2011, ജൂലൈ 15, വെള്ളിയാഴ്‌ച

ഗ്രേറ്റ്‌ സര്‍ക്കിള്‍ റൂട്ട് അഥവാ പ്ലെയിനുകള്‍ പോകുന്ന റൂട്ടുകള്‍

സാധാരണയായി ഒന്ന് പഠിച്ചിട്ടുണ്ട് ,അല്ലെങ്കില്‍ എനിക്ക് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാം എന്ന് കരുതുന്ന ആരും ,സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയാലും,നേഴ്സ് ആയാലും ആദ്യമായി അമേരിക്കയിലേക്കോ ,കാനഡയിലേക്കോ വിമാനത്തില്‍ കയറുമ്പോള്‍ ഏതു വഴിക്കാണ് ഇത് പോകുന്നത് എന്നറിയാന്‍ ഒന്ന് മാപ്പ് നോക്കും.ഇന്റര്‍നെറ്റ്‌ ഉണ്ടെങ്കില്‍ ഗൂഗിള്‍ മാപ്സ് നോക്കും.അല്ലെങ്കില്‍ ചുമരിലെ മാപ്പ് നോക്കും.അപ്പോള്‍ നേര്‍ രേഖയില്‍ ഉള്ള ഒരു വഴി കിട്ടും.ഉദാഹരണമായി നമ്മള്‍ ഇപ്പോള്‍ കൊച്ചിയില്‍ നിന്നും ഡല്‍ഹി വഴി എയര്‍ ഇന്ത്യയുടെ നോണ്‍ സ്റ്റോപ്പ്‌ വിമാനത്തില്‍ ന്യൂ യോര്‍ക്കിലേക്ക് പറക്കാന്‍ പോവുകയാണെന്ന് വിചാരിക്കുക.അപ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന പ്ലെയിന്‍ മാപ്പ് ഏകദേശം താഴെ കൊടുത്ത പോലെ ആയിരിക്കും.

ഡല്‍ഹി-ന്യൂ യോര്‍ക്ക്‌ എന്ന് സാധാരണ നമ്മള്‍ വിചാരിക്കുന്ന റൂട്ട്.

അതായതു ഡല്‍ഹി,ഈജിപ്തിലെ കൈറോ,ലിബിയയിലെ ട്രിപ്പോലി,മൊറോക്കോയിലെ കാസബ്ലാങ്ക,പോര്‍ച്ചുഗലിലെ സാന്താ മരിയ വഴി ന്യൂ യോര്‍ക്ക്‌.പക്ഷെ വിമാനത്തില്‍ കയറി അതിലെ ടി വിയില്‍ നോക്കുമ്പോള്‍ മനസിലാകും ഇത് വേറെ വഴിയാണ് പോകുന്നതെന്ന്.ലോങ്ങ്‌ ട്രിപ്പ്‌ പോകുന്ന എല്ലാ വിമാനങ്ങളിലും  എല്ലാ സീറ്റിലും ടി വി കാണും.ശരിക്കും ടി വി അല്ല.കമ്പ്യൂട്ടര്‍ ആണ്.പോകുന്ന വഴിയെപറ്റി പറഞ്ഞാല്‍, വടക്കോട്ട്‌ കുറെ പോയി പിന്നെ തെക്കോട്ട്‌ വരുന്നത് പോലെ ഇരിക്കും.അതായതു ഡല്‍ഹിയില്‍ നിന്നും പ്ലെയിന്‍ പോകുന്ന റൂട്ട് ഏകദേശം ഇങ്ങനെയായിരിക്കും.


അഫ്ഗാനിസ്ഥാനിലെ കാബൂള്‍ ,റഷ്യയിലെ മോസ്കോ,ഫിന്‍ലാണ്ടിലെ ഹെല്‍സിങ്കി,ഐസ് ലാണ്ടു വഴി ന്യൂ യോര്‍ക്ക്.

മലയാളികള്‍ആയാല്‍ ആദ്യത്തെ സംശയം തന്നെ ഓ നേരെയുള്ള റൂട്ടില്‍ വല്ല ടാറിങ്ങും നടക്കുന്നുണ്ടായിരിക്കും, അതുകൊണ്ടായിരിക്കും വളഞ്ഞു പോകുന്നത്.ഞാന്‍ ആദ്യം പോയപ്പോള്‍ എനിക്കും ഉണ്ടായിരുന്നു അമ്മാതിരി സംശയങ്ങള്‍.മുകളിലോട്ടു പോയി പിന്നെ താഴത്തോട്ടു വരുമ്പോള്‍ ഇറക്കമാണല്ലോ.അതുകൊണ്ട് വേണേല്‍ ഓഫ് ചെയ്തിട്ട് പോരാം.ഈ ഗ്ലൈഡര്‍ ഒക്കെ അങ്ങനെയാണല്ലോ.കാറ്റിനനുസരിച്ച് തെന്നി പോകാം.അപ്പോള്‍ മുകളിലോട്ടു പോകാനുള്ള ഇന്ധനം മാത്രമേ ചിലവാകൂ.

പക്ഷെ സംഗതി ഇതൊന്നും അല്ല.നമ്മള്‍ ഒക്കെ ഭൂമി ഉരുണ്ടതാണ് എന്ന സത്യം മറന്നു.ഉരുണ്ട ഒരു സാധനത്തിനെ പ്രൊജക്റ്റ്‌ ചെയ്തു കടലാസ്സില്‍ ആക്കിയ മാപ്പ് നോക്കുന്നത് കൊണ്ടാണ് ഈ പ്രശ്നങ്ങള്‍ എല്ലാം.പണ്ടേ സോഷ്യല്‍ സയന്‍സില്‍ പഠിച്ചതാണ് മാപ്പ് ഒരിക്കലും ശരിയല്ല എന്ന കാര്യം.അതായത് തെക്കേ അമേരിക്കയെക്കാളും വളരെ ചെറുതായ ഗ്രീന്‍ലാന്‍ഡ്‌ മാപ്പില്‍ വളരെ വലുതാണ്.അപ്പോഴേ നമ്മള്‍ മാപ്പിനെ ഉപേക്ഷിക്കണമായിരുന്നു.ഇനി നമുക്ക് ഗ്ലോബിലേക്ക് വരാം.അതില്‍ ഒരു ചരട് പിടിച്ചു നോക്കിയാല്‍ അറിയാം നമ്മള്‍ ആദ്യം വിചാരിച്ചത് എന്ത് മണ്ടത്തരം ആയിരുന്നു എന്ന്.
ഇനിയും വിശ്വാസമായില്ലെങ്കില്‍ താഴെ കൊടുത്ത പടം നോക്കുക.ഇതില്‍  ഏതാണ് ലാഭം?കാലങ്ങള്‍ ആയി പ്ലെയിന്‍ ഓടിക്കുന്നവര്‍ മണ്ടന്മാര്‍ അല്ലല്ലോ.അതുപോലെ പ്ലെയിന്‍ കമ്പനിക്കാരും.
 ഡല്‍ഹിയില്‍ നിന്നും ന്യൂ യോര്‍ക്ക്‌ പോകുന്ന ശരിക്കുള്ള റൂട്ട് ഇതാണോ എന്നെനിക്കറിയില്ല.ഏറെക്കുറെ ഇത് തന്നെ.അമേരിക്കയില്‍ നിന്നും തിരിച്ചു വരുമ്പോള്‍ നോക്കാം.


ഇനി ഇതിന്റെ ശാസ്ത്രീയ വശങ്ങള്‍.ഒരു ഗോളാകൃതിയിലുള്ള വസ്തു എടുത്താല്‍ അതിനു ഒരു ഗ്രേറ്റ്‌ സര്‍ക്കിള്‍ ഉണ്ട്.ഗ്രേറ്റ്‌ സര്‍ക്കിള്‍ എന്നതിന്റെ ശരിയായ മലയാളം വാക്ക് എനിക്കറിയില്ല.അതായതു അതിന്‍റെ ഉപരിതലത്തിലൂടെ വരക്കാവുന്ന ഏറ്റവും വ്യാസം കൂടിയ വൃത്തം ആണ് ഗ്രേറ്റ്‌ സര്‍ക്കിള്‍.ആ വൃത്തത്തിലൂടെ ഗോളത്തെ മുറിക്കുകയാണെങ്കില്‍ ഗോളത്തിന്റെ രണ്ടു ഭാഗങ്ങളും തുല്യമായിരിക്കും.
ഇനി ഇത് എങ്ങിനെ ഉപയോഗപ്പെടുന്നു എന്ന് നോക്കാം.നമുക്കെ ഗ്ലോബിലെ രണ്ടു സ്ഥലങ്ങള്‍ തരികയാണെങ്കില്‍ ആ രണ്ടു സ്ഥലങ്ങള്‍ ചേര്‍ന്ന് വരും വിധം എപ്പോഴും ഒരു ഗ്രേറ്റ്‌ സര്‍ക്കിള്‍ വരക്കാം.അങ്ങനെ വരക്കുമ്പോള്‍ ആ രണ്ടു സ്ഥലങ്ങള്‍ തമ്മില്‍ ഗ്രേറ്റ്‌ സര്‍ക്കിള്‍ വഴിയുള്ള ദൂരമാണ് അവക്കിടയിലുള്ള ഏറ്റവും കുറഞ്ഞ ദൂരം.അതായതു ഗ്രേറ്റ്‌ സര്‍ക്കിളിലെ ഒരു ആര്‍ക്ക്.ഇനിയും മനസിലായില്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന പടം നോക്കുക.



മുകളില്‍ കൊടുത്ത പടങ്ങളില്‍ ആദ്യത്തേത് ഗ്രേറ്റ്‌ സര്‍ക്കിള്‍ ആണ്.താഴെ കൊടുത്തിരിക്കുന്നത് ആ ഗ്രേറ്റ്‌ സര്‍ക്കിള്‍ റൂട്ട് എങ്ങിനെ മാപ്പില്‍ പ്രൊജക്റ്റ്‌ ചെയ്തിരിക്കുന്നു എന്നതും.ഇപ്പോള്‍ മനസിലായില്ലേ എന്തുകൊണ്ടാണ് പ്ലെയിനുകള്‍ വടക്കോട്ട്‌ പോയി തെക്കോട്ട്‌ വരുന്നതെന്ന്.

ഇനി കുറച്ചു ഇന്റെറെസ്റ്റ് ഉള്ള റൂട്ടുകള്‍.അതായതു ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിലേക്ക്‌ 

ഒറ്റ വര അല്ലെ.ശരിക്കും തെക്ക് വടക്ക് കിടക്കുന്നതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്.ഇനി നമുക്ക് ഭൂമദ്ധ്യരേഖയില്‍ കിടക്കുന്ന രണ്ടു സ്ഥലങ്ങള്‍ എടുക്കാം.അതായതു കിഴക്ക് പടിഞ്ഞാറ് കിടക്കുന്നവ.ഇക്വഡോറിലെ ക്വിട്ടോയില്‍ നിന്നും സോമാലിയയിലെ ബാര്‍ടെരയിലേക്ക് .

വീണ്ടും നേര്‍രേഖ അല്ലെ?ഇനി ഇത് കാണുമ്പോള്‍ ഹരം കയറുന്ന പുലികള്‍ക്ക് വേണമെങ്കില്‍ താഴെകൊടുത്ത ലിങ്കില്‍ പോയി നോക്കി എങ്ങിനെയാണ്‌ ഇത് കണ്ടു പിടിക്കുന്നതെന്ന് മനസിലാക്കാം.

http://en.wikipedia.org/wiki/Great_circle

ഇനി ലോകത്തുള്ള ലോങ്ങ്‌ ട്രിപ്പ്‌ പ്ലെയിനുകള്‍ എവിടെ നിന്നും എവിടെ വരെയാണ് പോകുന്നത് ?എത്ര സമയം വരെ നിറുത്താതെ പോകുന്നത് ?എത്ര പേരാണ് പോകുന്നത് ?ഏതൊക്കെയാണ് ഏറ്റവും തിരക്കുള്ള റൂട്ടുകള്‍ എന്നൊക്കെ അറിയണമെങ്കില്‍ ദേ ഈ ലിങ്കുകള്‍ നോക്കുക.
http://en.wikipedia.org/wiki/Non-stop_flight
http://en.wikipedia.org/wiki/World%27s_busiest_passenger_air_routes

കടപ്പാട്

http://www.aircalculator.com/flightplan.php
http://people.hofstra.edu/geotrans/eng/ch1en/conc1en/greatcircle.html
http://www.gcmap.com
http://ashivasubramanian.blogspot.com/2010/10/great-circle-routes.html

1 അഭിപ്രായം:

chitheeran പറഞ്ഞു...

വളരെ നല്ല അറിവു തരുന്ന ഒരു പോസ്റ്റ്.ഇനിയും തുടരൂ.......