2011, ജൂൺ 30, വ്യാഴാഴ്‌ച

അമേരിക്കന്‍ രണ്ടാമൂഴം - 1 പോകണോ..വേണ്ടയോ..പോകണൊവേണ്ടയോ...

രണ്ടാമൂഴം എന്ന് പേരുകൊടുക്കാനിരുന്നതാ പിന്നെ വിചാരിച്ചു ആ പേരില്‍  മഹാഭാരതത്തിലെ കഥ ആടിസ്ഥാനമാക്കി പണ്ട് എം.ടി എന്നോ വാസുദേവന്‍‌ എന്നോ മറ്റോ ഒരു പുള്ളി നോവല്‍ എഴുതിയിട്ടുള്ളതാ.ഞാന്‍ എങ്ങാനും അതെ പേരില്‍ എഴുതി എനിക്ക് ബ്ലോഗ്‌ അവാര്‍ഡ് കിട്ടുമ്പോള്‍ പുള്ളി വെറുതെ അതില്‍ കയറി പിടിച്ചാലോ? അതുകൊണ്ട് ചെറുതായി ഒന്ന് മാറ്റി.അമേരിക്കന്‍ രണ്ടാമൂഴം എന്നാക്കി.പിന്നെ രണ്ടാമൂഴം എന്നുവച്ചാല്‍ പുള്ളി കണ്ടു പിടിച്ച വാക്കൊന്നുമല്ലല്ലോ.രണ്ടാം പ്രാവശ്യം എന്നുപറയാന്‍ ഉപയോഗിക്കുന്ന ഒരു വാക്ക് അത്ര തന്നെ.

കഴിഞ്ഞപ്രാവശ്യം അമേരിക്കയിലോട്ട് പോകുന്നതിനേക്കാള്‍ താല്പര്യം വിസ കിട്ടുക എന്നായിരുന്നതുകൊണ്ട് അമേരിക്കന്‍ വിശേഷങ്ങള്‍ ഒന്നും എഴുതിയിരുന്നില്ല.പകരം വിസാപരീഷണം എഴുതി.പക്ഷെ 10 കൊല്ലത്തെ ബിസിനസ്‌ വിസാ കിട്ടിയതുകൊണ്ട് ഇപ്പ്രാവശ്യം പോകുന്നതിന്‍റെകാര്യങ്ങള്‍ മാത്രമേ എഴുതാന്‍ പറ്റൂ.

എല്ലാം വളരെ പെട്ടെന്നായിരുന്നു എന്ന് പറയാന്‍ പറ്റില്ല.പക്ഷെ ഒരു തരത്തില്‍ നോക്കിയാല്‍ പെട്ടെന്നാണ്.ഏപ്രില്‍ മുതലേ കേട്ട് തുടങ്ങി ഞങ്ങള്‍ ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ Mayയില്‍  മൈക്രോസോഫ്ട്‌ റിവ്യൂ ചെയ്യുന്നുണ്ട് അതിനായി കൊച്ചിയില്‍ നിന്നും രണ്ടു പേര്‍ പോകണമത്രെ.ഞാനും വേറെ ഒരുത്തനും.ആദ്യത്തെ പണികിട്ടിയത് എനിക്കായിരുന്നു.എന്‍റെ സ്വപ്നമായ MBA പരീക്ഷണം മേയ് മാസത്തില്‍ ആണ്.അങ്ങനെ ഞാന്‍ ഊരിപ്പോന്നു.മറ്റവന്‍ ആണെങ്കില്‍ വിസാ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ തട്ടിപ്പോയി.പുള്ളി പണ്ട് എങ്ങാണ്ട് ദുബായിയില്‍ പോയിട്ടുണ്ടത്രേ അതാണ് കാരണം.അരി വാങ്ങിക്കാന്‍ വേണ്ടി ഒരു ഇന്ത്യക്കാരന്‍  ദുബായിയില്‍ പോയത് വലിയ കുറ്റമാണോ.പെട്രോള്‍ ഊറ്റാന്‍ പോയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്ന് തോന്നുന്നു.

അല്ലെങ്കിലും രണ്ടാമത്തെ പ്രാവശ്യം പോകുക എന്നുവച്ചാല്‍ വലിയ ഇന്റെറെസ്റ്റ് ഒന്നും കാണുകേല,പോകുന്നത് സ്ഥിരമായി നില്‍ക്കാനല്ലെങ്കില്‍.കാരണം ആദ്യത്തെ പ്രാവശ്യം പോകുമ്പോഴേ അമേരിക്കന്‍ ജീവിതം കണ്ടു ഞെട്ടിയിട്ടുണ്ടാകും. നമ്മുടെ നാലിരട്ടി സാലറി.നമ്മുടെ നാട്ടിലെ പോഷ് കാറായ ഹോണ്ട സിവിക് ,വോക്സ് വാഗന്‍ എല്ലാം അവിടത്തെ പിച്ചക്കാര് പോലും ഓടിച്ചോണ്ട് നടക്കുന്നു.ആദ്യത്തെ പ്രാവശ്യം വേണമെങ്കില്‍ പറയാം ,ഇതെല്ലാം ചുമ്മാ ചീളുകേസു ഇവന്മാര്‍ ചുമ്മാ പെട്രോള്‍ കത്തിച്ചു കളയുകയാണ് മൈലേജ് നമ്മുടെ മാരുതിക്ക് തന്നെ എന്നെല്ലാം..പക്ഷെ പിന്നെയും ഇതെല്ലാം കാണുക എന്നുവച്ചാല്‍ ഇത്തിരി കടന്ന കൈയ്യാണ്.

അതുപോലെ ഞങ്ങള്‍ ഉണ്ടാക്കിയ സോഫ്റ്റ്‌വെയര്‍ മൈക്രോസോഫ്ട്‌ റിവ്യൂ ചെയ്യുക എന്ന് പറഞ്ഞാലും ഒരു വന്‍ പരിപാടിയാണ്.നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ കാലത്ത് കള്ളുചെത്തുന്ന കുമാരന്‍ താന്‍ കൊടുക്കുന്ന ഷാപ്പിലെ കള്ളിന് ക്വാളിറ്റി പോര എന്ന് വൈകീട്ട് അതെ ഷാപ്പുകാരോട് പറയുന്ന പോലെ.നമ്മള്‍ സമയമില്ലാത്ത സമയത്ത് ചെയ്ത സകല ഉടായിപ്പ് വേലകളും മൈക്രോസോഫ്ട്‌ പൊക്കും.സമയമില്ലാത്തത് കൊണ്ടാണ് ചേട്ടാ എങ്ങനെ ചെയ്യാതിരുന്നത് ക്ലയന്റ്  സമയത്തിന്റെ കാര്യത്തില്‍ വളരെ കണിശക്കാരനാണ് എന്നൊന്നും പറയനോക്കുകേല.അവിടെ ഇരുന്നു അവര് പറയുന്നപോലെ മാറ്റിയെഴുതി അതുകൊണ്ട് യാതൊരു ഉപകാരവുമില്ല എന്ന്  തെളിയിക്കേണ്ടി വരും. അതുപോലെ നിങ്ങളുടെ ഡോട്ട്.നെറ്റ് കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്നും.

അങ്ങനെ മെയ്‌ മാസം വന്നപ്പോള്‍ അതാ വീണ്ടും വരുന്നു ഒരറിയിപ്പ്.ചില സാങ്കേതിക കാരണങ്ങളാല്‍ റിവ്യൂ മഹോത്സവം എന്ന പരിപാടി ജൂലൈ മാസത്തിലേക്ക് മാറ്റി.ലഡ്ഡു പൊട്ടി എന്ന് പറയാന്‍ പറ്റില്ല.പൊട്ടി പൊടിയായി.ജൂണ്‍അവസാനം ഞങ്ങളുടെ ന്യൂ ജേഴ്സിയില്‍ ഉള്ള ഓഫീസില്‍ ചെല്ലണം .അവിടെ രണ്ടാഴ്ച റിവ്യൂ എങ്ങിനെ ഫലപ്രദമായി നേരിടാം എന്നുള്ള തയ്യാറെടുപ്പുകള്‍.അതായത് മലപ്പുറം കത്തി,നാടന്‍ ബോംബ്‌ ,അമ്പും വില്ലും തുടങ്ങിയ സാധനങ്ങള്‍ എല്ലാം എങ്ങിനെ എപ്പോള്‍ ഉപയോഗിക്കണം എന്ന് തീരുമാനിക്കല്‍.പിന്നെ രണ്ടാഴ്ച മൈക്രോസോഫ്ട്‌ എന്ന എന്‍റെ ഒരു സ്വപ്ന കമ്പനിയില്‍.ജ്വാലി കിട്ടിയില്ലെങ്കിലും അതിന്‍റെ പടി കയറാനുള്ള ഒരു ചാന്‍സ് വെറുതെ എന്തിനാ മിസ്സ്‌ ചെയ്യുന്നേ. ഇനി വരുന്ന ഫ്രെഷര്‍ തരുണികളോട് "ഞാന്‍ പണ്ട് മൈക്രോസോഫ്റ്റില്‍ ആയിരുന്നപ്പോള്‍" ഓ സോറി "When I was in Microsoft ..." എന്ന് ഉളിപ്പില്ലാതെ വച്ച് കാച്ചാമല്ലോ എന്നൊരു പ്ലസ്‌ പോയിന്റ്‌ കൂടിയുണ്ട്.അങ്ങനെ ഓ കമ്പനിക്ക് വേണമെങ്കില്‍ ഞാന്‍ പോയേക്കാം എന്ന് പ്രഖ്യാപിച്ചു.

ടിക്കറ്റ്‌ വളരെ പെട്ടെന്ന് തന്നെ കിട്ടി.എയര്‍ ഇന്ത്യ, കൊച്ചി -ഡല്‍ഹി -JFK ന്യൂ യോര്‍ക്ക്‌. 25 ജൂണ്‍ 2011 ശനിയാഴ്ച രാത്രി 8 മണിക്ക് കൊച്ചിയില്‍നിന്നും പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ ന്യൂ യോര്‍ക്ക്‌.എന്താണെന്നറിയില്ല എയര്‍ ഇന്ത്യ പണ്ടേ എനിക്കിഷ്ടമല്ല.നമ്മളീ കിംഗ്‌ ഫിഷരിലും,ഖത്തര്‍ എയര്‍വെയ്സിലും ഒക്കെ പോയി ശീലിച്ചതുകൊണ്ട്‌ഇവരുമായി അഡ്ജസ്റ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും.പിന്നെ സമയനിഷ്ഠ തീരെയില്ല.അതും പോരാത്തതിനു ചുമ്മാ കുറച്ചു പെണ്ണുങ്ങള്‍ സാരിയും ഉടുത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമത്രെ.അയ്യയ്യ.യ്യേ...ടിക്കറ്റ്‌ പിന്നെ കമ്പനി എടുത്തു തരുന്നത് കൊണ്ട് ഓ എന്നാ പിന്നെ പോയേക്കാം.

അമേരിക്കക്ക് പോകുമ്പോള്‍ ടിക്കറ്റ്‌ മാത്രം പോരല്ലോ.അവിടെ ചുരുണ്ട് കൂടാന്‍ ഒരു സ്ഥലം വേണം.വല്ല പനിയോ ജലദോഷമോ വന്നാല്‍ ഡോക്ടറുടെ അടുത്ത് പോകാനുള്ള ഇന്‍ഷുറന്‍സ് വേണം.ഡോക്ടര്‍ ഡോള്ലെഴ്സ് വാങ്ങാത്തത് കൊണ്ടല്ല.ഡോള്ലെഴ്സ് കൊടുത്താല്‍ നമ്മുടെ തറവാട് വില്‍ക്കെണ്ടിവരും .അവിടെ വച്ച് അല്ലറ ചില്ലറ ഫോണ്‍വിളിക്കാനുള്ള ഒരു അമേരിക്കന്‍ മൊബൈല്‍ വേണം.അങ്ങോട്ടുള്ള ടിക്കെറ്റിന്റെ കൂടെ തന്നെ തിരിച്ചുള്ളത് എടുത്തതുകൊണ്ട് 'തിരിച്ചു വരാനുള്ള ടിക്കറ്റ്‌' എന്നാലോചിക്കേണ്ട.പിന്നെ ഒരു ഇന്വിറ്റെഷന്‍ ലെറ്റര്‍ കൂടി വേണം.കഴിഞ്ഞ പ്രാവശ്യം പോയപ്പോള്‍ അവന്മാര് വാങ്ങി നോക്കിയതാ.ഇങ്ങനെ ഒരു കമ്പനി ഉണ്ടെന്നും അവന്മാര്‍ക്ക് എന്നെക്കൊണ്ട് എന്തോ ആവശ്യം ഉണ്ടെന്നും അവിടെക്കാണ് ഞാന്‍ പോകുന്നതെന്നും ഞാന്‍ മാത്രം പറഞ്ഞാല്‍ പോരല്ലോ.ഒരു തെളിവ് വേണമല്ലോ.അങ്ങനെ വെള്ളിയാഴ്ചയായി ഇന്‍ഷുറന്‍സ് കിട്ടി,ഹോട്ടല്‍ ബുക്കിംഗ് കഴിഞ്ഞു,മൊബൈലിനു  പകരം ഒരു കാളിംഗ്  കാര്‍ഡ്‌ തന്നു.പക്ഷെ ഇന്വിറ്റേന്‍ ലെറ്റര്‍ മാത്രം വന്നില്ല.

കളി കാര്യമായി.വിസ എടുക്കാന്‍ പോകുമ്പോള്‍ മാത്രം ഇന്വിറ്റേന്‍ മതിയെന്ന് കുറച്ചു പേര്‍.രണ്ടാമത്തെ പ്രാവശ്യം പോകുമ്പോള്‍ വേണ്ടെന്നു വേറെ കൂട്ടര്‍.ഓ കുഴപ്പമില്ലെട അവിടെ വരെപോയി ലെറ്റര്‍ ഇല്ലാത്തതുകൊണ്ട് നിന്നെ തിരിച്ചു അതെ വണ്ടിക്കു തന്നെ തിരിച്ചു വിട്ടോളും എന്ന് ചില കാപാലികന്മാര്‍.കൊച്ചിയില്‍ നിന്നും നിന്നെ കയറ്റത്തില്ലെടെ എന്ന് മറ്റു ചില ബ്ലാടി ഫൂള്‍സ്.ദൈവമേ ഇവിടെ നിന്നും 1 മാസം  കഴിക്കാനുള്ളതെല്ലാം വാങ്ങി ,ഫേസ് ബുക്കില്‍ "ഹെഡിംഗ് ടു വെസ്റ്റ്" എന്ന് അപ്ടെറ്റും ചെയ്ത് അറ്റ്ലീസ്റ്റ് ന്യൂ യോര്‍ക്കില്‍ കാല് പോലും കുത്താതെ കൊച്ചിയില്‍ അല്ലെങ്കില്‍ ഡല്‍ഹിയില്‍ ഇറക്കി വിട്ടാല്‍ ..ഓ...എനിക്കോര്‍ക്കാന്‍ വയ്യ....എന്തും സംഭവിക്കാം...

അഭിപ്രായങ്ങളൊന്നുമില്ല: