How to get Affidavit from New York Indian consulate for kid's visa who is in India
I went there on 22Oct2014. If anybody wants this in English, please commentന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പോയി, എങ്ങിനെ നാട്ടിലുള്ള നിങ്ങളുടെ കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കാന്‍ വേണ്ട സത്യവാങ്മൂലം, അറ്റെസ്റ്റ്/സാക്ഷ്യപ്പെടുത്തല്‍ ചെയ്തെടുക്കാം
വമ്പന്‍ തലക്കെട്ട് ആയിക്കോട്ടെ എന്നു വിചാരിച്ചു. മലയാളത്തില്‍ ഏതൊരുത്തന്‍ ഗൂഗിളില്‍ തപ്പിയാലും ഇങ്ങോട്ട് തന്നെ വരണം.ഞാന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച അവിടെ പോയിരുന്നു. വലിയ കുഴപ്പമില്ലാതെ കിട്ടി.
ആര്‍ക്കൊക്കെ ഉപയോഗപ്പെടും
സാധാരണ ഇന്‍ഡ്യയില്‍ കുട്ടികള്‍ക്ക് പാസ്പോര്‍ട്ടു എടുക്കണമെങ്കില്‍ മാതാപിതാക്കളുടെ പാസ്പോര്‍ട്ട് കാണിക്കണം.മാതാപിതാക്കള്‍ക്ക് പാസ്പോര്‍ട്ട് ഇല്ലെങ്കിലും കുഴപ്പമില്ല കൊച്ചിനു പാസ്പോര്‍ട്ടു കിട്ടും . രണ്ട് പേര്‍ക്കും തങ്ങളുടെ കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കുന്നതില്‍ വിരോധമില്ല എന്നു കാണിക്കുന്നതിന് വേണ്ടിയാണ് അത്.
നിങ്ങള്‍ വിദേശത്തായിരിക്കുമ്പോള്‍ നിങ്ങളുടെ ഭാര്യ / ഭര്‍ത്താവ് ഇന്‍ഡ്യയില്‍ ഉള്ള നിങ്ങളുടെ കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കുകയാണെങ്കില്‍ നിങ്ങളുടെ ഒരു സത്യവാങ്മൂലം വേണം. കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കുന്നതില്‍ നിങ്ങള്‍ക്ക് വിരോധമില്ല എന്നാണ് പറയുന്നത്. ചുമ്മാ ഒരു പേപ്പറില്‍ എഴുതി ഒപ്പിട്ടുകൊടുത്താല്‍ പോരാ. അത്നിങ്ങള്‍ താമസിക്കുന്ന രാജ്യത്തുള്ള ഒരു ഇന്ത്യന്‍ ഗവണ്‍മെന്‍റ് സ്ഥാപനത്തില്‍ പോയി അവിടത്തെ ഓഫീസറെകൊണ്ടു സാക്ഷ്യപ്പെടുത്തുകയും വേണം. സാധാരണ വേറെ രാജ്യത്തുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥാപനം കോണ്‍സുലേറ്റ് അല്ലെങ്കില്‍ എംബസി ആണല്ലോ. അപ്പോള്‍ അവിടെ പോയി സാക്ഷ്യപ്പെടുത്താം.
സംഗതി എല്ലാം ഇന്‍ഡ്യയുടെ എംബസികള്‍ അല്ലെങ്കില്‍ കോണ്‍സുലേറ്റുകള്‍ ആണെങ്കിലും ഓരോന്നും പിന്‍തുടരുന്നത് ഓരോ രീതികള്‍ ആണ്. ചിലയിടത്ത് മുന്‍കൂട്ടി ബുക്ക് ചെയ്തു ചെല്ലണം. ചിലയിടത്ത് വേണ്ട. ഞാന്‍ പോയത് ന്യൂയോര്‍ക്കില്‍ ആയിരുന്നു. അപ്പോള്‍ അവിടെക്കു ഇനി പോകുന്നവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്.
മുന്‍കൂട്ടിയുള്ള ബുക്കിങ്
അതിന്‍റെയൊന്നും ആവശ്യമില്ല. അങ്ങോട്ട് ചെല്ലേണ്ടതാമസമേയുള്ളൂ.കോണ്‍സുലേറ്റ് നില്‍ക്കുന്ന സ്ഥലം / യാത്ര
ന്യൂയോര്‍ക്കിലെ അത്യാവശ്യം അറിയപ്പെടുന്ന സെന്‍ട്രല്‍ പാര്‍ക്കിന് അടുത്തുതന്നെയാണ് കോണ്‍സുലേറ്റ്. വിലാസം അവരുടെ സൈറ്റില്‍ ഉണ്ട് (3 East 64th Street (Between 5th and Madison Avenues) New York, NY 10065). തീവണ്ടിയില്‍ ആണെങ്കില്‍ പെന്‍സ്റ്റേഷനിലും, ബസില്‍ ആണെങ്കില്‍ പോര്‍ട്ട് അതോറിറ്റി ബസ് ടെര്‍മിനലിലും ഇറങ്ങുക. രണ്ടും 8ആമത്തെ അവന്യൂല്‍ ആണ്. ന്യൂ യോര്‍ക്കില്‍ റോഡുകള്‍ പണ്ട് സ്കൂളില്‍ പഠിച്ചപ്പോള്‍ വാങ്ങിയ ഗ്രാഫ് ബുക്കിലെ പേജ് പോലെയാണ്. വലവിരിച്ച പോലിരിക്കും. ആക്കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍ എഴുതുന്നുണ്ട്.
നടത്തം ആരോഗ്യത്തിന് നല്ലാതായതിനാല്‍ ഞാന്‍ പോര്‍ട്ട് അതോറിറ്റി ബസ് ടെര്‍മിനലില്‍ ഇറങ്ങി നേരെ സെന്‍ട്രല്‍ പാര്‍ക്കിന് വച്ച് പിടിച്ചു. അവിടെ നിന്നു 5 ആം അവെന്യുവിലേക്ക് കയറി ഇടത്തോട്ട് തിരിഞ്ഞു.പിന്നെ അവിടെനിന്നും 64ആം സ്ട്രീറ്റിലെക്കും. മൊത്തം 1.7 മൈല്‍. മാപ്പില്‍ വഴിതെറ്റിയതും ഒക്കെ കൂട്ടിയാല്‍ 3 കിലോമീറ്റര്‍ നടന്നു. ഇത് കേട്ടിട്ട് നിങ്ങള്‍ക്ക് അവിടെ പോയാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ഗൂഗ്ള്‍ മാപ്പ് നോക്കിതന്നെ പോയാല്‍ മതി.
നിങ്ങള്‍ പെന്‍സ്റ്റേഷനില്‍ ആണ് ഇറങ്ങുന്നത് എങ്കില്‍ നടക്കാന്‍ കുറച്ചധികം സമയം വേണ്ടിവരും. അങ്ങനെയുള്ളവര്‍ക്ക് മെട്രോ ട്രെയിന്‍ പിടിച്ചു പോകാം.
ആവശ്യമുള്ള രേഖകള്‍
വെബ് സൈറ്റ് പ്രകാരം ആവശ്യമുള്ള രേഖകള്‍ ഇവയാണ്- കോണ്‍സുലേറ്റില്‍ നിന്നും എന്തു സേവനം വേണമെങ്കിലും ഒരു അപേക്ഷ പൂരിപ്പിക്കണം. അതില്‍ ഒരു ഫോട്ടോയും ഒട്ടിക്കണം.
- സത്യവാങ്മൂലത്തിന്‍റെ 2 കോപ്പികള്‍. ഒന്ന് എഴുതി ഫോട്ടോസ്റ്റാറ്റ് എടുത്താല്‍ പറ്റില്ല. രണ്ടും എഴുതുക തന്നെ വേണം. ഒന്ന് സാക്ഷ്യപ്പെടുത്തി നമുക്ക് തിരിച്ചു തരും.മറ്റേത് അവിടെ സൂക്ഷിയ്ക്കും
- പാസ്പോര്‍ട്ട് കോപ്പി..എല്ലാ പേജും വേണമെന്നില്ല.
- അസല്‍ പാസ്പോര്‍ട്. ഇത് അവിടെ കാണിക്കണം.
- അമേരിക്കയില്‍ താമസിക്കുന്നതിന്‍റെ ഒരു തെളിവ്. വണ്ടി ഓടിക്കാനുള്ള ലൈസന്‍സ് കോപ്പിയെടുത്താല്‍ മതി.
- ലൈസന്‍സ് കോപ്പി ഉണ്ടെങ്കില്‍ അതിന്‍റെ ഒറിജിനല്‍
വേണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള രേഖകള്‍ എടുക്കാം. അതായത് വിസ അംഗീകരിച്ച നോട്ടീസ്(I797B), അമേരിക്കന്‍ തൊഴില്‍ വകുപ്പിന്‍റെ LCA,കരം അടച്ച രസീത് ഉണ്ടെങ്കില്‍ അത് അങ്ങനെ പലതും. .എന്തും സംഭവിക്കാം. നമ്മള്‍ സര്‍വ്വ സന്നാഹങ്ങളോടും കൂടിയേ പോകാവൂ.
നടപടി ക്രമങ്ങള്‍
ആദ്യം തന്നെ കോണ്‍സുലേറ്റ് അപേക്ഷാഫോം, സത്യവാങ്മൂലത്തിന്‍റെ കോപ്പികള്‍ പൂരിപ്പിക്കണം. അതില്‍ അപ്പന്‍റെയും അമ്മയുടേയും ഒപ്പ് വേണം.. നിങ്ങളില്‍ ഒരാള്‍ മാത്രമാണ് അമേരിക്കയില്‍ ഉള്ളത്. അതുകൊണ്ട് ഒരാളുടെ മാത്രം ഒപ്പ് മതി. മറ്റെയാള്‍ നാട്ടില്‍ പാസ്പോര്‍ട്ട് ഓഫീസില്‍ ഈ രേഖ കാണിക്കുന്നതിന് മുന്‍പായി ഒപ്പിട്ടാല്‍ മതി
മുന്‍പ് പറഞ്ഞപോലെ നേരെ കോണ്‍സുലേറ്റില്‍ ചെല്ലുന്നു. 9:15AM ഓടുകൂടിയാണ് ഓഫീസ് തുറക്കുന്നത്. ഉച്ച വരെയേ അപേക്ഷകള്‍ സ്വീകരിക്കൂ. അത്യാവശ്യം വലിയ വരി അവിടെ കാണാം.ഞാന്‍ പോയത് ദീപാവലിയുടെ തലേ ദിവസം ആയതുകൊണ്ട് കാര്യമായി തിരക്ക് ഉണ്ടായില്ല. സംഗതി ഇന്‍ഡ്യന്‍ ഓഫീസ് ആണെങ്കിലും മൊട കാണിക്കാതെ വരിയില്‍ നില്‍ക്കുക.
വരിയില്‍ നില്‍ക്കുമ്പോള്‍. ഇഷ്ടം പോലെ കേള്‍ക്കാം, ഇന്ത്യക്കാര്‍ തന്നെ ഇന്ത്യന്‍ സംവിധാനങ്ങളെ കുറ്റം പറയുന്നതും. സര്‍ക്കാര്‍ ജീവനക്കാര്‍ ശരിയല്ല എന്നു പറയുന്നതും. ഈ പറയുന്നവര്‍ എല്ലാം നിയമങ്ങള്‍ അനുസരിക്കുന്നവര്‍ ആണോ എന്ന് ആര്‍ക്കറിയാം. വെറുതെ പറഞ്ഞതല്ല ഉള്ളില്‍ കയറുമ്പോള്‍ കാണാം ഇവന്മാരുടെ അനുസരണം.
വരിയില്‍ നില്‍ക്കുമ്പോള്‍. ഇഷ്ടം പോലെ കേള്‍ക്കാം, ഇന്ത്യക്കാര്‍ തന്നെ ഇന്ത്യന്‍ സംവിധാനങ്ങളെ കുറ്റം പറയുന്നതും. സര്‍ക്കാര്‍ ജീവനക്കാര്‍ ശരിയല്ല എന്നു പറയുന്നതും. ഈ പറയുന്നവര്‍ എല്ലാം നിയമങ്ങള്‍ അനുസരിക്കുന്നവര്‍ ആണോ എന്ന് ആര്‍ക്കറിയാം. വെറുതെ പറഞ്ഞതല്ല ഉള്ളില്‍ കയറുമ്പോള്‍ കാണാം ഇവന്മാരുടെ അനുസരണം.
കടക്കുമ്പോള്‍ തന്നെ സെക്യൂരിറ്റി ഉണ്ട് എന്നു കാണിക്കാന്‍ വേണ്ടി വച്ചിരിക്കുന്ന ഒരു എലെക്ട്രിക് വാതില്‍ ഉണ്ടാകും. ശക്തിമാന്‍ സീരിയലില്‍ കാണുന്നതുപോലെ അതില്‍ കുറെ എല്‍ഇഡി ബല്‍ബുകള്‍ മിന്നുന്നുണ്ടാകും . അധികം കാര്യമാക്കേണ്ട. പിന്നെ അതിനപ്പുറത്ത് സെക്യൂരിറ്റി ചേട്ടന്‍ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട്. പുള്ളി ഇടക്കിടെ ഉണ്ണാന്‍ പോകുന്നതുകൊണ്ട് മിക്കവാറും കാണില്ല. ഞാന്‍ പോയപ്പോള്‍ ഒരു കറുമ്പന്‍ ആയിരുന്നു. പുള്ളി നമ്മളെ കണ്ടാല്‍, നമ്മളോട് എന്താ കാര്യം എന്നു ചോദിക്കും. കാര്യത്തിന് അനുസരിച്ചു നമ്മളെ ഓരോ ടോകണ്‍ തന്നു കൌണ്ടര്‍ നംബര്‍ പറഞ്ഞുതരും. എന്നോടു പറഞ്ഞത് ആറാമത്തെ കൌണ്ടര്‍ ആണ്. ഇനിയിപ്പോള്‍ പുള്ളി ഇല്ലെങ്കിലും പേടിക്കേണ്ട. അവിടെ എവിടെയെങ്കിലും ടോകണ്‍ ബുക്ക് കാണും .അതില്‍ നിന്നും ഒരു ടോകണ്‍ കീറിയെടുക്കുക. പിന്നെ പുള്ളിയെ കണ്ടാല്‍ ടോകണ്‍ എടുത്തിട്ടുണ്ട് എന്ന്‍ ഒന്ന് പറഞ്ഞേക്ക്..
ഇനി എന്തെങ്കിലും ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ വിട്ടുപോവുകയോ നമ്മള്‍ പൂരിപ്പിച്ചത് തെറ്റിപ്പോകുകയോ ചെയ്താല്‍ അവിടെ കോണ്‍സുലേറ്റിന് ഉള്ളില്‍തന്നെ ഫോട്ടോസ്റ്റാറ്റ് മെഷിന്‍ ഉണ്ട്. പക്ഷേ ഒടുക്കത്തെ കാശാണ്. ഒരു കോപ്പി 1ഡോളര്‍. ഇപ്പോഴത്തെ റേറ്റ് വച്ച് നോക്കിയാല്‍ 60 രൂപ.ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ ചിലയാളുകള്‍ അവിടെ വന്നു ഫോട്ടോസ്റ്റാറ്റ് എടുത്തു പോകുന്നത് കണ്ടു. ചിലപ്പോള്‍ തോന്നും ഫോട്ടോസ്റ്റാറ്റ് കട കോണ്‍സുലേറ്റ് ആക്കിയതാണോ എന്നു.ഫോട്ടോസ്റ്റാറ്റിന്‍റെ കാശ് വാങ്ങിക്കുന്നത് ആ സെക്യൂരിറ്റി ചേട്ടനാണ്. ചേട്ടനോട് ബില്‍ ഒന്നും ചോദിക്കരുത്. പാവമല്ലേ.
ചുമ്മാ പാവം എന്നു പറഞ്ഞതല്ല കാര്യം ഉണ്ട്. കോണ്‍സുലേറ്റിന് ഉള്ളില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. ഓഫ് ചെയ്തു വയ്ക്കണം എന്ന് വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. കോണ്‍സുലേറ്റില്‍ കയറുന്ന ഓരോ ആളുകളോടും ആ പാവം ചേട്ടന്‍ പറയുന്നുമുണ്ട്. പക്ഷേ മിനുട്ടില്‍ ഒന്ന് വച്ച് ഫോണ്‍ റിങ്ങ് ചെയ്യുന്നത് കേള്‍ക്കാം. കോണ്‍സുലേറ്റിന് അകത്തു ഇന്‍ഡ്യയല്ലേ, എന്തു നിയമം? പുറത്തിറങ്ങിയാല്‍ സ്വന്തം വീട്ടില്‍ നില്‍ക്കുന്ന പുല്ല് പോലും നിയനം അനുസരിച്ചു വെട്ടുന്നവനാ,അതുപോലെ പുറത്തു നിന്നു ഇന്‍ഡ്യന്‍ ഓഫീസ് വ്യവസ്ഥയേയും ഒക്കെ കുറ്റം പറഞ്ഞവനാ, ഇങ്ങോട്ട് കയറിയാല്‍ പിന്നെ സ്വഭാവം വേറെ. ആ പാവം സെക്യൂരിറ്റി ചേട്ടന്‍ ഓരോരുത്തരേയും വിളിച്ച് പറയുന്നുണ്ട്. ആര് കേള്‍ക്കാന്‍. ഒരുത്തന്‍ അതിനിടയില്‍ ചോദിക്കുന്നു. ഫോണ്‍ ഓണ്‍ ചെയ്താല്‍ എന്താ കുഴപ്പം എന്ന്? അമേരിക്കന്‍ ഓഫീസില്‍ പച്ച അണ്ടര്‍വെയര്‍ മാത്രമേ ഇടാന്‍ പാടുള്ളൂ എന്ന്‍ പറഞ്ഞാല്‍ RGB(0,255,0) എന്ന കളറില്‍ സാധനം വാങ്ങിയിടുന്നവനാ ഇന്ത്യന്‍ ഓഫീസില്‍ എതിര് പറയുന്നത്. ഓഫീസില്‍ ഇരിക്കുന്നവര്‍ എല്ലാം ഫോണില്‍ വര്‍ത്താനം പറഞ്ഞാല്‍ കൌണ്ടറില്‍ നിന്ന്‍ പറയുന്ന ആള്‍ക്ക് ബുദ്ധിമുട്ടാകും എന്നുള്ള ബുദ്ധിപോലും ഇല്ല.
.
ഇതില്‍നിന്നും ഒരു കാര്യം മനസിലായി. ഇന്ത്യന്‍ ആളുകള്‍ നിയമം അനുസരിക്കാന്‍ താല്‍പര്യം ഇല്ലാത്തവരാണ്. എങ്ങിനെ എളുപ്പം കാര്യം നടത്താം എന്നേ അവര്‍ ചിന്തിക്കൂ. അവരില്‍ നിന്നും വരുന്ന സര്‍ക്കാര്‍ ജോലിക്കാരും, രാഷ്ട്രീയക്കാരും നല്ലവരാകണം എന്ന് ആഗ്രഹിക്കുന്നത് ശരിയാണോ? ആരോ പണ്ട് പറഞ്ഞത് ഓര്‍മ വരുന്നു.
ഒരു ജനതക്ക് അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളേയെ ലഭിക്കൂ.
നാട്ടുകാര്യങ്ങള്‍ ഒക്കെ കഴിഞ്ഞു. ഇനിയാണ് വളരെയധികം ശ്രദ്ധയോടുകൂടി ചെയ്യേണ്ട കാര്യം. നിങ്ങള്‍ എവിടെ ഇരുന്നാലും അവിടെ ടോകണ്‍ കാണിക്കുന്ന എല്‍സിഡി സ്ക്രീനില്‍ എപ്പോഴും ഒരു കണ്ണു വേണം. കാരണം ആരും നമ്പര്‍ വിളിക്കില്ല, വലിയ സ്പീകര്‍ ഒക്കെ ഉണ്ടെങ്കിലും. ശബ്ദമലിനീകരണം അതവര്‍ക്ക് പണ്ടേ ഇഷ്ടമല്ലത്രേ. ഇനി അടുത്ത ബുദ്ധിപരമായ കാര്യം.നിങ്ങള്‍ക്ക് കിട്ടുന്ന കൌണ്ടര്‍ 6 ആണെങ്കില്‍ ടോകണ്‍ നമ്പര്‍ അറുന്നൂറിനും എഴുന്നൂറിനും ഇടക്കുള്ള സംഖ്യ ആയിരിക്കും. ആകെ ഒരു എല്‍സിഡി യെ ഉള്ളൂ എല്ലാ കൌണ്ടറുകള്‍ക്കും കൂടി. അപ്പോള്‍ 618 എന്നു കണ്ടാല്‍ അത് 6 ആമത്തെ കൌണ്ടറില്‍ 18ആമത്തെ നമ്പര്‍ ആണെന്ന്‍ മനസിലാക്കണം.
അങ്ങനെ 9:30,9:45 ഓടുകൂടി ആദ്യത്തെ ടോകണ്‍ നമ്പര്‍ വിളിച്ചു എന്ന് കരുതുക. പിന്നെ അവിടെ കൌണ്ടറിന്‍റെ അടുത്ത് പതുക്കെ ഒരു തിരക്ക് വരും. പിന്നെ ഒരു വരിയാകും. എന്‍റെ ചേട്ടാ എന്തിനാ വരി. ടോകണ്‍ നമ്പര്‍വിളിക്കുമ്പോള്‍ എഴുന്നേറ്റ് പോയാല്‍ പോരേ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. ഞാനൊന്ന്‍ എന്‍റെ രേഖകള്‍ നോക്കുന്നതിനിടക്ക് അത്യാവശ്യം നല്ല വരി അവിടെ ഉണ്ടായി. പിന്നെ നമ്മളും ഇതൊക്കെ കഴിഞ്ഞു വന്നതുകൊണ്ട് 2-3 പേരോട് നമ്പര്‍ കാണിക്കാന്‍ പറഞ്ഞു. അവരുടെ നമ്പര്‍ എന്‍റെ നമ്പര്‍ കഴിഞ്ഞു ഉള്ളതായതുകൊണ്ട് അവരുടെ മുന്പില്‍ കയറി നിന്നു.
കൌണ്ടറില്‍ ഇരിക്കുന്ന കഷണ്ടിയുള്ള പുള്ളിയെ കണ്ടാലെ അറിയാം മലയാളി ആണെന്ന്‍.
പുള്ളി, കൈ നീട്ടുന്നു.
സണ്‍... ഇന്ത്യ ...പാസ്പോര്‍ട്ട്... എന്ന് പറഞ്ഞപ്പോഴേ പുള്ളി ഓകെ പറഞ്ഞു.
അങ്ങനെ ഞാന്‍ ആപ്ലികേഷന്‍ ഫോം കൊടുത്തു.
പുള്ളി പിന്നേയും കൈ നീട്ടി.
ഞാന്‍ സത്യവാങ്മൂലത്തിന്‍റെ ഒരു കോപ്പി കൊടുത്തു.
പുള്ളി പിന്നേയും.
ഞാന്‍ ഇനിയെന്താ?
ഇതിന്‍റെ കോപ്പി.
അയ്യോ അത് പൂരിപ്പിച്ചിട്ടില്ലല്ലോ. ഇത് ശരിയാണോ എന്ന് നോക്കിയിട്ട് അത് പൂരിപ്പിക്കാം എന്ന് വിചാരിച്ചു.
അന്നാ അത് പൂരിപ്പിക്ക്.
ഞാന്‍ കൌണ്‍ഡറില്‍ ഒന്ന്‍ സൈഡ് ആയി നിന്നിട്ട് പൂരിപ്പിച്ചു. അപ്പോഴേക്കും വേറെ ഒരുത്തന്‍ കഷ്ടപ്പെട്ട് ഒരു ആപ്ലികേഷന്‍ കൊടുത്തു.എന്‍റെ പൂരിപ്പിച്ചു കഴിഞ്ഞപ്പോഴേക്കും അവന്‍റെ ഏകദേശം പകുതിയായി. ഞാന്‍ പിന്നെയങ്ങ് ക്ഷമിച്ചു.
അതുകഴിഞ്ഞപ്പോള്‍ പുള്ളി വീണ്ടും കൈ കാട്ടി.
ഞാന്‍ രണ്ടാമത്തെ കോപ്പി കൊടുത്തു.
പുള്ളി വീണ്ടും
ഞാന്‍ പാസ്പോര്‍ട്ട് കൊടുത്തു.
തരാനുള്ളത് എല്ലാം ഒരുമിച്ച് അങ്ങ് തന്നൂടെ?
ഞാന്‍പിന്നെ മടിച്ചില്ല. ഡ്രൈവിങ് ലൈസന്‍സ് കോപ്പി കൂടി കൊടുത്തു. ഒറിജിനല്‍ ബുദ്ധിപൂര്‍വം ഞാന്‍ തന്നെ പിടിച്ചു.
പുള്ളി എന്തൊക്കെയോ കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ കുത്തി. ദാണ്ടെ സൈഡില്‍ നിന്നു ഒരു ബില്ല്.
ഞാന്‍ 20$ നോട്ട് എടുത്തു പിടിച്ചു
ആ.. പതിമൂന്ന് ഡോളര്‍.
ഞാന്‍ അത് കൊടുത്തു.
എനിക്കു വേണ്ടത് പതിമൂന്ന് ഡോളര്‍ ആണ്.
അല്ല.. ഞാന്‍ തന്നത് 20$ അല്ലേ.
എനിക്കു പതിമൂന്ന് ഡോളര്‍ മതിയെന്ന്‍ പറഞ്ഞു പുള്ളി എനിക്കു 20$ മടക്കിത്തന്നു.
പണി പാളി.ബില്ല് അടിച്ചു. പാസ്പോര്‍ട്ട് പുള്ളിയുടെ കൈയ്യില്‍.കേരളത്തിലെ ബസ് കണ്ടക്ടര്‍ ചേട്ടന്‍മാരേ നിങ്ങള്‍ ഒക്കെ എന്തു ഡീസന്‍റ് ആണ്...
വരിയില്‍ നില്‍ക്കുന്ന എല്ലാവന്മാരും, അവളുമാരും ഇന്‍ഡ്യക്കാരാണ്. അതും പോരാഞ്ഞു ഞാന്‍ അവന്മാരെ ടോകണ്‍ നംബര്‍ കാണിച്ചു പുറകിലാക്കിയതാണ്. എട്ടിന്‍റെ പണി.
പിന്നെ മലയാളിയോടാ കളി. ഒരു വളിച്ച ചിരി ഫിറ്റ് ചെയ്തു ഓരോരുത്തരോടായി എരന്നു. അവന്മാരും ഒരു ചിരി ചിരിച്ചു ഇല്ല എന്ന് പറഞ്ഞു. അപ്പോഴുണ്ട് ഒരുത്തി കുറച്ചു പുറകിലാണ്കൈയ്യില്‍ ഒരു പത്തും 3 ഒറ്റ ഡോളര്‍ നോട്ടുകളും പിടിച്ചു നില്‍ക്കുന്നു. ഹായ് ച്ചേച്ചി... ചേച്ചിയുടെ കൈയില്‍ ഉള്ളത് എനിക്കു തരികയാണെങ്കില്‍ , നമുക്കൊരുമിച്ച്...പൈസ കൊടുക്കാം. പ്ലീസ്സ് ചേച്ചി...എനിക്കു വേറെ വഴിയില്ല....കാപ്പാത്തുങ്കോ...
പൈസ കൊടുക്കാന്‍ അല്ലേ.ഓകെ ശരി. അങ്ങനെ ഞാന്‍ കൌണ്ടറില്‍ ചേച്ചിയുടെ നമ്പര്‍ വരുന്നതും നോക്കി താടിക്ക് കയ്യും കൊടുത്തിരിപ്പായി.അപ്പോഴാണ് ആ കാഴ്ച കണ്ടത്.
ഇപ്പോള്‍ കൌണ്ടറില്‍ നില്‍ക്കുന്നവനോടും 13 ഡോളര്‍ ചോദിച്ചു. ഓഹോ നീ കൊടുക്കുന്നതു ഒന്ന്‍ കാണട്ടെ. അവന്‍ വളരെ ഡീസന്‍റ് ആയി പോക്കറ്റില്‍ നിന്നും 13 ഡോളര്‍ എടുത്തു.
ചേട്ടാ .ഞാനിവിടെ നില്‍ക്കുമ്പോള്‍ അങ്ങനെയങ് കൊടുത്താലോ. നമുക്ക് ഒരുമിച്ച് കൊടുക്കാം ചേട്ടാ.പ്ലീസ് ചേട്ടാ.
ആ ശരി. ഓഫീസര്‍ സമ്മതിച്ചാല്‍ ഒക്കെ.
പിന്നെ നമ്മുടെ കാശ് നമ്മള്‍ കൊടുക്കുന്നതിന് ഓഫീസറുടെ സമ്മതം.
ആയിക്കോട്ടെ ചേട്ടാ. ചോദിച്ചിട്ട് കൊടുത്താല്‍ മതി.
അല്ല സാറേ ഞങ്ങള്‍ ഒരുമിച്ച് പൈസ തരുന്നതിന് എന്തെങ്കിലും സാങ്കേതിക തടസങ്ങള്‍ ഉണ്ടോ.? ഇല്ല്യോ?
ആ കാശ് താ..
ഞാനപ്പോഴേ പറഞ്ഞില്ലേ സാര്‍ നല്ല മനുഷ്യനാണെന്ന്. ചേട്ടന്‍ ആ 13$ ഇങ്ങ് തന്നെ. എന്‍റെ കൈയ്യില്‍ 3 ഡോളര്‍ ഇരിപ്പുണ്ട്. എന്‍റെ കൈയിയിലെ 20 ഡോളറും, ചേട്ടന്‍റെ കയ്യില്ലെ 3 ഡോളറും പിന്നെ എന്‍റെ കൈയ്യിലെ 3 ഡോളറും ചേര്‍ന്നാല്‍ എത്ര? അത് അങ്ങ് കൊടുത്താല്‍ മതി.
പുള്ളിക്ക് അത് അങ്ങ് മനസിലായില്ലെങ്കിലും പുള്ളി അത് കൊടുത്തപ്പോള്‍ ഓഫീസര്‍ ഒന്നും പറയാഞ്ഞതുകൊണ്ട് കാര്യങ്ങള്‍ നടന്നു.
സാടെ ബാരഹ് ബജെ മിലേഗാ.നമ്മുടെ കൈയ്യിലെ കാശ് വാങ്ങിക്കഴിഞ്ഞു കൌണ്ടറില്‍ നിന്നോരു ശബ്ദം.
അല്ല അപ്പോള്‍ ഇന്ന്‍ ഇത് കിട്ടില്ലേ?
ട്വെല്‍വ് തെര്‍ട്ടീ.
ഓ ശരി.
ഞങ്ങളും ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഒക്കെ ഉള്ളവരാ സാറേ. അതില്‍ പറഞ്ഞിരിക്കുന്നത് 4.:30 നു ആണ് തിരിച്ചു കിട്ടൂ എന്നാണല്ലോ. സാറിന്‍റെയൊരു തമാശ എനിക്കു വയ്യ.
ഇപ്പോള്‍ സമയം 10 .ഇനി രണ്ട് ,രണ്ടര മണിക്കൂര്‍.കാലത്ത് ജല ഭക്ഷണം കഴിഞ്ഞു ഇറങ്ങിയതാ.പുറത്താണെങ്കില്‍ ഒടുക്കത്തെ തണുപ്പ്. ഓ ഇനിയിപ്പോള്‍ ഡയറ്റ് ചെയ്യാം.
.
കാര്യങ്ങള്‍ ഒക്കെ മംഗള്‍യാന്‍ ആയി എന്ന് വിചാരിച്ചു അവിടത്തെ കസേരയില്‍ ഇരുന്ന്‍ പേന പോക്കറ്റില്‍ വയ്ക്കുമ്പോഴാണു മനസിലായത് പോക്കറ്റില്‍ ഇപ്പോള്‍ ഉണ്ടാകേണ്ടാത്ത ഒരു സാധനം പോക്കറ്റില്‍ ഇരിക്കുന്നു. വേറെയൊന്നുമല്ല ഫോട്ടോ. ആപ്ലികേഷന്‍ കൊടുക്കുമ്പോള്‍ അതിനു മുകളില്‍ ഉള്ള പെട്ടിയില്‍ ഒട്ടിക്കേണ്ടതാണ് ആ ഫോട്ടോ. ഇനിയിപ്പോള്‍ ടെന്‍ഷന്‍ അടിക്കാന്‍ വേറെ ഒന്നും വേണ്ടല്ലോ. അവിടെ പോയി പറയണോ വേണ്ടയോ, പറയണോ വേണ്ടയോ എന്ന്‍ ഒരു ശങ്ക. പുള്ളിയുടെ മുഖത്ത് നോക്കിയാല്‍, ഓ എന്തിനാ വെറുതെ പറയുന്നത് എന്ന് തോന്നിപ്പോകും. ഇനിയിപ്പോള്‍ വരുന്നിടത്ത് വച്ച് കാണുകതന്നെ.
പക്ഷേ ദൈവാദീനമെന്ന് പറയട്ടെ, ദൈവത്തിന്‍റെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രം, സര്‍വ്വശക്തനായ ദൈവം കടാക്ഷിച്ചത് ഒന്നുകൊണ്ട് മാത്രം , പ്രൈസ് ദി ലോര്‍ഡ് പ്രൈസ് ദി ലോര്‍ഡ്, ഹല്ലെല്ലുയ്യ ഹല്ലെല്ലുയ്യ ഒരു പന്ത്രണ്ടേമുക്കാല്‍ ,ഒന്ന്‍, ഒന്നേ പത്തു, ഒന്നേകാലോടുകൂടി സാധനം കൈയ്യില്‍ കിട്ടി.
ഹമ്മേ ആദ്യമായി ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും ഒരു കാര്യം ആദ്യത്തെ പ്രാവശ്യം തന്നെ നടന്നു.
ആവശ്യത്തിന് ചളി വായിച്ചല്ലോ. ഇനി സീരിയസ് ആയി എന്തെങ്കിലും ചോദിക്കാന്‍ ഉണ്ടെങ്കില്‍ സന്ദേശം അയക്കേണ്ട വിലാസം ജോയ്മോന്‍@ജീമെയില്‍.കോം. വിളിക്കേണ്ട നംബര്‍ NO1-NOJOY-16
കോണ്‍സുലേറ്റ് കാഴ്ചകള്‍
കോണ്‍സുലേറ്റ് ഒരു പഴയ പ്രൌഢഗംഭീരമായ, പഴമയുടെ ഭംഗിയുള്ള കെട്ടിടമാണ്. ഇന്ത്യന്‍ പതാകയും അമേരിക്കന്‍ പതാകയും ഒരു കോണ്‍സുലേറ്റില്‍ വേണം എന്നാണല്ലോ ഒരു നാട്ടുനടപ്പ്. അമേരിക്കന്‍ പതാക കാണാനെയില്ല. ഇന്ത്യന്‍ പതാക തലേ ദിവസത്തെ കാറ്റില്‍ ഒന്ന് ചുരുണ്ടിട്ടുണ്ട്. നനഞ്ഞതുകൊണ്ട് പറക്കാന്‍ പറ്റുന്നില്ല. ഫോട്ടോ എടുക്കാന്‍ തോന്നിയെങ്കിലും എടുത്തില്ല. വെറുതെ എന്തിനാ നമ്മളായിട്ട്.അല്ലേ..
കോണ്‍സുലേറ്റിന് പുറത്തു വരിയില്‍ നിന്നപ്പോള്‍ പരിചയപ്പെട്ട ഒരു പഞ്ചാബി ഉണ്ടായിരുന്നു. വല്യപുള്ളിയാ. പുള്ളിക്ക് അമേരിക്കന്‍ പാസ്പോര്‍ട്ട് ഒക്കെയുള്ളതാ. പുള്ളിക്ക് ഇപ്പോള്‍ ഒരു ഇന്ത്യന്‍ വിസ കിട്ടണം. ഇപ്പോള്‍ ഇന്ത്യന്‍ വിസ വേറെ ഒരു കമ്പനിക്കു ഔട്ട്സോര്‍സ് ചെയ്തിരിക്കുവാണല്ലോ. പുള്ളി ആ ഇന്ത്യന്‍ വിസ കൈകാര്യം ചെയ്യുന്ന അവന്മാരെ വിളിച്ചത്രേ.അവര്‍ ബുദ്ധിപരമായി ഫോണ്‍ എടുത്തില്ല. അതും പറഞ്ഞു ഒഹൈയൊ എന്ന സംസ്ഥാനത്ത് നിന്നു കോണ്‍സുലേറ്റുകാരെ തെറി പറയാന്‍ കുറ്റിയും പറിച്ചു വന്നേക്കുവാണ്.
അന്വേഷണകൌണ്ടറില്‍ ഇരിക്കുന്ന ചേച്ചിയോട് "എനിക്കൊരു വിസ വേണം.പെട്ടെന്നായിക്കോട്ടെ.ഞാന്‍ 500 മൈല്‍ കാറോടിച്ചിട്ട് വരുവാ.പോയിട്ട് ധൃതിയുള്ളതാ".ഞാന്‍ അവന്മാരെ വിളിച്ചിട്ട് അവര്‍ ഫോണെടുത്തില്ല.
നിങ്ങള്‍ എല്ലാം ഓണ്‍ലൈന്‍ ആയിട്ടാണ് ചെയ്യേണ്ടത് അല്ലാതെ അവരെ വിളിക്കേണ്ട കാര്യമില്ല എന്ന്‍ അന്വേഷണ കൌണ്ടറില്‍ ഇരിക്കുന്ന ചേച്ചി.
അതെന്താ അങ്ങനെ.അതൊന്നും എനിക്കു അറിയേണ്ട കാര്യമില്ല.ഞാന്‍ 500മൈല്‍ വണ്ടിയോടിച്ച് വന്നേക്കുവാ. എന്ന് പഞ്ചാബി.
(പാവം അമേരിക്കക്കാരനാ.എന്തൊക്കെ സ്വപ്നങ്ങള്‍ കണ്ടിട്ടാ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ച് അമേരിക്കന്‍ പാസ്പോര്‍ട്ട് ഒപ്പിച്ചെടുത്തത്. ഔട്ട്സോര്‍സ് എന്ന് വച്ചാല്‍ അമേരിക്ക മാത്രം ചെയ്യുന്ന കാര്യമാണെന്നായിരുന്നു പാവത്തിന്റെ വിചാരം. നല്ല വിഷമമുണ്ട്)
അല്ല നിങ്ങള്‍ ഓണ്‍ലൈന്‍ വഴി ശരിക്കും. അപ്ലൈ ചെയ്തോ?
(ഇങ്ങനെ ഡീസന്‍റ് ആയി നിന്നു കാര്യങ്ങള്‍ പറയുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ചേച്ചിയെ ഞാനിതുവരെ കണ്ടിട്ടില്ല.)
ബംഗ്ലാദേശ് കോണ്‍സുലേറ്റില്‍ വിളിച്ചാല്‍ വരെ അവര്‍ ഫോണ്‍ എടുക്കും. നിങ്ങള്‍ മാത്രമേ ഇങ്ങനെയുള്ളൂ. ഞാനെ 500 മൈല്‍ വണ്ടിയോടിച്ചിട്ടു വരുവാ..
(എന്നാ പിന്നെ ഇയ്യാള്‍ക്ക് ബംഗ്ലാദേശില്‍പ്പോയാല്‍ പോരേ)
നിങ്ങളുടെ ഓണ്‍ലൈന്‍ ആപ്ലികേഷന്‍ അവര്‍ പ്രോസസ്സ് ചെയ്തോ ? എന്തെങ്കിലും നംബര്‍ ഉണ്ടോ.
നിങ്ങള്‍ എനിക്കു വിസ തരാന്‍ പറ്റോ ഇല്ലയോ? ഔട്ട്സോര്‍സ് ചെയ്തു കിട്ടിയവന്‍മാര്‍ ഫോണ്‍ എടുക്കുന്നില്ല. 500മൈല്‍ വണ്ടിയോടിച്ചിട്ട് വരുന്നതാ ഞാന്‍ ഈ ഒരു കാര്യത്തിന് വേണ്ടി. എനിക്കു അടുത്ത ആഴ്ച ഇന്‍ഡ്യയിലേക്ക് പോകേണ്ടതാ.ടിക്കേറ്റ് വരെ ബുക്ക് ചെയ്തു.
തന്നോടു ഞാന്‍ പറഞ്ഞോടോ 500 മൈല്‍ വണ്ടിയോടിച്ചിട്ട് വരാന്‍. തനിക്ക് വിസ വേണമെങ്കില്‍ ഓണ്‍ലൈന്‍ അപ്ലൈ ചെയ്യ്. എന്നിട്ട് ഒന്നോ രണ്ടോ .മാസം കഴിഞ്ഞിട്ടും നടപടിയായില്ലെങ്കില്‍ ആ നമ്പരും കൊണ്ട് വാ.അപ്പോള്‍ നോക്കാം. വിസ കിട്ടുന്നതിനുമുന്‍പാണോടോ ടികെറ്റ് ബുക്ക് ചെയ്യുന്നത്?
അതിനിടയില്‍ എനിക്കു മനസിലാവാത്ത കുറച്ചു ഹിന്ദി ഉണ്ടായിരുന്നു. തന്‍റെ അപ്പനും അമ്മക്കും കൂടി വേണോടോ വിസ എന്നായിരിക്കും ചോദിച്ചത് എന്ന് എനിക്കു അവരുടെ മുഖഭാവത്തില്‍ നിന്നും മനസിലായി..
ഓകെ മാഡം. താങ്ക്സ്.
എന്തായാലും ആ ചേച്ചി അല്ല മാഡം ഒരു പഞ്ചാബി തന്നെ. പഞ്ചാബിയില്‍ എന്തു സിംമ്പിള്‍ ആയിട്ടാണ് കാര്യം പറഞ്ഞു മനസിലാക്കിയത്.
പിന്നെ വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യം ഉണ്ടായത് ഞാനും ഇന്ത്യന്‍ സ്വഭാവം കാണിച്ചപ്പോഴാണ്. വിജയശ്രീലാളിതനായി, ഫോട്ടോ ഒട്ടിക്കാത്തതുകൊണ്ട് സംഗതി കിട്ടുമോ എന്ന് ടെന്‍ഷന്‍ അടിച്ചിരിക്കുന്ന നേരം.
ചേട്ടാ ചില്ലറയുണ്ടോ ഒരു 3 ഡോളര്‍ എടുക്കാന്‍.. ഒരുത്തന്‍ വളിച്ച ചിരി ഫിറ്റ് ചെയ്തു എന്നോടു ചില്ലറ ചോദിക്കുന്നു.
ചില്ലറയും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല.
പിന്നെ അവന്‍ .അപ്പുറത്തെ ഭാഗത്ത് ഇരിക്കുന്നവരോട് ചില്ലറ ചോദിച്ചപ്പോള്‍ മനസിലായി അവനും എന്‍റെ ഗതി ആയിരുന്നെന്ന്. അവന്‍ അവിടെ നിന്നു ചില്ലറ കിട്ടാതെ ഇങ്ങോട്ട് വന്നാല്‍ അവനെ വിളിച്ചു കൊടുക്കണം ചില്ലറ.
പക്ഷേ അവന് .വേറെ ആരുടെയോ അടുത്തുനിന്ന് കിട്ടി.
പിന്നെ കാര്യമായി ഒരു സംഭവവും ഉണ്ടായില്ല. ഓരോരുത്തന്‍മാരുടെ ഫോണ്‍ റിങ്ങ് ചെയ്യുന്നതൊഴിച്ചാല്‍. റിങ്ങ് ചെയ്യുമ്പോള്‍ സെക്യൂരിറ്റി ചേട്ടന്‍ വന്നു ഫോണ്‍ ഓഫ് ചെയ്യാന്‍ പറയും. നമ്മുടെ ആളുകളല്ലെ ഫോണ്‍ ഒന്ന്‍ മാറ്റിപ്പിടിക്കും അല്ലെങ്കില്‍ പോക്കറ്റില്‍ ഇടും. .വീണ്ടും റിങ്ങ് ചെയ്യും.
ഫോണ്‍ അല്ലേ ഓഫ് ആക്കേണ്ടത് ഐപാഡ് കുഴപ്പമില്ലല്ലോ. ഞാന്‍ നമ്മുടെ സംഗതിയെടുത്ത് മാന്തിതുടങ്ങി. ഐപാഡേ...സെക്യൂരിറ്റി അവന്മാരോടൊക്കെ ഓഫ് ചെയ്യാന്‍ പറയുന്നു. എന്നോടു പറയുന്നില്ല. നമ്മളെ നോക്കി . മറ്റുള്ളവര്‍ അസൂയപ്പെടുന്നത് ഒരു സുഖമുള്ള കാര്യമാണല്ലോ എന്ന് കരുതി എന്തെങ്കിലും ചെയ്യാന്‍ വേണ്ടി ഐപാഡില്‍ ബൈബിള്‍ വായിച്ചുതുടങ്ങി. സങ്കീര്‍ത്തനങ്ങള്‍.
ബല്ലേ ബല്ലേ...അരേ ബല്ലേ ബല്ലേ...
ഐപാഡില്‍ നിന്നും തലേ പോക്കിയപ്പോഴാണ് മനസിലായത് ഞാന്‍ ഇരിക്കുന്നത് ഒരു കൂട്ടം പഞ്ചാബികളുടെ ഇടയില്‍ ആണ്. കൂട്ടത്തില്‍ വലിയ താടിയുള്ള ഒരു പുള്ളി വന്നപ്പോള്‍ ഇവന്മാര്‍ നമസ്കാരം പറഞ്ഞതാണ്. ആകെ മൊത്തം കലപില. സെക്യൂരിറ്റി നില്‍ക്കുന്ന കറുമ്പന്‍ വേറെ ഏതോ ഒരു കറുമ്പനോട് വര്‍ത്താനം പറഞ്ഞിരിക്കുന്നു. തിരിച്ചു കൊടുക്കുന്ന സമയം ആയത്തോടുകൂടി നിറയേ ആളുകളായി. അവന്മാര്‍ വിളിച്ചു തുടങ്ങിയത് അവസാനം കൊടുത്ത ആളിന്‍റെ പേര്‍ മുതലാണ്. പിന്നെ ഭാഗ്യത്തിന് എന്‍റെ പേര്‍ നാലാമതായി വിളിച്ചു.
അങ്ങനെ ഇതും സീരിയസ് ആയി എഴുതിതുടങ്ങി ചളിയില്‍ അവസാനിച്ചു.. പ്രധാനപ്പെട്ട ലിങ്കുകള്‍ ഒക്കെ താഴെ കൊടുക്കുന്നു
http://www.indiacgny.org/pages.php?id=3 - ഇന്ത്യന്‍ കോണ്‍സുലേറ്റ് സര്‍വീസസ് ലിങ്ക്. ആപ്ലികേഷന്‍ ഫോമുകള്‍ ഒക്കെ ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം
http://www.immihelp.com/forum/archive/index.php/t-41980.html - കൊള്ളാവുന്ന ഒരു ഫോറം ലിങ്ക് ആണ്