നാട്ടറിവ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നാട്ടറിവ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഏപ്രിൽ 12, വെള്ളിയാഴ്‌ച

ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ @ 2012

The customs of arranged Christian marriage in early years of 2nd decade of 21 century

ഇത് എഴുതിയിരിക്കുന്നത് തൃശ്ശൂര്‍ ജില്ലയില്‍ ഇരിഞ്ഞാലക്കുട ഭാഗത്ത് വച്ച് 2012 സെപ്റ്റംബര്‍ 16നു നടന്ന എന്‍റെ അറേഞ്ച്ഡ് മാര്യേജ് ആധാരമാക്കിയാണ്. സ്ഥലവും ,സമയവും അനുസരിച്ചു ചടങ്ങുകള്‍ക്ക് മാറ്റം വരാം,

ആമുഖം /Purpose of post

21-ആം നൂറ്റാണ്ടിന്‍റെ ആദ്യകാലങ്ങളില്‍ മധ്യ കേരളത്തിലെ ക്രിസ്ത്യന്‍ സുറിയാനി കത്തോലിക വിഭാഗത്തില്‍ നടക്കുന്ന കല്യാണത്തിന്‍റെ നടപടി ക്രമങ്ങള്‍ ഭാവിതലമുറക്ക് അറിയാന്‍ വേണ്ടി എഴുതാന്‍ കാരണം ഞങ്ങളുടെ ഒരു ബന്ധു കല്യാണ CD ചോദിച്ചതാണ്. അവര്‍ കുറെകാലമായി മുംബൈയില്‍ ആണ്. അവരുടെ മോളുടെ കല്യാണം നാട്ടില്‍ വച്ച് നടത്തുന്നതിന് അവര്‍ക്ക് ,കല്യാണത്തിന്‍റെ നടപടിക്രമങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് CD ചോദിച്ചതു. ഇപ്പോഴുള്ളവര്‍ക്ക് അറിയില്ലെങ്കില്‍ ഭാവിയില്‍ വരുന്നവര്‍ക്ക് ഒട്ടും അറിയില്ല.

പഴയ കര്‍ന്നോര്‍മാര്‍ പറയുന്നതു കേട്ടിട്ടുണ്ട് അന്നൊക്കെ കല്യാണം 3 ദിവസമായിരുന്നത്രെ.പക്ഷേ ആ 3 ദിവസം എന്തൊക്കെയാണ് ചെയ്യുന്നത് എന്നു അറിയാന്‍ പ്രത്യേകിച്ചു വഴികള്‍ ഒന്നുമില്ല.  ഇനി ഒരു 10 കൊല്ലം കഴിഞ്ഞാല്‍ എന്തൊക്കെയാണവോ മാറുക.

പങ്കാളിയെ തിരയല്‍ / Selection

പണ്ടൊക്കെ ബ്രോക്കര്‍മാര്‍ അഥവാ മൂന്നാന്‍ എന്നറിയപ്പെടുന്ന കൂട്ടരാണ് പെണ്ണിന്‍റെയും ,ചെറുക്കന്റെയും വീട്ടുകാരെ കൂട്ടിമുട്ടിച്ചിരുന്നത്. ഒന്നുകില്‍ വീട്ടുകാര്‍ ബ്രോക്കറെ വിളിച്ച് ബയോഡാറ്റ കൊടുക്കും അല്ലെങ്കില്‍ ബ്രോക്കര്‍മാര്‍ തേടിപ്പിടിച്ചു അന്വേഷിച്ചു വരും. ബയോഡാറ്റ എന്നത് വളരെ ഇംപോര്‍ട്ടന്‍റ് സാധനമാണ് . അതില്‍ കല്യാണം കഴിക്കാന്‍ പോകുന്ന ആളുടെ ഒരു മാതിരിപ്പെട്ട എല്ലാ ഡീറ്റൈല്‍സ് ഉണ്ടായിരിക്കണം. ഉയരം, തൂക്കം, വീട്ടുകാരുടെ വിവരങള്‍, എന്താണ് പഠിച്ചത് ,എവിടെയാണ് പഠിച്ചത് മുതലായ പഠിപ്പ് വിവരങള്‍ ,ജോലിസംബന്ധമായ വിവരങള്‍ ,വിദേശത്താണെങ്കില്‍ എന്തു ടൈപ്പ് വിസയാണ് തുടങ്ങിയവയാണ് സാധാരണ ഉണ്ടായിരിക്കുന്ന വിവരങള്‍.

21ആം നൂറ്റാണ്ടിന്‍റെ ആദ്യദശകത്തിന്‍റെ അവസാനത്തോടുകൂടി ഇന്‍ഡ്യയില്‍ ഉണ്ടായ വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച വിവാഹ ആലോചനകളെയും ബാധിച്ചു. കൂടുതല്‍ ആളുകള്‍ ഓണ്‍ലൈന്‍ വഴി പങ്കാളിയെ തേടിത്തുടങ്ങി .keralamatrimony.com , chavaramatrimony.com ,www.bethlehemmatrimonial.com തുടങ്ങിയവയാണ് മുന്‍നിരയില്‍ ഉള്ള സൈറ്റുകള്‍. .ശരാശരി RS 3000/- ആണ് ഈ സൈറ്റുകളില്‍ ഒരു പ്രൊഫൈല്‍ ഒരു കൊല്ലം ഇടുന്നതിനുള്ള ഫീസ്.

ബ്രോക്കര്‍മാരും ഈ അവസരം മുതലെടുക്കുന്നു. മുന്‍പൊക്കെ അവര്‍ക്ക് ഒരു ബാഗ് നിറയെ ഫോട്ടോകളും , ബയോഡാറ്റകാളും കൊണ്ട് നടക്കേണ്ടിയിരുന്നു. ഇപ്പോള്‍ അവര്‍ മാട്രിമോണി സൈറ്റില്‍ ഉള്ള ID മാത്രം കൊണ്ട് നടന്നാല്‍ മതി. സൈറ്റുകള്‍ വളരെയധികം ഉണ്ടായിട്ടും ബ്രോക്കര്‍ എന്ന വര്‍ഗം ഇല്ലാതാകാത്തത്തിന് കാരണം ബ്രോക്കര്‍മാര്‍ പുറകെ നടന്ന്‍ രണ്ടു കൂട്ടരെയും കല്യാണം കഴിക്കാന്‍ പ്രേരിപ്പിക്കും. സൈറ്റുകള്‍ ചുമ്മാ കുറച്ചു പ്രൊഫൈലുകള്‍ കാണിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ചുരുക്കി പറഞ്ഞാല്‍ ഇന്‍ഷുറന്‍സ് പരസ്യവും ,ഇന്‍ഷുറന്‍സ് ഏജന്‍റും തമ്മിലുള്ള വ്യത്യാസം.

ഇതൊക്കെ നമ്മളെപ്പോലെ ലൈന്‍ അടിച്ചു വിജയിക്കാന്‍ പറ്റാത്തവരുടെ കാര്യം. ലൈന്‍ അടിച്ചു വിജയിക്കുകയാണെങ്കില്‍ ഈ ഘട്ടം അപ്രസക്തമാണ് കാരണം അവര്‍ ഓള്‍റെഡി പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. മുന്‍പൊക്കെ പ്രേമിച്ചു കല്യാണം കഴിക്കുക എന്നൊക്കെ പറഞ്ഞാല്‍ വീട്ടുകാര്‍ എന്തായാലും എതിര്‍ക്കും. പക്ഷേ ഇപ്പോള്‍ ആളുകളുടെ അല്ലെങ്കില്‍ സമൂഹത്തിന്‍റെ ചിന്തകള്‍ മാറിതുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം ആളുകളും അനുകൂലിക്കുന്നു.

പെണ്ണ് / ചെക്കന്‍ കാണല്‍ / Interview

ബ്രോക്കര്‍ കാണിച്ചുതന്ന, അല്ലെങ്കില്‍ ഇന്‍റര്‍നെറ്റ് വഴി കണ്ടുപിടിച്ച ഒരു പങ്കാളി തല്‍പര്യങ്ങള്‍ക്ക് ചേര്‍ന്നതാണെകില്‍ കാര്യങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. പെണ്ണുകാണല്‍ അഥവാ പരസ്പരം ഇന്‍റര്‍വ്യു ചെയ്യല്‍.

ആദ്യം ചെറുക്കന്‍റെ വീട്ടില്‍ നിന്നും ചെറിയ ഒരു സംഘം പെണ്ണുകാണലിനായി പെണ്ണിന്‍റെ വീട്ടിലെത്തുന്നു. സാധാരണയായി ചെറുക്കന്‍ മാതാപിതാക്കളോത്തോ, അല്ലെങ്കില്‍ സുഹൃത്തുമോത്തോ ആണ് കാണാന്‍ വരുന്നത്. ചെറുക്കന് വിദേശത്താണ് ജോലിയെങ്കില്‍ ചെറുക്കന്‍ ഇല്ലാതെയും ഈ കാണല്‍ നടക്കാം.ചില വിരളം സാഹചര്യങ്ങളില്‍ പെണ്ണിന്‍റെ ജോലിസ്ഥലത്ത് വച്ചും ഈ പെണ്ണുകാണല്‍ നടക്കാറുണ്ട്. ഇതിലെ പ്രധാന ചടങ്ങ് ചെറുക്കനും പെണ്ണും മാത്രമായുള്ള കൂടിക്കാഴ്ചയാണ്. ബയോഡാറ്റയില്‍ കണ്ട വ്യക്തി തനിക്ക് ശരിക്കും ഇണങ്ങിയതാണോ എന്നു വിലയിരുത്തുന്നത് ഈ സംസാരത്തിലാണ്.

രണ്ടുകൂട്ടര്‍ക്കും പരസ്പരം ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അടുത്ത ഘട്ടമായ ചെറുക്കന്‍റെ വീട് കാണുന്ന പരിപാടിയാണ്. കൂട്ടത്തില്‍ ചെറുക്കനെയും കാണും. പെണ്ണിന്‍റെ വീട്ടില്‍ നിന്നുള്ള ഒരു ചെറു സംഘം ചെറുക്കന്‍റെ വീട്ടിലേക്ക് പോകുന്നു. സാധാരണയായി പെണ്ണിന്‍റെ മാതാപിതാക്കളും, ഇരുവരുടെയും വീട്ടില്‍നിന്നുള്ള പ്രതിനിധികളും ഉണ്ടായിരിക്കും. ഇവര്‍ ചെറുക്കന്‍റെ വീടും ചുറ്റുപാടുകളും കണ്ടു വിലയിരുത്തുന്നു. കാരണം പെണ്കുട്ടി ഇനി ആ വീട്ടിലാണല്ലോ താമസിക്കാന്‍ പോകുന്നത്.

രണ്ടാം ഘട്ടവും വിജയകരമായാല്‍ പിന്നെ ചെറുക്കന്‍റെ വീട്ടില്‍നിന്നും വലിയൊരു സംഘം പെണ്ണിന്‍റെ വീട്ടിലേക്ക് വരുന്നു. അതില്‍ ചെറുക്കന്‍റെ മാതാപിതാക്കളുടെ അപ്പനമ്മമാരും, എല്ലാ സഹോദരങ്ങളും അവരുടെ മക്കളും ഉള്‍പ്പെടും. അതുപോലെതന്നെ പെണ്ണിന്‍റെ കൂടുതല്‍ ബന്ധുക്കള്‍ ഈ ചടങ്ങിന് സംബന്ധിക്കും. സാധാരണയായി ഈ ഘട്ടത്തില്‍ റിജക്ഷന്‍ റേറ്റ് കുറവാണ് കാരണം രണ്ടു കൂട്ടര്‍ക്കും ഒരു തവണയെങ്കിലും ഇഷ്ട്ടപ്പെട്ടിട്ടാണ് ഈ ഘട്ടത്തില്‍ എത്തുന്നത്.ബന്ധുക്കള്‍ക്ക് പരസ്പരം അറിയാന്‍ ഇത് ഉപകരിക്കുന്നു. സാധാരണയായി കല്യാണം നടക്കുന്നതു ഒരേ ജില്ലയില്‍ നിന്നുള്ളവര്‍ തമ്മിലാണെങ്കില്‍ ചെറുക്കന്റെയും ,പെണ്ണിന്റെയും ധാരാളം ബന്ധുക്കള്‍ തമ്മില്‍ മുന്‍പരിചയം കാണും .അങ്ങനെ പരസ്പരം കൂടുതല്‍ അറിയാന്‍ കഴിയും. 

ഉറപ്പിക്കല്‍ / Engagement

ഉറപ്പിക്കുന്ന ചടങ്ങ് നടക്കുന്നതു ചെക്കന്‍റെ വീട്ടിലാണ്.പണ്ടൊക്കെ ഇത് ചെറിയ ചടങ്ങായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് വളര്‍ന്ന് 100 പേര്‍ വരെ പങ്കെടുക്കുന്ന ചടങ്ങായി മാറി. മെയിന്‍ ആയി പെണ്ണിന്‍റെ വീട്ടുകാരും ചെറുക്കന്‍റെ വീട്ടുകാരും കടലാസില്‍ അവരവരുടെ ഡീറ്റൈല്‍സ് എഴുതി പരസ്പരം കൈമാറുന്നു. ചേട്ടാ ഞാന്‍ മൊബൈലില്‍ എഴുതിതരാം എന്നു പറഞ്ഞാല്‍ സമ്മതിക്കില്ല. കടലാസില്‍ എഴുതുന്നതു ചടങ്ങാണുപോലും .ചൈനക്കാര്‍ കടലാസ് കണ്ടു പിടിച്ചില്ലെങ്കില്‍ ഇവര്‍ കല്യാണം കഴിക്കാതിരിക്കുമോ എന്തോ?

അതുപോലെ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന മറ്റൊരു ചടങ്ങാണ് ചെറുക്കാന്‍ ഒരു മൊബൈല്‍ പെണ്ണിന് സമ്മാനമായി കൊടുക്കല്‍. ഇപ്പോള്‍ കുറച്ചുപേര്‍ ജാടക്ക് ചെയ്യുന്ന ഈ ചടങ്ങ് എന്നാണാവോ ഒരു നിര്‍ബന്ധിത ചടങ്ങാവുന്നത്. മിക്കവാറും കടലാസ് കണ്ടു പിടിച്ച കാലത്ത് എഴുതല്‍ ഒരു ഓപ്ഷനല്‍ ചടങ്ങായിരുന്നിരിക്കാം.

കഴിഞ്ഞ ഒരു ചടങ്ങിലും പെണ്ണിന് അവള്‍ ഇനി കഴിയാന്‍ പോകുന്ന വീടോ ചുറ്റുപാടുകളോ കാണാനുള്ള ഭാഗ്യമില്ല. കുറച്ചു പുരോഗമന ചിന്താഗതിക്കാരാണെങ്കില്‍ ഉറപ്പിക്കലിന് പെണ്ണിനെ ചെക്കന്‍റെ വീട്ടിലേക്ക് കൊണ്ടുവരും. 2010 വരെ ഇങ്ങനെ ഒരു പരിപാടി കേട്ടുകേള്‍വി പോലുമില്ല. ഇപ്പോള്‍ കുറച്ചുകൂടി സ്വാതന്ത്രം സ്ത്രീകള്‍ക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ട്. ആദ്യമായി മണിയറയില്‍ വെച്ചു അപ്പന്‍ പറഞ്ഞുറപ്പിച്ച പെണ്ണിനെ കണ്ട 1950നു മുന്‍പുള്ള വല്ല കാര്‍ന്നോര്‍മാരും പെണ്ണിന്‍റെയോ ചെക്കന്‍റെയോ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ പെണ്ണിനെ ചെക്കന്‍റെ വീട് കല്യാണത്തിന് മുന്പ് കാണിക്കില്ല.

പ്രൊഫെഷനല്‍ ഫോട്ടോയെടുക്കല്‍ ഈ ചടങ്ങിന് സാധാരണ ഉണ്ടാകാറില്ല. എല്ലാവരുടെയും കൈയ്യില്‍ ക്യാമറകളും, ക്യാമറയുള്ള മൊബൈലുകളും ഉള്ളതുകൊണ്ടു ബന്ധുജനങ്ങളാണ് ഈ ചടങ്ങിന് ഫോട്ടോ എടുക്കുന്നത്.

സ്ത്രീധനം / Dowry

പണ്ടൊക്കെ സ്ത്രീധനം കണക്ക് പറഞ്ഞു വാങ്ങുന്ന പരിപാടി ആയിരുന്നു. "പത്തുപവനും, 50000 രൂപയും ഇല്ലെങ്കില്‍ താലി കെട്ട് നടക്കില്ല" എന്നൊക്കെ പണ്ട് കല്യാണം ഉറപ്പിക്കുന്ന വേദികളില്‍ പറയുന്നതു കേട്ടിട്ടുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. ആരും ചോദിക്കുന്നില്ല. പക്ഷേ മിക്കവാറും എല്ലാവരും പെണ്ണിന് ഇത്രക്ക് ഷെയര്‍ ഉണ്ട് എന്നെല്ലാം പറയും.

പ്രീകാന 

ഉറപ്പിക്കലിനുശേഷം കൃസ്ത്യന്‍ കത്തോലിക്ക വിഭാഗതില്‍ ഉള്ള മറ്റൊരു ചടങ്ങാണ് പ്രീകാനാ കോണ്‍ഫറണ്‍സ് കൂടുക എന്നത്. ഇത് രൂപത അടിസ്ഥാനത്തില്‍ നടത്തുന്ന ത്രിദിന ക്യാമ്പ് ആണ്. കല്യാണം കഴിക്കാന്‍ പോകുന്നവരെ അദ്ധ്യാത്മികമായും ,ഭൌതികമായും ഒരുക്കുക എന്നതാണു ഇതിന്‍റെ ലക്ഷ്യം.ഓരോരോ വിഷയങ്ങളില്‍ പ്രവീണ്യം നേടിയിട്ടുള്ള സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ഇതില്‍ ക്ലാസുകള്‍ എടുക്കും.നിയമവും, വൈദ്യവും കുട്ടികളെ പരിപാലിക്കലും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ദൈവീകത്തോടൊപ്പം പഠിപ്പിക്കും. 

അതുപോലെ നിശ്ചയം കഴിഞ്ഞിരിക്കുന്ന ആണും പെണ്ണും ഉണ്ടെങ്കില്‍ അവര്‍ക്ക് ഇടവേളകളില്‍ പരസ്പരം സംസാരിക്കാം സാധിക്കും. അങ്ങനെ വേര്‍പ്പെട്ട നിശ്ചയങ്ങള്‍ ഉണ്ട്. ഒരു വശത്തുനിന്നു ചിന്തിച്ചാല്‍ ഇത് നല്ലതാണ് .പരസ്പരം മനസിലാക്കി കല്യാണത്തിന് മുന്പെ പിരിയാം. അതുപോലെ കല്യാണം ഉറപ്പിക്കാത്തവര്‍ക്കും ഇതില്‍ പങ്കെടുക്കാം. അങ്ങനെ പങ്കെടുത്ത് അവിടെ വച്ച് പരിചയപ്പെട്ടു കല്യാണം കഴിച്ച ആളുകളും ഉണ്ട്. 

കത്തോലിക്ക സഭ ഇക്കാലത്ത് നടത്തുന്ന ചുരുക്കം ചില നല്ലകാര്യങ്ങളില്‍ ഒന്നാണ് ഈ കോഴ്സ്.ഈ കോഴ്സ് പാസാകാതെ കത്തോലിക്ക പള്ളിയില്‍വെച്ചു വിവാഹം നടത്തികൊടുക്കില്ല. ഇത് പാസായ സര്‍ട്ടിഫിക്കറ്റ് വരന്‍റെ ഇടവകയില്‍ കൊടുത്താലേ മനസമ്മതം നടത്താന്‍ ആവശ്യമായ കുറി /ലെറ്റര്‍)വരന്‍റെ ഇടവകയില്‍ നിന്നും ലഭിക്കുകയുള്ളൂ. ഇവിടം മുതല്‍ കുറികളുടെ കൊടുക്കല്‍ വാങ്ങലുകളാണ്. അവയാണ് കത്തോലിക്കസഭയുടെ കല്യാണം എന്ന പ്രോസസ്സ് നിയന്ത്രിക്കുന്നത്.

മനസമ്മതം / Betrothal

മനസമ്മതം നടക്കുന്നതു പെണ്ണിന്‍റെ പള്ളിയില്‍ വച്ചാണ്. അതുകഴിഞ്ഞു പെണ്ണിന്‍റെ വീട്ടിലോ ,ഏതെങ്കിലും ഔഡിറ്റോറിയത്തിലോ വച്ച് പെണ്ണിന്‍റെ വീട്ടുകാര്‍ വിരുന്ന് നടത്തും.പെണ്ണിന്‍റെ വീട്ടില്‍ കല്യാണം പോലെയാണ് ഇത് ആഘോഷിക്കുന്നത്. കല്യാണസമയം പെണ്ണിന്‍റെ അടുത്ത ബന്ധുക്കള്‍ മാത്രമേ ചെറുക്കന്‍റെ വീട്ടിലേക്ക് പോകുകയുള്ളൂ. അതുപോലെ മനസമ്മതത്തിന് ചെറുക്കന്‍റെ വീട്ടില്‍ നിന്നും അടുത്ത ബന്ധുക്കളും കൂട്ടുകാരും മാത്രമേ വരികയുള്ളൂ.

ചെക്കന്‍ സാധാരണയായി ഇടുന്ന ഡ്രസ് സര്‍വാണി, ജുബ്ബ ,സ്യൂട്ട്  തുടങ്ങിയവയില്‍ ഏതെങ്കില്‍ ആയിരിക്കും.വളരെ ചുരുക്കം പേര്‍ മുണ്ട് ഉപയോഗിക്കും.പെണ്ണ്‍ സാരിയാണ് ഉപയോഗിക്കുന്നത്.ലാച്ച എന്ന ഒരു പുതിയതരം ഡ്രസ് ഇപ്പോള്‍ ഫാഷന്‍ ആയി വരുന്നുണ്ട്.

പെണ്ണിന്‍റെ പള്ളിയില്‍ ചെറുക്കന്‍റെ പള്ളിയില്‍ നിന്നും കിട്ടിയ ലെറ്റര്‍ കൊടുക്കുന്നതോടെ ചടങ്ങ് തുടങ്ങുന്നു. സാധാരണയായി പുരോഹിതന്‍ എല്ലാവരുടെയും മുന്നില്‍ വച്ച് ചെറുക്കാനോട് പെണ്ണിനെ വിവാഹം കഴിക്കാന്‍ സമ്മതമാണോ എന്നും, പെണ്ണിനോട് ചെറുക്കനെ വിവാഹം കഴിക്കാന്‍ സമ്മതമാണോ എന്നും ചോദിക്കുന്നു. അവര്‍ സമ്മതമാണ് എന്നു പറഞ്ഞാല്‍. സാക്ഷികളോട് അവര്‍ കേട്ടുവല്ലോ എന്നും ചോദിക്കുന്നു. എല്ലാം ശരിയായാല്‍ ദൈവനാമത്തില്‍ ഉടമ്പടി ഉറപ്പിക്കുന്നു.ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രം മനസമ്മതത്തിനുശേഷം കുര്‍ബാനയുണ്ടാകും.

ഈ ചടങ്ങിനുശേഷം പെണ്ണിന്‍റെ പള്ളിയില്‍ നിന്നും കുറി കിട്ടുന്നു. ഈ കുറി ചെറുക്കന്‍റെ പള്ളിയില്‍ കൊടുത്താല്‍ മാത്രമേ താലികെട്ട് അവിടെ നടക്കൂ.

പ്രൊഫെഷനല്‍ ഫോട്ടോ ,വീഡിയോ തുടങ്ങിയവ വരുന്നത് ഇവിടെ നിന്നുമാണ്. പള്ളിയിലെ ചടങ്ങുകള്‍ ഒഴിച്ചാല്‍ മിക്കവാറും ബാക്കി എല്ലാ ചടങ്ങുകളും നിയന്ത്രിക്കുന്നത് അവരാണ്. ചുരുക്കം ചില സ്ഥലങ്ങളില്‍ സ്റ്റേജ് അവതാരകര്‍ ഉണ്ടാകും.മിക്കവാറും ഭാവിയില്‍ ഇത്തരം അവതാരകര്‍ ഒരു നിര്‍ബന്ധിത ഘടകമാകാന്‍ സാധ്യതയുണ്ട്.

പള്ളിയിലെ പരിപാടികള്‍ക്ക് ശേഷമാണ് സ്റ്റേജില്‍ രണ്ടുപേരെയും ഇരുത്തുന്നത്. അവിടെ വച്ച് രണ്ടുപേരും ചേര്‍ന്ന് കേക്ക് മുറിക്കുന്നു.അതിനുശേഷം വൈന്‍ കുടിക്കുന്നു. സ്റ്റേജ് പരിപാടികള്‍ കഴിഞ്ഞാല്‍ കല്യാണത്തിന് വന്നവര്‍ ഓരോരുത്തരായി സ്റ്റേജില്‍ വന്നു ആശംസകള്‍ അര്‍പ്പിക്കുന്നു. ഈ സമയതാണ് വന്നവര്‍ എല്ലാവരും ഫോട്ടോയിലും ,വീഡിയോയിലും ഉള്‍പ്പെടുന്നത്.

പണ്ടൊക്കെ സദ്യ ബിരിയാണി ആയിരുന്നു. ഇപ്പോള്‍ എല്ലാവരും ഡിന്നര്‍ എന്നപേരില്‍ വളരെ മുന്‍പുണ്ടായിരുന്നപ്പോലെ ചോറാണ് കൊടുക്കുന്നതു.മൂന്നുതരം ഇറച്ചിയും അവസാനം ഐസ് ക്രീമും മിക്കവാറും എല്ലാ കല്യാണങ്ങളിലും ഉണ്ടാകും. ഇറച്ചിയില്‍ ചിക്കനും ,മീനും അവിഭാജ്യ വിഭവങ്ങളാണ്.പിന്നെ പോത്തോ , പോര്‍ക്കോ ഓപ്ഷന്‍ ആയിരിക്കും. താറാവും ,ആടും വിശിഷ്ട വിഭവങ്ങള്‍ ആണ്.അത് ചിലപ്പോലെ കിട്ടൂ.ഐസ്ക്രീമിനൊപ്പം ചിലപ്പോള്‍ പോപ്കോണ്‍ , ബോംബേ മിഠായി ,മധുര പലഹാരങ്ങള്‍ തുടങ്ങിയവയും ഉണ്ടാകും.

കല്യാണം വിളിച്ചുചൊല്ലല്‍

മനസമ്മതം കഴിയുന്നതോടുകൂടി പെണ്ണിന്‍റെ പള്ളിയിലും ,മനസമ്മതം കഴിഞ്ഞു കിട്ടുന്ന കുറി ചെക്കന്‍റെ പള്ളിയില്‍ കൊടുത്താല്‍ അവിടെയും വിളിച്ചുചൊല്ലല്‍ ആരംഭിക്കും. വിളിച്ചുചൊല്ലല്‍ എന്നുപറഞ്ഞാല്‍ വിവാഹഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെ പള്ളികളില്‍ 3 ഞായറാഴ്ച കുര്‍ബാനക്ക് ശേഷം പരസ്യമായി കല്യാണക്കാര്യം വിളിച്ചുപറയുന്ന രീതിയാണ്. മനസമ്മതത്തിനും കല്യാണത്തിനും ഇടക്കുള്ള 3 ഞായറാഴ്ചകളില്‍ ആണ് വിളിച്ചു പറയുന്നതു. കല്യാണഞായറാഴ്ചയും കൂടി ഇതില്‍ പ്പെടുത്തും.ഗള്‍ഫുകാര്‍ക്ക് ലീവ് കുറവാണു എന്നാല്‍ രൂപതയില്‍ നിന്നുള്ള പ്രത്യേക  അനുവാദത്തോടുകൂടി വിളിച്ചുപറയല്‍ ഒഴിവാക്കാം.

ആര്‍ക്കെങ്കിലും നടക്കാന്‍ പോകുന്ന കല്യാണത്തിന് എതിര്‍പ്പ് ഉണ്ടെങ്കില്‍ അത് പള്ളിയില്‍ അറിയിക്കാനാണ് വിളിച്ചുപറയല്‍ നടത്തുന്നത്. ഇതര വിഭാഗങ്ങളില്‍ ഒന്നും ഇങ്ങനെയൊരു ചടങ്ങില്ല.

കല്യാണം / Marriage

ചെറുക്കന്‍റെ വീട്ടില്‍ വച്ചാണ് കല്യാണം നടക്കുന്നതു .പണ്ടൊക്കെ പെണ്ണിന്‍റെ വീട്ടില്‍ വച്ചായിരുന്നു നടന്നിരുന്നത്.എന്നിട്ട് എല്ലാവരും ചെക്കന്‍റെ വീട്ടിലേക്ക് പോകും. പക്ഷേ ഇപ്പോള്‍ എല്ലാം ചെക്കന്‍റെ വീട്ടില്‍ വച്ച് നടക്കുന്നതു കൊണ്ട് യാത്ര ഒഴിവാക്കാം .ഞായറാഴ്ചകളില്‍ ആണെകില്‍ 12:05 PM ആണ് കേട്ടു നടത്തുന്ന സമയം .ഇടദിവസങ്ങളില്‍ ആണെങ്കില്‍ 10:30AM.  

ചെറുക്കാന്‍ മിക്കവാറും സ്യൂട്ട് ആയിയിക്കും ധരിക്കുന്നത്. പെണ്ണിന്‍റെ ഡ്രസ് വെള്ള സാരിയോ ,ഗൌണോ ആയിരിക്കും .

പുരോഹിതന്‍ ആശീര്‍വദിച്ച താലി ചെക്കന്‍ പെണ്ണിന്‍റെ കഴുത്തില്‍ കെട്ടുന്നതിനോടൊപ്പം മന്ത്രകോടി എന്നപേരില്‍ ഒരു സാരിയും പെണ്ണിന് കൊടുക്കുന്നു. ഈ മന്ത്രകോടിയാണ്  കല്യാണശേഷമുള്ള ഒരു വര്ഷം മിക്കവാറും ചടങ്ങുകള്‍ക്കും ഉടുക്കേണ്ടത്. എല്ലാ കല്യാണത്തിനും കുര്‍ബാനയുണ്ടാകും. കുര്‍ബാനക്ക് ശേഷം വധു പള്ളിയില്‍ വച്ച് ധരിച്ചിരുന്ന വെള്ളസാരി അല്ലെങ്കില്‍ ഗൌണ്‍ മാറി മന്ത്രകോടി ഉടുക്കുന്നു.

പള്ളിയിലെ പരിപാടികള്‍ക്ക് ശേഷം രണ്ടുപേരെയും മണ്ഡപത്തില്‍ ഇരുത്തി മനസമ്മതത്തിന് ചെയ്തതുപോലെയുള്ള ചടങ്ങുകള്‍ ഉണ്ടായിരിക്കും.മധുരം കൊടുക്കുമ്പോള്‍ വെളിയില്‍ പടക്കം പൊട്ടിക്കുന്ന പരിപാടി ചിലയിടങ്ങളില്‍ കാണാം.

ഭക്ഷണം മനസമ്മതത്തിന് പെണ്ണിന്‍റെ വീട്ടില്‍ കൊടുക്കുന്നതുപോലെയുള്ള വിഭവങ്ങള്‍ ആയിരിക്കും.

ഭക്ഷണശേഷം നടക്കുന്ന മറ്റൊരു ചടങ്ങാന് പെണ്ണിന്‍റെ വീട്ടില്‍ നിന്നും വന്നവര്‍ ഓഡിറ്റോറിയത്തില്‍ നിന്നും ചെക്കന്‍റെ വീട്ടില്‍ പോകുന്നതു. അവിടെ വച്ച് ചായയോ അല്ലെങ്കില്‍ വൈനുമോ കേക്കിനൊപ്പം നല്കുന്നു. 

അതിനുശേഷം  പെണ്ണിനെ ചെറുക്കനെ ഏല്‍പ്പിക്കല്‍ ചടങ്ങാണ്. പെണ്ണിന്‍റെ അമ്മ പെണ്ണിന്‍റെ കൈ പിടിച്ച് ചെറുക്കന്‍റെ അമ്മയെ ഏല്‍പ്പിക്കുന്നു. ചെറുക്കന്‍റെ അമ്മ അപ്പോള്‍ത്തന്നെ കൈ ചെറുക്കനെ ഏല്‍പ്പിക്കുന്നു. ഇനി മുതല്‍ ഇവളെ നീയാണ് പരിപാലിക്കേണ്ടത് എന്നു സൂചിപ്പിക്കുന്ന ചടങ്ങാണ് ഇത്. അതിനുശേഷം പെണ്ണിന്‍റെ വീട്ടുകാര്‍ പെണ്ണിനെ ചെറുക്കന്‍റെ വീട്ടില്‍ നിറുത്തിയിട്ട് തിരിച്ചു പോരുന്നു. മിക്കവാറും  പെണ്ണിന്റെയും ,പെണ്ണിന്‍റെ വീട്ടുകാരുടെയും ഒരു കൂട്ടക്കരച്ചില്‍ ഇവിടെ ഉണ്ടാകും. ആരും കരഞ്ഞില്ലെങ്കില്‍ അടുത്തു നില്‍ക്കുന്ന ബന്ധുക്കള്‍ ഓരോന്ന് പറഞ്ഞു കരയിപ്പിക്കാന്‍ ശ്രമിക്കും.

കല്യാണശേഷം / After marriage

കല്യാണത്തിന്‍റെ പിറ്റേദിവസം ചെറുക്കനും പെണ്ണുംകൂടി ചെറുക്കന്‍റെ പള്ളിയില്‍ പോകണം .അതും 6-6:30 ണു ഉള്ള ആദ്യത്തെ  കുര്‍ബാനക്ക് .ചടങ്ങിന്‍റെ പേര്‍ മറുപള്ളി കുമ്പിടല്‍. പണ്ട് പെണ്ണിന്‍റെ വീട്ടില്‍ വച്ച് കല്യാണം നടന്നിരുന്നതുകൊണ്ട് കല്യാണദിവസം പെണ്ണ് വരന്‍റെ പള്ളി കണ്ടിട്ടുണ്ടാവില്ല. അങ്ങനെയുള്ള സമയത്ത് ഈ ചടങ്ങിന് പ്രാധാന്യം ഉണ്ട്. ഇപ്പോള്‍ അങ്ങിനെ ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കല്യാണശേഷം ഉള്ള ഒരു മെയിന്‍ ചടങ്ങാണു വധുവിന്‍റെ വീട്ടില്‍ പാര്‍ക്കാന്‍ പോകല്‍.. കല്യാണത്തിന്‍റെ പിറ്റേന്നോ അല്ലെങ്കില്‍ 2 ദിവസം കഴിഞ്ഞിട്ടോ വധുവിന്‍റെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ വന്ന്‍ വധൂവരന്‍മാരെ കൂട്ടികൊണ്ട് പോകുന്നു. അതുപോലെ 2-3 ദിവസത്തെ പാര്‍ക്കലിന് ശേഷം വരന്‍റെ ബന്ധുക്കള്‍ വന്ന്‍ തിരിച്ചു കൂട്ടിക്കൊണ്ടുപോകുന്നു. ആളുകള്‍ തമ്മില്‍ പരസ്പരം അറിയുന്നതിനുള്ള ഓരോ ചടങ്ങുകള്‍ ആയിരിക്കും ഇതൊക്കെ.വരന്‍റെ വീട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ അലമാരി കൊണ്ടുവരുന്ന ചടങ്ങുണ്ട്. പെണ്ണിന്‍റെ ഡ്രസ് വെക്കാന്‍ അലമാരി കൊണ്ടുവരുന്നത് മനസിലാക്കാം പക്ഷേ അലമാരിയോടൊപ്പം കുറച്ചു പലഹാരങ്ങളും കൊണ്ടുവരുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. അതുപോലെ അലമാരിക്കുള്ളില്‍ കുറച്ചു രൂപ വൈക്കുന്ന ചടങ്ങുമുണ്ട്. സാധാരണയായി 501, 1001 തുടങ്ങി 1ന്നില്‍ അവസാനിക്കുന്ന സംഖ്യയാണ് വൈക്കുന്നത്.

ഇനിയുള്ള ചടങ്ങ് വധൂവരന്‍മാര്‍ എല്ലാ  ബന്ധുഗൃഹങ്ങളും സന്ദര്‍ശിക്കുക എന്നതാണു. സാധാരണയായി രണ്ടുപേരുടെയും മാതാപിതാക്കളുടെ സഹോദരങ്ങളുടെ വീടുകളിലേക്കാണ് പോകേണ്ടത്. പിന്നെ രണ്ടു സ്ഥലങ്ങളിലെ അയല്‍വക്കങ്ങളിലേക്കും .

കല്യാണത്തിന് ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ് പെണ്ണിന്‍റെ വീട്ടിലാണ് ആഘോഷിക്കുന്നത് .അതായത് ചെറുക്കനും പെണ്ണും പെണ്ണിന്‍റെ ഇടവകയില്‍ ആണ് പാതിരാകുര്‍ബാനയ്ക്ക് പോകേണ്ടത്.ഉച്ചഭക്ഷണത്തിനുശേഷം  വീണ്ടും ചെറുക്കന്‍റെ വീട്ടിലേക്ക് .കാരണം രാത്രി ഭക്ഷണം അവിടെയാണ്. ഓശാനഞായറിനും ,ഈസ്റ്ററിനും ഇതുപോലെ തന്നെ.  കെട്ടിനുശേഷം വരുന്ന പള്ളിപ്പെരുന്നാളിനെ പുതുമോടി പെരുന്നാള്‍ എന്നു പറയും. പെണ്ണിന്‍റെ വീട്ടുകാര്‍ ചെറുക്കന്‍റെ  വീട്ടില്‍ പെരുന്നാളിന് വരുമ്പോള്‍ ചെറുക്കന്‍റെ വീട്ടുകാര്‍ക്ക് നേര്‍ച്ചയിടാന്‍ പൈസ കൊടുക്കണം.അതുപോലെ തിരിച്ചും. ഓരോരോ ചടങ്ങുകളേ...

അങ്ങനെ 

2012 ജൂൺ 16, ശനിയാഴ്‌ച

കാര്‍ മൊബൈല്‍ ഹോള്‍ഡര്‍

എളുപ്പത്തില്‍ സ്മാര്‍ട്ട് ആകാനായി സാംസങ് ഗ്യാലക്സി വൈ എന്ന മൊബൈല്‍ വാങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് കാറില്‍ ഇതെവിടെ വെക്കും എന്നുള്ള പ്രശ്നം.ഒരിക്കല്‍ തോപ്രാംകുടി വരെ പോകേണ്ടി വന്നപ്പോള്‍  ഇടത്തു കൈയ്യില്‍ പിടിച്ചാണ് അവിടെ വരെ ഓടിച്ചത്. പാട്ട് കേള്‍ക്കല്‍ മാത്രമാണെങ്കില്‍ എവിടെയെങ്കിലും വെക്കാം എന്നു വിചാരിക്കാം. ഇത് പക്ഷേ അങ്ങിനെയാണോ? ജി‌പി‌എസ് വഴിയല്ലേ റൂട്ട് കണ്ടുപിടിക്കുന്നത്. അപ്പോള്‍ അതേ എവിടെയെങ്കിലും കാണാവുന്ന സ്ഥലത്തു വെക്കണം.

Mobile car holder വാങ്ങണമെന്ന ആഗ്രഹവുമായി ചെന്നു പെട്ടത് eBay യുടെ മുന്പില്‍  .ആഗ്രഹമറിയിച്ചപ്പോള്‍ ക്രെഡിറ്റ് കാര്ഡ് വെക്കാന്‍ പറഞ്ഞു. ഈ മാരുതി ആള്‍ട്ടോക്കാരന്‍റെ ഓട്ടക്കീശയില്‍ എന്തു കാര്‍ഡ്? അങ്ങനെയാണെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ചിക്കോളാനായി eBay. അങ്ങനെ സെര്‍ച്ചിന്‍റെ ആദ്യ പാഠങ്ങള്‍ പറഞ്ഞുതന്ന ഗൂഗിളിനെ മനസില്‍ ധ്യാനിച്ചു  യൂട്യൂബില്‍ അങ്ങ് സെര്‍ച്ചി. ദാണ്ടെ കിടക്കുന്നു പണ്ട് നമ്മളൊക്കെ റേഡിയോ അഴിച്ചുപണിതു തിരിച്ചു ഫിറ്റ് ചെയ്യുമ്പോള്‍ അഞ്ചാറ് ഭാഗങ്ങള്‍ ബാക്കി വരുന്നത് വിശദമായി പഠിപ്പിക്കുന്ന  DIY അഥവാ Do It Yourself വീഡിയോസ്.

പക്ഷേ എല്ലാം ഒരു ഇംഗ്ലിഷ് ടച്ച് ഉള്ള വീഡിയോസ് .അതുപോലെ തന്നെ അവന്‍മാര്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ കിട്ടണമെങ്കില്‍ അമേരിക്കയില്‍ പോകണം. അതിലും ഭേദം eBayയില്‍ നിന്നും വാങ്ങാം.  അങ്ങനെ എന്നിലെ നാടന്‍ ശാസ്ത്രകാരന്‍ ഉണര്‍ന്നപ്പോള്‍ ഉണ്ടായ മൊബൈല്‍ കാര്‍ ഹോള്‍ഡര്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.

സംഗതി സിംമ്പിള്‍ ആണ്.ഹൂക് & ലൂപ്പ് (Hook & Loop) എന്നു പറയുന്ന ഒരു പരിപാടി ഉണ്ട്. നമ്മളൊക്കെ പണ്ട് ഷൂസ് ഒക്കെ ലോക്ക് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന "ക്ര്‍റ" എന്ന സൌണ്ട്  ഉണ്ടാക്കി അഴിച്ചിരുന്ന ഒരു ഒട്ടിപ്പോ പരിപാടി. അതിന്‍റെ ഒരു ചെറിയ നാട കാറില്‍ ഒട്ടിക്കുക മറ്റെ ഭാഗം മൊബൈലില്‍ ഒട്ടിക്കുക. ഇനിയിപ്പോള്‍ മൊബൈലില്‍ ഒട്ടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ മൊബൈല്‍ ഇടാന്‍ പറ്റിയ ഒരു കവര്‍ കണ്ടുപിടിച്ച് അതില്‍ ഒട്ടിക്കുക. എന്നിട്ട് മൊബൈല്‍ കവറില്‍ ഇട്ടു കവര്‍ കാറില്‍ ഒട്ടിക്കുക.

ആകെക്കൂടെ കണ്‍ഫ്യൂഷന്‍ ആയെങ്കില്‍ ക്ഷമിക്കണം. ദേ താഴത്തെ പടങ്ങള്‍ കണ്ടാല്‍ എല്ലാം മനസിലാകും.
കാറില്‍ ഒട്ടിക്കുന്ന ഭാഗം.

എതിര്‍ ഭാഗം മൊബൈല്‍ കവറില്‍ ഒട്ടിച്ചിരിക്കുന്നു.


ആകെ മൊത്തം ഇങ്ങനെ ഇരിക്കും.

ഇത് നിലത്തു വീഴില്ലേ? എന്നൊന്നും വിചാരിക്കേണ്ട. അത്യാവശ്യം വെയ്റ്റ് ഈ ഹൂക് & ലൂപ്പ് താങ്ങും. ഞാനിപ്പോള്‍ ഏകദേശം 100KM ഇങ്ങനെ ഓടിച്ചിട്ടുണ്ട്. ഒന്നും പറ്റിയിട്ടില്ല.അതുകൊണ്ടാണ് എഴുതാമെന്നു വച്ചത്.

എന്‍റെ മൊബൈല്‍ 30,000രൂപ കൊടുത്തു വാങ്ങിയതാണ് അതെങ്ങിനെ ഇങ്ങനെ വയ്ക്കും ,ഇന്ത്യയിലെ റോഡുകള്‍ ഒക്കെ കുണ്ടും കുഴിയും നിറഞ്ഞതാണ് എന്നൊക്കെ പറയാന്‍ തോന്നുന്നുണ്ടെങ്കില്‍ വെറുതെ കമെന്‍റ് ഇടുന്നതിലും നല്ലത് 200-250 രൂപ കൊടുത്തു കാറിന്‍റെ മുന്‍വശത്തെ ചില്ലില്‍ പിടിപ്പിക്കാവുന്ന ഹോള്‍ഡര്‍ വാങ്ങുകയാണ്. ചില്ലില്‍ പിടിപ്പിക്കുന്ന ഹോള്‍ഡര്‍ ആണെങ്കില്‍ ആകെ ഒരു പ്രശ്നം കേട്ടത് അത് കുറച്ചു കഴിയുമ്പോള്‍  എയര്‍ compression ശരിക്കും നടക്കാതെ ചില്ലില്‍ പിടിക്കാതെയാകും എന്നതാണു.

2012 ഏപ്രിൽ 6, വെള്ളിയാഴ്‌ച

NH 47 പാലിയേക്കര ടോളിനെ പറ്റിക്കാന്‍ 101 വഴികള്‍

101 വഴികള്‍ എന്നെഴുതിയാലേ ഒരു ശരാശരി മലയാളി വന്നെത്തിനോക്കുകയുള്ളൂ .ഉള്ള കാര്യം തുറന്നു പറയാമല്ലോ, എന്‍റെ അറിവില്‍ പ്രയോഗികമായ മൂന് നാല് വഴികള്‍ ഉണ്ട്. തമിഴ് നാട്ടിലൂടെ ഒക്കെ ചുറ്റി വരുന്ന മാതിരി 101 വഴികള്‍ തികക്കാന്‍ അറിയാഞ്ഞിട്ടല്ല .വെറുതെ എന്തിനാ നെറ്റിസണ്‍സിന്റെ തെറി വാങ്ങിക്കുന്നേ എന്നു വിചാരിച്ചിട്ടാ..ശരി കാര്യത്തിലേക്ക് വരാം

എറണാകുളം - ചാലക്കുടി ഭാഗത്തുനിന്നും മണ്ണുത്തി - പാലക്കാട് ഭാഗത്തേക്ക് 


5 KM കൂടുതല്‍ ഉണ്ട് .കിലോമീറ്ററിന് 5 രൂ വരെ ചിലവു വന്നാലും ലാഭമാണ്.പിന്നെ കുറച്ചു  ഇടുങ്ങിയ വഴിയാണ് .എന്നാലും ടോള്‍ വേണ്ടല്ലോ.Thalore Junction എന്നെഴുതിയിരിക്കുന്നതിന്‍റെ താഴെ കാണുന്ന 544 എഴുതിയിരിക്കുന്ന ഭാഗത്താണ് ടോള്‍ ബില്‍ഡിങ്..

ഇത് ഇമേജ് ആയ മാപ് അല്ല.Embed ചെയ്തതാണ് .നിങ്ങള്‍ക്ക് വേണേല്‍ സൂം ചെയ്യാം.


എറണാകുളം - ചാലക്കുടി ഭാഗത്ത് നിന്നും നേരെ പാലക്കാട് ഭാഗത്തേക്ക് 


മണ്ണുത്തി പോകാതെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടു നേരെ പട്ടിക്കാട് ചെന്നു കയറാം .


View Larger Map


എറണാകുളം - ചാലക്കുടി ഭാഗത്തുനിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് - ഇരിഞ്ഞാലക്കുട വഴി


എന്‍റെ നാട്ടിലൂടെ പോകുന്നതുകൊണ്ടു പറയുകയല്ലാ..നല്ല കിടിലന്‍ വഴിയാണ്.കല്ലേറ്റുംകര റെയില്‍വേ ഓവര്‍ബ്രിഡ്ജ് ഭാഗത്ത് ശകലം ടാര്‍ ഇളകിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ വേറെ പ്രശ്നമൊന്നും ഇല്ല.കേരളത്തില്‍ ആദ്യകാലത്ത് വന്ന 5കൊല്ലം ഗ്യാരണ്ടിയുള്ള റബ്ബറൈസ്ഡ് റോഡുകളില്‍ ഒന്നു..ചാലക്കുടി കഴിഞ്ഞു പോട്ടയില്‍ നിന്നും ഒരു ലെഫ്റ്റ്.പിന്നെ ഇരിഞ്ഞാലക്കുട ഠാണാവില്‍ നിന്നും ഒരു റൈറ്റ്.. ഒരു 8-9 Km അധികം ഉണ്ട്. 
View Larger Map

എറണാകുളം - ചാലക്കുടി ഭാഗത്തുനിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് - പുതുക്കാട് -ചേര്‍പ്പ് വഴി


5km മാത്രമേ കൂടുതല്‍ ഉള്ളൂ .പക്ഷേ ചേര്‍പ്പ് ഭാഗത്ത് വച്ച് ഇരിഞ്ഞാലക്കുട തൃശ്ശൂര്‍ റൂട്ടില്‍ ചേരുന്നിടത്തുനിന്നെ നല്ല റോഡ് (റബറൈസെഡ്)ഉള്ളൂ. എറണാകുളം ,അങ്കമാലി ,ചാലക്കുടി ഭാഗത്തുനിന്നും ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ഈ വഴികള്‍ തന്നെയാണ് നല്ലത്.കോഴിക്കോട്ടേക്ക് വേണേല്‍ NH 17 വഴി പോകാം.


View Larger Map

ഈ പറഞ്ഞതൊക്കെ നമ്മളെപ്പോലെയുള്ള സാധാരണക്കാരായ 15 ലക്ഷത്തില്‍ താഴെയുള്ള കാറുപയോഗിക്കുന്ന കോടീശ്വരന്‍മാര്‍ക്കുള്ളതാണ്. 15ലക്ഷത്തിന് മുകളിലുള്ള കാറില്‍, സമയം കയ്യില്‍ പിടിച്ച് പോകുകയാണെങ്കില്‍ ടോള്‍ വഴി  തന്നെ പോകുക.

Update - The simple way

View Larger Map

2011 മേയ് 15, ഞായറാഴ്‌ച

ഒരു കൊച്ചു കണ്ടുപിടുത്തം

ജാതിക്കക്കുവേണ്ടി  പറമ്പില്‍ ഡ്രിപ് ഇറിഗേഷന്‍ തുടങ്ങിയപ്പോള്‍ മുതലുള്ള ഒരു പ്രശ്നമാണ് ഇടയ്ക്കിടെ ഗ്ലുക്കോസ് പൈപ്പിലൂടെ വെള്ളം വരാതിരിക്കല്‍.ഇടയ്ക്കിടെ അത് അഴിച്ചു ക്ലീന്‍ ചെയ്യണം. പിന്നെപ്പിന്നെ ക്ലീന്‍ ചെയ്തിട്ടും വെള്ളം വരാതായി.ട്യുബില്‍ ആകെ ബ്ലോക്ക്‌.ചിലവാക്കിയ ആറായിരം കട്ടപ്പുക എന്ന് തന്നെ കരുതി.കൃഷി തുടരണമോ അതോ വേണ്ടയോ എന്നുള്ള ഒരു അവസ്ഥ.അങ്ങനെ ലൈനൊന്ന് മാറ്റിപ്പിടിച്ചു.മീന്‍ വളര്‍ത്തലിലേക്ക് .

പക്ഷെ ഇത്തവണ എംബിഎ  രക്ഷക്കെത്തി.എങ്ങിനെയാണെന്ന് മനസിലാകാത്തവര്‍ക്കായി...കഴിഞ്ഞ തവണ എഴുതിയ പരീക്ഷ വളരെ അന്തസായി തോറ്റു തൊപ്പിയിട്ടു.പണ്ടേ  പരീക്ഷ നമുക്ക് താല്‍പര്യമില്ലല്ലോ.പരീക്ഷയുടെ സമയത്താണ് എല്ലാ തരത്തിലുമുള്ള കുരുത്തക്കേടുകളും ചെയ്യുന്നത്.റേഡിയോ അഴിച്ചു പണിയല്‍,ബാറ്ററിയും വയറും ഉപയോഗിച്ച് വെള്ളത്തില്‍ നിന്നും ഒക്സിജനെയും ഹൈഡ്രജനെയും രക്ഷപ്പെടുത്തല്‍, ഫോട്ടോഷോപ്പില്‍ തലവെട്ടി വയ്ക്കല്‍ ,വായില്‍ നോട്ടം അപ്പ്ഗ്രേട്‌ ചെയ്തു  അപ്പ്ളി വയ്ക്കല്‍ etc ..ബ്ലോഗിങ്ങ് ഉള്‍പ്പെടെ.അങ്ങനെ ഇത്തവണ പരീക്ഷക്ക്‌ പഠിക്കാന്‍ വന്നപ്പോഴാണ് ഗ്ലുക്കോസ് പൈപ്പിലൂടെ വെള്ളം വരാത്ത കാര്യം വീണ്ടും മനസിലേക്ക് വന്നത്.ഒരു കാര്യം അപ്പോഴേ തീരുമാനിച്ചു.ഈ പൈപ്പിലൂടെ വെള്ളം വരുത്തിയിട്ട് മതി ഇനി പഠിപ്പ്.ഓഹോ അത്രക്കായോ ...

പക്ഷെ അധികം സമയം അത് പറഞ്ഞുപഠിക്കാതെയിരിക്കാന്‍ പറ്റിയില്ല.സംഗതി വെറും ചള്ള്കേസായിരുന്നു.ഈ ഗ്ലൂകോസ് ട്യുബിനകത്ത്   ഒരു അരിപ്പയുണ്ട്.വളരെ നേര്‍ത്ത ഒരു അരിപ്പ.ഈ പൈപ്പിലൂടെ മരുന്ന്  മനുഷ്യന്മാരുടെ ദേഹത്ത് കയറുന്നതല്ലേ .കൂട്ടത്തില്‍ കല്ലോ കട്ടയോ ഒന്നും കയറേണ്ട എന്ന് വിചാരിച്ചു അതിന്റെ നിര്‍മ്മാതാക്കള്‍ വച്ചതായിരിക്കും.ഓപ്പറേഷന്‍ കഴിഞ്ഞരോഗിയുടെ വയറ്റില്‍ കത്രിക മറന്നു വയ്ക്കുന്ന ഡോക്റ്റര്‍മാരെ ഗ്ലൂകോസ് ട്യുബ് ഉണ്ടാക്കുന്നവര്‍ക്ക് അത്ര വിശ്വാസം പോരായിരിക്കും.

മേല്‍പ്പറഞ്ഞ അരിപ്പയാണ് ഈ കഥയിലെ വില്ലന്‍.അവനെ അങ്ങ് എടുത്തു മാറ്റിയതോടുകൂടി വെള്ളം സറസറ എന്നുപറഞ്ഞു വന്നു തുടങ്ങി.എങ്ങിനെ ഇലക്കുംമുള്ളിനും ഓ സോറി ട്യുബിനും നമുക്കും കേടില്ലാതെ അരിപ്പ മാറ്റാം എന്നുള്ളത് ട്രേഡ് സീക്രെട്ട് ആണ്.ആരെങ്കിലും ചോദിച്ചാല്‍ മാത്രം പറഞ്ഞുതരുന്നതായിരിക്കും.

2010 മാർച്ച് 4, വ്യാഴാഴ്‌ച

ഒരു നാട്ടറിവ് : വായ്‌ പുണ്ണ് വരാതിരിക്കാന്‍

വായ്‌ പുണ്ണ് വരാത്തവരായി ആരും തന്നെ കാണില്ല.ഭക്ഷണക്രമം മാറുമ്പോഴും വയറ്റില്‍ നിന്നും ശരിക്ക് പോയില്ലെങ്കിലും ഇത് വരാം.സാധാരണയായി എല്ലാവരും കഴിക്കുന്നത്‌ വിറ്റാമിന്‍ ഗുളികകളാണ്.പക്ഷെ അതിന്‍റെയൊന്നും ഒരു ആവശ്യവുമില്ല നമ്മുടെ തുളസിയുണ്ടെങ്കില്‍.അങ്ങേവീട്ടിലെയൊ  ,കോളെജിലെയോ തുളസിയല്ല .തുളസിച്ചെടി.

തുളസിചെടിയുടെ ഇല ചുമ്മാ ഇടയ്ക്കു ചവച്ചു തിന്നാല്‍ വായ്‌ പുണ്ണ് വരികയേയില്ല...

പിന്നെ ഒരു കാര്യം.എനിക്ക് ഇത് ഫലിക്കുന്നുണ്ട്.ആര്‍ക്കെങ്കിലും ഇത് ഫലിച്ചില്ലെങ്കില്‍ എന്‍റെ മേക്കിട്ടു കയറാന്‍ വരരുത്