2016, ഫെബ്രുവരി 20, ശനിയാഴ്‌ച

ഒരു ഫാനിന്റെ കഥ

അച്ഛൻ ഒരു മോഹൻലാൽ ഫാൻ ആയതുകൊണ്ട് മാത്രമാണ് അയാൾക്കും ഒരു മോഹൻലാൽ ഫാൻ ആകേണ്ടി വന്നത് അല്ലെങ്കിൽ ആളുകൾ അയാളെ അങ്ങനെ കണ്ടുതുടങ്ങിയത്. അച്ഛൻ മോഹൻലാൽ ഫാൻ ആയത് മുത്തച്ഛൻ ഒരു മോഹൻലാൽ ഫാൻ ആയതുകൊണ്ടായിരുന്നു. സത്യത്തിൽ മുത്തച്ഛൻ ആദ്യം സത്യൻമാഷിന്റെ ഫാൻ ആയിരുന്നു. അത് പക്ഷെ അദ്ദേഹത്തിന്റെ അച്ഛൻ ഒരു സത്യൻ ഫാൻ ആയിരുന്നത് കൊണ്ടല്ല. കാരണം ആ മുതുമുത്തച്ഛന്റെ കാലത്ത് സിനിമ വന്നിരുന്നില്ല. അന്ന് ആളുകൾ ഏതെങ്കിലും കഥകളിക്കാരനെയോ, തെയ്യം കെട്ടുന്ന ആളുടെയോ ഫാൻസ്‌ ആയിരുന്നു.

മുത്തച്ഛൻ ആയിരുന്നു മോഹൻലാലിൻറെ പുതിയ അഭിനയരീതികൾ ശരിക്ക് പറഞ്ഞാൽ ചമ്മുമ്പോൾ ഉള്ള ഒരു പ്രത്യേക ചിരി കണ്ടു,മോഡേൺ ആണെന്ന് കരുതി സത്യൻ ഫാൻസ്‌ അസോസിയേഷനിൽ നിന്നും മാറി മോഹൻലാൽ അസോസിയേഷനിൽ ചേർന്നത്. മുത്തച്ഛൻ ചേർന്നപ്പോൾ അദ്ദേഹം കുടുംബത്തെ മുഴുവൻ അങ്ങ് ചേർത്തു. അല്ലെങ്കിൽ കുടുംബത്തിൽ ആർക്കും അങ്ങേരെ ആ കാലത്ത് ധിക്കരിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. പണ്ട് സത്യൻ ഫാൻ ആയിരുന്ന കാലത്ത് ഒരു മധു ഫാനിന്നെ പ്രേമിച്ചതിനു മൂത്തമകളെ പടിയടച്ചു ആനയുടെ പിണ്ഡം തന്നെ വച്ച ആളാണ്. ഒരു ഫാൻസ്‌ അസോസിയേഷനിൽ പെട്ടവർ മറ്റൊരു ഫാൻസ് അസോസിയേഷനിൽ പെട്ടവരെ കല്യാണം കഴിക്കുന്ന രീതി പണ്ടേ ഇല്ലല്ലോ. സത്യൻ മരിച്ചതുകൊണ്ട് ഇനി പുതിയ പടങ്ങളിൽ പ്രത്യക്ഷപ്പെടില്ല എന്ന ഒരു കാരണവും ആ ഫാൻ മാറ്റത്തിനു പിന്നിൽ ഉണ്ടായിരുന്നു.

എല്ലാ ഫാൻസ്‌ അസോസിയേഷൻ മെംബേഴ്സും ചെയ്യുന്ന കാര്യങ്ങളും അയാളും പിന്തുടർന്ന് വന്നു. എല്ലാ ശനിയാഴ്ചയും തിയേറ്ററിൽ പോയി മോഹൻലാൽ സിനിമ കാണുക, മുന്പ് പലപ്രാവശ്യം കണ്ടതാണെങ്കിലും . പുതിയ സിനിമ ഒന്നും ഇല്ലെങ്കിൽ ഹിറ്റ്‌ ആയ സിനിമകൾ വീണ്ടും വീണ്ടും CD ഇട്ടു കാണും. വീട്ടിലുള്ള ചേട്ടന്മാരുടെയും ചേച്ചിമാരുടേയും, അതുപോലെ ബന്ധുക്കളുടെയും ഒക്കെ കുട്ടികളെ മോഹൻലാൽ ഡയലോഗുകൾ കാണാതെ പഠിപ്പിക്കുക. എല്ലാദിവസവും സന്ധ്യക്ക് മോഹൻലാൽ അഭിനയിച്ച പാട്ടുകൾ വീട്ടിൽ പാടുകയോ അല്ലെങ്കിൽ ഓഡിയോ പ്ലെയെറിൽ ഇടുകയോ ചെയ്യുക. ഇടയ്ക്കിടെ താൻ മോഹൻലാൽ ഫാൻ തന്നെയാണ് എന്നുറപ്പിക്കാൻ ഒരാഴ്ച ഫാൻ ക്ലബ്‌, വക കേന്ദ്രത്തിൽ പോയി ഇരുന്നു കട്ടക്ക് സിനിമകളും, അഭിമുഖങ്ങളും കാണുക. നാന, ചിത്രഭൂമി തുടങ്ങിയ മാസികകൾ വീണ്ടും വീണ്ടും വായിച്ചു മോഹൻലാലിൻറെ ഓരോ ചെറിയ അഭിപ്രായങ്ങളും, പ്രവർത്തികളും  തന്റെ ജീവിതത്തിൽ പകർത്തുന്നതിനുവേണ്ടി പഠിക്കുക.

പിന്നെ ആഘോഷങ്ങൾ, മോഹൻലാലിൻറെ ബർത്ത്ഡെ / മോഹൻലാൽ ജയന്തി കൊണ്ടാടുക അത് നിർബന്ധമാണ്‌ പട്ടിണി കിടക്കുകയാണെങ്കിലും. പറ്റിയാൽ അഥവാ കാശുള്ള വർഷങ്ങളിൽ മോഹൻലാലിൻറെ വീട്ടുകാരുടെ കൂടി ബർത്ത് ഡെ ആഘോഷിക്കുക. പിന്നെയുള്ള ആഘോഷങ്ങൾ മോഹൻലാലിൻറെ വിജയങ്ങൾ വർഷാവർഷം ഓർമ്മിക്കലാണ്. മംഗലശ്ശേരി നീലകണ്ഠൻ ആയ മോഹൻലാൽ മുണ്ടക്കൽ ശേഖരന്റെ കൈ വെട്ടിയ ദിവസം, കൊളപ്പള്ളി അപ്പനെ തോൽപ്പിച്ചു ജഗനാഥൻ ഉത്സവം നടത്തിയ ദിവസം,  നരസിംഹത്തിലെ ഇന്ദുചൂടൻ മണപ്പള്ളി പവിത്രനെ ചിതാഭസ്മം ഒഴുക്കാൻ സമ്മതിക്കാതെ തന്റെ പിതാവിന്റെ ചിതാഭസ്മം ഒഴുക്കിയ ദിവസം,  വന്ദനത്തിലെ ഉണ്ണികൃഷ്ണനോട് ഗാഥ 'ഐ ലവ് യു' പറഞ്ഞ ദിവസം   അങ്ങനെ നീളുന്നു ആ പട്ടിക...

പിന്നെയുള്ള  ഒരു മെയിൻ പരിപാടി മറ്റുള്ള ഫാൻസ്‌ അസോസിയെഷൻസിനെ കളിയാക്കലാണ്. പ്രത്യേകിച്ച് മമ്മൂട്ടി ഫാസിനെ. അവരുടെ സിനിമ നല്ലത് ആണെങ്കിലും അയാൾക്ക് അത് മനസ്സിൽ തോന്നിയാലും, ഒരിക്കലും അത് അംഗീകരിച്ചു കൊടുക്കാൻ അനുവാദമില്ല. എന്തെങ്കിലും പറഞ്ഞു മറ്റുള്ള ഫാൻസിനെ താഴ്ത്തി കെട്ടുക എന്നത് മാത്രമായിരുന്നു ചെയ്യേണ്ടിയിരുന്നത്. 

ഇതിനു എന്താണ് പ്രതിഫലം എന്ന് ചോദിച്ചാൽ, ഒരു ദിവസം നമ്മൾ, നല്ല ഫാൻ ആണെങ്കിൽ സാഗർ എന്ന മിത്രത്തിന്റെ കൂടെ ഇരിക്കാം. അല്ലെങ്കിൽ ജാക്കി എന്നാ ശത്രുവിന്റെ കൂടെ ഇരിക്കേണ്ടി വരും.

പിന്നെയുള്ള ഏക ആശ്വാസം ഇടയ്ക്കിടെ വരുന്ന ഫാൻ സൗഹാർദ സിനിമകൾ ആയിരുന്നു. അതായത് രണ്ടു പേരും ഒരുമിച്ചു അഭിനയിക്കുന്ന അല്ലെങ്കിൽ ഗസ്റ്റ്‌ റോൾ എങ്കിലും ഉള്ള സിനിമകൾ. അതിൽ ആയാലും സിനിമ പൊട്ടിയാൽ അത് അവന്റെ കുറ്റം. വിജയിച്ചാൽ അത് ലാലേട്ടൻ. ഇപ്പോൾ അങ്ങനത്തെ സിനിമകളും അധികം വരുന്നില്ല.

മമ്മൂട്ടിയാണ് വേറെ അധികം ഫാൻസ്‌ ഉള്ള ടീം. അപ്പോൾ പിന്നെ അധികം ഫാൻസ്‌ ഇല്ലാത്ത ടീംസിനെ എങ്ങിനെ ചവുട്ടി താഴ്ത്തും എന്ന് പറയേണ്ടതില്ലല്ലോ.

അങ്ങനെയിരിക്കുമ്പോഴാണ് അയാൾ കേട്ടത് ഒരു ഫാൻസ്‌ അസോസിയേഷനിലും പെടാതെ കുറച്ചു പേർ ഉണ്ടത്രേ. അവർക്ക് അതുകൊണ്ട് തന്നെ ആരുടെ പടം നന്നായാലും അത് ധൈര്യമായി പറയാം. അതുപോലെ സിനിമ നന്നല്ലെങ്കിൽ അതും പറയാം. അവരുടെ അഭിപ്രായത്തിൽ ഈ ഫാൻസ്‌ അസോസിയേഷൻ എന്നാ പരിപാടി തന്നെ വേണ്ടത്രേ. ഫാൻസ്‌ സംഘടനയിൽ പെട്ടുപോയാൽ പിന്നെ സ്വതന്ത്രമായി ചിന്തിക്കാൻ പറ്റില്ലത്രേ. സംഘടനകൾ പിരിചുവിട്ട് എല്ലാവരു സ്വന്തമായി നിൽക്കണം എന്നാണ് അവർ പറയുന്നത്.സിനിമ തന്നെ വേണ്ടെന്നു പറയുന്നവരും ഉണ്ട്. അത്രക്ക് അത്യാവശ്യമാണെങ്കിൽ നമുക്ക് തന്നെ ഷോര്ട്ട് ഫിലിം പിടിക്കാമത്ര. സയൻസ് അത്രക്ക് വികസിച്ചു പോലും. മൊബൈൽ ക്യാമറ മതി ഇപ്പോൾ സിനിമ പിടിക്കാൻ. പക്ഷെ അയാൾ അതിൽ ഒന്നും വിശ്വസിച്ചില്ല. സിനിമ ഇല്ലെങ്കിൽ അതുപോലെ ഫാൻസ്‌ അസോസിയേഷൻ ഇല്ലെങ്കിൽ പിന്നെ എന്താണ്  ജീവിതത്തിനു അർത്ഥം?

കാലങ്ങൾ അങ്ങനെ കടന്നുപോയി. അങ്ങനെയിരിക്കെ ഒരുനാൾ അയാളുടെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവന്നു.വലിയ സൌന്ദര്യം ഒന്നും ഇല്ലെങ്കിലും എന്തോ ഒരു ആകർഷണം അവർക്കിടയിൽ ഉണ്ടെന്നു അയാൾക്ക് മനസിലായി. ഒന്ന് മുട്ടാനുള്ള ഒരു അവസരത്തിനായി അയാൾ ഒരു വർഷം ചിലവഴിച്ചു. തനിക്ക് ഒരു ആവശ്യം ഇല്ലെങ്കിലും അവൾ പോകുന്ന സ്പോകെൻ ഇംഗ്ലീഷ് ക്ലാസിനു ആയാളും ചേർന്നു. അങ്ങനെ ഒരു വർഷത്തിനു ശേഷം അയാൾ തന്റെ മനസ് ആ പെണ്കുട്ടിക്ക് മുൻപിൽ തുറന്നു. അവൾക്കും അങ്ങനെ ഒരു ഫീലിങ്ങ്സ്‌ അയാളെ കണ്ടതുമുതൽ ഉണ്ടെന്നു മനസിലാക്കിയ അയാൾ ഇവൾ തന്നെ തന്റെ വധു എന്ന് തീരുമാനിച്ചുറപ്പിച്ചു. സിനിമകൾ കണ്ടു സിനിമയിൽ കാണുന്നതുപോലെ മനസിന്‌ പിടിച്ച ഒരു പെൺകുട്ടിയെ പ്രേമിച്ചേ കല്യാണം കഴിക്കൂ എന്ന് വിചാരിച്ചു നടക്കുന്ന അയാൾക്ക് ഇതിൽപ്പരം എന്ത് ആനന്ദം കിട്ടാൻ. നാട്ടിലെ കീഴ്വഴക്കം അനുസരിച്ച് രണ്ടു പേരും കൂടെ ഒരു സിനിമക്ക് പോകാം എന്ന് തീരുമാനിച്ചു. നാട്ടിലെ ലോക്കൽ ക്ലാസ് തിയേറ്റർ എപ്പോഴും പൂവാലശല്യം ഉള്ളതായതുകൊണ്ട് പട്ടണത്തിലെ ഷോപ്പിംഗ്‌ മാളിലെ മൾട്ടിപ്ലെക്സ് തിയേറ്ററിൽ മോർണിംഗ് ഷോയ്ക്ക് പോകാനുറപ്പിച്ചു.

പല്ലുപോലും തേക്കാതെ മൌത്ത് വാഷ് ഒരു കവിൾ കുടിച്ചു, രണ്ടു ടിക്കറ്റ്‌ എടുത്തു മോഹൻലാൽ പടം കളിക്കുന്ന വാതിൽക്കൽ പോയ അയാൾ അന്ന് ആദ്യമായി ജീവിതത്തിൽ ഞെട്ടി. തന്റെ മനസ് കീഴടക്കിയവൾ അതാ ഓൺലൈൻ വഴി 2 ടിക്കെറ്റുകൾ എടുത്തു മമ്മൂട്ടിയുടെ പടം കളിക്കുന്ന തിയേറ്റർ ഡോറിൽ നിന്ന് മാടി വിളിക്കുന്നു.

ബോധം വന്നപ്പോൾ തലയ്ക്കു മുകളിൽ നാളികേരത്തിന്റെ കണ്ണുകൾ പോലെ 3 ലൈറ്റുകൾ കാണാത്തതുകൊണ്ട് ഓപ്പറേഷൻ തിയേറ്റർ അല്ല അതെന്നു  മനസിലായി. ചുറ്റും നോക്കിയപ്പോൾ ജനറൽ വാർഡ്‌ ആണ്. ഒരു ചെറിയ ഷോക്ക്‌ വന്നതാണത്രേ. പല ഫാൻസ്‌ അസോസിയേഷനുകളിലും പെട്ട ആളുകളെ അവിടെ അയാൾ ശ്രദ്ധിച്ചു തുടങ്ങി. എല്ലാവരും എന്നെപ്പോലെതന്നെ രണ്ടു കൈകൾ, രണ്ടു കാലുകൾ പറയുന്നത് മലയാളം. എല്ലാവരും ഒരേ കാന്റീനിൽ നിന്നും ഭക്ഷണം കഴിക്കുന്നു. അങ്ങനെ ആ ആശുപത്രിക്കിടക്കയിൽ വച്ച് തന്റെ വീട്ടുകാർ വരെ മോഹൻലാലിൻറെ പുതിയ പടം കാണാൻ പോയ ഒറ്റപ്പെടലിൽ അയാൾ ഫാൻസ്‌ അസോസിയേഷൻ എന്ന ഏർപ്പാടിനെ പറ്റി സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങി.

താനല്ല, ഈ ഫാൻസ്‌ അസോസിയേഷനിൽ ചേരണം എന്ന് തീരുമാനിച്ചത്. ആരൊക്കെയോ ചേർന്ന് അല്ലെങ്കിൽ ജന്മം മൂലം അതിൽ ചേർക്കപ്പെടുകയായിരുന്നു. അതിൽ എന്തൊക്കെ നിയമങ്ങളാ? ഫാൻസ്‌ അസോസിയേഷൻ ആണ് നമ്മൾ എങ്ങിനെ ജീവിക്കണം, എന്തൊക്കെ ചെയ്യണം എന്ന് തീരുമാനിക്കുന്നത്? കൂടുതലും പാടില്ല എന്ന് പറയുന്ന നിയമങ്ങൾ ആണ്. ആ നിയമങ്ങൾ ഒന്നും മോഹൻലാൽ ഉണ്ടാക്കിയതല്ല. അസോസിയേഷന്റെ പ്രസിഡണ്ട്‌, സെക്രട്ടറി, കമ്മറ്റി അംഗങ്ങൾ ചേർന്ന് ഉണ്ടാക്കിയതാണ്.  

ഐഡിയയുടെ 250രൂപക്ക് 1 ജി.ബി എന്ന ഓഫർ ആണ് അയാളെ ഇന്റർനെറ്റ്‌ എന്നാ വിശാലവും സ്വതന്ത്രവും ആയ ലോകത്തിലേക്ക് കൊണ്ട് പോയത്.  അവിടെ അയാൾ പണ്ട് ചവറു അല്ലെങ്കിൽ ബുദ്ധിജീവികൾക്ക് മാത്രം എന്ന് വിചാരിച്ചിരുന്ന   പുസ്തകങ്ങൾ pdf രൂപത്തിൽ കണ്ടു. കൂടെ കുറെ ലേഖനങ്ങൾ പോലത്തെ ബ്ലോഗ്‌ പോസ്റ്റുകളും. പിന്നെ കുറെ വീഡിയോകൾ.  

അവിടെനിന്നും അയാൾക്ക് പല അറിവുകളും കിട്ടി. ഈ ലോകത്തിൽ ഇപ്പോഴുള്ള ഫാൻസ്‌ അസോസിയേഷനുകളെക്കാളും, കൂടുതൽ അസോസിയേഷനുകൾ മൺമറഞ്ഞിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും ഉള്ള മനുഷ്യർക്ക് അനുസരിച്ച് പുതിയ അസോസിയേഷനുകൾ വരുന്നുണ്ട്, അല്ലെങ്കിൽ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. 1980കളിൽ പ്രവര്ത്തിക്കുന്ന പോലെയല്ല ഇപ്പോൾ തന്റെ അസോസിയേഷൻ ഇപ്പോൾ പ്രവര്ത്തിക്കുന്നത്. കഥകളിക്ക് ഇപ്പോൾ ഒരു അസോസിയേഷനും ഇല്ല കാരണം അത് ആളുകൾക്ക് വേണ്ട. രസകരമായ സംഗതി ഇടിമിന്നലിൽ സംഗീതം ഉണ്ടെന്നു പറഞ്ഞു ഇടിമിന്നലിനു ഫാൻസ്‌ ഉണ്ടായിരുന്നത്രേ. പിന്നെ അതിനു ശാസ്ത്രീയമായ  എങ്ങിനെ ഇടി ഉണ്ടാകുന്നു എന്ന വിശദീകരണം  വന്നപ്പോൾ മിക്കവരും വിട്ടുപോയത്രേ. എന്നാലും കുറച്ചു പേർ ഇപ്പോഴും ഉണ്ടത്രേ. 

മോഹൻലാലിനും മമ്മൂട്ടിക്കും മാത്രമല്ല, ഈ ലോകത്ത് ഫാൻസ്‌ അസോസിയേഷനുകൾ ഉള്ളത്. മിക്കി മൌസിനും, ഡോണാൾഡു ഡക്കിനും, സൂപ്പർ മാനും, സ്പൈഡർ മാനും എന്തിനു ബാലമംഗളത്തിൽ വന്ന ഡിങ്കന് പോലും ഇപ്പോൾ അസോസിയേഷനുകൾ ഉണ്ടത്രേ.

അതുപോലെ ലോകത്ത് ചില സ്ഥലങ്ങളിൽ കുറെയധികം ആളുകൾ ഒരു ഫാൻസ്‌ അസ്സോസിയെഷനുകളിലും ചേരാതെ സന്തോഷമായി ജീവിക്കുന്നുണ്ടത്രേ. 

അതിൽ അയാളെ വിഷമിപ്പിച്ചത് ഫാൻസ്‌ അസോസിയേഷൻ തർക്കങ്ങളിൽ ആളുകൾ പരസ്പരം കൊല്ലുന്നതായിരുന്നു. അതുപോലെ ഒരു ഫാൻസ്‌ അസോസിയേഷന് വ്യക്തമായ മേൽക്കോയ്മയുള്ള സ്ഥലങ്ങളിൽ മറ്റു അസോസിയേഷനുകൾക്ക് പ്രവർത്തിക്കാൻ പാടില്ലത്രേ. അതുപോലെ മറ്റുള്ളവരുടെ സിനിമകൾ പ്രദർശിപ്പിക്കാനും പാടില്ല.  

അങ്ങനെ ആശുപത്രിയിൽ നിന്നും പേര് വെട്ടിപോകുന്ന ദിവസം ആയപ്പോഴേക്കും അയാൾ ഒരു കടുത്ത തീരുമാനമെടുത്തിരുന്നു. എങ്ങിനെയെങ്കിലും ഫാൻസ്‌ അസോസിയേഷൻ പ്രവർത്തനങ്ങൾ അധികം ഇല്ലാത്ത ഒരു രാജ്യത്ത് ഒരു ജോലി നേടുക. എന്നിട്ട് ആദ്യത്തെ ലീവിന് വരുമ്പോൾ നേരെ പോയി തന്റെ പ്രേമ ഭാജനത്തോട് താൻ മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ വിട്ടെന്നും, തന്നെ ഇഷ്ടമാണെങ്കിൽ തന്റെ കൂടെ ഫാൻസ്‌ അസോസിയേഷനുകൾ നിത്യജീവിതത്തെ ബാധിക്കാത്ത, ഒരു അസോസിയേഷനിലും പെടാതെ ആളുകൾക്ക് ജീവിക്കാൻ പറ്റുന്ന ആ രാജ്യത്തേക്ക് ബാക്കിയുള്ള ജീവിതം പങ്കിടാൻ, തന്റെ കുട്ടികളുടെ അമ്മയാകാൻ,  തന്നോടൊപ്പം വരുന്നുണ്ടോ എന്ന് ചോദിക്കുക. സമ്മതം ആണെകിൽ അടുത്ത ഫ്ലൈറ്റിനു സ്ഥലം കാലിയാക്കുക.

അയാൾക്ക് ഫാൻസ്‌ അസോസിയേഷനുകൾക്ക് അധികം സ്വാധീനം ഇല്ലാത്ത ഒരു രാജ്യം കണ്ടുപിടിക്കാൻ കഴിയുമോ? കണ്ടു പിടിച്ചാൽ തന്നെ അവിടെ ജോലികിട്ടുമോ? ജോലി കിട്ടിയാൽ തന്നെ ഫാമിലിവിസ കിട്ടുമോ? ഫാമിലി വിസ കിട്ടിയാൽ തന്നെ അപ്പോഴേക്കും ആ പെണ്കുട്ടിയെ വരെ വല്ലവരും കൊത്തിക്കൊണ്ട് പോകാതിരിക്കുമോ? ഇനിയിപ്പോൾ പെണ്കുട്ടിക്ക് സമ്മതമാണെങ്കിൽ തന്നെ ഫാൻസ്‌ അസോസിയേഷനുകൾ അവരെ വെറുതെ വിടുമോ? ഇനി എല്ലാം ശരിയായാൽ തന്നെ അടുത്ത ഫ്ലൈറ്റിനു വിസ എടുക്കാതെ ടിക്കറ്റ്‌ കിട്ടുമോ? 

നിങ്ങളുടെ ഉത്തരങ്ങൾ അയക്കേണ്ട ഫോർമാറ്റ്‌ - FAN <space> Story <space> Answer

ഇനി മതി...എനിക്കെന്നെ വായിച്ചിട്ട് ഞങ്ങളുടെ പാടത്ത് പോലും ഇത്രക്കും 'ചളി'യുണ്ടെന്നു തോന്നുന്നില്ല. സൂപ്പർ സ്റ്റാർസ് അവർ ഒരു തവണ പോലും കണ്ടു നോക്കാതെ കൂറ സിനിമ റിലീസ് ചെയ്യുന്നപോലെ, നമ്മളെക്കൊണ്ട് പറ്റില്ലന്റമ്മേ...

അഭിപ്രായങ്ങളൊന്നുമില്ല: