2011, ജൂൺ 2, വ്യാഴാഴ്‌ച

ഈയ്യപ്പന്‍ ദി ഗ്രേറ്റ്

മുന്നറിയിപ്പ്:ഈ കഥക്കോ കഥാപാത്രങ്ങള്‍ക്കോ മരിച്ചവരോ,ജീവിച്ചിരിക്കുന്നവരോ ആയി യാതൊരു ബന്ധവുമില്ല.എന്തെങ്കിലും ബന്ധം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.

ഇങ്ങനെ ഒരു മുന്നറിയിപ്പ് കൊടുക്കണം എന്നു വിചാരിച്ചതാണ്.പക്ഷേ ഞങ്ങളുടെ ഓഫീസിലെ ഒരുത്തനും അത് സമ്മതിക്കില്ല എന്നുറപ്പുള്ളതുകൊണ്ടു അത് കൊടുക്കുന്നില്ല.കാരണം എല്ലാവര്‍ക്കും ഇയ്യപ്പനെ അറിയാം.ഇയ്യപ്പന്‍ അറിയാതെ ഒരു സോഫ്റ്റ്വെയര്‍ പോലും ഞങ്ങളുടെ ഓഫീസില്‍ നിന്നും പുറത്തിറങ്ങില്ല.യൂസര്‍ ഇന്‍റര്‍ഫേസ് ഇല്ലാതെ എന്തോന്നു സോഫ്റ്റ്വെയര്‍ അല്ല പിന്നെ?

ഇനി ഇയ്യപ്പനെ പറ്റി പറയുകയാണെങ്കില്‍ ,പ്രാഞ്ചിയേട്ടന്‍ സിനിമയിലെ ഇയ്യപ്പന്‍റെ അതേ മുഖം.അതേ വയര്‍.നടത്തവും ,നില്‍പ്പും അതേപ്പോലെ.പക്ഷേ സിനിമയിലെ ഇയ്യപ്പന്‍റെ അത്രേം മീശയില്ല.ക്ലീന്‍ ഷേവാണ്.മീശ കളഞ്ഞതിന്‍റെ പിന്നിലെ ശക്തി TCSഇലെ ഏതോ പെങ്കൊച്ചാണെന്നാ. അസൂയക്കാര് പറയുന്നത്.മീശയുള്ള ,ഫുള്‍ സ്ലീവ് ഷര്‍ട്ടുമിട്ട ഒരുത്തന്‍ വലിയ ശല്യക്കാരനാണെന്ന് ആ പെങ്കൊച്ച് കുറച്ചു മസിലുള്ളവനോടു പറയുന്നത് ഈയ്യപ്പന്‍ കേട്ടെന്നോ,അതിനു ശേഷമാണ് ഇയ്യപ്പന്‍ ഹാഫ് സ്ലീവ് ഷര്‍ട്ടുകള്‍ സ്ഥിരമായി ഇട്ടു തുടങ്ങിയതെന്നോ ഒക്കെ കഥകളുണ്ട്.

സിനിമയിലെ ഈയ്യപ്പനില്ലാത്ത രണ്ടു ഗുണങ്ങളാണ് നമ്മുടെ നായകന്‍ ഈയ്യപ്പനുള്ളത്.ഒന്നു ഡീസന്‍റ് ആണെന്ന് ഭാവിച്ചുള്ള വായില്‍ നോട്ടം.അതൊരു ഉച്ചക്ക്  പണ്ട്രണ്ടേകാല്‍ മുതല്‍ 2മണിവരെ എല്ലാ ദിവസവും ഉണ്ട്.പിന്നോന്ന് പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ് വിത്ത് കഥയുണ്ടാക്കല്‍.എന്തു സംഭവവും ഇയ്യപ്പന്‍ വിവരിക്കുമ്പോള്‍ ഒരു ഇയ്യപ്പന്‍ ടച്ച് കാണും.ഒരുമിച്ചിരുന്നു വായില്‍ നോക്കുന്ന റോയിക്കുണ്ടായ ഒരനുഭവമാണ്. ഈയ്യപ്പന്‍റെ കണ്ണിലൂടെ ഇവിടെ വിവരിക്കുന്നത്.

ഉച്ചക്കിരുന്നു TCSഇലെ പെമ്പിള്ളാരെ വായില്‍ നോക്കിയിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ല എന്നറിയാമെങ്കിലും വായില്‍ നോക്കുന്നവര്‍ തമ്മില്‍ ചില എഗ്രിമെന്‍റ്സ് ഒക്കെയുണ്ട്.ഒരുത്തന്‍ കുറച്ചു സീരിയസ് ആയി നോക്കുന്നയാളെ വേറെ ഒരുത്തന്‍ സാധാരണ നോക്കാറില്ല.കരടിക്കു അഹങ്കാരി,കടയാടിക്ക് കോക്കാമ്പി,അങ്ങനെ റോയിയുടെ കൂടെ ചേര്‍ത്ത് പറയുന്ന ഒരു പേരാണ് വാണി.

ഇനി ശരിക്കും ഉണ്ടായ സംഭവം.ഒരു തിങ്കളാഴ്ച ദിവസം.യാദൃശ്ചികമായി രണ്ടു പേരും ഒരേ ലിഫ്റ്റില്‍ കയറി.വാണി ലിഫ്റ്റിന്‍റെ സ്വിച്ചിന്‍റെ അടുത്തു നില്‍ക്കുന്നു.റോയ് കുറച്ചു മാറിയാണ്.ലിഫ്റ്റ് മുകളിലേക്കു ഉയര്‍ന്നപ്പോഴാണ് തനിക്ക് ഇറങ്ങേണ്ട സെക്കന്‍ഡ് ഫ്ലോറിന്‍റെ ബട്ടന്‍ പ്രെസ്സ് ചെയ്തിട്ടില്ല എന്നു റോയിക്ക് മനസ്സിലായത്.സെക്കന്‍ഡ് സെക്കന്‍റ് എന്നു പറയാന്‍ ശ്രമിച്ചെങ്കിലും തലേ ദിവസത്തെ പാര്‍ട്ടിയിലും ഗാനമേളയിലും ഒത്തിരി ഒച്ച വച്ചു ശബ്ദം അടഞ്ഞതുകൊണ്ട് ശബ്ദം പുറത്തു വന്നില്ല.സ്വയം സെക്കന്‍ഡ് ഫ്ലോര്‍ ബട്ടന്‍ അമര്‍ത്തി റോയ് ലിഫ്റ്റ് നിറുത്തി പോകുകയും ചെയ്തു.

ഇനി ഇത് ഇയ്യപ്പന്‍ പറയുന്നത് എങ്ങിനെ എന്നു നോക്കാം...

സ്ഥലം ഇന്‍ഫോ പാര്‍ക്കിനു പുറത്തുള്ള ചായക്കട.

"എടെ നിങ്ങളറിഞ്ഞോ.റോയ് പണി പറ്റിച്ചു"..അയ്യോ ഇല്ല ഒന്നും അറിഞ്ഞില്ല...ഓഹോ എന്നാ കേട്ടോ..എടാ നമ്മുടെ റോയ് ഇല്ലേ ? അവനും വാണിയും കൂടി ഒരുദിവസം ലിഫ്റ്റില്‍ കയറി.

"അവര് മാത്രമേയുള്ളൂ? എന്നിട്ട് റോയ് എന്തെങ്കിലും പറഞ്ഞോ? "ഒരു അപ്പ്രെന്‍റിസ് തുടങ്ങിയപ്പോഴേ തോക്കില്‍ കയറി വെടിവച്ചു.ഇതാണ് അപ്പ്രെന്‍റിസുമാരെ കൂടെ ഇരുത്തിയാലുള്ള കുഴപ്പം.

തോക്കില്‍ കയറി വെടിവച്ചെങ്കിലും ആ ദേഷ്യം കാണിക്കാതെ ഇയ്യപ്പന്‍ തുടര്‍ന്നു."തന്നെടെ അവര് മാത്രം.ആദ്യം അവനൊന്നു നോക്കി.പിന്നെ അവളൊന്നു നോക്കി.പിന്നെ ഒന്നു ചിരിച്ചു..ആദ്യം അവന്‍ മിണ്ടുമെന്നാ അവളു വിചാരിച്ചത്.പക്ഷേ ഒന്നും മിണ്ടാതായപ്പോള്‍ അവള്‍ ചോദിച്ചു.എന്താ പേര്?"

റോ...റോ...റോ... പിന്നെ തൊണ്ടയൊന്നു ശരിയാക്കി.പക്ഷേ തഥൈവ...വീണ്ടും റോ... റോ..റോറോ...ഛേ...

അപ്പോഴേക്കും ലിഫ്റ്റ് 2nd ഫ്ലോറില്‍ എത്തി.ലിഫ്റ്റിന് പുറത്തിറങ്ങി അവന്‍ പറഞ്ഞു.

"റോ..റോ..റോയ്...റോയ്.."ഹാവൂ..

പക്ഷേ അപ്പോഴേക്കും ലിഫ്റ്റിന്‍റെ വാതിലടഞ്ഞിരുന്നു...

ഇക്കഥ റോയിയോടു പറഞ്ഞാല്‍ അവന്‍ പറയും.ഓ ഇയ്യപ്പനെകൊണ്ട് തോറ്റു.ഇവന്‍ നാട്ടുകാരോട് മുഴുവന്‍ പറഞ്ഞു നടക്കാണല്ലേ..അവളുടെ എന്തോരം ഫ്രെന്‍ഡ്സ് നമ്മുടെ ഓഫീസിലുണ്ട്.അവരോടൊക്കെ അവന്‍ ഇക്കഥ പറഞ്ഞിരുന്നെങ്കില്‍ അവര് അവളെ കളിയാക്കിയെങ്കിലും അവളു ഇക്കാര്യം അറിഞ്ഞേനെ...

ഈയ്യാഴ്ചയോ ,അടുത്ത ആഴ്ചയോ ഇയ്യപ്പന്‍ ഫസ്റ്റ് ഫ്ലോറില്‍ നിന്നും ഞങ്ങളുടെ സെക്കന്‍ഡ് ഫ്ലോറിലേക്ക് മാറുന്നുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു.വന്നാല്‍ എന്തൊക്കെ പുകിലാണോ ഉണ്ടാകാന്‍ പോകുന്നത്.

ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകളെല്ലാം തന്നെ വ്യാജമാണെന്ന് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ...ആരുപറഞ്ഞാലും പേരുകള്‍ മാറ്റുന്ന പ്രശ്നമില്ല.പക്ഷേ ഒരാളൊഴികെ...

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

kalakee joy ethrem expect chythellaa..Anoop