2010, മേയ് 15, ശനിയാഴ്‌ച

പോസ്റ്റലായി നീന്തല്‍ പഠിക്കാം 1

പോസ്റ്റലില്‍ നീന്തല്‍ പഠിക്കുക എന്നത് കാക്ക മലര്‍ന്നു പറക്കുക ,കോഴിക്ക് എന്തോ വരിക ,എനിക്ക് ഒരു ലൈനുണ്ടാകുക എന്നതുപോലെ നടക്കാത്ത ഒരു കാര്യമാണ് എന്നാണല്ലോ എല്ലാവരുടെയും ധാരണ.കോഴിക്ക് വരാത്ത സാധനത്തിന്‍റെ പേര് എന്ന് എനിക്കെഴുതാന്‍ അറിയാഞ്ഞിട്ടല്ല.പിന്നെ അതെങ്ങാനും വല്ലവന്മാരും സെര്‍ച്ച്‌ ചെയ്തു എന്റെ ബ്ലോഗില്‍ എത്തിപ്പെട്ടാല്‍ പിന്നെ അതുമതി ബൂലോഗത്തുനിന്നും പെണ്ണുകിട്ടാതിരിക്കാന്‍.അല്ലെങ്കില്‍ തന്നെ ഇന്‍ഫോ പാര്‍ക്കിലെ തേജോമയയില്‍ ഇരുന്നു വായില്‍ നോക്കി  ആ ഭാഗത്തു നിന്നും പെണ്ണു കിട്ടില്ല എന്നുറപ്പാക്കിക്കഴിഞ്ഞു.      

അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് നീന്തല്‍ പഠിക്കുന്ന കാര്യം.അതും ബ്ലോഗ് പോസ്റ്റായി.എന്തിന് നീന്തല്‍ പഠിക്കണം എന്ന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ല..നമ്മുടെ നാട്ടിലെ പാലങ്ങളുടെ അവസ്ഥ കണ്ടാല്‍ എത്രയും പെട്ടെന്ന്‍ പഠിക്കുന്നോ അത്രയും നല്ലത് എന്ന് തോന്നിപ്പോകും. ഓരോരുത്തരോടും ചോദിച്ചാല്‍ പല വഴികളായിരിക്കും പറഞ്ഞു തരിക.ഈ വഴി എന്‍ വഴി.അതായത് ഞാന്‍ നീന്തല്‍ പഠിച്ച വഴി.ഏത്?

ആവശ്യമുള്ള കാര്യങ്ങള്‍

പടവുകള്‍ ഉള്ള ഒരു കുളം (ഇംഗ്ലീഷില്‍ സ്വിമ്മിംഗ് പൂള്‍ വിത്ത് പടവ്സ്). – 1

ഒന്ന് മുങ്ങി കുറച്ചു വെള്ളം കുടിച്ചാലും ഞാന്‍ നീന്തല്‍ പഠിക്കും എന്നുറപ്പുള്ള മനസ് – 1

നന്നായി നീന്തല്‍ അറിയാവുന്ന ഒരാള്‍-അത്യാവശ്യത്തിന്

പഠിക്കേണ്ട വിധം

ഡേ 1

ആദ്യമായി കുളത്തിലിറങ്ങുക.ഏതെങ്കിലും ബ്ലെടി ഫൂള്‍സ് വെള്ളത്തിലിറങ്ങാതെ നീന്തല്‍ പഠിക്കാന്‍ ആഗ്രഹിച്ചാണ് വന്നതെങ്കില്‍ ഗെറ്റ് ഔട്ട് ഓഫ് ദി ക്ലാസ്.അല്ലപിന്നെ.വെള്ളം കാല്‍മുട്ട് വരെ എത്തുന്നുണ്ടെങ്കില്‍ ‍ തിരിഞ്ഞു നിന്ന്‍(എബൌറ്റേണ്‍) കൈ പടവില്‍ കുത്തുക.കാല്‍മുട്ട് വരെ വെള്ളം ഇല്ലെങ്കില്‍ ഒരു സ്റ്റെപ്പ് കൂടെ ഇറങ്ങുക.പണ്ട് സ്കൂള്‍ അസംബ്ലിയില്‍ മര്യാദക്ക് ഡ്രില്‍ ചെയ്തിട്ടുണ്ടെങ്കില്‍ വലിയ കുഴപ്പമില്ലാതെ ഈ കാര്യം സാധിക്കാം.

ഇനി പതുക്കെ കാലുകള്‍ പുറകിലോട്ട് നീട്ടുക.കാലുകള്‍ ഒരിക്കലും വെള്ളത്തില്‍ പൊന്തി കിടക്കും എന്ന് വിചാരിക്കരുത്. അത് താന്നു പോകും.കാലുകള്‍ വെള്ളത്തില്‍ പൊന്തികിടക്കാന്‍ എന്തുചെയ്യാം?സാധാരണ ഒരാള്‍ നീന്തുമ്പോ എന്തു ചെയ്യും അത് തന്നെ ചെയ്യുക.അതായത് കാലിട്ടടിക്കുക.(ആരെങ്കിലും ഒരാള്‍ നീന്തുന്നത് നിങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ അഥവാ എങ്ങിനെ കാലിട്ടടിക്കണം എന്നറിയില്ലെങ്കില്‍ യൂട്യൂബ് എടുത്ത് സര്‍ച്ച് ചെയ്യുക.എന്നിട്ട് ബാക്കി വായിച്ചാല്‍ മതി.)

തിന്നു കൊഴുതിരിക്കുന്ന ശരീരമാണെങ്കില്‍ ആദ്യം നല്ല ബുദ്ധിമുട്ടായിരിക്കും.എന്തു തന്നെ ആയാലും കുറച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് കാലിട്ടടിച്ചുകൊണ്ട് വെള്ളത്തില്‍ അരക്ക് താഴെയുള്ള ഭാഗം സമാന്തരമായി പിടിക്കാന്‍ പറ്റും.ദേ താഴെ കാണുന്ന പോലെ.

ഡേ 2

ഇത് ശരിയായി കഴിഞ്ഞാല്‍ അതായത് 90 ഡിഗ്രിയില്‍ കൈ കുത്തി കാലുകൊണ്ട് വെള്ളത്തിലടിച്ച് നില്‍ക്കുന്ന പരിപാടി, പതുക്കെ ശരീരം പുറകോട്ട് നീക്കി  പഴയ പരിപാടി തന്നെ ചെയ്യുക.ചുരുക്കി പറഞ്ഞാല്‍ 90 ഡിഗ്രിയില്‍ കൈ കുത്തുന്നതിന് പകരം ഒരു 270 ഡിഗ്രിയില്‍ കുത്തുക.ദേ വീണ്ടും ഒരു പടം.

ഈ പോസിഷനിലും നിങ്ങള്‍ക്ക് കാലിട്ടടിച്ച് സമാന്തരമായി നില്‍ക്കാന്‍ സാധിക്കുകയാണെങ്കില്‍ നിങ്ങള്‍ ഡേ 2 വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു.പിന്നെയും സമയമുണ്ടെങ്കില്‍ ഇതേ കാലിട്ടടി നിങ്ങള്‍ക്ക് കൈ പലതരത്തില്‍ കുത്തി നിന്ന്‍ പരീക്ഷിക്കാവുന്നതാണ്.ഉദാഹരണമായി കൈക്ക് പകരം വിരലുകള്‍ കുത്തി നിന്ന്‍ പരീക്ഷിക്കാം.ഇമ്മാതിരി പരീക്ഷണങ്ങള്‍ നടത്തുമ്പോ നീന്തല്‍ അറിയാവുന്ന ആരെങ്കിലും അടുത്തുണ്ടാകുന്നത് മൂക്കില്‍ പഞ്ഞി വക്കല്‍‍ ഒഴിവാക്കാന്‍ സഹായിക്കും.

ഡേ 2 വിന്‍റെ ഉദ്ദേശ്യം നിങ്ങളുടെ കാലുകള്‍ നീന്തല്‍ പര്യാപ്തമാക്കുക എന്നതാണ്. അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ.അടുത്ത ലക്കത്തില്‍ കാണാം.

 

NB: ഇത് വായിച്ചു ഇതുപോലെയെല്ലാം ചെയ്ത് ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയാല്‍ ഞാനോ എന്‍റെ ബ്ലോഗോ ഉത്തരവാദികളല്ല.മറിച്ച് ഒരു ഗുരുവിന്‍റെ സ്ഥാനത്ത് കണ്ട് എന്തെങ്കിലും തരാന്‍(കൊട്ടേഷനോഴികെ) താല്‍പര്യമുണ്ടെങ്കില്‍ വാങ്ങിക്കാന്‍ എന്നേ തയ്യാറാണ്.

2 അഭിപ്രായങ്ങൾ:

Joymon പറഞ്ഞു...

ഈ പോസ്റ്റു വഴി കുറച്ചു പേരെയെങ്കിലും നീന്തല്‍ പഠിപ്പിക്കാന്‍ പറ്റിയാല്‍ ഞാന്‍ ഒരു സംഭവമാകും.

Sandeepkalapurakkal പറഞ്ഞു...

njaan ekadesam padichu