2014, ജൂലൈ 19, ശനിയാഴ്‌ച

അമേരിക്കന്‍ ഡ്രൈവിങ് ലൈസന്‍സ്

തന്നെ അതുതന്നെ കിട്ടി ലൈസന്‍സ്. അങ്ങനെ തട്ടി മുട്ടി കഷ്ടപ്പെട്ട് എനിക്കും ന്യൂജേഴ്സിയില്‍ ഒരു ലൈസന്‍സ് കിട്ടി. ഇനിയിപ്പോള്‍ എനിക്കും എന്‍റെ പുറകെ അമേരിക്കയിലേക്ക് വരുന്നവരെ ഉപദേശിക്കാം.ഫ്രീ ആയി കിട്ടുന്ന ഉപദേശം .താല്‍പര്യം ഇല്ലാത്തവര്‍ക്ക് ഇപ്പോള്‍ തന്നെ വായന നിറുത്താം.

ഉപദേശം തുടങ്ങി.

ആദ്യത്തെ കാര്യം. "ഞാന്‍ നടന്നേ അല്ലെങ്കില്‍ സൈക്കിളിലെ പോകൂ, ഞാന്‍ പരിസ്ഥിതിവാദിയാണ് അല്ലെങ്കില്‍ പ്രകൃതിവാദിയാണ്, കാറുകള്‍ ആഡംബരമാണ്,ധൂര്‍ത്താണ്" എന്നൊക്കെ പറയാം ഒരു ലൈസന്‍സ് എടുത്തു കഴിഞ്ഞിട്ട്. അമേരിക്കയില്‍ ആയാലും ഇന്‍ഡ്യയില്‍ ആയാലും ഒരു കാര്‍ ഉണ്ടെങ്കില്‍ അത്യാവശ്യം വലുതായി സാധനങ്ങള്‍ കൊണ്ടുപോകാനോ ഒക്കെ അത് ഉപയോഗിക്കാം. ഇപ്പോള്‍ത്തന്നെ ഞാന്‍ അമേരിക്കയിലേക്ക് പോരുവാനായി കൊച്ചിയില്‍ നിന്നും സാധങ്ങള്‍ നാട്ടില്‍ എത്തിച്ചത് മാരുതി ആള്‍ട്ടോയിലാണ്. നമ്മളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് എന്തിനാണ് വെറുതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്?

ഇന്‍ഡ്യയില്‍ പ്രത്യേകിച്ചു കേരളത്തിലും,തമിഴ് നാട്ടിലും (ആ രണ്ട് സ്റ്റേറ്റുകള്‍ ആണ് എനിക്കു അടുത്ത് അറിയുന്നതു) കാറില്ലാത്തതുകൊണ്ട് പിന്നേയും കുഴപ്പമില്ല. അധികം വീട്ടുകാരും കൂട്ടുകാരുംഒക്കെ ഉണ്ടെങ്കില്‍ ആരെയെങ്കിലും ഒക്കെ വിളിച്ച് സാധനങ്ങള്‍ കൊണ്ടുപോകാം. അത്യാവശ്യം എവിടെയെങ്കിലും പോകണമെങ്കില്‍  രാത്രിയില്‍ ഒഴിച്ച് ബസ് സര്‍വീസ് ഉണ്ട്. 

പക്ഷേ അമേരിക്കയില്‍ വരുമ്പോള്‍ കാര്യങ്ങള്‍ കുഴയും. അമേരിക്കയിലെ ന്യൂയോര്‍ക്ക് പോലുള്ള നഗരത്തിലേക്കാണ് വരുന്നതെങ്കില്‍ ബസ് സര്‍വീസ് ഒക്കെയുണ്ട്. ഉള്‍പ്രദേശങ്ങളില്‍ ആണെങ്കില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് എന്നൊരു സംഭവം ഇല്ലെയില്ല. ഡെയ്ലി ജോലിസ്ഥലത്തേക്ക് കാറില്‍ തന്നെ പോകണം.

നഗരങ്ങളില്‍ ആണെങ്കിലും എന്തെങ്കിലും വലിയ തോതില്‍ സാധനങ്ങള്‍ ഒക്കെ കൊണ്ട് പോകണമെങ്കില്‍ കാര്‍ വേണ്ടി വരും. വാങ്ങിയില്ലെങ്കിലും നമ്മള്‍ക്ക് ഓടിക്കാന്‍ അറിഞ്ഞാല്‍ കാര്‍ വാടകയ്ക്ക് എടുക്കാം. നമ്മള്‍ തന്നെ സാധനങ്ങള്‍ എടുത്തു വച്ചാല്‍ അത്രക്ക് നന്ന്‍. അല്ലാതെ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും ഒക്കെ ആളെ വിളിച്ചാല്‍ കട്ടപ്പുകയാകും.

ചുരുക്കി പറഞ്ഞാല്‍ ലൈസന്‍സ് അല്ലെങ്കില്‍ കാറില്ലാതെ അമേരിക്കയില്‍ ജീവിതം ഭയങ്കര ബുദ്ധിമുട്ടാണ്. കൊല്ലങ്ങള്‍ ആയി കാറില്ലാതെ ജീവിക്കുന്ന ആളുകളും ഇവിടെ കാണുമായിരിക്കും. ഞാന്‍ ഉദേശിച്ചത് സാധാരണ ആളുകളുടെ കാര്യമാണ്. അപ്പോള്‍ നമ്മള്‍ സാധാരണക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഓരോ സ്റ്റെപ്പുകള്‍ ആയി താഴെ കൊടുത്തിരിക്കുന്നു. 

സ്റ്റെപ്പ് 1 - ഒരു ഇന്‍ഡ്യന്‍ ലൈസന്‍സ് എടുക്കുക

ചെയ്യേണ്ട ആദ്യ പടി നാട്ടില്‍ ആയിരിക്കുമ്പോള്‍ ഒരു ലൈസന്‍സ് ഒപ്പിക്കുക.  നാട്ടില്‍ ലൈസന്‍സ് വലിയ കുഴപ്പം ഉള്ള സംഗതിയല്ല. ഒന്നു കാശെറിഞ്ഞാല്‍  ടെസ്ട് പോലും ഇല്ലാതെ കിട്ടും. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നിങ്ങളുടെ പാസ്സ്പോര്‍ട്ടില്‍ ഉള്ള പേരും ഡ്രൈവിങ് ലൈസന്‍സില്‍ ഉള്ള പേരും ഒന്നായിരിക്കണം. ഉദാഹരണമായി ലൈസന്‍സില്‍ ശ്രീരാജ് R എന്നും പാസ്സ് പോര്‍ട്ടില്‍ ശ്രീരാജ് രാമകൃഷ്ണപ്പിള്ള എന്നും ആണെങ്കില്‍ അമേരിക്കയില്‍ ലേണേഴ്സ് കഴിഞ്ഞു നേരെ ലൈസന്‍സ് കിട്ടില്ല. റോഡ് ടെസ്റ്റ് കൊടുക്കേണ്ടി വരും.അതുപോലെ ബുക്ക് ലൈസന്‍സ് ഉള്ളവര്‍ അത് കാര്‍ഡ് ആക്കുക.  

സ്റ്റെപ്പ് 2 - വിസ കിട്ടിയാല്‍ IDP എടുക്കുക


നിങ്ങള്‍ക്ക് വിസ കിട്ടുമ്പോള്‍ പെട്ടെന്ന് തന്നെ ഇന്‍റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ് എടുക്കുക. ജില്ല ആസ്ഥാനങ്ങളില്‍ ഉള്ള മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ പോയി നിങ്ങളുടെ വിസ കാണിച്ചാല്‍ അവര്‍ IDP(ഇന്‍റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ്) തരും. ഇത് ഉണ്ടെങ്കില്‍ അമേരിക്കയില്‍ വന്നയുടനെ തന്നെ ഡ്രൈവിങ് ചെയ്യാം. പക്ഷേ കുറച്ചു മാസങ്ങള്‍ മാത്രം.

സ്റ്റെപ്പ് 3 - അമേരിക്കന്‍ ലേണേഴ്സ് ലൈസന്‍സ് എടുക്കുക

എന്നിട്ട് അമേരിക്കയില്‍ വന്നിട്ട് ലേണേഴ്സ് ടെസ്റ്റ് എഴുതുക. ഇവിടെ അതിന് വിജ്ഞാന ടെസ്റ്റ് (Knowledge test) എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് നന്നായി ഡ്രൈവിങ് ടെസ്റ്റ് ബുക്ക് വായിച്ചു മനസിലാക്കി പഠിച്ചു എഴുതുക. ലേണേഴ്സ് ടെസ്റ്റിന് മുന്പ് അവര്‍ കണ്ണ്‍ പരിശോധിക്കും. നാട്ടിലെ പോലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തേണ്ട. മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ തന്നെ കണ്ണ്‍ പരിശോദിക്കണ മെഷിന്‍ ഉണ്ട്. മിക്കവാറും ലേണേഴ്സുപാസ്സാകുമ്പോള്‍  ഇന്‍ഡ്യന്‍ ലൈസന്‍സ് കാണിച്ചാല്‍ അമേരിക്കന്‍ റോഡ് ടെസ്റ്റ് എടുക്കാതെ  അമേരിക്കന്‍ ലൈസന്‍സ് കിട്ടും.

സാധാരണയായി ധാരാളം ഇന്‍ഡ്യന്‍സുതാമസിക്കുന്ന .ന്യൂ ജേഴ്സി, ന്യൂ യോര്‍ക്ക്സ്ഥലങ്ങളില്‍ ആണ് ഇങ്ങനെ റോഡ് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ്കിട്ടുന്നത്. അല്ലാത്ത സ്ഥലങ്ങളില്‍ ചിലപ്പോള്‍ റോഡ് ടെസ്റ്റ് വേണ്ടി വരും.

ഡീസന്‍റ് ആയി ഉപദേശങ്ങള്‍ കേട്ടു കാര്യങ്ങള്‍ മണിമണിപോലെ ചെയ്യുന്നവര്‍ക്ക് ഇവിടെ വച്ച് വായന നിറുത്താം. ഇവാന്‍ ആരെടാ എന്നെ പഠിപ്പിക്കാന്‍ എന്നു തോന്നുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് ഇനിയും വായിക്കാം. ആവശ്യം വരും.


ഈ പറഞ്ഞത് എല്ലാം വിചാരിച്ചപ്പോലെ നന്നായി നടക്കുന്ന ഒരു സന്ദര്‍ഭത്തില്‍ ആണ്. എല്ലാം വളരെ സുഖമായി നീങ്ങിയാല്‍ എന്താണ് ഒരു ത്രില്ല് ഉള്ളത്. കുറച്ചൊക്കെ ബുദ്ധിമുട്ട് വേണ്ടേ ജീവിതത്തില്‍. എന്‍റെ അനിയത്തി 10 ക്ലാസില്‍ പഠിക്കുമ്പോള്‍ അവളോടു പറഞ്ഞു നന്നായി പഠിക്കേടി പഠിക്കേടി എന്നു. ഞാന്‍ അവളുടെ മുന്‍പെ SSLC പാസ് ആയതുകൊണ്ട് എനിക്കു എന്തു വേണമെങ്കിലും പറയാമല്ലോ. അവള്‍ അവളുടെ ഒരു രീതിക്ക് പഠിച്ചു കൊള്ളാവുന്ന മാര്‍ക്ക് വാങ്ങി. +2 വിന് പഠിക്കുമ്പോഴും പറഞ്ഞു നന്നായി പഠിക്കേടി എന്നു. അവിടേയും അവള്‍ അവളുടെ രീതി വച്ച്  പഠിച്ചു. എന്നിട്ട്+2 പാസ്സായി കഴിഞ്ഞപ്പോള്‍ പറഞ്ഞു.അമ്മേ ഇതുപോലെ ഞാന്‍ പത്താം ക്ലാസ് പരീക്ഷക്ക്  പഠിച്ചിരുന്നെങ്കില്‍ എനിക്കു റാങ്ക് കിട്ടിയേനെ. അപ്പോള്‍ തോന്നും പ്ലസ്2 വിന് റാങ്ക് കിട്ടിയോ എന്നു? അതുപോലെ BSc എക്സാം കഴിഞ്ഞപ്പോഴും അവള്‍ പറഞ്ഞു ഇതുപോലെ +2 വിന് പഠിച്ചെങ്കില്‍ റാങ്ക് കിട്ടിയേനെ എന്നു.

അപ്പോള്‍ പറഞ്ഞു വന്നത് ഉപദേശത്തില്‍ ഒന്നും വലിയ കാര്യമില്ല. എന്തൊക്കെ പറഞ്ഞാലും ചിലര്‍ അനുഭവിച്ചേ പടിക്കു.ഞാനും പല പല സൈറ്റുകള്‍ കയറിയിറങ്ങി ഇതൊക്കെ മനസിലാക്കി വച്ചതാണ്. എന്നിട്ടും എനിക്കു റോഡ് ടെസ്റ്റ് എടുക്കേണ്ടി വന്നു. അങ്ങനെ എന്നെപ്പോലെ അല്ലറ ചില്ലറ തരികിട ടീമുകള്‍ക്ക് വേണ്ടിയുള്ളതാണ് ഇനി എഴുതിയിരിക്കുന്നത്. അതായത് മുകളില്‍ പറഞ്ഞപോലെ ചെയ്യാതെ വരുമ്പോള്‍ അവിടെ നിന്നും കരകയറാനുള്ള വഴികള്‍. സോഫ്റ്റ്വെയര്‍ മേഘലയില്‍ ഇതുപോലെയാണ് . നമ്മള്‍ അഭിമുഖീകരിച്ച കാര്യങ്ങളും പ്രശ്നങ്ങളും, എങ്ങിനെ അത് മറികടന്നു എന്നും വച്ച് ജൂനിയര്‍ പിള്ളേരോട് ഇങ്ങനെ ചെയ്യേട എന്നു പറഞ്ഞാല്‍ അവര്‍ കേള്‍ക്കില്ല. പ്രൊഡക്ഷന്‍ പൊട്ടിയാല്‍ മാത്രമേ അവര്‍ പഠിക്കൂ. അങ്ങനെ ഇപ്പോള്‍ ഒരു വഴി പറയുമ്പോള്‍ അതിലെ പോകാതെ വേറെ വഴിക്കു പോയി പണികിട്ടി അവിടെനിന്നു എങ്ങിനെ കരകയറാം എന്നു കൂടി പറയുന്ന ഒരു ശീലം വന്നു.

പ്രോബ്ലം 1 - ഡ്രൈവിങ് അറിയാത്തത്

വിധി എന്നെ പറയാന്‍ പറ്റൂ. അമേരിക്കയില്‍ വന്നിട്ട് അപ്പോള്‍ ഡ്രൈവിങ് പഠിക്കണം. എന്നിട്ട് ലൈസന്‍സ് എടുക്കണം ഒരുമാതിരി 500 ഡോളര്‍ ചിലവാക്കാനുള്ള ഒരു ചാന്‍സ് കിട്ടി. ഒരു മെച്ചം എന്നു പറയുന്നതു ഇന്‍ഡ്യയില്‍ റോഡിന്‍റെ ഇടതുഭാഗം ചേര്‍ന്ന് ഓടിച്ചവര്‍ക്ക് പെട്ടെന്ന് വലതുവശം ചേര്‍ന്ന് ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇത്തരക്കാര്‍ക്ക് ഉണ്ടാകില്ല.

പ്രോബ്ലം 2 - ഇന്‍ഡ്യന്‍ ലൈസന്‍സ് എടുക്കാത്തത്

ഡ്രൈവിങ് അറിഞ്ഞിട്ടു ഇന്‍ഡ്യയില്‍ നിന്നും ലൈസന്‍സ് എടുക്കാതെ വരുന്നവനെ തിരണ്ടിവാലിന് അടിക്കണം. അമേരിക്കയില്‍ വരുമ്പോള്‍ ഡ്രൈവിങ് പഠിക്കാന്‍ വേറെ കാശുമുടക്കില്ല എന്നു മാത്രമേ ഒരു മെച്ചം ഉള്ളൂ.

പ്രോബ്ലം 3 - പാസ്സ്പോര്‍ട്ടിലെ പേരിലും ഇന്‍ഡ്യന്‍ ലൈസന്‍സില്‍ ഉള്ള പേരും തമ്മിലുള്ള വ്യത്യാസം 

പറ്റിയാല്‍ നാട്ടില്‍ വച്ച് തന്നെ ഡ്രൈവിങ് ലൈസന്‍സില്‍ ഉള്ള പേര്‍ തിരുത്തിയാല്‍ നന്നായിരിക്കും. അല്ലെങ്കില്‍ റോഡ് ടെസ്റ്റ് എടുക്കേണ്ടിവരും. കാരണം ഇന്‍ഡ്യന്‍ ലൈസന്‍സില്‍ ഉള്ള ആളും പാസ്സ്പോര്‍ട്ടില്‍ പറഞ്ഞ ആളും ഒന്നാണോ എന്നു അവര്‍ക്ക് തിരിച്ചറിയാണ്‍ പറ്റില്ല.

പ്രോബ്ലം 4 - ഇന്‍ഡ്യന്‍ ബുക്ക് ലൈസന്‍സ് കൊണ്ട് വരുന്നത്

ഇന്‍ഡ്യയില്‍ ഇപ്പോള്‍ നിലവില്‍ ഉള്ള ലൈസന്‍സ് ബുക്ക് മോഡല്‍ അല്ല. ഒരു കാര്‍ഡ് പോലെയാണ്. ആ ലൈസന്‍സ് ആണ് ഇവിടെ അമേരിക്കയില്‍ അംഗീകരിക്കുന്നത്. എന്നെപ്പോലെ 2003 നു മുന്‍പെ ബുക്ക് ലൈസന്‍സ് എടുത്തവര്‍ അത് കാര്‍ഡ് ലൈസന്‍സ് ആക്കി ഇവിടെ വന്നാല്‍ അവര്‍ക്ക് റോഡ് ടെസ്റ്റ് കൊടുക്കേണ്ടെ.

ഇത് കേട്ടാല്‍ തോന്നും ഞാന്‍ അവിടെ നിന്നും എന്‍റെ ബുക്ക് ലൈസന്‍സ് കാര്‍ഡ് ആക്കിയിട്ടാണ് വന്നതെന്ന്‍? ഞാന്‍ അങ്ങിനെ ചെയ്യോ?

പ്രോബ്ലം 5 - IDP ഇല്ലാത്തത്

IDP ഇല്ലെങ്കില്‍ അമേരിക്കയില്‍ വന്നപ്പാടെ വണ്ടിയോടിക്കാന്‍ പറ്റില്ല എന്നേയുള്ളൂ. പിന്നെ ലൈസന്‍സ് എടുത്താല്‍ മതി.ഇനിയിപ്പോള്‍ ഐ‌ഡി‌പി ഉണ്ടെങ്കിലും അതുപയോഗിച്ച് കുറച്ചു കാലത്തേക്കേ ഓടിക്കാന്‍ പറ്റൂ..

പ്രോബ്ലം 6 - പഠിക്കാതെ ലേണേഴ്സ് /Knowledge ടെസ്റ്റ് എഴുതുന്നതു 

ഇന്‍ഡ്യന്‍ ലേണേഴ്സ് ടെസ്റ്റ് ഒരു പ്രഹസനം ആണ്. അത്യാവശ്യം ബുദ്ധി ഉള്ളവന് എങ്ങിനെ പോയാലും പാസ്സ് ആകാം. ചെറിയ ഒരു ബുക്ക് ആണ്. അതില്‍ ഉള്ള ചോദ്യങ്ങളെ വരൂ. പക്ഷേ ഇവിടെ പണി കിട്ടും. മനസിലാക്കി തന്നെ പഠിക്കണം. ചോദ്യങ്ങള്‍ തല തിരിച്ചും മറിച്ചും വരും. 

നമ്മുടെ പേര്‍ പാസ്സ്പോര്‍ട്ടിലും ഇന്‍ഡ്യ ലൈസന്‍സിലും വേറെയാണെങ്കിലും, ബുക്ക് ലൈസന്‍സ് ആണെങ്കിലും ഉള്ള ഒരു മെയിന്‍ പ്രശ്നം , റോഡ് ടെസ്റ്റ് എടുക്കേണ്ടി വരും എന്നതാണ്. എന്താണ് റോഡ് ടെസ്റ്റ് എന്നു നോക്കാം.

അമേരിക്കന്‍ / ന്യൂജേഴ്സി റോഡ് ടെസ്റ്റ്

ഞാന്‍ ന്യൂജേഴ്സിയില്‍ എടുത്തതുകൊണ്ടാണ് അങ്ങനെ ഹെഡിങ് വച്ചത്. വേറെ അമേരിക്കന്‍ സ്റ്റേറ്റുകളില്‍ വേറെ മാതിരി ആയിരിക്കാം. നാട്ടില്‍ ഇന്‍ഡ്യന്‍ കാര്‍ ലൈസന്‍സ് എടുക്കണമെങ്കില്‍ അവര്‍ നോക്കുന്നത് നേരെ ഓടിക്കാന്‍ അറിയുമോ എന്നും, H പോലെ വണ്ടിയെടുക്കാന്‍ അറിയുമോ എന്നുമാണ്. ഇവിടെ അമേരിക്കയില്‍ നോക്കുന്നത്, നേരെ വണ്ടിയോടിക്കാന്‍ അറിയുമോ എന്നും, K ടേണ്‍, U ടേണ്‍ എന്നിവ എടുക്കാന്‍ പറ്റുമോ എന്നും, പാരല്ലേല്‍ പാര്‍ക്കിങ് ചെയ്യാന്‍ പറ്റുമോ എന്നും ഒക്കെ ആണ്. ഇതൊക്കെ എന്താണ് എന്നു ചുമ്മാ ഗൂഗിള്‍ ചെയ്താല്‍ കിട്ടും. നമ്മുടെ പ്രശ്നം എന്നു പറയുന്നതു വേറെ ചിലതാണ്.

ഒന്നാമതായി അമേരിക്കയില്‍ ഒരു വണ്ടി കിട്ടണം. നാട്ടിലെപ്പോലെതന്നെ ഏത് വണ്ടിയിലും ടെസ്റ്റ് കൊടുക്കാം. ഡ്രൈവിങ് സ്കൂള്‍ വണ്ടി വേണമെന്നില്ല.. ഡ്രൈവിങ് സ്കൂള്‍ വണ്ടി ആണെങ്കില്‍ മെച്ചം അതില്‍ പാരല്ലേല്‍ പാര്‍ക്കിങ് ചെയ്യാന്‍ എളുപ്പമാണ് എന്നതാണ്. അവിടെയും ഇവിടെയും ഒക്കെ സ്റ്റിക്കര്‍ ഉണ്ടാകും. വച്ചിരിക്കുന്ന വടി ആ സ്റ്റിക്കര്‍നു അമേരിക്കയില്‍ ഗിയര്‍ മാറ്റല്‍ എന്നൊരു പരിപാടി ഇല്ലാത്തതുകൊണ്ട് വണ്ടി ഓഫ് ആകില്ല. അങ്ങനെ നമ്മള്‍ ഡ്രൈവിങ് സ്കൂള്‍ വണ്ടി അന്വേഷിച്ചാല്‍ പല പല റേറ്റില്‍ ഉണ്ട്. ചിലര്‍ ഒരു മണിക്കൂര്‍ നേരത്തെ പഠനത്തിന് 45$ ചോദിക്കും. ടെസ്റ്റ് കൊടുക്കണമെങ്കില്‍ വേറെ 100$. പിന്നെ ടെസ്റ്റ് കഴിഞ്ഞു ലൈസന്‍സ് പ്രിന്‍റ് ചെയ്യുന്നത് വരെ കത്ത് നില്‍ക്കണമെങ്കില്‍ വേറെ 45$ അങ്ങനെ. 

ഞാന്‍ എടുത്തത് "1 മണിക്കൂര്‍ പരിശീലനം, അത് കഴിഞ്ഞു ടെസ്റ്റിന് വണ്ടി വേണം, എന്നെ ഓഫീസില്‍ നിന്നും കൊണ്ടുപോണം തിരിച്ചു വിടണം" എന്നുള്ള ഒരു കണ്ടിഷന്‍ ആയിരുന്നു. മൊത്തം 135$. പിന്നെ ടെസ്റ്റ് പാസായപ്പോള്‍ ആക്രാന്തം മൂത്ത് ചേട്ടാ എത്ര ചിലവായാലും കുഴപ്പമില്ല ലൈസന്‍സ് പ്രിന്‍റ് ചെയ്യുന്നത് വരെ വെയിറ്റ് ചെയ്യൂ എന്നുപറഞ്ഞപ്പോള്‍ പുള്ളി ഒന്നും പറയാതെ ഒരു 45$ കൂടെ വാങ്ങി. അങ്ങനെ മൊത്തം 180$ പൊട്ടി. നാട്ടില്‍ നിന്നും ബുക്ക് ലൈസന്‍സ് കാര്‍ഡ് ലൈസന്‍സ് ആക്കി കൊണ്ട് വന്നിരുന്നെങ്കില്‍ ഈ ഒരു പ്രശ്നം ഉണ്ടാവില്ലായിരുന്നു..

രണ്ടാമത്തെ പ്രശ്നം റോഡ് ടെസ്റ്റ് എവിടെയാണ് എന്നുള്ളതാണ്. അമേരിക്കയില്‍ / ന്യൂജേഴ്സിയില്‍ ചിലയിടങ്ങളില്‍ DMV (Department of Motor Vechile) ഓഫീസിനോട് ചേര്‍ന്ന് ടെസ്റ്റ് നടത്താനുള്ള പ്രത്യേക റോഡ് ഉണ്ട്. അതാകുമ്പോള്‍ ടെസ്റ്റ് നടക്കുമ്പോള്‍ വേറെ വണ്ടികള്‍ വരില്ല. അവിടെ തന്നെ പാരല്ലേല്‍ പാര്‍ക്കിങ്, K ടേണ്‍,U ടേണ്‍ ഒക്കെ എടുക്കാന്‍ സ്ഥലമുണ്ട്. എനിക്കു ടെസ്റ്റ് കിട്ടിയതു വേറെ ഒരു സ്ഥലമാണ്. അത് വേണമെങ്കില്‍ നമുക്ക് അവരുടെ വെബ് സൈറ്റില്‍ കയറി മാറ്റാം . പക്ഷേ ഞാന്‍ പിന്നെ പിന്നെ എന്നു വിചാരിച്ച് ചെയ്തില്ല. അപ്പോള്‍ പറഞ്ഞു വന്നത് ,റോഡ് ടെസ്റ്റ് അടിച്ചു കിട്ടിയാല്‍ പെട്ടെന്നു തന്നെ സ്ഥലം നോക്കി അവിടെ ടെസ്റ്റ് റോഡ് ഇല്ലെങ്കില്‍ സ്ഥലം മാറ്റുക. ഓരോ സമയത്തും ഒരു നിശ്ചിത ആളുകള്‍ക്ക് മാത്രമേ റോഡ് ടെസ്റ്റ് നടത്താന്‍ പറ്റൂ. നേരം വൈകിക്കഴിഞ്ഞാല്‍ അവിടെ സ്ലോട്ട് കിട്ടില്ല.

പിന്നെ തോറ്റാലത്തെ കാര്യം. ഒരു പേടിയും വേണ്ട. ലേണേഴ്സ് ആണെങ്കില്‍  വീണ്ടും എഴുതാന്‍ വേറെ പൈസ ഇല്ല. റോഡ് ടെസ്റ്റ് ആണെങ്കില്‍ ഡ്രൈവിങ് സ്കൂള്‍ ടീമുകള്‍ക്ക് വീണ്ടും പൈസ കൊടുക്കേണ്ടി വരും.

അഭിപ്രായങ്ങളൊന്നുമില്ല: