2009, മാർച്ച് 30, തിങ്കളാഴ്‌ച

Earth hour-ചില ഊര്‍ജ്ജ സംരക്ഷണ ചിന്തകള്‍

അങ്ങനെ ഞങ്ങളും എര്‍ത്ത് അവര്‍ വിജയകരമായി കൊണ്ടാടി.സാധാരണയായി ഉപയോഗിക്കുന്ന 3 റ്റ്യുബ് ലൈറ്റുകള്‍,2 ഫാനുകള്‍ ഒരു ഡെസ്ക്ടോപ്പ്,ഒരു ലാപ്പ്ടോപ്പ് എന്നിവ ഓഫ് ചെയ്തുകൊണ്ടാണ്‌ ഞങ്ങള്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത്.

പറയാന്‍ വന്നത് അതല്ല.ഒരു ഊര്‍ജ സംരക്ഷണോപാധിയെ പറ്റിയാണ്.കുറച്ച് എണ്ണയെടുത്ത് അതില്‍ ഒരു തിരിയിട്ട് കത്തിച്ചാല്‍ കത്തുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം.നമ്മുടെയെല്ലാം വീടുകളില്‍ പാചകത്തിനുശേഷം വളരെയധികം എണ്ണ മിച്ചം വരുന്നുണ്ട്.അതെല്ലാം കൊളസ്ട്രോള്‍ ഉള്ളവര്‍ അതു പേടിച്ച് കളയുന്നു.അല്ലാത്തവര്‍ അതു വീണ്ടും വീണ്ടും ഉപയോഗിച്ച് കൊളസ്ട്രോള്‍  വരുത്തുന്നു.


ഈ രണ്ട് പരിപാടികളും നല്ലതല്ല.ഈ സന്ദര്‍ഭത്തിലാണ്‌ തിരിയിട്ടു കത്തിക്കുന്ന വിളക്കിന്‍റെ പ്രസക്തി.സര്‍ക്കാരിന്‍റെ കനിവുകൊണ്ട് കറണ്ട് കട്ടുണ്ട് അതുകൊണ്ട് നമുക്കെല്ലാം ഈ രീതിയില്‍ ഊര്‍ജ്ജം സംരക്ഷിക്കാനുള്ള അവസരവുമുണ്ട്.റീച്ചാര്‍ജബിള്‍ ബാറ്ററികളുടെ കാര്യമെടുത്താല്‍ അവയൊന്നും തന്നെ നമ്മള്‍ അങ്ങോട്ടു കൊടുത്ത ഊര്‍ജ്ജം മുഴുവനായി മടക്കിത്തരുന്നില്ല.വിളക്കാകുമ്പോള്‍ അങ്ങിനെ ഒരു പ്രശ്നമേ വരുന്നില്ല.കളയുന്ന എണ്ണ,തിരിക്കുവേണ്ടി ഉപയോഗശൂന്യമായ തുണി എന്നിവ മാത്രമാണ്‌ മുതല്‍മുടക്ക്.

അപ്പോള്‍ ഞാന്‍ പറഞ്ഞുവന്ന കാര്യം എല്ലാവര്‍ക്കും മനസ്സിലായിക്കാണും എന്നു വിശ്വസിക്കുന്നു.അതുകൊണ്ട് ഇന്നു തന്നെ വിളക്കെല്ലാം പൊടിതട്ടിയെടുക്കുക ഇല്ലാത്തവര്‍ ഒന്നുണ്ടാക്കുക.എണ്ണ വിളക്കുണ്ടാക്കുക എന്നു പറഞ്ഞാല്‍ ഒരു പണിയേയല്ല.ഉദ്ദാഹരണമായി  ദാ താഴെക്കാണുന്ന ഞങ്ങളുപയോഗിക്കുന്ന വിളക്കു നോക്കുക.എല്ലാം മനസ്സിലായല്ലോ..വളരെ സിംപിള്‍…

എര്‍ത്ത് അവര്‍ എന്ന ആശയം കൊണ്ടുവന്ന് ജനങ്ങളില്‍ ഊര്‍ജ്ജസംരക്ഷണാവബോധം ഉണ്ടാക്കിയവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കൊളസ്ട്രോളില്ലാത്ത ഊര്‍ജ്ജസ്വയംപര്യാപ്തമായ ഒരു നല്ല നാളെക്കായ് കാത്തിരിക്കാം.

ഇതിനെയാണെന്നു തോന്നുന്നു പണ്ടുള്ളവര്‍ ഒരു വെടിക്ക് രണ്ട് പക്ഷി..അല്ലെങ്കില്‍ അങ്കവും കാണാം താളിയുമൊടിക്കാം എന്നൊക്കെ പറഞ്ഞിരുന്നത്.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്.

  • ഇഡ്ഡലിത്തട്ടെടുത്ത് വിളക്കുണ്ടാക്കി അമ്മയുടേയോ ഭാര്യയുടേയോ കയ്യില്‍ നിന്നും തല്ലു കിട്ടിയാല്‍ ഞാന്‍ ഉത്തരവാദിയല്ല.
  • പഠിക്കുന്ന പിള്ളാരുള്ള വീട്ടില്‍ ഇന്‍വെര്‍ട്ടര്‍ മാറ്റി വിളക്കുമാത്രം വച്ച് അവരുടെ മാര്‍ക്ക് കുറഞ്ഞാല്‍ അവരെ ചീത്തപറയരുത്.
  • രാത്രിയില്‍ എങ്ങോട്ടെങ്കിലും പോകുമ്പോള്‍ ടോര്‍ച്ചിനു പകരം വിളക്കുപിടിച്ച് അതു കാറ്റത്തണഞ്ഞു പോയി വല്ല പാമ്പും കടിച്ചാല്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ പോകുക.

1 അഭിപ്രായം:

Joymon പറഞ്ഞു...

ഊര്‍ജ്ജസംരക്ഷണവും കൊളസ്ട്രോളും