2011, നവംബർ 26, ശനിയാഴ്‌ച

മുല്ലപ്പെരിയാര്‍ - പരിഹാരങ്ങളും, ഉത്തരമില്ലാത്ത ചോദ്യങ്ങളും

മുല്ലപ്പെരിയാര്‍ മലയാളികള്‍ക്ക് കുറഞ്ഞപക്ഷം മദ്ധ്യകേരളത്തിലെ ആളുകള്‍ക്ക് ഒരു ഭീഷണി തന്നെയാണ്.പഴക്കം ചെന്ന ഡാം,ഇടക്കിടെ ഉണ്ടാകുന്ന ഭൂമികുലുക്കങ്ങള്‍, ഡാമിലെ വിള്ളലുകള്‍ എന്നിവ കാണുമ്പോള്‍ ഏതൊരുത്താനും ഫേസ്ബുക്കില്‍ എഴുതിപ്പോകും 'സേവ് മുല്ലപ്പെരിയാര്‍'.അല്ലെങ്കില്‍ 'ഡാം പുതുക്കിപ്പണിയുക' എന്നു.അതൊന്നും പോരാഞ്ഞു ഒരു 3D സിനിമയും വന്നിരിക്കുന്നു ഡാം പൊട്ടുന്നതിന്‍റെ ദൃശ്യങ്ങളുമായി.പോരേ പൂരം.

രണ്ടു ആഴ്ച ഫേസ്ബുക്കിലും മറ്റും നിരങ്ങിയപ്പോള്‍ ഒരു കാര്യം മനസിലായി. എന്താണ് ചെയ്യേണ്ടത് എന്ന്‍ ആര്‍ക്കും വലിയ നിശ്ചയമില്ല.കുറെ പേര്‍ പറയുന്നു. ഗവണ്‍മെന്‍റ് ആണ് എല്ലാം ചെയ്യേണ്ടത് എന്നു, ചിലര്‍ പറയുന്നു സിനിമാക്കാര്‍ ഇറങ്ങാത്തതുകൊണ്ടാണ് ഒന്നു നടക്കാത്തതത്രേ, വേറെ ചിലര്‍ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരെ കുറ്റം പറയുന്നു.

എല്ലാം പോട്ടെ...ഇപ്പോള്‍ ഏകദേശം എല്ലാ ഓണ്‍ലൈന്‍ കൂട്ടായ്മകളും തെരുവില്‍ ഇറങ്ങാന്‍ തീരുമാനിച്ച സ്ഥിതിക്ക് അതുപോലെ ഒരു പ്രതിഷേധപരിപാടി മറൈന്‍ ഡ്രൈവില്‍ നടന്ന സ്ഥിതിക്ക് എങ്ങിനെ ഈ പ്രശ്നത്തില്‍ നിന്നും കരകയറാം എന്നു കൂടെ ചിന്തിക്കണം എന്നു എനിക്കു തോന്നുന്നു.വെറുതെ കിടന്നു സേവ് മുല്ലപ്പെരിയാര്‍ എന്നു പറഞ്ഞതുകൊണ്ടോ,ശാശ്വതമായ പരിഹാരം ഉണ്ടാക്കണം എന്നു പറഞ്ഞത് കൊണ്ടോ മനുഷ്യചങ്ങല തീര്‍ത്തതുകൊണ്ടോ ആയില്ല.നമ്മളെക്കൊണ്ടു ആയ ഒരു പരിഹാരമാര്‍ഗം  നമുക്കും പറയാന്‍ പറ്റണം. ചിലപ്പോള്‍ അധികാരികളും ഇത് എങ്ങിനെ സോള്‍വ് ചെയ്യാം എന്നറിയാതെ ഇരിക്കുകയായിരിക്കും.അവരും മനുഷ്യരല്ലേ?

സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് ഏകദേശം ഇതുപോലെതന്നെയാണ്. പെട്ടെന്നു ചെയ്തു തട്ടിക്കൂട്ടി വിടുന്ന സോഫ്റ്റ്വെയറുകള്‍ പ്രൊഡക്ഷന്‍ എന്ന സ്റ്റേജില്‍ ചെല്ലുമ്പോള്‍ പൊട്ടും.അപ്പോള്‍ പിന്നെ മെയിലുകളുടെയും മീറ്റിങ്ങുകളുടെയും ഒരു ബഹളമാണ് . അങ്ങോട്ടും ഇങ്ങോട്ടും പഴിചാരലുകളായിരിക്കും ആദ്യം നടക്കുക. പക്ഷേ  എല്ലാവര്‍ക്കും കാര്യങ്ങള്‍ ശരിയാകണം എന്നുമുണ്ട്.അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരിയാക്കാനുള്ള വഴിയും അറിയാം.പക്ഷേ ആരും ഇപ്പോള്‍ എങ്ങിനെ ചെയ്യാം എന്നു പറയില്ല.ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ step by step ആയിട്ടുള്ള സൊല്യൂഷന്‍ ആണ് വേണ്ടത്.ആദ്യം ഇപ്പോഴുള്ള ഗുരുതരാവസ്ഥ പരിഹരിക്കുക.പിന്നെ അതിന്‍റെ ശരിയായ പരിഹാരം ഉണ്ടാക്കുക. 'Put the hack first then fix the root cause' .

സാധാരണ നമ്മളെപ്പോലെയുള്ള ടെക്നികല്‍ ആളുകള്‍ ഇങ്ങനത്തെ സന്ദര്‍ഭങ്ങളില്‍ ചെയ്യുന്ന പരിപാടിയാണ് കുറച്ചധികം പോംവഴികള്‍ കണ്ടുപിടിക്കുക.കൂടെ  അതെങ്ങിനെ ചെയ്യാമെന്നും ,അതിന്‍റെ ഏകദേശം എസ്റ്റിമേറ്റും പിന്നെ അതിന്‍റെ നല്ലതും ചീത്തയും ആയ വശങ്ങളും പറഞ്ഞു കൊടുക്കുക.അതിനുശേഷം ബാക്കിയുള്ളവര്‍ക്ക് അതില്‍നിന്നും ഒന്നു തെരെഞ്ഞെടുക്കാന്‍ വലിയ പ്രയാസമുണ്ടാകില്ല.അങ്ങനെ എന്‍റെ ചിന്തയില്‍ വന്ന കുറച്ചു പോം വഴികളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
  1. മുല്ലപ്പെരിയാര്‍ കഴിഞ്ഞു കേരളത്തില്‍ കടന്നു പുതിയ ഒരു ഡാം പണിയുക.
    • മുല്ലപ്പെരിയാറിനും,ഇടുക്കിക്കും ഇടയില്‍ കേരളത്തില്‍ ഡാം പണിയാന്‍ പാകത്തിലുള്ള സ്ഥലം ഉണ്ടോ എന്നെനിക്കറിയില്ല. അങ്ങനെ ഒരു സ്ഥലമുണ്ടെങ്കില്‍ പിന്നെ ഡാം പണിയാനുള്ള കാശിന്‍റെ കാര്യം? ഷെയര്‍ ഇട്ടു ഒരു വിമാനത്താവളം ഉണ്ടാക്കിയ നമുക്ക് ഒരു ഡാം പണിയാന്‍ ആവശ്യമായ പണം ഉണ്ടാക്കാനാണോ പ്രയാസം? എങ്ങാനും മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ പിന്നെ ഈ പുതിയ ഡാമില്‍ നിന്നല്ലേ വെള്ളം കൊടുക്കുന്നതു .അപ്പോ പിന്നേ ഇറക്കിയ കാശും അതിന്‍റെ കൂട്ട് പലിശയും നമുക്ക് വസൂലാക്കിക്കൂടേ? കേരളത്തിന്‍റെ സ്ഥലത്തു ഒരു ഡാം പണിയാന്‍ തമിഴ് നാടിന്റെ അനുമതി ആവശ്യമാണോ എന്നറിയില്ല. അറിയാവുന്ന ആരെങ്കിലും ഇത് വായിച്ചാല്‍ ഇതിന്‍റെ നിയമവശങ്ങള്‍ കമന്‍റുക.
    • മുല്ലപ്പെരിയാറിനും ,ഇടുക്കിക്കും ഇടയിലുള്ള ആള്‍ക്കാര്‍ക്ക് യാതൊരു കുഴപ്പവും സംഭവിക്കില്ല. കാര്യങ്ങള്‍ രണ്ടു കൂട്ടര്‍ക്കും കുഴപ്പമില്ലാതെ പരിഹരിക്കാം.ഡാം കെട്ടുന്ന കോണ്ട്രാക്ടര്‍മാര്‍ക്ക് മിനിമം   മുല്ലപ്പെരിയാറിന്റെ തീരത്ത് ഒരു വീടുണ്ടായിരിക്കണം.
    • ഒരു ദോഷ വശം എന്നു പറഞ്ഞാല്‍,ഡാം കെട്ടുന്നതിന് വരുന്ന കാലതാമസം ,അഴിമതി .അതൊന്നും  ഭൂകമ്പത്തിനു വിഷയമല്ല.അതുപോലെ പുതിയ ഡാമില്‍ നിന്നും വെള്ളം കൊടുക്കുമ്പോള്‍ ഉണ്ടാക്കുന്ന കരാര്‍ എന്തായാലും തമിഴ് നാട്ടുകാര്‍ക്ക് പിടിക്കില്ല.
  2. ഡാം എന്നും ഒരു തലവേദനയാണ്. ഭൂകമ്പം ഇടക്കിടെ ഉണ്ടാകുന്ന സ്ഥലത്തു വീണ്ടും ഒന്നുകൂടെ പണിതാല്‍ അത് നമ്മുടെ അടുത്ത തലമുറകള്‍ക്ക് നാം കൊടുക്കുന്ന ഒരു പണിയായിരിക്കും.ഡാം പണിയുന്നതിന് പകരം വെള്ളം കിട്ടാന്‍ മറ്റെന്തെങ്കിലും സംവിധാനം.
    • കുഴല്‍കിണര്‍ കുത്താനുള്ള സബ്സിഡി കൊടുക്കട്ടെ.അല്ലെങ്കില്‍ വലിയ ഡാമിന് പകരം ചെറിയ തടയിണകള്‍ നിര്‍മ്മിക്കാം. അല്ലെങ്കില്‍ ബണ്ട്.എന്നിട്ട് ഇപ്പോള്‍ വെള്ളം ലഭിക്കുന്നതുപോലെ വെള്ളം പുതിയ സങ്കേതമനുസരിച്ച് ലഭിച്ചുതുടങ്ങിയാല്‍ ഇപ്പോഴുള്ള ഡാം പൊളിച്ച് കളയാം.അതുപോലെ ഡാമിലെ വെള്ളത്തിന്‍റെ നിരപ്പ് ക്രമമായി താഴ്ത്തുകയും ചെയ്യാം.
    • ഇതാണ് ശരിയായ പ്രശ്ന പരിഹാരം.പക്ഷേ ഇപ്പോഴത്തെ അവസ്ഥ വച്ച് ഇത് എപ്പോള്‍ പ്രവര്‍ത്തികമാക്കാം എന്നു പറയാന്‍ പറ്റില്ല.ഡാം പണിയുന്ന പൈസ വച്ച് എന്തായാലും നമുക്ക് തടയിണകള്‍ നിര്‍മിക്കാം.
    • എത്ര നാള്‍ സബ്സിഡി കൊടുക്കേണ്ടി വരും.അല്ലെങ്കില്‍ ആരൊക്കെയാണ് ഇതിന് അര്‍ഹര്‍ എന്നൊക്കെ നോക്കിയാല്‍ കാര്യങ്ങള്‍ കോംപ്ലിക്കേറ്റഡ് ആകും.അതുപോലെ തടയിണകള്‍ എവിടെ കെട്ടും എന്നതും ഒരു പ്രശ്നമാണ്.
  3. മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളത്തിന്‍റെ നിരപ്പ് കുറക്കുക.
    • അപ്പോള്‍ പൊട്ടിയാലും വരുന്ന വെള്ളത്തിന്‍റെ അളവ് കുറയും. എന്നിട്ട് സാവധാനം ചര്‍ച്ചകള്‍ നടത്തുകയോ എന്തോ എന്നു വച്ചാല്‍ രാഷ്ട്രീയക്കാര്‍ ആയിക്കോട്ടെ.
    • ചിലപ്പോള്‍ കുറച്ചു കാലത്തേക്ക് കൂടിഡാം പൊട്ടതിരിക്കാന്‍ കൂടി സാധ്യതയുണ്ട്.അങ്ങനെ വന്നാല്‍ മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിലുള്ളവര്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ല.
    • ഒന്നു ഇന്‍സ്പെക്ഷന്‍ നടത്താന്‍ പോലും തമിഴ് നാടിന്റെ അനുമതി വേണമെന്നിരിക്കെ, അവിടെ പോയി വെള്ളത്തിന്‍റെ അളവ് കുറക്കുക എന്നു പറയുന്നതു പോലും ചിന്തിക്കാന്‍ പറ്റില്ല.അതുപോലെ മുല്ലപ്പെരിയാറിനും ,ഇടുക്കിക്കും ഇടയിലുള്ള ജനങ്ങള്‍ ,അവരെ എന്തു ചെയ്യും എന്നു ഒരു പിടിയും കിട്ടുന്നില്ല.അതുപോലെ എത്ര നാള്‍ വെള്ളം കുറച്ചു നിറുത്തും.അവിടെ കൃഷിയില്ലെങ്കില്‍ ഇവിടെ എങ്ങിനെ ഫുഡടിക്കും?
  4. ഇടുക്കി ഡാമിലെ വെള്ളത്തിന്‍റെ അളവ് നന്നായി കുറക്കുക.
    • മുല്ലപ്പെരിയാര്‍ പൊട്ടി വെള്ളം വന്നാലും ഉള്‍ക്കൊള്ളാന്‍ പാകത്തിന്,എന്തായാലും മുല്ലപ്പെരിയാറിനെക്കാള്‍ വലുതാണല്ലോ ഇടുക്കി.അപ്പോള്‍ പിന്നെ ഒരു കോമണ്‍സെന്‍സ് വച്ച് നോക്കിയാല്‍ അത് താങ്ങണം. 
    • ഇവിടെയും അതായത് ഇടുക്കി ഡാമിലെ വെള്ളത്തിന്‍റെ അളവ് കുറക്കാന്‍ തമിഴ്നാടിന്‍റെ അനുമതി ആവശ്യമില്ല എന്നു തോന്നുന്നു.വെറുതെ ചര്‍ച്ചകള്‍ നടത്തി സമയം കളയാതെ കേരളത്തിന് പെട്ടെന്നു ചെയ്യാവുന്ന ഒരേ ഒരു കാര്യം.
    • വെള്ളം മാത്രം വന്നാല്‍ ഇടുക്കി താങ്ങുമായിരിക്കും .പക്ഷേ .ഇവിടെ വെള്ളം മാത്രമാവില്ല വരുന്നത് .മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിലുള്ള സകലമാന കെട്ടിടങ്ങളുടെയും ,വാഹനങ്ങളുടെയും,പാറകളുടെയും ഭാഗങ്ങള്‍ ആ വെള്ളത്തില്‍ ഉണ്ടായിരിക്കും.അതുവന്നിടിച്ചു ഇടുക്കി തകര്‍ന്നാല്‍ പിന്നെ നോക്കാനില്ല.  പിന്നെ ഇടുക്കിയില്‍ വെള്ളമില്ലെങ്കില്‍ കേരളത്തിലെ കറണ്ട്? പവര്‍കട്ട് നമ്മള്‍ക്ക് പുത്തിരിയൊന്നുമല്ലല്ലോ.കൂടി വന്നാല്‍ പവര്‍കട്ട് കൊണ്ട് കേരളത്തിലെ ജനസംഖ്യ ഒരു കോടി കൂടിയെന്നിരിക്കും അല്ലപിന്നെ.ഈ കാര്യത്തിലും മുല്ലപ്പെരിയാറിനും ,ഇടുക്കിക്കും ഇടയിലുള്ളവരുടെ കാര്യം എനിക്കൊന്നും പറയാനില്ല.
ഇപ്പോള്‍ നടക്കാവുന്ന കാര്യം എന്നുപറഞ്ഞാല്‍ ഓപ്ഷന്‍ നംബര്‍ 4 ആണ്.പുതിയ ഡാം പണിയാന്‍ നമുക്ക് പെട്ടെന്നു പറ്റില്ല.ഇപ്പോള്‍ പ്രധാനം നമ്മുടെ ജീവനാണ്.കുറഞ്ഞ പക്ഷം ഇടുക്കിക്ക് താഴെയുള്ളവരുടെയെങ്കിലും. ഞാന്‍ താമസിക്കുന്നത് എറണാകുളത്ത് ആയതുകൊണ്ടോ അല്ലെങ്കില്‍ എന്‍റെ ബന്ധുക്കള്‍ ആരും മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയില്‍ ഇല്ലാത്തതുകൊണ്ടോ അല്ല ഞാനിതു പറയുന്നതു.ഒരു കാര്യവും നേരെ ചൊവ്വെ ചെയ്യാത്തവരാണ് നമ്മുടെ ജനപ്രതിനിധികള്‍ എന്നതുകൊണ്ട് വേറെ ഒരു വഴിയും കാണാത്തതുകൊണ്ടാ...

ഇംഗ്ലിഷില്‍ എഴുതി തമിഴ് ഫ്രെന്‍ഡ്സ് അത് കാണണം എന്നുണ്ട്.പക്ഷേ ഇപ്പോള്‍ സമയമില്ല.

ഞാന്‍ ഒരു സിവില്‍ എന്‍ജിനിയര്‍ അല്ല.അധികം ആരും വേറെ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാത്തതു കണ്ടപ്പോള്‍ എനിക്കു തോന്നിയത് എഴുതിയതാണ്. നിങ്ങള്‍ക്ക് ഈ ഐഡിയകള്‍ അതേപടി എടുത്തു പ്രസിദ്ധീകരിക്കുകയോ ,അല്ലെങ്കില്‍ നിങ്ങളുടേതായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയോ ആകാം.എനിക്കെന്തായാലും ഒരു പരിഹാരം ഉണ്ടായികണ്ടാല്‍ മതി.ഓരോ SMS വരുമ്പോഴും ഡാം പൊട്ടിയതിന്‍റെ ആണോ എന്നു പേടിച്ച് കഴിയാന്‍ ഇനി വയ്യ...

അഭിപ്രായങ്ങളൊന്നുമില്ല: