വീണ്ടും ഒരു കൊല്ലം കൂടി കടന്നുപോയി. നല്ല ഒരു കൊല്ലം കൂടി ഉണ്ടാകാൻ സഹായിച്ച എല്ലാവർക്കും നന്ദി. പ്രത്യേകിച്ച്, എതിരഭിപ്രായമുള്ള കാര്യങ്ങളിൽ ചർച്ചയിലൂടെ ഒരു തീരുമാനത്തിൽ എത്താൻ സഹായിച്ച ധന്യയോട്.
പണ്ടത്തെ ആളുകളെ നമിക്കണം. എട്ടും പത്തും പിള്ളേരെ പുല്ലുപോലെയല്ലേ വളർത്തികൊണ്ടിരുന്നത്. ഇവിടെ അമേരിക്കയിൽ തൊപ്പി വച്ച യൂദന്മാരെ കാണാം ആറും ഏഴും പിള്ളേരെ സിമ്പിൾ ആയി പാർക്കിലും ഒക്കെ കൊണ്ട് നടക്കുന്നത്. ഒന്നിനെ സ്‌ട്രോളറിലും വേറെ ഒന്നിനെ വയറ്റിലും ഇട്ടിട്ടുണ്ടാകും. ഇവിടെ ഞങ്ങൾക്ക് രണ്ടു പേര് ആയിട്ട്, ഞങ്ങളെ ഇടം വലം തിരിയാതെ പൂട്ടിയിട്ടിരിക്കുകയാ ഞങ്ങടെ മ്വാൻ അല്ല മ്വക്കൽ. ഒന്ന് അങ്ങോടോ ഇങ്ങോടോ തിരിഞ്ഞാൽ എന്തെങ്കിലും സംഭവിക്കും. ഈ കൊല്ലം ജോഹൻ കിൻഡർ ഗാർഡനിൽ, രണ്ടു നേരവും പോകുന്നതുകൊണ്ട് ധന്യക്ക് കുറച്ചു ആശ്വാസം കിട്ടും. പിന്നെ ആകെയുള്ള ഒരു ആശ്വാസം എന്ന് പറയുന്നത് ഫ്രീ ആയി 2 ഹെൽപ്പർമാരെ കിട്ടി എന്നതാണ്. നമ്മൾ എന്തെങ്കിലും ചെയ്യാൻ പോകുന്നു എന്ന് തോന്നിയാൽ, വെറുതെ സ്ക്രൂ ഡ്രൈവർ എടുത്താൽ തന്നെ, രണ്ടു പേരും നമ്മളെ സഹായിക്കാനായി ഉണ്ടാകും.
ജോഹന് കുറുമ്പ് ചെയ്യാൻ കുറച്ചു ഒരു പേടി ഉണ്ടായിരുന്നു. എവിടെ നിന്നെങ്കിലും വീഴുമെന്ന് തോന്നിയാലോ, ഒരിക്കൽ വീണാലോ പിന്നെ അവിടെ രണ്ടാമത് പോയി പണി വാങ്ങിക്കില്ല. അതുപോലെ കടയിൽ ഒക്കെ പോയാൽ ഞങ്ങളുടെ അടുത്ത് നിന്ന് മാറില്ല. പക്ഷെ രണ്ടാമത്തേതിൽ അത് ഒക്കെ മാറിക്കിട്ടി. എവിടെനിന്നു വേണമെങ്കിലും വീണോളും. പിന്നെയും പിന്നെയും അതെന്നെ ചെയ്യും. കടയിൽ പോയി കുറച്ചു നേരം കഴിഞ്ഞു ഒരു ഇറക്കമുണ്ട്. പിന്നെ ആ കട മൊത്തം കണ്ടിട്ടേ തിരിച്ചു വരൂ. ഞങ്ങൾ ആരെങ്കിലും കൂടെ ഉണ്ടായാലും ഇല്ലെങ്കിലും.
കേൾക്കുമ്പോൾ തോന്നും ജോഹൻ വളരെ ഡീസന്റ് ആയി ഞങ്ങളെ ബുദ്ധിമുട്ടിക്കാതെ ഇരിക്കുകയാണെന്നു. പുള്ളിക്ക് ഇപ്പോൾ അറിയേണ്ടത് "റീപ്രൊഡക്ടിവ് ബയോളജി" ആണ്. ഒരു ഇന്ത്യൻ സാഹചര്യത്തിൽ നിന്നും വന്ന ഞങ്ങൾ മാതാപിതാക്കൾക്ക് താങ്ങാൻ കഴിയാവുന്നതിലും അപ്പുറമുള്ള മ്യാരക ചോദ്യങ്ങൾ. എങ്ങിനെ ബേബി ഉണ്ടാകുന്നു? അപ്പന്റെ വയറ്റിൽ എന്താ ബേബി ഉണ്ടാകാത്തത്? അപ്പന്റെ വയറ്റിൽ ബേബി ഉണ്ടാവില്ല എങ്കിൽ ജോഹൻ വലുതാകുമ്പോൾ ജോഹന് ഉണ്ടാവില്ലല്ലോ. അപ്പോൾ നമുക്ക് ബേബി വേണമെങ്കിൽ അമ്മയുടെ വയറ്റിൽ നിന്ന് ഒരു ഗേൾ ബേബിയെ കൂടി വേണം. ഗേൾ ബേബിക്ക് പിന്നെയും ബേബിമാർ ഉണ്ടാകുമല്ലോ. എന്തെങ്കിലും ഒന്നിന് ഉത്തരം കൊടുത്താൽ വേറെ നൂറ് ചോദ്യങ്ങൾ വരും. മോഡേൺ ആയി ചിന്തിക്കുമ്പോൾ തോന്നും ഇതൊക്കെ പറഞ്ഞു കൊടുക്കേണ്ടതല്ലേ എന്നു. ആണ്. ഞാൻ ഇത് മുൻപേ പ്രതീക്ഷിച്ചിരുന്നതാണ്. തയ്യാറെടുപ്പുകളും നടത്തിയിരുന്നു. പക്ഷെ ചോദ്യം വരുമ്പോൾ എനിക്കെന്തോ ഫോൺ വന്നു ഞാൻ അതെടുക്കാൻ പോകും. പാവം ധന്യ. പിന്നെ അമേരിക്ക ആയതുകൊണ്ട് നമ്മൾ പറഞ്ഞില്ലെങ്കിലും സ്കൂളിൽ പറഞ്ഞു കൊടുക്കും.
കഴിഞ്ഞ കൊല്ലം എടുത്ത മ്യാരക തീരുമാനങ്ങൾ ഇനി പറയാം.
ജെറിന്റെ മാമ്മോദീസ നടത്താം. കേട്ടാൽ തോന്നും ഇത് എന്ത് മ്യാരക തീരുമാനം ആണെന്ന്. ജനിച്ചാൽ നടത്തേണ്ട ഒന്നല്ലേ മാമ്മോദീസ? ചർച്ചക്ക് എന്ത് പ്രസക്തി. പക്ഷെ "മാമ്മോദീസ - ഇടയിലെ ലേഖനം" എന്ന് ഞാൻ ഒരു പോസ്റ്റിട്ടു എൻ്റെ നയം വ്യക്തമാക്കിയപ്പോൾ, ചർച്ച ചെയ്തു തീരുമാനം എടുക്കേണ്ട ഒന്നായി അത് മാറി. വെറുതെ അതിൻ്റെ പുറത്തു ഒരു സംശയം വേണ്ട, സംഗതി നടത്തുണ്ട്.
കല്യാണം കഴിഞ്ഞപ്പോൾ മുതലുള്ള ഒരു പ്രതീക്ഷയായിരുന്നു ധന്യ PhD ഇന്നെടുക്കും നാളെയെടുക്കും എന്നത്. അത് ഒരുമാതിരി മങ്ങി തുടങ്ങിയപ്പോൾ തോന്നി പുള്ളിക്കാരിയുടെ പപ്പയുടെ കുറെ കാശു മുടക്കി പഠിച്ചതല്ലേ, എന്തെങ്കിലും ജോലിക്ക് പോകുമായിരിക്കും. അത് മാത്രമല്ല രണ്ടു പേര് ജോലിക്ക് പോയാൽ കുറച്ചു നേരത്തെ റിട്ടയർ ചെയ്യാം. അതുപോലെ രണ്ടു പേരും ജോലിക്ക് പോയാൽ രണ്ടാൾക്കും തുല്യ പദവി അനുഭവപ്പെടും. അല്ലെങ്കിൽ എന്തെങ്കിലും വാങ്ങിക്കാനോ, ചെയ്യാനോ ഒക്കെ ഒരാൾമറ്റേയാളുടെ അനുവാദം ചോദിക്കേണ്ടി വരും. ചർച്ച ചെയ്തു എന്തെങ്കിലും തീരുമാനം എടുക്കുന്നതുപോലെയല്ല അനുവാദം വാങ്ങിക്കൽ. മൊത്തത്തിൽ ഒരു പഴയ മോഡൽ, നമ്മുടെ പഴയ അമ്മാമ്മമാരുടെ വാതിലിനു പുറകിൽ നിന്നുള്ള "അതേ ഒന്നിങ്ങോട്ടു വരൂന്നേ" വിളിയുടെ പോലെയാകും.
പക്ഷെ എന്തൊക്കെയാണെങ്കിലുംഎന്തൊക്കെ മോഡേൺ ജീവിതരീതികൾ പറഞ്ഞിട്ടും, സംഗതി ധന്യ ജോലിക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചു. മോഡേൺ ജീവിതരീതി എന്ന് പറഞ്ഞാൽ ഒന്നുകിൽ കൊച്ചിനെ ഡേ കെയറിൽ ആക്കണം. അല്ലെങ്കിൽ "വർക്ക് ഫ്രം ഹോം" ചെയ്യണം. കുറച്ചു ടെക്നോളജി ഉപയോഗിച്ച് വീട്ടിൽ ചെയ്യുന്ന കാര്യങ്ങളായ കുക്കിംഗ്, ക്ലീനിങ് ഒക്കെ സ്പീഡ് ആക്കേണ്ടി വരും.അങ്ങനെ ജീവിക്കുമ്പോൾ സമ്പൂർണ ഓർഗാനിക് ആയി നെല്ല് വിതച്ചു അരിയുണ്ടാക്കി ഫുഡ് ഉണ്ടാക്കാൻ ഒന്നും പറ്റില്ല. പക്ഷെ അവസാനം, നരസിംഹത്തിൽ മോഹൻ ലാൽ പറയുന്നപോലെ "വെള്ളമടിച്ചു കോൺ തിരിഞ്ഞു പാതിരാക്ക് വീട്ടിൽ വന്നു കേറുമ്പോ ചെരുപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും, തുലാവര്ഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും, എൻ്റെ കുഞ്ഞുങ്ങളെ പെറ്റ് പോറ്റാനും , ഒടുവിൽ ഒരുനാൾ വടിയായി തെക്കേപ്പറമ്പിലെ പുളിയൻ മാവിന്റെ വിറകിനടിയിൽ എരിഞ്ഞു തീരുമ്പോ നെഞ്ചു തല്ലി കരയാനും എനിക്കൊരു പെണ്ണിനെ" കിട്ടി. ഇനിയിപ്പോൾ പിന്നെ PhD യുടെ കാര്യം പറയാനില്ലല്ലോ. ഇപ്പോഴാണ് മനസിലായത് പണ്ടുള്ളവർ എന്തുകൊണ്ടാണ് പെമ്പിള്ളേരെ പഠിക്കാൻ ഒന്നും വിടാതെ പത്തു പതിനെട്ട് വയസായപ്പോൾ പിടിച്ചു കെട്ടിച്ചു വിട്ടിരുന്നതെന്ന്. വെറുതെ അവരെ സംശയിച്ചു. എല്ലാ പെണ്ണുങ്ങളും ഇങ്ങനെയല്ല എന്നറിയാം. സ്ത്രീവിരുദ്ധത പറഞ്ഞു ആരും വരരുത് പ്ളീസ്. എന്തായാലും രാവും പകലും ഓവർ ടൈമും ഒക്കെ ജോലിയെടുത്തു പെൺപിള്ളേരെ പഠിപ്പിക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാകട്ടെ.
കഴിഞ്ഞ വിവാഹവാർഷിക പോസ്റ്റ് വായിച്ചവർക്ക് ഏറെക്കുറെ പിടികിട്ടിക്കാനും മൊത്തത്തിൽ ഒരു ചായ്‌വ് ഇവിടെത്തന്നെ ഗ്രീൻ കാർഡ് എടുത്തു കൂടാനാണ് എന്ന്. അതിനെ പറ്റി ഞാൻ ഘോരഘോരം റിസർച്ച് നടത്തി. അമേരിക്ക എത്ര കാലം ഇതുപോലെ നിൽക്കും? ഇന്ത്യ വികസിക്കുന്നത് കൊണ്ട് അവിടെ സോഫ്റ്റ്‌വെയർ എന്തെങ്കിലും സാധ്യത ഉണ്ടോ? നാട്ടിൽ വന്നു ഒരു കല്യാണം കഴിഞ്ഞു 2 കുട്ടികളുള്ള പെണ്ണ് കാലത്തു 10 മണി പോട്ടെ 9 മണിവരെ കിടന്നുറങ്ങിയാൽ എന്തൊക്കെ സംഭവിക്കും? ചോറും കറിയും ഒന്നും ഇല്ലാതെ ബ്രെഡും ജാമും വെച്ച് എത്രകാലം ജീവിക്കാൻ പറ്റും? നാട്ടിൽ ഒരാണ് മുറ്റമടിക്കുകയും, വീട് അടിച്ചു വാരുകയും ചെയ്യുമ്പോളുള്ള പ്രതികരണങ്ങൾ, കുട്ടികളെ ഏറ്റവും കൂടിയ ഫീസ് വാങ്ങിക്കുന്ന സ്‌കൂളിൽ വിടാതെ ഒരുവിധം നന്നായി ഓടുന്ന സർക്കാർ സ്‌കൂളിൽ വിട്ടാലുള്ള പ്രശ്നങ്ങൾ, ഏതു സ്കൂളിൽ വിട്ടാലും "റീപ്രൊഡക്ടിവ് ബയോളജി" കുട്ടി എങ്ങിനെ പഠിക്കും, പഴയപോലെ ടീച്ചർമാർ ആ പാഠഭാഗം വരുമ്പോൾ ബീപ്പ് വെച്ച് വിടുമോ, അങ്ങനെയെങ്കിൽ കുട്ടി തെറ്റായ കാര്യങ്ങൾ കൂട്ടുകാരുടെ അടുത്തുനിന്നു അല്ലെങ്കിൽ , നാട്ടിലെ ഗുരുക്കന്മാരുടെ അടുത്ത് നിന്നോ പഠിച്ചു വഴി തെറ്റില്ല, പള്ളിയിൽ പോയില്ലെങ്കിലുള്ള, വിശ്വാസിയാകാതെ ജീവിക്കാനുള്ള പ്രശ്‍നങ്ങൾ അപ്പൻ പോകാത്തതുകൊണ്ട് നന്നായി അറിയാം. അങ്ങനെ പലതും. അങ്ങനെ റിസർച്ച് നടത്തി അമേരിക്കയിൽ ഗ്രീൻകാർഡ്(GC ) കിട്ടി കൂടുന്നതാണല്ലോ, നാട്ടിൽ പോകുന്നതിനേക്കാൾ നല്ലതാണല്ലോ, നാട്ടിൽ പോയിട്ട് പിന്നെ തിരിച്ചു വരുന്നതിനേക്കാൾ നല്ലതാണല്ലോ എന്ന് ധന്യയോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജിൽ വരുന്ന വാർത്തകളുടെ തലക്കെട്ട് പോലെ ഞെട്ടിക്കുന്നതായിരുന്നു.
"ഗ്രീൻകാർഡ് കിട്ടിയാൽ ഇവിടെ കൂടാം, അല്ലെങ്കിൽ നാട്ടിൽ പോണമല്ലോ"
ഇതിനാണ് ഞാൻ റിസേർച്ചിയത്. സംഗതി അങ്ങനെ ഒരു തീരുമാനമായി.
കുറേകാലമായി മുടങ്ങികിടന്നിരുന്ന ഒരു ചടങ്ങാണ് നാട്ടിൽ പോകുക എന്നത്. ജെറിനെ ഒരു മിനിറ്റ് കടയിൽ കാണാതായാൽ ഞങ്ങൾക്ക് ഉണ്ടാകുന്ന ഒരു അവസ്ഥ പോലെയല്ല എങ്കിലും ഞങ്ങളെ 5 കൊല്ലങ്ങൾ ആയി കാണാതെ നാട്ടിലുള്ളവർക്ക് എങ്ങിനെയായിരിക്കും എന്ന് ഊഹിക്കാം. വിസയുടെയും, തിരിച്ചു വരാൻ പറ്റുമോ എന്നുള്ള സംശയങ്ങളുടെയും പേരിലാണ് പോകാതിരുന്നത്. ഇപ്പോൾ എന്തായാലും കുറച്ചു ധൈര്യത്തിൽ അടുത്ത ഏപ്രിൽ മാസത്തിൽ പോകാൻ തന്നെ തീരുമാനിച്ചു.