2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

ഒരു പൊറോട്ടയുണ്ടാക്കിയ യാത്ര

കൊക്കരക്കൊ... കോ...ഏതോ സോഫ്റ്റ് വയറന്‍റെ വണ്ടിയുടെ ഹെഡ് ലൈറ്റ് കണ്ടിട്ടു പൂവന്‍ തെറ്റിദ്ധരിച്ചതാണ്.ഞെട്ടിയുണര്‍ന്ന റോഷ് സമയം നോക്കി.രണ്ടു മണി.നട്ടപ്പാതിര.അതും വെള്ളിയാഴ്ചയായി .വല്ല യക്ഷിയേയും,പ്രേതത്തിനെയും കാണാന്‍ പറ്റുമോ എന്തോ?End of Day Today ചെയ്തു തീര്‍ക്കേണ്ട വര്‍ക്ക് അതുപോലെ ഇരിക്കുന്നു.ഇനി എന്തെങ്കിലും എവിടെയെങ്കിലും കഴിക്കാന്‍ കിട്ടുമോ? ആ ആര്‍ക്കറിയാം..

"എടാ സെബിനെ നല്ല പൊറോട്ട എവിടെ കിട്ടുമെടാ?"

റോഷ് വര്‍ക്ക് ചെയ്തു തീര്‍ത്തിട്ട് അത് ടെസ്റ്റ് ചെയ്യാനിരിക്കുന്നവനാണ് സെബിന്‍.

"നമ്മുടെ അവിടെ ഒരു തട്ടുകടയുണ്ട് ചേട്ടാ.പൊറോട്ട നല്ല സ്മൂത്ത് ആയിട്ടിരിക്കും.പഞ്ഞി പോലത്തെ പൊറോട്ട."

സീന്‍ 2:


ഇന്‍ഫോപാര്‍ക്കിന് പുറത്തുള്ള തട്ടുകട.ഉച്ച സമയം.


ജോയ്:എടാ റോഷേ ,നാളെ എന്താടാ പരിപാടി?
റോഷ്:ഓ പ്രത്യേകിച്ചു ഒന്നുമില്ലെടെ.പുറത്തു പോയി ഒന്നു കറങ്ങണം പിന്നെ പൊറോട്ട കഴിക്കണം.


ജോയ്:എനിക്കു ഈ ആഴ്ച നാട്ടില്‍ പോകണം.അടുത്തയാഴ്ചയായിരുന്നെങ്കില്‍ ഞാനും കൂടി വന്നേനെ.
റോഷ്:എന്നാല്‍ അടുത്തയാഴ്ച പോകാം പൊറോട്ട കഴിക്കാന്‍.


ജോയ്:ഓകെ ഡാ...അടുത്തആഴ്ച.പൊറോട്ട വേണേല്‍ നീ നാളെ തന്നെ കഴിച്ചോ അതിനെന്തിനാ അടുത്ത ആഴ്ച വരെ കാത്ത് നില്‍ക്കുന്നത്?
റോഷ്:ഒരു ഹോട്ടലുണ്ടെടാ..അവിടെ പഞ്ഞി പോലത്തെ പൊറോട്ടയാണെന്നാ കേട്ടെ?പൊറോട്ട കഴിക്കുവാണെ അവിടെന്ന് കഴിക്കണം.


ജോയ്:ഓഹോ അങ്ങനെയാണോ ?എന്നാല്‍ ഡബിള്‍ ഓക്കെ..കാക്കനാട് ഏതാടെ പുതിയ ഹോട്ടല്‍?
റോഷ്:കുട്ടിക്കാനത്താ..കാക്കനാടല്ല...സെബിന്‍ പറഞ്ഞു അവന്‍റെ അവിടെ നല്ല പൊറോട്ട കിട്ടുമെന്ന്. അവന്‍ മുണ്ടക്കയമല്ലേ.
ജോയ്:കുട്ടിക്കാനത്താ!!!!!!!!!!!


പ്രഭാഷ്:എന്തൂട്ടാണ്ടാ പൊറോട്ട കഴിക്കാനാണോ രണ്ടും കൂടെ കുട്ടിക്കാനത്ത് പോകുന്നത്?ഇവിടെയൊന്നും കടയില്ലാണ്ടാണോ കുട്ടിക്കാനത്ത് പോകുന്നത്?
ജോയ്:അതെന്താ കുട്ടിക്കാനത്ത് പോയാല്? പൊറോട്ട കിട്ടൂലെ? നീ വിടമാട്ടെ? റോഷേ,ബൈക്കില്‍ പോകാടാ.


റോഷ്:ബൈക്ക് വേണോ? മഴയൊക്കെയല്ലേ? പിന്നെ അവിടെ നല്ല കോടയുണ്ടെന്നാ കേട്ടത്?
ബൈക്കില്‍ പോയാല്‍ മുന്നിലിരിക്കുന്നവനെ കാണാന്‍പോലും പറ്റുകേല...
ജോയ്:എന്നാല്‍ കാറ് തന്നെ.


റോഷ്: കാറില്‍ നാലു സീറ്റുണ്ട്..പ്രഭാഷെ?
പ്രഭാഷ്:എന്നാ പോയേക്കാം.അടുത്ത ആഴ്ച.ഭാര്യയോട് ഒന്നു ചോദിക്കട്ടെ?


ജോയ്:എടെ പുള്ളിക്കാരിയെയും,രണ്ട് പിള്ളേരെയും കൂടി എടുത്തോ. പുറകിലെ സീറ്റ് നിങ്ങള്‍ക്ക് പതിച്ചു തരാം
പ്രഭാഷ്:അത് കൊള്ളാം.ഞാന്‍ അടുത്ത ആഴ്ച കണ്‍ഫേം ചെയ്യാം.
ജോയ്:എല്ലാം പറഞ്ഞ പോലെ 24sep2011 നമ്മള്‍ കുട്ടിക്കാനം (Kuttikkanam) പോകുന്നു.

പക്ഷേ പ്രഭാഷിന് പിള്ളേരുടെ അസുഖം കാരണം ഫാമിലിയെ കൂടെ കൊണ്ട് വരാന്‍ പറ്റിയില്ല.അങ്ങനെ വേറെ ആളെ തപ്പി.അമീന്‍പക്ഷേ അവന് അവസാന നിമിഷം വരാന്‍ പറ്റിയില്ല.പിന്നെയുള്ളത് എല്‍ദോ. അവനാണെങ്കില്‍ ജീവിതം കെട്ടിപ്പിടിപ്പിക്കാനായുള്ള പ്രശ്നങ്ങള്‍.അല്ലെങ്കില്‍ വെര്‍ണ ഫ്ലൂയിടിക്ക് എന്ന പുതിയ മോഡല്‍ കാറില്‍ പോകമായിരുന്നു. അങ്ങനെ ഞങ്ങള്‍ മൂന്നുപേര്‍ തനിച്ചായി.മൂന്നു ഒറ്റയാന്‍മാര്‍ ഒരുമിച്ച് വന്നപ്പോലെ..

പ്ലാനിംഗ്


എപ്പോള്‍ പോകണം? എപ്പോള്‍ വരണം? ആദ്യത്തെ കാര്യം അതാണ്.എന്നിട്ട് വേണം ഏതൊക്കെ സ്ഥലങ്ങള്‍ കാണണം എന്നു തീരുമാനിക്കാന്‍.ആറ് മണിക്ക് പോകുന്നു.രാത്രി പത്തു മണിയോടുകൂടി തിരിച്ചു വരുന്നു.

ഓകെ ഇനി അവിടത്തെ സ്ഥലങ്ങള്‍ ഏതൊക്കെ എന്നു നോക്കണം?ഗൂഗിള്‍ തന്നെ ശരണം.അങ്ങനെ പിന്നത്തെ ആഴ്ച എന്‍റെ ഡെസ്കില്‍ ഇരുന്നു ഗൂഗ്ലിങ് തുടങ്ങി.ഓരോരോ സ്ഥലങ്ങളുടെ പേരുകള്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ ദാണ്ടെ ഒരു തല അപ്പുറത്തുനിന്നും പൊങ്ങി വരുന്നു.

ജോയ്:ആ എന്തൊക്കെയുണ്ട് ലോയല്‍ വിശേഷങ്ങള്‍? ഈ ആഴ്ച നാട്ടില്‍ പോകുന്നില്ലേ?
ലോയല്‍:എയ് ഇല്ല.നിങ്ങള്‍ കുട്ടിക്കാനം പോകുവാണോ?
റോഷ്:അതേ ,അവിടെ ഒരു ഹോട്ടല്‍ ഉണ്ടെടാ ,പഞ്ഞി പോലത്തെ പൊറോട്ടയാണെന്നാ കേട്ടെ?അത് കഴിച്ചിട്ടെ ഇനി ബാക്കി കാര്യമുള്ളൂ.


ലോയല്‍: ദേവാസ് ഹോട്ടലല്ലേ.ഞാന്‍ അവിടെ പഠിക്കുമ്പോള്‍ ആ ഹോട്ടലില്‍ നിന്നും കഴിക്കാറുണ്ട്.
ജോയ്: നീ അവിടെയാണോ പഠിച്ചത്? കുട്ടിക്കാനത്ത്?
ലോയല്‍: പിന്നെ അല്ലാതെ .മൂന് കൊല്ലം മരിയന്‍ കോളേജില്‍.


ജോയ്:അവിടത്തെ സ്ഥലങ്ങള്‍ എല്ലാം അറിയാലോ അല്ലേ?
ലോയല്‍:അവിടെ നിങ്ങള്‍ ഉദേശിക്കുന്നത് പോലെ വലിയതൊന്നും ഉണ്ടാകില്ല.ഒക്കെ മൊട്ടക്കുന്നുകള്‍ പോലെയിരിക്കും.


ജോയ്:അവിടെ വെള്ളത്തിന്‍റെ പരിപാടി എങ്ങിനാ? കിട്ടോ?
ലോയല്‍: പിന്നെ പോകുന്ന വഴിക്കു ഒരു വെള്ളച്ചാട്ടമുണ്ട്.


ജോയ്: ഓഹോ അങ്ങിനെയാണോ .റോഷേ...ഉം...
റോഷ്:ലോയല്‍ ,അപ്പോള്‍ ഞങ്ങള്‍ ആറുമണിക്ക് കാക്കനാട് നിന്നും തിരിക്കുന്നു. നീ തൃപ്പൂണിത്തുറ നിന്നും ആറെകാലിന് കയറുന്നു.


ലോയല്‍:എന്തു...എനിക്കു അടുത്തേന്‍റെ അടുത്ത ആഴ്ച കോളേജില്‍ ഒരു get tegether ഉള്ളതാ.പിന്നെ ഇപ്പോള്‍ പോകാണോ എയ് ഇല്ലെടെ
ജോയ് : റോഷേ അവന്‍റെ തല ഒന്നു നന്നായി കഴുകിയേക്ക്..

മെയിന്‍ ആയി ബാച്ചിലേഴ്സ് ട്രിപ്പില്‍ പ്ലാനിംഗ് എന്നു പറഞ്ഞാല്‍ മദ്യം എന്ന വെള്ളമാണ്.പക്ഷേ വെള്ളമടിക്കാത്ത പ്രഭാഷും,പൊറോട്ട കഴിക്കാന്‍ വേണ്ടി മാത്രം വരുന്ന റോഷും,വെള്ളം എന്നു പറഞ്ഞാല്‍ വെള്ളച്ചാട്ടം എന്നു കേള്‍ക്കുന്ന ലോയലും പിന്നെ വെള്ളം കൈ കൊണ്ട് തൊടാത്ത ഞാനും ആകുമ്പോള്‍ അങ്ങനെ ഒരു പ്ലാനിങ്ങിന്‍റെ ആവശ്യമേ ഉണ്ടായില്ല.

പിന്നെയുള്ളത് ക്യാമറ.എല്ലാവരുടെയും കൈയ്യില്‍ മൊബൈല്‍ ഉള്ളതുകൊണ്ടു ഫോട്ടോക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല.എന്നാലും ഒരു വീഡിയോ ക്യാമറയും ,ഒരു സ്റ്റില്ലും തീരുമാനിച്ചു.ഭക്ഷണം പിന്നെ ഹോട്ടേലില്‍ നിന്നും.ഇനിയുള്ളത് ഏതൊക്കെ സ്ഥലങ്ങള്‍?

സ്ഥലങ്ങള്‍ അധികം ഇല്ലാത്തതുകൊണ്ടു പെട്ടെന്നു തന്നെ തീരുമാനമായി. പാഞ്ചാലിമേട്,പിന്നെ ഒരു വെള്ളച്ചാട്ടം, അമ്മച്ചിക്കൊട്ടാരം, പരുന്തുംപാറ, പൈന്‍ഫോറെസ്റ്റ്

റൂട്ട്


ഗൂഗിള്‍ മാപ്പുള്ളപ്പോള്‍ വേറെ എന്തു മാപ്പ്.പിന്നെ നമ്മുടെ നാട്ടിലെ റോഡുകള്‍ തോടാറുമാസം,റോഡാറുമാസം എന്ന അവസ്ഥയിലാണല്ലോ അതുകൊണ്ടു മാപ്പില്‍ വഴി കണ്ടെങ്കിലും അതിലൂടെ പോകാന്‍ പറ്റുമോ എന്നറിയാന്‍ അറിയാവുന്ന എല്ലാവരോടും ചോദിച്ചു.അങ്ങനെ അവസാനം

തൃപ്പൂണിത്തുറ->തലയോലപ്പറമ്പ്->പാലാ->ഈരാറ്റുപേട്ട->കാഞ്ഞിരപ്പള്ളി->മുണ്ടക്കയം->കുട്ടിക്കാനം

എന്ന റൂട്ടിലെത്തി.ആകെ ഉണ്ടായിരുന്ന ഒരേഒരു നിര്‍ബന്ധം പാലാ വഴിയായിരിക്കണം റൂട്ട് എന്നതാണു.തൃശ്ശൂര്‍ കഴിഞ്ഞാല്‍ കത്തോലിക് ആയ അച്ചായത്തിമാരെ കാണാന്‍ കിട്ടുന്ന ഒരേ ഒരു സ്ഥലമല്ലേ മിസ്സ് ആക്കാന്‍ പറ്റുമോ?

അങ്ങനെ പൊറോട്ട കഴിക്കാന്‍ വേണ്ടി ഒരു കുട്ടിക്കാനം യാത്ര തുടങ്ങി.ദാണ്ടെ താഴെക്കാണുന്നവരാണ് യാത്രികര്‍.പിന്നെ ഒരുത്തിയും കൂടിയുണ്ട്.അവളാണ് ഫോട്ടോ എടുത്തത്.ഓമനപേരോന്നുമില്ല.പള്ളിയിലെ അച്ഛന്‍ മാമ്മോദീസ മുക്കിയപ്പോള്‍ വിളിച്ച പേരുതന്നെയാണ് ഇപ്പൊഴും വിളിക്കുന്നത്.മാരുതി ആള്‍ട്ടോ Lxi

പാലായില്‍ പഴയപ്പോലെ ഒന്നിനേയും കാണാനില്ല.ഒക്കെ വല്ല നേഴ്സിങ് അല്ലെങ്കില്‍ എന്‍ജിനിയറിങ് പഠിക്കാന്‍ ബാംഗ്ലൂര്‍,അല്ലെങ്കില്‍ ചെന്നൈ പോയിരിക്കും.അല്ലെങ്കില്‍ അവിടെയൊക്കെത്തന്നെ ജോലികിട്ടിക്കാണും.രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാലാ അല്ല പാല് എന്നപോലെ ദാണ്ടെ വരുന്നു സെബിന്‍റെ ഫോണ്‍.അവന്‍ ബൈക്കില്‍ മുണ്ടക്കയത്തിന് വരുന്നുണ്ടത്രേ. ഓഹോ ശരിയെടാ.ഞങ്ങള്‍ ദേ പാലാ ബിഷപ്പ് ഹൌസിന് മുന്‍പില്‍ വെയിറ്റ് ചെയ്യാം. അങ്ങനെ പാലായില്‍ വണ്ടി നിറുത്തി.

"എടാ അപ്പോള്‍ അവന്‍ ബൈക്ക് ഇവിടെ വച്ച് നമ്മുടെ കൂടെ കൂടുമോ?"


റോഷിന്‍റെ ബുദ്ധിപരമായ ഒരു ഡൌട്ട്.ഇവന്‍ മിക്കവാറും കട്ടുറുമ്പാകും


"എന്നാ നീ ഒന്നു വിളിക്കെടാ"


അങ്ങനെ റോഷ് വിളിച്ചു.


"കുഴപ്പമില്ലെടാ ,സെബിന്‍റെ കൂടെ അവന്‍റെ ഒരു ഫ്രെന്‍ഡ് ഉണ്ട്.അവന്‍ വണ്ടി കൊണ്ടുപോയ്ക്കൊളുമായിരിക്കും.ഇപ്പോള്‍ മനസിലായില്ലേ"


അങ്ങനെ സെബിന്‍ വന്നു.കൂടെ ഒരു ഫ്രെന്‍ഡ് ഉണ്ട്.അഞ്ചു മിനിറ്റ് വര്‍ത്താനം പറഞ്ഞിട്ടും സെബിന്‍ വണ്ടിയില്‍ നിന്നും ഇറങ്ങുന്നില്ല.എന്തേ ഇറങ്ങാതെ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു.


"ചേട്ടാ അപ്പോള്‍ വണ്ടി എങ്ങിനെ കൊണ്ട് പോകും.ഇവന് വണ്ടി ഓടിക്കാന്‍ അറിയില്ല"

പിന്നെ ചോദ്യം റോഷിനോടയിരുന്നു


"ഡാ റോഷെ?"
"കുഴപ്പമില്ലെടെ സെബിന്‍ വണ്ടി മുണ്ടക്കയത് വച്ചിട്ട് കാറില്‍ കയറും.സെബിന് വഴിയറിയാവുന്നതല്ലേ നീ മുമ്പില്‍ വിട്ടോ" 


റോഷ് ഒരു സമാധാനം ഉണ്ടാക്കാന്‍ നോക്കിയെങ്കിലും സെബിന്‍ അപ്പോള്‍ തന്നെ അത് തകര്‍ത്തുകളഞ്ഞു.


"ചേട്ടാ എന്നാല്‍ ഞാന്‍ ബൈക്ക് മുണ്ടക്കയത്ത് സര്‍വ്വീസിന് കൊടുത്തിട്ടു അത് വാങ്ങിയിട്ടു വരാം.ബൈക്ക് സര്‍വീസ് ചെയ്യാറായി"

"അപ്പോള്‍ സെബിനെ എല്ലാം പറഞ്ഞ പോലെ.ഏത് വഴിയാടാ മുണ്ടക്കയത്തിന് പോകാന്‍ നല്ലത്."


"പൊന്‍കുന്നം വഴി.അല്ലെങ്കില്‍ പിന്നെ ഈരാറ്റുപേട്ട.ഞാന്‍ ഈരാറ്റുപേട്ട വഴിയാ പോകുന്നേ"
ഓഹോ പൊന്‍കുന്നം,തേജോമയയിലെ നമ്മുടെ പ്രിയാമണിയുടെ നാട്.


"അപ്പോള്‍ ശരിയെടെ നീ വിട്ടോ.ഞങ്ങള്‍ പൊന്‍കുന്നം വഴി വന്നോളാം."

പക്ഷേ പൊന്‍കുന്നം കഴിയാറായിട്ടും പ്രിയാമണി പോയിട്ടു ഒരു സാധാമണിയെപ്പോലും കണ്ടില്ല.അപ്പോള്‍ പിന്നെ ടാര്‍ഗെറ്റ് കാഞ്ഞിരപ്പള്ളിയാക്കി .തേജോമയയിലെ വനിതാപോലീസും,വാണിയുമൊക്കെ നാലു കൊല്ലം മേഞ്ഞുനടന്ന സ്ഥലങ്ങള്‍ കണ്ടപ്പോള്‍ ആര്‍ക്കൊക്കെയോ ചില നെടുവീര്‍പ്പുകള്‍.അങ്ങനെ പത്തുമണിയോടുകൂടി ഞങ്ങള്‍ മുണ്ടക്കയത്തെത്തി.

പാഞ്ചാലിമേട് (Panchalimedu)

മുണ്ടക്കയം കഴിഞ്ഞു പിന്നേയും കിഴക്കോട്ട് പോകുമ്പോള്‍ മല തുടങ്ങുകയായി.ആദ്യം വരുന്ന സ്ഥലമാണ് പാഞ്ചാലിമേട്.മെയിന്‍ വഴിയില്‍ നിന്നും വലത്തോട്ട് തിരിഞു ഒരു നാലഞ്ചു കിലോമീറ്റര്‍ പോകണംചെന്നിറങ്ങുമ്പോ തന്നെ ചെറിയ ഒരു മതസൌഹാര്‍ദ അന്തരീക്ഷം കാണാംഒരു കുരിശും,ഒരു ചെറിയ ശ്രീകൃഷ്ണപ്രതിഷ്ഠയും അടുത്തടുത്ത് ഇങ്ങനെ ഇരിക്കുന്നു.പക്ഷേ സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും ഇത് രണ്ടും വ്യത്യസ്ഥ മലകളില്‍ ഉള്ള ഒരു കുരിശുപള്ളിയിലേക്കുംഅമ്പലത്തിലേക്കുമുള്ള ചൂണ്ടുപലകകളാണെന്ന്.
പാഞ്ചാലിമേട് ബസ്സ്റ്റോപ്


രണ്ടു വഴികള്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്

മുകളിലെ കുരിശിന്‍റെ അടുത്തേക്ക് പോകുന്ന വഴി

മുകളിലെ ക്ഷേത്രത്തിലേക്ക് പോകുന്ന വഴി

മലമുകളിലെ ക്ഷേത്രം

മലമുകളിലെ മറ്റൊരു പ്രതിഷ്ഠ

അതെന്തെങ്കിലും ആകട്ടെ.ഇറങ്ങിയപ്പോള്‍ തന്നെ ചെറുതായി തണുപ്പ് തോന്നിയിട്ടുണ്ടാകും.ഈ ചെറു തണുപ്പത്ത് ഇനി മലകയറിതുടങ്ങുകപ്രകൃതിഭംഗിയെപ്പറ്റി വര്‍ണിക്കാന്‍ എനിക്കു അത്രക്ക് ഭവനയില്ലഅനുഭവിച്ച്തന്നെ അറിയണംപുല്‍മേടുംതണുപ്പുംമുകളില്‍ നിന്നും നോക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പേടിയും,താഴെ കാണുന്ന വഴികളും എല്ലാം വലിയ ശല്യപ്പെടുത്തലുകള്‍ ഒന്നും ഇല്ലാതെ തന്നെ ആസ്വദിക്കാം.ആളുകള്‍ അറിഞ്ഞുവരുന്നതേയുള്ളൂ എന്നുതോന്നുന്നുഞങ്ങള്‍ ചെന്നപ്പോള്‍ അവിടെ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.


മലമുകളിലെ ഒരു പാറ.താഴേക്കു നോക്കിയാല്‍ നല്ല ഭീകരതയുണ്ട്.

അവിടെ കണ്ട ഒരു തരം പൂവ്

ഒരുവഴിക്ക് പോവുകല്ലേ.ചുമ്മാ കിടന്നും ഇരുന്നും ഒക്കെ എടുത്തു.

പാമ്പാണെന്ന് തെറ്റിദ്ധരിക്കരുത്.വലുതാക്കിയാല്‍ വഴിപോലെകാണാം

എങ്ങാനും കാലുതെറ്റിയാല്‍ കഴിഞ്ഞു

ഇവിടെ വച്ചാണ് മഹത്തായ ആ കണ്ടുപിടുത്തം ഉണ്ടായത്.കുറെ ഫോട്ടോസ് എടുത്തുകഴിഞ്ഞപ്പോള്‍ ഒരു തോന്നല്‍ നോര്‍മല്‍ ഫോട്ടോയില്‍ പ്രകൃതി ഭംഗി ശരിക്കും പതിയുന്നുണ്ടോ എന്നു.SLR അല്ലാത്തതുകൊണ്ട് ഫോട്ടോസിന്‍റെ വീതി വളരെ കുറവാണ്.ആറായിരം രൂപക്ക് വാങ്ങിയ canon A1100IS എന്ന ക്യാമറയില്‍ അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ടും കാര്യമില്ല.വീഡിയോ എടുത്തു നോക്കി.അങ്ങട്ട് പോരാ.അങ്ങനെയാണ് പനോരമ എന്ന പരിപാടിയെപ്പറ്റി ഓര്‍മ വന്നത്.Canon A1100IS അപ്പോഴേ സുല്ല് പറഞ്ഞു.അതില്‍ അങ്ങനെയൊരു ഫീച്ചര്‍ ഇല്ല.

"എടാ റോഷെ ,നിന്‍റെ ക്യാമറയില്‍ പനോരമ ഉണ്ടോടാ?"
"എവിടെ അവള്‍?ഒറ്റയ്ക്കാണോ വന്നേക്കണത്?"


ചോദിച്ചതു അവന്‍ ശരിക്കും കേട്ടില്ലെന്ന് തോന്നുന്നു. 


"എടാ നിന്‍റെ ക്യാമറയില്‍ പനോരമ എന്ന മെനു ഉണ്ടോടാ? വീതിയില്‍ ഫോട്ടോ എടുക്കാനാ?"
"..അങ്ങനെയെങാണ്ട് ഒരെണ്ണം ഉണ്ടെന്നാ തോന്നുന്നേ..കടക്കാരന്‍ പറഞ്ഞിരുന്നു.ഭയങ്കര ബുദ്ധിമുട്ടാട അങ്ങനെ എടുക്കാന്‍"


"നീയാ ക്യാമറയൊന്നു തന്നെ നോക്കട്ടെ?"

അങ്ങനെ ആദ്യത്തെ പനോരമ എടുത്തു.സ്വീപ്പ് പനോരമ എന്ന ഫീച്ചര്‍ ഉള്ള അതില്‍ പനോരമ ഫോട്ടോസ് എടുക്കാന്‍ വളരെ എളുപ്പം.പിന്നെ അങ്ങോട്ട് പനോരമയുടെ കളിയായിരുന്നു.

ക്ലിക്കി വലുതാക്കിയാല്‍ ഒരു എഫെക്ട് ഒക്കെ തോന്നും.

വീണ്ടും ഒരു പനോരമ കൂടി


വെള്ളച്ചാട്ടം (Valanjanganam Waterfalls)

അതിരപ്പള്ളി (Athirappilly) വെള്ളച്ചാട്ടം കണ്ടിട്ടുള്ളവര്‍ക്ക് ഇത് ഒരുമാതിരി 10 പേര്‍ ചേര്‍ന്ന് നിന്ന്‍ മൂത്രം ഒഴിക്കുന്നതുപോലെയേ തോന്നൂ.അതിരപ്പള്ളിക്ക് പോകുമ്പോള്‍ കാണുന്ന ചാര്‍പ്പ വെള്ളച്ചാട്ടത്തിലും ചെറുതാണ് ഈ വെള്ളച്ചാട്ടം.പാഞ്ചാലിമേട്ടില്‍ നിന്നും കുട്ടിക്കാനത്തേക്ക് പോകുന്ന വഴിയരികില്‍ തന്നെയാണ് ഇത്.ചുമ്മാ അവിടെ ഇറങ്ങി അടുത്തു കണ്ട കടയില്‍ നിന്നും പപ്പടവട വാങ്ങിക്കഴിച്ചു അത്രതന്നെ.ശബരിമല സീസണില്‍ അയ്യപ്പന്‍മാര്‍ കുളിക്കുന്ന സ്ഥലമാണ് ഇത്.


അമ്മച്ചിക്കൊട്ടാരം

വെള്ളച്ചാട്ടം കഴിഞ്ഞു കുട്ടിക്കാനം ടൌണ്‍ എത്തുന്നതിന് കുറച്ചു മുന്പ് ഇടത്തോട്ട് തിരിഞ്ഞു ഏകദേശം രണ്ടു കിലോമീറ്റര്‍ പോയാല്‍ ഇവിടെയെത്താം.കൊട്ടാരം എന്നൊക്കെയാണ് പേരെങ്കിലും ഒരു വലിയ മനയുടെ വലിപ്പമേയുള്ളൂ.ഗെയ്റ്റ് പൂട്ടിക്കിടക്കുന്നു.ഗേറ്റിന് സൈഡില്‍കൂടി അകത്തുകടക്കാം.അതുകൊണ്ടു തന്നെ ടികെറ്റ് വേണ്ട.ഞങ്ങള്‍ ചെല്ലുമ്പോ അവിടെ വേറെ ഒരു മനുഷ്യക്കുഞ്ഞില്ല.ആകെ ഒരു പ്രേതാന്തരീക്ഷം .മരങ്ങളുടെ ഇടയില്‍ കൂടി കാണാവുന്ന ഒരു കൊട്ടാരം.സിനിമയില്‍ ഒക്കെ കാണുന്നപോലെ.


പൂട്ടിയാലും സൈഡിലൂടെ അകത്തുകടക്കാം.


ഈ ഫോറെസ്റ്റ് നിറച്ചും കാടാണല്ലോ...


പടികളുടെ ഫോട്ടോ എടുക്കുമ്പോള്‍ വാച്ചര്‍ എന്നു തോന്നിപ്പിക്കുന്ന ഒരു വല്യപ്പന്‍ വന്നു നോക്കിയിട്ട് പോയി.പക്ഷേ പിന്നെ അയാളെ മഷിയിട്ടു നോക്കിയിട്ടും കിട്ടിയില്ല.ഭീകരത തളം കെട്ടിനില്‍ക്കുന്ന അവിടെ ഞങ്ങള്‍ കുറച്ചുകൂടി ഫോട്ടോസ് എടുത്തു.
വാച്ചറാണോ അതോ വല്ല യക്ഷനോ.പിന്നെ അയാളെ ആ ഭാഗത്ത് കണ്ടിട്ടില്ല.

ഇതാണ് കൊട്ടാരത്തിന്‍റെ മുന്‍ഭാഗം

രാജാവു ഭയങ്കര കോഴിയായിരുന്നു അല്ല കോഴിപ്രിയനായിരുന്നു എന്നു തോന്നുന്നു..നാടന്‍ കോഴികളെ വളര്‍ത്താന്‍ കൂട് ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്.പള്ളിയലക്ക് കഴിഞ്ഞു തുണിയെല്ലാം വിരിച്ചിട്ടിട്ടുണ്ട്.ഒരു ചുവന്ന തുണിയുള്ളതുകൊണ്ടു യക്ഷികളുടേതല്ല.


ആ തുണിയിട്ടിരിക്കുന്നതിന്റെ അടുത്തായിട്ടുവരും കോഴിക്കൂട്

അകത്തു നൂണ്ട് കടക്കാന്‍ അറിയാഞ്ഞിട്ടല്ല.പിന്നെ വെറുതെ അവിടത്തെ യക്ഷികള്‍ക്ക് എന്തിനാ B+ve ചോര കൊടുക്കുന്നതു?അതെങ്ങാനും അവരുടെ ഗ്രൂപ്പുമായിട്ട് മാച്ചായില്ലെങ്കിലോ?അല്ലെങ്കില്‍ തന്നെ യക്ഷികള്‍ എന്ന ജീവിവര്‍ഗം തന്നെ റെഡ് കാറ്റഗറിയിലാണ്.ഒന്നിനെയും ഇപ്പോള്‍ കേള്‍ക്കാനും കാണാനും ഇല്ല.
ചുമ്മാ ഉള്‍വശത്തിന്‍റെ കുറച്ചു ഫോട്ടോസ് എടുക്കാന്‍

ടികെറ്റ് ഇല്ലാത്തതുകൊണ്ടുതന്നെ മെയ്ന്‍റനന്‍സ് നഹി..

ഇടക്കിടെ ഹൌസ്ദാറ്റ്? എന്നു കേള്‍ക്കുന്നുണ്ട്.ഗന്ധര്‍വ്വന്‍മാരും 20-ട്വെന്‍റി കണ്ടു ക്രിക്കെറ്റ് കളി തുടങ്ങിയോ എന്തോ വിത്ത് യക്ഷീസ് as ചിയര്‍ ഗേള്‍സ്?അവിടെ കണ്ട ഒറ്റയടിപ്പാതയിലൂടെ ഒറ്റയടിവച്ച് പോയപ്പോള്‍ മനസിലായി.ഗന്ധര്‍വന്‍മാര്‍ അല്ല അപ്പുറത്തെ കോളേജുകുമാരന്‍മാര്‍ ആണ്.ഇവനൊക്കെ ക്രിക്കറ്റ് കളിക്കാനാണോ ക്ലാസ് കട്ട് ചെയ്തത്നമ്മുടെയൊക്കെ ലെവലില്‍ യെവനൊക്കെ ഇനി എന്നെത്തുമോ എന്തോ?
കളിക്കുന്നവന്‍മാരുടെ ഫോട്ടോ എടുത്തില്ല.വെറുതെ എന്തിനാ??

പരുന്തുംപാറ (Parunthumpara)


അമ്മച്ചിക്കോട്ടാരത്തില്‍ നിന്നും കുട്ടിക്കാനം ടൌണില്‍ വന്നു വലത്തോട്ട് തിരിഞ്ഞു കുമിളി വഴിക്കു കുറച്ചു പോയി പിന്നെ ചോദിച്ചു ചോദിച്ചു പോയാല്‍ പരുന്തുംപാറ എന്ന സ്ഥലത്തു ചെല്ലാം.കുട്ടിക്കാനത്തെ ടൂറിസ്റ്റ് സ്ഥലങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ഞങ്ങള്‍ കണ്ടത് ഇവിടെയാണ്. മുഴുവന്‍ ചെങ്കുത്തായ മലകളാണ് ഇവിടെ.അധികം അറിയപ്പെടാത്ത സ്ഥലമായതുകൊണ്ടു തന്നെ സെക്യൂരിറ്റി അല്ലെങ്കില്‍ ഗാര്‍ഡുമാര്‍ ഒന്നും ഇവിടെയില്ല.ആകെ ചെയ്തിരിക്കുന്ന ഒരു വേലിയാണ്. പാറയിലേക്ക് പോകുമ്പോള്‍ കാല്‍ വഴുതി വീണാല്‍ വീണത് തന്നെ.


ചൈനയിലെ വന്മതില്‍ പോലെയൊക്കെ ഉണ്ടാക്കാന്‍ നോക്കിയെങ്കിലും ഇന്ത്യയിലെ ചെറുമതിലായിപ്പോയി.


മുകളില്‍ നിന്നും താഴോട്ട് ഇഴുകാന്‍ നല്ല രസമായിരിക്കും.


ഇവിടത്തെ പ്രധാനആകര്‍ഷണം പരുന്ത് പറക്കാന്‍ നില്‍ക്കുന്നതുപോലെയുള്ള ഒരു പാറയാണ്.പാറയുടെ അറ്റത്തിരുന്നു താഴോട്ട് നോക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു ഫീലിങ് ഒന്നു വേറെത്തന്നെയാണ്.പിന്നെ ഇവിടെ ചെറിയ ഒരു തടാകം ഉണ്ട്.ശരിക്ക് പറഞ്ഞാല്‍ തടാകം ഞങ്ങള്ക്ക് മിസ്സ് ആയി.ചുമ്മാ കണ്ടെയുള്ളൂ.ആര്‍മ്മാദിക്കാന്‍ പറ്റിയില്ല.ഇവിടെയും കുറച്ചു പനോരമക്ക് ക്യാമറ വീശി.
സ്വന്തം റിസ്കില്‍ മാത്രം പോകുക.


പാറയുടെ അറ്റം.ഇനി ഇവിടുന്നങ്ങോട് ചൊവ്വാഗ്രഹമാണ്.

പാറയുടെ അറ്റത്തുനിന്നും ജീവന്‍ പണയപ്പെടുത്തിയെടുത്ത.. ആ.. പനോരമ..



താഴെ ഇടത്തു ഭാഗത്ത് കാണുന്നതാണ് ചിന്ന തടാകം.


ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ എന്തോ ഒന്നിന്‍റെ ഷൂട്ടിംഗ് നടക്കുന്നു.ആല്‍ബം ആണെന്ന് തോന്നുന്നു.കാരണം കംപ്ലീറ്റ് ജീന്‍സ് ഇട്ട ക്ലീന്‍ ഷേവ് ചെയ്ത പയ്യന്‍സാണ്..പിന്നെ ചുക്കേതാ ,ചുണ്ണാമ്പേതാ എന്നറിയാത്ത രണ്ടുമൂന് കിളികളും.സിനിമ ആയിരുന്നെങ്കില്‍ താടി വച്ച രണ്ടു ബുദ്ധിജീവികളെ കണ്ടേന്നെ.പിന്നെ ഞങ്ങളെ കണ്ടതെ അവര് ഷൂട്ടിംഗ് നിറുത്തി പാക്ക്അപ്പ് ചെയ്തു.ഞങ്ങളെ തേജോമയയില്‍വച്ച് കണ്ടിട്ടുള്ള ആരെങ്കിലും ഈക്കൂട്ടത്തില്‍ കാണുമായിരിക്കും.
പാക്കപ് പതുക്കെ മതി ചേട്ടാ വെറുതെ അതിന്‍റെ മുകളീന്ന് വീഴേണ്ടാ.


കുട്ടിക്കാനം വരെ പോകാന്‍ പെട്രോള്‍ കത്തിച്ചത് മുതലാകണമെങ്കില്‍ ഇവിടെ വരണം.കംപ്ലീറ്റ് ഭീകരത.നമ്മള്‍ ഒരു വലിയ ചെങ്കുത്തായ മലയുടെ മുകളില്‍ നില്‍ക്കുന്നു.താഴേക്കു നോക്കിയാല്‍ ചെറുതായി തല കറങ്ങും.ഇഞ്ചോടിഞ്ച് പോരാട്ടം.ഇതും പറഞ്ഞറിയിക്കാന്‍ വളരെ പ്രയാസം.കണ്ടു തന്നെ മനസിലാക്കണം.കാര്‍ നിറുതിയിടത്തുനിന്നു കുറച്ചു താഴയാണ് പരുന്തുംപാറ. തിരിച്ചു കയറല്‍ ഇത്തിരി പാടാണ്.പിന്നെ ഒരു ആശ്വാസം മുകളില്‍ ഐസ് ക്രീം വില്‍ക്കുന്ന ഓട്ടോറിക്ഷകള്‍ ഉണ്ട്.
ഞാന്‍ തന്നെ കയറണമല്ലോ എന്‍റെ ഈശ്വരാ...

ക്ഷീണം മാറ്റാന്‍.. ദാസാ,രണ്ടു ലാസാ...

പൈന്‍ ഫോറെസ്റ്റ്

പൈന്‍ മരങ്ങള്‍ ഇതുവരെ നേരിട്ടു കണ്ടിട്ടില്ലാത്തവര്‍ക്ക് ഇത് കിടിലനാണ്ഏക്കര്‍ കണക്കിനു പൈന്‍മരങ്ങള്‍ തിങ്ങി വളരുന്നു.പക്ഷേ കണ്ടിട്ടു തോന്നുന്നത് ആരോ നട്ട് പിടിപ്പിച്ചപ്പോലെയാണ്. കാരണം എല്ലാം വരിയും നിരയുമായിട്ടാണ് നില്‍ക്കുന്നത്.സാമൂഹ്യവിരുദ്ധന്മാരുടെയും ,അവിഹിത കമിതാക്കളുടെയും ഏരിയ ആണത്രെ.ഒന്നൊന്നര മണിക്കൂര്‍ നിന്നിട്ടും മരുന്നിന് പോലും ആരെയും കാണാം കഴിഞ്ഞില്ല.
ഒന്ന്‍,രണ്ട്,മൂന്ന്‍,നാല്..ഇല്ല എണ്ണാന്‍ പറ്റില്ല

പൈന്‍ മരത്തിന്‍റെ കായ


പൈന്‍ മരത്തിന്‍റെ ഒരു പ്രത്യേക ആങ്കിളില്‍ നിന്നുള്ള ഫോട്ടോ

പനോരമയില്ലാത്ത ടൂര്‍ ഫോട്ടോസ് കുന്ദംകുളമില്ലാത്ത മാപ്പുപോലെയാകുന്നു

താഴെ മനുഷ്യനു എത്താവുന്നിടത്ത് ഒരു കൊമ്പുപോലുമില്ലമലയാളികളല്ലെ, എപ്പോള്‍ ഒടിച്ചെടുത്തു എന്നു ചോദിച്ചാല്‍ പോരേ.ഞങ്ങളും മലയാളികള്‍ ആയതുകൊണ്ട് പതിവ് തെറ്റിച്ചില്ല.കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒപ്പിച്ചു.
നമ്മളൊടാ അവന്‍റെ കളി

ഇത്രയേയൊള്ളോ കാര്യം


പിന്നെ മെയിന്‍ ഒരു കാര്യം ഇത് ഒരു മലയുടെ ചെരിവ് ആയതുകൊണ്ടുംതാഴെ നിറയെ പൈന്‍ മരത്തിന്‍റെ ഇലകള്‍ വീണു കിടക്കുന്നതുകൊണ്ടും സ്ലിപ്പ് ആകാന്‍ സാധ്യതയുണ്ട്.അതുകൊണ്ടു ക്യാമറകള്‍ എല്ലാം വീഡിയോ മോഡില്‍ വെക്കുക.എപ്പോഴാ നല്ല ഒരു വീഡിയോ കിട്ടുന്നത് എന്നറിയില്ലല്ലോ.എല്ലാ കാലത്തും youtube ഇല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്താല്‍ മാത്രം പോരല്ലോ വല്ലപ്പോഴും "Man slipping through woods" എന്നപേരില്‍ നമുക്കും ഒരു വീഡിയോ അപ്ലോഡ് ചെയ്യേണ്ടെ?

ദേവാസ് ഹോട്ടല്‍ (Devas ഹോട്ടല്‍)

പൈന്‍ഫോറസ്റ്റിനടിയില്‍ ഉള്ള ചായക്കടയില്‍ കയറിയതോടുകൂടി എല്ലാവര്‍ക്കും ഏകദേശം പോകാമെന്നായി.ഒന്നാമത് ഈ കോട കോട എന്നുപറയുന്ന സാധനമെങ്ങാനും വന്നാല്‍ വണ്ടിക്ക് ഫോഗ് ലാംബ് ഇല്ലപിന്നെ ഓള്‍ട്ടോ മഞ്ഞത്ത് എങ്ങിനെ പ്രതികരിക്കും എന്നും പറയാന്‍ പറ്റില്ല.പക്ഷേ ഒരാള്‍ മാത്രം വിഷണനായിരുന്നു.വേറെയാരുമല്ല റോഷ്. പൊറോട്ട തിന്നാന്‍വേണ്ടി മാത്രം കുട്ടിക്കാനത്തേക്കുള്ള യാത്ര പ്ലാന്‍ ചെയ്ത നമ്മുടെ സ്വന്തം റോഷ്.

"റോഷെ എന്താടാ നിന്‍റെ മുഖം ഇങ്ങനെയിരിക്കുന്നത്? ദേവാസില്‍ പോകാത്തതുകൊണ്ടാണോ"
"എയ് അതൊന്നുമല്ല.എല്ലാവര്‍ക്കും തിരിച്ചു പോകാനാണെങ്കില്‍ നമുക്ക് പോകാം"


"എടാ പ്രഭാഷെ എനിക്കു വിശക്കുന്നു"
ഞാന്‍ പറഞ്ഞു.
"എടെ ലോയലെ എനിക്കും വിശക്കുന്നു.ജോയേ നമുക്ക് പോയി പൊറോട്ട കഴിച്ചാലോ"


പ്രഭാഷിനും വിശപ്പാണത്രെ


"റോഷെ നിനക്കു വിരോധമൊന്നും ഇല്ലല്ലോ.ദേവാസില്‍ പോയി കഴിച്ചാലോ" 
ലോയലിന്റെ നിഷ്കളങ്കമായ ചോദ്യം.


അപ്പോള്‍ റോഷാരായി?

അങ്ങനെ അഞ്ചരയോടുകൂടി ഞങ്ങള്‍ കുട്ടിക്കാനം ദേവാസില്‍ എത്തിചെന്നപ്പോഴുണ്ട് അവിടത്തെ ചേട്ടന് ലോയലിനെ ഭയങ്കര പരിചയംപറഞ്ഞപോലെ തന്നെ കിടിലന്‍ പൊറോട്ടപഞ്ഞിപോലെയിരിക്കുന്നുമൂന്നുനാലെണ്ണം ചുമ്മായങ് കയറിപ്പോയി.വിലവിവര പട്ടിക നോക്കുമ്പോള്‍ ഡീസന്‍റ് ആണ്. അവിടെ തന്നെ കുട്ടിക്കാനത്ത് നിന്നും വിവിധസ്ഥലങ്ങളിലേക്കുള്ള ദൂരവും എഴുതിവച്ചിട്ടുണ്ട്.

എടാ റോഷെ നീ ഫോട്ടോ എടുതോണ്ട് നില്‍ക്കാണോ,വരുന്നില്ലേ?

ചേട്ടാ ഒരു രണ്ട് പൊറോട്ടയും അതിനോത്ത കറിയും

വിലയോ തുച്ഛം,ഗുണമോ മെച്ചം

അറിവുകള്‍

അഞ്ചു മിനിറ്റ് ഏത് മണ്ടനോടു സംസാരിച്ചാലും എന്തെങ്കിലും ഒരു പുതിയ അറിവ് കിട്ടുമെന്നാണല്ലോ മഹാനായ ആരോ പണ്ട് പറഞ്ഞിട്ടുള്ളത്.അപ്പോള്‍ പിന്നെ ഞങ്ങളുടെ കമ്പനിയിലെ ബുദ്ധികേന്ദ്രങ്ങളായ ഞങ്ങള്‍ നാല് പേര്‍ സംസാരിക്കുമ്പോള്‍ കംപ്ലീറ്റ് ബുദ്ധിപരമായ കാര്യങ്ങളായിരിക്കും എന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ

ആട്ട,മൈദ എന്നിവതമ്മിലുള്ള വ്യത്യാസം എനിക്കു മനസിലായത് ഈ യാത്രയിലാണ്.അതുപോലെ പനോരമ മോഡില്‍ ഫോട്ടോ എടുക്കുമ്പോള്‍ അതിന്‍റെ കാര്യങ്ങള്‍/details ഉള്‍ക്കൊള്ളിക്കാനുള്ള കഴിവ്.ലോയലിന്റെ വക കൊക്കോ എങ്ങിനെ പ്രോസസ്സ് ചെയ്യുന്നു എന്ന കാര്യം.റോഷിന്‍റെ കയ്യില്‍ നിന്നും ആംസ്റ്റര്‍ഡാമിലെ വിശേഷങ്ങളും രണ്ടാം ലോകമഹായുദ്ധത്തിന്റെ കാര്യങ്ങളും.ഹുമിടിറ്റിയും എ‌സി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രഭാഷിന്‍റെ കൈയ്യില്‍ നിന്നും.

അവരും എന്‍റെ കയ്യില്‍ നിന്നും എന്തെങ്കിലും പഠിച്ചിട്ടുണ്ടാകും എന്നു വിചാരിക്കുന്നു. മൂന്നുമാസത്തിലൊരിക്കെലെങ്കിലും ഒരു യാത്ര.അത് നമ്മുടെ മനസിന് വളരെ നല്ലതാണ്.അതുപോലെ അറിവിനും.പുതിയ ആളുകള്‍, പുതിയ കാലാവസ്ഥ,പുതിയ തരം ഭക്ഷണങ്ങള്‍,പുതിയ ടെക്നിക്കുകള്‍

പിന്നെ തിരിച്ചു വരുമ്പോള്‍ മനസിലായ ഒരു വലിയ കാര്യം ഞങ്ങള്‍ കുട്ടിക്കാനത്ത് ഒരു ലേക് മിസ്സ് ആക്കി.അല്ലെങ്കിലും ഒന്നും അതിന്‍റെ പൂര്‍ണതയില്‍ ചെയ്യരുത് എന്നാണല്ലോ.അത് പിന്നെ ഒരിക്കല്‍ വാഗമണ്‍ കാണാന്‍ പോകുമ്പോള്‍.അങ്ങനെ തൃപ്പൂണിത്തുറ എത്താറായപ്പോള്‍ റോഷ് എല്ലാവരോടുമായി ചോദിച്ചു.

റോഷ്:നല്ല പൊറോട്ടയായിരുന്നല്ലേ.ഇതുപോലത്തെ പൊറോട്ട വേറെയെവിടെ കിട്ടുമെടെ?
പ്രഭാഷ്:എടാ അങ്ങനെ പറയരുത്.ഞാന്‍ പണ്ട് എലക്ഷന്‍ കമ്മീഷനില്‍ വര്‍ക്ക് ചെയ്തിരുന്നപ്പോള്‍ വോട്ടെര്‍ ഐഡി കാര്ഡ് കൊടുക്കാന്‍ കാസര്‍കോട് പോയപ്പോള്‍ അവിടെനിന്നും കഴിച്ചിട്ടുണ്ട്.ഇതുപോലത്തെ തന്നെ.

ജോയ്:വെള്ളിയാഴ്ച രാത്രി ഓഫീസ് കഴിഞ്ഞ് അങ്ങ് വിട്ടാല്‍ പുലര്‍ച്ചയ്ക്ക് കാസര്‍കോഡ് എത്തുമല്ലേ?
റോഷ്:എത്ര കിലോമീറ്റര്‍ കാണും ഇവിടെനിന്നു?


ലോയല്‍:അയ്യോ....ഞാനിറങ്ങുവാ...

---
ശരിക്കുള്ളതില്‍ നിന്നും,ചിലത് വിട്ടുപോയിട്ടുണ്ട്.അതുപോലെ ഒരു ഓളം കിട്ടുന്നതിനുവേണ്ടി ചിലത് കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്.നല്ലവരായ എന്‍റെ സുഹൃത്തുക്കള്‍ ക്ഷമിക്കുമെന്ന് വിചാരിക്കുന്നു.ആരെങ്കിലും ഇത് വായിച്ചിട്ട് കുട്ടിക്കാനത്തേക്ക് ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ഒന്നറിയിക്കണേ...ചുമ്മാ... 


ആര്‍ക്കെങ്കിലും മുഴുവന്‍ ഫോട്ടോസും കാണണമെങ്കില്‍ താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍ ചുമ്മാ ക്ലിക്കുക.
https://picasaweb.google.com/118323257832874630811/Kuttikkanam_24Sep2011

2 അഭിപ്രായങ്ങൾ:

ഇലക്ട്രോണിക്സ് കേരളം പറഞ്ഞു...

വളരെ രസകരമായ യാത്രാ വിവരണം ..നിങ്ങള്‍ പോയ വഴിയിലൂടെ ഞാനും സഞ്ചരിച്ചു...ദേവാസിലെ പൊറോട്ട മാത്രം കഴിച്ചില്ല

Unknown പറഞ്ഞു...

Good.....