ആത്മീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആത്മീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 ജൂലൈ 30, ബുധനാഴ്‌ച

ഫിലോസഫി പഠിച്ചാൽ കൂടുതൽ ശമ്പളം കിട്ടുമോ?

ഫിലോസഫി പഠിക്കാനുണ്ടായ സാഹചര്യങ്ങൾ, ഇന്നും ഇതാവശ്യമുണ്ടോ? എൻ്റെ ഇന്നത്തെ ഫിലോസഫിയെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ ഒക്കെയാണ് ഈ വീഡിയോയിൽ. ഫിലോസഫി ആയതുകൊണ്ട് ദൈവം മതം ഒക്കെ ഉണ്ട്. വികാരം വ്രണപ്പെടുന്നവർ ആണെങ്കിൽ കാണണമെന്നില്ല.



2024 ഫെബ്രുവരി 8, വ്യാഴാഴ്‌ച

[വീഡിയോ]ജീവൻ പണയം വെച്ചുള്ള പതംഗപറത്തൽ

കഴിഞ്ഞ മകരസംക്രാന്തി ദിവസം അതിൻ്റെ ആചാരത്തിന്റെ ഭാഗമായി അറ്റ്ലാന്റയിലെ രണ്ടു സ്ഥലങ്ങളിൽ ആയി നടന്ന പട്ടം പറത്തൽ മേളയിൽ ഞങ്ങൾ പങ്കെടുത്തതിന്റെ വീഡിയോ ആണ് ഈ പോസ്റ്റിൽ.

മകര സംക്രാന്തിയും പട്ടം പറത്തലും തമ്മിലുള്ള ബന്ധത്തിന്റെ വിവരിക്കുന്ന കണ്ണികൾ ആണ് താഴെ.

https://timesofindia.indiatimes.com/etimes/trending/the-story-of-how-kite-flying-became-associated-with-sankranti/photostory/106722731.cms?picid=106722765

https://nripulse.com/makar-sankranti-utsav-celebrated-with-fanfare-in-alpharetta/

2021 നവംബർ 7, ഞായറാഴ്‌ച

സ്വതന്ത്രചിന്തകനുമായി ഒരു സെൽഫി ഇന്റർവ്യൂ - എങ്ങിനെ അന്യനെ ഒഴിവാക്കി

ഒന്നാം ഭാഗം വായിച്ചിട്ടു ഇത് വായിച്ചാൽ തുടർച്ച കിട്ടും.

സ്വതന്ത്രചിന്തകനുമായി ഒരു സെൽഫി ഇന്റർവ്യൂ - പ്രഖ്യാപനം

കാരണത്തിലേക്ക് കടക്കുന്നതിനു മുൻപ്  ഇങ്ങനെ പരസ്യമായി പ്രഖ്യാപിക്കുമ്പോൾ ഉള്ള പ്രത്യാഘാതങ്ങൾ ആലോചിച്ചിട്ടുണ്ടോ?

അമേരിക്കയിൽ ചുരുങ്ങിയ പക്ഷം ന്യൂ ജേഴ്സിയിൽ യാതൊരു പ്രശ്നവും ഇല്ല. ഇവിടെ മതം അല്ലെങ്കിൽ വിശ്വാസിയാണെന്ന് പറയാൻ ആണ് ആളുകൾ മടിക്കുന്നത്. എൻ്റെ അറിവിൽ കേരളത്തിൽ സാറാസ് എന്ന സിനിമയും, ഈശോ എന്ന സിനിമപേരും ആയി ക്രിസ്ത്യൻ വർഗീയത ചെറുതായി തല പൊക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഇങ്ങനെ മതം, ദൈവവിശ്വാസം  വിട്ടതുകൊണ്ട് ഊര് വിലക്ക് പ്രഖ്യാപിക്കും എന്നൊന്നും തോന്നുന്നില്ല. പ്രത്യേകിച്ച് ഞങ്ങളുടെ ഗ്രാമത്തിൽ. ഞങ്ങളുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് ലേബൽ അധികം ഇല്ലാതെ പച്ചക്ക് നിരീശ്വരവാദം പറഞ്ഞ രണ്ടു പേരെ ഉള്ളൂ. അതിൽ ഒരാൾ എൻ്റെ അപ്പനാണു മറ്റേ ആൾ കുറച്ചു നാൾ മുൻപേ മരിച്ചു. കോവിഡ് ആയതുകൊണ്ട് മെഡിക്കൽ കോളേജിലേക്ക് ബോഡി കൊടുക്കാൻ പറ്റിയില്ല അതുകൊണ്ട് പള്ളിയിൽ അടക്കി എന്നാണ് അറിഞ്ഞത്. ക്രിസ്ത്യൻ, ഹിന്ദു വിഭാഗത്തിൽ ഉള്ള ആളുകൾ ഇടകലർന്നു ജീവിക്കുന്നു. അവരുടെ ഇടയിൽ ഒരാൾ മതം ഇല്ല എന്നും പറഞ്ഞു ജീവിക്കുന്നത് കൊണ്ട് അവർക്ക് പ്രശ്നം ഉണ്ടാവാൻ സാധ്യത ഇല്ല.

പിന്നെ നാട്ടിൽ ആണ് ജീവിക്കുന്നതെങ്കിൽ, പിള്ളേരുടെ ആദ്യകുർബാന പോലെയുള്ള സമയത് പള്ളിക്കാർ ഒന്ന് പിടിക്കും. എൻ്റെ ആദ്യ കുർബാനക്ക് അപ്പൻ കുമ്പസാരിക്കണം, കുർബാന സ്വീകരിക്കണം എന്നും പറഞ്ഞു പിടിച്ചത് ആണ്. എൻ്റെ നിർബന്ധത്തിൽ പുള്ളിയുടെ ആദർശം കുറച്ചു നേരത്തേക്ക് മാറ്റി വെച്ച് കൊണ്ട് പുള്ളി ഇപ്പറഞ്ഞത് ചെയ്തു. പള്ളിക്കാർക്ക് ഒരു സുഖം. അപ്പൻ അത് കഴിഞ്ഞു പഴയ പോലെ. ഒരു ശുഭമായി അവസാനിച്ച സിനിമ പോലെ.

പിന്നെ ബന്ധുക്കൾക്ക് അപ്പനെ കണ്ടു ശീലം ഉള്ളതുകൊണ്ട്, വലിയ കുഴപ്പം ഉണ്ടാവാൻ സാധ്യത ഇല്ല. പിന്നെ നമ്മൾ വീട്ടുകാർ, ബന്ധുക്കൾ എന്ന് പറയുന്നത് ജന്മം കൊണ്ടല്ലേ, അല്ലാതെ നമ്മൾ എല്ലാവരും ഒരേ മതത്തിൽ വിശ്വസിക്കുന്നു എന്നത് കൊണ്ട് അല്ലല്ലോ. ഭൂരിഭാഗം ബന്ധു വീടുകളിലും വേറെ മതം, ജാതി ഒക്കെയിലേക്ക് കല്യാണം കഴിച്ചു കൊടുക്കുകയും, കൊണ്ട് വരികയും ചെയ്തവരുണ്ട്. പിന്നെ ഞാൻ അവരോടു ചെന്ന് നിങ്ങൾ മതം ഉപേക്ഷിക്കൂ എന്ന് നിർബന്ധിക്കാത്തിടത്തോളം പ്രശ്നം ഉണ്ടാവില്ല. വീട്ടിൽ ഉള്ളവർക്ക് അവർ വിശ്വസിക്കുന്നത് തുടരാം. മൊത്തത്തിൽ പ്രശ്നം ഉണ്ടാവില്ല എന്നാണ് ഇപ്പോഴത്തെ ഇവിടെ അമേരിക്കയിൽ ഇരുന്നുള്ള നിഗമനം.

പരസ്യമായി പ്രഖ്യാപിച്ച നിലക്ക് ഇനി ഒരു സ്വതന്ത്രചിന്ത പ്രചാരകൻ ആകുന്നുണ്ടോ?

അങ്ങോട്ട് കേറി വെടിവെക്കാൻ, ഒരു പ്രവർത്തകൻ ആകാൻ ഇപ്പോൾ താല്പര്യം ഇല്ല. വീടും, ചെറിയ കുട്ടികളും, ജോലിയും ഒക്കെയായി കൂടാൻ ആണ് താല്പര്യം. പക്ഷെ സോഷ്യൽ മീഡിയയിൽ ഇങ്ങോട്ടു വരുന്നതിനു മറുപടികൾ ഉണ്ടാകും. ചിലപ്പോൾ ഡോസ് കൂടാൻ സാധ്യത ഉണ്ട്.

ഇങ്ങനെ ഒരു നിലപാടിൽ എത്താൻ ഉണ്ടായ കാരണം എന്താണ്?

എനിക്ക് തോന്നിയത് അപ്പൻ വിശ്വാസം വിട്ടത്, പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്നില്ല എന്ന പ്രധാന കാരണത്താൽ ആണെന്ന് ആണ്. പുള്ളി scientific രീതി പഠിച്ചിട്ട് ഒന്നും അല്ല. അതുപോലെ പെട്ടെന്ന് ആയിരുന്നു. അത് കൊണ്ട് ആയിരിക്കാം, പുള്ളിക്ക് കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞ പോലത്തെ വിശ്വാസങ്ങൾ ഇപ്പോഴും കൂടെയുള്ളത്. എൻ്റെ കാര്യം പക്ഷെ 2014 ഓഗസ്റ്റ് - 2021 ഓഗസ്റ്റ് ഏകദേശം 7 കൊല്ലങ്ങൾ, കഴിഞ്ഞ പോസ്റ്റിൽ പ്രഖാപിക്കുന്നത് വരെയുള്ള നീണ്ട കാലത്തു ഒരു തീപ്പൊരിയിൽ തുടങ്ങി പിന്നീട് നടന്ന ഒരു പ്രക്രിയ ആണ്. അപ്പൻ ചെറിയ നിരീശ്വരൻ ഞാൻ ഭയങ്കര സ്വതന്ത്രചിന്തകൻ എന്ന് അല്ല ഉദേശിച്ചത്. പറഞ്ഞു എന്ന് മാത്രം. മുൻപേ പറഞ്ഞപോലെ ഇത് ഒരേ ഒരു കാരണത്താൽ അല്ല ഈ മാറ്റം നടന്നത്.

തുടങ്ങുന്നത് വേണേൽ 2014 കാലത്തു കൊച്ചിയിൽ ജോലി ചെയ്യുമ്പോൾ ഞാൻ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പഠിക്കാൻ നടന്ന സമയത് ആണെന്ന് പറയാം. അങ്ങനെ നടന്ന സമയത് ആണ് ഓഫീസിൽ എല്ലാവരും കളിയാക്കുന്ന തരത്തിൽ വേറിട്ട് ചിന്തക്കുന്ന ഒരുത്തനെ കിട്ടുന്നത്. വെറുപ്പീര് ആണെന്ന് പറഞ്ഞു എല്ലാവരും ആശാനേ അധികം അടുപ്പിക്കില്ല. അല്ലെങ്കിൽ അവനെ കളിയാക്കാൻ ആയിരിക്കും. ഞാൻ പക്ഷെ പുള്ളിയും ആയി വർത്താനം പറഞ്ഞപ്പോൾ ആണ് മനസിലായത്, പുള്ളി ആളൊരു സംഭവം ആണെന്ന്. നമ്മൾ കാണാത്ത സംഗതി ആണ് പുള്ളി ചിന്തിക്കുന്നത്. പിന്നെ മനസിലായി ഈ ചിന്തകളുടെ സ്രോതസ് പുള്ളിയുടെ പുസ്തകം വായന ആണ്. ഞാൻ പണ്ട് പഠിക്കുന്ന കാലത്തു കൈയ്യിൽ കിട്ടിയ എല്ലാ പുസ്തകങ്ങളും  വായിക്കുന്ന കൂട്ടത്തിൽ ആയിരുന്നു. പഠിച്ച സ്കൂളുകളിൽ ഒന്നും ലൈബ്രറി ഇല്ലാതിരുന്നത് കൊണ്ട് വീട്ടിൽ വരുത്തിയിരുന്ന യുറേക്ക, അമ്മയുടെ  വീട്ടിൽ പോയാൽ ബാലരമ, പൂമ്പാറ്റ ആ റേഞ്ച്. പിന്നെ മലയാളം II ടെക്സ്റ്റ്അതുപോലെ കഥകൾ ഉള്ള സ്കൂൾ തുറക്കുന്നതിനു മുൻപേ വായിച്ചു തീർക്കുന്ന പാഠപുസ്തകങ്ങൾ ഒക്കെയായിയുന്നു ഇരകൾ. പോളി ടെക്‌നിക്, B.ടെക് പഠിച്ചപ്പോൾ അവിടെ ലൈബ്രറി ഉണ്ട്. പക്ഷെ ഭൂരിഭാഗവും സിലബസ് പുസ്തകങ്ങൾ ആയിരുന്നു, അതും എടുത്തു വായിക്കും. ജോലി കിട്ടിയതിനു ശേഷം  സംഗതി ഏറെക്കുറെ നിന്ന് പോയിരുന്നു, കിട്ടുന്ന PDF ഫയൽ ഒക്കെ ഭദ്രമായി CDയിൽ ആക്കി വെക്കും എന്നതൊഴിച്ചു. ഹോക്കിങ് എഴുതിയ A brief history of time, The grand design ഒക്കെ ആ സമയത് വായിച്ച വിരലിൽ എണ്ണാവുന്ന പുസ്തകങ്ങൾ ആണ്. മുൻപേ പറഞ്ഞ പുള്ളിയുടെ കൂടെ കൂടിയതിൽ നിന്നും പുസ്തക വായന വീണ്ടും കൊണ്ട് വരണം എന്ന് തീരുമാനിച്ചു. അതുപോലെ പുള്ളിയുടെ കൂടെ നടന്നത് കൊണ്ട് കിട്ടിയ വേറെ ഒരു കാര്യം ആണ്  ക്രിട്ടിക്കൽ തിങ്കിങ്, ക്രിട്ടിക്കൽ റീഡിങ്. കാര്യങ്ങളെ വിമർശനാത്മകമായി കാണുന്ന ഒരു പരിപാടി. പുള്ളി നിസ്കരിക്കാൻ ഒക്കെ പോകും എങ്കിലും പുള്ളിയുടെ വർത്താനത്തിൽ നിന്നും എനിക്ക് മനസിലായത്, പുള്ളി ഒരു നിരീശ്വരവാദി ആണെന്ന് ആണ്. ഒരിക്കൽ പുള്ളിയോട് ചോദിച്ചപ്പോൾ പുള്ളി സമ്മതിച്ചു, പക്ഷെ അത് പുള്ളി അങ്ങനെ ആരോടും പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. അത് എനിക്ക് പുതിയ അറിവ് ആയിരുന്നു. എന്നേക്കാൾ പ്രായം കുറഞ്ഞ ഇവൻ യുക്തി വാദി ആണല്ലേ. അതിനു മുൻപ് ഞാൻ കണ്ട യുക്തിവാദികൾ എൻ്റെ അപ്പനെ പോലെ ഇടക്കിഴവന്മാർ ആയിരുന്നു. ആകെ രണ്ടു പേരെയേ ഞാൻ ഞാൻ നാട്ടിൽ  കണ്ടിട്ടുള്ളൂ. അപ്പനെക്കാൾ മുതിർന്ന ആളാണ് മറ്റെയാൾ. കുറച്ചു മുൻപേ മരിച്ചു എന്ന് പറഞ്ഞ ആൾ. പക്ഷെ ഇതൊക്കെ നടക്കുന്ന സമയത്തു ഞാൻ കട്ട വിശ്വാസി ആയിരുന്നു.

AI പഠിക്കാൻ വേണ്ടി രണ്ടു പുസ്തകങ്ങൾ ഞങ്ങൾ തീരുമാനിച്ചു. റോജർ പെൻറോസ് എഴുതിയ The Emperor's new mind പിന്നെ Shadows of the mind. ആദ്യത്തെ പുസ്തകം പുള്ളിയുടെ ആണ് രണ്ടാമത്തെ ഞാൻ വാങ്ങി. പുള്ളി വായിച്ചു കഴിയുമ്പോൾ എനിക്ക് തരാം, എൻ്റെ രണ്ടാമത്തെ പുസ്തകം പുള്ളിക്ക് കൊടുക്കാം എന്ന ധാരണയിൽ. പുള്ളിയുടെ ആദ്യ പുസ്തകം വായിച്ചു കഴിയാത്തതു കൊണ്ട് എൻ്റെ വായന അധികം നടന്നില്ല. 

അപ്പോഴേക്കും വേറെ ഒരു ചിന്ത തല പൊക്കി. ഇതിലും ഒക്കെ വലുതല്ലെ നമ്മുടെ ബൈബിൾ? ഞാൻ അതിതുവരെ ഒന്ന് മുഴുവൻ ആയി വായിച്ചിട്ടുണ്ടോ?  ഞാൻ ഇനി കമ്പ്യൂട്ടർ മേഖല ഉപേക്ഷിച്ചാൽ പോലും നമ്മൾ കൊണ്ട് നടക്കേണ്ട, നമ്മുടെ വിഭവങ്ങൾ വളരെ അധികം ചിലവാക്കേണ്ട, നമ്മളെ സ്വാധീനിക്കുന്ന ഒരു പ്രധാന സംഗതിയല്ലേ ദൈവം, മതം ഒക്കെ. പുള്ളിയുടെ വചനങ്ങൾ വായിക്കാതെ എന്ത് റോജർ പെൻറോസ്? പക്ഷെ ബൈബിൾ വായന നാട്ടിൽ അധികം നടന്നില്ല. വൈകാതെ 2014 മെയ് മാസത്തിൽ H1B എന്ന വർക്ക് വിസയിൽ ഇവിടെ അമേരിക്കയിൽ എത്തി. അതിനിടയിൽ ഈ പറഞ്ഞ പുസ്തകം എൻ്റെ സുഹൃത്ത് എനിക്ക് തന്നിരുന്നു എങ്കിലും നാട്ടിൽ ആണ്. ഇവിടെ വന്നു ലൈബ്രറിയിൽ നിന്നും അബ്ദുൽ കലാമിന്റെ അഗ്നി ചിറകുകൾ അങ്ങനെ ഒന്നോ രണ്ടോ പുസ്‌തകങ്ങൾ എടുത്തു വായിച്ചു. അതിനു ഇടയിൽ വീണ്ടും ബൈബിൾ വായന എന്ന ചിന്ത വന്നു. പള്ളിയിൽ വായിക്കുന്ന അല്ലെങ്കിൽ പ്രാർത്ഥനക്ക് വായിക്കുന്ന പോലെ ഇടയിൽ നിന്നും എന്തെങ്കിലും എടുത്തു വായിക്കുക അല്ല. ഒരു പ്രാവശ്യം ആദ്യം മുതൽ അവസാനം വരെ. അമേരിക്കയിൽഇത്തവണ വന്നപ്പോൾ ഫാമിലി നാട്ടിലായതു കൊണ്ട് ഇഷ്ടം പോലെ സമയമുണ്ട്. ഞാനും കൂടെ വന്ന ഫ്രണ്ടും  ബാച്ചിലർ ലൈഫ് ആണല്ലോ.

പണ്ട് ഇടയിൽ നിന്നും പ്രാർത്ഥനക്കു വായിക്കുന്നപോലെയല്ല, ഇത്തവണ വായിക്കുമ്പോൾ. ചെറിയ മാറ്റം ഉണ്ട്. മുൻപ് പറഞ്ഞ  വിമർശനാത്മക വായനയിൽ ആണ് കാര്യങ്ങൾ പോകുന്നത്. ഉല്പത്തി അങ്ങോട്ട് നീങ്ങുന്നില്ല. ഉല്പത്തിയിൽ പറഞ്ഞ എല്ലാത്തിനും ഒരു കാരണം അല്ലെങ്കിൽ എങ്ങിനെ എങ്കിലും ഒരു ന്യായീകരണം കണ്ടെത്താനാകാതെ മുന്നോട്ട് പോകാൻ പറ്റുന്നില്ല. എന്തായാലും ബൈബിൾ സീൻ തൽക്കാലം ഇവിടെ നിൽക്കട്ടെ.

ഓഫീസിലേക്ക് വരാം. പണ്ട് ഞാൻ വിസിറ്റിംഗ് വിസയിൽ വന്ന ഓഫീസ് ആണെങ്കിലും, നമ്മൾ അവിടെ സ്ഥിരമായി ജോലി എടുക്കുമ്പോൾ വ്യത്യാസം ഉണ്ട്. നാട്ടിൽ നിന്നും നന്നായി വ്യത്യാസങ്ങൾ ഉണ്ട്. ഒന്നാമത് നാട്ടിലെ പോലെ മലയാളത്തിൽ ഓടിക്കാൻ പറ്റില്ല, ഇംഗ്ലീഷ് പറയണം. ഞാനാണെങ്കിൽ ഇംഗ്ലീഷ് പറയുന്നത് മലയാളത്തിൽ ആണ്. നാട്ടിൽ നിന്നും കാണുന്നപോലെ ക്ലയന്റ് ഒരു ഭീകരജീവി അല്ല, നമ്മളെ പോലെ മനുഷ്യർ. നാട്ടിലെ സോഫ്റ്റ്‌വെയർ കമ്പനിയിൽ എൻ്റെ വയസിൽ ഉള്ള ആളുകൾ ആണ് ടെക്നിക്കൽ കാര്യങ്ങൾ ചെയ്യുന്നത്. കൂടിപ്പോയാൽ 6-7 കൊല്ലങ്ങൾ കൂടുതൽ എക്സ്പീരിയൻസ് ഉള്ളവരും ഉണ്ടാകും. ഞങ്ങൾ ഒരുമിച്ചു ആണ് കാര്യങ്ങൾ പഠിക്കുന്നത് ചെയ്യുന്നത്. HR, അക്കൗണ്ടിംഗ് വിഭാഗത്തിൽ പ്രായമായവർ ഉണ്ടാകും. ഇവിടെ അമേരിക്കയിൽ നമ്മുടെ കൂടെ ടെക്നിക്കൽ പണി എടുക്കുന്നത് എന്നേക്കാൾ വളരെ അധികം പ്രായം ഉള്ള ആളുകൾ ആണ്. പഞ്ച് കാർഡ് വെച്ച് പ്രോഗ്രാം എഴുതിയവർ ഒക്കെ ഉണ്ട്. ഞാൻ നേരിട്ട് ജോലി ചെയ്തിരുന്ന ഒരു ക്ലയന്റ് സായിപ്പ് ഉണ്ട്. ഞാൻ വള്ളിനിക്കർ ഇട്ടു നടന്ന കാലത്തു സോഫ്റ്റ്‌വെയർ പണി തുടങ്ങിയ ആളാണ്. പുള്ളിയുടെ പൊസിഷൻ വെച്ച് നോക്കിയാൽ പുള്ളിക്ക് ഞങ്ങൾ ഉണ്ടാക്കിയ സോഫ്റ്റ്‌വെയറിലെ ഉള്ളുകളികൾ അറിയേണ്ട കാര്യമില്ല. അറിയാൻ പുള്ളിക്ക് വലിയ താല്പര്യവും ഇല്ല. എന്നാൽ എന്തെങ്കിലും പുതിയ ടെക്നോളജി അതിൽ കയറ്റിയാൽ പുള്ളി അത് ഡോക്യുമെന്റ് ചെയ്തു വെക്കണം. അതുപോലെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പുള്ളിക്ക് ഉള്ളുകളികൾ അറിയുകയും വേണം. എനിക്കാണെങ്കിൽ അഞ്ചാറ് കൊല്ലം അതിൽ തന്നെ കിടന്നു കളിച്ചിരുന്നത് കൊണ്ട്, അറിയാവുന്നത് ഉള്ളുകളികൾ മാത്രവും. സായിപ്പ് ആളൊരു സാത്വികൻ ആണ്. ഞാൻ മലയാളത്തിൽ പറയുന്ന ഇംഗ്ലീഷ് പുള്ളി വളരെ ക്ഷമയോടെ കേൾക്കും. ഓരോ മീറ്റിങ് കഴിമ്പോഴും ഞാൻ എന്തെങ്കിലും പുതിയത് പുള്ളിയിൽ നിന്നും പഠിക്കും. പുള്ളിക്ക് വേണ്ട കാര്യങ്ങൾ ഞാൻ കൊടുക്കുകയും ചെയ്യും. എനിക്കുള്ള മെച്ചം ഞാൻ കൊച്ചിയിൽ നിന്നും ആയതുകൊണ്ട് അതിൽ ഇപ്പോൾ വർക്ക് ചെയ്യുന്ന എല്ലാവരെയും നേരിട്ട് അറിയാം എന്നതാണ്.

അങ്ങനെ ഞങ്ങൾ മച്ചാ-മച്ചാ ആയി പോയികൊണ്ടിരിക്കുന്ന 2014 ഓഗസ്റ്റ് മാസം ആണെന്ന് ആണ് ഓർമ്മ, സോഫ്റ്റ് വെയറിൽ ഒരു പ്രശ്നം. സ്‌പീഡ്‌/ performance പോരാ. ചത്ത കുതിരയെ ഓടിക്കും പോലെ ഇതിലും വലിയ പ്രശ്നത്തിൽ നിന്നും പുട്ടുപോലെ ഇതേ സോഫ്റ്റ്‌വെയറിനെ കുതിച്ചു പായിച്ചിട്ടുള, നാട്ടിൽ ഈ സോഫ്റ്റ്‌വെയറിനു performance കൂട്ടുന്ന ടീം ലീഡ് ചെയ്ത എന്നോടോ ബാലാ എന്ന രീതിക്ക് ഞാൻ അതിൻ്റെ പരിഹാരവും ആയി ഒരു ക്ലയന്റ് മീറ്റിങിലേക്ക് ചെല്ലുന്നു. നല്ല ഫേമസ് പ്രശ്നം ആയതുകൊണ്ട് അവിടെ ഞങ്ങൾ രണ്ടു പേരെയും  കൂടാതെ ഞങ്ങളുടെ കമ്പനിയിൽ നിന്നും, ക്ലയന്റ് കമ്പനിയിൽ നിന്നും വേറെ ആളുകൾ ഉണ്ട്. ഞാൻ ആണ് അവിടത്തെ ഏറ്റവും ചെറിയ പോസ്റ്റിൽ ഇരിക്കുന്ന, പ്രായത്തിൽ കുറഞ്ഞ ആൾ. ഞാൻ അങ്ങോട്ട് എൻ്റെ ഐഡിയ എടുത്തു ഇടുന്നു, എല്ലാവരും കൈയടിച്ചു പാസാക്കുന്നു. അപ്പോൾ ഈ പുള്ളി മാത്രം മുഖത്തടിച്ച പോലെ "This is not science" എന്ന്പറഞ്ഞു.

ത്സിൽ... എന്ന് നാടകം ആയിരുന്നേൽ അടിക്കാമായിരുന്നു. ഞാൻ ഏറെക്കുറെ ഇടിവെട്ടിയപോലെ ആയി. ഒന്നാമത് ഇംഗ്ലീഷ് മലയാളത്തിൽ പറഞ്ഞു ഒരു കണക്കിന് ആണ് ഞാൻ കാര്യം പറഞ്ഞു കൈയ്യടി വാങ്ങിയത്. അപ്പോൾ ആണ് ഈ പുള്ളി ഇങ്ങനെ ഒരു മുഖത്തടിച്ച പോലെ പറയുന്നത്. 

കൂടെയുണ്ടായിരുന്ന എൻ്റെ കമ്പനിക്കാർ പുള്ളിയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. പക്ഷെ പുള്ളി സമ്മതിച്ചില്ല. നിങ്ങൾ പറയുന്ന പോലെ പെർഫോമൻസ് കൂട്ടാൻ പറ്റുമായിരിക്കും, പക്ഷെ "This is not science" എന്നാണ് പിന്നെയും പുള്ളി പറയുന്നത്. പിന്നെ ഞാൻ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചപ്പോഴേക്കും, നിങ്ങളായി നിങ്ങളുടെ പാടായി എനിക്ക് ഇതിൽ പങ്കില്ല എന്നും പറഞ്ഞു പുള്ളി മീറ്റിംഗ് വിട്ടു പോയി. There is no science in this approach എന്നും കൂടി പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്. സാത്വികനായ പുള്ളി ഇത്രക്ക് ചൂടാകുന്നത് അതും ഒരു മീറ്റിംഗ് ഏറെക്കുറെ ബഹിഷ്കരിച്ച പോലെ പോകുന്നത് എനിക്ക് ആലോചിക്കാൻ പറ്റുന്ന കാര്യം ആയിരുന്നില്ല. എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്ന സയൻസ് എന്ന് ചോദിക്കണം എന്നുണ്ട്. പക്ഷെ സ്കൂളിൽ പഠിക്കുമ്പോൾ ഒട്ടു മിക്ക സയൻസ് ക്വിസ് പ്രോഗ്രാമുകളിലും ഫസ്റ്റ് വാങ്ങിയ, PCM സ്കോളർഷിപ്പ് കോട്ടയത്തു പോയി വാങ്ങിയ, പത്തിൽ സയൻസ് (STEM)വിഷയങ്ങൾക്ക് 200ഇൽ184 മാർക്ക് വാങ്ങിയ എനിക്ക്, അത് ചോദിക്കാൻ എൻ്റെ അഭിമാനം എന്നെ അനുവദിച്ചില്ല.

സംഗതി ഞാൻ പറഞ്ഞ പോലെ ചെയ്തു സോഫ്റ്റ് വെയറിനെ പറപ്പിച്ചു. ഇതേ പുള്ളിയും ആയി വീണ്ടും മീറ്റിംഗുകൾ നടത്തി. പുള്ളി പഴയ സാത്വികൻ ആയി. ഞാൻ ഓരോ മീറ്റിംഗ് കഴിയുമ്പോഴും പുതിയ കാര്യങ്ങൾ പഠിച്ചു. എല്ലാം പഴയപോലെ. പക്ഷെ പുള്ളിയുടെ ആ "This is not science" എന്ന ഡയലോഗ് പുള്ളിയെ കാണുമ്പൊഴൊക്കെ എൻ്റെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു. 

പുള്ളി എന്താണ് ഉദേശിച്ചത് എന്ന് മനസിലാക്കാൻ ആദ്യം ചെയ്തത് ഇന്ത്യൻ സയൻസ്, അമേരിക്കൻ സയൻസ് എന്നിങ്ങനെ രണ്ടു സാധനങ്ങൾ ഉണ്ടോ എന്ന് നോക്കുക ആയിരുന്നു. അതില്ല എന്ന് മനസിലായി. പിന്നെ സയൻസ് എന്താണെന്നു അറിയാൻ ഇംഗ്ലീഷ് മാധ്യമങ്ങൾ നോക്കി. പണ്ട് പോളി ടെക്‌നിക്, B.ടെക് പഠിക്കുമ്പോൾ ഭാഷ ഒരു പ്രശ്നം ആയിരുന്നപോലെ ഇവിടെയും പഠിക്കാൻ അത് പ്രശ്നം ആയി. അങ്ങനെ എന്താണ് സയൻസ് എന്ന് മലയാളത്തിൽ പഠിക്കാൻ തീരുമാനിച്ചു. 

സയൻസ്. അറിയും തോറും അകലം കൂടുന്ന മഹാസാഗരം. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണി കിടന്നവന് അല്ല മുകളിൽ പറഞ്ഞ എനിക്ക് ഒരു വെളിപാട് ഉണ്ടാകുന്നു. എന്താ? ഇന്റെർനെറ്റിലേക്ക് വെച്ച് പിടിക്കാൻ. എന്തിനാ? മലയാളത്തിൽ സയൻസ് പഠിക്കണം.

ഫേസ്ബുക്ക്. സയൻസിനെ പറ്റി അറിയാൻ ചെന്ന് പെട്ടത് ഒരു സിംഹമല്ല ഒരുകൂട്ടം സിംഹങ്ങളുടെ മടയിൽ. കേരള ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പ്. മൂപ്പന്മാര് നല്ല ഫിറ്റാ. എന്താ കാരണം നല്ല A ക്ലാസ് വിശ്വാസികളെ അവിടെയിട്ട് ക്ഷ, ണ്ണ, ള്ള  വരപ്പിച്ചു മലർത്തിയടിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യം അറിയിച്ചു. ദക്ഷിണ വെക്കാൻ പറഞ്ഞു. ഈ ഊരു  തെണ്ടിയുടെ ഓട്ടക്കീശയിൽ എന്താ ഉള്ളത്? അല്ല ഇമ്മാതിരി അടി കിട്ടികിടക്കുന്ന എൻ്റെ കൈയിൽ എന്താ ഉള്ളത്? ഒന്നുല്ല. സയൻസിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച, അല്ല പണ്ട് യുറേക്ക ഒക്കെ വാങ്ങിത്തന്ന അമ്മയെ മനസ്സിൽ ധ്യാനിച്ച് പഴയ ക്വിസ്, PCM സ്കോളർഷിപ്, പത്താം ക്‌ളാസ് മാർക്ക് ഒക്കെ വച്ച് ഒരു സാധനം അങ്ങട് അലക്കി. പാടി മുഴുവിക്കാൻ വിട്ടില്ല ഛെ പറഞ്ഞു മുഴുവിക്കാൻ വിട്ടില്ല അപ്പോൾ തന്നെ അവിടെ നിന്നും കണ്ടം വഴി ഓടിച്ചു വിട്ടു. എവിടെക്കാ Kerala freethinkers Forum -kftf എന്ന യൂട്യൂബ് ചാനലിലേക്ക്. പിന്നെ ഒരു ബ്രൌസർ ടാബിൽ ഈ ചാനലിലെ വീഡിയോകളും അടുത്ത മൂന്നുനാലു ടാബുകളിൽ  അവരെ എങ്ങിനെ എങ്കിലും പൊളിക്കാനുള്ള സൈറ്റുകൾ തിരയലും ആയി കാലമൊരുപാട്. ഒടുവിൽ ഒരുനാൾ ഗുരുവിന്റെ ഖബറിൽ ഒരു പിടി പച്ചമണ്ണ്, ദേ വീണ്ടും, അല്ല ഈ ചാനൽ സയൻസ് വിഷയങ്ങൾ നിറുത്തി സാമൂഹ്യ വിഷയങ്ങൾ മാത്രം ആക്കിയപ്പോൾ, അത് പിളർന്ന് വേറെ ഗ്രൂപ്പുകൾ ഉണ്ടായപ്പോൾ യാത്ര തുടർന്നു. ഇന്നും തീരാത്ത സയൻസിനോട് ഉള്ള അടങ്ങാത്ത അഭിനിവേശം. ഇനി മതി, ആറാം തമ്പുരാന്റെ പ്രേതത്തെ ഒഴിപ്പിക്കണം.

2014 കാലത്തു ഇവിടെ അമേരിക്കയിൽ യൂട്യൂബ് സ്ട്രീമിംഗ് ആയി ഓടും. അതുകൊണ്ട് അറിവുകൾ ധാര ധാര ആയി വന്നു കൊണ്ടിരുന്നു. അതിൽ പ്രധാനംമുകളിൽ പറഞ്ഞ ഗ്രൂപ്പ് ആയിരുന്നു. അവരുടെ ഗ്രൂപ്പ് ഞാൻ പിന്തുടർന്നത് യുക്തിവാദ ആശയങ്ങൾ കണ്ടിട്ട് അല്ല. അവരുടെ ചാനലിൽ മാത്രം ആണ് സയൻസ് സംബന്ധിയായ കാര്യങ്ങൾ മനുഷ്യന് മനസിലാകുന്ന മലയാളം ഭാഷയിൽ  കാണാൻ സാധിച്ചത്. ആദ്യ ഘട്ടത്തിൽ ഞാൻ സയൻസ് മാത്രം എടുക്കും. ദൈവമില്ല എന്ന് പറയുന്നത് അപ്പാടെ വിടും. അതുപോലെ അവർ പറയുന്ന ഓരോ കാര്യവും വേറെ സൈറ്റുകളിൽ ചെന്ന്ചെക്ക് ചെയ്യും. അപ്പൻ നിരീശ്വരൻ ആയിരുന്നു എങ്കിലും യുക്തിവാദികളെ പറ്റി എനിക്ക് അത്രക്ക് നല്ല മതിപ്പ് ഉണ്ടായിരുന്നില്ല. അവർ ചുമ്മാ തള്ളി വിടുന്നത് ആണെങ്കിലോ? ഇന്നും ഈ ചെക്കിങ് ഞാൻ നടത്താറുണ്ട്. അവിടെ എന്നെ വളരെ അധികം സ്വാധീനിച്ച വീഡിയോകളിൽ ഒന്ന് എന്താണ് മരണം എന്നതായിരുന്നു. പിന്നെ അസ്‌ട്രോളജിയെപ്പറ്റിയുള്ളത്, പരിണാമം, എന്താണ് മോഡേൺ മെഡിസിൻ, അതിലെ ഡബിൾ ബ്ലൈൻഡ് ടെസ്റ്റ് അങ്ങനെ പോകുന്നു ലിസ്റ്റ്. അവസാനം ഞാൻ മനസിലാക്കി, ഞാൻ പഠിച്ച എൻ്റെ കൈയിൽ ഉള്ള അറിവുകൾ തെറ്റാണു. പ്രത്യേകിച്ച് ജീവ പരിണാമം. അതുപോലെ എന്താണ് സയൻസ്.

എൻ്റെ കാഴ്ചപ്പാട് മൊത്തത്തിൽ മാറ്റിയ അറിവ് ആയിരുന്നു എന്താണ് സയൻസ് എന്നത്. സയൻസ് എന്നാൽ ഒരു കൂട്ടം അറിവുകൾ അല്ലെന്നും അത് ഇന്നു മനുഷ്യന് അറിയാവുന്ന അറിവ് നേടാനുള്ള ഏറ്റവും നല്ല മാർഗം ആണെന്നും ഞാൻ മനസിലാക്കി. Scientific method എന്ന് കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞ സംഗതി തന്നെ. പിന്നെ സയൻസിനു അപ്പസ്തോലന്മാർ ഇല്ലെന്നും, ആര് പറഞ്ഞാലും അത് തെളിയിച്ചില്ലെങ്കിൽ അല്ലെങ്കിൽ അതിനു എതിരായി ഒരു വസ്തുത വേറെ ഒരാൾ തെളിയിച്ചാൽ മുൻപ് ഉണ്ടായിരുന്നത് തള്ളുമെന്നും മനസിലാക്കി. അതുപോലെ ന്യായവൈകല്യങ്ങൾ എന്നൊരു സംഗതി ഉണ്ടെന്നും ഞാൻ ആദ്യമായി കേൾക്കുന്നത് ഈ സമയത്താണ്. ഇനി ഇതെങ്ങാനും സ്കൂളിൽ പഠിപ്പിച്ച ദിവസം  എനിക്ക് പനിയായിരുന്നോ എന്നോർമ്മയില്ല. 

അപ്പോഴും ഞാൻ ഒരു വിശ്വാസിയാണ്. നേരത്തെ പറഞ്ഞ ഫേസ്ബുക് ഗ്രൂപ്പിൽ പോകും, അവരുടെ ചാനലിൽ വരുന്ന വീഡിയോകൾ കാണും, എങ്കിലും വിശ്വാസം പഴയപോലെ തന്നെ പോകുന്നു. അങ്ങനെ ഇതിനു ഇടയിൽ ഇവിടെ അപാർട്മെന്റ് എടുത്തു, ഫാമിലി അമേരിക്കയിൽ വന്നു. 2015 സെപ്റ്റംബർ മാസത്തിൽ തിരിച്ചു നാട്ടിൽ പോയി. ഇനി അടുത്ത 2016 ഏപ്രിൽ മാസത്തിൽ ആണ് വരിക. ഞാൻ ഇവിടത്തെ അപ്പാർട്മെന് വിട്ടു, പേയിങ് ഗസ്റ്റ് ആയി ഒരു വീട്ടിലെ മുറിയിൽ താമസിക്കുന്നു. ആ വീട്ടിൽ നിന്നാണ് ഫുഡ്. അങ്ങനെ ഫുഡ് വെക്കാനുള്ള സമയം കൂടെ ലാഭം. ഇഷ്ടം പോലെ സമയം. ഇനിയാണ് ട്വിസ്റ്റ്.

മുന്നേ പറഞ്ഞ ബൈബിൾ വായനയിൽ നിന്ന സംശയങ്ങൾ എന്തുകൊണ്ട് ഇപ്പോൾ പഠിച്ച Scientific രീതി ഉപയോഗിച്ചു തെളിയിച്ചു കൂടാ? എന്ന് ഒരു ചിന്ത ഉദയം ചെയ്യുന്നു. എൻ്റെ ഒരു കൈയിൽ മനുഷ്യൻ ഇന്നേവരെ കണ്ടു പിടിച്ച ഏറ്റവും നല്ല  അറിവ് നേടാൻ പറ്റുന്ന രീതി ഇരിക്കുന്നു, മറ്റേ കൈയിൽ ഞാൻ ദൈവ നിവേശിതം എന്ന് കരുതുന്ന എൻ്റെ മത പുസ്തകവും. പിന്നെ സമയവും, ലോകത്തു ആരുമായും സംവദിക്കാൻ പറ്റുന്ന, ഇടതടവില്ലാതെ യൂട്യൂബ്  കട്ടക്ക് സ്ട്രീം ആകുന്ന അൺലിമിറ്റഡ് ഇന്റർനെറ്റും.

അങ്ങനെ സംഗതി തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴേ മനസിലായി. ഈ ബൈബിൾ എന്നും പറയുന്നതും, പണ്ട് ഞാൻ വായിച്ച ബാലരമ, പൂമ്പാറ്റ കഥകളും തമ്മിൽ വലിയ വ്യത്യാസം ഇല്ലെന്നു. പഴയ കുറെ ഗോത്ര, രാജാക്കന്മാരുടെ കഥകൾ. കൂടെ സാരോപദേശം, സ്ത്രീ വിരുദ്ധത, അടിമത്വം, കുട്ടികൾക്ക് യാതൊരു അവകാശവും കൊടുക്കാത്ത അവരെ വേണ്ടി വന്നാൽ ബലി കൊടുക്കാൻ കൊണ്ട് പോകുന്ന പരിപാടിയെ ന്യായീകരിക്കൽ അങ്ങനെ പോകുന്നു. ഉല്പത്തിയിലെ സൃഷ്ടി മുതൽ പ്രളയം ഒക്കെ അന്ന് കാലത്തു പ്രചരിച്ച വേറെ കുറെ കഥകൾ അടിച്ചു മാറ്റിയത് ആണ്. ബൈബിൾ പറയുന്ന പോലെ വെള്ളം ഭൂമി മൊത്തം നിറയണം എങ്കിൽ എവറസ്റ്റിന്റെ ഉയരം 8 കിലോ മീറ്ററിലും മുകളിൽ വെള്ളം വേണേൽ (വെള്ളത്തിൽ ഐസ് അലിഞ്ഞു ഉയരം കുറഞ്ഞു എന്നാരും പറയരുത്) ഭൂമിയിൽ ഉള്ള വെള്ളം പോരായ്ക വരും. ഇതൊന്നും ഒരു പരികല്പന ആയിപോലും എടുത്തു നോക്കാൻ പറ്റില്ല. അങ്ങനെ പഴയ നിയമം തീർന്നു. പണ്ട് പല പള്ളിലെ അച്ചന്മാരും പറയുന്നത് കേട്ടിട്ടുണ്ട്. നിങ്ങൾ അധികം പഴയ നിയമത്തിൽ പോകേണ്ട പുതിയ നിയമം ആണ് പുലി എന്ന്. അത് തന്നെ ആണ് പിന്നീട് ഫ്രാൻസിസ് പോപ്പ് പറഞ്ഞത്. ദൈവം മാജിക്കുകാരൻ അല്ല.പരിണാമം സത്യമാണ് എന്ന്. അങ്ങനെ നോക്കുമ്പോൾ ഉത്പത്തിയിൽ പറഞ്ഞ പാപം, അതിനെ തുടർന്ന് വരുന്ന ഉത്ഭവപാപം നീക്കുന്ന മാമ്മോദീസ ഒക്കെ തള്ളേണ്ടി വരും.

പോട്ടെ, പുതിയ നിയമത്തിൽ വന്നു. തുടങ്ങുമ്പോൾ തന്നെ കന്യക ജനനം ആണ്. ടെസ്റ്റ് ട്യൂബ് ശിശു ആണെന്നും, സിസേറിയൻ കഴിച്ചു എടുത്തത് കൊണ്ട് കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ല എന്നും വേണേൽ പറഞ്ഞു സയൻസ് വെച്ച് ശരിയാക്കി എടുക്കാം. അന്നത്തെ കാലത്തു ഈ ടെക്നോളജി ഉണ്ടോ എന്ന കാര്യം വിടാം. പക്ഷെ അപ്പോൾ വരുന്ന അടുത്ത പ്രശ്നം ആണ് മറ്റേ 23 ക്രോമസോം ആര് കൊടുത്തു എന്നത്. അതായതു Y ക്രോമോസോം ഉൾപ്പെടുന്ന പിതാവിൻ്റെ കൈയിൽ നിന്നും കിട്ടേണ്ട 23 ക്രോമസോം. XX ആയിരുന്നേൽ രണ്ടും അമ്മയിൽ നിന്ന് എന്ന് പറയാം. ഇവിടെ അത് പറയാൻ പറ്റില്ല കാരണം പുള്ളി ആണാണ് എന്നാണല്ലോ ബൈബിൾ പറയുന്നത്. അങ്ങനെ അത് പൊളിഞ്ഞു. ഇനി അത്ഭുതങ്ങളിലേക്ക് വന്നാൽ കാനായിലെ കല്യാണ അത്ഭുതം തന്നെ ശരി ആകുന്നില്ല. ഹൈഡ്രജൻ, ഓക്സിജൻ മാത്രം ഉള്ള വെള്ളത്തിൽ നിന്നും എങ്ങിനെയാണ് പെട്ടെന്നു വീഞ്ഞ് ഉണ്ടാക്കുന്നത്? ഈ വീഞ്ഞു എന്താണെന്നു ഒരു അടിസ്ഥാന വിവരം കിട്ടിയാൽ തന്നെ മനസിലാകും ഈ പണി നടക്കില്ല എന്ന്. കുടിച്ചവർ പറഞ്ഞത് വെച്ച് നോക്കുമ്പോൾ രണ്ടാമത് കൊടുത്ത വെള്ളത്തിൽ നിന്നും ഫ്രഷ് ആയി ഉണ്ടായ വീഞ്ഞ് ആയിരുന്നു കേമം. ആൽക്കഹോൾ ഇല്ലാതെ എന്തായാലും വീഞ്ഞ് ഉണ്ടാവില്ലല്ലോ. പിന്നെ വെള്ളത്തിനു മുകളിൽ നടന്നത്, മരിച്ച ആളെ ഉയർപ്പിക്കുന്നത് ഒന്നും അങ്ങോട്ട് എത്തുന്നില്ല. സയൻസ് നിന്ന് ചിരിക്കുകയാണ്. പിന്നെ അപ്പസ്തോലന്മാരുടെ വക സ്ത്രീവിരുദ്ധത, അവസാനം യോഹന്നാന് ലഭിച്ച വെളിപാട്. അൺസഹിക്കബിൾ. 

പിന്നെ ബൈബിൾ ഉണ്ടായ കഥകൾ വായിച്ചപ്പോൾ മനസിലായി ഇത് ആരൊക്കെയോ കൂടി ഇരുന്നു തുന്നിക്കൂട്ടിയ പുസ്തകം ആണെന്ന്. അന്നത്തെ കാലഘട്ടത്തിനു അനുസരിച്ചു അവർക്ക് വേണ്ടാത്തത് അവർ കളഞ്ഞു.  അങ്ങനെ പോയി ഇതിൽ നിന്നും വെട്ടിക്കളഞ്ഞ പുസ്തകങ്ങൾ തപ്പിയെടുത്തു വായിച്ചു. എന്നിട്ടും വലിയ മാറ്റം ഉണ്ടായില്ല. ഇന്നാണ് ബൈബിൾ തുന്നിക്കൂട്ടിയിരുന്നത് എങ്കിൽ ഉല്പത്തി ഏറെക്കുറെ വെട്ടി കളഞ്ഞേനെ.

അങ്ങനെ 2016 മാർച്ച് മാസത്തിൽ ഏറെക്കുറെ ഇനി അന്യൻ വേണ്ട അംബി മാത്രം മതി എന്ന് തീരുമാനിച്ചു. എന്തെങ്കിലും ബാക്കി കണ്ടിരിക്കാം. നേരത്തെ പറഞ്ഞപോലെ പുള്ളിക്കാരിയോട് പെട്ടെന്ന് പറഞ്ഞില്ല. ഏറെക്കുറെ ഘട്ടം ഘട്ടമായി ആണ് മനസിലാക്കിയത്. ഇനി ഞാൻ പോകുന്ന വഴി എങ്ങാനും ശരിയല്ലെങ്കിൽ പുള്ളിക്കാരിക്ക് എന്നെ തിരിച്ചു കൊണ്ട് വരാൻ  പറ്റുമെങ്കിൽ പറ്റട്ടെ എന്ന് വിചാരിച്ചിരുന്നു. 2018 ഡിസംബർ ഓൺലൈൻ ധ്യാനവും കൂടി കഴിഞ്ഞപ്പോൾ പണി മൊത്തമായി നിറുത്തി. ഈ കൈയടിച്ചു പാടലും, ഹല്ലേലൂയായും, സ്തോത്രവും കേട്ടിട്ട് കാര്യം ഇല്ലല്ലോ. അതുകൊണ്ട് ബൈബിൾ വെച്ച് ത്രിത്വത്തെ പോലും വിശദീകരിക്കുന്ന ഒരു അച്ചന്റെ  ധ്യാനം ആണ്  കേട്ടത്. വലിയ മെച്ചം ഒന്നും ഉണ്ടായില്ല. അപ്പോഴും പരസ്യമായി പറഞ്ഞില്ല. അതിനു പിന്നെ 2021 വരെ ഇരിക്കേണ്ടി വന്നു. നേരത്തെ പറഞ്ഞപോലെ ക്ലബ് ഹൌസ് തന്ന ധൈര്യവും, വീട്ടിൽ കോറോണയെ പുകച്ചതും ഒക്കെ കാരണങ്ങൾ ആയി.

ഈ പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞ ഏഴു കൊല്ലങ്ങൾ കൊണ്ട് ഉണ്ടായതാണ്. ഓർഡർ ചിലപ്പോൾ മാറാം. പക്ഷെ കാരണങ്ങൾ ഇതാണ്.

അമേരിക്കയിൽ നിന്നും തിരിച്ചു നാട്ടിൽ ചെന്ന് സെറ്റിൽ ആകേണ്ടി വന്നാൽ വീണ്ടും പഴയപോലെ വിശ്വാസി ആകുമോ?

മാറാൻ എനിക്ക് താല്പര്യം ഇല്ല. പിന്നെ അന്നത്തെ സാഹചര്യം പോലെ ചെയ്യാം എന്നേ പറയാൻ പറ്റൂ. ഇത്രക്ക് ആയ നിലക്ക്, ഇനി പഴയ ഒരു വിശ്വാസം ഉണ്ടാകും എന്ന് തോന്നുന്നില്ല. ബൈബിൾ വെച്ച് നോക്കിയാൽ തന്നെ കർത്താവു നേരിട്ടല്ല പറയുന്നത് എങ്കിൽ തന്നെയും  ഒരു വീട്ടിൽ അവിശ്വാസി ഉണ്ടാകുന്നതു കൊണ്ട് യാതൊരു കുഴപ്പവും ഇല്ല. "ശേഷമുള്ളവരോട് കർത്താവല്ല, ഞാൻ തന്നെ പറയുന്നു, ഏതെങ്കിലും സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കുകയും അവൾ അവനോടൊത്തു ജീവിക്കാൻ സമ്മതിക്കുകയും ചെയ്താൽ അവൻ അവളെ ഉപേക്ഷിക്കരുത്. ഏതെങ്കിലും സ്ത്രീക്ക് അവിശ്വാസിയായ ഭർത്താവു ഉണ്ടായിരിക്കുകയും അവൻ അവളോടൊത്തു ജീവിക്കാൻ സമ്മതിക്കുകയും ചെയ്താൽ അവൾ അവനെ ഉപേക്ഷിക്കരുത്. എന്തെന്നാൽ, അവിശ്വാസിയായ ഭർത്താവ് ഭാര്യ മുഖേനെയും അവിശ്വാസിനിയായ ഭാര്യ ഭർത്താവു മുഖേനെയും വിശുദ്ധീകരിക്കപ്പെടുന്നു. അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധരാകുമായിരുന്നു.എന്നാൽ ഈ സ്ഥിതിയിൽ അവർ വിശുദ്ധരത്രെ" - 1 കോറി 7:12-14 

പ്രേക്ഷകർക്ക് എന്തെങ്കിലും സന്ദേശം കൊടുക്കാൻ ഉണ്ടോ?

സന്ദേശം കൊടുക്കാൻ മാത്രം ഞാൻ അത്രക്ക് വലിയ ആളൊന്നും അല്ലല്ലോ. ഒരു കാര്യം പറയാൻ ഉളളത്, നിങ്ങളുടെ വിഭവങ്ങളുടെ (പണം, സമയം) വലിയ ഭാഗം എടുക്കുന്ന നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും ജീവിതത്തെ നിയന്ത്രിക്കുന്ന നിങ്ങളുടെ മതത്തെ വിമർശനാത്മകമായി ശരിക്ക് പഠിക്കുക. എന്നിട്ടും തീരുമാനിക്കുക.

കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞല്ലോ, അപ്പനെപോലെ ആകാതിരിക്കാൻ അധികം വിശ്വാസം വേണ്ട എന്ന് പറഞ്ഞാണ് വളർത്തിയത് എന്ന്. എന്നിട്ടും താങ്കൾ  ചാടിപ്പോയി. വിശ്വാസികൾക്ക് അവരുടെ മക്കൾ ഇതുപോലെ ചാടിപ്പോകാതിരിക്കാൻ എന്തെങ്കിലും ഉപദേശം കൊടുക്കാനുണ്ടോ?

കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കുന്ന പോലത്തെ പരിപാടി ആയിപ്പോയല്ലോ. അപ്പൻ ഒരിക്കലും ഇനി ഒരു വിശ്വാസിയാകില്ല എന്ന് മനസിലായപ്പോൾ, നിന്നിലായിരുന്നു എൻ്റെ പ്രതീക്ഷ അത് നീ തകർത്തല്ലോടാ എന്ന് അമ്മ പറഞ്ഞപ്പോൾ അമ്മയോട് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്.

"അമ്മക്ക് എന്നെ അമ്മയുടെ വിശ്വാസത്തിൽ ജീവിതകാലം മുഴുവൻ നിറുത്തണം, ഞാൻ ഒരിക്കലും ഒരു മനുഷ്യനെ പോലെ സ്വതന്ത്രമായി ചിന്തിക്കരുത് എന്നായിരുന്നു ആഗ്രഹം എങ്കിൽ എന്നെ ഒരിക്കലും സ്കൂളിൽ വിടരുതായിരുന്നു. വിട്ടാൽ തന്നെ ഞാൻ സയൻസ് വിഷയങ്ങളിൽ ക്ലാസ് ഫസ്റ്റ്, സ്കൂൾ ഫസ്റ്റ് അതുപോലെ ക്വിസിൽ ഫസ്റ്റ് വാങ്ങി വരുമ്പോൾ എന്നെ പ്രോത്സാഹിപ്പിക്കരുതായിരുന്നു. എനിക്ക് യുറേക്ക പോയെയുള്ള പുസ്തകങ്ങൾ വാങ്ങി തരരുതായിരുന്നു. ഞാൻ പുസ്തകങ്ങൾ വായിക്കുന്നത് കണ്ടപ്പോൾ അത് വലിച്ചെറിയണമായിരുന്നു. ഞാൻ സയൻസിൽ വലിയ പുലി ആണെന്ന് വീട്ടുകാരോടും, നാട്ടുകാരോടും ഒന്നും അഭിമാനത്തോടെ പറഞ്ഞു നടക്കരുതായിരുന്നു. എനിക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ജോലി കിട്ടാൻ സഹായിക്കുന്ന കോളേജ് വിദ്യാഭ്യാസം തരാതെ പട്ടിണിയും പരിവട്ടവും മാറാത്ത ഒരു കർഷകനോ , ദിവസ വേതനക്കാരനോ ആക്കണമായിരുന്നു." 

എഴുത്തിന്റെ സ്വാതന്ത്ര്യം എടുക്കുന്നത് കൊണ്ട്  ഡയലോഗ് ഇതേപടി അല്ലായിരുന്നു, എന്നാലും ചുരുക്കത്തിൽ പറഞ്ഞാൽ നിങ്ങളുടെ മക്കൾ നിങ്ങളുടെ വിശ്വാസത്തിൽ തന്നെ നിലനിൽക്കണം, നിങ്ങൾ പറയുന്നത് കേട്ട് നിങ്ങളുടെ കാൽക്കീഴിൽ നിങ്ങളെ പരിചരിച്ചു ജീവിക്കണമെങ്കിൽ  അവർക്ക് വിദ്യാഭാസം എന്ന ചിറകുകൾ കൊടുക്കരുത്. ചിറകില്ലാത്ത അവർ നിങ്ങളുടെ ചുറ്റും തന്നെ കിടന്നു കറങ്ങും. മറിച്ചു ചിറകുകൾ കൊടുത്താൽ അവർ ഇന്നല്ലെങ്കിൽ നാളെ നിങ്ങളെയും നിങ്ങളുടെ വിശ്വാസങ്ങളെയും വിട്ടു പറക്കും. ഇതേ തലമുറയിൽ തന്നെ എല്ലാവരും വിശ്വാസം വിട്ടില്ലെങ്കിൽ തന്നെ നിങ്ങളുടെ മക്കൾ നിങ്ങളെക്കാൾ കൂടുതൽ വെള്ളം മതത്തിലും, ദൈവത്തിലും ചേർക്കും. അത് പിന്നീട് വരുന്ന തലമുറക്ക് പറക്കാൻ സഹായകരമാകും.

2021 ഓഗസ്റ്റ് 29, ഞായറാഴ്‌ച

സ്വതന്ത്രചിന്തകനുമായി ഒരു സെൽഫി ഇന്റർവ്യൂ - പ്രഖ്യാപനം

ഈ സ്വയം ഇന്റർവ്യൂ ചെയ്യുന്നത് ഒരു മാതിരി ജാഡ പരിപാടി അല്ലെ?

ഈ സെൽഫി സെൽഫി എന്ന് കേട്ടിട്ടുണ്ടോ? അത് ഏറെക്കുറെ 2014 ഇൽ മോഡി അല്ലെ ഫേമസ് ആക്കിയത്? അതിനു മുൻപേ ഞാൻ സെൽഫി എടുത്തിട്ടുണ്ട്. ഒരിക്കൽ ബിസിനസ് വിസയിൽ അമേരിക്കയിൽ വന്നപ്പോൾ. അന്ന് വേറെ ആൾ എൻ്റെ ഫോട്ടോ എടുക്കാൻ അടുത്തൊന്നും ഇല്ലാത്തതുകൊണ്ട് ഞാൻ തന്നെ എടുത്തു. അതുപോലെ ഇപ്പോൾ വേറെ ആരും ഇല്ലാത്തതുകൊണ്ടും ഞാൻ അത്രക്ക് ഫേമസ് ആയ വ്യക്തി അല്ലാത്തതുകൊണ്ടും, ഞാൻ തന്നെ എൻ്റെ ഇന്റർവ്യൂ എടുക്കുന്നു. ജാഡയെന്നോ, അല്പത്തരം എന്നോ ആളുകൾക്ക് പറയാം. അവര് പറയട്ടെ. പിന്നെ ലോകത്തു ആദ്യമായി ഞാൻ അല്ല ഇത് ചെയ്യുന്നത്. ചുമ്മാ ഗൂഗിൾ ചെയ്ത നോക്കിയാൽ മതി.

അതുപോലെ ഭാവിയിൽ മക്കൾ ഇത് വായിക്കുമ്പോൾ അവർക്ക് ഒരു രസമായിരിക്കാം. മലയാളത്തിൽ ആണെങ്കിലും അവർ വായിച്ചു എടുത്തോളും. 

ഇപ്പോൾ ആയി എന്ന് പറയുന്ന  സ്വതന്ത്രചിന്തകൻ/ ഫ്രീതിങ്കേർ എന്ന് വെച്ചാൽ എന്താണ് എന്ന് ഒന്ന് വ്യക്തമാക്കാമോ?

ഒരു പുസ്തകം അടിസ്ഥാനപ്പെടുത്തി ഉള്ള ആശയം അല്ലാത്തത് കൊണ്ട് ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടുകൾ കാണും.  പിന്നെ നമ്മുടെ കാഴ്ചപ്പാടുകൾ കാലങ്ങൾക്ക് ദേശങ്ങൾക്ക് അനുസരിച്ചു തിരുത്തപ്പെടേണ്ട ഒന്നാണല്ലോ. എൻ്റെ അഭിപ്രായത്തിൽ സ്വതന്ത്രചിന്ത എന്ന് പറയുന്നത് ഓരോ വ്യക്തിയും സ്വതന്ത്രമായി അനവവന് ലഭ്യമാകുന്ന വിഭവങ്ങൾ ഉപയോഗിച്ച് ബാഹ്യ ശക്തികളുടെസ്വാധീനം ഇല്ലാതെ ചിന്തിക്കുന്ന അതിനു അനുസരിച്ചു അവരുടെ കാഴ്ചപ്പാടുകൾ രൂപീകരിച്ചു ജീവിക്കുന്ന ഒരു അവസ്ഥയാണ്. അതിൽ ഇനി പറയുന്ന വഴിയിൽ വന്ന അറിവുകൾ തെളിവ് ഇല്ലെങ്കിൽ എടുക്കില്ല.

  • Authority അല്ലെങ്കിൽ അധികാരത്തിൽ ഇരിക്കുന്ന ആൾ പറയുന്നു എന്ന് പറഞ്ഞു വരുന്ന അറിവുകൾ.
  • Tradition അല്ലെങ്കിൽ പാരമ്പര്യം എന്ന് മാത്രം പറഞ്ഞു വരുന്നത് 
  • Revelation അല്ലെങ്കിൽ വെളിപാട് എന്നും പറഞ്ഞു വരുന്നത്.
  • Dogma അല്ലെങ്കിൽ സിദ്ധാന്തം എന്ന് പറഞ്ഞു വരുന്നതുമായ അറിവുകൾ.

ഈ വഴികളിലൂടെ വന്നു എന്നത് പ്രശ്നം അല്ല, തെളിവുകൾ ആണ് പ്രധാനം. അപ്പോൾ ചോദിക്കും എങ്ങിനെ തെളിയിക്കും? എന്താണ് മാർഗം? എൻ്റെ ഇന്നത്തെ അറിവിൽ, വസ്തുതകൾ തെളിയിക്കാൻ ഇന്ന് നിലവിലുള്ള ഏറ്റവും നല്ല മാർഗം സയൻസ് ആണ്. സയൻസ് എന്ന് ഉദ്ദേശിക്കുന്നത് മലയാളത്തിലെ ആചാര്യന്മാർ ശാസിക്കപ്പെട്ടത് എന്ന അർത്ഥം വരുന്ന ശാസ്ത്രം അല്ല. അവിടെ ഗൗളിശാസ്ത്രവും, വാസ്തുവും, ജോൽസ്യവും, പക്ഷിശാസ്ത്രവും  ഒക്കെ ഉണ്ട്. Observation, Hypothesis, Testing ഒക്കെ ഉൾപ്പെടുന്ന Scientific method ഉപയോഗിച്ച്  വസ്തുതകൾ തെളിയിക്കുന്ന/കണ്ടെത്തുന്ന ഒരു രീതി ആണ് ഞാൻ സയൻസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനു മലയാളത്തിൽ ചേരുന്ന പദം ഇല്ലാത്തതുകൊണ്ട് സയൻസ് എന്ന് തന്നെ ഉപയോഗിക്കാം. മേശ എന്നൊക്കെ ഉള്ള വാക്കുകൾ വേറെ ഭാഷകളിൽ നിന്നും വന്നപോലെ സയൻസ് എന്ന വാക്ക് ഞാൻ മലയാളത്തിൽ ഉപയോഗിക്കുന്നു.  നാളെ ഇപ്പറഞ്ഞ Scientific method എന്ന രീതിയെക്കാൾ നല്ല രീതി വസ്തുതകൾ തെളിയിക്കാൻ വന്നാൽ അത് എടുക്കും.

ഇങ്ങനെയുള്ള ഒരു സയൻസ് ഫിൽറ്റർ വെച്ച് കാര്യങ്ങൾ നോക്കുമ്പോൾ കുറെഎണ്ണം നമുക്ക് തള്ളേണ്ടി വരുന്നു. അതിൽ മുകളിൽ പറഞ്ഞ നാലു വഴികളിൽ വന്ന ഭൂരിഭാഗം അറിവുകളും, മുൻപേ പറഞ്ഞ ശാസ്ത്രങ്ങളും കൂടെ ദൈവങ്ങളും,  മതങ്ങളും തള്ളി പോകുന്നു.

അപ്പോൾ ഒരാൾ സ്വതന്ത്ര ചിന്തകൻ എന്നും പറഞ്ഞു  സ്വയം ചിന്തിച്ചു എന്തും ചെയ്യാം എന്നാണോ?

ഒരിക്കലും അല്ല. ആ വ്യക്തി ഒരു സമൂഹത്തിൽ ആണ് ജീവിക്കുന്നത് അവിടത്തെ നിയമങ്ങൾ അനുസരിക്കുക. ഇപ്പോൾ നമ്മുടെ സമൂഹം എന്നത് പഴയപോലെ ചെറിയ ഗോത്രം അല്ല. പഞ്ചായത്ത്, സംസ്ഥാനം, രാജ്യം അങ്ങനെ ഓരോ യൂണിറ്റും ഉണ്ടാക്കി വച്ചിരിക്കുന്ന നിയമങ്ങൾ അനുസരിക്കുക. നമ്മുടെ സ്വതന്ത്ര ചിന്തയിൽ ഇപ്പോഴത്തെ നിയമങ്ങൾ ശരിയല്ല എന്ന് തോന്നിയാൽ ആ നിയമങ്ങൾ മാറ്റാൻ ഉള്ള പ്രവർത്തനങ്ങൾ നടത്തുക. ഹിംസാപരമായ വിപ്ലവം നടത്തി നേരം ഇരുട്ടി വെളുക്കുമ്പോൾ നിയമം മാറ്റണം എന്നല്ല. നിയമം മാറ്റാൻ എന്താണോ വഴി ആ വഴിയിൽ പോകുക. ഇന്ത്യയിൽ ആണെങ്കിൽ കോടതി, നിയമനിർമാണ സഭകൾ ഒക്കെ ഉണ്ടല്ലോ, അത് വഴി മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുക. 

ഇനി ദൈവം ,വിശ്വാസം എന്നിവയിലേക്ക് വരാം. ഒരു വിശ്വാസവും ഇല്ലേ?

ഒന്നിലും വിശ്വസിക്കാതെ മനുഷ്യൻ ആയി സമൂഹത്തിൽ ജീവിക്കാൻ പറ്റില്ല. കറൻസിക്ക് വിലയുണ്ട് എന്ന് സമൂഹവും കൂടെ നമ്മളും വിശ്വസിക്കുന്നു. നമ്മൾ തിരിഞ്ഞെടുത്തവർ ഉണ്ടാക്കിയ നിയമം എല്ലാവരും അംഗീകരിക്കുന്നു എന്നും, അത് ആരെങ്കിലും തെറ്റിച്ചാൽ കോടതിയിൽ പോയാൽ കോടതി നീതി നടത്തി തരും എന്നും നമ്മൾ വിശ്വസിക്കുന്നു. ഒരു ഡോക്ടർ നമ്മളെ ചികില്സിക്കുമ്പോൾ, സയൻസ് നമുക്ക് തന്ന ഏറ്റവും പുതിയ അറിവ് ഉപയോഗിക്കുമെന്നും, മയക്കി കിടത്തി ഓപ്പറേഷൻ ചെയ്യുമ്പോൾ നമ്മുടെ കിഡ്‌നി അടിച്ചു മാറ്റില്ല എന്നും വിശ്വസിക്കുന്നു. ഇനി എങ്ങാനും കിഡ്‌നി അടിച്ചു മാറ്റിയിട്ടുണ്ട് എന്ന് സംശയം തോന്നിയാൽ അത് സയൻസ് ഉപയോഗിച്ച് തന്നെ തെളിയിച്ചു കോടതിയിൽ നിന്നും നമുക്ക് നീതി കിട്ടുമെന്നും വിശ്വസിക്കുന്നു. അതുപോലെ സർക്കാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത ഒരു കമ്പനി ഉണ്ടെന്നും അതിനു വേണ്ടി പ്രയത്നിച്ചാൽ മാസം അവസാനിക്കുമ്പോൾ നമുക്ക് ജീവിക്കാൻ വേണ്ട സാലറി കിട്ടുമെന്നും വിശ്വസിക്കുന്നു. ഈ വക വിശ്വാസങ്ങൾ കൊണ്ട് നടക്കുന്നത് കൊണ്ട് നമുക്ക് ഒരു കുഴപ്പവും വരാനില്ല. ചിലപ്പോൾ നോട്ടു നിരോധിച്ചേക്കും, പക്ഷെ ആ മൂല്യം അവിടെ ഉണ്ട്.

സ്വതന്ത്രചിന്തകൻ എന്ന നിലയിൽ ഞാൻ തള്ളിക്കളയുന്നത് ഒരു ലോജിക്കും ഇല്ലാതെ നമ്മൾ മനുഷ്യരെ പുറകോട്ടു പിടിച്ചു വലിക്കുന്ന, നമുക്ക് ഹാനികരം ആകുന്ന വിശ്വാസങ്ങളെ ആണ്. അതിൽ ഈ ജ്യോത്സ്യം, വാസ്തു, ആയുർവ്വേദം, ഹോമിയോ, ദൈവം, മതം ഒക്കെ ഉൾപ്പെടുന്നു. 

ഇനി ഒരു കാലത്തു  താങ്കൾ  ഈ പറയുന്ന സയൻസ് വച്ചു ദൈവം ഉണ്ടെന്നു തെളിയിച്ചാൽ എന്ത് പറയും?

ഇവിടെ ആണ് ഈ scientific method ഒന്നും കൂടെ പറയേണ്ടി വരുന്നത്. ഇത് പ്രകാരം ഒരു കാര്യം ഹൈപോതെസിസ് /  പരികല്പന ആയി എടുക്കണം എങ്കിൽ അത് falsifiable ആയിരിക്കണം. അതായത് ഒരാൾ ഒരു കാര്യം ഉന്നയിക്കുമ്പോൾ, ആ കാര്യം തെറ്റാണ് എന്ന് തെളിയിക്കാൻ ഉള്ള വകുപ്പ് ഉണ്ടായിരിക്കണം. ഉദാഹരണമായി ഒരാൾ പറയുന്നു മനുഷ്യർ ഉണ്ടായിട്ട് 6000 കൊല്ലങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അത് തെറ്റാണെന്നു തെളിയിക്കാൻ എളുപ്പം പറ്റുന്ന കാര്യം ആണ്. അതിലും പഴക്കം ഉള്ള ഒരു മനുഷ്യന്റെ ഏതെങ്കിലും ഭാഗം കണ്ടെത്തിയാൽ മതി. അതിനു മുൻപ് മനുഷ്യൻ എന്താണ് എന്ന് നിർവചിച്ചിരിക്കണം, അതുപോലെ ഈ കാലഗണനക്ക് രണ്ടു കൂട്ടരും സമ്മതിക്കുന്ന ഒരു രീതിയും വേണം. 

സയൻസ് രീതിയുടെ അടുത്ത ഒരു ഗുണം ആണ് repeatability അഥവാ ആവർത്തന ക്ഷമത. ഒരു experiment ഡിസൈൻ ചെയ്തു വീണ്ടും ആവർത്തിച്ചാൽ മുൻപ് കിട്ടിയ അതെ ഉത്തരം കിട്ടണം. അല്ലെങ്കിൽ അതിൻ്റെ ഒരു +/- ലെവലിൽ നിൽക്കണം. അല്ലാതെ 2000 വർഷങ്ങൾക്ക് മുൻപ് നടന്നു ഇനി നടക്കില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല.

അതുപോലെ അടുത്ത ഗുണം ആണ് ഈ രീതി ആർക്കും പരീക്ഷിച്ചു നോക്കാം എന്നത്. അതിൽ വിശ്വസിക്കേണ്ട കാര്യമില്ല. നന്നായി എഴുതി വെച്ചിരിക്കുന്ന ഒരു പരീക്ഷണം അത് ചെയ്യേണ്ട പോലെ ആര് ചെയ്താലും മുൻപ് ചെയ്ത ഉത്തരം കിട്ടും. ചിലപ്പോൾ ആദ്യം പരീക്ഷണം നടത്തിയ ആൾ നന്നായി കാര്യങ്ങൾ എഴുതി വെച്ചില്ല എങ്കിൽ അടുത്ത ആൾക്ക് കിട്ടില്ല. അത് സയൻസ് രീതിയുടെ പ്രശ്നം അല്ല. ആദ്യത്തെ ആൾ ശരിക്കും എഴുതി വെക്കാത്ത പ്രശ്നം ആണ്.

ഇനി ദൈവത്തിലേക്ക് വന്നാൽ, ദൈവം എന്നത് ആകെ കൺഫ്യൂഷൻ ആണ്. നിർവചിക്കാൻ ബുദ്ധിമുട്ട് ആണ്. ചിലർ പറയുന്നു ഈ പ്രപഞ്ചം ഉണ്ടാക്കിയത്, ഭൂമി ഉണ്ടാക്കിയത് നമ്മൾ ബുദ്ധിയുള്ള മനുഷ്യരെ ഉണ്ടാക്കിയത് ആയ ഒരു വ്യക്തിത്വം ഉള്ള, നമ്മുടെ ആരാധന പ്രതീക്ഷിക്കുന്ന ഒരു സംഭവം ആണ് എന്ന്. ചിലർ പറയുന്നു അത് ഒരു ശക്തിയാണ്. ചിലർ പറയുന്നു അത് നീ തന്നെയാണ്. പണ്ട് ചിലർ പറഞ്ഞിരുന്നത്, പ്രത്യേകിച്ച് മനുഷ്യർ ബഹിരാകാശത്തു പോകുന്നതിനു മുൻപ് ആകാശത്തിൽ ഇരിക്കുന്ന നമുക്ക് വേണ്ടി സ്വർഗ്ഗവും, നരകവും ഒരുക്കി വെച്ച ഒരു സംഗതിയാണ് ദൈവം.

ഇതിലും പ്രശ്നം ആണ് falsifiability. ദൈവത്തെ ഞാനേ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ എന്നാണ് എല്ലാവരും പറയുന്നത്. നിനക്ക് കാണണം എങ്കിൽ ദൈവം വിചാരിക്കണം. നിനക്ക് സംശയം ആണ്, നീ വിശ്വസിക്കണം. അത് അളക്കാൻ പരീക്ഷിക്കാൻ ഒന്നും കഴിയില്ല. തെറ്റ് ആണെന് തെളിയിക്കാൻ ഒരു വഴിയും ഇല്ല. 

ഇനിയുള്ള പ്രശ്നം ആണ് ആവർത്തനക്ഷമത. പണ്ട് ഒരാൾക്ക് ദൈവം പ്രത്യക്ഷപ്പെട്ട്, അല്ലെങ്കിൽ പുസ്തകം കൊടുത്തു ദൈവത്തിന്റെ അസ്ഥിത്വം തെളിയിച്ചു ഇനി അത് പറ്റില്ല. നമ്മൾക്ക് വേണം എന്ന് വിചാരിക്കുമ്പോൾ വരുന്ന ഒരു ആളല്ല ദൈവം. പെൻഷൻ വാങ്ങുന്ന ആളുകൾ സർക്കാരിനെ നിശ്ചിത കാലാവധിയിൽ വന്നു ഞാൻ മരിച്ചിട്ടില്ല എന്ന് പറയുന്നപോലെയാണോ ദൈവം?

ചിലർ ഒരു പടി കൂടി കടന്നു പച്ചക്ക് പറയുന്നു, സയൻസ് മുന്നോട്ടു വെക്കുന്ന രീതി വച്ച് ഒരിക്കലും കണ്ടു പിടിക്കാൻ കഴിയില്ല എന്ന്. അത് വിശ്വാസം മാത്രമാണ്. ഇത് പ്രധാനമായും ക്ലബ് ഹൌസ് എന്ന പുതിയ സോഷ്യൽ മീഡിയയിൽ ആണ് കണ്ടത്. കാരണം അവിടെ സയൻസ് വെച്ച് ദൈവം ഉണ്ട് എന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ തേച്ചു ഭിത്തിയിൽ ഒട്ടിക്കും. 

എല്ലാം പോട്ടെ. ഇനി ആരെങ്കിലും ദൈവം എന്നത് ശരിയായി നിർവചിച്ചു scientific രീതി വെച്ച് തെളിയിച്ചാൽ ഞാൻ ദൈവം ഉണ്ടെന്നു സമ്മതിക്കും. അത് ഒരിക്കലും വിശ്വാസം അല്ല. അത് ഒരു അറിവ് ആണ്. സൂര്യൻ ഉണ്ട്, വെള്ളം ഉണ്ട് എന്നൊക്കെ പറയുന്ന മാതിരി ഉള്ള ആവർത്തന ക്ഷമത ഉള്ള അറിവ്. 

ഇങ്ങനെ മതം ഇല്ല എന്നൊക്കെ പറയുമ്പോൾ കുട്ടികളുടെ കാര്യം എങ്ങിനെ ആണ്? മതമില്ലാത്തവരാക്കി ആണോ വളർത്താൻ ഉദ്ദേശിക്കുന്നത് ?അവരെ വേദോപദേശത്തിനു വിടില്ലേ? ഇന്നലെ അല്ലെ രണ്ടാമത്തെ മോൻ ജെറിന് മാമ്മോദീസ കൊടുത്തത്?

വലിയ ചോദ്യമാണ്. ഓരോന്നായി പറയാം. ആദ്യമേപറയട്ടെ എൻ്റെ രണ്ടു കുട്ടികളെയും എന്നെ ക്ലോൺ ചെയ്തു ഉണ്ടാക്കിയവരല്ല. ഞാനും പങ്കാളിയും കൂടി ആണ് ഉണ്ടാക്കിയത്. അങ്ങനെ വരുമ്പോൾ എൻ്റെ ആശയങ്ങൾ അവരിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ഈ കാര്യത്തിൽ ആദ്യത്തെ സംസാരം വന്നത് ജെറിന് മാമ്മോദീസ കൊടുക്കുന്നതും ആയി ബന്ധപ്പെട്ടാണ്. മൂത്തവൻ ജോഹന് മാമ്മോദീസ കൊടുക്കുന്ന സമയത് 2015 ഇൽ ഞാൻ പള്ളിയിൽ പോയിരുന്ന ഒരു മുക്കാൽ വിശ്വാസി ആയിരുന്നു. അതുകൊണ്ട് ഇങ്ങനെ ഒരു സംസാരം ഉണ്ടായില്ല. എൻ്റെ ഇപ്പോഴത്തെ അഭിപ്രായത്തിൽ ജെറിന്  കൊടുക്കേണ്ട കാര്യം ഇല്ല. അവനു പ്രായപൂർത്തി ആകുമ്പോൾ അവൻ തിരഞ്ഞെടുക്കട്ടെ എന്നായിരുന്നു. പക്ഷെ പുള്ളിക്കാരിക്ക് കൊടുക്കണം എന്ന് ആണ് അഭിപ്രായം അതിനു ഞാൻ സമ്മതിച്ചു. വിശദമായി എൻ്റെ നിലപാടുകൾ "മാമ്മോദീസ - ഇടയിലെ ലേഖനം" എന്ന പോസ്റ്റിൽ ഉണ്ട്. എനിക്കും മാമ്മോദീസയിൽ പങ്കെടുക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷെ വിസ, ജോലി പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് പോകാൻ പറ്റിയില്ല. ജെറിൻ വലുതാകുമ്പോൾ അതുപോലെ ജോഹനും തീരുമാനിക്കട്ടെ അവർക്ക് ഈ ക്രിസ്ത്യൻ - റോമൻ കത്തോലിക്ക - സിറോ മലബാർ സഭയിൽ നിൽക്കണോ വേണ്ടയോ എന്ന്.  

അടുത്ത ചോദ്യം അവരെ വളർത്തൽ ആണ്. പ്രത്യേകിച്ച് വേദോപദേശം. അതിന് എൻ്റെ അഭിപ്രായം ഒന്ന് മാത്രമായി വേണ്ട എന്നും പുള്ളിക്കാരിക്ക് ക്രിസ്ത്യൻ വേദോപദേശം കൊടുക്കണം എന്നും ആണ്. മാമ്മോദീസയുടെ കാര്യം പോലെ തന്നെ ഞാൻ സമ്മതിച്ചു. കോവിഡ് ആയിരുന്നതുകൊണ്ട് ആയിരിക്കാം ഇവിടെ അമേരിക്കയിൽ പുള്ളിക്കാരി വേദോപദേശത്തിനു കൊണ്ട് പോകുന്നത് കണ്ടിട്ടില്ല.  നാട്ടിൽ ജോഹനു ഓൺലൈൻ വേദോപദേശം ഉണ്ട്. രണ്ടു മൂന്ന് ദിവസങ്ങൾ മുൻപ് കേട്ടത്, ദൈവം ആണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് ജോഹനോട് വേദോപദേശം പഠിച്ചപ്പോൾ അവൻ തിരിച്ചു ബിഗ് ബാങ് അല്ലേ എന്ന് ചോദിച്ചു എന്നാണ്. ഞാൻ 12 ക്ലാസ് വരെ വേദോപദേശം പഠിച്ച ആളാണ്. എന്നിട്ട് ഇങ്ങനെ ആയി. അവരുടെ തലയിൽ ചെറുപ്പത്തിലേ മതം കയറ്റി വിട്ടാൽ, പുറത്തു ഇറങ്ങാൻ ചിലപ്പോൾ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരിക്കും. എന്തായാലും അത് അവരുടെ തീരുമാനം.

എൻ്റെ ഭാഗത്തു നിന്ന് ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് വളരെ സിമ്പിൾ ആണ്.  രണ്ടു പേർക്കും സൂപ്പർ ഹീറോ പുസ്തകങ്ങൾ കൊടുക്കുന്നതിനോട്  കൂടി ബൈബിൾ, ഗീത, രാമായണം, മഹാഭാരതം, ഖുറാൻ, തോറ ഒക്കെ വായിക്കാൻ കൊടുക്കും. അവർ അമേരിക്കയിൽ ആണ് പഠിക്കുന്നത് എങ്കിൽ ഒരു പുസ്തകം എങ്ങിനെ വിമർശനാത്മകമായി വായിക്കണം (critical reading) എന്ന് അവർ പഠിച്ചിരിക്കും. അത് വെച്ച് ഈ പറഞ്ഞ പുസ്തകങ്ങൾ വായിച്ചു അവർക്ക് കാര്യം മനസിലായില്ല എങ്കിൽ അത് അവരുടെ വിധി.

അപ്പോൾ ഭാര്യക്ക് പള്ളിയിൽ പോകാം, പ്രാർത്ഥിക്കാം അല്ലെ.അതിനു വിരോധം ഒന്നും ഇല്ല?

യാതൊരു വിരോധവും ഇല്ല. വീക്കെൻഡിൽ വീട്ടിലെ പണികൾ എല്ലാം കഴിഞ്ഞു ആണ് പള്ളിയിൽ പോകുന്നത് എങ്കിൽ വേണേൽ ഞാൻ കൂടെ വരം എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ ഒമ്പത് ഒമ്പതരക്ക് വീട്ടിലെ പണികൾ, പിള്ളേരുടെ പഠിത്തം ഒക്കെ കഴിഞ്ഞു ഇരിക്കുക ആണേൽ വീട്ടിലെ കുടുംബപ്രാർഥനക്കും ഞാൻ കൂടും. അവർക്ക് അത് ഒരു പാരമ്പര്യം(tradition) ആയി ചെയ്യണം എന്ന് തോന്നുന്നതിൽ, അതിൽ ഞാൻ കൂടുന്നതിൽ തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഓണം പോലെ, സാന്താക്ലോസ് പോലെ പണ്ട് നമ്മുടെ പൂർവികർ ചെയ്ത ആർക്കും വലിയ ചേതം ഇല്ലാത്ത ഒരു ആചാരം, ഒരു രസം. പിള്ളേരോടും ഇങ്ങനെ തന്നെ പറയും അല്ലാതെ ആകാശമാമൻ ഉണ്ട്, പ്രാർത്ഥിച്ചാൽ നിങ്ങളുടെ രോഗം മാറും എന്ന് പറഞ്ഞു കൊണ്ട് ഒരിക്കലും ചെയ്യില്ല. 

അതുപോലെ  മതത്തിനും ദൈവത്തിനും എതിരല്ല അല്ലെ?

ദൈവം പിശാചിനെ എതിർ സ്ഥാനത്തു നിറുത്തി, ശത്രു ആയി കാണുന്നത് പോലെ ഈ ദൈവത്തേയും, മതങ്ങളും അതിൽ വിശ്വസിക്കുന്നവരെയും, അവരെ വെച്ച് ജീവിക്കുന്ന  പുരോഹിതരെയും  ഒരിക്കലും ശത്രുക്കൾ ആയി കാണേണ്ട കാര്യം ഇല്ല. ഒരു ദിവസം വെളുക്കുമ്പോൾ എല്ലാം മാറും എന്നും തോന്നുന്നില്ല. അതുപോലെ ഒരിക്കൽ ഈ വിശ്വാസങ്ങൾ മൊത്തമായി ഇല്ലാതാകുമെന്നും. ദൈവം അല്ലെങ്കിൽ മതത്തിന്റെ കാര്യം എടുത്താൽ ചെറുപ്പത്തിൽ പഠിച്ചത് വിശ്വാസികൾക്ക്  മാറ്റി പറയാൻ പറ്റുന്നില്ല എന്നെ ഉള്ളൂ. എനിക്കും അത് ഉണ്ടായിരുന്നു. എങ്ങിനെ എങ്കിലും ഞാൻ ചെറുപ്പം മുതൽ വിശ്വസിച്ചത് ശരിയാകണേ എന്നാണ് നമ്മുടെ ആഗ്രഹം. 

വിശ്വാസികൾ വെള്ളം ചേർക്കുന്നുണ്ട്. ഉദാഹരണമായി പണ്ട് ഫോട്ടോ എടുക്കാത്തവർ ഇന്ന് ഫോട്ടോ എടുത്തു പാസ്പോര്ട് എടുത്തു വേറെ രാജ്യങ്ങളിലേക്ക് പോകുന്നു. കടൽ കടക്കാത്തവർ കടൽ കടക്കുന്നു. അങ്ങനെ എന്തൊക്കെ വെള്ളം ചേർക്കലുകൾ. ഹോമിയോയിലെ മരുന്നിൽ പറയുന്നപോലെ ഒരു 6C അല്ലെങ്കിൽ 12C പൊട്ടൻസിയിൽ എത്തിയാൽ മതി. യാതൊരു പ്രശ്നവും ഉണ്ടാവില്ല. തലമുറകൾ കഴിയും തോറും ഇത് നടക്കുന്നുണ്ട്. ഭാവിയിൽ നമ്മൾ ഇപ്പോൾ നമ്മൾ അടിമത്വത്തെ, സതിയെ, കത്തോലിക്ക സഭ നടത്തിയ ഇൻക്വിസിഷൻ കാണുന്നപോലെ ആകും ഇതും കാണുക. ഇപ്പോൾ തന്നെ കടുത്ത വിശ്വാസി പോലും ഒരിക്കൽ മതങ്ങളിലെ ഒഴിച്ച് കൂടാൻ പറ്റാതിരുന്ന  സംഭവങ്ങളായ സതി, ഇൻക്വിസിഷൻ ഒന്നും തിരിച്ചു കൊണ്ടുവരാൻ  പറയുന്നില്ല. ഇപ്പോൾ അഫ്ഗാനിസ്ഥാൻ എടുത്താൽ ഒരു അപവാദം ആണെന് പറയാം എങ്കിലും മൊത്തത്തിൽ വലിയ രീതിയിൽ ഒരു തിരിച്ചു പോക്ക് ഉണ്ടാകാൻ സാധ്യത വളരെ കുറവാണു. 

എൻ്റെ ഒരു കാഴ്ചപ്പാട് മതം, ദൈവം ഒക്കെ വ്യക്തിപരമായി ഒതുങ്ങണം എന്നതാണ്. പൊതു ജീവിതത്തിൽ ഇത് കേറി വരരുത്.  സർക്കാർ പോളിസികളിലും, സയൻസ് മുന്നേറുമ്പോഴും അതിൽ വന്നു ഇടങ്കോലിടരുത്. വ്യക്തി സ്വാതന്ത്രം വേണം. ഒരുത്തനു ഇത് വിട്ടു പോകണം എന്ന് വിചാരിച്ചാൽ പോകാൻ പറ്റണം. അതും പറഞ്ഞു ആരും കുതിര കേറാൻ വരരുത്.

അപ്പോൾ ഈ ആഘോഷങ്ങളോ? ഓണം, ക്രിസ്മസ് ഒക്കെ? അതൊക്കെ ഓരോ അന്ധവിശ്വാസം മൂലം ഉണ്ടായതല്ലേ ?

ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഒരു cultural christian ആകാൻ ആണ് താല്പര്യം. ഈ പറഞ്ഞ വാക്കിന്റെ മലയാളം വേണേൽ സാംസ്കാരിക ക്രിസ്ത്യാനി എന്ന് പറയാം. അതുപോലെ സാംസ്കാരിക മലയാളി അല്ലെങ്കിൽ ഇന്ത്യൻ ഒക്കെ ആണ്. നമ്മൾ ചെറുപ്പം മുതൽ ശീലിച്ച  ആഘോഷങ്ങളിൽ സയൻസ് ഇല്ല എന്ന് കരുതി മാറി നിൽക്കേണ്ട കാര്യമില്ല. സാന്താക്ലോസ് വരുന്നു എന്ന് പറഞ്ഞു ഒരു രസം, അത്ര തന്നെ. നമ്മൾ അത് സത്യം ആണെന്ന് പറയുന്നില്ല. പിള്ളേരോടും അങ്ങനെ തന്നെ. ഇത്തവണ ഒരു ഓണ പരിപാടിഉണ്ടായിരുന്നു. ഇനി ക്രിസ്മസ് വരും. അങ്ങനെ പറ്റാവുന്നത് ആഘോഷിക്കും. 

എന്താണ് ഇത് ഇപ്പോൾ പബ്ലിക് ആയി പറയാൻ കാരണം?

ഈ അന്യൻ - അംബി കളി മടുത്തു എന്നതാണ് ചുരുക്കത്തിൽ ഉത്തരം. ഈ മതം കൂടെ കൂട്ടികൊണ്ട് സയൻസ് വെച്ച് നമ്മൾ ജീവിത സൗകര്യങ്ങൾ ആസ്വദിക്കുകയും നമ്മളുടെ ജീവിതം തന്നെ നീട്ടിക്കൊണ്ട് പോകുകയും അതുപോലെ ജീവിക്കാൻ ഉള്ള വക തേടുകയും ചെയ്യുമ്പോൾ നമുക്ക് ഉണ്ടാവുന്നത് രണ്ടു വ്യക്തിത്വങ്ങൾ ആണ്. ഓഫീസിൽ ഞങ്ങൾ സയൻസ് രീതി ഉപയോഗിച്ച് സോഫ്റ്റ്‌വെയർ ഉണ്ടാക്കി റിലീസ് ചെയ്യുമ്പോൾ ഒരു ദൈവത്തെയും വിളിക്കാറില്ല. തേങ്ങ ഉടക്കാറില്ല. അത് നമ്മൾ നന്നായി ഉണ്ടാക്കി ടെസ്റ്റ് ചെയ്തിട്ടുണ്ട് എങ്കിൽ ഓടും. ഇല്ലെങ്കിൽ പൊട്ടും. പൊട്ടിയാൽ നമ്മൾ എന്തുകൊണ്ട് പൊട്ടി എന്ന്അന്വേഷിക്കുന്നത് (സോഫ്റ്റ്‌വെയർ ഡീബഗ്ഗിങ്) ഒരു ദൈവത്തെയും വിളിച്ചിട്ടു അല്ല. നമ്മൾ സയന്റിഫിക് രീതി ആണ് ഉപയോഗിക്കുന്നത്. 

എന്നാൽ നമ്മൾ ഒരു വീട് വെക്കുമ്പോൾ ശിവൻ എന്ന ദൈവത്തിന്റെ വിയർപ്പിൽ നിന്നും ഉണ്ടായ വാസ്തു പുരുഷൻ ഓരോ വീട് വെക്കുന്ന പ്ലോട്ടിലും കിടക്കുന്നുണ്ട് എന്ന വിശ്വാസം അടിസ്ഥാനമാക്കിയ വാസ്തു ശാസ്ത്രപ്രകാരം പ്ലാൻ ഉണ്ടാക്കണമത്രേ. അല്ലെങ്കിൽ പുള്ളിക്ക് ഇഷ്ടമാവില്ല. ഇഷ്ടമായില്ല എങ്കിൽ നമുക്ക് രോഗം വരും. നമ്മൾ മരിക്കും അങ്ങനെ കുറെ പേടിപ്പിക്കലുകൾ. അന്നേരം നമ്മൾ നമ്മുടെ അംബി എന്ന  വ്യക്തിത്വം മാറ്റി സ്വപ്ന ലോകത്തു ജീവിക്കുന്ന അന്യൻ ആകണം. അതുപോലെ സയൻസ് വെച്ച് ഡോക്ടർ ഒരു രോഗിയെ ചികില്സിക്കുന്നു. അതിൽ രോഗത്തിന് അനുസരിച്ചു, രോഗാവസ്ഥ, ഇപ്പോഴത്തെ മെഡിക്കൽ സയൻസിന്റെ വളർച്ച, അത് വാങ്ങാൻ ഉള്ള രോഗിയുടെ  സാമ്പത്തിക സ്ഥിതി ഒക്കെ അനുസരിച്ചു രോഗിയുടെ രോഗം മാറാനും അല്ലാതെ അത് മൂർച്ഛിക്കാനും ഉള്ള സാധ്യത ഉണ്ട്. ചിലപ്പോൾ മരിക്കാം. കണക്കിൽ അത് probability /  സംഭാവ്യത എന്ന് പറയും. ഇത് മാറ്റാൻ പ്രാർത്ഥിക്കണമത്രേ. ഇത്രക്ക് പ്രാർത്ഥിച്ചാൽ സംഭാവ്യത ഇത്രക്ക് കൂടും എന്നൊന്നും ഇല്ല. വെറുതെ പ്രാർത്ഥിക്ക. ഇനി ഫലിച്ചില്ല അഥവാ രോഗി മരിച്ചാൽ പറയും നീ ശരിക്ക് പ്രാർത്ഥിക്കാത്തത് കൊണ്ടാണ്. അല്ലെങ്കിൽ പറയും, ദൈവത്തിന്റെ ഹിതമാണ്, അല്ലെങ്കിൽ ഇഷ്ടപ്പെട്ടവരെ നേരത്തെ വിളിച്ചു, അതും അല്ലെങ്കിൽ പറയും ഇതിലും വലുതിൽ നിന്നും ദൈവം ഇത്രക്ക് ചെറുതാക്കി ഒതുക്കി. അല്ലെങ്കിൽ രോഗി പണ്ട് ചെയ്ത പാപം. ഈ ജന്മത്തിൽ അല്ലെങ്കിൽ കഴിഞ്ഞ ജന്മത്തിൽ. എങ്ങനെ പോയാലും നാലു കാലിൽ നിൽക്കും 

എന്തൂട്ട് കോപ്പാണ് ഇത്? കുറച്ചു ചിന്തിക്കുന്ന ആളാണെങ്കിൽ തലയിൽ കിടന്നു ഇങ്ങനെ പെരുക്കും. അല്ലാത്തവർക്ക് വലിയ കുഴപ്പമില്ല. സിമ്പിൾ ആയി ഈ രണ്ടു വ്യക്തിത്വങ്ങൾ അപ്പപ്പോൾ എടുത്തു പെരുമാറാം. 

നിക്ക് നിക്ക്. ഒരു പ്രശ്നമുണ്ടല്ലോ.  ഈ ദൈവവും മതവും വ്യക്തിപരം ആയി വെക്കണം സമൂഹത്തിൽ ഇറക്കേണ്ട എന്ന് അല്ലെ കുറച്ചു മുൻപേ പറഞ്ഞത്. അപ്പോൾ ഈ നിരാസവും വ്യക്തിപരമായി ഒതുക്കി വെച്ചാൽ പോരായിരുന്നോ?

ശരിയാണ്അതിനു ഒരു കാരണം ഉണ്ട്. ഞാൻ ഏറെക്കുറെ 2016 മാർച്ച് കൂടി  ഏറെക്കുറെ മാറിയത് ആണ്. അന്നേരം ഞാൻ വിചാരിച്ചു എന്തിനാണ് ഇങ്ങനെ പുറത്തു പറഞ്ഞു നടക്കുന്നത്? അപ്പൻ ഇങ്ങനെ ദൈവം ഇല്ല എന്ന് പറഞ്ഞു നടന്നിട്ട് എന്തെങ്കിലും നടന്നോ? ഒരാൾ പോലും പുള്ളിയുടെ പറച്ചിൽ കേട്ടിട്ട് വിശ്വാസം ഉപേക്ഷിച്ചിട്ടില്ല.പകരം വെറുപ്പ് കിട്ടുകയും ചെയ്യും.

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഈ വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയിൽ വരുന്ന കേശവമാമ പ്രബന്ധങ്ങൾ, അതുപോലെ തെളിയിക്കപ്പെടാത്ത പാരമ്പര്യ അറിവുകൾ നമ്മുടെ ജീവിതത്തിലേക്ക് വരുന്നുണ്ട് എന്ന് മനസിലാക്കുന്നത്. ചിലപ്പോൾ അത് ഗുണമില്ലെങ്കിലും നന്നായി ദോഷം ഉണ്ടാക്കുന്നുണ്ട് എന്നും മനസിലായി. ഒരു ഉദാഹരണം പ്രസവരക്ഷ ആണ്. പണ്ട് കാലത്തു അപ്പന് മീനിന്റെ നടുക്കഷണവും, ആണ്മക്കൾക്ക് തലയും വാലും , പെണ്മക്കൾക്കു ചാറും, അമ്മക്ക് കഞ്ഞി വെള്ളവും കിട്ടിയിരുന്ന സമയത്തു പ്രസവം കഴിയുമ്പോൾ കൊഴുപ്പും ഒക്കെ കൂടിയ ഭക്ഷണം കൊടുത്തത് പോട്ടെ എന്ന് വെക്കാം. ഇന്ന് കാലം മാറിയപ്പോൾ പിന്നെയും അത് തന്നെ തുടരുമ്പോൾ അത് ദോഷം ആണ് ഉണ്ടാക്കുന്നത്. അത് പറഞ്ഞു മനസിലാക്കണം എങ്കിൽ ചുരുങ്ങിയത് എൻ്റെ വീട്ടുകാരെ തന്നെ എങ്കിലും ചിന്തിപ്പിക്കേണ്ടത് ആവശ്യമായി തോന്നി. പ്രസവരക്ഷ പോട്ടെ എന്ന് വെക്കാം. കാൻസർ ബാധിച്ചിട്ട് ഹോമിയോ ചെയ്യുന്ന ആളുകളെ കൂടി കണ്ടപ്പോൾ അത് കൂടുതൽ പ്രശ്നത്തിലേക്ക് ആണ് പോക്ക്, നമ്മുടെ ജീവനെ ബാധിക്കാം എന്ന് കൂടി മനസിലായി. അപ്പോഴും ഞാൻ അധികം പരസ്യമായി പറയൽ ഉണ്ടായിരുന്നില്ല. വീട്ടിൽ പറയലും അതുപോലെ ഫാമിലി വാട്ട്സാപ്പ് ഗ്രൂപ്പിലെ കേശവമാമ പോസ്റ്റുകൾക്ക് മറുപടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു പേർക്ക് എങ്കിലും എൻ്റെ ഈ നിലപാട് മാറ്റം മനസിലായിട്ടുണ്ട്. അവരും അരി ഭക്ഷണം തന്നെ ആണല്ലോ കഴിക്കുന്നത്.  

പരസ്യമായി പറയണം എന്ന് തോന്നിയത് അപ്പൻ കോവിഡ് പിടിച്ചു അത്യാസന്നനായി വീട്ടിൽ കിടക്കുമ്പോൾ നടത്തിയ പുകക്കൽ കണ്ടപ്പോൾ ആണ്. വിശദമായി ക്ലബ് ഹൌസിലെ ദൈവ സങ്കല്പം എന്ന പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. നാളെ ഞാൻ ഇതുപോലെ കിടന്നാൽ എനിക്കും, ഇനി ഞാൻ ഇല്ല എങ്കിൽ  എൻ്റെ വീട്ടിലെ ആർക്കും ഇതുപോലെ ഒരു അവസ്ഥ വരാം. ഈ ഒരു തിരിച്ചറിവിൽ നിന്നാണ് നമ്മൾ നമ്മുടെ കാര്യം പറയണം എന്ന് തോന്നിയത്. 

അപ്പന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ചോദിക്കാൻ വന്നത്. അപ്പൻ നാട്ടിൽ നല്ല രീതിയിൽ അറിയപ്പെടുന്ന ഒരു യുക്തിവാദി ആണല്ലോ. പുള്ളിയുടെ പാത പിന്തുടർന്ന് ആണോ ഇതിലേക്ക് എത്തിയത്? അല്ലെങ്കിൽ പുള്ളിയുടെ സ്വാധീനം ഉണ്ടോ?

അപ്പന്റെ കാര്യം പറയാൻ ആണെങ്കിൽ അതിനു തന്നെ ഒരു പോസ്റ്റ് വേണ്ടി വരും. പുള്ളിയുടെ പാത പിന്തുടർന്ന് ആണെങ്കിൽ വളരെ പണ്ടേ ഞാൻ എത്തിയേനെ. എൻ്റെ വീക്ഷണത്തിൽ 2014 ഇൽ അമേരിക്കയിൽ വെച്ച് എൻ്റെ ഉള്ളിൽ വീണ സ്പാർക്കും, എൻ്റെ ചിന്തകളും, വായനയും, കണ്ട  യൂട്യൂബ് വീഡിയോകളും, സോഷ്യൽ മീഡിയയിൽ നടത്തിയ ചർച്ചകളും ഒക്കെ ആണ് എന്നെ മാറ്റിയത്.

പിന്നെ അപ്പന്റെ കാര്യം പറഞ്ഞാൽ പുള്ളിയെ ഒരു യുക്തിവാദി എന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല. നിരീശ്വരവാദി എന്നത് ആണ് കൂടുതൽ  ചേരുന്നത്. പുള്ളിക്ക് ദൈവം, സാത്താൻ, സ്വർഗം, നരകം, ആത്മാവ്, പ്രാർത്ഥന  എന്നിങ്ങനെ ഒന്നും ഇല്ല. ചുരുക്കി പറഞ്ഞാൽ ഈശ്വരൻ ഇല്ല. 

പക്ഷെ പുള്ളി ജ്യോത്സ്യം, വാസ്തു, ജനനനേരം അടയാളപ്പെടുത്തുന്ന ഗ്രഹനില തുടർന്നുള്ള ജാതകം, ശകുനം, കർമസിദ്ധാന്തം ഒക്കെ എടുക്കും. അതിൻ്റെ ഒരു പ്രചാരകൻ + സാക്ഷ്യം പറച്ചിലുകാരൻ കൂടിയാണ് പുള്ളി. ഈയിടെ ആയി ഹോമിയോ, ആയുർവ്വേദം ഒക്കെ ചെറുതായി വിശ്വാസക്കുറവ് വന്നിട്ടുണ്ട് എന്ന് തോന്നുന്നു. ഈ വക കാര്യങ്ങളിൽ യാതൊരു യുക്തിയും പുള്ളി നോക്കുന്നില്ല. വാസ്തു പുരുഷന്റെ കാര്യം ഞാൻ കുറെ വട്ടം പറഞ്ഞിട്ടും, വീട്ടിൽ വാസ്തു സംബന്ധമായ പുസ്തകം ഉണ്ട് അത് വായിക്കാൻ പറഞ്ഞിട്ടും, യുക്തിവാദി സംഘങ്ങൾ വാസ്തുവിനു എതിരെ നടത്തിയ വീഡിയോ പ്രസംഗങ്ങൾ കേൾക്കാൻ കൊടുത്തിട്ടും പുള്ളി കേട്ടിട്ടില്ല. ഞങ്ങൾ കൂടുതൽ തർക്കിച്ച ഗ്രഹനിലയിലും ജാതകത്തിലും ഞാൻ യുറാനസ്, നെപ്ട്യൂൺ തുടങ്ങിയ ഗ്രഹങ്ങളുടെ കാര്യം പറഞ്ഞപ്പോൾ പുള്ളിയുടെ ഭാവങ്ങളിൽ നിന്നും എനിക്ക് മനസിലായത് പുള്ളിക്ക് അതിനെ കുറിച്ച് വലിയ അറിവ് ഇല്ലെന്ന് ആണ്. 1950 കളിൽ പുള്ളി സ്കൂളിൽ പത്തു വരെ  പഠിച്ചപ്പോൾ,  ഇതൊക്കെ സിലബസിൽ ഉണ്ടായിരുന്നോ എന്ന് അറിയില്ല. പിന്നെ പട്ടിണി മാറ്റാൻ പെടാപ്പാട് പെടുമ്പോൾ, അതുകഴിഞ്ഞു ജോലി കിട്ടി വെള്ളമടിയിൽ PhD എടുത്തപ്പോൾ, പിന്നെ കല്യാണം, ഞങ്ങൾ പിള്ളേരും ഒക്കെ ആയപ്പോൾ  പുള്ളിക്ക് ഇതൊന്നും പഠിക്കാനും സമയം കിട്ടിക്കാണില്ല. അതുപോലെ ജനിച്ച സമയം വെച്ച് ഭാവി പ്രവചിക്കുമ്പോൾ കൃത്യത എന്ത് മാത്രം വേണം? സെക്കന്റ്, മില്ലി സെക്കന്റ്,  മൈക്രോ സെക്കന്റ് ആണോ എന്നൊന്നും പുള്ളി ചിന്തിച്ചിട്ടില്ല. അമേരിക്കയിൽ ജനിച്ച ജെറിന് എങ്ങിനെ ജാതകം എഴുതും? ജെറിൻ ജനിക്കുമ്പോൾ അമേരിക്കയിൽ നിന്നും നോക്കുമ്പോൾ ഉള്ള ഗ്രഹനില അല്ലല്ലോ ഇന്ത്യയിൽ  നിന്നും നോക്കുമ്പോൾ? ഗ്രഹങ്ങളുടെ സ്ഥാനം വെച്ച് ഭാവി പറയുന്ന പുസ്തകം ഇന്ത്യയിൽ വെച്ച് എഴുതിയത് അല്ലെ? അന്ന് അമേരിക്ക എന്നൊരു സ്ഥലം ഉണ്ടെന്നു കൂടി ഇന്ത്യക്കാർക്ക് അറിയില്ല. ഭാവിയിൽ ഒരു സ്പേസ് സ്റ്റേഷനിൽ വെച്ചോ അല്ലെങ്കിൽ ചൊവ്വയിൽ വെച്ചോ ഒരു കുട്ടി ജനിച്ചാൽ ചൊവ്വയിൽ നിന്നും ഭൂമിയെ നോക്കി ഭൂമി നിൽക്കുന്ന സ്ഥലം വെച്ച് ജാതകം എഴുതുമോ എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷെ ചോദിച്ചില്ല. പുള്ളിക്ക് ജാതകത്തിൽ കള്ളി കള്ളിയായി വരക്കുന്ന ഭാവചക്രം എന്താണെന്നു പിടി കിട്ടിയിട്ടുണ്ടോ എന്നറിയില്ല. സാധാരണ ദൈവ വിശ്വാസികൾ ചെയ്യുന്നപോലെ ശരിയായ കുറച്ചു പ്രവചനഅനുഭവങ്ങൾ മാത്രം എടുത്തു അതിൽ വിശ്വസിക്കുന്നു. ഇനി എങ്ങാനും ശരി ആയില്ല എങ്കിൽ വേറെ ആളെ വിളിച്ചു നോക്കും. അത് എന്തോ കണക്ക്  എന്നാണ് പറയുന്നത്. ഈ പറയുന്ന ശാസിക്കപ്പെട്ട ശാസ്ത്രങ്ങളുടെ ലോജിക് അത് എങ്ങിനെ പ്രവർത്തിക്കുന്നു എന്നൊന്നും പുള്ളി ചിന്തിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്.

അവസാനം എന്നോട് പറഞ്ഞത് അത് എൻ്റെ വിശ്വാസം ആണ് ഈ വയസു കാലത്തു അത് എങ്ങിനെ മാറ്റാൻ ആണ് എന്നാണ്. ഇതും വെച്ച് ഞാനെന്ന ഫയൽവാൻ ജയിച്ചു എന്നല്ല. അപ്പനും ഞാനും വളർന്ന കാലഘട്ടങ്ങൾ വേറെ ആയതുകൊണ്ട് എനിക്ക് കിട്ടിയ ഒരു മുൻ‌തൂക്കം ആയിരിക്കാം. ഞാൻ ഇപ്പോൾ അപ്പനെ കാണുന്നത് പോലെ ആകും ജോഹനും, ജെറിനും എന്നെ കുറച്ചു കഴിയുമ്പോൾ കാണുന്നത്. അവർക്ക് അവരുടെ കാലഘട്ടത്തിന്റെ മുൻ‌തൂക്കം ലഭിക്കും. ഞാൻ ഉദ്ദേശിക്കുന്നത് കാലം കൂടും തോറും സയൻസിന്റെ വളർച്ച കൊണ്ട് പുതു തലമുറക്ക് കൂടുതൽ അറിവ് ഉണ്ടായിരിക്കും എന്നാണ്. ഉദാഹരണമായി ഈ ക്വാണ്ടാം (Quantum) ഫിസിക്സ് ഞാൻ എത്ര ശ്രമിച്ചിട്ടും  എനിക്ക് മനസിലാകുന്നില്ല. അവർക്ക് അത് എളുപ്പം മനസിലാകുമായിരിക്കും.

അപ്പൻ ഇത്രയും കാലം നടത്തിയ നിരീശ്വര വാദം പ്രചരിപ്പിക്കുന്ന സംഭാഷണങ്ങളിൽ നിന്ന് അതുപോലെ അപ്പനെ തിരിച്ചു വിശ്വാസിയാക്കാൻ മറ്റുള്ളവർ നടത്തിയ പ്രചാരണങ്ങളിൽ നിന്നും എനിക്ക് മനസിലായത് വളരെ സിമ്പിൾ ആണ്.

ഒരു വിശ്വാസിയെ അവിശ്വാസി ആക്കാനോ, തിരിച്ചുമോ പ്രചാരണപരിപാടികൾ കൊണ്ട് സാധിക്കില്ല. വേണേൽ ഒരു വിശ്വാസിയെ ഒരു വിശ്വാസത്തിൽ നിന്നും വേറെ ഒന്നിലേക്ക്ചാടിക്കാം.

ഒരാൾ വിശ്വാസം ഉപേക്ഷിക്കണം എങ്കിലോ എടുക്കണം എങ്കിലോ അയാളുടെ ഉള്ളിൽ നിന്നും ഒരു തീപ്പൊരി ഉണ്ടാകണം. അത് ചിലപ്പോൾ പുറത്തു നിന്നും ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഉണ്ടാകാം. അല്ലെങ്കിൽ ചില അനുഭവങ്ങൾ. പിന്നെ അത് ആളി കത്തിക്കാൻ പ്രചാരണ പരിപാടികൾക്ക് പറ്റുമായിരിക്കും.

അപ്പൻ 30 വയസു വരെ എന്നാണ് എൻ്റെ അറിവ്, എന്നെക്കാളും വലിയ വിശ്വാസി ആയിരുന്നു. പുള്ളി ചെറുപ്പത്തിൽ അൾത്താര ബാലൻ ആയിരുന്നു. അത് കഴിഞ്ഞു പള്ളിയിലെ വേദോപദേശം അധ്യാപകൻ, മൂന്ന് നാല് മണിക്കൂറുകൾ മുട്ടിന്മേൽ നിന്നുള്ള പ്രാർത്ഥന, നിന്ന നിൽപ്പിൽ ഒരേ പള്ളിയിൽ മൂന്നു കുർബാന, പെസഹാ വ്യാഴം സൈക്കിൾ എടുത്തു പത്തോ പതിനൊന്നോ പള്ളി സന്ദർശനം. അന്ന് ഇന്നത്തെ പോലെ തൊട്ട് അടുത്തല്ല പള്ളികൾ എന്നും കൂടെ ഓർക്കണം. ഇത് ഞാൻ മറ്റുള്ളവരിൽ നിന്നും കേട്ട് അറിഞ്ഞതാണ്, അപ്പനുമായി നേരിട്ട് ഒരു സംഭാഷണത്തിൽ പറഞ്ഞതല്ല. അതുകൊണ്ട് ഇത്രക്ക് തള്ള് വേണോ എന്നറിയില്ല. അപ്പനും ആയി ഇനി നേരിട്ട് ഇതൊക്കെ ചോദിക്കാൻ പറ്റിയാൽ തിരുത്തുന്നത് ആയിരിക്കും. 

ഇങ്ങനെ ഒക്കെ ആയിരുന്ന ആൾ മാറിയപ്പോൾ എല്ലാവരും എന്നോട് പറഞ്ഞത് മോനെ നീ ഇത്രക്ക് വലിയ വിശ്വാസി ആകരുത് എന്നാണ്. സാധാരണ പോലെ പള്ളിയിൽ ഒക്കെ പോയാൽ മതി.

അപ്പനും മറ്റുള്ളവരും പറഞ്ഞുകേട്ടത് വെച്ച് അപ്പൻ ദൈവവിശ്വാസം ഉപേക്ഷിക്കാൻ കാരണം കുടുംബത്തിൽ ഉണ്ടായ മരണങ്ങൾ, അത് കഴിഞ്ഞു ആ കുടുംബങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ ഉണ്ടായ ദുരിതങ്ങൾ . പ്രധാനമായി പട്ടിണി, രോഗങ്ങൾ. അപ്പൻ അവരെ അപ്പനെക്കൊണ്ട് ആയ പോലെ സഹായിക്കാൻ നോക്കുന്നു. എന്നിട്ടും ദുരിതങ്ങൾ മാറുന്നില്ല. മരിച്ചവരും, അവരുടെ വീട്ടുകാരും അപ്പനും ഞങ്ങളുടെ വീട്ടുകാരും ഒക്കെ ഭയങ്കര വിശ്വാസികൾ ആയിരുന്നു. എല്ലാവരും കട്ടക്ക് പ്രാർത്ഥിച്ചിട്ടും ദുരിതങ്ങൾ മാറാതെ ആയപ്പോൾ അപ്പന് തോന്നി ഈ പ്രാർത്ഥന കേട്ട് നമ്മുടെ കാര്യങ്ങൾ സാധിച്ചു തരുന്ന ദൈവം എന്നൊരു സാധനം ഇല്ല. വെറുതെ ഇനി പ്രാർത്ഥന കൊണ്ട് കാര്യമില്ല. മനുഷ്യന്റെ കാര്യം മനുഷ്യൻ നോക്കണം. അതിനു പ്രധാനമായി വേണ്ടത് പണം ആണ്. പിന്നെ ആ സമയത് പുള്ളി ജോലി ചെയ്തിരുന്ന കമ്പനിയിൽ ഒരു പ്രശ്നം വരുന്നു. അത് കമ്മ്യൂണിസ്റ്റ് പാർട്ടി ഇടപെട്ട് തീർക്കുന്നു. അങ്ങനെ പുള്ളി കമ്മ്യൂണിസ്റ്റ് ആകുന്നു. 70s കാലത്തു ഉള്ള  അവരുടെ പഠനക്ലാസുകളിൽ ചെന്നാൽ പിന്നെ അവിടെ ദൈവം ഇല്ലല്ലോ, പക്ഷെ പാർട്ടി പറയുന്നത് ആണല്ലോ വേദവാക്യം, അവർ പറയുന്നത് ആണ് സത്യം എന്ന നിലക്ക് ആണല്ലോ കാര്യങ്ങൾ. ഇപ്പോൾ നമ്മൾ നാലാം മതം എന്നൊക്കെ പരസ്യമായി പറയും എങ്കിലും അന്ന് അങ്ങനെ അല്ലായിരുന്നു. പുള്ളി ഇടയ്ക്കിടെ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതെ ഞങ്ങളുടെ സംഘടനാ അത് പൊളിച്ചടുക്കി, ഇത് വിശ്വാസം മാത്രമാണ് എന്ന് തെളിയിച്ചു എന്നൊക്കെ പറഞ്ഞിട്ടുണ്ട് എങ്കിലും പുള്ളിക്ക് അങ്ങനെ ഏതെങ്കിലും യുക്തിവാദി സംഘത്തിൽ മെമ്പർഷിപ്പ് ഇല്ലെന്ന് ആണ് തോന്നുന്നത്. മൊത്തത്തിൽ പുള്ളി ക്രിസ്തു മതം മാറി കമ്മ്യൂണിസ്റ്റ് എന്ന മതം സ്വീകരിച്ചു എന്നാണ് എനിക്ക് തോന്നിയത്.

ഒരിക്കൽ കൂടി പറയട്ടെ. അപ്പനെ പറ്റി പറഞ്ഞ കാര്യങ്ങൾ എൻ്റെ അനുമാനങ്ങളിൽ നിന്നും എഴുതിയത് ആണ്. പുള്ളിയും ആയി ഞാൻ ഏറെക്കുറെ എല്ലാ കാര്യവും ചർച്ച ചെയ്യും എങ്കിലും, പുള്ളി എന്നോട് നിരീശ്വരവാദം പറയും എങ്കിലും ഞാൻ മൂളി കേൾക്കുക മാത്രം ആണ് ഇതുവരെ ചെയ്തിട്ടുള്ളത്. പുള്ളി മാത്രം ആണ് എൻ്റെ ഈ മാറ്റം അറിയാത്ത കുടുംബത്തിലെ ആൾ എന്നാണ് എനിക്ക് തോന്നുന്നത്. കാരണം പുള്ളി നവ മാദ്ധ്യമങ്ങൾ ഒന്നും ഉപയോഗിക്കാൻ താല്പര്യം ഉള്ള ആളല്ല. ഫോൺ തന്നെ വളരെ ബുദ്ധിമുട്ടി ആണ് കൊണ്ട് നടക്കുന്നത്. അതുകൊണ്ട് അപ്പനും ആയി തുറന്നു ഒരു സംസാരം നടക്കുക ആണെങ്കിൽ ഇതിൽ പറഞ്ഞത് എനിക്ക് തിരുത്തേണ്ടി വരും.

അപ്പൻ വലിയ വിശ്വാസി ഞാൻ ചെറിയ വിശ്വാസി അത് കൊള്ളാമല്ലോ? ഈ വിശ്വാസം അളക്കുന്നത് സയന്റിഫിക് രീതി വെച്ചിട്ട് ആണോ?

അല്ല. വിശ്വാസം അളക്കാൻ സയൻസ് ഒരു അളവുകോൽ ഉണ്ടാക്കും എന്ന് തോന്നുന്നില്ല. ചിലപ്പോൾ ഭാവിയിൽ നമ്മൾ പ്രാർത്ഥിക്കുമ്പോൾ തലയുടെ സ്കാൻ എടുത്തു ഓരോ ഭാഗങ്ങളും എന്തോരം പ്രവർത്തനനിരതമാവുന്നു എന്ന് നോക്കി ഒരു അളവ് കോൽ വരുമായിരിക്കും. ഞാൻ ഉദേശിച്ചത് വിശ്വാസം ഒരിക്കലും ഒരു ഉണ്ട് / ഇല്ല എന്ന മാതിരി ഉള്ള ഒരു കാര്യമല്ല. അത് ഒരു spectrum/ സ്പെക്ട്രം(മലയാളത്തിൽ പ്രകാശത്തിന്റെ കാര്യത്തിൽ പറയുന്ന വർണരാജി പോലെ) ആണ്. 0 - 10 എന്ന ഒരു അളവുകോൽ എടുത്താൽ (അതായത് 0 എന്നത് ഒട്ടും വിശ്വാസം ഇല്ലാത്ത ആൾ, 10 എന്നാൽ ദൈവം ഉണ്ടെന്ന് അറിയുന്ന അതായത് വിശ്വാസം കടന്ന് അത് അറിവ് ആകുന്ന അവസ്ഥ) നമ്മൾ എല്ലാവരും ഇതിനു ഇടയിൽ എവിടെ എങ്കിലും ആയിരിക്കും. ഒരിക്കലും 0 അല്ലെങ്കിൽ 10 ഇൽ ആരും ഉണ്ടാവില്ല. അപ്പൻ പുള്ളിയുടെ വിശ്വാസകാലത്തു 7 ഇൽ ആയിരുന്നിരിക്കാം. ഞാൻ 5.5.

കുറച്ചുകൂടി നാലുപേര് അറിയുന്ന അളവുകോൽ ഡോക്കിങ്സ് സ്കെയിൽ ആണ്.

നമ്മൾ പറഞ്ഞു വന്നത് ഇപ്പോൾ ഇത് പബ്ലിക് ആയി പറയാൻ ഉണ്ടായ കാരണം ആയിരുന്നു. അന്യൻ-അംബി അതുപോലെ അപ്പൻ കോവിഡ് പിടിച്ചു കിടന്നപ്പോൾ നടത്തിയ പുകക്കൽ അതൊക്കെ ആണ് പറഞ്ഞത്. വേറെ കാരണങ്ങൾ ഉണ്ടോ?

അങ്ങനെ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ഒന്ന് ജെറിന്റെ മാമ്മോദീസ. അതിനു മുൻപ് ഞാൻ ഒരു വിശ്വാസി അല്ല എന്ന് പറഞ്ഞാൽ മാമ്മോദീസക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന ഭയം. ഞങ്ങളുടെ പള്ളിക്കാർ അങ്ങനെ ചെയ്യാൻ സാധ്യത ഇല്ല. കാരണം അപ്പൻ ഒരു നിരീശ്വരവാദി ആയിരിക്കെ ആണ് ഞങ്ങളുടെ ആദ്യ കുർബാനസ്വീകരണവും, ഞങ്ങളുടെ കല്യാണവും ഒക്കെ പള്ളിയിൽ വെച്ച് നടന്നത്. എന്നാലും വെറുതെ ഒരു ഭയം. 

പിന്നെ ഇതൊക്കെ എഴുതാൻ സമയം വേണ്ടേ. ഇപ്പോൾ ഫാമിലി നാട്ടിൽ ആയതുകൊണ്ട് സമയം ഉണ്ട്. അതുകൊണ്ട് എഴുതുന്നു. 

പിന്നെ വേറെ ഒരു ഭയം ഉണ്ടായിരുന്നത് ഏതാണെന്നു വെച്ചാൽ ഇങ്ങനെ പറയുമ്പോൾ ഭാവി എന്താകും എന്നായിരുന്നു. അപ്പനു നെഞ്ചും വിരിച്ചു നടക്കാം, കാരണം ജോലി കിട്ടുന്നതിന് മുൻപ് നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ ആയിരുന്നു, കിട്ടിയ ജോലി കാക്കിയിട്ട എക്സൈസ് ഓഫീസർ. പിന്നെ പുള്ളിക്ക് ആണെങ്കിൽ വർത്താനം പറഞ്ഞു ആൾക്കാരെ കൈയിൽ എടുക്കാൻ ഉള്ള അപാര കഴിവും. പുള്ളിയും ആയി ആരെങ്കിലും 10-15 മിനിറ്റ് സംസാരിച്ചാൽ പിന്നെ അപ്പനെ ആ ആൾ മറക്കില്ല. അപ്പൻ കുറച്ചു കഴിയുമ്പോൾ മറന്നാലും. ഇരിഞ്ഞാലക്കുട, ചാലക്കുടി ടൗണിൽ അപ്പന്റെ കൂടെ പോയാൽ മണിക്കൂറിനു അഞ്ചാറ് ആളുകൾ വെച്ച് ഇങ്ങോട്ടു വന്നു സംസാരിക്കും. പുള്ളി പണ്ട് ചെയ്തു കൊടുത്ത എന്തെങ്കിലും ഉപകാരം ആയിരിക്കും. അല്ലെങ്കിൽ ഏതെങ്കിലും ചായക്കടയിൽ കണ്ട പരിചയം ആയിരിക്കും. അപ്പോൾ അപ്പൻ സംസാരിക്കുന്നത് കേട്ടാൽ തോന്നും അപ്പന് ആളെ മനസിലായി എന്ന്. അത് കഴിഞ്ഞു ചോദിച്ചാൽ അപ്പന് ആളെ ചിലപ്പോൾ മനസിലായിട്ടുണ്ടാവില്ല. പക്ഷെ ഇത്തവണയും ഒരു പത്തു പതിനഞ്ച് മിനിറ്റു സംസാരിച്ചിട്ട് ഉണ്ടാകും. അതെല്ലാം പോട്ടെ. ഞാൻ പഠിച്ച സ്കൂളിൽ ജോയ് ജോർജ് ആരാണ് എന്ന് ആർക്കും വലിയ പിടിയില്ല. പക്ഷെ ജോയ് ജോർജിന്റെ അപ്പനാണ് എന്ന് പറഞ്ഞാൽ അവിടത്തെ പ്യുൺ മുതൽ ഹെഡ് മാഷ് വരെ അറിയും. എനിക്ക് ജോലി കിട്ടി ഏറെക്കുറെ 10 വർഷങ്ങൾക്ക് ശേഷം ആരുടെയോ എന്തോ കല്യാണ ആലോചനയോ സ്ഥല കച്ചവടമോ  മറ്റോ  അന്വേഷിക്കാൻ അപ്പൻ ഫോണിൽ ഹെഡ് മാഷെ വിളിച്ചു ജോയ് ജോർജിന്റെ അപ്പനാണ് എന്ന് പറഞ്ഞപ്പപ്പോൾ ഞൊടിയിടയിൽ ആണ് പുള്ളിക്ക് മനസിലായത്. അങ്ങനെ ഒരു കഴിവും ഇല്ലാത്തതുകൊണ്ട് ഞാൻ ഈ മതം വിട്ടു എന്ന് പറഞ്ഞാൽ ഭാവി എങ്ങിനെ ആകും എന്ന് എനിക്ക് അറിയിലായിരുന്നു. കേരളത്തിൽ പോകേണ്ടി വന്നലത്തെ കാര്യം ആണ്. അമേരിക്കയിൽ യാതൊരു പ്രശ്നവും ഇല്ല. ചുരുങ്ങിയ പക്ഷം ഇപ്പോൾ താമസിക്കുന്ന ന്യൂ ജേഴ്സിയിൽ. 

കഴിഞ്ഞ മെയ് മാസം മുതൽ ഞാൻ ഉപയോഗിച്ച് തുടങ്ങിയ ക്ലബ് ഹൌസ് എന്ന ഓഡിയോ സോഷ്യൽ മീഡിയ പ്ലാറ്റുഫോം ആണ് കുറച്ചു ധൈര്യം തന്നത്. അതിലെ ചർച്ചകൾ വെച്ച് നോക്കുമ്പോൾ നമ്മുടെ ആളുകൾ വളരെ അധികം മാറിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. തുറന്നു പറയാൻ ഉള്ള മറ്റൊരു കാരണം. 

പിന്നെ ഈ അടുത്ത കാലത്തു ഉദയം ചെയ്ത ക്രിസംഘി മനോഭാവം. ഒരു ചെകിടത്തു അടിച്ചാൽ മറ്റേ ചെകിട് കാണിച്ചു കൊടുക്കാൻ പറഞ്ഞ കർത്താവിന്റെ അനുയായികൾ ഒരു സിനിമയുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന വെല്ലുവിളികൾ, ഭീഷണികൾ. അതുപോലെ ലൗ ജിഹാദ് സംബന്ധമായ മെസ്സേജുകൾ ഞാൻ ഉൾപ്പെടുന്ന പല ഫാമിലി വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ കണ്ടത്. അതിനു എതിരെ ഞാൻ പറഞ്ഞപ്പോൾ എനിക്ക് കിട്ടിയ മറുപടികൾ, ഒക്കെ കണ്ടപ്പോൾ അടുത്തു തന്നെ ചിലപ്പോൾ നമ്മുടെ കുടുംബത്തിൽ നിന്നും പോലും ആളുകൾ കൊല്ലാൻ ഇറങ്ങിക്കളയുമോ എന്നുള്ള ഭയം എന്നെ എൻ്റെ നിലപാട് അറിയിക്കണമെന്നും ഈ വക കാര്യങ്ങൾക്ക് എതിരെ പറയണം എന്നും തോന്നിപ്പിച്ചത്.

ആദ്യമായി ഈ നിലപാട് മാറ്റം പറഞ്ഞത് ആരോടാണ്? അപ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായോ?

ആദ്യം അറിഞ്ഞത് എന്നോ പറഞ്ഞത് എന്നോ ഓർമ്മയില്ല. ആദ്യം മനസിലാക്കിയത് അമേരിക്കയിൽ H1B വിസയിൽ 2014 ഇൽ ആദ്യം വന്നപ്പോൾ കൂടെ താമസിച്ചിരുന്ന റൂം മേറ്റ് ആയിരിക്കണം. ആദ്യം ഞാൻ ഒന്നൊന്നര മൈൽ അകലെ ഉള്ള പള്ളിയിലേക്ക് നടന്നു പോകുന്ന ഭക്തൻ ആയിരുന്നു. പിന്നെ ഞാൻ യൂട്യൂബിൽ യുക്തിചിന്ത ചായ്‌വ് ഉള്ള വീഡിയോസ് കാണുന്നു. പക്ഷെ അപ്പോഴും പള്ളിയിൽ പോകുന്നുണ്ട്. 

ശരിക്കും ഞാൻ മൊത്തമായി മാറിയ കാര്യം പറഞ്ഞതും, അറിഞ്ഞതും മ്മ്‌ടെ പങ്കാളി തന്നേയ്. ഒരു ദിവസം കാലത്തു എഴുന്നേറ്റ് വന്നപ്പോൾ പറഞ്ഞതല്ല. അത് ഒരു കുറച്ചു കാലം എടുത്ത പ്രക്രിയ ആയിരുന്നു. എനിക്ക് ഇങ്ങനെ ഒരു മാറ്റം വരുന്നുണ്ട് നന്നായി പ്രാർത്ഥിച്ചോളൂ എന്ന് ഞാൻ പറഞ്ഞിരുന്നു. എൻ്റെ വീട്ടിൽ അപ്പൻ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്ന അമ്മയെയും അമ്മായിയേയും കണ്ടിട്ടുണ്ട്. പക്ഷെ ഇവിടെ എൻ്റെ കാര്യത്തിൽ അങ്ങനെ ഉണ്ടായില്ല. ചിലപ്പോൾ ഷോ കാണിച്ചു പ്രാർത്ഥിക്കുന്ന ശീലം ഇല്ലായിരിക്കാം. പുള്ളിക്കാരിക്ക്. പിന്നെ ഞാൻ 2018 ഡിസംബർ മാസത്തിൽ ഈ യുക്തി ചായ്‌വ് ഉള്ള യൂട്യൂബ് വീഡിയോസ് കാണൽ നിറുത്തി ഓൺലൈൻ ധ്യാനം കൂടുന്ന കാര്യം പറഞ്ഞിരുന്നു. അത് എന്നെ തന്നെ ബോധ്യപ്പെടുത്താൻ വേണ്ടിയും കൂടി ആയിരുന്നു. ഞാൻ യൂട്യൂബിൽ കേൾക്കുന്ന വീഡിയോസ് ആണോ എന്നെ മാറ്റുന്നത് എന്ന് എനിക്ക് തന്നെ ഉറപ്പില്ലാത്ത സമയം. പക്ഷെ 2018 ഡിസംബർ മാസം ഈ ധ്യാനം കൂടി കഴിഞ്ഞും എനിക്ക് വിശ്വാസി ആകാൻ പറ്റുന്നില്ല എന്ന് മനസിലായപ്പോൾ ഞാൻ ഒരു ദിവസം തുറന്നു പറഞ്ഞു. ഞാൻ ഉദേശിച്ചത് ഭയങ്കര ഒരു പൊട്ടിത്തെറി ആയിരുന്നു. തനിക്ക് എന്നെ പള്ളിയിൽ വെച്ച് കെട്ടുമ്പോൾ പറയാമായിരുന്നല്ലോടാ? താൻ തൻ്റെ അപ്പന്റെ പോലെ തന്നെ ആയി എൻ്റെ ജീവിതം കലക്കിയില്ലെടോ? ഞാൻ ഇനി എൻ്റെ വീട്ടുകാരുടെയും, നാട്ടുകാരുടെയും മുഖത്തു എങ്ങിനെ നോക്കും? ഈ ചതി എന്നോട് വേണ്ടായിരുന്നു. രണ്ടു പിള്ളേരെ ഉണ്ടാക്കുന്നതിനു മുൻപ് പറഞ്ഞു തൊലച്ചൂടാരുന്നോ? അത് കഴിഞ്ഞു വീട്ടുകാരെ വിളിച്ചു പറഞ്ഞു  അവരുടെ വക ഷോ.  

പക്ഷെ അങ്ങനെയൊക്കെ പ്രതീക്ഷിച്ച എനിക്ക് ഒന്നും നേരിടേണ്ടി വന്നില്ല. അത് ഒരാളുടെ തീരുമാനം അല്ലെ, വേണ്ടെങ്കിൽ വേണ്ട എന്ന ഒരു നിലപാട് ആണ് പുള്ളിക്കാരി എടുത്തത്. അതിനു എങ്ങിനെ ധന്യയോട് നന്ദി പറയണം എന്ന് എനിക്ക് അറിയില്ല. അതുപോലെ സോറി ധന്യ. ധന്യയുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ ഞാൻ ചെയ്തത് ഒരിക്കലും ശരിയായി എന്ന് എനിക്ക് തന്നെ തോന്നുന്നില്ല. പക്ഷ എൻ്റെ അവസ്ഥ ഞാൻ പറഞ്ഞല്ലോ എനിക്ക് ഇപ്പോൾ ഇതാണ് ശരി എന്ന് തോന്നുന്നത്. ഈ അന്യൻ - അംബി കളി എനിക്ക് പറ്റുന്നില്ല.

പുള്ളിക്കാരിക്ക് ഇങ്ങനെ പറയാൻ പറ്റിയത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് ചിന്തിച്ചിട്ട് ഇതുവരെ മനസിലായിട്ടില്ല. ചിലപ്പോൾ പുള്ളിക്കാരി വളർന്നു വന്ന സാഹചര്യം അല്ലെങ്കിൽ പുള്ളിക്കാരിയുടെ ദൈവ സങ്കൽപം, മതം വിടുന്നവരെ വെറുക്കാൻ പഠിപ്പിക്കാത്ത ഒന്നായിരിക്കും. ചിലപ്പോൾ എൻ്റെ അപ്പനെ കണ്ടപ്പോൾ പുള്ളിക്കാരിക്ക് തോന്നിക്കാണും ഞാനും ഒരുനാൾ അങ്ങനെ മാറും എന്ന്. അതുകൊണ്ട് പുള്ളികാരിക്ക് ഷോക്ക് ആയില്ല. എന്തായാലും എൻ്റെ നല്ല പെരുമാറ്റം, സ്വഭാവം കൊണ്ട് ആകാൻ ഒരു സാധ്യതയും കാണുന്നില്ല. കാരണം എനിക്ക് പറ്റാത്ത കാര്യങ്ങൾ ഏറെക്കുറെ ഞാൻ പെട്ടെന്ന് തന്നെ തുറന്നു പറയുന്ന സ്വഭാവക്കാരൻ ആണ്. വെട്ടി മുറിച്ചാണ് പറയലും അത് ഓഫീസിൽ ആയാലും വീട്ടിൽ ആയാലും, പഞ്ചാര ചാലിച്ചു പറയാൻ വലിയ പിടിപാടില്ല.

അതുപോലെ ഓരോരോ വഴിക്ക് ആളുകൾ അറിഞ്ഞു. പ്രധാനമായും ആത്മീയം എന്ന ടാഗിൽ ഞാൻ എഴുതിയ പോസ്റ്റുകൾ, പിന്നെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലെ ഫേസ് ബുക്കിലെ എൻ്റെ മറുപടികൾ. 

വെടി പൊട്ടിച്ച നിലക്ക്  ആദ്യഭാഗമായ  ഈ പോസ്റ്റ്ഇവിടെ വെച്ച് നിറുത്താം. രണ്ടാം ഭാഗത്തു എങ്ങനെ ഈ മാറ്റം ഉണ്ടായി എന്ന കാരണം.

2021 ജൂൺ 12, ശനിയാഴ്‌ച

ക്ലബ് ഹൌസിലെ ദൈവസങ്കൽപം

ഈ പോസ്റ്റ് ദൈവം എന്ന വളരെ പെട്ടെന്ന് വികാരം വ്രണപ്പെടാൻ സാധ്യതയുള്ള വിഷയത്തെ പറ്റിയാണ്. വികാരം വ്രണപ്പെടാൻ സാധ്യതയുള്ളവർ ദയവു ചെയ്തു താഴേക്ക് വായിക്കാതിരിക്കുക.

ഞാൻ എന്തിനു ആണ് ഇത് എഴുതുന്നത്? വേറെ പണിയില്ലേ മാഷെ?

ഈ ദൈവത്തെ പറ്റി പറയുന്നത് മറ്റുള്ളവരുടെ വെറുപ്പ്, ചുരുങ്ങിയപക്ഷം ഇഷ്ടക്കേട് വാങ്ങുന്ന പരിപാടിയാണ്. നമ്മൾ നമ്മുടെ ചക്കര ദൈവത്തെ പറ്റി പറഞ്ഞാൽ അത് മറ്റു ദൈവ വിശ്വാസികളിൽ ഇഷ്ടക്കേട് ഉണ്ടാക്കും. മൊത്തത്തിൽ ദൈവസങ്കല്പത്തെ പറ്റി അത് ശരിയല്ലന്നു പറഞ്ഞാൽ എല്ലാത്തരം ദൈവ വിശ്വാസികളും ഒത്തു ചേർന്ന് നമ്മളെ ഇഷ്ടപ്പെടാതിരിക്കും. അതുകൊണ്ട് "എൻ്റെ ദൈവ സങ്കൽപം @ 30 വയസ്" എന്ന അഞ്ച് കൊല്ലങ്ങൾ മുൻപ് ചെയ്ത ഒരു പോസ്റ്റോടു കൂടി നിര്ത്താം എന്ന് വെച്ചതാണ്. എന്തിനാണ് ഈ വയ്യാവേലി, നമുക്ക് വേറെ എന്തോരം കാര്യങ്ങൾ ചെയ്യാൻ ഉണ്ട്?

പക്ഷെ അത് പുനർചിന്തനം ചെയ്യേണ്ടി വന്നത് പത്തേഴുപത് വയസുള്ള അപ്പന് അതും സാധാരണ മലയാളിക്ക് ആവയസിൽ വരുന്ന എല്ലാവിധ അസുഖങ്ങളും ഉള്ള ആൾക്ക് കോവിഡ്-19 വന്നതിനു ശേഷമാണു. അത്യാവശ്യം സീരിയസ് ആയി വീട്ടിൽ കിടക്കുന്നു. കേരളത്തിൽ രണ്ടാം തരംഗം പീക്കിൽ നിൽക്കുന്ന സമയമാണ്. ഓക്സിജൻ ലെവൽ കുറയുന്നു. എങ്ങോട്ടു കൊണ്ട് പോകണം, സർക്കാർ മതിയോ, പ്രൈവറ്റ് എടുക്കുമോ. അവിടെ പോയാൽ അവിടെയുള്ള ബാക്കി രോഗികളിൽ നിന്നും കൂടെ വീണ്ടും ഇങ്ങോട്ടു പിടിക്കുമോ, ആരോഗ്യ പ്രവർത്തകർക്ക് നല്ല വർക്ക് ലോഡ് ഉള്ളതുകൊണ്ട് പരിചരണം കിട്ടുമോ എന്നിങ്ങനെയൊക്കയാണ് ചർച്ചകൾ. വീട്ടിൽ ആർക്കും ഉറങ്ങാൻ പറ്റുന്നില്ല. എനിക്ക് ഇവിടെയും. അങ്ങനെ ഇരിക്കുന്ന ഒരു ദിവസം വീട്ടിലേക്ക് വിളിച്ചപ്പോൾ, വീട്ടിൽ മൊത്തം പൊക. കട്ടപ്പുക. വാതിൽ അടച്ചിട്ടിരിക്കുന്നു. ചോദിച്ചപ്പോൾ ഏതോ വാട്സ്സാപ്പ് യൂണിവേഴ്സിറ്റിയിൽ വന്ന ഫോർവേഡ് കണ്ടു എന്തോ ഒക്കെ ഇട്ടു പുകച്ചിരിക്കുകയാണ്. ചിരിക്കണോ കരയണോ എന്ന് അറിയാത്ത മിനിഷങ്ങൾ. ഞാൻ ഫാമിലി ഗ്രൂപ്പുകളിൽ വരുന്ന ചില ഫോർവേഡ് പൊളിക്കാൻ ശ്രമിക്കാറുണ്ട് എങ്കിലും  അതുവരെ എൻ്റെ ഒരു ധാരണ ഈ കേശവമാമ്മ ഫോർവേഡ് ചുമ്മാ അങ്ങ് തമാശക്ക് ആയിരുന്നു എന്നായിരുന്നു. ചുരുങ്ങിയ പക്ഷം വിദ്യാഭ്യാസം ഉണ്ടെന്നു കരുതുന്ന എൻ്റെ വീട്ടുകാരും, ബന്ധുക്കാരും, നാട്ടുകാരും എങ്കിലും അത് കാര്യമായി എടുക്കുന്നില്ല എന്നായിരുന്നു.

അപ്പനെ പിന്നീട് ഹോസ്പിറ്റലിൽ ഒരാഴ്ച അഡ്മിറ്റ് ആക്കി, ഇപ്പോൾ സുഖം പ്രാപിച്ചു പഴയ ആരോഗ്യം വീണ്ടെടുത്ത് വരുന്നു.

അങ്ങനെ പുകച്ചതിനു കുറ്റം പറയുകയല്ല. നല്ല ഒരു ഉദ്ദേശത്തിൽ ആണ് അത് ചെയ്തത്. അതുപോലെ ഫോർവേഡ് ചെയുന്ന കേശവമാമ്മമാരും അത് ദുരുദ്ദേശത്തിൽ ചെയ്യുന്നതല്ല. 

പ്രശ്നം എന്താണ് എന്ന് വെച്ചാൽ ഒരാൾ നമ്മളോട് നല്ല കാര്യം ആണെന്ന് പറയുമ്പോൾ (പണ്ട് നേരിട്ട് പറയും ഇപ്പോൾ ഫോർവേഡ്)  നമുക്കത് നല്ലതാണോ അല്ലയോ എന്ന് ചിന്തിക്കാൻ ഉള്ള ഒരു വാസനയില്ല. പണ്ട് ഇന്റർനെറ്റ് കൈപ്പിടിയിൽ ഇല്ലാതിരുന്ന കാലത്തു, ഇങ്ങനെ ഒരു പ്രശ്നം വരുമ്പോൾ നമുക്ക് ആ കാര്യത്തിൽ റിസർച്ച് ചെയ്യാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു. ഒരു വഴി ലൈബ്രറിയിൽ പോയി ബുക്കുകൾ എടുത്തു വായിക്കുകയാണ്. കുറച്ചു പേർക്കേ ലൈബ്രറി എന്ന സൗഭാഗ്യം ഉണ്ടായിരുന്നുള്ളൂ. ഇനി അങ്ങനെ ലൈബ്രറി ഉണ്ടെങ്കിൽ തന്നെ നമ്മുടെ വിഷയത്തിൽ പുസ്തകങ്ങൾ ഉണ്ടാവണം എന്നില്ല. ഇനിയിപ്പോൾ ഉണ്ടെങ്കിൽ തന്നെ അത് പുതിയത് ആകണം എന്നില്ല. കാരണം എന്തെങ്കിലും കണ്ടു പിടിച്ചു, അത് പുസ്തക രൂപത്തിൽ ആക്കി നമ്മുടെ ലൈബ്രറിയിൽ എത്താൻ സമയം എടുക്കും. കോവിഡ് പോലുള്ള വളരെ പെട്ടെന്ന് വിവരങ്ങൾ മാറുന്ന ഒരു കാര്യത്തിൽ ഇത് ഒരിക്കലും പറ്റില്ല. ഇനി ഇതൊക്കെ നടന്നാൽ തന്നെ വളരെയധികം സമയം നമ്മൾ അതിനു വേണ്ടി ചിലവാക്കണം. പണ്ട് ഉണ്ടായിരുന്ന വേറെ ഒരു ഉപാധി നമ്മൾ ആ വിഷയത്തിൽ പാണ്ഡിത്യം ഉള്ള ഒരാളെ കണ്ടു പിടിച്ചു അയാളോട് ചോദിക്കുകയാണ്. എല്ലാവര്ക്കും അങ്ങനെ ഒരാളെ കണ്ടുപിടിക്കാൻ പറ്റി എന്ന് വരില്ല. അതുപോലെ അയാളെ അങ്ങ് വെറുതെ കിട്ടില്ല. ഫീസ് ഉണ്ടാകും. അല്ലെങ്കിൽ അയാൾ എങ്ങിനെ ജീവിക്കും? അപ്പോൾ പണ്ട് ഉണ്ടായിരുന്ന ഒരു വഴി ആരെങ്കിലും ഒക്കെ പറയുന്നത് വിശ്വസിക്കുകയാണ് കിട്ടിയാൽ ഊട്ടി എന്ന ഒരു ലൈൻ. കുറ്റം പറയാൻ പറ്റില്ല. പക്ഷെ ഇപ്പോൾ കാലം മാറി. ഒരു വിഷയത്തിൽ എന്തും ഇന്റർനെറ്റിൽ കിട്ടും. ഒട്ടുമുക്കാൽ എല്ലാവര്ക്കും ഇന്റർനെറ്റ് ഉണ്ട്. എന്നിട്ടും ആളുകൾ മാറുന്നില്ല.

ഇത് എൻ്റെ അപ്പന്റെ കാര്യത്തിൽ സംഭവിച്ച ഒരു കാര്യമാണ്. നാളെ എൻ്റെ ജീവന്റെ കാര്യത്തിലും, മക്കളുടെ കാര്യത്തിലും സംഭവിക്കാം.

ഇവിടെയാണ് ദൈവ വിശ്വാസത്തിന്റെ പ്രശ്നം വരുന്നത്. എന്ത് കൊണ്ട് ആളുകൾ മാറുന്നില്ല. അവർ പിന്നെയും വിശ്വസിക്കാനുള്ള ത്വര കാണിക്കുന്നു? ചെറുപ്പം മുതലേ ഉള്ള വിശ്വാസം അവരെ ഈ വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയിൽ വരുന്ന കേശവമാമ ഫോർവേഡുകൾ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു. ഇതിനെ വേണമെങ്കിൽ 'സ്‌ട്രൊ മാൻ' വാദം എന്നും പറഞ്ഞു തള്ളാം. എനിക്കൊന്നും പറയാനില്ല. എന്തായാലും ഞാൻ എഴുതാം എന്ന് വെച്ചു.

ആമുഖം

ചുരുങ്ങിയത് ഇന്ത്യൻ സാഹചര്യത്തിൽ നമ്മളെ വളരെയധികം ബാധിക്കുന്ന അതായത് നമ്മുടെ വളരെയധികം വിഭവങ്ങൾ ആവശ്യമുള്ള ഒന്നാണ് ദൈവം. ചിലർ പറയും എൻ്റെ മനസിലാണ് ഈ സംഗതി. അങ്ങനെയുള്ളത് കുഴപ്പമില്ല. അവർ അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ. അത്അല്ലാതെ നമ്മൾ സാധാരണ കാണുന്ന എന്ത് കഴിക്കണം അല്ലെങ്കിൽ അരുത്, ആരെ കല്യാണം കഴിക്കണം, ചികിത്സ കൊടുക്കണോ വേണ്ടയോ, നമ്മൾ അധ്വാനിച്ചു ഉണ്ടാക്കുന്ന പണം ചെലവാക്കേണ്ടി വരുന്ന, നമുക്ക് കുടുംബത്തോട് ഒപ്പം അല്ലെങ്കിൽ വേറെ ഏതെങ്കിലും രീതിയിൽ സന്തോഷിക്കാനാവുന്ന സമയം അപഹരിക്കുന്ന ദൈവങ്ങൾ എന്ന സങ്കൽപം ആണ് നമ്മൾ ചിന്തിക്കേണ്ടത്. ദൈവം എന്നത് മാത്രം ആണ് ഇവിടെ എടുക്കുന്നത്. അത് കഴിഞ്ഞു വേണമല്ലോ മതം. ദൈവം ഇല്ലെങ്കിൽ പിന്നെ കഴിഞ്ഞില്ലേ. അതുകൊണ്ട് മതം ഇപ്പോൾ എടുക്കുന്നില്ല.

ഇതിൽപറയാൻ പോകുന്ന ദൈവം ഉണ്ടെന്ന വാദങ്ങൾ ക്ലബ് ഹൌസ് എന്ന പുതിയ ശബ്ദ സംഭാഷണത്തിൽ ഊന്നിയ സാമൂഹിക മാധ്യമത്തിൽ നിന്നും കിട്ടിയതാണ്. ലോകത്തുള്ള എല്ലാ വാദങ്ങളും ഇവിടെ കാണില്ല. എന്തെങ്കിലും പുതുതായി ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ ചേർക്കാം.   

എങ്ങിനെയാണ് തെളിയിക്കേണ്ടത്

രണ്ടു വ്യക്തികൾ, അല്ലെങ്കിൽ ആശയങ്ങൾ  തമ്മിൽ ഒരു കാര്യത്തെ പറ്റി തർക്കിക്കുമ്പോൾ ആ തർക്കം പരിഹരിക്കണം എങ്കിൽ രണ്ടു കൂട്ടരും അംഗീകരിക്കുന്ന ഒരു മാനദണ്ഡം വേണം. ഉദാഹരണം ആയി ഒരു പാത്രത്തിൽ എന്തോരം വെള്ളം ഉണ്ട് എന്നാണ് തർക്കം എങ്കിൽ രണ്ടു പേരും 'ദ്രാവകങ്ങൾ അളക്കേണ്ടത് ലിറ്റർ എന്ന ഒരു സങ്കേതത്തിൽ വെച്ച് ആണ്' എന്ന് സമവായം വേണം. അല്ലെങ്കിൽ ഒരാൾ സെന്റിമീറ്റർ വെച്ചും മറ്റെയാൾ മിനിറ്റു വെച്ചും അളക്കും. എങ്ങും എത്തില്ല. 

ഇവിടെ സയന്റിഫിക്മെത്തേഡ് എന്ന ഒരു സങ്കേതം വെച്ചാണ് അളക്കാൻ ശ്രമിക്കുന്നത്. ഇതിനെ പറ്റി അറിയില്ല എങ്കിൽ, ഒന്ന് ഗൂഗിൾ ചെയ്യുന്നത് ഇനിയുള്ള കാര്യങ്ങൾ വായിക്കാൻ നന്നായിരിക്കും. ധാരാളം മലയാളം വിഡിയോകൾ മലയാളത്തിൽ ഉണ്ട്. ഈ മെത്തേഡ് വെച്ച് ഒരു കാര്യം തെളിയിക്കണമെങ്കിൽ ആ കാര്യം തെറ്റാണെന്നു തെളിയിക്കാൻ പറ്റുന്ന ഒരു സാധ്യത ഉള്ളതായിരിക്കണം. അതുപോലെ ആര്, എവിടെ വെച്ച് വേണമെങ്കിലും ഇതിനു വേണ്ട സാഹചര്യം ഉണ്ടാക്കി തെളിയിക്കാൻ ശ്രമിച്ചാലും തെളിയിക്കാൻ പറ്റണം.

ഈ മെത്തേഡ് ഇപ്പോഴും അംഗീകരിക്കാത്തവർ ഉണ്ട്. അവർ ഇനി താഴേക്ക് വായിച്ചിട്ട് എന്തെങ്കിലും ഗുണം ഉണ്ടെന്നു തോന്നുന്നില്ല.

ആരാണ് തെളിയിക്കേണ്ടത് 

തത്വചിന്ത വെച്ച് തെളിവ് കെടുക്കേണ്ട ബാധ്യത ഒരു പ്രത്യേക വാദം മുന്നോട്ട് വെക്കുന്ന ഭാഗത്തിന് ആണ്. അല്ലാതെ മറുഭാഗത്തിനു അല്ല. അല്ലെങ്കിൽ ആർക്കും എന്തും പറയാം. ബാക്കിയുള്ളവർ ഇല്ലെന്ന് തെളിയിക്കാൻ കഷ്ടപ്പെടും. ഇവിടെ ദൈവം ഉണ്ടെന്നു പറയുന്നവർ ആണ് തെളിയിക്കേണ്ടത്.

ഇങ്ങനെയല്ല ഞാൻ എനിക്ക് തോന്നിയ വാദം വെക്കും മറ്റുള്ളവർ വേണേൽ ഇല്ലെന്ന് തെളിയിക്ക് എന്ന രീതിയിൽ ചിന്തിക്കുന്നവരും താഴേക്കു പോയിട്ട് കാര്യമില്ല.

ഇനി ഓരോന്നായി നോക്കാം.

സയൻസ് വച്ച് അളക്കാൻ പറ്റില്ല

ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ എന്ന മട്ടിലുള്ള ദൈവം. പക്ഷെ വാദം അവിടെ നിൽക്കില്ല, എൻ്റെ അനുഭവത്തെ മറ്റുള്ളവരും അംഗീകരിക്കണം. അതുപോലെ സയൻസ് ഇത് ടെസ്റ്റ് ചെയ്യാൻ മാത്രം വളർന്നിട്ടില്ല.

മറുവാദം

സയൻസ് വെച്ച് ആണ് അളക്കുന്നത് എന്ന് മുൻപേ പറഞ്ഞു. എന്നിട്ടും ഈ പറയുന്നതിൽ അർത്ഥമില്ല എങ്കിലും നമുക്ക് എടുക്കാം. ഞാൻ മാത്രം എങ്കിൽ പ്രശ്നമില്ല. പക്ഷെ അതിനെ മറ്റുള്ളവരും അംഗീകരിക്കണം എന്ന് പറയുമ്പോൾ ആണ് പ്രശ്നം. സയൻസ് വെച്ച് നോക്കുമ്പോൾ ഒരു കാര്യം തെറ്റാണ് എന്ന് തെളിയിക്കാൻ പറ്റണം. എന്നാലേ ഒരു പരികല്പന (hypothesis) ആയിട്ട് എടുത്തു നോക്കൂ. അതുപോലെ ആവർത്തിക്കാൻ പറ്റണം.

തലച്ചോറിന്റെ സ്കാൻ എടുത്തു എന്താണ് എന്ന് സംഭവിക്കുന്നത് എന്ന് കണ്ടു പിടിക്കാൻ പറ്റുമോ എന്നറിയില്ല. അതുപോലെ അതെ അനുഭവം ഏതെങ്കിലും സാങ്കേതിക വിദ്യ (രാസ അല്ലെങ്കിൽ എന്തെങ്കിലും വൈദ്യുത തരംഗങ്ങൾ) ഉപയോഗിച്ച് വീണ്ടും ഉണ്ടാക്കാൻ പറ്റുമോ എന്നും.

ഇനി എങ്ങാനും സയൻസ് അത് കണ്ടു പിടിച്ചാൽ, ദൈവം അവിടെ നിന്നും മാറും. മൊത്തത്തിൽ ഇത് എടുക്കാൻ പറ്റില്ല.
 
റസ്സൽസ് ടീപോട്ട് എന്നൊരു ഉദാഹരണമാണ് സാധാരണ ഇത് പറഞ്ഞു മനസിലാക്കാൻ ഉപയോഗിക്കുന്നത്.

സയൻസ് മാറുന്ന ഒന്നാണ്, അത് പറ്റില്ല

സയൻസ് മാറിക്കൊണ്ടിരിക്കുന്ന കാര്യമാണ്. ഇന്ന് ശരി, നാളെ തെറ്റാകുന്നു. അതുകൊണ്ട് അത് വെച്ച് ദൈവത്തെ തെളിയിക്കാൻ പറ്റില്ല.

മറുവാദം

സയന്റിഫിക് രീതി മാറുന്ന ഒന്നല്ല. അത് ഉപയോഗിച്ച് കണ്ടു പിടിക്കുന്ന വസ്തുതകൾ ആണ് മാറുന്നത്. അത് മാറുന്നത് അതിനേക്കാൾ നല്ലത് കണ്ടു പിടിക്കുന്നത് കൊണ്ടാണ്. അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ കൃത്യത വേണ്ടത് കൊണ്ടാണ്.

ഉദാഹരണമായി ഇന്നലെ ഗ്രാമങ്ങൾക്കിടയിൽ കിലോമീറ്ററിൽ ആണ് ദൂരം അളന്നത്. അന്ന് അത് മതിയായിരുന്നു. ഇന്ന് ഒരു വീട് പണിയുമ്പോൾ മീറ്റർ ഉപയോഗിക്കുന്നു. നാളെ അത് നാനോ ടെക്നോളജിയിൽ വേറെ ആയിരിക്കും. ഇവിടെ നോക്കേണ്ട കാര്യം, നാളെയും രണ്ടു ഗ്രാമങ്ങൾക്ക് ഇടയിൽ ഉള്ള ദൂരം കിലോമീറ്ററിൽ തന്നെ അളക്കാം.
അതുപോലെ പണ്ട് ഉപയോഗിച്ച മരുന്നുകളേക്കാൾ ശേഷി കൂടിയ, പാർശ്വഫലങ്ങൾ കുറഞ്ഞ മരുന്ന് ഇന്ന് വരുമ്പോൾ പുതിയത് ഉപയോഗിക്കുന്നു. നാളെ വ്യക്തിഗതമായി (personalized) ഉണ്ടാക്കിയ മരുന്നുകൾ വരും. അന്നേരം ഇന്നത്തെ ജനറൽ ആയി കൊടുക്കുന്ന മരുന്നുകൾ നിറുത്തും.

മൊബൈൽ ഫോൺ, ടീവീ ഒക്കെ ഈ ഒരു സയന്റിഫിക് രീതി വച്ചാണ് മാറുന്നത്. അല്ലെങ്കിൽ പഴയ ലാൻഡ് ഫോണിലും, CRT ടിവിയിലും ഇരുന്നെന്നെ. അതുപോലെ വീണ്ടും വീണ്ടും പരീക്ഷിക്കുമ്പോൾ മുൻപ് ചെയ്തതിന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ (കണക്കു കൂട്ടിയതിലോ, അല്ലെങ്കിൽ സാഹചര്യം സൃഷ്ടിച്ചതിലോ)  അത് തെറ്റാണു എന്ന് പറയും.

ഒരുകാര്യം പരീക്ഷണങ്ങൾക്ക് അനുസരിച്ചു നല്ലതിന് വേണ്ടി മാറ്റുന്നത് സയൻസിന്റെ നല്ല കാര്യമാണ്.

ലോകോത്തര ശാസ്ത്രജ്ഞന്മാർ ദൈവ വിശ്വാസികൾ ആണ്

ലോകത്തു പേരെടുത്ത പല ശാസ്ത്രജ്ഞന്മാർ ദൈവ വിശ്വാസികളോ, ആജ്ഞേയവാദികളോ ആണ്. അവർ പലരും പറയുന്നത് അവർക്ക് ദൈവം സ്വപ്നത്തിലൂടെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ട് എന്നാണ്. അവർ അങ്ങനെ പറയുമ്പോൾ നമ്മൾ എന്തിനു മാറി ചിന്തിക്കണം? 

മറുവാദം

ഇത് ഒരു തരം ചെറി പിക്കിങ് എന്ന ന്യായ വൈകല്യം ആണ്. ശാസ്ത്രജ്ഞന്മാരിൽ ദൈവം ഇല്ലെന്ന് പറയുന്നവരും ഉണ്ട്. അവരെ എടുക്കാതെ ഉണ്ടെന്നു പറയുന്നവരെ മാത്രം എടുക്കുന്നു. അത് പോട്ടെ.

പിന്നെ അവർ ചെയ്യുന്നത് സയന്റിഫിക് മെത്തേഡ് വെച്ചിട്ട് ആണ്. കിട്ടുന്ന വെളിപാടുകൾ അതേപടി ചുമ്മാ അങ്ങ് പറയുന്നില്ല. ഒരാൾ ദൈവം തന്നതാണ് എന്നും പറഞ്ഞു, ഒരു പേപ്പർ പിയർ റിവ്യൂക്ക് തന്നാൽ വിശ്വസിക്കുന്നവർ പോലും അത് ഇഴ കീറി പരിശോധിക്കും. ശരിക്കും അവർക്ക് ദൈവം ഉണ്ടെന്നു അറിയും എങ്കിൽ അവർ ഈ മെത്തേഡ് വഴി തന്നെ തെളിയിച്ചേനെ.

പിന്നെ ഈ സ്വപ്നത്തിന്റെ കാര്യം. നമ്മൾ ഒരു കാര്യത്തിൽ കുറെയധികം നേരം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നമ്മൾ അതെ കാര്യം സ്വപ്നം കാണാനും. അതിനെ പറ്റി സ്വപ്നത്തിൽ ചിന്തിക്കാനും സാധ്യതയുണ്ട്. അതിൽ നിന്നും പല ഉത്തരങ്ങളും കിട്ടാം. പണ്ട് കാലത്തു നായാട്ടിനു പോയവർക്ക് ഉറക്കത്തിലും പ്രാക്ടീസ് പോലെ ഒരു നേട്ടം കിട്ടിയിരിക്കും. അതുപോലെ മറ്റുള്ളവർക്ക് മുൻപിൽ ഒരു കാര്യം അവതരിപ്പിച്ചു അവരെ നമ്മുടെ ഭാഗത്തു ചേർത്ത് നിർത്താൻ നമുക്ക് അവർ എങ്ങിനെയൊക്കെ നമ്മളോട് പ്രതികരിക്കും എന്നും അത് നമുക്ക് എങ്ങിനെ അവരെ പറഞ്ഞു ശരിക്കാം എന്നും വളരെയധികം പ്രാക്ടീസ് ചെയ്യേണ്ടത് ഉണ്ട്. നമ്മൾ ഉറങ്ങുമ്പോൾ സ്വപ്നത്തിന്റെ രൂപത്തിൽ ആ പ്രാക്ടീസ് നടക്കുന്നവർക്ക് പരിണാമത്തിന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ നേട്ടമുണ്ട്. അവരുടെ തലമുറ മറ്റുള്ളവരേക്കാൾ കൂടുതൽ അതിജീവിക്കാൻ ഉള്ള സാധ്യത ഉണ്ട്.

ഇനി കുറച്ചു ജാഡക്ക് എൻ്റെ കാര്യം പറയാം. ഞാൻ ദിവസം മുഴുവൻ പ്രോഗ്രാമിലെ ബഗ്ഗ് എവിടെ എന്ന് നോക്കി നടന്നിട്ട് കിട്ടാത്തത് സ്വപ്നത്തിൽ കിട്ടിയിട്ടുണ്ട്. അതുപോലെ എങ്ങിനെ സോഫ്റ്റ്‌വെയറിൽ ക്ലയന്റ് പറഞ്ഞ കാര്യം ചെയ്തു കുത്തികയറ്റും എന്ന് ഒരു അന്തവും കുന്തവും ഇല്ലത്തെ ഇരിക്കുന്ന കാര്യങ്ങൾക്ക് സ്വപ്നത്തിൽ ഒരു വഴി തെളിഞ്ഞു വരാറുണ്ട്. എല്ലാത്തിനും കിട്ടുന്നുണ്ട് എന്നല്ല. ചിലപ്പോഴൊക്കെ. അതും വിചാരിച്ചു ഞാൻ പീരിയോഡിക് ടേബിൾ ഓർഡർ സ്വപ്നത്തിലൂടെ  കിട്ടിയ ആളെ പോലെയാണ് എന്നല്ല. ഇതൊരു ദൈവീക കാര്യമല്ല എന്നാണ്.

ഗോഡ് ഓഫ് ദി ഗാപ്സ്

ബിങ് ബാങിന് മുൻപ് എന്താണ് എന്ന് സയൻസിനു അറിയില്ല. പ്രപഞ്ചത്തിന്റെ 93 ബില്യൺ പ്രകാശ വർഷങ്ങൾ എന്ന വ്യാസവും, 13.8 ബില്യൺ വർഷങ്ങൾ കൊണ്ട് പ്രകാശത്തിനു സഞ്ചരിക്കാനാവുന്ന ദൂരവും സമമല്ല. Quantum entanglement മുഴുവനായി അറിയില്ല. ആദ്യത്തെ ജീവൻ ഉണ്ടായത് എങ്ങിനെയാണ്  (Abiogenesis) എന്ന് സയൻസിനു പൂർണമായി അറിയില്ല. ഓക്സിജൻ എങ്ങിനെയാണ് ജീവന്റെ അടിസ്ഥാനമായത്?

ഇങ്ങനെ സയന്റിഫിക് രീതി ഉപയോഗിച്ചു ഇപ്പോഴും കണ്ടു പിടിച്ചിട്ടില്ലാത്ത കാര്യങ്ങൾ ഉള്ളതുകൊണ്ട് അതിനു പുറകിൽ ദൈവം ഉണ്ട്.

മറുവാദം

പണ്ട് കാലത്തു മഴവില്ല് എന്താണെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് അത് ദൈവം ഉണ്ടാക്കി. അതുപോലെ മഴ, പകർച്ചവ്യാധികൾ. മഴവില്ല് സയന്റിഫിക് രീതി വെച്ച് കണ്ടു പിടിച്ചു വിശദീകരിച്ചപ്പോൾ ദൈവം അടുത്ത ഗ്യാപ്പിലേക്ക് പോയി. സയന്റിഫിക് രീതി ഉപയോഗിച്ച് മുകളിലെ വാദത്തിൽ പറഞ്ഞ ബിഗ് ബാംഗും, ആദ്യ ജീവൻ ഉണ്ടായതും വിശദീകരിച്ചാൽ തന്നെ ദൈവം പിന്നീട് അന്നത്തെ അറിയാത്ത കാര്യത്തിലേക്ക് പോകും. വാദങ്ങളിൽ പറഞ്ഞ പലതും ഇപ്പോൾ നല്ലരീതിയിൽ ഗവേഷണം നടക്കുന്ന മേഖലകൾ ആണ്. അതിനെ പറ്റി അറിയാവുന്നവർ വിശദീകരിക്കുന്നുണ്ടായിരുന്നു. എനിക്ക് അത് മനസിലാകാത്തത് കൊണ്ട് ഇവിടെ എഴുതി പിടിപ്പിക്കുന്നില്ല. കാര്യം സിമ്പിൾ ആയി മനസിലായി എന്ന് കരുതാം.

ഇനി ഒരു വാദത്തിനു വേണ്ടി പണ്ട് മഴവില്ല് ദൈവമാണ് ഉണ്ടാക്കിയത് എന്ന് വെച്ചാൽ ഉള്ള പ്രശ്നം കൂടി പറയണം. അങ്ങനെ വെച്ചാൽ പിന്നെ അവിടെനിന്നു ശരിക്കും ഉള്ള ഉത്തരത്തിനു വേണ്ടി ഒരു അന്വേഷണം ഉണ്ടാവില്ല. കാരണം ഒരു ഉത്തരം കിട്ടിയല്ലോ.

ക്രീയേഷനിസ്റ്റ് - ജീവന്റെ വൈവിദ്ധ്യം

മനോഹരമായ കണ്ണുകൾ, പകരം വെക്കാനില്ലാത്ത മനുഷ്യന്റെ തലച്ചോറ് ഒക്കെയുണ്ടല്ലോ. അത്രക്ക് പെർഫെക്റ്റ് ആയ സംഗതികൾ ഉണ്ടാവണമെങ്കിൽ ഒരു നിർമ്മാതാവ് വേണ്ടേ. അതുപോലെ ഒരു മരുഭൂമിയിൽ ബോയിങ് 747 നിർമിക്കാൻ വേണ്ട സാധനങ്ങൾ എല്ലാം കിടക്കുന്നുണ്ടെങ്കിൽ ഒരു കൊടുംകാറ്റ് വന്നാൽ തനിയെ പ്ലെയിൻ ഉണ്ടാകുമോ? എല്ലാത്തിനും ഒരു നിർമാതാവ് വേണ്ടേ?

മറുവാദം

ഒരു വാദത്തിനു ഒരു നിർമാതാവ് ഉണ്ടെന്നു പറഞ്ഞാൽ തന്നെ, അടുത്ത ചോദ്യം വരും ആ നിർമാതാവിനെ ആർ ഉണ്ടാക്കി? അപ്പോൾ ഈ വാദം ഉയർത്തുന്നവർ പറയും അത് വേണ്ട. ഒരു നിർമാതാവിൽ നിറുത്തണം. അതിനു പിന്നെ പ്രപഞ്ച നിയമങ്ങൾ ബാധകമല്ല. അതുപോലെ എന്തുകൊണ്ട് ഒരു നിർമാതാവ് എന്നും ചോദിക്കാം. രണ്ടോ,  മൂന്നോ അതിൽ കൂടുതലോ നിർമ്മാതാക്കൾ ആദ്യം തന്നെ ഈ പ്രപഞ്ചത്തിനു മുൻപേ പ്രപഞ്ച നിയമങ്ങൾ അനുസരിക്കാത്തവർ ഉണ്ടായിക്കൂടെ.

ഏലിയൻ ഗോഡ്സ്

ഭൂമിയിലെ പല സ്ഥലങ്ങളിലും ഗുഹകളിലെ അന്യഗ്രഹജീവി എന്ന് തോന്നിപ്പിക്കുന്ന ജീവികളുടെ ചിത്രങ്ങൾ ഉണ്ട്. അതുപോലെ ഈജിപ്തിലെയും,  മറ്റു സ്ഥലങ്ങളിലും ഉള്ള പിരമിഡുകൾ, ഇന്ത്യയിലെ അജന്ത എല്ലോറ ഗുഹ നിർമ്മിതി മനുഷ്യന് ഉണ്ടാക്കാൻ പറ്റില്ല. അതുകൊണ്ട് അന്യഗ്രഹ ജീവികൾ വന്നിട്ടുണ്ടാകാം അവർ ആകാം ദൈവം.

ഈ ഒരു വാദം ഞാൻ കുറേനാൾ കൊണ്ട് നടന്നതാണ്. എൻ്റെ പഴയ പോസ്റ്റിൽ പറയുന്നുണ്ട്.

മറുവാദം

ഇനി മനുഷ്യനെ സംബന്ധിച്ച് അന്യഗ്രഹ ജീവികൾ ആണ് ഉണ്ടാക്കിയത് അവരാണ് ദൈവമെന്ന് സമ്മതിച്ചാൽ തന്നെ, അവരെ ഉണ്ടാക്കിയ ദൈവം ആരെന്നു ചോദ്യം വരും. അല്ലെങ്കിൽ വരേണ്ടത് ആണ്. അപ്പോൾ നമ്മൾ വീണ്ടും പഴയ പ്രശ്നത്തിലേക്ക് എത്തും. ഇതിങ്ങനെ കറങ്ങും.

ചാൻസ് (എങ്ങാനും ബിരിയാണി കിട്ടിയാലോ?)

ഉണ്ടെങ്കിലോ? വിശ്വസിക്കുന്നത് അല്ലേ നല്ലത്. അല്ലെങ്കിൽ നരകത്തിൽ ഇട്ടു പൊരിക്കില്ലേ? അല്ലെങ്കിൽ അടുത്ത ജന്മത്തിൽ മനുഷ്യനല്ലാതെ ജനിക്കേണ്ടി വരില്ലേ?

മറുവാദം

നരകത്തിൽ ഇട്ടു പൊരിക്കും, അടുത്ത ജന്മത്തിൽ ജനിക്കും എന്നൊക്കെ പറയുമ്പോൾ അതിനും തെളിവുകൾ ഇല്ല. Xenoglossy,  പോലുള്ള കാര്യങ്ങൾ ഇതിലേക്ക് വലിച്ചിഴക്കുന്നു എങ്കിലും ഇതിനൊന്നും സയന്റിഫിക് മെത്തേഡ് വെച്ച് തെളിവില്ല.
പിന്നെ രണ്ടു ജന്മങ്ങൾക്ക് പൊതുവായി ഉള്ളത് ആത്മാവ് ആണല്ലോ. അതിനും തെളിവ് ഇല്ല.

ആര് നീതി തരും ?

നമ്മൾ മറ്റുള്ളവരോട് തെറ്റ് ഇവിടെ ചെയ്തതിനു, നമ്മളോട് അനീതി ചെയ്തവർക്ക് ഈ ലോകത്തിൽ ശിക്ഷ കിട്ടിയില്ലെങ്കിൽ പിന്നെ എവിടെ കിട്ടും? ആര് നീതി തരും? അതുകൊണ്ട് മരിച്ചതിനു ശേഷം വേറെ പരലോകം ഉണ്ട്. അവിടെ വെച്ച് വിധിക്കും, ശിക്ഷിക്കും.

മറുവാദം

കുറ്റം പറയാൻ പറ്റില്ല. ഇത് നമ്മുടെ ആഗ്രഹം മാത്രം ആണ്. ഒന്നാമത് അങ്ങനെ ഒരു ലോകം ഉണ്ടെന്ന് തെളിവില്ല. സയന്റിഫിക് ആയി തെളിയിക്കണം എങ്കിൽ അവിടെക്ക് നമുക്ക് പോയി വരാൻ പറ്റണം. ഒരാൾ ചുമ്മാ വന്നു പറഞ്ഞിട്ട് കാര്യമില്ല. ആവർത്തിക്കാൻ പറ്റണം.

അടുത്ത പ്രശ്നം മരിച്ചു കഴിഞ്ഞാൽ അവിടേക്ക് പോകുന്നത് എന്ത് രൂപത്തിൽ ആയിട്ടാണ് എന്നാണ്. ശിക്ഷ എന്ന രീതിയിൽ നമുക്ക് വേദന വേണം എങ്കിൽ ശരീരം വിത്ത് തലച്ചോറ് പോകണം. അവിടെ ആണല്ലോ വേദന എന്ന വികാരം ഉണ്ടാകുന്നത്. ആവി അല്ലെങ്കിൽ ആത്മാവ് പോയാൽ അതിനു എങ്ങിനെ വേദന എടുക്കും.

കർമ്മ സിദ്ധാന്തം

യുക്തിവാദി എന്ന് സ്വയം അവകാശപ്പെടുന്ന എൻ്റെ അപ്പൻ പോലും പറയുന്ന ഒരു പരിപാടി ആണിത്. നമ്മൾക്ക് കിട്ടുന്നത് നമ്മൾ ചെയ്തതിന് അനുസരിച്ചു ആണെന്ന്. അങ്ങനെ ചെയ്യാൻ ഒരു ദൈവം അല്ലെങ്കിൽ ഒരു ശക്തി വേണ്ടേ?

മറുവാദം

നമുക്ക് എന്തെങ്കിലും ചീത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ നമ്മൾ ആലോചിച്ചു കണ്ടു പിടിക്കുന്നത് ആണ് പണ്ടത്തെ നമ്മുടെ ഒരു തെറ്റ്. അതുപോലെ ഒരാൾക്ക് ബുദ്ധിമുട്ട് വരുമ്പോൾ നമ്മൾ ആലോചിച്ചു അയാളുടെ കുറ്റങ്ങൾ കണ്ടു പിടിച്ചു അതുകൊണ്ടാണ് അയാൾക്ക് അത് വന്നത്, കണക്കായിപ്പോയി എന്ന് കരുതുന്നു. കേരളത്തിൽ പ്രളയം വന്നപ്പോൾ നമ്മൾ കണ്ടതാണ് ഓരോ വിശ്വാസ രീതികൾ പിന്തുടരുന്ന വിശ്വാസികളും തങ്ങളോട് തെറ്റ് ചെയ്തതുകൊണ്ട് ആണ് ഇത് വന്നതെന്ന് സ്ഥാപിക്കാൻ ശ്രമിച്ചത്. ആദ്യത്തെ പ്രശ്നം എന്താണെന്നു വെച്ചാൽ നമ്മൾ ആ പ്രശ്നത്തെ പരിഹരിക്കാൻ ശ്രമിക്കാതെ അത് സംഭവിക്കേണ്ടത് ആണ്, നമ്മൾ അനുഭവിക്കേണ്ടത് ആണ് എന്ന് കരുതി ഇരുന്നു കളയും.

ചീത്ത കാര്യങ്ങൾ സംഭവിക്കുന്നത് പ്രായപൂർത്തി ആയ ആളുകൾക്ക് മാത്രം അല്ല. നിഷ്കളങ്കനായ പിച്ച വെക്കുന്ന കുട്ടിക്കും, ഗർഭവസ്ഥയുള്ള കുട്ടിക്കും സംഭവിക്കാം. അപ്പോൾ എന്ത് പറയും? ഒരു വാദത്തിനു അവരുടെ കഴിഞ്ഞ ജന്മത്തിൽ ചെയ്ത കുറ്റത്തിന് ആണെന്ന് പറയാം. ഇനി കുറച്ചു കൂടെ താഴേക്ക് പോയി ബീജത്തെ എടുക്കാം. അതിനും ജീവനുണ്ട് അതുകൊണ്ട് പൂർവജന്മം ഉണ്ടെന്നു വേണം കരുതാൻ. കാക്കത്തൊള്ളായിരം കോടി ബീജങ്ങൾ ആണ് ഓരോ ദിവസവും മരിക്കുന്നത്. ശരിക്കും നോക്കിയാൽ അത്രക്ക്അധികം മനുഷ്യർ പൂർവ്വജന്മത്തിൽ അതായത് ഈ ഭൂമിയിൽ മുൻപേ ജനിച്ചിട്ടുണ്ടോ? അത്രക്ക് പാപങ്ങൾ ഇവിടെ നടന്നിട്ടുണ്ടോ?

അത്ഭുതങ്ങൾ

ജാതകം, വസ്തു, നക്ഷത്രഫലം അങ്ങനെയുള്ള സംഗതികൾ ശരിയാകുന്നുണ്ട്. ദൈവരൂപം കരയുന്നു, അതിൽ നിന്നും മണം വരുന്നു. തോൽക്കും എന്ന് വിചാരിച്ച പരീക്ഷ പാസാകുന്നു. പുസ്തകങ്ങളിൽ പിന്നെ മൊത്തം അത്ഭുതങ്ങൾ ആണ്. അതുകൊണ്ട് ദൈവം അല്ലെങ്കിൽ ഒരു ശക്തിയുണ്ട്.

മറുവാദം

ഇവിടെയും ചെറി പീക്കിങ് എന്ന പരിപാടി ആണ് വില്ലൻ. പറയുന്ന പ്രവചനങ്ങളിൽ എന്തെങ്കിലും നടക്കുകയോ അതിനോടു സാദൃശ്യം ഉള്ളത് എന്തെങ്കിലും കണ്ടാലോ അത് എടുക്കുന്നു. നടക്കാത്ത ബാക്കിയുള്ളത് വിടുന്നു. പൂരം നാളുകാർക്ക് ഈ മാസം കല്യാണം എന്ന് പറഞ്ഞാൽ ആ നാളിൽ ജനിച്ച അഞ്ചാം ക്ലാസുകാരനും, 21 വയസു തലേ മാസം കഴിഞ്ഞ ഒരാൾക്കും, വർഷങ്ങൾ ആയി പെണ്ണ് കണ്ടു നടക്കുന്ന ആൾക്കും, പേരക്കിടാങ്ങൾ ഉള്ള ആൾക്കും ഒരേ പോലെ ഫലിക്കില്ല. കല്യാണം ആലോചിച്ചു നടന്ന ഒരാൾക്ക് നടന്നാൽ അയാൾ അത് മൊത്തം കൊട്ടിഘോഷിച്ചു നടക്കും. ബാക്കിയുള്ളവർ മിണ്ടില്ല.

ദൈവരൂപം കരയുന്നതും, പുസ്തകങ്ങളും എടുക്കുന്നില്ല. പരീക്ഷ പാസാക്കുന്നത് ഞാൻ പരീക്ഷിച്ചിട്ടുള്ളതുകൊണ്ട് എടുക്കാം. പണ്ട് ഓരോ പരീക്ഷക്കും ഞാൻ പഠിക്കാത്തതിന് അനുസരിച്ചു ഉയരുന്ന കാണിക്കയിടുന്ന ഒരു പ്രാർത്ഥനാരീതി ആയിരുന്നു. അങ്ങനെ വെച്ച് നോക്കുമ്പോൾ ചോദ്യ പേപ്പറിലേ ചോദ്യങ്ങൾ മാത്രം അപ്പാടെ ഉത്തര കടലാസിലേക്ക് ചുമ്മാ കോപ്പി എഴുതിയ പരീക്ഷ ഞാൻ മിനിമം മാർക്കിൽ ജയിച്ചിട്ടുണ്ട്. അതുപോലെ സിനിമ കഥ ഇടയ്ക്ക് എഴുതിയതും. അന്നൊക്കെ വിചാരം അത്ഭുതങ്ങൾ നടക്കുന്നുണ്ട് എന്നായിരുന്നു. ജോലി കിട്ടിയതിനു ശേഷം ചെയ്ത MBAക്ക് പ്രാർത്ഥിച്ചിട്ടേ ഇല്ല. വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല ദൈവത്തെ ജോലിയെല്ലാം ഉള്ള എൻ്റെ കാര്യത്തിന് വേണ്ടി ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു ആണ്. അല്ലാത്തവരെ സഹായിക്കട്ടെ. 2 കൊല്ലങ്ങൾ വേണ്ട പരിപാടി 5 കൊല്ലങ്ങൾ എടുത്താണ് പാസായത്. ഈ അടുത്ത് നടന്ന ഒരു പരീക്ഷ പഠിച്ചു പിന്നെ ഡിങ്കനോടും പ്രാർത്ഥിച്ചു ആണ് പാസായത്.  ഓൺലൈൻ പരീക്ഷക്ക് ഇടയിൽ അഞ്ചാറ് പ്രാവശ്യം ക്യാമറ വർക്ക് ചെയ്തില്ല. അത് നടത്തിപ്പ് കാരൻ കണ്ടു പിടിച്ചു. പക്ഷെ അപ്പോൾ ഒക്കെ ഡിങ്കൻ സഹായിച്ചു പരീക്ഷ നടത്തുന്ന ആൾക്ക് പരീക്ഷ ക്യാൻസൽ ചെയ്യിക്കാൻ തോന്നിപ്പിച്ചില്ല.

പരീക്ഷ എന്ന് പറയുന്നത് നമ്മൾ അധ്വാനിച്ചു പഠിച്ചു, അതെ ഭാഗങ്ങൾ വന്നു അത് മൂല്യനിർണയം ചെയ്യുന്ന ആൾ ശരിയായി ചെയ്താൽ ജയിക്കുന്ന പരിപാടി ആണ്. ചിലപ്പോൾ നമ്മൾ പ്രാർത്ഥിച്ചു സിനിമകഥ എഴുതിയാലും മൂല്യനിർണയം നടക്കുന്നത് തൂക്കി നോക്കി ആയിരിക്കും, പാസാകും. പിന്നെ എങ്ങനെ എങ്കിലും ജോലിക്ക് വേണ്ടി പഠിക്കുമ്പോൾ നമ്മൾ എന്തും ചെയ്തു പോകും. നമ്മൾ ചെയ്യുന്നത് ശരിയാണോ എന്ന് ഒന്നും നോക്കാനുള്ള മാനസിക അവസ്ഥ ഉണ്ടാവില്ല. ഒരു ചാൻസ് എടുക്കാൻ വയ്യാത്ത അവസ്ഥ. അതുകൊണ്ടു ഒന്നും അവിടെ ദൈവം ഉണ്ടെന്ന് പറയാൻ പറ്റില്ല.

ധാർമികത

ധാർമ്മികത വരുന്നത് ദൈവത്തിൽ നിന്നാണ്. അല്ലെങ്കിൽ ഇവിടെ മൊത്തം തവിടു പൊടിയാകും. 

മറുവാദം

ധാർമ്മികത വരുന്നത് ദൈവത്തിൽ നിന്നല്ല എന്നതാണ് ഇതിലെ കാര്യം. ഈ ദൈവം മത പുസ്തകങ്ങളിലൂടെ അല്ലെങ്കിൽ പ്രവാചകന്മാരിലൂടെ തന്ന ധാർമികത അന്നത്തെ കാലത്തേ മനുഷ്യന്മാരുടേത് ആണ്. അതുകൊണ്ട് ആണ് ആ ധാർമികത അവിടെനിന്നും ഒട്ടും പുരോഗമനമില്ലാത്ത രീതിയിൽ പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി അടിമത്തം ആരും റദ്ദ് ചെയ്യുന്നില്ല. അത് ചെയ്തത് മനുഷ്യന്മാർ സമരം ചെയ്തും അല്ലെങ്കിൽ വട്ടം കൂടിയിരുന്നു ചർച്ച ചെയ്തും ആണ്. അതുപോലെ അവയവദാനം, ഭാവിയിൽ വരുന്ന സൈബോർഗ് തുടങ്ങിയവക്ക് ആവശ്യമായ ധാർമികത പണ്ട് എഴുതിയ എവിടെയും കാണാനാവില്ല. ശരിക്കും ദൈവം ആയിരുന്നു എങ്കിൽ 21 നൂറ്റാണ്ടിൽ കണ്ടു പിടിക്കാൻ സാധ്യതയുള്ള പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ചു ധാർമികത പുസ്തകങ്ങളിൽ മുൻപേ കാണുമായിരുന്നു. പക്ഷെ കാണുന്നില്ല.

അവിടെയും ഇവിടെയും കാണുന്ന ഓരോന്ന് എടുത്തു വ്യാഖാനിച്ചാൽ ഒന്നും പറയാനില്ല.  

ജീവിതത്തിന്റെ ലക്‌ഷ്യം/ഉദ്ദേശ്യം (Purpose )

മനുഷ്യ ജീവിതത്തിനു ഒരു ലക്ഷ്യം വേണ്ടേ ? ആ ലക്‌ഷ്യം തരാൻ ദൈവം.

മറുവാദം

ഒന്നാമത്, മനുഷ്യനെ കേന്ദ്രത്തിൽ നിറുത്തിയ ഒരു വാദമാണ്. മനുഷ്യൻ ജീവികളിൽ ഒന്ന് മാത്രമാണ്. മനുഷ്യന് മാത്രം എന്തിനു ലക്‌ഷ്യം. അപ്പോൾ വരുന്ന വാദമാണ് മനുഷ്യന് മാത്രമേ ബുദ്ധി ഉള്ളൂ. പക്ഷെ വേറെ ജീവികൾക്കും അതുണ്ട്. മനുഷ്യന് കുറച്ചു കൂടുതൽ ഉണ്ടെന്നു മാത്രം.

ജീവിതത്തിനു ലക്‌ഷ്യം വേണമെന്ന് ഇല്ല. ക്രമരഹിതമായ (Random) ഒരു പ്രവർത്തനത്തിലൂടെ ഉണ്ടായ സംഗതിയാണ് ജീവൻ. ജനിക്കുന്നു, വളരുന്നു, അടുത്ത കോപ്പി ഉണ്ടാക്കുന്നു മരിക്കുന്നു. ഇനി ലക്‌ഷ്യം വേണമെന്ന് വെച്ചാൽ തന്നെ, ആ ലക്‌ഷ്യം മനുഷ്യന് തന്നെ ഉണ്ടാക്കാം. ഈ ലോകത്തിലേക്ക് ബാക്കിയുള്ള ജീവികൾക്ക് നല്ല പ്രവർത്തികൾ ചെയ്യാം. സ്വയം സന്തോഷിക്കാൻ ഹോബികളിൽ ഏർപ്പെടാം. അങ്ങനെ പലതും ചെയ്യാം. 
പുറത്തുനിന്നു ഇറക്കുമതി ചെയ്യേണ്ട ഒന്നല്ല ലക്‌ഷ്യം.

ആത്മഹത്യ ചെയ്യാൻ പോകുന്ന ആളെ എന്ത് പറഞ്ഞു പിന്തിരിപ്പിക്കും?

ഒരാൾ വേറെ കടമോ, പ്രണയ നൈരാശ്യമോ ഒന്നുമല്ല ചുമ്മാ ബോറടിച്ചു ആത്മഹത്യ ചെയ്യാൻ പോകുന്നു. നിങ്ങൾക്ക് അയാളെ പറഞ്ഞു പിന്തിരിപ്പിക്കാൻ ഒരു അവസരം ഉണ്ട്. അയാളെ എന്ത് പറഞ്ഞു പിന്തിരിപ്പിക്കും? പരലോകം ഉണ്ടേ, അവിടെ നിങ്ങളെ തീയിലിട്ട് പൊരിക്കുമെ എന്നും പറഞ്ഞു പിന്തിരിപ്പിക്കാൻ ദൈവം വേണം.

മറുവാദം

കേൾക്കുമ്പോൾ തന്നെ വലിയ കഴമ്പില്ലാത്തത്, ഇത് ഇവിടെ എഴുതേണ്ട എന്ന് വിചാരിച്ചത് ആണ്. മുകളിൽ പറഞ്ഞ ലക്ഷ്യവാദം പോലെ. എന്നാലും പറഞ്ഞേക്കാം. അവർക്ക് ഈ ലോകത്തിനു ആവശ്യമുള്ള കഴിവുകൾ ഉണ്ടാകും. ഒരു കഴിവും ഇല്ലാത്തവർ ഉണ്ടാകാൻ സാധ്യതയില്ല. അത് പറഞ്ഞു മനസിലാക്കാം.

നിങ്ങൾ ശാസ്ത്രം വിശ്വസിക്കുന്നു ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു

നിങ്ങൾ ശാസ്ത്രത്തിൽ വിശ്വസിക്കുന്നപോലെയാണ് ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നത്. അതിൽ തെറ്റില്ല. ശാസ്ത്രം ഉള്ള പോലെ തന്നെ ദൈവം ഉണ്ട്.

മറുവാദം

ശാസ്ത്രം എന്നത് മുൻപേ പറഞ്ഞപോലെ അറിയാനുള്ള രീതിയാണ്. അല്ലാതെ ചോദ്യം ചെയ്യാൻ പാടില്ലാത്ത പ്രവാചന്മാർ ഉള്ള വിശ്വാസമല്ല. ആ രീതി വെച്ച് കണ്ടു പിടിച്ച ഒരു കാര്യം അത് വെച്ച് തന്നെ തെറ്റാണെന്നു തെളിയിക്കാം. ഇന്നത്തെ അറിവ് വെച്ച് പൈയുടെ വാല്യൂ 3.14... എന്നത് വിശ്വാസമല്ല, വസ്തുതയാണ്.

ദൈവം ഒരു ആശ്വാസമാണ്

ആശ്വാസം കിട്ടുന്നുണ്ട് എങ്കിൽ കിട്ടട്ടെ. എന്തിനാണ് അവരെ തടുക്കുന്നത്. അതുപോലെ മാനസികമായി അത്ര ശക്തരല്ലാത്തവർക്ക് ആപത്തു കാലത്തു, അല്ലെങ്കിൽ നീതി നിഷേധിക്കപ്പെടുമ്പോൾ ദൈവത്തെ  വിളിക്കുന്നത് നല്ലതല്ലേ.

മറുവാദം

ആ ആശ്വാസം ശരിയായ ആശ്വാസമല്ല. ഒരു കാൻസർ വന്നു. ദൈവത്തോട് പ്രാർത്ഥിച്ചു ഒരാശ്വാസം കിട്ടി. ചികിത്സാ തേടിയില്ല. കാൻസർ മൂർച്ഛിച്ചു മരിച്ചു. അതുപോലെ കുട്ടിക്ക് അസുഖം വന്നു. ചികിത്സ കൊടുത്തില്ല. കുട്ടി മരിച്ചു. കടം കയറി, പ്രാർത്ഥിച്ചു ആശ്വാസം കിട്ടി. കുറച്ചു കഴിഞ്ഞു വീട് ജപ്തിയായി.

ഇങ്ങനെ ഒരാശ്വാസത്തിന് പ്രാർത്ഥിക്കാതെ ചികിത്സ കൊടുത്താൽ, സ്വന്തമായി കടം തീർക്കാൻ പ്രയത്നിച്ചാൽ ചിലപ്പോൾ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടേനേ. ഒരു സമൂഹത്തിൽ മൊത്തം ആളുകൾ ഇങ്ങനെ അയാൾ ആ സമൂഹം നിലനിൽക്കില്ല.

മാനസികമായി അത്ര ശക്തരല്ലാത്ത, നീതി ലഭിക്കാതെ ആളുകൾ വേണമെങ്കിൽ വിളിച്ചോട്ടെ. അത് വേറെ ആളുകളെ ബാധിക്കുന്നില്ല എങ്കിൽ. പക്ഷേ അവരുടെ പ്രശ്നം അതുകൊണ്ട് പരിഹരിക്കപ്പെടുന്നില്ല. നല്ലത് മാനസികമായി കുറച്ചുകൂടെ ശക്തരാകുകയും അതുപോലെ നീതിക്ക് വേണ്ടി പ്രവർത്തിക്കുകയും ആണ് വേണ്ടത്. പണ്ട് കാലത്തു അടിച്ചമർത്തപ്പെട്ട ജാതികളും, സ്ത്രീകളും, അടിമകളും എല്ലാം ദൈവത്തിൽ അർപ്പിച്ചിരുന്നു എങ്കിൽ അവർ ഇപ്പോഴും അതെ നിലയിൽ തുടർന്നെന്നെ. 

ബ്രഹ്മം / കോൺഷ്യസ്നെസ്സ് 

അഹം ബ്രഹ്മാസ്മി, അത് ഞാൻ തന്നെയാണ്, പ്രപഞ്ചത്തിനു കോൺഷ്യസ് ഉണ്ട്. അത് നമ്മുടെ ഉള്ളിലും ഉണ്ട്. അല്ലെങ്കിൽ അതിൻ്റെ ചെറിയ ഭാഗം നമുക്കുണ്ട്. അതും ഇതും ആശയവിനിമയം നടത്തുന്നു. അതിൽ അലിഞ്ഞു ചേരാൻ പറ്റും. പിന്നെ ക്വാണ്ടം കോൺഷ്യസ്നെസ്സ്. പഴയ ബ്രഹ്മം ഇപ്പോഴത്തെ കോൺഷ്യസ്നെസ്സ് ആണ് ദൈവം. 

മറുവാദം

ആരൊക്കെയോ അത് പഠിച്ചവർ അതിനു മറുപടി പറയുന്നുണ്ടായിരുന്നു. നമ്മുടെ ഉള്ളിൽ ഉള്ള ബ്രഹ്മം എങ്ങിനെയാണ് പ്രപഞ്ച ബ്രഹ്മമായി വാർത്താവിനിമയം നടത്തുന്നു എന്ന് എങ്ങിനെ സയന്റിഫിക് ആയി തെളിയിക്കാം എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. എനിക്ക് അടക്കം ഭൂരിഭാഗം പേർക്കും, ബ്രഹ്മം ഒരു നല്ല വാദമായി തോന്നിയില്ല. ഈ ബ്രഹ്മം എന്നത് പിതാവും, പുത്രനും, പരിശുദ്ധ ആത്മാവും പോലെ മനസിലായില്ല എന്നതാവും കൂടുതൽ ശരി. പൊളിച്ചു അടുക്കുന്നത് അറിയാൻ താഴെ കൊടുത്ത ലിങ്കുകൾ നോക്കാം.

ഇതുപോലെ തന്നെ വിശദീകരിക്കുന്ന വീഡിയോകളും ധാരാളം ഉണ്ട്. പൊളിച്ചു അടുക്കുന്നത് കുറവായതു കൊണ്ടാണ് ലിങ്ക് ഇട്ടത്.

ഞാൻ ഒന്നും കാര്യമാക്കുന്നില്ല

ഉണ്ടെങ്കിലെന്ത് ഇല്ലെങ്കിൽ എന്ത് ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. ഞാൻ എൻ്റെ കാര്യം നോക്കി ജീവിക്കുന്നു.

മറുവാദം

ഇവിടെ ദൈവം ഉണ്ടെന്നു അവർ വാദിക്കുന്നില്ല. ഇങ്ങനെ 'ഐ ഡോണ്ട് കെയർ' എന്നും പറഞ്ഞു നല്ല രീതിയിൽ ശാസ്ത്ര ബോധം ഉള്ള സമൂഹത്തിൽ കുറച്ചു പേരാണ് ജീവിക്കുന്നത് എങ്കിൽ കുഴപ്പമില്ല. പക്ഷെ കേശവമാമ്മൻമാര് അരങ്ങു തകർക്കുന്ന സമൂഹത്തിൽ ആളുകൾ ഇടപെടുന്നില്ല എങ്കിൽ എൻ്റെ വീട്ടിൽ ഞാൻ കട്ടപ്പുക കണ്ടപോലെ ഓരോന്ന് കാണേണ്ടി വരും. മൊത്തത്തിൽ സമൂഹത്തെ പിന്നോട്ട് അടിക്കും.

നമ്മൾ ദൈവത്തിന്റെ ഒരു സിമുലേഷനിൽ ആണ്

ഇത് ക്ലബ് ഹൌസിൽ വന്ന വാദമല്ല. എൻ്റെ വീട്ടിലെ വാദത്തിൽ നിന്നും ഇറക്കിയത് ആണ്. നമ്മൾ കമ്പ്യൂട്ടർ ഉപയോഗിച്ച് മനുഷ്യന്റെ പോലെയുള്ള കൃതിമബുദ്ധി (AGI - ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്) ഉണ്ടാക്കി എന്ന് വെക്കുക. അതിനെ കമ്പ്യൂട്ടറിൽ റൺ ചെയ്യാൻ വിട്ടിട്ട് നമ്മൾ പുറത്തു നിന്നും നോക്കിയിരിക്കുകയാണ്. അതിൻ്റെ സാഹചര്യത്തിൽ നമ്മൾ പൂർണമായ കാര്യങ്ങളും, അപൂർണമായ കാര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിനോട് എന്ത് ചെയ്യണം, എങ്ങിനെ ജീവിക്കണം എന്ന് നമ്മൾ പ്രോഗ്രാമിൽ പറഞ്ഞിട്ടുണ്ട്. എന്നിട്ട് അതിനു നമ്മളെ മനസിലാക്കാൻ പറ്റാത്ത വിധത്തിൽ നമ്മൾ മറഞ്ഞിരിക്കുന്നു. പക്ഷെ നമ്മൾ അതിനു വൈദ്യുതി കൊടുക്കുന്നുണ്ട്. നമ്മൾ പറഞ്ഞപോലെ ചെയ്തില്ലെങ്കിൽ അതിൻ്റെ വൈദ്യുതി ഓഫാക്കും എന്നും, അത് കഴിഞു അതിനെ തീയിൽ ഇട്ടു പൊരിക്കും എന്നും പറഞ്ഞിട്ടുണ്ട്. 

അതുപോലെ ആയിക്കൂടെ നമ്മളോട് ദൈവം പെരുമാറുന്നത് ?

മറുവാദം

ഇതിനു മറുവാദം വായനക്കാർക്ക് വിടുന്നു. എന്തെങ്കിലും ഉണ്ടെങ്കിൽ കമന്റ് ഇടാം. എൻ്റെ വാദം ഞാൻ പിന്നീട്  ഇടുന്നതായിരിക്കും.

2019 ജനുവരി 19, ശനിയാഴ്‌ച

മാമ്മോദീസ - ഇടയിലെ ലേഖനം

ആട്ടിടയന്മാർ മാമോദീസയെക്കുറിച്ചു ഇറക്കുന്ന ഇടയലേഖനം അല്ല ഇത്. രണ്ടാമത്തെ സന്താനത്തിന്റെ ജനനത്തിനും ആശാനെ മാമ്മോദീസ മുക്കുന്നതിനും ഇടയിൽ ഞാൻ എഴുതുന്ന ഒരു ലേഖനം ആണ് ഈ ഇടയിലെ ലേഖനം.

ഇടയൻ എന്നത് യേശു അറിഞ്ഞു ഉപയോഗിച്ച വാക്കാണ് എന്നാണ് തോന്നുന്നത്. കാരണം ഇടയൻ എന്തൊക്കെ നല്ല ആൾ ആണെങ്കിലും അയാളുടെ ലക്ഷ്യം ആടുകളുടെ ക്ഷേമം അല്ല, സ്വന്തം ക്ഷേമം ആണ്. അയാൾക്ക് ആടുകളുടെ പാൽ വേണം, ചെമ്മരിയാട് ആണെങ്കിൽ രോമം എടുത്തു വസ്‌ത്രം ഉണ്ടാക്കണം, ഭക്ഷണം വേണം. അല്ലാതെ ആടുകളെ അനാഥശാലയിലെയോ, വൃദ്ധസദനത്തിലെപോലെയോ ചുമ്മാ അങ്ങ് സംരക്ഷിക്കുകയല്ല. 'കാണാതെയാകുന്ന ആടിനെ ചെന്നായയിൽ നിന്ന് രക്ഷിച്ചു കൊണ്ട് വരുന്നത് എന്തിനാണ്' എന്നാണ് അരിഭക്ഷണം കഴിക്കുന്ന എല്ലാവര്ക്കും അറിയാലോ.

മാമ്മോദീസയിലേക്ക് തിരിച്ചു വരാം. ഒരുപക്ഷെ കുറച്ചുകൂടി കൊല്ലങ്ങൾ മുൻപോ, കഴിഞ്ഞോ ആയിരുന്നു ജനനം എങ്കിൽ ഇങ്ങനെ ഒരു ലേഖനം ഉണ്ടാകുമായിരുന്നില്ല എന്ന് തോന്നുന്നു.കാരണം  മുൻപ് ആയിരുന്നു എങ്കിൽ മാമ്മോദീസ വേണം  എന്നും, കഴിഞ്ഞു ആണെങ്കിൽ മാമ്മോദീസ വേണ്ട എന്ന ഒരു അഭിപ്രായത്തിൽ എത്തിയേനെ. ആദ്യത്തെ സന്താനത്തെ മെത്രാനെകൊണ്ട്  അല്ലെങ്കിലും പള്ളിയിൽ വച്ച് മുക്കിയിട്ടുണ്ട്.

പക്ഷേ ഇപ്പോൾ ഒരു മാറ്റത്തിനു ഇടയിൽ ആയതുകൊണ്ട് ഉള്ളിൽ ഒരു വടം വലി നടക്കുന്നു. നടക്കുന്ന വടം വലിയിലെ രണ്ടു ഭാഗങ്ങൾ ആണ് കൊടുത്തിരിക്കുന്നത്.

മാമ്മോദീസ മുക്കണം


മാമ്മോദീസ എന്താണ്. അത് വേണം എന്ന് പറയുന്ന വാദങ്ങൾ ഒക്കെയാണ് ഈ ഭാഗത്തിൽ

എന്താണ് മാമ്മോദീസ?


കത്തോലിക്കാ സഭ എന്ന് പറയുന്ന കോർപ്പറേറ്റ് പല സമയത്തു വ്യത്യാസപ്പെടുത്തിയിട്ടുണ്ടെങ്കിലും മാമ്മോദീസായെപ്പറ്റി  പഠിപ്പിക്കുന്നതിന്റെ സാരാംശം ഏറെക്കുറെ ആദിപാപം മാറ്റാനാണ് മാമ്മോദീസ എന്നതാണ്.രണ്ടാമത് വരുന്നത് ആണ് സഭയിലേക്ക്  ഔദ്യോഗികമായി ആളെ ചേർക്കുന്ന പരിപാടി എന്ന മാമ്മോദീസ ചടങ്ങ്.

കൂദാശ എന്നൊക്കെ പറയും എങ്കിലും സംഗതി പ്രാർത്ഥനയും, പാട്ടും, വിരുന്നു സൽക്കാരവും ഒക്കെയുള്ള ഒരു മത ചടങ്ങാണ്.  കൈയ്യിൽ പൈസ ഇല്ലാത്തവൻ  ആണെങ്കിൽ അവനു അടിസ്ഥാനപരമായ ഒരു ചടങ്ങ് ആയി മാമ്മോദീസ നടത്തിക്കിട്ടും. വിവാഹം ആണെങ്കിൽ മുൻപ് പള്ളിയിലേക്ക് കൊടുക്കാൻ എന്തെങ്കിലും പൈസ ബാക്കി ഉണ്ടെങ്കിൽ അതൊക്കെ കൊടുക്കേണ്ടി വരും. കോളേജിൽ പഠിക്കുമ്പോൾ ഹാൾ ടിക്കറ്റ് കിട്ടാൻ നമ്മൾ ലാബിലും, സമരം ചെയ്തപ്പോഴും ഒക്കെ ഉണ്ടാക്കിയ നഷ്ടവും, അതുപോലെ കൊടുക്കാനുള്ള ഫീസും ബാക്കി കുടിശ്ശികകളും കൊടുക്കണം എന്ന് പറയുന്നപോലെ. എൻ്റെ കല്യാണത്തിന്  ഞാൻ അച്ചനോട് എറണാകുളത്തു കമ്പ്യൂട്ടറിന്റെ പരിപാടി ആണെന്ന് പറഞ്ഞതുകൊണ്ട് വലിയ തട്ടുകേടില്ലാതെ ചെറിയ ഒരു സംഭാവന കൊടുത്തു രക്ഷപ്പെട്ട്. അച്ചൻ വിചാരിച്ചു എന്തോ കമ്പ്യൂട്ടർ ബ്രൗസിംഗ് സെന്റർ പോലെത്ത വലിയ പൈസ തടയാത്ത പരിപാടി ആണെന്ന്. സോഫ്റ്റ്‌വെയർ എന്നങ്ങാനും പറഞ്ഞിരുന്നെങ്കിൽ ആലോചിക്കാനേ വയ്യ. മാമ്മോദീസക്ക് പക്ഷെ അങ്ങനെ ഇല്ല എന്ന് തോന്നുന്നു.

ചടങ്ങ് സിമ്പിൾ ആണ്. വരുന്നവർ എല്ലാവരും പള്ളിക്ക് പുറത്തു നിൽക്കുന്നു വിത്ത് തലതൊട്ടപ്പൻ ആൻഡ് തലതൊട്ടമ്മ. ബിയോളോജിക്കൽ മാതാപിതാക്കന്മാരോടൊപ്പം ഒരു ജോഡിയെക്കൂടി കൊച്ചിന് നൽകുന്ന പരിപാടിയാണ് ഇത്. കൊച്ചു വലുതാകുമ്പോൾ സ്വന്തമായി ചിന്തിക്കാൻ തുടങ്ങി അപ്പനും അമ്മയ്ക്കും രക്ഷയില്ലാതെ വരുമ്പോൾ ഈ തലതൊട്ട ജോഡിക്കും കൊച്ചിനെ വിശ്വാസത്തിൽ ഉറപ്പിക്കാൻ ബാധ്യതയുണ്ട്. അതുപോലെ എട്ടും പൊട്ടും തിരിയാത്ത ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ കൊച്ചിന് വേണ്ടി സഭ പറയുന്ന Terms & Conditions സമ്മതിക്കുന്നത് ഈ എക്സ്ട്രാ ജോഡികൾ ആണ്.

ഈ പുറത്തു നിൽക്കുന്നവരെ അച്ചൻ വാതിലിനു അടുത്തേക്ക് വന്നു കുറച്ചു പ്രാർത്ഥനകൾക്ക് ശേഷം അകത്തു പ്രവേശിപ്പിക്കുന്നു. പിന്നെ വീണ്ടും കുറച്ചു പ്രാർത്ഥനകൾ അതിനു ശേഷം കൊച്ചിന്റെ തലയിൽ കൂടി വെള്ളം ഒഴിക്കുന്നു.

പണ്ട് വെള്ളം ഒഴിക്കൽ അല്ലായിരുന്നു. വെള്ളത്തിൽ മുക്കൽ തന്നെയായിരുന്നു. കാരണം ബൈബിളും നോക്കിയാൽ കർത്താവും ഒക്കെ മുങ്ങുകയായിരുന്നു. ചുമ്മാ കുറച്ചു വെള്ളം ഒഴിക്കുകയായിരുന്നില്ല. ഇപ്പോഴും ചില സഭകൾ അങ്ങനെ പിന്തുടരുന്നുണ്ട്.

ഇനി കൈയ്യിൽ അധികം പൈസ നീക്കിയിരിപ്പുണ്ടെങ്കിൽ മെത്രാനെ വിളിക്കാം. എൻ്റെ കല്യാണ സമയത്തു എൻ്റെ മാസശമ്പളത്തിന്റെ അഞ്ചിലൊന്ന് ഉണ്ടായിരുന്നെങ്കിൽ ഒരാളെ കിട്ടിയേനെ. ഇനി പറഞ്ഞിട്ട് കാര്യമില്ല. അതുപോലെ മാമ്മോദീസക്ക് കുർബാന ചൊല്ലാം. അടിസ്ഥാനപരമായ മാമ്മോദീസക്ക് കുർബാന വേണ്ട. പക്ഷെ പൈസ ഉണ്ടെങ്കിൽ ഒരെണ്ണം വെക്കാം. കുറച്ചു കൂടി പൈസ മുടക്കിയാൽ അത്  പാട്ട് കുർബാനയാക്കാം. പിന്നെയും വേണമെങ്കിൽ അത് ആഘോഷപരമായ പാട്ടുകുർബാനയാക്കാം. ഫുൾ ലൈറ്റ് ഇടണമെങ്കിൽ കുറച്ചുകൂടി ചിലവ് കൂടും .

പള്ളിയിലെ പരിപാടികൾക്ക് ശേഷം വീട്ടിൽ വന്നോ അല്ലെങ്കിൽ ഒരു ഹാൾ വാടകക്ക് എടുത്തോ ആർമാദിക്കാം. ഫുഡ്, അതിനൊത്തു വെള്ളം കളി, പിന്നെ ഗാനമേള, വേണമെങ്കിൽ കാബറെ അങ്ങനെ എന്ത് വേണമെങ്കിലും ആകാം. പള്ളിയിലെ പരിപാടി കഴിഞ്ഞാൽ പിന്നെ എന്തൊക്കെ ചെയ്യണം അല്ലെങ്കിൽ ചെയ്യണ്ട എന്ന് സഭക്ക് വലിയ പിടിവാശി ഒന്നുമില്ല. അതൊക്കെ ഓരോ നാട്ടിലെ ചടങ്ങുകൾ ആണ്.

ഇനി മാമ്മോദീസ നടത്തണം എന്ന് വാദിക്കാനുള്ള കാരണങ്ങൾ നോക്കാം.

ആദിപാപം മാറ്റാൻ മാമ്മോദീസ


എന്താണ് ആദിപാപം? സംഗതി സിംപിളും പവർഫുള്ളും ആണ്. ബൈബിൾ അനുസരിച്ചു ദൈവം നേരിട്ട് ആദ്യമായി പൂഴിയിൽ നിന്നും ഉണ്ടാക്കിയ ആദവും ഹവ്വയും ദൈവം തിന്നരുത് എന്ന് പറഞ്ഞിരുന്ന ഒരു പഴം സർപ്പത്തിന്റെ പ്രേരണയാൽ ഭക്ഷിച്ചു. അതുകൊണ്ട് കോപാക്രാന്തനായ ദൈവം അവരെ മാത്രമല്ല അവർക്ക് ഇനി ഉണ്ടാകാൻ പോകുന്ന എല്ലാ കുട്ടികളെയും ശിക്ഷിച്ചു. ജനിക്കുന്ന കുട്ടികൾ പോലും ഈ പഴം തിന്ന പാപം ഉള്ളവരാണ് എന്നും അത് മാറാൻ മാമ്മോദീസ മുക്കണം എന്നുമാണ് സഭയുടെ പഠിപ്പിക്കൽ. 

പറയുമ്പോൾ സിമ്പിൾ ആണെങ്കിലും ഓരോന്നും ചിന്തിക്കാൻ തുടങ്ങിയാൽ കുറച്ചധികം ഉണ്ട്.


ബൈബിൾ


ബൈബിൾ പലതുണ്ട്. ദൈവം നേരിട്ട് പാപ്പിറസ് ഇലയിൽ പ്രിന്റ് ചെയ്തു ഇറക്കിയ ഒരു പുസ്തകം അല്ല ബൈബിൾ. കുറച്ചു ആളുകൾ വട്ടം കൂടിയിരുന്നു അന്ന് കാലത്തു ലഭ്യം ആയിരുന്ന കുറച്ചു പുസ്തകങ്ങൾ ചേർത്ത് ഒരു വലിയ പുസ്തകം ഉണ്ടാക്കി അതിനെ ബൈബിൾ എന്ന് വിളിക്കുന്നു അത്ര മാത്രം. ബൈബിളിൽ ഉള്ള ഓരോ പുസ്തകങ്ങളും വേറെ വേറെ ആളുകൾ എഴുതിയതാണ്. ചില ലേഖനങ്ങൾ വേണമെങ്കിൽ നേരിട്ട് എഴുതിയിട്ടുണ്ടാകാം. പുസ്തകങ്ങൾ തിരഞ്ഞെടുത്തവർ അവരുടെ ആശയങ്ങൾക്ക് ചേരുന്ന പുസ്തകങ്ങൾ മാത്രം എടുത്തു അല്ലാത്തത് കളഞ്ഞു അതുപോലെ ചിലത് നശിപ്പിച്ചിട്ടുണ്ടാകും.

പണ്ട് കാലത്ത് എഴുത്തും വായനയും എല്ലാവർക്കും അറിയാൻ സാധ്യതയില്ല. വാമൊഴി ആയിട്ടായിരുന്നു കുറെ കാര്യങ്ങൾ പ്രചരിച്ചിരുന്നത്. എഴുതുന്നവർ ഏതൊക്കെയോ കാലത്തു കേട്ടറിവുകൾ വച്ച് എഴുതിയത് ആയിരിക്കാം ഈ തിരെഞ്ഞെടുത്ത പുസ്തകങ്ങൾ. ഇങ്ങനെ വേറെ വേറെ ആളുകൾ എഴുതിയത് കൊണ്ട് ആയിരിക്കാം ബൈബിളിൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞിരിക്കുന്നത്. ചുമ്മാ ഗൂഗിൾ ചെയ്താൽ ലിസ്റ്റ് തന്നെ കിട്ടും.

പിന്നെ വന്നുകൂടാൻ സാധ്യതയുള്ള തെറ്റുകൾ പ്രശ്‍നങ്ങൾ ആണ് വിവർത്തനത്തിന്റെ ശുദ്ധത. പല വാക്കുകളും വിവർത്തനം ചെയ്യുമ്പോൾ അർത്ഥം മാറിപ്പോകാം. ഒരു ഭാഷയിൽ നിന്നും വിവർത്തനം ചെയ്തു വേറെ ഭാഷയിൽ എത്തി അവിടെ നിന്ന് വീണ്ടും വിവർത്തനം ചെയ്യുമ്പോൾ പിന്നെയുപ്രശ്നങ്ങൾ ഉണ്ടാകാം. അതുപോലെ ഒരു കാലഘട്ടത്തിൽ ഒരു വാക്കിന് ഉണ്ടായിരുന്ന അർഥം ആയിരിക്കില്ല വേറെ കാലത്തിൽ. 

ഓരോ സഭകളും അവരുടേതായ ബൈബിൾ ആണ് പിന്തുടരുന്നത്. ഇവിടെ ഞാൻ കത്തോലിക്കാ സഭ , കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാൽ റോമൻ കത്തോലിക്ക സീറോ മലബാർ വിഭാഗത്തിൽ പെടുന്നതുകൊണ്ട് POC ബൈബിൾ ആണ് പിന്തുടരുന്നത്. അതിന്റെ മലയാളത്തിൽ ഉള്ള  ഓൺലൈൻ എഡിഷൻ ലിങ്ക് ആണ് താഴെ കൊടുത്തിരിക്കുന്നത്.


പ്രത്യേകിച്ച് വലിയ കെട്ടുറപ്പില്ലാത്ത ഒരു ബൈബിൾ എന്ന പുസ്തകത്തിനെ വച്ചാണ് ഇനി പറയുന്ന കാര്യങ്ങൾ. അതുകൊണ്ട് ബൈബിൾ എന്താണെന്ന് പറഞ്ഞെന്നു മാത്രം.

ഏദൻതോട്ടത്തിലെ പഴം


മുകൾ പറഞ്ഞ ബൈബിൾ അനുസരിച്ചു ദൈവം ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവൻ്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തിട്ടാണ് ജീവനുള്ള മനുഷ്യനെ ഉണ്ടാക്കിയത്. പൂഴി എന്ന് നമ്മൾ ഇപ്പോൾ മനസിലാക്കുന്നത് വെള്ളത്തിന്റെഅ അംശം ഇല്ലാത്ത തരിയായിട്ടുള്ള മണൽ ആണ്. എങ്ങനെ തരി മണൽ ഉപയോഗിച്ച് ഒരു രൂപം ഉണ്ടാക്കും എന്നൊന്നും ചോദ്യം ഇല്ല. മറ്റു ചില പുസ്തകങ്ങളിൽ കളിമണ്ണ് കൊണ്ട് ഉണ്ടാക്കി എന്ന് പറയുന്നു. അത് എഴുതിയത് ബൈബിൾ എഴുതിക്കഴിഞ്ഞു കുറച്ചുകൂടി മനുഷ്യന് ചിന്താശേഷി വന്നതിനു ശേഷം ആയിരിക്കാം. അല്ലെങ്കിൽ വിവർത്തനം ചെയ്തപ്പോൾ കളിമണ്ണ് പൂഴി ആയതു ആയിരിക്കാം. എന്തായാലും മനുഷ്യനെ ഉണ്ടാക്കി ഏദന്തോട്ടത്തിൽ മേയാൻ വിട്ടു. ഏദൻ തോട്ടം എന്ന് പറയുന്നത് ദൈവം പ്രത്യേകം ആയിട്ട് മനുഷ്യന് വേണ്ടി ഉണ്ടാക്കിയ ഒരു കിടിലൻ സെറ്റപ്പ് ആണ്. തോട്ടം നനക്കാൻ ഒരു ഓട്ടോമാറ്റിക് സംവിധാനം വരെ ഉണ്ടാക്കി 4 കൈ വഴികൾ ആയി പിരിയുന്ന ഒരു നദി. നമ്മൾ കാഴ്ച ബംഗ്ലാവ് ഉണ്ടാക്കി മൃഗങ്ങളെ ഇടുന്നതു പോലെ ഒരു സെറ്റപ്പ്.

ഉണ്ടാക്കിയ കൂട്ടത്തിൽ തോട്ടത്തിനു നടുവിൽ രണ്ടു പ്രത്യേക മരങ്ങളും കൂടി അങ്ങേരു പിടിപ്പിച്ചു. ജീവന്റെ വൃക്ഷവും, നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷവും. അതിൻ്റെ ശാസ്ത്രീയ നാമം ഒന്നും ചോദിക്കരുത്. അതുപോലെ അത് എന്താണെന്നും. ചുരുക്കി പറഞ്ഞാൽ അധികം ചിന്തിക്കണ്ട. മനുഷ്യനെ തോട്ടത്തിൽ മേയാൻ വിട്ടപ്പോൾ ഒരു കല്പന കൊടുത്തു. ഈ രണ്ടു മരങ്ങളിൽ നന്മ തിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തിലെ പഴം ഭക്ഷിക്കരുത്. തിന്നുന്ന ദിവസം നീ മരിക്കും. നമ്മൾ കൊച്ചുങ്ങളോട് പഞ്ചസാര തിന്നാൽ വയറ്റിൽ പുഴു വന്നു നീ മരിക്കും എന്ന് പറയുന്നപോലെ ഒരു കല്പന.

ഈ പറഞ്ഞത് ഒക്കെ താഴെ കൊടുത്തിരിക്കുന്ന ബൈബിൾ ലിങ്കിൽ പോയാൽ കാണാം.

ഇപ്പോൾ ചെറിയ സംശയങ്ങൾ തോന്നാം. ബൈബിൾ നൽകിയ മരത്തിന്റെ  പേര് ആയ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷം എന്ന് വച്ച് നോക്കിയാൽ അതിൻ്റെ ഒരു പഴം തിന്നുന്നത് നല്ലതല്ലേ എന്ന് തോന്നാം? മനുഷ്യൻമാർക്ക് സംഗതി തിരിച്ചറിയാൻ പറ്റേണ്ട? പിന്നെ പുള്ളി എന്തിനാണ് അത് തിന്നരുത്‌ എന്ന് പറഞ്ഞത്?

 ഈ ജീവന്റെ വൃക്ഷത്തിൽ നിന്നും പഴം തിന്നാൽ കുഴപ്പമില്ലേ? അതിനെപ്പറ്റി പുള്ളി ഒന്നും പറഞ്ഞില്ലല്ലോ? അത് വഴിയേ കാണാം.


സർപ്പം / സാത്താൻ


ഈ സാത്താൻ ആരാണെന്നു പ്രത്യേകിച്ച് ഇൻട്രോ ഒന്നും ബൈബിൾ കൊടുക്കുന്നില്ല. സർപ്പം എന്ന് ആണ് ബൈബിൾ ഉപയോഗിച്ചിരിക്കുന്നത്. പുള്ളിയുടെ ഇൻട്രോ ആണ് "ദൈവമായ കർത്താവു സൃഷ്ടിച്ച എല്ലാ വന്യജീവികളും വച്ച് കൗശലമേറിയതായിരുന്നു സർപ്പം" എന്നത് . കൗശലം എന്ന് വച്ചാൽ ചിന്ത. ചിന്തിക്കാതെ എന്ത് കൗശലം. ഇനിയിപ്പോൾ വിവർത്തനത്തിൽ മാറിപ്പോയതാണോ എന്തോ?അന്ന് പ്രേരണകുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആളാണ് സർപ്പം. മണ്ണിൽ ഇഴയുമെന്നും, പൊടി തിന്നുമെന്നും, സ്ത്രീയുടെ സന്തതി തല തകർക്കുമെന്നും ദൈവം ശിക്ഷ കൊടുക്കുന്നു.

ബൈബിളിനു സർപ്പം എന്ന് വ്യക്തമായ തെളിവ് നല്കാൻ സാധിച്ചിട്ടും, ബൈബിൾ അവതരിപ്പിക്കുന്ന ദൈവം വ്യക്തമായി സർപ്പത്തിന് ശിക്ഷ കൊടുത്തിട്ടും, പക്ഷെ ഇപ്പോൾ സർപ്പം സാത്താൻ ആണെന്നും അല്ല സാത്താൻ സർപ്പത്തിന്റെ രൂപത്തിൽ വന്നെന്നും കഥകൾ ഉണ്ട്. ദൈവത്തിനു സർപ്പം സാത്താൻ ആണെന്നു അറിയാമേങ്കിൽ സാത്താനല്ലേ ശിക്ഷ കൊടുക്കേണ്ടത്? ഈ പാവം പാമ്പ് എന്ത് പിഴച്ചു? ബൈബിൾ സാത്താനെപ്പറ്റി വേറെ സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്. സാത്താൻ അവിടെയൊക്കെ അടിച്ചു പൊളിച്ചു നടക്കുകയാണ്. ശിക്ഷ കിട്ടിയതിന്റെ പൊടിപോലും ഇല്ല. 


കുറ്റം


സർപ്പം സ്ത്രീയോട് പറയുന്നു പഴം ഭക്ഷിച്ചാൽ നിങ്ങൾ മരിക്കുകയില്ല അത് തിന്നുന്ന ദിവസം നിങ്ങൾ ദൈവത്തെപോലെയാകും എന്ന് ദൈവത്തിനു അറിയാം. ചുരുക്കി പറഞ്ഞാൽ ദൈവം ഒരു കാട്ടിൽ ഒരു സിംഹം മതി എന്ന കാടൻ ടെക്‌നിക് ആണ് പ്രയോഗിക്കാൻ നോക്കിയത്. ഹവ്വ അത് പോളിച്ചു കൈയിൽ കൊടുത്തു. രണ്ടാളും തിന്നു.

ശരിക്കും ദൈവം പറഞ്ഞപോലെ ആയിരുന്നെകിൽ മനുഷ്യൻ അപ്പോൾ തന്നെ പടം ആയേനെ. ഇപ്പോൾ നമ്മൾ ദിനോസറുകളെ പറ്റി പഠിക്കുന്നപോലെ ദൈവം പിന്നെ ഉണ്ടാക്കാമായിരുന്ന വേറെ ഏതെങ്കിലും ജീവി വർഗം നമ്മളെപ്പറ്റി പഠിച്ചേനെ. പക്ഷെ അത് ഉണ്ടായില്ല. 

സർപ്പം പറഞ്ഞപോലെ അവർ മരിച്ചില്ല. അവരുടെ കണ്ണുകൾ തുറന്നു. അവർക്ക് അവർ നഗ്നർ ആണെന്ന് മനസിലായി. അത്തിഇല കൂട്ടിത്തുന്നി അവർ അരക്കച്ച ഉണ്ടാക്കി. ചുരുക്കി പറഞ്ഞാൽ നഗ്നത മറക്കുന്നതിലൂടെ  നാഗരികത അല്ലെങ്കിൽ സംസ്ക്കാരം എന്ന് പറയുന്ന സംഗതിയും വസ്ത്രം തുന്നി ഉണ്ടാക്കിയതിലൂടെ ടെക്നോളജിയും പിറന്നു എന്ന് പറയാം. 

ഗുരു എന്ന മലയാളം സിനിമയോട് എന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം.


ശിക്ഷ


വെയിലാറിയപ്പോൾ ദൈവം ഉലാത്താൻ വന്നപ്പോഴാണ് മനസിലായത് ഇവന്മാർ സ്വന്തമായി നഗ്നൻ ആണെന്ന് മനസിലായെന്നും വസ്ത്രം ധരിച്ചെന്നും.

"നീ നഗ്നനാണെന്ന് നിന്നോടാര് പറഞ്ഞു ? നിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷത്തിന്റെ പഴം നീ തിന്നോ?" ഉല്പ 3:11 

എന്നാണ് പുള്ളി ചോദിച്ചത്? മറ്റൊരു വിധത്തിൽ പറഞ്ഞാൽ ദൈവത്തിനു ഇവർ നഗ്നർ ആണെന്ന് അറിയാം പുള്ളി ദിവസവും കാണുന്നുമുണ്ട്. പക്ഷെ പഴം തിന്നു കഴിഞ്ഞപ്പോഴാണ് മനുഷ്യന് നഗ്നൻ ആണെന് മനസ്സിലായതും ഇനി ദൈവം കാണേണ്ട എന്ന് വിചാരിച്ചു മറച്ചതും. ദൈവം ആണല്ലോ മനുഷ്യൻ അല്ലാതെ അവിടെ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിത്വം. മൃഗങ്ങളെ കണക്കാക്കിയില്ലെങ്കിൽ.

അത്യപൂർവ്വത്തിൽ അപൂർവം എന്ന വിഭാഗത്തിൽ പെടുത്തിയില്ലെങ്കിലും ദൈവം അത്യാവശ്യം നല്ല ശിക്ഷ തന്നെ നൽകി. സ്ത്രീയുടെ ഗര്ഭരിഷ്ടതകൾ ഉണ്ടായിരുന്നത് വർദ്ധിപ്പിച്ചു. അവളെ ഭർത്താവിനാൽ ഭരിക്കപ്പെടുന്നവൾ ആക്കി. അവനു റിട്ടയർ ചെയ്യാൻ സാധിക്കാത്തവിധം പണിയെടുക്കാനുള്ള ശിക്ഷ കിട്ടി. അതും പോരാഞ്ഞിട്ട്  ഇനി ഇവന്മാർ തോട്ടത്തിൽ നിന്നാൽ പ്രശനം ആണെന്ന് മനസിലാക്കി അവരെ പുറത്താക്കി. പ്രശ്‌നം എന്താണെന്നു നമുക്ക് അടുത്ത് കാണാം.

പിന്നെ പോകുമ്പോൾ പുള്ളി തോലുകൊണ്ടു ഒരു ഉടയാട ഉണ്ടാക്കി രണ്ടു പേരെയും ധരിപ്പിക്കുന്നുണ്ട്. തങ്കു തങ്കു...എന്ന് നമ്മൾക്ക് പറയാൻ തോന്നുന്ന ഒരു പ്രവൃത്തി. ഇതാണ് മൊത്തത്തിൽ ആദിപാപം. ബൈബിളിൽ പറയാത്തതിൽ കൂടുതൽ അറിയേണ്ടവർക്ക് wiki പേജ് നോക്കാം.


ജീവന്റെ വൃക്ഷം


ഒരു മരം ഇടയ്ക്കു വിട്ടുപോയി. ജീവന്റെ വൃക്ഷം. അത് എന്താണെന്നു പറയുന്നത് ഉല്പത്തി 3:22 ൽ ആണ്. സംഗതി ജാക്ക് പോട്ട് ആയിരുന്നു. അതിന്റെ പഴം കഴിച്ചാൽ അമർത്യൻ ആകാം. മനുഷ്യൻ അത് അന്ന് കഴിച്ചിരുന്നെങ്കിൽ ഇപ്പോൾ വെറുതെ ആശുപത്രികൾ ഒന്നും പണിതു വെറുതെ നമ്മുടെ ശേഷി കളയേണ്ടായിരുന്നു. ദൈവം ആ മരത്തിലേക്കുള്ള വഴി കാക്കാൻ ആണ് കെരൂബുകളെ കാവൽ നിറുത്തിയത്. ദൈവം സർവവ്യാപിയാണ്. മനുഷ്യൻ അത് മോഷ്ടിക്കുമോ എന്ന് ദൈവത്തിനു ആദ്യമേ അറിയില്ലേ?  മോഷ്ടിക്കാൻ തീരുമാനിച്ചു മനുഷ്യൻ ഇറങ്ങിയാൽ പുള്ളിക്ക് നേരിട്ട് വന്നു തടഞ്ഞു കൂടെ എന്നൊന്നും ചോദ്യമില്ല.

ഹിന്ദു പുരാണങ്ങളിൽ കാണുന്ന അമൃത് എന്ന സംഗതിയുമായി ജീവന്റെ വൃക്ഷത്തിലെ പഴത്തിനു മുള്ളിയാൽ തെറിച്ച ബന്ധം തോന്നാം. പക്ഷെ വിട്ടുകളഞ്ഞേക്ക്.


ആദിപാപം തലമുകൾക്ക് കൈമാറുമോ? ഇല്ല 


ആദി പാപം എന്താണെന്നു ബൈബിളിൽ കണ്ടു. അതുപോലെ ശിക്ഷയും. ശിക്ഷ എന്തായാലും കിട്ടി. മണ്ണിൽ പണിയെടുക്കണം, അതുപോലെ സ്ത്രീകൾ ഗർഭാരിഷ്ടതകൾ അനുഭവിക്കണം. ചെയ്യാം. സമ്മതിച്ചു. ഇനി ഇതിൽ പറയാത്ത ജനിക്കുന്ന ഓരോ കുട്ടിക്കും തനിയെ വന്നു ചേരുന്ന എന്തെങ്കിലും പാപമുണ്ടോ എന്നാണ് നോക്കുന്നത്.

ഉല്പത്തി 3:14-24 വരെയാണ് ദൈവം ശിക്ഷ പറയുന്നത്. അവിടെയൊന്നും തലമുറകളിലേക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു പാപം കൈമാറുന്നത് പറഞ്ഞിട്ടില്ല. അതുപോലെ അത് പ്രത്യേകമായി ക്ഷണിക്കണം എന്നും. അല്ലെങ്കിൽ ശിക്ഷ ഉണ്ട് എന്നും. ഇനി ഇങ്ങനെ തലമുറകളിൽ കൂടി പാപം കൈമാറില്ല എന്ന് സമർത്ഥിക്കാൻ ഉപയോഗിക്കാവുന്ന കുറച്ചു ബൈബിൾ വചനങ്ങൾ നോക്കാം.

എസെക്കിയേൽ 18:20 -  പിതാവിന്റെ ദുഷ്ടതകൾക്കുള്ള ശിക്ഷ പുത്രൻ അനുഭവിക്കാത്തതെന്ത് എന്ന് നിങ്ങൾ ചോദിച്ചേക്കാം.പുത്രൻ നിയമാനുസൃതവും ന്യായപ്രകാരവും വർത്തിക്കുകയും എൻ്റെ കല്പനകൾ അനുസരിക്കുന്നതിൽ ശ്രദ്ധ വക്കുകയും ചെയ്താൽ അവൻ തീർച്ചയായും ജീവിക്കും. പാപം ചെയ്യുന്നവൻ മാത്രമായിരിക്കും മരിക്കുക. പുത്രൻ പിതാവിന്റെ തിന്മകൾക്ക് വേണ്ടിയോ പിതാവ് പുത്രന്റെ തിന്മകൾക്കുവേണ്ടിയോ സൂക്ഷിക്കപ്പെടുകയില്ല.


ആദിപാപം തലമുകൾക്ക് കൈമാറുമോ? ഉണ്ട് 


ഇനി സംഗതി കൈമാറും എന്ന് പറയുന്ന വരികളും ബൈബിളിൽ കാണാം 

സങ്കീർത്തനങ്ങൾ 51:5 പാപത്തോടെയാണ് ഞാൻ പിറന്നത്. അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ ഞാൻ പാപിയാണ്.

ഇത് പറയുന്നത് ദാവീദ് രാജാവാണ്. ഉദരത്തിൽ ഇരിക്കുമ്പോഴേ പാപിയാണ് എന്നതുകൊണ്ട് ആദിപാപം ആണ് പുള്ളിഉദ്ദേശിച്ചത് എന്ന് കാണാം. പക്ഷെ പുള്ളി മാമ്മോദീസ മുങ്ങിയിട്ടല്ല പാപം ഇല്ലാതാക്കുന്നത്.

റോമാ 5: 12 - 16  ഒരു മനുഷ്യൻ മൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു.

പൗലോസ് പറയുന്നത് ഏറെക്കുറെ സംഗതി കൈമാറും എന്നാണ്. മാമ്മോദീസ നടത്തിയാൽ അത് മാറും എന്ന് പുള്ളി ഇവിടെ പറയുന്നില്ല. പുള്ളി ആദത്തെ യേശുവിനോടു ഉപമിച്ചു. ആദം ചെയ്ത പാപം യേശു കുരിശു മരണം ചെയ്തത് വഴി ഇല്ലാതായി എന്നാണ്. അങ്ങനെയാണെങ്കിൽ ആദിപാപം ഇപ്പോൾ ഇല്ല.


ആദിപാപവും ബൈബിൾ മാമോദീസകളും


പഴയനിയമത്തിൽ നേരിട്ട് മാമ്മോദീസ എന്ന കർമം കാണുമോ എന്ന് സംശയം ആണ്. വൃത്തിക്ക് വേണ്ടി അതുപോലെ കർമങ്ങൾ ചെയ്യുന്നതിന് മുൻപായി സ്നാനം ചെയ്യുന്ന കാര്യങ്ങൾ കാണാൻ കഴിയും. ലേവ്യ 13-15 

പുതിയനിയമത്തിൽ പഴയ കാര്യങ്ങളെക്കുറിച്ചു പറയുന്ന ഭാഗങ്ങളിൽ സ്നാനം എന്ന് ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി ഈജിപ്തിൽ നിന്നും വന്നവർ മേഘത്തിലും കടലിലും സ്നാനമേറ്റ്, മോശയോട് ചേർന്നു എന്ന് പറയുന്നുണ്ട്.1 കോറി 10 :2 

മേഘം എന്ന് പറയുമ്പോൾ എന്താണ് പുള്ളി ഉദേശിച്ചത്‌ എന്ന് അങ്ങ് മനസിലാകുന്നില്ല. അതിലൂടെ കടന്നു വന്നു എന്നായിരിക്കാം. കർത്താവു മേഘത്തിൽ ഇസ്രായേലുകാരോടൊത്തു ഉണ്ടായി എന്നാണല്ലോ.

പിന്നെ പത്രൊസിന്റെ ഒന്നാമത്തെ ലേഖനം 3:19 ഇൽ പുള്ളി നോഹയുടെ പെട്ടകത്തിൽ ഉണ്ടായിരുന്ന 8 പേർ മാത്രമാണ് ജലത്തിലൂടെ രക്ഷപ്പെട്ടത് എന്ന് പറയുന്നുണ്ട്. അതിനോട് സാദൃശ്യമുള്ള ജ്ഞാനസ്നാനം  ഇപ്പോൾ നിങ്ങളെ രക്ഷിക്കുമെന്നും. നേരിട്ട് നോഹമാമോദീസാ മുങ്ങി എന്ന് പറയാൻ പറ്റില്ല. ചുമ്മാ അതുതാനല്ലയോ ഇത് എന്ന് ഒരു വർണ്യത്തിൽ ഒരാശങ്ക.

പിന്നെ പുതിയ നിയമത്തിൽ വന്നാൽ സ്നാപകയോഹന്നാൻ മരുഭൂമിയിൽ നിന്നും വന്നു ആളുകളെ മുക്കുന്നു. പിന്നെ യേശുവിനെ തന്നെ മുക്കുന്നു.  യേശുവും മാമ്മോദീസായും തമ്മിലുള്ള ബന്ധം അടുത്ത ഭാഗത്തു നോക്കാം. അന്ന്  ആളുകൾക്ക് ആ ആചാരം പുതിയതായി തോന്നുന്നതായി ബൈബിളിൽ കാണാൻ കഴിയില്ല. കാരണം വെള്ളം കൊണ്ട് കഴുകി ശുദ്ധീകരിക്കുക എന്നത് യൂദന്മാർ പണ്ട് മുതലേ ചെയ്യുന്നതാണ്.

ഉത്ഭവപാപം എന്നൊരു പരിപാടി എന്ന് ഉണ്ടായിരുന്നോ എന്ന് തോന്നുന്നില്ല. കാരണം അന്ന് ആളുകൾ ജ്ഞാനസ്നാനം നടത്തിയത് അവരവർ ചെയ്ത പാപങ്ങൾക്ക് വേണ്ടിയാണു. ഇനി അങ്ങനെ ഒരു പാപം ഉണ്ടെങ്കിൽ അത് ഏൽക്കാത്ത യേശു വരെ മുങ്ങി. ചുരുക്കി പറഞ്ഞാൽ പണ്ടത്തെ ശുദ്ധീകരണത്തിന് ഒരു പരിണാമം സംഭവിച്ചതാണ് മാമ്മോദീസ എന്ന് തോന്നുന്നു.

ഇപ്പോൾ ഹിന്ദു മതത്തിൽ അവനവൻ ചെയ്ത പാപങ്ങൾക്ക് ആണ് ഗംഗയിൽ പോയി സ്നാനം ചെയ്യുന്നത്. ഭാവിയിൽ അത് പരിണമിച്ചു ജനിക്കുമ്പോഴേ സ്നാനം ചെയ്താൽ ഏതാണ്ട് മാമ്മോദീസ പോലെയിരിക്കും.


യേശുവും മാമ്മോദീസായും


യേശുവിനെ സ്നാനപ്പെടുത്തി എന്ന് ബൈബിളിൽ കാണാം. പുള്ളി പുള്ളിയുടെ പൂർണ്ണസമ്മതത്തോടെ വന്നു മുങ്ങി. മുൻപ് പറഞ്ഞപോലെ ഉത്ഭവപാപം മാറ്റാൻ ആണോ അതോ എല്ലാവരും ചെയ്യുന്നുണ്ട് അതുകൊണ്ട് താനും ചെയ്തു കളയാം എന്ന് വിചാരിച്ചാണോ എന്നറിയില്ല.

ഇനി പുള്ളി നമ്മളോട് ബൈബിൾ അനുസരിച്ചു മാമ്മോദീസ മുങ്ങാൻ പറഞ്ഞിട്ടുണ്ടോ എന്നുകൂടി നോക്കാം. പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നവർ ഉന്നയിക്കുന്ന ഭാഗമാണ് യോഹ 3:1-10.

"ഫരിസേയരില്‍ നിക്കൊദേമോസ്‌ എന്നുപേരായ ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു. 

അവന്‍ രാത്രി യേശുവിന്‍െറ അടുത്തു വന്നു പറഞ്ഞു: റബ്ബീ, അങ്ങ്‌ ദൈവത്തില്‍നിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങള്‍ അറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. 

യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല. 

നിക്കൊദേമോസ്‌ ചോദിച്ചു: പ്രായമായ മനുഷ്യന്‌ ഇത്‌ എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച്‌ അവനു ജനിക്കുവാന്‍ കഴിയുമോ? 

യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്‌മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. 

മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്‌്‌; ആത്‌മാവില്‍നിന്നു ജനിക്കുന്നത്‌ ആത്‌മാവും. 

നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ടു നീ വിസ്‌മയിക്കേണ്ടാ. 

കാറ്റ്‌ അതിനിഷ്‌ടമുളളിടത്തേക്കു വീശുന്നു; അതിന്‍െറ ശബ്‌ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത്‌ എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ്‌ ആത്‌മാവില്‍നിന്നു ജനിക്കുന്ന ഏവനും. 

ഇതെല്ലാം എങ്ങനെ സംഭവിക്കും എന്നു നിക്കൊദേമോസ്‌ ചോദിച്ചു. 

യേശു പറഞ്ഞു: നീ ഇസ്രായേലിലെ ഗുരുവല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസ്‌സിലാകുന്നില്ലേ? 

സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഞങ്ങള്‍ അറിയുന്നവയെപ്പറ്റി സംസാരിക്കുന്നു; കണ്ടവയെപ്പറ്റി സാക്‌ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഞങ്ങളുടെ സാക്‌ഷ്യം നിങ്ങള്‍ സ്വീകരിക്കുന്നില്ല. 

ഭൗമിക കാര്യങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞത്‌ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗീയ കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? 

സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല. 

മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, 

തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന്‌ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. 

എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍െറ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. 

ദൈവം തന്‍െറ പുത്രനെ ലോകത്തിലേക്കയച്ചത്‌ ലോകത്തെ ശിക്‌ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്‌ഷപ്രാപിക്കാനാണ്‌. 

അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്‌ഷയ്‌ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍െറ ഏകജാതന്‍െറ നാമത്തില്‍ വിശ്വസിക്കായ്‌കമൂലം, നേരത്തേതന്നെ ശിക്‌ഷയ്‌ക്കു വിധിക്കപ്പെട്ടിരിക്കുന്നു."

ഇതിൽ പ്രകാരം വീണ്ടും ജനിക്കാൻ പറയുന്നു. ജലത്താലും ആത്‌മാവിനാലും ജനിക്കാൻ പറയുന്നു. ഒന്നും മനസിലാകാതെ നിന്ന നിക്കോദേമോസിനോട് കാറ്റു വരുന്ന സ്ഥലവും പോകുന്ന സ്ഥലവും നിനക്കറിയാത്തതുപോലെയാണ് ആത്‌മാവിൽ നിന്നും ജനിക്കുന്നവനും എന്ന് പറഞ്ഞു ആകെ കുഴപ്പിക്കുന്നു. എല്ലാം കഴിഞ്ഞു ഭൗമിക കാര്യങ്ങളെപ്പറ്റി ഞാൻ പറഞ്ഞത് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗീയ കാര്യങ്ങൾ പറഞ്ഞാൽ എങ്ങിനെ വിശ്വസിക്കും എന്ന് പറഞ്ഞു സംഗതി നിങ്ങൾക്ക് മനസിലാകില്ല എന്ന് വ്യക്തമാക്കുന്നു. പിന്നെ വിശ്വസിക്കായ്ക മൂലം നേരത്തെ തന്നെ ശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്നു എന്ന  ഒരു പേടിപ്പിക്കലും. ഈ നേരത്തെ എന്ന് പറയുന്നത് ഒരാൾ ജനിക്കുന്നതിനു മുൻപ് ആണെങ്കിൽ പിന്നെ അയാൾ വിശ്വസിച്ചാൽ നേരത്തെ വിധിക്കപ്പെട്ടത് അസാധുവാകും. 

എന്തെങ്കിലും ആകട്ടെ ജലത്താലും ആത്‌മാവിനാലും ജനിക്കാൻ പറയുന്നത് ഇപ്പോൾ സഭയിൽ ഉള്ള മാമ്മോദീസ തന്നെയെന്ന് അങ്ങ് സമ്മതിക്കാം.

ഇനി യേശു ആരെയെങ്കിലും മാമ്മോദീസ മുക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കാം. അധികം ഒന്നും പോകേണ്ട അതെ അദ്ധ്യായം തുടർന്ന് വായിച്ചാൽ മതി.

"ഇതിനുശേഷം യേശുവും ശിഷ്യന്‍മാരുംയൂദയാദേശത്തേക്കു പോയി. അവിടെ അവന്‍ അവരോടൊത്തു താമസിച്ച്‌ സ്‌നാനം നല്‍കി. 

സാലിമിനടുത്തുള്ള ഏനോനില്‍ വെള്ളം ധാരാളമുണ്ടായിരുന്നതിനാല്‍ അവിടെ യോഹന്നാനും സ്‌നാനം നല്‍കിയിരുന്നു. ആളുകള്‍ അവന്‍െറ അടുത്തു വന്ന്‌ സ്‌നാനം സ്വീകരിച്ചിരുന്നു.

യോഹന്നാന്‍ ഇനിയും കാരാഗൃഹത്തിലടയ്‌ക്കപ്പെട്ടിരുന്നില്ല. അവന്‍െറ ശിഷ്യന്‍മാരും ഒരു യഹൂദനും തമ്മില്‍ ശുദ്‌ധീകരണത്തെപ്പററി തര്‍ക്കമുണ്ടായി. 

അവര്‍ യോഹന്നാനെ സമീപിച്ചു പറഞ്ഞു: ഗുരോ, ജോര്‍ദാന്‍െറ അക്കരെ നിന്നോടുകൂടിയുണ്ടായിരുന്നവന്‍, നീ ആരെപ്പറ്റി സാക്‌ഷ്യപ്പെടുത്തിയോ അവന്‍ , ഇതാ, ഇവിടെ സ്‌നാനം നല്‍കുന്നു. എല്ലാവരും അവന്‍െറ അടുത്തേക്കു പോവുകയാണ്‌. 

യോഹന്നാന്‍ പ്രതിവചിച്ചു: സ്വര്‍ഗത്തില്‍നിന്നു നല്‍കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല." യോഹന്നാന്‍ 3 : 24-27

സ്നാപകയോഹന്നാനോട് ശിഷ്യന്മാർ പറയുകയാണ് പുള്ളി സാക്ഷ്യം നൽകിയ ആൾ ദാണ്ടെ അപ്പുറത്ത് സ്നാനം നൽകുന്നു. എല്ലാവരും അങ്ങോട്ടു പോകുന്നെന്ന്. നമ്മുടെ നാട്ടിൽ ധ്യാന കേന്ദ്രങ്ങൾ ഉണ്ടാകുന്നപോലെയുള്ള ഒരു സെറ്റപ്പ്. സ്നാപകൻ ആള് ഡീസന്റ് ആയതുകൊണ്ട് ഉടക്കിനൊന്നും പോയില്ല. കാരണം പുള്ളിയുടെ അഭിപ്രായത്തിൽ യേശുവിനു വഴിയൊരുക്കാനാണ് വന്നിരിക്കുന്നത്. അവൻ വളരുകയും ഞാൻ കുറയുകയും വേണം എന്നാണ് പറയുന്നത്.

അതെ ഈ അന്നത്തെ സ്നാനം എന്നത് ഇന്നത്തെ മാമ്മോദീസ ആണെങ്കിൽ, യേശുവും അത് ചെയ്തു കൊടുത്തിട്ടുണ്ട്. പക്ഷെ അത് യൂദന്മാരുടെ വൃത്തിയാക്കൽ ആചാരം ആണെങ്കിൽ കാര്യങ്ങൾ മാറി.


ആദിപാപവും ഫ്രാൻസിസ് മാർപ്പാപ്പയും


അടുത്തകാലത്തു സഭക്ക് കിട്ടിയ ഒരു കിടു മച്ചാനാണ് ഫ്രാൻസിസ് പാപ്പ.  പുള്ളി പറയുന്നത് ദൈവം ഒരു മാജിക്കുകാരൻ അല്ല എന്നാണ്. പിന്നെ മാജിക് പോലെ ഓരോന്ന് ചെയ്യുന്ന ആളെ എന്ത് വിളിക്കണോ എന്തോ? അതെന്തെങ്കിലും ആകട്ടെ.  പുള്ളി ഇപ്പോഴുള്ള കാലത്തിനു അനുസരിച്ചു കാര്യങ്ങളെ വളച്ചു കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് തോന്നുന്നു. അങ്ങനെ ഒരു അർത്ഥത്തിൽ ആണ് കിടു മച്ചാൻ ആണെന്ന് പറഞ്ഞത്. പുള്ളിയുടെ കാലഘട്ടത്തിൽ നിന്നും വലിയ പുരോഗമനരീതിയിലുള്ള ഒരു സംഭവം പുള്ളി പറഞ്ഞിട്ടുണ്ട് എന്നും തോന്നുന്നില്ല.

സൃഷ്ടിവാദവും പരിണാമവും ഒരുമിച്ചു കൊണ്ട് പോകാം എന്നാണ് പുള്ളി പറയുന്നത്. ദൈവം സൃഷ്ടിച്ചു എന്നിട്ടു പരിണമിക്കാൻ വിട്ടു എന്നാണ് പറയുന്നത്. സംഗതി ഇല്ല അങ്ങ് പറയുവാൻ എന്തോ ചെറിയ ബുദ്ധിമുട്ട്. സാരമില്ല ഭാവിയിൽ വരുന്ന ഏതെങ്കിലും പാപ്പ പറഞ്ഞു പറഞ്ഞു കത്തോലിക്ക  സഭയെ ഒരു ചാരിറ്റി സ്ഥാപനം ആക്കി മാറ്റിക്കൊള്ളും. എല്ലാം അറിയുന്നവൻ ദൈവം, ഓരോ അരിമണിയും കഴിക്കേണ്ടവനെ തീരുമാനിക്കുന്ന ദൈവം എന്ന പരമ്പരാഗത രീതിയിൽ നിന്നും മാറി സ്വന്തമായി സൃഷ്ടികളെ പരിണമിക്കാൻ വിടുന്ന ദൈവം എന്നതാണ് ഫ്രാൻസിസ് പാപ്പ അവതരിപ്പിക്കുന്നത്. ദാണ്ടെ കുറച്ചു കൊളുത്തുകൾ താഴെ. വായിക്കേണ്ടവർക്ക് വായിക്കാം

അങ്ങനെ നോക്കുമ്പോൾ ഈ ആദിപാപം നിലനിൽക്കാൻ സാധ്യത ഇല്ല. സൃഷ്ടി കഴിഞ്ഞതോടുകൂടി ദൈവത്തിന്റെ റോൾ കഴിഞ്ഞല്ലോ. ആദിപാപം ഉണ്ടെങ്കിൽ തന്നെ അത് വേറെ ഏതൊരു പാപം പോലെത്തന്നെയാണ്. അത് മാത്രം തലമുറകളിലേക്ക് വ്യാപിക്കാൻ സാധ്യത കാണുന്നില്ല.

സഭയിലേക്ക് ചേർക്കാൻ മാമ്മോദീസ


മറ്റൊരു മാമ്മോദീസ മുക്കണം എന്ന് പറയാനുള്ള വാദം ആണ് അതൊരു സഭയിലേക്ക് ചേരാനുള്ള മാർഗമാണെന്നു പറയുന്നത്. ചേർന്നില്ലെങ്കിൽ ഇപ്പോൾ എന്താണ് പ്രശ്നം എന്ന് ചോദിക്കേണ്ടവർക്ക് ചോദിക്കാം. പള്ളിയിൽ വച്ച് കെട്ടാനോ, അവിടെനിന്നുള്ള കാര്യങ്ങൾ എന്തെങ്കിലും ചെയ്തു കിട്ടാനോ പിന്നെ സാധ്യതയില്ല. വേണേൽ കുർബാന കാണാം. നേർച്ചയും ഇടാം. അതിനു ആരും എതിർപ്പ് പ്രകടിപ്പിക്കുകയില്ല.

സംഗതി അങ്ങോട്ട് ചേരാൻ പെട്ടെന്ന് കഴിയും പിന്നെ അവിടെ നിന്ന് ഊരിപ്പോരാൻ അത്ര എളുപ്പമല്ല. എളുപ്പം അല്ല എന്ന് പറഞ്ഞാൽ ചിന്തകൾ ചെറുതിലേ മുതലേ മെരുക്കിയെടുത്തു അതിനകത്തു മാത്രമേ ചിന്തകൾ ഓടിക്കളിക്കൂ എന്ന രീതിയിൽ ആക്കിക്കളയും. പൊട്ടക്കുളത്തിലെ താവളയെപ്പോലെ. അപ്പോൾ ചോദിക്കും അങ്ങനെ വളർന്ന ഞാൻ എങ്ങിനെ ഇതുപോലെ എഴുതുന്നു എന്ന്. ഒരു കാരണം ബൈബിൾ തുറന്നു വായിച്ചതായിരിക്കാം.അല്ലെങ്കിൽ  അമേരിക്കയിലെ വാസം ആയിരിക്കാം. അതിനെപ്പറ്റി വേറെ എഴുതുന്നുണ്ട്.

ഇനിയിപ്പോൾ സാധാരണ ഒരാൾക്ക് പുറത്തു വരണം എന്ന് വിചാരിച്ചാലും അത്രക്ക് എളുപ്പം അല്ല. ഏറെക്കുറെ സിനിമയിൽ കാണുന്ന അങ്ങോട്ട് ചേരാൻ മാത്രം കഴിയുന്ന മുംബൈ അധോലോകം പോലെയാണ്.

മാമ്മോദീസ വേണ്ട വലുതാകുമ്പോൾ അവൻ തീരുമാനിക്കട്ടെ

ഇനി കാണാൻ പോകുന്നത് മാമ്മോദീസ വേണ്ട എന്നതിനുള്ള ചില വാദങ്ങളാണ്.


മാമ്മോദീസ പോലെയല്ലേ പരിച്ഛേദനവും?


മാമോദീസ പോലെ മറ്റൊരു ആചാരം ആയിരുന്നു പരിച്ഛേദനം. ദൈവംനേരിട്ട് പറഞ്ഞിട്ടുണ്ട് അത് ചെയ്യണം എന്ന്. ഒന്നല്ല ഒന്നിലധികം സ്ഥലങ്ങളിൽ ഈ കർമത്തിനെപ്പറ്റി പറയുന്നുണ്ട്. 
  

യേശുവിനു അത് ചെയ്‌തിട്ടുണ്ട്.ലൂക്ക 2:21 .യേശു അത് ചെയ്യേണ്ട എന്ന് പറഞ്ഞിട്ടുമില്ല .

പിന്നെ ബൈബിളിൽ മറ്റൊരു അവസരത്തിൽ അത് ചുമ്മാ അങ്ങ് എടുത്തു കളഞ്ഞു. ചുമ്മാ എന്ന് പറഞ്ഞാൽ ശരിയാകില്ല. സഭയിൽ തർക്കം ഉണ്ടായപ്പോൾ 'വലിയ വാദപ്രതിവാദം നടന്നപ്പോൾ ' എന്നാണ് ബൈബിളിൽ. യൂദായി ൽ നിന്നും വന്ന ചിലർ മോശ പറഞ്ഞതുപോലെ ചെയ്യണം എന്ന് പ്രസംഗിച്ചപ്പോൾ പൗലോസിന് അത് പിടിച്ചില്ല. അങ്ങനെ സൂനഹദോസ് കൂടി അതിലാണ് വാദപ്രതിവാദം. അവസാനം  പത്രോസ് അങ്ങ് പറഞ്ഞു 'നമ്മുടെ പിതാക്കന്മാർക്കോ നമുക്കോ താങ്ങാൻ വയ്യാതിരുന്ന ഒരു നുകം  ഇപ്പോൾ ശിഷ്യരുടെ ചുമലിൽ വച്ചുകെട്ടി എന്തിനു ദൈവത്തെ നിങ്ങൾ  പരീക്ഷിക്കുന്നു '. സംഗതി ഒരു നുകം ആണെന്ന് പുള്ളി സമ്മതിച്ചു. പിന്നെ മനസിലാവാത്തത് ഇതെങ്ങനെ ദൈവത്തെ പരീക്ഷിക്കൽ ആകും എന്നാണ്. പുള്ളിയാണല്ലോ ഈ പരിപാടി ചെയ്യണം എന്ന് നിയമം ഇറക്കിയത്. അങ്ങനെ അത് പതുക്കെ വേണ്ട എന്ന് വച്ചു. അപ്പ 15:1 

വേണേൽ ദൈവം പത്രോസിലൂടെ പ്രവർത്തിച്ചു എന്ന് വ്യാഖ്യാനിക്കാം. ഇനിയിപ്പോൾ ദൈവം എന്നിലൂടെ പ്രവർത്തിച്ചു മാമ്മോദീസയും വേണ്ടെന്നു വെക്കുമോ എന്തോ?

പൗലോസ് കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം 7:17 ഇൽ പുള്ളി നിങ്ങൾ ചെയ്താലും ഇല്ലെങ്കിലും ഒരു പ്രശ്നവും ഇല്ല. ഞങ്ങളുടെ കൂടെ കൂടിക്കൊള്ളു എന്നാണ് പറയുന്നത്. 

പിന്നെ പൗലോസ് പിന്നീട് കൂടുതൽ വ്യക്തം ആയി. ചെയ്യരുത് എന്ന് പറയുന്നുണ്ട്. "പൗലോസായ  ഞാൻ പറയുന്നു നിങ്ങൾ പരിച്ഛേദനം സ്വീകരിക്കുന്നെങ്കിൽ  ക്രിസ്തു നിങ്ങൾക്ക് ഒന്നിനും പ്രയോജനപ്പെടുകയില്ല" ഗലാ 5:1

പക്ഷെ ഈ പൗലോസ്, പുള്ളിയുടെ ഒരു ശിഷ്യൻ ആയ തോമോത്തെയൂസിനു താൻ തന്നെ മുൻകൈ എടുത്തു പരിപാടി നടത്തിയതായും പറയുന്നുണ്ട്. കാരണം പുള്ളി പോകുന്ന സ്ഥലങ്ങളിലെ യൂദന്മാരെ പരിഗണിച്ചു എന്നാണ് ബൈബിൾ പറയുന്നത്. ഈ ശിഷ്യന് അവിടങ്ങളിൽ നല്ല മതിപ്പ് ഉണ്ടായിരുന്നു. പക്ഷെ ശിഷ്യന്റെ അപ്പൻ ഗ്രീക്ക് കാരനാണ്. അമ്മ മാത്രമേ യൂദവിഭാഗത്തിൽ ഉള്ളു. ശിഷ്യനെ ചെയ്താൽ പുള്ളിയുടെ മതിപ്പ് ഒന്നും കൂടി മുതലെടുക്കാം എന്ന് കരുതിക്കാണും. എന്തായാലും നല്ലൊരു മാനേജ്‌മന്റ് മൂവ് തന്നെ. അപ്പ 16:1  


കുഞ്ഞുങ്ങളെ മാമ്മോദീസ മുക്കണോ


കർത്താവു പ്രായപൂർത്തി ആയതിനു ശേഷം ആണ് മുങ്ങിയത്. പുള്ളിയുടെ പൂർണസമ്മതത്തിൽ. ആരും നിർബന്ധിച്ചില്ല.അങ്ങനെ ആണെങ്കിൽ എട്ടും പൊട്ടും തിരിയാത്ത പിള്ളേരെ മാമ്മോദീസ മുക്കണോ എന്നതാണ് ചോദ്യം.

നേരിട്ട് ബൈബിളിൽ പിള്ളേരെ മാമ്മോദീസ മുക്കണം എന്ന് പറയുന്നില്ലെങ്കിലും ചില ഇടങ്ങളിൽ എല്ലാവരും മാമ്മോദീസ മുങ്ങണം എന്ന് പറയുന്നുണ്ട്. അത് വേണമെങ്കിൽ പിള്ളേർക്കും കൂടിയാണ് പറഞ്ഞത് എന്ന് വ്യാഖ്യാനിക്കാം. എല്ലാവരും എന്ന് പറയുമ്പോൾ വോട്ടവകാശം ഉള്ളവർ അല്ലെങ്കിൽ പ്രായപൂർത്തിയായവർ മാത്രം എന്നല്ല അർഥം അതിൽ കുട്ടികളും പെടും.

അപ്പ 2:16  ഇൽ പത്രോസ് പറയുന്നത് എല്ലാവരും എന്നാണ് 

ഒരു കുടുമ്പം മുഴുവൻ മുങ്ങി ഏന് പറയുന്ന ഒരു സ്ഥലം. കുടുംബത്തിൽ കുട്ടികൾ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് പറയുന്നില്ലെങ്കിലും കുടുംബം എന്ന് പറയുമ്പോൾ അവരും പെടും. അപ്പ 16:15

പിന്നെ പൗലോസ് കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം 1:16 ഇത് പറയുന്നത്, പുള്ളി ആകെ ഒരു കുടുംബത്തെ മാത്രമേ സ്നാനം ചെയ്തുള്ളു എന്നാണ്. പുള്ളി പറയുന്നത് ക്രിസ്തു എന്നെ അയച്ചത് സ്നാനം നൽകുവാൻ അല്ല സുവിശേഷം പ്രസംഗിക്കുവാനാണ് എന്നാണ്. പുള്ളിയുടെ അഭിപ്രായപ്രകാരം മാമ്മോദീസ എന്തോ വലിയ കാര്യം അല്ല.


ലിംമ്പോ - എങ്ങാനും കുട്ടികൾ മാമ്മോദീസ കിട്ടാതെ മരിച്ചാൽ എന്താകും 


നമ്മുടെ നാട്ടിൽ ഒരു കുട്ടിപോലും അങ്ങനെ മരിക്കാറില്ല. കാരണം വീട്ടുമാമ്മോദീസ എന്ന ഒരു ചടങ്ങു ഉണ്ട്. അത് പ്രകാരം പള്ളിയിലെ അച്ചൻ ഇല്ലാതെ ആർക്കു വേണമെങ്കിലും മാമ്മോദീസ കൊടുക്കാനുള്ള വകുപ്പുണ്ട്.  അത് മിക്കവാറും ചെയ്യുന്നത് അച്ചന് അത് കൊടുക്കാൻ പറ്റാത്തപ്പോൾ ആണ്. അതുകൊണ്ടു ആരും ഈ ലിംബോ എന്ന് പറയുന്ന സ്ഥലത്തേക്ക് പോയിട്ടുണ്ടാകില്ല.

ലിംബോ എന്ന കൗതുകകരമായ വാക്ക് ഉപയോഗിച്ചാണ് മാമ്മോദീസ കിട്ടാതെ മരിക്കുന്ന കുട്ടികൾ പോകുന്ന സ്ഥലത്തെ കത്തോലിക്കാ സഭ വിളിച്ചിരുന്നത്. അതെ വിളിച്ചിരുന്നത്, ഭൂതകാലം അഥവാ പാസ്റ് ടെൻസ് ആണ്. കാരണം  ഇപ്പോൾ അങ്ങനെ ഒരു സ്ഥലം ഇല്ല എന്നാണ് സഭ പഠിപ്പിക്കുന്നത്. പത്തെണ്ണൂർ കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ വന്ന ഒരു ബനഡിക്ട് 16 ആം പാപ്പക്ക് തോന്നി അതൊരു ഗുമ്മിലെന്ന്. കൂടുതൽ അറിയാൻ താഴെ കൊളുത്തുകൾ കൊടുത്തിട്ടുണ്ട്.

വിക്കിപീഡിയ , ഒഫീഷ്യൽ വത്തിക്കാൻ പേജ് , ന്യൂയോർക് ടൈംസ് , ടെലിഗ്രാഫ് 

പത്തു നാല്പത് പേജുകൾ വരുന്ന വലിയ സ്റ്റഡി ഒക്കെ നടത്തിയാണ് സംഗതി ഒഴിവാക്കിയത്. ദൈവം ഉണ്ടോ എന്ന് സ്റ്റഡി നടത്തിയിട്ടുണ്ടെങ്കിൽ  എന്നെങ്കിലും സമയം കിട്ടുമ്പോൾ വായിച്ചു നോക്കണം.


സാധ്യതയുള്ള ഭാവി തീവ്രവാദിയെ ഒഴിവാക്കാം 


ഒരാളെ ചെറുപ്പത്തിലേ സ്വന്തം മതം അതുപോലെ വിശ്വാസം മാത്രമാണ് ശരി എന്ന് പഠിപ്പിച്ചാൽ അയാൾക്ക് വലുതായി വരുമ്പോൾ മറ്റുള്ളവരുമായി ചേർന്ന് പോകാൻ നല്ല ബുദ്ധിമുട്ടായിരിക്കും. കൂടുതൽ തീവ്രമായി അഭ്യസിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ ബുദ്ധിമുട്ട് ആയിരിക്കും. അതുപോലെ വേറെ വിശ്വാസത്തിൽ നിൽക്കുന്നവരോ, അല്ലെങ്കിൽ കൂടെയുള്ളവരോ തൻ്റെ വിശ്വാസത്തെ കളിയാക്കിയാൽ താങ്ങാൻ പറ്റി എന്നും വരില്ല.  തീവ്രത കൂടുന്നതിന് അനുസരിച്ചു വാട്ട്സാപ്പിൽ തെറി മുതൽ, വഴി തടയൽ, ഹർത്താൽ നടത്തൽ പിന്നെ ആളെ കൊല്ലുന്നതു വരെ ചെയ്യാം. ഇപ്പോൾ തന്നെ ഞാൻ അംഗമായിരിക്കുന്ന വാട്ട്സാപ്പിൽ ആളുകളുടെ മതവികാരം ഒരു ട്രോൾ കൊണ്ട് വ്രണപ്പെടുന്നത് കാണാം. അതുപോലെ Happy Christmas നു പകരം ഹാപ്പി കുറച്ചു ടൈപ്പ് ചെയ്തു Happy X'mas എന്ന് പറയാൻ പോലും പാടില്ല എന്ന് പ്രചരിപ്പിക്കുന്നവരും ഉണ്ട്.

ഇന്ത്യയിൽ മറ്റുള്ള മതങ്ങളെ വച്ച് കുഞ്ഞാടുകൾ ഈ പണിക്ക് പോകുന്നത് കുറവാണെന്നു വേണേൽ വാദിക്കാം. പക്ഷെ കുഞ്ഞാടുകൾ ഭൂരിപക്ഷം ആയാൽ ചെയ്തു കൂടായ്കയില്ല. കുഞ്ഞാടുകൾ വളരെ കൂടുതലുള്ള ഇരിഞ്ഞാലക്കുട രൂപത ഉൾക്കൊള്ളുന്ന ഭാഗത്തു പള്ളിയിലെ അച്ചനെ കൊല ചെയ്തതിന്റെ പേരിൽ കുഞ്ഞാടുകൾ നടത്തിയ ഒരു ഹർത്താൽ ചരിത്രം ഹിന്ദു പത്രത്തിൽ വരെ വന്നിട്ടുണ്ട്. എൻ്റെ ഓർമയിൽ  അന്നത്തെ ഹർത്താലിന് യുവജന സംഘടനകൾ വഴിയിൽ വണ്ടി തടഞ്ഞിട്ടു വരെയുണ്ട്. ഒറീസയിലും മറ്റു കുഞ്ഞാടുകൾ കുറവുള്ള സ്ഥലങ്ങളിൽ നടന്ന ഒരു കൊലപാതകങ്ങളും ഇങ്ങനെ ഒരു പ്രതികരണം നടന്നിട്ടില്ല. ഇങ്ങനെയാണല്ലോ യൂറോപ്പിൽ ഒരു കാലത്തു നടന്നത്. കുരിശു യുദ്ധങ്ങൾ വരെ നടത്തിയത്.

വേണേൽ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു തീവ്രവാദിയെ ഒഴിവാക്കാൻ ഇപ്പോൾ മാമ്മോദീസ വേണ്ട എന്ന് വാദിക്കാം. എല്ലാവരും അങ്ങനെ ആകും എന്നല്ല ഒരു വിദൂരസാധ്യത മാത്രം.


നടത്തുന്നില്ല എന്നുപറഞ്ഞാലുള്ള പ്രതികരണങ്ങൾ


അവൻ പിശുക്കനാണ്


ആദ്യം കേൾക്കാൻ ഇടയുള്ള ഒരു കമന്റ് ഇതായിരിക്കും. ഇവരോട് എന്ത് പറയാനാണ്. വേണമെങ്കിൽ ഈ പോസ്റ്റ് വായിക്കാൻ പറയാം.എന്തെങ്കിലും കാരണങ്ങൾ മനസിലാകുമായിരിക്കുമായിരിക്കും.

അവൻ അപ്പനെപോലെയാകുകയാണ് 


നാട്ടിലെ അറിയപ്പെടുന്ന നിരീശ്വരവാദിയാണ് അപ്പൻ. എന്ന് പറയുമ്പോൾ ദൈവം ഇല്ല എന്നേയുള്ളു. ബാക്കി ഒരുമാതിരി എല്ലാം ഉണ്ട്. ഉദ്ദാഹരണമായി താഴെ കാണുന്ന കാര്യങ്ങളുടെ നല്ലൊരു പ്രചാരകനാണ് പുള്ളി.
  • മൂന്നു പേര് ചേർന്നു എന്തെങ്കിലും കാര്യത്തിന് പറ്റുമെങ്കിൽ പോകാതിരിക്കൽ, 
  • രാഹുകാലത്തു പരീക്ഷ എഴുതാതിരിക്കാൻ 
  • ജാതകം എഴുതിക്കൽ
  • ജനിച്ച സമയം വച്ചു പ്രകാശ വർഷങ്ങൾ അകലെ കിടക്കുന്ന നക്ഷത്രങ്ങൾ അതുപോലെ ഗ്രഹങ്ങൾ മനുഷ്യരുടെ ഭാവി തീരുമാനിക്കും എന്ന് വിശ്വസിച്ചു ചെയ്യുന്ന  ജ്യോത്സ്യം
  • ബ്രഹ്മാവിന്റെ മകനായ  വാസ്തുപുരുഷൻ എല്ലാ സ്ഥലങ്ങളിലും കിടക്കുന്നുണ്ട് എന്ന് വിശ്വസിച്ചു നടക്കുന്ന വാസ്തു ശാസ്ത്രം 
പുള്ളിയെ പറഞ്ഞിട്ട് കാര്യം ഇല്ല. പുള്ളിയുടെ നല്ലകാലത്തു എന്താണ് നിരീക്ഷണങ്ങളും പരീക്ഷണങ്ങളും വഴി കാര്യങ്ങൾ മനസിലാക്കുന്ന സയൻസ് എന്താണെന്നു പഠിക്കാൻ പറ്റിക്കാണില്ല. എൻ്റെ പോലെ വയറു നിറച്ചു കഴിക്കാൻ കിട്ടി, പുറകിൽ നടന്നു തിന്നോടാ തിന്നോടാ എന്ന് ആരും പറഞ്ഞിരുന്ന ബാല്യം അല്ല അപ്പന് ഉണ്ടായിരുന്നത്. നല്ലരീതിക്ക് പട്ടിണി കിടന്നിട്ടുണ്ട്.

പറഞ്ഞു വന്നത്, അപ്പനെപോലെയാകുകയാണ് എന്ന് പറയുന്നവർക്ക് പറയാം അത്രയേ ഉള്ളൂ. ഇതുപോലെയുള്ള വിശ്വാസങ്ങളിൽ പെടരുത് എന്നാണ് എൻ്റെ പ്രാർത്ഥന. ഈ പ്രാർത്ഥന എന്ന് പറയുമ്പോൾ എന്റെ ആഗ്രഹം. പ്രാർത്ഥന എന്ന വാക്ക് ശീലം കൊണ്ട് വന്നു പോകുന്നതാണ്.

അവൻ്റെ അപ്പൻ അവനെ മുക്കി എന്നിട്ടാ അവൻ?


അപ്പൻ ഇങ്ങനെ ചിന്തിച്ചിരുന്നോ എന്നറിയില്ല. അതുപോലെ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിലും അപ്പന് വേറെ എന്തെങ്കിലും വഴിയുണ്ടായിരുന്നോ എന്നറിയില്ല.  ഇപ്പോഴും പുള്ളിക്ക് മാമ്മോദീസ എന്ന പരിപാടിയോട് ഒരു വിരോധവും ഇല്ല എന്നാണ് എൻ്റെ അറിവ്. എൻ്റെ ആദ്യ സന്താനത്തിന്റെ തലതൊട്ടപ്പൻ ആയതും ടിയാനാണ്.

കൊച്ചു സമൂഹത്തിൽ ഒറ്റപ്പെടില്ലേ?


മാമ്മോദീസ മൂക്കാത്ത കൊച്ചിനെ ഇവൻ ഇനി വേദോപദേശത്തിനു വിടുമോ? വിട്ടാൽ തന്നെ പള്ളിക്കാർ എടുക്കുമോ? കൊച്ചു ആകെ ഒറ്റപ്പെടില്ലേ? എൻ്റെ കുട്ടിക്കാലത്തു ആണെങ്കിൽ ഉറപ്പിച്ചു പറയാം, ഒറ്റപ്പെടും. പക്ഷെ ഇപ്പോൾ അങ്ങനയാണെന്നു തോന്നുന്നില്ല. മലയാളികൾ കുറച്ചു മാറിയിട്ടുണ്ട് എന്ന് തോന്നുന്നു.

സ്‌കൂളിൽ എന്ത് മതം, ജാതി എഴുതും? 


കേരളത്തിൽ ഇപ്പോൾ സ്‌കൂളിൽ മതം എഴുതുന്ന കോളത്തിൽ ഇല്ല എന്ന് എഴുതാം എന്ന് തോന്നുന്നു. പിന്നെ ഇവിടെ അമേരിക്കയിൽ ആണെങ്കിൽ അങ്ങനെ ഒരു കോളം ഇല്ല. മൂത്ത സന്താനത്തിനെ സ്‌കൂളിൽ ചേർത്തപ്പോൾ ഒരാളും മതവും ജാതിയും ഇവിടെ ചോദിച്ചിട്ടില്ല.

ജാഡ അമേരിക്കകാരന് എന്തും ചെയ്യാം? നാട്ടിലോട്ട് വാടാ...


എല്ലാത്തിന്റെയും മൂർദ്ധന്യം എന്ന് വേണമെങ്കിൽ പറയാം. ഒരു നിലയിൽ പറഞ്ഞാൽ ശരിയാണ്. നാട്ടിൽ നിൽക്കുമ്പോൾ ഇങ്ങനെ ചിന്തിക്കാൻ പറ്റില്ല. കാരണം നാട്ടിൽ എന്തെങ്കിലും ഒരു ആപത്തു വന്നാൽ നാട്ടുകാരോ വീട്ടുകാരോ വേണം ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകാൻ. അവർ ഇടഞ്ഞാൽ ജീവിതം കഷ്ടത്തിൽ ആകും.

ഇവിടെ അമേരിക്കയിൽ 911 എന്ന നമ്പർ വിളിക്കാൻ പറ്റിയാൽ ആംബുലൻസ് വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോകും. അതുപോലെ  പൈസ മുൻകൂട്ടി അടക്കാതെ തന്നെ ചികിത്സ കിട്ടും. നേരത്തെ പറഞ്ഞപോലെ സ്കൂളിൽ ജാതി മതം കോളങ്ങൾ ഇല്ല. ജോലിസ്ഥലങ്ങളിലോ, കല്യാണസമയത്തോ ഇതൊരു പ്രശ്നം അല്ല. മരിച്ചാൽ ഇഷ്ടംപോലെ പൊതു ശ്മശാനങ്ങൾ ഉണ്ട്. പിന്നെ എല്ലാത്തിലും ഉപരി, മതം വളരെ മിതമായി കൊണ്ട് നടക്കുന്ന ഒരു ജനസമൂഹമാണ് ഇവിടെ. 

വേണെമെങ്കിൽ ജാഡ എന്ന് പറയാം.


അപ്പോൾ പിന്നെ എന്തിനാ പള്ളിയിൽ വച്ച് കെട്ടിയത് 


ഒരാൾ ജനിക്കുന്ന വിശ്വാസത്തിൽ തന്നെ ജീവിതകാലം മുഴുവൻ നിലനിൽക്കണം എന്ന് ശഠിക്കുന്നത് മണ്ടത്തരമാണ്. അങ്ങനെ ആണെങ്കിൽ ഞാൻ ഇപ്പോൾ ഹിന്ദു മതത്തിലെ ഏതെങ്കിലും ജാതിയിൽ അല്ലെങ്കിൽ ബുദ്ധ ജൈന മതങ്ങളിലോ ഒക്കെ ഇരിക്കേണ്ടതാണ്. എൻ്റെ  ഏതോ ഒരു പിതാമഹൻ ഒരു ഘട്ടത്തിൽ അദ്ദേഹത്തിൻ്റെ മതം, വിശ്വാസം മാറാനുള്ള ഒരു തീരുമാനം എടുത്തത് കൊണ്ടാണ് ഇപ്പോൾ എനിക്ക് മാമ്മോദീസായെപ്പറ്റി ഇങ്ങനെ എഴുതേണ്ടി വന്നത്. 

അന്ന് അങ്ങേരുടെ ഭാര്യ ഇരുന്ന  അതെ സ്ഥിതിയിൽ ആണ് ഇപ്പോൾ എൻ്റെയും.


സംഗ്രഹം

എൻ്റെ വശത്തുനിന്നും നോക്കിയാൽ വളരെ സിമ്പിൾ ആയി കൊച്ചിനെ മാമ്മോദീസ മൂക്കേണ്ട എന്ന് പറയാം. പക്ഷെ തീരുമാനം എനിക്ക് മാത്രം എടുക്കാൻ പറ്റുന്ന ഒന്നല്ല. കാരണം കൊച്ചിനെ എന്നിൽ നിന്നും ക്ളോണിങ് വഴി ഉണ്ടാക്കിയതല്ല. 10 മാസം ചുമന്നു നല്ലരീതിക്ക് വേദനയെടുത്തു പ്രസവിച്ച (സിസേറിയൻ ആയതുകൊണ്ട് കഴിഞ്ഞായിരുന്നു കൂടുതൽ വേദന എന്ന് മാത്രം) ഇപ്പോഴും ജോലിക്ക് പോകാൻ പറ്റാതെ ചോറും കൂട്ടാനും വച്ച് വീട്ടിലിരിക്കുന്ന ഒരാളുണ്ട്. അയാൾക്ക് ആണ് തീരുമാനത്തിൽ മുൻ‌തൂക്കം.