2010, മേയ് 9, ഞായറാഴ്‌ച

അമേരിക്കന്‍ വിസാപരീക്ഷണം 6

കഴിഞ്ഞ പോസ്റ്റ് വായിച്ചപ്പോള്‍ ചിലര്‍ക്കൊക്കെ തോന്നിയിരിക്കും ഇവനു വിസയൊക്കെ എവിടെ കിട്ടാന്‍.വെറും അലസന്‍.ഇനിയിപ്പോള്‍ കയറിയാല്‍ തന്നെ എന്തെങ്കിലും മണ്ടത്തരം ഒപ്പിച്ചു വിസ കളയും.

പക്ഷേ അതിന് വേറെ ആളെ നോക്കിയാല്‍ മതി.നമ്മളോടാ കളി? ഞാന്‍ കയറിയപ്പോഴല്ലേ കണ്ടത് എനിക്കും മുന്പ് അപ്പോയിന്‍റ്മെന്‍റ് ഉള്ളവരൊക്കെ ഇപ്പോഴും എന്റെ തോട്ടു മുന്‍പില്‍ നില്‍ക്കുന്നു. ഛേ വെറുതെ പേടിച്ചു.

വീണ്ടും പരിശോദനകള്‍..ഒരു രക്ഷയുമില്ല. വന്‍ സെക്യൂരിറ്റി തന്നെ.സമ്മതിച്ചു."എടീ സോഫീ ഇതൊന്നു പിടിച്ചേ .അവര്‍ക്കെന്നെ പരിശോദിക്കണമെന്ന്.ഡോക്ടര്‍ പോലും ഇത്രയ്ക്ക് പരിശോദിക്കില്ലലോ? " ഏതോ ഒരു ചട്ടയും മുണ്ടും ഉടുത്ത വല്ല്യമ്മ..ഒരു രക്ഷയുമില്ല ഗ്രീന്‍ മലയാളം. ദൈവമേ ഇവരൊക്കെ എങ്ങിനെ ഇംഗ്ലിഷ് പറഞ്ഞു വിസ മേടിക്കും? ചിലപ്പോള്‍ സോഫി പറയുവായിരിക്കും അല്ലേ?കണ്ടിട്ടു മരുമകളുടെ പ്രസവം നോക്കുവാന്‍ പോകുന്ന ലക്ഷണമാ.വെറുതെയല്ല ഒരു വേണം വേണ്ട എന്ന ഭാവം.

ആദ്യത്തെ കൌണ്ടര്‍..കിളിക്കൂടില്‍ ഇരിക്കുന്നത് ഇന്ത്യന്‍ തരുണീമണികള്‍.ഇവര്‍ക്കെന്താവോ ഇവിടെ കാര്യം.മദാമ്മക്ക് വല്ല നീരുവീഴ്ചയും വന്നതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തതായിരിക്കും.അവര്‍ക്ക് ജലദോഷം വരാന്‍ പാടില്ല എന്നൊന്നും ഇല്ലല്ലോ?

പക്ഷേ അവിടെ ചെന്നപ്പോഴാണ് കാര്യം മനസിലായത്.ചുമ്മാ ഡോക്യുമെന്‍റ്സ് നോക്കാന്‍ ഇരിക്കുന്നവരാ.ജീവിച്ചുപോക്കോട്ടെ അല്ലേ..ഇവര്‍ ഓകെ പറഞ്ഞാല്‍ നമുക്ക് അടുത്ത കൌണ്ടര്‍ അല്ല ,ബില്‍ഡിങ് വരെ പോകാം.അതായത് ശരിക്കുമുള്ള ഇന്‍റര്‍വ്യു നടത്തുന്നവര്‍ ഇരിക്കുന്നത് അവിടെയാണ് വിസ കിട്ടുമോ ഇല്ല്യോ എന്ന് തീരുമാനിക്കുന്നത്.

അങ്ങനെ ഒരു തരുണീമണി ഓകെ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ അടുത്ത കെട്ടിടത്തിലേക്ക്പോയി.അവിടെ ചെന്നപ്പോഴാണ് മലയാളത്തിന്‍റെ ഉപയോഗം ശരിക്ക് വന്നത്.മലയാളത്തില്‍ ഇന്‍റര്‍വ്യു നടത്താം.അതുമാത്രമോ മലയാളം ഇന്‍റര്‍വ്യു നടക്കുന്നിടത്ത് ഒരു മനുഷ്യനില്ല.ഇരിങ്ങാലക്കുട ബസ് സ്റ്റാഡില്‍ നിന്നും ചാല്‍ടി ..ചാല്‍ടി എന്ന് പറഞ്ഞു ചാലക്കുടിക്ക് ആളെ കയറ്റുന്നപോലെ വിളിച്ചു കയറ്റുന്നു.ചട്ടയും മുണ്ടും ഉടുത്ത വല്ല്യമ്മ വന്നതും ഇന്‍റര്‍വ്യു അറ്റെന്‍ഡ് ചെയ്യുന്നു.സോഫിയെ കാണുന്നില്ല.വല്ല്യമ്മ ഒറ്റക്ക് കയറി മദാമ്മയോട് എന്തോ പറഞ്ഞു.അവര്‍ പെട്ടെന്ന് തന്നെ പാസ്പോര്‍ട്ട് മേടിച്ചു വച്ചു.പാസ്പോര്‍ട് വാങ്ങിച്ചു=വിസ കിട്ടി എന്നുള്ള സമവാക്യം വച്ചു നോക്കിയാല്‍ വല്ല്യമ്മക്ക് വിസ!!!

ഇംഗ്ലിഷ് അറിയാം എന്ന് പറഞ്ഞുപ്പോയി എന്ന ഒറ്റ കാരണത്താല്‍ ഞാന്‍ അവിടെ ചുമ്മാ ഇരിക്കേണ്ടി വന്നു.ടാഗ് തൂക്കി വന്നിട്ടുള്ള കുറച്ചു ടി.സി.എസ്സെന്‍മാരും എസ്സികളും അവിടെ ഇവിടെയായി ഇരിക്കുന്നുണ്ട്.ഭാവം കണ്ടാല്‍ ഏതോ ആപ്റ്റിട്യൂഡ് ടേസ്റ്റ് എഴുതാന്‍ വന്നതാണെന്ന് തോന്നും.എന്താണാവോ ഇവര് പഠിക്കുന്നത്?

കിളിക്കൂടുകളില്‍ ഒരു മദാമ്മ മാത്രം സാരി ഉടുത്തിരിക്കുന്നു.തത്കാലം അതോരാശ്വാസം.ആ കൌണ്ടര്‍ തന്നെ കിട്ടുമോ ആവോ? ബാക്കിയുള്ളവടെയെല്ലാം മുറയ്ക്ക് വിസ കൊടുപ്പും മടക്കലും നടക്കുന്നുണ്ട്.റിജക്റ്റ് ചെയ്ത ചിലവരുടെ മുഖം കണ്ടാല്‍ എന്തോ ഭയങ്കര നഷ്ടം സംഭവിച്ചതുപോലെ...എന്‍റെ ചേട്ടാ കുറച്ചു കാലം കഴിഞ്ഞാല്‍ വീണ്ടും മുട്ടി നോക്കാലോ..ഇത്ര ഫീലിങ്സ് അടിക്കണോ? ഈ നിലക്ക് എന്‍ജിനിയറിങ് മൂന്നാം സെമിലെ മാത്സ് പേപ്പര്‍ ഓരോ പ്രാവശ്യം പൊട്ടുമ്പോഴും ഞാന്‍ എത്ര ഫീലിങ്സ് അടിക്കേണ്ടതായിരുന്നു?

ഒരു പാറ്റേണ്‍ വച്ചു നോക്കിയാല്‍ ആദ്യത്തെ കിളിക്കൂടിലെ സായ്പ്പേട്ടന്‍ 1:1 ആണ്.അതായത് ഒരുത്തന് വിസ കൊടുത്താല്‍ മറ്റവന്നില്ല.രണ്ടാമത്തേത്തിലെ മദാമ്മ കുറെ നേരം സംസാരിച്ചതിനുശേഷമേ വിസ കൊടുക്കൂ.ഒരു പാറ്റേണും ഇല്ല.അടുത്തതിലിരിക്കുന്ന ചേട്ടന്‍ കോട്ടും സ്യൂട്ടും ഇട്ടവര്‍ക്ക് പെട്ടെന്ന് കൊടുക്കുന്നു.ഒരു പൂജാരി വന്നു വിസ ചോദിച്ചു.പക്ഷേ നിഷ്കരുണം തള്ളി.ഇന്‍കം വരുന്ന വഴി ശരിയല്ല പോലും..കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പില്ലത്രേ.അതൊക്കെ ആ പൂജാരി നോക്കും.നിങ്ങളു വെറുതെ ബേജാരാകണോ?

അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആദ്യത്തെ കിളിക്കൂടില്‍ എത്തി.ദൈവമേ എന്നെക്കാളും മുമ്പത്തെ ആള്‍ക്ക് യേവന്‍ വിസ കൊടുത്തു.എനിക്ക് കിട്ടുമോ എന്തോ?

ആദ്യത്തെ ചോദ്യം:എന്തിനാടെ അങ്ങോട്ട് കെട്ടിയെടുക്കുന്നേ?

മുന്‍പ് പഠിച്ചു വച്ച ഉത്തരം അതേപടി ഛര്‍ദിച്ചു..അവിടെ പോയാല്‍ വര്‍ക്ക് ചെയ്യുകയെ ഇല്ല.മച്ചാന്‍ ഹാപ്പി.

എന്നാണ് ഈ കമ്പനിയില്‍ ചേര്‍ന്നത്?

ഒരു സംശയവും കൂടാതെ മറുപടി..കറെക്റ്റ് ഡേയ്റ്റ് തന്നെ കാച്ചി.പുള്ളി വീണ്ടും ഹാപ്പി.

മാസം എത്ര തടയുമെടെ കൈയ്യില്‍? ഓ എന്നാ പറയാനാ.തട്ടി മുട്ടി അങ്ങ് ആര്‍ഭാടമായി ധൂര്‍ത്തടിച്ച് ജീവിക്കാനുള്ളത് കിട്ടും.

ക്ലൈയിന്‍റിന്‍റെ പേര്?

_ ._ ._ ._(സോറി പേര് ബ്ലോഗിലിട്ടാല്‍ കഞ്ഞികുടി മുട്ടും)

ക്ലൈന്‍റിന്‍റെ അഡ്രെസ്സ്?

ബീപ് ?ബീപ്?....

സിലബസിലില്ലാത്ത ചോദ്യം.പാസ്സ്.

ഓകെ അപ്പോള്‍ എന്ന് ജോയിന്‍ ചെയ്തു എന്നാ പറഞ്ഞേ?

ഓഹോ നമുക്കിട്ട് പണിയാണല്ലേ?കണ്‍ഫ്യൂഷന്‍ ആക്കി വിസ റിജക്റ്റ് ചെയ്യാന്‍? ശരിയാക്കാം കേട്ട.

ഞാന്‍ ദേ _ _ ദിവസം മുന്‍പാ.അല്ലെങ്കില്‍ വേണ്ട ദേ _ മാസവും _ ദിവസവും മുന്‍പാ ജോയിന്‍ ചെയ്തെ.

അപ്പുറത്ത് നിശബ്ദത.ഒരു അതിഭയങ്കരമായ ഒരു കാല്‍ക്കുലേഷന്‍ പുള്ളിയുടെ തലയില്‍ നടക്കുന്നതിന്‍റെ ശബ്ദം എനിക്ക് ചെറുതായി കേള്‍ക്കാം.

എന്നാ ഓകെ നിനക്കു വിസ റെഡി.പാസ്പോര്‍ട് കൊറിയര്‍ വഴി വരും.ഗുഡ് ലക്ക്.

എബൌറ്റേണ്‍.ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്...എങ്ങിനെ മൌണ്ട് റോഡ് മുറിച്ചു കടന്നു എന്നറിയില്ല.റൂമില്‍ എത്തിയപ്പോഴാണ് ശരിക്കും ബോധം വന്നത്.

4 അഭിപ്രായങ്ങൾ:

Joymon പറഞ്ഞു...

അങ്ങനെ ആദ്യമായി ഒരു വിവരണം എഴുതി അവസാനിപ്പിച്ചു.അവസാനിപ്പിക്കാന്‍ പ്പെട്ട ഒരു പാട്!!!ഈ കഥയെഴുത്തുകാരെ സമ്മതിക്കണം.
വിസ കിട്ടി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പോകാന്‍ സാധിച്ചു.ഇപ്പോള്‍ തിരിച്ചു വന്നു.ജെറ്റ് ലാഗിലാ...

NinethSense പറഞ്ഞു...

oi oi oi welcome back :)

NinethSense പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Rejeesh Sanathanan പറഞ്ഞു...

പോയി വന്നു അല്ലേ........