അമേരിക്കയെപ്പറ്റി ആദ്യം കേള്‍ക്കുമ്പോള്‍ തന്നെ ഒരു ശരാശരി മലയാളി കേള്‍ക്കുന്നതാണ് അവര്‍ "നമ്മള്‍ വെള്ളം ഉപയോഗിച്ചേ ചെയ്യാന്‍ പറ്റു എന്നു വിചാരിക്കുന്ന ഒരു കാര്യം കടലാസ് ഉപയോഗിച്ച് ചെയ്യുന്നവരാണ്" എന്നത്. സാധാരണ ഇത് നാറ്റക്കേസ് ആയതുകൊണ്ട് കേട്ട മലയാളികള്‍ ആരും തന്നെ ചോദിക്കില്ല എന്താ അവര്‍ അങ്ങനെ ചെയ്യുന്നതെന്ന്?. എന്നാല്‍ എല്ലാവരുടെയും മനസില്‍ ആ ചോദ്യം അവശേഷിക്കും.എന്‍റെ മനസ്സിലും അങ്ങനെ ഒരു ചോദ്യം ഉണ്ടായിരുന്നു.
ഇന്‍റര്‍നെറ്റ് ഒന്നും ഇല്ലാത്ത കാലത്ത്, കൊള്ളാവുന്ന ഒരു ഉത്തരം ആദ്യം സാധാരണക്കാരന്‍റെ മനസില്‍ തോന്നുക, "പാവങ്ങള്‍ വെള്ളം ഉണ്ടാകില്ല" എന്നതായിരിക്കും. നമ്മുടെ നാട്ടില്‍ കിട്ടുന്നപോലെ കാലവര്‍ഷവും തുലാവര്‍ഷവും ഒന്നും അവര്‍ക്ക് ഉണ്ടാകില്ല. അതുകൊണ്ടായിരിക്കും .ജീവിച്ചു പൊയ്ക്കൊട്ടെ... ഇംഗ്ലിഷ് സിനിമകള്‍ ഭൂരിഭാഗവും അതിനെ ശരിവയ്ക്കുന്നതുമാണ്.
പിന്നെ കുറച്ചു കമ്യൂണിസ്റ്റ് ചിന്താഗതികള്‍ നമ്മുടെ തലയില്‍ വരുമ്പോള്‍ തോന്നും. ബ്ലെഡി ബൂര്‍ഷകള്‍, അവന്‍റെയൊക്കെ കാശ് കൈയില്‍ ഉണ്ടെന്ന അഹങ്കാരം. ഇവിടെ കുട്ടികള്‍ പുസ്തകം വാങ്ങാന്‍ പറ്റാതെ വിഷമിക്കുമ്പോള്‍ അവന്മാര്‍ അവിടെ വെള്ളത്തിന് പകരം പേപ്പര്‍ ഉപയോഗിക്കുന്നു.
ഒരുപ്രായത്തില്‍ നമ്മുടെ സംസ്ക്കാരം ,പാരമ്പര്യം എന്നൊക്കെ പറഞ്ഞു ഒരുതരം വികാരം നമ്മുടെ സിരകളില്‍ ഓടിക്കളിക്കും. അന്ന് നമുക്ക് തോന്നും ഓ പാവങ്ങള്‍ അവര്‍ക്ക് വെള്ളം ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യാം എന്നൊന്നും പറഞ്ഞുകൊടുക്കാന്‍ ആരും ഉണ്ടായില്ല അതുകൊണ്ടാണ് അവര്‍ പേപ്പര്‍ ഉപയോഗിച്ചുതുടങ്ങിയത്. അതുപോലെ അവരുടെ പാരമ്പര്യം തുടങ്ങുന്നത് അടുത്ത കാലത്തു കൊളംബസ് ഇന്‍ഡ്യയിലേക്ക് വരുന്ന വഴി വഴി തെറ്റി അങ്ങോട്ട് ചെന്നതു മുതലാണ്. എന്നാല്‍ നമ്മുടെയോ പേപ്പര്‍ കണ്ടുപിടിക്കുന്നതിന് വളരെ മുമ്പു തന്നെയുള്ളതാണ്.
പിന്നെ ഒരു കാലഘട്ടത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ വെള്ളക്കാരുടെ ഫാന്‍ ആകും. അവരുടെ ജീവിതരീതികളില്‍ നിന്ന്‍ അനാവശ്യമായ എല്ലാം നമ്മള്‍ പിന്തുടരാന്‍ നോക്കും.ഇംഗ്ലിഷില്‍ പല്ലുതേക്കും കുളിക്കും. ബെര്‍ഗര്‍, KFC ചിക്കന്‍ തുടങ്ങിയ ഭക്ഷണം മാത്രം കഴിക്കും. വേഷം പറയേ വേണ്ട. ഖനിതൊഴിലാളികള്‍ക്ക് വേണ്ടി പെട്ടെന്ന് കീറിപ്പോകാതിരിക്കാന്‍ ഉണ്ടാക്കിയ ജീന്‍സ് ഇട്ടു നമ്മള്‍ കല്യാണത്തിന് കെട്ടാന്‍ വരെ പോകും. കുട്ടികള്‍ക്ക് ജോണ്‍സണ്‍ആന്ഡ് ജോണ്‍സണ്‍ സാധനങ്ങള്‍ മാത്രം വാങ്ങികൊടുക്കും. മലയാളത്തിലെ കേട്ടാല്‍ ചെവിപൊട്ടുന്ന നല്ല വാക്കുകള്‍ക്ക് പകരം വെറും 4 അക്ഷരങ്ങള്‍ ഉള്ള അവരുടെ വാക്കുകള്‍ ഉപയോഗിക്കും. അത്യാവശ്യം കാശിന്‍റെ ചിലവ് ഉള്ളതുകൊണ്ടു മാത്രം വെള്ളത്തിന് പകരം കടലാസ് ഉപയോഗിക്കില്ല. ഒരു മാതിരിപ്പെട്ട ആളുകളൊന്നുംതന്നെ ഈയൊരു ഘട്ടത്തില്‍നിന്നും തിരിച്ചുവരില്ല. നമ്മുടെ വിഷയം വേറെയാണ് ഈ ചിന്താഗതിയില്‍ ഉള്ളവര്‍ വിചാരിക്കുന്നത് പേപ്പര്‍ വെള്ളക്കാര്‍ ഉപയോഗിക്കുന്നത് ഹൈജീന്‍ അഥവാ വളരെ വൃത്തിയുള്ളവരാവാന്‍ വേണ്ടിയാണ് എന്നാണ്.യൂസ് ആന്‍ഡ് ത്രോ ആകുമ്പോള്‍ നമ്മുടെ കൈയ്യില്‍ ഒന്നും പറ്റുകയില്ല. അങ്ങനെ നമ്മള്‍ ഹൈജീന്‍ ആകും. മുഴുവനായും പേപ്പര്‍ കൊണ്ട് ക്ലീന്‍ ചെയ്യാന്‍ പറ്റുമോ എന്നു ചോദിക്കരുത്. ഹൈജീന്‍ കൈക്കാണ് വേണ്ടത്.
എന്‍റെ മനസ് വളരെ നിഷ്കളങ്കമായതുകൊണ്ട് ഞാന്‍ ആദ്യം വിചാരിച്ചത് പാവങ്ങള്‍ വെള്ളം ഇല്ലാഞ്ഞിട്ടായിരിക്കും എന്നുതന്നെയാണ്. പിന്നെയാണ് ആലോചിച്ചത് അവിടെ മഞ്ഞു വീഴുന്ന സ്ഥലമല്ലേ. ഇഷ്ടം പോലെ വെള്ളം ഉണ്ടാക്കാമല്ലോ. പക്ഷേ അങ്ങിനെയാകുമ്പോള്‍ ഒരു കുഴപ്പം ഉണ്ട്. മഞ്ഞു ഉരുക്കിവെള്ളമാക്കുമ്പോള്‍ ചൂട് ഒരു പ്രശ്നമാണ്. കറെക്റ്റ് ചൂട് അല്ലെങ്കില്‍ തണുത്തു വിറയ്ക്കും അല്ലെങ്കില്‍ പൊള്ളിച്ചാകും. ആയുധം വച്ചുള്ള കളിയായതുകൊണ്ടും സ്ഥലം വളരെ സെന്‍സിറ്റീവ് ആയതുകൊണ്ടും ആരും അങ്ങനെ ഒരു പരീക്ഷണം ചെയ്തിട്ടുണ്ടാവില്ല..
വെള്ളമില്ലാഞ്ഞിട്ടാണൊ അതോ വെള്ളക്കാരന്‍റെ അഹങ്കാരമാണോ എന്നു എനിക്കു ഒരു സംശയം വന്നത് തമിഴ്നാട്ടില്‍ പഠിക്കാന്‍ പോയപ്പോള്‍ ആണ്. തമിഴ്നാട്ടില്‍ കഴുകാന്‍ പോയിട്ട് കുടിക്കാന്‍ പോലും വെള്ളമില്ല. പക്ഷേ എന്നിട്ടും അവര്‍ പേപ്പര്‍ ഉപയോഗിക്കുന്നില്ല. കിലോമീറ്ററുകള്‍ നടന്ന്‍ കുടത്തില്‍ വെള്ളം കൊണ്ട് വന്നു ഉപയോഗിക്കും. അപ്പോള്‍ വെള്ളമല്ല പ്രശ്നം.
അങ്ങനെ ആ സംശയം അതുപോലെ നിന്നു. അതിനു ഒരു പരിഹാരം ആകും എന്നു തോന്നിയത് ആദ്യമായി അമേരിക്കയില്‍ പോകാന്‍ ചാന്‍സ് കിട്ടിയപ്പോള്‍ ആയിരുന്നു. പക്ഷേ മുന്പെ അമേരിക്കയില്‍ പോയവന്‍മാര്‍ "അളിയാ കപ്പ് മറക്കേണ്ട" എന്നു പറഞ് കപ്പ് എടുപ്പിച്ചപ്പോള്‍ ഒരു വലിയ സംശയത്തിനുള്ള ഉത്തരം കിട്ടാനുള്ള വഴിയടഞ്ഞു. അമേരിക്കയില്‍ ചെന്നപ്പോള്‍ അവിടെ വെള്ളം സുലഭമായി കിട്ടുന്നു. എല്ലാ പൈപ്പിലും ചൂടുവെള്ളവും തണുത്ത വെള്ളവും വരും.അതിന്‍റെ നോബ് ഒന്നു അഡ്ജസ്റ്റ് ചെയ്താല്‍ രണ്ടും കൂടി മിക്സ് ആയി നമുക്ക് ആവശ്യമായ ചൂടില്‍ വരും. എന്നിരുന്നാലും ഞാന്‍ നേരെ ഒരിയ്ക്കലും വെള്ളം ഉപയോഗിച്ചിട്ടില്ല. ചൂട് വെള്ളവും കൂടി വരുന്ന പൈപ്പല്ലേ, എല്ലാം യന്ത്രമാണല്ലോ, അഡ്ജസ്റ്റ്മെന്‍റ് ഒന്നു പാളിയാല്‍ പിന്നെ സ്വാഹാ... എന്നു പറയേണ്ടി വരും. വളരെ സമയം എടുത്ത് കപ്പില്‍ എടുത്ത് ചൂട് നോക്കി മാത്രം ഉപയോഗിച്ചു.
പക്ഷേ ഇത്തവണ H1B വിസയില്‍ ആയതുകൊണ്ട് കുറെ കാലം നില്‍ക്കണം. അപ്പോള്‍ എന്ത് ചെയ്യും എന്നൊരു ചോദ്യം ആദ്യം മനസില്‍ ഉയര്‍ന്നു വന്നെങ്കിലും കപ്പ് എന്നൊരു ഉത്തരം മാത്രമേ കിട്ടിയുള്ളൂ. ...
അങ്ങനെ അമേരിക്കയില്‍ വന്ന്‍ താമസിക്കുന്നത് കമ്പനി വക ഗസ്റ്റ് ഹൌസില്‍ ആണ്. ഗസ്റ്റ് ഹൌസ് എന്നു പറഞ്ഞാല്‍ ഒരു അമേരിക്കന്‍ സായിപ്പിന്‍റെ നാടന്‍ വീട്. ഇവിടെ കുറച്ചുനാള്‍ താമസിച്ചപ്പോഴാണ് ഒരു ബള്‍ബ് മിന്നിയതും "എന്തുകൊണ്ട് പേപ്പര്‍" എന്നതിന് ഒരു ഉത്തരം കൂടി കിട്ടിയതും.
ഇവിടെ അമേരിക്കയില്‍ വര്‍ഷത്തില്‍ ഭൂരിഭാഗവും തണുപ്പാണ്. നന്നായിട്ട് മഞ്ഞും വീഴും. അങ്ങനെയുള്ള രാജ്യത്തെ വീടുകള്‍ പണിയാന്‍ മരമാണ് നല്ലത്. അതുപോലെ വീടുകളുടെ മേല്‍ക്കൂര നമ്മുടെ നാട്ടിലെ ഓട് വീടുകളുടെപോലെ കൂര്‍ത്തിരിക്കും.മഞ്ഞു വീണാല്‍ താഴോട്ട് ഇഴുകിപ്പോരാനായിരിക്കും. ഇവിടെ ന്യൂജേഴ്സിയില്‍ എവിടെനോക്കിയാലും മരങ്ങള്‍ കാണാം . തണുപ്പില്‍ നിന്നു രക്ഷപ്പെടുകയും ചെയാം, ചിലവും കുറവ്, അതായിരിക്കാം എല്ലാ വീടുകളും ഇവിടെ മരം ഉപയോഗിച്ചു മാത്രം ഉണ്ടാക്കിയിരിക്കുന്നതിന്‍റെ കാരണം. ഭൂരിഭാഗം വീടുകള്‍ക്കും ബേസ്മെന്‍റ് എന്നു പറയുന്ന അണ്‍ഡര്‍ഗ്രൌണ്ട് ഉള്‍പ്പെടെ 2-3 നിലകള്‍ കാണും. മൊത്തം മരം എന്നു പറയുമ്പോള്‍ ചുമര്‍ ഉള്‍പ്പെടെ മരം. അതായത് കേരളത്തിലെ പഴയ തറവാടുകളില്‍ കാണുന്നപോലെ മരത്തിന്‍റെ തട്ട് ഇട്ട മേല്‍ക്കൂര അതിന്‍റെ മുകളില്‍ ഒരു നില. അമേരിക്കയില്‍ ബേസ്മെന്‍റിനു മുകള്‍ത്തട്ട് വരെ മരത്തിലാണ് പണിയുന്നത്. അതായത് ഒന്നാം നിലയുടെ അടിഭാഗം മരമാണ് എന്നര്‍ത്ഥം. ആ ഒന്നാം നിലയിലാണ് നമ്മുടെ "വെള്ളമോ കടലാസോ" എന്ന തര്‍ക്കബാധിത മുറി സ്ഥിതിചെയ്യേണ്ടത്.
അങ്ങനെ മരത്തിന് മുകളില്‍ ടൈല്‍സ് വിരിച്ച് പണിയുന്ന മുറിയില്‍ നമ്മള്‍ വെള്ളം ഉപയോഗിച്ചാല്‍, ആ വെള്ളം ടൈല്‍സിന് ഉള്ളിലൂടെ ഇറങ്ങി മരത്തില്‍ വീണ് മരം ദ്രവിച്ചുപോയാല്‍ ആര് സമാധാനം പറയും? നിങ്ങള്‍ തന്നെ പറയൂ പേപ്പര്‍ അല്ലേ നല്ലത്?
ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. ചുടല വരെ ഇല്ലെങ്കിലും സ്കൂളില്‍ പോകുമ്പോള്‍ ആ ശീലം വേണ്ടേ? അങ്ങനെ ഇഷ്ടികയില്‍ പണിത സ്കൂളിലും പേപ്പര്‍ മാത്രം.സ്കൂളുള്‍ ശീലിച്ചത് ഇനിയിപ്പോള്‍ ജോലിസ്ഥലത്ത് മാറ്റാന്‍ പറ്റുമോ? അതൊരിക്കലും പറ്റില്ല. അങ്ങനെ കോണ്‍ക്രീറ്റ് കൊണ്ട് പണിത കമ്പനിയിലും പേപ്പര്‍. അങ്ങനെ പേപ്പര്‍ പേപ്പര്‍ സര്‍വത്ര...
തണുപ്പ് കൂടിയിട്ടാണ് വീടുകള്‍ മരം കൊണ്ട് പണിയുന്നത് എന്നു പറഞ്ഞു. പക്ഷേ എന്തുകൊണ്ട് കമ്പനികള്‍ ,സ്കൂളുകള്‍ ,ഷോപ്പിങ് മാളുകള്‍ തുടങ്ങിയവ കോണ്‍ക്രീറ്റ് കൊണ്ട് പണിയുന്നു.അവിടെ തണുപ്പില്ലേ? അതിനു ഉത്തരം കിട്ടിയിട്ടില്ല. കിട്ടിയാല്‍, ഇവിടെതന്നെ പോസ്റ്റും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ