കഴിഞ്ഞ തവണ പകച്ചു പോയവര്‍, പക്ഷെ ആ ഒഴിഞ്ഞ കസേരയില്‍ ഇരിക്കാനുള്ള ആളെ തീരുമാനിച്ചു. എല്ലാം ശരിയായി നടന്നാല്‍ പുതിയ ആള്‍ ജനുവരി 25നു പുറത്തുവരും. ഇത് കഴിഞ്ഞ തവണ നിറുത്തിയ സ്ഥലത്ത് നിന്ന് ഒരു ഇപ്പോള്‍ ഒരു തുടര്‍ച്ച ആയില്ലേ. പണ്ട് മനോരമയില്‍ നോവല്‍ വായിക്കുന്നതുപോലെയാണല്ലോ മുന്‍പ് നിറുത്തിയത്.
ബാക്കി എഴുതുന്നതിനു മുന്‍പ് സന്തോഷകരമായ ഒരു കൊല്ലം തന്നതിനു നന്ദി നന്ദി നന്ദി. ധന്യയോടും ബാക്കി എല്ലാവരോടും. ജോഹനും ഇരിക്കട്ടെ. അവന്‍ വലുതായി വരുമ്പോള്‍ അവന്‍ എത്ര ഡീസന്റ് ആയിരുന്നു എന്ന് അവന്‍ അറിയേണ്ടേ. കാരണം നമ്മള്‍ സാധാരണ പ്രതീക്ഷിക്കുന്ന കുറുമ്പുകള്‍ ഒന്നും ആശാന്‍ കാട്ടാറില്ല. എവിടെയെങ്കിലും ശ്രദ്ധയില്ലാതെ വലിഞ്ഞു കയറി വീഴുകയോ അതുപോലെ എന്തെങ്കിലും നശിപ്പിക്കുകയോ ചെയ്യാറില്ല. അതുപോലെ അത് വേണം ഇത് വേണം എന്ന് പറഞ്ഞു വാശി പിടിക്കാറും ഇല്ല. കടയില്‍ കൊണ്ടുപോയാല്‍ കളിപ്പാട്ടങ്ങള്‍ ഒക്കെ എടുത്തു നോക്കി അവിടെ തന്നെ വെക്കുന്നത് കാണുമ്പൊള്‍ കണ്ണ് നിറഞ്ഞു പോകും. ജോഹന്‍ ആണ് അങ്ങ് വലുതായി. പ്രീസ്കൂളില്‍ പോയി തുടങ്ങി. എന്നെ ആദ്യം സ്കൂളില്‍ വിട്ടതും കരഞ്ഞതും ഇന്നലെ കഴിഞ്ഞതുപോലെ. ജോഹന്‍ എന്തായാലും കരഞ്ഞു ബഹളം വച്ചില്ല. സ്കൂളില്‍ പോകാന്‍ ആശാന് ഭയങ്കര ഇഷ്ടമാണ്. അതുകാരണം ധന്യ കാര്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ പുതിയ സ്ഥലങ്ങള്‍ കണ്ടു പിടിച്ചു അവിടേക്ക് കാറില്‍ മാപ്പ് നോക്കി ഒറ്റയ്ക്ക് പോകാന്‍ തുടങ്ങി.
കഴിഞ്ഞ കൊല്ലം രണ്ടാളും അല്ല ജോഹനും ചേര്‍ത്ത് മൂന്നാളും ഒരു കരയില്‍ ആയിരുന്നു. തണുപ്പിലും ചൂടിലും ഒരുമിച്ചു തന്നെ. പിന്നെ മേയ് മാസത്തില്‍ അമ്മ വന്നപ്പോള്‍ അമ്മയും. അപ്പനും അമ്മയും ഒരുമിച്ചു വരാന്‍ പറ്റിയിരുന്നെങ്കില്‍ കുറച്ചു കൂടെ നന്നായേനെ. ഇനിയിപ്പോള്‍ ധന്യയുടെ മമ്മിയെ കൊണ്ട് വരണം. പുതിയ ആള്‍ വരുന്നതുകൊണ്ട് ഇവിടെ സ്ഥലങ്ങള്‍ കാണിക്കാന്‍ കൊണ്ട് പോകാന്‍ പറ്റുമോ എന്നറിയില്ല. പക്ഷെ ന്യൂ യോര്‍ക്ക് കാണിക്കാതെ വിടാന്‍ പറ്റില്ല. ഇവിടെ അമേരിക്കയിലുള്ള ആളുകള്‍ പ്രസവിച്ചു ചോരയുണങ്ങാത്ത കുട്ടികളെ കൊണ്ട് കടയിലേക്കും, വിനോദസഞ്ചാരത്തിനും പോകുന്നത് കാണാം. അതുപോലെ പ്രസവരക്ഷ എന്ന് പറഞ്ഞു കട്ടക്ക് നെയ് അടങ്ങിയത് ഒന്നും കഴിക്കുന്നതും കാണാനില്ല.. പക്ഷെ ഇന്ത്യക്കാര്‍ക്ക് അത് അങ്ങ് ദഹിക്കില്ല. കൊച്ചിന് കണ്ണ് തട്ടല്‍ അത് ഇല്ലാതിരിക്കാന്‍ മുഖത്ത് കരി വാരിതേച്ചു കൊമാളിയാക്കല്‍, 24 കെട്ടല്‍, പ്രസവിച്ച ആളെ രക്ഷിച്ചെടുത്ത് തടിച്ചു കൊഴുപ്പിക്കള്‍ ഒക്കെ വേണം.
പുതിയ ആളുടെ പേര് തീരുമാനിച്ചിട്ടില്ല. അമേരിക്കയില്‍ കൊച്ച് ആണാണോ പെണ്ണാണോ എന്ന് പ്രസവത്തിനു മുന്‍പ് അറിയാന്‍ പറ്റും എന്നറിയുന്നത് കൊണ്ടോ എന്തോ ഇത്തവണ അധികം പ്രവചനങ്ങള്‍ ഇല്ല. അതോ ഇനി ധന്യയെ കാണാത്തത് കൊണ്ടാണോ ആവോ. ജോഹനെ പ്രസവിച്ചപ്പോള്‍ എന്താണ് നടന്നത് എന്ന് സിനിമയില്‍ കാണുന്ന പോലെയേ എനിക്ക് തോന്നിയുള്ളൂ. ധന്യയുടെ അനിയന്‍ ജോഫി കൊച്ചു ആണാണ് എന്ന് അറിയിച്ചു. പക്ഷെ ഇത്തവണ ഞാന്‍ ഇവിടെ അമേരിക്കയില്‍ ചിലതൊക്കെ അറിയും. ലേബര്‍ റൂമില്‍ കയറണം എന്നൊക്കെയുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ