സ്ഥലം - കൊച്ചി ഇന്‍ഫോപാര്‍ക്കിനു നേരെ മുന്നിലുള്ള പെട്ടിക്കട.മുന്നില്‍തന്നെ തട്ടുകളിലായി പലതരം പലഹാരങ്ങള്‍ വച്ചിട്ടുള്ളതുകൊണ്ടു വേണമെങ്കില്‍ തട്ടുകട എന്നും വിളിക്കാം.
സമയം - ഉച്ചേമുക്കാല്‍ അതായത് നാലിനും അഞ്ചിനും ഇടയില്‍.ഈ സമയത്താണു 12 മണിക്കൂര്‍ ജോലിയെടുക്കുന്ന സോഫ്റ്റ് വയറന്‍മ്മാര്‍ വയറ്റിലേക്ക് "വിത്ത് ചായ" എന്തെങ്കിലും കയറ്റുന്നത്.അതുപോലെ പത്രം വായിക്കാന്‍ പോലും സമയമില്ലാത്തവര്‍ അണ്ണാ ഹസാരെ ആരാണെന്നും പുള്ളി എന്തിനാണു പട്ടിണികിടക്കുന്നതെന്നും അറിയുന്നത്.ചുരുക്കിപറഞ്ഞാല്‍ ഒരു നാടന്‍ ചായക്കട സെറ്റപ്പ്.പരദൂഷണവും,പൊങ്ങച്ചവും മുതല്‍ ലിബിയയിലെ ആഭ്യന്തരപ്രശ്നവും ഇന്‍റര്‍വ്യൂക്ക് പോയപ്പോള്‍ പറ്റിയ അമളികളും വരെ.
കേരളത്തിലെ എല്ലാജില്ലകളേയും പ്രതിനിധീകരിച്ച് ഒരു ആളെങ്കിലും മിനിമം ഉണ്ടാകും.അപ്പോള്‍ പിന്നെ ഭാഷാപ്രയോഗത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ കളിയാക്കാല്‍ ആയി മാറും എന്നു പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.സാധാരണയായി കൂടുതല്‍ ആളുകള്‍ ഉള്ള ജില്ലക്കാര്‍ ജയിക്കും.
കഴിഞ്ഞയാഴ്ചയും പതിവ് തെറ്റിച്ചില്ല.കറെക്റ്റ് 4മണിക്ക് തന്നെ എല്ലാവരും എത്തി.എത്തിയപാടെ വിളിച്ച് പറയല്‍ തുടങ്ങി.ചേട്ടാ മൂന് ചായ.ഒന്ന്‍ സ്ട്രോങ്,ഒന്നു മധുരം കൂട്ടി."അപ്പോള്‍ മറ്റേതോ?"ചോദ്യം ചായ അടിക്കുന്ന ചേട്ടന്‍റെയാണ്.ആ ചേട്ടാ മറ്റേത് ചായ തന്നെ.അങ്ങനെയിരിക്കുമ്പോള്‍ ഒരു തൃശ്ശൂരുകാരനു "എന്‍റെ ക്ടാവിനു സുഖണ്ടായില്ലടാ"എന്നു പറയേണ്ടി വന്നു.പനിയായിരുന്നോ എന്നൊക്കെ കേട്ടു നിന്നവര്‍ ആദ്യം ചോദിച്ചെങ്കിലും ,കുറച്ചു കഴിഞ്ഞപ്പോള്‍ സംഭവിക്കേണ്ടത് സംഭവിച്ചു.അല്ലെങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.വണ്ടി വിളിച്ചു വരൂലോ..
കിടാവിനെയും കൊണ്ട് ഏത് മൃഗാശുപത്രിയിലാ പോയേ? എത്ര പ്രായാമായതാ?
മൂക്കുകയറൊക്കെ ഇട്ടതാണോ? ചോദിക്കുന്നവര്‍ക്കെല്ലാം അറിയാം ,പുള്ളിയുടെ മോള്‍ക്കാണു അസുഖം.പിന്നെ കിട്ടുന്ന ഒരു ചാന്സു കളയേണ്ടല്ലോ. കിടാവിനു പശുക്കുട്ടി എന്നും അര്‍ഥമുണ്ടത്രെ.ഫാര്യയും ഫര്‍ത്താവും കളിക്കുന്നവനും,ജ്ജ് മധു പകരൂ എന്നു പാടിയവനും,അപ്പി എന്ന വാക്കിനു മറ്റൊരു അര്‍ഥം ഉണ്ടാക്കിയവനും എന്നു വേണ്ടാ നുമ്മ അങ്ങാട് പൊയപ്പോ ഇങ്ങാട് വന്നവനും വരെ അവനവന്‍റെ മലയാളമാണു ഒറിജിനല്‍ മലയാളം എന്നു പറഞ്ഞു തുടങ്ങി.
"ഓമനതിങ്കള്‍ക്കിടാവോ നല്ല കോമള...."
തര്‍ക്കം മുറുകിക്കഴിഞ്ഞപ്പോള്‍ തൃശ്ശൂരുകാരന്‍ ഒരു പാട്ടു പാടിത്തുടങ്ങിയതാ.ഒരു താരാട്ട് പാട്ട്.പക്ഷെ ബാക്കിയെല്ലാവരുടേയും മൂഡ് തര്‍ക്കം ആയിരുന്നതിനാല്‍ പാടി മുഴുവിക്കാന്‍ അനുവദിച്ചില്ല.അഭിപ്രായങ്ങള്‍ ചറപറ വന്നു തുടങ്ങി.ഈ പദ്യം ഏതോ ക്ലാസ്സില്‍ പഠിച്ചിട്ടുണ്ടെന്നു ഒരുത്തന്‍.ഇത് ഇരയിമ്മന്‍ തമ്പി എന്നൊരാള്‍ എഴുതിയതാണെന്നു വേറെ ഒരുത്തന്‍.ഏതോ രാജകൊട്ടാരത്തില്‍ കുഞ്ഞു പിറന്നപ്പോള്‍ ആ കൊച്ചിനെ പാടിയുറക്കാന്‍ വേണ്ടിയാണ്‍ ഇത് എഴുതിയതെന്ന് വേറെ ഒരു ബുജി.തിരുവിതാംകൂറില്‍ ആണെന്നും അല്ല കൊച്ചി രാജകൊട്ടാരത്തില്‍ ആയിരുന്നു എന്നും രണ്ടു പക്ഷം.ഇത്രയുമായപ്പോള്‍ തൃശ്ശൂര്‍ക്കാരന്‍ എഴുന്നേറ്റു നിന്നു പറഞ്ഞു.
നിങ്ങള്‍ മുമ്പ് പറഞ്ഞതു വച്ചു നോക്കുമ്പോള്‍ ചിലപ്പോള്‍ കൊട്ടാരത്തിലെ പശു പെറ്റപ്പോളായിരിക്കാം ഇത് എഴുതിയത്.രാജ്ഞി തൊട്ടിലില്‍ പശുക്കിടാവിനെ കിടത്തി ഈ താരാട്ട് പാട്ട് പാടിയിരിക്കാം.ഗഡീടെ ഒരു ടൈം...
അങ്ങനെ അന്നത്തെ ചായചര്‍ച്ച അവിടെ അവസാനിച്ചു
ഞാന്‍ ഇരിങ്ങാലക്കുടക്കാരനാണ്.തൃശ്ശൂര്‍ ഭാഷയാണു ശരിക്കുമുള്ള മലയാള ഭാഷ എന്നൊന്നും സ്ഥാപിക്കാനുള്ള ഒരു പോസ്റ്റല്ല ഇത്.ഒരു നല്ല തമാശ കേട്ടപ്പോള്‍ എഴുതണം എന്നു തോന്നി.ബ്ലോഗ് ഉണ്ടാകുന്നതിനു മുമ്പ് കുറെ ഇതുപോലുള്ള നല്ലത് കേട്ടിട്ടുണ്ട്.പക്ഷെ എവിടെയും രേഖപ്പെടുത്താത്തതുകൊണ്ട് അതൊന്നും ഇപ്പൊള്‍ ഓര്‍മ്മയില്ല.ഇനി വരുന്ന തലമുറയില്‍ ഇതുപോലെയുള്ള സംഭാഷണങ്ങള്‍ ഉണ്ടാകും എന്നും തോന്നുന്നില്ല.അങ്ങനെയുള്ള കാലത്ത് അവന്‍മ്മാര്‍ ചുമ്മാവായിച്ചു രസിക്കട്ടെ...
ഇംഗ്ലീഷിന്‍റെ കാര്യവും ഇതുപോലെയാണു.അമേരിക്കക്കാര്‍ പറയും അവരുടെയാണു ശരിക്കും ഉള്ള ഇംഗ്ലീഷ് എന്നു.ഇംഗ്ലണ്ട് പറയും അവരുടെയാണു ക്യൂന്‍സ് ഇംഗ്ലീഷ് എന്നു.ഇവിടത്തെ നാടന്‍ സായിപ്പന്‍മ്മാര്‍ മാത്രം പറയും "ഴ" ഇല്ലാത്ത നമ്മുടെ ഇംഗ്ലീഷ് ഇംഗ്ലീഷേ അല്ലെന്ന്.രണ്ട് പ്രാവശ്യം അമേരിക്കയില്‍ പോയപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി.തട്ടും മുട്ടും ഇല്ലാതെ വ്യക്തമായി പറഞ്ഞാല്‍ ഇംഗ്ലീഷ് എല്ലാവര്‍ക്കും മനസ്സിലാകും.അല്ലെങ്കില്‍ പിന്നെ എങ്ങിനെയാണു 'ബ' പറയാനറിയാത്ത മെക്സിക്കനും,'റ'യുടെ അതിപ്രസരമുള്ള കിഴക്കന്‍ യൂറോപ്യന്‍മ്മാരും ലോകത്ത് ഇംഗ്ലീഷ് വിറ്റ് കാശാക്കുന്നത്?അല്ലെങ്കിലും വില്‍ക്കുന്നവന്‍ വാങ്ങുന്നവന്‍റെ ഭാഷ പറയണം എന്നേയുള്ളൂ.അത് വാങ്ങുന്നവന്‍ പറയുന്ന അതേപോലെതന്നെയാകണം എന്നില്ല.അതൊക്കെ പിന്നെ കൂടുതല്‍ ഇടപെടലുകളിലൂടെ താനെ ശരിയാകും.
നമ്മള്‍ ജനിച്ച് വളര്‍ന്നസ്ഥലത്ത് ഉപയോഗിക്കുന്ന നമുക്ക് നന്നായി പറയാനറിയാവുന്ന ഒരു ഭാഷയും അതിന്‍റെ ഒരു പ്രയോഗവുമുണ്ട്.അത് നമ്മളെക്കൊണ്ട് മാത്രം പറ്റുന്നഒന്നാണു.അഥവാ നമ്മളതില്‍ പുലിയാണ്.അതങ്ങട് എടുത്ത് പൂശാ...അല്ലാതെ മസ്സിലു പിടിച്ച് അച്ചടിഭാഷ പറയേണ്ട യാതൊരു കാര്യവും ഇല്ല.