2010, മാർച്ച് 13, ശനിയാഴ്‌ച

ചൂട് കൂടുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

ഇപ്പോള്‍ എവിടെനോക്കിയാലും ചൂടിനെപറ്റിയുള്ള സംസാരമേയുള്ളൂ.അവിടെ പശു ചത്തു.ഇവിടെ പൊള്ളല്‍ ഏറ്റു അപകടാവസ്ഥയിലായി.പാലക്കാട് 42 ഡിഗ്രി ചൂട്.ഒരു രക്ഷയുമില്ല.പക്ഷെ ഇന്ന് ഞാനൊരു നല്ല വശം കണ്ടു ഈ ചൂടിന്‍റെ.


പതിവുപോലെ ഈ ആഴ്ചയും വീട്ടിലെത്തിയപാടെ അമ്മ ട്രിപ്പ്‌ പ്ലാന്‍ പറഞ്ഞു.തൃശൂര്‍ അശ്വിനി ഹോസ്പിറ്റലില്‍ കിടക്കുന്ന അമ്മയുടെ ആങ്ങളയെ കാണാന്‍ പോണം.വെറുതെ അലമ്പുണ്ടാക്കി തടി ചീത്തയാക്കേണ്ട എന്ന് കരുതി പെട്ടെന്ന് തന്നെ കാറില്‍ പോകാമെന്ന് ഞാന്‍ സമ്മതിച്ചു. മാരുതി ആള്‍ട്ടോ .ഒരു കിലോമീറ്റര്‍ ഓടാന്‍ 3 രൂപ.3 പേരുണ്ട്.കുഴപ്പമില്ല.

അടുത്തത് വഴിയെ പറ്റിയുള്ള തീരുമാനമാണ്.എന്ന് തൃശ്ശൂര് പോകാന്‍ വിചാരിച്ചാലും ഞാന്‍ ഇരിങ്ങാലക്കുട വഴിയും അപ്പന്‍ നെല്ലായി വഴിയും പറയും.എന്തായാലും ഇരിങ്ങാലക്കുട എസ്.ബി.ഐ. ബാങ്കില്‍ കയറണം എന്നു പറഞ്ഞു ഞാന്‍ വഴി തീരുമാനമാക്കി.എസ്.ബി.ഐ. ബാങ്കില്‍ കയറിയത് ഒരു വന്‍ കഥയാണ്.അത് പോട്ടെ.





അങ്ങനെ നട്ടുച്ചനേരത്ത് ആദ്യമായി എ.സി ഫുള്ളിലിട്ടു യാത്ര തുടങ്ങി.കാര്യമായി  എ.സിയുടെ എഫെക്റ്റ് എന്ന തണുപ്പ് ഒട്ടും തന്നെയില്ല.പിന്നെ ചൂട് ഇല്ല എന്നു മാത്രം.അങ്ങനെ നമ്മുടെ കരുവന്നൂര്‍ പാലം എത്തിയപ്പോഴാണ് ആ കാഴ്ച ഞാന്‍ കണ്ടത്.നമ്മുടെ ടോള്‍ ചേട്ടന്മാര്‍ ആരുമില്ല.സാധാരണയായി അവരുടെ നില്‍പ്പും ഭാവവും കണ്ടാല്‍ തോന്നും നമ്മളെല്ലാവരും അവരെ പറ്റിച്ചു കടക്കാന്‍ നോക്കുകയാണ്.ഇപ്പൊ പിടിച്ചില്ലേല്‍ ആരും ടോള്‍ തരത്തില്ലയെന്നു.



അങ്ങനെയുള്ള ടോളിലാണ് ആരുമില്ലാത്തത്.ആദ്യം വിചാരിച്ചു ഇവന്മാര്‍ക്ക് പാലം പണിത പൈസ കിട്ടിക്കാണുമോ?അതുകൊണ്ടായിരിക്കുമോ ടോള്‍ നിറുത്തിയത്? ച്ചെ..അതായിരിക്കില്ല.കോട്ടപ്പുറം പാലത്തിന്റെ ചരിത്രം വച്ചു നോക്കിയാല്‍,ഒരു അഞ്ചാറ് തലമുറവരെയെങ്കിലും ഇവരും പിരിക്കും.അകത്ത് ആളുണ്ട്.പത്രം വായിച്ചിട്ട് കുറച്ചായെങ്കിലും അടുത്ത കാലത്തൊന്നും ടോള്‍ നിറുത്തിയതായി ഒരു വാര്‍ത്തയും വന്നിട്ടില്ല. അപ്പോള്‍ പിന്നെ ആകെയുള്ള ഒരു കാരണം ചൂട് തന്നെ.എന്തായാലും കൊള്ളാം.മുന്‍പില്‍ പോയ എസ്റ്റീം പോയ പോലെ ഞാനും ടോള്‍ കൊടുക്കാതെ കരുവന്നൂര്‍ പാലത്തിലേക്ക്.

ഒന്ന് ഇറങ്ങി ചോദിക്കാന്‍ തോന്നിയതാ "എന്താ ചേട്ടാ പാലം പണിത പൈസ കിട്ടിയോ എന്ന്?" പിന്നെ വെറുതെ ശരീരം കേടാക്കണ്ട എന്ന് കരുതി അതായതു ചൂടുകൊണ്ട് പോള്ളണ്ട എന്ന് കരുതി ചോദിച്ചില്ല.

 ഇതുകൊണ്ട് ലാഭം പൊതുജനത്തിനാണ്.ചൂട് കൊണ്ട് ലാഭം ഉണ്ടാക്കാന്‍ പോകുന്ന അടുത്ത കൂട്ടരാണ് ഇന്‍ഫോ പാര്‍ക്കിലെ കാന്‍റീന്‍.ഇന്പുട്ടിനെക്കാള്‍ ഔട്പുട്ട് തരുന്ന ഫുഡ്‌ മടുത്ത് പുറത്തെ ഹോട്ടലില്‍ പോയികൊണ്ടിരിക്കുന്നവരൊക്കെ അത് നിറുത്തും.നല്ല ചൂടല്ലേ ചുറ്റും കെട്ടിടങ്ങള്‍ ആയതുകൊണ്ട്.


അങ്ങനെ റിയല്‍ എസ്റ്റേറ്റ്‌ എന്നും വികസനം എന്നും പറഞ്ഞു മരങ്ങള്‍ മുറിച്ചു  കെട്ടിടങ്ങള്‍ പണിതു ചൂടുകൂട്ടിയപ്പോള്‍ മലയാളികള്‍ക്കൊരു സമാധാനമായി.ഇനിയെങ്കിലും പത്തു മരങ്ങള്‍ വച്ചുപിടിപ്പിച്ചാല്‍ മതിയായിരുന്നു.സമയം അതിക്രമിച്ചിട്ടില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.

1 അഭിപ്രായം:

Joymon പറഞ്ഞു...

ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ കിട്ടിയ വാര്‍ത്ത‍.തൃശ്ശൂരും ഒരാള്‍ ചൂട് കൊണ്ട് മരിച്ചു.പണി പാളുമോ? ചെറിയ ഒരു പേടി ഇല്ലാതില്ല.