2011, നവംബർ 26, ശനിയാഴ്‌ച

മുല്ലപ്പെരിയാര്‍ - പരിഹാരങ്ങളും, ഉത്തരമില്ലാത്ത ചോദ്യങ്ങളും

മുല്ലപ്പെരിയാര്‍ മലയാളികള്‍ക്ക് കുറഞ്ഞപക്ഷം മദ്ധ്യകേരളത്തിലെ ആളുകള്‍ക്ക് ഒരു ഭീഷണി തന്നെയാണ്.പഴക്കം ചെന്ന ഡാം,ഇടക്കിടെ ഉണ്ടാകുന്ന ഭൂമികുലുക്കങ്ങള്‍, ഡാമിലെ വിള്ളലുകള്‍ എന്നിവ കാണുമ്പോള്‍ ഏതൊരുത്താനും ഫേസ്ബുക്കില്‍ എഴുതിപ്പോകും 'സേവ് മുല്ലപ്പെരിയാര്‍'.അല്ലെങ്കില്‍ 'ഡാം പുതുക്കിപ്പണിയുക' എന്നു.അതൊന്നും പോരാഞ്ഞു ഒരു 3D സിനിമയും വന്നിരിക്കുന്നു ഡാം പൊട്ടുന്നതിന്‍റെ ദൃശ്യങ്ങളുമായി.പോരേ പൂരം.

രണ്ടു ആഴ്ച ഫേസ്ബുക്കിലും മറ്റും നിരങ്ങിയപ്പോള്‍ ഒരു കാര്യം മനസിലായി. എന്താണ് ചെയ്യേണ്ടത് എന്ന്‍ ആര്‍ക്കും വലിയ നിശ്ചയമില്ല.കുറെ പേര്‍ പറയുന്നു. ഗവണ്‍മെന്‍റ് ആണ് എല്ലാം ചെയ്യേണ്ടത് എന്നു, ചിലര്‍ പറയുന്നു സിനിമാക്കാര്‍ ഇറങ്ങാത്തതുകൊണ്ടാണ് ഒന്നു നടക്കാത്തതത്രേ, വേറെ ചിലര്‍ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരെ കുറ്റം പറയുന്നു.

എല്ലാം പോട്ടെ...ഇപ്പോള്‍ ഏകദേശം എല്ലാ ഓണ്‍ലൈന്‍ കൂട്ടായ്മകളും തെരുവില്‍ ഇറങ്ങാന്‍ തീരുമാനിച്ച സ്ഥിതിക്ക് അതുപോലെ ഒരു പ്രതിഷേധപരിപാടി മറൈന്‍ ഡ്രൈവില്‍ നടന്ന സ്ഥിതിക്ക് എങ്ങിനെ ഈ പ്രശ്നത്തില്‍ നിന്നും കരകയറാം എന്നു കൂടെ ചിന്തിക്കണം എന്നു എനിക്കു തോന്നുന്നു.വെറുതെ കിടന്നു സേവ് മുല്ലപ്പെരിയാര്‍ എന്നു പറഞ്ഞതുകൊണ്ടോ,ശാശ്വതമായ പരിഹാരം ഉണ്ടാക്കണം എന്നു പറഞ്ഞത് കൊണ്ടോ മനുഷ്യചങ്ങല തീര്‍ത്തതുകൊണ്ടോ ആയില്ല.നമ്മളെക്കൊണ്ടു ആയ ഒരു പരിഹാരമാര്‍ഗം  നമുക്കും പറയാന്‍ പറ്റണം. ചിലപ്പോള്‍ അധികാരികളും ഇത് എങ്ങിനെ സോള്‍വ് ചെയ്യാം എന്നറിയാതെ ഇരിക്കുകയായിരിക്കും.അവരും മനുഷ്യരല്ലേ?

സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് ഏകദേശം ഇതുപോലെതന്നെയാണ്. പെട്ടെന്നു ചെയ്തു തട്ടിക്കൂട്ടി വിടുന്ന സോഫ്റ്റ്വെയറുകള്‍ പ്രൊഡക്ഷന്‍ എന്ന സ്റ്റേജില്‍ ചെല്ലുമ്പോള്‍ പൊട്ടും.അപ്പോള്‍ പിന്നെ മെയിലുകളുടെയും മീറ്റിങ്ങുകളുടെയും ഒരു ബഹളമാണ് . അങ്ങോട്ടും ഇങ്ങോട്ടും പഴിചാരലുകളായിരിക്കും ആദ്യം നടക്കുക. പക്ഷേ  എല്ലാവര്‍ക്കും കാര്യങ്ങള്‍ ശരിയാകണം എന്നുമുണ്ട്.അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരിയാക്കാനുള്ള വഴിയും അറിയാം.പക്ഷേ ആരും ഇപ്പോള്‍ എങ്ങിനെ ചെയ്യാം എന്നു പറയില്ല.ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ step by step ആയിട്ടുള്ള സൊല്യൂഷന്‍ ആണ് വേണ്ടത്.ആദ്യം ഇപ്പോഴുള്ള ഗുരുതരാവസ്ഥ പരിഹരിക്കുക.പിന്നെ അതിന്‍റെ ശരിയായ പരിഹാരം ഉണ്ടാക്കുക. 'Put the hack first then fix the root cause' .

സാധാരണ നമ്മളെപ്പോലെയുള്ള ടെക്നികല്‍ ആളുകള്‍ ഇങ്ങനത്തെ സന്ദര്‍ഭങ്ങളില്‍ ചെയ്യുന്ന പരിപാടിയാണ് കുറച്ചധികം പോംവഴികള്‍ കണ്ടുപിടിക്കുക.കൂടെ  അതെങ്ങിനെ ചെയ്യാമെന്നും ,അതിന്‍റെ ഏകദേശം എസ്റ്റിമേറ്റും പിന്നെ അതിന്‍റെ നല്ലതും ചീത്തയും ആയ വശങ്ങളും പറഞ്ഞു കൊടുക്കുക.അതിനുശേഷം ബാക്കിയുള്ളവര്‍ക്ക് അതില്‍നിന്നും ഒന്നു തെരെഞ്ഞെടുക്കാന്‍ വലിയ പ്രയാസമുണ്ടാകില്ല.അങ്ങനെ എന്‍റെ ചിന്തയില്‍ വന്ന കുറച്ചു പോം വഴികളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
  1. മുല്ലപ്പെരിയാര്‍ കഴിഞ്ഞു കേരളത്തില്‍ കടന്നു പുതിയ ഒരു ഡാം പണിയുക.
    • മുല്ലപ്പെരിയാറിനും,ഇടുക്കിക്കും ഇടയില്‍ കേരളത്തില്‍ ഡാം പണിയാന്‍ പാകത്തിലുള്ള സ്ഥലം ഉണ്ടോ എന്നെനിക്കറിയില്ല. അങ്ങനെ ഒരു സ്ഥലമുണ്ടെങ്കില്‍ പിന്നെ ഡാം പണിയാനുള്ള കാശിന്‍റെ കാര്യം? ഷെയര്‍ ഇട്ടു ഒരു വിമാനത്താവളം ഉണ്ടാക്കിയ നമുക്ക് ഒരു ഡാം പണിയാന്‍ ആവശ്യമായ പണം ഉണ്ടാക്കാനാണോ പ്രയാസം? എങ്ങാനും മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ പിന്നെ ഈ പുതിയ ഡാമില്‍ നിന്നല്ലേ വെള്ളം കൊടുക്കുന്നതു .അപ്പോ പിന്നേ ഇറക്കിയ കാശും അതിന്‍റെ കൂട്ട് പലിശയും നമുക്ക് വസൂലാക്കിക്കൂടേ? കേരളത്തിന്‍റെ സ്ഥലത്തു ഒരു ഡാം പണിയാന്‍ തമിഴ് നാടിന്റെ അനുമതി ആവശ്യമാണോ എന്നറിയില്ല. അറിയാവുന്ന ആരെങ്കിലും ഇത് വായിച്ചാല്‍ ഇതിന്‍റെ നിയമവശങ്ങള്‍ കമന്‍റുക.
    • മുല്ലപ്പെരിയാറിനും ,ഇടുക്കിക്കും ഇടയിലുള്ള ആള്‍ക്കാര്‍ക്ക് യാതൊരു കുഴപ്പവും സംഭവിക്കില്ല. കാര്യങ്ങള്‍ രണ്ടു കൂട്ടര്‍ക്കും കുഴപ്പമില്ലാതെ പരിഹരിക്കാം.ഡാം കെട്ടുന്ന കോണ്ട്രാക്ടര്‍മാര്‍ക്ക് മിനിമം   മുല്ലപ്പെരിയാറിന്റെ തീരത്ത് ഒരു വീടുണ്ടായിരിക്കണം.
    • ഒരു ദോഷ വശം എന്നു പറഞ്ഞാല്‍,ഡാം കെട്ടുന്നതിന് വരുന്ന കാലതാമസം ,അഴിമതി .അതൊന്നും  ഭൂകമ്പത്തിനു വിഷയമല്ല.അതുപോലെ പുതിയ ഡാമില്‍ നിന്നും വെള്ളം കൊടുക്കുമ്പോള്‍ ഉണ്ടാക്കുന്ന കരാര്‍ എന്തായാലും തമിഴ് നാട്ടുകാര്‍ക്ക് പിടിക്കില്ല.
  2. ഡാം എന്നും ഒരു തലവേദനയാണ്. ഭൂകമ്പം ഇടക്കിടെ ഉണ്ടാകുന്ന സ്ഥലത്തു വീണ്ടും ഒന്നുകൂടെ പണിതാല്‍ അത് നമ്മുടെ അടുത്ത തലമുറകള്‍ക്ക് നാം കൊടുക്കുന്ന ഒരു പണിയായിരിക്കും.ഡാം പണിയുന്നതിന് പകരം വെള്ളം കിട്ടാന്‍ മറ്റെന്തെങ്കിലും സംവിധാനം.
    • കുഴല്‍കിണര്‍ കുത്താനുള്ള സബ്സിഡി കൊടുക്കട്ടെ.അല്ലെങ്കില്‍ വലിയ ഡാമിന് പകരം ചെറിയ തടയിണകള്‍ നിര്‍മ്മിക്കാം. അല്ലെങ്കില്‍ ബണ്ട്.എന്നിട്ട് ഇപ്പോള്‍ വെള്ളം ലഭിക്കുന്നതുപോലെ വെള്ളം പുതിയ സങ്കേതമനുസരിച്ച് ലഭിച്ചുതുടങ്ങിയാല്‍ ഇപ്പോഴുള്ള ഡാം പൊളിച്ച് കളയാം.അതുപോലെ ഡാമിലെ വെള്ളത്തിന്‍റെ നിരപ്പ് ക്രമമായി താഴ്ത്തുകയും ചെയ്യാം.
    • ഇതാണ് ശരിയായ പ്രശ്ന പരിഹാരം.പക്ഷേ ഇപ്പോഴത്തെ അവസ്ഥ വച്ച് ഇത് എപ്പോള്‍ പ്രവര്‍ത്തികമാക്കാം എന്നു പറയാന്‍ പറ്റില്ല.ഡാം പണിയുന്ന പൈസ വച്ച് എന്തായാലും നമുക്ക് തടയിണകള്‍ നിര്‍മിക്കാം.
    • എത്ര നാള്‍ സബ്സിഡി കൊടുക്കേണ്ടി വരും.അല്ലെങ്കില്‍ ആരൊക്കെയാണ് ഇതിന് അര്‍ഹര്‍ എന്നൊക്കെ നോക്കിയാല്‍ കാര്യങ്ങള്‍ കോംപ്ലിക്കേറ്റഡ് ആകും.അതുപോലെ തടയിണകള്‍ എവിടെ കെട്ടും എന്നതും ഒരു പ്രശ്നമാണ്.
  3. മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളത്തിന്‍റെ നിരപ്പ് കുറക്കുക.
    • അപ്പോള്‍ പൊട്ടിയാലും വരുന്ന വെള്ളത്തിന്‍റെ അളവ് കുറയും. എന്നിട്ട് സാവധാനം ചര്‍ച്ചകള്‍ നടത്തുകയോ എന്തോ എന്നു വച്ചാല്‍ രാഷ്ട്രീയക്കാര്‍ ആയിക്കോട്ടെ.
    • ചിലപ്പോള്‍ കുറച്ചു കാലത്തേക്ക് കൂടിഡാം പൊട്ടതിരിക്കാന്‍ കൂടി സാധ്യതയുണ്ട്.അങ്ങനെ വന്നാല്‍ മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിലുള്ളവര്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ല.
    • ഒന്നു ഇന്‍സ്പെക്ഷന്‍ നടത്താന്‍ പോലും തമിഴ് നാടിന്റെ അനുമതി വേണമെന്നിരിക്കെ, അവിടെ പോയി വെള്ളത്തിന്‍റെ അളവ് കുറക്കുക എന്നു പറയുന്നതു പോലും ചിന്തിക്കാന്‍ പറ്റില്ല.അതുപോലെ മുല്ലപ്പെരിയാറിനും ,ഇടുക്കിക്കും ഇടയിലുള്ള ജനങ്ങള്‍ ,അവരെ എന്തു ചെയ്യും എന്നു ഒരു പിടിയും കിട്ടുന്നില്ല.അതുപോലെ എത്ര നാള്‍ വെള്ളം കുറച്ചു നിറുത്തും.അവിടെ കൃഷിയില്ലെങ്കില്‍ ഇവിടെ എങ്ങിനെ ഫുഡടിക്കും?
  4. ഇടുക്കി ഡാമിലെ വെള്ളത്തിന്‍റെ അളവ് നന്നായി കുറക്കുക.
    • മുല്ലപ്പെരിയാര്‍ പൊട്ടി വെള്ളം വന്നാലും ഉള്‍ക്കൊള്ളാന്‍ പാകത്തിന്,എന്തായാലും മുല്ലപ്പെരിയാറിനെക്കാള്‍ വലുതാണല്ലോ ഇടുക്കി.അപ്പോള്‍ പിന്നെ ഒരു കോമണ്‍സെന്‍സ് വച്ച് നോക്കിയാല്‍ അത് താങ്ങണം. 
    • ഇവിടെയും അതായത് ഇടുക്കി ഡാമിലെ വെള്ളത്തിന്‍റെ അളവ് കുറക്കാന്‍ തമിഴ്നാടിന്‍റെ അനുമതി ആവശ്യമില്ല എന്നു തോന്നുന്നു.വെറുതെ ചര്‍ച്ചകള്‍ നടത്തി സമയം കളയാതെ കേരളത്തിന് പെട്ടെന്നു ചെയ്യാവുന്ന ഒരേ ഒരു കാര്യം.
    • വെള്ളം മാത്രം വന്നാല്‍ ഇടുക്കി താങ്ങുമായിരിക്കും .പക്ഷേ .ഇവിടെ വെള്ളം മാത്രമാവില്ല വരുന്നത് .മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിലുള്ള സകലമാന കെട്ടിടങ്ങളുടെയും ,വാഹനങ്ങളുടെയും,പാറകളുടെയും ഭാഗങ്ങള്‍ ആ വെള്ളത്തില്‍ ഉണ്ടായിരിക്കും.അതുവന്നിടിച്ചു ഇടുക്കി തകര്‍ന്നാല്‍ പിന്നെ നോക്കാനില്ല.  പിന്നെ ഇടുക്കിയില്‍ വെള്ളമില്ലെങ്കില്‍ കേരളത്തിലെ കറണ്ട്? പവര്‍കട്ട് നമ്മള്‍ക്ക് പുത്തിരിയൊന്നുമല്ലല്ലോ.കൂടി വന്നാല്‍ പവര്‍കട്ട് കൊണ്ട് കേരളത്തിലെ ജനസംഖ്യ ഒരു കോടി കൂടിയെന്നിരിക്കും അല്ലപിന്നെ.ഈ കാര്യത്തിലും മുല്ലപ്പെരിയാറിനും ,ഇടുക്കിക്കും ഇടയിലുള്ളവരുടെ കാര്യം എനിക്കൊന്നും പറയാനില്ല.
ഇപ്പോള്‍ നടക്കാവുന്ന കാര്യം എന്നുപറഞ്ഞാല്‍ ഓപ്ഷന്‍ നംബര്‍ 4 ആണ്.പുതിയ ഡാം പണിയാന്‍ നമുക്ക് പെട്ടെന്നു പറ്റില്ല.ഇപ്പോള്‍ പ്രധാനം നമ്മുടെ ജീവനാണ്.കുറഞ്ഞ പക്ഷം ഇടുക്കിക്ക് താഴെയുള്ളവരുടെയെങ്കിലും. ഞാന്‍ താമസിക്കുന്നത് എറണാകുളത്ത് ആയതുകൊണ്ടോ അല്ലെങ്കില്‍ എന്‍റെ ബന്ധുക്കള്‍ ആരും മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയില്‍ ഇല്ലാത്തതുകൊണ്ടോ അല്ല ഞാനിതു പറയുന്നതു.ഒരു കാര്യവും നേരെ ചൊവ്വെ ചെയ്യാത്തവരാണ് നമ്മുടെ ജനപ്രതിനിധികള്‍ എന്നതുകൊണ്ട് വേറെ ഒരു വഴിയും കാണാത്തതുകൊണ്ടാ...

ഇംഗ്ലിഷില്‍ എഴുതി തമിഴ് ഫ്രെന്‍ഡ്സ് അത് കാണണം എന്നുണ്ട്.പക്ഷേ ഇപ്പോള്‍ സമയമില്ല.

ഞാന്‍ ഒരു സിവില്‍ എന്‍ജിനിയര്‍ അല്ല.അധികം ആരും വേറെ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാത്തതു കണ്ടപ്പോള്‍ എനിക്കു തോന്നിയത് എഴുതിയതാണ്. നിങ്ങള്‍ക്ക് ഈ ഐഡിയകള്‍ അതേപടി എടുത്തു പ്രസിദ്ധീകരിക്കുകയോ ,അല്ലെങ്കില്‍ നിങ്ങളുടേതായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയോ ആകാം.എനിക്കെന്തായാലും ഒരു പരിഹാരം ഉണ്ടായികണ്ടാല്‍ മതി.ഓരോ SMS വരുമ്പോഴും ഡാം പൊട്ടിയതിന്‍റെ ആണോ എന്നു പേടിച്ച് കഴിയാന്‍ ഇനി വയ്യ...

2011, നവംബർ 19, ശനിയാഴ്‌ച

6 മാസങ്ങളില്‍ നിന്നും 6 വര്‍ഷങ്ങളിലേക്ക്

കോളേജില്‍ നിന്നും ഇറങ്ങി 6 മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഒരു കല്യാണത്തിന് ഒത്തു കൂടിയപ്പോള്‍ സംസാരങ്ങള്‍ ഇങ്ങനെയായിരുന്നു.

-എത്രയുണ്ടെടെ സാലറി? കമ്പനി ചാടാറായില്ലെ? എന്നെ ഒന്നു റെഫര്‍ ചെയ്യാവോ?

-പണിയൊന്നും ആയില്ലേടെ? നീ ഇപ്പൊഴും ഓരോ കോഴ്സുകളും ചെയ്തോണ്ട് നടക്കുവാണോ? പെട്ടെന്നു ജോലി കിട്ടാന്‍ ചാന്‍സ് ഉള്ള കോഴ്സ് വല്ലതും ഉണ്ടോഡേ? എനിക്കൊന്നു ചേരാനാ..

-എന്‍റെ ഒരു മാനേജര്‍ ഉണ്ടെടെ..ഒരു പണിയും ചെയ്യത്തില്ല..ചുമ്മാ എക്സെല്‍ തുറന്നിരിക്കുന്ന കാണാം.

- ഇപ്പ്രാവശ്യം നീ മാത്സ് പാസാകുമോ? ഞാന്‍ എന്തായാലും ഇത്തവണ എല്ലാ സപ്പ്ളി പേപ്പറും എഴുതുന്നില്ല.

-എടാ നിന്‍റെ ക്ലാസിലെ ലൈന്‍ പൊട്ടിയെന്നു കേട്ടല്ലോ.അവള് അവളുടെ ഓഫീസിലെ ഒരുത്തനെ കെട്ടിയല്ലേ..അളിയാ പോട്ടെടാ...വിഷമം തീര്‍ക്കാന്‍ ഒരു പെഗ്ഗ് കൂടിയാകാം.

-എടാ നിന്‍റെ ഓഫീസില്‍ കൊള്ളാവുന്ന പിള്ളേരു വല്ലവരും ഉണ്ടോടെ?

- നിന്‍റെ ടീമിലെ ആ പെണ്ണിന് നീ അപ്പ്ളി വെച്ചോ? - നമ്മുടെ ബാച്ചിലെ പെണ്‍പിള്ളേരൊക്കെ കെട്ടിത്തീര്‍നോ അതോ വല്ലതും ബാക്കിയുണ്ടോ?

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു കല്യാണത്തിന് ഒത്തുകൂടിയപ്പോള്‍

- എടെ ഇപ്പോള്‍ ഡോക്ടര്‍മാര്‍ എല്ലാവരും സിസേറിയനാ ചെയ്യുന്നെ.നോര്‍മല്‍ കേള്‍ക്കാനെയില്ല.നിന്‍റെ വൈഫിന്‍റെ എങ്ങിനെയായിരുന്നു.

- കൊച്ചിന്‍റെ നേഴ്സറി അഡ്മിഷന്‍ ഇപ്പോഴേ ബുക്ക് ചെയ്യണം.ഡൊനേഷന്‍ ഇപ്പോഴേ കൊടുത്തിടുവാ നല്ലത്. വെറുതെ എന്തിനാ അവരുടെ ഭാവി നശിപ്പിക്കുന്നെ?

- രണ്ടാമത്തെ കൊച്ച് ആയല്ലേ. കലക്കിയെടാ...

-കല്യാണം കഴിച്ചാല്‍ വലിയ ടെന്‍ഷന്‍ ആടെ.കംപ്ലീറ്റ് അഡ്ജസ്റ്റ്മെന്‍റ് ആണ്.നൂറു പേരെ സമാധാനം ബോധിപ്പിക്കണം.നീ ഒരു പെഗ്ഗിങ്ങോട്ട് ഒഴിച്ചേ..

- നീ 6 കൊല്ലമായി ഇപ്പൊഴും അതേ കമ്പനി തന്നെയാണോ? ഞാനിത് ഏഴോ എട്ടോ ആയി

- മാന്ദ്യം വരുന്നുണ്ടെന്ന് കേട്ടല്ലോ.ശരിയാണോ?

- കുറെ ഫ്രെഷെര്‍സ് ഇറങ്ങിയിട്ടുണ്ട് അളിയാ.ഒന്നും പണിയെടുക്കുകേലാ..കാശു മാത്രം മതി.

- നമുക്ക് 30 ആകാറായി.കെട്ടാനുള്ള പ്ലാന്‍ ഒന്നുമില്ലെടെ? അല്ല എന്താ നിന്‍റെ ആക്ചുവല്‍ പ്രോബ്ലം?

- വീട്ടുകാര്‍ നോക്കുന്നുണ്ട്.ഒരു ആറേഴു മാസത്തിനുള്ളില്‍ ഉണ്ടാകും.

- രണ്ടു കൊല്ലമായേടെ പെണ്ണുകണ്ട് നടക്കുന്നു.ഒന്നും അങ്ങട് ശരിയാകുന്നില്ല.ചായകുടിച്ച് മടുത്തു.അടുത്ത റൌണ്ട് ഒഴിച്ചേ..

- നീ ആ പഴയ കാറു മാറ്റിയില്ലേ. എന്‍റെ പോലെ നല്ല പവര്‍ ഉള്ള ഒരെണ്ണം വാങ്ങായിരുന്നില്ലേ?

- കേരളം ശരിയാവില്ല അളിയാ. അതിനൊക്കെ യുഎസ്സും ,യുകെയും ഞാന്‍ അവിടെങ്ങാനും പോയി സെറ്റില്‍ ആകാന്‍ പോകുവാ...

2011, നവംബർ 11, വെള്ളിയാഴ്‌ച

എം‌ബി‌എ - സ്റ്റാറ്റിസ്റ്റിക്സ് അഥവാ സ്ഥിതിവിവരക്കണക്കുകള്‍

അങ്ങനെ വീണ്ടും എംബിഎ പരീക്ഷക്ക് പഠിച്ചുതുടങ്ങി.ഇത്തവണയെങ്കിലും എന്‍റെ കര്‍ത്താവേ, ഒന്നു കടത്തി വിടണേ? അധികം ആഗ്രഹങ്ങള്‍ ഒന്നും ഇല്ലല്ലോ പാസ്സ് മാര്‍ക്ക് മാത്രം...2008 മുതല്‍ എഴുതാന്‍ തുടങ്ങിയതാണ് ചേട്ടന്‍ അല്ലേ? എന്നു ചോദിക്കുമ്പോള്‍  ബാക്കിയുള്ളവരുടെ മനസിലുള്ള ബഹുമാനം ഇനിയെനിക്ക് വേണ്ട.അത് പിന്നേയും സഹിക്കാം.എത്ര പ്രാവശ്യം ഇങ്ങനെ എക്സാം എഴുതാന്‍ പറ്റും? ഇതിന് ലിമിറ്റ് ഒന്നുമില്ലെ?സിലബസ് മാറിയാലും ഇങ്ങനെ എഴുതാന്‍ പറ്റുമോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കേട്ടാല്‍ തോന്നും ഞാനേതോ യൂണിവേഴ്സിറ്റി പ്രൊഫെസര്‍ ആണെന്ന്‍.പിന്നേ,ഞാനാണല്ലോ ഇതൊക്കെ തീരുമാനിക്കുന്നത്.ഞാന്‍ എന്തൊക്കെയായാലും ക്വാന്‍ടിറ്റേറ്റീവ് ടെക്നിക്സ്(Quantitative Techniques for Management ie QT) എന്ന പേപ്പര്‍ ശരിക്കും പഠിച്ചിട്ടെ പാസ്സാകുന്നുള്ളൂ... നിങ്ങളെപ്പോലെ സ്ത്രീധനം കൂടുതല്‍ കിട്ടാനൊന്നുമല്ലട ഞാന്‍ എം‌ബി‌എ പഠിക്കുന്നത്.

അപ്പോള്‍ പറഞ്ഞുവന്നത് ക്യു.ടി എന്ന പേപ്പറിലെ സ്റ്റാറ്റിസ്റ്റിക്സ് എന്ന ആദ്യപാടം.പണ്ടേ എനിക്കു ഒരു പ്രശ്നമുണ്ട് .കാണാപ്പാടം പഠിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.പക്ഷേ മനസിലായാല്‍ അതിങ്ങനെ ലാപ്ടോപ്പ് സ്ക്രീനിലെ സ്ക്രാച്ച് പോലെ കിടന്നോളും.സ്കൂളില്‍ പഠിക്കുമ്പോള്‍ പദ്യത്തിന്‍റെ അര്‍ത്ഥം മനസിലാക്കി പരീക്ഷക്കത് തൃശ്ശൂര്‍ ഭാഷയിലെഴുതി കുറെ സമ്മാനങ്ങള്‍ വാങ്ങിച്ചിട്ടുള്ളതാണെ...അതുപോലെ വളരെ കുറച്ചു നേരം മാത്രമേ ഏകാഗ്രമായി പഠിക്കാന്‍ പറ്റൂ.

കുറച്ചു വായിച്ചുകഴിഞ്ഞപ്പോള്‍ മനസിലായി ക്യു.ടി യിലുള്ള സ്റ്റാറ്റിസ്റ്റിക്സ് തന്നെയാണ് പുറത്തുള്ള സ്റ്റാറ്റിസ്റ്റിക്സ്.അതായത് സെന്‍സസ് എടുക്കുമ്പോള്‍ ഉള്ള സ്റ്റാറ്റിസ്റ്റിക്സ് തന്നെ.സ്വതന്ത്രമായി നില്‍ക്കുന്ന വിവരങ്ങള്‍ ഇതിന്‍റെ പരിധിയില്‍ വരുന്നില്ല.എന്‍റെ ഇപ്പോഴത്തെ ഒരു മാസത്തെ ചിലവ് 12000 എന്നത് മാത്രമായി ഇതില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല.നാലുകൊല്ലം മുമ്പത്തെ ചിലവിന്‍റെ കാര്യങ്ങള്‍ കൂടിയുണ്ടെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിഭാഗതില്‍ പ്പെടുത്താം.ഒരു താരതമ്യം എപ്പോഴും വേണം.അതുപോലെ വിവരങ്ങള്‍ക്ക് പരസ്പര ബന്ധവും വേണം.

ഇത്രയൊക്കെയായപ്പോള്‍ ചുമ്മാ ഒരു മോഹം.എന്‍റെ പഴയ കാലത്തെ  ചിലവുകളും ഇപ്പോഴത്തെ ചിലവുകളും ഒന്നു സ്റ്റാറ്റിയാലോ എന്നു.പ്രത്യേകിച്ചു ചിലവില്ലാത്ത കാര്യമായതുകൊണ്ട് അപ്പോഴേ സ്റ്റാറ്റി.

2011


ഒറ്റക്ക് താമസിക്കുന്നതുകൊണ്ട് വാടക 3500.പിന്നേ ഒരു മെച്ചം ഇതില്‍ തന്നെ കറന്‍റ് ബില്ല്,വെള്ളം,ക്ലീനിങ്,കാര്‍ പാര്‍ക്കിങ് ചാര്‍ജ് ,പത്രം ഒക്കെ പെടും.മാസത്തില്‍ നാലുതവണ കാറില്‍ നാട്ടില്‍ പോക്ക്, പിന്നേ നാട്ടില്‍ കാറിലുള്ള കറക്കം ,മഴയുള്ളപ്പോള്‍ കാറില്‍ ഓഫീസിലേക്കുള്ള യാത്ര എല്ലാം കൂടി പെട്രോള്‍ 2000.ഓള്‍ട്ടോ ആയതുകൊണ്ടും,നല്ലവണ്ണം ഓടിക്കുന്നതുകൊണ്ട് 18-19 Km/L മൈലേജ് ഉള്ളതുകൊണ്ടും  കിലോമീറ്ററിന്  3.5 വരുന്നുള്ളൂ. സാധാരണ ഓഫീസില്‍ പോകാന്‍ ബൈക്കിനു പെട്രോള്‍ 400.

പ്രാഥമികആവശ്യങ്ങളുടെ പട്ടികയിലേക്ക് അടുത്തെടെ കയറിയ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വകയില്‍ രൂപ 900.വയര്‍ലെസ്സ് ആയതുകൊണ്ടാണ് ഇത്രക്ക് വന്നത്.അല്ലെങ്കില്‍ ശകലം കുറഞ്ഞേനെ.മൊബൈല്‍ പിന്നേ 300 ഇല്‍ നില്ക്കും

ഭക്ഷണം കാലത്ത് അധികം വേണ്ട,ഉച്ചക്കും ,രാത്രിയിലും വിഭവസമൃദ്ധമായ ഭക്ഷണം തട്ടുകടയില്‍ നിന്നും,പിന്നേ ഉച്ചെമുക്കാലിനുള്ള ചായകുടി.ദിവസം 150.പിന്നേ കുടിവെള്ളം വാങ്ങിക്കണം മാസം 100.22 ദിവസം വച്ച് കൂട്ടിയാല്‍ 3400 ആ വഴിക്കു .ഒരു മാസം ഒരു സിനിമയെങ്കിലും കണ്ടില്ലെങ്കില്‍ ബാച്ചിലര്‍ എന്നു പറഞ്ഞിട്ടെന്ത് കാര്യം എന്നതുകൊണ്ടു മാത്രം മാസം മിനിമം രണ്ട് സിനിമകള്‍ ഇടപ്പള്ളി ഓബേറോണിലോ മറ്റോ.സിനിമ മാത്രമല്ലല്ലോ കുറച്ചു ഹൈ-ടെക് ഫുഡും ചെര്‍ത്ത് അങ്ങനെ എന്‍റര്‍ടെയ്ന്‍മെന്‍റ് വഴിയില്‍ 500.


ഇനി അല്ലറ ചില്ലറ ഐറ്റംസുകള്‍ ആയ സോപ്പ് ,ചീപ്പ്,കണ്ണാടി ഷോപ്പിങ് വഴിയില്‍ മാസം ശരാശരി 200. സീസറിനുള്ളത് സീസറിനും ,ദൈവത്തിനുള്ളത് ദൈവത്തിനും എന്നാണല്ലോ.നാലു ഞായറാഴ്ച പള്ളിയില്‍ പോകുമ്പോള്‍ 400.വെള്ളം,സിഗരറ്റ് ,പാന്‍ തുടങ്ങിയ കലാപരിപാടികള്‍ ഇല്ലാത്തതുകൊണ്ടു ആ വഴിക്കു ഒരു എന്‍ട്രി ഇല്ല.പിന്നേയുള്ള പരിപാടികള്‍ ബുക്കുകള്‍ വാങ്ങുക,ട്രിപ്പ് പോകുക.ശരാശരി മാസം 400 ആ വഴിയില്‍ പൊട്ടും.ഷര്‍ട്ട് വാങ്ങലും മറ്റും ഇതിന്‍റെ കൂടെ കൂട്ടുന്നില്ല..


വാടക-3500
കാര്‍ /നാട്ടില്‍ പോക്ക്-2000
ബൈക്ക്-400
ഇന്‍റര്‍നെറ്റ്-900
മൊബൈല്‍ - 300
ഭക്ഷണം-3400
എന്‍റര്‍ടെയ്ന്‍മെന്‍റ് -500
ഷോപ്പിങ്- 200
ചര്‍ച്ച്-400
ബുക്സ്/ട്രിപ്പ് -400

2011ഇല്‍ മാസം ആകെ -12000

2007

2007ഇല്‍ ആണ് കൊച്ചിയില്‍ കാല്കുത്തുന്നത്. വന്നപ്പാടെ ഒരു ഫ്ലാറ്റില്‍ കയറി.കൂടെ വേറെ 10 പേരും.സ്വന്തമായി കുക്കിങ്, കാലത്തേക്കും രാത്രിയിലേക്കും ..സോപ്പ് ,ചീപ്പ്,കണ്ണാടി തുടങ്ങിയവയും കോമണ്‍ അക്കൌണ്ട്.അന്ന് അവിടെ ആകെ ചിലവ് 1000.

നാട്ടില്‍ പോകാന്‍ കാറില്ലാതിരുന്നതുകൊണ്ടും,പെട്രോളിന് വിലകുറവായതുകൊണ്ടും ബൈക്കിനു പെട്രോള്‍ ചിലവ്200 .നാട്ടില്‍ പോകാന്‍ നമ്മുടെ സ്വന്തം പാസ്സഞ്ചര്‍ ട്രയിന്‍.10 രൂപക്ക് എറണാകുളം -  ഇരിഞ്ഞാലകുട പോകാം.പിന്നേ കുറച്ചു ബസില്‍ പോയാലും ആകെ 100ഇല്‍ കൂടില്ല.

ചില എസ്‌ടി‌ഡി പഞ്ചാരയടികള്‍ ഉണ്ടായിരുന്നെങ്കിലും മൊബൈല്‍ ബില്ല് 200 തന്നെ.ഓഫീസില്‍ വച്ചുള്ള ഇന്‍റര്‍നെറ്റ് മാത്രം.ഉച്ചഭക്ഷണം എന്ന വകുപ്പില്‍ 550.10 പേരുള്ളതുകൊണ്ടു എന്‍റര്‍ടെയ്ന്‍മെന്‍റ് ഇത്തിരി കൂടുതലായിരുന്നു. അതുകൊണ്ടു തന്നെ  500. എല്ലാവരും ഒരുമിക്കാന്‍ സാധ്യത കുറവായിരുന്നതുകൊണ്ടു ട്രിപ്പുകള്‍ വളരെ കുറവു.200 മതിയായിരുന്നു.10 പേരുള്ളതുകൊണ്ടു ബുക്ക് വാങ്ങി റൂമില്‍ വച്ച് വായിക്കുക എന്നു പറഞ്ഞാല്‍ നടക്കാത്ത ഒരു കാര്യമായിരുന്നു. സാലറി കുറവുള്ളതുകൊണ്ടു ദൈവത്തിന്നു കുറവായിരുന്നു. 300.

വാടക -1000
നാട്ടില്‍ പോക്ക്- 100
ബൈക്ക്-200
മൊബൈല്‍ - 200
ഭക്ഷണം - 550
എന്‍റര്‍ടെയ്ന്‍മെന്‍റ്-500
ചര്‍ച്ച്-300
ട്രിപ്പ്-200

2007ഇല്‍ മാസം ആകെ-3050

Statistical analysis/ സ്ഥിതിവിവരകണക്കുകളുടെ വിശകലനം

ചുമ്മാ കുറെ സംഖ്യകള്‍ എഴുതി അതും നോക്കിയിരുന്നിട്ട് കാര്യമില്ല.അതിനെ വിശകലനം ചെയ്താല്‍ മാത്രമേ വല്ല കാര്യവും കിട്ടൂ.എന്നിട്ട് അതില്‍ നിന്നും തീരുമാനങ്ങള്‍ എടുക്കണം അല്ലെങ്കില്‍ ഇപ്പോഴത്തെ തീരുമാനങ്ങള്‍ മാറ്റണം. എന്നാലേ വല്ല ഗുണവും ഉണ്ടാകൂ.പൈസയെ ഏത്?

എം‌ബി‌എ(MBA) എന്നു പറഞ്ഞാലെ 'മുണ്ടുമുറുക്കിയുടുത്ത് ബിസിനസുചെയ്യുന്ന ള്‍' അഥവാ പിശുക്കന്‍ എന്നാണല്ലോ അര്‍ത്ഥം. അതായത് ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ ഒരു കമ്പനി എങ്ങിനെ നടത്തികൊണ്ട് പോകാം.ലാഭമൊട്ടും കുറയാതെ.എന്നൊലോട്ട് ആരും റിസൈന്‍ ചെയ്യാനും പാടില്ല.റിസൈന്‍ ചെയ്താല്‍ പിന്നെ ട്രെയിനിങ് കോസ്റ്റ് വരും.ട്രെയിനികള്‍ക്ക് ശംബളം കുറവല്ലേ എന്നു വാദിക്കുന്നത് മണ്ടത്തരമാണ്.കാരണം നിങ്ങളുടെ കമ്പനി വളരുകയാണ്.അതുകൊണ്ടു ജോലിക്കാരും വളരണം.100 പേരെ വച്ച് നടത്തുന്ന അല്ലെങ്കില്‍ എനിക്കു ഇതില്‍  കൂടുതല്‍ വളരേണ്ട എന്നു വിചാരിക്കുന്ന കമ്പനി ആണെങ്കില്‍ ഓകെ.കുഴലിലൂടെ വെള്ളം പോകുന്നതുപോലെ ആവാം.അല്ലെങ്കില്‍ കടലാകാന്‍ കൊതിക്കുന്ന തടാകത്തെപ്പോലെയായിരിക്കണം.വരുന്ന ഓരോ തുള്ളി വെള്ളവും വിലപ്പെട്ടതാണ്.

ഇതേ കാര്യം ഏതെങ്കിലും ഇംഗ്ലീഷില്‍ പല്ലുത്തേക്കുകയും,കുളിക്കുകയും ചെയ്യുന്ന എം‌ബി‌എ  ക്കാരനോടു ചോദിച്ചു നോക്കൂ.അവന്‍ രണ്ടു മൂന്നു കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ പറയും .അതായത് എക്കണോമി, അകൌണ്ടെന്‍സി, ഗ്ലോബല്‍ മാര്‍ക്കറ്റ് ,ഡിങ്കോള്‍ഫിക്കാ സുഡാള്‍ഫി, എന്നിങ്ങനെ .ഒരിക്കലും പിശുക്ക് എന്ന വാക്ക് അവന്‍ പറയില്ല.അപ്പോള്‍ പറഞ്ഞു വന്നത് മുകളിലെ വിവരങ്ങള്‍ എങ്ങിനെ വിശകലനം ചെയ്യാം എന്നതാണു?

1)വാടക കൂടിയിട്ടുണ്ടെങ്കിലും,ഭക്ഷണ സാധനങ്ങളുടെ വില കൂടിയിട്ടുണ്ടെങ്കിലും കുറച്ചു അധികം പേര്‍ ചേര്‍ന്ന് താമസിക്കുകയാണെങ്കില്‍ വാടക,ഫുഡ് ഇനത്തില്‍ ചിലവ് ചുരുക്കാം.ബാച്ചിലേഴ്സിന് മാത്രം.അല്ലെങ്കില്‍ അച്ഛനെയും അമ്മയെയും കൂടെ കൊണ്ട് വന്നു താമസിപ്പിക്കുക.രണ്ടു വീട്ടിലെ ചിലവ് നോക്കേണ്ട.
2)പെട്രോളിന് വിലകൂടി എന്നത് ഒരു സത്യമാണ്.പക്ഷേ ട്രെയിന്‍ വിട്ടു കാറിലുള്ള യാത്ര അല്‍പം കടന്ന കൈയ്യാണ്.
3) ഇന്‍റര്‍നെറ്റ് ഒന്നും ചെയ്യാന്‍ പറ്റില്ല.ആവശ്യവസ്തുവായി മാറികൊണ്ടിരിക്കുന്നു.
4) വളരെ ക്രിറ്റിക്കല്‍ ആയിട്ടുള്ള വസ്തുത,2007ലെചിലവ് സാലറിയുടെ പത്തിലൊന്ന് ആയിരുന്നെങ്കില്‍, 2011ലെ ചിലവ് ആറിലൊന്നാണ്.

ഓ ആലോചിക്കുമ്പോള്‍തന്നെ ടെന്‍ഷന്‍ ആകുന്നു.ഇന്നിനി എന്തായാലും പഠിക്കുന്നില്ല.പണ്ടത്തെ ലൈനുകളെ ഏതിനെയെങ്കിലും കെട്ടിയിരുന്നെങ്കിലോ, അല്ലെങ്കില്‍ ഇപ്പോള്‍ ഒരു ലൈനുണ്ടായിരുന്നെങ്കിലോ ഇതെവിടെചെന്നു നിന്നെന്നേ???

2011, നവംബർ 4, വെള്ളിയാഴ്‌ച

പെണ്ണുചോദ്യം

കടയാടി ബേബി എന്ന വട്ടപേര് പുള്ളിക്കാരന് എങ്ങിനെ കിട്ടി എന്നെനിക്കറിയില്ല. ഞാന്‍ ആ പേര് ആദ്യം കേള്‍ക്കുന്നത് "നിരണം കവികളില്‍ ഒരാളായ കടയാടി ബേബി" ദേ ഇവനാണ് എന്നു ഒരുത്തന്‍ പരിചയപ്പെടുത്തിയപ്പോഴാണ്.ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണെങ്കില്‍  സുന്ദരന്‍ ,സുമുഖന്‍,സര്‍വോപരി സല്‍ഗുണസമ്പന്നന്‍ .ദിനചര്യ ഇങ്ങനെയാണ് കാലത്തുതന്നെ എഴുന്നേറ്റയുടനെ ഓഫീസില്‍ വരും. പ്രകൃതിയിലെ ജീവികളോട് ഭയങ്കര സ്നേഹമാണ്.ഉച്ചക്ക് ശരീരത്തിന്‍റെ ദാഹമകറ്റാന്‍ ഒരുചായയും ആത്മാവിന്‍റെ  ദാഹമകറ്റാന്‍ ഒരു പുകയും.അതുപോലെ എല്ലാ ദിവസവും ഇന്‍ഫോപാര്‍ക്കിലെ തേജോമയയില്‍ ഭക്ഷണശേഷം ഞങ്ങളുടെയോപ്പം ജഡ്ജസ് ആയി വന്നിരിക്കും...മാര്‍ക്ക് കറെക്റ്റ് ആയി ഇടുമെങ്കിലും പെണ്ണുങ്ങളോട് കമ എന്നൊരക്ഷരം മിണ്ടില്ല...പിന്നെയുള്ള ഏക വീക് പോയിന്‍റ് സാമൂഹ്യസേവനമാണ്...

കാലത്ത് എഴുന്നേറ്റയുടനെ ഓഫീസില്‍ വരും എന്നുവച്ചാല്‍ വെളുപ്പിനെ ആറുമണിക്ക് വരും എന്നൊന്നും വിചാരിക്കരുത്.ഒരു പത്തു പത്തരക്ക് എഴുന്നേറ്റ് പത്തേമുക്കാലിന് വരും. പത്തരക്ക് എഴുന്നേറ്റിട്ട് എങ്ങിനെ പത്തേമുക്കാലിന് വരും അറ്റ്ലീസ്റ്റ് കുളിക്കുകയെങ്കിലും ചെയ്യേണ്ടെ എന്നാലോചിച്ച് കണ്‍ഫ്യൂഷന്‍ ആകേണ്ട കാര്യമൊന്നുമില്ല..പുള്ളി കുളിച്ചാല്‍ പുള്ളിക്ക്, പുള്ളിയുടെ തലയില്‍ വളര്‍ത്തുന്ന ഓമനജീവികളായ പാമ്പ്,പഴുതാര, അട്ട തുടങ്ങിയവയെ സംരക്ഷിക്കാനാവില്ല.സായിബാബ കടയാടിയെ കണ്ടാണ് ഹെയര്‍ സ്റ്റൈല്‍ തീരുമാനിച്ചതെന്നാണ് കടയാടിയുടെ ഫാന്‍സ് പറയുന്നതു. .ഫാന്‍സ് എന്നുപറഞ്ഞാല്‍ ഓഫീസില്‍ എല്ലാവരും നിശബ്ദമായിരിക്കുമ്പോള്‍ ഓഫീസിന്‍റെ അങ്ങേ അറ്റത്തുപോയി "കടൂ..."  എന്നുനീട്ടി വിളിക്കുന്ന കടയടിയുടെ നാട്ടുകാരനായ മറ്റൊരു ചങ്ങനാശേരിക്കാരന്‍.അതൊരു സിഗ്നല്‍ ആണ് ..അപ്പോഴേ കുടുംബത്തില്‍ പിറന്ന പെണ്‍പിള്ളാരെല്ലാം ചെവിപൊത്തും...പിന്നെ 10 മിനിറ്റ് കഴിഞ്ഞേ ചെവിതുറക്കൂ.പക്ഷെ ഇത്രയൊക്കെയാണെങ്കിലും പുള്ളി പെണ്‍പിള്ളാരുടെ അപ്പന്‍മാര്‍ക്ക് വളരെ വേണ്ടപ്പെട്ടവനാണ്.ഒന്നു നോക്കിയാല്‍ മതി, നോക്കുന്ന പെങ്കുട്ടിയുടെ കല്യാണം പെട്ടെന്നു തന്നെ ഉറക്കും...സ്ത്രീധനം കൊടുക്കാന്‍ കഴിവില്ലാത്ത, ജാതകദോഷം, ചൊവ്വാ, ബുധന്‍, ശനി ദോഷങ്ങള്‍ മൂലം കല്യാണം ഉറയ്ക്കാത്ത പെങ്കുട്ടികളുടെ കല്യാണം ഉറപ്പിച്ച് കൊടുക്കുക ഇതിലും വലിയ സാമൂഹ്യസേവനം വേറെ എന്തുണ്ട് ഈ നാട്ടില്‍?

അങ്ങനെയിരിക്കുമ്പോള്‍ തേജോമയയിലെ ഒരുച്ചനേരം..

കടയാടി:"ദാണ്ടെ പോകുന്നു എന്‍റെ ഹൃദയം മോഷ്ടിച്ച സുന്ദരി. ഇനി എന്നും അവള്‍ക്കാന് കൂടുതല്‍ മാര്‍ക്ക്".
നിനക്കു ഹൃദയമോ ,ഒന്നുപോടെ തമാശ പറയാതെ.ഇനിയിപ്പോ ഉണ്ടെങ്കില്‍ തന്നെ ടി.ജി രവിയുടെയല്ലേ ,അതവള് എടുത്തിട്ട് എന്നാ ചെയ്യാനാ...

കടയാടി:എടോ ഞാന്‍ സീരിയസ് ആയിട്ടാഡോ...
അപ്പോള്‍ കഴിഞ്ഞമാസം പറഞ്ഞ ആ അഹങ്കാരിയുടെ കൂട്ടുകാരിയോ...അവളും എന്തോ ഹൃദയമോ,കിഡ്നിയോ കൊണ്ടുപോയല്ലോ...

കടയാടി: ഓ അവള് ആ അഹങ്കാരിയേക്കാള്‍ വലിയ അഹങ്കാരിയാ... അവളെയിപ്പോള്‍ കാണുന്നില്ലല്ലോ..കല്യാണം കഴിഞ്ഞുകാണും...പക്ഷെ ഇത് ഞാന്‍ സീരിയസാണെടോ..
ഓഹോ അങ്ങനെയാണോ ,ആ വരുന്നതില്‍ ഏതാണ് ആ കള്ളി?

കടയാടി:എടോ ദേ നേരെ വരുന്നതാ..കമ്പനിയുടെ ഐഡി കാര്ഡ് ഉള്ള ടാഗ് കയ്യിലെടുത്തു കറക്കികൊണ്ടു വരുന്നത്..ദേ അവള് അവളുടെ ഫ്രണ്ടിനെ അടിക്കുന്നു...അല്ല പിച്ചുന്നു.
ഓഹോ ഇപ്പോള്‍ മനസിലായി .പ്രിയാമണിയുടെ ഫേസ്കട്ട് ഉള്ള അത്യാവശ്യം ഉയരമുള്ള കൊച്ച്.ഇതൊരുമാതിരി കൊച്ചുകുട്ടികളെപോലെയുണ്ടല്ലോ.. പക്വത എന്ന സാധനം തൊട്ടുതീണ്ടിയിട്ടില്ല എന്നു തോന്നുന്നു.അതോ ലാളിച്ചു വഷളാക്കിയെക്കുവാനോ.

കടയാടി: ഓ അതൊന്നും കുഴപ്പമില്ലെഡോ..ഞാനങ്ങു സഹിച്ചു.
കണ്ടിട്ടു തന്‍റേടക്കാരിയാണെന്ന് തോന്നുന്നു. റയിഞ്ച് വേറെയാ..വരച്ച വരയില്‍ നിറുത്തണമെങ്കില്‍ നീ ഒരു 10 മാര്‍ക്കര്‍ വാങ്ങി വീടുമൊത്തം വരക്കേണ്ടിവരും..അതുപോലെ നിനക്കു മലയാളം അക്ഷരങ്ങളായ ക്ഷ,ണ്ണ,ജ്ഞ ച്ഛ ഒക്കെ വരക്കാനറിയാവോ.. മൂക്കുകൊണ്ട്...

കടയാടി:അവളെ കെട്ടുവാണെല്‍ അവളെന്തു പറഞ്ഞാലും ഞാനനുസരിക്കും..ഞാനൊരു അടിമയായി മാറുമെടോ...അടിമ..
എന്നാല്‍ ശരി അവളുടെ പേരെന്നാ...

കടയാടി:ഒരു പേരിലെന്തിരിക്കുന്നു..താന്‍ കേട്ടിട്ടില്ലേ..പ്രേമത്തിന് കണ്ണില്ല,കാലില്ല പേരില്ല എന്നൊക്കെ...
അപ്പോള്‍ പേരറിയില്ല. തല്‍ക്കാലം പ്രിയാമണി എന്നു തന്നെ വിളിക്കാം.നാട്,വീട് പോട്ടെ..അവള് ഓള്‍റെഡി കെട്ടിയതാണോ എന്നെങ്കിലും അറിയാമോ?

കടയാടി:ആ കുട്ടിത്തം കണ്ടാല്‍ അറിയില്ലേ...കെട്ടിയിട്ടില്ല...ഇനിയിപ്പോള്‍ ഒന്നു കെട്ടിയാലും ഞാനങ്ങു സഹിച്ചു...
എന്തായാലും നിനക്കു പറ്റിയത് തന്നെ..എപ്പോള്‍ നോക്കിയാലും ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വന്നപോലെയാണ് പ്രിയാമണിയുടെ മുഖം.വര്‍ക്ക് ചെയ്യുന്ന കമ്പനി കുഴപ്പമില്ല,ടാഗിന്‍റെ കളര്‍ വച്ച് കണ്ടു പിടിക്കാം..ബാക്കി ഡീറ്റൈല്‍സ് ..യെസ് യുറേക്കാ..

കടയാടി:എന്തു യുറേക്കാ...
ഓകെ അപ്പോള്‍ ശരി ഇന്നുമുതല്‍ കടയാടിക്കുവേണ്ടി ഓര്‍കൂട്ടും, ഫേസ്ബുക്കും അരിച്ച് പെറുക്കുന്നു. മീറ്റിങ് ഡിസ്പെര്‍സെഡ് .ഗോറ്റു യുവര്‍ ക്ലാസ്സെസ്,അല്ല ക്യുബിക്കിള്‍സ്...

ഒരു വീകെന്‍ഡ് സര്‍ച്ച് കൊണ്ട് തന്നെ ആളെ പൊക്കി.മ്യൂചുവല്‍  ഫ്രെന്‍ഡ്സ് അല്ലാതെന്താ...പൊന്‍കുന്നം - കാഞ്ഞിരപ്പിള്ളി ഭാഗത്ത് നിന്നുള്ള ഒന്നാന്തരം അച്ചായത്തി. പഠിച്ചത് ഇന്‍ഫോപാര്‍ക്കിനടുത്തുള്ള പ്രശസ്തമായ എഞ്ചിനീയറിങ് കോളേജില്‍.താമസം കാക്കനാടിനടുത്തുതന്നെ ..പക്ഷെ ഹോസ്റ്റലില്‍ അല്ല.

കടയാടി ഒന്നൂടെ ആലോചിച്ചിട്ടു പോരേ..അവള്‍ക്ക് വല്ല ആങ്ങളമാരുമുണ്ടോ എന്നെങ്കിലും കണ്‍ഫേം ആക്കിയിട്ടു പോരേ ഈ ചോദിക്കാന്‍ പോക്ക്..

കാഞ്ഞിരപ്പള്ളി എന്‍റെ നാടാഡോ.ഇപ്പോള്‍ ചങ്ങനാശ്ശേരിയില്‍ താമസിക്കുന്നുവെന്നേയുള്ളൂ.. കാഞ്ഞിരപ്പള്ളിയില്‍ എന്‍റെ അപ്പാപ്പനു രണ്ടു മലയുണ്ട് അറിയാവോ?വേണ്ടിവന്നാല്‍ മലകളുടെ ഇടയിലൂടെ ഒഴുകുന്ന പുഴ ഞങ്ങള്‍ ഇടുക്കി ഡാം പോലെ പണിതു വെള്ളം മുട്ടിച്ചു കളയും.. അവിടെ വച്ച് എന്നെ ആരെങ്കിലും തൊട്ടാലുണ്ടല്ലോ.. എന്നോടാ കളി..

അല്ലെങ്കില്‍ നീ അറ്റ്ലീസ്റ്റ് അവളോടു ഒന്നു ചോദിച്ചിട്ടു പോടാ...അല്ലെങ്കില്‍ ഹായി എന്നൊന്ന് പറയ്..

ഞാന്‍ തറവട്ടില്‍ പിറന്നവനാ..ഞങ്ങള്‍ ആണുങ്ങള്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചോളാം..കേട്ടോഡോ...വേണേല്‍ ഇത് കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കഥ പറഞ്ഞു തരാം..താന്‍ വേണേല്‍ തന്‍റെ ആ ഒണക്ക ബ്ലോഗിലിട്ടോ...

അങ്ങനെ കടയാടി പ്രിയാമണിയുടെ വീട്ടിലെത്തി. ഒരു മിനി കൊട്ടാരം പോലെയിരിക്കുന്നു. അംഗരക്ഷകര്‍ വേറെ...പുറത്തു പിച്ചക്കാരനെപോലെയൊത്തനെ കണ്ടതും ഒരു ഒറ്റ രൂപ കോയിന്‍ വീടിനകത്തുനിന്നും നീട്ടി. വിത്ത് ഒരിടങ്ങഴി അരി..

അയ്യോ ഞാന്‍ പിച്ചക്കാരനല്ല. പ്രിയാമണിക്ക് അല്ല ജബ അത് ഇവിടത്തെ മോള്‍ക്കു കല്യാണലോചനയായിട്ട് വന്നതാ.
കയറിയിരിക്കൂ...അതും പറഞ്ഞ് വന്ന സ്ത്രീ അകത്തേക്ക് പോയി
കടയാടി ചുമ്മാ പുറത്തേക്ക് നോക്കി.അന്യായ സെറ്റപ്.കൊച്ചു ഗള്ളീ ,ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യേണ്ട കാര്യമൊന്നുമില്ലല്ലേ..പിന്നെ ടൈംപാസിനായിരിക്കും അല്ലേല്‍ പക്വത വരാന്‍വേണ്ടിയായിരിക്കും..എന്തായാലും കോളടിച്ചൂ..

മുമ്പ് അകത്തേക്ക് പോയസ്ത്രീ കുടിക്കാനുള്ളത് കൊണ്ടുവന്നു.

അല്ല...  ഡാഡ് ഇല്ലേ മമ്മീ..

എന്‍റെ ഡാഡ് ഇവിടെ ഉണ്ടാകേണ്ടകാര്യമില്ല..സാറിപ്പോള്‍ വരും...വിളിച്ച് പറഞ്ഞിട്ടുണ്ട്.

ഓഹോ അപ്പോള്‍ വേലക്കാരിയാണല്ലേ...കൊള്ളാം..

പുറത്തു ഒരു ജീപ്പ് വന്നു നില്‍ക്കുന്ന ശബ്ദം.എന്താണെന്നറിയില്ല പുറത്തോട്ടു നോക്കിയപ്പോള്‍ മുതല്‍ കടയടിക്കൊരു ഒരു മൂത്രശങ്ക.പുറത്തെന്താണെന്ന് വച്ചാല്‍..

ഒരു സെവന്‍റീസ് മോഡല്‍ ഓപ്പണ്‍ ടൈപ്പ് വില്ലീസ് ജീപ്പ്.അതില്‍നിന്നും ആറടിക്കു മേല്‍ പൊക്കമുള്ള ഒരു കൊമ്പന്‍മീശക്കാരന്‍ ഇറങ്ങുന്നു..വേഷം ഒരു ബനിയനും നിക്കറും,തോളില്‍ ഒരു ഇരട്ടക്കുഴല്‍ തോക്ക്, ചുണ്ടില്‍ ഒരു പൈപ്പ്, കൂടെ ഒരു പെട്ടി,നാല് പട്ടി.ഒരു പട്ടി എന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര പട്ടി വരും.വേട്ടനായ് എന്നു മലയാളത്തില്‍ പറയുമത്രേ.

വന്നപ്പാടെ കടയാടിയെ അടിമുടി നോക്കി. പുള്ളി ഇരുന്നതിന്‍റെ ഇരുവശങ്ങളിലുമായി ജോസ് പ്രകാശിന്‍റെ അടുത്ത് ഗുണ്ടകള്‍ നില്‍ക്കുന്നതുപോലെ പട്ടികളും.അപ്പോഴാണ് ഈ പാമ്പേഴ്സും, സ്നഗ്ഗീസുമെല്ലാം കുട്ടികള്‍ക്ക് മാത്രം ഉള്ളതല്ല എന്നു കടയടിക്ക് തോന്നിയത്. ഇനിയിപ്പോള്‍ പറഞ്ഞിട്ടു കാര്യമില്ലല്ലോ വാവിട്ട വാക്കും ,കൈവിട്ട ആയുധവും ഇതും ഒക്കെ ഒരുപോലെയാണ് തിരിച്ചെടുക്കാന്‍ പറ്റില്ല..

ഇത്രക്ക് ബഹുമാനം വേണ്ട ഇരിക്കൂ.ഞാന്നാന് നിങ്ങള്‍ പറഞ്ഞ പ്രിയാമണിയുടെ ഡാഡ്. ഞാനങ് പട്ടാളത്തിലായിരുന്നു. ഇപ്പോള്‍ പെന്‍ഷന്‍ ആയി കുറച്ചു എസ്റ്റേറ്റുകളും, അബ്ക്കാരി ബിസിനസുമായി അങ്ങ് പോകുന്നു. ഇപ്പോള്‍ ഞാന്‍ ഒരു പ്രശ്നം തീര്‍ത്തിട്ടു വരുന്ന വഴിയാ..എന്താ വന്ന കാര്യം?

ഞാന്‍ അല്ല അതുപിന്നെ പ്രിയാമണിയെ അല്ല ഓ..എങ്ങിനാ അത്..അതേയ് നിങ്ങടെ ..അല്ലേല്‍ അങ്ങിനെ വേണ്ട...

നിങ്ങടെ മോളെ പെണ്ണുചോദിക്കാന്‍ വന്നതാ...

ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു.

ഗ്വാ.ഹ..ഹഖ്ഹ്വ.ഗ്വാ.ഹ..ഹഖ്ഹ്വ.ഹഹഹ.ഹ..

ഉറപ്പുള്ളവീടായതുകൊണ്ടു നന്നായി .അല്ലെങ്കില്‍ ഈ ചിരിയില്‍ ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നെ...

അല്ല,ഞാനവിടെതന്നെയാ വര്‍ക്ക് ചെയ്യുന്നെ.അവിടെ വച്ച് കണ്ടിട്ടുണ്ട്...കടയാടിക്കു കുറച്ചു ബലം എവിടെനിന്നോ കിട്ടി..

ആട്ടെ അവള്‍ക്ക് നിന്നെ അറിയാവോ,അവളോടു നീ മിണ്ടിയിട്ടുണ്ടോ? കേട്ടോടാ മക്കളെ..റോണി,റൂബി,റോമി നിങ്ങടെ പെങ്ങളെ പെണ്ണ് ചോദിചോണ്ട് ഒരുത്തന്‍ വന്നിരിക്കുന്നു.അളിയനെ നിങ്ങളൊന്നു നന്നായി സല്‍ക്കരിച്ചേര്...

സല്‍ക്കാരം കഴിഞ്ഞ കടയാടി പിന്നെ കേരള പഞ്ചായത്തില്‍ കാലുകുത്തിയിട്ടില്ല. അതുപോലെ ഇന്‍ഫോ പാര്‍ക്കിലെ തേജോമയയിലെ ബെഞ്ചിലും. പെണ്ണ് കാണലിനെ കുറിച്ച് ചോദിച്ചാല്‍ പറയും. ചുമരുണ്ടായാലല്ലേ അവിടെ ചിത്രം വരക്കാനുള്ള പെയിന്‍റ് വാങ്ങേണ്ടകാര്യമുള്ളൂ..

കടൂ,ഞാനെവിടെയാ താമസിക്കുന്നതെന്നറിയമെങ്കിലും,കടുംകൈ ഒന്നും ചെയ്തെക്കരുത്. സാങ്കല്‍പ്പികം എന്ന ലേബല്‍ ഞാന്‍ കൊടുത്തിട്ടുണ്ടെടാ.. നോക്കേടാ..