2015, സെപ്റ്റംബർ 12, ശനിയാഴ്‌ച

ഓണ്‍ലൈൻ കുടുംബപ്രാർത്ഥന പുസ്തകം

"അന്നന്ന് വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക്" ദൈവം ചുമ്മാ എന്തായാലും കൊണ്ടുതരില്ല എന്ന് എല്ലാ പ്രാർത്ഥിക്കുന്നവർക്കും അറിയാം. പണിയെടുത്താൽ തന്നെയേ ജീവിക്കാൻ പറ്റു. പക്ഷെ കുടുംബപ്രാർത്ഥനയുള്ള വീടുകളിൽ അത്രയും സമയം എങ്കിലും എല്ലാവരും ഒന്നിച്ചിരിക്കുകയും, TV ഓഫ്‌ ചെയ്യുകയും ചെയ്യും. ഇപ്പോഴുള്ള ജീവിതരീതിയിലെ ജോലിയിൽ ആയാലും പഠനത്തിൽ ആയാലും ഒഴിച്ചുകൂടാനാവാത്ത മത്സരഓട്ടത്തിനിടയിൽ,  സീരിയൽ ഉണ്ടാക്കുന്ന ടെൻഷനിടയിൽ ഒരു അരമണിക്കൂർ പ്രാര്ത്ഥന എന്ന പേരിലെങ്കിലും സമാധാനത്തോടെയിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഞാൻ പ്രാർത്ഥന കണ്ടു വളർന്ന ഞങ്ങളുടെ വീട്ടിലും സ്ഥിതി വ്യത്യാസമില്ല. കൂട്ടാൻ (കറി) ഫ്രിഡ്ജിൽ വച്ചോ എന്നും, കോഴിക്കൂട് അടച്ചോ എന്നും , ഉണക്കാൻ ഇട്ട തുണി എടുത്തോ എന്നൊക്കെയുള്ള ദിനവും ചെയ്യേണ്ട എന്നാൽ മറന്നു പോകാൻ സാധ്യതയുള്ള കാര്യങ്ങൾ കറക്റ്റ് ആയി ചെയ്യുന്നതിൽ പ്രാർത്ഥനക്കുള്ള പങ്ക് മറക്കാൻ പറ്റില്ല.

അരമണിക്കൂർ പവർ കട്ട്‌ സമയം ക്രിസ്ത്യാനികൾക്ക് ഒരു ബുദ്ധിമുട്ടായി തോന്നാത്തത് അര മണിക്കൂർ സന്ധ്യാപ്രാർത്ഥന ഉള്ളതുകൊണ്ടാണ് എന്നാണ് തോന്നുന്നത്. പവർ കട്ട്‌ ഉണ്ടായിരുന്നപ്പോൾ പ്രാർത്ഥന എപ്പോൾ എത്തിക്കണം എന്നതിനെ ചൊല്ലി ഒരു അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാറില്ല. ചൊല്ലണം എന്ന് സാധാരണ നമ്മൾ പറയാറില്ല എങ്ങിനെയെങ്കിലും അത് അങ്ങൊട്ട് എത്തിക്കലാണ് പരിപാടി.പക്ഷെ പവർ കട്ട്‌ ഇല്ലെങ്കിൽ എപ്പോൾ എത്തിക്കണം എന്നത് ഒരു ഭയങ്കര മെനക്കെട് പിടിച്ച പണിയാണ്. ഒരാൾക്ക് സീരിയൽ ആണെങ്കിൽ അത് കഴിഞ്ഞ് ആയിരിക്കും മറ്റേ ആൾക്ക് കോമഡി പരിപാടി. ഇതെല്ലാം കഴിയണമെങ്കിൽ പത്ത് പത്തര ആകേണ്ടി വരും. പിന്നെ ദൈവം ഉറങ്ങാൻ പോകില്ല എന്നൊരു ധൈര്യം ഉള്ളതുകൊണ്ട് എപ്പോൾ വേണമെങ്കിലും എത്തിക്കാം.

എന്തൊക്കെ പറഞ്ഞാലും അര മണിക്കൂർ പ്രാർത്ഥന കൊള്ളാവുന്ന ഒരു പരിപാടിയാണ്. കല്യാണം കഴിഞ്ഞിട്ട് പറ്റാവുന്ന ദിവസങ്ങളിൽ ഒക്കെ ഞങ്ങൾ ചൊല്ലാറുണ്ട്. അമേരിക്കയിൽ വന്നിട്ടും പരമാവധി ശ്രമിക്കുന്നുണ്ട്.

സംഗതി ചെറുപ്പത്തിൽ തന്നെ ചെയ്യുന്ന പരിപാടി ആണെങ്കിലും, അതിലെ പ്രാർത്ഥനകൾ എല്ലാവർക്കും ഓർമ്മ നിൽക്കില്ല. എങ്ങിനെ പോയാലും രഹസ്യങ്ങൾ ചൊല്ലാൻ ബുക്ക്‌ വേണ്ടി വരും. പിന്നെ പ്രത്യേകിച്ച് , വണക്കമാസം പ്രാർത്ഥനകൾ കൂടി ഉള്ളപ്പോൾ എന്തായാലും ബുക്ക് വേണ്ടി വരും . വണക്കമാസം സീസണ്‍ ആയിട്ടാണ് വരുക. ഒരു മാസം യൌസേപ്പിതാവിന്റെ, വേറെ മാസം  മാതാവിന്റെ, പിന്നെ ഒരു മാസം തിരുഹൃദയത്തിന്റെ  അങ്ങനെ. ഒരു പടി കൂടി കടന്നു ചെയ്യുന്നവർക്ക് പരിശുദ്ധ ആത്മാവിന്റെ കൂടി ചെല്ലാം. എന്റെ അറിവിൽ ന്യൂ ജെനേറെഷൻ (2000 -നു ശേഷം ഉണ്ടായ അണുകുടുംബങ്ങൾ ) ആരും വണക്കമാസം വായിക്കാറില്ല.

ബുക്ക്‌ രസമുള്ള പരിപാടിയാണ്. ഒരു ബുക്കിൽ രഹസ്യങ്ങൾ ചൊല്ലുമ്പോൾ "ധ്യാനിക്കാം" എന്ന് വരെയേ ഉണ്ടാകു പിന്നെ "സ്വർഗ്ഗസ്ഥനായ" എന്ന പ്രാർത്ഥന ചൊല്ലുകയാണ്. മറ്റു ചില പ്രസ്സുകാർ ഇറക്കുന്ന ബുക്കുകളിൽ ധ്യാനിക്കാം എന്ന് പറഞ്ഞിട്ട് പിന്നെ ഒരു പരഗ്രഫ് കൂടെയുണ്ട് "സ്വർഗ്ഗസ്ഥനായ" പ്രാർത്ഥന ചൊല്ലുവാൻ. പണ്ടൊക്കെ എന്റെ ചെറുപ്പത്തിൽ ഞാനൊക്കെ ഒരു പുസ്തകം കീറിക്കളഞ്ഞാൽ അടുത്ത പെരുന്നാൾ വരെ കാത്തിരിക്കണം വേറെ ഒരു പുസ്തകം വാങ്ങിക്കണമെങ്കിൽ. അതുവരെ വീട്ടുകാർക്ക് കീറിയ പുസ്തകം ഒട്ടിച്ചു അഡ്ജസ്റ്റ് ചെയ്യണം. അപ്പോൾ ചില പ്രാർത്ഥനകൾ ഇല്ലാതെ എത്തിക്കേണ്ടി വരും.

മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്ന് പറയുന്നതുപോലെ ജൂനിയർ ജോയ്മോൻ പ്രാർത്ഥന ബുക്ക്‌ കീറില്ല എന്ന് വിചാരിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. ഞാൻ ബൈബിൾ കീറിയിട്ടുള്ള നിലക്ക് അവൻ കുടുംബ പ്രാര്ത്ഥന ബുക്ക്‌ കീറിയില്ലെങ്കിൽ മോശമല്ലേ. ഞങ്ങളുടെ പ്രതീക്ഷകൾ അവൻ ഒട്ടും തെറ്റിച്ചില്ല. അമേരിക്കയിൽ വന്ന പാടെ ആശാൻ ബുക്ക്‌ നോട്ടമിട്ടിരുന്നു.രണ്ട് ആഴ്ച വേറെ നല്ല പടങ്ങൾ ഉള്ള മാസികകൾ കൊടുത്തു ശ്രദ്ധ തിരിക്കാൻ ശ്രമിച്ചെങ്കിലും അവൻ പ്രാർത്ഥന ബുക്ക്‌ വിദഗ്ദ്ധമായി കീറി.

നാട്ടിൽ ഇപ്പോൾ ഭക്തി കൂടിയതുകൊണ്ടോ എന്തോ കുറെ കടകളിൽ പ്രാർത്ഥന ബുക്ക്‌ കിട്ടും. ഒന്നും പറ്റിയില്ലെങ്കിൽ ബിഷപ്പ് ഹൗസിന്റെ അടുത്ത് ഇരിങ്ങാലക്കുടയിൽ  വിദ്യജ്യോതി ബുക്ക്‌ കിട്ടും. അമേരിക്കയിൽ എവിടെ കിട്ടാൻ? ഇംഗ്ലീഷ് പ്രാർത്ഥന ചൊല്ലിയാൽ ഇനി ദൈവത്തിനു മനസിലാകുമോ എന്നൊരു സംശയം ഉള്ളതുകൊണ്ട് ആ പണിക്കു പോയില്ല.

ആകെയുള്ള ഒരു വഴി ആരെങ്കിലും നാട്ടിൽ നിന്നും വരുമ്പോൾ കൊടുത്തയക്കുക എന്നതാണ്. പക്ഷെ എത്ര ബുക്കുകൾ എന്നത് ഒരു ചോദ്യമായി?

പുട്ടിനു പീര പോലെ ചറ പറ, 2 വീതം മൂന്നു നേരം സൊലൂഷൻസ് കൊടുത്ത് നാട്ടുകാരുടെ പ്രശ്നങ്ങൾ തീർക്കുന്ന എന്നെപോലെയുള്ള ഒരു സോഫ്റ്റ്‌വെയർ ആർക്കിട്ടെക്റ്റ് സ്വന്തം മോനുണ്ടാക്കുന്ന പ്രശ്നം തീർക്കാൻ പഴഞ്ചൻ വഴിതേടുന്നത് മോശമല്ലേ? സ്വന്തം പ്രശ്നം, മോഡേണ്‍ സോഫ്റ്റ്‌വെയർ ടെക്നോളജി ഉപയോഗിച്ച് പരിഹരിക്കാതെ നാട്ടുകാർക്ക്‌ ഇനി സൊലൂഷൻസ് കൊടുക്കില്ല എന്നാ ദൃഡനിശ്ചയമാണ് എന്നെക്കൊണ്ട് അല്ല ഞങ്ങളെക്കൊണ്ട് ആ കടുംകൈ ചെയ്യിച്ചത്. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും എന്റെ നല്ല പാതിയും.

ഒന്നുമില്ല ഒരു ചെറിയ

"ഓണ്‍ലൈൻ കുടുംബപ്രാർത്ഥന പുസ്തകം"

തൃശൂർ ഭാഗത്ത്‌ സാധാരണ റോമൻ കാത്തോലിക് വിശ്വാസികൾ ചൊല്ലുന്ന സന്ധ്യാപ്രാർത്ഥനകൾ ഒരു വെബ്‌ സൈറ്റ് ആയി ഹോസ്റ്റ് ചെയ്തു. താഴെ കൊടുത്തിരിക്കുന്ന കൊളുത്തിൽ ഞെക്കിയാൽ പ്രാർത്ഥന പുസ്തകം കാണാം.

http://joymononline.in/apps/prayerbook/index.html

ട്വിറ്റെർ ഇറക്കിയ Bootstrap എന്ന ടെക്നോളജി(Framework) ഉപയോഗിച്ചതുകൊണ്ട് സൈറ്റ് മൊബൈലിൽ ഓപ്പണ്‍ ചെയ്താലും, ടാബ്ലെറ്റിൽ തുറന്നാലും വലിയ കുഴപ്പം ഇല്ലാതെ ഇരിക്കും. ഞാനാരാ മോൻ എനിക്കറിഞ്ഞുകൂടെ പ്രാർത്ഥന എത്തിക്കുമ്പോൾ ആരും ലാപ്ടോപ് തുറന്നു വയ്ക്കില്ല എന്ന്. പിന്നെ ആളൊന്നുക്ക് ഇപ്പോൾ 2 മൊബൈലും 1 ടാബും ആണല്ലോ.

ഇനി പ്രാർത്ഥന എത്തിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ ദൈവത്തിനു അത് ഇഷ്ടമാകുമോ എന്ന് ഒരു ചോദ്യം ഉയർന്നു വരാം.

എന്റെ ഒരു ഊഹം ശരിയാണെങ്കിൽ ഇതേ ചോദ്യം പണ്ട് കടലാസ് ആദ്യമായി പ്രചാരത്തിൽ വന്നപ്പോഴും ഉയർന്നു വന്നിരിക്കണം. മനപ്പാഠം പഠിച്ചു ചൊല്ലിയിരുന്ന പ്രാർത്ഥനകൾ പേപ്പറിൽ നോക്കി ചൊല്ലിയപ്പോൾ അന്നത്തെ മുതിർന്ന തലമുറക്ക് അത് അത്രയ്ക്ക് ഇഷ്ടപ്പെട്ടു കാണില്ല. അവർ കടലാസ്സിൽ നോക്കി പ്രാർത്ഥന  ചൊല്ലുന്നത് ദൈവത്തിനു ഇഷ്ടമാകില്ല എന്ന് പറഞ്ഞിരിക്കാം. അത് വിചാരിച്ചു ഇപ്പോൾ (മുതിർന്നവർ ഉൾപ്പെടെ) ആരെങ്കിലും അങ്ങനെ പറയുമോ? തലക്കകത്ത് ആൾ താമസം ഉള്ളവർ ആരും അങ്ങനെ പറയില്ല എന്ന് കരുതുന്നു.

പിന്നെ ഉയരാവുന്ന ഒരു ചോദ്യം കുട്ടികൾ മൊബൈൽ പ്രാർത്ഥന ചൊല്ലുമ്പോൾ അവർ അതിൽ പ്രോഗ്രാം സ്വിച്ച് ചെയ്തു വല്ല ഗെയിംസ് എടുക്കുമോ എന്നതാണ് അതുപോലെ അവർ മെസ്സേജ് അയച്ചു കളിക്കുമോ എന്നും ഒരു സംശയം വരാം. ഇപ്പോഴുള്ള പ്രാർത്ഥന ബുക്കിനിടയിൽ വേറെ ഒരു ബുക്ക്‌ ഉദാഹരണമായി ബാലരമ വച്ച് വായിക്കാം എന്നുള്ളത് കൊണ്ട് ബുക്ക്‌ വേണ്ട എന്ന് പറയുന്ന പോലെയാകും അത്. വീഡിയോ ചാറ്റ് വഴി ഒന്നും അല്ലല്ലോ പ്രാർത്ഥന ചൊല്ലുന്നത്. ഒരേ മുറിയിലല്ലേ? മുതിർന്നവർ അവിടെ ഇരിക്കുന്നത് പിന്നെ എന്തിനാണ്?

ഞങ്ങൾ കഴിഞ്ഞ 4 മാസമായി ഈ സൈറ്റ് വഴിയാണ് പ്രാർത്ഥന എത്തിക്കുന്നത്. വലിയ കുഴപ്പങ്ങൾ ഒന്നും കണ്ടില്ല.


ഈ പ്രാർത്ഥന പുസ്തകത്തിന്റെ ലിങ്ക്,അല്ലെങ്കിൽ ഈ ബ്ലോഗ്‌ പോസ്റ്റ്‌ ലിങ്ക് , ഫേസ്ബുക്ക് വഴിയോ വാട്ട്‌സാപ്പ് വഴിയോ 500 പേർക്ക് അയക്കുന്നവർക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കുന്നതാണ്. എന്താണ് അനുഗ്രഹം എന്ന് ചോദിക്കരുത് അത് സർപ്രൈസ്.

ഈ പ്രാർത്ഥന ബുക്കിന്റെ തുടർ പണികൾ ചെയ്യാൻ ഞങ്ങളുടെ കൂടെ കൂടുന്നവർക്ക് ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹവും, ബയോടാറ്റയിൽ HTML5, AngularJS, Bootstrap തുടങ്ങിയ ടെക്നോളജികൾ വയ്ക്കാൻ പറ്റുന്നതുകൊണ്ട്  ഉദ്യോഗക്കയറ്റം കിട്ടുന്നതുമാണ്.

അപ്പോൾ പ്രാർത്ഥന പുസ്തകത്തിന്റെ ലിങ്ക് മറക്കണ്ട.

http://joymononline.in/apps/prayerbook/index.html

ബ്ലോഗ്‌ പോസ്റ്റിന്റെ ലിങ്ക്

http://joy-mon.blogspot.com/2015/09/blog-post.html

4 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

അപ്പോ ഇനി കുട്ടികൾ പുസ്തക്കം കിറും എന്ന് പേടികണ്ട .പകരം മൊബൈൽ അടിച്ചു പോളിക്കോ...

Joymon പറഞ്ഞു...

മൊബൈൽ അടിച്ചു പോളിച്ചാലും കുഴപ്പമില്ല. വേറെ ഒരെണ്ണം വാങ്ങിക്കാം. പുസ്തകം കുറച്ചു ബുദ്ധിമുട്ടാണ്.

ഇനിയിപ്പോൾ സെർവർ എങ്ങാനും ഹാക്ക് ചെയ്താൽ...അവനെ അങ്ങ് നമ്മുടെ കമ്പനിയിലേക്ക് വിളിച്ചു കയറ്റും..അത്ര തന്നെ :)

Santhosh പറഞ്ഞു...

സംഗതി ഇഷ്ടായി.

വണക്കമാസം പുസ്തകം ഒണ്ടോ?

Joymon പറഞ്ഞു...

വണക്കമാസം കുറച്ചു പണിയാ...സമയം കിട്ടുമ്പോൾ നോക്കണം. ഇപ്പോൾ എന്റെ അടുത്ത് ബുക്കും ഇല്ല.