2021, ജൂൺ 12, ശനിയാഴ്‌ച

ക്ലബ് ഹൌസിലെ ദൈവസങ്കൽപം

ഈ പോസ്റ്റ് ദൈവം എന്ന വളരെ പെട്ടെന്ന് വികാരം വ്രണപ്പെടാൻ സാധ്യതയുള്ള വിഷയത്തെ പറ്റിയാണ്. വികാരം വ്രണപ്പെടാൻ സാധ്യതയുള്ളവർ ദയവു ചെയ്തു താഴേക്ക് വായിക്കാതിരിക്കുക.

ഞാൻ എന്തിനു ആണ് ഇത് എഴുതുന്നത്? വേറെ പണിയില്ലേ മാഷെ?

ഈ ദൈവത്തെ പറ്റി പറയുന്നത് മറ്റുള്ളവരുടെ വെറുപ്പ്, ചുരുങ്ങിയപക്ഷം ഇഷ്ടക്കേട് വാങ്ങുന്ന പരിപാടിയാണ്. നമ്മൾ നമ്മുടെ ചക്കര ദൈവത്തെ പറ്റി പറഞ്ഞാൽ അത് മറ്റു ദൈവ വിശ്വാസികളിൽ ഇഷ്ടക്കേട് ഉണ്ടാക്കും. മൊത്തത്തിൽ ദൈവസങ്കല്പത്തെ പറ്റി അത് ശരിയല്ലന്നു പറഞ്ഞാൽ എല്ലാത്തരം ദൈവ വിശ്വാസികളും ഒത്തു ചേർന്ന് നമ്മളെ ഇഷ്ടപ്പെടാതിരിക്കും. അതുകൊണ്ട് "എൻ്റെ ദൈവ സങ്കൽപം @ 30 വയസ്" എന്ന അഞ്ച് കൊല്ലങ്ങൾ മുൻപ് ചെയ്ത ഒരു പോസ്റ്റോടു കൂടി നിര്ത്താം എന്ന് വെച്ചതാണ്. എന്തിനാണ് ഈ വയ്യാവേലി, നമുക്ക് വേറെ എന്തോരം കാര്യങ്ങൾ ചെയ്യാൻ ഉണ്ട്?

പക്ഷെ അത് പുനർചിന്തനം ചെയ്യേണ്ടി വന്നത് പത്തേഴുപത് വയസുള്ള അപ്പന് അതും സാധാരണ മലയാളിക്ക് ആവയസിൽ വരുന്ന എല്ലാവിധ അസുഖങ്ങളും ഉള്ള ആൾക്ക് കോവിഡ്-19 വന്നതിനു ശേഷമാണു. അത്യാവശ്യം സീരിയസ് ആയി വീട്ടിൽ കിടക്കുന്നു. കേരളത്തിൽ രണ്ടാം തരംഗം പീക്കിൽ നിൽക്കുന്ന സമയമാണ്. ഓക്സിജൻ ലെവൽ കുറയുന്നു. എങ്ങോട്ടു കൊണ്ട് പോകണം, സർക്കാർ മതിയോ, പ്രൈവറ്റ് എടുക്കുമോ. അവിടെ പോയാൽ അവിടെയുള്ള ബാക്കി രോഗികളിൽ നിന്നും കൂടെ വീണ്ടും ഇങ്ങോട്ടു പിടിക്കുമോ, ആരോഗ്യ പ്രവർത്തകർക്ക് നല്ല വർക്ക് ലോഡ് ഉള്ളതുകൊണ്ട് പരിചരണം കിട്ടുമോ എന്നിങ്ങനെയൊക്കയാണ് ചർച്ചകൾ. വീട്ടിൽ ആർക്കും ഉറങ്ങാൻ പറ്റുന്നില്ല. എനിക്ക് ഇവിടെയും. അങ്ങനെ ഇരിക്കുന്ന ഒരു ദിവസം വീട്ടിലേക്ക് വിളിച്ചപ്പോൾ, വീട്ടിൽ മൊത്തം പൊക. കട്ടപ്പുക. വാതിൽ അടച്ചിട്ടിരിക്കുന്നു. ചോദിച്ചപ്പോൾ ഏതോ വാട്സ്സാപ്പ് യൂണിവേഴ്സിറ്റിയിൽ വന്ന ഫോർവേഡ് കണ്ടു എന്തോ ഒക്കെ ഇട്ടു പുകച്ചിരിക്കുകയാണ്. ചിരിക്കണോ കരയണോ എന്ന് അറിയാത്ത മിനിഷങ്ങൾ. ഞാൻ ഫാമിലി ഗ്രൂപ്പുകളിൽ വരുന്ന ചില ഫോർവേഡ് പൊളിക്കാൻ ശ്രമിക്കാറുണ്ട് എങ്കിലും  അതുവരെ എൻ്റെ ഒരു ധാരണ ഈ കേശവമാമ്മ ഫോർവേഡ് ചുമ്മാ അങ്ങ് തമാശക്ക് ആയിരുന്നു എന്നായിരുന്നു. ചുരുങ്ങിയ പക്ഷം വിദ്യാഭ്യാസം ഉണ്ടെന്നു കരുതുന്ന എൻ്റെ വീട്ടുകാരും, ബന്ധുക്കാരും, നാട്ടുകാരും എങ്കിലും അത് കാര്യമായി എടുക്കുന്നില്ല എന്നായിരുന്നു.

അപ്പനെ പിന്നീട് ഹോസ്പിറ്റലിൽ ഒരാഴ്ച അഡ്മിറ്റ് ആക്കി, ഇപ്പോൾ സുഖം പ്രാപിച്ചു പഴയ ആരോഗ്യം വീണ്ടെടുത്ത് വരുന്നു.

അങ്ങനെ പുകച്ചതിനു കുറ്റം പറയുകയല്ല. നല്ല ഒരു ഉദ്ദേശത്തിൽ ആണ് അത് ചെയ്തത്. അതുപോലെ ഫോർവേഡ് ചെയുന്ന കേശവമാമ്മമാരും അത് ദുരുദ്ദേശത്തിൽ ചെയ്യുന്നതല്ല. 

പ്രശ്നം എന്താണ് എന്ന് വെച്ചാൽ ഒരാൾ നമ്മളോട് നല്ല കാര്യം ആണെന്ന് പറയുമ്പോൾ (പണ്ട് നേരിട്ട് പറയും ഇപ്പോൾ ഫോർവേഡ്)  നമുക്കത് നല്ലതാണോ അല്ലയോ എന്ന് ചിന്തിക്കാൻ ഉള്ള ഒരു വാസനയില്ല. പണ്ട് ഇന്റർനെറ്റ് കൈപ്പിടിയിൽ ഇല്ലാതിരുന്ന കാലത്തു, ഇങ്ങനെ ഒരു പ്രശ്നം വരുമ്പോൾ നമുക്ക് ആ കാര്യത്തിൽ റിസർച്ച് ചെയ്യാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു. ഒരു വഴി ലൈബ്രറിയിൽ പോയി ബുക്കുകൾ എടുത്തു വായിക്കുകയാണ്. കുറച്ചു പേർക്കേ ലൈബ്രറി എന്ന സൗഭാഗ്യം ഉണ്ടായിരുന്നുള്ളൂ. ഇനി അങ്ങനെ ലൈബ്രറി ഉണ്ടെങ്കിൽ തന്നെ നമ്മുടെ വിഷയത്തിൽ പുസ്തകങ്ങൾ ഉണ്ടാവണം എന്നില്ല. ഇനിയിപ്പോൾ ഉണ്ടെങ്കിൽ തന്നെ അത് പുതിയത് ആകണം എന്നില്ല. കാരണം എന്തെങ്കിലും കണ്ടു പിടിച്ചു, അത് പുസ്തക രൂപത്തിൽ ആക്കി നമ്മുടെ ലൈബ്രറിയിൽ എത്താൻ സമയം എടുക്കും. കോവിഡ് പോലുള്ള വളരെ പെട്ടെന്ന് വിവരങ്ങൾ മാറുന്ന ഒരു കാര്യത്തിൽ ഇത് ഒരിക്കലും പറ്റില്ല. ഇനി ഇതൊക്കെ നടന്നാൽ തന്നെ വളരെയധികം സമയം നമ്മൾ അതിനു വേണ്ടി ചിലവാക്കണം. പണ്ട് ഉണ്ടായിരുന്ന വേറെ ഒരു ഉപാധി നമ്മൾ ആ വിഷയത്തിൽ പാണ്ഡിത്യം ഉള്ള ഒരാളെ കണ്ടു പിടിച്ചു അയാളോട് ചോദിക്കുകയാണ്. എല്ലാവര്ക്കും അങ്ങനെ ഒരാളെ കണ്ടുപിടിക്കാൻ പറ്റി എന്ന് വരില്ല. അതുപോലെ അയാളെ അങ്ങ് വെറുതെ കിട്ടില്ല. ഫീസ് ഉണ്ടാകും. അല്ലെങ്കിൽ അയാൾ എങ്ങിനെ ജീവിക്കും? അപ്പോൾ പണ്ട് ഉണ്ടായിരുന്ന ഒരു വഴി ആരെങ്കിലും ഒക്കെ പറയുന്നത് വിശ്വസിക്കുകയാണ് കിട്ടിയാൽ ഊട്ടി എന്ന ഒരു ലൈൻ. കുറ്റം പറയാൻ പറ്റില്ല. പക്ഷെ ഇപ്പോൾ കാലം മാറി. ഒരു വിഷയത്തിൽ എന്തും ഇന്റർനെറ്റിൽ കിട്ടും. ഒട്ടുമുക്കാൽ എല്ലാവര്ക്കും ഇന്റർനെറ്റ് ഉണ്ട്. എന്നിട്ടും ആളുകൾ മാറുന്നില്ല.

ഇത് എൻ്റെ അപ്പന്റെ കാര്യത്തിൽ സംഭവിച്ച ഒരു കാര്യമാണ്. നാളെ എൻ്റെ ജീവന്റെ കാര്യത്തിലും, മക്കളുടെ കാര്യത്തിലും സംഭവിക്കാം.

ഇവിടെയാണ് ദൈവ വിശ്വാസത്തിന്റെ പ്രശ്നം വരുന്നത്. എന്ത് കൊണ്ട് ആളുകൾ മാറുന്നില്ല. അവർ പിന്നെയും വിശ്വസിക്കാനുള്ള ത്വര കാണിക്കുന്നു? ചെറുപ്പം മുതലേ ഉള്ള വിശ്വാസം അവരെ ഈ വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയിൽ വരുന്ന കേശവമാമ ഫോർവേഡുകൾ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു. ഇതിനെ വേണമെങ്കിൽ 'സ്‌ട്രൊ മാൻ' വാദം എന്നും പറഞ്ഞു തള്ളാം. എനിക്കൊന്നും പറയാനില്ല. എന്തായാലും ഞാൻ എഴുതാം എന്ന് വെച്ചു.

ആമുഖം

ചുരുങ്ങിയത് ഇന്ത്യൻ സാഹചര്യത്തിൽ നമ്മളെ വളരെയധികം ബാധിക്കുന്ന അതായത് നമ്മുടെ വളരെയധികം വിഭവങ്ങൾ ആവശ്യമുള്ള ഒന്നാണ് ദൈവം. ചിലർ പറയും എൻ്റെ മനസിലാണ് ഈ സംഗതി. അങ്ങനെയുള്ളത് കുഴപ്പമില്ല. അവർ അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ. അത്അല്ലാതെ നമ്മൾ സാധാരണ കാണുന്ന എന്ത് കഴിക്കണം അല്ലെങ്കിൽ അരുത്, ആരെ കല്യാണം കഴിക്കണം, ചികിത്സ കൊടുക്കണോ വേണ്ടയോ, നമ്മൾ അധ്വാനിച്ചു ഉണ്ടാക്കുന്ന പണം ചെലവാക്കേണ്ടി വരുന്ന, നമുക്ക് കുടുംബത്തോട് ഒപ്പം അല്ലെങ്കിൽ വേറെ ഏതെങ്കിലും രീതിയിൽ സന്തോഷിക്കാനാവുന്ന സമയം അപഹരിക്കുന്ന ദൈവങ്ങൾ എന്ന സങ്കൽപം ആണ് നമ്മൾ ചിന്തിക്കേണ്ടത്. ദൈവം എന്നത് മാത്രം ആണ് ഇവിടെ എടുക്കുന്നത്. അത് കഴിഞ്ഞു വേണമല്ലോ മതം. ദൈവം ഇല്ലെങ്കിൽ പിന്നെ കഴിഞ്ഞില്ലേ. അതുകൊണ്ട് മതം ഇപ്പോൾ എടുക്കുന്നില്ല.

ഇതിൽപറയാൻ പോകുന്ന ദൈവം ഉണ്ടെന്ന വാദങ്ങൾ ക്ലബ് ഹൌസ് എന്ന പുതിയ ശബ്ദ സംഭാഷണത്തിൽ ഊന്നിയ സാമൂഹിക മാധ്യമത്തിൽ നിന്നും കിട്ടിയതാണ്. ലോകത്തുള്ള എല്ലാ വാദങ്ങളും ഇവിടെ കാണില്ല. എന്തെങ്കിലും പുതുതായി ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ ചേർക്കാം.   

എങ്ങിനെയാണ് തെളിയിക്കേണ്ടത്

രണ്ടു വ്യക്തികൾ, അല്ലെങ്കിൽ ആശയങ്ങൾ  തമ്മിൽ ഒരു കാര്യത്തെ പറ്റി തർക്കിക്കുമ്പോൾ ആ തർക്കം പരിഹരിക്കണം എങ്കിൽ രണ്ടു കൂട്ടരും അംഗീകരിക്കുന്ന ഒരു മാനദണ്ഡം വേണം. ഉദാഹരണം ആയി ഒരു പാത്രത്തിൽ എന്തോരം വെള്ളം ഉണ്ട് എന്നാണ് തർക്കം എങ്കിൽ രണ്ടു പേരും 'ദ്രാവകങ്ങൾ അളക്കേണ്ടത് ലിറ്റർ എന്ന ഒരു സങ്കേതത്തിൽ വെച്ച് ആണ്' എന്ന് സമവായം വേണം. അല്ലെങ്കിൽ ഒരാൾ സെന്റിമീറ്റർ വെച്ചും മറ്റെയാൾ മിനിറ്റു വെച്ചും അളക്കും. എങ്ങും എത്തില്ല. 

ഇവിടെ സയന്റിഫിക്മെത്തേഡ് എന്ന ഒരു സങ്കേതം വെച്ചാണ് അളക്കാൻ ശ്രമിക്കുന്നത്. ഇതിനെ പറ്റി അറിയില്ല എങ്കിൽ, ഒന്ന് ഗൂഗിൾ ചെയ്യുന്നത് ഇനിയുള്ള കാര്യങ്ങൾ വായിക്കാൻ നന്നായിരിക്കും. ധാരാളം മലയാളം വിഡിയോകൾ മലയാളത്തിൽ ഉണ്ട്. ഈ മെത്തേഡ് വെച്ച് ഒരു കാര്യം തെളിയിക്കണമെങ്കിൽ ആ കാര്യം തെറ്റാണെന്നു തെളിയിക്കാൻ പറ്റുന്ന ഒരു സാധ്യത ഉള്ളതായിരിക്കണം. അതുപോലെ ആര്, എവിടെ വെച്ച് വേണമെങ്കിലും ഇതിനു വേണ്ട സാഹചര്യം ഉണ്ടാക്കി തെളിയിക്കാൻ ശ്രമിച്ചാലും തെളിയിക്കാൻ പറ്റണം.

ഈ മെത്തേഡ് ഇപ്പോഴും അംഗീകരിക്കാത്തവർ ഉണ്ട്. അവർ ഇനി താഴേക്ക് വായിച്ചിട്ട് എന്തെങ്കിലും ഗുണം ഉണ്ടെന്നു തോന്നുന്നില്ല.

ആരാണ് തെളിയിക്കേണ്ടത് 

തത്വചിന്ത വെച്ച് തെളിവ് കെടുക്കേണ്ട ബാധ്യത ഒരു പ്രത്യേക വാദം മുന്നോട്ട് വെക്കുന്ന ഭാഗത്തിന് ആണ്. അല്ലാതെ മറുഭാഗത്തിനു അല്ല. അല്ലെങ്കിൽ ആർക്കും എന്തും പറയാം. ബാക്കിയുള്ളവർ ഇല്ലെന്ന് തെളിയിക്കാൻ കഷ്ടപ്പെടും. ഇവിടെ ദൈവം ഉണ്ടെന്നു പറയുന്നവർ ആണ് തെളിയിക്കേണ്ടത്.

ഇങ്ങനെയല്ല ഞാൻ എനിക്ക് തോന്നിയ വാദം വെക്കും മറ്റുള്ളവർ വേണേൽ ഇല്ലെന്ന് തെളിയിക്ക് എന്ന രീതിയിൽ ചിന്തിക്കുന്നവരും താഴേക്കു പോയിട്ട് കാര്യമില്ല.

ഇനി ഓരോന്നായി നോക്കാം.

സയൻസ് വച്ച് അളക്കാൻ പറ്റില്ല

ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ എന്ന മട്ടിലുള്ള ദൈവം. പക്ഷെ വാദം അവിടെ നിൽക്കില്ല, എൻ്റെ അനുഭവത്തെ മറ്റുള്ളവരും അംഗീകരിക്കണം. അതുപോലെ സയൻസ് ഇത് ടെസ്റ്റ് ചെയ്യാൻ മാത്രം വളർന്നിട്ടില്ല.

മറുവാദം

സയൻസ് വെച്ച് ആണ് അളക്കുന്നത് എന്ന് മുൻപേ പറഞ്ഞു. എന്നിട്ടും ഈ പറയുന്നതിൽ അർത്ഥമില്ല എങ്കിലും നമുക്ക് എടുക്കാം. ഞാൻ മാത്രം എങ്കിൽ പ്രശ്നമില്ല. പക്ഷെ അതിനെ മറ്റുള്ളവരും അംഗീകരിക്കണം എന്ന് പറയുമ്പോൾ ആണ് പ്രശ്നം. സയൻസ് വെച്ച് നോക്കുമ്പോൾ ഒരു കാര്യം തെറ്റാണ് എന്ന് തെളിയിക്കാൻ പറ്റണം. എന്നാലേ ഒരു പരികല്പന (hypothesis) ആയിട്ട് എടുത്തു നോക്കൂ. അതുപോലെ ആവർത്തിക്കാൻ പറ്റണം.

തലച്ചോറിന്റെ സ്കാൻ എടുത്തു എന്താണ് എന്ന് സംഭവിക്കുന്നത് എന്ന് കണ്ടു പിടിക്കാൻ പറ്റുമോ എന്നറിയില്ല. അതുപോലെ അതെ അനുഭവം ഏതെങ്കിലും സാങ്കേതിക വിദ്യ (രാസ അല്ലെങ്കിൽ എന്തെങ്കിലും വൈദ്യുത തരംഗങ്ങൾ) ഉപയോഗിച്ച് വീണ്ടും ഉണ്ടാക്കാൻ പറ്റുമോ എന്നും.

ഇനി എങ്ങാനും സയൻസ് അത് കണ്ടു പിടിച്ചാൽ, ദൈവം അവിടെ നിന്നും മാറും. മൊത്തത്തിൽ ഇത് എടുക്കാൻ പറ്റില്ല.
 
റസ്സൽസ് ടീപോട്ട് എന്നൊരു ഉദാഹരണമാണ് സാധാരണ ഇത് പറഞ്ഞു മനസിലാക്കാൻ ഉപയോഗിക്കുന്നത്.

സയൻസ് മാറുന്ന ഒന്നാണ്, അത് പറ്റില്ല

സയൻസ് മാറിക്കൊണ്ടിരിക്കുന്ന കാര്യമാണ്. ഇന്ന് ശരി, നാളെ തെറ്റാകുന്നു. അതുകൊണ്ട് അത് വെച്ച് ദൈവത്തെ തെളിയിക്കാൻ പറ്റില്ല.

മറുവാദം

സയന്റിഫിക് രീതി മാറുന്ന ഒന്നല്ല. അത് ഉപയോഗിച്ച് കണ്ടു പിടിക്കുന്ന വസ്തുതകൾ ആണ് മാറുന്നത്. അത് മാറുന്നത് അതിനേക്കാൾ നല്ലത് കണ്ടു പിടിക്കുന്നത് കൊണ്ടാണ്. അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ കൃത്യത വേണ്ടത് കൊണ്ടാണ്.

ഉദാഹരണമായി ഇന്നലെ ഗ്രാമങ്ങൾക്കിടയിൽ കിലോമീറ്ററിൽ ആണ് ദൂരം അളന്നത്. അന്ന് അത് മതിയായിരുന്നു. ഇന്ന് ഒരു വീട് പണിയുമ്പോൾ മീറ്റർ ഉപയോഗിക്കുന്നു. നാളെ അത് നാനോ ടെക്നോളജിയിൽ വേറെ ആയിരിക്കും. ഇവിടെ നോക്കേണ്ട കാര്യം, നാളെയും രണ്ടു ഗ്രാമങ്ങൾക്ക് ഇടയിൽ ഉള്ള ദൂരം കിലോമീറ്ററിൽ തന്നെ അളക്കാം.
അതുപോലെ പണ്ട് ഉപയോഗിച്ച മരുന്നുകളേക്കാൾ ശേഷി കൂടിയ, പാർശ്വഫലങ്ങൾ കുറഞ്ഞ മരുന്ന് ഇന്ന് വരുമ്പോൾ പുതിയത് ഉപയോഗിക്കുന്നു. നാളെ വ്യക്തിഗതമായി (personalized) ഉണ്ടാക്കിയ മരുന്നുകൾ വരും. അന്നേരം ഇന്നത്തെ ജനറൽ ആയി കൊടുക്കുന്ന മരുന്നുകൾ നിറുത്തും.

മൊബൈൽ ഫോൺ, ടീവീ ഒക്കെ ഈ ഒരു സയന്റിഫിക് രീതി വച്ചാണ് മാറുന്നത്. അല്ലെങ്കിൽ പഴയ ലാൻഡ് ഫോണിലും, CRT ടിവിയിലും ഇരുന്നെന്നെ. അതുപോലെ വീണ്ടും വീണ്ടും പരീക്ഷിക്കുമ്പോൾ മുൻപ് ചെയ്തതിന് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ (കണക്കു കൂട്ടിയതിലോ, അല്ലെങ്കിൽ സാഹചര്യം സൃഷ്ടിച്ചതിലോ)  അത് തെറ്റാണു എന്ന് പറയും.

ഒരുകാര്യം പരീക്ഷണങ്ങൾക്ക് അനുസരിച്ചു നല്ലതിന് വേണ്ടി മാറ്റുന്നത് സയൻസിന്റെ നല്ല കാര്യമാണ്.

ലോകോത്തര ശാസ്ത്രജ്ഞന്മാർ ദൈവ വിശ്വാസികൾ ആണ്

ലോകത്തു പേരെടുത്ത പല ശാസ്ത്രജ്ഞന്മാർ ദൈവ വിശ്വാസികളോ, ആജ്ഞേയവാദികളോ ആണ്. അവർ പലരും പറയുന്നത് അവർക്ക് ദൈവം സ്വപ്നത്തിലൂടെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ട് എന്നാണ്. അവർ അങ്ങനെ പറയുമ്പോൾ നമ്മൾ എന്തിനു മാറി ചിന്തിക്കണം? 

മറുവാദം

ഇത് ഒരു തരം ചെറി പിക്കിങ് എന്ന ന്യായ വൈകല്യം ആണ്. ശാസ്ത്രജ്ഞന്മാരിൽ ദൈവം ഇല്ലെന്ന് പറയുന്നവരും ഉണ്ട്. അവരെ എടുക്കാതെ ഉണ്ടെന്നു പറയുന്നവരെ മാത്രം എടുക്കുന്നു. അത് പോട്ടെ.

പിന്നെ അവർ ചെയ്യുന്നത് സയന്റിഫിക് മെത്തേഡ് വെച്ചിട്ട് ആണ്. കിട്ടുന്ന വെളിപാടുകൾ അതേപടി ചുമ്മാ അങ്ങ് പറയുന്നില്ല. ഒരാൾ ദൈവം തന്നതാണ് എന്നും പറഞ്ഞു, ഒരു പേപ്പർ പിയർ റിവ്യൂക്ക് തന്നാൽ വിശ്വസിക്കുന്നവർ പോലും അത് ഇഴ കീറി പരിശോധിക്കും. ശരിക്കും അവർക്ക് ദൈവം ഉണ്ടെന്നു അറിയും എങ്കിൽ അവർ ഈ മെത്തേഡ് വഴി തന്നെ തെളിയിച്ചേനെ.

പിന്നെ ഈ സ്വപ്നത്തിന്റെ കാര്യം. നമ്മൾ ഒരു കാര്യത്തിൽ കുറെയധികം നേരം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നമ്മൾ അതെ കാര്യം സ്വപ്നം കാണാനും. അതിനെ പറ്റി സ്വപ്നത്തിൽ ചിന്തിക്കാനും സാധ്യതയുണ്ട്. അതിൽ നിന്നും പല ഉത്തരങ്ങളും കിട്ടാം. പണ്ട് കാലത്തു നായാട്ടിനു പോയവർക്ക് ഉറക്കത്തിലും പ്രാക്ടീസ് പോലെ ഒരു നേട്ടം കിട്ടിയിരിക്കും. അതുപോലെ മറ്റുള്ളവർക്ക് മുൻപിൽ ഒരു കാര്യം അവതരിപ്പിച്ചു അവരെ നമ്മുടെ ഭാഗത്തു ചേർത്ത് നിർത്താൻ നമുക്ക് അവർ എങ്ങിനെയൊക്കെ നമ്മളോട് പ്രതികരിക്കും എന്നും അത് നമുക്ക് എങ്ങിനെ അവരെ പറഞ്ഞു ശരിക്കാം എന്നും വളരെയധികം പ്രാക്ടീസ് ചെയ്യേണ്ടത് ഉണ്ട്. നമ്മൾ ഉറങ്ങുമ്പോൾ സ്വപ്നത്തിന്റെ രൂപത്തിൽ ആ പ്രാക്ടീസ് നടക്കുന്നവർക്ക് പരിണാമത്തിന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ നേട്ടമുണ്ട്. അവരുടെ തലമുറ മറ്റുള്ളവരേക്കാൾ കൂടുതൽ അതിജീവിക്കാൻ ഉള്ള സാധ്യത ഉണ്ട്.

ഇനി കുറച്ചു ജാഡക്ക് എൻ്റെ കാര്യം പറയാം. ഞാൻ ദിവസം മുഴുവൻ പ്രോഗ്രാമിലെ ബഗ്ഗ് എവിടെ എന്ന് നോക്കി നടന്നിട്ട് കിട്ടാത്തത് സ്വപ്നത്തിൽ കിട്ടിയിട്ടുണ്ട്. അതുപോലെ എങ്ങിനെ സോഫ്റ്റ്‌വെയറിൽ ക്ലയന്റ് പറഞ്ഞ കാര്യം ചെയ്തു കുത്തികയറ്റും എന്ന് ഒരു അന്തവും കുന്തവും ഇല്ലത്തെ ഇരിക്കുന്ന കാര്യങ്ങൾക്ക് സ്വപ്നത്തിൽ ഒരു വഴി തെളിഞ്ഞു വരാറുണ്ട്. എല്ലാത്തിനും കിട്ടുന്നുണ്ട് എന്നല്ല. ചിലപ്പോഴൊക്കെ. അതും വിചാരിച്ചു ഞാൻ പീരിയോഡിക് ടേബിൾ ഓർഡർ സ്വപ്നത്തിലൂടെ  കിട്ടിയ ആളെ പോലെയാണ് എന്നല്ല. ഇതൊരു ദൈവീക കാര്യമല്ല എന്നാണ്.

ഗോഡ് ഓഫ് ദി ഗാപ്സ്

ബിങ് ബാങിന് മുൻപ് എന്താണ് എന്ന് സയൻസിനു അറിയില്ല. പ്രപഞ്ചത്തിന്റെ 93 ബില്യൺ പ്രകാശ വർഷങ്ങൾ എന്ന വ്യാസവും, 13.8 ബില്യൺ വർഷങ്ങൾ കൊണ്ട് പ്രകാശത്തിനു സഞ്ചരിക്കാനാവുന്ന ദൂരവും സമമല്ല. Quantum entanglement മുഴുവനായി അറിയില്ല. ആദ്യത്തെ ജീവൻ ഉണ്ടായത് എങ്ങിനെയാണ്  (Abiogenesis) എന്ന് സയൻസിനു പൂർണമായി അറിയില്ല. ഓക്സിജൻ എങ്ങിനെയാണ് ജീവന്റെ അടിസ്ഥാനമായത്?

ഇങ്ങനെ സയന്റിഫിക് രീതി ഉപയോഗിച്ചു ഇപ്പോഴും കണ്ടു പിടിച്ചിട്ടില്ലാത്ത കാര്യങ്ങൾ ഉള്ളതുകൊണ്ട് അതിനു പുറകിൽ ദൈവം ഉണ്ട്.

മറുവാദം

പണ്ട് കാലത്തു മഴവില്ല് എന്താണെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് അത് ദൈവം ഉണ്ടാക്കി. അതുപോലെ മഴ, പകർച്ചവ്യാധികൾ. മഴവില്ല് സയന്റിഫിക് രീതി വെച്ച് കണ്ടു പിടിച്ചു വിശദീകരിച്ചപ്പോൾ ദൈവം അടുത്ത ഗ്യാപ്പിലേക്ക് പോയി. സയന്റിഫിക് രീതി ഉപയോഗിച്ച് മുകളിലെ വാദത്തിൽ പറഞ്ഞ ബിഗ് ബാംഗും, ആദ്യ ജീവൻ ഉണ്ടായതും വിശദീകരിച്ചാൽ തന്നെ ദൈവം പിന്നീട് അന്നത്തെ അറിയാത്ത കാര്യത്തിലേക്ക് പോകും. വാദങ്ങളിൽ പറഞ്ഞ പലതും ഇപ്പോൾ നല്ലരീതിയിൽ ഗവേഷണം നടക്കുന്ന മേഖലകൾ ആണ്. അതിനെ പറ്റി അറിയാവുന്നവർ വിശദീകരിക്കുന്നുണ്ടായിരുന്നു. എനിക്ക് അത് മനസിലാകാത്തത് കൊണ്ട് ഇവിടെ എഴുതി പിടിപ്പിക്കുന്നില്ല. കാര്യം സിമ്പിൾ ആയി മനസിലായി എന്ന് കരുതാം.

ഇനി ഒരു വാദത്തിനു വേണ്ടി പണ്ട് മഴവില്ല് ദൈവമാണ് ഉണ്ടാക്കിയത് എന്ന് വെച്ചാൽ ഉള്ള പ്രശ്നം കൂടി പറയണം. അങ്ങനെ വെച്ചാൽ പിന്നെ അവിടെനിന്നു ശരിക്കും ഉള്ള ഉത്തരത്തിനു വേണ്ടി ഒരു അന്വേഷണം ഉണ്ടാവില്ല. കാരണം ഒരു ഉത്തരം കിട്ടിയല്ലോ.

ക്രീയേഷനിസ്റ്റ് - ജീവന്റെ വൈവിദ്ധ്യം

മനോഹരമായ കണ്ണുകൾ, പകരം വെക്കാനില്ലാത്ത മനുഷ്യന്റെ തലച്ചോറ് ഒക്കെയുണ്ടല്ലോ. അത്രക്ക് പെർഫെക്റ്റ് ആയ സംഗതികൾ ഉണ്ടാവണമെങ്കിൽ ഒരു നിർമ്മാതാവ് വേണ്ടേ. അതുപോലെ ഒരു മരുഭൂമിയിൽ ബോയിങ് 747 നിർമിക്കാൻ വേണ്ട സാധനങ്ങൾ എല്ലാം കിടക്കുന്നുണ്ടെങ്കിൽ ഒരു കൊടുംകാറ്റ് വന്നാൽ തനിയെ പ്ലെയിൻ ഉണ്ടാകുമോ? എല്ലാത്തിനും ഒരു നിർമാതാവ് വേണ്ടേ?

മറുവാദം

ഒരു വാദത്തിനു ഒരു നിർമാതാവ് ഉണ്ടെന്നു പറഞ്ഞാൽ തന്നെ, അടുത്ത ചോദ്യം വരും ആ നിർമാതാവിനെ ആർ ഉണ്ടാക്കി? അപ്പോൾ ഈ വാദം ഉയർത്തുന്നവർ പറയും അത് വേണ്ട. ഒരു നിർമാതാവിൽ നിറുത്തണം. അതിനു പിന്നെ പ്രപഞ്ച നിയമങ്ങൾ ബാധകമല്ല. അതുപോലെ എന്തുകൊണ്ട് ഒരു നിർമാതാവ് എന്നും ചോദിക്കാം. രണ്ടോ,  മൂന്നോ അതിൽ കൂടുതലോ നിർമ്മാതാക്കൾ ആദ്യം തന്നെ ഈ പ്രപഞ്ചത്തിനു മുൻപേ പ്രപഞ്ച നിയമങ്ങൾ അനുസരിക്കാത്തവർ ഉണ്ടായിക്കൂടെ.

ഏലിയൻ ഗോഡ്സ്

ഭൂമിയിലെ പല സ്ഥലങ്ങളിലും ഗുഹകളിലെ അന്യഗ്രഹജീവി എന്ന് തോന്നിപ്പിക്കുന്ന ജീവികളുടെ ചിത്രങ്ങൾ ഉണ്ട്. അതുപോലെ ഈജിപ്തിലെയും,  മറ്റു സ്ഥലങ്ങളിലും ഉള്ള പിരമിഡുകൾ, ഇന്ത്യയിലെ അജന്ത എല്ലോറ ഗുഹ നിർമ്മിതി മനുഷ്യന് ഉണ്ടാക്കാൻ പറ്റില്ല. അതുകൊണ്ട് അന്യഗ്രഹ ജീവികൾ വന്നിട്ടുണ്ടാകാം അവർ ആകാം ദൈവം.

ഈ ഒരു വാദം ഞാൻ കുറേനാൾ കൊണ്ട് നടന്നതാണ്. എൻ്റെ പഴയ പോസ്റ്റിൽ പറയുന്നുണ്ട്.

മറുവാദം

ഇനി മനുഷ്യനെ സംബന്ധിച്ച് അന്യഗ്രഹ ജീവികൾ ആണ് ഉണ്ടാക്കിയത് അവരാണ് ദൈവമെന്ന് സമ്മതിച്ചാൽ തന്നെ, അവരെ ഉണ്ടാക്കിയ ദൈവം ആരെന്നു ചോദ്യം വരും. അല്ലെങ്കിൽ വരേണ്ടത് ആണ്. അപ്പോൾ നമ്മൾ വീണ്ടും പഴയ പ്രശ്നത്തിലേക്ക് എത്തും. ഇതിങ്ങനെ കറങ്ങും.

ചാൻസ് (എങ്ങാനും ബിരിയാണി കിട്ടിയാലോ?)

ഉണ്ടെങ്കിലോ? വിശ്വസിക്കുന്നത് അല്ലേ നല്ലത്. അല്ലെങ്കിൽ നരകത്തിൽ ഇട്ടു പൊരിക്കില്ലേ? അല്ലെങ്കിൽ അടുത്ത ജന്മത്തിൽ മനുഷ്യനല്ലാതെ ജനിക്കേണ്ടി വരില്ലേ?

മറുവാദം

നരകത്തിൽ ഇട്ടു പൊരിക്കും, അടുത്ത ജന്മത്തിൽ ജനിക്കും എന്നൊക്കെ പറയുമ്പോൾ അതിനും തെളിവുകൾ ഇല്ല. Xenoglossy,  പോലുള്ള കാര്യങ്ങൾ ഇതിലേക്ക് വലിച്ചിഴക്കുന്നു എങ്കിലും ഇതിനൊന്നും സയന്റിഫിക് മെത്തേഡ് വെച്ച് തെളിവില്ല.
പിന്നെ രണ്ടു ജന്മങ്ങൾക്ക് പൊതുവായി ഉള്ളത് ആത്മാവ് ആണല്ലോ. അതിനും തെളിവ് ഇല്ല.

ആര് നീതി തരും ?

നമ്മൾ മറ്റുള്ളവരോട് തെറ്റ് ഇവിടെ ചെയ്തതിനു, നമ്മളോട് അനീതി ചെയ്തവർക്ക് ഈ ലോകത്തിൽ ശിക്ഷ കിട്ടിയില്ലെങ്കിൽ പിന്നെ എവിടെ കിട്ടും? ആര് നീതി തരും? അതുകൊണ്ട് മരിച്ചതിനു ശേഷം വേറെ പരലോകം ഉണ്ട്. അവിടെ വെച്ച് വിധിക്കും, ശിക്ഷിക്കും.

മറുവാദം

കുറ്റം പറയാൻ പറ്റില്ല. ഇത് നമ്മുടെ ആഗ്രഹം മാത്രം ആണ്. ഒന്നാമത് അങ്ങനെ ഒരു ലോകം ഉണ്ടെന്ന് തെളിവില്ല. സയന്റിഫിക് ആയി തെളിയിക്കണം എങ്കിൽ അവിടെക്ക് നമുക്ക് പോയി വരാൻ പറ്റണം. ഒരാൾ ചുമ്മാ വന്നു പറഞ്ഞിട്ട് കാര്യമില്ല. ആവർത്തിക്കാൻ പറ്റണം.

അടുത്ത പ്രശ്നം മരിച്ചു കഴിഞ്ഞാൽ അവിടേക്ക് പോകുന്നത് എന്ത് രൂപത്തിൽ ആയിട്ടാണ് എന്നാണ്. ശിക്ഷ എന്ന രീതിയിൽ നമുക്ക് വേദന വേണം എങ്കിൽ ശരീരം വിത്ത് തലച്ചോറ് പോകണം. അവിടെ ആണല്ലോ വേദന എന്ന വികാരം ഉണ്ടാകുന്നത്. ആവി അല്ലെങ്കിൽ ആത്മാവ് പോയാൽ അതിനു എങ്ങിനെ വേദന എടുക്കും.

കർമ്മ സിദ്ധാന്തം

യുക്തിവാദി എന്ന് സ്വയം അവകാശപ്പെടുന്ന എൻ്റെ അപ്പൻ പോലും പറയുന്ന ഒരു പരിപാടി ആണിത്. നമ്മൾക്ക് കിട്ടുന്നത് നമ്മൾ ചെയ്തതിന് അനുസരിച്ചു ആണെന്ന്. അങ്ങനെ ചെയ്യാൻ ഒരു ദൈവം അല്ലെങ്കിൽ ഒരു ശക്തി വേണ്ടേ?

മറുവാദം

നമുക്ക് എന്തെങ്കിലും ചീത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ നമ്മൾ ആലോചിച്ചു കണ്ടു പിടിക്കുന്നത് ആണ് പണ്ടത്തെ നമ്മുടെ ഒരു തെറ്റ്. അതുപോലെ ഒരാൾക്ക് ബുദ്ധിമുട്ട് വരുമ്പോൾ നമ്മൾ ആലോചിച്ചു അയാളുടെ കുറ്റങ്ങൾ കണ്ടു പിടിച്ചു അതുകൊണ്ടാണ് അയാൾക്ക് അത് വന്നത്, കണക്കായിപ്പോയി എന്ന് കരുതുന്നു. കേരളത്തിൽ പ്രളയം വന്നപ്പോൾ നമ്മൾ കണ്ടതാണ് ഓരോ വിശ്വാസ രീതികൾ പിന്തുടരുന്ന വിശ്വാസികളും തങ്ങളോട് തെറ്റ് ചെയ്തതുകൊണ്ട് ആണ് ഇത് വന്നതെന്ന് സ്ഥാപിക്കാൻ ശ്രമിച്ചത്. ആദ്യത്തെ പ്രശ്നം എന്താണെന്നു വെച്ചാൽ നമ്മൾ ആ പ്രശ്നത്തെ പരിഹരിക്കാൻ ശ്രമിക്കാതെ അത് സംഭവിക്കേണ്ടത് ആണ്, നമ്മൾ അനുഭവിക്കേണ്ടത് ആണ് എന്ന് കരുതി ഇരുന്നു കളയും.

ചീത്ത കാര്യങ്ങൾ സംഭവിക്കുന്നത് പ്രായപൂർത്തി ആയ ആളുകൾക്ക് മാത്രം അല്ല. നിഷ്കളങ്കനായ പിച്ച വെക്കുന്ന കുട്ടിക്കും, ഗർഭവസ്ഥയുള്ള കുട്ടിക്കും സംഭവിക്കാം. അപ്പോൾ എന്ത് പറയും? ഒരു വാദത്തിനു അവരുടെ കഴിഞ്ഞ ജന്മത്തിൽ ചെയ്ത കുറ്റത്തിന് ആണെന്ന് പറയാം. ഇനി കുറച്ചു കൂടെ താഴേക്ക് പോയി ബീജത്തെ എടുക്കാം. അതിനും ജീവനുണ്ട് അതുകൊണ്ട് പൂർവജന്മം ഉണ്ടെന്നു വേണം കരുതാൻ. കാക്കത്തൊള്ളായിരം കോടി ബീജങ്ങൾ ആണ് ഓരോ ദിവസവും മരിക്കുന്നത്. ശരിക്കും നോക്കിയാൽ അത്രക്ക്അധികം മനുഷ്യർ പൂർവ്വജന്മത്തിൽ അതായത് ഈ ഭൂമിയിൽ മുൻപേ ജനിച്ചിട്ടുണ്ടോ? അത്രക്ക് പാപങ്ങൾ ഇവിടെ നടന്നിട്ടുണ്ടോ?

അത്ഭുതങ്ങൾ

ജാതകം, വസ്തു, നക്ഷത്രഫലം അങ്ങനെയുള്ള സംഗതികൾ ശരിയാകുന്നുണ്ട്. ദൈവരൂപം കരയുന്നു, അതിൽ നിന്നും മണം വരുന്നു. തോൽക്കും എന്ന് വിചാരിച്ച പരീക്ഷ പാസാകുന്നു. പുസ്തകങ്ങളിൽ പിന്നെ മൊത്തം അത്ഭുതങ്ങൾ ആണ്. അതുകൊണ്ട് ദൈവം അല്ലെങ്കിൽ ഒരു ശക്തിയുണ്ട്.

മറുവാദം

ഇവിടെയും ചെറി പീക്കിങ് എന്ന പരിപാടി ആണ് വില്ലൻ. പറയുന്ന പ്രവചനങ്ങളിൽ എന്തെങ്കിലും നടക്കുകയോ അതിനോടു സാദൃശ്യം ഉള്ളത് എന്തെങ്കിലും കണ്ടാലോ അത് എടുക്കുന്നു. നടക്കാത്ത ബാക്കിയുള്ളത് വിടുന്നു. പൂരം നാളുകാർക്ക് ഈ മാസം കല്യാണം എന്ന് പറഞ്ഞാൽ ആ നാളിൽ ജനിച്ച അഞ്ചാം ക്ലാസുകാരനും, 21 വയസു തലേ മാസം കഴിഞ്ഞ ഒരാൾക്കും, വർഷങ്ങൾ ആയി പെണ്ണ് കണ്ടു നടക്കുന്ന ആൾക്കും, പേരക്കിടാങ്ങൾ ഉള്ള ആൾക്കും ഒരേ പോലെ ഫലിക്കില്ല. കല്യാണം ആലോചിച്ചു നടന്ന ഒരാൾക്ക് നടന്നാൽ അയാൾ അത് മൊത്തം കൊട്ടിഘോഷിച്ചു നടക്കും. ബാക്കിയുള്ളവർ മിണ്ടില്ല.

ദൈവരൂപം കരയുന്നതും, പുസ്തകങ്ങളും എടുക്കുന്നില്ല. പരീക്ഷ പാസാക്കുന്നത് ഞാൻ പരീക്ഷിച്ചിട്ടുള്ളതുകൊണ്ട് എടുക്കാം. പണ്ട് ഓരോ പരീക്ഷക്കും ഞാൻ പഠിക്കാത്തതിന് അനുസരിച്ചു ഉയരുന്ന കാണിക്കയിടുന്ന ഒരു പ്രാർത്ഥനാരീതി ആയിരുന്നു. അങ്ങനെ വെച്ച് നോക്കുമ്പോൾ ചോദ്യ പേപ്പറിലേ ചോദ്യങ്ങൾ മാത്രം അപ്പാടെ ഉത്തര കടലാസിലേക്ക് ചുമ്മാ കോപ്പി എഴുതിയ പരീക്ഷ ഞാൻ മിനിമം മാർക്കിൽ ജയിച്ചിട്ടുണ്ട്. അതുപോലെ സിനിമ കഥ ഇടയ്ക്ക് എഴുതിയതും. അന്നൊക്കെ വിചാരം അത്ഭുതങ്ങൾ നടക്കുന്നുണ്ട് എന്നായിരുന്നു. ജോലി കിട്ടിയതിനു ശേഷം ചെയ്ത MBAക്ക് പ്രാർത്ഥിച്ചിട്ടേ ഇല്ല. വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല ദൈവത്തെ ജോലിയെല്ലാം ഉള്ള എൻ്റെ കാര്യത്തിന് വേണ്ടി ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു ആണ്. അല്ലാത്തവരെ സഹായിക്കട്ടെ. 2 കൊല്ലങ്ങൾ വേണ്ട പരിപാടി 5 കൊല്ലങ്ങൾ എടുത്താണ് പാസായത്. ഈ അടുത്ത് നടന്ന ഒരു പരീക്ഷ പഠിച്ചു പിന്നെ ഡിങ്കനോടും പ്രാർത്ഥിച്ചു ആണ് പാസായത്.  ഓൺലൈൻ പരീക്ഷക്ക് ഇടയിൽ അഞ്ചാറ് പ്രാവശ്യം ക്യാമറ വർക്ക് ചെയ്തില്ല. അത് നടത്തിപ്പ് കാരൻ കണ്ടു പിടിച്ചു. പക്ഷെ അപ്പോൾ ഒക്കെ ഡിങ്കൻ സഹായിച്ചു പരീക്ഷ നടത്തുന്ന ആൾക്ക് പരീക്ഷ ക്യാൻസൽ ചെയ്യിക്കാൻ തോന്നിപ്പിച്ചില്ല.

പരീക്ഷ എന്ന് പറയുന്നത് നമ്മൾ അധ്വാനിച്ചു പഠിച്ചു, അതെ ഭാഗങ്ങൾ വന്നു അത് മൂല്യനിർണയം ചെയ്യുന്ന ആൾ ശരിയായി ചെയ്താൽ ജയിക്കുന്ന പരിപാടി ആണ്. ചിലപ്പോൾ നമ്മൾ പ്രാർത്ഥിച്ചു സിനിമകഥ എഴുതിയാലും മൂല്യനിർണയം നടക്കുന്നത് തൂക്കി നോക്കി ആയിരിക്കും, പാസാകും. പിന്നെ എങ്ങനെ എങ്കിലും ജോലിക്ക് വേണ്ടി പഠിക്കുമ്പോൾ നമ്മൾ എന്തും ചെയ്തു പോകും. നമ്മൾ ചെയ്യുന്നത് ശരിയാണോ എന്ന് ഒന്നും നോക്കാനുള്ള മാനസിക അവസ്ഥ ഉണ്ടാവില്ല. ഒരു ചാൻസ് എടുക്കാൻ വയ്യാത്ത അവസ്ഥ. അതുകൊണ്ടു ഒന്നും അവിടെ ദൈവം ഉണ്ടെന്ന് പറയാൻ പറ്റില്ല.

ധാർമികത

ധാർമ്മികത വരുന്നത് ദൈവത്തിൽ നിന്നാണ്. അല്ലെങ്കിൽ ഇവിടെ മൊത്തം തവിടു പൊടിയാകും. 

മറുവാദം

ധാർമ്മികത വരുന്നത് ദൈവത്തിൽ നിന്നല്ല എന്നതാണ് ഇതിലെ കാര്യം. ഈ ദൈവം മത പുസ്തകങ്ങളിലൂടെ അല്ലെങ്കിൽ പ്രവാചകന്മാരിലൂടെ തന്ന ധാർമികത അന്നത്തെ കാലത്തേ മനുഷ്യന്മാരുടേത് ആണ്. അതുകൊണ്ട് ആണ് ആ ധാർമികത അവിടെനിന്നും ഒട്ടും പുരോഗമനമില്ലാത്ത രീതിയിൽ പറഞ്ഞിരിക്കുന്നത്. ഉദാഹരണമായി അടിമത്തം ആരും റദ്ദ് ചെയ്യുന്നില്ല. അത് ചെയ്തത് മനുഷ്യന്മാർ സമരം ചെയ്തും അല്ലെങ്കിൽ വട്ടം കൂടിയിരുന്നു ചർച്ച ചെയ്തും ആണ്. അതുപോലെ അവയവദാനം, ഭാവിയിൽ വരുന്ന സൈബോർഗ് തുടങ്ങിയവക്ക് ആവശ്യമായ ധാർമികത പണ്ട് എഴുതിയ എവിടെയും കാണാനാവില്ല. ശരിക്കും ദൈവം ആയിരുന്നു എങ്കിൽ 21 നൂറ്റാണ്ടിൽ കണ്ടു പിടിക്കാൻ സാധ്യതയുള്ള പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ചു ധാർമികത പുസ്തകങ്ങളിൽ മുൻപേ കാണുമായിരുന്നു. പക്ഷെ കാണുന്നില്ല.

അവിടെയും ഇവിടെയും കാണുന്ന ഓരോന്ന് എടുത്തു വ്യാഖാനിച്ചാൽ ഒന്നും പറയാനില്ല.  

ജീവിതത്തിന്റെ ലക്‌ഷ്യം/ഉദ്ദേശ്യം (Purpose )

മനുഷ്യ ജീവിതത്തിനു ഒരു ലക്ഷ്യം വേണ്ടേ ? ആ ലക്‌ഷ്യം തരാൻ ദൈവം.

മറുവാദം

ഒന്നാമത്, മനുഷ്യനെ കേന്ദ്രത്തിൽ നിറുത്തിയ ഒരു വാദമാണ്. മനുഷ്യൻ ജീവികളിൽ ഒന്ന് മാത്രമാണ്. മനുഷ്യന് മാത്രം എന്തിനു ലക്‌ഷ്യം. അപ്പോൾ വരുന്ന വാദമാണ് മനുഷ്യന് മാത്രമേ ബുദ്ധി ഉള്ളൂ. പക്ഷെ വേറെ ജീവികൾക്കും അതുണ്ട്. മനുഷ്യന് കുറച്ചു കൂടുതൽ ഉണ്ടെന്നു മാത്രം.

ജീവിതത്തിനു ലക്‌ഷ്യം വേണമെന്ന് ഇല്ല. ക്രമരഹിതമായ (Random) ഒരു പ്രവർത്തനത്തിലൂടെ ഉണ്ടായ സംഗതിയാണ് ജീവൻ. ജനിക്കുന്നു, വളരുന്നു, അടുത്ത കോപ്പി ഉണ്ടാക്കുന്നു മരിക്കുന്നു. ഇനി ലക്‌ഷ്യം വേണമെന്ന് വെച്ചാൽ തന്നെ, ആ ലക്‌ഷ്യം മനുഷ്യന് തന്നെ ഉണ്ടാക്കാം. ഈ ലോകത്തിലേക്ക് ബാക്കിയുള്ള ജീവികൾക്ക് നല്ല പ്രവർത്തികൾ ചെയ്യാം. സ്വയം സന്തോഷിക്കാൻ ഹോബികളിൽ ഏർപ്പെടാം. അങ്ങനെ പലതും ചെയ്യാം. 
പുറത്തുനിന്നു ഇറക്കുമതി ചെയ്യേണ്ട ഒന്നല്ല ലക്‌ഷ്യം.

ആത്മഹത്യ ചെയ്യാൻ പോകുന്ന ആളെ എന്ത് പറഞ്ഞു പിന്തിരിപ്പിക്കും?

ഒരാൾ വേറെ കടമോ, പ്രണയ നൈരാശ്യമോ ഒന്നുമല്ല ചുമ്മാ ബോറടിച്ചു ആത്മഹത്യ ചെയ്യാൻ പോകുന്നു. നിങ്ങൾക്ക് അയാളെ പറഞ്ഞു പിന്തിരിപ്പിക്കാൻ ഒരു അവസരം ഉണ്ട്. അയാളെ എന്ത് പറഞ്ഞു പിന്തിരിപ്പിക്കും? പരലോകം ഉണ്ടേ, അവിടെ നിങ്ങളെ തീയിലിട്ട് പൊരിക്കുമെ എന്നും പറഞ്ഞു പിന്തിരിപ്പിക്കാൻ ദൈവം വേണം.

മറുവാദം

കേൾക്കുമ്പോൾ തന്നെ വലിയ കഴമ്പില്ലാത്തത്, ഇത് ഇവിടെ എഴുതേണ്ട എന്ന് വിചാരിച്ചത് ആണ്. മുകളിൽ പറഞ്ഞ ലക്ഷ്യവാദം പോലെ. എന്നാലും പറഞ്ഞേക്കാം. അവർക്ക് ഈ ലോകത്തിനു ആവശ്യമുള്ള കഴിവുകൾ ഉണ്ടാകും. ഒരു കഴിവും ഇല്ലാത്തവർ ഉണ്ടാകാൻ സാധ്യതയില്ല. അത് പറഞ്ഞു മനസിലാക്കാം.

നിങ്ങൾ ശാസ്ത്രം വിശ്വസിക്കുന്നു ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു

നിങ്ങൾ ശാസ്ത്രത്തിൽ വിശ്വസിക്കുന്നപോലെയാണ് ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നത്. അതിൽ തെറ്റില്ല. ശാസ്ത്രം ഉള്ള പോലെ തന്നെ ദൈവം ഉണ്ട്.

മറുവാദം

ശാസ്ത്രം എന്നത് മുൻപേ പറഞ്ഞപോലെ അറിയാനുള്ള രീതിയാണ്. അല്ലാതെ ചോദ്യം ചെയ്യാൻ പാടില്ലാത്ത പ്രവാചന്മാർ ഉള്ള വിശ്വാസമല്ല. ആ രീതി വെച്ച് കണ്ടു പിടിച്ച ഒരു കാര്യം അത് വെച്ച് തന്നെ തെറ്റാണെന്നു തെളിയിക്കാം. ഇന്നത്തെ അറിവ് വെച്ച് പൈയുടെ വാല്യൂ 3.14... എന്നത് വിശ്വാസമല്ല, വസ്തുതയാണ്.

ദൈവം ഒരു ആശ്വാസമാണ്

ആശ്വാസം കിട്ടുന്നുണ്ട് എങ്കിൽ കിട്ടട്ടെ. എന്തിനാണ് അവരെ തടുക്കുന്നത്. അതുപോലെ മാനസികമായി അത്ര ശക്തരല്ലാത്തവർക്ക് ആപത്തു കാലത്തു, അല്ലെങ്കിൽ നീതി നിഷേധിക്കപ്പെടുമ്പോൾ ദൈവത്തെ  വിളിക്കുന്നത് നല്ലതല്ലേ.

മറുവാദം

ആ ആശ്വാസം ശരിയായ ആശ്വാസമല്ല. ഒരു കാൻസർ വന്നു. ദൈവത്തോട് പ്രാർത്ഥിച്ചു ഒരാശ്വാസം കിട്ടി. ചികിത്സാ തേടിയില്ല. കാൻസർ മൂർച്ഛിച്ചു മരിച്ചു. അതുപോലെ കുട്ടിക്ക് അസുഖം വന്നു. ചികിത്സ കൊടുത്തില്ല. കുട്ടി മരിച്ചു. കടം കയറി, പ്രാർത്ഥിച്ചു ആശ്വാസം കിട്ടി. കുറച്ചു കഴിഞ്ഞു വീട് ജപ്തിയായി.

ഇങ്ങനെ ഒരാശ്വാസത്തിന് പ്രാർത്ഥിക്കാതെ ചികിത്സ കൊടുത്താൽ, സ്വന്തമായി കടം തീർക്കാൻ പ്രയത്നിച്ചാൽ ചിലപ്പോൾ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടേനേ. ഒരു സമൂഹത്തിൽ മൊത്തം ആളുകൾ ഇങ്ങനെ അയാൾ ആ സമൂഹം നിലനിൽക്കില്ല.

മാനസികമായി അത്ര ശക്തരല്ലാത്ത, നീതി ലഭിക്കാതെ ആളുകൾ വേണമെങ്കിൽ വിളിച്ചോട്ടെ. അത് വേറെ ആളുകളെ ബാധിക്കുന്നില്ല എങ്കിൽ. പക്ഷേ അവരുടെ പ്രശ്നം അതുകൊണ്ട് പരിഹരിക്കപ്പെടുന്നില്ല. നല്ലത് മാനസികമായി കുറച്ചുകൂടെ ശക്തരാകുകയും അതുപോലെ നീതിക്ക് വേണ്ടി പ്രവർത്തിക്കുകയും ആണ് വേണ്ടത്. പണ്ട് കാലത്തു അടിച്ചമർത്തപ്പെട്ട ജാതികളും, സ്ത്രീകളും, അടിമകളും എല്ലാം ദൈവത്തിൽ അർപ്പിച്ചിരുന്നു എങ്കിൽ അവർ ഇപ്പോഴും അതെ നിലയിൽ തുടർന്നെന്നെ. 

ബ്രഹ്മം / കോൺഷ്യസ്നെസ്സ് 

അഹം ബ്രഹ്മാസ്മി, അത് ഞാൻ തന്നെയാണ്, പ്രപഞ്ചത്തിനു കോൺഷ്യസ് ഉണ്ട്. അത് നമ്മുടെ ഉള്ളിലും ഉണ്ട്. അല്ലെങ്കിൽ അതിൻ്റെ ചെറിയ ഭാഗം നമുക്കുണ്ട്. അതും ഇതും ആശയവിനിമയം നടത്തുന്നു. അതിൽ അലിഞ്ഞു ചേരാൻ പറ്റും. പിന്നെ ക്വാണ്ടം കോൺഷ്യസ്നെസ്സ്. പഴയ ബ്രഹ്മം ഇപ്പോഴത്തെ കോൺഷ്യസ്നെസ്സ് ആണ് ദൈവം. 

മറുവാദം

ആരൊക്കെയോ അത് പഠിച്ചവർ അതിനു മറുപടി പറയുന്നുണ്ടായിരുന്നു. നമ്മുടെ ഉള്ളിൽ ഉള്ള ബ്രഹ്മം എങ്ങിനെയാണ് പ്രപഞ്ച ബ്രഹ്മമായി വാർത്താവിനിമയം നടത്തുന്നു എന്ന് എങ്ങിനെ സയന്റിഫിക് ആയി തെളിയിക്കാം എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. എനിക്ക് അടക്കം ഭൂരിഭാഗം പേർക്കും, ബ്രഹ്മം ഒരു നല്ല വാദമായി തോന്നിയില്ല. ഈ ബ്രഹ്മം എന്നത് പിതാവും, പുത്രനും, പരിശുദ്ധ ആത്മാവും പോലെ മനസിലായില്ല എന്നതാവും കൂടുതൽ ശരി. പൊളിച്ചു അടുക്കുന്നത് അറിയാൻ താഴെ കൊടുത്ത ലിങ്കുകൾ നോക്കാം.

ഇതുപോലെ തന്നെ വിശദീകരിക്കുന്ന വീഡിയോകളും ധാരാളം ഉണ്ട്. പൊളിച്ചു അടുക്കുന്നത് കുറവായതു കൊണ്ടാണ് ലിങ്ക് ഇട്ടത്.

ഞാൻ ഒന്നും കാര്യമാക്കുന്നില്ല

ഉണ്ടെങ്കിലെന്ത് ഇല്ലെങ്കിൽ എന്ത് ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. ഞാൻ എൻ്റെ കാര്യം നോക്കി ജീവിക്കുന്നു.

മറുവാദം

ഇവിടെ ദൈവം ഉണ്ടെന്നു അവർ വാദിക്കുന്നില്ല. ഇങ്ങനെ 'ഐ ഡോണ്ട് കെയർ' എന്നും പറഞ്ഞു നല്ല രീതിയിൽ ശാസ്ത്ര ബോധം ഉള്ള സമൂഹത്തിൽ കുറച്ചു പേരാണ് ജീവിക്കുന്നത് എങ്കിൽ കുഴപ്പമില്ല. പക്ഷെ കേശവമാമ്മൻമാര് അരങ്ങു തകർക്കുന്ന സമൂഹത്തിൽ ആളുകൾ ഇടപെടുന്നില്ല എങ്കിൽ എൻ്റെ വീട്ടിൽ ഞാൻ കട്ടപ്പുക കണ്ടപോലെ ഓരോന്ന് കാണേണ്ടി വരും. മൊത്തത്തിൽ സമൂഹത്തെ പിന്നോട്ട് അടിക്കും.

നമ്മൾ ദൈവത്തിന്റെ ഒരു സിമുലേഷനിൽ ആണ്

ഇത് ക്ലബ് ഹൌസിൽ വന്ന വാദമല്ല. എൻ്റെ വീട്ടിലെ വാദത്തിൽ നിന്നും ഇറക്കിയത് ആണ്. നമ്മൾ കമ്പ്യൂട്ടർ ഉപയോഗിച്ച് മനുഷ്യന്റെ പോലെയുള്ള കൃതിമബുദ്ധി (AGI - ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്) ഉണ്ടാക്കി എന്ന് വെക്കുക. അതിനെ കമ്പ്യൂട്ടറിൽ റൺ ചെയ്യാൻ വിട്ടിട്ട് നമ്മൾ പുറത്തു നിന്നും നോക്കിയിരിക്കുകയാണ്. അതിൻ്റെ സാഹചര്യത്തിൽ നമ്മൾ പൂർണമായ കാര്യങ്ങളും, അപൂർണമായ കാര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിനോട് എന്ത് ചെയ്യണം, എങ്ങിനെ ജീവിക്കണം എന്ന് നമ്മൾ പ്രോഗ്രാമിൽ പറഞ്ഞിട്ടുണ്ട്. എന്നിട്ട് അതിനു നമ്മളെ മനസിലാക്കാൻ പറ്റാത്ത വിധത്തിൽ നമ്മൾ മറഞ്ഞിരിക്കുന്നു. പക്ഷെ നമ്മൾ അതിനു വൈദ്യുതി കൊടുക്കുന്നുണ്ട്. നമ്മൾ പറഞ്ഞപോലെ ചെയ്തില്ലെങ്കിൽ അതിൻ്റെ വൈദ്യുതി ഓഫാക്കും എന്നും, അത് കഴിഞു അതിനെ തീയിൽ ഇട്ടു പൊരിക്കും എന്നും പറഞ്ഞിട്ടുണ്ട്. 

അതുപോലെ ആയിക്കൂടെ നമ്മളോട് ദൈവം പെരുമാറുന്നത് ?

മറുവാദം

ഇതിനു മറുവാദം വായനക്കാർക്ക് വിടുന്നു. എന്തെങ്കിലും ഉണ്ടെങ്കിൽ കമന്റ് ഇടാം. എൻ്റെ വാദം ഞാൻ പിന്നീട്  ഇടുന്നതായിരിക്കും.

2021, ജൂൺ 6, ഞായറാഴ്‌ച

ക്ലബ് ഹൌസിലെ രണ്ടു ദിവസങ്ങൾ - ഒരു അവലോകനം

ക്ലബ് ഹൌസിനെ പറ്റിയുള്ള മലയാളത്തിലെ അഞ്ഞൂറ്റിഅറുപത്തിരണ്ടാമത്തെ റിവ്യൂ ആയിരിക്കാം ഇത്. പക്ഷെ ഓരോ റിവ്യൂവും പുതിയ കാര്യങ്ങൾ പറയാൻ സാധ്യത ഉള്ളതുകൊണ്ട് ഇതിനും പ്രസക്തി ഉണ്ടെന്നു കരുതുന്നു.

പശ്ചാത്തലം

2006 സമയത്തു ബ്ലോഗ്ഗറിൽ കയറിയപ്പോൾ തോന്നി കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്റർനെറ്റ് വന്നപോലെ ഈ നൂറ്റാണ്ടിലെ സംഭവിക്കാൻ സാധ്യതയുള്ള വൻ മുന്നേറ്റം ആണെന്ന്. അത് വരെ നമ്മൾ വലിയ ബുജി (ബുദ്ധിജീവി) അല്ലെങ്കിൽ ടെക്കി എന്ന് കരുതുന്ന ആളുകൾ പറയുന്ന കാര്യങ്ങൾ റേഡിയോ പോലെ കേൾക്കാനേ പറ്റുമായിരുന്നുള്ളൂ. ബ്ലോഗ് വന്നപ്പോൾ നമുക്ക് അവരോടു സംശയം ചോദിക്കാം. ഭൂരിഭാഗം പേരും ഉത്തരം പറയും. ചുരുക്കം ചിലർ അവർക്ക് സൗകര്യമുണ്ടെങ്കിൽ പറയും, ചിലർ കമന്റ് ആയി ചോദിക്കുന്നത് അങ്ങ് ഡിലീറ്റ് ചെയ്യും. ഒരു ആശയം പറയുന്നവർക്ക് ചുമ്മാ അങ്ങ് പറഞ്ഞു പോകാൻ പറ്റില്ല. അതിനെ ശ്രോതാക്കളായ നമുക്ക് ചോദ്യം ചെയ്യാം. നമുക്ക് ഇടപെടൽ (interaction) നടത്താം എന്നത് അതുവരെ ഉള്ള മാധ്യമങ്ങൾ വെച്ച് നോക്കുമ്പോൾ വലിയ ഒരു മുന്നേറ്റമാണ്. കമന്റ് ബോക്സിൽ രണ്ടു ചേരിയിലും ഉള്ള ഫാൻസ്‌ തമ്മിൽ അടി നടക്കുമെങ്കിലും. പത്ര മാധ്യമങ്ങളിലേക്ക് കത്തുകൾ വഴി ഇടപെടൽ നടത്തിയവർ ഉണ്ട്, അവരെ വിസ്മരിക്കുകയല്ല. പക്ഷെ അത് കുറെയേറെ ചിലവുള്ള പണിയാണ്. അതിനു പുറകെ നടക്കണം. ബ്ലോഗിൽ അപ്പോൾ തന്നെ കമന്റ് ഇടാം. അതുപോലെ തന്നെയാണ് ട്വിറ്റെർ.

പിന്നെ  ഓർക്കുട്ട് അതിനു ശേഷം ഫേസ്ബുക്ക് വന്നപ്പോൾ വിചാരിച്ചു അതാണ് ഭയങ്കര സംഭവം എന്ന്. കാരണം ചാറ്റ് എന്ന ഒരു ഓപ്ഷൻ അതിലുപരി അതിൽ ഉള്ള ഇപ്പറഞ്ഞ ബുജി / ടെക്കികൾ അവർ തന്നെയാണ് ഫേക്കല്ല എന്ന് വെരിഫൈ ചെയ്യാനുള്ള ഒരു പരിപാടി ഉണ്ടായിരുന്നു. അതും കഴിഞ്ഞു കുറച്ചുകൂടി മെച്ചപ്പെട്ട യൂട്യൂബ്, അതുപോലെ ഫേസ്ബുക് ലൈവ് വന്നു. അവിടെ നമ്മൾ പൊതുജനത്തിന് കുറച്ചു കൂടി ഇടപെടൽ സാധ്യമായി ബ്ലോഗ്ഗിൽ നമ്മൾ കമന്റ് ഇട്ടാലും അത് പരിശോദിച്ചു (മോഡറേറ്റ്) ഒഴിവാക്കാം എന്ന രീതി ഉണ്ടായിരുന്നു. അന്നത്തെ ഒരു രീതി വെച്ച് നമ്മുടെ ബ്ലോഗിന്റെ അടിയിൽ കമന്റ് ആയി തെറി വന്നാൽ ആ ബ്ലോഗ് എഴുതിയവന് ആണ് നാണക്കേട് എന്നായിരുന്നു വിചാരം.

ലൈവിൽ അങ്ങനെ ഒന്നില്ല. തെറിയെങ്കിൽ തെറി അത് അവിടെ കാണിക്കും. തെറി പറഞ്ഞവന് ആണ് അതിൻ്റെ ഉത്തരവാദിത്വം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി.

പിന്നെ വാട്ട്സാപ്പ് ആയിരുന്നു. പക്ഷെ അത് പൊതുവായ ഒരു സ്ഥലം എന്നതിലുപരി കൂടുതൽ വ്യക്തിപരം ആയിരുന്നു. ഗ്രൂപ്പുകൾ ഉണ്ടെങ്കിലും. അതിൻ്റെ ഒരു പോരായ്ക സെർച്ച് ചെയ്തു കൂടുതൽ ഗ്രൂപ്പികളിലേക്ക്  എത്തിപ്പെടാൻ പറ്റില്ല. അതെ സമയം സെർച്ച് ഉള്ള ടെലിഗ്രാം, പക്ഷെ എന്തുകൊണ്ടോ പച്ച പിടിക്കുന്ന കാണുന്നില്ല. ചുരുങ്ങിയപക്ഷം മലയാകൾക്ക് ഇടയിൽ. ഇനി എനിക്ക് അറിയാത്ത ധാരാളം മലയാളം കൂട്ടായ്മകൾ ഉണ്ടായിരിക്കാം.

സംഗതി യൂട്യൂബ് കുറച്ചു അധികം നാളായി ഉണ്ടായിരുന്നെങ്കിലും ആർക്കും അവിടെ വീഡിയോ ഇടാം എന്നിരിക്കിലും ഒരു വിപ്ലവം ഉണ്ടാക്കിയത് ടിക്‌ടോക് ആയിരുന്നു. യൂട്യൂബ് എന്നാൽ എന്തോ വലിയ സാങ്കേതികജ്ഞാനം വേണ്ട കാര്യമാണ്, വലിയ കമ്പ്യൂട്ടർ ഒക്കെ വേണ്ടതാണ് എന്നായിരുന്നു ധാരണ. പക്ഷെ ടിക്‌ടോക് അതെല്ലാം ഒരു മൊബൈലിൽ ഒതുക്കി. ആളുകൾ സ്വന്തമായി വീഡിയോ ഉണ്ടാക്കി ഇറക്കി തുടങ്ങി. മറ്റൊരു തരത്തിൽ പറഞ്ഞാൽ സംഗതി നിരോധിച്ചു എങ്കിലും ആളുകൾക്ക് സ്വയം പ്രകാശനം ചെയ്യാം എന്നത് വളരെ സിമ്പിൾ ആണെന്നുംഎല്ലാവര്ക്കും ചെയ്യാം എന്നും മനസിലായി. 

പിന്നെ ഈ ഇന്റർനെറ്റ് അടിസ്ഥിതമായ സാമൂഹ്യമാധ്യമങ്ങൾ ചിതറിക്കിടക്കുന്ന ന്യുനപക്ഷങ്ങളെ ഏകോപിപ്പിച്ചു. ഉദാഹരണമായി LGBTQ+, മതം വിട്ടവർ, വളരെയധികം പാഷനോട് കൂടി സാധാരണ എല്ലാവരും ചെയ്യാത്ത തരത്തിലുള്ള തറവാട് വിറ്റും ഹോബി ചെയ്യുന്നവർ. യാത്ര ചെയ്യാൻ താല്പര്യം ഉള്ളവർ, BMX ബൈക്ക് സ്റ്റണ്ട് അങ്ങനെ പലതും. അവർക്ക്  നേടാനുള്ളത് സമൂഹത്തിനു അത്രക്ക് താല്പര്യമില്ലാത്ത (എഞ്ചിനീയർ, ഡോക്ടർ എന്നിങ്ങനെയല്ലാത്ത) കാര്യങ്ങളാണ്. ഇങ്ങനെയുള്ള ആളുകൾ ഒരു പഞ്ചായത്തിൽ ഒന്നേ കാണൂ. അവർക്ക് അവിടത്തെ ആൽത്തറയിലും, കലുങ്കിലും, കുളക്കടവിലും നടക്കുന്ന ചർച്ചകളിൽ അവരുടെ വിഷയം ചർച്ച ചെയ്യാൻ തന്നെ പറ്റില്ല. ഇനിയെങ്ങാനും പറഞ്ഞാൽ, കളിയാക്കി ചവുട്ടിക്കൂട്ടി ഒരു മൂലക്കിടും. പക്ഷെ അവർക്ക് സോഷ്യൽ മീഡിയയിൽ അടുത്ത പഞ്ചായത്തിലും, ജില്ലയിലും ഉള്ള സമാന ചിന്താഗതിക്കാരുമായി കൂടാൻ പറ്റി. 

മൊത്തത്തിൽ ഇന്റർനെറ്റ് ചാർജ് കുറഞ്ഞതും, സ്മാർട്ട് ഫോൺ വില കുറഞ്ഞതും ഒക്കെ കൂടി മിനിമം കുറെയധികം മലയാളികളെ എങ്കിലും ആഗോളഗ്രാമം എന്ന് വിളിക്കാൻ പറ്റുന്ന ഇന്റർനെറ്റ് എന്ന സ്ഥലത്തു എത്തിച്ചു.

ക്ലബ് ഹൌസിന്റെ വരവ്

യൂട്യൂബ് / ഫേസ്ബുക് ലൈവിന്റെ ഒരു പ്രശ്നം എന്ന് വെച്ചാൽ നമ്മുക്ക് തത്സമയം ഇടപെടാൻ സാധിക്കുന്നത് ടെക്സ്റ്റ് വഴിയാണ്. ലൈവ് കാണുന്ന എല്ലാവരും നമ്മുടെ കമന്റ് വായിക്കും എന്ന് ഉറപ്പില്ല. അതുപോലെ ഈ ലൈവ് ചെയ്യുന്ന ആളും. ചുരുക്കി പറഞ്ഞാൽ പഴയ സ്റ്റേജ് കെട്ടി റേഡിയോ പോലെ ഒരു ദിശയിലേക്ക് നടക്കുന്ന സംഭാഷണങ്ങൾ. കാര്യം പറയുന്നവൻ ഏതോ ഉന്നതസ്ഥാനത്തു ഇരിക്കുന്നു. നമ്മൾ രണ്ടാം കിട. 

ഇവിടെയാണ് ക്ലബ് ഹൌസ് കുറച്ചു വ്യത്യസ്തമാകുന്നത്. സംഗതി ഇവിടെയും സ്‌പീക്കർസ്, മറ്റുള്ളവർ എന്ന തരം തിരിവുകൾ ഉണ്ടെങ്കിലും ആർക്ക് വേണമെങ്കിലും സ്പീക്കർ ആകാൻ കൈ പൊക്കാം. മോഡറേറ്റർസ് സമ്മതിച്ചാൽ സ്പീക്കർ ആകാം. ഒരു സൗണ്ട് ചാനൽ മാത്രം ഉള്ളതുകൊണ്ട് നമ്മൾ പറയുന്നത് എല്ലാവരും കേൾക്കുകയും ചെയ്യും.

പ്രത്യേകതകൾ

ടെക്നിക്കൽ കാര്യങ്ങൾ പറയുന്നതിന് മുൻപ് ഇതിൽ ഞാൻ കാണുന്ന നല്ല കാര്യങ്ങൾ പറയാം. ഇത് മലയാളം ബ്ലോഗ് ആയതുകൊണ്ട് പ്രത്യേകിച്ച് മലയാളികളുടെ ഭാഗത്തു നിന്ന്.

തത്സമയ ചർച്ചകൾ (പ്രസംഗമല്ല)

കേരളത്തിന് പുറത്തും, ഇന്ത്യക്ക് വെളിയിലും താമസിച്ചിട്ടുളളത് കൊണ്ട് എനിക്ക് മനസിലായത് മലയാളികൾ മറ്റുള്ളവരെക്കാൾ ചർച്ച ചെയ്യാൻ താല്പര്യമുള്ളവരാണ് എന്നാണ്. തമിഴ് നാട്ടിൽ ഉണ്ടായിരുന്ന സമയത് കാര്യങ്ങൾ വളരെ എളുപ്പമാണ്. അവിടെ രണ്ടാമത് നില്ക്കാൻ ആണ് ആളുകൾ ഇടി കൂടുന്നത്. ഒന്നാമത് നിൽക്കുന്ന ആൾ പറയുന്നത് എന്താണ് എന്ന് വെച്ചാൽ ചുമ്മാ അങ്ങ് അനുസരിക്കുക. അത് രാഷ്ട്രീയത്തിൽ അമ്മ ആയാലും, ഗ്രാമപഞ്ചായത് തലവൻ ആയാലും, കോളേജിലെ പ്രിൻസിപ്പൽ ആയാലും. അമേരിക്കയിൽ വന്നപ്പോൾ കണ്ടത് സർക്കാർ മാസ്ക് വെക്കാൻ പറഞ്ഞാൽ വെക്കുക, നാളെ മുതൽ വേണ്ട എന്ന് പറഞ്ഞാൽ എടുത്തുമാറ്റുകയും ചെയ്യുന്ന ആളുകളെ ആണ്. സാധാരണക്കാരോട് ചോദിച്ചാൽ അവർക്ക് ഒരേ ഒരു ഉത്തരം മാത്രമേ ഉള്ളൂ. ഗവണ്മെന്റ് പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ വീട്ടിൽ നിന്നും വർക്ക് ചെയ്യണം എന്ന കാര്യത്തിൽ കമ്പനികളും.

കേരളത്തിൽ രാഷ്ട്രീയ ചർച്ചകൾ, അന്താരാഷ്ട്ര ചർച്ചകൾ, ചെറുതായി മതപരചർച്ചകൾ ഒക്കെ നടക്കും എങ്കിലും ചില വിഷയങ്ങളിൽ ചർച്ച നടത്തുന്നത് ചാനലിൽ ബുജികൾ മാത്രമാണ്. ഉദാഹരണമായി സ്ത്രീകൾക്ക് രാത്രി പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം, LGBTQ+ പ്രശ്നങ്ങൾ ഒക്കെ. അങ്ങനെയുള്ള വിഷയങ്ങളിൽ സമൂഹത്തിലെ ഒരു കാഴ്ചപ്പാട് തന്നെ തുടരാൻ ആണ് ചുരുങ്ങിയ പക്ഷം നാട്ടിൽ പുറത്തെ ആളുകൾക്ക് താല്പര്യം.

ഈ വിഷയങ്ങൾ സോഷ്യൽ മീഡിയ വന്നപ്പോൾ മുതൽ ചർച്ചകളിൽ ഉണ്ടെങ്കിലും മുഖ്യധാരയിലേക്ക് അത്രക്ക് കണ്ടിട്ടില്ല. പക്ഷേ ക്ലബ് ഹൌസിൽ പക്ഷെ ഈ വിഷയങ്ങളിൽ വളരെയധികം ചർച്ചകൾ കണ്ടു. നാട്ടിൽ ചർച്ച ചെയ്താൽ 'എപ്പോ കത്തിക്കുത്തു നടന്നു എന്ന് ചോദിച്ചാൽ മതി' എന്ന രീതിയിൽ  അടിപിടിയിൽ എളുപ്പം എത്താവുന്ന വിഷയങ്ങൾ വളരെ ഡീസന്റ് ആയി ചർച്ച ചെയ്യുന്നു. ഉദാഹരണമായി "വൈരുദ്ധ്യാത്മക കൂതറവാദം". ധാരാളം ഉദാഹരണങ്ങൾ വേറെയും ഉണ്ട്.

വെറൈറ്റി വിഷയങ്ങൾ

മുകളിൽ പറഞ്ഞ വിഷയങ്ങൾ കൂടാതെ വേറെയും വിഷയങ്ങൾ കണ്ടിരുന്നു. ഒന്ന് "MVD Kerala" എന്ന് പറഞ്ഞു വാഹന ലൈസൻസ് സംബന്ധമായ ചർച്ച. ഞാൻ കയറാത്തതുകൊണ്ട് അത് സർക്കാർ ഔദ്യോഗികമായി നടത്തിയതാണോ എന്നറിയില്ല. പിന്നെ "പുരപ്പുറത്തു സോളാർ വെക്കുന്നതുമായും അത് എങ്ങിനെ KSEBക്ക് കൊടുക്കാം എന്നതുമായും" സംബന്ധിച്ചത്. പിന്നെ കുറെയധികം മതം, പ്രധാനമായും ഇസ്ലാം മതവുമായി ബന്ധപ്പെട്ടത്, "ക്ലബ് ഹൌസ് മതനിരാസം വേഗത്തിലാക്കുമോ" അന്ധവിശ്വാസം സംബന്ധിച്ചത്, "കരി നാവു ശാപം ആണോ". ഇതിനിടയിൽ കുറച്ചു ക്രിസ്ത്യാനികൾ ജപമാല പ്രാർത്ഥന നടത്തുന്നു. അവിടെ കയറാത്തതുകൊണ്ട് അത് ട്രോളിയത് ആയിരുന്നോ അതോ സീരിയസ് ആയിരുന്നോ എന്നറിയില്ല. വേറെ ഒരു "നമുക്ക് പ്രാർത്ഥിക്കാം" എന്ന റൂമിൽ കയറിയപ്പോൾ "ട്രാൻസ്" മോഡലിൽ കട്ട ട്രോൾ ആയിരുന്നു. 

"ക്ലബ് ഹൌസ് സുരക്ഷിതമോ" എന്ന ഒരു ചർച്ചയിൽ കയറിയപ്പോൾ അവിടെ ഒരു പുള്ളി പറയുന്നത് കേട്ടു "പുള്ളി മുൻപ് കയറിയ റൂമിൽ ചർച്ച കഞ്ചാവ് ആയിരുന്നെന്നും" അതിൻ്റെ പോക്ക് അത്രക്ക് സുഖകരമാവില്ലെന്നും.   
 
മലയാളം അല്ലാത്ത ഗ്രൂപ്പുകളിൽ ഇന്റെരെസ്റ്റ് ആയി തോന്നിയത് "Meet Palestinians and Israelis" എന്നതും ഒരു കല്യാണവും ആയിരുന്നു. കല്യാണത്തിൻറെ ഒരു സ്ക്രീൻഷോട്ട് താഴെ 

 

സഭാകമ്പം കുറക്കാം

പുതിയ പഠനരീതി വന്നതിനു ശേഷം എങ്ങിനെയാണ് എന്നറിയില്ല. പക്ഷെ പഴയ രീതിയിൽ 90സിൽ പഠിച്ചിറങ്ങിയവരിൽ ഭൂരിഭാഗം പേർക്കും സഭാകമ്പം ഉണ്ട്. മൂന്ന് നാലു പേർ ഉള്ള സദസ് ആണെങ്കിലും അവര്ക്ക് മുൻപിൽ എന്തെങ്കിലും പറയാൻ ബുദ്ധിമുട്ടുള്ളവർ. ഈ ഞാനടക്കം. ചിലർക്ക് വിഷയം പറയാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല പക്ഷെ കാമറ അല്ലെങ്കിൽ മുന്നിൽ ആളുകൾ ഇരിക്കുന്നത് ആകും പ്രശ്നം. അങ്ങനെയുള്ളവർക്ക് ഇവിടെ നല്ലതാണു. മുഖം നോക്കാതെ കാര്യങ്ങൾ പറയാം. മുഖം ഒരു പ്രൊഫൈൽ ഫോട്ടോ മാത്രമാണ്. നമ്മൾ പറയുമ്പോൾ അവരുടെ മുഖം എങ്ങിനെ പ്രതികരിക്കുന്നു എന്ന് അറിയേണ്ട കാര്യമില്ല. 

സാമൂഹ്യ ജീവിതം

കോവിഡ് കാലത്തു അടച്ചു പൂട്ടി ഇരിക്കുമ്പോൾ കൂടുതൽ ആളുകളുമായി വർത്തമാനം പറയാൻ സാധിക്കുന്നത് നല്ല ഒരു കാര്യമാണ്. കോവിഡ് കഴിയുമ്പോൾ ഇതിനു വലിയ സാധ്യതയുണ്ടോ എന്നറിയില്ല. 

എഴുത്തിനേക്കാൾ നല്ലതാണു ശബ്ദം

നമുക്ക് സാഹസികത നിറഞ്ഞ യാത്രകൾ പോകണം. ഒരു ഗ്രൂപ്പ് ആയി പോയാൽ നല്ലത്. പക്ഷെ അടുത്തുള്ളവർ ആരും അത്രക്ക് താല്പര്യമുള്ളവരല്ല. മുൻപ് ഉണ്ടായിരുന്ന വഴി, ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴി സമാനചിന്താഗതിക്കാരെ കണ്ടു പിടിക്കാം എന്നതാണ്. പക്ഷെ അവിടെ ഭൂരിഭാഗം എഴുത്തുകൾ (text) ആണ് ഉപാധി. അത് വഴി അപ്പുറത്തു ഇരിക്കുന്ന ആൾ ഏതു തരാം സ്വഭാവക്കാരനാണ് എന്ന് കണ്ടു പിടിക്കാൻ പറ്റില്ല. പിന്നെ നമ്മൾ അവരെ ഫോണിലോ, മെസ്സഞ്ചറിലോ വിളിക്കണം. അങ്ങനെ സെറ്റ് ആകാം. കാര്യം നടക്കില്ല എന്നല്ല. പക്ഷെ ഇവിടെ ശബ്ദം മാത്രമേ ഉള്ളൂ. കാര്യങ്ങൾ കുറച്ചൊകൂടി എളുപ്പമാണ് എന്നാണ് തോന്നുന്നത്.

അച്ചടക്കം

നാട്ടിലെ ഒരു കടയിൽ സ്കൂളിൽ പഠിക്കുന്ന കുട്ടി ആദ്യം വരുന്നു. അതിനു ശേഷം വരുന്ന ഒരു പ്രമാണി വളരെ സിമ്പിൾ ആയി ആ കുട്ടിയേക്കാൾ മുൻപേ കടക്കാരനോട് പറഞ്ഞു സാധനങ്ങൾ വാങ്ങി പോകുന്നത് കാണാം. ഈയൊരു വൃത്തികേട്ട ശീലം ഇല്ലായിരുന്നു എങ്കിൽ "മഹേഷിന്റെ പ്രതികാരം" എന്ന സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ല. തൻ്റെ ഊഴത്തിനു കാത്തു നിൽക്കാതെ ഇടിച്ചു കയറുന്ന ഒരു ശീലം.

ക്ലബ് ഹൌസ് ഈയൊരു ശീലത്തെ മാറ്റുന്നുണ്ട് എന്ന് തോന്നുന്നു. ഭൂരിഭാഗം ആളുകളും അവരുടെ പ്രായവും മറ്റും പറഞ്ഞു ഇടിച്ചു കയറാതെ കാത്തു നിൽക്കുന്നുണ്ട്. ഈ ഒരു ശീലം ജീവിതത്തിലേക്ക് കൂടി വന്നാൽ നന്നായിരുന്നു.

പഠനം / ജോലി സാദ്ധ്യതകൾ

ഫേസ് ബുക്കിലും, ടെലിഗ്രാമിലും പഠനസംബന്ധിയായ ധാരാളം ഗ്രൂപ്പുകൾ ഉണ്ട്. യൂട്യൂബിൽ ആണെങ്കിൽ ചാനലുകളുടെ ബഹളമാണ്. പക്ഷെ അവിടെയൊക്കെ ഇല്ലാത്ത ഒരു കാര്യമാണ് ഇടപെടൽ. കുറച്ചു നേരം പഠിക്കുമ്പോഴേക്കും ഉറങ്ങി പോകും, ചിലപ്പോൾ അവിടെ എഴുതി വെച്ചിരിക്കുന്നത് അല്ലെങ്കിൽ പറയുന്നത് നമുക്ക് മനസിലാകുന്ന ലെവലിൽ ആകില്ല. അന്നേരം, സംശയം ചോദിക്കാൻ ആരുമില്ലെങ്കിൽ തീർന്നു. നമ്മൾ കമന്റ് ഇടുന്നു, എപ്പോഴെങ്കിലും ആരെങ്കിലും അതിനു മറുപടി തന്നാൽ ആയി. അതിൻ്റെ അടുത്ത ചോദ്യം ഉണ്ടായാൽ അതിനും ചിലപ്പോൾ മണിക്കൂറുകളോ ദിവസങ്ങളോ എടുക്കും മറുപടി വരാൻ.

ക്ലബ് ഹൌസിൽ പല റൂമുകളിലും ഞാൻ കണ്ടത് അല്ല കേട്ടത് അതാത് മേഖലയിൽ പ്രവർത്തിക്കുന്ന അത്യാവശ്യം പേരെടുത്തവരെ തന്നെയാണ്. ഒരു വീഡിയോ എഡിറ്റിംഗ് റൂമിൽ കയറിയപ്പോൾ അവിടെ മലയാളം, തമിഴ് സിനിമ എഡിറ്റ് ചെയ്യുന്ന, ചാനലിൽ ലൈവ് വരുന്നത് ഒക്കെ എഡിറ്റ് ചെയ്യുന്ന ആളുകൾ. വേറെ ഒന്നിൽ ഇസ്രോയിൽ നിന്നും വന്നു കേരളത്തിൽ സ്പേസ് സ്റ്റാർട്ടപ്പ് തുടങ്ങിയ ഒരു പുള്ളിക്കാരി. ഒരിക്കലും ഇൻഡസ്ടറി കണ്ടിട്ടില്ലാത്ത ആളുകൾ പഠിപ്പിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നമുക്ക് എന്തെങ്കിലും കിട്ടാൻ സാധ്യതയുള്ള ചർച്ചകൾ. ഇവരൊക്ക എത്രകാലം ഇതിൽ ഉണ്ടാകും എന്നറിയില്ല എങ്കിലും. 

എനിക്ക് ഉണ്ടായ വ്യക്തിപരമായ നേട്ടം എന്നത്  ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ് കോയിൻ എന്നിവയിൽ എനിക്ക് എന്തെങ്കിലും അറിയാം എന്ന അഹങ്കാരം മാറിക്കിട്ടി. 

ടെക്‌നിക്കൽ കാര്യങ്ങൾ

ഇത് മെയിൻ ആയി മൊബൈൽ അപ്ലിക്കേഷൻ ആയതുകൊണ്ട് പഴയ മോഡൽ ആളുകളെ അതായത് ഇപ്പോഴും ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ് ടീമുകളെ മൊത്തം ഒഴിവാക്കിയിട്ടുണ്ട്. പുതിയ ജനെറേഷൻ അല്ലെങ്കിൽ കാലത്തിനൊത്തു വരാത്തവർ ആരും ഇതിൽ കാണില്ല. ഹിറ്റായാൽ ചിലപ്പോൾ ഡെസ്ക്ടോപ്പ് ആപ്പ്വരുമായിരിക്കും. അല്ലെങ്കിൽ മൊബൈൽ സിമുലേറ്റർ ഉപയോഗിച്ച് നോക്കാം.

പ്രോഡക്ട് ഉണ്ടാക്കുന്ന പ്രത്യേകിച്ച്  സോഫ്റ്റ്‌വെയർ മേഖലയിൽ  ഉപയോഗിക്കുന്ന മാർക്കറ്റിലേക്ക് എത്തിക്കാൻ കുറച്ചു സമയം മാത്രം വേണ്ടുന്ന MVP (minimum viable product) എന്ന രീതി ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയതെന്ന് തോന്നുന്നു. അധികം സ്വിച്ചുകളും ഒന്നും ഇല്ല. സിമ്പിൾ ആയി മൊബൈൽ നമ്പർ വെച്ച് ലോഗിൻ ചെയ്യാം. അപ്പോൾ തന്നെ ഇതിന്റെ പ്രധാന സവിശേഷത ആയ റൂമികളിൽ കയറി ചർച്ചകളിൽ കേൾക്കാം അല്ലെങ്കിൽ  പങ്കെടുക്കാം. എന്നാൽ ചുമ്മാ മിനിമം സവിശേഷതകൾ മാത്രമല്ല, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാനുള്ള വകുപ്പും ഉണ്ട്.

പിന്നെ കണ്ടത് റൂമുകൾ നിർദേശിക്കുന്ന അൽഗോരിതം ആണ്. വലിയ കുഴപ്പമില്ല എന്ന് തോന്നുന്നു. നമ്മൾ ഫോള്ളോ ചെയ്യുന്ന ആളുകൾ കയറുന്ന റൂമുകൾ നമുക്ക് ആദ്യംകാണിച്ചു തരും, അതുപോലെ നമ്മൾ കൊടുത്ത താല്പര്യമുള്ള വിഷയങ്ങളിൽ ഉള്ള ചർച്ചകളും. സെർച്ച് അത്രക്ക് ഗംഭീരം ആയി തോന്നിയില്ല. ഇനി ഞാൻ സെർച്ച് ചെയ്യുന്ന വാക്കുകൾ ഉള്ള ഗ്രൂപ്പ്, റൂമുകൾ ഇല്ലാഞ്ഞിട്ട് ആണോ എന്നും അറിയില്ല. നമ്മൾ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്തു അത് ടെക്സ്റ്റ് ആക്കി മാറ്റി അതിൽ നിന്നും നമ്മുടെ ഇന്റെരെസ്റ്റ് കണ്ടു പിടിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല.

ഇതുവരെ ഉപയോഗിച്ചതിൽ വലിയ സൗണ്ട് പ്രശ്നങ്ങൾ തോന്നിയിട്ടില്ല. ചിലർ പറയുന്നുണ്ട് എങ്കിലും. ഒരുകാരണം അവർ അവർക്ക് താങ്ങാവുന്ന ആളുകളെ മാത്രമേ എടുക്കുന്നുള്ളൂ എന്നത് കൊണ്ടായിരിക്കാം. ഇപ്പോൾ നിലവിലുള്ള ഒരു ആൾ കാണിച്ചാൽ മാത്രമേ കയറാൻ കഴിയൂ. അതുപോലെ ഒരു ഗ്രൂപ്പിൽ മാക്സിമം 5000 ആളുകൾ ആണെന്ന് തോന്നുന്നു.

ആഗ്രഹിക്കുന്ന സവിശേഷതകൾ 

റെക്കോർഡ് ചെയ്തു പിന്നെ കേൾക്കാൻ പറ്റിയാൽ നന്നായിരുന്നു. ഇപ്പോൾ നമുക്ക് താല്പര്യം ഉള്ള ഒന്നിൽ കൂടുതൽ വിഷയങ്ങളിൽ ഒരേസമയം ചർച്ചകൾ നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കേണ്ട അവസ്ഥയാണ്.

നമുക്ക് വലിയ താല്പര്യം ഇല്ലാത്ത റൂമുകളിൽ നടക്കുന്ന ചർച്ചകൾ ലിസ്റ്റിൽ വരുന്നത് ഒഴിവാക്കാൻ പറ്റുമെങ്കിൽ നല്ലത്. ഉദാഹരണമായി ഫോളോവേഴ്സ് കൂട്ടാൻ മാത്രം വേണ്ടിയുള്ള ഒന്ന് രണ്ടു മലയാളം റൂമുകൾ ചുമ്മാ ആദ്യമേ തന്നെ കേറി വരുന്നുണ്ട്. പ്രത്യേകിച്ച് ക്രിയാത്മകമായി ഒന്നും അവിടെ നടക്കുന്നില്ല. നമ്മൾ സ്ക്രോൾ ചെയ്തു വേണം കൊള്ളാവുന്ന വേറെ കണ്ടെത്താൻ. 

സുരക്ഷ

ഒന്നിലധികം വശങ്ങൾ ഉണ്ട് സുരക്ഷക്ക്.

മറ്റുള്ള ആളുകളിൽ നിന്നും ഉള്ള സുരക്ഷാ പ്രശ്നങ്ങൾ 

മറ്റെല്ലാ സാമൂഹികമാധ്യമവും പോലെത്തന്നെയാണ് ഇതും. നമ്മൾ പറയുന്ന കാര്യങ്ങൾക്ക് നമ്മൾ ആണ് ഉത്തരവാദി. നമ്മുടെ പ്രൊഫൈൽ ഫോട്ടോ കൊണ്ട് പോയി ആളുകൾക്ക് എന്ത് വേണമെങ്കിലും കാട്ടാം. ഇവിടെ നമ്മുടെ ശബ്ദവും അവരുടെ കൈയിൽ ഉണ്ട്. ഇപ്പോൾ വരുന്ന ചില ഫോണുകൾ ശബ്ദം വെച്ച് അൺലോക്ക് ചെയ്യാവുന്നതാണ്. വളരെയധികം ആളുകൾ കൂടുന്ന റൂമുകളിൽ സൈബർ സെല്ലിൽ നിന്നും മുഫ്തി പോലീസ് ഉണ്ടാകാം.

സർക്കാർ 

മറ്റുള്ള സാമൂഹ്യ മാധ്യമങ്ങൾ പോലെ തന്നെ സർക്കാർ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു ആയിരിക്കും ഇതും പ്രവർത്തിക്കേണ്ടത് എന്നാണ് ഇപ്പോഴത്തെ അനുമാനം. അതുപോലെ ഇവരുടെ സെർവർ ചൈനയിൽ ആണ് എന്നൊക്കെ പറഞ്ഞുള്ള വാർത്തകൾ വന്നിട്ടുണ്ട്. ഇന്ത്യൻ സർക്കാർ ഇവരോട് ഇന്ത്യയിൽ സെർവർ വെക്കാൻ ആവശ്യപ്പെടാം. അതുപോലെ നമ്മുടെ പ്രൈവറ്റ് സംഭാഷണങ്ങളും.

ക്ലബ് ഹൌസ് ഭാഗത്തു നിന്ന്

ഈ ആപ്പിന് കിട്ടുന്നത് വിലപ്പെട്ട ഡാറ്റയാണ്. അത് അവർ റെക്കോർഡ് ചെയ്യുന്നുണ്ട് എന്നാണ് അവരുടെ പ്രൈവസി പോളിസി പറയുന്നത്. അതിൽ തന്നെ വ്യക്തി വിവരങ്ങൾ വിലക്കില്ല എന്നും പറയുന്നുണ്ട്. വാട്ട് സാപ്പ് വിഷയത്തിൽ തന്നെ ഇത് അവർക്ക് തന്നെ എളുപ്പം മാറ്റാവുന്ന ഒന്നാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ. പിന്നെ അവർ പ്രത്യേകം പറയുന്നത് mute ആയ വ്യക്തികളുടെ സംഭാഷണങ്ങൾ അവർ റെക്കോർഡ് ചെയ്യില്ല എന്നാണ്. കൂടുതൽ താല്പര്യം ഉള്ളവർക്ക് മൊത്തം പോളിസി വായിച്ചു നോക്കാം.

നമ്മുടെ അഭിപ്രായങ്ങൾക്ക് നമുക്ക് വലിയ വില തോന്നുന്നില്ലെങ്കിൽ പോലും വളരെയധികം കച്ചവടതാല്പര്യങ്ങൾ ഉള്ള ഒന്നാണത്. അത് വെച്ച് അവർക്ക് വളരെയധികം പൈസ ഉണ്ടാക്കാം. ഒരു സർവീസും ആരും വെറുതെ കൊടുക്കില്ലല്ലോ. ഒരു സർവീസിന് പൈസ ഈടാക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല. ഒന്നാമതായി അവർക്ക് ആപ്പ് ഉണ്ടാക്കുന്ന അത് പരിപാലിക്കുന്ന എന്നെപ്പോലെയുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർകാർക്ക് സാലറി കൊടുക്കണം. ഇത് ഓടിക്കാനുള്ള സെർവർ പരിപാലിച്ചു കൊണ്ട് പോകണം. ഇതിലും പൈസയും ആയി ബന്ധപ്പെട്ട സവിശേഷതകൾ അധികം വൈകാതെ വരും. അവർ നമ്മുടെ  വ്യക്തിപരമായ ഡാറ്റ എടുത്തു അതിൽ നിന്നും കാര്യങ്ങൾ അപഗ്രഥിച്ചു പൈസ ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

ക്ലബ് ഹൌസിൽ നിന്നും എങ്ങിനെ പണമുണ്ടാക്കാം 

ഒന്ന് രണ്ടു സ്ഥലങ്ങളിൽ കണ്ടത് പരസ്യങ്ങൾക്ക് പകരം നമ്മൾ ശ്രോതാക്കൾ പ്രാസംഗികർക്ക് (creators)  പൈസ കൊടുക്കുന്ന പരിപാടി ആണെന്ന് ആണ്. അതിൽ നിന്നും കമ്മീഷൻ ക്ലബ് ഹൌസ് എടുക്കുമായിരിക്കും. നമ്മൾ ശ്രോതാക്കൾ എന്ന് പറഞ്ഞത് ചുമ്മാതെയാണ്, എല്ലാവരും creator ആകണം എന്നാണ് എൻ്റെ ആഗ്രഹം.

ഉപസംഹാരം

എഴുതി കഴിഞ്ഞപ്പോൾ തോന്നുന്നു ഇത്രയും നീട്ടേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്ന്. എന്തായാലും കിടക്കട്ടെ. പഴയ മോഡലിൽ ചെയ്യുമ്പോൾ ഒരു നൊസ്റ്റാൾജിക് സുഖം. വയസാകുന്നതിന്റെ ഓരോ ലക്ഷണങ്ങൾ. 
രണ്ടു ദിവസങ്ങൾ ഉപയോഗിച്ചു എന്നത് ഒരു സോഷ്യൽ മീഡിയ ആപ്പിനെ പറ്റി വിധിയെഴുതാൻ മാത്രമുള്ള സമയമല്ല എന്ന് എല്ലാവര്ക്കും അറിയാം. ഇപ്പോൾ തന്നെ കുറെയധികം സെലിബ്രിറ്റികൾ ഉണ്ട്. കൂടുതൽ വരുന്നതിനു അനുസരിച്ചു ആളുകൾ കൂടും. ലാലേട്ടനുമായി നേരിട്ട് വർത്താനം പറയുന്നത് ഒന്നാലോചിച്ചു നോക്കിയാൽ പോരെ. ഇപ്പോഴത്തെ ട്രൻഡ് വെച്ച് മുന്നേറാൻ ആണ് സാധ്യത. കൂടുതൽ സവിശേഷതകൾ അടുത്ത് തന്നെ വരുമെന്ന് ആണ് കരുതുന്നത്. ഇപ്പോൾ തന്നെ അവരുടെ വാല്യൂ 1 ബില്യൺ USD ആണെന്ന് പറഞ്ഞു വാർത്തകൾ വരുന്നുണ്ട്. അതുകൊണ്ട് കൂടുതൽ ഫണ്ട് കിട്ടാൻ സാധ്യതയുണ്ട്.

എൻ്റെ ഹാൻഡിൽ joygeorgek എന്നാണ്. താല്പര്യം ഉള്ളവർക്ക് അവിടെ കാണാം.

കൂടുതൽ ചർച്ചകളിലൂടെ മുന്നോട്ട് പോകാം.