2010, ഡിസംബർ 16, വ്യാഴാഴ്‌ച

എന്‍റെ എം.ബി.എ സ്വപ്നങ്ങള്‍

ഉണ്ടായിരുന്ന ലൈനുകളെല്ലാം എട്ടു നിലയില്‍ പൊട്ടുകയും അവരുടെ കുട്ടികള്‍ക്ക് എട്ടു മാസം പ്രായവുമായപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനം ഞാനെടുത്തത്."ഇത്രയും കാലം വളര്‍ത്തി വലുതാക്കിയ സര്‍വോപാരി കാശുകൊടുത്ത് തമിഴ് നാട്ടില്‍ B.Tech പഠിപ്പിച്ച കാര്‍ന്നോര്‍മ്മാര്‍ക്കെതിരെ നമ്മളൊന്നും ചെയ്യരുത്.അവര് പറയുന്ന പെണ്ണിനെ കെട്ടുക".അല്ലാതെന്ത്?നമുക്ക് വളക്കാന്‍ അറിയാഞ്ഞിട്ടൊന്നുമല്ല.

കാരണവന്‍മാര്‍ ആയിട്ട് നടത്തുന്ന കല്യാണമായാല്‍ ആലോചനക്കിടയില്‍ പറയുന്ന ഒരു ഫേമസ് ഡെയലോഗ് ഉണ്ട്.തൃശ്ശൂര്‍ ആയാല്‍ പ്രത്യേകിച്ചും."ഞങ്ങള്‍ക്ക് അങ്ങനെ പ്രത്യേകിച്ച് ഡിമാന്‍റുകള്‍ ഒന്നും ഇല്ല.നിങ്ങള്‍ പെണ്ണിന് കൊടുക്കാനുള്ളത് കൊടുത്താല്‍ മതി.പിന്നെ അറിയാലോ..അപ്പുറത്തെ വീട്ടിലെ ചെക്കന് അവന്‍ ഓട്ടോ ഓടിക്കുവാ കിട്ടി 5 ലക്ഷം.തെക്കേലെ വറീതേട്ടന്‍റെ മോന്‍ വെറും ഡിപ്ലോമ.അവന് കിട്ടി. 15ഉം കാറും.നമ്മുടെ മോളിക്കുട്ടീടെ മോള്‍ക്ക് കൊടുക്കുന്നത് 20ഉം സിഫ്റ്റുമാ ചെക്കന്‍ ഇഞ്ചിനീരാണേ."ശരിയാ പണിയെടുത്ത് പണിയെടുത്ത് ഏകദേശം ഇഞ്ചിനീരായിക്കാണും.ശരിക്കും നോക്കുവാണേല്‍ ഇവര്‍ക്കൊക്കെ നമ്മളോട് എന്തൊരു സ്നേഹമാ.നമ്മുടെ ജീവിതം ഫിനാന്‍ഷ്യലി ഉറപ്പുള്ളതാക്കാന്‍ എന്തൊരു ശുഷ്ക്കാന്തി.എന്‍റെ ഈ കാര്യത്തില്‍ എന്നെ സഹായിക്കണം എന്നുള്ള ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നുള്ള ഒരൊറ്റ ഉദ്ദേശ്യം മാത്രമാണ് ഒരു MBA എടുക്കണം എന്ന തീരുമാനം എന്നെക്കൊണ്ട് എടുപ്പിച്ചത്.അപ്പോള്‍ എളുപ്പമായല്ലോ..ചെക്കന്‍ ബി.ടെക് + എം.ബി.എ എന്ന് മാത്രം പറഞ്ഞാല്‍ മതി.

ചെന്നെയില്‍ 6 മാസം അലഞ്ഞു നടന്നിട്ടും ഡിസ്റ്റന്‍സ് MBA യുള്ള കളര്‍ഫുള്‍ ആയ ഓ സോറി നമ്മളുമായി കട്ടക്ക് കട്ട നില്‍ക്കുന്ന ഒരു കോളേജും കണ്ടില്ല.എല്ലായിടത്തും ഭയങ്കര സ്റ്റാഡേര്‍ഡ്.അസൈന്‍മെന്‍റ് വയ്ക്കണം പോലും.റെഗുലര്‍ ആയി ബി.ടെക് പഠിച്ചപ്പോള്‍ പോലും ഒരു നിവൃത്തിയും ഇല്ലാത്തപ്പോള്‍ മാത്രമാണ് വച്ചിട്ടുള്ളത്.ജാടത്തെണ്ടികള്‍....അങ്ങനെയാണ് കൊച്ചിയിലേക്ക് വന്നിട്ടാകാം എന്ന് തീരുമാനിച്ചത്.

കൊച്ചിയില്‍ വന്നാല്‍ മാത്രം പോരല്ലോ.കൂടെ പഠിക്കാന്‍ ഒരു കമ്പനി വേണമല്ലോ.അങ്ങനെ ഓഫീസില്‍ ഒരുത്തനെ കണ്ടുപിടിച്ചു.ചെറിയ ഒരു ആട്ടം ഉണ്ടായിരുന്നെങ്കിലും അവനെ ഒന്ന്‍ ബ്രെയിന്‍ വാഷ് ചെയ്തു കൂടെ കൂട്ടി.കളര്‍ഫുള്‍ ആയ സ്ഥലം തേവര എസ്എച്ച് ആയിരുന്നെങ്കിലും പാസ് ആകണമല്ലോ എന്ന്‍ വിചാരിച്ചു ഭാരതിയാര്‍ യൂണിവേര്‍സിറ്റിയുടെ ഒരു സ്റ്റഡി സെന്‍ററില്‍ ചേര്‍ന്നു.കിടിലന്‍ പരിപാടി.ടെക്സ്റ്റ് ബുക്ക് തരും.അത് മാത്രം പഠിച്ചാല്‍ മതി.പാസ്സ് ...ടെക്സ്റ്റ് ബുക്കിന്‍റെ കനം നോക്കി.കൊള്ളാം.ഏറ്റവും കൂടിയത് ഒരു മുക്കാല്‍ ഇഞ്ച്.എന്തൊരു മനോഹരമായ ആചാരങ്ങള്‍.യൂണിവേഴ്സിറ്റി സമ്മതിച്ചിരുന്നെങ്കില്‍ രണ്ട് MBA ഒരുമിച്ച് എടുക്കാമായിരുന്നു....

പക്ഷേ ആദ്യത്തെ ക്ലാസിന് ഇരുന്നപ്പോള്‍ തന്നെ കളി മാറി എന്നൊരു തോന്നല്‍.മുടിഞ്ഞ മാത്സ്.Mean,Median,Mode അതിന്‍റെ കൂടെ Standard Deviation.മാത്സ് അറിയുന്നവര്‍ വിചാരിക്കുന്നുണ്ടാകും ഇതൊക്കെ ഒരു പ്രശ്നമാണോ എന്ന്‍,പക്ഷേ രണ്ടും മൂന്നും പ്രാവശ്യം എഴുതി മാത്സ് പാസ്സായ എനിക്ക്ഇത് ഒരു പ്രശ്നം തന്നെ. ഇനിയിപ്പോള്‍ കുറച്ചു വായില്‍ നോട്ടം ആകാം എന്ന് കരുതി ഇടത്തോട്ടു തിരിഞ്ഞ ഞാന്‍ ഒന്ന് ഞെട്ടി.

വാഹ് ജെന്നി വാഹ്.അസ്പ്പരസ് ,മസാല്‍ദസ എന്നീ കാറ്റഗറിയിലൊന്നും പെടില്ലെങ്കിലും ഒരു കൊള്ളാവുന്ന അച്ചായത്തി.ദേവീ സാര്‍ ഒരു കോംപ്ലക്സ് പ്രോബ്ലം തരണേ എന്ന്‍ മനസില്‍ പറഞ്ഞതെയുള്ളൂ ഡേ കിടക്കുന്നു ഒരു കിടിലന്‍.ഇനി ഒന്നും നോക്കാനില്ല.അറ്റാക്ക്...

എക്സ്ക്യൂസ് മീ കാന്‍ യു പ്ലീസ്സ് ഹെല്‍പ്പ് മി ടു സോള്‍വ് ദിസ്?

ഓ യെസ്.ഷുവര്‍.

ദൈവമേ കൊള്ളാം മുടിഞ്ഞ ഇംഗ്ലിഷ്.അല്ലെങ്കിലും മുട്ടുവിന്‍ തുറക്കപ്പെടും എന്നാണല്ലോ.

വണ്‍ മിനിറ്റ്. ലെറ്റ് മി അറ്റെന്‍ഡ് ദ കോള്‍.ഓ ഈ മൊബൈല്‍ കണ്ടുപിടിച്ചവനെ എന്‍റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ പേനിന്നെ കൊല്ലുന്നപോലെ ഞെരിച്ചു കൊല്ലാമായിരുന്നു.

"നിങ്ങ അങ്ങാട് പോണെണാ? അപ്പ നിങ്ങ ഇങ്ങാട് വരേന്ന് പറഞ്ഞിട്ട്?അത് ഭയങ്കര ചെയ്തായിപോയി കെട്ടാ.."

അളിയാ,എസ്കേപ്...പിന്നെ ഞാന്‍ ആ കൊച്ചിനെ കണ്ടിട്ടുണ്ടെങ്കിലും അവള്‍ എന്നെ ഒരിക്കലും കണ്ടുകാണില്ല.

ഇനിയിപ്പോള്‍ ജൂനിയര്‍ പിള്ളേര്‍ വരട്ടെ.അതുവരെ പഠിക്കാം.സപ്പ്ളി/അരിയര്‍ ഇല്ലാത്ത ചേട്ടന്‍ എന്നത് ഒരു മുതല്‍ക്കൂട്ടാക്കാം.പക്ഷേ എല്ലാ സബ്ജെക്ടുകളും ഒരു ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസിലായി ആറ് സബ്ജെക്ടുകളില്‍ ഒരു 3 എണ്ണം സപ്പ്ളിയടിക്കും.കാരണം അതില്‍ എല്ലാം ചെറിയ തോതില്‍ മാത്സിന്‍റെ അംശം ഉണ്ട്.ബാക്കി മൂന്ന്‍ കുഴപ്പമില്ല.തിയറി ആണ്.ബിറ്റ് വയ്ക്കാം.തെറ്റിധരിക്കരുത്.പഠിച്ചു പാസാകാം എന്നത് ഒരു വിദൂരസ്വപ്നമായിപ്പോലും അവശേഷിക്കുന്നില്ല.ഞങ്ങള്‍ എല്ലാം അണ്ണന്‍റെ ഫാന്‍സ് ആയതുകൊണ്ട് അണ്ണന്‍റെ "നാന്‍ ഒരു തടവെ ശോന്നാല്‍ അത് നൂറു തടവു ശോന്ന മാതിരി" എന്ന പ്രമാണം ശിരസ്സാ വഹിച്ചിരുന്നു..ഞങ്ങളില്‍ ഒരാള്‍ വന്നാല്‍ മതി എല്ലാവരും വന്ന മാതിരി.എല്ലാവരുടെയും സൈന്‍ വന്നവന്‍ ഇട്ടുകൊള്ളും.അതുകൊണ്ട് attendence ഒരു പ്രശ്നമേ അല്ലായിരുന്നു.

ഹാള്‍ ടിക്കെറ്റ് കിട്ടിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.ആറ് അല്ല 7 സബ്ജെക്ടുകള്‍ ഉണ്ട്.നോട്ട് ഓണ്‍ലി ബട്ട് ഓള്‍സൊ.കൂടുതല്‍ വന്നത് തിയറി ആണ്. കുറച്ചു ബിറ്റ് കൂടുതല്‍ എഴുത്തേണ്ടി വരും.അല്ല പിന്നെ.

പണ്ടായിരുന്നെങ്കില്‍ ഒരു പരീക്ഷ അടുത്താല്‍ സബ്ജെക്ടുകള്‍ക്കനുസരിച്ച് നേര്‍ച്ചകള്‍ നേരാറുണ്ടായിരുന്നു.ബി ടെകിന് എഴുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് എന്ന പേപ്പര്‍ എങ്ങിനെ പാസ് ആയി എന്ന്‍ താഴേക്കാട് മുത്തപ്പനും ആ പേപ്പര്‍ നോക്കിയവനും മാത്രമേ അറിയൂ.ചോദ്യങ്ങള്‍ പകര്‍ത്തി എഴുതി പാസാകുന്ന ആ വിദ്യ പിന്നെ ഞാന്‍ പ്രയോഗിച്ചിട്ട് ഒരിടത്തും വിജയിച്ചിട്ടില്ല.പക്ഷേ ഇത്തവണ ഫുള്‍ ബിറ്റുകള്‍ ആയതുകൊണ്ട് ഒരു വിഷമം.വെറുതെ എന്തിനാ ദൈവങ്ങളെയുംകൂടി നമ്മുടെ തെറ്റിലേക്ക് വലിച്ചിഴക്കുന്നേ. വിട്ടേക്കാം.ആദ്യത്തെ ചാന്‍സ് അല്ലേ? നമ്മളെക്കൊണ്ട് പറ്റിയില്ലെങ്കില്‍ വിളിച്ചാല്‍ പോരെ?

അങ്ങനെ ആദ്യത്തെ കുത്ത് തകര്‍ത്തു.തിയറി എല്ലാം സ്റ്റോറീസ് ആക്കി.മാത്സ് ഒരു കണക്കിന് അടുത്തുള്ളവന്‍റെ ആന്‍സര്‍ അടിച്ചു മാറ്റി. ഒപ്പിച്ചു.സ്റ്റെപ്പ്സ് എല്ലാം ഒരു മായ.പേജ് മറയുമ്പോള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉള്ള എക്സ്,വൈ തുടങ്ങിയവ എല്ലാം അപ്രത്യക്ഷമാകും.അവസാനം നമ്മള്‍ ഒരു വിധത്തില്‍ അങ്ങ് പ്രൂവ് ചെയ്യും.

അടുത്ത കൊല്ലത്തെ സിലബസ് കണ്ടപ്പോള്‍ തന്നെ ഒരു കാര്യം ഉറപ്പിച്ചു.ഇത് നമ്മള്‍ തകര്‍ക്കും.കാരണം എല്ലാം തിയരീസ്.അതും നമ്മുടെ സ്വന്തം ഡാറ്റബേസ് ,ഇ കോമേഴ്സ്,ഡാറ്റ സെക്യൂരിറ്റി തുടങ്ങിയ പേപ്പറുകള്‍.പിന്നെ ഒരു പ്രോജക്റ്റ്.ഒരു ആഴ്ച കൊണ്ട് ബി.ടെക് പ്രോജക്റ്റ് ചെയ്ത നമുക്കു ഇതൊക്കെ ഒരു ഇരയേ അല്ല.ആദ്യം ഒരു നല്ല കമ്പനി തപ്പി നടന്നെങ്കിലും പിന്നെ അതൊന്നും നടക്കില്ല എന്ന് കണ്ടപ്പോള്‍ നമ്മുടെ ഒരു ഗഡിയുടെ സ്വന്തം കമ്പനിയില്‍ ചെയ്യാന്‍ തീരുമാനിച്ചു..വെബ് സൈറ്റുകള്‍ ചെയ്തുകൊടുക്കുന്ന ഒരു ചെറിയ കമ്പനി.

അങ്ങനെ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ പോയിക്കൊണ്ടിരുന്നപ്പോഴാണ് ആ കെടുതി സംഭവിച്ചത്.റിസല്‍റ്റ് അല്ലാതെന്താ?എല്ലാവരും മാര്‍ക്ക് കുറഞ്ഞു എന്ന്‍ കരയുമ്പോള്‍ നമ്മള്‍ വളരെ ഹാപ്പി.കാരണം ഒരു സപ്പ്ളി മാത്രം Quantitative Techniques .ഇനിയിപ്പോള്‍ അത് മാത്രം ഡിസംബറില്‍ ഒന്നുകൂടെ എഴുതണം.നിഷ്പ്രയാസം എടുക്കാം.പക്ഷേ അത് ഒരു ഓവര്‍ കോണ്‍ഫിഡന്‍സ് അല്ലേ എന്ന് പിന്നീടാണ് തോന്നിയത്.ഡിസംബറില്‍ ഒരു ദിവസം മാത്രം പഠിച്ചു വീണ്ടും കുത്തി.തീരെ പ്രതീക്ഷയില്ലാതെ..

അതുകഴിഞ്ഞു ഒന്നാശ്വസിക്കാമല്ലോ എന്നുകരുതിയപ്പോഴാണ് പ്രോജക്റ്റ് എന്ന മാരണം വീണ്ടും പൊന്തിയത്.അടുത്ത ആഴ്ച വയ്ക്കണം പോലും.പണി പാളിയോ?ഏയ് എത്ര അടുത്ത ആഴ്ചകള്‍ കണ്ടിരിക്കുന്നു.ആദ്യത്തെ പ്രാവശ്യം കണ്ടപ്പോഴേ സാറുമ്മാരുടെ അടുത്തു നിന്ന് ലാസ്റ്റ് വാണിങ് വാങ്ങിയിട്ടുള്ള നമ്മളോടാ കളി.അടുത്ത പ്രാവശ്യം വയ്ക്കാം.അങ്ങനെ അടുത്ത പ്രാവശ്യം എന്ന സംഗതി വന്നു.വച്ചേ പറ്റൂ.

അങ്ങനെ പ്രോജെക്ടിന്‍റെ പണി തുടങ്ങി.എന്ന് വച്ചാല്‍ ഗൂഗ്ലില്‍ തപ്പുക.കോപ്പി പേസ്റ്റ് ചെയ്യുക.കറെക്റ്റ് പ്രോജക്റ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടിയില്ല.അല്ലെങ്കില്‍ പേര് മാത്രം മാറ്റിയാല്‍ മതിയായിരുന്നു.പിന്നെയുള്ളത് നമ്മള്‍ പ്രോജക്റ്റ് ചെയ്ത കമ്പനിയെ പറ്റിയുള്ള ഒരു പേജാണ്.ആ പേജ് കണ്ടതോടെ ആ കമ്പനിയുടെ എം.ഡി അങ്ങ് അങ്കൂശിയായിപ്പോയി.വെബ് സൈറ്റുകള്‍ ചെയ്തുകൊണ്ടിരുന്ന ആ കമ്പനിയെ പുള്ളി ഒരിക്കലും വിചാരിക്കാത്ത ഒരു നിലയില്‍ നമ്മളെത്തിച്ചു.

അങ്ങനെ അടുത്ത എക്സാം തുടങ്ങുന്നതിന് മുമ്പ് വീണ്ടും റിസല്‍റ്റ് വന്നു.എഴുതിയ ഒരു എക്സാം എട്ടുനിലയില്‍ പൊട്ടി.വീണ്ടും അപ്ലൈ ചെയ്തു.മൊത്തത്തില്‍ നോക്കുവാണേല്‍ ഒരു കെട്ട് പരീക്ഷകള്‍.പക്ഷേ ഡേയ്റ്റ് അടുക്കുംതോറും ഒരു പേടി.ഫസ്റ്റ് ഇയറിലെ ഒരെണ്ണം എഴുതണോ വേണ്ടയോ?എക്സാമിന്റെ തലേദിവസം തീരുമാനിച്ചു.വേണ്ട.സെക്കന്‍ഡ് ഇയര്‍ പേപ്പേഴ്സ്  മൊത്തം എഴുതാം.മറ്റേത് പിന്നെ ഒരിക്കല്‍ എഴുതാം.

പക്ഷേ അതൊരു തെറ്റായിപ്പോയോ എന്ന്‍ തോന്നിയത് സെക്കന്‍ഡ് ഇയര്‍ റിസല്‍റ്റ് വന്നപ്പോഴാണ്.എല്ലാം പാസ്.ഛൈ സപ്പ്ളിയും കൂടെ എഴുതാമായിരുന്നു.ഒരു ഒഴുക്കില്‍ പെട്ടെങ്കിലും കടന്നുകൂടാമായിരുന്നു.ആയിടക്കാണ് ഒന്ന് കമ്പനി മാറാമെന്ന് തീരുമാനിച്ചത്.അതോടുകൂടി കൂടെ ഉണ്ടായിരുന്നവന്‍ ഒരു സ്ഥലത്തും ഞാന്‍ വേറെ കമ്പനിയിലും ആയി.പുതിയ കമ്പനിയില്‍ സാലറിക്ക് അനുപതികമായി പണിയും ഉണ്ടായിരുന്നതിനാല്‍ എംബിഎ എന്നൊരു സംഗതിയെ മറന്നു.അങ്ങനെ ഒരു ചാന്‍സ് മിസ് ആയി.

പിന്നത്തെ ചാന്‍സ് ഞാന്‍ ഒരു വലിയ ത്യാഗം സഹിച്ച് വേണ്ട എന്ന് വച്ചു.ഓണ്‍ സൈറ്റില്‍ നമ്മടെ സേവനം അത്യാവശ്യമാണെന്ന് കമ്പനി പറഞ്ഞാല്‍ പിന്നെ പോകാതിരിക്കാന്‍ പറ്റുമോ?പിന്നെ അടുത്ത ചാന്‍സ് വന്നതിപ്പോഴാണ്.അതായത് ഡിസംബര്‍ 2010 .പഴയതുപോലെ ഫൈനും അടച്ചു അവസാന ദിവസം ആപ്ലികേഷന്‍ അയച്ചു.ഇനിയുള്ളത് പഠിക്കുക എന്ന തീരെ താല്‍പര്യമില്ലാത്ത പരിപാടി.

ഒക്ടോബെറില്‍ ആപ്ലികേഷന്‍ കൊടുത്തെങ്കിലും പഠിക്കുക എന്നത് വെറുതെ നേരത്തെ തുടങ്ങി പഠിച്ചതോന്നും മറന്നുപോകേണ്ട കാര്യമില്ലല്ലോ എന്ന് വിചാരിച്ചു ആ കടമ ഡിസംബറിലേക്ക് പെട്ടെന്ന് തന്നെ മാറ്റി.എന്താണെന്നറിയില്ല ഇത്തവണ ഡിസംബര്‍ പെട്ടെന്നുതന്നെ വന്നു.നേരത്തെ തന്നെ 3 ദിവസം ലീവ് അപ്ലൈ ചെയ്തു.അമേരിക്കയില്‍ നിന്ന് സായിപ്പുമാര്‍ വരുന്നതുകൊണ്ടാണോ എന്തോ? വലിയ പ്രയാസം കൂടാതെ ലീവ് കിട്ടി.വെറുതെ എന്‍റെ ഇംഗ്ലിഷ് കേട്ട് അവര്‍ അങ്കൂശിയാകേണ്ട എന്ന് കരുതിക്കാണും.അങ്ങനെ പെരുന്നാളിന്‍റെ ബാക്കിയായ ചിക്കനോടും,ബീഫിനോടും യാത്ര പറഞ്ഞു ഇനി ഡിസംബര്‍ 15നു ശേഷം കാണാം എന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി.

പതിവുപോലെ വീക്ഡേയ്സില്‍ ഒന്നും നടന്നില്ല.ആദ്യത്തെ വീകെന്‍ഡ് ആയ 4-5 ഡിസംബര്‍ വളരെ പ്രതീക്ഷയോടെയാണ് വന്നത്.ഒരു ഉച്ചഉച്ചരയോടെ എഴുന്നേറ്റപ്പോള്‍ ഒരു കോള്‍.എടെ ഒന്ന് കറങ്ങാന്‍ പോയാലോ.പിന്നെന്താ..പോയെക്കാം.എടാ എനിക്ക് പെട്ടെന്ന് തന്നെ തിരിച്ചു വരേണ്ടിവരും.എംബിഎ ക്കു പഠിക്കാനുള്ളതാ.ഓക്കെ..അങ്ങനെ തൃപ്പൂണിത്തുറ വഴി വൈറ്റില ചെന്നു കുറച്ചു ഷോപ്പിങ് നടത്തി.എന്തായാലും ഇനി ബ്രോഡ് വേയിലുംകൂടി പോയെക്കാം.അങ്ങനെ ബ്രോഡ് വേയിലേക്കുള്ള വഴിയില്‍ വെച്ച് കിട്ടി ഒരു ഫോണ്‍ കോള്‍.

ബ്രോഡ് വെയില്‍ വച്ചു കാണാം എന്ന് പറഞ്ഞിരുന്ന ഒരുത്തന്‍ ഇപ്പോള്‍ സ്റ്റേഷന്‍റെ അടുത്താണത്രേ.എടെ സൌത്ത് ആണോ? നോര്‍ത്ത് ആണോ? നീ നേരെ ഇങ്ങ് പോര്.എടാ ഞാന്‍ പോലീസ് സ്റ്റേഷനിലാ.വണ്ടി പിടിച്ചു.ആരെങ്കിലും വന്നാലെ വിടൂ..പണി പാളി..അങ്ങനെ ഒരു ദിവസം സ്വഹാ.

ആദിവസം അവസാനിച്ചു.അതായത് സൂര്യന്‍ കടലില്‍ കുളിക്കാന്‍ പോയി..ഗവണ്‍മെന്‍റ് പുളിക്ക് മാത്രം എന്താണാവോ ഒരു കുളിമുറി പണിതുകൊടുക്കാത്തത്?പിറ്റേദിവസം അതായത് ഞായര്‍.പ്രഭാതം പൊട്ടിവിടര്‍ന്നു.ഞാന്‍ പതിവുപോലെ വെയില്‍ മുഖത്തടിച്ചപ്പോള്‍ എഴുന്നേറ്റു.വീണ്ടും ഒരു ഫോണ്‍.എടാ നമ്മുടെ ഒരു കസിന്‍റെ കൊച്ച് അവിടെ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ കിടപ്പുണ്ട്.നീ ഒന്ന് പോയി കണ്ടേക്കു.താങ്ക്സ് മാതാജി താങ്ക്സ്...അങ്ങനെ ഇന്നത്തെ കാരണം കിട്ടി.

വീണ്ടും ഒരു വീകെന്‍ഡ് 11-12 ഡിസംബര്‍.ഈശ്വരാ ഒരു കാരണവും കിട്ടുന്നില്ലല്ലോ?അപ്പോഴാണ് ഞാന്‍ പണ്ടെപ്പോഴോ പ്രോജക്റ്റില്‍  ചെയ്ത ഒരു ഭാഗം പൊട്ടിയത്.അതും ഒരു പ്രോജക്റ്റ് റിലീസ് ഉണ്ട് 10ആം തിയ്യതി.യെസ്..ഐ ആം ഹിയര്‍..10ആം തിയ്യതി ഓഫീസില്‍ കയറിയ ഞാന്‍ പിന്നെ ഇറങ്ങിയത് 11-ആം തീയതി നേരം പരപര വെളുത്തപ്പോള്‍.ഒരു ദിവസം അങ്ങ് ഉറങ്ങി തീര്‍ത്തു.ക്ഷീണം ഉള്ളപ്പോള്‍ പഠിക്കാന്‍ പാടില്ല എന്ന്‍ പണ്ട് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്.ക്ഷീണം മാറിയത് പിറ്റേന്ന്.അപ്പോഴാണ് ഓര്‍ത്തത്.ഹാള്‍ ടിക്കെറ്റ് വാങ്ങിയിട്ടില്ല.എക്സാം എഴുതാതിരിക്കാന്‍ ഒരു വിദൂര പ്രതീക്ഷ കൂടി.പൂരിപ്പിച്ചത് വല്ലതും തെറ്റ് ആണെങ്കില്‍ ഹാള്‍ ടിക്കെറ്റ് വരില്ല.ഹാള്‍ ടിക്കെറ്റ് ഇല്ലാത്ത പരീക്ഷയ്ക്ക് വെറുതെ പഠിക്കേണ്ട കാര്യമില്ലല്ലോ.

പക്ഷേ ഹാള്‍ ടിക്കെറ്റ് എന്ന് ചോദിച്ചപ്പോഴേ ഓഫീസില്‍ നില്‍ക്കുന്ന ചേച്ചി അതെടുത്ത് തന്നു.എനിക്ക് വയ്യ. എന്നെക്കൊണ്ട് എഴുതിച്ചേ അടങ്ങൂ...ഇന്നിനി എന്തു കാരണം കണ്ടു പിടിക്കും.ഓ ഐഡിയ...ഞങ്ങളുടെ കൂടെ പണ്ട് വര്‍ക്ക് ചെയ്തിരുന്ന ഒരുത്തന്‍റെ കല്യാണം.15ആം തീയതി ഉണ്ട്.വീക്ഡേ ആയതുകൊണ്ട് ഓഫീസില്‍ നിന്നും ആര്‍ക്കും പോകാന്‍ പറ്റില്ല.എനിക്കാണെങ്കില്‍ അന്നാണ് എക്സാം.എന്നാല്‍ പിന്നെ ഒരു കാര്യം ചെയ്തേക്കാം ഇപ്പോള്‍ തന്നെ പൊയേക്കാം.വിളിച്ചുനോക്കിയപ്പോള്‍ ഉണ്ട് വേറെ രണ്ട് പേര് റെഡി.യെസ് വണ്ടി വിടെടാ അടൂരിലേക്ക്.

അങ്ങനെ ആ വീക് എന്‍ഡ് സ്വഹ.ഇനിയുള്ളത് രണ്ട് ദിവസം.തിങ്കള്‍, ചൊവ്വ പിന്നെ ബുധനാഴ്ച എക്സാം.അതായത് ഈ പോസ്റ്റ് എഴുതിക്കൊണ്ടിരിക്കുന്ന ബുധനാഴ്ച തന്നെ.തിങ്കളും,ചൊവ്വയും,എനിക്ക് വയ്യ,തിന്നുക,ഉറങ്ങുക, എന്തൊരു മനോഹരമായ ആചാരങ്ങള്‍.രണ്ട് ദിവസങ്ങള്‍ കൊണ്ട് എനിക്ക് ആകെക്കൂടെ എനിക്ക് മനസിലായ കാര്യങ്ങളാണ് ഒന്ന്‍ ലോകത്തില്‍ ബോറ് അഥവാ ബോറടി എന്നൊരു സാധനം ഉണ്ട്.രണ്ട് സിലബസില്‍ 5 യൂണിറ്റുകള്‍ ഉണ്ട്.അതില്‍ ഒരു യൂണിറ്റ് ഞാന്‍ ബി.ടെക് 4സെമില്‍ പഠിച്ച 2 തവണയെഴുതിയ ഒരു ഫുള്‍ പേപ്പര്‍ ആണ്.

ഒരേഒരു മെച്ചം മാത്രമേ ഞാന്‍ ഇന്നെഴുതിയ എക്സാമില്‍ കണ്ടുള്ളൂ.ചോദ്യങ്ങളിലെ വാക്കുകള്‍ക്ക്  ഞാന്‍ വായിച്ച ബുക്കിലെ വാക്കുകളുമായി ഒരു വിദൂരബന്ധം ഉണ്ട്.എവിടെയോ കേട്ടുമറന്നതുപോലെ.

പിന്നെയുള്ള ഒരു വ്യത്യാസം.ഇത്തവണ ഒരു നേര്‍ച്ച നേര്‍ന്നു.ഞങ്ങളുടെ ഇടവക വിശുദ്ധയായ വി.അല്‍ഫോണ്‍സാമ്മക്ക്.പാസ്സ് ആയാല്‍ കിട്ടുന്ന ഓരോ മാര്‍ക്കിനും 100 റൂപ്പീസ്.51 മാര്‍ക്കില്‍ പാസ്സ് ആയാല്‍ 51x100=5100.അതുകൊണ്ട് തന്നെ ഇത്തവണ കോപ്പിയടിച്ചില്ല.എല്ലാ ചോദ്യവും എഴുതിയിട്ടുണ്ട്.മാര്‍ക്കിടാന്‍ സ്ഥലം ഇല്ല എന്നൊരു പരാതി ഉണ്ടാകരുത്.ദൈവം പാതി ഞാന്‍ പാതി എന്നാണല്ലോ.എന്‍റെ പാതി ഏകദേശം തീര്‍ന്നു.ഇനി പുള്ളിക്കാരിയുടെ പാതി.

ഇത് വായിച്ചു തുടങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് തോന്നിക്കാനും ഞാന്‍ എന്തോ അമേരിക്കയിലോ,ഓസ്ട്രേലിയയിലോ പോയി റാങ്കോടുകൂടി എംബിഎ എടുത്തു അഭിനന്ദനങ്ങള്‍ വാങ്ങിക്കാന്‍വേണ്ടി എഴുതിയതാണെന്ന്.പക്ഷേ ഇതിന്‍റെ തലക്കെട്ട് പോലെ ഈ നിമിഷം വരെ ഇതൊരു സ്വപ്നമാണ്.

ഇത് വായിച്ചു കഴിഞ്ഞു ഇതെന്താ,അതെന്താ,അതാരാ എന്നൊന്നും ആരും ചോദിക്കരുത്.കാരണം കഥയില്‍ ചോദ്യമില്ല.

8 അഭിപ്രായങ്ങൾ:

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

"ഗൂഗ്ലില്‍ തപ്പുക.കോപ്പി പേസ്റ്റ് ചെയ്യുക.കറെക്റ്റ് പ്രോജക്റ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടിയില്ല.അല്ലെങ്കില്‍ പേര് മാത്രം മാറ്റിയാല്‍ മതിയായിരുന്നു......."

അനിയാ, പഠനകാലാനുഭവം സത്യസന്ധമായും രസകരമായും എഴുതിയിരിക്കുന്നു. ഇഷ്ടമായി! ഇതൊക്കെയാണ് യഥാർത്ഥനർമ്മം. സംഭാവ്യമായ നർമ്മങ്ങൾ!

Daison Jacob പറഞ്ഞു...

Aliya... ithavana kadannu koodumo..? njan oru M.Com disance ayi thudangiyathinte dashabdhi aduthayazhcha agoshikkunnundu.....

അജ്ഞാതന്‍ പറഞ്ഞു...

കടന്ന് കൂടാന്‍ ചാന്‍സ് ഒന്നുമില്ല.QT ശരിക്കും പഠിച്ചിട്ട് മതി എംബിഎ എന്ന് തീരുമാനിച്ചു.

-ജോയ്

sree പറഞ്ഞു...

തകര്‍ത്തു ജോയി തകര്‍ത്തു. ഉഗ്രന്‍ .

Joymon പറഞ്ഞു...

Friends bytes
http://friendsbytes.wordpress.com/ പൂട്ടിയതിനുശേഷം ഇതാണളിയാ ഒരാശ്വാസം.

Unknown പറഞ്ഞു...

abhinadanam ..... njanum orupadu payatiyathaanu ...last exams vittu kalanju.... mudinja jolithirakk.... ashamsakal

Joymon പറഞ്ഞു...

ചേട്ടാ ഇതൊന്നും വിട്ടുകളയരുത്.ഇനി പിടിച്ചാല്‍ കിട്ടിയെന്നു വരില്ല. :-)

Shamnar പറഞ്ഞു...

joy.. nalla lalithamaaya ezhuth...keep it up