ഓഫീസ് ജോക്ക്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓഫീസ് ജോക്ക്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഓമാനത്തിങ്കള്‍ക്കിടാവോ...നല്ലാ…

സ്ഥലം - കൊച്ചി ഇന്‍ഫോപാര്‍ക്കിനു നേരെ മുന്നിലുള്ള പെട്ടിക്കട.മുന്നില്‍തന്നെ തട്ടുകളിലായി പലതരം പലഹാരങ്ങള്‍ വച്ചിട്ടുള്ളതുകൊണ്ടു വേണമെങ്കില്‍ തട്ടുകട എന്നും വിളിക്കാം.


സമയം - ഉച്ചേമുക്കാല്‍ അതായത് നാലിനും അഞ്ചിനും ഇടയില്‍.ഈ സമയത്താണു 12 മണിക്കൂര്‍ ജോലിയെടുക്കുന്ന സോഫ്റ്റ് വയറന്‍മ്മാര്‍ വയറ്റിലേക്ക് "വിത്ത് ചായ" എന്തെങ്കിലും കയറ്റുന്നത്.അതുപോലെ പത്രം വായിക്കാന്‍ പോലും സമയമില്ലാത്തവര്‍ അണ്ണാ ഹസാരെ ആരാണെന്നും പുള്ളി എന്തിനാണു പട്ടിണികിടക്കുന്നതെന്നും അറിയുന്നത്.ചുരുക്കിപറഞ്ഞാല്‍ ഒരു നാടന്‍ ചായക്കട സെറ്റപ്പ്.പരദൂഷണവും,പൊങ്ങച്ചവും മുതല്‍ ലിബിയയിലെ ആഭ്യന്തരപ്രശ്നവും ഇന്‍റര്‍വ്യൂക്ക് പോയപ്പോള്‍ പറ്റിയ അമളികളും വരെ.

കേരളത്തിലെ എല്ലാജില്ലകളേയും പ്രതിനിധീകരിച്ച് ഒരു ആളെങ്കിലും മിനിമം ഉണ്ടാകും.അപ്പോള്‍ പിന്നെ ഭാഷാപ്രയോഗത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ കളിയാക്കാല്‍ ആയി മാറും എന്നു പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.സാധാരണയായി കൂടുതല്‍ ആളുകള്‍ ഉള്ള ജില്ലക്കാര്‍ ജയിക്കും.

കഴിഞ്ഞയാഴ്ചയും പതിവ് തെറ്റിച്ചില്ല.കറെക്റ്റ് 4മണിക്ക് തന്നെ എല്ലാവരും എത്തി.എത്തിയപാടെ വിളിച്ച് പറയല്‍ തുടങ്ങി.ചേട്ടാ മൂന് ചായ.ഒന്ന്‍ സ്ട്രോങ്,ഒന്നു മധുരം കൂട്ടി."അപ്പോള്‍ മറ്റേതോ?"ചോദ്യം ചായ അടിക്കുന്ന ചേട്ടന്‍റെയാണ്.ആ ചേട്ടാ മറ്റേത് ചായ തന്നെ.അങ്ങനെയിരിക്കുമ്പോള്‍ ഒരു തൃശ്ശൂരുകാരനു "എന്‍റെ ക്ടാവിനു സുഖണ്ടായില്ലടാ"എന്നു പറയേണ്ടി വന്നു.പനിയായിരുന്നോ എന്നൊക്കെ കേട്ടു നിന്നവര്‍  ആദ്യം ചോദിച്ചെങ്കിലും ,കുറച്ചു കഴിഞ്ഞപ്പോള്‍ സംഭവിക്കേണ്ടത് സംഭവിച്ചു.അല്ലെങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.വണ്ടി വിളിച്ചു വരൂലോ..

കിടാവിനെയും കൊണ്ട് ഏത് മൃഗാശുപത്രിയിലാ പോയേ? എത്ര പ്രായാമായതാ?
മൂക്കുകയറൊക്കെ ഇട്ടതാണോ? ചോദിക്കുന്നവര്‍ക്കെല്ലാം അറിയാം ,പുള്ളിയുടെ മോള്‍ക്കാണു അസുഖം.പിന്നെ കിട്ടുന്ന ഒരു ചാന്സു കളയേണ്ടല്ലോ. കിടാവിനു പശുക്കുട്ടി എന്നും അര്‍ഥമുണ്ടത്രെ.ഫാര്യയും ഫര്‍ത്താവും കളിക്കുന്നവനും,ജ്ജ് മധു പകരൂ എന്നു പാടിയവനും,അപ്പി എന്ന വാക്കിനു മറ്റൊരു അര്‍ഥം ഉണ്ടാക്കിയവനും എന്നു വേണ്ടാ നുമ്മ അങ്ങാട് പൊയപ്പോ ഇങ്ങാട് വന്നവനും വരെ അവനവന്‍റെ മലയാളമാണു ഒറിജിനല്‍ മലയാളം എന്നു പറഞ്ഞു തുടങ്ങി.

"ഓമനതിങ്കള്‍ക്കിടാവോ നല്ല കോമള...."
തര്‍ക്കം മുറുകിക്കഴിഞ്ഞപ്പോള്‍ തൃശ്ശൂരുകാരന്‍ ഒരു പാട്ടു പാടിത്തുടങ്ങിയതാ.ഒരു താരാട്ട് പാട്ട്.പക്ഷെ ബാക്കിയെല്ലാവരുടേയും മൂഡ് തര്‍ക്കം ആയിരുന്നതിനാല്‍ പാടി മുഴുവിക്കാന്‍ അനുവദിച്ചില്ല.അഭിപ്രായങ്ങള്‍ ചറപറ വന്നു തുടങ്ങി.ഈ പദ്യം ഏതോ ക്ലാസ്സില്‍ പഠിച്ചിട്ടുണ്ടെന്നു ഒരുത്തന്‍.ഇത് ഇരയിമ്മന്‍ തമ്പി എന്നൊരാള്‍ എഴുതിയതാണെന്നു വേറെ ഒരുത്തന്‍.ഏതോ രാജകൊട്ടാരത്തില്‍ കുഞ്ഞു പിറന്നപ്പോള്‍ ആ കൊച്ചിനെ പാടിയുറക്കാന്‍ വേണ്ടിയാണ്‍ ഇത് എഴുതിയതെന്ന് വേറെ ഒരു ബുജി.തിരുവിതാംകൂറില്‍ ആണെന്നും അല്ല കൊച്ചി രാജകൊട്ടാരത്തില്‍ ആയിരുന്നു എന്നും രണ്ടു പക്ഷം.ഇത്രയുമായപ്പോള്‍ തൃശ്ശൂര്‍ക്കാരന്‍ എഴുന്നേറ്റു നിന്നു പറഞ്ഞു.

നിങ്ങള്‍ മുമ്പ് പറഞ്ഞതു വച്ചു നോക്കുമ്പോള്‍ ചിലപ്പോള്‍ കൊട്ടാരത്തിലെ പശു പെറ്റപ്പോളായിരിക്കാം ഇത് എഴുതിയത്.രാജ്ഞി തൊട്ടിലില്‍ പശുക്കിടാവിനെ കിടത്തി ഈ താരാട്ട് പാട്ട് പാടിയിരിക്കാം.ഗഡീടെ ഒരു ടൈം...

അങ്ങനെ അന്നത്തെ ചായചര്‍ച്ച അവിടെ അവസാനിച്ചു


ഞാന്‍ ഇരിങ്ങാലക്കുടക്കാരനാണ്.തൃശ്ശൂര്‍ ഭാഷയാണു ശരിക്കുമുള്ള മലയാള ഭാഷ എന്നൊന്നും സ്ഥാപിക്കാനുള്ള ഒരു പോസ്റ്റല്ല ഇത്.ഒരു നല്ല തമാശ കേട്ടപ്പോള്‍ എഴുതണം എന്നു തോന്നി.ബ്ലോഗ് ഉണ്ടാകുന്നതിനു മുമ്പ് കുറെ ഇതുപോലുള്ള നല്ലത് കേട്ടിട്ടുണ്ട്.പക്ഷെ എവിടെയും രേഖപ്പെടുത്താത്തതുകൊണ്ട് അതൊന്നും ഇപ്പൊള്‍ ഓര്‍മ്മയില്ല.ഇനി വരുന്ന തലമുറയില്‍ ഇതുപോലെയുള്ള സംഭാഷണങ്ങള്‍ ഉണ്ടാകും എന്നും തോന്നുന്നില്ല.അങ്ങനെയുള്ള കാലത്ത് അവന്‍മ്മാര്‍ ചുമ്മാവായിച്ചു രസിക്കട്ടെ...

ഇംഗ്ലീഷിന്‍റെ കാര്യവും ഇതുപോലെയാണു.അമേരിക്കക്കാര്‍ പറയും അവരുടെയാണു ശരിക്കും ഉള്ള ഇംഗ്ലീഷ് എന്നു.ഇംഗ്ലണ്ട് പറയും അവരുടെയാണു ക്യൂന്‍സ് ഇംഗ്ലീഷ് എന്നു.ഇവിടത്തെ നാടന്‍ സായിപ്പന്‍മ്മാര്‍ മാത്രം പറയും "ഴ" ഇല്ലാത്ത നമ്മുടെ ഇംഗ്ലീഷ് ഇംഗ്ലീഷേ അല്ലെന്ന്.രണ്ട് പ്രാവശ്യം അമേരിക്കയില്‍ പോയപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി.തട്ടും മുട്ടും ഇല്ലാതെ വ്യക്തമായി പറഞ്ഞാല്‍ ഇംഗ്ലീഷ് എല്ലാവര്‍ക്കും മനസ്സിലാകും.അല്ലെങ്കില്‍ പിന്നെ എങ്ങിനെയാണു 'ബ' പറയാനറിയാത്ത മെക്സിക്കനും,'റ'യുടെ അതിപ്രസരമുള്ള കിഴക്കന്‍ യൂറോപ്യന്‍മ്മാരും ലോകത്ത് ഇംഗ്ലീഷ് വിറ്റ് കാശാക്കുന്നത്?അല്ലെങ്കിലും വില്‍ക്കുന്നവന്‍ വാങ്ങുന്നവന്‍റെ ഭാഷ പറയണം എന്നേയുള്ളൂ.അത് വാങ്ങുന്നവന്‍ പറയുന്ന അതേപോലെതന്നെയാകണം എന്നില്ല.അതൊക്കെ പിന്നെ കൂടുതല്‍ ഇടപെടലുകളിലൂടെ താനെ ശരിയാകും.

നമ്മള്‍ ജനിച്ച് വളര്‍ന്നസ്ഥലത്ത് ഉപയോഗിക്കുന്ന നമുക്ക് നന്നായി പറയാനറിയാവുന്ന ഒരു ഭാഷയും അതിന്‍റെ ഒരു പ്രയോഗവുമുണ്ട്.അത് നമ്മളെക്കൊണ്ട് മാത്രം പറ്റുന്നഒന്നാണു.അഥവാ നമ്മളതില്‍ പുലിയാണ്.അതങ്ങട് എടുത്ത് പൂശാ...അല്ലാതെ മസ്സിലു പിടിച്ച് അച്ചടിഭാഷ പറയേണ്ട യാതൊരു കാര്യവും ഇല്ല.

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഒരു ലക്ഷം രൂപ ലാഭമുണ്ടാക്കാന്‍...

ഒന്നാമന്‍ : എടെ ഞാന്‍ കഴിഞ്ഞ ആഴ്ച ഒരു ലക്ഷം രൂപ ലാഭമുണ്ടാക്കിയെടെ.
മറ്റവന്‍:ഷെയര്‍ ആണെങ്കില്‍ ഇടിഞ്ഞു നില്‍ക്കുന്നു.ഡോളര്‍ ആടികളിക്കുന്നു.പിന്നെ രണ്ടാമതും സാമ്പത്തികമാന്ദ്യം വരാന്‍പോകുന്നെന്നു പറയുന്നു.നീയെങ്ങിനെയാടാ ലാഭമുണ്ടാക്കിയത്? സ്വര്‍ണം ???

ഒന്നാമന്‍:ഞാന്‍ കഴിഞ്ഞയാഴ്ച ഒരു പെണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്തു.
മറ്റവന്‍:ഓഹോ മനസിലായി.അവള്‍ അവളുടെ അപ്പനോട് പറഞ്ഞു നീ ഒഴിഞ്ഞു പോകാന്‍ ഒരു ലക്ഷം തന്നായിരിക്കും.

ഒന്നാമന്‍:അല്ലടെ.അവള് നോ പറഞ്ഞു.എങ്ങാനും യെസ് പറഞ്ഞിരുന്നെങ്കില്‍,അടുത്ത കൊല്ലം ഈ സമയത്ത് മാത്രം കെട്ടാന്‍ ഉദ്ദേശിക്കുന്ന ഞാന്‍ ഒരു കൊല്ലം അവളെ മേയ്ച്ചുകൊണ്ട് നടക്കാന്‍ വേണ്ട ഒരു ലക്ഷമല്ലേ ലാഭിച്ചത്.ഒടുക്കലത്തെ തീറ്റിയാണ് എന്നാ കേട്ടത്.അവളെ വീട്ടില്‍ കൊണ്ട് വിടാന്‍ വേണ്ട പെട്രോള്‍.പിന്നെ ഓണം,ക്രിസ്മസ്,അവളുടെ ബര്‍ത്ത്ഡേ ,എന്റെ ബര്‍ത്ത് ഡേ, ഫെബ്രുവരി 14 ഒന്നും പോരാഞ്ഞ് 52 ഞായറാഴ്ചകള്‍!!!മല പോലെ വന്നത് മഞ്ഞു പോലെ പോയി.

ഇത് വായിച്ചു ഇതില്‍ വല്ല തെറിയും കമന്റ്‌ ചെയ്‌താല്‍ ,താഴേക്കാട് മുത്തപ്പനാണ് സത്യം ഞാന്‍ അത് ഡിലീറ്റ് ചെയ്യും.

മുന്‍ഷിയില്‍ ആണ് ഇത്  വരുന്നതെങ്കില്‍ ഒരു വരി കൂടി ചേര്‍ക്കാമായിരുന്നു.
"കിട്ടാത്ത മുന്തിരി പുളിക്കും".

2011, ജൂൺ 2, വ്യാഴാഴ്‌ച

ഈയ്യപ്പന്‍ ദി ഗ്രേറ്റ്

മുന്നറിയിപ്പ്:ഈ കഥക്കോ കഥാപാത്രങ്ങള്‍ക്കോ മരിച്ചവരോ,ജീവിച്ചിരിക്കുന്നവരോ ആയി യാതൊരു ബന്ധവുമില്ല.എന്തെങ്കിലും ബന്ധം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.

ഇങ്ങനെ ഒരു മുന്നറിയിപ്പ് കൊടുക്കണം എന്നു വിചാരിച്ചതാണ്.പക്ഷേ ഞങ്ങളുടെ ഓഫീസിലെ ഒരുത്തനും അത് സമ്മതിക്കില്ല എന്നുറപ്പുള്ളതുകൊണ്ടു അത് കൊടുക്കുന്നില്ല.കാരണം എല്ലാവര്‍ക്കും ഇയ്യപ്പനെ അറിയാം.ഇയ്യപ്പന്‍ അറിയാതെ ഒരു സോഫ്റ്റ്വെയര്‍ പോലും ഞങ്ങളുടെ ഓഫീസില്‍ നിന്നും പുറത്തിറങ്ങില്ല.യൂസര്‍ ഇന്‍റര്‍ഫേസ് ഇല്ലാതെ എന്തോന്നു സോഫ്റ്റ്വെയര്‍ അല്ല പിന്നെ?

ഇനി ഇയ്യപ്പനെ പറ്റി പറയുകയാണെങ്കില്‍ ,പ്രാഞ്ചിയേട്ടന്‍ സിനിമയിലെ ഇയ്യപ്പന്‍റെ അതേ മുഖം.അതേ വയര്‍.നടത്തവും ,നില്‍പ്പും അതേപ്പോലെ.പക്ഷേ സിനിമയിലെ ഇയ്യപ്പന്‍റെ അത്രേം മീശയില്ല.ക്ലീന്‍ ഷേവാണ്.മീശ കളഞ്ഞതിന്‍റെ പിന്നിലെ ശക്തി TCSഇലെ ഏതോ പെങ്കൊച്ചാണെന്നാ. അസൂയക്കാര് പറയുന്നത്.മീശയുള്ള ,ഫുള്‍ സ്ലീവ് ഷര്‍ട്ടുമിട്ട ഒരുത്തന്‍ വലിയ ശല്യക്കാരനാണെന്ന് ആ പെങ്കൊച്ച് കുറച്ചു മസിലുള്ളവനോടു പറയുന്നത് ഈയ്യപ്പന്‍ കേട്ടെന്നോ,അതിനു ശേഷമാണ് ഇയ്യപ്പന്‍ ഹാഫ് സ്ലീവ് ഷര്‍ട്ടുകള്‍ സ്ഥിരമായി ഇട്ടു തുടങ്ങിയതെന്നോ ഒക്കെ കഥകളുണ്ട്.

സിനിമയിലെ ഈയ്യപ്പനില്ലാത്ത രണ്ടു ഗുണങ്ങളാണ് നമ്മുടെ നായകന്‍ ഈയ്യപ്പനുള്ളത്.ഒന്നു ഡീസന്‍റ് ആണെന്ന് ഭാവിച്ചുള്ള വായില്‍ നോട്ടം.അതൊരു ഉച്ചക്ക്  പണ്ട്രണ്ടേകാല്‍ മുതല്‍ 2മണിവരെ എല്ലാ ദിവസവും ഉണ്ട്.പിന്നോന്ന് പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ് വിത്ത് കഥയുണ്ടാക്കല്‍.എന്തു സംഭവവും ഇയ്യപ്പന്‍ വിവരിക്കുമ്പോള്‍ ഒരു ഇയ്യപ്പന്‍ ടച്ച് കാണും.ഒരുമിച്ചിരുന്നു വായില്‍ നോക്കുന്ന റോയിക്കുണ്ടായ ഒരനുഭവമാണ്. ഈയ്യപ്പന്‍റെ കണ്ണിലൂടെ ഇവിടെ വിവരിക്കുന്നത്.

ഉച്ചക്കിരുന്നു TCSഇലെ പെമ്പിള്ളാരെ വായില്‍ നോക്കിയിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ല എന്നറിയാമെങ്കിലും വായില്‍ നോക്കുന്നവര്‍ തമ്മില്‍ ചില എഗ്രിമെന്‍റ്സ് ഒക്കെയുണ്ട്.ഒരുത്തന്‍ കുറച്ചു സീരിയസ് ആയി നോക്കുന്നയാളെ വേറെ ഒരുത്തന്‍ സാധാരണ നോക്കാറില്ല.കരടിക്കു അഹങ്കാരി,കടയാടിക്ക് കോക്കാമ്പി,അങ്ങനെ റോയിയുടെ കൂടെ ചേര്‍ത്ത് പറയുന്ന ഒരു പേരാണ് വാണി.

ഇനി ശരിക്കും ഉണ്ടായ സംഭവം.ഒരു തിങ്കളാഴ്ച ദിവസം.യാദൃശ്ചികമായി രണ്ടു പേരും ഒരേ ലിഫ്റ്റില്‍ കയറി.വാണി ലിഫ്റ്റിന്‍റെ സ്വിച്ചിന്‍റെ അടുത്തു നില്‍ക്കുന്നു.റോയ് കുറച്ചു മാറിയാണ്.ലിഫ്റ്റ് മുകളിലേക്കു ഉയര്‍ന്നപ്പോഴാണ് തനിക്ക് ഇറങ്ങേണ്ട സെക്കന്‍ഡ് ഫ്ലോറിന്‍റെ ബട്ടന്‍ പ്രെസ്സ് ചെയ്തിട്ടില്ല എന്നു റോയിക്ക് മനസ്സിലായത്.സെക്കന്‍ഡ് സെക്കന്‍റ് എന്നു പറയാന്‍ ശ്രമിച്ചെങ്കിലും തലേ ദിവസത്തെ പാര്‍ട്ടിയിലും ഗാനമേളയിലും ഒത്തിരി ഒച്ച വച്ചു ശബ്ദം അടഞ്ഞതുകൊണ്ട് ശബ്ദം പുറത്തു വന്നില്ല.സ്വയം സെക്കന്‍ഡ് ഫ്ലോര്‍ ബട്ടന്‍ അമര്‍ത്തി റോയ് ലിഫ്റ്റ് നിറുത്തി പോകുകയും ചെയ്തു.

ഇനി ഇത് ഇയ്യപ്പന്‍ പറയുന്നത് എങ്ങിനെ എന്നു നോക്കാം...

സ്ഥലം ഇന്‍ഫോ പാര്‍ക്കിനു പുറത്തുള്ള ചായക്കട.

"എടെ നിങ്ങളറിഞ്ഞോ.റോയ് പണി പറ്റിച്ചു"..അയ്യോ ഇല്ല ഒന്നും അറിഞ്ഞില്ല...ഓഹോ എന്നാ കേട്ടോ..എടാ നമ്മുടെ റോയ് ഇല്ലേ ? അവനും വാണിയും കൂടി ഒരുദിവസം ലിഫ്റ്റില്‍ കയറി.

"അവര് മാത്രമേയുള്ളൂ? എന്നിട്ട് റോയ് എന്തെങ്കിലും പറഞ്ഞോ? "ഒരു അപ്പ്രെന്‍റിസ് തുടങ്ങിയപ്പോഴേ തോക്കില്‍ കയറി വെടിവച്ചു.ഇതാണ് അപ്പ്രെന്‍റിസുമാരെ കൂടെ ഇരുത്തിയാലുള്ള കുഴപ്പം.

തോക്കില്‍ കയറി വെടിവച്ചെങ്കിലും ആ ദേഷ്യം കാണിക്കാതെ ഇയ്യപ്പന്‍ തുടര്‍ന്നു."തന്നെടെ അവര് മാത്രം.ആദ്യം അവനൊന്നു നോക്കി.പിന്നെ അവളൊന്നു നോക്കി.പിന്നെ ഒന്നു ചിരിച്ചു..ആദ്യം അവന്‍ മിണ്ടുമെന്നാ അവളു വിചാരിച്ചത്.പക്ഷേ ഒന്നും മിണ്ടാതായപ്പോള്‍ അവള്‍ ചോദിച്ചു.എന്താ പേര്?"

റോ...റോ...റോ... പിന്നെ തൊണ്ടയൊന്നു ശരിയാക്കി.പക്ഷേ തഥൈവ...വീണ്ടും റോ... റോ..റോറോ...ഛേ...

അപ്പോഴേക്കും ലിഫ്റ്റ് 2nd ഫ്ലോറില്‍ എത്തി.ലിഫ്റ്റിന് പുറത്തിറങ്ങി അവന്‍ പറഞ്ഞു.

"റോ..റോ..റോയ്...റോയ്.."ഹാവൂ..

പക്ഷേ അപ്പോഴേക്കും ലിഫ്റ്റിന്‍റെ വാതിലടഞ്ഞിരുന്നു...

ഇക്കഥ റോയിയോടു പറഞ്ഞാല്‍ അവന്‍ പറയും.ഓ ഇയ്യപ്പനെകൊണ്ട് തോറ്റു.ഇവന്‍ നാട്ടുകാരോട് മുഴുവന്‍ പറഞ്ഞു നടക്കാണല്ലേ..അവളുടെ എന്തോരം ഫ്രെന്‍ഡ്സ് നമ്മുടെ ഓഫീസിലുണ്ട്.അവരോടൊക്കെ അവന്‍ ഇക്കഥ പറഞ്ഞിരുന്നെങ്കില്‍ അവര് അവളെ കളിയാക്കിയെങ്കിലും അവളു ഇക്കാര്യം അറിഞ്ഞേനെ...

ഈയ്യാഴ്ചയോ ,അടുത്ത ആഴ്ചയോ ഇയ്യപ്പന്‍ ഫസ്റ്റ് ഫ്ലോറില്‍ നിന്നും ഞങ്ങളുടെ സെക്കന്‍ഡ് ഫ്ലോറിലേക്ക് മാറുന്നുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു.വന്നാല്‍ എന്തൊക്കെ പുകിലാണോ ഉണ്ടാകാന്‍ പോകുന്നത്.

ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകളെല്ലാം തന്നെ വ്യാജമാണെന്ന് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ...ആരുപറഞ്ഞാലും പേരുകള്‍ മാറ്റുന്ന പ്രശ്നമില്ല.പക്ഷേ ഒരാളൊഴികെ...

2011, മാർച്ച് 31, വ്യാഴാഴ്‌ച

ഒരു അന്ധവിശ്വാസിയുടെ ജനനം

ഇന്നലെ വേള്‍ഡ് കപ്പ് ക്രിക്കെറ്റ് രണ്ടാം സെമിഫൈനല്‍ ആയിരുന്നെന്നും ഇന്‍ഡ്യ പാകിസ്ഥാനെ തോല്‍പ്പിച്ചു എന്നും എല്ലാവരും അറിഞ്ഞു കാണുമല്ലോ?ഇന്‍ഡ്യന്‍ ടീമിന് എന്‍റെ അഭിനന്ദനങ്ങള്‍.

ഇന്ത്യയിലെ ഒരുമാതിരി എല്ലാ സ്ഥാപനങ്ങളും അതിലെ ജോലിക്കാര്‍ക്ക് കളി കാണുന്നതിനുവേണ്ടിയുള്ള സൌകര്യം ഒരുക്കിയിരുന്നു.ചിലത് അവധി പ്രഖ്യാപിച്ചു.ചിലയിടങ്ങളില്‍ എല്ലാവര്‍ക്കും ഒരുമിച്ച് കാണുന്നതിന് വേണ്ടിയുള്ള സൌകര്യങ്ങള്‍ ചെയ്തു.ഞങ്ങളുടെ കമ്പനിയിലും ഉണ്ടായിരുന്നു. ചില മാറ്റങ്ങള്‍.വര്‍ക്ക് ടൈം 8am-2pm ആക്കി.2 മണിക്കുശേഷം എല്ലാവര്‍ക്കും കാണുന്നതിന് വേണ്ടി ലൈവ് സ്ട്രീമിങ് ഉള്ള ഒരു സൈറ്റ് എടുത്തു പ്രൊജെക്ടറില്‍ കാണിച്ചു.പക്ഷേ ഞങ്ങളുടെ കമ്പനി ഇന്‍ഫോപാര്‍ക്കിലുള്ള L&T നടത്തുന്ന തേജോമയ എന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ ആയതുകൊണ്ടും,അതേ കെട്ടിടത്തില്‍ തന്നെ TCS ഉള്ളതുകൊണ്ടും,TCSസില്‍ കാണാന്‍ കൊള്ളാവുന്ന തരുണീമണികള്‍ ധാരാളം ഉള്ളതുകൊണ്ടും,അവിടെ ലൈവ് പ്രൊജെക്റ്റര്‍ വച്ച് കളി കാണിക്കാതിരുന്നതുകൊണ്ടും, L&T മറ്റൊരു ഹാളില്‍ ഒരു പ്രൊജെക്റ്റര്‍ വച്ച് കളികാണിച്ചതുകൊണ്ടും ഞങ്ങളൊന്നും 2 മണിക്ക്ശേഷം ഞങ്ങളുടെ കമ്പനിയുടെ നാലയലത്ത് പോയില്ല. 

L&T  ഒരുക്കിയ സെറ്റപ്പ് ഭയങ്കരമായിരുന്നു...പത്തുനൂറ്റമ്പതു പേര്‍ക്കിരിക്കാവുന്ന ഹാ.ള്‍ഒരു HD പ്രൊജെക്റ്റര്‍ വിത്ത് 5.1 സ്പീകര്‍ സെറ്റ്.ഒരു രണ്ടുരണ്ടേകാലോടുകൂടി ചെന്നപ്പോഴുണ്ട് L&T യുടെ ഹാള്‍ ഹൌസ്ഫുള്‍ .ഇരിക്കാന്‍ പോയിട്ട് നില്‍ക്കാന്‍ സ്ഥലമില്ല.എന്നാലും സാരമില്ല.അവിടെയിവിടെയായി കുറച്ചു കിളികള്‍ നില്‍ക്കുന്നുണ്ട്.
പീപ്പീ പീപ്പീ...പീപ്പീ പീപ്പീ.....പീപ്പീ പീപ്പീ...മൊബൈല്‍ റിങ്ങ് ചെയ്തതാ.എയര്‍ഹോണ്‍ എന്ന ഒരു റിംഗ്ടോണ്‍ ഇട്ടിട്ടു വളരെ കുറച്ചു നാളെആയുള്ളൂ.അതുകൊണ്ടു എടുക്കാന്‍ ഇത്തിരി വൈകി.എടാ നീയെവിടെയാ? "നമ്മുടെ കമ്പനിയില്‍ സ്ട്രീമിങ് സ്റ്റാര്‍ട്ട് ചെയ്തു.ഹാളില്‍ കസേരയെല്ലാംഒരുക്കിയിട്ടുണ്ട്.""ഒന്നു പോടെ..നിന്‍റെ ഒരു സ്ട്രീമിങ്.എടാ അത് രണ്ടു ബോള്‍ പുറകിലാ..."എന്തു? രണ്ടു ബോള്‍ പുറകിലോ?."അതേടാ ശരിക്കുള്ള കളി 30ഓ 60ഓ സെക്കന്‍ഡ് കഴിഞ്ഞാടെ സൈറ്റില്‍ കാണിക്കുന്നത്.ദേ നമ്മുടെ പെടപ്പ് ** തിരിഞ്ഞുനോക്കുന്നു.അല്ല സേവാഗ് 4 അടിച്ചു.ഒന്നു വച്ചിട്ടു പോടെ.

ഇനി ഞാനും ക്രിക്കെറ്റും തമ്മിലുള്ള ബന്ധം.ഓര്‍മവച്ചപ്പോള്‍ മുതല്‍ കളിക്കുന്ന കളി.ആദ്യം തെങ്ങിന്‍റെ മടല്‍* കൊണ്ടുള്ള ബാറ്റും സ്റ്റാംപ്സും.രണ്ടില്‍ പഠിക്കുമ്പോള്‍ ഒരു ചെറിയ ബാറ്റ്.പിന്നെ നാലാം ക്ലാസില്‍ ആദ്യകുര്‍ബാനസ്വീകരണം നടന്നപ്പോള്‍ സമ്മാനമായി ഒരു ശരിക്കുള്ള ബാറ്റ് കിട്ടി.പക്ഷേ അതിന്‍റെ കനം കാരണം അതുകൊണ്ടു കളിക്കാന്‍ പിന്നേയും മൂന്ന്‍നാലു കൊല്ലങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.പിന്നെയേപ്പോഴോ കളി കുറഞ്ഞതുകൊണ്ടോ,പഠിപ്പ് കൂടിയതുകൊണ്ടോ ക്രിക്കെറ്റില്‍ ഉള്ള ഇന്‍ററസ്റ്റ് കുറഞ്ഞു.അതിനുശേഷം ഇന്‍ററസ്റ്റ് വന്നത് 1999 വേള്‍ഡ്കപ്പ് നടന്ന സമയത്തായിരുന്നു.പണ്ടേ വേള്‍ഡ് കപ്പ് നടക്കുന്നതു 10ആം ക്ലാസ് പരീക്ഷയുടെ കൂടെയാണല്ലോ.അങ്ങനെ അതൊരു തീരുമാനമായി.കോഴവിവാദം വന്നത് അതിനുശേഷമായിരുന്നു.മനസില്‍ ഉണ്ടായിരുന്ന പല വിഗ്രഹങ്ങളും ഉടഞ്ഞപ്പോള്‍ ഒരു ഫുള്ള്സ്റ്റോപ്പിട്ടു.

ഇന്‍ററസ്റ്റ് പോകാനുണ്ടായ മറ്റൊരു കാരണം. ക്രിക്കെറ്റില്‍ ഉണ്ടായിരുന്ന അന്ധവിശ്വാസങ്ങള്‍ കൂടിയായിരുന്നു.കളിക്കുന്നവര്‍ ചുമ്മാ ഒരു ചരട് കെട്ടുക,തുണി തലയില്‍ കെട്ടുക തുടങ്ങി കേട്ടാല്‍ ചിരിക്കുന്ന മറ്റ് പലതും.അതുപോലെ കുറെ ഫ്രെന്‍ഡ്സ് ഉണ്ടായിരുന്നു.കളികാണുമ്പോള്‍ പ്രത്യേകരീതിയില്‍ ഇരിക്കുക.ഇന്‍ഡ്യയുടെ കളിയുള്ള ദിവസം ചൂടുവെള്ളത്തില്‍ കുളിക്കാതിരിക്കുക.ഇങ്ങനെയൊക്കെ ചെയ്താല്‍ ഇന്‍ഡ്യ ജയിക്കുംപോലും.
ഹും..ഫ്ലാഷ്ബാക്ക്കഴിഞ്ഞു.എന്തായാലും കമ്പനി 2മണിക്ക്ശേഷം ലീവ് തന്നതല്ലേ?ഇരിക്കാന്‍ സ്ഥലമില്ലെങ്കിലും വായില്‍നോക്കാന്‍ കിട്ടിയ ഒരു സുവര്‍ണ അവസരവും പാഴാക്കാന്‍ താല്‍പര്യം ഇല്ലാത്തതുകൊണ്ടു നിന്നുകൊണ്ടു തന്നെ കളി കണ്ടുതുടങ്ങി.സെവാഗ് അടിച്ചുതകര്‍ക്കുന്നു.പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ വലിയ കാര്യമൊന്നുമില്ലാതെ പുള്ളി ഔട്ട് ആയി.ഒരു എല്‍‌എല്‍‌ബി ഛേ തെറ്റി LBW.എന്തായിരുന്നു ഔട്ടാകാനുള്ള ഒരു കാരണം.
പ്രത്യേകിച്ചു ഒരുകാരണവും ഇല്ല.എന്‍റെ കൈ ഇത്രയും നേരം പോക്കറ്റില്‍ ആയിരുന്നു.പോക്കറ്റില്‍ നിന്നും കൈ എടുത്തപ്പോഴാണ് സെവാഗ് ഔട്ട് ആയത്.അയ്യേ എന്‍റെ കൈക്കും അങ്ങ് മൊഹാലിയില്‍ ബാറ്റ് ചെയ്യുന്ന സേവാഗിനും തമ്മില്‍ എന്തു ബന്ധം?എന്തായാലും കൈ പോക്കറ്റില്‍ തന്നെ ഇട്ടേക്കാം.നല്ല തിരക്കാണല്ലോ?പോക്കറ്റടിച്ചുപോണ്ട.ദാണ്ടെ സച്ചിന്‍ അടിച്ചു തകര്‍ക്കുന്നു.കൊള്ളാം നല്ല കളി.ഒരു 300 കടക്കുമെന്ന് പ്രതീക്ഷിക്കാം.

ഹൌസ്ദാറ്റ്...ദൈവമേ സച്ചിനെതിരെ ഒരു LBW അപ്പീല്‍.റിവ്യു കാണിച്ചു തുടങ്ങി.എന്‍റെ കൈയ്യെവിടെ? അയ്യോ അപ്പുറത്തുനില്‍ക്കുന്നവന്‍റെ തോളില്‍.ഇതെപ്പോള്‍ സംഭവിച്ചു?പെട്ടെന്നു തന്നെ പോക്കറ്റില്‍ ഇട്ടേക്കാം.ഇനിയിപ്പോള്‍ അതിന്‍റെ ഒരു കുറവുവേണ്ട.വണ്ടര്‍ഫുള്‍ സച്ചിന്‍ ഔട്ട് അല്ല...ഞാന്‍ കൈ പോക്കറ്റില്‍ ഇട്ടതുകൊണ്ടാണോ?ഏയ്..അങ്ങനെയൊന്നുമല്ല..
ദേ വീണ്ടും...സച്ചിന്‍ അടിച്ച ഒരു ഷോട്ട് ഒരുത്തന്‍റെ കൈയ്യിലേക്ക് പോകുന്നു.അയ്യോ എന്‍റെ കൈ എവിടെ?മുഖം തുടക്കാന്‍ പോയെക്കുവായിരുന്നോ?ഇങ്ങോട്ട് വാടാ പോക്കറ്റിലേക്ക്..തന്നെ ആ ക്യാച്ച് അവന്‍ തട്ടി തട്ടി നിലത്തിട്ടു.കൊള്ളാം ഈ കൈ എഫെക്ട്  സച്ചിന് മാത്രമാണോ?അതോ എല്ലാവര്‍ക്കും ബാധകമാണോ?ഗൌതം ഗംഭീര്‍ ബാറ്റ് ചെയ്യുമ്പോള്‍ കൈ ഒന്നു ഫ്രീയാക്കിയേക്കാം.പണി പാളി.ഇതുകൊണ്ടാവില്ലാ.അവന്‍ വെറുതെ കയറിവന്നു അടിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു.അത്രതന്നെ.അറിയാവുന്ന പണിക്കുപോയാല്‍ പോരേ?

ഡേ ഒരു ചായ കുടിച്ചിട്ടുവരാടേ.അപ്പോഴേക്കും യുവരാജ്ഒന്നു സ്റ്റാന്‍ഡിങ് ആകട്ടെ.ചായകുടിക്കാന്‍ കുറച്ചു ദൂരം പോകണം.കൈ പോക്കറ്റില്‍ ഇടാന്‍ പറ്റി എന്നു വരില്ലകൈയ്യുടെ കാര്യം ഇവന്മാരോടു പറയണോ.വേണ്ട സ്വന്തം കുഴി ഞാന്‍ തന്നെ തോണ്ടാണോ?എന്നാല്‍ ശരിയെടെ പോയേക്കാം.ഹാളില്‍ നിന്നിറങ്ങിയപ്പോഴേ അവിടെ നിന്നും ഒരു അയ്യോ എന്നുതോന്നിപ്പിക്കുന്ന ശബ്ദം കേട്ടു.യുവരാജ് അടിച്ച 4 ആരെങ്കിലും തടഞ്ഞിട്ടുകാണും.അല്ലാതെന്താ.പക്ഷേ തിരിച്ചുവന്ന ഞാന്‍ ഞെട്ടി.യുവി ഡക്ക്.ധോനി നിന്നു തുഴയുന്നു.ഓഹോ അത്രക്കായോ ശരിയാക്കിയേക്കാം.ഇനി കൈ പോക്കറ്റില്‍ നിന്നും എടുക്കുന്ന പ്രശനമില്ല.കൊള്ളാം .പിന്നേയും പിന്നേയും ലൈഫ് കിട്ടികൊണ്ടിരിക്കുന്നു..മിക്കവരും ഒരു കളിയില്‍ കൂടുതല്‍ ലൈഫ് കിട്ടിയ റെകോര്‍ഡും സച്ചിന് കിട്ടും.ഇന്ന് സച്ചിന്‍ സെഞ്ചുറി അടിച്ചത് തന്നെ.അഫ്രീദിയും അവന്‍റെ ഒരു വെല്ലുവിളിയും.

"ഇത് കണ്ടിട്ടു പഴയകളികള്‍ പോലെയാകും എന്നാ തോന്നുന്നേ?സച്ചിന്‍ കളിക്കും സെഞ്ചുറി നേടും.പക്ഷേ മറ്റവന്‍മാര്‍ കളിക്കില്ല.ഇന്‍ഡ്യ തോല്ക്കും.ആ മനുഷ്യന്‍റെ ഒരു വിധി.നന്നായി കളിച്ചിട്ടും ഇന്ത്യയെ ജയിപ്പിക്കാന്‍ പറ്റുന്നില്ല".തൊട്ടപ്പുറത്തുനിന്നും ഒരുത്തന്‍ പറഞ്ഞ കമന്‍റ് പാറപോലെ ഉറച്ച എന്‍റെ മനസിനെ ആടിയുലച്ചു.ആകെ കണ്‍ഫ്യൂഷന്‍.ഇവന്‍ പറഞ്ഞപോലെ ഇന്‍ഡ്യ തോല്‍ക്കുമോ?അങ്ങനെയാണല്ലോ ചരിത്രം.ഇന്‍ഡ്യയേയും സച്ചിനെയും തൂക്കി നോക്കിയപ്പോള്‍ എപ്പോഴത്തെയും പോലെ ഇന്‍ഡ്യ തന്നെ മുന്നില്‍.ശരി കൈ എടുത്തേക്കാം.
ഞാന്‍ ഒരു അന്ധവിശ്വാസിയായി മാറുകയാണോ?അതേ സച്ചിന്‍ ഔട്ട്...ഇനി രക്ഷയില്ല മോനേ കൈയ്യേ? പോക്കറ്റില്‍ കയറിക്കോ?പിന്നെ കൈ എടുത്തത് ഒരുത്തന്‍ ഹായെന്ന് പറഞ്ഞപ്പോള്‍.അപ്പോള്‍ ഒരു വിക്കറ്റ്.അത് കഴിഞ്ഞു മുഖം ഒന്നു തുടച്ചു.

പക്ഷേ പണി പാളിയത്ത്, ആളുകള്‍ കുറേശ്ശെയായി ഹാളില്‍ നിന്നും ഇറങ്ങിയപ്പോഴായിരുന്നു.കുറച്ചു കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നു.ആരൊക്കെയോ അങ്ങോട്ട് വരാന്‍ വിളിക്കുന്നുണ്ട്.പക്ഷേ കണ്ടില്ല എന്നു നടിച്ചു.പക്ഷേ ദാണ്ടെ നമ്മുടെ പെടപ്പിന്റെ അടുത്ത് ഒരു കസേര.ഓഹോ ഒന്നു മുട്ടാന്‍ പറ്റിയ സമയം.പക്ഷേ കൈ.വീണ്ടും ധര്‍മ സങ്കടം.കളി പിന്നേയുംകാണാം.പക്ഷേ ഇതുപോലൊരു അവസരം ഇനി കിട്ടില്ലാ.യെസ് അറ്റാക്ക്.പക്ഷേ ചെന്നു നോക്കിയപ്പോള്‍ ആ കസേരയില്‍ ഒരു ചെറിയ ബാഗ്.ഏച്ചുസ് മീ..ഇവിടെ ആളുണ്ടോ? "അയ്യോ ഉണ്ടല്ലോ?ഇപ്പോള്‍ വരുമല്ലോ?"ബ്ലഡിഫൂള്‍ അപ്പുറത്തിരിക്കുന്ന ഒരു അമ്മച്ചി ആര്‍ക്കോവേണ്ടി പിടിച്ചിട്ടിരിക്കുവാ.വല്ല നാമം ജപിച്ചിരിക്കേണ്ടതിന് പകരം കളി കാണാന്‍ വന്നിരിക്കുന്നു.എന്തായാലും പോകാനുള്ള വിക്കറ്റ് പോയി.ഞാന്‍ നിന്നിരുന്നതുകൊണ്ടു ആ ഔട്ട് കാണാന്‍ പറ്റാത്തതുകൊണ്ടോ എന്തോ പെടപ്പ് ഒന്നു പുഞ്ചിരിതൂകി.

അങ്ങനെ ഇന്‍ഡ്യ 260 റണ്‍സ് എടുത്തു.ഇപ്പോള്‍ അതൊന്നും ഒരു സ്കോര്‍ അല്ലല്ലോ?എന്നാലും പ്രതീക്ഷിക്കാം.ഇനിയിപ്പോള്‍ പാക് ബാറ്റിംഗ് തുടങ്ങുന്നതിന് മുന്പ് എന്തൊക്കെ പണികളാ.ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്പ്ഡേറ്റ് ചെയ്യണം.പണ്ട് ഇട്ട ചൂണ്ടകള്‍ (കൊടുത്ത റിക്ക്വേസ്റ്റുകള്‍) എന്തായി എന്നു നോക്കണം.ബസ്സില്‍ റിപ്ലൈ ചെയ്യണം.റെയല്ലി ബിസി...

ഇതെല്ലാം കഴിഞ്ഞപ്പോള്‍ പാകിസ്ഥാന്‍ ബാറ്റിങ് തുടങ്ങി ഒരു വഴിക്കാക്കിയിരുന്നു.ഹാളില്‍ ചെന്നപ്പോള്‍ ഒരു മനുഷ്യക്കുഞ്ഞുങ്ങളുംഇല്ല അവിടെയും ഇവിടെയും കുറച്ചുപേര്‍ ഇരിക്കുന്നു.എന്തായാലും ഇരിക്കേണ്ടി വരും .പോക്കറ്റ് വിദ്യ നടപ്പില്ല.വേറെ എന്തെങ്കിലും കാണുമായിരിക്കും.അങ്ങനെ മടിയില്‍ ബാഗും വച്ച് അതിനു മുകളില്‍ കയ്യും വച്ച് ഇരുന്നു.വിക്കറ്റ് പോകുന്നില്ല.

ദാണ്ടെ ഒന്നു പോയി.വൈ? എന്‍റെ കൈ ബാഗിന്‍റെ രണ്ടു അറ്റങ്ങളിലുമായി ഇരിക്കുന്നു.യുറേക്കാ...ഇനി അവന്‍മാര്‍വെള്ളംകുടിച്ചത് തന്നെ.എന്നൊടാ കളി.ഞാന്‍ കൈ അനക്കിയില്ല.അതുപോലെതന്നെ നാലെണ്ണം വീണും.പക്ഷേ വളരെപെട്ടന്ന് എന്നിലെ യുക്തിവാദി തല പൊക്കി.തല പൊക്കാന്‍ മെയിന്‍ കാരണം ഇനിയിപ്പോള്‍ ഈസിയായി ജയിക്കും എന്നുള്ള വിശ്വാസമായിരുന്നു.അതിനു വളംവക്കാന്‍ അപ്പുറത്തിരുന്ന ഒരുത്തന്റെ കമന്‍റും."എടെ അവന്മാരും കുറച്ചു റണ്‍സ് എടുക്കട്ടെടെ.എല്ലെങ്കില്‍ അവന്മാരെ ചിലപ്പോള്‍ തിരിച്ചുചെല്ലുമ്പോള്‍ കത്തിച്ച്കളയും."

അക്മല്‍ കത്തിക്കയറുന്നു.രണ്ടു സിക്സ് യുവരാജിനെ.ഏയ് കുഴപ്പമില്ല.യുവരാജിനെക്കൊണ്ടു എറിയിക്കാതിരുന്നാല്‍ പോരേ?സമയം കഴിയുംതോറും റിക്വയേഡ് റണ്‍റേറ്റ് കുറഞ്ഞുവരുന്നു.പണി പാളുമൊ?ഛേ..ഇത് ജയിക്കും."എടാ ഇനി അഫ്രീദി വരാനുണ്ട്.അവനെങ്ങാനും ഫോമില്‍ ആകുമോ?ഇപ്പൊഴും ഏറ്റവും വേഗം കൂടിയ സെഞ്ചുറി പുള്ളിയുടെ പേരില്‍ തന്നെയാ.ഓര്‍മയുണ്ടോ ആകളി?" ഓഹോ അത്രക്കായോ? ഇവനെ അങ്ങ് ഔട്ട് ആക്കിയേക്കാം.എവിടെ കൈ? ഗോ റ്റു ദി എന്‍ഡ്സ് ഓഫ് ദി ബാഗ്.അത്രതന്നെ ഹര്‍ഭജന്‍റെ ഒരു തകര്‍പ്പന്‍ പന്ത് ദാണ്ടെ കുറ്റിയും തട്ടിയിട്ടു പോകുന്നു.അക്മലിന് വിശ്വസിക്കാന്‍ പ്രയാസം.

പക്ഷേ അഫ്രീദി കളി മാറ്റി.ആഫീദീ ഇറങ്ങാതെ റസ്സാക്കിനെ ഇറക്കി.ഓഹോ വാശിപ്പുറത്താണല്ലെ ?കൈ മാറ്റുന്ന പ്രശ്നമില്ല.അങ്ങനെ അഫ്രീദിക്കു ഇറങ്ങേണ്ടി വന്നു.
പുള്ളി ഫോമിലല്ല.ഇന്ത്യക്കാര്‍ കളിച്ചു പുറത്താക്കട്ടെ.ഒരു 4,പിന്നേയും 4 അടിക്കുമോ?റിസ്ക് എടുക്കേണ്ട.ഹാന്‍ഡ്സ്, ഗോറ്റു യുവര്‍ പ്ലേസ്.ഓകെ എല്ലാം ശുഭം.ഇനിയുള്ളത്ഒരു മിസ്ബയും കുറച്ചു ബൌളെഴ്സും.എറിഞ്ഞിടാം അല്ലേ?സഹീര്‍ ഖാന് ഇനി 3 ഓവറുകള്‍ ഉണ്ട്.ആരാണ് ഈ മിസ്ബ? പണ്ട് 20-20 വേള്‍ഡ് കപ്പില്‍ ഇന്‍ഡ്യക്കിട്ട് പണിതന്ന ആളാ.ഓ അന്ന് ഗോപുമോന്‍ ഇല്ലായിരുന്നെങ്കില്‍..പക്ഷേ ഇന്ന് ഇന്ത്യയെ രക്ഷിക്കാന്‍ പുള്ളിയില്ല.പണികിട്ടോ?ഏയ് മിസ്ബ ഫോമിലൊന്നും അല്ല.

പക്ഷേ അവസാന ഓവറുകളിലെ പുള്ളിയുടെ ചില തീരുമാനങ്ങള്‍ അതായത് ഓടിയുള്ള റണ്‍സ് വേണ്ട എന്നുള്ള തീരുമാനം.തനിക്ക് ഇനിയും  ടീമിനെ ജയിപ്പിക്കാം പറ്റും അതും ബൌണ്ടറി കടത്തി.അത് ശരിവക്കും വിധം ഒരു വൈഡ് ബോള്‍ 4 ആകുന്നു.എന്നെ അത് വീണ്ടു ഒരു അന്ധവിശ്വാസിയാക്കി.കൈകള്‍ വീണ്ടും ബാഗിന്‍റെ രണ്ടു ഭാഗത്തേക്കും.അങ്ങനെ ഇന്‍ഡ്യ ജയിച്ചു.
പക്ഷേ ഇപ്പൊഴും എനിക്കു തോന്നുന്നത് എല്ലാം അവിചാരിത സംഭവങ്ങള്‍.ഞാന്‍ എങ്ങിനെ ഇരുന്നാലും ഇന്‍ഡ്യ ജയിക്കാനുള്ളത് ഇന്‍ഡ്യ ജയിക്കും.പിന്നെ സാഹചര്യങ്ങളാണല്ലോ ഒരുത്തനെ അന്ധവിശ്വാസിയാക്കുന്നത്.ഫൈനല്‍ വരെ എങ്കിലും ഈ വിശ്വസം നല്ലതാണ് അല്ലേ?
വീണ്ടും ഒരു 1983യുടെ ആവര്‍ത്തനം ഇന്‍ഡ്യന്‍ ടീമിന് ആശംസിച്ചുകൊണ്ട്...

*തെങ്ങിന്റെ പട്ടയുടെ തണ്ട്
**പേര് അറിയാത്തതുകൊണ്ട് TCS ഇലെ ഒരു കിളിക്കിട്ടിരിക്കുന്ന കോഡ് നെയിം.വിന്‍ഡോസ്‌ Longhorn എന്ന് വിന്‍ഡോസ്‌ വിസ്തക്ക് ഇട്ടിരുന്നപോലെ 

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

ലോക്കല്‍ കമ്പനി

രംഗം : ഒരുത്തന്‍ മറ്റൊരു കമ്പനിയെകൊണ്ട് അവന്റെ  സ്കില്‍ പരിശോദിപ്പിച്ചു ആ റിസള്‍ട്ട്‌ സ്വന്തം കമ്പനിയില്‍ കാണിച്ചിരിക്കുന്നു.ഐ ടി ഭാഷയില്‍ പറഞ്ഞാല്‍ പേപ്പര്‍ ഇട്ടു.
മാനേജര്‍ വിളിപ്പിക്കുന്നു.നീയാണെടാ ഈ കമ്പനിയിലെ നെടുംതൂണ്.നീയില്ലാതെ ഈ കമ്പനിക്ക് ഒരു അടി മുന്നോട്ട് പോകാന്‍ പറ്റില്ല.വ്യത്യസ്തനായൊരു പ്രോഗ്രാമര്‍ ആയ നിന്നെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.അയ്യോ മോനെ പോകല്ലേ.
പക്ഷെ ലവന്‍ ഒരു ഭയങ്കരന്‍ ആയതുകൊണ്ട് ഓഫര്‍ ചെയ്യപ്പെട്ട കമ്പനിയുടെ വി.പി  സ്ഥാനം പോലും വലിച്ചെറിഞ്ഞു.ഗതികെട്ട മാനേജര്‍ ട്രാക്ക് മാറ്റി.ഇവനെ ഒന്ന് സോപ്പ് ഇട്ടു വച്ചേക്കാം.ഇവന്‍ പോകുന്ന കമ്പനിയില്‍ എനിക്ക് പറ്റിയ  വല്ല വേക്കന്‍സി ഉണ്ടെങ്കിലോ?

ഓക്കേ. To which LOCAL COMPANY you are going ?

ഏത് ലോക്കല്‍ കമ്പനിയിലെക്കാടാ പോകുന്നത് ?
അതോ
കൊച്ചി ലോക്കലില്‍ ഉള്ള ഇതു കമ്പനിയിലേക്കാണ് പോകുന്നത്?

ചോദിച്ചതിന്റെ അര്‍ഥം ഇതുവരേക്കും ആര്‍ക്കും കണ്ടു പിടിക്കാന്‍ പറ്റിയിട്ടില്ല.

2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

അച്ചുവേട്ടന്‍ ആന്‍ഡ്‌ ദി മലയാളം ഡേ

കീലേലി അച്ചു!!!!!!!!!!!!!!ആ പേര് കേട്ടാല്‍ തന്നെ ഞങ്ങളുടെ സോഫ്റ്റ്‌വെയറില്‍ ഉള്ള ബഗ്ഗുകളെല്ലാം കിടുകിട വിറക്കും. കാരണമെന്താ ആരെഴുതിയ കോഡ് ആണെങ്കിലും അച്ചു അത് നിഷ്പ്രയാസം ഉഴുതു മറിച്ചു ഫിക്സ് ചെയ്യും.പത്തു ബഗ്ഗുകളെ ഒറ്റ ദിവസം കൊണ്ട് ഫിക്സ് ചെയ്ത് വീട്ടില്‍ പോയവനാ കീലേലി അച്ചു.അതുകൊണ്ട് അച്ചുവിനോട് കളിക്കാന്‍ബഗ്ഗുകള്‍ ആരും നില്‍ക്കാറില്ല.ഇനിയിപ്പോള്‍ ഒറ്റയ്ക്ക് പറ്റിയില്ലെങ്കില്‍ അപ്പുറത്തിരിക്കുന്ന പിള്ളേച്ചനെയും കൂട്ടി അച്ചു ചോദിക്കും .ഞങ്ങള്‍ രണ്ടു പേരോട് കളിക്കാന്‍ ആരുണ്ടെടാ എന്ന്.

അങ്ങനെയിരിക്കുമ്പോള്‍ ഒരു എച് .ആര്‍ മീറ്റിംഗ് .ധാരാളം ബഗ്ഗുകള്‍ സ്വന്തം പേരില്‍ ഉണ്ടായിട്ടും അച്ചു അതില്‍ പങ്കെടുത്തു.നമ്മുടെ കമ്പനി പോളിസികള്‍ എല്ലാം ഒന്ന് ഉറപ്പു വരുത്തണം പോലും.ആദ്യത്തെ പോളിസി ഡ്രസ്സ്‌ കോഡ്.നിലവിലുള്ള പോളിസി തന്നെ .പക്ഷെ എല്ലാവരും അത് പാലിക്കുന്നുണ്ടോ എന്ന് ഒരു വര്‍ണ്യത്തിലാശങ്ക .പോളിസി ഒന്ന് കൂടി വിശദികരിച്ചു.ഫോര്‍മല്‍ ഡ്രസ്സ്‌ മാതമേ ധരിക്കാവു.ഷൂ വേണം.അങ്ങനെ പലതും...പിന്നെ വെള്ളിയാഴ്ച നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഇടാം.പക്ഷെ കറുത്ത ജീന്‍സ് പാടില്ല.കോളര്‍ ഇല്ലാത്ത ടി ഷര്‍ട്ട്‌ പാടില്ല...ചുരുക്കി പറഞ്ഞാല്‍ കറുത്ത ജീന്‍സ് ,കോളര്‍ ഇല്ലാത്ത ടി ഷര്‍ട്ട്‌ തുടങ്ങിയവയെ നിങ്ങള്‍ ഇഷ്ടപ്പെടാന്‍ പാടില്ല...

നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടോ? കാര്യങ്ങള്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞിട്ട് ചോദിക്കുന്ന സ്ഥിരം ചോദ്യം...ചൂട് വെള്ളത്തില്‍ കുളിക്കാന്‍ പ്രശ്നം ഇല്ലാത്തതുകൊണ്ട് കീലേലി അച്ചു ഒരക്ഷരം പോലും മിണ്ടിയില്ല.ഓക്കേ ഇനി അടുത്തത്.ഓഫീസിനകത്ത് ഇംഗ്ലീഷ് മാത്രം...അന്യ സംസ്ഥാനത്ത് നിന്ന് ഉള്ളവര്‍ക്കും ,വിസിറ്റ് ചെയ്യുന്ന ക്ലയന്റ്സിനും മലയാളം ഒരു ബുദ്ധിമുട്ടാണ്.ആര്‍ക്കെങ്കിലും എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടോ? വീണ്ടും അതെ ചോദ്യം.
 വളരെ നല്ലൊരു കാര്യം.എല്ലാവരും അത് അംഗീകരിച്ചു. പക്ഷെ കീലേലി അച്ചുവിന്റെ മനസ്സില്‍ അത് ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തി.ആരും ഒന്നും പറയാതായപ്പോള്‍ അച്ചു തന്നെ ആ ചോദ്യം അങ്ങ് ചോദിച്ചു.

വെള്ളിയാഴ്ച ഡ്രസ്സ്‌ കോഡ് ഇല്ലാത്തതുപോലെ എന്നാണ് മലയാളം പറയാന്‍ പറ്റുന്ന ദിവസം????? ഒരു ദിവസം തരോ മലയാളം പറയാന്‍?
===================
മേല്‍പ്പറഞ്ഞ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരുന്നവരുമായോ മരിച്ചവരുമായോ യാതൊരു അവിഹിത ബന്ധവുമില്ല.അങ്ങനെ വായിക്കുന്നവര്‍ക്ക് തോന്നിയാല്‍ എനിക്കൊന്നു ചെയ്യാന്‍ പറ്റില്ല. ഐ അം വെരി സോറി.

2010, ജൂലൈ 15, വ്യാഴാഴ്‌ച

വര്‍ക്ക് ചെയ്താല്‍ ചെയ്തു അത്ര തന്നെ

റോഷിനെപ്പറ്റി പറയനാണെങ്കില്‍ വളരെയധികം ഉണ്ട്.പ്രായത്തില്‍ കവിഞ്ഞ പക്വതയാണോ അതോ പക്വതയില്‍ കവിഞ്ഞ പ്രായമാണോ എന്നറിയില്ല മേല്‍പറഞ്ഞ രണ്ട് സാധനങ്ങളും ഇഷ്ടന് വേണ്ടുവോളം ഉണ്ട്.അതിന്‍റെ കൂടെയാണ് ഒരു ഇംഗ്ലിഷ് അനുകരണം.സ്പൂണ്‍ കൊണ്ട് ചോറും സമ്പാറും കഴിക്കല്‍,ഇംഗ്ലിഷ് പറയുമ്പോള്‍ ഴ എന്ന അക്ഷരം ധാരാളമായി ഉപയോഗിക്കല്‍ തുടങ്ങിയ നമ്പരുകള്‍ വെച്ചാണ് ടിയാന്‍ ഇംഗ്ലീഷുകാരെ അനുകരിക്കുന്നത്.അങ്ങനെയുള്ള റോഷിന്‍റെ ഓണ്‍സൈറ്റിലെ ലീഡ് ഒരു റഷ്യക്കാരനായിരുന്നു.റഷ്യന്‍ ഇംഗ്ലിഷ് പറയുന്ന ഒരു ദിമിത്രി.അങ്ങനെ പോകുന്ന സമയത്തെ ഒരു സായാഹ്ന സ്റ്റാറ്റസ് കോള്‍.

ദിമിത്രി:വില്‍ ദിസ് വര്‍ക്ക്?

റോഷ്:ഇഫ് ദാറ്റ് വര്‍ക്സ് ദെന്‍ ദിസ് വര്‍ക്സ്.

ദിമിത്രി:ആര്‍ യു ഷുവര്‍ ?

റോഷ്:ഇഫ് വര്‍ക്സ് ദെന്‍ വര്‍ക്സ്.ദാറ്റ്സ് ഇറ്റ്.

----------------------------------------

അതായത് വര്‍ക്ക് ചെയ്താല്‍ ചെയ്തു.അത്രതന്നെ.പുള്ളിയുടെ ഭാഗം വര്‍ക്ക് ചെയ്യണമെങ്കില്‍ മറ്റാരോ വേറെ ഒരു ഭാഗം കൂടെ വര്‍ക്ക് ചെയ്യണം.അതാണ് ആദ്യം പറഞ്ഞത്.ഇത് കേട്ട ദിമിത്രി തന്‍റെ ഇംഗ്ലിഷ് മോശമാണെന്ന് കരുതി ജോലി രാജി വച്ച് സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിന് ചേര്‍ന്നു എന്നാണ് ഓണ്‍ സൈറ്റില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

2010, ജൂലൈ 12, തിങ്കളാഴ്‌ച

ഒരു പേര് വീഴുന്നതെങ്ങിനെ

കഴിഞ്ഞ ഒരു പോസ്റ്റ് ഇട്ടത് പ്രമാണിച്ചു കിട്ടേണ്ടത് കിട്ടിയതുകൊണ്ട് ഒരു കാര്യം മനസിലായി.ഓഫീസില്‍ ബ്ലോഗ് ഹിറ്റ് ആകുന്നുണ്ട്.കൊടകരപുരാണത്തില്‍ എഴുതുന്നത് പോലെ ആണെങ്കില്‍ കുഴപ്പമില്ല.എല്ലാം പഴയ കാര്യങ്ങളല്ലെ.ആരും വന്നു ചോദിക്കില്ല.ഇതിപ്പോള്‍ അങ്ങനെയാണോ? എല്ലാം നല്ല ചൂടന്‍ കാര്യങ്ങള്‍ .ഓഫീസില്‍ നടക്കുന്നു.ഞാന്‍ ബ്ലോഗുന്നു.അതുകൊണ്ട് ഇപ്പ്രാവശ്യം പേര് വക്കുന്നില്ല.

സോമന്‍

പ്രോജക്റ്റ് റിലീസ് ഉള്ള ഒരു കാളരാത്രി.പതിവുപോലെ മിസ്റ്റര്‍ എക്സിന്‍റെ ഭാഗം വര്‍ക്ക് ചെയ്യുന്നില്ല.കയ്യില്‍ ഗ്രീസ് ആയിരിക്കുമ്പോള്‍ മൂക്ക് ചൊറിയാന്‍ തോന്നും എന്നുപറഞ്ഞതുപോലെ വര്‍ക്ക് ചെയ്യാതെ ആകുമ്പോള്‍ അത് ചെയ്തവനെയും കാണില്ലല്ലോ.അതുകൊണ്ട് അത് ശരിയാക്കാന്‍ അതുമായി ഒരു അവിഹിതബന്ധം പോലുമില്ലാത്ത മിസ്റ്റര്‍ വൈ യെ ഏല്‍പ്പിച്ചു.മിസ്റ്റര്‍ വൈ അപ്പോള്‍ തന്നെ എക്സിനെ വിളിച്ചു.

ആദ്യത്തെ പ്രാവശ്യം അടിച്ചപ്പോള്‍ എടുക്കാതിരുന്നപ്പോള്‍ വൈ തീരുമാനിച്ചു.യേവന്നിട്ട് ഒരു പണി കൊടുക്കണം.അങ്ങനെ രണ്ടാമത്തെ പ്രാവശ്യം അടിച്ചപ്പോള്‍ എക്സ് എടുത്തു.

വൈ: ഐ ആം സ.സ.സൊ...സോമന്‍ കോളിങ് ഫ്രം xyz കമ്പനി.ആരെ യു ലുക്കിംഗ് ഫോര്‍ അ ജോബ് ചേഞ്ച്?

എക്സ്:ഓ ഇല്ലെഡെക്കെ..ഞാന്‍ കുറച്ചു കഴിഞ്ഞേ ചാടുന്നുള്ളൂ...

പിറ്റേ ദിവസം എക്സ് വൈ യെ കണ്ടതും പറഞ്ഞു."ഗുഡ് മോര്‍ണിംഗ് സോമാ"

മറിയാമ്മ

ആ വാര്‍ത്ത കാട്ടുതീ പോലെയാണ് കമ്പനിയില്‍ പരന്നത്.ഒരു കെട്ടു ലാപ്ടോപ്പുകള്‍ വന്നിരിക്കുന്നു.നമുക്ക് കിട്ടുമോ എന്തോ.കമ്പനി പക്ഷേ പ്രതീക്ഷ തെറ്റിച്ചില്ല.അടിച്ചു വാരുന്ന ചേച്ചിക്കും ,സെക്യൂരിറ്റി ചേട്ടനും ഒഴികെ ഞങ്ങളുടെ ഫ്ലോറിലെ എല്ലാവര്‍ക്കും ലാപ്ടോപ്.

അങ്ങനെ എന്തോ ചെയ്യാത്തവന്‍  അത് ചെയ്യുമ്പോള്‍ അതുകൊണ്ട് ആറാട്ട് എന്ന് പറയുമ്പോലെ എങ്ങും ലാപ്ടോപ് മയം.ഏത് ആരുടെയാണ് എന്ന്‍ ഒരു നിശ്ചയവുമില്ല.നമ്മുടെ നായകന്‍റെ രംഗപ്രവേശം ഇവിടെയാണ്.മിസ്റ്റര്‍ എക്സ്.ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമിലെ സുന്ദരനും,സുമുഖനും,സര്‍വോപാരി പെണ്ണുങ്ങളുടെ വായില്‍ നോക്കാത്തവനുമായ ഏക കക്ഷി.നായകന്‍റെ അവതരോദ്ദേശ്യം എല്ലാ ലാപ്ടോപ്പിലും ഉപയോഗിക്കുന്നവരുടെ പേര് പ്രിന്‍റ് ചെയ്തു ഒട്ടിക്കുക.ഒരു സെഡില്‍ നിന്നും ഒട്ടിച്ചു തുടങ്ങിയ എക്സിനെ അധികം വൈകാതെ തന്നെ രണ്ട് കണ്ണുകള്‍ പിന്‍തുടര്‍ന്ന് തുടങ്ങിയിട്ടുണ്ടായിരുന്നു.

എടെ നീ ആള് ഭയങ്കരനാണല്ലോ.എന്തു പെട്ടെന്നാ ഒട്ടിക്കുന്നേ.ആദ്യത്തെ കമെന്‍റ് പൊട്ടി.താങ്ക്യൂ താങ്ക്യൂ...മൂന്നാമത്തെ താങ്ക്യൂ പറയുന്നതിനുമുന്‍പേ അടുത്തത് പൊട്ടി.പണ്ട് സിനിമ പോസ്റ്റര്‍ ഒട്ടിക്കലായിരുന്നോ പണി. ഓ അതല്ലടെ പണ്ട് കോളേജില്‍ വച്ച് എലക്ഷന്‍ പോസ്റ്റര്‍ ഒട്ടിച്ച പരിചയമാ.രംഗം പന്തിയല്ലെന്ന് കണ്ട എക്സ് അവിടെനിന്നും മുങ്ങി പിന്നെ പൊന്തിയത് മിസ്റ്റര്‍ വൈയുടെ ലാപ്ടോപ്പിന് സ്റ്റിക്കര്‍ ഒട്ടിക്കാന്‍.അതേ കുറച്ചു മുന്‍പേ പിന്‍തുടര്‍ന്ന അതേ രണ്ട് കണ്ണുകളുടെ ഉടമസ്ഥന്‍.

"എടെ നിന്‍റെ ഈ ഒട്ടിക്കുന്നതിന് മുന്‍പത്തെ തുടക്കലും,ഒട്ടിക്കലും,ഒട്ടിച്ചുകഴിഞ്ഞുള്ള ഈ തലോടലും കാണുമ്പോള്‍ എനിക്ക് മറ്റൊരു കാര്യമാണ് ഓര്‍മ വരുന്നത്."വൈ തനിക്ക് ഒരു പണി തരാന്‍ ചാന്‍സില്ല എന്ന് വിചാരിച്ച എക്സ് പറഞ്ഞു.എന്തുവാടേ ഓര്‍മ വരുന്നത്.എടാ ഞാന്‍ കുറച്ചു നാള്‍ മുന്പ് ഹോസ്പിറ്റലില്‍ കിടന്നില്ലേ? അതേ കിടന്നിട്ട്.. പിന്നെ എന്തുവാ...എക്സ് അങ്ങ് എക്സ്സൈറ്റഡ് ആയി."അവിടെ നഴ്സുമാര്‍ ഇഞ്ചെക്ഷന്‍ ചെയ്യുന്നത് ഇങ്ങനെയാണ്."ആദ്യം സ്പിരിറ്റ് കൊണ്ട് തുടക്കും.പിന്നെ കുത്തും.അതുകഴിഞ്ഞു ഒന്ന് തിരുമ്മും.മറിയാമ്മ എന്നോ മറ്റോ ആയിരുന്നു ആ നഴ്സിന്‍റെ പേര്.

ആളിയാ മറിയാമ്മേ...അന്നത്തെ ദിവസം ഈ വിളി അടങ്ങിയിട്ടില്ല.ചുമ്മാതല്ല.സ്റ്റിക്കര്‍ ഒട്ടിക്കാന്‍ എല്ലാവരും വിളിക്കുന്നതാ.

ചാള മേരി

മലയാളത്തിനിടക്ക് ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ മാത്രമാണ് ഈ ലോകത്തില്‍ ഡീസന്‍റ് എന്ന് വിശ്വസിക്കുകയും അതുപോലെ തന്നെ പറ്റാവുന്ന എല്ലാ കാര്യങ്ങളും (അതായത് ചിരിക്കുക,ഭക്ഷണം കഴിക്കുക,പല്ല് തേക്കുക,ഓഫീസില്‍ വരിക, പോകുക ) ഇംഗ്ലിഷില്‍ തന്നെ ചെയ്യുകയും ചെയ്യുന്ന ആളാണ് നമ്മുടെ നായിക എക്സ്.സോറി എക്സി.

ഇത്തരത്തില്‍പ്പെട്ട മറ്റൊരാളായ വൈയുമായി, ഒരു ദിവസം നോക്കുമ്പോളുണ്ട്  വന്‍ കച്ചറ.എക്സി ഇംഗ്ലീഷില്‍ അങ്ങ് കടിച്ചാല്‍ പൊട്ടാത്ത പല വാക്കുകളും പ്രയോഗിക്കുന്നു.ഒരു മെയില്‍ അയക്കുന്നതിന്‍റെ തിരക്കിലായിരുന്ന മിസ്റ്റര്‍ സെഡ് മെയില്‍ അയച്ചു കഴിഞ്ഞു ശ്രദ്ധിച്ചപ്പോഴാണ് മനസിലായത്,ഈ വാക്കുകളെല്ലാം പുതിയ ഇംഗ്ലീഷ് സിനിമകളില്‍ കേള്‍‍ക്കുന്ന സ്ഥിരം  വാക്കുകളാണ്.പിന്നെ വെറുതെ ഒന്ന് മലയാളത്തിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്തു നോക്കി.

യൂറേക്ക....മീന്‍ മാര്‍ക്കറ്റില്‍ പറയുന്ന അതേ ലാംഗ്വേജ് ഒരു മാതിരി അതേ വാക്കുകള്‍.കിഴക്കന്‍ പത്രോസ് എന്ന സിനിമയില്‍ ഉര്‍വശിയുടെ അതേ ടോണ്‍...തന്നെ ചാള മേരി തന്നെ.

പാണ്ടി ലോറിയുടെ മുകളില്‍ ചാണകം കയറിയാല്‍

കണ്ടാമൃഗത്തിന്‍റെ തോലും അതിനകത്ത് കുറച്ചധികം ഫാറ്റും.അങ്ങിനെയാണ് മിസ്റ്റര്‍ എക്സ് തന്നെതന്നെ വിശേഷിപ്പിക്കുന്നത്.പെട്ടെന്ന് ഓടാന്‍ കഴിയില്ല എന്നുറപ്പുള്ളതുകൊണ്ട് തന്നെ വഴിയില്‍കൂടി പോകുന്ന കണ്ട അണ്ടന്‍സും അടകോടന്‍സും എല്ലാം ഒന്ന് കളിയാക്കിയിട്ടേ പോകൂ.എപ്പോഴും ഇഗ്നോര്‍ ചെയ്യുന്ന എക്സ് അന്നൊരു ദിവസം പൊട്ടിത്തെറിച്ചു.

"എടാ ഞാഞ്ഞൂളേ... പാണ്ടി ലോറിയുടെ മേല്‍ ചാണകം കയറിയാലുള്ള അവസ്ഥ നിനക്കറിയാവോ.ഞാന്‍ ചുമ്മാ നിന്റെ മേത്തോടെ അങ്ങ് മറിഞ്ഞങ്ങു വീഴും."

ഓഹോ അപ്പോള്‍ എന്നെ പേടിയുണ്ടല്ലേ .അല്‍പ്പ നേരത്തെ നിശബ്ദതയെ എക്സ് തെറ്റിധരിച്ചു.എക്സിനോടുള്ള അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു.

എടാ നിന്നെ "പാണ്ടിലോറി" എന്ന് വിളിക്കണോ അതോ "ചാണകം" എന്ന് വിളിക്കണോ.

2010, ജൂലൈ 3, ശനിയാഴ്‌ച

എടാ നിന്‍റെ വീടെവിടെയാ?

അന്നും പതിവുപോലെ തൃപ്പൂണിത്തുറ കുട്ടിശങ്കരന്‍ ഞങ്ങളുടെ ഏരിയയില്‍ കത്തി വച്ച് തകര്‍ക്കുകയാണ്.വാസുവാണെങ്കില്‍ കിട്ടിയ പണി എന്താണെന്നറിയാതെ വിഷമിച്ചുകൊണ്ടിരിക്കുന്നു.അതിന്‍റെ കൂടെയാണ് ഈ കത്തി.അപ്പുറത്തിരിക്കുന്ന ബാബുമോനാണെങ്കില്‍ ഇപ്പോഴുള്ള പണി തീര്‍ന്നിട്ട് വേണം ഒന്ന് വീഡിയോ ഗെയിം കളിക്കാന്‍ പോകാന്‍.അങ്ങനെ എന്തും എപ്പോഴും സംഭവിക്കാം എന്നുള്ള സമയത്താണ് കുട്ടി ശങ്കരന്‍റെ അടുത്ത ടോപ്പിക് വന്നത്.

"എടാ നീ അറിഞ്ഞോ ഇന്‍ഫോപാര്‍ക്കില്‍ നിന്നും സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിലേക്ക് കടക്കാന്‍ ഒരു പുതിയ വഴി വന്നു.ഇനി കാക്കനാട് പോകാതെ തൃപ്പൂണിത്തുറക്ക് പോകാം.ഉല്‍ഘാടനം കഴിഞ്ഞിട്ടില്ല.പക്ഷേ  ഞാന്‍ ഇന്നലെ അതിലെ പോയി."

ശരിയാടാ നിങ്ങള്‍ക്കൊക്കെ പെട്ടെന്ന് വീട്ടിലെത്താം.ഞാന്‍ താമസിക്കുന്നത് കാക്കനാട് സിഗ്നലിന്റെ അടുത്തായതുകൊണ്ട് എനിക്ക് കാര്യമില്ല.ഞാനും കൊടുത്തു എന്‍റെ ഒരു കമെന്‍റ്.കുട്ടി ശങ്കരന് ആരും ശ്രദ്ധിക്കുന്നില്ല എന്നൊരു ഫീലിങ്സ് വരരുതലോ.അതുകൊണ്ട് മാത്രം.

കമെന്‍റ് കിട്ടിയതുകൊണ്ടാണോ എന്നറിയില്ല.ശങ്കരന്‍ തൊട്ടടുത്തിരിക്കുന്ന ബാബുമോനെ ഒന്ന് ചൊറിഞ്ഞു."എടാ നിന്‍റെ വീടെവിടെയാ". ചോറ്റാനിക്കര.ബാബുമോന്‍ പെട്ടെന്ന് തന്നെ നിറുത്തി.ബാബുമോന്‍ നിറുത്തിയെങ്കിലും ആ ചോദ്യം മറ്റൊരാളുടെ കണ്‍ട്രോള്‍ കളഞ്ഞിരുന്നു.മറ്റാരുമല്ല.നമ്മുടെ വാസു.

"എടാ ശങ്കരാ നിനക്കു ദേ അങ്ങേ അറ്റത്തിരിക്കുന്ന പെങ്കോച്ചിന്‍റെ വീടെവിടെയാണെന്നറിയാമോ?" വാസുവിന്‍റെ നിര്‍ദോഷമായ ഒരു ചോദ്യം.ഇത് തന്നെ തക്കം ശങ്കരന്‍ തന്‍റെ ഡാറ്റബേസിന്‍റെ പവര്‍ കാണിച്ചു."സേലം.സേലത്തുനിന്നും 34,17എ എന്ന നമ്പര്‍ ബസുകളൊക്കെ അവളുടെ വീട്ടിലേക്ക് പോകും."

"അതേടാ അതേ...നിനക്കു കണ്ണില്‍ കണ്ട പെങ്കുട്ടികളുടെ വീടുകള്‍ മാത്രമേ അറിയൂ.തൊട്ടടുത്തിരിക്കുന്നവന്മാരുടെ സ്ഥലം പോലുമറിയില്ല.ബാബുമോനെ നീ നാളെ ഒരു സാരിയുടുത്തു വാ.

ബ്ലെഡി ഫൂള്‍സ്...."

ജബ...ജബ.. ജബ....(കുട്ടിശങ്കരന്‍റെ വായില്‍ നിന്നും ഇതു മാത്രമാണ് പിന്നെ വന്ന വാക്കുകള്‍ എന്നാണ് സാക്ഷിമൊഴി)

------------------------------------------------------------------------------

വാസുവിനെയും കുട്ടിശങ്കരനെയും ബാബുമോനെയും പറ്റിയുള്ള കൂടുതല്‍ കഥകള്‍ താഴത്തെ ലിങ്കുകളില്‍ നിന്നും വായിക്കാം.

ഇത്രയും വെളുപ്പിച്ചത് പോരേ ഇനിയും വേണോ?
അപ്പിക്കഥകള്‍ കാണ്ഡം ഒന്ന്
വിശാന്തിന്‍റെ ലീവ് ആപ്ലികേഷന്‍
ചൂടാകാത്ത AC
വര്‍ക്ക് ഉണ്ട് ചേട്ടാ പോട്ടേ……..
വിശാന്തിന്‍റെ തറവാട്
ഫസ്റ്റ് ഗിയറിലെ ചിരിയും, വല്യപ്പൂപ്പന്‍റെ സ്വര്‍ഗാരോഹണവും
പാസ്‌വേഡ് റിക്കവറി
Better come out of office and talk

2010, ജൂൺ 16, ബുധനാഴ്‌ച

നൈജീരിയന്‍ ജേഴ്സി

കഴിഞ്ഞ വെള്ളിയാഴ്ച ഓഫീസില്‍ ജേഴ്സി ഡേ ആയിരുന്നു.അതായത് ഫുട്ബാള്‍ ഫാന്‍സ് ആയ ജ്യോതിസിനും കൂട്ടര്‍ക്കും ലോകകപ്പ് പ്രമാണിച്ച് ഒന്ന് അടിച്ചു പൊളിക്കാന്‍ കിട്ടിയ അവസരം.അന്ന്‍ ആര്‍ക്ക് വേണമെങ്കിലും ജേഴ്സി ഇട്ടുകൊണ്ട് ഓഫീസില്‍ വരാം.

ഇനി അല്‍പ്പം ഫ്ലാഷ് ബാക്ക്.

തീറ്ററപ്പായിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായ വിശാന്തിന്‍റെ അടുത്ത കാബിനിലായിരുന്നു അടുത്തിടെ ജോയിന്‍ ചെയ്ത ജാക്കി ചാന്‍ ഇരിക്കുന്നത്.അടുത്ത കാബിന്‍ എന്ന് പറഞ്ഞാല്‍ അടുത്ത നിരയിലുള്ള കാബിന്‍.രണ്ട് പേര്‍ക്കും പോകാനുള്ള വഴിയെല്ലാം രണ്ടാണ്.ജാക്കി ചാന്‍ ഇരിക്കുന്ന നിരയില്‍ അധികം സംസാരമൊന്നും ഉണ്ടാകാറില്ല.കാരണം അവന്‍മാരെല്ലാം വരുന്നു പണിയെടുക്കുന്നു.പോകുന്നു അത്രമാത്രം.

പക്ഷേ വിശാന്തിന്‍റെ ഏരിയ ഒരു ഭയങ്കര ഏരിയ തന്നെയാണ്.എപ്പോഴും ചിരിയും കളിയും.പാര വെപ്പും കളിയാക്കലും.ഓരോ ചിരി അല്ലെങ്കില്‍ പാര കേള്‍ക്കുമ്പോഴും നമ്മുടെ ജാക്കി ചാന്‍ രണ്ട് കൈയ്യും കസേരയുടെ കയ്യില്‍ താങ്ങി പൊന്തി നോക്കും.സത്യം പറഞ്ഞാല്‍ ജാക്കി ചാന്‍ എന്ന പേര് കിട്ടാന്‍ തന്നെ കാരണം ഈ എത്തി നോട്ടമാണ്.

എന്നൊക്കെ എത്തി നോക്കിയിട്ടുണ്ടോ അന്നെല്ലാം വിശാന്തും വിശാന്തിന്‍റെ ഏരിയ മുഴുവനും ചേര്‍ന്ന് ജാക്കി ചാന് പണി കൊടുക്കാറുമുണ്ട്.അത് പിന്നെ അങ്ങിനെ ആണല്ലോ.പുറത്തുള്ള ഒരുത്തന്‍ വന്നാല്‍ ഒന്നിച്ചു നിന്ന് പണി കൊടുക്കണം.അങ്ങനെയുള്ള ഒരു വെള്ളിയാഴ്ചയാണ് നമ്മുടെ ജേഴ്സി ഡേ വന്നത്.ജാക്കി ചാന്‍ ഒരു അര്‍ജെന്‍റീന ഫാന്‍ ആയത് കൊണ്ട് അവരുടെ ജേഴ്സി ഇട്ടുകൊണ്ടാണ് വന്നത്.

ഫുഡ് അടി മത്സരം മാത്രം കണ്ടും കേട്ടും ശീലിച്ചിട്ടുള്ള വിശാന്തിന് എന്ത് ഫുട്ബോള്‍ ലോകകപ്പ്?കണ്ടപാടെ ജാക്കി ചാനിട്ട് പണി തുടങ്ങി.എന്തുവാടേ ഇത് ?നീ ഇതിട്ടില്ലെങ്കില്‍ എന്താ ഇവര്‍ ജയിക്കില്ലേ?150 രൂപയുടെ ഒരു ജേഴ്സിയും ഇട്ടുകൊണ്ട് കാലത്തെ തന്നെ വന്നിരിക്കുന്നു.നാണമില്ലേടെ?

150 രൂ എന്ന് പറഞ്ഞു തന്നെ തരം താഴ്ത്തിയത് കേട്ട ജാക്കി ചാന്‍ അളമുട്ടിയ ചേരയെപ്പോലെ തിരിഞ്ഞുകടിച്ചു.

അതെടോ ഞങ്ങളെല്ലാം 150 രൂപയുടെ ജേഴ്സി വാങ്ങി ജീവിച്ചു പൊക്കോട്ടെ.തനിക്കാണെങ്കില്‍ ജേഴ്സി വേണ്ടല്ലോ.ഇട്ടിരിക്കുന്ന ബനിയന്‍ ഊരിയാല്‍ നൈജീരിയക്കാര്‍ ജേഴ്സി ഇല്ലാതെ നില്‍ക്കുന്ന പോലെയല്ലേ.

അന്ന്‍ വിശാന്ത് ഒരു സത്യം മനസിലാക്കി.ആനയുടെ ശരീരമുള്ള തന്‍റെ നിറവും ആനയുടെതാണ്.

2010, ജൂൺ 12, ശനിയാഴ്‌ച

ഒരു ഭയങ്കര ഇന്‍വെസ്റ്റ്മെന്‍റ്

ഒരു തിങ്കളാഴ്ച.അന്നും പതിവുപോലെ വേണം വേണ്ടാ  എന്നുവച്ച് ഓഫീസില്‍ ചെന്നപ്പോഴുണ്ട് എപ്പോഴും എന്നെ കണ്ടാല്‍ എസ്കേപ് ആകുന്ന രാജീവ് ഒരു ചിരിയുമായി നില്‍ക്കുന്നു.എസ്കേപ് ആകുന്നത് വെറുതെയല്ല. അവനു സാധാരണയായി കട്ടക്കുള്ള പണി കൊടുക്കുന്നത് ഞാനാണ്..അതായത് ഇതുവരെ ലോകത്ത് ആരും ചെയ്യാത്ത പണികളായിരിക്കും സാധാരണ ഞാന്‍ കൊടുക്കാറുള്ളത്.

എടെ ഞാന്‍ കഴിഞ്ഞ ആഴ്ച ഭയങ്കരമായി ഇന്‍വെസ്റ്റ് ചെയ്തെടെ.എന്തായാലും ഇത്തവണ ഞാന്‍ പ്രോഫിറ്റ് ഉണ്ടാക്കും.

ഇത് കേട്ട പാടെ ഞാന്‍ ഒന്ന് ഞെട്ടി.15ആം തിയ്യതി കഴിഞ്ഞാല്‍ 10 പൈസ എടുക്കാനില്ലാത്തവന്‍ ഒക്കെ തകര്‍ത്തു ഇന്‍വെസ്റ്റ് ചെയ്യുന്നു. എന്തിലാടെ ഇന്‍വെസ്റ്റ് ചെയ്തത്.കാക്കനാട് സ്ഥലം വാങ്ങിയോ? അതോ വല്ല ഷെയറും വാങ്ങിച്ചോ? ഷെയര്‍ ആണെങ്കില്‍ ഏതാ എനിക്കും വാങ്ങാനാ.

അതോന്നുമല്ലടെ.പത്രത്തില്‍ എന്‍റെ കല്യാണആലോചനക്കുള്ള പരസ്യം കൊടുത്തു.KeralaMatrimony.com സൈറ്റില്‍ പെയ്ഡ് അക്കൌണ്ട് എടുത്തു.അതൊന്നും പോരാഞ്ഞു ക്ഷേത്രത്തില്‍ ഒരു വഴിപാടും.എല്ലാം കൂടി ഒരു 25000. പൊട്ടി.ഇത്തവണ പ്രോഫിറ്റ് ഉണ്ടാകും.തീര്‍ച്ച.ചീളു കേസ്. തന്നെ.

 

ഞാന്‍ "ചീളു കേസ്" എന്ന പ്രയോഗം‍ ബ്ലോഗില്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ വര്‍ത്താനത്തിനിടക്ക് പറയുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിന് ഒരേ ഒരു കാരണം ഈ തിരോന്തരക്കാരന്‍ മാത്രമാണ്.