മൊബൈല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മൊബൈല്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജൂൺ 16, ശനിയാഴ്‌ച

കാര്‍ മൊബൈല്‍ ഹോള്‍ഡര്‍

എളുപ്പത്തില്‍ സ്മാര്‍ട്ട് ആകാനായി സാംസങ് ഗ്യാലക്സി വൈ എന്ന മൊബൈല്‍ വാങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് കാറില്‍ ഇതെവിടെ വെക്കും എന്നുള്ള പ്രശ്നം.ഒരിക്കല്‍ തോപ്രാംകുടി വരെ പോകേണ്ടി വന്നപ്പോള്‍  ഇടത്തു കൈയ്യില്‍ പിടിച്ചാണ് അവിടെ വരെ ഓടിച്ചത്. പാട്ട് കേള്‍ക്കല്‍ മാത്രമാണെങ്കില്‍ എവിടെയെങ്കിലും വെക്കാം എന്നു വിചാരിക്കാം. ഇത് പക്ഷേ അങ്ങിനെയാണോ? ജി‌പി‌എസ് വഴിയല്ലേ റൂട്ട് കണ്ടുപിടിക്കുന്നത്. അപ്പോള്‍ അതേ എവിടെയെങ്കിലും കാണാവുന്ന സ്ഥലത്തു വെക്കണം.

Mobile car holder വാങ്ങണമെന്ന ആഗ്രഹവുമായി ചെന്നു പെട്ടത് eBay യുടെ മുന്പില്‍  .ആഗ്രഹമറിയിച്ചപ്പോള്‍ ക്രെഡിറ്റ് കാര്ഡ് വെക്കാന്‍ പറഞ്ഞു. ഈ മാരുതി ആള്‍ട്ടോക്കാരന്‍റെ ഓട്ടക്കീശയില്‍ എന്തു കാര്‍ഡ്? അങ്ങനെയാണെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ചിക്കോളാനായി eBay. അങ്ങനെ സെര്‍ച്ചിന്‍റെ ആദ്യ പാഠങ്ങള്‍ പറഞ്ഞുതന്ന ഗൂഗിളിനെ മനസില്‍ ധ്യാനിച്ചു  യൂട്യൂബില്‍ അങ്ങ് സെര്‍ച്ചി. ദാണ്ടെ കിടക്കുന്നു പണ്ട് നമ്മളൊക്കെ റേഡിയോ അഴിച്ചുപണിതു തിരിച്ചു ഫിറ്റ് ചെയ്യുമ്പോള്‍ അഞ്ചാറ് ഭാഗങ്ങള്‍ ബാക്കി വരുന്നത് വിശദമായി പഠിപ്പിക്കുന്ന  DIY അഥവാ Do It Yourself വീഡിയോസ്.

പക്ഷേ എല്ലാം ഒരു ഇംഗ്ലിഷ് ടച്ച് ഉള്ള വീഡിയോസ് .അതുപോലെ തന്നെ അവന്‍മാര്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ കിട്ടണമെങ്കില്‍ അമേരിക്കയില്‍ പോകണം. അതിലും ഭേദം eBayയില്‍ നിന്നും വാങ്ങാം.  അങ്ങനെ എന്നിലെ നാടന്‍ ശാസ്ത്രകാരന്‍ ഉണര്‍ന്നപ്പോള്‍ ഉണ്ടായ മൊബൈല്‍ കാര്‍ ഹോള്‍ഡര്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.

സംഗതി സിംമ്പിള്‍ ആണ്.ഹൂക് & ലൂപ്പ് (Hook & Loop) എന്നു പറയുന്ന ഒരു പരിപാടി ഉണ്ട്. നമ്മളൊക്കെ പണ്ട് ഷൂസ് ഒക്കെ ലോക്ക് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന "ക്ര്‍റ" എന്ന സൌണ്ട്  ഉണ്ടാക്കി അഴിച്ചിരുന്ന ഒരു ഒട്ടിപ്പോ പരിപാടി. അതിന്‍റെ ഒരു ചെറിയ നാട കാറില്‍ ഒട്ടിക്കുക മറ്റെ ഭാഗം മൊബൈലില്‍ ഒട്ടിക്കുക. ഇനിയിപ്പോള്‍ മൊബൈലില്‍ ഒട്ടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ മൊബൈല്‍ ഇടാന്‍ പറ്റിയ ഒരു കവര്‍ കണ്ടുപിടിച്ച് അതില്‍ ഒട്ടിക്കുക. എന്നിട്ട് മൊബൈല്‍ കവറില്‍ ഇട്ടു കവര്‍ കാറില്‍ ഒട്ടിക്കുക.

ആകെക്കൂടെ കണ്‍ഫ്യൂഷന്‍ ആയെങ്കില്‍ ക്ഷമിക്കണം. ദേ താഴത്തെ പടങ്ങള്‍ കണ്ടാല്‍ എല്ലാം മനസിലാകും.
കാറില്‍ ഒട്ടിക്കുന്ന ഭാഗം.

എതിര്‍ ഭാഗം മൊബൈല്‍ കവറില്‍ ഒട്ടിച്ചിരിക്കുന്നു.


ആകെ മൊത്തം ഇങ്ങനെ ഇരിക്കും.

ഇത് നിലത്തു വീഴില്ലേ? എന്നൊന്നും വിചാരിക്കേണ്ട. അത്യാവശ്യം വെയ്റ്റ് ഈ ഹൂക് & ലൂപ്പ് താങ്ങും. ഞാനിപ്പോള്‍ ഏകദേശം 100KM ഇങ്ങനെ ഓടിച്ചിട്ടുണ്ട്. ഒന്നും പറ്റിയിട്ടില്ല.അതുകൊണ്ടാണ് എഴുതാമെന്നു വച്ചത്.

എന്‍റെ മൊബൈല്‍ 30,000രൂപ കൊടുത്തു വാങ്ങിയതാണ് അതെങ്ങിനെ ഇങ്ങനെ വയ്ക്കും ,ഇന്ത്യയിലെ റോഡുകള്‍ ഒക്കെ കുണ്ടും കുഴിയും നിറഞ്ഞതാണ് എന്നൊക്കെ പറയാന്‍ തോന്നുന്നുണ്ടെങ്കില്‍ വെറുതെ കമെന്‍റ് ഇടുന്നതിലും നല്ലത് 200-250 രൂപ കൊടുത്തു കാറിന്‍റെ മുന്‍വശത്തെ ചില്ലില്‍ പിടിപ്പിക്കാവുന്ന ഹോള്‍ഡര്‍ വാങ്ങുകയാണ്. ചില്ലില്‍ പിടിപ്പിക്കുന്ന ഹോള്‍ഡര്‍ ആണെങ്കില്‍ ആകെ ഒരു പ്രശ്നം കേട്ടത് അത് കുറച്ചു കഴിയുമ്പോള്‍  എയര്‍ compression ശരിക്കും നടക്കാതെ ചില്ലില്‍ പിടിക്കാതെയാകും എന്നതാണു.

2012 മാർച്ച് 3, ശനിയാഴ്‌ച

നിരൂപണം : സാംസങ് ഗ്യാലക്സി വൈ S5360

അങ്ങനെ മാസങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്ക് ശേഷം ഞാനും ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിച്ചു.മിക്കവാറും രണ്ടുമൂന്നു മാസങ്ങളെ എന്‍റെ കൈയ്യില്‍ ഉണ്ടാകൂ കാരണം ഫോണ്‍ അമ്മക്ക് വേണ്ടി വാങ്ങിയതാണ്. അങ്ങേര്‍ക്കാണെങ്കില്‍ ഇപ്പോഴുള്ള നോകിയ 1100 തന്നെ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണ്. അപ്പോള്‍ പിന്നെ പുതിയ സാംസങ് ഗ്യാലക്സി വൈയുടെ കാര്യം പറയാനുണ്ടോ?

സംഗതി എന്തായാലും ഞാന്‍ അതില്‍ പണി പഠിച്ചുതുടങ്ങി. വടക്കുനോക്കിയന്ത്രം, ഉപഗ്രഹാധിഷ്ഠിത സ്ഥലമാപിനി(ജി‌പി‌എസ്) തുടങ്ങി കുറെ കാര്യങ്ങള്‍ അതില്‍ ഉണ്ട്.എന്തായാലും കാശ് മുതലായി. കാരണം തുടക്കക്കാര്‍ക്ക് വാങ്ങാവുന്ന ഒരു സ്മാര്‍ട്ട് ഫോണിന് വേണ്ട എല്ലാ കാര്യങ്ങളും ഇതില്‍ ഉണ്ട്.ഇതിലും കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട് ഫോണ്‍ കിട്ടില്ല.  കൊച്ചിയിലെ ഒട്ടുമിക്ക മൊബൈല്‍ കടകളില്‍ കയറിയിറങ്ങിയിട്ടും വാങ്ങിയത് ഓണ്‍ലൈന്‍ വഴിയാണ്.വിലക്കുറവ് തന്നെ കാരണം.ebay.in വഴി 6940 രൂപക്ക് കിട്ടി.2012 ഫെബ്രുവരി 13നു ഓര്‍ഡര്‍ ചെയ്തു.ഒരാഴ്ച കഴിഞ്ഞു 20ആം തിയതി കൈയ്യില്‍  കിട്ടി.കാര്യങ്ങള്‍ ഇങ്ങനെ പോകുകയാണെങ്കില്‍ അതായത് ഓണ്‍ലൈന്‍ വില കുറയുകയാണെങ്കില്‍ ഇന്‍ഡ്യയില്‍ അധികം വൈകാതെ ഒരു ഓണ്‍ലൈന്‍ ഷോപ്പിങ് വിപ്ലവം തന്നെ ഉണ്ടാകും.

ഈ മൊബൈലിനെകുറിച്ച് ഇതുവരെയുള്ള എന്‍റെ നിരീക്ഷങ്ങള്‍ താഴെ കൊടുക്കുന്നു.

ഗുണങ്ങള്‍
  1. ആന്‍ഡ്രോയിഡ് പ്രോഗ്രാമുകള്‍/ ///// ()അഥവാ ആപ്ലികേഷന്‍
    ആന്‍ഡ്രോയിഡ് പ്രോഗ്രാമുകളുടെ വലിയ ഒരു ശേഖരം തന്നെ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് എന്ന സൈറ്റില്‍ ചെന്നാല്‍ കാണാം.ഒരു പ്രധാന കാര്യം എന്നു പറയുന്നതു പണ്ട് നോകിയ മൊബൈലില്‍ ചെയ്യുന്നതുപോലെ ഒരാള്‍ ഡൌണ്‍ലോഡ് ചെയ്ത ആപ്ലികേഷന്‍ വേറെ ഒരാള്‍ക്ക് കോപി ചെയ്തു ഉപയോഗിക്കാന്‍ പറ്റില്ല.നമ്മള്‍ വീണ്ടും നമ്മുടെ മൊബൈലില്‍ നിന്നും ഇന്‍റര്‍നെറ്റ് കണക്റ്റ് ചെയ്തു ഡൌണ്‍ലോഡ് ചെയ്യണം. ഒരുമാതിരി എല്ലാ പെയ്ഡ് പ്രോഗ്രാമുകളുടെയും ഫ്രീ വെര്‍ഷന്‍ മാര്‍ക്കറ്റില്‍ ഉണ്ടാകും. പിന്നെ മലയാളത്തില്‍ ഉള്ള പ്രോഗ്രാമുകളും കിട്ടും .അമ്മക്ക് വേണ്ടി മലയാളം ബൈബിള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
  2. 2ജി‌ബി മെമ്മറി കാര്‍ഡ്
    എക്സ്ട്രാ മെമ്മറി കാര്‍ഡ് വാങ്ങി കാശ് കളയേണ്ട കാര്യമില്ല.2ജി‌ബി കാര്‍ഡ് ഫോണിന്‍റെ കൂടെ ഉണ്ടാകും.പിന്നെ വാശിപ്പുറത്ത് 8ജി‌ബി യോ 16ജി‌ബിയോ ഒക്കെ നിങ്ങള്‍ക്ക് വാങ്ങാം.
  3. Swype കീപാഡ്
    കീബോര്‍ഡില്‍ ആവശ്യമുള്ള അക്ഷരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ഒരു വര വരച്ചു ടൈപ്പ് ചെയ്യാം.
  4. പിന്നെ സാധാരണ സ്മാര്‍ട്ട് ഫോണുകള്‍ക്ക് എല്ലാമുള്ള ജി‌പി‌എസ്,വൈഫൈ,സെന്‍സറുകള്‍ .പക്ഷേ മുകളിലുള്ള കാര്യങ്ങളാണ് എനിക്കു ഗുണങ്ങളായി തോന്നിയത്.
ദോഷങ്ങള്‍
  1. കുറഞ്ഞ ബാറ്ററിബാക്കപ് 
    നമ്മള്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നത് തന്നെ ഇന്‍റര്‍നെറ്റ് മുതലായ സ്മാര്‍ട്ട് കാര്യങ്ങള്‍ ഉപയോഗിക്കാനാണ്.അല്ലെങ്കില്‍ നോകിയ 1100 മതിയല്ലോ.പക്ഷേ ഇതില്‍ ജി‌പി‌ആര്‍‌എസ് വഴി മുഴുവന്‍ സമയവും ഓണ്‍ലൈന്‍ ആയാല്‍ ബാറ്ററി ഒരു ദിവസത്തില്‍ കൂടുതല്‍ നില്‍ക്കില്ല.
  2. സൌണ്ട് കാര്യമായിട്ടില്ല
    നോകിയ 5300 എന്ന മ്യൂസിക് ഫോണുമായി മുട്ടിയാല്‍ സൌണ്ട് കുറവാണ്.പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം 5300 സംഗീതത്തിന് വേണ്ടിയുള്ള ഫോണാണ്.ഇപ്പോള്‍ എനിക്കു കാറില്‍ മൊബൈലില്‍ നിന്നും പാട്ട് കേള്‍ക്കണമെങ്കില്‍ ഗ്ലാസ് കയറ്റിയിടണം.പണ്ട് വേണ്ടായിരുന്നു.
  3. ബട്ടന്‍ ലൈറ്റ് ഇല്ല
    മുന്‍വശത്ത് ഞെക്കാന്‍ പറ്റിയ ആകെയുള്ള ഒരു ബട്ടന്‍റെ രണ്ടു വശത്തും ടച്ച് ബട്ടണുകള്‍ ഉണ്ട്.വെളിച്ചമുള്ളപ്പോള്‍ ബട്ടണുകള്‍ കാണാം.പക്ഷേ രാത്രി ലൈറ്റ് കെടുത്തിയശേഷം ഒന്നു പഞ്ചാരയടിക്കാന്‍ തോന്നിയാള്‍ ബട്ടണുകള്‍ കണ്ടു പിടിക്കാന്‍ പാടുപെടും.
  4. മുന്‍വശത്തു ക്യാമറയില്ല
    ഇതും കൂടെ ഉണ്ടായിരുന്നെങ്കില്‍ ഈ മൊബൈല്‍ ഒരു പെര്‍ഫക്റ്റ് മൊബൈല്‍ ആയെന്നെ.അവന്മാര്‍ വേണമെന്ന് വെച്ചു ക്യാമറ വക്കാതിരുന്നതാണെന്ന് തോന്നുന്നു.പിന്നെ പുറകിലുള്ള ക്യാമറ 2MP ആണ്.അല്ലെങ്കിലും ഫോട്ടോ എടുക്കാന്‍ ഡിജിറ്റല്‍ ക്യാമറ വാങ്ങുന്നതാണ് നല്ലത്.ഓപ്ടിക്കല്‍ സൂം എന്തായാലും മൊബൈലില്‍ കിട്ടില്ല.അതുകൊണ്ട് ക്യാമറയെ പറ്റി മറന്നേക്ക്.
  5. സെക്യൂരിറ്റി തോന്നുന്നില്ല.
    ഫോണ്‍ വാങ്ങിക്കുമ്പോള്‍ അത് റജിസ്റ്റര്‍ ചെയ്യുന്നത് നമ്മുടെ ജീമെയില്‍ ഐഡി വച്ചിട്ടാണ്..റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ നമുക്ക് പ്രോഗ്രാംസ് ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റില്ല.അതുകൊണ്ട് അവന്‍മാര്‍ക്ക് വേണമെങ്കില്‍ എന്തും ട്രാക്ക് ചെയ്യാം.അതുകൊണ്ട് കൊട്ടേഷന്‍ ടീമുകള്‍ക്കും ,കമ്പി ഡൌണ്‍ലോഡ് ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും ഇത് പറ്റില്ല.
  6. കീപാഡ്
    പ്രത്യേകിച്ചു ആണുങ്ങള്‍ക്ക് വിരലുകള്‍ അല്‍പ്പം വലിപ്പമുണ്ടെങ്കില്‍ നേരെ പിടിച്ച് ടൈപ്പ് ചെയ്യാന്‍ പറ്റില്ല.കാരണം ഒന്നാമര്‍ത്തിയാല് രണ്ട് കീകള്‍ പ്രെസ്സ് ആകും.പിന്നെ മുകളില്‍ പറഞ്ഞ Swype കീപാഡ് ഒന്ന്‍ പരീക്ഷിച്ചു നോക്കാം.
കൊള്ളാവുന്ന കുറച്ചു ആന്‍ഡ്രോയിഡ് പ്രോഗ്രാംസ്
  • ഗൂഗിള്‍ സ്കൈ മാപ് :ഈ പ്രോഗ്രാം തുറന്ന്‍ ആകാശത്തിലെ ഏതെങ്കിലും നക്ഷത്രത്തിന് നേരെ പിടിച്ചാല്‍ മതി അതിനെ പേര് മൊബൈലില്‍ എഴുതിവരും.സ്കൂളില്‍ പഠിച്ച ഓറിയോണ്‍ ,അതുപോലെയുള്ള ടീമുകളുടെയൊക്കെ ഇപ്പോഴത്തെ സ്ഥാനം കണ്ടു പിടിക്കാം.
  • സ്പിരിറ്റ് ലെവല്‍ + കോമ്പസ്സ് : വടക്കുനോക്കിയന്ത്രവും ,വാട്ടര്‍ ലെവലും കാണിച്ചു തരും.വാട്ടര്‍ ലെവല്‍ നോക്കാന്‍ പണ്ടത്തെ പോലെ ട്യൂബ് പിടിക്കേണ്ട കാര്യമില്ല.മൊബൈല്‍ ചുമ്മാ വച്ചാല്‍ മതി.
  • ലേസര്‍ ലെവല്‍ : ക്യാമറ ഓണ്‍ചെയ്തു അതില്‍ + പോലെ വര ഉണ്ടാക്കി.ലെവല്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റും.വീട്ടില്‍ ചുമരില്‍ ഫോട്ടോ പതിപ്പിക്കുന്നതിനോ ഒക്കെ ഉപയോഗിക്കാം.
  • പിന്നെ ഗൂഗിളിന്‍റെ ഒരു മാതിരി എല്ലാ പ്രോഗ്രാമുകളും.റീഡര്‍,ബ്ലോഗ്ഗര്‍ അങ്ങനെ പോകും.
  • ലോക്കല്‍ പ്രോഗ്രാംസ്
സാംസങ് ഗ്യാലക്സി വൈ - പൊടിക്കൈകള്‍
  • *#*#INFO#*#* : ഫോണിലെ സെറ്റിങ്സ്->എബൌട്ട് എന്ന സ്ക്രീനില്‍ ഉള്ളതിനെക്കാളും കാര്യങ്ങള്‍ അറിയാന്‍ ഈ കോഡ് ഡയല്‍ ചെയ്താല്‍ മതി.
  • സൈലന്‍റ് മോഡ് : ഒന്നുകില്‍ പവര്‍ കുറച്ചധികം നേരം അമര്‍ത്തി വരുന്ന സ്ക്രീനില്‍ സൈലന്‍റ് സെലക്ട് ചെയ്യുക.അല്ലെങ്കില്‍ ശബ്ദം ഏറ്റവും കുറഞ്ഞ ലെവലില്‍ കൊണ്ടുവരിക.
  • Swype കീപാഡ് : ടൈപ്പ് ചെയ്യുന്ന വിന്‍ഡോയിലെ സെറ്റിങ്സ് ബട്ടന്‍ കുറെ നേരം അമര്‍ത്തി വരുന്ന സ്ക്രീനില്‍ സെലക്ട് ചെയ്യുക.അതുപോള്‍ തിരിച്ചുപോരാന്‍ ടൈപ്പ് ചെയ്യുന്ന ഏതെങ്കിലും ഏരിയയില്‍ കുറെ നേരം അമര്‍ത്തിപിടിക്കുക.അപ്പോള്‍ വരുന്ന വിന്‍ഡോ വഴി സാധാരണ കീ പാഡ് കിട്ടും.
  • എം‌പി3 റിംഗ്ടോണ്‍ : ചുമ്മാ മെമ്മറി കാര്‍ഡില്‍ Ringtones എന്ന്‍ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കി അതില്‍ ഓഡിയോ ഫയലുകള്‍ കോപി ചെയ്തിടുക. അടുത്ത പ്രാവശ്യം റിങ്ങ് ടോണ്‍ മാറ്റാനുള്ള സ്ക്രീന്‍ എടുക്കുമ്പോള്‍ കോപി ചെയ്തിട്ട ഫയലുകള്‍ കാണാം.

ഗൂഗിളിന്‍റെ ഇംഗ്ലിഷ് - മലയാളം വിവര്‍ത്തനം ഇല്ലാത്തതുകൊണ്ട് മാത്രമാണു ഇത് എഴുതേണ്ടി വന്നത്. ഇതിന്‍റെ ഇംഗ്ലിഷ് വെര്‍ഷന്‍ വായിക്കണം എന്നുണ്ടെകില്‍ എന്‍റെ ഇംഗ്ലിഷ് ടെക്നികല്‍ ബ്ലോഗ്ഗില്‍ പോകുക.

തിരുത്ത് 1: നേരത്തെ പറഞ്ഞത് നമുക്ക് കോപ്പി ചെയ്തു ഒരു ആപ്ലികേഷന്‍ ഉപയോഗിക്കാന്‍ പറ്റില്ല എന്നായിരുന്നു. പക്ഷേ അത് പറ്റും. apk എക്സ്റ്റെന്‍ഷന്‍ ഉള്ള ആന്‍ഡ്രോയിഡ് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുത്താല്‍ അല്ലെങ്കില്‍ കോപ്പി ചെയ്തു കിട്ടിയാല്‍ അത് നമ്മുടെ മൊബൈലില്‍ ഉപയോഗിക്കാം.