ഡയറി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഡയറി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022 സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

പത്താം വിവാഹവാർഷികം

വീണ്ടും ഒരു കുടുംബസംഗമം. ഞാൻ ഫെബ്രുവരി മാസത്തിൽ നാട്ടിൽപോയി മാർച്ചിൽ ധന്യയേയും പിള്ളേരെയും തിരിച്ചു കൂട്ടികൊണ്ടു വന്നു. ഈ കാലഘട്ടത്തിലെ നഷ്ടം അമ്മായിയുടെ വിയോഗം ആയിരുന്നു. സംഗതി ആൾക്ക് വയസായി, അതിന്റെതായ രോഗങ്ങളും ഉണ്ടായിരുന്നു. ഇടയ്ക്കിടെ തല്ലു കൂടുമെങ്കിലും ആള് ഇല്ലാതെ ആയപ്പോൾ ഒരു വിടവ്. 

ലൈനടിച്ചു കല്യാണം കഴിക്കാതെ ഇന്റർവ്യൂ ചെയ്തു കഴിച്ചത് വെറുതെ ആയില്ല എന്ന് തോന്നിയത് ഇക്കൊല്ലം ആണ്. നമുക്ക് പ്രശ്നം വന്നാൽ ആരെങ്കിലും ഒക്കെ ഉണ്ടാകും എന്ന് തോന്നുന്നു. നീയായി നിന്റെ പാടായി എന്ന് അവർക്ക് തിരിച്ചു പറയാൻ പറ്റില്ലല്ലോ. ഇത് കേട്ടാൽ തോന്നും, ഞാൻ എന്തോ പഠിക്കുന്ന കാലത്തു ലൈനടിച്ചു പെങ്കുട്ട്യോളെ വീഴ്ത്തിയിരുന്ന ആളായിരുന്നു എന്ന്. വർത്താനം പറയുന്നത് പോട്ട്,  ഇടങ്കാല് വെച്ച് വീഴ്ത്താനുള്ള ധൈര്യം ഉണ്ടായിരുന്നേൽ മതിയായിരുന്നു.

നാട്ടിൽ നിൽക്കേണ്ട അമേരിക്ക തന്നെയാണ് പിള്ളേർക്ക് നല്ലത് എന്ന് ഒരിക്കൽ കൂടി തോന്നിയ വര്ഷം ആയിരുന്നു ഇത്. ജോഹനെ നാട്ടിലെ പേര് കേട്ട സ്കൂളിൽ ചേർത്തിയിരുന്നു എന്ന് കഴിഞ്ഞ വാർഷിക പോസ്റ്റിൽ പറഞ്ഞിരുന്നല്ലോ. ഞാൻ ഇക്കൊല്ലം ഫെബ്രുവരിയിൽ നാട്ടിലെത്തുമ്പോൾ ഓൺലൈൻ ക്ലാസ് കേട്ടിരുന്നു. ടീച്ചർ ഇന്ത്യൻ നാണയ വ്യവസ്ഥയെപ്പറ്റി ക്ലാസ് എടുത്തു കത്തിക്കയറുകയാണ്. കുറച്ചു കഴിയുമ്പോൾ കേൾക്കുന്നു. ഇത് നിരോധിച്ച നോട്ട് ആണ്, സിലബസിൽ ഈ നോട്ടുകൾ ആയതുകൊണ്ട് ആണ് ഇത് പഠിപ്പിക്കുന്നത്. സത്യത്തിൽ ഈ നോട്ടു ഇപ്പോൾ എടുക്കില്ല. അപ്പോൾ ഞാൻ വിചാരിച്ചു, പുതിയ നോട്ടുകൾ പിള്ളേരെ കാണിക്കുമായിരിക്കും. അതില്ല, പഴയ നോട്ടുകൾ പരീക്ഷക്ക് ചോദിക്കും അത് കൊണ്ട് അത് മാത്രം പഠിപ്പിക്കുക. അടിപൊളി. വെറുതെ അല്ല ഗ്രൗണ്ടിൽ പശുവിനെ മേക്കാൻ പോയ ആള് വരെ SSLC പാസാകുന്നത്.

ജെറിനു കുറച്ചു ആഴ്ചകൾ എങ്കിൽ അത്ര അങ്കണവാടിയിൽ പോകാൻ പറ്റി. വേണേൽ അവനു വലുതാകുമ്പോൾ അവൻ്റെ പിള്ളേരോട് പറയാം, ഞാൻ ഇന്ത്യയിലെ അങ്കണവാടിയിൽ പഠിച്ചിട്ടുണ്ട് എന്നൊക്കെ. നാട്ടിലെ വാട്ട്സാപ്പ് കേശവൻമാമന്മാരുടെ ഒരു ട്രെൻഡ് ആണല്ലോ പഴയ ദാരിദ്രം പറഞ്ഞു എന്തോ കേമൻ എന്ന് കാണിക്കൽ. സംഗതി തുറന്നു പറയണമല്ലോ, എൻ്റെ കാലത്തു ഉണ്ടായിരുന്ന അങ്കണവാടി അല്ലാട്ടോ, സംഗതി കളറാണ്. പിള്ളേർക്ക് അവിടേക്ക് പോകാൻ തോന്നും.

ഇക്കൊല്ലം വീണ്ടും ഞാൻ ധന്യയെ ജോലിക്ക് വേണ്ടി പ്രോഗ്രാമിങ് പഠിപ്പിക്കുന്ന പണി ഏറ്റെടുത്തിരുന്നു. ഞങ്ങൾ പ്രോഗ്രാമ്മർമാർ ചെയ്യുന്ന ഏറ്റവും റിസ്കുള്ള പണിയാണ് ജീവിതപങ്കാളിയെ പ്രോഗ്രാമിങ് പഠിപ്പിക്കുന്ന എന്നത്. സംഗതി വലിയ തട്ടുകേടില്ലാതെ ചീറ്റിപോയതുകൊണ്ട് രക്ഷപ്പെട്ടു.

ഈ വാർഷിക പോസ്റ്റ് എഴുതുന്ന പരിപാടിയുടെ രീതി ഒന്ന് മാറ്റാൻ ആലോചനയുണ്ട്. എല്ലാ കൊല്ലവും എഴുതുന്നതിനു പകരം അഞ്ചു കൊല്ലങ്ങൾ കൂടുമ്പോൾ ആയാലോ?  

ഏറ്റവും പുതിയ വാർത്ത എന്താണെന്നു വെച്ചാൽ ഇവിടെ അമേരിക്കയിൽ ഒരു വീട് വാങ്ങാനുള്ള പ്ലാൻ ഉണ്ട്. എത്രയെന്നു വെച്ചിട്ടാണ് ഇവിടെ ഒറ്റ ബെഡ് റൂം അപ്പാർട്മെന്റിൽ താമസിക്കുക. എന്തെങ്കിലും വാങ്ങിക്കേണ്ട കാര്യം പറയുമ്പോൾ പിള്ളേർ ഇങ്ങോട്ട് പറഞ്ഞുതുടങ്ങി, നമ്മുടെ വീട്ടിൽ സ്ഥലം ഇല്ലല്ലോ അതുകൊണ്ട് വേണ്ട എന്ന്.വീടിൻ്റെ വിശേഷങ്ങൾ അടുത്ത വർഷം. അപ്പോൾ എല്ലാവർക്കും നന്ദി.

2021 സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ഒമ്പതാം വിവാഹവാർഷികം

ഇത്തവണ പെട്ടെന്നാണ് ഈ വാർഷികം വന്നത് എന്ന് തോന്നുന്നു. കോവിഡ് തന്നെ ഇത്തവണയും വില്ലൻ. കഴിഞ്ഞ പ്രാവശ്യം എഴുതുമ്പോൾ കോവിഡ് ആർക്കോ വരുന്ന ഒരു രോഗമായിരുന്നു. ഇത്തവണ അപ്പന് നാട്ടിൽ കോവിഡ് വന്നു സീരിയസ് ആയിരുന്നു, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിരുന്നു. ഇപ്പോൾ  പുള്ളിക്ക് കുഴപ്പമൊന്നും ഇല്ല. വാക്‌സിൻ എടുത്തത് കൊണ്ട് ആയിരിക്കാം. കഴിഞ്ഞ പ്രാവശ്യം പറഞ്ഞപോലെ ഇപ്പോൾ കോവിഡ് പ്രതിരോധിക്കാൻ വലിയ മുൻകരുതലുകൾ ഒന്നുമില്ല. മാസ്ക് വെക്കുന്നുണ്ട് എന്ന് മാത്രം. നാട്ടിലും ഇവിടെയും.

അത് പറഞ്ഞപ്പോഴാണ് ഒരു കാര്യം ധന്യയും, പിള്ളേരും നാട്ടിലാണ്. അവർ പുള്ളിക്കാരിയുടെ അനിയന്റെ കല്യാണം കൂടാൻ പോയിട്ട് ഏറെക്കുറെ അവിടെ കുടുങ്ങി. വിവാഹവാർഷിക ആഘോഷം ഇല്ല. കഴിഞ്ഞ പ്രാവശ്യം എന്തോ ഭയങ്കര സംഭവം ആയി ആഘോഷിച്ചു എന്നല്ല, കേക്ക് മുറി ഇത്തവണ ഇല്ല.

ജോഹനെ അവിടെ സ്കൂളിൽ ചേർത്തി. ഇങ്ങോട്ടു വരാനുള്ള വിസ അപ്പോയ്ന്റ്മെന്റ് കിട്ടിയിരിക്കുന്നത് 2022 ഫെബ്രുവരി മാസത്തിലാണ്. കോവിഡ് തന്നെ വില്ലൻ.കഴിഞ്ഞ പ്രാവശ്യം, അതായത് 2015 അക്കരെയും ഇക്കരെയും ആയപ്പോൾ വിചാരിച്ചതാണ് ഇനി അങ്ങനെ ഉണ്ടാകരുത് എന്ന്. പക്ഷെ കല്യാണം അത് തെറ്റിച്ചു, അനിയത്തിയുടെ കല്യാണം തന്നെ പുള്ളിക്കാരിക്ക് കൂടാൻ പറ്റിയില്ല. ഇത് കേട്ടാൽ തോന്നും എനിക്ക് എന്തെ ഇതൊന്നും കൂടാൻ ആഗ്രഹമില്ലേ എന്ന്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, നിവൃത്തി ഇല്ലാഞ്ഞിട്ട ആണ്. ഇവിടെ നിന്നും നാട്ടിൽ പോയി അവിടെ കുടുങ്ങിയാൽ കമ്പനി ഇവിടെ നിന്നും പേര് വെട്ടി വിടും. പിന്നെ നാട്ടിലെ പണി, അത് ഇവിടെ ക്ലയന്റ് ആയി സംസാരിച്ചു ഇരിക്കുന്ന പോലെയല്ല, രാത്രിയും പകലും പണി വരും. എന്നാൽ ഇവിടെ കിട്ടുന്നത് കിട്ടുകയും ഇല്ല. ഇവിടെ അമേരിക്കയിൽ പണിയെടുത്താൽ നമ്മുടെ ഒരു ലൈഫ് സ്റ്റൈൽ വേറെയാണ്. നൂറിന്റെ ഡോളർ എടുത്തു ചുരുട്ടി വലിക്കുന്നു എന്നല്ല, നമ്മുടെ ആഗ്രഹങ്ങൾ സാധിക്കാൻ പറ്റും. ഉദാഹരണമായി ഒരു ബെൻസ്, BMW കാർ വാങ്ങണം എങ്കിൽ പറ്റും, അതുപോലെ ലോകം ചുറ്റാം, വേണേൽ ഒരു ക്രൂയിസ് കപ്പലിൽ കയറാം. നാട്ടിൽ എങ്ങിനെ ചത്ത് പണിയെടുത്താലും ഇങ്ങനത്തെ ആഗ്രഹങ്ങൾ സാധിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. അത് ഓരോ ആളുകളെ അനുസരിച്ചു മാറാം. എൻ്റെ കാര്യം പറഞ്ഞു എന്ന് മാത്രം.

ബോറടിപ്പിച്ചു. അല്ലെ ഇത് എഴുതിയ എനിക്ക് തന്നെ ബോറടിച്ചു. നാട്ടിൽകുടുങ്ങിയിട്ട് ഒരു ഗുണം ഞാൻ കാണുന്നത് ജോഹന്റെ കാര്യത്തിൽ ആണ്. അവനു ഇപ്പോൾ ഇംഗ്ലീഷ് പഠിക്കുന്നതിന്റെ കൂടെ മലയാളവും, ഹിന്ദിയും പഠിക്കണം. ഞാൻ ഈ എഴുതുന്ന ബ്ലോഗ് ഒക്കെ മലയാളം പഠിച്ചതുകൊണ്ട് ചിലപ്പോൾ ഭാവിയിൽ അവൻ വായിക്കുമായിരിക്കും. അവൻ്റെ ഭാഗത്തു നിന്നും ആലോചിച്ചാൽ ഭയങ്കര കഷ്ടപ്പാടാണ്. എന്തായാലും വേറെ വഴിയില്ല ജോഹാ. ഭാവിയിൽ ഇത് നിനക്ക് നല്ലതാണ് എന്ന് ബോധ്യപ്പെടാം. 

ഇതോടു കൂടി എന്തായാലും പേരകുട്ടികളെ താലോലിക്കണം എന്ന രണ്ട് ഭാഗത്തും ഉള്ള അപ്പാപ്പനമ്മാമ്മമാരുടെ ആഗ്രഹം സാധിച്ചു കിട്ടി. രണ്ടു വീടുകളിലും മാറി മാറി നിൽക്കുന്നത് കൊണ്ട് ഒരു കൂട്ടർക്ക് ബോറടിക്കുമ്പോഴേക്കും, അവിടെ നിന്നും പോയിട്ടുണ്ടാകും. ഭാവിയിൽ നിന്നും നോക്കുമ്പോൾ ഞങ്ങൾ എന്തോ പിള്ളേരെ അവരിൽ നിന്നും അകറ്റി, നമ്മുടെ സംസ്കാരം കാണിച്ചു കൊടുത്തില്ല എന്നൊരു വിഷമവും ഉണ്ടാവില്ല.

പിന്നെ ഒരു ഗുണം, കുറച്ചു കാലം മാറി നിന്നാൽ ഒരാൾക്ക് മറ്റേ ആളുടെ വില മനസിലാകും എന്നാണ്. എപ്പോഴും ഒരുമിച്ചു താമസിക്കുമ്പോൾ ഒരു വിലയും ഉണ്ടാവില്ല, അല്ലെങ്കിൽ നമ്മൾ എന്തോ വലിയ രീതിയിൽ ചിന്തിക്കുന്നവർ ആയിരിക്കണം. അതുപോലെ നമ്മൾ ഒരുമിച്ചു ആണെങ്കിൽ അതാണ് നമ്മുടെ ലോകം, ഒരു മാറ്റം വന്നാൽ നമുക്ക് പുറത്തേക്ക് നോക്കാം, നമ്മൾ ജീവിക്കുന്ന പോലെ തന്നെ ആണോ മറ്റുള്ളവരും എന്ന്. അവരുടെ നല്ല വശങ്ങൾ വേണേൽ എടുക്കാം. അതിനിപ്പോൾ അക്കരെയും ഇക്കരെയും നിൽക്കേണ്ട ആവശ്യമില്ല. പുറത്തു കാണുന്നത് ശ്രദ്ധിക്കാൻ സമയം ഉണ്ടായാലും മതി. 

കാലങ്ങളായി ഒരാൾ വേണം എന്നും മറ്റേ ആൾ വേണ്ട എന്നും പറഞ്ഞു  പെൻഡിങ് ആയിരുന്ന മാമ്മോദീസ ജെറിന് കിട്ടി. സത്യം പറഞ്ഞാൽ ഞാൻ വേണ്ട എന്ന് പറഞ്ഞത് കൊണ്ടല്ല, നടക്കാഞ്ഞത്, നാട്ടിൽ പോകാൻ പറ്റാതിരുന്നത് കൊണ്ടാണ്. എനിക്ക് ശരിക്കും മിസ് ചെയ്ത ഒരു സംഭവം ആയിരുന്നു. എന്തായാലും അത് കഴിഞ്ഞത് കൊണ്ട് എനിക്ക് എൻ്റെ മതം, ദൈവ വിശ്വാസങ്ങൾ വിട്ടത് ബ്ലോഗിൽ ഇടാൻ പറ്റി. മാമ്മോദീസക്ക് മുൻപ് ഞാൻ എന്തെങ്കിലും പറഞ്ഞു അത് ഒരു പ്രശ്നം ആകേണ്ട കാര്യമില്ലല്ലോ. അത് കഴിഞ്ഞപ്പോൾ എന്താ ഒരു ആശ്വാസം.

പിന്നെ അവർ നാട്ടിൽ കുടുങ്ങിയത് കൊണ്ട് എനിക്ക് മാത്രം ഉണ്ടായ മാറ്റം എന്നത് ഞാൻ സോളോ ട്രിപ്പുകൾ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നതാണ്. പണ്ട് അപ്പൻ ഒറ്റക്ക് തിരോന്തരത്തേക്ക് പൊങ്കാല കാണാൻ പോകുമ്പോൾ ഞാൻ ആലോചിക്കും, ഇങ്ങേരിതു എന്താണ് ഒറ്റക്ക് ട്രിപ്പ് പോയിട്ട് എൻജോയ് ചെയ്യുന്നത് എന്ന്. പക്ഷെ ഞാൻ നിവൃത്തി ഇല്ലാഞ്ഞിട്ടു സോളോ ട്രിപ്പുകൾ പോയപ്പോൾ എനിക്കും എന്തോ അത് ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒന്നാമത് നമുക്ക് തോന്നിയപോലെ പ്ലാൻ മാറ്റാം, ആരോടും ചോദിക്കേണ്ട, ഫുഡ് വേണേൽ കഴിച്ചാൽ മതി, അല്ലെങ്കിൽ വഴിയിൽ കിട്ടുന്നത് എന്തും കഴിക്കാം. വഴിയിൽ കണ്ട ആരോടും വർത്താനം പറയാം, അവർ നമ്മളെ കളിയാക്കിയാലും, അല്ലെങ്കിൽ എന്തെങ്കിലും മോശം കാര്യം സംഭവിച്ചാലും നമുക്ക് ചമ്മൽ ഇല്ല. കൂട്ടത്തിൽ പോയി നമ്മൾ ചമ്മിയാൽ, പിന്നെ ജീവിതകാലം മുഴുവൻ അത് കേൾക്കും.

കഴിഞ്ഞ പ്രാവശ്യം നിറുത്തിയപോലെ തന്നെ വലിയ തട്ടുകേടില്ലാതെ ഒരുകൊല്ലം കടന്നു പോകാൻ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടും, വീണ്ടും സഹകരണം അഭ്യർത്ഥിച്ചുകൊണ്ടും നിറുത്തുന്നു.

2020 സെപ്റ്റംബർ 16, ബുധനാഴ്‌ച

എട്ടാം വിവാഹവാർഷികം

വീണ്ടും ഒരു വിവാഹവാർഷികം. ഇത്തവണ എട്ടാമത്തേത്. കോവിഡിനിടയിൽ സമ്പൽസമൃദ്ധമായ ഒരു കൊല്ലം കടന്നു പോയി എന്ന് പറയുന്നതിൽ അർത്ഥമില്ലല്ല. ജോലിപോകാത്തതിന് വേണേൽ സമ്പൽ എന്നു പറയയാം. പക്ഷെ സമൃദ്ധി എന്ന് ഉപയോഗിക്കാൻ പറ്റില്ല.ഏറെക്കുറെ റേഷൻ പോലെയാണ് സാധനങ്ങൾ ഉപയോഗിച്ചത്. 2019 അവസാനം തുടങ്ങിയ ഈ പകർച്ചവ്യാധിക്ക് കൊറോണ, nCov2019, കോവിഡ്-19 എന്നൊക്കെ പേരുകൾ ഉണ്ട്. ഇൻറർനെറ്റിൽ ഹാഷ്ടാഗ് കൂടുമ്പോൾ പേര് മാറ്റുന്നതാണ് എന്നാണ് എനിക്ക് തോന്നിയത്. ഈ പോസ്റ്റിൽ കൂടുതലും കോവിഡ് എന്നാണ് ഉപയോഗിക്കുന്നത്. എന്തായാലും ഞങ്ങൾ അസുഖം വന്നു ബുദ്ധിമുട്ടിയിട്ടില്ല എങ്കിലും അസൗകര്യങ്ങൾ എല്ലാവരെയും പോലെ ഞങ്ങൾക്കും ഉണ്ടായി. ഇതുവരെ വന്നിട്ടിട്ടില്ല, ഇനി വന്നുകൂടായ്കയില്ല, ഞങ്ങളെ മാത്രം ബാധിക്കാതിരിക്കാൻ വൈറസ് അമ്മായിയുടെ മോനൊന്നും അല്ലല്ലോ.

ധന്യയുടെ ചില മാരകതീരുമാനങ്ങൾ ആണോ ഞങ്ങളെ കോവിഡിൽ നിന്നും രക്ഷിച്ചത് എന്ന് ചിലപ്പോൾ തോന്നും ഉദാഹരണമായി വീട്ടിൽ തന്നെയുള്ള പരമ്പരാഗത രീതിയിലുള്ള തുണിയലക്കൽ, മോഡേൺ ആയിട്ടുള്ള ഓൺലൈൻ ഓർഡർ ചെയ്തു പലചരക്ക് സാധനങ്ങൾ വാങ്ങൽ, ബർത്ത് ഡേയ്ക്ക് സ്വന്തമായി കേക്ക് ഉണ്ടാക്കൽ അങ്ങനെ പലതും. ഇവിടെ ഞങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റുകളിൽ വാഷിംഗ് മെഷിങ് ഇല്ല. പൊതുവായി ഒരു സ്ഥലത്തു വച്ചിരിക്കുന്ന, ആർക്ക് വേണമെങ്കിലും പൈസ കൊടുത്തു ഉപയോഗിക്കാവുന്ന മെഷിനുകൾ ആണ് ഉള്ളത്. ഈ രണ്ടു കാര്യങ്ങളിലും എനിക്ക് എതിരഭിപ്രായം ഉണ്ടായിരുന്നു എങ്കിലും സംവാദങ്ങളിലൂടെ പരിഹരിക്കാൻ സാധിച്ചു എന്നതാണ് കാര്യം. ഈ 'സംവാദം' എന്നത് ഒരു ഗുമ്മിനു പറഞ്ഞതാണ്, സംഗതി ഏറെക്കുറെ നാടൻ രീതിയിൽ തന്നെയായിരുന്നു. കേൾക്കുമ്പോൾ തോന്നും ഇങ്ങനെയൊക്കെ മുൻകരുതൽ എടുത്ത ഞങ്ങൾക്ക് മാത്രം വന്നില്ല, ബാക്കി എല്ലാവർക്കും വന്നെന്ന്. അങ്ങനെയൊന്നും ഇല്ല. ഈ കാലമത്രയും കറങ്ങി നടന്നു, ഇതുവരെ  രോഗം  വരാത്തവരും ഉണ്ട്.

ഇക്കൊല്ലം നാട്ടിലേക്ക് പോകണം എന്ന് വിചാരിച്ചതാണ്, പക്ഷെ കോവിഡ് എല്ലാം മാറ്റി മറിച്ചു. ഇനി അടുത്ത കൊല്ലം സ്കൂൾ വെക്കേഷന് നോക്കണം. ചില സിനിമകളിൽ കാണുന്നപോലെ നല്ലകാലത്തു നമുക്ക് നമ്മുടെ സുഹൃത്തുക്കളെ മനസിലാക്കാൻ പറ്റില്ല. അതിനൊരു കഷ്ടകാലം വരണം. അതുപോലെ തന്നെയാണ് പങ്കാളിയും. അങ്ങനെ നോക്കുമ്പോൾ കോവിഡ് നല്ലതിന് ആയിരുന്നു.

ഈ പങ്കാളി എന്ന് പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർമ്മ വന്നത്. ശരിക്കും ഈ ഭാര്യ എന്ന വാക്കിനേക്കാളും നല്ലത് ലൈഫ് പാർട്ണർ അഥവാ ജീവിതപങ്കാളി എന്ന പദമാണ് എന്ന് തോന്നുന്നു. ഉദാഹരണമായി കാലത്തു പത്തു മണിയായിട്ടും എഴുന്നേറ്റിട്ടില്ല എങ്കിൽ ഭാര്യയാണ് ഈ കിടക്കുന്നത്  എന്നു വിചാരിച്ചാൽ ഒരു ചവിട്ട് വെച്ച് കൊടുക്കാൻ തോന്നും. പക്ഷെ പങ്കാളി എന്ന് വിചാരിച്ചാൽ, ഓ പോട്ടെ പാവം ക്ഷീണിച്ചു കിടക്കുകയാണ് എന്നേ വിചാരിക്കൂ. അതുപോലെ തന്നെ സമയത്തു ഭക്ഷണം ആയിട്ടില്ല എങ്കിലും ചായ കിട്ടുന്നില്ല എങ്കിലും, വീട് അടിച്ചു വരാതെ കിടക്കുകയാണെങ്കിലും ഭാര്യ എന്ന് വിചാരിക്കുന്നതിലും നല്ലത് പങ്കാളി എന്ന് വിചാരിക്കുന്നതാണ്. പങ്കാളി എന്ന് പറയുമ്പോൾ അവർക്ക് ഒരു വ്യക്തിത്വം ഉണ്ട് എന്ന് നമുക്ക് തോന്നും. പക്ഷെ ഭാര്യ എന്ന് പറയുമ്പോൾ, നമ്മുടെയും മക്കളുടെയും കാര്യങ്ങൾ നോക്കാനുള്ള ഒരടിമ എന്നാണ് തോന്നുക. ഇതത്ര എളുപ്പമുള്ള കാര്യമല്ല. ഈ ഭാര്യയെ ജീവിത പങ്കാളിയായി കാണുക എന്ന് പറയുന്നത് മൊത്തത്തിലുള്ള സാമൂഹ്യസാഹചര്യത്തിൽ ഇല്ലാത്തതായതുകൊണ്ടും, ചെറുപ്പം മുതലേ കണ്ടു വരാത്തതുകൊണ്ടും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 

ജോഹനും ജെറിനും മിടുക്കരായി പോകുന്നു. കോവിഡ് ആയതുകൊണ്ട് വീട്ടിലിരുന്നുള്ള പഠിപ്പ് ധന്യക്ക് നല്ല പണിയാണ്. കണ്ണടച്ച് തുറക്കുന്നത് പോലെയാണ് ഈ പിള്ളേരുടെ കാര്യം. അപ്പൻ എന്നോട് പറഞ്ഞത് ഓർമയുണ്ട്. പുള്ളിക്ക് എന്നെ സ്കൂളിൽ ചേർത്തതും, കോളേജിൽ ചേർത്തതും, ജോലി അന്വേഷിക്കാൻ ചെന്നെയിൽ കൊണ്ടാക്കിയതും മാത്രമേ ഓർമ്മയൊള്ളോ. കാലം എങ്ങിനെ പോകുന്നു എന്ന് ഒരു പിടിയും കിട്ടുന്നില്ല. ജോഹാനെ ആദ്യം പ്രീ സ്കൂളിൽ വിട്ടത് ഓർമ്മയുണ്ട്. ഇപ്പൊ ഡേ ഒന്നാം ക്ലാസിലായി. ഇനി കോളേജിൽ ചേർക്കുന്നത് ആയിരിക്കും അടുത്ത സ്റ്റോപ്പ്. പിന്നെ പിന്നെ എന്ന് വച്ചിരിക്കുന്ന കാര്യങ്ങൾ ഓരോന്നായി ചെയ്തു തുടങ്ങണം. അല്ലെങ്കിൽ പിന്നെ എപ്പോൾ ചെയ്യാനാണ്? കാര്യങ്ങൾ എന്നത്, കുറെ യാത്രകൾ, ബുക്കുകൾ, കമ്പ്യൂട്ടർ പ്രോഗ്രാമുകൾ അങ്ങനെ പലതും.

ഇപ്പോൾ കോവിഡ് ഏറെക്കുറെ കഴിഞ്ഞത് കൊണ്ട്, ഇത്തവണ കേക്ക് കടയിൽ നിന്നും വാങ്ങിക്കാൻ ആണ് തീരുമാനം. ആഘോഷങ്ങൾ വളരെ സിമ്പിൾ, കേക്ക് മുറിക്കുന്നു, കടയിൽ നിന്നും വാങ്ങിയ ഫുഡ് കഴിക്കുന്നു.

അങ്ങനെ വലിയ തട്ടുകേടില്ലാതെ ഒരുകൊല്ലം കടന്നു പോകാൻ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടും, വീണ്ടും സഹകരണം അഭ്യർത്ഥിച്ചുകൊണ്ടും നിറുത്തുന്നു.

2019 സെപ്റ്റംബർ 16, തിങ്കളാഴ്‌ച

ഏഴാം വിഹാഹ വാർഷികം

വീണ്ടും ഒരു കൊല്ലം കൂടി കടന്നുപോയി. നല്ല ഒരു കൊല്ലം കൂടി ഉണ്ടാകാൻ സഹായിച്ച എല്ലാവർക്കും നന്ദി. പ്രത്യേകിച്ച്, എതിരഭിപ്രായമുള്ള കാര്യങ്ങളിൽ ചർച്ചയിലൂടെ ഒരു തീരുമാനത്തിൽ എത്താൻ സഹായിച്ച ധന്യയോട്.

പണ്ടത്തെ ആളുകളെ നമിക്കണം. എട്ടും പത്തും പിള്ളേരെ പുല്ലുപോലെയല്ലേ വളർത്തികൊണ്ടിരുന്നത്. ഇവിടെ അമേരിക്കയിൽ തൊപ്പി വച്ച യൂദന്മാരെ കാണാം ആറും ഏഴും പിള്ളേരെ സിമ്പിൾ ആയി പാർക്കിലും ഒക്കെ കൊണ്ട് നടക്കുന്നത്. ഒന്നിനെ സ്‌ട്രോളറിലും വേറെ ഒന്നിനെ വയറ്റിലും ഇട്ടിട്ടുണ്ടാകും. ഇവിടെ ഞങ്ങൾക്ക് രണ്ടു പേര് ആയിട്ട്, ഞങ്ങളെ ഇടം വലം തിരിയാതെ പൂട്ടിയിട്ടിരിക്കുകയാ ഞങ്ങടെ മ്വാൻ അല്ല മ്വക്കൽ. ഒന്ന് അങ്ങോടോ ഇങ്ങോടോ തിരിഞ്ഞാൽ എന്തെങ്കിലും സംഭവിക്കും. ഈ കൊല്ലം ജോഹൻ കിൻഡർ ഗാർഡനിൽ, രണ്ടു നേരവും പോകുന്നതുകൊണ്ട് ധന്യക്ക് കുറച്ചു ആശ്വാസം കിട്ടും. പിന്നെ ആകെയുള്ള ഒരു ആശ്വാസം എന്ന് പറയുന്നത് ഫ്രീ ആയി 2 ഹെൽപ്പർമാരെ കിട്ടി എന്നതാണ്. നമ്മൾ എന്തെങ്കിലും ചെയ്യാൻ പോകുന്നു എന്ന് തോന്നിയാൽ, വെറുതെ സ്ക്രൂ ഡ്രൈവർ എടുത്താൽ തന്നെ, രണ്ടു പേരും നമ്മളെ സഹായിക്കാനായി ഉണ്ടാകും.

ജോഹന് കുറുമ്പ് ചെയ്യാൻ കുറച്ചു ഒരു പേടി ഉണ്ടായിരുന്നു. എവിടെ നിന്നെങ്കിലും വീഴുമെന്ന് തോന്നിയാലോ, ഒരിക്കൽ വീണാലോ പിന്നെ അവിടെ രണ്ടാമത് പോയി പണി വാങ്ങിക്കില്ല. അതുപോലെ കടയിൽ ഒക്കെ പോയാൽ ഞങ്ങളുടെ അടുത്ത് നിന്ന് മാറില്ല. പക്ഷെ രണ്ടാമത്തേതിൽ അത് ഒക്കെ മാറിക്കിട്ടി. എവിടെനിന്നു വേണമെങ്കിലും വീണോളും.  പിന്നെയും പിന്നെയും അതെന്നെ ചെയ്യും. കടയിൽ പോയി കുറച്ചു നേരം കഴിഞ്ഞു ഒരു ഇറക്കമുണ്ട്. പിന്നെ ആ കട മൊത്തം കണ്ടിട്ടേ തിരിച്ചു വരൂ. ഞങ്ങൾ ആരെങ്കിലും കൂടെ ഉണ്ടായാലും ഇല്ലെങ്കിലും.
കേൾക്കുമ്പോൾ തോന്നും ജോഹൻ വളരെ ഡീസന്റ് ആയി ഞങ്ങളെ ബുദ്ധിമുട്ടിക്കാതെ ഇരിക്കുകയാണെന്നു. പുള്ളിക്ക് ഇപ്പോൾ അറിയേണ്ടത് "റീപ്രൊഡക്ടിവ് ബയോളജി" ആണ്. ഒരു ഇന്ത്യൻ സാഹചര്യത്തിൽ നിന്നും വന്ന ഞങ്ങൾ മാതാപിതാക്കൾക്ക് താങ്ങാൻ കഴിയാവുന്നതിലും അപ്പുറമുള്ള മ്യാരക ചോദ്യങ്ങൾ. എങ്ങിനെ ബേബി ഉണ്ടാകുന്നു? അപ്പന്റെ വയറ്റിൽ എന്താ ബേബി ഉണ്ടാകാത്തത്? അപ്പന്റെ വയറ്റിൽ ബേബി ഉണ്ടാവില്ല എങ്കിൽ  ജോഹൻ വലുതാകുമ്പോൾ ജോഹന് ഉണ്ടാവില്ലല്ലോ. അപ്പോൾ നമുക്ക് ബേബി വേണമെങ്കിൽ അമ്മയുടെ വയറ്റിൽ നിന്ന്  ഒരു ഗേൾ ബേബിയെ കൂടി വേണം. ഗേൾ ബേബിക്ക് പിന്നെയും ബേബിമാർ ഉണ്ടാകുമല്ലോ. എന്തെങ്കിലും ഒന്നിന് ഉത്തരം കൊടുത്താൽ വേറെ നൂറ് ചോദ്യങ്ങൾ വരും. മോഡേൺ ആയി ചിന്തിക്കുമ്പോൾ തോന്നും ഇതൊക്കെ പറഞ്ഞു കൊടുക്കേണ്ടതല്ലേ എന്നു. ആണ്. ഞാൻ ഇത് മുൻപേ പ്രതീക്ഷിച്ചിരുന്നതാണ്. തയ്യാറെടുപ്പുകളും നടത്തിയിരുന്നു. പക്ഷെ ചോദ്യം വരുമ്പോൾ എനിക്കെന്തോ ഫോൺ വന്നു ഞാൻ അതെടുക്കാൻ പോകും. പാവം ധന്യ. പിന്നെ അമേരിക്ക ആയതുകൊണ്ട് നമ്മൾ പറഞ്ഞില്ലെങ്കിലും സ്കൂളിൽ പറഞ്ഞു കൊടുക്കും.

കഴിഞ്ഞ കൊല്ലം എടുത്ത മ്യാരക തീരുമാനങ്ങൾ ഇനി പറയാം.

ജെറിന്റെ മാമ്മോദീസ നടത്താം. കേട്ടാൽ തോന്നും ഇത് എന്ത് മ്യാരക തീരുമാനം ആണെന്ന്. ജനിച്ചാൽ നടത്തേണ്ട ഒന്നല്ലേ മാമ്മോദീസ? ചർച്ചക്ക്  എന്ത് പ്രസക്തി. പക്ഷെ "മാമ്മോദീസ - ഇടയിലെ ലേഖനം" എന്ന് ഞാൻ ഒരു പോസ്റ്റിട്ടു എൻ്റെ നയം വ്യക്തമാക്കിയപ്പോൾ, ചർച്ച ചെയ്തു തീരുമാനം എടുക്കേണ്ട ഒന്നായി അത് മാറി. വെറുതെ അതിൻ്റെ പുറത്തു ഒരു സംശയം വേണ്ട, സംഗതി നടത്തുണ്ട്.

കല്യാണം കഴിഞ്ഞപ്പോൾ മുതലുള്ള ഒരു പ്രതീക്ഷയായിരുന്നു ധന്യ PhD ഇന്നെടുക്കും നാളെയെടുക്കും എന്നത്. അത് ഒരുമാതിരി മങ്ങി തുടങ്ങിയപ്പോൾ തോന്നി പുള്ളിക്കാരിയുടെ പപ്പയുടെ കുറെ കാശു മുടക്കി പഠിച്ചതല്ലേ, എന്തെങ്കിലും ജോലിക്ക് പോകുമായിരിക്കും. അത് മാത്രമല്ല രണ്ടു പേര് ജോലിക്ക് പോയാൽ കുറച്ചു നേരത്തെ റിട്ടയർ ചെയ്യാം. അതുപോലെ രണ്ടു പേരും ജോലിക്ക് പോയാൽ രണ്ടാൾക്കും തുല്യ പദവി അനുഭവപ്പെടും. അല്ലെങ്കിൽ എന്തെങ്കിലും വാങ്ങിക്കാനോ, ചെയ്യാനോ  ഒക്കെ ഒരാൾമറ്റേയാളുടെ അനുവാദം ചോദിക്കേണ്ടി വരും. ചർച്ച ചെയ്തു എന്തെങ്കിലും തീരുമാനം എടുക്കുന്നതുപോലെയല്ല അനുവാദം വാങ്ങിക്കൽ. മൊത്തത്തിൽ ഒരു പഴയ മോഡൽ, നമ്മുടെ പഴയ അമ്മാമ്മമാരുടെ വാതിലിനു പുറകിൽ നിന്നുള്ള "അതേ ഒന്നിങ്ങോട്ടു വരൂന്നേ" വിളിയുടെ പോലെയാകും.
പക്ഷെ എന്തൊക്കെയാണെങ്കിലുംഎന്തൊക്കെ മോഡേൺ ജീവിതരീതികൾ പറഞ്ഞിട്ടും, സംഗതി ധന്യ ജോലിക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചു. മോഡേൺ ജീവിതരീതി എന്ന് പറഞ്ഞാൽ ഒന്നുകിൽ കൊച്ചിനെ ഡേ കെയറിൽ ആക്കണം. അല്ലെങ്കിൽ "വർക്ക് ഫ്രം ഹോം" ചെയ്യണം. കുറച്ചു ടെക്നോളജി ഉപയോഗിച്ച് വീട്ടിൽ ചെയ്യുന്ന കാര്യങ്ങളായ കുക്കിംഗ്, ക്ലീനിങ് ഒക്കെ സ്പീഡ് ആക്കേണ്ടി വരും.അങ്ങനെ ജീവിക്കുമ്പോൾ സമ്പൂർണ ഓർഗാനിക് ആയി നെല്ല് വിതച്ചു അരിയുണ്ടാക്കി ഫുഡ് ഉണ്ടാക്കാൻ ഒന്നും പറ്റില്ല. പക്ഷെ അവസാനം, നരസിംഹത്തിൽ മോഹൻ ലാൽ പറയുന്നപോലെ "വെള്ളമടിച്ചു കോൺ തിരിഞ്ഞു പാതിരാക്ക് വീട്ടിൽ വന്നു കേറുമ്പോ ചെരുപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും, തുലാവര്ഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും, എൻ്റെ കുഞ്ഞുങ്ങളെ പെറ്റ് പോറ്റാനും , ഒടുവിൽ ഒരുനാൾ വടിയായി തെക്കേപ്പറമ്പിലെ പുളിയൻ മാവിന്റെ വിറകിനടിയിൽ എരിഞ്ഞു തീരുമ്പോ നെഞ്ചു തല്ലി കരയാനും എനിക്കൊരു പെണ്ണിനെ" കിട്ടി. ഇനിയിപ്പോൾ പിന്നെ PhD യുടെ കാര്യം പറയാനില്ലല്ലോ. ഇപ്പോഴാണ് മനസിലായത് പണ്ടുള്ളവർ എന്തുകൊണ്ടാണ് പെമ്പിള്ളേരെ പഠിക്കാൻ ഒന്നും വിടാതെ പത്തു പതിനെട്ട് വയസായപ്പോൾ പിടിച്ചു കെട്ടിച്ചു വിട്ടിരുന്നതെന്ന്. വെറുതെ അവരെ സംശയിച്ചു. എല്ലാ പെണ്ണുങ്ങളും ഇങ്ങനെയല്ല എന്നറിയാം. സ്ത്രീവിരുദ്ധത പറഞ്ഞു ആരും വരരുത് പ്ളീസ്. എന്തായാലും രാവും പകലും ഓവർ ടൈമും ഒക്കെ ജോലിയെടുത്തു പെൺപിള്ളേരെ പഠിപ്പിക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാകട്ടെ.

കഴിഞ്ഞ വിവാഹവാർഷിക പോസ്റ്റ് വായിച്ചവർക്ക് ഏറെക്കുറെ പിടികിട്ടിക്കാനും മൊത്തത്തിൽ ഒരു ചായ്‌വ് ഇവിടെത്തന്നെ ഗ്രീൻ കാർഡ് എടുത്തു കൂടാനാണ് എന്ന്. അതിനെ പറ്റി ഞാൻ ഘോരഘോരം റിസർച്ച് നടത്തി. അമേരിക്ക എത്ര കാലം ഇതുപോലെ നിൽക്കും? ഇന്ത്യ വികസിക്കുന്നത് കൊണ്ട് അവിടെ സോഫ്റ്റ്‌വെയർ എന്തെങ്കിലും സാധ്യത ഉണ്ടോ?  നാട്ടിൽ വന്നു ഒരു കല്യാണം കഴിഞ്ഞു 2 കുട്ടികളുള്ള പെണ്ണ് കാലത്തു 10 മണി പോട്ടെ 9 മണിവരെ കിടന്നുറങ്ങിയാൽ എന്തൊക്കെ സംഭവിക്കും? ചോറും കറിയും ഒന്നും ഇല്ലാതെ ബ്രെഡും ജാമും വെച്ച് എത്രകാലം ജീവിക്കാൻ പറ്റും? നാട്ടിൽ ഒരാണ് മുറ്റമടിക്കുകയും, വീട് അടിച്ചു വാരുകയും ചെയ്യുമ്പോളുള്ള പ്രതികരണങ്ങൾ, കുട്ടികളെ ഏറ്റവും കൂടിയ ഫീസ് വാങ്ങിക്കുന്ന സ്‌കൂളിൽ വിടാതെ ഒരുവിധം നന്നായി ഓടുന്ന സർക്കാർ സ്‌കൂളിൽ വിട്ടാലുള്ള പ്രശ്നങ്ങൾ, ഏതു സ്കൂളിൽ വിട്ടാലും "റീപ്രൊഡക്ടിവ് ബയോളജി" കുട്ടി എങ്ങിനെ പഠിക്കും, പഴയപോലെ ടീച്ചർമാർ ആ പാഠഭാഗം വരുമ്പോൾ ബീപ്പ് വെച്ച് വിടുമോ, അങ്ങനെയെങ്കിൽ കുട്ടി തെറ്റായ കാര്യങ്ങൾ കൂട്ടുകാരുടെ അടുത്തുനിന്നു അല്ലെങ്കിൽ , നാട്ടിലെ ഗുരുക്കന്മാരുടെ അടുത്ത് നിന്നോ പഠിച്ചു വഴി തെറ്റില്ല, പള്ളിയിൽ പോയില്ലെങ്കിലുള്ള, വിശ്വാസിയാകാതെ ജീവിക്കാനുള്ള പ്രശ്‍നങ്ങൾ അപ്പൻ പോകാത്തതുകൊണ്ട് നന്നായി അറിയാം. അങ്ങനെ പലതും. അങ്ങനെ റിസർച്ച് നടത്തി അമേരിക്കയിൽ ഗ്രീൻകാർഡ്(GC ) കിട്ടി കൂടുന്നതാണല്ലോ, നാട്ടിൽ പോകുന്നതിനേക്കാൾ നല്ലതാണല്ലോ, നാട്ടിൽ പോയിട്ട് പിന്നെ തിരിച്ചു വരുന്നതിനേക്കാൾ നല്ലതാണല്ലോ എന്ന് ധന്യയോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജിൽ വരുന്ന വാർത്തകളുടെ തലക്കെട്ട് പോലെ ഞെട്ടിക്കുന്നതായിരുന്നു.

"ഗ്രീൻകാർഡ് കിട്ടിയാൽ ഇവിടെ കൂടാം, അല്ലെങ്കിൽ നാട്ടിൽ പോണമല്ലോ"

ഇതിനാണ് ഞാൻ റിസേർച്ചിയത്. സംഗതി അങ്ങനെ ഒരു തീരുമാനമായി.

കുറേകാലമായി മുടങ്ങികിടന്നിരുന്ന ഒരു ചടങ്ങാണ് നാട്ടിൽ പോകുക എന്നത്. ജെറിനെ ഒരു മിനിറ്റ് കടയിൽ കാണാതായാൽ ഞങ്ങൾക്ക്  ഉണ്ടാകുന്ന ഒരു അവസ്ഥ പോലെയല്ല എങ്കിലും ഞങ്ങളെ 5 കൊല്ലങ്ങൾ ആയി കാണാതെ നാട്ടിലുള്ളവർക്ക് എങ്ങിനെയായിരിക്കും എന്ന് ഊഹിക്കാം. വിസയുടെയും, തിരിച്ചു വരാൻ പറ്റുമോ എന്നുള്ള സംശയങ്ങളുടെയും പേരിലാണ് പോകാതിരുന്നത്. ഇപ്പോൾ എന്തായാലും കുറച്ചു ധൈര്യത്തിൽ അടുത്ത ഏപ്രിൽ മാസത്തിൽ പോകാൻ തന്നെ തീരുമാനിച്ചു.

2018 സെപ്റ്റംബർ 16, ഞായറാഴ്‌ച

ആറാം വിവാഹവാർഷികം

 ആദ്യമേ തന്നെ നല്ല ആറു കൊല്ലങ്ങൾ ഉണ്ടാകാൻ സഹായിച്ച ധന്യക്കും, ജോഹനും, പുതിയ ചങ്ങാതി ജെറിനും ഞങ്ങളുടെ വീട്ടുകാർക്കും കേരള ഫയർ ഫോഴ്സിനും ജോയ് ആൻഡ് സൺസിന്റെ പേരിലും എൻ്റെ വ്യക്തിപരമായ പേരിലും ഞാൻ നന്ദി രേഖപ്പെടുത്തികൊള്ളുന്നു. ഇപ്പോൾ എന്താണെന്നു അറിയില്ല, ഇപ്പോൾ  ദൈവത്തിനു നന്ദി പറഞ്ഞു അധികം പുള്ളിയെ ബുദ്ധിമുട്ടിക്കാറില്ല. എന്തായാലും ഫയർ ഫോഴ്സിന് പറഞ്ഞല്ലോ.കേരളത്തിലെ വെള്ളപ്പൊക്കം കണ്ടു കഴിഞ്ഞപ്പോൾ പ്രത്യേകിച്ച്.

ഈ അമേരിക്കക്കാർ അധികം കുട്ടികളെ ഉണ്ടാക്കാത്തത് എന്താണെന്നു ഇപ്പോൾ മനസിലായി. ഒന്ന് ലേബർ റൂമിൽ അല്ല സിസേറിയൻ പ്രസവത്തിനു തീയേറ്ററിൽ കയറിയതേയുള്ളു. സായിപ്പന്മാർ പണ്ട് മുതലേ പ്രസവത്തിനു ലേബർ റൂമിൽ കയറാറുണ്ട്. സത്യം പറഞ്ഞാൽ ഒരിക്കൽ ഒന്ന് കയറി കണ്ടുകഴിഞ്ഞാൽ, മനുഷ്യത്വം ഉള്ളവർ ആരും പിന്നെ ഭാര്യക്ക് ഒരു പണി കൊടുക്കില്ല. ചോരക്കളിയാണ്. നാട്ടിലെ ഷാഫിചേട്ടൻ പോത്തിനെ അറക്കുന്നപോലെയല്ലേ ഇട്ടു മുറിക്കുന്നത്.
ശരിക്കു പറഞ്ഞാൽ നാട്ടിൽ കുടുംബാസൂത്രണം എന്ന് പറഞ്ഞു വെറുതെ പൈസ കളയുന്നതിനു പകരം ഗര്ഭത്തിന് ഉത്തരവാദികളായ രണ്ടു പേരെയും ലേബർ റൂമിൽ കയറ്റണം എന്ന് ഒരു നിയമം ഉണ്ടാക്കിയാൽ മതി. എന്റമ്മോ ഇപ്പോഴും ഓർക്കാൻ പറ്റുന്നില്ല...

ധന്യയുടെ മമ്മി തക്കസമയത് ഇവിടെ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് നന്നായി ഉറങ്ങാൻ പറ്റി. ഒരു സ്പെഷ്യൽ നന്ദി മമ്മിക്കും മമ്മിക്ക് ഇവിടെ വരാൻ സാധിപ്പിച്ച എല്ലാവർക്കും.

ജെറിൻ അങ്ങനെ അമേരിക്കക്കാരൻ ആയി. അതുവഴി ഞങ്ങൾ ഇന്റർനാഷണൽ ഫാമിലിയും. ആശാൻ ആദ്യം അത്രക്ക് ഭാരം ഉണ്ടായില്ലെങ്കിലും, പിന്നെ പാരമ്പര്യമായി കിട്ടുന്നതോ എന്തോ വിശപ്പിന്റെ അസുഖം വന്നതുകൊണ്ട് ഇപ്പോൾ നല്ല തക്കുടു ആയിട്ടിരിക്കുന്നു. പിന്നെ എടുത്തു പറയേണ്ട കാര്യം നാട്ടിൽ ശാസ്ത്രീയമായ (ഗൗളി ശാസ്ത്രം പോലെ, സയൻസ് അല്ലാട്ട ) കണ്ണ് തട്ടാതിരിക്കാൻ ചെയ്യുന്ന കുട്ടികളെ വികൃതമാക്കൽ പരിപാടി അമേരിക്കയിൽ ബാധകം അല്ലാത്തതുകൊണ്ട് കാണാനും നല്ല ചന്ദമാണ്. നാട്ടിൽ എങ്ങാനും ആയിരുന്നെങ്കിൽ മുഖത്ത് കരി തേച്ചു, വീടുപണിയുന്ന സ്ഥലത്തു വയ്ക്കുന്ന ബൊമ്മയുടെ പോലെ ആക്കിയേനെ.

പിന്നെ അമേരിക്കയിൽ ആയതുകൊണ്ട് ധന്യക്കും പ്രസവാനന്തരം നടക്കുന്ന 'അമ്മച്ചിയാക്കൽ' ചടങ്ങിൽ നിന്നും മോചനം കിട്ടി. ഞാൻ തക്കസമയത് ഇടപെട്ടിട്ടുപോലും എന്തൊക്കെയോ ലേഹ്യങ്ങളും ഒക്കെ കഴിക്കേണ്ടി വന്നു. പണ്ട് പട്ടിണിയുടെ കാലത്തു സ്ത്രീകൾക്ക് സാധാരണ ദിവസങ്ങളിൽ അത്യാവശ്യത്തിനു പോലും പോഷണം ഉള്ള ഭക്ഷണം കിട്ടാൻ  സാധ്യതയില്ല അതുകൊണ്ട് പ്രസവത്തോടു ചേർത്ത് എന്തെങ്കിലും കൊഴുപ്പും ഒക്കെ അടങ്ങിയ ഭക്ഷണം സമൃദ്ധമായി കൊടുക്കുന്നത് മനസിലാക്കാം. പക്ഷെ സമൃദ്ധമായി ഭക്ഷണം കിട്ടുന്ന ഈ കാലത്തും എന്തിനാണാവോ അതെ കലാപരിപാടി? അത് കഴിക്കാണ്ടാണോ എന്തോ ധന്യയെ കണ്ടാൽ ഇപ്പോഴും കുറച്ചു വെള്ളിവരകൾ വീണതൊഴിച്ചാൽ, പഴയത് പോലെത്തന്നെയുണ്ട്. ബാക്കിയുള്ള അമ്മച്ചീസ് ആൻഡ് ആന്റിമാർക്ക് അവരുടെ കൂട്ടത്തിലേക്ക് കൂട്ടാൻ ഇതുവരെ പറ്റിയിട്ടില്ല. അതിൻ്റെ ഒരു വിഷമം അവർക്ക് ഉണ്ടെന്നാണ് മനസിലാകുന്നത്.

ധന്യക്കും മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് തോന്നുന്നു. പണ്ട് 'എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ' എന്ന മട്ടിൽ നിന്നും സ്വന്തമായി കാര്യങ്ങൾ ചെയ്തു തുടങ്ങി. അമേരിക്കയിൽ വന്നതുകൊണ്ടാണോ അതോ എല്ലാവരും ഇങ്ങനെയാകുമോ എന്തോ? ഒളിംപിക്സിന് പോകാറായിട്ടില്ലെങ്കിലും, നീന്തൽ പഠിച്ചു. ജിമ്മിൽ പോകുന്നു. ജോഹനെ സ്‌കൂളിൽ കാറോടിച്ചു കൊണ്ട് പോകുന്നു. ഇക്കൊല്ലം പോകുമ്പോൾ രണ്ടാളെയും കൊണ്ട് പോകണം. H4 EAD എന്ന വർക്ക് പെർമിറ്റ് ഇക്കൊല്ലം കിട്ടിയാൽ ഒരു ജ്വാലിക്ക് പോകാൻ  തോന്നുമായിരിക്കുമായിരിക്കാനും ഇല്ലാതിരിക്കാനും ഉള്ള  സാധ്യത വരെയുണ്ട്.

ജോഹൻ ഒരു വര്ഷം സ്‌കൂളിൽ പൂർത്തിയാക്കി, ഇടക്ക് പോകാൻ മടി ഉണ്ടായിരുന്നെങ്കിലും. വിചാരിച്ചപോലെ അങ്ങോട്ട് കട്ട ഇംഗ്ലീഷ് ആയിട്ടില്ല. ഇപ്പോഴും ഞങ്ങൾക്ക് മനസിലാകുന്ന ഇംഗ്ലീഷ് ആണ് പറയുന്നത്. ഇക്കൊല്ലം കഴിഞ്ഞാൽ ഞങ്ങൾക്ക് മിക്കവാറും ആംഗ്യഭാഷ പഠിക്കേണ്ടി വരും. ജെറിനും കൂടി വർത്താനം പറഞ്ഞുതുടങ്ങി കഴിഞ്ഞാൽ ഇവിടെയുള്ള പല ഇന്ത്യൻ ഫാമിലിയിലെയും പോലെ പിള്ളേർ തമ്മിൽ തമ്മിൽ സംസാരിക്കുമ്പോൾ  Wow.. എന്ന് മാത്രമേ നമുക്ക് പറയാൻ പറ്റു എന്ന് തോന്നുന്നു. ഇവിടെത്തെ സ്‌കൂൾ പരിപാടി അത്യാവശ്യം കോമൺ സെൻസ് ഉണ്ടാക്കുന്നതു ആയതുകൊണ്ട്, ഞങ്ങളുടെ ചെറുപ്പത്തിലേ കാണാപ്പാഠം  പോലെയാവില്ല  ജോഹന്റെ ചെറുപ്പം. എന്തെങ്കിലും പഠിച്ചാൽ അത് പഠിച്ചപോലെ ഇരിക്കും എന്ന് തോന്നുന്നു. അതിനെ പറ്റി കൂടുതൽ എന്തെങ്കിലും പറയാൻ ആയിട്ടുണ്ടോ എന്നറിയില്ല.

അതിന്റെ കൂട്ടത്തിൽ പറയേണ്ട ഒന്നാണ് ഇന്ത്യയിലേക്കുള്ള മടക്കം. എന്റെ അറിവിൽ രണ്ടേ രണ്ടു പേരാണ് ശരിക്കും സ്വന്തം തീരുമാനപ്രകാരം അമേരിക്കയിൽ നല്ല നിലയിൽ നിൽക്കുമ്പോൾ മടങ്ങിയിട്ടുള്ളത്. രണ്ടു പേരും ഗ്രീൻകാർഡും ഒക്കെ വാങ്ങി അഞ്ചാറ് തലമുറകൾക്ക് ജീവിക്കാനുള്ളത് ഉണ്ടാക്കി ഒരുമാതിരി റിട്ടയർ ആവാൻ തീരുമാനിച്ചവർ. പിന്നെ ഒക്കെ ഇവിടെത്തന്നെ. ഇവിടത്തെ ഒരു ജീവിതരീതി കുറച്ചു കാലം പിന്തുടർന്നാൽ പിന്നെ തിരികെ പോകൽ ഒരു ദുഃസ്വപ്നം പോലെയാണ്, ജോലി പോയി തിരികെ വരുന്നത് ഒഴിച്ചാൽ.

ഒരു ഉദാഹരണം പറയുകയാണെങ്കിൽ, നമ്മളുടെ കാർ ചെറുതായി മറ്റൊരു കാറിൽ മുട്ടി എന്ന് കരുതുക. നാട്ടിൽ ആണെങ്കിൽ കൈയൂക്കുള്ളവൻ, അല്ലെങ്കിൽ നാട്ടുകാർ വട്ടം കൂടി അവർ ആരുടെ ഭാഗത്താണോ ചേരുന്നത് അവനു കുഴപ്പമില്ല. നമ്മൾ മര്യാദക്ക് വണ്ടി ഓടിച്ചിരുന്നെങ്കിലും നമുക്ക് നമ്മുടെ ഭാഗം പറയാൻ പോലും അവസരം കിട്ടി എന്ന് വരില്ല. പോലീസ് എന്ന് പറയുന്നത് പേടി സ്വപ്നം മാത്രം. അവർ പറയുന്ന പൈസ കൊടുത്തു തലയൂരണം. ഇനി കട്ടക്ക് നിന്ന് പോലീസ് കേസ് ആക്കിയാൽ തന്നെ അതിനു പുറകെ നടക്കണം. ഓഫീസിൽ പോകാൻ പറ്റി എന്ന് വരില്ല.മൊത്തത്തിൽ നഷ്ടക്കച്ചവടം. പക്ഷെ ഇവിടെ മൂന്ന് അപകടം ഇതുവരെ കഴിഞ്ഞു. ഒരു ദിവസം പോലും, ലീവ് എടുക്കാതെ അതിനെ കാര്യങ്ങൾ ഒക്കെ നടന്നു.

നാട്ടിൽ ആയിരുന്നെങ്കിൽ ധന്യക്ക് ഒരിക്കലും നീന്തൽ പഠിക്കാൻ പറ്റുമായിരുന്നു എന്ന് തോന്നുന്നില്ല. പെണ്ണുങ്ങളെ മാത്രം പഠിപ്പിക്കുന്ന നീന്തൽ കുളങ്ങൾ നാട്ടിൽ ഇല്ല എന്നല്ല അതുപോലെ വീട്ടിൽ സ്വിമ്മിങ് പൂള് പണിയാൻ പറ്റില്ല എന്നല്ല, സാധാരണക്കാർക്ക് അപ്രാപ്യമാണ്. ഇവിടെ എല്ലാവരും ഒരേ സ്വിമ്മിങ് പൂളിൽ. കമന്റടിയില്ല, ഇല്ല, ഒളിഞ്ഞു നോട്ടം ഇല്ല.

അതുപോലെ ആശുപത്രി, നാട്ടിൽ എന്തെങ്കിലും ആവശ്യത്തിന് പോയാൽ തിരിച്ചു വരുമ്പോൾ കിഡ്‌നി ഉണ്ടെങ്കിൽ നന്ന്. പൈസ മുഴുവൻ അടക്കാതെ അവിടെ നിന്നും ഇറങ്ങാൻ പറ്റില്ല. ഇവിടെ ആശുപത്രിയിൽ പോയാൽ കാര്യങ്ങൾ നല്ലതുപോലെ നടക്കും എന്നൊരു ഉറപ്പുണ്ട്. അതുപോലെ 3-4 ദിവസങ്ങൾ ആശുപത്രിയിൽ പ്രസവത്തിനു കിടന്നിട്ടു ചുമ്മാ അങ്ങ് ഇറങ്ങി പോരുകയായിരുന്നു. നാട്ടിലെ പൈസ വച്ച് നോക്കിയാൽ കട്ടക്ക് ബിൽ പിന്നെ അവർ അയച്ചുതന്നു അത് വേറെ കാര്യം. പക്ഷെ സാലറിയുമായി തട്ടിച്ചു നോക്കുമ്പോൾ അത് നാട്ടിലെ അത്രക്ക് നട്ടെല്ലിന് അടിക്കുന്ന അടിപോലെയല്ല. ഇല്ല. നാട്ടിൽ അത്യാവശ്യം നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ (അതായത് കൊച്ചിന് കിട്ടും എന്ന് ഉറപ്പുള്ള) പോയി സിസേറിയൻ നടത്തിയാൽ ചുരുങ്ങിയത് 50000 -75000 ആകുന്നെന്നാണ് അതൊന്നുന്നത്. അത് ഒരിക്കലും സാധാരണക്കാരന് ഒരു മാസത്തെ ശമ്പളം കൊണ്ട് അടക്കാൻ പറ്റില്ല. പക്ഷെ ഇവിടെ ഇതേ കാര്യത്തിന് ഇവിടത്തെ ഏറ്റവും കുറവ് ശമ്പളം വാങ്ങുന്നവന് ഒരു മാസത്തെ ശമ്പളം കൊണ്ട് അടയ്ക്കാം.

ഇപ്പോൾ തോന്നാം ഇവനെന്താടാ പിറന്ന നാടിനെ കുറ്റം പറയുകയാണോ എന്ന്? ഇത് എനിക്ക് തോന്നിയ ചില കാര്യങ്ങൾ മാത്രം. ഇതുവരെ അമേരിക്കയിൽ സ്ഥിരതാമസം ആക്കണം എന്ന് കട്ടക്ക് ഒരു തീരുമാനം ആയിട്ടില്ല. പക്ഷെ ഇതുവരെ കണ്ടിടത്തോളം, നമ്മൾ കട്ടക്ക് പണിയെടുക്കുകയാണെങ്കിൽ, നമ്മൾ വേറെ ആരുടേയും ദേഹത്ത് കയറിയില്ലെങ്കിൽ, ആരും നമ്മുടെ ദേഹത്ത് കയറാൻ വരാതെ നന്നായി ജീവിക്കാവുന്ന ഒരു സ്ഥലം ആണെന്ന് മാത്രം.

2017 സെപ്റ്റംബർ 16, ശനിയാഴ്‌ച

അഞ്ചാം വിവാഹവാർഷികം

കഴിഞ്ഞ തവണ പകച്ചു പോയവര്‍, പക്ഷെ ആ ഒഴിഞ്ഞ കസേരയില്‍ ഇരിക്കാനുള്ള ആളെ തീരുമാനിച്ചു. എല്ലാം ശരിയായി നടന്നാല്‍ പുതിയ  ആള്‍ ജനുവരി 25നു പുറത്തുവരും. ഇത് കഴിഞ്ഞ തവണ നിറുത്തിയ സ്ഥലത്ത് നിന്ന് ഒരു ഇപ്പോള്‍ ഒരു തുടര്‍ച്ച ആയില്ലേ. പണ്ട് മനോരമയില്‍ നോവല്‍ വായിക്കുന്നതുപോലെയാണല്ലോ മുന്‍പ് നിറുത്തിയത്.

ബാക്കി എഴുതുന്നതിനു മുന്‍പ് സന്തോഷകരമായ ഒരു കൊല്ലം തന്നതിനു നന്ദി നന്ദി നന്ദി. ധന്യയോടും ബാക്കി എല്ലാവരോടും. ജോഹനും ഇരിക്കട്ടെ. അവന്‍ വലുതായി വരുമ്പോള്‍ അവന്‍ എത്ര ഡീസന്റ് ആയിരുന്നു എന്ന് അവന്‍ അറിയേണ്ടേ. കാരണം നമ്മള്‍ സാധാരണ പ്രതീക്ഷിക്കുന്ന കുറുമ്പുകള്‍ ഒന്നും ആശാന്‍ കാട്ടാറില്ല. എവിടെയെങ്കിലും ശ്രദ്ധയില്ലാതെ വലിഞ്ഞു കയറി വീഴുകയോ അതുപോലെ എന്തെങ്കിലും നശിപ്പിക്കുകയോ ചെയ്യാറില്ല. അതുപോലെ അത് വേണം ഇത് വേണം എന്ന് പറഞ്ഞു വാശി പിടിക്കാറും ഇല്ല. കടയില്‍ കൊണ്ടുപോയാല്‍ കളിപ്പാട്ടങ്ങള്‍ ഒക്കെ എടുത്തു നോക്കി അവിടെ തന്നെ വെക്കുന്നത് കാണുമ്പൊള്‍ കണ്ണ് നിറഞ്ഞു പോകും. ജോഹന്‍ ആണ് അങ്ങ് വലുതായി. പ്രീസ്കൂളില്‍ പോയി തുടങ്ങി. എന്നെ ആദ്യം സ്കൂളില്‍ വിട്ടതും കരഞ്ഞതും ഇന്നലെ കഴിഞ്ഞതുപോലെ. ജോഹന്‍ എന്തായാലും കരഞ്ഞു ബഹളം വച്ചില്ല. സ്കൂളില്‍ പോകാന്‍ ആശാന് ഭയങ്കര ഇഷ്ടമാണ്. അതുകാരണം ധന്യ കാര്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ പുതിയ സ്ഥലങ്ങള്‍ കണ്ടു പിടിച്ചു അവിടേക്ക് കാറില്‍ മാപ്പ് നോക്കി ഒറ്റയ്ക്ക് പോകാന്‍ തുടങ്ങി.

കഴിഞ്ഞ കൊല്ലം രണ്ടാളും അല്ല ജോഹനും ചേര്‍ത്ത് മൂന്നാളും ഒരു കരയില്‍ ആയിരുന്നു. തണുപ്പിലും ചൂടിലും ഒരുമിച്ചു തന്നെ. പിന്നെ മേയ് മാസത്തില്‍ അമ്മ വന്നപ്പോള്‍ അമ്മയും. അപ്പനും അമ്മയും ഒരുമിച്ചു വരാന്‍ പറ്റിയിരുന്നെങ്കില്‍ കുറച്ചു കൂടെ നന്നായേനെ. ഇനിയിപ്പോള്‍ ധന്യയുടെ മമ്മിയെ കൊണ്ട് വരണം. പുതിയ ആള്‍ വരുന്നതുകൊണ്ട് ഇവിടെ സ്ഥലങ്ങള്‍ കാണിക്കാന്‍ കൊണ്ട് പോകാന്‍ പറ്റുമോ എന്നറിയില്ല. പക്ഷെ ന്യൂ യോര്‍ക്ക് കാണിക്കാതെ വിടാന്‍ പറ്റില്ല. ഇവിടെ അമേരിക്കയിലുള്ള ആളുകള്‍ പ്രസവിച്ചു ചോരയുണങ്ങാത്ത കുട്ടികളെ കൊണ്ട് കടയിലേക്കും, വിനോദസഞ്ചാരത്തിനും പോകുന്നത് കാണാം. അതുപോലെ പ്രസവരക്ഷ എന്ന് പറഞ്ഞു കട്ടക്ക് നെയ്‌ അടങ്ങിയത് ഒന്നും കഴിക്കുന്നതും കാണാനില്ല.. പക്ഷെ ഇന്ത്യക്കാര്‍ക്ക് അത് അങ്ങ് ദഹിക്കില്ല. കൊച്ചിന് കണ്ണ് തട്ടല്‍ അത് ഇല്ലാതിരിക്കാന്‍ മുഖത്ത് കരി വാരിതേച്ചു കൊമാളിയാക്കല്‍, 24 കെട്ടല്‍, പ്രസവിച്ച ആളെ രക്ഷിച്ചെടുത്ത്‌ തടിച്ചു കൊഴുപ്പിക്കള്‍ ഒക്കെ വേണം.

പുതിയ ആളുടെ പേര് തീരുമാനിച്ചിട്ടില്ല. അമേരിക്കയില്‍ കൊച്ച് ആണാണോ പെണ്ണാണോ എന്ന് പ്രസവത്തിനു മുന്‍പ് അറിയാന്‍ പറ്റും എന്നറിയുന്നത് കൊണ്ടോ എന്തോ ഇത്തവണ അധികം പ്രവചനങ്ങള്‍ ഇല്ല. അതോ ഇനി ധന്യയെ കാണാത്തത് കൊണ്ടാണോ ആവോ. ജോഹനെ പ്രസവിച്ചപ്പോള്‍ എന്താണ് നടന്നത് എന്ന് സിനിമയില്‍ കാണുന്ന പോലെയേ എനിക്ക് തോന്നിയുള്ളൂ. ധന്യയുടെ അനിയന്‍ ജോഫി കൊച്ചു ആണാണ് എന്ന് അറിയിച്ചു. പക്ഷെ ഇത്തവണ ഞാന്‍ ഇവിടെ അമേരിക്കയില്‍ ചിലതൊക്കെ അറിയും. ലേബര്‍ റൂമില്‍ കയറണം എന്നൊക്കെയുണ്ട്. 

2016 സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

നാലാം വിവാഹവാർഷികം

അങ്ങനെ കല്യാണം എന്ന മഹാസംഭവം കഴിഞ്ഞിട്ട് 4 കൊല്ലങ്ങള്‍ ആയി.ഇപ്പ്രാവശ്യം നമ്മള്‍ ചെറുതായിട്ടെങ്കിലും ആഘോഷിക്കും.

കഴിഞ്ഞ ഒരു കൊല്ലം അക്കരെയും ഇക്കരെയും ആയിട്ടായിരുന്നു കടന്നു പോയത്. മഞ്ഞു കാലത്ത് ധന്യയും മോനും നാട്ടിലായിരുന്നു. മേയ് മാസത്തിലാണ് വന്നത്. അങ്ങനെ എനിക്ക് ആദ്യം ആയി പേയിംഗ് ഗസ്റ്റ് ആയിട്ട് താമസിക്കുന്ന അനുഭവം കിട്ടി. മുന്‍പ് വീടിനു പുറത്തു കുറെ താമസിച്ചിട്ടുണ്ട്ഒ എങ്കിലും പേയിംഗ് ഗസ്റ്റ് ആയി താമസിച്ചിട്ടില്ല.

എന്തെങ്കിലും മിസ്സ്‌ ആയോ എന്ന് ചോദിച്ചാല്‍ ആയി. ജോഹന്‍ കളിച്ചു വളരുന്നത്, അവന്‍റെ ആദ്യത്തെ കാലടികള്‍, വാക്കുകള്‍, ധന്യയുടെ പാചകം അങ്ങനെ പലതും. എന്തെങ്കിലും കിട്ടിയോ എന്നുചോദിച്ചാല്‍ കിട്ടി. ധന്യക്ക് ഒരു കോഴ്സ് ചെയ്യാന്‍ പറ്റി, ജോഹന് കുറച്ചു വലിയ വീട്ടിലും, പറമ്പിലും ഓടിക്കളിക്കാന്‍ പറ്റി.അമേരിക്കയില്‍ ഫ്ലാറ്റില്‍ അവനു ഓടാന്‍ പോയിട്ട് ഞങ്ങളെ മുട്ടാതെ നടക്കാനുള്ള സ്ഥലമില്ല.  വീട്ടുകാര്‍ക്ക് (ധന്യയുടെയും എന്റെയും)അവരുടെ ആദ്യത്തെ പേരക്കിടാവിന്റെ കുസൃതികള്‍ കാണാന്‍ പറ്റി, എനിക്ക് ജോലി സംബന്ധമായ കുറച്ചുകൂടി കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി, അതുവഴി ഒരു പുതിയ കുറച്ചുകൂടി സാലറി കിട്ടുന്ന ജോലിയും.

സംഗതി എന്തായാലും സുഖത്തിലും ദുഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും,സമ്പത്തിലും ദാരിദ്രത്തിലും നമ്മള്‍ ഒരുമിച്ചു നില്‍ക്കും എന്ന് കല്യാണസമയത്ത് പള്ളിയില്‍ വച്ച്എ എടുത്ത പ്രതിജ്ഞയില്‍ ഒരു കണ്ടിഷന്‍ കൂടി ചേര്‍ത്തു, തണുപ്പിലും ചൂടിലും.

6 കൊല്ലങ്ങള്‍ ആയി വര്‍ക്ക്‌ ചെയ്ത കമ്പനി മാറാനുള്ള തീരുമാനം എടുത്തപ്പോള്‍ ധന്യ തന്ന സപ്പോര്‍ട്ട് അത് ഒരു ഒന്നൊന്നര സപ്പോര്‍ട്ട് തന്നെയായിരുന്നു. കുറച്ചധികം വര്‍ഷങ്ങള്‍ ആയതുകൊണ്ട് രാജാവായി ഇരിക്കുന്ന കമ്പനി ആണ്. അവര്‍ ഗ്രീന്‍ കാര്‍ഡ്‌ എടുക്കാന്‍ സഹായിക്കും. സാലറി (ഒപ്പം പണിയും) സമയത്ത് തരും. എവിടെനിന്നെങ്കിലും ഒക്കെയായി അവിടെ പണിയുണ്ടാകും. പുതിയ സ്ഥലത്ത് എന്താകും എന്ന് ഒരു ഉറപ്പും ഇല്ല. ഗ്രീന്‍ കാര്‍ഡ്‌ എടുക്കാന്‍ അവര്‍ സഹായിക്കും എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും തരാം തരംതിരിക്കാം. തന്നില്ലെങ്കില്‍ 6 വര്‍ഷത്തിനു ശേഷം തിരിച്ചു നാട്ടിലേക്ക് പോകേണ്ടി വരും. സാലറി സമയത്ത് തരാതിരിക്കാം. അതുപോലെ എപ്പോഴും പണി ഉണ്ടായിരിക്കും എന്ന് യാതൊരു ഉറപ്പുമില്ല. അങ്ങനെ അത്യാവശ്യം നല്ല റിസ്ക്‌ എടുക്കേണ്ട ഒരു തീരുമാനം സിമ്പിള്‍ ആയി എടുക്കാന്‍ പറ്റിയത് ധന്യയുടെ സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് മാത്രമാണ്.

എനിക്ക് തോന്നുന്നത് എല്ലാവരും പറയുന്നപോലെ ഇപ്പോഴത്തെ കുട്ടികള്‍ ബുദ്ധിപരമായും, അതുപോലെ മറ്റുള്ളവരോട് ഇടപെടാനും പണ്ടത്തെ കുട്ടികളെക്കാള്‍ മിടുക്കരാണ് എന്നാണ്. കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഭയങ്കര ഒരു കഴിവാണ്. പറ്റില്ല എന്ന് നമുക്ക് പറയാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ കൊണ്ട് ചെന്നെത്തിക്കും. ഒരു ദിവസം ജോഹന്‍ ഞങ്ങളുടെ ഡൈനിങ്ങ്‌ ടേബിളിന്റെ 4 കസേരകള്‍ എടുത്തു നിരത്തിയിട്ടു. ഞങ്ങളെ ഇരുത്തി അതിനു ശേഷം അവനും ഇരുന്നു. എന്നിട്ട് ഒരു ചോദ്യം. ഒഴിഞ്ഞു കിടക്കുന്ന കസേരയില്‍ ആര് ഇരിക്കുമെന്ന്? പകച്ചുപോയ്‌ ഞങ്ങളുടെ പിതൃത്വവും മാതൃത്വവും.



2015 സെപ്റ്റംബർ 16, ബുധനാഴ്‌ച

മൂന്നാം വിവാഹവാർഷികം

അങ്ങനെ വിജയകരമായി 3 കൊല്ലങ്ങൾ കഴിഞ്ഞു. ആദ്യത്തെ നന്ദി ധന്യക്ക് തന്നെ. പിന്നെ എന്നോടും. ചുമ്മാതിനല്ല  2 കൊല്ലം കൊണ്ട് തീർക്കേണ്ട MBA ഞാൻ 5 കൊല്ലം കൊണ്ട് പഠിച്ചത്.

ഈ കൊല്ലം കുറച്ചു കാലം അക്കരെ ഇക്കരെ ആയിരുന്നെങ്കിലും പിന്നത്തെ പകുതി അമേരിക്കയിൽ ഒരുമിച്ച് ആയിരുന്നു. അമേരിക്ക മുഴുവൻ കാണിക്കാൻ പറ്റിയില്ലെങ്കിലും ന്യൂ യോർക്കും, ന്യൂ ജേഴ്സിയിലും ഉള്ള കുറച്ചു സ്ഥലങ്ങൾ കാണിച്ചു.

തണുപ്പിനു മുന്പ് ധന്യക്കും,ജോഹനും വീണ്ടും നാട്ടിൽ പോകാനുള്ള ഒരു പ്ലാൻ ഉണ്ട്.സെപ്റ്റംബർ അവസാനം പോയി ഏപ്രിൽ ആദ്യം തിരിച്ചു വരാവുന്ന പോലെ. അങ്ങനെ വന്നാൽ എനിക്ക് വീണ്ടും ഒരു വിവാഹിത ബാച്ചിലർ ലൈഫ് കിട്ടും. കഴിഞ്ഞ ബാച്ചിലർ ലൈഫ് കഴിഞ്ഞപ്പോഴാണ് കൊളസ്ട്രോൾ കിട്ടിയത്.

സാധാരണ പറയും, ഭാര്യയെ ഭർത്താവ ഡ്രൈവിംഗ് പഠിപ്പിച്ചാൽ ആകെ പ്രശ്നമാകും, കുടുമ്പവഴക്കാകും എന്ന്. ഞാൻ ധന്യയെ ഡ്രൈവിംഗ് പഠിപ്പിച്ചപ്പോൾ പ്രശ്നമൊന്നും കണ്ടില്ല. പാർക്കിംഗ് ഏരിയയിൽ നന്നായി കാർ ഓടിക്കുന്നുണ്ട്. പുറത്തേക്ക് ഇതുവരെ പോയിട്ടില്ല. ഇപ്പോൾ ധന്യ അമേരിക്കൻ ഡ്രൈവിംഗ് ലൈസെൻസ് എടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഞങ്ങൾ ഒരുമിച്ച് ചെയ്ത ഒരു വെബ്‌ സൈറ്റും ഇക്കൊല്ലം പുറത്തിറക്കി. ചുമ്മാ ഒരു ഓണ്‍ലൈൻ പ്രാർത്ഥന പുസ്തകം. ജോഹൻ നാട്ടിൽ നിന്നും കൊണ്ട് വന്ന പ്രാർത്ഥന പുസ്തകം  കീറിയപ്പോൾ വേറെ വഴി ഇല്ലാതെ ചെയ്തു തീർത്തതാണ്. പിന്നെ കൊള്ളാം എന്ന് തോന്നി.

ജോഹൻ ആളു വലുതായിക്കൊണ്ടിരിക്കുന്നു. അത്യാവശ്യം കുറുമ്പ് കൈയ്യിൽ ഉണ്ട്. അമേരിക്കയിൽ വന്നിട്ട് കാർ സീറ്റിൽ ഇരിക്കാനാണ് വിഷമം. സാധാരണ കുട്ടികൾ മുട്ടിൽ ഇഴയുന്നത്‌ പോലെയല്ല ആശാന്റെ ഇഴച്ചിൽ. കൈ കൊണ്ട് കുത്തി കാൽ വലിച്ചു വെച്ചാണ്‌ നീങ്ങുന്നത്. ആദ്യം കണ്ടപ്പോൾ പേടിച്ചു പോയെങ്കിലും അമ്മ ചെറുപ്പത്തിൽ അങ്ങനെ ആയിരുന്നു എന്നറിഞ്ഞപ്പോൾ സമാധാനമായി. ഇപ്പോൾ ശരിക്കും നടക്കുന്നു. അത്യാവശ്യം വാക്കുകൾ അമ്മ, അപ്പൻ, റ്റാറ്റ, കാക്ക, മീമി എന്നൊക്കെ പറയുന്നുണ്ട്. വിശപ്പിന്റെ അസുഖം ഒഴിച്ചാൽ വേറെ ഇടയ്ക്കിടെ കാര്യമായി അസുഖങ്ങൾ  വരാറില്ല.

ഇതുവരെ വാർഷികം എങ്ങിനെ ആഘോഷിക്കണം എന്ന് തീരുമാനിച്ചിട്ടില്ല. ശരിക്കും പറഞ്ഞാൽ ഗ്രിഗോറിയൻ കലണ്ടർ വച്ച് നോക്കുമ്പോഴാണ് ഇന്ന് വാർഷികം അതും ഇന്ത്യയിൽ ആദ്യം ദിവസം ആകും അവർ വിഷ് ചെയ്യുമ്പോൾ ഇവിടെ അമേരിക്കയിൽ ആ ദിവസം ആയിട്ടുണ്ടാകില്ല. ഗ്രിഗോറിയൻ അല്ലാത്ത വേറെ കലണ്ടർ വച്ച് നോക്കിയാൽ വേറെ ദിവസമായിരിക്കാം. ഇനി വർഷം എന്നൊരു സംഗതി ഇല്ലാത്ത കലണ്ടർ ആയിരുന്നെങ്കിലോ? ആ...എന്തായാലും എന്തെങ്കിലും ചെയ്യണം.

എന്തായാലും ഞങ്ങളെ രണ്ട് പേരെയും ഒരുമിപ്പിച്ച എല്ലാവരോടും, ആലോചന കൊണ്ട് വന്ന  ബ്രോക്കർ ചേട്ടനോടും, രണ്ട് കൂട്ടരും അന്വേഷിച്ചപ്പോൾ നല്ലത് പറഞ്ഞ ബന്ധുക്കളോടും, സുഹൃത്തുക്കളോടും, അതുപോലെ ഇപ്പോഴും പിന്തുണയ്ക്കുന്ന വീട്ടുകാരോടും, എല്ലാവരോടും ഒരായിരം നന്ദി...

ഒളിച്ചോടി കല്യാണം കഴിക്കുന്ന ,പ്ലാനിടുന്ന ധൈര്യശാലികളോടു ഒരു വാക്ക്. ഒരു കൊച്ചുണ്ടായിക്കഴിഞ്ഞാൽ അപ്പാപ്പനും, അമ്മാമ്മയും ഒന്നും ഇല്ലാതെ ഒറ്റയ്ക്ക് നോക്കിവളർത്തുക എന്നത് എട്ടിന്റെ പണി തന്നെയാണ്.

അടുത്ത ടിപ്പ്, എങ്ങിനെ കല്യാണം കഴിക്കുന്നവർ ആണെങ്കിലും ആണുങ്ങൾ നമ്മൾ കുറച്ചു പാചകം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

രണ്ടാം വിവാഹവാര്‍ഷികം

അങ്ങനെ രണ്ടാമത്തെ കൊല്ലവും കഴിഞ്ഞു. കഴിഞ്ഞ തവണ എന്തൊക്കെ ജാഡയായിരുന്നു. കേക്ക് മുറിക്കുന്നു. അത് അങ്ങോടും ഇങ്ങോടും കൊടുക്കുന്നു.  ഇപ്പ്രാവശ്യം സ്കൈപ്പ് വഴി "Happy Wedding Anniversary" എന്നു അങ്ങോടും "Same to you" എന്ന്‍ ഇങ്ങോടും മാത്രം. അപ്പോഴത്തേക്കും ജോഹന്‍ കരഞ്ഞു.

ബൈ തേ ബൈ ഇത്തവണ ഒരാള്‍ക്കൂടി ഞങ്ങളോടുകൂടിയുണ്ട്. ഞങ്ങളുടെ ആദ്യത്തെ സന്താനം ജോഹന്‍. ഇപ്പോള്‍ 4 മാസം പ്രായം. ആശാന്‍ വളരെ ഉഷാറാണ്. ധന്യക്കിട്ട് എട്ടിന്‍റെ പണി കൊടുക്കുന്നുണ്ട്. ഞാന്‍ അവിടെയില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു.

അത് പറഞ്ഞപ്പോഴാണ് എന്‍റെ കാര്യം എനിക്കു ഓര്‍മ്മ വന്നത്. ഞാന്‍ ഇപ്പോള്‍ അമേരിക്കയിലും ധന്യയും മോനും നാട്ടിലും ആണ്. വിസ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഉണ്ടായിരുന്നെങ്കിലും കമ്മറ്റിയുടെ തീരുമാനം അന്തിമമാണ് എന്നു പറയുമ്പോലെ കമ്പനിയുടെ അന്തിമമായ തീരുമാനം വന്നപ്പോള്‍ വൈകി. അങ്ങനെ വൈകി വൈകി ധന്യയുടെ പ്രസവത്തിന്റെ ഡേറ്റിനോട് അടുത്താണ് എനിക്കു പോകേണ്ട ടികെറ്റ് വന്നത്. 2013 ഒക്ടോബറില്‍ തന്നെ വരാന്‍ പറ്റിയിരുന്നെങ്കില്‍ ജോഹന്‍ അമേരിക്കക്കാരന്‍ ആയേനെ. അങ്ങനെ എന്‍റെ മോനേ ഇന്‍ഡ്യക്കാരന്‍ ആയി ജനിക്കാന്‍ സഹായിച്ച കമ്പനിയോടുള്ള നന്ദി ഇവിടെ എടുത്തുപറയേണ്ടതാണ്.

പ്രേമിച്ചു ഒളിച്ചോടി കല്യാണം കഴിക്കാത്തതുകൊണ്ട് പ്രസവസമയത്ത് ഓടിനടക്കാന്‍ വീട്ടുകാരും ബന്ധുക്കാരും ഉണ്ടായി. പ്രസവം എന്നു പറഞ്ഞാല്‍ വല്ലാത്തൊരു സംഭവം തന്നെ. എസ്‌എസ്‌എല്‍‌സി റിസല്‍റ്റ് പോലും ഇന്ന സമയത്ത് വരും എന്നൊരു ഉറപ്പുണ്ട്. പക്ഷേ ഇത് സമയം ഒരു പിടിയും ഇല്ല.  അതുപോലെ ജോഹന്‍ രാത്രി കിടന്ന്‍ കരയുമ്പോഴും ഉറക്കം കളയാനും വീട്ടുകാരുണ്ട്.പാവം ധന്യ. മിക്കവാറും രാത്രിയില്‍ ഉറക്കമില്ല.

പക്ഷേ സ്കൈപ്പ് ഉള്ളതുകൊണ്ടു പ്രവാസത്തില്‍ ആണെന്ന ഒരു ഫീലിങ് ഇല്ല. നാട്ടില്‍ BSNL അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് നല്ല കിടിലന്‍ സ്പീഡ് ആണ്. നേര്‍ക്ക് നേര്‍ സംസാരിക്കുന്ന ഒരു പ്രതീതി കിട്ടും. ആദ്യം ദിവസവും 2 നേരം വിളിച്ചിരുന്നതാണ്. ഇപ്പോള്‍ അങ്ങനെ വിളിക്കാന്‍ പറ്റുന്നില്ല. കാരണം കമ്പനി  എനിക്കു അമേരിക്കയിലേക്ക് വന്നപ്പോള്‍ തന്ന അണ്‍ലിമിറ്റഡ് 3G ഉള്ള ഫോണ്‍ അവര്‍ തിരിച്ചു ചോദിച്ചു. സ്വന്തമായി അണ്‍ലിമിറ്റഡ് 3G കണക്ഷന്‍ അമേരിക്കയില്‍ എടുക്കണമെങ്കില്‍ അപ്പന്‍ നാട്ടില്‍ നിന്നും കാഷ് അയച്ചുതരേണ്ടിവരും എന്നുള്ളതുകൊണ്ട് അത് വേണ്ടെന്ന്‍ വച്ചു. പിന്നെ ധന്യയും ബിസി ആയി.. അങ്ങനെ ഫ്ലാറ്റില്‍ ഉള്ള ബ്രോഡ് ബാന്‍ഡ്കൊണ്ട് അമേരിക്കയില്‍ നിന്നു ദിവസവും  രാത്രി മാത്രം വിളി.

ജോഹനെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും, ഒന്ന്‍ എടുത്തിട്ടില്ലെങ്കിലും ഒന്നും മിസ്സ് ആകുന്നതായി ഇതുവരെ ഫീല്‍ ചെയ്തിട്ടില്ല. കാരണം അവന്‍റെ ഓരോ കാര്യങ്ങളും ഞാന്‍ ദിവസേന കാണുന്നുണ്ട്. ആദ്യമായി ചിരിച്ചതും,ശബ്ദം ഉണ്ടാക്കിയതും, കഴുത്ത് ഉറച്ചതും, അവന്‍റെ കൈ അവന്‍ തന്നെ അനക്കി അല്ലെങ്കില്‍ കറക്കി അത് നോക്കി അവന് കൈ അനക്കാം എന്നു അവന് തന്നെ മനസിലാക്കുന്നതും ഒക്കെ കണ്ടു. ഇനി കമിഴ്ന്നു തുടങ്ങും, നിലത്തു നീന്തും അങ്ങനെ പലതും കാണാന്‍ പറ്റും. മാര്‍ച്ചില്‍ നാട്ടില്‍ പോകുമ്പോള്‍ എന്നെ മാമോദീസ മുക്കി ക്രിസ്ത്യാനി ആക്കിയതുപോലെ, മാമ്മോദീസ മുക്കി അവനെയും ക്രിസ്ത്യാനി ആക്കണം. വലുതാകുമ്പോള്‍ അവന് എന്നാ വേണമെങ്കിലും കാണിച്ചോട്ടെ......നമ്മളെക്കൊണ്ട് പറ്റിയത് അവന്‍റെ സ്വപ്നങ്ങള്‍ നേടാന്‍ അവനെ സഹായിക്കുക മാത്രം...

ധന്യയെ നേരിട്ടു കാണാത്തതുകൊണ്ട് അങ്ങനെ കാര്യമായി പിണക്കങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇത് കേള്‍ക്കുമ്പോള്‍ മുന്പ് ദിവസവും പിണക്കമായിരുന്നു എന്നു വിചാരിക്കരുത്. ഒരു ഓളത്തിന് അങ്ങനെ എഴുതി എന്നു മാത്രം. വിവാഹവാര്‍ഷികം ആയിട്ട് സമ്മാനമൊന്നും കൊടുത്തില്ല.  അത് ആവശ്യമില്ലാത്ത ഓരോ ഫോര്‍മാലിറ്റി അല്ലേ? വിവാഹവാര്‍ഷികത്തിന് മാത്രമാണോ ഭാര്യ ഭര്‍ത്താവിനെയും ,ഭര്‍ത്താവ് ഭാര്യയെയും ഓര്‍ക്കേണ്ടത്? അങ്ങനെ നോക്കുമ്പോള്‍ ശരിക്ക് അങ്ങനെ കൊടുക്കേണ്ട കാര്യമുണ്ടോ? ആ..

2013 സെപ്റ്റംബർ 16, തിങ്കളാഴ്‌ച

ഒന്നാം വിവാഹവാര്‍ഷികം

അങ്ങനെ വിവാഹശേഷമുള്ള ഒരു വര്‍ഷം വളരെ വിജയകരമായി മാതൃകാപരമായി പൂര്‍ത്തിയാക്കി എന്നൊന്നും ഞാന്‍ പറയുന്നില്ല. എന്നാലും സാധാരണപോലെ നന്നായി നടന്നു. അല്ലെങ്കില്‍ അഹങ്കാരമാകും. താന്‍പാതി ദൈവം പാതി എന്നാണല്ലോ. നമ്മള്‍ നമ്മുടെ പാതി ചെയ്തപ്പോള്‍ പുള്ളിക്കാരനും അങ്ങേരുടെ പാതി ചെയ്തുകാണും. അങ്ങനെ നോക്കുമ്പോള്‍  പുള്ളിക്കാരനോടാണ് ആദ്യമായി നന്ദി പറയേണ്ടത്. പിന്നെ നമ്മള്‍ നമ്മുടെ പാതി ചെയ്തു എന്നു പറയുമ്പോള്‍ ഞാന്‍ ഒറ്റക്കല്ലല്ലോ ആ പാതി ചെയ്യുന്നത് ധന്യയും കൂടിയാണ്. അങ്ങനെ അവള്‍ക്കും നന്ദി. എന്നാലും പോരാ ഇനിയും നന്ദി പറയേണ്ട കുറെ ആളുകളുണ്ട്. എന്‍റെയും അവളുടെയും വീട്ടുകാര്‍, ബന്ധുക്കള്‍ , കൂട്ടുകാര്‍, നാട്ടുകാര്‍ അങ്ങനെ എല്ലാവര്‍ക്കും നന്ദി.

സാധാരണ ഞാന്‍ കണ്ടിട്ടുള്ളതു, കല്യാണത്തിന് ശേഷം ആദ്യത്തെ ഒരു ചേഞ്ച് വരുന്നത് ഹണിമൂണ്‍ കഴിയുന്നതോടെയാണ്. ഹണിമൂണ്‍ കാലത്ത് മുത്തേ,ചക്കരേ എന്നു വിളിച്ചുനടന്ന ,ആകാശത്തിലെ നക്ഷത്രങ്ങളെ വാങ്ങിതന്നിരുന്ന ,എപ്പോഴും കൂടെയുള്ള തമാശ പറയുന്ന ചേട്ടന്‍,   ജോലിക്കു പോയിതുടങ്ങിയത്തോടുകൂടി സ്വഭാവം മാറുന്നു. ഭര്‍ത്താവിനെ പറഞ്ഞിട്ടു കാര്യമില്ല. ഹണിമൂണ്‍ കാലം പോലെ എല്ലാക്കാലത്തും പറ്റുമോ? വീട്ടില്‍ അരി വാങ്ങേണ്ടേ? ഞങ്ങള്‍ പക്ഷേ ഹണിമൂണ്‍ പോകാത്തതുകൊണ്ട് ഇങ്ങനെ ഒരു പ്രശ്നമേ ഉണ്ടായില്ല. അല്ലെങ്കിലും എന്തിനാ ഒരു ട്രിപ്പ് പോകുന്നതിനു ഒരു ലേബല്‍? സാധാരണപോലെ ഒരു ടൂര്‍ അങ്ങ് പോയാപ്പോരേ? ഓഹോ അങ്ങനെയാണോ  എന്നാല്‍ നിങ്ങള്‍ എത്ര ടൂര്‍ പോയി എന്നൊന്നും ആരും ചോദിക്കരുത്. അതെല്ലാം ഞങ്ങളുടെ സ്വകാര്യങ്ങളാണ്.

അടുത്തെ ഒരു ചേഞ്ച് അല്ലെങ്കില്‍ ഒരു ക്ലാഷ് വരുന്ന കാര്യമാണ് കല്യാണത്തിന് ശേഷം കുറച്ചു ദിവസം ഓഫീസില്‍ നിന്നും നേരത്തെ വരുക .സെക്കന്‍ഡ് ഷോയ്ക്ക് കൊണ്ടുപോകുക. പിന്നെ പതുക്കെ പതുക്കെ പഴയപ്പോലെ നേരം വൈകുക എന്നത്. എന്‍റെ കമ്പനി ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ജോലിക്കാര്‍ക്ക് ഉണ്ടാകരുത് എന്ന്‍ ആത്മാര്‍ഥമായിട്ട് ആഗ്രഹിക്കുന്നതുകൊണ്ട് ഒരിക്കല്‍ പോലും എനിക്കു രാത്രി 9 മണിക്ക് മുന്പ് വരാന്‍ കഴിഞ്ഞിട്ടില്ല.

പിന്നെയുള്ള ഒരു കാര്യമാണ് സാമ്പത്തികം. അതിന് ധന്യയോട് എനിക്കു വളരെയധികം നന്ദിയുണ്ട്. കാരണം അതുവാങ്ങണം, ഇത് വാങ്ങണം എന്നൊന്നും കാര്യമായിട്ട് എന്നോടോന്നും പറഞ്ഞിട്ടില്ല. പിന്നെ നമ്മള്‍ എല്ലാം കണ്ടറിഞ്ഞു വാങ്ങിക്കുന്നതുകൊണ്ട് അങ്ങനെ ഒരാവശ്യമില്ല. ഇത്രയെങ്കിലും ഫൈനാന്‍സ് മാനേജ്മെന്‍റ് അറിയില്ലെങ്കില്‍ പിന്നെ,  2 കൊല്ലം കൊണ്ട് തീരേണ്ട MBA, ഓരോ പാഠവും വളരെ വിശദമായി പഠിച്ചു 5 കൊല്ലം കൊണ്ട് ഞാന്‍ പാസായത് വെറുതെയാവില്ലേ? 

ഈയൊരു ഡയലോഗ് കാണുമ്പോള്‍ എല്ലാവരും പിശുക്ക് എന്നു വിളിക്കുമെങ്കിലും ,എല്ലാ അവന്മാരുടെയും പ്രത്യേകിച്ചു കെട്ടിയവന്‍മാരുടെ മനസില്‍ ഒരു ചോദ്യമുണ്ടാകും .ഇതെങ്ങിനെ സാധിക്കുന്നളിയാ? ഒരു 10 കൊല്ലം, ഈ ബഡ്ജെറ്റിങ് കുഴപ്പമില്ലാതെ പോകുകയാണെങ്കില്‍ ബഡ്ജെറ്റിങ് രഹസ്യങ്ങള്‍ ഇതേ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും.

പിന്നെ അമ്മായിയമ്മപ്പോര് / മരുമോള്‍ പോര്. അമ്മ ഇതുവരെ പെന്‍ഷന്‍ ആകാത്തതുകൊണ്ടും, അമ്മക്ക് ടിവിയില്‍ ഉള്ള പോരെടുക്കല്‍ എഡ്യുകേഷന്‍ പ്രോഗ്രാംസ് ആയ സീരിയല്‍സുകള്‍ കാണാന്‍ കാര്യമായ സമയം കിട്ടാത്തതുകൊണ്ടും, ധന്യക്ക് മലയാളം സീരിയല്‍ കാണാന്‍ താല്‍പര്യം ഇല്ലാത്തതുകൊണ്ടും, ബുദ്ധിപരമായി ഞങ്ങള്‍ ആഴ്ചയില്‍ ഒരു പ്രാവശ്യം മാത്രം ജോലിസ്ഥലത്തുനിന്നും വീട്ടില്‍ വന്നു പോകുന്നതുകൊണ്ടും അങ്ങനെ ഒരു ചാന്‍സ് രണ്ടുപേര്‍ക്കും കിട്ടിയിട്ടില്ല.

ഇനിയും കാര്യങ്ങള്‍ പറഞ്ഞാല്‍ ആളുകള്‍ മനസില്‍ വിചാരിക്കാന്‍ തുടങ്ങും. "മോനേ ഒരു കൊല്ലമല്ലേ ആയിട്ടുള്ളൂ. ഇനിയെന്തൊക്കെ കാണാന്‍ കിടക്കുന്നു. അപ്പോഴും ബ്ലോഗ്ഗില്‍ എഴുതുമ്പോള്‍ ഇതേ സ്പിരിറ്റ് കാണണം" എന്നു. അതുകൊണ്ട് ഇനിയും കുറെ പ്രാവശ്യം ഇതുപോലത്തെ വിവാഹ വാര്‍ഷിക പോസ്റ്റുകള്‍ ഇടാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട്...

2012 ജൂൺ 8, വെള്ളിയാഴ്‌ച

പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്

"പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിക്ക്  അധികാരമുണ്ടായിരിക്കും". ഇത് നമ്മള്‍ നാട്ടിന്‍പുറത്ത് ക്ലബ് നടത്തുന്ന എല്ലാ പരിപാടികളിലും കേട്ടിട്ടുള്ളതാണ്. ചുമ്മാ ഒരു മുന്‍കൂര്‍ ജാമ്യം എടുക്കാനാണ് ഇത് പറയുന്നതു. ഈ ബ്ലോഗിലെ കമ്മിറ്റി ഞാനും പിന്നെ ഞാനും ആയതുകൊണ്ട് പരിപാടികളില്‍ ചില മാറ്റം വരുത്തുന്നു.എന്താണെന്ന് വച്ചാല്‍??

ഏകദേശം ഒരു കൊല്ലം മുന്പ് വളരെ കൊട്ടിഘോഷിച്ചു ഞാന്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഞാന്‍ ഡയറി എഴുത്തുമെന്നും എന്‍റെ ഡയറി ഒരു കൊല്ലത്തിന് ശേഷം ബ്ലോഗില്‍ പബ്ലിഷ് ആകുമെന്നും. തെളിവ് വേണേല്‍ ലിങ്കില്‍ ക്ലിക്കിയാല്‍ മതി.ഡയറി എഴുത്ത് മുറക്ക് നടക്കുന്നുണ്ടു.പക്ഷേ ഇപ്പോള്‍ പറയാന്‍ പറ്റാത്ത  ചില സാങ്കേതികകാരണങ്ങളാല്‍ ആ ഒരു കൊല്ലം എന്നുളളത് 2 കൊല്ലം എന്നാക്കേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു.അതായത് 2012 ജൂണ്‍ 11നു പബ്ലിഷ് ആകേണ്ട പോസ്റ്റ് 2013 ജൂണ്‍ 11ലേക്ക് മാറ്റി.

പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യാന്‍ പറ്റാത്ത !@$#%$%^$മോനേ, നീയൊക്കെ എന്തിനാടാ ഒരു ബ്ലോഗും കൊണ്ട് നടക്കുന്നതു എന്നൊന്നും ചോദിക്കരുത് പ്ലീസ്സ്.അതുപോലെ നട്ടെല്ലിന് വളവുണ്ടോ എന്നു പരിശോടിക്കാനും ആരും വരരുതു. വളരെ ആലോചിച്ചെടുത്ത ഒരു തീരുമാനമാണ്.

ഒരു കാര്യം കൂടി ഓര്‍ക്കുക രണ്ടു കൊല്ലം കഴിഞ്ഞാലും "പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിക്ക്  അധികാരമുണ്ടായിരിക്കുന്നതാണ്". :-)


2011 ജൂൺ 11, ശനിയാഴ്‌ച

ഡയറിയെഴുത്ത്

ഈ ബ്ലോഗ് എന്തിനാണോ തുടങ്ങിയത് അതിലേക്കായുള്ള ആദ്യ പോസ്റ്റ്.ഡയറിയെഴുത്ത് തുടങ്ങണം തുടങ്ങണം എന്നു വിചാരിച്ചിട്ടു കുറെ നാളായിരുന്നു.പക്ഷേ എഴുതി വയ്ക്കുന്നത് അപ്പോള്‍ തന്നെ വായിക്കുമ്പോള്‍ ഒരു സുഖമില്ല.ബുക്ക് ആണെങ്കില്‍ കൂടെ താമസിക്കുന്നവര്‍ ആരെങ്കിലും എടുത്ത് വായിക്കും.അവന്മാര്‍ കളിയാക്കി കൊല്ലും.അതുകൊണ്ടാണ് ഡയറി എഴുതാന്‍ വേണ്ടി ഒരു ബ്ലോഗ് തുടങ്ങാം എന്നു  കരുതി 2007 ജനുവരിയില്‍ ഈ ബ്ലോഗ് തുടങ്ങുന്നത്.പക്ഷേ തമ്പുരാനേ വിചാരിച്ച് ഡയറി എഴുത്ത് മാത്രം നടന്നില്ല.ചുമ്മാ കുറെ കളിയാക്കുന്ന അല്ലെങ്കില്‍ ചവറു കൊമേഡി എഴുതി കൂട്ടി.

ഒരുമാതിരി എല്ലാ സിനിമകളിലും കാണുന്നത് പോലെ അതായത് വില്ലനെ കൊല്ലാന്‍ ശപഥമെടുത്ത നായകന്‍ നായികയുടെ കൂടെ ആടിപ്പാടി നടക്കുകയും അങ്ങനെ നടക്കുമ്പോള്‍ ഒരു ദിവസം ആരെങ്കിലും വന്നു നായകനെ ശപഥം ഓര്‍മിപ്പിക്കുകയും ചെയ്യുന്നത് പോലെ പെട്ടെന്നു ഒരു ദിവസം  ഞാനും ഈ ബ്ലോഗിന്‍റെ അവതാരോദേശ്യം ഓര്‍ത്തെടുത്തു.അതെന്നെ ഓര്‍മിപ്പിച്ചത് കൊടകരപുരാണം ബ്ലോഗിലെ ഒരു പോസ്റ്റ് ആയിരുന്നു.പുള്ളി ഡെയ്ലി നടക്കുന്ന കാര്യങ്ങള്‍ അതില്‍ എഴുതികൊണ്ടിരിക്കുന്നു.
സിനിമയിലെ നായകനെ അച്ഛന്‍റെ കൂട്ടുകാരന്‍ വന്നു വില്ലനെ കൊല്ലുമെന്നുള്ള  ശപഥം ഓര്‍മിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു ഇത് എനിക്കും ഉണ്ടായി.പിന്നെ കൂലങ്കഷമായ ആലോചനയിലായിരുന്നു.ആദ്യമേ പറഞ്ഞതുപോലെ ഇന്നെഴുതിയത് ഇന്ന് തന്നെ വായിച്ചാല്‍ ഒരു സുഖമില്ല.ഫേസ്ബുക്കില്‍ അപ്പോള്‍ തന്നെ ലിങ്ക് വരും എന്നുള്ളതുകൊണ്ടു എല്ലാ അവന്മാരും വായിച്ചു കളിയാക്കി ഒരു പരുവമാക്കും.അതുപോലെ എല്ലാ ദിവസവും ഡയറി എഴുതാന്‍ സമയം കിട്ടണം എന്നുമില്ല.അങ്ങനെ പ്രാക്റ്റികല്‍ ആയി ആലോചിച്ചാലോചിച്ച് ,പിന്നേയും ആലോചിച്ച് ഒരു തീരുമാനത്തിലെത്തി.
  • ആഴ്ചയില്‍ ഒരു പോസ്റ്റ് .ആ ആഴ്ച നടന്ന അല്ലെങ്കില്‍ ആലോചിച്ച എല്ലാ കാര്യങ്ങളും. 
  • ബ്ലോഗു പോസ്റ്റിന്‍റെ തലക്കെട്ട് ഇങ്ങനെ.ഡയറി തിയ്യതി-തിയ്യതി.ഉദാഹരണമായി ഡയറി 5ജൂണ്‍    2011-11ജൂണ്‍2011.ഞായര്‍-ശനി.
  • ഒരു കൊല്ലം കഴിഞ്ഞിട്ട് മാത്രമേ ആ പോസ്റ്റ് വെളിച്ചം കാണുകയുള്ളൂ.അതായത് ഇന്നെഴുതിയ ഡയറി 5ജൂണ്‍    2011-11ജൂണ്‍2011 വെളിച്ചം കാണുന്നത് 11ജൂണ്‍2012നു മാത്രം.
  • ലേബല്‍ തീര്‍ച്ചയായും ഡയറി  എന്നു തന്നെ.
അങ്ങനെ ഡയറി 5ജൂണ്‍    2011-11ജൂണ്‍2011ഇന്ന് എഴുതി തീര്‍ത്തു ഗൂഗിളില്‍ ഒരു കൊല്ലം കഴിഞ്ഞു കാണിക്കാന്‍ പറഞ്ഞു വച്ചിട്ടുണ്ട്.