2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച

രക്തദാനവും അവയവദാനവും മാസാണെങ്കിൽ ശരീരദാനം കൊലമാസാണ്‌

തലക്കെട്ട് കുറച്ചു വലിയതാണ്. സംഗതി എന്താണെന്നു വച്ചാൽ അപ്പൻ ആളൊരു സംഭവമായി. ചുരുങ്ങിയ പക്ഷം എനിക്കെങ്കിലും. പുണ്യാളൻ അഗർബത്തീസ്‌ സിനിമയിൽ പറയുന്നപോലെ "ജോർജേട്ടാ നിങ്ങളൊരു സംഭവാട്ടോ" എന്ന് പറഞ്ഞാൽ കൊള്ളാമെന്നു ഉണ്ട്. അപ്പന്റെ മുഖത്തുനോക്കി പറയാനുള്ള ഒരിതില്ല.

കാര്യം പറഞ്ഞില്ല. കാര്യം സിമ്പിൾ ആണ് അങ്ങേരു ആളുടെ സ്വന്തം ബോഡി മരണശേഷം മെഡിക്കൽ കോളേജിലേക്ക് ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടു കൊടുത്തു. മരണശേഷം കൊടുക്കാൻ പറ്റുമോ എന്നൊന്നും അറിയില്ല. എന്തായാലും സംഗതി അവർ ഒരു ഐഡൻറിറ്റി കാർഡ് ഒക്കെ തന്നിട്ടുണ്ട്.
സീരിയൽ നമ്പർ കണ്ടാ, തൃശൂർ മാത്രം അപ്പനെക്കാളും മുൻപ് 1917 പേര്ദാനം ചെയ്യാനുള്ള സമ്മതപത്രം കൊടുത്തിട്ടുണ്ട്.

ഇനി വിവിധകോണുകളിൽ നിന്നുള്ള ചില ചിതറിയ ചിന്തകൾ.

അപ്പന് 

ഞാൻ അങ്ങനെ അധികം പള്ളിയിൽ പോകാത്ത ആളാണ്. ഇനിയിപ്പോൾ മരിച്ചു കഴിഞ്ഞു അവിടെകൊണ്ടുപോയി എനിക്ക് വേണ്ടി പ്രാർത്ഥനയോന്നും വേണ്ട. അല്ലാതെ ബോഡിദാനം ചെയ്യുന്നതിന്റെ ക്രെഡിറ്റ് കിട്ടാനോ, അല്ലെങ്കിൽ അതിൻ്റെ മഹത്വം മനസിലാക്കിയിട്ടോ, വരും തലമുറയിലെ ഡോക്ടർമാർ പഠിച്ചു ഭാവിതലമുറയിലെ കുറെ പേരെ രക്ഷിക്കട്ടെ എന്നൊന്നും വിചാരിച്ചു ആവില്ല അങ്ങേരു അങ്ങനെ ചെയ്തത്. 

നേരിട്ട് ഞാൻ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് ഇതുവരെ ചോദിച്ചിട്ടില്ല. എന്തുകൊണ്ടോ എനിക്കങ്ങനെ തോന്നി. ഇനിയിപ്പോൾ ഇതിന്റെ മഹത്വം മനസ്സിലാക്കിയിട്ടാണോ എന്തോ?അറിയില്ല.

അല്ലെങ്കിൽ തന്നെ കുറച്ചു വായിക്കുകയും, ശാസ്ത്രീയമായി ചിന്തിക്കുകയും, ശരിയായ രീതിയിൽ യുക്തിവാദജീവിതം നയിക്കുകയും ചെയ്യുന്ന ആരെങ്കിലും ജനിച്ച സമയം അടിസ്ഥാനമാക്കി ഉണ്ടാക്കുന്ന ജാതകത്തിൽ വിശ്വസിക്കുമോ, അത് പ്രകാരം 2016 ഒക്ടോബറിൽ മരിക്കും എന്ന് വിശ്വസിക്കുമോ? വിശ്വസിക്കുക മാത്രമല്ല അമേരിക്കയിലേക്ക് വരാൻ പറഞ്ഞിട്ട് പാസ്പോര്ട്ട് പോലും പുതുക്കുന്നില്ല. അതുപോലെ വീട് പണിയാൻ സ്ഥാനം നോക്കുമോ? സ്ഥാനം നോക്കുന്ന ആൾ പറഞ്ഞത് കേട്ട് ജീവിതത്തിന്റെ നല്ല കാലത്തു വാഹനം ഓടിക്കാതിരിക്കുമോ?
ഇതെല്ലാം പോട്ടെ "മദ്യപാനം ആരോഗ്യത്തിനു ഹാനികരം" എന്നെഴുതിയ കുപ്പിയിൽ നിന്നും എന്തെങ്കിലും കുടിക്കുമോ? എന്ത് യുക്തിയാണ് അതിൽ ഉള്ളത്?

ഇതിപ്പോൾ പണ്ടത്തെ കട്ട വിശ്വാസിയായിരുന്ന അപ്പൻ, ചില സാഹചര്യങ്ങൾ കൊണ്ട് വിശ്വാസം പോയി, എന്നിട്ട് വേറെ ചിലതിൽ വിശ്വസിക്കുന്നു. അത്രയേയുള്ളൂ. താൻ ഇപ്പോഴും തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു എന്ന് കാണിക്കാൻ ഇങ്ങനെ ചില പൊടി കൈകൾ'

മിക്കവാറും ഈ നിലക്ക് പോയാൽ പുള്ളി കുറച്ചു കഴിയുമ്പോഴേക്കും പള്ളിയിൽ പോയി തുടങ്ങും പൂർവാധികം ഭക്തിയോടെ.

സഭ

ഇപ്പോഴത്തെ നിലക്കാണെങ്കിൽ ഒരു കല്ലറ സെയിൽ പോയി എന്നുതന്നെ പറയേണ്ടി വരും. ന്യൂ യോർക്കിൽ വരെയില്ലെന്നു തോന്നുന്നു ഇത്രയും കൂടിയ റിയൽ എസ്റ്റേറ്റ് വില. എൻ്റെ ഒരു ആഗ്രഹം എന്ന് പറയുന്നത്. വല്ലക്കുന്നു പള്ളിയിലെ കർമങ്ങൾ കഴിഞ്ഞു കല്ലേറ്റുംകര പള്ളിയിലേക്കുള്ള ട്രിപ്പിന് പകരം തൃശ്ശൂർക്ക് പോകാമെന്നാണ്.

സാധാരണനിലയിൽ സമൂഹത്തിൽ മൊത്തമായുള്ള ഒരു അഭിപ്രായമാണ് സഭയും എടുക്കുന്നത്. പണ്ട് പരിസ്ഥിതി സംരക്ഷിക്കൽ സഭയുടെ അജണ്ടയിലെ ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ മുഖ്യധാരയിൽ അത് വന്നതുകൊണ്ട് സഭയും ഏറ്റെടുത്തിട്ടുണ്ട്.അതുപോലെ ചില സഭകൾ ഇപ്പോഴേ മൃതദേഹം ദഹിപ്പിക്കാൻ സമ്മതിച്ചു തുടങ്ങി. ബോഡി മെഡിക്കൽ കോളേജിലേക്ക് കൊടുക്കുന്നത് മുഖ്യധാരാസമൂഹം അംഗികരിച്ചാൽ സഭയും അംഗീകരിക്കേണ്ടതാണ്.  

ഒരു ചെകിടത്തു അടിച്ചവന് മറ്റേ ചെകിട് കൂടി കാണിച്ചു കൊടുക്കണം എന്ന് പറഞ്ഞ ദേവാലയത്തിൽ നിന്ന് കച്ചവടക്കാരെ ഒഴിപ്പിച്ച ക്രിസ്തുവിന്റെ സഭയല്ലേ ഒരു കുഞ്ഞാടിന്റെ അവസാനത്തെ ആഗ്രഹം സമ്മതിക്കുമായിരിക്കും അല്ലെ. 

നാട്ടുകാർ

അധികം ആരും ഇത് അറിഞ്ഞിട്ടില്ല, എന്ന് തോന്നുന്നു. ഞാൻ ആദ്യം വിചാരിച്ചു വല്ല പൊന്നാടയെങ്ങാൻ കിട്ടുമോന്ന്. പുള്ളി വിചാരിച്ചാലും ബോഡി ദാനം ചെയ്യുന്നത് ക്യാൻസൽ ചെയ്യാൻ പറ്റാത്ത ഒരു സ്ഥിതിയിലേക്ക് കാര്യങ്ങൾ ചെല്ലുമോ എന്നൊരു പേടിയും ഉണ്ടായിരുന്നു. ഇത്തവണ പള്ളിയിൽ ഊട്ടു തിരുന്നാൾ നടത്തിയപ്പോൾ ഭക്തിപരമായ ചടങ്ങുകളെക്കാൾ മുന്നിട്ട് നിന്നത് രക്തദാനവും, മരുന്ന് വിതരണവും, മെഡിക്കൽ ക്യാമ്പും ഒക്കെയാണ്. രക്തദാനം വലിയ കാര്യമായി ആഘോഷിക്കപ്പെടുന്ന സ്ഥലത്തു എന്തായിരിക്കും ശരീരദാനം. ഇപ്പോൾ തലക്കെട്ട് എങ്ങിനെ വന്നു എന്ന് മനസ്സിലായിക്കാണുമല്ലോ.

നാട്ടുകാർ പലതരക്കാർ ഉണ്ട്. ദൈവത്തിന്റെ സോൾ ഗഡീസ് എന്ന് വിചാരിച്ചു പള്ളിയെച്ചുറ്റിപ്പറ്റി നടക്കുന്നവർ ഉണ്ട്. അവർക്ക് സ്വന്തമായി അഭിപ്രായം ഇല്ല. ആ കാലഘട്ടത്തിൽ ആ ദേശത്തു സാമാന്യമായി അംഗീകരിച്ചതാണ് അവർ പിന്തുടരുന്നത്. അവർ ഇപ്പോൾ പറയും. വളരെ മോശമായിപ്പോയി. അവൻ പണ്ടേ പള്ളിയുമായും പട്ടക്കാരനുമായും അടുപ്പമില്ല. അപ്പൻ പണ്ട് അൾത്താര ബാലനായി കുർബാനക്ക് കൂടാൻ പോയിരുന്നതും, വേദോപദേശം പഠിപ്പിച്ചിരുന്നതും അവർക്കറിയില്ലല്ലോ പാവങ്ങൾ. അതുപോലെ പിന്നെ പറയാൻ സാധ്യതയുള്ളത് "അവൻ കാശ് ലാഭം നോക്കിയാണ്" ഇങ്ങനെ ചെയ്തതെന്ന്. 

ഞാൻ ഇപ്പോഴേ പറയുന്നു എങ്ങാനും ബോഡി മെഡിക്കൽ കോളേജിലേക്ക് കൊടുക്കാൻ പറ്റിയാൽ, അന്ന് കല്ലറ വാങ്ങിക്കാനുള്ള സാമ്പത്തികം ഉണ്ടെങ്കിൽ, അന്നത്തെ സമയത്തെ കല്ലറ വാങ്ങിക്കുന്ന പൈസക്ക് വല്ലക്കുന്നു ലൈബ്രറിയിലേക്ക് പുസ്തകങ്ങളോ, ഇന്റർനെറ്റ് കണക്ഷനോ എടുത്തു കൊടുക്കും.

നോട്ട് ദി പോയിന്റ്.

അടുത്ത തലമുറ എങ്കിലും പൊട്ടക്കുളത്തിലെ തവളകൾ പോലെയാകാതെ വായിച്ചു കാര്യങ്ങൾ മനസിലാക്കി ശാസ്ത്രീയമായി ചിന്തിക്കട്ടെ. എനിക്കോ കുട്ടിക്കാലത്തു വായിക്കാൻ ബുക്കുകൾ എടുക്കാൻ ലൈബ്രറി ഉണ്ടായില്ല.

ഇനിയിപ്പോൾ വല്ല മാന്ദ്യവും വന്ന് സോഫ്റ്റ്‌വെയർ ഒക്കെ നാലുനിലയിൽ പൊട്ടി, ജീവിക്കാൻ കൊള്ളി കുത്തുന്ന സമയമാണെങ്കിൽ, കല്ലറയും ഉണ്ടാവില്ല ബുക്കുകളും ഉണ്ടാവില്ല. അതും നോട്ട് ദി പോയിന്റ് 

ഇനി ഇതേ ചിന്താഗതിയുള്ള നാട്ടുകാർ , ഒരു 5 കൊല്ലങ്ങൾ കഴിഞ്ഞു സഭ ഇപ്പോൾ രക്തദാനവും, അവയവദാനവും പ്രോത്സാഹിപ്പിക്കുന്നതുപോലെ, ശരീരദാനവും പ്രോത്സാഹിപ്പിച്ചു തുടങ്ങിയാൽ മാറ്റിപ്പറയും. പാവങ്ങളാ സ്വന്തമായി ചിന്തയോ അഭിപ്രായമോ ഇല്ലാത്തവരാ.

വേറെ തരക്കാരായ നാട്ടുകാർ ഉണ്ട്. സ്വന്തമായി കുറച്ചു ചിന്തകളും അഭിപ്രായങ്ങളും ഉള്ളവർ. അവൻ്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെതന്നെ ആകട്ടെ. നല്ല കാര്യമല്ലേ. മെഡിക്കൽ കോളേജിലെ പിള്ളേര് പഠിച്ചാലല്ലേ അടുത്ത് തലമുറയെ ചികിൽസിച്ചു ഭേദപ്പെടുത്താൻ പറ്റു.

വേറെ ചിലർ ഉണ്ടാകാം. ഒപ്പിട്ടതുകൊണ്ട് മരണശേഷം മെഡിക്കൽ കോളേജിലേക്ക് കൊടുപ്പിക്കാൻ നിര്ബന്ധിക്കുന്നവർ മരണവീട്ടിൽ വന്നു കൊടുപ്പിക്കാൻ അലമ്പ് ഉണ്ടാക്കുന്നവർ. പക്ഷെ അത്തരക്കാർ കുറവായിരിക്കും. വല്ലക്കുന്നിൽ ഉണ്ടാകില്ല എന്ന് തന്നെ പറയാം .

സംഗതി എന്തായാലും ഇനിയിപ്പോൾ കുടുങ്ങി. കൊടുത്താൽ പറയും. കണ്ടില്ലേ അവൻ മരണസമയത്തുപോലും മനസാന്തരപ്പെട്ടില്ല. അവൻ അങ്ങനെയായാലും ഭാര്യയും മക്കളും കൊടുക്കരുതായിരുന്നു. 

കൊടുത്തില്ലെങ്കിൽ പറയും, കണ്ടാ മരിച്ചു കഴിഞ്ഞപ്പോൾ ആദർശം ഒക്കെ പോയി. ഭാര്യയും മക്കളും സമ്മതിച്ചില്ലെങ്കിൽ പറയും, അവൻ്റെ ആഗ്രഹം നിറവേറ്റാത്തവർ. സംഗതി ഇനിയുള്ള സീൻ കോൺട്രാ.

ബന്ധുക്കൾ 

ബന്ധുക്കൾ എന്ന് പറയുമ്പോൾ നാട്ടുകാരുടെ പോലെത്തന്നെ. പണ്ട് മുതലേയുള്ളവർക്ക് അധികം പ്രശ്നം ഉണ്ടാവില്ലായിരിക്കാം കൊടുക്കുന്നതിൽ. അതുപോലെ അവരോടു പറഞ്ഞു നിൽക്കാം. പക്ഷെ അടുത്തിടെ കല്യാണം വഴി ബന്ധുക്കളായ ധന്യയുടെ വീട്ടുകാരോടും, ജോമിയുടെ വീട്ടുകാരോടും എന്ത് പറയും. ആ ഒരു പിടിയും ഇല്ല. അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അവിടെയും ഉണ്ട് കാര്യങ്ങൾ. അവർക്കു അവരുടെ ബന്ധുക്കളെ പറഞ്ഞു മനസിലാക്കേണ്ട?

രക്തദാനം, അവയവദാനം പോലെ കത്തോലിക്കാ സഭ ഏറ്റെടുത്തിട്ടുള്ള ദാനം ആണെങ്കിൽ ആർക്കും ഒരു കുഴപ്പവും ഉണ്ടാവില്ലായിരുന്നു. പണ്ട് ഡേവിസ് ചിറമ്മേൽ അച്ഛൻ കിഡ്നി ദാനം കൊടുത്തപ്പോൾ മുതൽ ആണല്ലോ കാര്യങ്ങൾ സഭയിൽ ഒന്ന് സ്വീകാര്യമായത്. അതുപോലേ ഇപ്പോഴത്തെ പ്രാർത്ഥന ഏതെങ്കിലും അച്ചൻ മരിച്ചു അങ്ങേരുടെ ബോഡി ദാനം ചെയ്തു എന്ന് കേൾക്കണേ എന്നാണ്. മരിക്കാൻ വേണ്ടി പ്രാർത്ഥിക്കല്ല. മരിച്ചു കഴിഞ്ഞു ബോഡി ദാനം കൊടുക്കാൻ തോന്നിക്കണേ എന്നാണ്. ഇനിയിപ്പോൾ ചിറമ്മേൽ അച്ചനൊക്കെ ബോഡി ദാനം കൊടുക്കാൻ എഴുതി വച്ചിട്ടുണ്ടോ എന്തോ?

സംഗതി എന്താണെങ്കിലും, ബന്ധുക്കൾ ശരീരദാനത്തിന്റെ മഹത്വം  മനസിലാക്കും എന്നാണ് ഒരു പ്രതീക്ഷ. അല്ലെങ്കിൽ കുറച്ചു കാലം കഴിയുമ്പോഴേക്കും അവയവദാനം പോലെ ശരീര ദാനവും മുഖ്യധാരയിൽ എത്തും എന്ന് പ്രത്യാശിക്കാം. ഒരു ഇരുപത് കൊല്ലം മുൻപ് കന്യാസ്ത്രീകൾ കുർബാനക്ക് കൊടുക്കും എന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ? പക്ഷെ ഇപ്പോൾ കൊടുത്തു തുടങ്ങിയില്ല. അതുപോലെ.

വീട്ടുകാർ 

ഞാനൊഴിച്ചു വേറെ ആർക്കും മുഴുവൻ മനസ് ഇല്ല. അമ്മക്ക് ഒരു രീതിയിലും സമ്മതമല്ലായിരുന്നു. പെങ്ങളും എതിരായിരുന്നു. പിന്നെ അപ്പൻ വല്ലാണ്ട് നിർബന്ധിച്ചപ്പോൾ അമ്മ ഒപ്പിട്ടു. അമ്മയും ചേട്ടനും സമ്മതം, അങ്ങനെ വിഷമിച്ചിട്ടാണെങ്കിലും പെങ്ങളും സമ്മതിച്ചു. എന്നോട് പറയുന്നതിന് മുൻപ് പാവം അപ്പൻ ഒരു പാട് ആലോചിച്ചു കൂട്ടിക്കാനും. അവൻ സമ്മതിക്കില്ല. ഞാൻ പറയാൻ സാധ്യതയുള്ളഓരോ വാദങ്ങൾക്കും എതിർ വാദം എന്ത് പറയണം എന്ന് അങ്ങേരു ആലോചിച്ചു വെച്ചുകാണും. ഇപ്പോഴും സ്ഥലം വിൽക്കുന്ന കാര്യത്തിൽ അപ്പനും ഞാനും രണ്ടു ചേരിയിലാണെ. അപ്പൻ വിൽക്കണം എന്നും ഞാൻ വേണ്ട എന്നും. പക്ഷെ എന്നോട് ചോദിച്ചപ്പോൾ "അപ്പന് ഇഷ്ടം ആണെങ്കിൽ കൊടുത്തോ" എന്ന ഒറ്റ മറുപടിയിൽ ഒതുക്കിക്കളഞ്ഞു. അപ്പൻ ആലോചിച്ചു കൂട്ടിയതെല്ലാം വെറുതെയായികാണും.

ഞാൻ

ഇപ്പഴാണ് ജോർജിന്റെ മോൻ എന്ന് പറഞ്ഞു ഒരു അഭിമാനം ഒക്കെ തോന്നുന്നത്. പറഞ്ഞറിയിക്കാൻ പറ്റില്ല. പണ്ടൊക്കെ ആരെക്കണ്ടാലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "നീയാ ജോർജിന്റെ മോനല്ലടാ. അപ്പന്റെ കള്ളുകുടിയൊക്കെ ഇപ്പെങ്ങയുണ്ട്. നല്ല ഫിറ്റാണാ". അന്നത്തെ ഏറ്റവും എളുപ്പമുള്ള വഴി ആരെയെങ്കിലും കണ്ടാൽ നിന്ന് കൊടുക്കാതെ പതുക്കെ അങ്ങ് സ്കൂട്ടാവാ എന്നതായിരുന്നു. ഇനിയിപ്പോൾ കളിമാറി.

പുള്ളിയുടെ ആഗ്രഹപ്രകാരം ബോഡി കൊടുക്കാൻ പറ്റുമോ എന്ന് എനിക്കൊരു ഉറപ്പും ഇല്ല. ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് പള്ളിയിൽ നിന്നോ, ബന്ധുക്കളിൽ നിന്നോ, വീട്ടുകാരിൽ നിന്നോ ഒക്കെ. പറ്റിയാൽ നന്ന്. അതിനു മുൻപ് സമൂഹത്തിൽ ഇതൊരു അംഗീകൃത പരിപാടിയായാൽ മതിയായിരുന്നു.

ഇത്രയും വായിച്ച നിലക്ക് നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരിക്കുമല്ലോ. നിങ്ങൾക്ക് ഇതുവരെ ബോഡി ദാനം കൊടുക്കുന്നതിന്റെ മഹത്വം മനസിലായിട്ടെല്ലെങ്കിൽ, അല്ലെങ്കിൽ മാനവരാശിയുടെ മുന്നേറ്റത്തിന് അതിൻ്റെ ആവശ്യം മനസിലായിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ അറിയില്ല എന്നാണ് അർത്ഥം. മിനിമം www.google.com എന്താണെന്നു എങ്കിലും അറിഞ്ഞു വക്കുന്നത് നല്ലതാണു. വേറെ കാര്യങ്ങൾക്കെങ്കിലും ഉപകാരപ്പെടും.   

 ഇത് ചില ചിതറിയ ചിന്തകൾ മാത്രം. ഇതും പറഞ്ഞു ആരും എൻ്റെമേത്തു കുതിരകേറാൻ വരരുത്.

അഭിപ്രായങ്ങളൊന്നുമില്ല: