ക്ലബ് ഹൌസിനെ പറ്റിയുള്ള മലയാളത്തിലെ അഞ്ഞൂറ്റിഅറുപത്തിരണ്ടാമത്തെ റിവ്യൂ ആയിരിക്കാം ഇത്. പക്ഷെ ഓരോ റിവ്യൂവും പുതിയ കാര്യങ്ങൾ പറയാൻ സാധ്യത ഉള്ളതുകൊണ്ട് ഇതിനും പ്രസക്തി ഉണ്ടെന്നു കരുതുന്നു.
പശ്ചാത്തലം
2006 സമയത്തു ബ്ലോഗ്ഗറിൽ കയറിയപ്പോൾ തോന്നി കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്റർനെറ്റ് വന്നപോലെ ഈ നൂറ്റാണ്ടിലെ സംഭവിക്കാൻ സാധ്യതയുള്ള വൻ മുന്നേറ്റം ആണെന്ന്. അത് വരെ നമ്മൾ വലിയ ബുജി (ബുദ്ധിജീവി) അല്ലെങ്കിൽ ടെക്കി എന്ന് കരുതുന്ന ആളുകൾ പറയുന്ന കാര്യങ്ങൾ റേഡിയോ പോലെ കേൾക്കാനേ പറ്റുമായിരുന്നുള്ളൂ. ബ്ലോഗ് വന്നപ്പോൾ നമുക്ക് അവരോടു സംശയം ചോദിക്കാം. ഭൂരിഭാഗം പേരും ഉത്തരം പറയും. ചുരുക്കം ചിലർ അവർക്ക് സൗകര്യമുണ്ടെങ്കിൽ പറയും, ചിലർ കമന്റ് ആയി ചോദിക്കുന്നത് അങ്ങ് ഡിലീറ്റ് ചെയ്യും. ഒരു ആശയം പറയുന്നവർക്ക് ചുമ്മാ അങ്ങ് പറഞ്ഞു പോകാൻ പറ്റില്ല. അതിനെ ശ്രോതാക്കളായ നമുക്ക് ചോദ്യം ചെയ്യാം. നമുക്ക് ഇടപെടൽ (interaction) നടത്താം എന്നത് അതുവരെ ഉള്ള മാധ്യമങ്ങൾ വെച്ച് നോക്കുമ്പോൾ വലിയ ഒരു മുന്നേറ്റമാണ്. കമന്റ് ബോക്സിൽ രണ്ടു ചേരിയിലും ഉള്ള ഫാൻസ് തമ്മിൽ അടി നടക്കുമെങ്കിലും. പത്ര മാധ്യമങ്ങളിലേക്ക് കത്തുകൾ വഴി ഇടപെടൽ നടത്തിയവർ ഉണ്ട്, അവരെ വിസ്മരിക്കുകയല്ല. പക്ഷെ അത് കുറെയേറെ ചിലവുള്ള പണിയാണ്. അതിനു പുറകെ നടക്കണം. ബ്ലോഗിൽ അപ്പോൾ തന്നെ കമന്റ് ഇടാം. അതുപോലെ തന്നെയാണ് ട്വിറ്റെർ.
പിന്നെ ഓർക്കുട്ട് അതിനു ശേഷം ഫേസ്ബുക്ക് വന്നപ്പോൾ വിചാരിച്ചു അതാണ് ഭയങ്കര സംഭവം എന്ന്. കാരണം ചാറ്റ് എന്ന ഒരു ഓപ്ഷൻ അതിലുപരി അതിൽ ഉള്ള ഇപ്പറഞ്ഞ ബുജി / ടെക്കികൾ അവർ തന്നെയാണ് ഫേക്കല്ല എന്ന് വെരിഫൈ ചെയ്യാനുള്ള ഒരു പരിപാടി ഉണ്ടായിരുന്നു. അതും കഴിഞ്ഞു കുറച്ചുകൂടി മെച്ചപ്പെട്ട യൂട്യൂബ്, അതുപോലെ ഫേസ്ബുക് ലൈവ് വന്നു. അവിടെ നമ്മൾ പൊതുജനത്തിന് കുറച്ചു കൂടി ഇടപെടൽ സാധ്യമായി ബ്ലോഗ്ഗിൽ നമ്മൾ കമന്റ് ഇട്ടാലും അത് പരിശോദിച്ചു (മോഡറേറ്റ്) ഒഴിവാക്കാം എന്ന രീതി ഉണ്ടായിരുന്നു. അന്നത്തെ ഒരു രീതി വെച്ച് നമ്മുടെ ബ്ലോഗിന്റെ അടിയിൽ കമന്റ് ആയി തെറി വന്നാൽ ആ ബ്ലോഗ് എഴുതിയവന് ആണ് നാണക്കേട് എന്നായിരുന്നു വിചാരം.
ലൈവിൽ അങ്ങനെ ഒന്നില്ല. തെറിയെങ്കിൽ തെറി അത് അവിടെ കാണിക്കും. തെറി പറഞ്ഞവന് ആണ് അതിൻ്റെ ഉത്തരവാദിത്വം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി.
പിന്നെ വാട്ട്സാപ്പ് ആയിരുന്നു. പക്ഷെ അത് പൊതുവായ ഒരു സ്ഥലം എന്നതിലുപരി കൂടുതൽ വ്യക്തിപരം ആയിരുന്നു. ഗ്രൂപ്പുകൾ ഉണ്ടെങ്കിലും. അതിൻ്റെ ഒരു പോരായ്ക സെർച്ച് ചെയ്തു കൂടുതൽ ഗ്രൂപ്പികളിലേക്ക് എത്തിപ്പെടാൻ പറ്റില്ല. അതെ സമയം സെർച്ച് ഉള്ള ടെലിഗ്രാം, പക്ഷെ എന്തുകൊണ്ടോ പച്ച പിടിക്കുന്ന കാണുന്നില്ല. ചുരുങ്ങിയപക്ഷം മലയാകൾക്ക് ഇടയിൽ. ഇനി എനിക്ക് അറിയാത്ത ധാരാളം മലയാളം കൂട്ടായ്മകൾ ഉണ്ടായിരിക്കാം.
സംഗതി യൂട്യൂബ് കുറച്ചു അധികം നാളായി ഉണ്ടായിരുന്നെങ്കിലും ആർക്കും അവിടെ വീഡിയോ ഇടാം എന്നിരിക്കിലും ഒരു വിപ്ലവം ഉണ്ടാക്കിയത് ടിക്‌ടോക് ആയിരുന്നു. യൂട്യൂബ് എന്നാൽ എന്തോ വലിയ സാങ്കേതികജ്ഞാനം വേണ്ട കാര്യമാണ്, വലിയ കമ്പ്യൂട്ടർ ഒക്കെ വേണ്ടതാണ് എന്നായിരുന്നു ധാരണ. പക്ഷെ ടിക്‌ടോക് അതെല്ലാം ഒരു മൊബൈലിൽ ഒതുക്കി. ആളുകൾ സ്വന്തമായി വീഡിയോ ഉണ്ടാക്കി ഇറക്കി തുടങ്ങി. മറ്റൊരു തരത്തിൽ പറഞ്ഞാൽ സംഗതി നിരോധിച്ചു എങ്കിലും ആളുകൾക്ക് സ്വയം പ്രകാശനം ചെയ്യാം എന്നത് വളരെ സിമ്പിൾ ആണെന്നുംഎല്ലാവര്ക്കും ചെയ്യാം എന്നും മനസിലായി.
പിന്നെ ഈ ഇന്റർനെറ്റ് അടിസ്ഥിതമായ സാമൂഹ്യമാധ്യമങ്ങൾ ചിതറിക്കിടക്കുന്ന ന്യുനപക്ഷങ്ങളെ ഏകോപിപ്പിച്ചു. ഉദാഹരണമായി LGBTQ+, മതം വിട്ടവർ, വളരെയധികം പാഷനോട് കൂടി സാധാരണ എല്ലാവരും ചെയ്യാത്ത തരത്തിലുള്ള തറവാട് വിറ്റും ഹോബി ചെയ്യുന്നവർ. യാത്ര ചെയ്യാൻ താല്പര്യം ഉള്ളവർ, BMX ബൈക്ക് സ്റ്റണ്ട് അങ്ങനെ പലതും. അവർക്ക് നേടാനുള്ളത് സമൂഹത്തിനു അത്രക്ക് താല്പര്യമില്ലാത്ത (എഞ്ചിനീയർ, ഡോക്ടർ എന്നിങ്ങനെയല്ലാത്ത) കാര്യങ്ങളാണ്. ഇങ്ങനെയുള്ള ആളുകൾ ഒരു പഞ്ചായത്തിൽ ഒന്നേ കാണൂ. അവർക്ക് അവിടത്തെ ആൽത്തറയിലും, കലുങ്കിലും, കുളക്കടവിലും നടക്കുന്ന ചർച്ചകളിൽ അവരുടെ വിഷയം ചർച്ച ചെയ്യാൻ തന്നെ പറ്റില്ല. ഇനിയെങ്ങാനും പറഞ്ഞാൽ, കളിയാക്കി ചവുട്ടിക്കൂട്ടി ഒരു മൂലക്കിടും. പക്ഷെ അവർക്ക് സോഷ്യൽ മീഡിയയിൽ അടുത്ത പഞ്ചായത്തിലും, ജില്ലയിലും ഉള്ള സമാന ചിന്താഗതിക്കാരുമായി കൂടാൻ പറ്റി.
മൊത്തത്തിൽ ഇന്റർനെറ്റ് ചാർജ് കുറഞ്ഞതും, സ്മാർട്ട് ഫോൺ വില കുറഞ്ഞതും ഒക്കെ കൂടി മിനിമം കുറെയധികം മലയാളികളെ എങ്കിലും ആഗോളഗ്രാമം എന്ന് വിളിക്കാൻ പറ്റുന്ന ഇന്റർനെറ്റ് എന്ന സ്ഥലത്തു എത്തിച്ചു.
ക്ലബ് ഹൌസിന്റെ വരവ്
യൂട്യൂബ് / ഫേസ്ബുക് ലൈവിന്റെ ഒരു പ്രശ്നം എന്ന് വെച്ചാൽ നമ്മുക്ക് തത്സമയം ഇടപെടാൻ സാധിക്കുന്നത് ടെക്സ്റ്റ് വഴിയാണ്. ലൈവ് കാണുന്ന എല്ലാവരും നമ്മുടെ കമന്റ് വായിക്കും എന്ന് ഉറപ്പില്ല. അതുപോലെ ഈ ലൈവ് ചെയ്യുന്ന ആളും. ചുരുക്കി പറഞ്ഞാൽ പഴയ സ്റ്റേജ് കെട്ടി റേഡിയോ പോലെ ഒരു ദിശയിലേക്ക് നടക്കുന്ന സംഭാഷണങ്ങൾ. കാര്യം പറയുന്നവൻ ഏതോ ഉന്നതസ്ഥാനത്തു ഇരിക്കുന്നു. നമ്മൾ രണ്ടാം കിട.
ഇവിടെയാണ് ക്ലബ് ഹൌസ് കുറച്ചു വ്യത്യസ്തമാകുന്നത്. സംഗതി ഇവിടെയും സ്‌പീക്കർസ്, മറ്റുള്ളവർ എന്ന തരം തിരിവുകൾ ഉണ്ടെങ്കിലും ആർക്ക് വേണമെങ്കിലും സ്പീക്കർ ആകാൻ കൈ പൊക്കാം. മോഡറേറ്റർസ് സമ്മതിച്ചാൽ സ്പീക്കർ ആകാം. ഒരു സൗണ്ട് ചാനൽ മാത്രം ഉള്ളതുകൊണ്ട് നമ്മൾ പറയുന്നത് എല്ലാവരും കേൾക്കുകയും ചെയ്യും.
പ്രത്യേകതകൾ
ടെക്നിക്കൽ കാര്യങ്ങൾ പറയുന്നതിന് മുൻപ് ഇതിൽ ഞാൻ കാണുന്ന നല്ല കാര്യങ്ങൾ പറയാം. ഇത് മലയാളം ബ്ലോഗ് ആയതുകൊണ്ട് പ്രത്യേകിച്ച് മലയാളികളുടെ ഭാഗത്തു നിന്ന്.
തത്സമയ ചർച്ചകൾ (പ്രസംഗമല്ല)
കേരളത്തിന് പുറത്തും, ഇന്ത്യക്ക് വെളിയിലും താമസിച്ചിട്ടുളളത് കൊണ്ട് എനിക്ക് മനസിലായത് മലയാളികൾ മറ്റുള്ളവരെക്കാൾ ചർച്ച ചെയ്യാൻ താല്പര്യമുള്ളവരാണ് എന്നാണ്. തമിഴ് നാട്ടിൽ ഉണ്ടായിരുന്ന സമയത് കാര്യങ്ങൾ വളരെ എളുപ്പമാണ്. അവിടെ രണ്ടാമത് നില്ക്കാൻ ആണ് ആളുകൾ ഇടി കൂടുന്നത്. ഒന്നാമത് നിൽക്കുന്ന ആൾ പറയുന്നത് എന്താണ് എന്ന് വെച്ചാൽ ചുമ്മാ അങ്ങ് അനുസരിക്കുക. അത് രാഷ്ട്രീയത്തിൽ അമ്മ ആയാലും, ഗ്രാമപഞ്ചായത് തലവൻ ആയാലും, കോളേജിലെ പ്രിൻസിപ്പൽ ആയാലും. അമേരിക്കയിൽ വന്നപ്പോൾ കണ്ടത് സർക്കാർ മാസ്ക് വെക്കാൻ പറഞ്ഞാൽ വെക്കുക, നാളെ മുതൽ വേണ്ട എന്ന് പറഞ്ഞാൽ എടുത്തുമാറ്റുകയും ചെയ്യുന്ന ആളുകളെ ആണ്. സാധാരണക്കാരോട് ചോദിച്ചാൽ അവർക്ക് ഒരേ ഒരു ഉത്തരം മാത്രമേ ഉള്ളൂ. ഗവണ്മെന്റ് പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ വീട്ടിൽ നിന്നും വർക്ക് ചെയ്യണം എന്ന കാര്യത്തിൽ കമ്പനികളും.
കേരളത്തിൽ രാഷ്ട്രീയ ചർച്ചകൾ, അന്താരാഷ്ട്ര ചർച്ചകൾ, ചെറുതായി മതപരചർച്ചകൾ ഒക്കെ നടക്കും എങ്കിലും ചില വിഷയങ്ങളിൽ ചർച്ച നടത്തുന്നത് ചാനലിൽ ബുജികൾ മാത്രമാണ്. ഉദാഹരണമായി സ്ത്രീകൾക്ക് രാത്രി പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം, LGBTQ+ പ്രശ്നങ്ങൾ ഒക്കെ. അങ്ങനെയുള്ള വിഷയങ്ങളിൽ സമൂഹത്തിലെ ഒരു കാഴ്ചപ്പാട് തന്നെ തുടരാൻ ആണ് ചുരുങ്ങിയ പക്ഷം നാട്ടിൽ പുറത്തെ ആളുകൾക്ക് താല്പര്യം.
ഈ വിഷയങ്ങൾ സോഷ്യൽ മീഡിയ വന്നപ്പോൾ മുതൽ ചർച്ചകളിൽ ഉണ്ടെങ്കിലും മുഖ്യധാരയിലേക്ക് അത്രക്ക് കണ്ടിട്ടില്ല. പക്ഷേ ക്ലബ് ഹൌസിൽ പക്ഷെ ഈ വിഷയങ്ങളിൽ വളരെയധികം ചർച്ചകൾ കണ്ടു. നാട്ടിൽ ചർച്ച ചെയ്താൽ 'എപ്പോ കത്തിക്കുത്തു നടന്നു എന്ന് ചോദിച്ചാൽ മതി' എന്ന രീതിയിൽ അടിപിടിയിൽ എളുപ്പം എത്താവുന്ന വിഷയങ്ങൾ വളരെ ഡീസന്റ് ആയി ചർച്ച ചെയ്യുന്നു. ഉദാഹരണമായി "വൈരുദ്ധ്യാത്മക കൂതറവാദം". ധാരാളം ഉദാഹരണങ്ങൾ വേറെയും ഉണ്ട്.
വെറൈറ്റി വിഷയങ്ങൾ
മുകളിൽ പറഞ്ഞ വിഷയങ്ങൾ കൂടാതെ വേറെയും വിഷയങ്ങൾ കണ്ടിരുന്നു. ഒന്ന് "MVD Kerala" എന്ന് പറഞ്ഞു വാഹന ലൈസൻസ് സംബന്ധമായ ചർച്ച. ഞാൻ കയറാത്തതുകൊണ്ട് അത് സർക്കാർ ഔദ്യോഗികമായി നടത്തിയതാണോ എന്നറിയില്ല. പിന്നെ "പുരപ്പുറത്തു സോളാർ വെക്കുന്നതുമായും അത് എങ്ങിനെ KSEBക്ക് കൊടുക്കാം എന്നതുമായും" സംബന്ധിച്ചത്. പിന്നെ കുറെയധികം മതം, പ്രധാനമായും ഇസ്ലാം മതവുമായി ബന്ധപ്പെട്ടത്, "ക്ലബ് ഹൌസ് മതനിരാസം വേഗത്തിലാക്കുമോ" അന്ധവിശ്വാസം സംബന്ധിച്ചത്, "കരി നാവു ശാപം ആണോ". ഇതിനിടയിൽ കുറച്ചു ക്രിസ്ത്യാനികൾ ജപമാല പ്രാർത്ഥന നടത്തുന്നു. അവിടെ കയറാത്തതുകൊണ്ട് അത് ട്രോളിയത് ആയിരുന്നോ അതോ സീരിയസ് ആയിരുന്നോ എന്നറിയില്ല. വേറെ ഒരു "നമുക്ക് പ്രാർത്ഥിക്കാം" എന്ന റൂമിൽ കയറിയപ്പോൾ "ട്രാൻസ്" മോഡലിൽ കട്ട ട്രോൾ ആയിരുന്നു.
"ക്ലബ് ഹൌസ് സുരക്ഷിതമോ" എന്ന ഒരു ചർച്ചയിൽ കയറിയപ്പോൾ അവിടെ ഒരു പുള്ളി പറയുന്നത് കേട്ടു "പുള്ളി മുൻപ് കയറിയ റൂമിൽ ചർച്ച കഞ്ചാവ് ആയിരുന്നെന്നും" അതിൻ്റെ പോക്ക് അത്രക്ക് സുഖകരമാവില്ലെന്നും.
മലയാളം അല്ലാത്ത ഗ്രൂപ്പുകളിൽ ഇന്റെരെസ്റ്റ് ആയി തോന്നിയത് "Meet Palestinians and Israelis" എന്നതും ഒരു കല്യാണവും ആയിരുന്നു. കല്യാണത്തിൻറെ ഒരു സ്ക്രീൻഷോട്ട് താഴെ
സഭാകമ്പം കുറക്കാം
പുതിയ പഠനരീതി വന്നതിനു ശേഷം എങ്ങിനെയാണ് എന്നറിയില്ല. പക്ഷെ പഴയ രീതിയിൽ 90സിൽ പഠിച്ചിറങ്ങിയവരിൽ ഭൂരിഭാഗം പേർക്കും സഭാകമ്പം ഉണ്ട്. മൂന്ന് നാലു പേർ ഉള്ള സദസ് ആണെങ്കിലും അവര്ക്ക് മുൻപിൽ എന്തെങ്കിലും പറയാൻ ബുദ്ധിമുട്ടുള്ളവർ. ഈ ഞാനടക്കം. ചിലർക്ക് വിഷയം പറയാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല പക്ഷെ കാമറ അല്ലെങ്കിൽ മുന്നിൽ ആളുകൾ ഇരിക്കുന്നത് ആകും പ്രശ്നം. അങ്ങനെയുള്ളവർക്ക് ഇവിടെ നല്ലതാണു. മുഖം നോക്കാതെ കാര്യങ്ങൾ പറയാം. മുഖം ഒരു പ്രൊഫൈൽ ഫോട്ടോ മാത്രമാണ്. നമ്മൾ പറയുമ്പോൾ അവരുടെ മുഖം എങ്ങിനെ പ്രതികരിക്കുന്നു എന്ന് അറിയേണ്ട കാര്യമില്ല.
സാമൂഹ്യ ജീവിതം
കോവിഡ് കാലത്തു അടച്ചു പൂട്ടി ഇരിക്കുമ്പോൾ കൂടുതൽ ആളുകളുമായി വർത്തമാനം പറയാൻ സാധിക്കുന്നത് നല്ല ഒരു കാര്യമാണ്. കോവിഡ് കഴിയുമ്പോൾ ഇതിനു വലിയ സാധ്യതയുണ്ടോ എന്നറിയില്ല.
എഴുത്തിനേക്കാൾ നല്ലതാണു ശബ്ദം
നമുക്ക് സാഹസികത നിറഞ്ഞ യാത്രകൾ പോകണം. ഒരു ഗ്രൂപ്പ് ആയി പോയാൽ നല്ലത്. പക്ഷെ അടുത്തുള്ളവർ ആരും അത്രക്ക് താല്പര്യമുള്ളവരല്ല. മുൻപ് ഉണ്ടായിരുന്ന വഴി, ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴി സമാനചിന്താഗതിക്കാരെ കണ്ടു പിടിക്കാം എന്നതാണ്. പക്ഷെ അവിടെ ഭൂരിഭാഗം എഴുത്തുകൾ (text) ആണ് ഉപാധി. അത് വഴി അപ്പുറത്തു ഇരിക്കുന്ന ആൾ ഏതു തരാം സ്വഭാവക്കാരനാണ് എന്ന് കണ്ടു പിടിക്കാൻ പറ്റില്ല. പിന്നെ നമ്മൾ അവരെ ഫോണിലോ, മെസ്സഞ്ചറിലോ വിളിക്കണം. അങ്ങനെ സെറ്റ് ആകാം. കാര്യം നടക്കില്ല എന്നല്ല. പക്ഷെ ഇവിടെ ശബ്ദം മാത്രമേ ഉള്ളൂ. കാര്യങ്ങൾ കുറച്ചൊകൂടി എളുപ്പമാണ് എന്നാണ് തോന്നുന്നത്.
അച്ചടക്കം
നാട്ടിലെ ഒരു കടയിൽ സ്കൂളിൽ പഠിക്കുന്ന കുട്ടി ആദ്യം വരുന്നു. അതിനു ശേഷം വരുന്ന ഒരു പ്രമാണി വളരെ സിമ്പിൾ ആയി ആ കുട്ടിയേക്കാൾ മുൻപേ കടക്കാരനോട് പറഞ്ഞു സാധനങ്ങൾ വാങ്ങി പോകുന്നത് കാണാം. ഈയൊരു വൃത്തികേട്ട ശീലം ഇല്ലായിരുന്നു എങ്കിൽ "മഹേഷിന്റെ പ്രതികാരം" എന്ന സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ല. തൻ്റെ ഊഴത്തിനു കാത്തു നിൽക്കാതെ ഇടിച്ചു കയറുന്ന ഒരു ശീലം.
ക്ലബ് ഹൌസ് ഈയൊരു ശീലത്തെ മാറ്റുന്നുണ്ട് എന്ന് തോന്നുന്നു. ഭൂരിഭാഗം ആളുകളും അവരുടെ പ്രായവും മറ്റും പറഞ്ഞു ഇടിച്ചു കയറാതെ കാത്തു നിൽക്കുന്നുണ്ട്. ഈ ഒരു ശീലം ജീവിതത്തിലേക്ക് കൂടി വന്നാൽ നന്നായിരുന്നു.
പഠനം / ജോലി സാദ്ധ്യതകൾ
ഫേസ് ബുക്കിലും, ടെലിഗ്രാമിലും പഠനസംബന്ധിയായ ധാരാളം ഗ്രൂപ്പുകൾ ഉണ്ട്. യൂട്യൂബിൽ ആണെങ്കിൽ ചാനലുകളുടെ ബഹളമാണ്. പക്ഷെ അവിടെയൊക്കെ ഇല്ലാത്ത ഒരു കാര്യമാണ് ഇടപെടൽ. കുറച്ചു നേരം പഠിക്കുമ്പോഴേക്കും ഉറങ്ങി പോകും, ചിലപ്പോൾ അവിടെ എഴുതി വെച്ചിരിക്കുന്നത് അല്ലെങ്കിൽ പറയുന്നത് നമുക്ക് മനസിലാകുന്ന ലെവലിൽ ആകില്ല. അന്നേരം, സംശയം ചോദിക്കാൻ ആരുമില്ലെങ്കിൽ തീർന്നു. നമ്മൾ കമന്റ് ഇടുന്നു, എപ്പോഴെങ്കിലും ആരെങ്കിലും അതിനു മറുപടി തന്നാൽ ആയി. അതിൻ്റെ അടുത്ത ചോദ്യം ഉണ്ടായാൽ അതിനും ചിലപ്പോൾ മണിക്കൂറുകളോ ദിവസങ്ങളോ എടുക്കും മറുപടി വരാൻ.
ക്ലബ് ഹൌസിൽ പല റൂമുകളിലും ഞാൻ കണ്ടത് അല്ല കേട്ടത് അതാത് മേഖലയിൽ പ്രവർത്തിക്കുന്ന അത്യാവശ്യം പേരെടുത്തവരെ തന്നെയാണ്. ഒരു വീഡിയോ എഡിറ്റിംഗ് റൂമിൽ കയറിയപ്പോൾ അവിടെ മലയാളം, തമിഴ് സിനിമ എഡിറ്റ് ചെയ്യുന്ന, ചാനലിൽ ലൈവ് വരുന്നത് ഒക്കെ എഡിറ്റ് ചെയ്യുന്ന ആളുകൾ. വേറെ ഒന്നിൽ ഇസ്രോയിൽ നിന്നും വന്നു കേരളത്തിൽ സ്പേസ് സ്റ്റാർട്ടപ്പ് തുടങ്ങിയ ഒരു പുള്ളിക്കാരി. ഒരിക്കലും ഇൻഡസ്ടറി കണ്ടിട്ടില്ലാത്ത ആളുകൾ പഠിപ്പിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നമുക്ക് എന്തെങ്കിലും കിട്ടാൻ സാധ്യതയുള്ള ചർച്ചകൾ. ഇവരൊക്ക എത്രകാലം ഇതിൽ ഉണ്ടാകും എന്നറിയില്ല എങ്കിലും.
എനിക്ക് ഉണ്ടായ വ്യക്തിപരമായ നേട്ടം എന്നത് ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ് കോയിൻ എന്നിവയിൽ എനിക്ക് എന്തെങ്കിലും അറിയാം എന്ന അഹങ്കാരം മാറിക്കിട്ടി.
ടെക്‌നിക്കൽ കാര്യങ്ങൾ
ഇത് മെയിൻ ആയി മൊബൈൽ അപ്ലിക്കേഷൻ ആയതുകൊണ്ട് പഴയ മോഡൽ ആളുകളെ അതായത് ഇപ്പോഴും ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ് ടീമുകളെ മൊത്തം ഒഴിവാക്കിയിട്ടുണ്ട്. പുതിയ ജനെറേഷൻ അല്ലെങ്കിൽ കാലത്തിനൊത്തു വരാത്തവർ ആരും ഇതിൽ കാണില്ല. ഹിറ്റായാൽ ചിലപ്പോൾ ഡെസ്ക്ടോപ്പ് ആപ്പ്വരുമായിരിക്കും. അല്ലെങ്കിൽ മൊബൈൽ സിമുലേറ്റർ ഉപയോഗിച്ച് നോക്കാം.
പ്രോഡക്ട് ഉണ്ടാക്കുന്ന പ്രത്യേകിച്ച് സോഫ്റ്റ്‌വെയർ മേഖലയിൽ ഉപയോഗിക്കുന്ന മാർക്കറ്റിലേക്ക് എത്തിക്കാൻ കുറച്ചു സമയം മാത്രം വേണ്ടുന്ന MVP (minimum viable product) എന്ന രീതി ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയതെന്ന് തോന്നുന്നു. അധികം സ്വിച്ചുകളും ഒന്നും ഇല്ല. സിമ്പിൾ ആയി മൊബൈൽ നമ്പർ വെച്ച് ലോഗിൻ ചെയ്യാം. അപ്പോൾ തന്നെ ഇതിന്റെ പ്രധാന സവിശേഷത ആയ റൂമികളിൽ കയറി ചർച്ചകളിൽ കേൾക്കാം അല്ലെങ്കിൽ പങ്കെടുക്കാം. എന്നാൽ ചുമ്മാ മിനിമം സവിശേഷതകൾ മാത്രമല്ല, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാനുള്ള വകുപ്പും ഉണ്ട്.
പിന്നെ കണ്ടത് റൂമുകൾ നിർദേശിക്കുന്ന അൽഗോരിതം ആണ്. വലിയ കുഴപ്പമില്ല എന്ന് തോന്നുന്നു. നമ്മൾ ഫോള്ളോ ചെയ്യുന്ന ആളുകൾ കയറുന്ന റൂമുകൾ നമുക്ക് ആദ്യംകാണിച്ചു തരും, അതുപോലെ നമ്മൾ കൊടുത്ത താല്പര്യമുള്ള വിഷയങ്ങളിൽ ഉള്ള ചർച്ചകളും. സെർച്ച് അത്രക്ക് ഗംഭീരം ആയി തോന്നിയില്ല. ഇനി ഞാൻ സെർച്ച് ചെയ്യുന്ന വാക്കുകൾ ഉള്ള ഗ്രൂപ്പ്, റൂമുകൾ ഇല്ലാഞ്ഞിട്ട് ആണോ എന്നും അറിയില്ല. നമ്മൾ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്തു അത് ടെക്സ്റ്റ് ആക്കി മാറ്റി അതിൽ നിന്നും നമ്മുടെ ഇന്റെരെസ്റ്റ് കണ്ടു പിടിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല.
ഇതുവരെ ഉപയോഗിച്ചതിൽ വലിയ സൗണ്ട് പ്രശ്നങ്ങൾ തോന്നിയിട്ടില്ല. ചിലർ പറയുന്നുണ്ട് എങ്കിലും. ഒരുകാരണം അവർ അവർക്ക് താങ്ങാവുന്ന ആളുകളെ മാത്രമേ എടുക്കുന്നുള്ളൂ എന്നത് കൊണ്ടായിരിക്കാം. ഇപ്പോൾ നിലവിലുള്ള ഒരു ആൾ കാണിച്ചാൽ മാത്രമേ കയറാൻ കഴിയൂ. അതുപോലെ ഒരു ഗ്രൂപ്പിൽ മാക്സിമം 5000 ആളുകൾ ആണെന്ന് തോന്നുന്നു.
ആഗ്രഹിക്കുന്ന സവിശേഷതകൾ
റെക്കോർഡ് ചെയ്തു പിന്നെ കേൾക്കാൻ പറ്റിയാൽ നന്നായിരുന്നു. ഇപ്പോൾ നമുക്ക് താല്പര്യം ഉള്ള ഒന്നിൽ കൂടുതൽ വിഷയങ്ങളിൽ ഒരേസമയം ചർച്ചകൾ നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കേണ്ട അവസ്ഥയാണ്.
നമുക്ക് വലിയ താല്പര്യം ഇല്ലാത്ത റൂമുകളിൽ നടക്കുന്ന ചർച്ചകൾ ലിസ്റ്റിൽ വരുന്നത് ഒഴിവാക്കാൻ പറ്റുമെങ്കിൽ നല്ലത്. ഉദാഹരണമായി ഫോളോവേഴ്സ് കൂട്ടാൻ മാത്രം വേണ്ടിയുള്ള ഒന്ന് രണ്ടു മലയാളം റൂമുകൾ ചുമ്മാ ആദ്യമേ തന്നെ കേറി വരുന്നുണ്ട്. പ്രത്യേകിച്ച് ക്രിയാത്മകമായി ഒന്നും അവിടെ നടക്കുന്നില്ല. നമ്മൾ സ്ക്രോൾ ചെയ്തു വേണം കൊള്ളാവുന്ന വേറെ കണ്ടെത്താൻ.
സുരക്ഷ
ഒന്നിലധികം വശങ്ങൾ ഉണ്ട് സുരക്ഷക്ക്.
മറ്റുള്ള ആളുകളിൽ നിന്നും ഉള്ള സുരക്ഷാ പ്രശ്നങ്ങൾ
മറ്റെല്ലാ സാമൂഹികമാധ്യമവും പോലെത്തന്നെയാണ് ഇതും. നമ്മൾ പറയുന്ന കാര്യങ്ങൾക്ക് നമ്മൾ ആണ് ഉത്തരവാദി. നമ്മുടെ പ്രൊഫൈൽ ഫോട്ടോ കൊണ്ട് പോയി ആളുകൾക്ക് എന്ത് വേണമെങ്കിലും കാട്ടാം. ഇവിടെ നമ്മുടെ ശബ്ദവും അവരുടെ കൈയിൽ ഉണ്ട്. ഇപ്പോൾ വരുന്ന ചില ഫോണുകൾ ശബ്ദം വെച്ച് അൺലോക്ക് ചെയ്യാവുന്നതാണ്. വളരെയധികം ആളുകൾ കൂടുന്ന റൂമുകളിൽ സൈബർ സെല്ലിൽ നിന്നും മുഫ്തി പോലീസ് ഉണ്ടാകാം.
സർക്കാർ
മറ്റുള്ള സാമൂഹ്യ മാധ്യമങ്ങൾ പോലെ തന്നെ സർക്കാർ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു ആയിരിക്കും ഇതും പ്രവർത്തിക്കേണ്ടത് എന്നാണ് ഇപ്പോഴത്തെ അനുമാനം. അതുപോലെ ഇവരുടെ
സെർവർ ചൈനയിൽ ആണ് എന്നൊക്കെ പറഞ്ഞുള്ള വാർത്തകൾ വന്നിട്ടുണ്ട്. ഇന്ത്യൻ സർക്കാർ ഇവരോട് ഇന്ത്യയിൽ സെർവർ വെക്കാൻ ആവശ്യപ്പെടാം. അതുപോലെ നമ്മുടെ പ്രൈവറ്റ് സംഭാഷണങ്ങളും.
ക്ലബ് ഹൌസ് ഭാഗത്തു നിന്ന്
ഈ ആപ്പിന് കിട്ടുന്നത് വിലപ്പെട്ട ഡാറ്റയാണ്. അത് അവർ
റെക്കോർഡ് ചെയ്യുന്നുണ്ട് എന്നാണ് അവരുടെ പ്രൈവസി പോളിസി പറയുന്നത്. അതിൽ തന്നെ വ്യക്തി വിവരങ്ങൾ വിലക്കില്ല എന്നും പറയുന്നുണ്ട്. വാട്ട് സാപ്പ് വിഷയത്തിൽ തന്നെ ഇത് അവർക്ക് തന്നെ എളുപ്പം മാറ്റാവുന്ന ഒന്നാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ. പിന്നെ അവർ പ്രത്യേകം പറയുന്നത് mute ആയ വ്യക്തികളുടെ സംഭാഷണങ്ങൾ അവർ റെക്കോർഡ് ചെയ്യില്ല എന്നാണ്. കൂടുതൽ താല്പര്യം ഉള്ളവർക്ക് മൊത്തം പോളിസി വായിച്ചു നോക്കാം.
നമ്മുടെ അഭിപ്രായങ്ങൾക്ക് നമുക്ക് വലിയ വില തോന്നുന്നില്ലെങ്കിൽ പോലും വളരെയധികം കച്ചവടതാല്പര്യങ്ങൾ ഉള്ള ഒന്നാണത്. അത് വെച്ച് അവർക്ക് വളരെയധികം പൈസ ഉണ്ടാക്കാം. ഒരു സർവീസും ആരും വെറുതെ കൊടുക്കില്ലല്ലോ. ഒരു സർവീസിന് പൈസ ഈടാക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല. ഒന്നാമതായി അവർക്ക് ആപ്പ് ഉണ്ടാക്കുന്ന അത് പരിപാലിക്കുന്ന എന്നെപ്പോലെയുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർകാർക്ക് സാലറി കൊടുക്കണം. ഇത് ഓടിക്കാനുള്ള സെർവർ പരിപാലിച്ചു കൊണ്ട് പോകണം. ഇതിലും പൈസയും ആയി ബന്ധപ്പെട്ട സവിശേഷതകൾ അധികം വൈകാതെ വരും. അവർ നമ്മുടെ വ്യക്തിപരമായ ഡാറ്റ എടുത്തു അതിൽ നിന്നും കാര്യങ്ങൾ അപഗ്രഥിച്ചു പൈസ ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
ക്ലബ് ഹൌസിൽ നിന്നും എങ്ങിനെ പണമുണ്ടാക്കാം
ഒന്ന് രണ്ടു സ്ഥലങ്ങളിൽ കണ്ടത് പരസ്യങ്ങൾക്ക് പകരം നമ്മൾ ശ്രോതാക്കൾ പ്രാസംഗികർക്ക് (creators) പൈസ കൊടുക്കുന്ന പരിപാടി ആണെന്ന് ആണ്. അതിൽ നിന്നും കമ്മീഷൻ ക്ലബ് ഹൌസ് എടുക്കുമായിരിക്കും. നമ്മൾ ശ്രോതാക്കൾ എന്ന് പറഞ്ഞത് ചുമ്മാതെയാണ്, എല്ലാവരും creator ആകണം എന്നാണ് എൻ്റെ ആഗ്രഹം.
ഉപസംഹാരം
എഴുതി കഴിഞ്ഞപ്പോൾ തോന്നുന്നു ഇത്രയും നീട്ടേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്ന്. എന്തായാലും കിടക്കട്ടെ. പഴയ മോഡലിൽ ചെയ്യുമ്പോൾ ഒരു നൊസ്റ്റാൾജിക് സുഖം. വയസാകുന്നതിന്റെ ഓരോ ലക്ഷണങ്ങൾ.
രണ്ടു ദിവസങ്ങൾ ഉപയോഗിച്ചു എന്നത് ഒരു സോഷ്യൽ മീഡിയ ആപ്പിനെ പറ്റി വിധിയെഴുതാൻ മാത്രമുള്ള സമയമല്ല എന്ന് എല്ലാവര്ക്കും അറിയാം. ഇപ്പോൾ തന്നെ കുറെയധികം സെലിബ്രിറ്റികൾ ഉണ്ട്. കൂടുതൽ വരുന്നതിനു അനുസരിച്ചു ആളുകൾ കൂടും. ലാലേട്ടനുമായി നേരിട്ട് വർത്താനം പറയുന്നത് ഒന്നാലോചിച്ചു നോക്കിയാൽ പോരെ. ഇപ്പോഴത്തെ ട്രൻഡ് വെച്ച് മുന്നേറാൻ ആണ് സാധ്യത. കൂടുതൽ സവിശേഷതകൾ അടുത്ത് തന്നെ വരുമെന്ന് ആണ് കരുതുന്നത്. ഇപ്പോൾ തന്നെ അവരുടെ
വാല്യൂ 1 ബില്യൺ USD ആണെന്ന് പറഞ്ഞു വാർത്തകൾ വരുന്നുണ്ട്. അതുകൊണ്ട് കൂടുതൽ ഫണ്ട് കിട്ടാൻ സാധ്യതയുണ്ട്.
എൻ്റെ ഹാൻഡിൽ joygeorgek എന്നാണ്. താല്പര്യം ഉള്ളവർക്ക് അവിടെ കാണാം.
കൂടുതൽ ചർച്ചകളിലൂടെ മുന്നോട്ട് പോകാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ