2014, ജൂൺ 7, ശനിയാഴ്‌ച

NO166-JOY-16

NO-1-NO-JOY-16
ആരും പേടിക്കേണ്ടാ രഹസ്യകോഡൊന്നുമല്ല. അമേരിക്കയിൽ വന്നതിനുശേഷമുള്ള വെറും ജാഡ. നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ. നമ്മളായിട്ട് എന്തിനാ കുറക്കുന്നത്? നടുക്കീക്കോടെ ഒന്ന് സൈക്കിൾ ചവിട്ടാം എന്ന് തീരുമാനിച്ചു.

ഒരു മാതിരി ലാൻഡ്‌ ഫോണുകളുടെ ഒക്കെ ഡയൽ പാഡിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ കാണാം. എന്തിനാ അതെന്ന് ചിന്തിച്ചിട്ടുണ്ടോ? അമ്മയുടെ വീട്ടിൽ വച്ച് ഞാൻ ആദ്യം ഫോണ്‍ കണ്ടപ്പോൾ തന്നെ മനസ്സിൽ വന്ന ചോദ്യമാണ്. അവിടെ എന്നെക്കാൾ കുറച്ചു വലിയ ചേട്ടന്മാർ ഉൾപ്പെടെ എല്ലാവരും ഫോണ്‍ വന്നാൽ എടുക്കും. ഞാൻ പിന്നെ ചെവിയിൽ ഷോക്ക് അടിക്കേണ്ടല്ലോ എന്ന് കരുതി മാറി നിൽക്കും. ഫോണ്‍ എടുക്കാൻ അസിസ്റ്റന്റ്‌സ് കൊറേയുള്ളപ്പോൾ എന്തിനാ പിന്നെ ഞാൻ. അതുകൊണ്ട് എന്റെ വിചാരം അവർക്കെല്ലാം അതിൽ എന്തിനാ ഇംഗ്ലീഷ് എഴുതിയിരിക്കുന്നത് എന്ന് അറിയാം എന്നായിരുന്നു. വെറുതെ നമ്മൾ ചോദിച്ചു വില കളയേണ്ട കാര്യമില്ലല്ലോ.

പിന്നെ വീട്ടിൽ ഫോണ്‍ വന്നപ്പോഴും ആ ചോദ്യം ചോദ്യമായി തുടർന്നു. നാട്ടിൽ ആണെങ്കിൽ ഞങ്ങൾക്ക് ഫോണ്‍ കിട്ടുമ്പോൾ വേറെ അധികം പേർക്ക് കിട്ടിയിട്ടില്ല. അതുകൊണ്ട് അടുത്തുള്ള കുറെ വീട്ടുകാർ ഞങ്ങളുടെ ഫോണ്‍ നമ്പർ ആണ് ഉപയോഗിക്കുന്നത്. അവർക്ക് ഫോണ്‍ വരുമ്പോൾ അവരെ അറിയിക്കുക, അത്യാവശ്യം മറ്റുള്ളവർക്ക് ഡയൽ ചെയ്തുകൊടുക്കുക തുടങ്ങി ഒരു ചെറിയ ഫോണ്‍ ഓപ്പറേറ്റർ ആയി നിൽക്കുമ്പോൾ എങ്ങിനെ ആരോടെങ്കിലും അതിൽ ഇംഗ്ലീഷ് എന്തിനാ എഴുതിയത് എന്ന് ചോദിക്കാൻ പറ്റോ?

ആദ്യമായി ഒരു ഉത്തരം കിട്ടിയത് മൊബൈൽ ഫോണിൽ ഇംഗ്ലീഷ് SMS അയക്കുന്നത് കണ്ടപ്പോഴായിരുന്നു. എന്തൊരു ആശ്വാസമായിരുന്നു അത് കണ്ടപ്പോൾ. അപ്പോൾ തന്നെ വീട്ടിൽ വന്നു ലാൻഡ്‌ ഫോണിൽ നിന്നും sms ടൈപ്പ് ചെയ്തു നോക്കിയെങ്കിലും send ബട്ടണ്‍ കാണാത്തതുകൊണ്ട് അയക്കാൻ പറ്റിയില്ല. അപ്പോഴും പാതി സംശയം ബാക്കി.

അത് ഏറെക്കുറെ മാറിയത് സോഫ്റ്റ്‌ കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ആയിരുന്നു. ആദ്യം വർക്ക്‌ ചെയ്ത അമേരിക്കൻ കമ്പനിയുടെ വെബ്‌സൈറ്റിൽ 1-888-9DOTNET എന്ന് പറഞ്ഞു ഒരു ടോൾഫ്രീ നമ്പർ കിടക്കുന്നു. ഒന്നും മനസിലായില്ല. അവിടെ ജോലി ടെക്നിക്കൽ സപ്പോർട്ട് ആയതുകൊണ്ട് കൊറേ പേർക്ക് ഈ നമ്പർ കൊടുത്തിട്ടുണ്ട്. ഭാഗ്യത്തിന് ആരും ഈ നമ്പർ എങ്ങിനെ വിളിക്കും എന്ന് ചോദിച്ചിട്ടില്ല. ആ വല്ല കമ്പ്യൂട്ടർ അപ്ലിക്കേഷൻ വഴി അവർ  എങ്ങിനെയെങ്കിലും വിളിച്ചോളും എന്നൊരു സമാധാനമായിരുന്നു. അന്ന് ഇന്റർനെറ്റ്‌ ഇന്നത്തെപ്പോലെ കിട്ടാൻ ബുദ്ധിമുട്ടായതുകൊണ്ടും, കമ്പനി ഇന്റർനെറ്റ്‌ വഴി നമ്മൾ സെർച്ച്‌  ചെയ്‌താൽ ഇതു പോലും അറിയാത്തവനാണോ ഇവൻ എന്ന് കരുതി കമ്പനിക്കാർ പിടിച്ചു പുറത്താക്കുമോ എന്നൊരു പേടിയുള്ളതുകൊണ്ടും അധികം റിസർച്ച് ചെയ്യാൻ പോയില്ല.

അങ്ങിനെ കാലം കടന്നുപോയി. അത് അറിയാഞ്ഞിട്ടു എട്ടിന്റെ പണി കിട്ടിയത് ഓർക്കാപ്പുറത്തായിരുന്നു. എന്റെ ഇ മെയിൽ ഡൌണ്‍ ആയി. ഇനി മെയിൽ കിട്ടണമെങ്കിൽ പ്രൊവൈഡറുടെ ടോൾഫ്രീ നമ്പർ വിളിക്കണം. നാലാം നിലയിൽ നിന്നും വീണാലും നാലുകാലിൽ നില്ക്കുന്നതുകൊണ്ട് നെറ്റ്‌വർക്ക് പിള്ളേരെക്കൊണ്ട് വിളിപ്പിച്ചു. ഇതെല്ലാം നിന്റെ പണിയല്ലേ നിന്റെ പണി ഞാൻ ചെയ്‌താൽ എന്റെ 2 ബഗ് നീ ഫിക്സ് ചെയ്യുമോടാ എന്നുള്ള ചോദ്യത്തിൽ അവന്മാർ വീണുപോയി.

എന്തായാലും അതോടുകൂടി അതൊന്നു അറിയാൻ  തീരുമാനിച്ചു.സംഗതി സിമ്പിൾ ആണ്. ആദ്യം ഇത് എക്സ്ചേഞ്ച് അറിയാൻ വേണ്ടി ഉപയോഗിച്ചതാണ്. പിന്നെ ആളുകൾ നമ്പറുകൾ എളുപ്പം ഓർക്കാൻ വേണ്ടി ഉപയോഗിച്ചു തുടങ്ങി. അവസാനം മൊബൈലിൽ sms അയക്കാനും. അന്ന് തീരുമാനിച്ചതാണ് ഇനി അടുത്ത നമ്പർ എടുക്കുമ്പോൾ ഇതുപോലത്തെ ഒരെണ്ണം എടുക്കണം എന്ന്.

ഇന്ത്യയിൽ അതിന് ഒരു ചാൻസും ഇല്ല. ഇവിടെ അമേരിക്കയിൽ ആളുകൾ ഫോണ്‍ നമ്പറുകൾ ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ വച്ച് എഴുതുന്ന പതിവുണ്ട്. അതുകൊണ്ട് ഇത്തവണ അങ്ങനത്തെ ഒരു നമ്പർ എടുത്തു. ഇത് ഗൂഗിൾ വോയിസ്‌ എന്ന സർവീസ് വഴി എടുത്തതാണ്.ഇനി ശരിക്കും ഉള്ള സിം എടുക്കുമ്പോൾ ഇതിനോട് ലിങ്ക് ചെയ്യണം. അങ്ങനെ ഇത് എന്റെ അമേരിക്കൻ നമ്പർ ആകും

ശരിക്കും നമ്പർ 661-665-6916
അക്ഷരീകരിച്ചു എഴുതിയാൽ NO166-JOY16
വേറെ രീതിയിൽ എഴുതിയാൽ NO1-NO-JOY-16

ഓർക്കാൻ എളുപ്പമുണ്ട് അത്രയേ ഉള്ളു...

നിങ്ങളുടെ ഇപ്പോൾ നിലവിൽ ഉള്ള നമ്പർ എങ്ങിനെ ജാഡീകരിക്കാം എന്ന് ആലോചിക്കുന്നുണ്ടെങ്കിൽ ഡീ താഴത്തെ കൊളുത്ത് ഒന്ന് പോയി നോക്കിയേര്...
http://www.internetmarketingninjas.com/seo-tools/phone-number-spell/

അമേരിക്കക്കാരുടെ കൊള്ളാവുന്ന ഒരു രീതിയാണ്‌ ഇത്. ഇന്ത്യക്കാരുടെ ഒരു സ്വഭാവം വച്ച് അമേരിക്കക്കാരുടെ കൈയിൽ നിന്നും ഒരിക്കലും ഇങ്ങനത്തെ നല്ലത് എടുക്കില്ല. ഡ്രെസ്സൊ, ഭക്ഷണശീലങ്ങളോ, 4 ലെറ്റർ ഉള്ള വാക്കുകളോ ആണെങ്കിൽ എപ്പോ എടുത്തു എന്ന് ചോദിച്ചാൽ മതി.

1 അഭിപ്രായം:

Jobi Joy പറഞ്ഞു...

വളരെ നന്നായിരിക്കുന്നു ജോയി! I also have a Google-Voice number ending with my name!!