2012, നവംബർ 30, വെള്ളിയാഴ്‌ച

കമ്പ്യൂട്ടര്‍ ലാബിലെ വൈറസ്

സ്വാശ്രയ കോളേജ് മോഡലില്‍ PhD എടുത്തു ജോയിന്‍ ചെയ്ത കമ്പ്യൂട്ടര്‍ സയന്‍സ് HODയോട് ലാബ് അറ്റെണ്ടര്‍ : സാറേ ഇവിടെ കമ്പ്യൂട്ടറുകളില്‍ ഒക്കെ നിറച്ചും വൈറസാണ്.ഈ പിള്ളേര്‍ ഓരോന്നൊക്കെ കൊണ്ടുവന്നിങ്ങിടും .ചില സാറന്മാരും മോശമില്ല.

HOD: ഞാനും ശ്രദ്ധിക്കാറുണ്ട് .ഒറ്റ ഒരുത്തനും ഷൂസ് പുറത്തുവയ്ക്കുന്നില്ല. ലാബിലോക്കെ ഈ വെള്ളം കാണാത്ത സോക്ക്സും , വാങ്ങിയതില്‍പ്പിന്നെ അലക്കിയിട്ടില്ലാത്ത കോട്ടും ഇട്ടുവന്നാല്‍ വൈറസ് മാത്രമല്ല ബാക്ടീരിയയും, പുഴുവും, പാമ്പും വരെ കയറും.

കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ഷട്ട്ഡൌണ്‍ ചെയ്യാന്‍ പോലുമറിയാത്തവന്‍മാര്‍ക്കൊക്കെ B.E തമിഴ്നാട്ടില്‍ കാശിന് കൊടുക്കുന്നതു കണ്ടപ്പോള്‍ വിചാരിച്ചു ഇത് BE അല്ലെങ്കില്‍ ഡിഗ്രി കോഴ്സുകള്‍ക്ക് മാത്രമേ ഉണ്ടാകൂ എന്നു.പിന്നെ മനസിലായി പോസ്റ്റ് ഗ്രാജുവഷനും ഇതുപോലെ കിട്ടുമെന്ന്. ദാണ്ടെ ഇപ്പോള്‍ PhD യും ഇങ്ങനെ കിട്ടുമത്രേ. ഇങ്ങനെയുള്ള ഉഡായിപ്പുകള്‍ സായിപ്പന്‍മാര്‍ അറിഞ്ഞാല്‍ മിക്കവാറും അവര്‍ ഇന്‍ഡ്യയില്‍ നിന്നുള്ള എന്‍ജിനിയര്‍ ഇറക്കുമതി നിറുത്തും. അങ്ങനെയെങ്കില്‍ അങ്ങനെ ഇന്‍ഡ്യയില്‍ നിന്നും പഠിച്ചിറങ്ങുന്ന എന്നെപ്പോലെയുള്ളവര്‍ സ്വന്തമായി എന്തെങ്കിലും തുടങ്ങിയാല്‍ മതിയായിരുന്നു.

2012, നവംബർ 23, വെള്ളിയാഴ്‌ച

സേവ് എനര്‍ജി

"എന്നാലും ഏത് കാലമാടനാ ഈ കൊലച്ചതി ചെയ്തത്? ഈ മിണ്ടാപ്രാണികളൊക്കെ അവനോടു എന്തു തെറ്റാ ചെയ്തത്? അവന് എങ്ങിനെ മനസ് വന്നു ഈ കടുംകൈ ചെയ്യാന്‍. ? ഇന്നലെക്കൂടി ഓടിക്കളിച്ചുകൊണ്ടിരുന്നതാ ഇന്ന് കിടക്കണ കിടപ്പ് കണ്ടാ...ഇത് ചെയ്തവന്‍റെ തലയില്‍ ഇടിത്തീ വീഴും..."

സ്ഥലം :
മദ്ധ്യകേരളത്തിലെ കൂണ്‍ പോലെ പൊട്ടിമുളച്ച എഞ്ചിനീയറിങ് കോളേജുകളില്‍ അത്ര പ്രശസ്തമൊന്നുമല്ലാത്ത ഒരു കോളേജിലെ ബയോ-ടെക്നോളജി ലാബ്. ഛേ..അത്ര പ്രശസ്തമല്ല എന്നു പറയാന്‍ പറ്റില്ല.കാരണം Bio Technology യില്‍ യൂണിവേഴ്സിറ്റി റാങ്കുകള്‍ കിട്ടുന്ന കോളേജാണ്.

സന്ദര്‍ഭം:
ബയോടെക്നോളജി ലാബിലെ ബാക്റ്റീരിയകള്‍ ഒക്കെ ചെത്ത് കിടക്കുന്നു.കാരണം മറ്റൊന്നുമല്ല ആവശ്യമായ ലൈറ്റുകളും അതുപോലെയുള്ള ഉപകരണങ്ങളും തലേ ദിവസം ആരോ ഓഫ് ചെയ്തു വച്ചിരിക്കുന്നു.

ഇംഗ്ലിഷ് പറയുകയും,എഴുത്തുകയും മാത്രമല്ല ,ഇംഗ്ലിഷില്‍ മാത്രം പല്ലുത്തേക്കുകയും,കുളിക്കുകയും ,ഭക്ഷണം കഴിക്കുകയും ചെയ്തുകൊണ്ടിരുന്ന BioTechnology HOD അങ്ങനെ ആദ്യമായി ഗ്രീന്‍ മലയാളത്തില്‍ മൊഴിഞ്ഞ സന്ദര്‍ഭം കൂടിയാണിത്.

"ഇലക്ട്രിസിറ്റി എന്നതിന്‍റെ പ്രധാന്യം അറിയാതെ നമ്മള്‍ ആരും മൂന്നു ഇ യുള്ള ഈ EEE എന്ന ഡിപാര്‍ട്ട്മെന്‍റില്‍ പഠിച്ചിട്ടു ഒരു കാര്യവുമില്ല. കറന്‍റ് ആണ് ബാക്കി എല്ലാ കാര്യങ്ങളും ചെയ്യാന്‍ വേണ്ട ആവശ്യ വസ്തു. കറന്‍റ് ഇല്ലാതെ ഒരു മാതിരിപ്പെട്ട മെക്കാനിക്കല്‍ മെഷീനുകള്‍ ഒന്നും ഓടുകയില്ല.എലെക്ട്രോണിക്സുകാര്‍ക്ക് ഗെയ്റ്റ് ഇട്ടു തുറക്കുകയും അടക്കുകയും ചെയ്യണമെങ്കില്‍ കറന്‍റ് കൂടിയേ തീരൂ. ഗെയ്റ്റും,ട്രാന്‍സിസ്റ്ററും  ഇല്ലാതെ പിന്നെ എന്തു കമ്പ്യൂട്ടര്‍ സയന്‍സ്?

കറന്‍റ് കണ്ടുപിടിച്ചപ്പോള്‍ തന്നെ ഉണ്ടായ പ്രശ്നമാണ് അത് എങ്ങിനെ സ്റ്റോര്‍ ചെയ്യാം എന്നത്? സ്റ്റോര്‍ ചെയ്യാന്‍ പറ്റുകയാണെങ്കില്‍ മഴക്കാലത്ത് നമുക്ക് കുറെ ഉണ്ടാക്കി വേനല്‍ക്കാലത്ത് ഉപയോഗിക്കാം.വേനല്‍ക്കാലത്ത് കപ്പ പുഴുങ്ങി മഴക്കാലത്ത് തിന്നുന്നത്പോലെ .പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ  ഇതുവരെ അതിനൊരു പരിഹാരവും ഉണ്ടായിട്ടില്ല.അതുകൊണ്ട് നമ്മള്‍ കറന്‍റ് സൂക്ഷിച്ചേ ചിലവാക്കാന്‍ പാടുള്ളൂ. കാഷ് ഉണ്ടെന്ന് വച്ച് അങ്ങോട്ട് ചിലവക്കരുത്.പറയാന്‍ ആര്‍ക്കും എളുപ്പമാണ് .പക്ഷേ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്.EEE സ്റ്റുഡന്‍റ്സ് ആയ നിങ്ങള്‍ അങ്ങനെയാകരുത്. എവിടെയെങ്കിലും കറന്‍റ് പാഴാകുന്നത് കണ്ടാല്‍ നിങ്ങള്‍ അത് തടയണം. അതുപോലെ അവരെ ബോധവല്‍ക്കരിക്കണം.

ഇന്നലെതന്നെ,കോളേജ് കഴിഞ്ഞു  ഞാന്‍ ആ ബയോടെക്നോളജി ലാബിന്‍റെ അടുത്തുകൂടെ പോകുമ്പോള്‍ അതിനകത്ത് ആരോ ലൈറ്റ് ഓഫ് ചെയ്യാതെ പോയിരിക്കുന്നു.അക്വേറിയം ടാങ്ക് പോലത്തെ ടാങ്കുകളുടെ മുകളില്‍ ചുമ്മാ കുറെ ലൈറ്റുകള്‍ തെളിഞ്ഞു കിടക്കുന്നു. ഞാന്‍ അത് അപ്പോഴേ ഓഫ് ചെയ്തു. അതോടുകൂടി നമ്മുടെ കര്‍ത്തവ്യം കഴിഞ്ഞു എന്നു കരുതരുത്.ഇന്ന് ഞാന്‍ അവിടെ പോയി അവരെ ഒന്നു ബോധവല്‍ക്കരിക്കുന്നുണ്ട്."

സ്ഥലം : അതേ കോളേജിലെ EEE ഡിപാര്‍ട്ട്മെന്‍റ്
സന്ദര്‍ഭം: ഗ്രീന്‍ എനര്‍ജി ക്ലബ് ഉത്ഘാടനം.EEE HOD യുടെ അദ്ധ്യക്ഷപ്രസംഗം.

കടപ്പാട് : സ്വന്തം ഭാര്യയോട്.അവള്‍ക്ക് സ്വന്തമായി ബ്ലോഗില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു.ഇത് കണ്ടിട്ടു എങ്ങാനും തുടങ്ങോ എന്തോ? കഥാതന്തു മാത്രമേ അവളുടേതുള്ളൂ ..ബാക്കി മസാലയെല്ലാം എന്റെ വകതന്നെ.

2012, ജൂൺ 16, ശനിയാഴ്‌ച

കാര്‍ മൊബൈല്‍ ഹോള്‍ഡര്‍

എളുപ്പത്തില്‍ സ്മാര്‍ട്ട് ആകാനായി സാംസങ് ഗ്യാലക്സി വൈ എന്ന മൊബൈല്‍ വാങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് കാറില്‍ ഇതെവിടെ വെക്കും എന്നുള്ള പ്രശ്നം.ഒരിക്കല്‍ തോപ്രാംകുടി വരെ പോകേണ്ടി വന്നപ്പോള്‍  ഇടത്തു കൈയ്യില്‍ പിടിച്ചാണ് അവിടെ വരെ ഓടിച്ചത്. പാട്ട് കേള്‍ക്കല്‍ മാത്രമാണെങ്കില്‍ എവിടെയെങ്കിലും വെക്കാം എന്നു വിചാരിക്കാം. ഇത് പക്ഷേ അങ്ങിനെയാണോ? ജി‌പി‌എസ് വഴിയല്ലേ റൂട്ട് കണ്ടുപിടിക്കുന്നത്. അപ്പോള്‍ അതേ എവിടെയെങ്കിലും കാണാവുന്ന സ്ഥലത്തു വെക്കണം.

Mobile car holder വാങ്ങണമെന്ന ആഗ്രഹവുമായി ചെന്നു പെട്ടത് eBay യുടെ മുന്പില്‍  .ആഗ്രഹമറിയിച്ചപ്പോള്‍ ക്രെഡിറ്റ് കാര്ഡ് വെക്കാന്‍ പറഞ്ഞു. ഈ മാരുതി ആള്‍ട്ടോക്കാരന്‍റെ ഓട്ടക്കീശയില്‍ എന്തു കാര്‍ഡ്? അങ്ങനെയാണെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ചിക്കോളാനായി eBay. അങ്ങനെ സെര്‍ച്ചിന്‍റെ ആദ്യ പാഠങ്ങള്‍ പറഞ്ഞുതന്ന ഗൂഗിളിനെ മനസില്‍ ധ്യാനിച്ചു  യൂട്യൂബില്‍ അങ്ങ് സെര്‍ച്ചി. ദാണ്ടെ കിടക്കുന്നു പണ്ട് നമ്മളൊക്കെ റേഡിയോ അഴിച്ചുപണിതു തിരിച്ചു ഫിറ്റ് ചെയ്യുമ്പോള്‍ അഞ്ചാറ് ഭാഗങ്ങള്‍ ബാക്കി വരുന്നത് വിശദമായി പഠിപ്പിക്കുന്ന  DIY അഥവാ Do It Yourself വീഡിയോസ്.

പക്ഷേ എല്ലാം ഒരു ഇംഗ്ലിഷ് ടച്ച് ഉള്ള വീഡിയോസ് .അതുപോലെ തന്നെ അവന്‍മാര്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ കിട്ടണമെങ്കില്‍ അമേരിക്കയില്‍ പോകണം. അതിലും ഭേദം eBayയില്‍ നിന്നും വാങ്ങാം.  അങ്ങനെ എന്നിലെ നാടന്‍ ശാസ്ത്രകാരന്‍ ഉണര്‍ന്നപ്പോള്‍ ഉണ്ടായ മൊബൈല്‍ കാര്‍ ഹോള്‍ഡര്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.

സംഗതി സിംമ്പിള്‍ ആണ്.ഹൂക് & ലൂപ്പ് (Hook & Loop) എന്നു പറയുന്ന ഒരു പരിപാടി ഉണ്ട്. നമ്മളൊക്കെ പണ്ട് ഷൂസ് ഒക്കെ ലോക്ക് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന "ക്ര്‍റ" എന്ന സൌണ്ട്  ഉണ്ടാക്കി അഴിച്ചിരുന്ന ഒരു ഒട്ടിപ്പോ പരിപാടി. അതിന്‍റെ ഒരു ചെറിയ നാട കാറില്‍ ഒട്ടിക്കുക മറ്റെ ഭാഗം മൊബൈലില്‍ ഒട്ടിക്കുക. ഇനിയിപ്പോള്‍ മൊബൈലില്‍ ഒട്ടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ മൊബൈല്‍ ഇടാന്‍ പറ്റിയ ഒരു കവര്‍ കണ്ടുപിടിച്ച് അതില്‍ ഒട്ടിക്കുക. എന്നിട്ട് മൊബൈല്‍ കവറില്‍ ഇട്ടു കവര്‍ കാറില്‍ ഒട്ടിക്കുക.

ആകെക്കൂടെ കണ്‍ഫ്യൂഷന്‍ ആയെങ്കില്‍ ക്ഷമിക്കണം. ദേ താഴത്തെ പടങ്ങള്‍ കണ്ടാല്‍ എല്ലാം മനസിലാകും.
കാറില്‍ ഒട്ടിക്കുന്ന ഭാഗം.

എതിര്‍ ഭാഗം മൊബൈല്‍ കവറില്‍ ഒട്ടിച്ചിരിക്കുന്നു.


ആകെ മൊത്തം ഇങ്ങനെ ഇരിക്കും.

ഇത് നിലത്തു വീഴില്ലേ? എന്നൊന്നും വിചാരിക്കേണ്ട. അത്യാവശ്യം വെയ്റ്റ് ഈ ഹൂക് & ലൂപ്പ് താങ്ങും. ഞാനിപ്പോള്‍ ഏകദേശം 100KM ഇങ്ങനെ ഓടിച്ചിട്ടുണ്ട്. ഒന്നും പറ്റിയിട്ടില്ല.അതുകൊണ്ടാണ് എഴുതാമെന്നു വച്ചത്.

എന്‍റെ മൊബൈല്‍ 30,000രൂപ കൊടുത്തു വാങ്ങിയതാണ് അതെങ്ങിനെ ഇങ്ങനെ വയ്ക്കും ,ഇന്ത്യയിലെ റോഡുകള്‍ ഒക്കെ കുണ്ടും കുഴിയും നിറഞ്ഞതാണ് എന്നൊക്കെ പറയാന്‍ തോന്നുന്നുണ്ടെങ്കില്‍ വെറുതെ കമെന്‍റ് ഇടുന്നതിലും നല്ലത് 200-250 രൂപ കൊടുത്തു കാറിന്‍റെ മുന്‍വശത്തെ ചില്ലില്‍ പിടിപ്പിക്കാവുന്ന ഹോള്‍ഡര്‍ വാങ്ങുകയാണ്. ചില്ലില്‍ പിടിപ്പിക്കുന്ന ഹോള്‍ഡര്‍ ആണെങ്കില്‍ ആകെ ഒരു പ്രശ്നം കേട്ടത് അത് കുറച്ചു കഴിയുമ്പോള്‍  എയര്‍ compression ശരിക്കും നടക്കാതെ ചില്ലില്‍ പിടിക്കാതെയാകും എന്നതാണു.

2012, ജൂൺ 8, വെള്ളിയാഴ്‌ച

പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്

"പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിക്ക്  അധികാരമുണ്ടായിരിക്കും". ഇത് നമ്മള്‍ നാട്ടിന്‍പുറത്ത് ക്ലബ് നടത്തുന്ന എല്ലാ പരിപാടികളിലും കേട്ടിട്ടുള്ളതാണ്. ചുമ്മാ ഒരു മുന്‍കൂര്‍ ജാമ്യം എടുക്കാനാണ് ഇത് പറയുന്നതു. ഈ ബ്ലോഗിലെ കമ്മിറ്റി ഞാനും പിന്നെ ഞാനും ആയതുകൊണ്ട് പരിപാടികളില്‍ ചില മാറ്റം വരുത്തുന്നു.എന്താണെന്ന് വച്ചാല്‍??

ഏകദേശം ഒരു കൊല്ലം മുന്പ് വളരെ കൊട്ടിഘോഷിച്ചു ഞാന്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഞാന്‍ ഡയറി എഴുത്തുമെന്നും എന്‍റെ ഡയറി ഒരു കൊല്ലത്തിന് ശേഷം ബ്ലോഗില്‍ പബ്ലിഷ് ആകുമെന്നും. തെളിവ് വേണേല്‍ ലിങ്കില്‍ ക്ലിക്കിയാല്‍ മതി.ഡയറി എഴുത്ത് മുറക്ക് നടക്കുന്നുണ്ടു.പക്ഷേ ഇപ്പോള്‍ പറയാന്‍ പറ്റാത്ത  ചില സാങ്കേതികകാരണങ്ങളാല്‍ ആ ഒരു കൊല്ലം എന്നുളളത് 2 കൊല്ലം എന്നാക്കേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു.അതായത് 2012 ജൂണ്‍ 11നു പബ്ലിഷ് ആകേണ്ട പോസ്റ്റ് 2013 ജൂണ്‍ 11ലേക്ക് മാറ്റി.

പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യാന്‍ പറ്റാത്ത !@$#%$%^$മോനേ, നീയൊക്കെ എന്തിനാടാ ഒരു ബ്ലോഗും കൊണ്ട് നടക്കുന്നതു എന്നൊന്നും ചോദിക്കരുത് പ്ലീസ്സ്.അതുപോലെ നട്ടെല്ലിന് വളവുണ്ടോ എന്നു പരിശോടിക്കാനും ആരും വരരുതു. വളരെ ആലോചിച്ചെടുത്ത ഒരു തീരുമാനമാണ്.

ഒരു കാര്യം കൂടി ഓര്‍ക്കുക രണ്ടു കൊല്ലം കഴിഞ്ഞാലും "പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിക്ക്  അധികാരമുണ്ടായിരിക്കുന്നതാണ്". :-)


2012, ജൂൺ 2, ശനിയാഴ്‌ച

MBA ഒരു വഴിക്കായി.ഇനിയെന്ത്?

ആദ്യം ഇതൊരു തമാശയായിരുന്നു. കോളേജില്‍ ചെയ്യാന്‍ പറ്റാത്തതെല്ലാം ചെയ്യാന്‍ ഒരു സ്ഥലം. ചുമ്മാ വായില്‍ നോക്കാന്‍ തന്നെ...പിന്നെ എപ്പോഴോ അതൊരു സ്വപ്നമായി മാറി.. യൂണിവേര്‍സിറ്റിക്കു ഒരു ശല്യമായപ്പോള്‍ അവന്മാര്‍ ജയിപ്പിച്ചു ഒഴിവാക്കി. പണ്ടൊക്കെ അമ്മ വീട്ടിലിരുന്നിട്ട് പിള്ളേരുടെ പേപ്പര്‍ നോക്കിയിട്ട് പറയുന്ന കേള്‍ക്കാം."ഒരു വസ്തുവും അറിയില്ല. പക്ഷേ 3 കൊല്ലമായില്ലെ മൂന്നാം ക്ലാസില്‍ കിടക്കുന്നു ഇത്തവണ വേറെ പിള്ളാരെ തോല്‍പ്പിച്ചിട്ടു ഇവനെ കയറ്റി വിടാം. അടുത്ത കൊല്ലം മുതല്‍ നാലാം ക്ലാസിലെ ടീച്ചര്‍ അനുഭവിക്കട്ടെ...". ഇത്ര കുട്ടികളെയെ തോല്‍പ്പിക്കാന്‍ പാടുള്ളൂ എന്നു നിയമമുണ്ടായിരുന്ന കാലത്താണിത്.

അങ്ങനെ ഞാനും ഒരു സ്ഥലത്തു പ്രശ്നമുണ്ടാക്കിയിട്ടു അടുത്ത സ്ഥലത്തേക്ക് പോകാനുള്ള ആലോചനയിലാണ്.ഏതെങ്കിലും ഒരുത്തന്‍ വല്ല MTech ക്കോ PhD യോ ഡിസ്റ്റന്‍സ് ആയി ഫ്രീ കൊടുക്കുണ്ടോ എന്നു നോക്കട്ടെ..പറയാന്‍ പറ്റില്ല ഇനി ബിരിയാണി കിട്ടിയാലോ?


ഇത് ചുമ്മാ ഒരു ജാടക്ക് ഇട്ടതാ...കുറെ റൂം മെറ്റ്സ് ഉണ്ടായിരുന്നു. അവന്മാര്‍ക്കെല്ലാം നല്ല സംശയവും ഉണ്ടായിരുന്നു ഇവന്‍റെ റേഞ്ച് വച്ച് ഇവന്നിതു കിട്ടുമോ എന്നു...

2012, മേയ് 11, വെള്ളിയാഴ്‌ച

ജപമാലയുടെ ശക്തി!!!

കഴിഞ്ഞയാഴ്ച പ്രീകാനക്കുപോയപ്പോള്‍ അവിടെ വച്ചു ദൈവവിളിയുണ്ടായി  പെണ്ണുകിട്ടാത്തതുകൊണ്ട് കല്യാണശ്രമമുപേക്ഷിച്ചു പള്ളിയിലെ അച്ഛനാകാന്‍ഇവന്‍ തീരുമാനിച്ചു എന്നൊന്നുംആരും തെറ്റിധരിക്കരുത്. .ഇപ്പൊഴും ആലോചനകള്‍ തകൃതിയായി നടക്കുന്നുണ്ട്. അതുപോലെ ഇരിഞ്ഞാലക്കുട രൂപതയിലെ (രൂപ താ എന്നു ദയവു ചെയ്തു വായിക്കരുത്.ഗ്യാപ്പ് ഇല്ല.) പ്രീകാന കോണ്‍ഫറണ്‍സ് നടക്കുന്ന കല്ലേറ്റുംകര PACS ഇല്‍ എല്ലാ പ്രാവശ്യവും മെത്രാന്‍ വന്നു എല്ലാ വിവാഹാര്‍ത്തികള്‍ക്കും ജപമാല കൊടുക്കുന്ന കൂട്ടത്തില്‍ എനിക്കും കിട്ടിയപ്പോള്‍ ഉണ്ടായ ഒരു ഇതാണെന്നും വിചാരിക്കരുത്.

3 ദിവസം അവിടെ പോയപ്പോള്‍, സ്വസ്ഥമായി ബാക്കി കാര്യങ്ങളെപറ്റിയോന്നും ആവലാതികള്‍ ഇല്ലാതായപ്പോള്‍ മനസിലേക്ക് കടന്നു വന്ന ഒരു ചിന്തയാണ് ഇത്. അല്ലെങ്കിലും ഈ ബുദ്ധിയുള്ളവരുടെ ഒരു പ്രശ്നമാണ് ഈ ആലോചന. എന്തു കണ്ടാലും അതു നിരീക്ഷിച്ചു അതില്‍ നിന്നും നമുക്ക് പറ്റിയ എന്തെങ്കിലും കണ്ടെത്തും.

ജപമാല എന്താണെന്ന് എല്ലാവര്‍ക്കും അറിയുമായിരിക്കും. കൊന്ത എന്നു മലയാളത്തില്‍ പറയും .സാധാരണയായി സത്യകൃസ്ത്യാനികള്‍ കഴുത്തില്‍ അണിയുന്ന അതില്‍ നൂലില്‍ കോര്‍ത്തെടുത്ത 50+4+5=59 മണികള്‍ ഉണ്ടാകും.പിന്നെ എന്നെപ്പോലെയുള്ള ചിലരുടെ കഴുത്തില്‍ഉള്ള കൊന്തയില്‍ 150+14+5=169 മണികള്‍ ഉണ്ടാകും.എന്തായാലും ഇത് ഉപയോഗിക്കുന്നത് കൊന്ത ജപിക്കാനാണ് അഥവാ പ്രാര്‍ത്ഥിക്കാനാണ്. സ്വര്‍ഗസ്ഥനായ... എന്നു തുടങ്ങുന്ന പ്രാര്‍ഥന ഒരുപ്രാവശ്യവും ,നന്മ നിറഞ്ഞ മറിയമേ ...എന്നുള്ള പ്രാര്‍ഥന 10 പ്രാവശ്യവും ,പിതാവിനും പുത്രനും.. എന്നുള്ള പ്രാര്‍ഥന ഒരു പ്രാവശ്യവും  ഓര്‍ഡര്‍ അനുസരിച്ചു ചൊല്ലിയാല്‍ ഒരു രഹസ്യം പൂര്‍ത്തിയായി എന്നു പറയും.അങ്ങനെ 5 രഹസ്യങ്ങള്‍ ചൊല്ലിയാല്‍ ഒരു കൊന്ത പൂര്‍ത്തിയാക്കാം.പിന്നെ കൊന്ത തുടങ്ങുന്നതിന് മുന്പ് മുകളില്‍ പറഞ്ഞ പ്രാര്‍ഥനകള്‍ 1,3,1 എന്ന ക്രമത്തിലും ചൊല്ലണം. ഇപ്പോള്‍ ഏകദേശം 50+4+5 എന്ന മണികളുടെ കണക്ക് കിട്ടിക്കണും എന്നു വിചാരിക്കുന്നു. ഇനിയും മനസിലാകാത്തവര്‍ ഉണ്ടെങ്കില്‍ അടുത്തുള്ള ഏതെങ്കിലും നസ്രാണികളോട് ചോദിക്കുക. കുടുംബത്തില്‍ പിറന്ന നസ്രാണിയാണെങ്കില്‍ അവന്‍റെ വീട്ടില്‍ എല്ലാ ദിവസവും സന്ധ്യാപ്രാര്‍ഥനക്ക് ചൊല്ലുന്നതാണ്ഈപറഞ്ഞ കൊന്ത.

അപ്പോള്‍ പറഞ്ഞു വന്നത് ഈ കൊന്തയും കോണ്‍സെന്‍റ്റേഷന്‍ അഥവാ ഏകാഗ്രതയും തമ്മിലുള്ള ബന്ധം. അല്ലാതെ ഇത് ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍  ആകാശത്തുനിന്നും സ്വര്‍ണ്ണക്കട്ടികള്‍ വീഴും എന്നൊന്നും എനിക്കു വിശ്വാസമില്ല. സ്വര്‍ണ്ണക്കട്ടികള്‍ അല്ലാതെ സ്വന്തമാക്കാന്‍ ഉള്ള ബുദ്ധി ദൈവം നിങ്ങള്‍ക്ക് തന്നിട്ടുണ്ട്. അതു പ്രയോഗിക്കണമെങ്കില്‍ ഒരേ ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കാനുള്ള ഏകാഗ്രത വേണം അതിനു കൊന്ത നിങ്ങളെ സഹായിക്കും. പക്ഷേ എങ്ങിനെ?

മുന്പ് പറഞ്ഞതുപോലെ ഓരോ പ്രാര്‍ഥന കഴിയുമ്പോഴും ഓരോ മണിവീതം കയ്യില്‍ ഇട്ടു നീക്കണം.അങ്ങനെ ഒരു കൊന്ത കറെക്റ്റ് ആയി നീക്കാന്‍ പറ്റിയാല്‍ നിങ്ങളൊരു ഭയങ്കരന്‍ എന്ന വിഭാഗത്തില്‍ പെടും.സത്യം പറഞ്ഞാല്‍ എനിക്കു അങ്ങനെ ഒരു പ്രാവശ്യം പോലും പറ്റിയിട്ടില്ല. എങ്ങിനെ നോക്കിയാലും 5 രഹസ്യങ്ങള്‍ ചൊല്ലിക്കഴിയുമ്പോള്‍ എവിടെ എങ്കിലും കണക്ക് തെറ്റും.ഒന്നുകില്‍ ഒരു മണി കൂടുതല്‍ അല്ലെങ്കില്‍ കുറവ്. അല്ലെങ്കിലും അരമണിക്കൂര്‍ ഒക്കെ ഏകാഗ്രമായി വേറെ ഒന്നിനെയും പറ്റി ചിന്തിക്കാതെ ഇരിക്കുക എന്നൊക്കെ നമുക്ക് പറഞ്ഞിട്ടുള്ള കാര്യമാണോ?

അടുത്ത ലക്ഷ്യം ഒരു രഹസ്യം അഥവാ 1 സ്വര്‍ഗസ്ഥനായ..,10 നന്മ നിറഞ്ഞ മറിയമേ...,1 പിതാവിനും പുത്രനും എന്നത്കൊന്തയില്ലാതെ മനസില്‍ തെറ്റാതെ എണ്ണം പിടിക്കുക എന്നതാണു .അതു പൂര്‍ത്തീകരിച്ചാല്‍ നിങ്ങള്‍ പുലി എന്ന വിഭാഗത്തില്‍പെടും. അടുത്ത സ്റ്റെപ്പ് ഇനി പറയേണ്ട കാര്യമില്ലല്ലോ കൊന്തയില്ലാതെ 5 രഹസ്യങ്ങളും മനസില്‍ എണ്ണം പിടിക്കുക. നിങ്ങളുടെ ലെവല്‍ അപ്പോള്‍ പുപ്പുലി ആണെന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ..

കൊന്ത ചൊല്ലി കോന്‍സെന്‍റ്റേഷന്‍ കൂട്ടാന്‍ വേണ്ടി ആരും ക്രിസ്തുമതം സ്വീകരിക്കരുത്. എന്‍റെ അറിവില്‍ എല്ലാ മതങ്ങളിലും ഇതുപോലെയുള്ള കാര്യങ്ങള്‍ ഉണ്ട്. അതു വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുക.അതുപോലെ മതപരമായി നമ്മള്‍ ചെയ്യുന്നഒരുമാതിരി എല്ലാ കാര്യങ്ങള്‍ക്കും ശാസ്ത്രീയമായ അടിത്തറയും ഉണ്ട്.വളരെ ഫാസ്റ്റ് ആയി കാര്യങ്ങള്‍ പോകുന്ന ഇക്കാലത്ത് അരമണിക്കൂര്‍സ്വസ്ഥമായി ഇരിക്കാന്‍ പറ്റിയാല്‍ തന്നെ ഒരു ഭയങ്കര കാര്യമല്ലേ...എന്തിന്‍റേ പേരില്‍ ആയാലും..


ഭയങ്കരന്‍,പുലി,പുപ്പുലി എന്ന ലെവലുകളും ക്രിസ്ത്യന്‍ മതവിഭാഗവുമായി യാതൊരു വക ബന്ധവും ഇല്ല എന്ന കാര്യം പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.പള്ളിയില്‍ വച്ചു കെട്ടണം എന്നൊരാഗ്രഹമുണ്ടേ..

2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

NH 47 പാലിയേക്കര ടോളിനെ പറ്റിക്കാന്‍ 101 വഴികള്‍

101 വഴികള്‍ എന്നെഴുതിയാലേ ഒരു ശരാശരി മലയാളി വന്നെത്തിനോക്കുകയുള്ളൂ .ഉള്ള കാര്യം തുറന്നു പറയാമല്ലോ, എന്‍റെ അറിവില്‍ പ്രയോഗികമായ മൂന് നാല് വഴികള്‍ ഉണ്ട്. തമിഴ് നാട്ടിലൂടെ ഒക്കെ ചുറ്റി വരുന്ന മാതിരി 101 വഴികള്‍ തികക്കാന്‍ അറിയാഞ്ഞിട്ടല്ല .വെറുതെ എന്തിനാ നെറ്റിസണ്‍സിന്റെ തെറി വാങ്ങിക്കുന്നേ എന്നു വിചാരിച്ചിട്ടാ..ശരി കാര്യത്തിലേക്ക് വരാം

എറണാകുളം - ചാലക്കുടി ഭാഗത്തുനിന്നും മണ്ണുത്തി - പാലക്കാട് ഭാഗത്തേക്ക് 


5 KM കൂടുതല്‍ ഉണ്ട് .കിലോമീറ്ററിന് 5 രൂ വരെ ചിലവു വന്നാലും ലാഭമാണ്.പിന്നെ കുറച്ചു  ഇടുങ്ങിയ വഴിയാണ് .എന്നാലും ടോള്‍ വേണ്ടല്ലോ.Thalore Junction എന്നെഴുതിയിരിക്കുന്നതിന്‍റെ താഴെ കാണുന്ന 544 എഴുതിയിരിക്കുന്ന ഭാഗത്താണ് ടോള്‍ ബില്‍ഡിങ്..

ഇത് ഇമേജ് ആയ മാപ് അല്ല.Embed ചെയ്തതാണ് .നിങ്ങള്‍ക്ക് വേണേല്‍ സൂം ചെയ്യാം.


എറണാകുളം - ചാലക്കുടി ഭാഗത്ത് നിന്നും നേരെ പാലക്കാട് ഭാഗത്തേക്ക് 


മണ്ണുത്തി പോകാതെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടു നേരെ പട്ടിക്കാട് ചെന്നു കയറാം .


View Larger Map


എറണാകുളം - ചാലക്കുടി ഭാഗത്തുനിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് - ഇരിഞ്ഞാലക്കുട വഴി


എന്‍റെ നാട്ടിലൂടെ പോകുന്നതുകൊണ്ടു പറയുകയല്ലാ..നല്ല കിടിലന്‍ വഴിയാണ്.കല്ലേറ്റുംകര റെയില്‍വേ ഓവര്‍ബ്രിഡ്ജ് ഭാഗത്ത് ശകലം ടാര്‍ ഇളകിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ വേറെ പ്രശ്നമൊന്നും ഇല്ല.കേരളത്തില്‍ ആദ്യകാലത്ത് വന്ന 5കൊല്ലം ഗ്യാരണ്ടിയുള്ള റബ്ബറൈസ്ഡ് റോഡുകളില്‍ ഒന്നു..ചാലക്കുടി കഴിഞ്ഞു പോട്ടയില്‍ നിന്നും ഒരു ലെഫ്റ്റ്.പിന്നെ ഇരിഞ്ഞാലക്കുട ഠാണാവില്‍ നിന്നും ഒരു റൈറ്റ്.. ഒരു 8-9 Km അധികം ഉണ്ട്
View Larger Map

എറണാകുളം - ചാലക്കുടി ഭാഗത്തുനിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് - പുതുക്കാട് -ചേര്‍പ്പ് വഴി


5km മാത്രമേ കൂടുതല്‍ ഉള്ളൂ .പക്ഷേ ചേര്‍പ്പ് ഭാഗത്ത് വച്ച് ഇരിഞ്ഞാലക്കുട തൃശ്ശൂര്‍ റൂട്ടില്‍ ചേരുന്നിടത്തുനിന്നെ നല്ല റോഡ് (റബറൈസെഡ്)ഉള്ളൂ. എറണാകുളം ,അങ്കമാലി ,ചാലക്കുടി ഭാഗത്തുനിന്നും ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ഈ വഴികള്‍ തന്നെയാണ് നല്ലത്.കോഴിക്കോട്ടേക്ക് വേണേല്‍ NH 17 വഴി പോകാം.


View Larger Map

ഈ പറഞ്ഞതൊക്കെ നമ്മളെപ്പോലെയുള്ള സാധാരണക്കാരായ 15 ലക്ഷത്തില്‍ താഴെയുള്ള കാറുപയോഗിക്കുന്ന കോടീശ്വരന്‍മാര്‍ക്കുള്ളതാണ്. 15ലക്ഷത്തിന് മുകളിലുള്ള കാറില്‍, സമയം കയ്യില്‍ പിടിച്ച് പോകുകയാണെങ്കില്‍ ടോള്‍ വഴി  തന്നെ പോകുക.

Update - The simple way

View Larger Map

2012, മാർച്ച് 18, ഞായറാഴ്‌ച

ഞാനും ഒരു എം‌ബി‌എക്കാരന്‍ ആയി എന്നു തോന്നുന്നു

ഭാരതിയാര്‍ യൂണിവേഴ്സിറ്റി സൈറ്റ് തെറ്റല്ലെങ്കില്‍ ,അതുപോലെ  ഞാനറിയാത്ത വേറെ ഏതെങ്കിലും പേപ്പര്‍ എം‌ബി‌എ സിലബസില്‍ ഇല്ലെങ്കില്‍ ഞാന്‍ വിനീതമായി പറയുകയാണ് എന്‍റെ  എം‌ബി‌എ സ്വപ്നങ്ങള്‍ പൂവണിഞ്ഞു. (വീട്ടില്‍ പോയി എല്ലാ മാര്‍ക്ക്ഷീറ്റുകളും നോക്കിയിട്ട് വേണം കാര്യങ്ങള്‍ ഉറപ്പിക്കാന്‍ )

ഇനിയിപ്പോള്‍ എത്ര നാള്‍ കഴിഞ്ഞാണാവോ മാര്‍ക്ക് ലിസ്റ്റ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കിട്ടുക. അത് കിട്ടിയിട്ടു വേണം വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ പേരിലുള്ള ഞങ്ങളുടെ വല്ലക്കുന്ന്  ഇടവക പള്ളിയില്‍ രൂ5600 കൊടുക്കാന്‍. ..ഒന്നു പാസാക്കിതന്നാല്‍  കിട്ടുന്ന ഓരോ മാര്‍ക്കിനും 100 വച്ച് തന്നേക്കാം എന്നു ഒരു ചെറിയ കരാര്‍ ഉണ്ടാക്കിയിരുന്നേ...


അങ്ങനെ മിഷന്‍ കൊച്ചി കഴിഞ്ഞു. എന്താണ് മിഷന്‍ കൊച്ചി എന്നു പിന്നെ എപ്പോഴെങ്കിലും എഴുതാം.

അഹങ്കാരം കൊണ്ട് പറയുകയല്ലാ .പണ്ട് നല്ലകാലത്ത് ഒരു B.E എടുത്തതുകൊണ്ട് ഇനി BE+MBA എന്നു പറഞ്ഞു നടക്കാം. കുറഞ്ഞ പക്ഷം മാട്രിമോണി സൈറ്റുകളില്‍ എങ്കിലും ;-) എനിക്കു വയ്യ....സംശയം ഉണ്ടെങ്കില്‍ താഴെ യൂണിവേഴ്സിറ്റി സൈറ്റിന്‍റെ പടമുണ്ട്. കുട പിടിക്കുന്നതിന് പകരം പടമിട്ടു. അല്ലപിന്നെ ;-)


2012, മാർച്ച് 3, ശനിയാഴ്‌ച

നിരൂപണം : സാംസങ് ഗ്യാലക്സി വൈ S5360

അങ്ങനെ മാസങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്ക് ശേഷം ഞാനും ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിച്ചു.മിക്കവാറും രണ്ടുമൂന്നു മാസങ്ങളെ എന്‍റെ കൈയ്യില്‍ ഉണ്ടാകൂ കാരണം ഫോണ്‍ അമ്മക്ക് വേണ്ടി വാങ്ങിയതാണ്. അങ്ങേര്‍ക്കാണെങ്കില്‍ ഇപ്പോഴുള്ള നോകിയ 1100 തന്നെ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണ്. അപ്പോള്‍ പിന്നെ പുതിയ സാംസങ് ഗ്യാലക്സി വൈയുടെ കാര്യം പറയാനുണ്ടോ?

സംഗതി എന്തായാലും ഞാന്‍ അതില്‍ പണി പഠിച്ചുതുടങ്ങി. വടക്കുനോക്കിയന്ത്രം, ഉപഗ്രഹാധിഷ്ഠിത സ്ഥലമാപിനി(ജി‌പി‌എസ്) തുടങ്ങി കുറെ കാര്യങ്ങള്‍ അതില്‍ ഉണ്ട്.എന്തായാലും കാശ് മുതലായി. കാരണം തുടക്കക്കാര്‍ക്ക് വാങ്ങാവുന്ന ഒരു സ്മാര്‍ട്ട് ഫോണിന് വേണ്ട എല്ലാ കാര്യങ്ങളും ഇതില്‍ ഉണ്ട്.ഇതിലും കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട് ഫോണ്‍ കിട്ടില്ല.  കൊച്ചിയിലെ ഒട്ടുമിക്ക മൊബൈല്‍ കടകളില്‍ കയറിയിറങ്ങിയിട്ടും വാങ്ങിയത് ഓണ്‍ലൈന്‍ വഴിയാണ്.വിലക്കുറവ് തന്നെ കാരണം.ebay.in വഴി 6940 രൂപക്ക് കിട്ടി.2012 ഫെബ്രുവരി 13നു ഓര്‍ഡര്‍ ചെയ്തു.ഒരാഴ്ച കഴിഞ്ഞു 20ആം തിയതി കൈയ്യില്‍  കിട്ടി.കാര്യങ്ങള്‍ ഇങ്ങനെ പോകുകയാണെങ്കില്‍ അതായത് ഓണ്‍ലൈന്‍ വില കുറയുകയാണെങ്കില്‍ ഇന്‍ഡ്യയില്‍ അധികം വൈകാതെ ഒരു ഓണ്‍ലൈന്‍ ഷോപ്പിങ് വിപ്ലവം തന്നെ ഉണ്ടാകും.

ഈ മൊബൈലിനെകുറിച്ച് ഇതുവരെയുള്ള എന്‍റെ നിരീക്ഷങ്ങള്‍ താഴെ കൊടുക്കുന്നു.

ഗുണങ്ങള്‍
  1. ആന്‍ഡ്രോയിഡ് പ്രോഗ്രാമുകള്‍/ ///// ()അഥവാ ആപ്ലികേഷന്‍
    ആന്‍ഡ്രോയിഡ് പ്രോഗ്രാമുകളുടെ വലിയ ഒരു ശേഖരം തന്നെ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് എന്ന സൈറ്റില്‍ ചെന്നാല്‍ കാണാം.ഒരു പ്രധാന കാര്യം എന്നു പറയുന്നതു പണ്ട് നോകിയ മൊബൈലില്‍ ചെയ്യുന്നതുപോലെ ഒരാള്‍ ഡൌണ്‍ലോഡ് ചെയ്ത ആപ്ലികേഷന്‍ വേറെ ഒരാള്‍ക്ക് കോപി ചെയ്തു ഉപയോഗിക്കാന്‍ പറ്റില്ല.നമ്മള്‍ വീണ്ടും നമ്മുടെ മൊബൈലില്‍ നിന്നും ഇന്‍റര്‍നെറ്റ് കണക്റ്റ് ചെയ്തു ഡൌണ്‍ലോഡ് ചെയ്യണം. ഒരുമാതിരി എല്ലാ പെയ്ഡ് പ്രോഗ്രാമുകളുടെയും ഫ്രീ വെര്‍ഷന്‍ മാര്‍ക്കറ്റില്‍ ഉണ്ടാകും. പിന്നെ മലയാളത്തില്‍ ഉള്ള പ്രോഗ്രാമുകളും കിട്ടും .അമ്മക്ക് വേണ്ടി മലയാളം ബൈബിള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
  2. 2ജി‌ബി മെമ്മറി കാര്‍ഡ്
    എക്സ്ട്രാ മെമ്മറി കാര്‍ഡ് വാങ്ങി കാശ് കളയേണ്ട കാര്യമില്ല.2ജി‌ബി കാര്‍ഡ് ഫോണിന്‍റെ കൂടെ ഉണ്ടാകും.പിന്നെ വാശിപ്പുറത്ത് 8ജി‌ബി യോ 16ജി‌ബിയോ ഒക്കെ നിങ്ങള്‍ക്ക് വാങ്ങാം.
  3. Swype കീപാഡ്
    കീബോര്‍ഡില്‍ ആവശ്യമുള്ള അക്ഷരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ഒരു വര വരച്ചു ടൈപ്പ് ചെയ്യാം.
  4. പിന്നെ സാധാരണ സ്മാര്‍ട്ട് ഫോണുകള്‍ക്ക് എല്ലാമുള്ള ജി‌പി‌എസ്,വൈഫൈ,സെന്‍സറുകള്‍ .പക്ഷേ മുകളിലുള്ള കാര്യങ്ങളാണ് എനിക്കു ഗുണങ്ങളായി തോന്നിയത്.
ദോഷങ്ങള്‍
  1. കുറഞ്ഞ ബാറ്ററിബാക്കപ് 
    നമ്മള്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നത് തന്നെ ഇന്‍റര്‍നെറ്റ് മുതലായ സ്മാര്‍ട്ട് കാര്യങ്ങള്‍ ഉപയോഗിക്കാനാണ്.അല്ലെങ്കില്‍ നോകിയ 1100 മതിയല്ലോ.പക്ഷേ ഇതില്‍ ജി‌പി‌ആര്‍‌എസ് വഴി മുഴുവന്‍ സമയവും ഓണ്‍ലൈന്‍ ആയാല്‍ ബാറ്ററി ഒരു ദിവസത്തില്‍ കൂടുതല്‍ നില്‍ക്കില്ല.
  2. സൌണ്ട് കാര്യമായിട്ടില്ല
    നോകിയ 5300 എന്ന മ്യൂസിക് ഫോണുമായി മുട്ടിയാല്‍ സൌണ്ട് കുറവാണ്.പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം 5300 സംഗീതത്തിന് വേണ്ടിയുള്ള ഫോണാണ്.ഇപ്പോള്‍ എനിക്കു കാറില്‍ മൊബൈലില്‍ നിന്നും പാട്ട് കേള്‍ക്കണമെങ്കില്‍ ഗ്ലാസ് കയറ്റിയിടണം.പണ്ട് വേണ്ടായിരുന്നു.
  3. ബട്ടന്‍ ലൈറ്റ് ഇല്ല
    മുന്‍വശത്ത് ഞെക്കാന്‍ പറ്റിയ ആകെയുള്ള ഒരു ബട്ടന്‍റെ രണ്ടു വശത്തും ടച്ച് ബട്ടണുകള്‍ ഉണ്ട്.വെളിച്ചമുള്ളപ്പോള്‍ ബട്ടണുകള്‍ കാണാം.പക്ഷേ രാത്രി ലൈറ്റ് കെടുത്തിയശേഷം ഒന്നു പഞ്ചാരയടിക്കാന്‍ തോന്നിയാള്‍ ബട്ടണുകള്‍ കണ്ടു പിടിക്കാന്‍ പാടുപെടും.
  4. മുന്‍വശത്തു ക്യാമറയില്ല
    ഇതും കൂടെ ഉണ്ടായിരുന്നെങ്കില്‍ ഈ മൊബൈല്‍ ഒരു പെര്‍ഫക്റ്റ് മൊബൈല്‍ ആയെന്നെ.അവന്മാര്‍ വേണമെന്ന് വെച്ചു ക്യാമറ വക്കാതിരുന്നതാണെന്ന് തോന്നുന്നു.പിന്നെ പുറകിലുള്ള ക്യാമറ 2MP ആണ്.അല്ലെങ്കിലും ഫോട്ടോ എടുക്കാന്‍ ഡിജിറ്റല്‍ ക്യാമറ വാങ്ങുന്നതാണ് നല്ലത്.ഓപ്ടിക്കല്‍ സൂം എന്തായാലും മൊബൈലില്‍ കിട്ടില്ല.അതുകൊണ്ട് ക്യാമറയെ പറ്റി മറന്നേക്ക്.
  5. സെക്യൂരിറ്റി തോന്നുന്നില്ല.
    ഫോണ്‍ വാങ്ങിക്കുമ്പോള്‍ അത് റജിസ്റ്റര്‍ ചെയ്യുന്നത് നമ്മുടെ ജീമെയില്‍ ഐഡി വച്ചിട്ടാണ്..റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ നമുക്ക് പ്രോഗ്രാംസ് ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റില്ല.അതുകൊണ്ട് അവന്‍മാര്‍ക്ക് വേണമെങ്കില്‍ എന്തും ട്രാക്ക് ചെയ്യാം.അതുകൊണ്ട് കൊട്ടേഷന്‍ ടീമുകള്‍ക്കും ,കമ്പി ഡൌണ്‍ലോഡ് ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും ഇത് പറ്റില്ല.
  6. കീപാഡ്
    പ്രത്യേകിച്ചു ആണുങ്ങള്‍ക്ക് വിരലുകള്‍ അല്‍പ്പം വലിപ്പമുണ്ടെങ്കില്‍ നേരെ പിടിച്ച് ടൈപ്പ് ചെയ്യാന്‍ പറ്റില്ല.കാരണം ഒന്നാമര്‍ത്തിയാല് രണ്ട് കീകള്‍ പ്രെസ്സ് ആകും.പിന്നെ മുകളില്‍ പറഞ്ഞ Swype കീപാഡ് ഒന്ന്‍ പരീക്ഷിച്ചു നോക്കാം.
കൊള്ളാവുന്ന കുറച്ചു ആന്‍ഡ്രോയിഡ് പ്രോഗ്രാംസ്
  • ഗൂഗിള്‍ സ്കൈ മാപ് :ഈ പ്രോഗ്രാം തുറന്ന്‍ ആകാശത്തിലെ ഏതെങ്കിലും നക്ഷത്രത്തിന് നേരെ പിടിച്ചാല്‍ മതി അതിനെ പേര് മൊബൈലില്‍ എഴുതിവരും.സ്കൂളില്‍ പഠിച്ച ഓറിയോണ്‍ ,അതുപോലെയുള്ള ടീമുകളുടെയൊക്കെ ഇപ്പോഴത്തെ സ്ഥാനം കണ്ടു പിടിക്കാം.
  • സ്പിരിറ്റ് ലെവല്‍ + കോമ്പസ്സ് : വടക്കുനോക്കിയന്ത്രവും ,വാട്ടര്‍ ലെവലും കാണിച്ചു തരും.വാട്ടര്‍ ലെവല്‍ നോക്കാന്‍ പണ്ടത്തെ പോലെ ട്യൂബ് പിടിക്കേണ്ട കാര്യമില്ല.മൊബൈല്‍ ചുമ്മാ വച്ചാല്‍ മതി.
  • ലേസര്‍ ലെവല്‍ : ക്യാമറ ഓണ്‍ചെയ്തു അതില്‍ + പോലെ വര ഉണ്ടാക്കി.ലെവല്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റും.വീട്ടില്‍ ചുമരില്‍ ഫോട്ടോ പതിപ്പിക്കുന്നതിനോ ഒക്കെ ഉപയോഗിക്കാം.
  • പിന്നെ ഗൂഗിളിന്‍റെ ഒരു മാതിരി എല്ലാ പ്രോഗ്രാമുകളും.റീഡര്‍,ബ്ലോഗ്ഗര്‍ അങ്ങനെ പോകും.
  • ലോക്കല്‍ പ്രോഗ്രാംസ്
സാംസങ് ഗ്യാലക്സി വൈ - പൊടിക്കൈകള്‍
  • *#*#INFO#*#* : ഫോണിലെ സെറ്റിങ്സ്->എബൌട്ട് എന്ന സ്ക്രീനില്‍ ഉള്ളതിനെക്കാളും കാര്യങ്ങള്‍ അറിയാന്‍ ഈ കോഡ് ഡയല്‍ ചെയ്താല്‍ മതി.
  • സൈലന്‍റ് മോഡ് : ഒന്നുകില്‍ പവര്‍ കുറച്ചധികം നേരം അമര്‍ത്തി വരുന്ന സ്ക്രീനില്‍ സൈലന്‍റ് സെലക്ട് ചെയ്യുക.അല്ലെങ്കില്‍ ശബ്ദം ഏറ്റവും കുറഞ്ഞ ലെവലില്‍ കൊണ്ടുവരിക.
  • Swype കീപാഡ് : ടൈപ്പ് ചെയ്യുന്ന വിന്‍ഡോയിലെ സെറ്റിങ്സ് ബട്ടന്‍ കുറെ നേരം അമര്‍ത്തി വരുന്ന സ്ക്രീനില്‍ സെലക്ട് ചെയ്യുക.അതുപോള്‍ തിരിച്ചുപോരാന്‍ ടൈപ്പ് ചെയ്യുന്ന ഏതെങ്കിലും ഏരിയയില്‍ കുറെ നേരം അമര്‍ത്തിപിടിക്കുക.അപ്പോള്‍ വരുന്ന വിന്‍ഡോ വഴി സാധാരണ കീ പാഡ് കിട്ടും.
  • എം‌പി3 റിംഗ്ടോണ്‍ : ചുമ്മാ മെമ്മറി കാര്‍ഡില്‍ Ringtones എന്ന്‍ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കി അതില്‍ ഓഡിയോ ഫയലുകള്‍ കോപി ചെയ്തിടുക. അടുത്ത പ്രാവശ്യം റിങ്ങ് ടോണ്‍ മാറ്റാനുള്ള സ്ക്രീന്‍ എടുക്കുമ്പോള്‍ കോപി ചെയ്തിട്ട ഫയലുകള്‍ കാണാം.

ഗൂഗിളിന്‍റെ ഇംഗ്ലിഷ് - മലയാളം വിവര്‍ത്തനം ഇല്ലാത്തതുകൊണ്ട് മാത്രമാണു ഇത് എഴുതേണ്ടി വന്നത്. ഇതിന്‍റെ ഇംഗ്ലിഷ് വെര്‍ഷന്‍ വായിക്കണം എന്നുണ്ടെകില്‍ എന്‍റെ ഇംഗ്ലിഷ് ടെക്നികല്‍ ബ്ലോഗ്ഗില്‍ പോകുക.

തിരുത്ത് 1: നേരത്തെ പറഞ്ഞത് നമുക്ക് കോപ്പി ചെയ്തു ഒരു ആപ്ലികേഷന്‍ ഉപയോഗിക്കാന്‍ പറ്റില്ല എന്നായിരുന്നു. പക്ഷേ അത് പറ്റും. apk എക്സ്റ്റെന്‍ഷന്‍ ഉള്ള ആന്‍ഡ്രോയിഡ് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുത്താല്‍ അല്ലെങ്കില്‍ കോപ്പി ചെയ്തു കിട്ടിയാല്‍ അത് നമ്മുടെ മൊബൈലില്‍ ഉപയോഗിക്കാം.

2012, ജനുവരി 28, ശനിയാഴ്‌ച

കുമ്പസാരരഹസ്യം

പതിവുപോലെ ക്രിസ്തുമസ് ആയപ്പോള്‍ ജോസഫ് ആണ്ടുകുമ്പസാരം നടത്താന്‍ പള്ളിയിലെത്തി.നല്ല തിരക്കുണ്ട്.ഒരു സ്ഥലത്തു വികാരിയച്ചന്‍ ഇരുന്നു കുമ്പസാരിപ്പിക്കുന്നു. പിന്നെ വേറെ പള്ളികളില്‍ നിന്നും വന്നിട്ടുള്ള അച്ഛന്‍മാരും ഇരിക്കുന്നുണ്ട്.വികാരിയച്ചന്‍റെ അടുത്ത് കുമ്പസാരിക്കുന്നതിനേക്കാള്‍ സാധാരണ കുഞ്ഞാടുകള്‍ക്ക് ഇഷ്ടം പുറത്തു നിന്നുള്ളവരോടു പാപങ്ങള്‍ പറയാനാണ്. വികാരിയച്ചന്‍ എല്ലാം അറിഞ്ഞിട്ടു പുറത്തു വച്ച് കാണുമ്പോള്‍ ബ്ലാക്ക്മെയില്‍ ചെയ്തിട്ടൊന്നുമല്ല .ചുമ്മാ... അതുകൊണ്ടു തന്നെ വികാരിയച്ചന് കുമ്പസാരിപ്പിക്കാനുള്ള വരിക്ക് നീളം കുറവാണ്.

ജോസഫ് എന്തായാലും വികാരിയച്ചന്‍റെ അടുത്തു തന്നെ പോയി. സത്യക്രിസ്ത്യാനിക്ക് എന്തൊന്നു പേടിക്കാന്‍.. ? അങ്ങനെ പുള്ളി പാപങ്ങള്‍ പറഞ്ഞു തുടങ്ങി.

ജോസഫ് : കുമ്പസാരിച്ചിട്ട് 2 മാസമായി അച്ചോ?
വികാരി : ഏത് പള്ളിയിലാടാ നീ 2 മാസം മുമ്പ് കുമ്പസാരിചത്?

ജോസഫ് : നുണ പറയാറുണ്ടച്ചാ..
വികാരി : ഉം..

ജോസഫ്: പിന്നെ ഒരു വലിയ പാപം ചെയ്തച്ചോ..ഒരു പെണ്ണുമായി...അത്...
വികാരി : ഏത് പെണ്ണ്?

ജോസഫ് : അത് ഞാന്‍ പറയില്ലച്ചോ?
വികാരി : അതെന്താടാ പറയാത്തെ ? ആ പിള്ളേരെ തയ്പ്പ് പഠിപ്പിക്കാന്‍ വരുന്ന മേരിയാണോ?

ജോസഫ് : ഇല്ലച്ചോ .ഞാന്‍ അങ്ങനെ പറഞ്ഞാല്‍ ആ പെണ്‍കുട്ടിയുടെ ഭാവി പോകും? പിന്നെ എനിക്കു ബിസിനെസ് ആണല്ലോ പിടിച്ച് നില്ക്കാന്‍ വേണ്ടി കുറച്ചു മായം ചേര്‍ക്കാറുണ്ട്..

വികാരി : മായമല്ലേ ചേര്‍ത്തോള്ളോ,വിഷമൊന്നും അല്ലല്ലോ. വാങ്ങാന്‍ വരുന്നവന് നോക്കി വാങ്ങിക്കാന്‍ അറിയില്ലെങ്കില്‍ അത് അവന്‍റെ കുഴപ്പം. പെണ്‍കുട്ടി എന്നു പറയുമ്പോള്‍ ആ വളവില്‍ ചായക്കട നടത്തുന്ന ശാന്തയുടെ ഡിഗ്രി സെക്കന്‍ഡ് ഇയര്‍ പഠിക്കുന്ന രണ്ടാമത്തെ മോളാണോ?

ജോസഫ് : അതൊന്നും ഞാന്‍ പറയില്ലച്ചോ. ഒരുമിച്ച് കളിച്ചു വളര്‍ന്ന ഒരു പെണ്ണിനെ ഞാന്‍ ചതിക്കില്ലച്ചോ.പിന്നെ ടാക്സ് കൊടുക്കാതെ ഞാന്‍ ഗവണ്‍മെന്‍റിനെ പറ്റിച്ചിട്ടുണ്ട്..

വികാരി : എടാ ദൈവത്തിനുള്ളത് ദൈവത്തിനും, സീസറിനുള്ളത് സീസറിനും കൊടുക്കാനെ പറഞ്ഞിട്ടുള്ളൂ.ദൈവത്തിനുള്ളത് എത്രയെന്ന് ദൈവമല്ലല്ലോ നീയല്ലേ തീരുമാനിക്കുന്നത് .അതുപോലെ സീസറിനുള്ളത് നീയങ് തീരുമാനിച്ചു കൊടുത്താല്‍ മതി.സീസര്‍ തീരുമാനിക്കേണ്ട കാര്യമില്ല.
നിന്‍റെ കൂടെ കളിച്ചു വളര്‍ന്ന പെണെന്ന് പറയുമ്പോള്‍ ??? നിന്‍റെ അതേ പ്രായത്തിലുള്ള ഇപ്പോള്‍ ക്രിസ്തുമസിന് ലീവിന് വന്നിട്ടുള്ള നഴ്സ് ലിസിയാണോ?

ജോസഫ് : ഇല്ലച്ചോ എന്തൊക്കെ പറഞ്ഞാലും ഞാന്‍ പറയില്ല.ഇനി വേറെ പാപങ്ങള്‍ ഒന്നുമില്ലച്ചോ.
വികാരി : ശരി.നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു. ഒരു പത്തു സ്വര്‍ഗസ്ഥനായയും,10 നന്മ നിറഞ്ഞ മറിയവും,10 ത്രിത്വസ്തുതിയും ചെല്ലിയെരു..

പാപപരിഹാരം ചൊല്ലുമ്പോ ജോസഫിന്‍റെ ശ്രദ്ധ മുഴുവനും വഴിയിലേക്കായിരുന്നു. ബൈക്കില്‍ സുമേഷ് വന്നപ്പോള്‍ ഒമ്പതാമത്തെ നന്മ നിറഞ്ഞ മറിയത്തില്‍ നിറുത്തി ജോസഫ് പുറത്തേക്കോടി. ജോസഫിനെ കണ്ട മാത്രയില്‍ സുമേഷ് ചോദിച്ചു.

എടാ പോയ കാര്യം എന്തായി ?

"കിട്ടിയെടാ കിട്ടി .മൂന്നെണ്ണത്തിന്‍റെ ഡീറ്റൈല്‍സ് കിട്ടി. ഒരുത്തി ക്രിസ്മസ് ലീവിന് വന്നതാ.പെട്ടെന്നു അങ്ങോട്ട് വിട്ടോ."