. ഇപ്പോൾ നമ്മൾ ദിനോസറുകളെ പറ്റി പഠിക്കുന്നപോലെ ദൈവം പിന്നെ ഉണ്ടാക്കാമായിരുന്ന വേറെ ഏതെങ്കിലും ജീവി വർഗം നമ്മളെപ്പറ്റി പഠിച്ചേനെ. പക്ഷെ അത് ഉണ്ടായില്ല. 

സർപ്പം പറഞ്ഞപോലെ അവർ മരിച്ചില്ല. അവരുടെ കണ്ണുകൾ തുറന്നു. അവർക്ക് അവർ നഗ്നർ ആണെന്ന് മനസിലായി. അത്തിഇല കൂട്ടിത്തുന്നി അവർ അരക്കച്ച ഉണ്ടാക്കി. ചുരുക്കി പറഞ്ഞാൽ നഗ്നത മറക്കുന്നതിലൂടെ  നാഗരികത അല്ലെങ്കിൽ സംസ്ക്കാരം എന്ന് പറയുന്ന സംഗതിയും വസ്ത്രം തുന്നി ഉണ്ടാക്കിയതിലൂടെ ടെക്നോളജിയും പിറന്നു എന്ന് പറയാം. 

ഗുരു എന്ന മലയാളം സിനിമയോട് എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം.


ശിക്ഷ


വെയിലാറിയപ്പോൾ ദൈവം ഉലാത്താൻ വന്നപ്പോഴാണ് മനസിലായത് ഇവന്മാർ സ്വന്തമായി നഗ്നൻ ആണെന്ന് മനസിലായെന്നും വസ്ത്രം ധരിച്ചെന്നും.

"നീ നഗ്നനാണെന്ന് നിന്നോടാര് പറഞ്ഞു ? നിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷത്തിന്റെ പഴം നീ തിന്നോ?" ഉല്പ 3:11 

എന്നാണ് പുള്ളി ചോദിച്ചത്? മറ്റൊരു വിധത്തിൽ പറഞ്ഞാൽ ദൈവത്തിനു ഇവർ നഗ്നർ ആണെന്ന് അറിയാം പുള്ളി ദിവസവും കാണുന്നുമുണ്ട്. പക്ഷെ പഴം തിന്നു കഴിഞ്ഞപ്പോഴാണ് മനുഷ്യന് നഗ്നൻ ആണെന് മനസ്സിലായതും ഇനി ദൈവം കാണേണ്ട എന്ന് വിചാരിച്ചു മറച്ചതും. ദൈവം ആണല്ലോ മനുഷ്യൻ അല്ലാതെ അവിടെ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിത്വം. മൃഗങ്ങളെ കണക്കാക്കിയില്ലെങ്കിൽ.

അത്യപൂർവ്വത്തിൽ അപൂർവം എന്ന വിഭാഗത്തിൽ പെടുത്തിയില്ലെങ്കിലും ദൈവം അത്യാവശ്യം നല്ല ശിക്ഷ തന്നെ നൽകി. സ്ത്രീയുടെ ഗര്ഭരിഷ്ടതകൾ ഉണ്ടായിരുന്നത് വർദ്ധിപ്പിച്ചു. അവളെ ഭർത്താവിനാൽ ഭരിക്കപ്പെടുന്നവൾ ആക്കി. അവനു റിട്ടയർ ചെയ്യാൻ സാധിക്കാത്തവിധം പണിയെടുക്കാനുള്ള ശിക്ഷ കിട്ടി. അതും പോരാഞ്ഞിട്ട്  ഇനി ഇവന്മാർ തോട്ടത്തിൽ നിന്നാൽ പ്രശനം ആണെന്ന് മനസിലാക്കി അവരെ പുറത്താക്കി. പ്രശ്‌നം എന്താണെന്നു നമുക്ക് അടുത്ത് കാണാം.

പിന്നെ പോകുമ്പോൾ പുള്ളി തോലുകൊണ്ടു ഒരു ഉടയാട ഉണ്ടാക്കി രണ്ടു പേരെയും ധരിപ്പിക്കുന്നുണ്ട്. തങ്കു തങ്കു...എന്ന് നമ്മൾക്ക് പറയാൻ തോന്നുന്ന ഒരു പ്രവൃത്തി. ഇതാണ് മൊത്തത്തിൽ ആദിപാപം. ബൈബിളിൽ പറയാത്തതിൽ കൂടുതൽ അറിയേണ്ടവർക്ക് wiki പേജ് നോക്കാം.


ജീവന്റെ വൃക്ഷം


ഒരു മരം ഇടയ്ക്കു വിട്ടുപോയി. ജീവന്റെ വൃക്ഷം. അത് എന്താണെന്നു പറയുന്നത് ഉല്പത്തി 3:22 ൽ ആണ്. സംഗതി ജാക്ക് പോട്ട് ആയിരുന്നു. അതിന്റെ പഴം കഴിച്ചാൽ അമർത്യൻ ആകാം. മനുഷ്യൻ അത് അന്ന് കഴിച്ചിരുന്നെങ്കിൽ ഇപ്പോൾ വെറുതെ ആശുപത്രികൾ ഒന്നും പണിതു വെറുതെ നമ്മുടെ ശേഷി കളയേണ്ടായിരുന്നു. ദൈവം ആ മരത്തിലേക്കുള്ള വഴി കാക്കാൻ ആണ് കെരൂബുകളെ കാവൽ നിറുത്തിയത്. ദൈവം സർവവ്യാപിയാണ്. മനുഷ്യൻ അത് മോഷ്ടിക്കുമോ എന്ന് ദൈവത്തിനു ആദ്യമേ അറിയില്ലേ?  മോഷ്ടിക്കാൻ തീരുമാനിച്ചു മനുഷ്യൻ ഇറങ്ങിയാൽ പുള്ളിക്ക് നേരിട്ട് വന്നു തടഞ്ഞു കൂടെ എന്നൊന്നും ചോദ്യമില്ല.

ഹിന്ദു പുരാണങ്ങളിൽ കാണുന്ന അമൃത് എന്ന സംഗതിയുമായി ജീവന്റെ വൃക്ഷത്തിലെ പഴത്തിനു മുള്ളിയാൽ തെറിച്ച ബന്ധം തോന്നാം. പക്ഷെ വിട്ടുകളഞ്ഞേക്ക്.


ആദിപാപം തലമുകൾക്ക് കൈമാറുമോ? ഇല്ല 


ആദി പാപം എന്താണെന്നു ബൈബിളിൽ കണ്ടു. അതുപോലെ ശിക്ഷയും. ശിക്ഷ എന്തായാലും കിട്ടി. മണ്ണിൽ പണിയെടുക്കണം, അതുപോലെ സ്ത്രീകൾ ഗർഭാരിഷ്ടതകൾ അനുഭവിക്കണം. ചെയ്യാം. സമ്മതിച്ചു. ഇനി ഇതിൽ പറയാത്ത ജനിക്കുന്ന ഓരോ കുട്ടിക്കും തനിയെ വന്നു ചേരുന്ന എന്തെങ്കിലും പാപമുണ്ടോ എന്നാണ് നോക്കുന്നത്.

ഉല്പത്തി 3:14-24 വരെയാണ് ദൈവം ശിക്ഷ പറയുന്നത്. അവിടെയൊന്നും തലമുറകളിലേക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു പാപം കൈമാറുന്നത് പറഞ്ഞിട്ടില്ല. അതുപോലെ അത് പ്രത്യേകമായി ക്ഷണിക്കണം എന്നും. അല്ലെങ്കിൽ ശിക്ഷ ഉണ്ട് എന്നും. ഇനി ഇങ്ങനെ തലമുറകളിൽ കൂടി പാപം കൈമാറില്ല എന്ന് സമർത്ഥിക്കാൻ ഉപയോഗിക്കാവുന്ന കുറച്ചു ബൈബിൾ വചനങ്ങൾ നോക്കാം.

എസെക്കിയേൽ 18:20 -  പിതാവിന്റെ ദുഷ്ടതകൾക്കുള്ള ശിക്ഷ പുത്രൻ അനുഭവിക്കാത്തതെന്ത് എന്ന് നിങ്ങൾ ചോദിച്ചേക്കാം.പുത്രൻ നിയമാനുസൃതവും ന്യായപ്രകാരവും വർത്തിക്കുകയും എൻ്റെ കല്പനകൾ അനുസരിക്കുന്നതിൽ ശ്രദ്ധ വക്കുകയും ചെയ്താൽ അവൻ തീർച്ചയായും ജീവിക്കും. പാപം ചെയ്യുന്നവൻ മാത്രമായിരിക്കും മരിക്കുക. പുത്രൻ പിതാവിന്റെ തിന്മകൾക്ക് വേണ്ടിയോ പിതാവ് പുത്രന്റെ തിന്മകൾക്കുവേണ്ടിയോ സൂക്ഷിക്കപ്പെടുകയില്ല.


ആദിപാപം തലമുകൾക്ക് കൈമാറുമോ? ഉണ്ട് 


ഇനി സംഗതി കൈമാറും എന്ന് പറയുന്ന വരികളും ബൈബിളിൽ കാണാം 

സങ്കീർത്തനങ്ങൾ 51:5 പാപത്തോടെയാണ് ഞാൻ പിറന്നത്. അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ ഞാൻ പാപിയാണ്.

ഇത് പറയുന്നത് ദാവീദ് രാജാവാണ്. ഉദരത്തിൽ ഇരിക്കുമ്പോഴേ പാപിയാണ് എന്നതുകൊണ്ട് ആദിപാപം ആണ് പുള്ളിഉദ്ദേശിച്ചത് എന്ന് കാണാം. പക്ഷെ പുള്ളി മാമ്മോദീസ മുങ്ങിയിട്ടല്ല പാപം ഇല്ലാതാക്കുന്നത്.

റോമാ 5: 12 - 16  ഒരു മനുഷ്യൻ മൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു.

പൗലോസ് പറയുന്നത് ഏറെക്കുറെ സംഗതി കൈമാറും എന്നാണ്. മാമ്മോദീസ നടത്തിയാൽ അത് മാറും എന്ന് പുള്ളി ഇവിടെ പറയുന്നില്ല. പുള്ളി ആദത്തെ യേശുവിനോടു ഉപമിച്ചു. ആദം ചെയ്ത പാപം യേശു കുരിശു മരണം ചെയ്തത് വഴി ഇല്ലാതായി എന്നാണ്. അങ്ങനെയാണെങ്കിൽ ആദിപാപം ഇപ്പോൾ ഇല്ല.


ആദിപാപവും ബൈബിൾ മാമോദീസകളും


പഴയനിയമത്തിൽ നേരിട്ട് മാമ്മോദീസ എന്ന കർമം കാണുമോ എന്ന് സംശയം ആണ്. വൃത്തിക്ക് വേണ്ടി അതുപോലെ കർമങ്ങൾ ചെയ്യുന്നതിന് മുൻപായി സ്നാനം ചെയ്യുന്ന കാര്യങ്ങൾ കാണാൻ കഴിയും. ലേവ്യ 13-15 

പുതിയനിയമത്തിൽ പഴയ കാര്യങ്ങളെക്കുറിച്ചു പറയുന്ന ഭാഗങ്ങളിൽ സ്നാനം എന്ന് ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി ഈജിപ്തിൽ നിന്നും വന്നവർ മേഘത്തിലും കടലിലും സ്നാനമേറ്റ്, മോശയോട് ചേർന്നു എന്ന് പറയുന്നുണ്ട്.1 കോറി 10 :2 

മേഘം എന്ന് പറയുമ്പോൾ എന്താണ് പുള്ളി ഉദേശിച്ചത്‌ എന്ന് അങ്ങ് മനസിലാകുന്നില്ല. അതിലൂടെ കടന്നു വന്നു എന്നായിരിക്കാം. കർത്താവു മേഘത്തിൽ ഇസ്രായേലുകാരോടൊത്തു ഉണ്ടായി എന്നാണല്ലോ.

പിന്നെ പത്രൊസിന്റെ ഒന്നാമത്തെ ലേഖനം 3:19 ഇൽ പുള്ളി നോഹയുടെ പെട്ടകത്തിൽ ഉണ്ടായിരുന്ന 8 പേർ മാത്രമാണ് ജലത്തിലൂടെ രക്ഷപ്പെട്ടത് എന്ന് പറയുന്നുണ്ട്. അതിനോട് സാദൃശ്യമുള്ള ജ്ഞാനസ്നാനം  ഇപ്പോൾ നിങ്ങളെ രക്ഷിക്കുമെന്നും. നേരിട്ട് നോഹമാമോദീസാ മുങ്ങി എന്ന് പറയാൻ പറ്റില്ല. ചുമ്മാ അതുതാനല്ലയോ ഇത് എന്ന് ഒരു വർണ്യത്തിൽ ഒരാശങ്ക.

പിന്നെ പുതിയ നിയമത്തിൽ വന്നാൽ സ്നാപകയോഹന്നാൻ മരുഭൂമിയിൽ നിന്നും വന്നു ആളുകളെ മുക്കുന്നു. പിന്നെ യേശുവിനെ തന്നെ മുക്കുന്നു.  യേശുവും മാമ്മോദീസായും തമ്മിലുള്ള ബന്ധം അടുത്ത ഭാഗത്തു നോക്കാം. അന്ന്  ആളുകൾക്ക് ആ ആചാരം പുതിയതായി തോന്നുന്നതായി ബൈബിളിൽ കാണാൻ കഴിയില്ല. കാരണം വെള്ളം കൊണ്ട് കഴുകി ശുദ്ധീകരിക്കുക എന്നത് യൂദന്മാർ പണ്ട് മുതലേ ചെയ്യുന്നതാണ്.

ഉത്ഭവപാപം എന്നൊരു പരിപാടി എന്ന് ഉണ്ടായിരുന്നോ എന്ന് തോന്നുന്നില്ല. കാരണം അന്ന് ആളുകൾ ജ്ഞാനസ്നാനം നടത്തിയത് അവരവർ ചെയ്ത പാപങ്ങൾക്ക് വേണ്ടിയാണു. ഇനി അങ്ങനെ ഒരു പാപം ഉണ്ടെങ്കിൽ അത് ഏൽക്കാത്ത യേശു വരെ മുങ്ങി. ചുരുക്കി പറഞ്ഞാൽ പണ്ടത്തെ ശുദ്ധീകരണത്തിന് ഒരു പരിണാമം സംഭവിച്ചതാണ് മാമ്മോദീസ എന്ന് തോന്നുന്നു.

ഇപ്പോൾ ഹിന്ദു മതത്തിൽ അവനവൻ ചെയ്ത പാപങ്ങൾക്ക് ആണ് ഗംഗയിൽ പോയി സ്നാനം ചെയ്യുന്നത്. ഭാവിയിൽ അത് പരിണമിച്ചു ജനിക്കുമ്പോഴേ സ്നാനം ചെയ്താൽ ഏതാണ്ട് മാമ്മോദീസ പോലെയിരിക്കും.


യേശുവും മാമ്മോദീസായും


യേശുവിനെ സ്നാനപ്പെടുത്തി എന്ന് ബൈബിളിൽ കാണാം. പുള്ളി പുള്ളിയുടെ പൂർണ്ണസമ്മതത്തോടെ വന്നു മുങ്ങി. മുൻപ് പറഞ്ഞപോലെ ഉത്ഭവപാപം മാറ്റാൻ ആണോ അതോ എല്ലാവരും ചെയ്യുന്നുണ്ട് അതുകൊണ്ട് താനും ചെയ്തു കളയാം എന്ന് വിചാരിച്ചാണോ എന്നറിയില്ല.

ഇനി പുള്ളി നമ്മളോട് ബൈബിൾ അനുസരിച്ചു മാമ്മോദീസ മുങ്ങാൻ പറഞ്ഞിട്ടുണ്ടോ എന്നുകൂടി നോക്കാം. പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നവർ ഉന്നയിക്കുന്ന ഭാഗമാണ് യോഹ 3:1-10.

"ഫരിസേയരില്‍ നിക്കൊദേമോസ്‌ എന്നുപേരായ ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു. 

അവന്‍ രാത്രി യേശുവിന്‍െറ അടുത്തു വന്നു പറഞ്ഞു: റബ്ബീ, അങ്ങ്‌ ദൈവത്തില്‍നിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങള്‍ അറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. 

യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല. 

നിക്കൊദേമോസ്‌ ചോദിച്ചു: പ്രായമായ മനുഷ്യന്‌ ഇത്‌ എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച്‌ അവനു ജനിക്കുവാന്‍ കഴിയുമോ? 

യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്‌മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. 

മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്‌്‌; ആത്‌മാവില്‍നിന്നു ജനിക്കുന്നത്‌ ആത്‌മാവും. 

നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ടു നീ വിസ്‌മയിക്കേണ്ടാ. 

കാറ്റ്‌ അതിനിഷ്‌ടമുളളിടത്തേക്കു വീശുന്നു; അതിന്‍െറ ശബ്‌ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത്‌ എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ്‌ ആത്‌മാവില്‍നിന്നു ജനിക്കുന്ന ഏവനും. 

ഇതെല്ലാം എങ്ങനെ സംഭവിക്കും എന്നു നിക്കൊദേമോസ്‌ ചോദിച്ചു. 

യേശു പറഞ്ഞു: നീ ഇസ്രായേലിലെ ഗുരുവല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസ്‌സിലാകുന്നില്ലേ? 

സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഞങ്ങള്‍ അറിയുന്നവയെപ്പറ്റി സംസാരിക്കുന്നു; കണ്ടവയെപ്പറ്റി സാക്‌ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഞങ്ങളുടെ സാക്‌ഷ്യം നിങ്ങള്‍ സ്വീകരിക്കുന്നില്ല. 

ഭൗമിക കാര്യങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞത്‌ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗീയ കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? 

സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല. 

മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, 

തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന്‌ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. 

എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍െറ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. 

ദൈവം തന്‍െറ പുത്രനെ ലോകത്തിലേക്കയച്ചത്‌ ലോകത്തെ ശിക്‌ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്‌ഷപ്രാപിക്കാനാണ്‌. 

അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്‌ഷയ്‌ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍െറ ഏകജാതന്‍െറ നാമത്തില്‍ വിശ്വസിക്കായ്‌കമൂലം, നേരത്തേതന്നെ ശിക്‌ഷയ്‌ക്കു വിധിക്കപ്പെട്ടിരിക്കുന്നു."

ഇതിൽ പ്രകാരം വീണ്ടും ജനിക്കാൻ പറയുന്നു. ജലത്താലും ആത്‌മാവിനാലും ജനിക്കാൻ പറയുന്നു. ഒന്നും മനസിലാകാതെ നിന്ന നിക്കോദേമോസിനോട് കാറ്റു വരുന്ന സ്ഥലവും പോകുന്ന സ്ഥലവും നിനക്കറിയാത്തതുപോലെയാണ് ആത്‌മാവിൽ നിന്നും ജനിക്കുന്നവനും എന്ന് പറഞ്ഞു ആകെ കുഴപ്പിക്കുന്നു. എല്ലാം കഴിഞ്ഞു ഭൗമിക കാര്യങ്ങളെപ്പറ്റി ഞാൻ പറഞ്ഞത് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗീയ കാര്യങ്ങൾ പറഞ്ഞാൽ എങ്ങിനെ വിശ്വസിക്കും എന്ന് പറഞ്ഞു സംഗതി നിങ്ങൾക്ക് മനസിലാകില്ല എന്ന് വ്യക്തമാക്കുന്നു. പിന്നെ വിശ്വസിക്കായ്ക മൂലം നേരത്തെ തന്നെ ശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്നു എന്ന  ഒരു പേടിപ്പിക്കലും. ഈ നേരത്തെ എന്ന് പറയുന്നത് ഒരാൾ ജനിക്കുന്നതിനു മുൻപ് ആണെങ്കിൽ പിന്നെ അയാൾ വിശ്വസിച്ചാൽ നേരത്തെ വിധിക്കപ്പെട്ടത് അസാധുവാകും. 

എന്തെങ്കിലും ആകട്ടെ ജലത്താലും ആത്‌മാവിനാലും ജനിക്കാൻ പറയുന്നത് ഇപ്പോൾ സഭയിൽ ഉള്ള മാമ്മോദീസ തന്നെയെന്ന് അങ്ങ് സമ്മതിക്കാം.

ഇനി യേശു ആരെയെങ്കിലും മാമ്മോദീസ മുക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കാം. അധികം ഒന്നും പോകേണ്ട അതെ അദ്ധ്യായം തുടർന്ന് വായിച്ചാൽ മതി.

"ഇതിനുശേഷം യേശുവും ശിഷ്യന്‍മാരുംയൂദയാദേശത്തേക്കു പോയി. അവിടെ അവന്‍ അവരോടൊത്തു താമസിച്ച്‌ സ്‌നാനം നല്‍കി. 

സാലിമിനടുത്തുള്ള ഏനോനില്‍ വെള്ളം ധാരാളമുണ്ടായിരുന്നതിനാല്‍ അവിടെ യോഹന്നാനും സ്‌നാനം നല്‍കിയിരുന്നു. ആളുകള്‍ അവന്‍െറ അടുത്തു വന്ന്‌ സ്‌നാനം സ്വീകരിച്ചിരുന്നു.

യോഹന്നാന്‍ ഇനിയും കാരാഗൃഹത്തിലടയ്‌ക്കപ്പെട്ടിരുന്നില്ല. അവന്‍െറ ശിഷ്യന്‍മാരും ഒരു യഹൂദനും തമ്മില്‍ ശുദ്‌ധീകരണത്തെപ്പററി തര്‍ക്കമുണ്ടായി. 

അവര്‍ യോഹന്നാനെ സമീപിച്ചു പറഞ്ഞു: ഗുരോ, ജോര്‍ദാന്‍െറ അക്കരെ നിന്നോടുകൂടിയുണ്ടായിരുന്നവന്‍, നീ ആരെപ്പറ്റി സാക്‌ഷ്യപ്പെടുത്തിയോ അവന്‍ , ഇതാ, ഇവിടെ സ്‌നാനം നല്‍കുന്നു. എല്ലാവരും അവന്‍െറ അടുത്തേക്കു പോവുകയാണ്‌. 

യോഹന്നാന്‍ പ്രതിവചിച്ചു: സ്വര്‍ഗത്തില്‍നിന്നു നല്‍കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല." യോഹന്നാന്‍ 3 : 24-27

സ്നാപകയോഹന്നാനോട് ശിഷ്യന്മാർ പറയുകയാണ് പുള്ളി സാക്ഷ്യം നൽകിയ ആൾ ദാണ്ടെ അപ്പുറത്ത് സ്നാനം നൽകുന്നു. എല്ലാവരും അങ്ങോട്ടു പോകുന്നെന്ന്. നമ്മുടെ നാട്ടിൽ ധ്യാന കേന്ദ്രങ്ങൾ ഉണ്ടാകുന്നപോലെയുള്ള ഒരു സെറ്റപ്പ്. സ്നാപകൻ ആള് ഡീസന്റ് ആയതുകൊണ്ട് ഉടക്കിനൊന്നും പോയില്ല. കാരണം പുള്ളിയുടെ അഭിപ്രായത്തിൽ യേശുവിനു വഴിയൊരുക്കാനാണ് വന്നിരിക്കുന്നത്. അവൻ വളരുകയും ഞാൻ കുറയുകയും വേണം എന്നാണ് പറയുന്നത്.

അതെ ഈ അന്നത്തെ സ്നാനം എന്നത് ഇന്നത്തെ മാമ്മോദീസ ആണെങ്കിൽ, യേശുവും അത് ചെയ്തു കൊടുത്തിട്ടുണ്ട്. പക്ഷെ അത് യൂദന്മാരുടെ വൃത്തിയാക്കൽ ആചാരം ആണെങ്കിൽ കാര്യങ്ങൾ മാറി.


ആദിപാപവും ഫ്രാൻസിസ് മാർപ്പാപ്പയും


അടുത്തകാലത്തു സഭക്ക് കിട്ടിയ ഒരു കിടു മച്ചാനാണ് ഫ്രാൻസിസ് പാപ്പ.  പുള്ളി പറയുന്നത് ദൈവം ഒരു മാജിക്കുകാരൻ അല്ല എന്നാണ്. പിന്നെ മാജിക് പോലെ ഓരോന്ന് ചെയ്യുന്ന ആളെ എന്ത് വിളിക്കണോ എന്തോ? അതെന്തെങ്കിലും ആകട്ടെ.  പുള്ളി ഇപ്പോഴുള്ള കാലത്തിനു അനുസരിച്ചു കാര്യങ്ങളെ വളച്ചു കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് തോന്നുന്നു. അങ്ങനെ ഒരു അർത്ഥത്തിൽ ആണ് കിടു മച്ചാൻ ആണെന്ന് പറഞ്ഞത്. പുള്ളിയുടെ കാലഘട്ടത്തിൽ നിന്നും വലിയ പുരോഗമനരീതിയിലുള്ള ഒരു സംഭവം പുള്ളി പറഞ്ഞിട്ടുണ്ട് എന്നും തോന്നുന്നില്ല.

സൃഷ്ടിവാദവും പരിണാമവും ഒരുമിച്ചു കൊണ്ട് പോകാം എന്നാണ് പുള്ളി പറയുന്നത്. ദൈവം സൃഷ്ടിച്ചു എന്നിട്ടു പരിണമിക്കാൻ വിട്ടു എന്നാണ് പറയുന്നത്. സംഗതി ഇല്ല അങ്ങ് പറയുവാൻ എന്തോ ചെറിയ ബുദ്ധിമുട്ട്. സാരമില്ല ഭാവിയിൽ വരുന്ന ഏതെങ്കിലും പാപ്പ പറഞ്ഞു പറഞ്ഞു കത്തോലിക്ക  സഭയെ ഒരു ചാരിറ്റി സ്ഥാപനം ആക്കി മാറ്റിക്കൊള്ളും. എല്ലാം അറിയുന്നവൻ ദൈവം, ഓരോ അരിമണിയും കഴിക്കേണ്ടവനെ തീരുമാനിക്കുന്ന ദൈവം എന്ന പരമ്പരാഗത രീതിയിൽ നിന്നും മാറി സ്വന്തമായി സൃഷ്ടികളെ പരിണമിക്കാൻ വിടുന്ന ദൈവം എന്നതാണ് ഫ്രാൻസിസ് പാപ്പ അവതരിപ്പിക്കുന്നത്. ദാണ്ടെ കുറച്ചു കൊളുത്തുകൾ താഴെ. വായിക്കേണ്ടവർക്ക് വായിക്കാം

അങ്ങനെ നോക്കുമ്പോൾ ഈ ആദിപാപം നിലനിൽക്കാൻ സാധ്യത ഇല്ല. സൃഷ്ടി കഴിഞ്ഞതോടുകൂടി ദൈവത്തിന്റെ റോൾ കഴിഞ്ഞല്ലോ. ആദിപാപം ഉണ്ടെങ്കിൽ തന്നെ അത് വേറെ ഏതൊരു പാപം പോലെത്തന്നെയാണ്. അത് മാത്രം തലമുറകളിലേക്ക് വ്യാപിക്കാൻ സാധ്യത കാണുന്നില്ല.

സഭയിലേക്ക് ചേർക്കാൻ മാമ്മോദീസ


മറ്റൊരു മാമ്മോദീസ മുക്കണം എന്ന് പറയാനുള്ള വാദം ആണ് അതൊരു സഭയിലേക്ക് ചേരാനുള്ള മാർഗമാണെന്നു പറയുന്നത്. ചേർന്നില്ലെങ്കിൽ ഇപ്പോൾ എന്താണ് പ്രശ്നം എന്ന് ചോദിക്കേണ്ടവർക്ക് ചോദിക്കാം. പള്ളിയിൽ വച്ച് കെട്ടാനോ, അവിടെനിന്നുള്ള കാര്യങ്ങൾ എന്തെങ്കിലും ചെയ്തു കിട്ടാനോ പിന്നെ സാധ്യതയില്ല. വേണേൽ കുർബാന കാണാം. നേർച്ചയും ഇടാം. അതിനു ആരും എതിർപ്പ് പ്രകടിപ്പിക്കുകയില്ല.

സംഗതി അങ്ങോട്ട് ചേരാൻ പെട്ടെന്ന് കഴിയും പിന്നെ അവിടെ നിന്ന് ഊരിപ്പോരാൻ അത്ര എളുപ്പമല്ല. എളുപ്പം അല്ല എന്ന് പറഞ്ഞാൽ ചിന്തകൾ ചെറുതിലേ മുതലേ മെരുക്കിയെടുത്തു അതിനകത്തു മാത്രമേ ചിന്തകൾ ഓടിക്കളിക്കൂ എന്ന രീതിയിൽ ആക്കിക്കളയും. പൊട്ടക്കുളത്തിലെ താവളയെപ്പോലെ. അപ്പോൾ ചോദിക്കും അങ്ങനെ വളർന്ന ഞാൻ എങ്ങിനെ ഇതുപോലെ എഴുതുന്നു എന്ന്. ഒരു കാരണം ബൈബിൾ തുറന്നു വായിച്ചതായിരിക്കാം.അല്ലെങ്കിൽ  അമേരിക്കയിലെ വാസം ആയിരിക്കാം. അതിനെപ്പറ്റി വേറെ എഴുതുന്നുണ്ട്.

ഇനിയിപ്പോൾ സാധാരണ ഒരാൾക്ക് പുറത്തു വരണം എന്ന് വിചാരിച്ചാലും അത്രക്ക് എളുപ്പം അല്ല. ഏറെക്കുറെ സിനിമയിൽ കാണുന്ന അങ്ങോട്ട് ചേരാൻ മാത്രം കഴിയുന്ന മുംബൈ അധോലോകം പോലെയാണ്.

മാമ്മോദീസ വേണ്ട വലുതാകുമ്പോൾ അവൻ തീരുമാനിക്കട്ടെ

ഇനി കാണാൻ പോകുന്നത് മാമ്മോദീസ വേണ്ട എന്നതിനുള്ള ചില വാദങ്ങളാണ്.


മാമ്മോദീസ പോലെയല്ലേ പരിച്ഛേദനവും?


മാമോദീസ പോലെ മറ്റൊരു ആചാരം ആയിരുന്നു പരിച്ഛേദനം. ദൈവംനേരിട്ട് പറഞ്ഞിട്ടുണ്ട് അത് ചെയ്യണം എന്ന്. ഒന്നല്ല ഒന്നിലധികം സ്ഥലങ്ങളിൽ ഈ കർമത്തിനെപ്പറ്റി പറയുന്നുണ്ട്. 
  

യേശുവിനു അത് ചെയ്‌തിട്ടുണ്ട്.ലൂക്ക 2:21 .യേശു അത് ചെയ്യേണ്ട എന്ന് പറഞ്ഞിട്ടുമില്ല .

പിന്നെ ബൈബിളിൽ മറ്റൊരു അവസരത്തിൽ അത് ചുമ്മാ അങ്ങ് എടുത്തു കളഞ്ഞു. ചുമ്മാ എന്ന് പറഞ്ഞാൽ ശരിയാകില്ല. സഭയിൽ തർക്കം ഉണ്ടായപ്പോൾ 'വലിയ വാദപ്രതിവാദം നടന്നപ്പോൾ ' എന്നാണ് ബൈബിളിൽ. യൂദായി ൽ നിന്നും വന്ന ചിലർ മോശ പറഞ്ഞതുപോലെ ചെയ്യണം എന്ന് പ്രസംഗിച്ചപ്പോൾ പൗലോസിന് അത് പിടിച്ചില്ല. അങ്ങനെ സൂനഹദോസ് കൂടി അതിലാണ് വാദപ്രതിവാദം. അവസാനം  പത്രോസ് അങ്ങ് പറഞ്ഞു 'നമ്മുടെ പിതാക്കന്മാർക്കോ നമുക്കോ താങ്ങാൻ വയ്യാതിരുന്ന ഒരു നുകം  ഇപ്പോൾ ശിഷ്യരുടെ ചുമലിൽ വച്ചുകെട്ടി എന്തിനു ദൈവത്തെ നിങ്ങൾ  പരീക്ഷിക്കുന്നു '. സംഗതി ഒരു നുകം ആണെന്ന് പുള്ളി സമ്മതിച്ചു. പിന്നെ മനസിലാവാത്തത് ഇതെങ്ങനെ ദൈവത്തെ പരീക്ഷിക്കൽ ആകും എന്നാണ്. പുള്ളിയാണല്ലോ ഈ പരിപാടി ചെയ്യണം എന്ന് നിയമം ഇറക്കിയത്. അങ്ങനെ അത് പതുക്കെ വേണ്ട എന്ന് വച്ചു. അപ്പ 15:1 

വേണേൽ ദൈവം പത്രോസിലൂടെ പ്രവർത്തിച്ചു എന്ന് വ്യാഖ്യാനിക്കാം. ഇനിയിപ്പോൾ ദൈവം എന്നിലൂടെ പ്രവർത്തിച്ചു മാമ്മോദീസയും വേണ്ടെന്നു വെക്കുമോ എന്തോ?

പൗലോസ് കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം 7:17 ഇൽ പുള്ളി നിങ്ങൾ ചെയ്താലും ഇല്ലെങ്കിലും ഒരു പ്രശ്നവും ഇല്ല. ഞങ്ങളുടെ കൂടെ കൂടിക്കൊള്ളു എന്നാണ് പറയുന്നത്. 

പിന്നെ പൗലോസ് പിന്നീട് കൂടുതൽ വ്യക്തം ആയി. ചെയ്യരുത് എന്ന് പറയുന്നുണ്ട്. "പൗലോസായ  ഞാൻ പറയുന്നു നിങ്ങൾ പരിച്ഛേദനം സ്വീകരിക്കുന്നെങ്കിൽ  ക്രിസ്തു നിങ്ങൾക്ക് ഒന്നിനും പ്രയോജനപ്പെടുകയില്ല" ഗലാ 5:1

പക്ഷെ ഈ പൗലോസ്, പുള്ളിയുടെ ഒരു ശിഷ്യൻ ആയ തോമോത്തെയൂസിനു താൻ തന്നെ മുൻകൈ എടുത്തു പരിപാടി നടത്തിയതായും പറയുന്നുണ്ട്. കാരണം പുള്ളി പോകുന്ന സ്ഥലങ്ങളിലെ യൂദന്മാരെ പരിഗണിച്ചു എന്നാണ് ബൈബിൾ പറയുന്നത്. ഈ ശിഷ്യന് അവിടങ്ങളിൽ നല്ല മതിപ്പ് ഉണ്ടായിരുന്നു. പക്ഷെ ശിഷ്യന്റെ അപ്പൻ ഗ്രീക്ക് കാരനാണ്. അമ്മ മാത്രമേ യൂദവിഭാഗത്തിൽ ഉള്ളു. ശിഷ്യനെ ചെയ്താൽ പുള്ളിയുടെ മതിപ്പ് ഒന്നും കൂടി മുതലെടുക്കാം എന്ന് കരുതിക്കാണും. എന്തായാലും നല്ലൊരു മാനേജ്‌മന്റ് മൂവ് തന്നെ. അപ്പ 16:1  


കുഞ്ഞുങ്ങളെ മാമ്മോദീസ മുക്കണോ


കർത്താവു പ്രായപൂർത്തി ആയതിനു ശേഷം ആണ് മുങ്ങിയത്. പുള്ളിയുടെ പൂർണസമ്മതത്തിൽ. ആരും നിർബന്ധിച്ചില്ല.അങ്ങനെ ആണെങ്കിൽ എട്ടും പൊട്ടും തിരിയാത്ത പിള്ളേരെ മാമ്മോദീസ മുക്കണോ എന്നതാണ് ചോദ്യം.

നേരിട്ട് ബൈബിളിൽ പിള്ളേരെ മാമ്മോദീസ മുക്കണം എന്ന് പറയുന്നില്ലെങ്കിലും ചില ഇടങ്ങളിൽ എല്ലാവരും മാമ്മോദീസ മുങ്ങണം എന്ന് പറയുന്നുണ്ട്. അത് വേണമെങ്കിൽ പിള്ളേർക്കും കൂടിയാണ് പറഞ്ഞത് എന്ന് വ്യാഖ്യാനിക്കാം. എല്ലാവരും എന്ന് പറയുമ്പോൾ വോട്ടവകാശം ഉള്ളവർ അല്ലെങ്കിൽ പ്രായപൂർത്തിയായവർ മാത്രം എന്നല്ല അർഥം അതിൽ കുട്ടികളും പെടും.

അപ്പ 2:16  ഇൽ പത്രോസ് പറയുന്നത് എല്ലാവരും എന്നാണ് 

ഒരു കുടുമ്പം മുഴുവൻ മുങ്ങി ഏന് പറയുന്ന ഒരു സ്ഥലം. കുടുംബത്തിൽ കുട്ടികൾ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് പറയുന്നില്ലെങ്കിലും കുടുംബം എന്ന് പറയുമ്പോൾ അവരും പെടും. അപ്പ 16:15

പിന്നെ പൗലോസ് കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം 1:16 ഇത് പറയുന്നത്, പുള്ളി ആകെ ഒരു കുടുംബത്തെ മാത്രമേ സ്നാനം ചെയ്തുള്ളു എന്നാണ്. പുള്ളി പറയുന്നത് ക്രിസ്തു എന്നെ അയച്ചത് സ്നാനം നൽകുവാൻ അല്ല സുവിശേഷം പ്രസംഗിക്കുവാനാണ് എന്നാണ്. പുള്ളിയുടെ അഭിപ്രായപ്രകാരം മാമ്മോദീസ എന്തോ വലിയ കാര്യം അല്ല.


ലിംമ്പോ - എങ്ങാനും കുട്ടികൾ മാമ്മോദീസ കിട്ടാതെ മരിച്ചാൽ എന്താകും 


നമ്മുടെ നാട്ടിൽ ഒരു കുട്ടിപോലും അങ്ങനെ മരിക്കാറില്ല. കാരണം വീട്ടുമാമ്മോദീസ എന്ന ഒരു ചടങ്ങു ഉണ്ട്. അത് പ്രകാരം പള്ളിയിലെ അച്ചൻ ഇല്ലാതെ ആർക്കു വേണമെങ്കിലും മാമ്മോദീസ കൊടുക്കാനുള്ള വകുപ്പുണ്ട്.  അത് മിക്കവാറും ചെയ്യുന്നത് അച്ചന് അത് കൊടുക്കാൻ പറ്റാത്തപ്പോൾ ആണ്. അതുകൊണ്ടു ആരും ഈ ലിംബോ എന്ന് പറയുന്ന സ്ഥലത്തേക്ക് പോയിട്ടുണ്ടാകില്ല.

ലിംബോ എന്ന കൗതുകകരമായ വാക്ക് ഉപയോഗിച്ചാണ് മാമ്മോദീസ കിട്ടാതെ മരിക്കുന്ന കുട്ടികൾ പോകുന്ന സ്ഥലത്തെ കത്തോലിക്കാ സഭ വിളിച്ചിരുന്നത്. അതെ വിളിച്ചിരുന്നത്, ഭൂതകാലം അഥവാ പാസ്റ് ടെൻസ് ആണ്. കാരണം  ഇപ്പോൾ അങ്ങനെ ഒരു സ്ഥലം ഇല്ല എന്നാണ് സഭ പഠിപ്പിക്കുന്നത്. പത്തെണ്ണൂർ കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ വന്ന ഒരു ബനഡിക്ട് 16 ആം പാപ്പക്ക് തോന്നി അതൊരു ഗുമ്മിലെന്ന്. കൂടുതൽ അറിയാൻ താഴെ കൊളുത്തുകൾ കൊടുത്തിട്ടുണ്ട്.

വിക്കിപീഡിയ , ഒഫീഷ്യൽ വത്തിക്കാൻ പേജ് , ന്യൂയോർക് ടൈംസ് , ടെലിഗ്രാഫ് 

പത്തു നാല്പത് പേജുകൾ വരുന്ന വലിയ സ്റ്റഡി ഒക്കെ നടത്തിയാണ് സംഗതി ഒഴിവാക്കിയത്. ദൈവം ഉണ്ടോ എന്ന് സ്റ്റഡി നടത്തിയിട്ടുണ്ടെങ്കിൽ  എന്നെങ്കിലും സമയം കിട്ടുമ്പോൾ വായിച്ചു നോക്കണം.


സാധ്യതയുള്ള ഭാവി തീവ്രവാദിയെ ഒഴിവാക്കാം 


ഒരാളെ ചെറുപ്പത്തിലേ സ്വന്തം മതം അതുപോലെ വിശ്വാസം മാത്രമാണ് ശരി എന്ന് പഠിപ്പിച്ചാൽ അയാൾക്ക് വലുതായി വരുമ്പോൾ മറ്റുള്ളവരുമായി ചേർന്ന് പോകാൻ നല്ല ബുദ്ധിമുട്ടായിരിക്കും. കൂടുതൽ തീവ്രമായി അഭ്യസിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ ബുദ്ധിമുട്ട് ആയിരിക്കും. അതുപോലെ വേറെ വിശ്വാസത്തിൽ നിൽക്കുന്നവരോ, അല്ലെങ്കിൽ കൂടെയുള്ളവരോ തൻ്റെ വിശ്വാസത്തെ കളിയാക്കിയാൽ താങ്ങാൻ പറ്റി എന്നും വരില്ല.  തീവ്രത കൂടുന്നതിന് അനുസരിച്ചു വാട്ട്സാപ്പിൽ തെറി മുതൽ, വഴി തടയൽ, ഹർത്താൽ നടത്തൽ പിന്നെ ആളെ കൊല്ലുന്നതു വരെ ചെയ്യാം. ഇപ്പോൾ തന്നെ ഞാൻ അംഗമായിരിക്കുന്ന വാട്ട്സാപ്പിൽ ആളുകളുടെ മതവികാരം ഒരു ട്രോൾ കൊണ്ട് വ്രണപ്പെടുന്നത് കാണാം. അതുപോലെ Happy Christmas നു പകരം ഹാപ്പി കുറച്ചു ടൈപ്പ് ചെയ്തു Happy X'mas എന്ന് പറയാൻ പോലും പാടില്ല എന്ന് പ്രചരിപ്പിക്കുന്നവരും ഉണ്ട്.

ഇന്ത്യയിൽ മറ്റുള്ള മതങ്ങളെ വച്ച് കുഞ്ഞാടുകൾ ഈ പണിക്ക് പോകുന്നത് കുറവാണെന്നു വേണേൽ വാദിക്കാം. പക്ഷെ കുഞ്ഞാടുകൾ ഭൂരിപക്ഷം ആയാൽ ചെയ്തു കൂടായ്കയില്ല. കുഞ്ഞാടുകൾ വളരെ കൂടുതലുള്ള ഇരിഞ്ഞാലക്കുട രൂപത ഉൾക്കൊള്ളുന്ന ഭാഗത്തു പള്ളിയിലെ അച്ചനെ കൊല ചെയ്തതിന്റെ പേരിൽ കുഞ്ഞാടുകൾ നടത്തിയ ഒരു ഹർത്താൽ ചരിത്രം ഹിന്ദു പത്രത്തിൽ വരെ വന്നിട്ടുണ്ട്. എൻ്റെ ഓർമയിൽ  അന്നത്തെ ഹർത്താലിന് യുവജന സംഘടനകൾ വഴിയിൽ വണ്ടി തടഞ്ഞിട്ടു വരെയുണ്ട്. ഒറീസയിലും മറ്റു കുഞ്ഞാടുകൾ കുറവുള്ള സ്ഥലങ്ങളിൽ നടന്ന ഒരു കൊലപാതകങ്ങളും ഇങ്ങനെ ഒരു പ്രതികരണം നടന്നിട്ടില്ല. ഇങ്ങനെയാണല്ലോ യൂറോപ്പിൽ ഒരു കാലത്തു നടന്നത്. കുരിശു യുദ്ധങ്ങൾ വരെ നടത്തിയത്.

വേണേൽ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു തീവ്രവാദിയെ ഒഴിവാക്കാൻ ഇപ്പോൾ മാമ്മോദീസ വേണ്ട എന്ന് വാദിക്കാം. എല്ലാവരും അങ്ങനെ ആകും എന്നല്ല ഒരു വിദൂരസാധ്യത മാത്രം.


നടത്തുന്നില്ല എന്നുപറഞ്ഞാലുള്ള പ്രതികരണങ്ങൾ


അവൻ പിശുക്കനാണ്


ആദ്യം കേൾക്കാൻ ഇടയുള്ള ഒരു കമന്റ് ഇതായിരിക്കും. ഇവരോട് എന്ത് പറയാനാണ്. വേണമെങ്കിൽ ഈ പോസ്റ്റ് വായിക്കാൻ പറയാം.എന്തെങ്കിലും കാരണങ്ങൾ മനസിലാകുമായിരിക്കുമായിരിക്കും.

അവൻ അപ്പനെപോലെയാകുകയാണ് 


നാട്ടിലെ അറിയപ്പെടുന്ന നിരീശ്വരവാദിയാണ് അപ്പൻ. എന്ന് പറയുമ്പോൾ ദൈവം ഇല്ല എന്നേയുള്ളു. ബാക്കി ഒരുമാതിരി എല്ലാം ഉണ്ട്. ഉദ്ദാഹരണമായി താഴെ കാണുന്ന കാര്യങ്ങളുടെ നല്ലൊരു പ്രചാരകനാണ് പുള്ളി.
  • മൂന്നു പേര് ചേർന്നു എന്തെങ്കിലും കാര്യത്തിന് പറ്റുമെങ്കിൽ പോകാതിരിക്കൽ, 
  • രാഹുകാലത്തു പരീക്ഷ എഴുതാതിരിക്കാൻ 
  • ജാതകം എഴുതിക്കൽ
  • ജനിച്ച സമയം വച്ചു പ്രകാശ വർഷങ്ങൾ അകലെ കിടക്കുന്ന നക്ഷത്രങ്ങൾ അതുപോലെ ഗ്രഹങ്ങൾ മനുഷ്യരുടെ ഭാവി തീരുമാനിക്കും എന്ന് വിശ്വസിച്ചു ചെയ്യുന്ന  ജ്യോത്സ്യം
  • ബ്രഹ്മാവിന്റെ മകനായ  വാസ്തുപുരുഷൻ എല്ലാ സ്ഥലങ്ങളിലും കിടക്കുന്നുണ്ട് എന്ന് വിശ്വസിച്ചു നടക്കുന്ന വാസ്തു ശാസ്ത്രം 
പുള്ളിയെ പറഞ്ഞിട്ട് കാര്യം ഇല്ല. പുള്ളിയുടെ നല്ലകാലത്തു എന്താണ് നിരീക്ഷണങ്ങളും പരീക്ഷണങ്ങളും വഴി കാര്യങ്ങൾ മനസിലാക്കുന്ന സയൻസ് എന്താണെന്നു പഠിക്കാൻ പറ്റിക്കാണില്ല. എൻ്റെ പോലെ വയറു നിറച്ചു കഴിക്കാൻ കിട്ടി, പുറകിൽ നടന്നു തിന്നോടാ തിന്നോടാ എന്ന് ആരും പറഞ്ഞിരുന്ന ബാല്യം അല്ല അപ്പന് ഉണ്ടായിരുന്നത്. നല്ലരീതിക്ക് പട്ടിണി കിടന്നിട്ടുണ്ട്.

പറഞ്ഞു വന്നത്, അപ്പനെപോലെയാകുകയാണ് എന്ന് പറയുന്നവർക്ക് പറയാം അത്രയേ ഉള്ളൂ. ഇതുപോലെയുള്ള വിശ്വാസങ്ങളിൽ പെടരുത് എന്നാണ് എൻ്റെ പ്രാർത്ഥന. ഈ പ്രാർത്ഥന എന്ന് പറയുമ്പോൾ എന്റെ ആഗ്രഹം. പ്രാർത്ഥന എന്ന വാക്ക് ശീലം കൊണ്ട് വന്നു പോകുന്നതാണ്.

അവൻ്റെ അപ്പൻ അവനെ മുക്കി എന്നിട്ടാ അവൻ?


അപ്പൻ ഇങ്ങനെ ചിന്തിച്ചിരുന്നോ എന്നറിയില്ല. അതുപോലെ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിലും അപ്പന് വേറെ എന്തെങ്കിലും വഴിയുണ്ടായിരുന്നോ എന്നറിയില്ല.  ഇപ്പോഴും പുള്ളിക്ക് മാമ്മോദീസ എന്ന പരിപാടിയോട് ഒരു വിരോധവും ഇല്ല എന്നാണ് എൻ്റെ അറിവ്. എൻ്റെ ആദ്യ സന്താനത്തിന്റെ തലതൊട്ടപ്പൻ ആയതും ടിയാനാണ്.

കൊച്ചു സമൂഹത്തിൽ ഒറ്റപ്പെടില്ലേ?


മാമ്മോദീസ മൂക്കാത്ത കൊച്ചിനെ ഇവൻ ഇനി വേദോപദേശത്തിനു വിടുമോ? വിട്ടാൽ തന്നെ പള്ളിക്കാർ എടുക്കുമോ? കൊച്ചു ആകെ ഒറ്റപ്പെടില്ലേ? എൻ്റെ കുട്ടിക്കാലത്തു ആണെങ്കിൽ ഉറപ്പിച്ചു പറയാം, ഒറ്റപ്പെടും. പക്ഷെ ഇപ്പോൾ അങ്ങനയാണെന്നു തോന്നുന്നില്ല. മലയാളികൾ കുറച്ചു മാറിയിട്ടുണ്ട് എന്ന് തോന്നുന്നു.

സ്‌കൂളിൽ എന്ത് മതം, ജാതി എഴുതും? 


കേരളത്തിൽ ഇപ്പോൾ സ്‌കൂളിൽ മതം എഴുതുന്ന കോളത്തിൽ ഇല്ല എന്ന് എഴുതാം എന്ന് തോന്നുന്നു. പിന്നെ ഇവിടെ അമേരിക്കയിൽ ആണെങ്കിൽ അങ്ങനെ ഒരു കോളം ഇല്ല. മൂത്ത സന്താനത്തിനെ സ്‌കൂളിൽ ചേർത്തപ്പോൾ ഒരാളും മതവും ജാതിയും ഇവിടെ ചോദിച്ചിട്ടില്ല.

ജാഡ അമേരിക്കകാരന് എന്തും ചെയ്യാം? നാട്ടിലോട്ട് വാടാ...


എല്ലാത്തിന്റെയും മൂർദ്ധന്യം എന്ന് വേണമെങ്കിൽ പറയാം. ഒരു നിലയിൽ പറഞ്ഞാൽ ശരിയാണ്. നാട്ടിൽ നിൽക്കുമ്പോൾ ഇങ്ങനെ ചിന്തിക്കാൻ പറ്റില്ല. കാരണം നാട്ടിൽ എന്തെങ്കിലും ഒരു ആപത്തു വന്നാൽ നാട്ടുകാരോ വീട്ടുകാരോ വേണം ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകാൻ. അവർ ഇടഞ്ഞാൽ ജീവിതം കഷ്ടത്തിൽ ആകും.

ഇവിടെ അമേരിക്കയിൽ 911 എന്ന നമ്പർ വിളിക്കാൻ പറ്റിയാൽ ആംബുലൻസ് വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോകും. അതുപോലെ  പൈസ മുൻകൂട്ടി അടക്കാതെ തന്നെ ചികിത്സ കിട്ടും. നേരത്തെ പറഞ്ഞപോലെ സ്കൂളിൽ ജാതി മതം കോളങ്ങൾ ഇല്ല. ജോലിസ്ഥലങ്ങളിലോ, കല്യാണസമയത്തോ ഇതൊരു പ്രശ്നം അല്ല. മരിച്ചാൽ ഇഷ്ടംപോലെ പൊതു ശ്മശാനങ്ങൾ ഉണ്ട്. പിന്നെ എല്ലാത്തിലും ഉപരി, മതം വളരെ മിതമായി കൊണ്ട് നടക്കുന്ന ഒരു ജനസമൂഹമാണ് ഇവിടെ. 

വേണെമെങ്കിൽ ജാഡ എന്ന് പറയാം.


അപ്പോൾ പിന്നെ എന്തിനാ പള്ളിയിൽ വച്ച് കെട്ടിയത് 


ഒരാൾ ജനിക്കുന്ന വിശ്വാസത്തിൽ തന്നെ ജീവിതകാലം മുഴുവൻ നിലനിൽക്കണം എന്ന് ശഠിക്കുന്നത് മണ്ടത്തരമാണ്. അങ്ങനെ ആണെങ്കിൽ ഞാൻ ഇപ്പോൾ ഹിന്ദു മതത്തിലെ ഏതെങ്കിലും ജാതിയിൽ അല്ലെങ്കിൽ ബുദ്ധ ജൈന മതങ്ങളിലോ ഒക്കെ ഇരിക്കേണ്ടതാണ്. എൻ്റെ  ഏതോ ഒരു പിതാമഹൻ ഒരു ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ മതം, വിശ്വാസം മാറാനുള്ള ഒരു തീരുമാനം എടുത്തത് കൊണ്ടാണ് ഇപ്പോൾ എനിക്ക് മാമ്മോദീസായെപ്പറ്റി ഇങ്ങനെ എഴുതേണ്ടി വന്നത്. 

അന്ന് അങ്ങേരുടെ ഭാര്യ ഇരുന്ന  അതെ സ്ഥിതിയിൽ ആണ് ഇപ്പോൾ എൻ്റെയും.


സംഗ്രഹം

എൻ്റെ വശത്തുനിന്നും നോക്കിയാൽ വളരെ സിമ്പിൾ ആയി കൊച്ചിനെ മാമ്മോദീസ മൂക്കേണ്ട എന്ന് പറയാം. പക്ഷെ തീരുമാനം എനിക്ക് മാത്രം എടുക്കാൻ പറ്റുന്ന ഒന്നല്ല. കാരണം കൊച്ചിനെ എന്നിൽ നിന്നും ക്ളോണിങ് വഴി ഉണ്ടാക്കിയതല്ല. 10 മാസം ചുമന്നു നല്ലരീതിക്ക് വേദനയെടുത്തു പ്രസവിച്ച (സിസേറിയൻ ആയതുകൊണ്ട് കഴിഞ്ഞായിരുന്നു കൂടുതൽ വേദന എന്ന് മാത്രം) ഇപ്പോഴും ജോലിക്ക് പോകാൻ പറ്റാതെ ചോറും കൂട്ടാനും വച്ച് വീട്ടിലിരിക്കുന്ന ഒരാളുണ്ട്. അയാൾക്ക് ആണ് തീരുമാനത്തിൽ മുൻ‌തൂക്കം.

അഭിപ്രായങ്ങളൊന്നുമില്ല: