2010, മാർച്ച് 15, തിങ്കളാഴ്‌ച

കേരളത്തിന്‍റെ പൊതുകടം തീര്‍ക്കാന്‍ 3 വഴികള്‍

കേരളത്തിന്‍റെ ബജറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ നമുക്ക് ഒരുവിധം ഭേദപ്പെട്ട പൊതുകടം കാണാം. comp-off കിട്ടി ചുമ്മാ വീട്ടില് ഇരിക്കുമ്പോഴാണ് അതിഭയങ്കരമായ ഈ കടം തീര്‍ക്കാനുള്ള ഇടിവെട്ട് പരിപാടികള്‍ മനസ്സില്‍ വരുന്നത്.ചില വഴികള്‍ നിങ്ങള്‍ തന്നെ മുന്‍പേ ആലോചിച്ചതായിരിക്കും.ഒരുപക്ഷെ പുറത്തു പറഞ്ഞു കാണില്ല.ഇവിടെ എന്തായാലും അതെല്ലാം പറയുവാന്‍ പോവുകയാണ്.

ചാരായം
അതെ നമ്മുടെ അന്തോണി സര്‍ നിറുത്തിയ കുടിയന്മാര്‍ക്കെല്ലാം ഗതകാലസ്മരണകള്‍  ഉണ്ടാക്കുന്ന അതെ സാധനം.മര്യാദക്കുണ്ടാക്കി ഒരു ബ്രാന്‍ഡ്‌ ചെയ്തു നമുക്കെന്തുകൊണ്ടത് എക്സ്പോര്‍ട്ട്‌ ചെയ്തുകൂടാ?.നമുക്കെന്താ അതുണ്ടാക്കാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടാണോ?സര്‍ക്കാര്‍ നേരിട്ടുണ്ടാക്കുകയോ ,ലൈസെന്‍സ് കൊടുക്കുകയോ ചെയ്യട്ടെ.ഇനിയിപ്പോള്‍ സര്‍ക്കാരിന്‍റെ കൈയ്യില്‍ പൈസയില്ലെങ്കില്‍ ഒരു പൊതുമേഘല കമ്പനിയുണ്ടാക്കി ഷെയര്‍ ഇറക്കട്ടെ.ഞാന്‍ എന്തായാലും അതിന്റ ഷെയര്‍ വാങ്ങിക്കും.

ഗോവക്കാര്‍ ഫെനിയുണ്ടാക്കി അവരുടേതായ ലേബലില്‍ വില്‍ക്കുന്നു.കണ്ട അണ്ടനും അടകോടനും, സായിപ്പും അത് വാങ്ങി അടിക്കുന്നു.ഗോവ ഇന്ത്യയിലാണ്.അതുകൊണ്ട് പോട്ടെ .നാഴിക്ക് നാല്‍പ്പതു വട്ടം ഓരോ വികസനം എന്നു പറഞ്ഞു വിദേശരാജ്യങ്ങളില്‍ കറങ്ങുന്ന, അവിടത്തെ വികസനമാണ് വികസനം എന്നു പറയുന്ന മന്ത്രിമാര്‍ക്ക് ഒന്ന് സ്കോട്ട്ലണ്ട് വഴി പോയി ജോണി വാക്കര്‍ എന്ന ലേബലിനെ പറ്റി പഠിച്ചുകൂടെ? എന്തുമാത്രം പൈസയാ അവന്മാനുണ്ടാക്കുന്നത്.

ചിലവന്മാരുണ്ട്.മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ് എന്നു പറഞ്ഞു അതുണ്ടാക്കരുത് എന്നു പറയുന്നവര്‍.അവന്മാരോട് ഞാനും യോജിക്കുന്നു.പക്ഷെ അപ്പോള്‍ സമ്പൂര്‍ണ മദ്യനിരോധനം വരണം.ഒരുത്തനും ഉണ്ടാക്കേണ്ട ,കുടിക്കേണ്ട.ഇത് ഒരുമാതിരി ചാരായം മാത്രം നിറുത്തിയിരിക്കുന്നു.ബാക്കിയെല്ലാം ഇഷ്ടം പോലെ കിട്ടാനുമുണ്ട്.

അടുത്ത തലമുറയായാല്‍ ചിലപ്പോള്‍ ചാരായം വാറ്റുന്ന കല തന്നെ മറ്റു അനുഷ്ടാനകലകള്‍ പോലെ ആളുകള്‍ മറന്നു പോകും.അതുകൊണ്ട് എത്രയും പെട്ടെന്നായാല്‍ അത്രയും നല്ലത്. ശുഭസ്യ ശീഘ്രെ എന്നങ്ങാണ്ടല്ലേ.

ചന്ദനം
ചന്ദനമരങ്ങള്‍ മാത്രമല്ല.മറ്റു പല മരങ്ങളും പൊതുജനങ്ങള്‍ക്കു വളര്‍ത്താന്‍ പാടില്ല.എന്തുകൊണ്ടാണ് അതെന്നു എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.വിലകൂടിയ മരങ്ങളല്ലേ.ഒരു ക്രമസമാധാനപ്രശ്നം ഉണ്ടാകേണ്ട എന്നു വിചാരിച്ചായിരിക്കും.എല്ലാവരുടെയും പറമ്പില്‍ ഈ വക മരങ്ങള്‍ ഉണ്ടെങ്കില്‍ എന്ത് പ്രശ്നം വരാനാ അല്ലേ.പറമ്പില്‍ കുറച്ചു തേക്ക് നില്‍പ്പുണ്ട്.കാലമാകുമ്പോള്‍ വില്‍ക്കാന്‍ പറ്റുമോ എന്തോ?
പറഞ്ഞു വന്നത് എന്താണെന്നു വച്ചാല്‍ ഈ വക മരങ്ങള്‍ വളര്‍ത്തി വനവത്കരണം നടത്തിക്കൂടെ?ആഗോള താപനം കുറയുകയും ചെയ്യും.പോക്കറ്റില്‍ പൈസ വരികയും ചെയ്യും.
ചന്ദനം ആണെങ്കില്‍ അതില്‍ നിന്നും ചന്ദന തൈലം ഉണ്ടാക്കാന്‍ ഫാക്ടറികള്‍ വേണം.കുറച്ചു പേര്‍ക്കെങ്കിലും ജോലി കിട്ടും.മറ്റു മരങ്ങള്‍ ഉണ്ടാക്കിയാലും  എക്സ്പോര്‍ട്ട്‌ ചെയ്യാം എന്നു തന്നെയനെനിക്ക്തോന്നുന്നത്.

സ്വാശ്രയ കോളേജുകള്‍
ഇത് പിന്നെ നടപ്പില്‍ വന്ന ഒരു കാര്യമാണ്.കുറെക്കാലം തമിഴനും,കന്നടക്കാരനും,ആന്ത്രക്കാരനും നമ്മുടെ പൈസ കൊണ്ടുപോയി.പക്ഷെ ഇപ്പോഴും കോളേജുകള്‍ അങ്ങോട്ട്‌ പോര എന്നു തന്നെയാണ് എന്‍റെ അഭിപ്രായം.സര്‍ക്കാര്‍ കോളേജിലും ഇരിക്കട്ടെ കുറച്ചു പൈസ കൊടുത്തു വാങ്ങാവുന്ന സീറ്റുകള്‍.സ്വാശ്രയ കോളേജുകള്‍ നിയമിക്കുന്ന അധ്യാപകര്‍ ഭൂരിഭാഗവും അതിനു തൊട്ടു മുന്‍പിലെ വര്‍ഷം അതേ കോളേജില്‍ നിന്നും തന്നെ ഇറങ്ങിയവരായിരിക്കും.പഠിപ്പിക്കുന്നതെല്ലാം കണക്കാ..അപ്പോള്‍ സര്‍ക്കാര്‍ കോളേജുകളില്‍ സീറ്റുകള്‍ വന്നാല്‍ കാശു മുടക്കുന്നവന് മുതലാകും.അതായതു ഡിഗ്രി കഴിയുമ്പോള്‍ അതിനൊപ്പം അല്‍പ്പം വിവരം കൂടി ഉണ്ടാകും.

ഇനിയിപ്പോള്‍ സര്‍ക്കാരിനു കാശ് മേടിക്കാന്‍ ഒരു വിഷമം ഉണ്ടെങ്കില്‍ കുറച്ചുംകൂടി കോളേജുകള്‍ അനുവദിക്കട്ടെ.എന്തായാലും പഠിക്കാന്‍ വിചാരിച്ചാല്‍ പഠിക്കും.അതിനു എന്ട്രന്‍സ് മാര്‍ക്ക്‌ ഒരു പ്രശ്നമല്ല.ലോണ്‍ തരുന്ന ബാങ്കുകളും ,പോക്കറ്റില്‍ പൈസയുള്ള അച്ഛനമ്മമാരും ഉണ്ടെങ്കില്‍.പിന്നെ വെറുതെ എന്തിനു നമ്മുടെ പൈസ അന്യ സംസ്ഥാനത്തേക്ക്  ഒഴുക്കണം.

1 അഭിപ്രായം:

Joymon പറഞ്ഞു...

ഇങ്ങനെ പോയാല്‍ കേരളം ദുബായ് ആകും.എണ്ണ കൊണ്ടല്ലെന്നു മാത്രം.