2011, ജനുവരി 16, ഞായറാഴ്‌ച

ദാവീദും ഡേവീടും

കഴിഞ്ഞ ഒരു മാസമായി കാര്യമായി ഒന്നും തന്നെ പോസ്റ്റ് ചെയ്യാത്തതിന്റെ വിഷമം തീര്‍ക്കാന്‍വേണ്ടിയാണ് വിന്‍ഡോസ് ലൈവ് റൈറ്ററിന്‍റെ ഡ്രാഫ്റ്റ് തപ്പിയത്.സാധാരണയായി എന്തെങ്കിലും കാണും ഒന്ന്‍ പൊടിതട്ടി മിനുക്കി ഇറക്കാവുന്ന പരുവത്തിന്.പക്ഷേ ഇത്തവണ കാലി.പിന്നെയാണ് ഓര്‍ത്തത് കുറച്ചു ദിവസം മുമ്പാണല്ലോ കമ്പനി ലാപ്ടോപ്പ് അപ്ഗ്രേഡ് ചെയ്തു തന്നത്.എല്ലാം ആ പഴയ ലാപ്പിലായിരുന്നു. എന്തു പറയാന്‍ മുടിഞ്ചത്ത് മുടിഞ്ഞു.

അപ്പോഴാണ് ആ അറിയിപ്പുണ്ടായത്.അമേരിക്കയില്‍ നിന്നും ഒരു ക്ലൈന്‍റ് വരുന്നു.പേര് ഗ്രെഗ്. ആ പേര് എവിടെയോ കേട്ട മാതിരി.ഓഹോ അക്കരക്കാഴ്ചകളിലെ ഗ്രിഗറി.മലയാളത്തില്‍ ജോര്‍ജ്ജ് അച്ചായന്‍ ഗിര്‍ഗിരി എന്നു പറയും.ഇംഗ്ലിഷ് ആയാല്‍ ഗ്രെഗ്.കൊള്ളാം ഒരു പോസ്റ്റിനുള്ള വക കിട്ടി.

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ എനിക്കിങ്ങനെയൊരു കണ്‍ഫ്യൂഷന്‍ പറ്റിയതാ.ആരോ പറയുന്ന കേട്ടു.എടാ നമ്മുടെ ദാവീദിന് ഗള്‍ഫില്‍ ഒരു ലക്ഷമാ സാലറി.ഏത് ദാവീദ്?അങ്ങനെ ഒരാള്‍ നമ്മുടെ നാട്ടിലുണ്ടോ?പിന്നെ എനിക്കു മനസിലായി.ഡേവിഡ് ചേട്ടന്‍.ഇംഗ്ലിഷ് ഭാഷയില്‍ എഴുതിയാല്‍,ഡേവിഡ് എന്നും ദാവീദ് എന്നും വായിയ്ക്കാം.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദാവീദ് എന്നു ഇംഗ്ലിഷില്‍ എഴുതിയാലും ഡേവിഡ് എന്നു ഇംഗ്ലിഷില്‍ എഴുതിയാലും സ്പെല്ലിങ്ങ് ഒന്നു തന്നെ.ഒരു ഫയങ്ങര കണ്ടുപിടുത്തം.എല്ലാവാക്കുകള്‍ക്കും ഇതുപോലെ സ്പെല്ലിങ്ങ് ഒന്നായിരുന്നെങ്കില്‍?അല്ലെങ്കില്‍ ഒരേ ഒരു ഇംഗ്ലിഷ് മാത്രം ഉണ്ടായി അത് തോന്നുന്നപ്പോലെ ഒക്കെ വായിക്കാന്‍ പറ്റിയിരുന്നെങ്കില്‍?ചൂരല്‍ വില്‍ക്കുന്നവനൊക്കെ കഷ്ടപ്പെട്ടു പോയേന്നെ?

അപ്പോള്‍ കാര്യത്തിലേക്ക് വരാം.എനിക്കു പറ്റിയ കണ്‍ഫ്യൂഷന്‍ ,അത് പറ്റി.ഇനി മറ്റൊരാള്‍ക്കും അത് വരരുത്.അതുകൊണ്ടു എനിക്കറിയാവുന്ന ഇതുപോലെയുള്ള വാക്കുകള്‍ ഇവിടെ ചേര്‍ക്കുന്നു.ഏതെങ്കിലും വാക്കുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അറിയിക്കുക.

English മലയാളം
Andrew (ആന്‍ഡ്രൂ) ആന്‍റപ്പന്‍,അന്ത്രയോസ്
David (ഡേവിഡ്/ദാവീദ്) ദാവീദ്
Francis (ഫ്രാന്‍സിസ്) പ്രാഞ്ചി,പൊറിഞ്ചു
George (ജോര്‍ജ്ജ്) ഗീവര്‍ഗീസ്,വര്‍ഗീസ്,വര്‍ക്കി
Ignatius (ഇഗ്നേഷിയസ്) ഈനാശു
Issac (ഐസ്സക്ക്) ഇട്ടി
Jacob(ജേക്കബ്) ചാക്കോ
John (ജോണ്‍) യോഹന്നാന്‍
Joseph (ജോസെഫ്) ഔസേപ്പ്
Luke (ലൂക്ക്) ലൂക്കോസ്
Mark (മാര്‍ക്ക്) മാര്‍ക്കോസ്
Mathew (മാത്യു) മത്തായി
Michael (മൈക്കല്‍) മിഖായേല്‍

Moses (മോസേസ്)

മോശ
Paul (പോള്‍) പൌലോസ്,പൈലി
Peter (പീറ്റര്‍) പത്രോസ്
Philipp (ഫിലിപ്പ്) പീലിപ്പോസ്
Raphael (റാഫേല്‍) റപ്പായി
Sebastian (സെബാസ്റ്റ്യന്‍) ദേവസ്സി,

Simon(സൈമണ്‍)

ശിമയോന്‍
Zachariah (സക്കറിയ) കറിയ,ചെറിയ,കുഞ്ചെറിയ

ലേഡീസ് പേരുകള്‍ കുറവാണെന്ന് തോന്നുന്നു.എങ്കിലും അവരെ വിട്ടുകളയരുതല്ലോ.

English മലയാളം
Elizabeth (എലിസബത്) ഏല്‍സി
Mary (മേരി) മറിയം

ഇറ്റാലിക്സില്‍ എഴുതിയ പേരുകള്‍ ശ്രദ്ധിയ്ക്കുക.എന്തെങ്കിലും പ്രത്യേകത ഉണ്ടോ?

ഈ പേരുകള്‍ സാധാരണയായി തൃശ്ശൂര്‍ ഭാഗങ്ങളില്‍ ഉള്ളവയാണ്.മറ്റ് പ്രദേശങ്ങളില്‍ പോയാല്‍ വേറെ പേരുകള്‍ കൂടി കേള്‍ക്കാം.ഉദാഹരണമായി അവറാന്‍,കോശി,....ഈ പേരുകള്‍ക്കും ഇംഗ്ലിഷ് പേരുകള്‍ ഉണ്ട്.

വല്ല ശശി എന്നോ ടിന്‍റു മോന്‍ എന്നോ മറ്റോ ആയിരുന്നെങ്കില്‍ വല്ല പ്രശ്നവുമുണ്ടായിരുന്നോ? എവിടെ പോയാലും ശശി ശശി തന്നെ ടിന്‍റുമോന്‍ ടിന്‍റുമോന്‍ തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല: