2011, മാർച്ച് 5, ശനിയാഴ്‌ച

നന്ദി... നന്ദി നന്ദി ...

ചുമ്മാ നന്ദി പറഞ്ഞതല്ല.ഗൂഗിള്‍ ആഡ്സെന്‍സില്‍ നിന്നുള്ള ആദ്യത്തെ ചെക്ക് വന്നു.വന്നതിനു കാരണം ഞാനെഴുതിയത് വായിക്കുന്നവരാണ്.ആരും വായിച്ചില്ലെങ്കില്‍ ഹിറ്റ് കൂടില്ല,ക്ലിക്കും വരില്ല.ഇത് രണ്ടും ഇല്ലെങ്കില്‍ ആഡ്സെന്‍സില്‍ നിന്നും മണിയും വരില്ല.അതുകൊണ്ടു അതുകൊണ്ട് എന്‍റെ ബ്ലോഗ്ഗുകള്‍ വായിക്കുന്ന എല്ലാവര്‍ക്കും നന്ദി.

പറഞ്ഞു വരുമ്പോള്‍ ബ്ലോഗിങ് തുടങ്ങിയിട്ട് വര്‍ഷം 4 ആയി.തുടക്കം ഈ മലയാളം ബ്ലോഗ് തന്നെ.2007 ജനുവരി 16നു ആദ്യ പോസ്റ്റ് ഇട്ടു.ആദ്യ പോസ്റ്റ് വായിച്ചാല്‍ തന്നെ അറിയാം മറ്റെല്ലാ ഐ ടി ക്കാരെയും പോലെ പണിയൊന്നും ഓഫീസില്‍ ഇല്ലാത്തപ്പോഴാണ് ബ്ലോഗിങ് തുടങ്ങുന്നത്.സ്വന്തമായി ഞാന്‍ എന്തെങ്കിലും എഴുതും എന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല.അവിടെ നിന്നും ഇവിടെ നിന്നും കിട്ടുന്ന ലിങ്കുകള്‍ എനിക്കെന്ന് പറയാവുന്ന ഒരു സ്ഥലത്തു ചേര്‍ത്ത് വയ്ക്കുക.പിന്നെ എപ്പോഴെങ്കിലും ഉപകാരപ്പെടുമല്ലോ.അതായിരുന്നു ഉദേശ്യം.

പിന്നെയാണ് മറ്റൊരു വെളിപ്പാടുണ്ടായത്.നമുക്കറിയാവുന്ന ടെക്നോളജി ഒന്നു കുറിച്ചു വച്ചുകൂടെ?ഭാവിയില്‍ മറ്റാര്‍ക്കെങ്കിലും ഉപകാരപ്പെട്ടാലോ?മുന്‍പുണ്ടായിരുന്നവര്‍ അവര്‍ക്കറിയാവുന്നത് മറ്റാരോടും പറയാതിരുന്നെങ്കിലോ,പ്രസിദ്ധീകരിക്കാതെയിരുന്നെങ്കിലോ നമുക്ക് അവരുടെ അറിവ് കിട്ടുമായിരുന്നോ?അങ്ങനെ 22ജനുവരി 2007നു തുടങ്ങിയതാണ് Joymons tech blog.

മനസില്‍ എപ്പോഴോ ആരോടൊ പ്രണയം പൊട്ടിവിടര്‍ന്നപ്പോഴാണ് കുളിക്കുമ്പോള്‍ പോലും ഒരു മൂളിപ്പാട്ട് പാടാത്ത ഞാന്‍ മലയാള സിനിമയിലെ പ്രണയഗാനങ്ങളുടെ വരികളെ സ്നേഹിച്ചു തുടങ്ങിയത്.മലയാളികള്‍ ഉണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം ചെന്നെയില്‍ വെള്ളം കിട്ടുന്നതിലും ബുദ്ധിമുട്ടാണ് മലയാള പാട്ട് പുസ്തകങ്ങള്‍ കിട്ടാന്‍.ഇന്‍റര്‍നെറ്റില്‍ തപ്പിയപ്പോള്‍ അവിടെയും സ്വാഹ.കിരണ്‍സിന്‍റെ http://www.malayalamsongslyrics.com/ ഇല്‍ അന്നുള്ളത് മഗ്ലീഷില്‍ ഉള്ള വരികള്‍ ആണ്.അത് അത്രക്ക് അങ്ങ് ഗുമ്മ് പോരാ.യൂണികോഡ് അതില്‍ വരുന്നതേയുള്ളൂ.അങ്ങനെയാണ് സിനിമാപ്പാട്ടുകളുടെ വരിദാരിദ്രം അനുഭവിക്കുന്ന പുതുപ്രണയിതാക്കള്‍ക്ക് വേണ്ടി, മലയാള ചലച്ചിത്ര ഗാനങ്ങളുടെ വരികള്‍എന്ന ബ്ലോഗിലേക്ക് ഞാന്‍ ചേരുന്നത്.ഇത് എന്‍റെയല്ല.ഫെബി ജോര്‍ജ് എന്നൊരു കക്ഷി തുടങ്ങിയതാണ്.   ആദ്യ പോസ്റ്റ് പ്രണയവര്‍ണ്ണങ്ങളിലെ വരമഞ്ഞളാടിയ എന്നു തുടങ്ങുന്ന  ഗാനം.

മൈക്രോസാഫ്ട് പുറത്തിറക്കിയ WPF എന്ന ഡെസ്ക്ടോപ് പ്രോഗ്രാമ്മിങ് ടെക്നോളജി പഠിക്കാന്‍ പറ്റിയതാണ് എന്‍റെ അടുത്ത ബ്ലോഗ്ഗിന്‍റെ പ്രചോദനം.അന്ന്‍ ഈ ടെക്നോളജി അറിയാവുന്നവര്‍ വളരെ കുറവായിരുന്നു.ബ്ലോഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ വമ്പന്‍ ഹിറ്റ്.ഇന്നും Joymons world of WPF എന്ന ആ ബ്ലോഗ് തന്നെയാണ് ഹിറ്റുകളുടെ കാര്യത്തില്‍ ഒന്നാമന്‍.

സ്കൂളില്‍ പഠിക്കുമ്പോള്‍ ചോദിക്കുന്ന ഒരു കുസൃതി ചോദ്യമുണ്ട്.ഒരു കിളി പറന്നുകൊണ്ടു പോകുമ്പോള്‍ മുട്ടയിട്ടു. പക്ഷേ പൊട്ടിയില്ല.എന്തുകൊണ്ട്?ഉത്തരം അതിന്‍റെ ഭാഗ്യം കൊണ്ട്.വീണ്ടും മുട്ടയിട്ടു പൊട്ടിയില്ല. എന്തുകൊണ്ട്?കിളിക്ക് എക്സ്പീരിയന്‍സ് ആയതുകൊണ്ട്.പിന്നേയും പറന്നുകൊണ്ട് മുട്ടയിട്ടു.ഇത്തവണ പൊട്ടി.എന്തുകൊണ്ട്? ഓവര്‍ കോണ്‍ഫിഡന്‍സ്!!!രണ്ടു മൂന്നു ബ്ലോഗ്ഗുകള്‍ കുഴപ്പമില്ലാതെ പോകുന്ന കണ്ടപ്പോള്‍ തോന്നി ഒന്നുകൂടെ ആയേക്കാം.ഒന്നല്ല രണ്ടെണ്ണം തുടങ്ങി.വിനോദോപാദികളായ സിനിമ,റേഡിയോ,മൊബൈല്‍ തുടങ്ങിയവയെപ്പറ്റിയുള്ള അല്‍ക്കുല്‍ത്ത് സംഭവങ്ങള്‍ എഴുതാന്‍ Enjoyment Zone എന്ന ഒരു ബ്ലോഗ്,അതുപോലെ മൊബൈലില്‍ വരുന്ന തമാശകള്‍ ചേര്‍ത്തുവക്കാന്‍ ഒരു ബ്ലോഗ്.ഇതിന് പിന്നില്‍ മറ്റൊരു ഉദേശ്യം കൂടിയുണ്ടായിരുന്നു.ഞങ്ങളെല്ലാം സ്കൂളിലും ,കോളേജിലും പറഞ്ഞ തമാശകള്‍ ചേര്‍ത്ത് വയ്ക്കുക.വാമൊഴിയായി എത്രകാലം അവക്ക് നിലനില്‍ക്കാനാകും?.പക്ഷേ ഇപ്പോള്‍ രണ്ടും ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി.

പിന്നത്തെ രണ്ടു അഭ്യാസങ്ങളായിരുന്നു.നളപാചകവും,ഫോട്ടോസ് അപ്ലോഡ് ചെയ്യാനുള്ള ചിത്രലോകം ബ്ലോഗും.രണ്ടും ഇപ്പോള്‍ പെട്ടിയില്‍ ഇരിക്കുന്നു.

അടുത്ത് പഠിച്ച പുതിയ മൈക്രോസാഫ്ട് ടെക്നോളജിയായിരുന്നു സില്‍വര്‍ലൈറ്റ്.പഴയ അനുഭവംവച്ച് അതിനും തുടങ്ങി ഒരു ബ്ലോഗ് My Silverlight experiences.ഓഫീസില്‍ പലരും ഗൂഗിള്‍ ചെയ്ത് ഈ സൈറ്റില്‍ എത്താറുണ്ട്.അത് അവര്‍ പറയുമ്പോള്‍ ഉണ്ടാകുന്ന  ഒരു ഒരു ഇതുണ്ടല്ലോ.പറഞ്ഞറിയിക്കാന്‍ പറ്റില്ല...

മൈക്രോസാഫ്ട് പിന്നേയും ഒന്നു വീതം മൂന്നു നേരം എന്നു ഡോക്ടര്‍ കുറിക്കുന്നതുപോലെ പുതിയ ടെക്നോളജികള്‍ ഇറക്കി.ഒന്നു ചായകുടിക്കാന്‍ പോയി വരുമ്പോഴേക്കും കംപ്ലീറ്റ് മാറിയിട്ടുണ്ടാകും.ഒരു ബ്ലോഗ് =ടെക്നോളജി എന്നത് അപ്രായോഗികമായി വന്നു.അങ്ങനെ പ്രോഗ്രാമ്മിങ് ബന്ധമുള്ളതെല്ലാം എഴുതാന്‍ ഒരു പുതിയ ബ്ലോഗ് തുടങ്ങി.Joymon v/s Code

നളപാചകവും,മലയാള ചലചിത്ര ഗാനങ്ങളുടെ വരികള്‍ എന്ന ബ്ലോഗും ഒന്നില്‍ കൂടുതല്‍ എഴുത്തുകാരുള്ള ബ്ലോഗ്ഗുകള്‍ ആണ്.ഞാന്‍ അവരില്‍ ഒരാള്‍ മാത്രം.പക്ഷേ കൂട്ടായുള്ള ബ്ലോഗിന്‍റെ അനന്തസാധ്യതകള്‍ എനിക്കു മനസിലായത് ഫ്രെന്‍ഡ്സ് ബൈറ്റ്സ് എന്ന ബ്ലോഗിലൂടെയാണ്. ഓഫീസിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ ഉണ്ടാകുന്ന തമാശകള്‍ എഴുതാന്‍ പ്രവീണ്‍ തുടങ്ങിയ ബ്ലോഗ്.വളരെ പെട്ടെന്ന് പോപ്പുലര്‍ ആയി.ഒരു മൂലക്ക് ചടഞ്ഞു കൂടി ,എന്നെക്കൊണ്ടൊന്നും എഴുതാന്‍ പറ്റില്ല എനിക്കങ്ങിനെയുള്ള കഴിവില്ല എന്നു കരുതിഇരുന്ന വളരെയധികം പേരെ ആ ബ്ലോഗ് എഴുത്തുകാരാക്കി.എന്‍റെ ഒരു അനുമാനം വച്ച് കമ്പനിയില്‍ഉള്ള നാലഞ്ചു പേരെങ്കിലും നല്ല എഴുത്തുകാരായി മാറുമായിരുന്നു.മലയാളത്തില്‍ അല്ലെങ്കില്‍ ഇംഗ്ലിഷ്  ടെക്നോളജി ബ്ലോഗുകളില്‍.പക്ഷേ വിധി മറ്റൊന്നായിരുന്നു.കമ്പനിക്കകത്ത് നടക്കുന്ന തമാശകള്‍ ആയതിനാല്‍ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അത് നിറുത്തേണ്ടി വന്നു.

ഇതിപ്പോള്‍ അതിരപ്പിള്ളിയും കഴിഞ്ഞു മലക്കപ്പാറ എത്തി എന്നു തോന്നുന്നു.അതായത് കാടുകയറി.അപ്പോള്‍ പറഞ്ഞു വന്നത്. ആഡ്സെന്‍സിന്‍റെ കാര്യം.ആരോ എപ്പോഴോ പറഞ്ഞപോലെ പണിയെടുത്താല്‍ അതിനു പ്രതിഫലം ലഭിക്കും.ചിലനേരം പ്രതിഫലം ലഭിക്കുന്നത് നമ്മള്‍ ഉദേശിക്കുന്ന രീതിയില്‍ ആയിരിക്കില്ല എന്നു മാത്രം.നേരംപോക്കിന് തുടങ്ങിയ ബ്ലോഗ് പോലും പ്രതിഫലം തരുന്നു അതും വായിക്കുന്നവന്‍റെ കയ്യില്‍ നിന്നല്ലാതെ..എല്ലാവരിലും എഴുതാനുള്ള ഒരു വാസന ഉറങ്ങി കിടപ്പുണ്ട്..പണ്ടാണെങ്കില്‍ അത് ഉണര്‍ന്നിട്ടും കാര്യമില്ല.'മ' പ്രസിദ്ധീകരണങ്ങള്‍ കനിയണം.പക്ഷേ ഇപ്പോള്‍ ഒരു ഇമെയില്‍ ഐ ഡി മതി. നമ്മുടെ ചിന്തകള്‍ ലോകമറിയാന്‍.

അപ്പോ ഗഡ്യേ,ഒരു ബ്ലോഗങ്ങടു തൊടങ്ങല്ലേ?

ഇനിയും ഒരായിരം അല്ലേ വേണ്ട ഒരു ഒരുകോടി ബ്ലോഗ് പോസ്റ്റുകള്‍ ഇടാന്‍ സര്‍വേശ്വരന്‍ എന്നെ അനുഗ്രഹിക്കട്ടെ. എന്നു ഞാന്‍ തന്നെ പ്രാര്‍ത്ഥിച്ചുകൊണ്ടു...

4 അഭിപ്രായങ്ങൾ:

Sameer C. Thiruthikad പറഞ്ഞു...

അഭിനന്ദനങ്ങള്‍ ! എത്ര കിട്ടി? എനിക്കിതുവരെ ഒന്നും കിട്ടീല്ലാ.... ആരും തന്നീല്ലാ... :(

നിന്‍റെ മലയാളം ബ്ലോഗുകളും ഇംഗ്ലിഷ് ടെക്നോളജി ബ്ലോഗുകളും വളരെ നന്നാവുന്നുണ്ട്. പണ്ടത്തെ നീയല്ല ഇപ്പോഴത്തെ നീയെന്ന് ഓരോ പുതിയ പോസ്റ്റും വായിക്കുമ്പോള്‍ തോന്നിപ്പോകുന്നു. എഴുതികൊണ്ടേയിരിക്കുക... ആശംസകള്‍!

രജീഷ് പറഞ്ഞു...

Congrats yar!!!!!!!!

johns പറഞ്ഞു...

tell me da, hw to start a blog..am interested with ur story..

Joymon പറഞ്ഞു...

Johns,,
Hapy to hear one more person got inspired by my blog.
Here are the instructions to start your own blog.

http://indradhanuss.blogspot.com/2008/11/blog-post_28.html
http://howtostartamalayalamblog.blogspot.com/

@Sameer : Its the first payment and the same $100