2010, മേയ് 26, ബുധനാഴ്‌ച

കേരള ലൈഫ് ജാക്കറ്റ്

ലൈഫ് ജാക്കറ്റ് ആദ്യമായി കണ്ടപ്പോള്‍ മുതലുള്ള ഒരാഗ്രഹമാണ് ഒരെണ്ണം വാങ്ങിക്കുക എന്നത്.ആദ്യമായി കണ്ടത് ടൈറ്റാനിക് സിനിമായിലാണ് എന്ന് തോന്നുന്നു.ആദ്യത്തെ ജോലി കിട്ടി വാങ്ങിക്കാന്‍ ചെന്നപ്പോഴാണ് അതൊരു ചെറിയ സാധനമല്ല എന്ന് മനസിലായത്.അത്യാവശ്യം നല്ല വിലയുണ്ട്.പിന്നെ ഒന്ന് ശ്രമിച്ചത് ഓണ്‍സൈറ്റ് പോയപ്പോഴാണ്.അപ്പോഴും ഒരു പ്രശ്നം കൊണ്ടുവരാന്‍ വലിയ ബുദ്ധിമുട്ടാണ്.അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ നാട്ടില്‍ പിള്ളേര് ഉണ്ടാക്കുന്ന ലൈഫ് ജാക്കറ്റ് ഓര്‍മ വന്നത്.അതും പത്ത് പൈസ ചിലവില്ലാത്ത ലൈഫ് ജാക്കറ്റ്.

പാഴ്വസ്തുക്കളില്‍ നിന്നും ഉണ്ടാക്കുന്ന ഒരു കിടിലന്‍ സാധനം.ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും ഒരു ചരടും അതാണ് അസംസ്കൃത വസ്തുക്കള്‍ .ഒഴിഞ്ഞ കുപ്പികള്‍  നന്നായി അടച്ചു ഒരു ചരടില്‍ കെട്ടി ഉറപ്പിച്ചതിനുശേഷം ആ ചരട് അരയില്‍ കെട്ടുന്നു. കഴിഞ്ഞു. ഇതുമായി വെള്ളത്തില്‍ ചാടിയാല്‍ മുങ്ങുമെന്ന പേടിയേ വേണ്ട.ചെറിയ കുട്ടികളാണെങ്കില്‍ ഒരു 5 കുപ്പികള്‍ മതി. അല്ലെങ്കില്‍ ഒരു പത്ത് മാക്സിമം.

കണ്ടോ എന്താ ഒരു സ്റ്റൈല്‍.

ലൈഫ് ജാക്കറ്റ് ഇന്‍ ആക്ഷന്‍

ഒരു ലിറ്ററിന്‍റെ കുപ്പി ഒരു 5ഓ 6ഓ കിലോ വരെ താങ്ങും എന്നാണ് നമ്മുടെ ലോക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്.

ഉപയോഗങ്ങള്‍

മെയിന്‍ ഉപയോഗം നീന്തല്‍ പഠിക്കാം എന്നത് തന്നെ.ഇതങ് കെട്ടി വെള്ളത്തില്‍ ചാടുക എന്നിട്ട് കയ്യും കാലും ഇട്ടടിക്കുക. പഠിക്കുന്നതിനനുസരിച്ച് കുപ്പികളുടെ എണ്ണം കുറക്കം.

2010, മേയ് 16, ഞായറാഴ്‌ച

പോസ്റ്റലായി നീന്തല്‍ പഠിക്കാം 2

കഴിഞ്ഞ ഭാഗം വായിച്ചു പ്രക്ടിക്കല്‍ എടുത്തിട്ടു ആര്‍ക്കും കുഴപ്പം ഒന്നുമുണ്ടായില്ല എന്ന വിശ്വാസത്തില്‍ ഡേ 3യിലേക്ക്.

ഡേ 3

കാലുകള്‍ നീന്തലിനായി തയ്യാറായ സ്ഥിതിക്ക് ഇന്ന് കയ്യിലേക്ക് വരാം.ആദ്യമായി വലതു കൈ ആണ് ശരിയാക്കാന്‍ പോകുന്നത്.കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ കൈകള്‍ രണ്ടും കുത്തി കാലിട്ടടിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ വലതു കൈ ഉയര്‍ത്തുക.എന്നിട്ട് തുഴയുക.ആദ്യമൊക്കെ ബാലന്‍സ് കിട്ടാതെ മുങ്ങുമെങ്കിലും കുറച്ചു കഴിയുമ്പോള്‍ ശരിയാകും.വലതു കൈ കഴക്കുമ്പോള്‍ ഇടത്ത് കൈ  കൊണ്ട് തുഴയുക.ഇടത്ത് കൈ കൊണ്ട് തുഴയുമ്പോള്‍ വലതു കൈ നിലത്ത് കുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ശാസ്ത്രീയമായി പറഞ്ഞാല്‍ കൈ കൊണ്ട് തുഴയലാണ് നമ്മളെ മുന്‍പോട്ട് നീക്കുന്നത്.കാലുകള്‍ കൊണ്ടുള്ള അടി പൊങ്ങി കിടക്കാന്‍ മാത്രമാണ്.ഒരു കൈ കൊണ്ട് തുഴയുമ്പോള്‍ നമുക്ക് തന്നെ നമ്മള്‍ നീങ്ങുന്നത്. അറിയാന്‍ പറ്റും.മനശാസ്ത്രപരമായി നോക്കുകയാണെങ്കില്‍ ഒരാള്‍ക്ക് തനിക്കും നീന്തല്‍ പഠിക്കാം അല്ലെങ്കില്‍ കുറച്ചു പഠിച്ചു എന്ന ആത്മവിശ്വാസമാണ് ഇവിടെ ഉണ്ടാകുന്നത്.ചുരുക്കി പറഞ്ഞാല്‍ ഒറ്റകൈയ്യില്‍ നിന്നുകൊണ്ട് ഈ അഭ്യാസം ചെയ്യാന്‍ പറ്റിയാല്‍ ഡേ 3 നിറുത്താം.

ഡേ 4

ഇന്നാണ് ശരിക്കുമുള്ള നീന്തല്‍.അതായത് ഡേ 3യില്‍ കൈ കുത്തി നിന്ന് കാണിച്ചത് കൈ കുത്താതെ ചെയ്യുന്നു.രണ്ട് കൈയും ഉപയോഗിച്ച് തുഴയുന്നു അത്രതന്നെ.സ്വാഭാവികമായും നില്‍ക്കുന്നത് പടവിന് അഭിമുഖമായത്തുകൊണ്ട് നീന്തുമ്പോ പടവില്‍ ചെന്ന്‍ തലയിടിക്കാന്‍ സാധ്യതയുണ്ട്.സൂക്ഷിക്കുക.തുടങ്ങിയ പൊസിഷന്‍ ഓര്‍മയില്ലെങ്കില്‍ ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ് നീന്തല്‍ തുടങ്ങുന്നത് മുട്ടിനൊപ്പം വെള്ളത്തില്‍ ഇറങ്ങി പടവിന് അഭിമുഖമായി നിന്നുകൊണ്ടാണ്.അതായത് നീന്തുമ്പോ നമ്മള്‍ പടവിലേക്ക് ആണ് നീന്തുന്നത് അല്ലാതെ നിലയില്ലാത്ത വെള്ളത്തിലേക്കല്ല.

പൂജ്യം മുതല്‍ ഒന്‍പത് വരെ പത്ത് ചിഹ്നങ്ങള്‍ ഉണ്ടെന്നും അതുപയോഗിച്ച് ഏതൊരു വലിയ സംഖ്യയെയും ഉണ്ടാക്കാമെന്നും പറഞ്ഞു കൊടുത്താല്‍ ഏതൊരു വലിയ സംഖ്യയെയും ഉണ്ടാക്കുന്നവനാണ് യഥാര്‍ഥ മനുഷ്യന്‍.ഇങ്ങനെ പഠിക്കാനും പഠിപ്പിക്കുവാനുമാണു എനിക്ക് താത്പര്യം.പറഞ്ഞുവന്നത് എന്താണെന്ന് വച്ചാല്‍ നീന്തല്‍ എന്താണെന്ന് നിങ്ങള്‍ പഠിച്ചു കഴിഞ്ഞു.ഇനി നിങ്ങള്‍ നിങ്ങളുടെ എക്സ്പീരിയന്‍സ് കൂടുന്നതിനനുസരിച്ച് നിലയില്ലാത്ത വെള്ളത്തിലേക്ക് നീന്തേ,മലര്‍ന്ന് നീന്തേ,ഊളാക്ക് ഇടേ എന്താണെന്നുവച്ചാ ചെയ്യ്.അങ്ങട് അര്‍മാദിക്ക്...

2010, മേയ് 15, ശനിയാഴ്‌ച

പോസ്റ്റലായി നീന്തല്‍ പഠിക്കാം 1

പോസ്റ്റലില്‍ നീന്തല്‍ പഠിക്കുക എന്നത് കാക്ക മലര്‍ന്നു പറക്കുക ,കോഴിക്ക് എന്തോ വരിക ,എനിക്ക് ഒരു ലൈനുണ്ടാകുക എന്നതുപോലെ നടക്കാത്ത ഒരു കാര്യമാണ് എന്നാണല്ലോ എല്ലാവരുടെയും ധാരണ.കോഴിക്ക് വരാത്ത സാധനത്തിന്‍റെ പേര് എന്ന് എനിക്കെഴുതാന്‍ അറിയാഞ്ഞിട്ടല്ല.പിന്നെ അതെങ്ങാനും വല്ലവന്മാരും സെര്‍ച്ച്‌ ചെയ്തു എന്റെ ബ്ലോഗില്‍ എത്തിപ്പെട്ടാല്‍ പിന്നെ അതുമതി ബൂലോഗത്തുനിന്നും പെണ്ണുകിട്ടാതിരിക്കാന്‍.അല്ലെങ്കില്‍ തന്നെ ഇന്‍ഫോ പാര്‍ക്കിലെ തേജോമയയില്‍ ഇരുന്നു വായില്‍ നോക്കി  ആ ഭാഗത്തു നിന്നും പെണ്ണു കിട്ടില്ല എന്നുറപ്പാക്കിക്കഴിഞ്ഞു.      

അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് നീന്തല്‍ പഠിക്കുന്ന കാര്യം.അതും ബ്ലോഗ് പോസ്റ്റായി.എന്തിന് നീന്തല്‍ പഠിക്കണം എന്ന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ല..നമ്മുടെ നാട്ടിലെ പാലങ്ങളുടെ അവസ്ഥ കണ്ടാല്‍ എത്രയും പെട്ടെന്ന്‍ പഠിക്കുന്നോ അത്രയും നല്ലത് എന്ന് തോന്നിപ്പോകും. ഓരോരുത്തരോടും ചോദിച്ചാല്‍ പല വഴികളായിരിക്കും പറഞ്ഞു തരിക.ഈ വഴി എന്‍ വഴി.അതായത് ഞാന്‍ നീന്തല്‍ പഠിച്ച വഴി.ഏത്?

ആവശ്യമുള്ള കാര്യങ്ങള്‍

പടവുകള്‍ ഉള്ള ഒരു കുളം (ഇംഗ്ലീഷില്‍ സ്വിമ്മിംഗ് പൂള്‍ വിത്ത് പടവ്സ്). – 1

ഒന്ന് മുങ്ങി കുറച്ചു വെള്ളം കുടിച്ചാലും ഞാന്‍ നീന്തല്‍ പഠിക്കും എന്നുറപ്പുള്ള മനസ് – 1

നന്നായി നീന്തല്‍ അറിയാവുന്ന ഒരാള്‍-അത്യാവശ്യത്തിന്

പഠിക്കേണ്ട വിധം

ഡേ 1

ആദ്യമായി കുളത്തിലിറങ്ങുക.ഏതെങ്കിലും ബ്ലെടി ഫൂള്‍സ് വെള്ളത്തിലിറങ്ങാതെ നീന്തല്‍ പഠിക്കാന്‍ ആഗ്രഹിച്ചാണ് വന്നതെങ്കില്‍ ഗെറ്റ് ഔട്ട് ഓഫ് ദി ക്ലാസ്.അല്ലപിന്നെ.വെള്ളം കാല്‍മുട്ട് വരെ എത്തുന്നുണ്ടെങ്കില്‍ ‍ തിരിഞ്ഞു നിന്ന്‍(എബൌറ്റേണ്‍) കൈ പടവില്‍ കുത്തുക.കാല്‍മുട്ട് വരെ വെള്ളം ഇല്ലെങ്കില്‍ ഒരു സ്റ്റെപ്പ് കൂടെ ഇറങ്ങുക.പണ്ട് സ്കൂള്‍ അസംബ്ലിയില്‍ മര്യാദക്ക് ഡ്രില്‍ ചെയ്തിട്ടുണ്ടെങ്കില്‍ വലിയ കുഴപ്പമില്ലാതെ ഈ കാര്യം സാധിക്കാം.

ഇനി പതുക്കെ കാലുകള്‍ പുറകിലോട്ട് നീട്ടുക.കാലുകള്‍ ഒരിക്കലും വെള്ളത്തില്‍ പൊന്തി കിടക്കും എന്ന് വിചാരിക്കരുത്. അത് താന്നു പോകും.കാലുകള്‍ വെള്ളത്തില്‍ പൊന്തികിടക്കാന്‍ എന്തുചെയ്യാം?സാധാരണ ഒരാള്‍ നീന്തുമ്പോ എന്തു ചെയ്യും അത് തന്നെ ചെയ്യുക.അതായത് കാലിട്ടടിക്കുക.(ആരെങ്കിലും ഒരാള്‍ നീന്തുന്നത് നിങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ അഥവാ എങ്ങിനെ കാലിട്ടടിക്കണം എന്നറിയില്ലെങ്കില്‍ യൂട്യൂബ് എടുത്ത് സര്‍ച്ച് ചെയ്യുക.എന്നിട്ട് ബാക്കി വായിച്ചാല്‍ മതി.)

തിന്നു കൊഴുതിരിക്കുന്ന ശരീരമാണെങ്കില്‍ ആദ്യം നല്ല ബുദ്ധിമുട്ടായിരിക്കും.എന്തു തന്നെ ആയാലും കുറച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് കാലിട്ടടിച്ചുകൊണ്ട് വെള്ളത്തില്‍ അരക്ക് താഴെയുള്ള ഭാഗം സമാന്തരമായി പിടിക്കാന്‍ പറ്റും.ദേ താഴെ കാണുന്ന പോലെ.

ഡേ 2

ഇത് ശരിയായി കഴിഞ്ഞാല്‍ അതായത് 90 ഡിഗ്രിയില്‍ കൈ കുത്തി കാലുകൊണ്ട് വെള്ളത്തിലടിച്ച് നില്‍ക്കുന്ന പരിപാടി, പതുക്കെ ശരീരം പുറകോട്ട് നീക്കി  പഴയ പരിപാടി തന്നെ ചെയ്യുക.ചുരുക്കി പറഞ്ഞാല്‍ 90 ഡിഗ്രിയില്‍ കൈ കുത്തുന്നതിന് പകരം ഒരു 270 ഡിഗ്രിയില്‍ കുത്തുക.ദേ വീണ്ടും ഒരു പടം.

ഈ പോസിഷനിലും നിങ്ങള്‍ക്ക് കാലിട്ടടിച്ച് സമാന്തരമായി നില്‍ക്കാന്‍ സാധിക്കുകയാണെങ്കില്‍ നിങ്ങള്‍ ഡേ 2 വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു.പിന്നെയും സമയമുണ്ടെങ്കില്‍ ഇതേ കാലിട്ടടി നിങ്ങള്‍ക്ക് കൈ പലതരത്തില്‍ കുത്തി നിന്ന്‍ പരീക്ഷിക്കാവുന്നതാണ്.ഉദാഹരണമായി കൈക്ക് പകരം വിരലുകള്‍ കുത്തി നിന്ന്‍ പരീക്ഷിക്കാം.ഇമ്മാതിരി പരീക്ഷണങ്ങള്‍ നടത്തുമ്പോ നീന്തല്‍ അറിയാവുന്ന ആരെങ്കിലും അടുത്തുണ്ടാകുന്നത് മൂക്കില്‍ പഞ്ഞി വക്കല്‍‍ ഒഴിവാക്കാന്‍ സഹായിക്കും.

ഡേ 2 വിന്‍റെ ഉദ്ദേശ്യം നിങ്ങളുടെ കാലുകള്‍ നീന്തല്‍ പര്യാപ്തമാക്കുക എന്നതാണ്. അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ.അടുത്ത ലക്കത്തില്‍ കാണാം.

 

NB: ഇത് വായിച്ചു ഇതുപോലെയെല്ലാം ചെയ്ത് ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയാല്‍ ഞാനോ എന്‍റെ ബ്ലോഗോ ഉത്തരവാദികളല്ല.മറിച്ച് ഒരു ഗുരുവിന്‍റെ സ്ഥാനത്ത് കണ്ട് എന്തെങ്കിലും തരാന്‍(കൊട്ടേഷനോഴികെ) താല്‍പര്യമുണ്ടെങ്കില്‍ വാങ്ങിക്കാന്‍ എന്നേ തയ്യാറാണ്.

2010, മേയ് 12, ബുധനാഴ്‌ച

സെന്‍സസ് 2010

ഹലോ മേരിക്കുട്ടിയല്ലേ?...

അതേ മേരിക്കുട്ടി തന്നെയല്ല ചേട്ടന്‍ ലീവിന് വന്നിട്ടുമുണ്ട്.

ഇത് ലൂസി ടീച്ചറാ.പിന്നെ എന്തൊക്കെയുണ്ട്  വിശേഷങ്ങള്‍?

എന്തു പറയാനാ.പിള്ളേര് രണ്ടും ജയിച്ചു.മൂത്തത് 7ലും രണ്ടാമത്തേത് 3നിലും.

അല്ല മേരിക്കുട്ടി നിന്റെ അമ്മായി അമ്മ ഇപ്പോഴും നിന്റെ കൂടെ ആണോ? അതോ അനിയത്യാരുടെ കൂട്യാ?

ഓ തള്ള കഴിഞ്ഞ മാസം അവരുടെ വീട്ടിലേക്ക്  പോയി.

.................

.................

നിന്റെ വീടിന്‍റെ അപ്പുറത്ത് താമസിക്കുന്നവര്‍ ഇപ്പോഴും ഉണ്ടോ? അവിടെ എത്രയാ ആള്‍ക്കാര്? അവര്‍ക്ക് എത്ര പിള്ളാരുണ്ട്?

............................

...............

അതെ നിന്റെ വീടിന്‍റെ കിഴക്കേന്‍റെ കിഴക്കേല് താമസിക്കുന്ന രമണിയുടെ ഫോണ്‍ നമ്പര്‍ ഒന്ന് തരാവോ? സെന്‍സസ് എടുക്കാനാണെ...നിന്റെ എല്ലാം ഞാന്‍ എഴുതി വച്ചേക്കാം .പള്ളിയില്‍ വച്ച് കാണുമ്പോള്‍ ഒന്ന് ഒപ്പിട്ട് തന്നാല്‍ മതി....അനിയത്യാരും പള്ളിയില്‍ കാലത്തെ കുര്‍ബാനക്ക് തന്നെ വരുമല്ലോ അല്ലേ?

2010, മേയ് 9, ഞായറാഴ്‌ച

അമേരിക്കന്‍ വിസാപരീക്ഷണം 6

കഴിഞ്ഞ പോസ്റ്റ് വായിച്ചപ്പോള്‍ ചിലര്‍ക്കൊക്കെ തോന്നിയിരിക്കും ഇവനു വിസയൊക്കെ എവിടെ കിട്ടാന്‍.വെറും അലസന്‍.ഇനിയിപ്പോള്‍ കയറിയാല്‍ തന്നെ എന്തെങ്കിലും മണ്ടത്തരം ഒപ്പിച്ചു വിസ കളയും.

പക്ഷേ അതിന് വേറെ ആളെ നോക്കിയാല്‍ മതി.നമ്മളോടാ കളി? ഞാന്‍ കയറിയപ്പോഴല്ലേ കണ്ടത് എനിക്കും മുന്പ് അപ്പോയിന്‍റ്മെന്‍റ് ഉള്ളവരൊക്കെ ഇപ്പോഴും എന്റെ തോട്ടു മുന്‍പില്‍ നില്‍ക്കുന്നു. ഛേ വെറുതെ പേടിച്ചു.

വീണ്ടും പരിശോദനകള്‍..ഒരു രക്ഷയുമില്ല. വന്‍ സെക്യൂരിറ്റി തന്നെ.സമ്മതിച്ചു."എടീ സോഫീ ഇതൊന്നു പിടിച്ചേ .അവര്‍ക്കെന്നെ പരിശോദിക്കണമെന്ന്.ഡോക്ടര്‍ പോലും ഇത്രയ്ക്ക് പരിശോദിക്കില്ലലോ? " ഏതോ ഒരു ചട്ടയും മുണ്ടും ഉടുത്ത വല്ല്യമ്മ..ഒരു രക്ഷയുമില്ല ഗ്രീന്‍ മലയാളം. ദൈവമേ ഇവരൊക്കെ എങ്ങിനെ ഇംഗ്ലിഷ് പറഞ്ഞു വിസ മേടിക്കും? ചിലപ്പോള്‍ സോഫി പറയുവായിരിക്കും അല്ലേ?കണ്ടിട്ടു മരുമകളുടെ പ്രസവം നോക്കുവാന്‍ പോകുന്ന ലക്ഷണമാ.വെറുതെയല്ല ഒരു വേണം വേണ്ട എന്ന ഭാവം.

ആദ്യത്തെ കൌണ്ടര്‍..കിളിക്കൂടില്‍ ഇരിക്കുന്നത് ഇന്ത്യന്‍ തരുണീമണികള്‍.ഇവര്‍ക്കെന്താവോ ഇവിടെ കാര്യം.മദാമ്മക്ക് വല്ല നീരുവീഴ്ചയും വന്നതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തതായിരിക്കും.അവര്‍ക്ക് ജലദോഷം വരാന്‍ പാടില്ല എന്നൊന്നും ഇല്ലല്ലോ?

പക്ഷേ അവിടെ ചെന്നപ്പോഴാണ് കാര്യം മനസിലായത്.ചുമ്മാ ഡോക്യുമെന്‍റ്സ് നോക്കാന്‍ ഇരിക്കുന്നവരാ.ജീവിച്ചുപോക്കോട്ടെ അല്ലേ..ഇവര്‍ ഓകെ പറഞ്ഞാല്‍ നമുക്ക് അടുത്ത കൌണ്ടര്‍ അല്ല ,ബില്‍ഡിങ് വരെ പോകാം.അതായത് ശരിക്കുമുള്ള ഇന്‍റര്‍വ്യു നടത്തുന്നവര്‍ ഇരിക്കുന്നത് അവിടെയാണ് വിസ കിട്ടുമോ ഇല്ല്യോ എന്ന് തീരുമാനിക്കുന്നത്.

അങ്ങനെ ഒരു തരുണീമണി ഓകെ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ അടുത്ത കെട്ടിടത്തിലേക്ക്പോയി.അവിടെ ചെന്നപ്പോഴാണ് മലയാളത്തിന്‍റെ ഉപയോഗം ശരിക്ക് വന്നത്.മലയാളത്തില്‍ ഇന്‍റര്‍വ്യു നടത്താം.അതുമാത്രമോ മലയാളം ഇന്‍റര്‍വ്യു നടക്കുന്നിടത്ത് ഒരു മനുഷ്യനില്ല.ഇരിങ്ങാലക്കുട ബസ് സ്റ്റാഡില്‍ നിന്നും ചാല്‍ടി ..ചാല്‍ടി എന്ന് പറഞ്ഞു ചാലക്കുടിക്ക് ആളെ കയറ്റുന്നപോലെ വിളിച്ചു കയറ്റുന്നു.ചട്ടയും മുണ്ടും ഉടുത്ത വല്ല്യമ്മ വന്നതും ഇന്‍റര്‍വ്യു അറ്റെന്‍ഡ് ചെയ്യുന്നു.സോഫിയെ കാണുന്നില്ല.വല്ല്യമ്മ ഒറ്റക്ക് കയറി മദാമ്മയോട് എന്തോ പറഞ്ഞു.അവര്‍ പെട്ടെന്ന് തന്നെ പാസ്പോര്‍ട്ട് മേടിച്ചു വച്ചു.പാസ്പോര്‍ട് വാങ്ങിച്ചു=വിസ കിട്ടി എന്നുള്ള സമവാക്യം വച്ചു നോക്കിയാല്‍ വല്ല്യമ്മക്ക് വിസ!!!

ഇംഗ്ലിഷ് അറിയാം എന്ന് പറഞ്ഞുപ്പോയി എന്ന ഒറ്റ കാരണത്താല്‍ ഞാന്‍ അവിടെ ചുമ്മാ ഇരിക്കേണ്ടി വന്നു.ടാഗ് തൂക്കി വന്നിട്ടുള്ള കുറച്ചു ടി.സി.എസ്സെന്‍മാരും എസ്സികളും അവിടെ ഇവിടെയായി ഇരിക്കുന്നുണ്ട്.ഭാവം കണ്ടാല്‍ ഏതോ ആപ്റ്റിട്യൂഡ് ടേസ്റ്റ് എഴുതാന്‍ വന്നതാണെന്ന് തോന്നും.എന്താണാവോ ഇവര് പഠിക്കുന്നത്?

കിളിക്കൂടുകളില്‍ ഒരു മദാമ്മ മാത്രം സാരി ഉടുത്തിരിക്കുന്നു.തത്കാലം അതോരാശ്വാസം.ആ കൌണ്ടര്‍ തന്നെ കിട്ടുമോ ആവോ? ബാക്കിയുള്ളവടെയെല്ലാം മുറയ്ക്ക് വിസ കൊടുപ്പും മടക്കലും നടക്കുന്നുണ്ട്.റിജക്റ്റ് ചെയ്ത ചിലവരുടെ മുഖം കണ്ടാല്‍ എന്തോ ഭയങ്കര നഷ്ടം സംഭവിച്ചതുപോലെ...എന്‍റെ ചേട്ടാ കുറച്ചു കാലം കഴിഞ്ഞാല്‍ വീണ്ടും മുട്ടി നോക്കാലോ..ഇത്ര ഫീലിങ്സ് അടിക്കണോ? ഈ നിലക്ക് എന്‍ജിനിയറിങ് മൂന്നാം സെമിലെ മാത്സ് പേപ്പര്‍ ഓരോ പ്രാവശ്യം പൊട്ടുമ്പോഴും ഞാന്‍ എത്ര ഫീലിങ്സ് അടിക്കേണ്ടതായിരുന്നു?

ഒരു പാറ്റേണ്‍ വച്ചു നോക്കിയാല്‍ ആദ്യത്തെ കിളിക്കൂടിലെ സായ്പ്പേട്ടന്‍ 1:1 ആണ്.അതായത് ഒരുത്തന് വിസ കൊടുത്താല്‍ മറ്റവന്നില്ല.രണ്ടാമത്തേത്തിലെ മദാമ്മ കുറെ നേരം സംസാരിച്ചതിനുശേഷമേ വിസ കൊടുക്കൂ.ഒരു പാറ്റേണും ഇല്ല.അടുത്തതിലിരിക്കുന്ന ചേട്ടന്‍ കോട്ടും സ്യൂട്ടും ഇട്ടവര്‍ക്ക് പെട്ടെന്ന് കൊടുക്കുന്നു.ഒരു പൂജാരി വന്നു വിസ ചോദിച്ചു.പക്ഷേ നിഷ്കരുണം തള്ളി.ഇന്‍കം വരുന്ന വഴി ശരിയല്ല പോലും..കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പില്ലത്രേ.അതൊക്കെ ആ പൂജാരി നോക്കും.നിങ്ങളു വെറുതെ ബേജാരാകണോ?

അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആദ്യത്തെ കിളിക്കൂടില്‍ എത്തി.ദൈവമേ എന്നെക്കാളും മുമ്പത്തെ ആള്‍ക്ക് യേവന്‍ വിസ കൊടുത്തു.എനിക്ക് കിട്ടുമോ എന്തോ?

ആദ്യത്തെ ചോദ്യം:എന്തിനാടെ അങ്ങോട്ട് കെട്ടിയെടുക്കുന്നേ?

മുന്‍പ് പഠിച്ചു വച്ച ഉത്തരം അതേപടി ഛര്‍ദിച്ചു..അവിടെ പോയാല്‍ വര്‍ക്ക് ചെയ്യുകയെ ഇല്ല.മച്ചാന്‍ ഹാപ്പി.

എന്നാണ് ഈ കമ്പനിയില്‍ ചേര്‍ന്നത്?

ഒരു സംശയവും കൂടാതെ മറുപടി..കറെക്റ്റ് ഡേയ്റ്റ് തന്നെ കാച്ചി.പുള്ളി വീണ്ടും ഹാപ്പി.

മാസം എത്ര തടയുമെടെ കൈയ്യില്‍? ഓ എന്നാ പറയാനാ.തട്ടി മുട്ടി അങ്ങ് ആര്‍ഭാടമായി ധൂര്‍ത്തടിച്ച് ജീവിക്കാനുള്ളത് കിട്ടും.

ക്ലൈയിന്‍റിന്‍റെ പേര്?

_ ._ ._ ._(സോറി പേര് ബ്ലോഗിലിട്ടാല്‍ കഞ്ഞികുടി മുട്ടും)

ക്ലൈന്‍റിന്‍റെ അഡ്രെസ്സ്?

ബീപ് ?ബീപ്?....

സിലബസിലില്ലാത്ത ചോദ്യം.പാസ്സ്.

ഓകെ അപ്പോള്‍ എന്ന് ജോയിന്‍ ചെയ്തു എന്നാ പറഞ്ഞേ?

ഓഹോ നമുക്കിട്ട് പണിയാണല്ലേ?കണ്‍ഫ്യൂഷന്‍ ആക്കി വിസ റിജക്റ്റ് ചെയ്യാന്‍? ശരിയാക്കാം കേട്ട.

ഞാന്‍ ദേ _ _ ദിവസം മുന്‍പാ.അല്ലെങ്കില്‍ വേണ്ട ദേ _ മാസവും _ ദിവസവും മുന്‍പാ ജോയിന്‍ ചെയ്തെ.

അപ്പുറത്ത് നിശബ്ദത.ഒരു അതിഭയങ്കരമായ ഒരു കാല്‍ക്കുലേഷന്‍ പുള്ളിയുടെ തലയില്‍ നടക്കുന്നതിന്‍റെ ശബ്ദം എനിക്ക് ചെറുതായി കേള്‍ക്കാം.

എന്നാ ഓകെ നിനക്കു വിസ റെഡി.പാസ്പോര്‍ട് കൊറിയര്‍ വഴി വരും.ഗുഡ് ലക്ക്.

എബൌറ്റേണ്‍.ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്...എങ്ങിനെ മൌണ്ട് റോഡ് മുറിച്ചു കടന്നു എന്നറിയില്ല.റൂമില്‍ എത്തിയപ്പോഴാണ് ശരിക്കും ബോധം വന്നത്.