2016, ഫെബ്രുവരി 13, ശനിയാഴ്‌ച

ഹോമോ ഇവലൂട്ടസ്

ഹോമോ ഇവലൂട്ടസ് / Homo Evolutis

ഇവലൂട്ടസ് എന്നോ ഇവലൂട്ടിസ് എന്നോ ഒക്കെ വായിക്കാം. പക്ഷെ ഇംഗ്ലീഷ് വീഡിയോ കണ്ടത്തിൽ അവർ ഉച്ചരിക്കുന്നത് ഇവലൂട്ടസ് എന്നാണ്. ആദ്യം മലയാളത്തിൽ ഈ വാക്ക് ഇൻറർനെറ്റിൽ എഴുതുന്നത് ഞാൻ ആണെന്ന് തോന്നുന്നു. അതുകൊണ്ട് ഇവലൂട്ടസ് എന്നാക്കാം.

പരിണാമം

മാറ്റമില്ലാത്തത് ഒന്നുമാത്രം. അതാണ് മാറ്റം. എന്ന് പറയുമ്പോൾ അത് ജീവികൾക്കും ബാധകമാണ്. ഇന്ന് കാണുന്നപോലെ അല്ലായിരുന്നു മുന്പ് ജീവികൾ. പ്രകൃതിയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചു രൂപമാറ്റങ്ങൾ വരുന്നുണ്ട്. ഭൂരിഭാഗം മാറ്റങ്ങളും ആയിരക്കണക്കിനും ലക്ഷക്കണക്കിനും വർഷങ്ങൾ എടുത്തിട്ടാണ് നടക്കുന്നത്. നമ്മുടെ 9  വയസിലും 10 വയസിലും എടുത്ത ഫോട്ടോകൾ നോക്കിയാൽ വലിയ വ്യത്യാസം ഉണ്ടാകില്ല. പക്ഷെ 10 വയസിലും 40 വയസിലും എടുത്ത ഫോട്ടോകൾ നോക്കിയാൽ വലിയ വ്യത്യാസം കാണാം. അതുപോലെതന്നെയാണ് പരിണാമവും ഒരു അടുത്തടുത്ത 2 തലമുറകൾ നോക്കിയാൽ വലിയ വ്യത്യാസം കാണില്ല. പക്ഷെ അധികം കാലവ്യത്യാസം ഉള്ള തലമുറകൾ എടുത്താൽ വലിയ വ്യത്യാസം കാണാം. കുറെ കഴിയുമ്പോൾ അവ വേറെ ഒരു ജീവി വര്ഗം തന്നെയായി മാറുന്നു. ഏതു തലമുറ മുതൽ ആണ് പുതിയ ജീവി എന്ന് ചോദിച്ചാൽ നമുക്ക് ശരിയായി എടുത്തു കാണിക്കാൻ പറ്റില്ല.

എല്ലാ പരിണാമങ്ങൾക്കും ആയിരക്കണക്കിന് വർഷങ്ങൾ വേണോ എന്ന് ചോദിച്ചാൽ വേണ്ട എന്നാണുത്തരം. തലമുറകൾ അല്ലെങ്കിൽ ഒരു ജീവിയുടെ ആയുർദൈർഘ്യം ആണ് പരിണാമം തീരുമാനിക്കുന്നത്.  ദിവസങ്ങൾ ജീവിക്കുന്ന ബാക്ടീരിയകൾ ആണെങ്കിൽ നമുക്ക് പരിണാമം വേഗത്തിൽ കാണാൻ പറ്റും.

ബാക്ടീരിയ വരെ പോകണമെന്നില്ല. ഉദാഹരണങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ട്. നാട്ടിൽ കണ്ടു വരുന്ന 'ലൗ ബേഡ്സ്' എന്ന പക്ഷി വർഗം അതിനു ഉദാഹരണമാണ്‌. മനുഷ്യൻ കൂട്ടിലിട്ടു വളർത്തി, ഇപ്പോൾ അതിനു കൂട്ടിൽ നിന്നും പുറത്തു വിട്ടാൽ ജീവിക്കാൻ പറ്റാതായിരിക്കുന്നു. അതുപോലെ വിവിധ വർഗത്തിൽ പെട്ട നായകൾ അതുപോലെ കൃഷി ചെയ്യുന്ന സസ്യങ്ങൾ . അവയെ മനുഷ്യൻ കൃത്രിമമായി അവന്റെ ആവശ്യത്തിനു വേണ്ടി ഉണ്ടാക്കിയെടുത്തതാണ്. പല വർഗങ്ങളും പണ്ട് ഉണ്ടായിരുന്നില്ല. അതുപോലെ ചില നായ്‌ വർഗങ്ങൾക്ക് മനുഷ്യൻ ഇല്ലെങ്കിൽ നിലനിൽക്കാൻ കഴിയും എന്നും തോന്നുന്നില്ല. ബുൾ ഡോഗ് എന്ന ഇനത്തിൽ ഇപ്പോൾ പ്രസവം നടക്കുന്നത് സിസേറിയൻ മൂലമാണ്. വലിയ തല ആയതുകൊണ്ട് സാധാരണ പ്രസവം വളരെ ബുദ്ധിമുട്ടാണ്.   

ഭാഷയുടെ പരിണാമം 

ഭാഷയും ഏതാണ്ട് ഇതുപോലെയാണ്. പഴയ ഒരു 200ഓ 300 കൊല്ലം മുൻപുള്ള മലയാളം ഇപ്പോൾ ഉള്ള മലയാളികൾക്ക് ശരിക്കും മനസിലാകണം എന്നില്ല. അതുപോലെ തൃശൂർ നിന്നും മലപ്പുറത്ത്‌ ചെല്ലുമ്പോൾ ഭാഷ ചെറുതായി മാറുന്നത് കാണാം. പക്ഷെ ആ വഴിയിൽ തൊട്ടടുത്തുള്ള ഏത് 2 വീടുകള എടുത്താലും അവരുടെ ഭാഷയിൽ വലിയ വ്യത്യാസം ഉണ്ടാകില്ല.

മനുഷ്യ പരിണാമം

ഭാഷ പരിണമിച്ചു. മൃഗങ്ങൾ പരിണമിച്ചു. അത് എല്ലാവർക്കും മനസിലാകും അംഗീകരിക്കും. അതുപോലെയാണ് മനുഷ്യനും എന്ന് പറഞ്ഞാൽ കുറച്ചു ബുദ്ധിമുട്ടാകും. ഇനി മനസിലായാലും അംഗീകരിക്കൻ ഒരു വൈമനസ്യം. ഞാൻ മൃഗം ആണോ? കുരങ്ങ് പോലുള്ള ഒരു മൃഗത്തിൽ നിന്നാണോ ഞാൻ ഉണ്ടായത്? ഏയ്‌ ഒരിക്കലും ഇല്ല.

അംഗീകരിച്ചാലും ഇല്ലെങ്കിലും ഇപ്പോൾ നിലവിൽ ഉള്ള തെളിവുകൾ വച്ച് സത്യം അതാണ്. സത്യം എന്നാൽ തെളിവുകൾ വച്ച് പറയുന്നത് ആണല്ലോ? ഇനി മറിച്ചു തെളിവുകൾ വന്നാൽ അല്ല എന്ന് പറയേണ്ടി വരും. 

കുരങ്ങു പോലുള്ള ഒരു പൂർവികനും, ആധുനിക മനുഷ്യനും ഇടയിൽ ഒട്ടേറെ വർഗങ്ങൾ ഉണ്ട്. കുറെ ഫോസ്സിലുകൾ കിട്ടിയിട്ടുണ്ട്. ഓരോ കാലഘട്ടങ്ങളിൽ ആയി പ്രകടമായ ഒരു മാറ്റം കാണുമ്പൊൾ അവരെ ഒരു വർഗമായി പരിഗണിക്കുന്നു. നേരത്തെ പറഞ്ഞപോലെ അമ്മ ഒരു വർഗ്ഗവും മോൾ വേറെ വർഗ്ഗവും എന്ന് ഒരിക്കലും വേർതിരിക്കാൻ ആകില്ല. അങ്ങനെയുള്ള ഓരോ മനുഷ്യ പൂർവികവർഗങ്ങൾ ആണ് ഹോമോഹാബിലിസ്, ഹോമോ എറെക്റ്റസ് തുടങ്ങിയവ. ചിലർ നിവർന്നു നിൽക്കുന്നവരായിരുന്നു, ചിലർ ആയുധങ്ങൾ ഉപയോഗിച്ച് തുടങ്ങി അങ്ങനെ പോകുന്നു പ്രകടമായ മാറ്റങ്ങൾ. പുതിയ അനുകൂലനങ്ങൾ ആയ ആയുധം ഉപയോഗിക്കൽ ഒക്കെ വരുമ്പോൾ ആ വർഗത്തിന് അതിജീവനശേശി കൂടുന്നു. പഴയവർ പടി പടിയായി ഇല്ലാതാകുന്നു അല്ലെങ്കിൽ ആയുധം ഉപയോഗിച്ച് പുതിയ വര്ഗമായി മാറുന്നു അല്ലെങ്കിൽ അതിൽ ലയിച്ചു ചേരുന്നു.

പണ്ട് എല്ലാവരും ടൈപ്പ് റൈറ്റർ ഉപയോഗിച്ചിരുന്നു. ഇപ്പോൾ എല്ലാവരും കമ്പ്യൂട്ടർ ആണ്. പണ്ട് ടൈപ്പ് റൈറ്റർ ഉപയോഗിച്ചവർ ഒന്നുകിൽ കമ്പ്യൂട്ടർ പഠിച്ചു അല്ലെങ്കിൽ അവരുടെ ജോലി പോയി. ഇന്ന ദിവസം മുതൽ ആണ് ടൈപ്പ് റൈറ്റർ യുഗം മാറി കമ്പ്യൂട്ടർ യുഗം ആയത് എന്ന് പറയാൻ പറ്റില്ല.

മനുഷ്യന്റെ അടുത്ത പരിണാമം 

പരിണാമം ഇപ്പോഴും തുടരുന്ന ഒരു പ്രക്രിയ ആണ്. ഹോമോ സാപ്പിയൻസ് കഴിഞ്ഞാൽ ശേഷം ആര് എന്ന ചോദ്യത്തിന് ചില ശാസ്ത്രഞ്ജന്മാർ നൽകുന്ന ഉത്തരമാണ് ഹോമോ ഇവലൂട്ടസ്. Juan Enríquez and Steve Gullans എന്നിവരാണ്‌ അതിൽ പ്രമുഖർ.

ഹോമോ ഇവലൂട്ടസ് - മുഖ്യ പ്രത്യേകതകൾ 

പലരും പല പ്രത്യേകതകൾ പറയുന്നുണ്ട് എങ്കിലും പ്രകടമായ കഴിവ് താഴെ  പറയുന്നതാണ്.

ഈ ജീവി വർഗത്തിന് സ്വന്തം പരിണാമം നിയന്ത്രിക്കാനുള്ള. കഴിവ് ഉണ്ടായിരിക്കും. സ്വന്തം ഡി.എൻ.എ യിൽ സാഹചര്യത്തിന് അനുസരിച്ച് അവർ മാറ്റം വരുത്തും.

ഹോമോ സാപ്പിയൻസിനെക്കാളും ബുദ്ധി കൂടുതൽ ആയിരിക്കും. ബുദ്ധി കൂട്ടുന്നതിനു യന്ത്രങ്ങൾ ഉപയോഗിക്കപ്പെടാം. എല്ലാ ഹോമോ ഇവലൂട്ടസും തമ്മിൽ വാർത്താവിനിമയം ഉണ്ടായിരിക്കും.അതിനു തലച്ചോറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കപ്പെടാം.

മറ്റു പ്രത്യേകതകൾ 

ശരീരത്തിൽ ഇലക്ട്രോണിക് ഘടകങ്ങൾ ഉണ്ടായിരിക്കാം. ഏതു അവയവവും മാറ്റി വയ്ക്കാൻ സാധിക്കും. അവയവങ്ങൾ ജൈവമോ, ഇലക്ട്രോണിക് ഘടകങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയതോ ആകാം. അവയവങ്ങൾ ഹോമോ സാപ്പിയന്സിന്റെ അവയവങ്ങളെക്കാളും കഴിവുകൾ ഉള്ളതായിരിക്കും. ഉദാഹരണമായി അൾട്രാവയലറ്റ് രശ്മികൾ കാണാനുള്ള,വിദൂര ശേഷിയുള്ള,  ബാക്ടീരിയകളെ കാണാൻ പറ്റുന്ന കണ്ണ്. 

ക്ലോണിംഗ് അല്ലെങ്കിൽ അതിലും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കപ്പെടുന്നതുകൊണ്ട്  പുതിയ തലമുറയെ ഉണ്ടാക്കുന്നതിനു ലൈംഗികബന്ധം ആവശ്യമില്ലതിരിക്കാം. അതുമൂലം വിവാഹം എന്ന സാമൂഹ്യആചാരം ഉണ്ടാകാൻ സാധ്യതയില്ല. മരണം വളരെ കുറവായതുകൊണ്ട്, പ്രത്യുൽപ്പാദനം വേണ്ടെന്നു വരാം അല്ലെങ്കിൽ നിയന്ത്രിക്കപ്പെടാം.

ഹോമോ സാപ്പിയന്സിന്റെ ഭാവി 

ഹോമോ സാപ്പിയൻസ് ജീവിവർഗം അഥവാ ഇപ്പോൾ ഉള്ള മനുഷ്യർ പുതിയ ജീവി വർഗവുമയി ലയിച്ചു ചേരും. അതായത് ഹോമോ സാപ്പിയൻസ് പതുക്കെ ഹോമോ ഇവലൂട്ടസ് ആയി മാറും. അല്ലാത്തവർക്ക് കൂടുതൽ കഴിവുകൾ ഉള്ള ഹോമോ ഇവലൂട്ടസുമായി മത്സരിച് അതിജീവിക്കാൻ സാധ്യല്ലാതെ വരും.

അപ്പോഴും കൃത്യമായ ഒരു വേർതിരിവ് നമുക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞു എന്ന് വരില്ല. ഇപ്പോഴത്തെ മനുഷ്യരിൽ ചിലർ ഞാൻ ശരീരത്തിൽ ഇലക്ട്രോണിക് യന്ത്രഭാഗങ്ങൾ ഉപയോഗിക്കില്ല എന്ന് വാശിപിടിച്ചു കുറച്ചു കാലം പിടിച്ചു നിൽക്കുമായിരിക്കും. പക്ഷെ അവരുടെ മക്കൾ ക്രമേണ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പുതിയ വർഗത്തിൽ ലയിച്ചു ചേരും.അങ്ങനെ കുറെ കാലങ്ങൾ കഴിഞ്ഞാൽ പുതിയ ജീവി വർഗം മാത്രം ആയിരിക്കും.

ഹോമോ ഇവലൂട്ടസ് v/s ഹോമോ സാപ്പിയൻസ്

ചില സിനിമകളിൽ മനുഷ്യരും യന്ത്രങ്ങളും തമ്മിൽ യുദ്ധം ഉണ്ടാകുന്നതുപോലെ ഈ രണ്ടു വർഗങ്ങളും തമ്മിൽ ഒരു യുദ്ധം ഉണ്ടാകാൻ സാധ്യതയില്ല. ഒരു പക്ഷെ വികസിത രാജ്യങ്ങളിൽ ഉള്ളവർ ആയിരിക്കാം ആദ്യം ഹോമോ ഇവലൂട്ടസ് ആകുന്നത്. സാമ്പത്തികം ആയിരിക്കാം ഈ പരിണാമം നിയന്ത്രിക്കുന്നത്. അങ്ങനെ ആകുമ്പോൾ കുറച്ചു കാലത്തേക്ക് എങ്കിലും ഈ രണ്ടു ജീവി വർഗങ്ങളും ഒരുമിച്ചു ഭൂമിയിൽ ജീവിക്കും

പുതിയ ജീവി വർഗത്തിന് ബുദ്ധി കൂടുത്തൽ ആയതുകൊണ്ട് ഹോമോ സാപ്പിയൻസിനെ അവർ ഇപ്പോൾ മനുഷ്യൻ മറ്റു മൃഗങ്ങളെ നിയന്തിക്കുന്നതുപോലെ നിയന്ത്രിക്കും. ഹോമോ സാപ്പിയൻസ് ചിലപ്പോൾ പഠനാവശ്യത്തിനായി മ്യൂസിയത്തിൽ അല്ലെങ്കിൽ ലബോറട്ടറികളിൽ സംരക്ഷിക്കപ്പെടാം.

ഹോമോ ഇവലൂട്ടസ് / വേറെ വല്ല പേരും ആണോ 

അല്ലെങ്കിലും പേരിൽ എന്തിരിക്കുന്നു? ചില ശാസ്ത്രഞ്ജന്മാർ വേറെ പല പേരുകളും പുതിയ ഈ വർഗത്തിനു കൊടുക്കുന്നുണ്ട്. ഉദാഹരണമായി ഹോമോ ഒപ്‌റ്റിമസ്‌. ചിലപ്പോൾ ഹോമോ സാപ്പിയൻസിനും ഹോമോ ഇവലൂട്ടസിനും ഇടക്ക് ആയിരിക്കാം ഹോമോ ഒപ്‌റ്റിമസ്‌. ഹോമോ ഒപ്‌റ്റിമസിന് ശരീരത്തിൽ യന്ത്രഭാഗങ്ങൾ ഉണ്ടായിരിക്കാം. ഇലക്ട്രോണിക് ആയി മറ്റുള്ളവരോട് ശരീരഭാഗങ്ങൾക്ക് തന്നെ വാർത്ത‍ വിനിമയം നടത്താം. പക്ഷെ സ്വന്തം പരിണാമം നിയന്ത്രിക്കാൻ പറ്റില്ല. പിന്നെ അത് നിയന്ത്രിക്കാൻ പറ്റുമ്പോൾ ഹോമോ ഇവലൂട്ടസ്.

ഇപ്പോൾ നിലവിൽ ഇങ്ങനെ ഒരു വർഗം ഇല്ലാത്തതുകൊണ്ട് അത് ഉണ്ടായി വരുമ്പോൾ എന്ത് പേരായിരിക്കും കൊടുക്കുക അല്ലെങ്കിൽ അവർ സ്വീകരിക്കുക എന്ന് കാത്തിരുന്നു കാണേണ്ടി വരും. എനിക്ക് കാണാൻ പറ്റിയില്ലെകിലും എൻറെ മോൻ ജോഹന് പറ്റുമായിരിക്കും. 

കൂടുതൽ അറിവിലേക്ക് 

https://en.wikipedia.org/wiki/Human_evolution
പരിണാമം
https://www.ted.com/talks/juan_enriquez_shares_mindboggling_new_science
http://www.amazon.com/Homo-Evolutis-Kindle-Single-Books-ebook/dp/B004KSREFC

അഭിപ്രായങ്ങളൊന്നുമില്ല: