The customs of arranged Christian marriage in early years of 2nd decade of 21 century
ഇത് എഴുതിയിരിക്കുന്നത് തൃശ്ശൂര്‍ ജില്ലയില്‍ ഇരിഞ്ഞാലക്കുട ഭാഗത്ത് വച്ച് 2012 സെപ്റ്റംബര്‍ 16നു നടന്ന എന്‍റെ അറേഞ്ച്ഡ് മാര്യേജ് ആധാരമാക്കിയാണ്. സ്ഥലവും ,സമയവും അനുസരിച്ചു ചടങ്ങുകള്‍ക്ക് മാറ്റം വരാം,
ആമുഖം /Purpose of post
21-ആം നൂറ്റാണ്ടിന്‍റെ ആദ്യകാലങ്ങളില്‍ മധ്യ കേരളത്തിലെ ക്രിസ്ത്യന്‍ സുറിയാനി കത്തോലിക വിഭാഗത്തില്‍ നടക്കുന്ന കല്യാണത്തിന്‍റെ നടപടി ക്രമങ്ങള്‍ ഭാവിതലമുറക്ക് അറിയാന്‍ വേണ്ടി എഴുതാന്‍ കാരണം ഞങ്ങളുടെ ഒരു ബന്ധു കല്യാണ CD ചോദിച്ചതാണ്. അവര്‍ കുറെകാലമായി മുംബൈയില്‍ ആണ്. അവരുടെ മോളുടെ കല്യാണം നാട്ടില്‍ വച്ച് നടത്തുന്നതിന് അവര്‍ക്ക് ,കല്യാണത്തിന്‍റെ നടപടിക്രമങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് CD ചോദിച്ചതു. ഇപ്പോഴുള്ളവര്‍ക്ക് അറിയില്ലെങ്കില്‍ ഭാവിയില്‍ വരുന്നവര്‍ക്ക് ഒട്ടും അറിയില്ല.
പഴയ കര്‍ന്നോര്‍മാര്‍ പറയുന്നതു കേട്ടിട്ടുണ്ട് അന്നൊക്കെ കല്യാണം 3 ദിവസമായിരുന്നത്രെ.പക്ഷേ ആ 3 ദിവസം എന്തൊക്കെയാണ് ചെയ്യുന്നത് എന്നു അറിയാന്‍ പ്രത്യേകിച്ചു വഴികള്‍ ഒന്നുമില്ല. ഇനി ഒരു 10 കൊല്ലം കഴിഞ്ഞാല്‍ എന്തൊക്കെയാണവോ മാറുക.
പങ്കാളിയെ തിരയല്‍ / Selection
പണ്ടൊക്കെ ബ്രോക്കര്‍മാര്‍ അഥവാ മൂന്നാന്‍ എന്നറിയപ്പെടുന്ന കൂട്ടരാണ് പെണ്ണിന്‍റെയും ,ചെറുക്കന്റെയും വീട്ടുകാരെ കൂട്ടിമുട്ടിച്ചിരുന്നത്. ഒന്നുകില്‍ വീട്ടുകാര്‍ ബ്രോക്കറെ വിളിച്ച് ബയോഡാറ്റ കൊടുക്കും അല്ലെങ്കില്‍ ബ്രോക്കര്‍മാര്‍ തേടിപ്പിടിച്ചു അന്വേഷിച്ചു വരും. ബയോഡാറ്റ എന്നത് വളരെ ഇംപോര്‍ട്ടന്‍റ് സാധനമാണ് . അതില്‍ കല്യാണം കഴിക്കാന്‍ പോകുന്ന ആളുടെ ഒരു മാതിരിപ്പെട്ട എല്ലാ ഡീറ്റൈല്‍സ് ഉണ്ടായിരിക്കണം. ഉയരം, തൂക്കം, വീട്ടുകാരുടെ വിവരങള്‍, എന്താണ് പഠിച്ചത് ,എവിടെയാണ് പഠിച്ചത് മുതലായ പഠിപ്പ് വിവരങള്‍ ,ജോലിസംബന്ധമായ വിവരങള്‍ ,വിദേശത്താണെങ്കില്‍ എന്തു ടൈപ്പ് വിസയാണ് തുടങ്ങിയവയാണ് സാധാരണ ഉണ്ടായിരിക്കുന്ന വിവരങള്‍.
21ആം നൂറ്റാണ്ടിന്‍റെ ആദ്യദശകത്തിന്‍റെ അവസാനത്തോടുകൂടി ഇന്‍ഡ്യയില്‍ ഉണ്ടായ വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച വിവാഹ ആലോചനകളെയും ബാധിച്ചു. കൂടുതല്‍ ആളുകള്‍ ഓണ്‍ലൈന്‍ വഴി പങ്കാളിയെ തേടിത്തുടങ്ങി .
keralamatrimony.com ,
chavaramatrimony.com ,
www.bethlehemmatrimonial.com തുടങ്ങിയവയാണ് മുന്‍നിരയില്‍ ഉള്ള സൈറ്റുകള്‍. .ശരാശരി RS 3000/- ആണ് ഈ സൈറ്റുകളില്‍ ഒരു പ്രൊഫൈല്‍ ഒരു കൊല്ലം ഇടുന്നതിനുള്ള ഫീസ്.
ബ്രോക്കര്‍മാരും ഈ അവസരം മുതലെടുക്കുന്നു. മുന്‍പൊക്കെ അവര്‍ക്ക് ഒരു ബാഗ് നിറയെ ഫോട്ടോകളും , ബയോഡാറ്റകാളും കൊണ്ട് നടക്കേണ്ടിയിരുന്നു. ഇപ്പോള്‍ അവര്‍ മാട്രിമോണി സൈറ്റില്‍ ഉള്ള ID മാത്രം കൊണ്ട് നടന്നാല്‍ മതി. സൈറ്റുകള്‍ വളരെയധികം ഉണ്ടായിട്ടും ബ്രോക്കര്‍ എന്ന വര്‍ഗം ഇല്ലാതാകാത്തത്തിന് കാരണം ബ്രോക്കര്‍മാര്‍ പുറകെ നടന്ന്‍ രണ്ടു കൂട്ടരെയും കല്യാണം കഴിക്കാന്‍ പ്രേരിപ്പിക്കും. സൈറ്റുകള്‍ ചുമ്മാ കുറച്ചു പ്രൊഫൈലുകള്‍ കാണിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ചുരുക്കി പറഞ്ഞാല്‍ ഇന്‍ഷുറന്‍സ് പരസ്യവും ,ഇന്‍ഷുറന്‍സ് ഏജന്‍റും തമ്മിലുള്ള വ്യത്യാസം.
ഇതൊക്കെ നമ്മളെപ്പോലെ ലൈന്‍ അടിച്ചു വിജയിക്കാന്‍ പറ്റാത്തവരുടെ കാര്യം. ലൈന്‍ അടിച്ചു വിജയിക്കുകയാണെങ്കില്‍ ഈ ഘട്ടം അപ്രസക്തമാണ് കാരണം അവര്‍ ഓള്‍റെഡി പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. മുന്‍പൊക്കെ പ്രേമിച്ചു കല്യാണം കഴിക്കുക എന്നൊക്കെ പറഞ്ഞാല്‍ വീട്ടുകാര്‍ എന്തായാലും എതിര്‍ക്കും. പക്ഷേ ഇപ്പോള്‍ ആളുകളുടെ അല്ലെങ്കില്‍ സമൂഹത്തിന്‍റെ ചിന്തകള്‍ മാറിതുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം ആളുകളും അനുകൂലിക്കുന്നു.
പെണ്ണ് / ചെക്കന്‍ കാണല്‍ / Interview
ബ്രോക്കര്‍ കാണിച്ചുതന്ന, അല്ലെങ്കില്‍ ഇന്‍റര്‍നെറ്റ് വഴി കണ്ടുപിടിച്ച ഒരു പങ്കാളി തല്‍പര്യങ്ങള്‍ക്ക് ചേര്‍ന്നതാണെകില്‍ കാര്യങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. പെണ്ണുകാണല്‍ അഥവാ പരസ്പരം ഇന്‍റര്‍വ്യു ചെയ്യല്‍.
ആദ്യം ചെറുക്കന്‍റെ വീട്ടില്‍ നിന്നും ചെറിയ ഒരു സംഘം പെണ്ണുകാണലിനായി പെണ്ണിന്‍റെ വീട്ടിലെത്തുന്നു. സാധാരണയായി ചെറുക്കന്‍ മാതാപിതാക്കളോത്തോ, അല്ലെങ്കില്‍ സുഹൃത്തുമോത്തോ ആണ് കാണാന്‍ വരുന്നത്. ചെറുക്കന് വിദേശത്താണ് ജോലിയെങ്കില്‍ ചെറുക്കന്‍ ഇല്ലാതെയും ഈ കാണല്‍ നടക്കാം.ചില വിരളം സാഹചര്യങ്ങളില്‍ പെണ്ണിന്‍റെ ജോലിസ്ഥലത്ത് വച്ചും ഈ പെണ്ണുകാണല്‍ നടക്കാറുണ്ട്. ഇതിലെ പ്രധാന ചടങ്ങ് ചെറുക്കനും പെണ്ണും മാത്രമായുള്ള കൂടിക്കാഴ്ചയാണ്. ബയോഡാറ്റയില്‍ കണ്ട വ്യക്തി തനിക്ക് ശരിക്കും ഇണങ്ങിയതാണോ എന്നു വിലയിരുത്തുന്നത് ഈ സംസാരത്തിലാണ്.
രണ്ടുകൂട്ടര്‍ക്കും പരസ്പരം ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അടുത്ത ഘട്ടമായ ചെറുക്കന്‍റെ വീട് കാണുന്ന പരിപാടിയാണ്. കൂട്ടത്തില്‍ ചെറുക്കനെയും കാണും. പെണ്ണിന്‍റെ വീട്ടില്‍ നിന്നുള്ള ഒരു ചെറു സംഘം ചെറുക്കന്‍റെ വീട്ടിലേക്ക് പോകുന്നു. സാധാരണയായി പെണ്ണിന്‍റെ മാതാപിതാക്കളും, ഇരുവരുടെയും വീട്ടില്‍നിന്നുള്ള പ്രതിനിധികളും ഉണ്ടായിരിക്കും. ഇവര്‍ ചെറുക്കന്‍റെ വീടും ചുറ്റുപാടുകളും കണ്ടു വിലയിരുത്തുന്നു. കാരണം പെണ്കുട്ടി ഇനി ആ വീട്ടിലാണല്ലോ താമസിക്കാന്‍ പോകുന്നത്.
രണ്ടാം ഘട്ടവും വിജയകരമായാല്‍ പിന്നെ ചെറുക്കന്‍റെ വീട്ടില്‍നിന്നും വലിയൊരു സംഘം പെണ്ണിന്‍റെ വീട്ടിലേക്ക് വരുന്നു. അതില്‍ ചെറുക്കന്‍റെ മാതാപിതാക്കളുടെ അപ്പനമ്മമാരും, എല്ലാ സഹോദരങ്ങളും അവരുടെ മക്കളും ഉള്‍പ്പെടും. അതുപോലെതന്നെ പെണ്ണിന്‍റെ കൂടുതല്‍ ബന്ധുക്കള്‍ ഈ ചടങ്ങിന് സംബന്ധിക്കും. സാധാരണയായി ഈ ഘട്ടത്തില്‍ റിജക്ഷന്‍ റേറ്റ് കുറവാണ് കാരണം രണ്ടു കൂട്ടര്‍ക്കും ഒരു തവണയെങ്കിലും ഇഷ്ട്ടപ്പെട്ടിട്ടാണ് ഈ ഘട്ടത്തില്‍ എത്തുന്നത്.ബന്ധുക്കള്‍ക്ക് പരസ്പരം അറിയാന്‍ ഇത് ഉപകരിക്കുന്നു. സാധാരണയായി കല്യാണം നടക്കുന്നതു ഒരേ ജില്ലയില്‍ നിന്നുള്ളവര്‍ തമ്മിലാണെങ്കില്‍ ചെറുക്കന്റെയും ,പെണ്ണിന്റെയും ധാരാളം ബന്ധുക്കള്‍ തമ്മില്‍ മുന്‍പരിചയം കാണും .അങ്ങനെ പരസ്പരം കൂടുതല്‍ അറിയാന്‍ കഴിയും.
ഉറപ്പിക്കല്‍ / Engagement
ഉറപ്പിക്കുന്ന ചടങ്ങ് നടക്കുന്നതു ചെക്കന്‍റെ വീട്ടിലാണ്.പണ്ടൊക്കെ ഇത് ചെറിയ ചടങ്ങായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് വളര്‍ന്ന് 100 പേര്‍ വരെ പങ്കെടുക്കുന്ന ചടങ്ങായി മാറി. മെയിന്‍ ആയി പെണ്ണിന്‍റെ വീട്ടുകാരും ചെറുക്കന്‍റെ വീട്ടുകാരും കടലാസില്‍ അവരവരുടെ ഡീറ്റൈല്‍സ് എഴുതി പരസ്പരം കൈമാറുന്നു. ചേട്ടാ ഞാന്‍ മൊബൈലില്‍ എഴുതിതരാം എന്നു പറഞ്ഞാല്‍ സമ്മതിക്കില്ല. കടലാസില്‍ എഴുതുന്നതു ചടങ്ങാണുപോലും .ചൈനക്കാര്‍ കടലാസ് കണ്ടു പിടിച്ചില്ലെങ്കില്‍ ഇവര്‍ കല്യാണം കഴിക്കാതിരിക്കുമോ എന്തോ?
അതുപോലെ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന മറ്റൊരു ചടങ്ങാണ് ചെറുക്കാന്‍ ഒരു മൊബൈല്‍ പെണ്ണിന് സമ്മാനമായി കൊടുക്കല്‍. ഇപ്പോള്‍ കുറച്ചുപേര്‍ ജാടക്ക് ചെയ്യുന്ന ഈ ചടങ്ങ് എന്നാണാവോ ഒരു നിര്‍ബന്ധിത ചടങ്ങാവുന്നത്. മിക്കവാറും കടലാസ് കണ്ടു പിടിച്ച കാലത്ത് എഴുതല്‍ ഒരു ഓപ്ഷനല്‍ ചടങ്ങായിരുന്നിരിക്കാം.
കഴിഞ്ഞ ഒരു ചടങ്ങിലും പെണ്ണിന് അവള്‍ ഇനി കഴിയാന്‍ പോകുന്ന വീടോ ചുറ്റുപാടുകളോ കാണാനുള്ള ഭാഗ്യമില്ല. കുറച്ചു പുരോഗമന ചിന്താഗതിക്കാരാണെങ്കില്‍ ഉറപ്പിക്കലിന് പെണ്ണിനെ ചെക്കന്‍റെ വീട്ടിലേക്ക് കൊണ്ടുവരും. 2010 വരെ ഇങ്ങനെ ഒരു പരിപാടി കേട്ടുകേള്‍വി പോലുമില്ല. ഇപ്പോള്‍ കുറച്ചുകൂടി സ്വാതന്ത്രം സ്ത്രീകള്‍ക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ട്. ആദ്യമായി മണിയറയില്‍ വെച്ചു അപ്പന്‍ പറഞ്ഞുറപ്പിച്ച പെണ്ണിനെ കണ്ട 1950നു മുന്‍പുള്ള വല്ല കാര്‍ന്നോര്‍മാരും പെണ്ണിന്‍റെയോ ചെക്കന്‍റെയോ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ പെണ്ണിനെ ചെക്കന്‍റെ വീട് കല്യാണത്തിന് മുന്പ് കാണിക്കില്ല.
പ്രൊഫെഷനല്‍ ഫോട്ടോയെടുക്കല്‍ ഈ ചടങ്ങിന് സാധാരണ ഉണ്ടാകാറില്ല. എല്ലാവരുടെയും കൈയ്യില്‍ ക്യാമറകളും, ക്യാമറയുള്ള മൊബൈലുകളും ഉള്ളതുകൊണ്ടു ബന്ധുജനങ്ങളാണ് ഈ ചടങ്ങിന് ഫോട്ടോ എടുക്കുന്നത്.
സ്ത്രീധനം / Dowry
പണ്ടൊക്കെ സ്ത്രീധനം കണക്ക് പറഞ്ഞു വാങ്ങുന്ന പരിപാടി ആയിരുന്നു. "പത്തുപവനും, 50000 രൂപയും ഇല്ലെങ്കില്‍ താലി കെട്ട് നടക്കില്ല" എന്നൊക്കെ പണ്ട് കല്യാണം ഉറപ്പിക്കുന്ന വേദികളില്‍ പറയുന്നതു കേട്ടിട്ടുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. ആരും ചോദിക്കുന്നില്ല. പക്ഷേ മിക്കവാറും എല്ലാവരും പെണ്ണിന് ഇത്രക്ക് ഷെയര്‍ ഉണ്ട് എന്നെല്ലാം പറയും.
പ്രീകാന
ഉറപ്പിക്കലിനുശേഷം കൃസ്ത്യന്‍ കത്തോലിക്ക വിഭാഗതില്‍ ഉള്ള മറ്റൊരു ചടങ്ങാണ് പ്രീകാനാ കോണ്‍ഫറണ്‍സ് കൂടുക എന്നത്. ഇത് രൂപത അടിസ്ഥാനത്തില്‍ നടത്തുന്ന ത്രിദിന ക്യാമ്പ് ആണ്. കല്യാണം കഴിക്കാന്‍ പോകുന്നവരെ അദ്ധ്യാത്മികമായും ,ഭൌതികമായും ഒരുക്കുക എന്നതാണു ഇതിന്‍റെ ലക്ഷ്യം.ഓരോരോ വിഷയങ്ങളില്‍ പ്രവീണ്യം നേടിയിട്ടുള്ള സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ഇതില്‍ ക്ലാസുകള്‍ എടുക്കും.നിയമവും, വൈദ്യവും കുട്ടികളെ പരിപാലിക്കലും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ദൈവീകത്തോടൊപ്പം പഠിപ്പിക്കും.
അതുപോലെ നിശ്ചയം കഴിഞ്ഞിരിക്കുന്ന ആണും പെണ്ണും ഉണ്ടെങ്കില്‍ അവര്‍ക്ക് ഇടവേളകളില്‍ പരസ്പരം സംസാരിക്കാം സാധിക്കും. അങ്ങനെ വേര്‍പ്പെട്ട നിശ്ചയങ്ങള്‍ ഉണ്ട്. ഒരു വശത്തുനിന്നു ചിന്തിച്ചാല്‍ ഇത് നല്ലതാണ് .പരസ്പരം മനസിലാക്കി കല്യാണത്തിന് മുന്പെ പിരിയാം. അതുപോലെ കല്യാണം ഉറപ്പിക്കാത്തവര്‍ക്കും ഇതില്‍ പങ്കെടുക്കാം. അങ്ങനെ പങ്കെടുത്ത് അവിടെ വച്ച് പരിചയപ്പെട്ടു കല്യാണം കഴിച്ച ആളുകളും ഉണ്ട്.
കത്തോലിക്ക സഭ ഇക്കാലത്ത് നടത്തുന്ന ചുരുക്കം ചില നല്ലകാര്യങ്ങളില്‍ ഒന്നാണ് ഈ കോഴ്സ്.ഈ കോഴ്സ് പാസാകാതെ കത്തോലിക്ക പള്ളിയില്‍വെച്ചു വിവാഹം നടത്തികൊടുക്കില്ല. ഇത് പാസായ സര്‍ട്ടിഫിക്കറ്റ് വരന്‍റെ ഇടവകയില്‍ കൊടുത്താലേ മനസമ്മതം നടത്താന്‍ ആവശ്യമായ കുറി /ലെറ്റര്‍)വരന്‍റെ ഇടവകയില്‍ നിന്നും ലഭിക്കുകയുള്ളൂ. ഇവിടം മുതല്‍ കുറികളുടെ കൊടുക്കല്‍ വാങ്ങലുകളാണ്. അവയാണ് കത്തോലിക്കസഭയുടെ കല്യാണം എന്ന പ്രോസസ്സ് നിയന്ത്രിക്കുന്നത്.
മനസമ്മതം / Betrothal
മനസമ്മതം നടക്കുന്നതു പെണ്ണിന്‍റെ പള്ളിയില്‍ വച്ചാണ്. അതുകഴിഞ്ഞു പെണ്ണിന്‍റെ വീട്ടിലോ ,ഏതെങ്കിലും ഔഡിറ്റോറിയത്തിലോ വച്ച് പെണ്ണിന്‍റെ വീട്ടുകാര്‍ വിരുന്ന് നടത്തും.പെണ്ണിന്‍റെ വീട്ടില്‍ കല്യാണം പോലെയാണ് ഇത് ആഘോഷിക്കുന്നത്. കല്യാണസമയം പെണ്ണിന്‍റെ അടുത്ത ബന്ധുക്കള്‍ മാത്രമേ ചെറുക്കന്‍റെ വീട്ടിലേക്ക് പോകുകയുള്ളൂ. അതുപോലെ മനസമ്മതത്തിന് ചെറുക്കന്‍റെ വീട്ടില്‍ നിന്നും അടുത്ത ബന്ധുക്കളും കൂട്ടുകാരും മാത്രമേ വരികയുള്ളൂ.
ചെക്കന്‍ സാധാരണയായി ഇടുന്ന ഡ്രസ് സര്‍വാണി, ജുബ്ബ ,സ്യൂട്ട് തുടങ്ങിയവയില്‍ ഏതെങ്കില്‍ ആയിരിക്കും.വളരെ ചുരുക്കം പേര്‍ മുണ്ട് ഉപയോഗിക്കും.പെണ്ണ്‍ സാരിയാണ് ഉപയോഗിക്കുന്നത്.ലാച്ച എന്ന ഒരു പുതിയതരം ഡ്രസ് ഇപ്പോള്‍ ഫാഷന്‍ ആയി വരുന്നുണ്ട്.
പെണ്ണിന്‍റെ പള്ളിയില്‍ ചെറുക്കന്‍റെ പള്ളിയില്‍ നിന്നും കിട്ടിയ ലെറ്റര്‍ കൊടുക്കുന്നതോടെ ചടങ്ങ് തുടങ്ങുന്നു. സാധാരണയായി പുരോഹിതന്‍ എല്ലാവരുടെയും മുന്നില്‍ വച്ച് ചെറുക്കാനോട് പെണ്ണിനെ വിവാഹം കഴിക്കാന്‍ സമ്മതമാണോ എന്നും, പെണ്ണിനോട് ചെറുക്കനെ വിവാഹം കഴിക്കാന്‍ സമ്മതമാണോ എന്നും ചോദിക്കുന്നു. അവര്‍ സമ്മതമാണ് എന്നു പറഞ്ഞാല്‍. സാക്ഷികളോട് അവര്‍ കേട്ടുവല്ലോ എന്നും ചോദിക്കുന്നു. എല്ലാം ശരിയായാല്‍ ദൈവനാമത്തില്‍ ഉടമ്പടി ഉറപ്പിക്കുന്നു.ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രം മനസമ്മതത്തിനുശേഷം കുര്‍ബാനയുണ്ടാകും.
ഈ ചടങ്ങിനുശേഷം പെണ്ണിന്‍റെ പള്ളിയില്‍ നിന്നും കുറി കിട്ടുന്നു. ഈ കുറി ചെറുക്കന്‍റെ പള്ളിയില്‍ കൊടുത്താല്‍ മാത്രമേ താലികെട്ട് അവിടെ നടക്കൂ.
പ്രൊഫെഷനല്‍ ഫോട്ടോ ,വീഡിയോ തുടങ്ങിയവ വരുന്നത് ഇവിടെ നിന്നുമാണ്. പള്ളിയിലെ ചടങ്ങുകള്‍ ഒഴിച്ചാല്‍ മിക്കവാറും ബാക്കി എല്ലാ ചടങ്ങുകളും നിയന്ത്രിക്കുന്നത് അവരാണ്. ചുരുക്കം ചില സ്ഥലങ്ങളില്‍ സ്റ്റേജ് അവതാരകര്‍ ഉണ്ടാകും.മിക്കവാറും ഭാവിയില്‍ ഇത്തരം അവതാരകര്‍ ഒരു നിര്‍ബന്ധിത ഘടകമാകാന്‍ സാധ്യതയുണ്ട്.
പള്ളിയിലെ പരിപാടികള്‍ക്ക് ശേഷമാണ് സ്റ്റേജില്‍ രണ്ടുപേരെയും ഇരുത്തുന്നത്. അവിടെ വച്ച് രണ്ടുപേരും ചേര്‍ന്ന് കേക്ക് മുറിക്കുന്നു.അതിനുശേഷം വൈന്‍ കുടിക്കുന്നു. സ്റ്റേജ് പരിപാടികള്‍ കഴിഞ്ഞാല്‍ കല്യാണത്തിന് വന്നവര്‍ ഓരോരുത്തരായി സ്റ്റേജില്‍ വന്നു ആശംസകള്‍ അര്‍പ്പിക്കുന്നു. ഈ സമയതാണ് വന്നവര്‍ എല്ലാവരും ഫോട്ടോയിലും ,വീഡിയോയിലും ഉള്‍പ്പെടുന്നത്.
പണ്ടൊക്കെ സദ്യ ബിരിയാണി ആയിരുന്നു. ഇപ്പോള്‍ എല്ലാവരും ഡിന്നര്‍ എന്നപേരില്‍ വളരെ മുന്‍പുണ്ടായിരുന്നപ്പോലെ ചോറാണ് കൊടുക്കുന്നതു.മൂന്നുതരം ഇറച്ചിയും അവസാനം ഐസ് ക്രീമും മിക്കവാറും എല്ലാ കല്യാണങ്ങളിലും ഉണ്ടാകും. ഇറച്ചിയില്‍ ചിക്കനും ,മീനും അവിഭാജ്യ വിഭവങ്ങളാണ്.പിന്നെ പോത്തോ , പോര്‍ക്കോ ഓപ്ഷന്‍ ആയിരിക്കും. താറാവും ,ആടും വിശിഷ്ട വിഭവങ്ങള്‍ ആണ്.അത് ചിലപ്പോലെ കിട്ടൂ.ഐസ്ക്രീമിനൊപ്പം ചിലപ്പോള്‍ പോപ്കോണ്‍ , ബോംബേ മിഠായി ,മധുര പലഹാരങ്ങള്‍ തുടങ്ങിയവയും ഉണ്ടാകും.
കല്യാണം വിളിച്ചുചൊല്ലല്‍
മനസമ്മതം കഴിയുന്നതോടുകൂടി പെണ്ണിന്‍റെ പള്ളിയിലും ,മനസമ്മതം കഴിഞ്ഞു കിട്ടുന്ന കുറി ചെക്കന്‍റെ പള്ളിയില്‍ കൊടുത്താല്‍ അവിടെയും വിളിച്ചുചൊല്ലല്‍ ആരംഭിക്കും. വിളിച്ചുചൊല്ലല്‍ എന്നുപറഞ്ഞാല്‍ വിവാഹഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെ പള്ളികളില്‍ 3 ഞായറാഴ്ച കുര്‍ബാനക്ക് ശേഷം പരസ്യമായി കല്യാണക്കാര്യം വിളിച്ചുപറയുന്ന രീതിയാണ്. മനസമ്മതത്തിനും കല്യാണത്തിനും ഇടക്കുള്ള 3 ഞായറാഴ്ചകളില്‍ ആണ് വിളിച്ചു പറയുന്നതു. കല്യാണഞായറാഴ്ചയും കൂടി ഇതില്‍ പ്പെടുത്തും.ഗള്‍ഫുകാര്‍ക്ക് ലീവ് കുറവാണു എന്നാല്‍ രൂപതയില്‍ നിന്നുള്ള പ്രത്യേക അനുവാദത്തോടുകൂടി വിളിച്ചുപറയല്‍ ഒഴിവാക്കാം.
ആര്‍ക്കെങ്കിലും നടക്കാന്‍ പോകുന്ന കല്യാണത്തിന് എതിര്‍പ്പ് ഉണ്ടെങ്കില്‍ അത് പള്ളിയില്‍ അറിയിക്കാനാണ് വിളിച്ചുപറയല്‍ നടത്തുന്നത്. ഇതര വിഭാഗങ്ങളില്‍ ഒന്നും ഇങ്ങനെയൊരു ചടങ്ങില്ല.
കല്യാണം / Marriage
ചെറുക്കന്‍റെ വീട്ടില്‍ വച്ചാണ് കല്യാണം നടക്കുന്നതു .പണ്ടൊക്കെ പെണ്ണിന്‍റെ വീട്ടില്‍ വച്ചായിരുന്നു നടന്നിരുന്നത്.എന്നിട്ട് എല്ലാവരും ചെക്കന്‍റെ വീട്ടിലേക്ക് പോകും. പക്ഷേ ഇപ്പോള്‍ എല്ലാം ചെക്കന്‍റെ വീട്ടില്‍ വച്ച് നടക്കുന്നതു കൊണ്ട് യാത്ര ഒഴിവാക്കാം .ഞായറാഴ്ചകളില്‍ ആണെകില്‍ 12:05 PM ആണ് കേട്ടു നടത്തുന്ന സമയം .ഇടദിവസങ്ങളില്‍ ആണെങ്കില്‍ 10:30AM.
ചെറുക്കാന്‍ മിക്കവാറും സ്യൂട്ട് ആയിയിക്കും ധരിക്കുന്നത്. പെണ്ണിന്‍റെ ഡ്രസ് വെള്ള സാരിയോ ,ഗൌണോ ആയിരിക്കും .
പുരോഹിതന്‍ ആശീര്‍വദിച്ച താലി ചെക്കന്‍ പെണ്ണിന്‍റെ കഴുത്തില്‍ കെട്ടുന്നതിനോടൊപ്പം മന്ത്രകോടി എന്നപേരില്‍ ഒരു സാരിയും പെണ്ണിന് കൊടുക്കുന്നു. ഈ മന്ത്രകോടിയാണ് കല്യാണശേഷമുള്ള ഒരു വര്ഷം മിക്കവാറും ചടങ്ങുകള്‍ക്കും ഉടുക്കേണ്ടത്. എല്ലാ കല്യാണത്തിനും കുര്‍ബാനയുണ്ടാകും. കുര്‍ബാനക്ക് ശേഷം വധു പള്ളിയില്‍ വച്ച് ധരിച്ചിരുന്ന വെള്ളസാരി അല്ലെങ്കില്‍ ഗൌണ്‍ മാറി മന്ത്രകോടി ഉടുക്കുന്നു.
പള്ളിയിലെ പരിപാടികള്‍ക്ക് ശേഷം രണ്ടുപേരെയും മണ്ഡപത്തില്‍ ഇരുത്തി മനസമ്മതത്തിന് ചെയ്തതുപോലെയുള്ള ചടങ്ങുകള്‍ ഉണ്ടായിരിക്കും.മധുരം കൊടുക്കുമ്പോള്‍ വെളിയില്‍ പടക്കം പൊട്ടിക്കുന്ന പരിപാടി ചിലയിടങ്ങളില്‍ കാണാം.
ഭക്ഷണം മനസമ്മതത്തിന് പെണ്ണിന്‍റെ വീട്ടില്‍ കൊടുക്കുന്നതുപോലെയുള്ള വിഭവങ്ങള്‍ ആയിരിക്കും.
ഭക്ഷണശേഷം നടക്കുന്ന മറ്റൊരു ചടങ്ങാന് പെണ്ണിന്‍റെ വീട്ടില്‍ നിന്നും വന്നവര്‍ ഓഡിറ്റോറിയത്തില്‍ നിന്നും ചെക്കന്‍റെ വീട്ടില്‍ പോകുന്നതു. അവിടെ വച്ച് ചായയോ അല്ലെങ്കില്‍ വൈനുമോ കേക്കിനൊപ്പം നല്കുന്നു.
അതിനുശേഷം പെണ്ണിനെ ചെറുക്കനെ ഏല്‍പ്പിക്കല്‍ ചടങ്ങാണ്. പെണ്ണിന്‍റെ അമ്മ പെണ്ണിന്‍റെ കൈ പിടിച്ച് ചെറുക്കന്‍റെ അമ്മയെ ഏല്‍പ്പിക്കുന്നു. ചെറുക്കന്‍റെ അമ്മ അപ്പോള്‍ത്തന്നെ കൈ ചെറുക്കനെ ഏല്‍പ്പിക്കുന്നു. ഇനി മുതല്‍ ഇവളെ നീയാണ് പരിപാലിക്കേണ്ടത് എന്നു സൂചിപ്പിക്കുന്ന ചടങ്ങാണ് ഇത്. അതിനുശേഷം പെണ്ണിന്‍റെ വീട്ടുകാര്‍ പെണ്ണിനെ ചെറുക്കന്‍റെ വീട്ടില്‍ നിറുത്തിയിട്ട് തിരിച്ചു പോരുന്നു. മിക്കവാറും പെണ്ണിന്റെയും ,പെണ്ണിന്‍റെ വീട്ടുകാരുടെയും ഒരു കൂട്ടക്കരച്ചില്‍ ഇവിടെ ഉണ്ടാകും. ആരും കരഞ്ഞില്ലെങ്കില്‍ അടുത്തു നില്‍ക്കുന്ന ബന്ധുക്കള്‍ ഓരോന്ന് പറഞ്ഞു കരയിപ്പിക്കാന്‍ ശ്രമിക്കും.
കല്യാണശേഷം / After marriage
കല്യാണത്തിന്‍റെ പിറ്റേദിവസം ചെറുക്കനും പെണ്ണുംകൂടി ചെറുക്കന്‍റെ പള്ളിയില്‍ പോകണം .അതും 6-6:30 ണു ഉള്ള ആദ്യത്തെ കുര്‍ബാനക്ക് .ചടങ്ങിന്‍റെ പേര്‍ മറുപള്ളി കുമ്പിടല്‍. പണ്ട് പെണ്ണിന്‍റെ വീട്ടില്‍ വച്ച് കല്യാണം നടന്നിരുന്നതുകൊണ്ട് കല്യാണദിവസം പെണ്ണ് വരന്‍റെ പള്ളി കണ്ടിട്ടുണ്ടാവില്ല. അങ്ങനെയുള്ള സമയത്ത് ഈ ചടങ്ങിന് പ്രാധാന്യം ഉണ്ട്. ഇപ്പോള്‍ അങ്ങിനെ ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
കല്യാണശേഷം ഉള്ള ഒരു മെയിന്‍ ചടങ്ങാണു വധുവിന്‍റെ വീട്ടില്‍ പാര്‍ക്കാന്‍ പോകല്‍.. കല്യാണത്തിന്‍റെ പിറ്റേന്നോ അല്ലെങ്കില്‍ 2 ദിവസം കഴിഞ്ഞിട്ടോ വധുവിന്‍റെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ വന്ന്‍ വധൂവരന്‍മാരെ കൂട്ടികൊണ്ട് പോകുന്നു. അതുപോലെ 2-3 ദിവസത്തെ പാര്‍ക്കലിന് ശേഷം വരന്‍റെ ബന്ധുക്കള്‍ വന്ന്‍ തിരിച്ചു കൂട്ടിക്കൊണ്ടുപോകുന്നു. ആളുകള്‍ തമ്മില്‍ പരസ്പരം അറിയുന്നതിനുള്ള ഓരോ ചടങ്ങുകള്‍ ആയിരിക്കും ഇതൊക്കെ.വരന്‍റെ വീട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ അലമാരി കൊണ്ടുവരുന്ന ചടങ്ങുണ്ട്. പെണ്ണിന്‍റെ ഡ്രസ് വെക്കാന്‍ അലമാരി കൊണ്ടുവരുന്നത് മനസിലാക്കാം പക്ഷേ അലമാരിയോടൊപ്പം കുറച്ചു പലഹാരങ്ങളും കൊണ്ടുവരുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. അതുപോലെ അലമാരിക്കുള്ളില്‍ കുറച്ചു രൂപ വൈക്കുന്ന ചടങ്ങുമുണ്ട്. സാധാരണയായി 501, 1001 തുടങ്ങി 1ന്നില്‍ അവസാനിക്കുന്ന സംഖ്യയാണ് വൈക്കുന്നത്.
ഇനിയുള്ള ചടങ്ങ് വധൂവരന്‍മാര്‍ എല്ലാ ബന്ധുഗൃഹങ്ങളും സന്ദര്‍ശിക്കുക എന്നതാണു. സാധാരണയായി രണ്ടുപേരുടെയും മാതാപിതാക്കളുടെ സഹോദരങ്ങളുടെ വീടുകളിലേക്കാണ് പോകേണ്ടത്. പിന്നെ രണ്ടു സ്ഥലങ്ങളിലെ അയല്‍വക്കങ്ങളിലേക്കും .
കല്യാണത്തിന് ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ് പെണ്ണിന്‍റെ വീട്ടിലാണ് ആഘോഷിക്കുന്നത് .അതായത് ചെറുക്കനും പെണ്ണും പെണ്ണിന്‍റെ ഇടവകയില്‍ ആണ് പാതിരാകുര്‍ബാനയ്ക്ക് പോകേണ്ടത്.ഉച്ചഭക്ഷണത്തിനുശേഷം വീണ്ടും ചെറുക്കന്‍റെ വീട്ടിലേക്ക് .കാരണം രാത്രി ഭക്ഷണം അവിടെയാണ്. ഓശാനഞായറിനും ,ഈസ്റ്ററിനും ഇതുപോലെ തന്നെ. കെട്ടിനുശേഷം വരുന്ന പള്ളിപ്പെരുന്നാളിനെ പുതുമോടി പെരുന്നാള്‍ എന്നു പറയും. പെണ്ണിന്‍റെ വീട്ടുകാര്‍ ചെറുക്കന്‍റെ വീട്ടില്‍ പെരുന്നാളിന് വരുമ്പോള്‍ ചെറുക്കന്‍റെ വീട്ടുകാര്‍ക്ക് നേര്‍ച്ചയിടാന്‍ പൈസ കൊടുക്കണം.അതുപോലെ തിരിച്ചും. ഓരോരോ ചടങ്ങുകളേ...
അങ്ങനെ