ഇത്തവണ പെട്ടെന്നാണ് ഈ വാർഷികം വന്നത് എന്ന് തോന്നുന്നു. കോവിഡ് തന്നെ ഇത്തവണയും വില്ലൻ. കഴിഞ്ഞ പ്രാവശ്യം എഴുതുമ്പോൾ കോവിഡ് ആർക്കോ വരുന്ന ഒരു രോഗമായിരുന്നു. ഇത്തവണ അപ്പന് നാട്ടിൽ കോവിഡ് വന്നു സീരിയസ് ആയിരുന്നു, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിരുന്നു. ഇപ്പോൾ പുള്ളിക്ക് കുഴപ്പമൊന്നും ഇല്ല. വാക്‌സിൻ എടുത്തത് കൊണ്ട് ആയിരിക്കാം. കഴിഞ്ഞ പ്രാവശ്യം പറഞ്ഞപോലെ ഇപ്പോൾ കോവിഡ് പ്രതിരോധിക്കാൻ വലിയ മുൻകരുതലുകൾ ഒന്നുമില്ല. മാസ്ക് വെക്കുന്നുണ്ട് എന്ന് മാത്രം. നാട്ടിലും ഇവിടെയും.
അത് പറഞ്ഞപ്പോഴാണ് ഒരു കാര്യം ധന്യയും, പിള്ളേരും നാട്ടിലാണ്. അവർ പുള്ളിക്കാരിയുടെ അനിയന്റെ കല്യാണം കൂടാൻ പോയിട്ട് ഏറെക്കുറെ അവിടെ കുടുങ്ങി. വിവാഹവാർഷിക ആഘോഷം ഇല്ല. കഴിഞ്ഞ പ്രാവശ്യം എന്തോ ഭയങ്കര സംഭവം ആയി ആഘോഷിച്ചു എന്നല്ല, കേക്ക് മുറി ഇത്തവണ ഇല്ല.
ജോഹനെ അവിടെ സ്കൂളിൽ ചേർത്തി. ഇങ്ങോട്ടു വരാനുള്ള വിസ അപ്പോയ്ന്റ്മെന്റ് കിട്ടിയിരിക്കുന്നത് 2022 ഫെബ്രുവരി മാസത്തിലാണ്. കോവിഡ് തന്നെ വില്ലൻ.കഴിഞ്ഞ പ്രാവശ്യം, അതായത് 2015 അക്കരെയും ഇക്കരെയും ആയപ്പോൾ വിചാരിച്ചതാണ് ഇനി അങ്ങനെ ഉണ്ടാകരുത് എന്ന്. പക്ഷെ കല്യാണം അത് തെറ്റിച്ചു, അനിയത്തിയുടെ കല്യാണം തന്നെ പുള്ളിക്കാരിക്ക് കൂടാൻ പറ്റിയില്ല. ഇത് കേട്ടാൽ തോന്നും എനിക്ക് എന്തെ ഇതൊന്നും കൂടാൻ ആഗ്രഹമില്ലേ എന്ന്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, നിവൃത്തി ഇല്ലാഞ്ഞിട്ട ആണ്. ഇവിടെ നിന്നും നാട്ടിൽ പോയി അവിടെ കുടുങ്ങിയാൽ കമ്പനി ഇവിടെ നിന്നും പേര് വെട്ടി വിടും. പിന്നെ നാട്ടിലെ പണി, അത് ഇവിടെ ക്ലയന്റ് ആയി സംസാരിച്ചു ഇരിക്കുന്ന പോലെയല്ല, രാത്രിയും പകലും പണി വരും. എന്നാൽ ഇവിടെ കിട്ടുന്നത് കിട്ടുകയും ഇല്ല. ഇവിടെ അമേരിക്കയിൽ പണിയെടുത്താൽ നമ്മുടെ ഒരു ലൈഫ് സ്റ്റൈൽ വേറെയാണ്. നൂറിന്റെ ഡോളർ എടുത്തു ചുരുട്ടി വലിക്കുന്നു എന്നല്ല, നമ്മുടെ ആഗ്രഹങ്ങൾ സാധിക്കാൻ പറ്റും. ഉദാഹരണമായി ഒരു ബെൻസ്, BMW കാർ വാങ്ങണം എങ്കിൽ പറ്റും, അതുപോലെ ലോകം ചുറ്റാം, വേണേൽ ഒരു ക്രൂയിസ് കപ്പലിൽ കയറാം. നാട്ടിൽ എങ്ങിനെ ചത്ത് പണിയെടുത്താലും ഇങ്ങനത്തെ ആഗ്രഹങ്ങൾ സാധിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. അത് ഓരോ ആളുകളെ അനുസരിച്ചു മാറാം. എൻ്റെ കാര്യം പറഞ്ഞു എന്ന് മാത്രം.
ബോറടിപ്പിച്ചു. അല്ലെ ഇത് എഴുതിയ എനിക്ക് തന്നെ ബോറടിച്ചു. നാട്ടിൽകുടുങ്ങിയിട്ട് ഒരു ഗുണം ഞാൻ കാണുന്നത് ജോഹന്റെ കാര്യത്തിൽ ആണ്. അവനു ഇപ്പോൾ ഇംഗ്ലീഷ് പഠിക്കുന്നതിന്റെ കൂടെ മലയാളവും, ഹിന്ദിയും പഠിക്കണം. ഞാൻ ഈ എഴുതുന്ന ബ്ലോഗ് ഒക്കെ മലയാളം പഠിച്ചതുകൊണ്ട് ചിലപ്പോൾ ഭാവിയിൽ അവൻ വായിക്കുമായിരിക്കും. അവൻ്റെ ഭാഗത്തു നിന്നും ആലോചിച്ചാൽ ഭയങ്കര കഷ്ടപ്പാടാണ്. എന്തായാലും വേറെ വഴിയില്ല ജോഹാ. ഭാവിയിൽ ഇത് നിനക്ക് നല്ലതാണ് എന്ന് ബോധ്യപ്പെടാം.
ഇതോടു കൂടി എന്തായാലും പേരകുട്ടികളെ താലോലിക്കണം എന്ന രണ്ട് ഭാഗത്തും ഉള്ള അപ്പാപ്പനമ്മാമ്മമാരുടെ ആഗ്രഹം സാധിച്ചു കിട്ടി. രണ്ടു വീടുകളിലും മാറി മാറി നിൽക്കുന്നത് കൊണ്ട് ഒരു കൂട്ടർക്ക് ബോറടിക്കുമ്പോഴേക്കും, അവിടെ നിന്നും പോയിട്ടുണ്ടാകും. ഭാവിയിൽ നിന്നും നോക്കുമ്പോൾ ഞങ്ങൾ എന്തോ പിള്ളേരെ അവരിൽ നിന്നും അകറ്റി, നമ്മുടെ സംസ്കാരം കാണിച്ചു കൊടുത്തില്ല എന്നൊരു വിഷമവും ഉണ്ടാവില്ല.
പിന്നെ ഒരു ഗുണം, കുറച്ചു കാലം മാറി നിന്നാൽ ഒരാൾക്ക് മറ്റേ ആളുടെ വില മനസിലാകും എന്നാണ്. എപ്പോഴും ഒരുമിച്ചു താമസിക്കുമ്പോൾ ഒരു വിലയും ഉണ്ടാവില്ല, അല്ലെങ്കിൽ നമ്മൾ എന്തോ വലിയ രീതിയിൽ ചിന്തിക്കുന്നവർ ആയിരിക്കണം. അതുപോലെ നമ്മൾ ഒരുമിച്ചു ആണെങ്കിൽ അതാണ് നമ്മുടെ ലോകം, ഒരു മാറ്റം വന്നാൽ നമുക്ക് പുറത്തേക്ക് നോക്കാം, നമ്മൾ ജീവിക്കുന്ന പോലെ തന്നെ ആണോ മറ്റുള്ളവരും എന്ന്. അവരുടെ നല്ല വശങ്ങൾ വേണേൽ എടുക്കാം. അതിനിപ്പോൾ അക്കരെയും ഇക്കരെയും നിൽക്കേണ്ട ആവശ്യമില്ല. പുറത്തു കാണുന്നത് ശ്രദ്ധിക്കാൻ സമയം ഉണ്ടായാലും മതി.
കാലങ്ങളായി ഒരാൾ വേണം എന്നും മറ്റേ ആൾ വേണ്ട എന്നും പറഞ്ഞു പെൻഡിങ് ആയിരുന്ന മാമ്മോദീസ ജെറിന് കിട്ടി. സത്യം പറഞ്ഞാൽ ഞാൻ വേണ്ട എന്ന് പറഞ്ഞത് കൊണ്ടല്ല, നടക്കാഞ്ഞത്, നാട്ടിൽ പോകാൻ പറ്റാതിരുന്നത് കൊണ്ടാണ്. എനിക്ക് ശരിക്കും മിസ് ചെയ്ത ഒരു സംഭവം ആയിരുന്നു. എന്തായാലും അത് കഴിഞ്ഞത് കൊണ്ട് എനിക്ക് എൻ്റെ മതം, ദൈവ വിശ്വാസങ്ങൾ വിട്ടത് ബ്ലോഗിൽ ഇടാൻ പറ്റി. മാമ്മോദീസക്ക് മുൻപ് ഞാൻ എന്തെങ്കിലും പറഞ്ഞു അത് ഒരു പ്രശ്നം ആകേണ്ട കാര്യമില്ലല്ലോ. അത് കഴിഞ്ഞപ്പോൾ എന്താ ഒരു ആശ്വാസം.
പിന്നെ അവർ നാട്ടിൽ കുടുങ്ങിയത് കൊണ്ട് എനിക്ക് മാത്രം ഉണ്ടായ മാറ്റം എന്നത് ഞാൻ സോളോ ട്രിപ്പുകൾ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നതാണ്. പണ്ട് അപ്പൻ ഒറ്റക്ക് തിരോന്തരത്തേക്ക് പൊങ്കാല കാണാൻ പോകുമ്പോൾ ഞാൻ ആലോചിക്കും, ഇങ്ങേരിതു എന്താണ് ഒറ്റക്ക് ട്രിപ്പ് പോയിട്ട് എൻജോയ് ചെയ്യുന്നത് എന്ന്. പക്ഷെ ഞാൻ നിവൃത്തി ഇല്ലാഞ്ഞിട്ടു സോളോ ട്രിപ്പുകൾ പോയപ്പോൾ എനിക്കും എന്തോ അത് ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒന്നാമത് നമുക്ക് തോന്നിയപോലെ പ്ലാൻ മാറ്റാം, ആരോടും ചോദിക്കേണ്ട, ഫുഡ് വേണേൽ കഴിച്ചാൽ മതി, അല്ലെങ്കിൽ വഴിയിൽ കിട്ടുന്നത് എന്തും കഴിക്കാം. വഴിയിൽ കണ്ട ആരോടും വർത്താനം പറയാം, അവർ നമ്മളെ കളിയാക്കിയാലും, അല്ലെങ്കിൽ എന്തെങ്കിലും മോശം കാര്യം സംഭവിച്ചാലും നമുക്ക് ചമ്മൽ ഇല്ല. കൂട്ടത്തിൽ പോയി നമ്മൾ ചമ്മിയാൽ, പിന്നെ ജീവിതകാലം മുഴുവൻ അത് കേൾക്കും.
കഴിഞ്ഞ പ്രാവശ്യം നിറുത്തിയപോലെ തന്നെ വലിയ തട്ടുകേടില്ലാതെ ഒരുകൊല്ലം കടന്നു പോകാൻ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടും, വീണ്ടും സഹകരണം അഭ്യർത്ഥിച്ചുകൊണ്ടും നിറുത്തുന്നു.